Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആയുഷും ബദല്‍ ചികിത്സകളും / സുഗന്ധതൈല ഔഷധസസ്യ ഉല്‍പ്പന്നങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സുഗന്ധതൈല ഔഷധസസ്യ ഉല്‍പ്പന്നങ്ങള്‍

ചെറുകിട നിര്‍മ്മാണം

ആമുഖം

ഔഷധസസ്യങ്ങളുടെ കലവറയും ആയുർവേദത്തിന്റെ ഈറ്റില്ലവുമായ കേരളത്തിൽ സുഗന്ധതൈല ഔഷധ സസ്യങ്ങൾക്ക് പരാമ്പരാഗത വൈദ്യത്തിലും സുഗന്ധതൈല വ്യവസായങ്ങളിലും ധാരാളം ഉപയോഗങ്ങളുണ്ട്. വളരെയധികം ഗവേഷണവികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും, വിപണന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതുമൂലം ഔഷധ സസ്യകൃഷി വ്യാപിപ്പിക്കുവാനുള്ള ശ്രമം കാര്യമായി വിജയിച്ചിട്ടില്ല. എന്നിരുന്നാലും ഈ ജൈവവൈവിധ്യത്തെ പരമാവധി ഉപയോഗപ്പെടുത്തി വിവിധങ്ങളായ ഉൽപ്പന്നങ്ങളുണ്ടാക്കി പ്രാദേശിക തലത്തിലും ആഗോള വിപണിയിലും എത്തിക്കുവാൻ തൽപ്പരരായി പലരും മുന്നോട്ടു വരുന്നുണ്ട്. ഇത്തരം ചെറുകിട സംരംഭകരുടെ താൽപ്പര്യം മുൻനിർത്തി, സുഗന്ധതൈല ഔഷധ സസ്യങ്ങളെ അടിസ്ഥാനമാക്കി ചെറുകിട ഉൽപ്പന്നങ്ങളുടെ നിർമ്മാണ രീതികൾ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യം കേരള കാർഷിക സർവ്വകലാശാലയുടെ എറണാകുളം ജില്ലയിലെ ഓടക്കാലി സുഗന്ധതൈല ഔഷധ സസ്യഗവേഷണ കേന്ദ്രത്തിൽ ലഭ്യമാക്കുന്നുണ്ട്.

സുഗന്ധതൈല ഉൽപ്പന്നങ്ങൾ

സുഗന്ധതൈലങ്ങൾ ആരോഗ്യ സംരക്ഷണത്തിനും അന്തരീക്ഷ ശുദ്ധീകരണത്തിനും, മാനസിക ഉല്ലാസത്തിനും പരിസരം സുഗന്ധപൂരിതമാകുന്നതിനും പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധതരം വാസനത്തിരികൾ, മെഴുകുതിരികൾ, ക്രീമുകൾ, പുഷ്പ അലങ്കാരങ്ങൾ എന്നിവയിൽ സുഗന്ധതെലങ്ങളുടെ പ്രത്യേക കൂട്ടുകൾ ചേർത്ത് കൂടുതൽ ആകർഷകങ്ങളായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാവുന്നതാണ്.

വാസനത്തിരി/അഗർബത്തി

അറക്കപ്പൊടി/ചിരട്ടക്കരി, വയനപ്പൊടി, മരപ്പശ (കുളമാവുപൊടി), വെള്ള മണ്ണണ്ണ, നേരിയ കനത്തിൽ കീറിയ മുളങ്കമ്പുകൾ, പൊടിരൂപത്തിലോ തിരഞ്ഞെടുത്ത തലക്കെട്ടുകളായോ ഉള്ള സുഗന്ധദ്രവ്യങ്ങൾ എന്നിവയാണ് ഇതിലെ ചേരുവകൾ. അറക്കപ്പൊടിയും കരിപ്പൊടിയും പശയും വെള്ളത്തിൽ അലിയിച്ച് കുഴമ്പുരൂപത്തിലാക്കുക. ഈ കുഴമ്പ് സാവധാനത്തിൽ മുളങ്കമ്പിൽ തേച്ചു പിടിപ്പിക്കുക. ഇത് കൈകൊണ്ടോ, യന്ത്രസഹായത്താലോ ചെയ്യാവുന്നതാണ്. ഇപ്രകാരം തയ്യാറാക്കിയ തിരികൾക്ക് സൗരഭ്യം നൽകുന്നതിനായി സുഗന്ധമുള്ള പൊടികളാണ് ഉപയോഗിക്കുന്നതെങ്കിൽ ഈർപ്പം നഷ്ടപ്പെടുന്നത് മുമ്പായി തിരികൾ സുഗന്ധപ്പൊടിയിൽ ഉരുട്ടിയെടുക്കണം. തെലക്കൂട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ തിരികൾ തണലിൽ ഉണക്കിയതിനുശേഷം തൈലമിശ്രിതത്തിൽ മുക്കിയെടുക്കുക.

സുഗന്ധമെഴുകുതിരി നിർമ്മാണം

പാരഫിൻമെഴുക്, എണ്ണ, മെഴുകു തിരി അച്ച്, തിരിനൂല്, സുഗന്ധതൈലം, ചായം എന്നിവയാണ് ഇതുണ്ടാക്കാനാവശ്യമായ സാധനങ്ങൾ. മെഴുകുതിരിയച്ചിൽ ആവണക്കെണ്ണ്/നല്ലെണ്ണ പുരട്ടി തിരിനൂല് ഉറപ്പിച്ച് ഇതിലേക്ക് ഉണ്ടാക്കിയ മെഴുക് ഒഴിച്ചാണ് സാധാരണ മെഴുകുതിരി ഉണ്ടാക്കുന്നത്. തിരികൾക്ക് സുഗന്ധം നൽകുന്നതിനായി അച്ചിലേക്ക് ഒഴിക്കുന്നതിനു മുൻപായി ഉരുകിയ മെഴുകിലേക്ക് നേരിയ ചൂടിൽ ഒന്നു മുതൽ രണ്ടു ശതമാനം വരെ തിരഞ്ഞെടുത്ത സുഗന്ധതൈലമോ തൈലക്കൂട്ടോ ചേർത്താൽ മതിയാവും. തിരികൾക്ക് ഭംഗി ലഭിക്കുന്നതിനായി വെളിച്ചെണ്ണയിൽ നേർപ്പിച്ച ചായവും ഇതോടൊപ്പം ആവശ്യാനുസരണം ചേർക്കാവുന്നതാണ്. പാരഫിൻ മെഴുകിനുപകരം ജെൽ ഉപയോഗിച്ച് മേൽപ്പറഞ്ഞ രീതിയിൽ സുഗന്ധമുള്ള ജെല്ലിമെഴുകുതിരികളും ഉണ്ടാക്കാം.

സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ

നെല്ലിക്ക, ദന്തപ്പാല, ആര്യവേപ്പ്, ചെമ്പരത്തി, കച്ചോലം, കസ്തുരിമഞ്ഞൾ, കറ്റാർവാഴ, കയ്യുണ്യം, മഞ്ഞൾ, മഞ്ചട്ടി, മയിലാഞ്ചി, നീല ഉമ്മം, നീലയമരി, നെൻമണിവാക, രക്തചന്ദനം, വള്ളി ഉഴിഞ്ഞ, വയമ്പ്, ആവണക്ക്, തുളസി, രാമച്ചം തുടങ്ങിയ സസ്യങ്ങൾ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്നവയാണ്.

നെല്ലിക്ക ഹെയർഓയിൽ

നെല്ലിക്ക പൊടി (2 ടീസ്പൂൺ), ഉലുവ പൊടി (1ടീസ്പൂൺ), വെളിച്ചെണ്ണ (1 കപ്പ്) എന്നീ ചേരുവകൾ ചേർത്ത് ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ ചെറുതീയിൽ ഇളക്കി തിളപ്പിക്കുക. കക്കന് തവിട്ടുനിറമാകുമ്പോൾ തീയണയ്ക്കുക. കക്കൻ കരിഞ്ഞുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ തണുപ്പിച്ച് അരിച്ചെടുത്ത് ചില്ലുകുപ്പിയിൽ സൂക്ഷിച്ചാൽ രണ്ടാഴ്ചയിൽ കുറയാതെ കേടാകാതിരിക്കും. തലയിൽ പുരട്ടുന്നതിനു മുൻപ് ചെറുതായി ചൂടാക്കണം.

നെല്ലിക്ക ഷാംപു

30 മില്ലിലിറ്റർ വെള്ളത്തിൽ 2 ടീസ്പൂൺ ചീവക്ക/ഷിക്കാക്കായ് പൊടി, 2 ടീസ്പൂൺ നെല്ലിക്കാപൊടി എന്നിവ ചേർത്ത് ഇളക്കി തിളപ്പിക്കുക. നന്നായി തിളച്ചുകഴിഞ്ഞാൽ തീ കുറച്ച് 15 മിനിറ്റ് ഇളക്കുക. ഷാംപു തണുത്ത ശേഷം കുപ്പിയിലടച്ച് സൂക്ഷിക്കാം.

ദന്തപ്പാല എണ്ണ

ദന്തപ്പാലയുടെ ഇല ചെറുകഷണങ്ങളാക്കി ഒരു മൺചട്ടിയിലിട്ട് മൂടത്തക്കവണ്ണം വെളിച്ചെണ്ണ ഒഴിച്ച് (ഒരു കിലോ ഇലയ്ക്ക് ഒരു കി.ഗ്രാം വെളിച്ചെണ്ണ) ഏഴു ദിവസം വെയിലത്ത് വച്ച് എട്ടാം ദിവസം ഇല പിഴിഞ്ഞ് എണ്ണ അരിച്ചെടുക്കാം. ഈ എണ്ണ സോറിയാസിസ് എന്ന രോഗത്തിന് ഫലപ്രദമായ ഔഷധമാണ്. ഒരു കി.ഗ്രാം വെളിച്ചെണ്ണയിൽ അര കിലോ ഇല എന്ന തോതിൽ ചേർത്ത് താരൻ നിയന്ത്രിക്കുവാനുള്ള എണ്ണ ഉണ്ടാക്കാം.

നീലയമരി എണ്ണ

മുടി വളരുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും അകാലനര തടയുന്നതിനും അമരിയില നീരുകൊണ്ടു എണ്ണ കാച്ചാം. അല്ലെങ്കിൽ ഇല, അത്രയും തൂക്കം എണ്ണ ചേർത്ത് ഏഴുദിവസം വെയിലത്തുവച്ച് അരിച്ച് പിഴിഞ്ഞ് എണ്ണയുണ്ടാക്കാം.

മൈലാഞ്ചി എണ്ണ

മുടികൊഴിച്ചിൽ, അകാലനര എന്നിവയ്ക്ക് അരച്ച മൈലാഞ്ചിയില ചേർത്ത് വെളിച്ചെണ്ണ കാച്ചാം. മുടി കറുപ്പാകുന്നതിനും, താരൻ നശിക്കുന്നതിനും ഈ പ്രയോഗം നല്ലതാണ്. ഇതിന്റെ പൂവും, ഇലയും, ചിറ്റമൃത് ഇലയും കൂടി അരച്ച് കലക്കി സമം എണ്ണയും ചേര്‍ത്ത് നീർവറ്റിച്ച് തലയിൽ തേച്ചാൽ മുടി കൊഴിച്ചിൽ കുറയും, മുടിക്ക് നിറം വർദ്ധിക്കും.

കറ്റാർവാഴ എണ്ണ

തലമുടിവളർച്ചക്കും കറുപ്പിനും വേണ്ടി ഇതിന്റെ പോളകൾ അരിഞ്ഞിട്ട് എണ്ണ മുറുക്കാം. കറ്റാർവാഴപ്പോളച്ചാറിൽ അഞ്ജനക്കല്ല് പൊടിച്ച് കല്ക്കമാക്കി വെളിച്ചെണ്ണയും ചേർത്ത് കാച്ചിയെടുക്കാം.

കറ്റാർവാഴയിൽ നിന്നും ചെന്നിനായകം

ഇലപ്പോളകളുടെ ചുവടുഭാഗവും അഗ്രഭാഗവും മുറിച്ചുമാറ്റി ഇല ചെറിയ കഷണങ്ങളാക്കി നുറുക്കി നല്ലപോലെ അരച്ചെടുത്ത്, തുണിയിൽ പിഴിഞ്ഞ് നീരെടുക്കുന്നു. ഇങ്ങനെ ലഭിക്കുന്ന നീര് ഉണക്കിയെടുക്കാവുന്നതാണ് ചെന്നിനായകം.

കസ്തുരിമഞ്ഞൾപ്പൊടി

ത്വക്ക് രോഗങ്ങൾക്ക് ഇത് പേരു കേട്ട ഔഷധമാണ് കസ്തുരിമഞ്ഞൾ. രോഗാണുക്കളിൽ നിന്ന് ചർമ്മത്തെ രക്ഷിക്കാനും ചർമ്മത്തിന് തിളക്കമുണ്ടാകാനും കസ്തുരിമഞ്ഞൾ ഉപയോഗിക്കാം. നമ്മുടെ പറമ്പുകളിൽ സ്വതവേ തന്നെ ധാരാളമായി കണ്ടുവരുന്ന മഞ്ഞക്കൂവയുടെ പ്രകന്ദങ്ങൾ പൊടിച്ച് മഞ്ഞനിറമുള്ള പൊടിയാണ് ഇന്ന് വിപണിയിൽ കസ്തുരിമഞ്ഞൾ എന്ന പേരിൽ ലഭ്യമാകുന്നത്.

ശരിയായ കസ്തുരിമഞ്ഞളിന്റെ ഇലകൾക്ക് മഞ്ഞളിന്റെ ഇലകളോട് വളരെയധികം സാദ്യശ്യമുണ്ട്. മഞ്ഞൾ എന്ന പേരിൽ അറിയപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ പ്രകന്ദങ്ങൾ ഇളം ക്രീം നിറമുള്ള നല്ല കസ്തൂരി ഗന്ധമുള്ളവയാകും. വിളവെടുത്ത കിഴങ്ങുകൾ വേരു പറിച്ച്, വൃത്തിയായി കഴുകി, കനം കുറച്ച് നീളത്തിൽ അരിഞ്ഞ്, വെയിലിൽ ഉണക്കിയ ശേഷം പൊടിച്ചെടുക്കാം.

ആരോഗ്യസംരക്ഷണ ഉൽപ്പന്നങ്ങൾ

നോനി, കൊച്ചിക്കൂവ, മാങ്ങായിഞ്ചി, നെല്ലിക്ക, നറുനീണ്ടി, കറിവേപ്പ്, പുതിന എന്നിവ ആരോഗ്യസംരക്ഷണ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കാവുന്നവയും രോഗപ്രതിരോധത്തിനു തരുന്നവയും ആണ്.

നോനി സൂപ്പ്

പാകമായ നോനിപ്പഴങ്ങൾ ശേഖരിച്ച് വൃത്തിയായി കഴുകി സ്റ്റീൽ പാത്രത്തിൽ വെച്ച് മൂടി ഒരാഴ്ച്ച ഫ്രീസറിൽ വയ്ക്കുക. അതിനുശേഷം മസ്ലിൻ തുണിയുപയോഗിച്ച് അമർത്തിപ്പിഴിഞ്ഞ് ജ്യൂസ് ശേഖരിക്കുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കാവുന്നതാണ്.

നോനി സിറപ്പുണ്ടാക്കുവാൻ ഒരു ലിറ്റർ ജ്യൂസിലേക്ക് അര ലിറ്റർ നാരങ്ങാനീരും ഒന്നരകിലോ പഞ്ചസാരയും ചേർത്താൽ മതി. ഈ സിറപ്പ് ആറുമാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ആവശ്യനുസരണം ഒരു ടീസ്പ്പൂൺ വീതം മറ്റു ജ്യൂസിലേക്ക് ചേർത്ത് ആരോഗ്യപാനീയമായി ഉപയോഗിക്കാവുന്നതാണ്. പഞ്ചസാരക്കു പകരം ഉപ്പും ചേർക്കാവുന്നതാണ്. ഉപ്പുചേർത്ത ജ്യൂസ് കഞ്ഞിവെള്ളത്തിൽ ഒഴിച്ച് ഉപയോഗിക്കാം. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും ജീവിതശൈലീരോഗങ്ങളായ പ്രമേഹം, വാതം എന്നിവയെ ശമിപ്പിക്കുവാനും കഴിവുള്ള ഈ ജ്യൂസിൽ ധാരാളമായ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ വൃക്കരോഗമുള്ളവർക്ക് അനുയോജ്യമല്ല.

കൂവപ്പൊടി

കൂവക്കിഴങ്ങിന്റെ മുകൾഭാഗത്ത് അന്നജം കുറവാണ്. അതിനാൽ ആ ഭാഗം മുറിച്ചുമാറ്റി ശേഷിക്കുന്ന ഭാഗം നന്നായി കഴുകി വൃത്തിയാക്കുക. പിന്നെ ശ്രദ്ധയോടുകൂടി ഇതിനു ശേഷം തൊലികളഞ്ഞ് അരച്ചു പൾപ്പാക്കി മാറ്റുക. പൾപ്പിനെ ശുദ്ധ ജലത്തിൽ കലർത്തിയ ശേഷം അരിപ്പ അല്ലെങ്കിൽ വൃത്തിയുള്ള തുണി ഉപയോഗിച്ചരിച്ചു നാരിനെമാറ്റുക. ഇതിനുശേഷം കിട്ടുന്ന പാൽ പോലെയുള്ള ദ്രാവകത്തെ അടിയാനായി നിർത്തുക. ഇത് പലതവണ ആവർത്തിക്കുക. അവസാനം അടിഞ്ഞുകിട്ടുന്ന അന്നജം ഉണക്കിയെടുക്കുക. കൂവപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ആഹാരം എളുപ്പത്തിൽ ദഹിക്കുന്നതിനാൽ രോഗികൾക്കും കുട്ടികൾക്കും നല്ലതാണ്. ഇത് അതിസാരം, ദഹനക്കേട്, ചുമ എന്നിവയ്ക്ക് മരുന്നായും ഉപയോഗിക്കാം.

ഒരു ചെറിയകപ്പ് കൂവപ്പൊടി വെള്ളത്തിൽ കലക്കി തിളപ്പിച്ച് ആവശ്യത്തിന് ഉപ്പോ പഞ്ചസാരയോ ചേർത്ത് കൂവവെള്ളം ഉണ്ടാക്കാം. ചൂടുകാലത്ത് വയറിനും, ത്വക്കിനും, തൊണ്ടയ്ക്കും ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് കൂവവെള്ളം മരുന്നായി ഉപയോഗിക്കാവുന്നതാണ്. ചെറുനാരങ്ങനീരും പഞ്ചസാരയും ചേർത്തും ഇത് ഉപയോഗിക്കാവുന്നതാണ്.

കൊതുകു വികർഷണ ഉൽപ്പന്നങ്ങൾ

ഇഞ്ചിപ്പുല്ല്, സിട്രൊണെല്ല, വേപ്പ് മക്കിപ്പു തുടങ്ങിയ സുഗന്ധതൈലസസ്യങ്ങൾക്ക് കൊതുകിനെ വികർഷിക്കാനുള്ള കഴിവുണ്ട്.

കൊതുക വികർഷണ അഗർബത്തി

അഗർബത്തി തയ്യാറാക്കിയ ശേഷം ഉണങ്ങിയ തിരികൾ കൊതുകു വികർഷണ ശേഷിയുള്ള സുഗന്ധ തൈലമിശ്രിതത്തിൽ മുക്കിയെടുക്കുക. ഈ തിരികൾ പുകക്കുവാൻ ഉപയോഗിക്കാം.

കൊതുകു വികർഷണ സ്പ്രേ

കൊതുകു വികർഷണ ശേഷിയുള്ള സുഗന്ധതൈലങ്ങൾ, ആൽക്കഹോൾ, സ്വേദിത ജലം എന്നിവയാണ് ഇതുണ്ടാക്കാനാവശ്യമായ സാധനങ്ങൾ. പലതരം സുഗന്ധതൈലങ്ങൾ പ്രത്യേക അനുപാതത്തിൽ ചേർത്തുപയോഗിക്കാവുന്നതാണ്.

20 മില്ലിലിറ്റർ തൈലം അഥവാ തൈലക്കൂട്ട് ഒരു ലിറ്റർ ആൽക്കഹോളിൽ ലയിപ്പിച്ച് ഇതിലേക്ക് ഒരുലിറ്റർ വെള്ളവും കൂടി ചേർത്ത് നേർപ്പിച്ചാൽ സ്പ്രേ തയ്യാറായി. ഹോട്ടലുകൾ, അടുക്കള, മത്സ്യചന്തകൾ, അറവുശാലകൾ എന്നിവിടങ്ങളിൽ ഈച്ചശല്യത്തിനെതിരായി ഈ സ്പ്രേ ഉപയോഗിക്കാവുന്നതാണ്. സ്പ്രേ ഒന്നു കുലുക്കിയ ശേഷം വേണം ഉപയോഗിക്കുവാൻ.

കൊതുകു വികർഷണ ത്വക്ക് ലേപനങ്ങൾ

തിരഞ്ഞെടുത്ത സുഗന്ധതൈല കൂട്ടുകൾ (ഇഞ്ചിപ്പുല്ല്, സിട്രോണെല്ല തുടങ്ങിയവ) ഉപയോഗിച്ച് ശരീരത്തിൽ പുരട്ടാവുന്ന കൊതുകു വികർഷണ ശേഷിയുള്ള ഓയിന്റ് മെന്റ്, ക്രീം, ലോഷൻ, ബാർ എന്നിവയുണ്ടാക്കാം.

ഓയിന്റ് മെന്റ് , കീം എന്നിവ -  സുഗന്ധതൈലം അഞ്ചു ശതമാനം അളവിൽ പെട്രോളിയം ജെല്ലി, ലാനോളിൻ തുടങ്ങിയ ഓയിന്റ്മെന്റ് മാദ്ധ്യമങ്ങളിൽ ചേർത്താണ് ഓയിന്റ് മെന്റ് ഉണ്ടാക്കാവുന്നത്. ഇതുണ്ടാക്കാനായി തൈലം അതേ അളവ് ജെല്ലിയിൽ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. അനന്തരം പല തവണകളായി മുഴുവൻ ജെല്ലിയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഇത് അനുയോജ്യമായ ഡപ്പിയിലോ ട്യൂബുകളിലോ നിറക്കാവുന്നതാണ്. കൊതുകുശല്യം ഉള്ളപ്പോൾ ശരീരത്തിൽ പുറമേ പൂരട്ടാവുന്നതാണ്.

ലോഷൻ ബാർ - ഗ്ലാസ്സ്, സിലിക്കോൺ, പ്ലാസ്റ്റിക് എന്നിവ കൊണ്ടുള്ള അച്ച്, തേൻ മെഴുക്, വെളിച്ചെണ്ണ, ഷിയാ ബട്ടർ, കൊതുകു വികർഷണ ശേഷിയുള്ള സുഗന്ധതൈലങ്ങൾ എന്നിവയാണ് ഇതുണ്ടാക്കാനാവശ്യമായ സാധനങ്ങൾ.

100 ഗ്രാം തേൻ മെഴുക് ഉണ്ടാക്കി അതിലേക്ക് 100 ഗ്രാം വെളിച്ചെണ്ണയും 100 ഗ്രാം ഷിയാബട്ടറും ചേർത്ത് നന്നായി യോജിപ്പിച്ച് 20 മില്ലിലിറ്റർ തൈലം അഥവാ തൈലക്കൂട്ട് ചേർത്ത് തണുപ്പിക്കുന്നതിന് മുൻപായി അച്ചിലേക്ക് ഒഴിച്ച് നാലു ഡിഗ്രി സെന്റിഗ്രേഡിൽ തണുപ്പിക്കണം.

തൈലം ചേർത്ത ഓയിൽ - ലിക്വിഡ് പാരഫിനിൽ ഒരു ശതമാനം തൈലം ചേർത്ത് ദേഹത്തു പുരട്ടാനുള്ള കൊതുകു വികർഷണ എണ്ണ ഉണ്ടാക്കാവുന്നതാണ്.

ഇപ്രകാരം സുഗന്ധതൈലഔഷധ സസ്യങ്ങളെ അടിസ്ഥാനമാക്കി നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാനുള്ള സാധ്യതകളുണ്ട്. ചെറുകിട ഉൽപ്പന്ന സംരംഭക യൂണിറ്റുകൾ തുടങ്ങുവാൻ പ്രാദേശിക പഞ്ചായത്ത്, താലൂക്കുതല വ്യവസായകേന്ദ്രം, മലിനീകരണ നിയന്ത്രണ ബോർഡ്, ഇലക്ട്രിസിറ്റി വകുപ്പു തുടങ്ങിയ ഓഫിസുകളുമായി ബന്ധപ്പെട്ട് വേണ്ടതായ നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.

കടപ്പാട്: കൃഷിയങ്കണം

3.05263157895
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top