অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ യോഗാ സൂത്രങ്ങൾ

പതഞ്ജലി യോഗസൂത്രം

പതഞ്ജലിയെ മഹര്‍ഷി ആദിശേഷന്റെ (മഹാവിഷ്ണു ശയിക്കുന്ന സര്‍പ്പം) അവതാരമായാണ് പറയപ്പെടുന്നത്. അദ്ദേഹമാണ് യോഗസൂത്രം രചിച്ചത്.

പതഞ്ജലി മഹര്‍ഷിയുടെ ചരിത്രം ഇതിഹാസങ്ങള്‍ പോലെ അതിശയം നിറഞ്ഞതാണ്. ഒരിക്കല്‍ ശിവന്റെ നൃത്തം കണ്ടുകൊണ്ടിരുന്ന ആദിശേഷന് മഹാവിഷ്ണുവിന്റെ ഭാരം താങ്ങുന്നതിന് വളരെയധികം പ്രയാസം തോന്നി. അത്ഭുതത്തോടുകൂടി ആദിശേഷന്‍ മഹാവിഷ്ണുവിനോട് ഇതിന്റെ കാരണം അന്വേഷിച്ചു. മഹാവിഷ്ണു പറഞ്ഞു ശിവന്റെ യോഗശക്തിയുമായി തന്റ ലയനമാണ് ഇതിന്റെ കാരണമെന്ന് പറഞ്ഞു. അങ്ങനെ യോഗ പരിശീലിക്കുന്നതിന്റെ പ്രയോജനങ്ങളും പ്രാധാന്യവും മനസിലാക്കിയ ആദിശഷന്‍ മനുഷ്യരെ യോഗ പഠിപ്പിക്കുന്നതിനായി പതഞ്ജലി എന്ന പേരില്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചു.

പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രമാണ് യോഗയുടെ അടിസ്ഥാനം. യോഗയുടെ പിതാവ് ആയി അറിയപ്പെടുന്നത് പതഞ്ജലി മഹര്‍ഷിയാണ്. യോഗസൂത്രം 195 സൂത്രങ്ങളായാണ് രചിച്ചിരിക്കുന്നത്. ആരോഗ്യപൂര്‍ണ്ണമായ ധാര്‍മ്മികജീവിതം നയിക്കണമെങ്കില്‍ നിത്യവും യോഗ അഭ്യസിക്കേണ്ടത് അത്യാവശ്യമാണ്. പതഞ്ജലിയുടെ യോഗസൂത്രത്തില്‍ എട്ട് ശാഖകളാണുള്ളത്. ഇതിനെ അഷ്ടാംഗയോഗം എന്നും പറയുന്നു.

ധൗതിക്രിയ ചെയ്യുന്നവിധം

ധൗതിക്രിയ
വായ് മുതല്‍ ഗുദദ്വാരംവരെ അന്നനാളത്തെ പൂര്‍ണ്ണമായി ശുചിയാക്കുന്ന പ്രവര്‍ത്തിക്കാണ് ധൗതി എന്നു പറയുന്നത്. പല്ല്, കണ്ണ്, കാത്, നാവ്, ശിരോചര്‍മ്മം എന്നിവ ശുചിയാക്കുന്നതിനുള്ള ലളിതമായ ചില ക്രിയകളും ഇതില്‍ പെടുന്നു. ധൗതി എന്നാല്‍ കഴുകല്‍ എന്നാണ് അര്‍ത്ഥം. ശരീരം ശുചിയാക്കുന്നതിനുള്ള ലളിതമായ പന്ത്രണ്ടുതരം ധൗതിക്രിയകളുണ്ട്.
1. ദന്തധൗതി
2. നേത്രധൗതി
3. ജിഹ്വാമൂലധൗതി
4. കര്‍ണ്ണധൗതി
5. കപാലഭാതി
6. ഹൃദയധൗതി
7. വസ്ത്രധൗതി
8. വമനധൗതി
9. ശംഖപ്രക്ഷാളനം
10. മൂലധൗതി
11. വാതസാരധൗതി
12. വഹ്നിസാരധൗതി
ദന്തധൗതി (ദന്തശുചീകരണം)
പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ദഹനപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ദന്തധൗതി സഹായിക്കുന്നു. പല്ലുകള്‍ ശുചിയാക്കുന്നതിന് ഏറ്റവും നല്ല വസ്തുവാണ് വേപ്പുമരത്തിന്റെ തണ്ട്. ആദ്യം ഈ തണ്ടിന്റെ ഒരറ്റം നന്നായി ചവച്ച് ബ്രഷ് പോലെയാക്കുക. ഇതുപയോഗിച്ച് പല്ലുകള്‍ ശുചിയാക്കാം.
നേത്രധൗതി (നേത്രശുചീകരണം)
വായില്‍ ജലം നിറച്ചശേഷം കണ്ണുകള്‍ ശുചിയാക്കുന്നതിനായി കണ്ണിലേക്ക് ശുദ്ധജലം തളിക്കുക. കുറഞ്ഞത് മൂന്നു തവണയെങ്കിലും ദിവസവും കണ്ണു കഴുകണം. ഇതിനായി പ്രത്യേകം ഒരു കപ്പ് ഉപയോഗിക്കുക. ശുദ്ധജലമോ എട്ടുമണിക്കൂര്‍ ത്രിഫല കുതിര്‍ത്തിട്ട ജലം അരിച്ചെടുത്തതോ ഇതിനുപയോഗിക്കാം. ഉണങ്ങിയ കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയുടെ മിശ്രിതമാണ് ത്രിഫല.
ജിഹ്വാമൂലധൗതി (നാവിന്റെ ശുചീകരണം)
ദന്തശുചീകരണത്തിനുപയോഗിക്കുന്ന വേപ്പിന്‍തണ്ട് തൊലി നീക്കിയശേഷം കനം കുറച്ച് പിളര്‍ന്നെടുത്ത് നാവ് വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. പകരം വിപണിയില്‍ ലഭ്യമായ ടങ് ക്ലീനറായാലും മതി. 
കര്‍ണ്ണധൗതി (കാതിന്റെ ശുചീകരണം)
നഖം വെട്ടി വിരലുകള്‍ എപ്പോഴും വൃത്തിയുള്ളവയായിരിക്കാന്‍ ശ്രദ്ധിക്കുക. കാതിന്റെ ഉള്‍ഭാഗം ശുചിയാക്കുന്നതിനു ചൂണ്ടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ ഇവ യഥാക്രമം ഉപയോഗിക്കാം. ചെമ്പോ വെള്ളിയോ കൊണ്ടുള്ള ചെവിത്തോണ്ടിയോ രണ്ടറ്റവും പഞ്ഞി ഉറപ്പിച്ചിട്ടുള്ള ഇയര്‍ ബഡ്ഡോ ഉപയോഗിക്കാവുന്നതാണ്.
കപാലധൗതി (ശിരസ്സിന്റെ ശുചീകരണം)
കുളിക്കുന്ന നേരത്ത് കപാലധൗതി ചെയ്യാം. വിരലുകള്‍ കൊണ്ട് തലയോടിന്റെ മദ്ധ്യഭാഗം നന്നായി തടവുക.
പ്രയോജനങ്ങള്‍
ശരീരത്തിന്‍മേല്‍ നിയന്ത്രണം സാധ്യമാകുന്നു. കഫത്തിന്റെ ക്രമക്കേടുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ആസ്ത്മയ്ക്കും ക്ഷയത്തിനും ഇത് പ്രതിവിധിയാണ്.
ഹൃദയധൗതി (ഹൃദയശുചീകരണം)
ഹൃദയത്തിനു ചുറ്റുമുള്ള അവയവങ്ങളുടെ, പ്രത്യേകിച്ച് ശസനേന്ദ്രിയവ്യൂഹം അന്നനാളം എന്നിവയുടെ, ശുചീകരണമാണ് ഈ ക്രിയകൊണ്ടുദ്ദേശിക്കുന്നത്. ദണ്ഡോ വസ്ത്രമോ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.
ഹൃദയധൗതിക്ക് ഒരു പ്രത്യേക ദണ്ഡ് അല്ലെങ്കില്‍ മൃദുവായ കോല്‍ ഉപയോഗിക്കുന്നു. കുലച്ച വാഴയിടെ ഉള്ളിലെ പിണ്ടി ഇതിനുപയോഗിക്കാവുന്നതാണ്. അരയിഞ്ചു വ്യാസവും രണ്ടടി നീളവുമുള്ള ദണ്ഡാണ് വേണ്ടത്. ദണ്ഡ് എത്രമാത്രം വഴങ്ങുന്നുവോ അത്രയും നന്ന്. ഇളകാതെ സാവധാനത്തില്‍ ദണ്ഡ് അന്നനാളത്തിലൂടെ കടത്തുക. പന്നീടത് പുറത്തേക്കെടുക്കുക.
പ്രയോജനങ്ങള്‍
ഈ ക്രിയവഴി കഫം നീക്കം ചെയ്യപ്പെടുന്നു. പുളിച്ചുതികട്ടല്‍, ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാകുന്നു. വമനക്രിയ അഥവാ ബോധപൂര്‍വ്വമുള്ള ഛര്‍ദ്ദിക്കല്‍ നടത്തിയശേഷമേ ഇതു ചെയ്യാവൂ.
വസ്ത്രധൗതി (വസ്ത്രം കൊണ്ടുള്ള ശുചീകരണം)
വളരെ നേര്‍മയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ചാണ് ഈ ക്രിയ ചെയ്യേണ്ടത്. രണ്ടിഞ്ച് വീതിയും ഇരുപതടി നീളവുമുള്ള തുണി എടുത്ത് ചുരുട്ടുക. ശുദ്ധജലത്തിലോ ചൂടുള്ള ഉപ്പുവെള്ളത്തിലോ ഇത് കുതിര്‍ത്തുവയ്ക്കുക
ചെയ്യേണ്ട വിധം
നിലത്ത് പാദങ്ങളില്‍ ഇരുന്ന് കോട്ടന്‍ തുണിയുടെ ഒരറ്റം വായ്ക്കുള്ളില്‍ കടത്തുക. അത് വായ്ക്കുള്ളില്‍വച്ച് ചുരുട്ടി ഉമിനീരുകൊണ്ടു നനച്ചശേഷം സാവധാനം വിഴുങ്ങുവാന്‍ ശ്രമിക്കുക. ആദ്യപടിയായി രണ്ടുമൂന്ന് ഇഞ്ച് മാത്രം വിഴുങ്ങിയശേഷം പുറത്തേക്ക് സാവധാനത്തില്‍ വലിച്ചെടുക്കുക. അസ്വസ്ഥത തോന്നുകയോ എക്കിള്‍ ഉണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ പാലോ തേനോ കലര്‍ത്തിയ വെള്ളത്തില്‍ തുണി കുതിര്‍ത്തശേഷം വിഴുങ്ങുക. കുറച്ചുനീളം മാത്രം ശേഷിക്കുംവരെ വിഴുങ്ങുക. ഇത് ഇരുപത്തഞ്ച് മിനിട്ടുനേരം വായ്ക്കുള്ളില്‍ വയ്ക്കണം. പിന്നീട് സാവധാനത്തില്‍ പുറത്തേക്ക് വലിച്ചെടുക്കണം. ഈ ക്രിയയ്ക്കുശേഷം ഈ തുണി സോപ്പുപയോഗിച്ച് നന്നായി കഴുകി ഉണക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തുണി കുടലിനുള്ളില്‍ കടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈ ക്രിയ അതിരാവിലെ ഭക്ഷണത്തിനു മുന്‍പ് ചെയ്യണം.
പ്രയോജനങ്ങള്‍
ഉദരത്തിനുള്ളിലെ കഫം, സ്രവങ്ങള്‍, അഴുക്കുകള്‍ എന്നിവ ഈ ക്രിയവഴി നീക്കം ചെയ്യപ്പെടുന്നു. അള്‍സറിനു ശമനം ലഭിക്കുന്നു. ആസ്ത്മ, കഫക്കെട്ട്, ചുമ, പ്ലീഹയിലെ നീര്‍വീക്കം, പനി ദഹനക്കേട്, കുഷ്ഠം എന്നിവ സുഖപ്പെടുന്നു. ഉള്‍ക്കാഴ്ച്ച വര്‍ദ്ധിക്കുന്നു.

നേതിക്രിയ ചെയ്യേണ്ട വിധം

നാസികയിലൂടെയുള്ള പ്രവേശനനാളികള്‍ ശുചിയാക്കുന്ന പ്രക്രിയയാണ് നേതി. ജലനേതി, സൂത്രനേതി, ദുഗ്ദ്ധനേതി എന്നിങ്ങനെ പല വിധത്തില്‍ നേതിക്രിയകളുണ്ട.
സൂത്രനേതി
സൂത്ര എന്നാല്‍ ചരട് അല്ലെങ്കില്‍ നേര്‍ത്ത കുഴല്‍ എന്നാണര്‍ത്ഥം. കൈത്തണ്ടയുടെ പകുതിനീളമുള്ള ഒരു ചരട് മെഴുകുപയോഗിച്ച് ബലപ്പെടുത്തിയാണ് സാധാരണയായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഇത്തരം ചരടുകള്‍ വിപണിയില്‍ ലഭ്യമാണ്. 
ചെയ്യേണ്ട വിധം
ചരട് നന്നായി കഴുകി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. നിലത്ത് പാദങ്ങളുറപ്പിച്ച് കുത്തിയിരിക്കുകയോ കുനിഞ്ഞു നില്‍ക്കുകയോ ചെയ്യുക. വലതുകൈയ്യിലെ തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ചരടിന്റെ ഒരറ്റത്ത് പിടിക്കുക. ഈ സമയത്ത് പ്രവര്‍ത്തിക്കുന്ന നാസാദ്വാരം ഏതെന്ന് ശ്രദ്ധിക്കുക. വായ് തുറന്നുപിടിച്ചുകൊണ്ട് ചരടിന്റെ ഒരറ്റം ആ നാസാദ്വാരത്തിലൂടെ കടത്തിവിടുക. ചരട് വായുടെ പിന്നറ്റത്ത് എത്തും വരെ കടത്തുക. ഇടതുകൈകൊണ്ട് ആ അറ്റം വായിലൂടെ പുറത്തേക്കു വലിച്ചെടുക്കുക. ഓരോ കൈയ്യിലും ഓരോ അറ്റം പിടിച്ച് ചരട് മുന്നോട്ടും പിന്നോട്ടും വലിക്കുക. അതായത് വായ് വഴിയും നാസിക വഴിയും മാറി മാറി ചരട് വലിക്കുക. ഇത് സാവധാനത്തില്‍ ചെയ്യണം. 10-30 തവണ ആവര്‍ത്തിക്കുക. മറുവശത്തെ നാസിക വഴിയും ഇങ്ങനെ ചെയ്യുക. സാവധാനത്തില്‍ വേണം ചെയ്യാന്‍. വേഗത്തിലും ശക്തിയോടെയും ചെയ്യരുത്.
പ്രയോജനങ്ങള്‍
തൊണ്ടയിലെയും തലച്ചോറിലെയും എല്ലാ നാഡികളും ശുചിയാക്കപ്പെടുന്നു. കണ്ണ്, നാസിക, തൊണ്ട ഇവയുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങളും ഇല്ലാതാകുന്നു. മലിനീകരണവും വിഷമയമായ വാതകങ്ങളുംമൂലം നാസികയില്‍ അടിയുന്ന അഴുക്കുകളും കഫവും നീക്കം ചെയ്യപ്പെടുന്നു. നാസികയുടെ ഉള്ളില്‍ ദശ വളരുന്നത് തടയുന്നു. ബധിരത, ടോണ്‍സിലൈറ്റിസ്, സൈനസൈറ്റിസ്, ഡിഫ്തീരിയ, ആസ്ത്മ, കൊടിഞ്ഞി, മൂക്കടപ്പ്, ജലദോഷം, അലര്‍ജികള്‍ മുണ്ടിനീര്, തിമിരം എന്നിവ ചെറുക്കാനും ഭേദമാക്കാനും സൂത്രനേതിക്കാവും. കാഴ്ചശക്തി മെച്ചപ്പെടുത്താനും നാസികയിലൂടെയുള്ള പ്രവേശനവഴികള്‍ ശുചിയായി സൂക്ഷിക്കാനും ഇതിലൂടെ സാധിക്കുന്നു.
ജലനേതി
നാസികയിലൂടെ കഫാംശവും അഴുക്കുകളും കളയുന്നതിനുള്ള മാര്‍ഗ്ഗമാണ് ജലനേതി.
നേതിലോട്ട എന്ന് പറയുന്ന ഒരു പ്രത്യേകതരം പാത്രം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ചെമ്പ്, പിച്ചള, സ്റ്റീല്‍, പ്ലാസ്റ്റിക്ക് ഇവയിലേതെങ്കിലും കൊണ്ട് നിര്‍മ്മിച്ചതാണിത്. കൂടുതല്‍ പ്രചാരത്തിലുള്ളത് പ്ലാസ്റ്റിക്ക് കൊണ്ടുള്ള പാത്രമാണ്. വേനല്‍ക്കാലത്ത് തണുത്ത ജലവും തണുപ്പുകാലത്ത് ഇളം ചൂടുള്ള വെള്ളമോ ശരീരതാപനിലയിലുള്ള വെള്ളമോ ഉപയോഗിക്കാം. കൂടുതല്‍ ചൂട് പാടില്ല. അര ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. വെള്ളം അരിച്ചെടുക്കണം
ചെയ്യേണ്ട വിധം
നേതി പാത്രത്തില്‍ വെള്ളമെടുത്തശേഷം നിലത്ത് പാദങ്ങളുറപ്പിച്ച് കുത്തിയിരിക്കുക. ആ സമയത്ത് ഏറ്റവും തുറന്നിരിക്കുന്ന നാസികാനാളം ഏതെന്ന് ശ്രദ്ധിച്ച് പാത്രത്തിന്റെ കുഴലറ്റം സാവധാനത്തില്‍ അതിലേക്ക് കടത്തുക. പാത്രം പിടിച്ചിരിക്കുന്ന കൈയുടെ മുട്ട് ആ വശത്തെ കാല്‍മുട്ടില്‍ താങ്ങി വയ്ക്കുക. എതിര്‍വശത്തേക്ക് സാവധാനം തല തിരിക്കുക. ആവശ്യമെങ്കില്‍ മറുകൈകൊണ്ട് തല താങ്ങിപ്പിടിക്കുക. വായ് വഴി ശ്വസിച്ചുകൊണ്ട് മൂക്കിനുള്ളിലേക്ക് ജലം ഒഴിച്ചുകൊണ്ടിരിക്കുക. മറുവശത്തുകൂടി ജലം തനിയെ പുറത്തേക്ക് ഒഴുകിക്കൊള്ളും. മറുവശത്തെ നാസികയിലൂടെയും ഇങ്ങനെ ചെയ്യുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജലനേതി ചെയ്യുമ്പോള്‍ മൂക്കില്‍കൂടി ശ്വസിക്കരുത്. വായ് വഴി ശ്വസിക്കുക. രണ്ടു മൂക്കില്‍ കൂടിയും ജലനേതി ചെയ്തതിനുശേഷം വായ് വഴിതന്നെ ആഴത്തില്‍ ശ്വസിക്കുക. പന്നീട് വായടച്ച് നാസിക വഴി ശ്വസിക്കാം. ആറു തവണ വരെ ആവര്‍ത്തിക്കാം.
മൂക്കിനുള്ളില്‍ ഒരു തുള്ളി ജലം പോലും അവശേഷിക്കുവാന്‍ പാടില്ല. ഇത് ഉറപ്പിക്കാനായി പാദങ്ങള്‍ ഒരടി അകലത്തില്‍വച്ച് നിവര്‍ന്നുനില്‍ക്കുക. രണ്ടു കൈകളും പിന്നോട്ടുവച്ച് കൂട്ടിപ്പിടിക്കുക. കൈകള്‍ ഉയര്‍ത്തി അരഭാഗം കുനിയുക. തല ഉയര്‍ത്തിപ്പിടിക്കണം. അര മിനിട്ടുനേരം ഇങ്ങനെ നില്‍ക്കുക. വായിലൂടെ വേഗത്തിലും ആഴത്തിലും ശ്വാസിക്കുക. അഞ്ചോ ആറോ തവണ ശക്തിയായി ശ്വാസം പുറത്തേക്കു വിടുക. മുന്‍നിലയിലേക്കു തിരികെ വന്ന് നിവര്‍ന്നുനില്‍ക്കുക. മോത്തം ക്രിയകളും അഞ്ചോ ആറോ തവണ ആവര്‍ത്തിക്കുക. അതിനുശേഷം നിവര്‍ന്നുനിന്ന് മൂക്കിന്റെ ഒരു ദ്വാരം വിരല്‍കൊണ്ട് അടച്ചുപിടിച്ച് വായ് വഴി വേഗത്തിലും ആഴത്തിലും ശ്വാസം ഉള്ളിലേക്ക് എടുത്ത് അടയ്ക്കാത്ത ദ്വാരത്തിലൂടെ 15-20 തവണ ശക്തിയോടെ പുറത്തുവിടുക. രണ്ടാമത്തെ ദ്വാരത്തിലൂടെയും ഇങ്ങനെ ചെയ്യുക. പിന്നീട് മൂക്കിന്റെ രണ്ടു ദ്വാരങ്ങളിലൂടെയും ശ്വാസം ഇതേവിധത്തിലെടുത്ത് പുറത്തുവിടുക.
പ്രയോജനങ്ങള്‍
സൂത്രനേതിവഴി ലഭിക്കുന്ന പ്രയോജനങ്ങള്‍ ജലനേതി വഴിയും ലഭിക്കുന്നു. കൂടാതെ കോപവും ഉത്കണ്ഠയും ശമിക്കുന്നു. അലസത മാറി ഉണര്‍വു ലഭിക്കുന്നു. മൂന്നാം കണ്ണായ ആജ്ഞാചക്രം ഊജിതമാകുന്നതുമൂലം കണ്ണുകളുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നു.
ദുഗ്ദ്ധനേതി
നാസാദ്വാരങ്ങള്‍ വഴി പാല്‍ ഒഴുക്കുന്നതിനെയാണ് ദുഗ്ദ്ധനേതി എന്നു പറയുന്നത്. സൂത്രനേതി ചെയ്തശേഷമാണ് ഇത് ചെയ്യേണ്ടത്.
തിളപ്പിച്ചാറിയ പാല്‍ നേതിലോട്ട ഉപയോഗിച്ച് നാസികയിലൂടെ ഒഴുക്കിവിടുന്നു. പാല്‍ നെറുകയിലെയോ തലയോട്ടിയിലെയോ നാഡികളിലേക്കു കയറാതെ മുന്നോട്ട് അല്പം കുനിഞ്ഞുവേണം ഇതു ചെയ്യുവാന്‍. ദുഗ്ദ്ധനേതി രണ്ടു നാസികയിലൂടെയും ചെയ്യണം.
പ്രയോജനങ്ങള്‍
രക്തസമ്മര്‍ദ്ദം, ക്ഷയം, അകാലനര എന്നിവയ്ക്ക് നല്ലതാണ്.
മറ്റുനേതിക്രിയകള്‍
കടുകെണ്ണ, ബദാം എണ്ണ, നെയ്യ് ഇവ ഉപയോഗിച്ചുള്ള നേതി വളരെ വിശേഷമാണ്. രാവിലെയോ രാത്രി ഉറങ്ങാന്‍ പോകും മുമ്പോ ജലനേതിക്കുശേഷമാണ് ഇത് ചെയ്യേണ്ടത്. ഏതാനും തുള്ളികള്‍ രണ്ടു നാസികയിലും ഒഴിച്ചശേഷം ശക്തിയോടെ ഉള്ളിലേക്ക് വലിച്ചെടുക്കണം.
പ്രയോജനങ്ങള്‍
ഈ ദ്രാവകങ്ങള്‍ നേതിക്ക് ഉപയോഗിക്കുന്നതുമൂലം തലച്ചോറ്, മുടി, ശ്വസനേന്ദ്രിയങ്ങള്‍ എന്നിവയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു.

ആരാണ് യോഗി

യോഗചര്യയിലെ ആദ്യ പടി ധാര്‍മികശുദ്ധിയും ആത്മീയതാത്പര്യങ്ങളുമാണ്. അങ്ങനെയുള്ള ജീവിതം നയിക്കുവാന്‍ തയ്യാറുളളയാളാണ് യോഗി. ശാന്തമായ മനസ്സ്, ഗുരുവിന്റെ വാക്കുകളിലും വേദഗ്രന്ഥങ്ങളിലും വിശ്വാസം, നിദ്രയിലും ഭക്ഷണത്തിലും മിതത്വം, ജനനമരണചക്രങ്ങളില്‍നിന്നുമുള്ള മോചനത്തിന് തീവ്രമായ ആഗ്രഹം എന്നിവയുള്ളയാള്‍ ഉത്തമനായ യോഗിയാണ്.
യോഗചര്യ സീകരിച്ച ഒരാള്‍ക്ക് വിശ്വാസം, ധൈര്യം, ഉന്മേഷം, ശുദ്ധത, ക്ഷമ, നൈരാശ്യമില്ലായ്മ, ആത്മാര്‍ത്ഥത, സ്ഥിരോല്‍സാഹം, അനാസക്തി, ശാന്തത, ആത്മസംയമനം, അഹിംസ, സത്യസന്ധത, ആഗ്രഹനിയന്ത്രണം എന്നിവയുണ്ടായിരിക്കണം. ജീവിതം അനാസക്തവും ലളിതവുമാകണം. ആത്മനിയന്ത്രണമാണ് യോഗയുടെ അടിസ്ഥാനം, മനസ്സിന്റെയും ശരീരത്തിന്റെയും അച്ചടക്കമാണ് യോഗയുടെ കാതല്‍, യോഗ അഭ്യസിക്കുമ്പോള്‍ മനസ്സിന്റെ സാധാരണ പ്രവര്‍ത്തനങ്ങളുടെ വിപരീതമാണ് സംഭവിക്കുന്നത്. ഇതിനാവശ്യം ദൃഡനിശ്ചയമാണ്. മനസ്സിനെ പൂര്‍ണനിയന്ത്രണത്തിലാക്കാന്‍ കഴിയണം. ഈ വിധമുള്ള രീതികളില്‍ ഉറച്ചുനില്‍ക്കുന്നവനെ യോഗി എന്നു പറയാം.

ത്രാടകം ചെയ്യുന്നവിധം

മനസ്സിനെയും ചിന്തകളെയും ഇന്ദ്രിയങ്ങളെയും ശുദ്ധീകരിക്കാന്‍ അവയെ ഉള്ളിലേക്കു തിരിക്കണം. സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്ക്, ബാഹ്യലോകത്തുനിന്ന് ആന്തരിരലോകത്തിലേക്ക് പ്രവേശിക്കുന്നതിന് ശക്തിപകരുന്ന ക്രിയയാണ് ത്രാടകം. 
ത്രാടകം രണ്ടുവിധമുണ്ട് - ബാഹ്യമായി ചെയ്യുന്നതും ആന്തരികമായി ചെയ്യുന്നതും. ബാഹ്യത്രാടകത്തില്‍ ഇമകള്‍ ചിമ്മാതെ കണ്ണുകള്‍ തുറന്നുതന്നെയിരിക്കണം കണ്ണില്‍നിന്ന് കണ്ണുനീര്‍ വന്നാലും കണ്ണടയ്ക്കരുത്. വെളുപ്പിന് എഴുന്നേറ്റ് നെയ്യ് ഒഴിച്ച് നിലവിളക്ക് കത്തിച്ചുവച്ചിട്ട് അതിന്റെ നാളത്തില്‍ ത്രാടകം ചെയ്യുന്നത് വളരെ നല്ലതാണ്. ഇഷ്ടദേവന്റെയോ ദേവിയുടെയോ ചിത്രം, കണ്ണാടിയില്‍ തെളിയുന്ന സ്വന്തം പ്രതിബിംബം, ഓങ്കാരം, കുണ്ടലിനീചക്രങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ചിത്രം, ചന്ദ്രന്‍, നക്ഷത്രം, ഒഴുകുന്ന ജലം, പര്‍വതം, ആകാശം ഇവയിലെല്ലാം ത്രാടകം ചെയ്യാവുന്നതാണ്. പുരികത്തിന്റെ മദ്ധ്യഭാഗത്തിലോ (ത്രികുടി) നാസികാഗ്രത്തിലോ ദൃഷ്ടിയുറപ്പിച്ച് ത്രാടകം ചെയ്യാവുന്നതാണ്. ഭഗവദ്ഗീതയിലും ഇതിനെ കുറിച്ചു പറയുന്നുണ്ട്.

ആന്തരികത്രാടകത്തില്‍ കണ്ണുകളടച്ചിട്ട് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഏതെങ്കിലും രൂപം മനസ്സുകൊണ്ട് ദര്‍ശിക്കുക. ഇഷ്ടദൈവത്തിന്റെ രൂപം മനസില്‍ കണ്ടുകൊണ്ട് അതില്‍ ത്രാടകം ചെയ്യുന്നതു നല്ലതാണ്. ശ്വസനത്തിലോ ഓങ്കാരത്തിലോ ഏകാഗ്രതയര്‍പ്പിച്ച് ബാഹ്യത്രാടകം ചെയ്യാം.

പ്രയോജനങ്ങള്‍
ത്രാടകം വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കുന്നു. മൂന്നാം കണ്ണിനെ (ആജ്ഞാചക്രം) ഊര്ജസ്വലമാക്കുന്നു. ഏകാഗ്രത, മനശക്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നു. മനസ്സിനെ ചീത്ത വിചാരങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കുന്നു. ബുദ്ധികൂര്‍മ്മത നല്‍കുന്നു, 

ത്രാടകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശുദ്ധമായതും ധാര്‍മികവുമായ വസ്തുവില്‍ മാത്രമേ ത്രാടകം ചെയ്യാവൂ. കണ്ണുകള്‍ക്ക് കൂടുതല്‍ ആയാസം നല്‍കരുത്. കണ്ണുകള്‍ക്ക് ക്ഷീണം തോന്നിയാല്‍ ശുദ്ധജലം കൊണ്ട് കണ്ണുകള്‍ കഴുകണം. കാഴ്ചശക്തിക്കു തകരാറുള്ളവര്‍ ബാഹ്യത്രാടകം കുറച്ചുനേരം ചെയ്താല്‍ മതിയാകും.

അനുലോമവിലോമ പ്രാണായാമം (നാഡീശോധനപ്രാണായാമം)

എല്ലാവിധത്തിലുള്ള മാനസികസമ്മര്‍ദ്ദങ്ങളും അകറ്റുന്നതിനും മനസിനെ ശാന്തമാക്കാനും എല്ലാ വിധത്തിലുമുള്ള ക്ഷീണവും അകറ്റാനും ഈ പ്രാണായാമം ചെയ്യുന്നതുകൊണ്ട് സാധിക്കും. പ്രാണശക്തി പ്രവഹിക്കുന്ന അതിസൂഷ്മമായ കുഴലുകളാണ് നാഡികള്‍. നാഡികളിലുണ്ടാകുന്ന തടസങ്ങള്‍ ഇല്ലാതാക്കാന്‍ ഈ പ്രാണായാമം സഹായിക്കുന്നതാണ്. കൂടുതല്‍ സമയം ഈ പ്രാണായാമം ക്ഷമയോടെ ചെയ്യുകയാണെങ്കില്‍ വളരെ പെട്ടെന്നുതന്നെ ശാരീരികവും മാനസികവുമായ ആരോഗ്യം നേടുവാന്‍ നമുക്ക് സാധിക്കും.
ചെയ്യേണ്ട വിധം
പത്മാസനത്തിലോ സിദ്ധാസനത്തിലോ സുഖാസനത്തിലോ ഇരിക്കുക. നട്ടെല്ല് നേരെയാക്കിവേണം ഇരിക്കാന്‍. താഴെയിരിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഏതെങ്കിലും ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് പ്രാണായാമം അഭ്യസിക്കാവുന്നതാണ്. വലതുകൈ നാസികമുദ്രയില്‍ (ചൂണ്ടുവിരലും മദ്ധ്യവിരലും ഉള്ളിലേക്ക് മടക്കിവയ്ക്കുക.) വച്ചുകൊണ്ട് തള്ളവിരല്‍ കൊണ്ട് വലത്തേമൂക്ക് അടച്ചുപിടിച്ചുകൊണ്ട് ഇടത്തേമൂക്കിന്‍ദ്വാരത്തില്‍കൂടി ശ്വാസം സാവധാനം ഉള്ളിലേക്കെടുത്ത് മോതിരവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ഇടതുമൂക്ക് അടച്ചുപിടിച്ചുകൊണ്ട് വലത്തേമൂക്കില്‍നിന്ന് തള്ളവിരല്‍ മാറ്റി വലത്തേമൂ്ക്കിന്‍ദ്വാരത്തില്‍കൂടി സാവധാനത്തില്‍ ശ്വാസം പുറത്തേക്കുവിടുക. അതിനുശേഷം വലത്തേമൂക്കിന്‍ദ്വാരത്തില്‍കൂടി ശ്വാസം ഉള്ളിലേക്കെടുത്ത് ഇടതുമൂക്ക് തുറന്ന് ശ്വാസം പുറത്തേക്ക് വിടുക. ഓരോ തവണം ശ്വാസം എടുക്കുമ്പോഴും വിടുമ്പോഴും മനസില്‍ ഓം എന്ന് ജപിക്കുക. ഈ രീതിയില്‍ ഇരുമൂക്കിലുമായി 12 തവണചെയ്യുക. ക്രമേണ സമയം വര്‍ദ്ധിപ്പി്ച്ച് കഴിയുന്നകഴിയുന്നത്രയും സമയം ചെയ്യാവുന്നതാണ്.
പ്രയോജനങ്ങള്‍

  1. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നുവാനും മാനസികസമ്മര്‍ദ്ദം അകറ്റാനും കഴിയുന്നു.
  2. കഴിഞ്ഞകാലത്തെ ദുഖകരമായ സംഭവങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുള്ള ഉല്‍ഖണ്ഠയും ആലോചിച്ചിരിക്കുന്നത് മനസിന്റെ സ്വാഭാവിക പ്രവണതയാണ്. ഇത് മനസിന്റെ ആരോഗ്യത്തിന് ദോഷകരമാണ് ഇത്തരം ചിന്തകളില്‍നിന്നും മനസിനെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരുവാന്‍ പ്രാണായാമം സഹായിക്കുന്നു.
  3. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും നാഡികളിലുണ്ടാകുന്ന തടസങ്ങളെ നീ്ക്കാനും പ്രാണായാമം സഹായിക്കുന്നു.
  4. ഉപബോധമനസില്‍ അടിഞ്ഞുകൂടിയിട്ടുള്ള ദോഷകരമായ വിചാരങ്ങളെ ഇല്ലാതാക്കാനും മനസിനെ കൂടുതല്‍ സംതുലിതമാക്കാനും പ്രാണായാമത്തിന് കഴിയും.
  5. തലച്ചോറിന്റെ ഇടത് അര്‍ദ്ധഗോളം യുക്തിചിന്തയുടെയും വലത് അര്‍ദ്ധഗോളം സര്‍ഗ്ഗാത്മകമായ കഴിവുകളുടെയും സ്ഥാനമാണ്. ഈ രണ്ടുഭാഗങ്ങളുടെയും പ്രവര്‍ത്തനം ഒരേപോലെ ആരോഗ്യമുള്ളതാക്കാന്‍ നാഡീശോധനപ്രാണായാമം കൊണ്ട് സാധിക്കും.
  6. പ്രാണായാമം നാഡികളെ ശുദ്ധീകരിക്കുകയും ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും പ്രാണസഞ്ചാരം ഉറപ്പുവരുത്തുന്നു.
  7. ശരീരത്തിനാവശ്യമായ ചൂട് നിലനിര്‍ത്തുന്നു.

അനുലോമവിലോമ പ്രാണായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശ്വാസം ഉള്ളിലേക്കെടുക്കുമ്പോഴും പുറത്തേക്ക് വിടുമ്പോഴും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തരുത് വായില്‍ കൂടി ശ്വസിക്കരുത് ഇരുനാസികയിലുമായി സാവധാനത്തിലായിരിക്കണം ശ്വാസോശ്ച്വാസം ചെയ്യേണ്ടത്. 
ഭക്ഷണത്തിനുശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞിട്ടേ യോഗാസനമോ പ്രാണായാമമോ ചെയ്യാവൂ

അവസാനം പരിഷ്കരിച്ചത് : 7/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate