অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

യോഗവിവരങ്ങൾ

ആരോഗ്യപൂര്‍ണമായ ജീവിതത്തിന് യോഗ

മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് മാത്രമേ അവന്റെ കുടുംബത്തിനോ സമൂഹത്തിനോ രാഷ്ട്രത്തിനോ ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ. രാഷ്ട്രത്തിന്റെ സമ്പത്തും ആരോഗ്യമുള്ള ജനതയാണ്. ആരോഗ്യം ശരീരത്തിന്റെ മാത്രമല്ല മനസിന്റെയും കൂടിയാണ്.

ലോകാരോഗ്യ സംഘടനയുടെ നിര്‍വചനംതന്നെ ആരോഗ്യമെന്നാല്‍ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യമാണ്. ജീവിതത്തിരക്കേറിയ ആധുനിക കാലഘട്ടത്തില്‍ ജീവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് അത്യന്തം പരിശ്രമിക്കുന്ന മനുഷ്യന്‍ അവശ്യം വേണ്ട ആരോഗ്യസംരക്ഷണത്തില്‍ പലപ്പോഴും ശ്രദ്ധിക്കാന്‍ സമയം കണ്ടെത്താതെ പോകുന്നു.

അമൂല്യ സമ്പത്ത്


ആരോഗ്യപരിപാലനത്തില്‍ അതിപ്രധാനമായ ഘടകങ്ങളാണ് വ്യായാമവും ഭക്ഷണക്രമവും. ഇന്നുകാണുന്ന ഒട്ടനവധി രോഗങ്ങള്‍ക്കും കാരണം വ്യായാമരഹിതമായ ജീവിതവും തെറ്റായ ഭക്ഷണക്രമവുമാണ്. കുട്ടിക്കാലത്ത് ഓടിച്ചാടികളിച്ചിരുന്ന മനുഷ്യന്‍ ജീവിതഭാരം ഏല്‍ക്കുന്നതോടെ യാതൊരു വ്യായാമവുമില്ലാത്ത അവസ്ഥയിലെത്തുന്നു.

വ്യായാമം ശാരീരികാരോഗ്യത്തിനു പുറമെ മാനസികാരോഗ്യത്തിനു കൂടി വഴിയൊരുക്കുന്ന വിധത്തിലായിരിക്കണം. അതിനുതകുന്ന ഏറ്റവും ലളിതവും സുഗമവും ശാസ്ത്രീയവുമായ പരിശീലനക്രമമാണ് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ നമുക്ക് സംഭാവന ചെയ്ത അമൂല്യസമ്പത്തായ യോഗാസനം. പ്രായഭേദമെന്യേ, സ്ത്രീ പുരുഷ ഭേദമെന്യേ ഇത് പരിശീലിക്കാവുന്നതാണ്.

 

അടുക്കും ചിട്ടയും


യോഗാസന പരിശീലനത്തിലൂടെ ചിട്ടയായ ജീവിതശൈലി നയിക്കുന്നതിന് ഓരോ വ്യക്തിയെയും പ്രാപ്തമാക്കുന്നു. ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. തെറ്റായ ജീവിതചര്യ ഒട്ടനവധി രോഗങ്ങള്‍ക്ക് കാരണമാകും. തെറ്റായ ജീവിതചര്യകൊണ്ടുണ്ടാകുന്ന രോഗങ്ങളില്‍ ചിലതാണ് രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, കുടവയര്‍, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ത്വക്ക് രോഗങ്ങള്‍, അള്‍സര്‍ തുടങ്ങിയവ. കാന്‍സര്‍ തുടങ്ങിയ രോഗങ്ങളും ഇതില്‍പ്പെടുന്നു.

തിരക്കേറിയ ജീവിതത്തില്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തിന് സമയം കണ്ടെത്താത്തതുകൊണ്ട് നിരവധി രോഗങ്ങള്‍ക്ക് നാം വശംവദരാകുന്നു. രോഗം വന്ന് ചികിത്സിക്കുന്നതിലും ഭേദം രോഗം വരാതെ സംരക്ഷിക്കുന്നതാണ്. രോഗം വരാതിരിക്കുന്നതിന്, അതായത് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിന് വലിയ പങ്കാണ് യോഗാസനത്തിനുള്ളത്.

മനസ് ശാന്തമാക്കാം


ആധുനിക ജീവിതത്തില്‍ നമ്മെ വളരെയധികം പ്രയാസപ്പെടുത്തുന്നതാണ് മാനസിക സംഘര്‍ഷം. നിരന്തരമായ വികാരവിക്ഷോഭവും മാനസിക സംഘര്‍ഷവും നമ്മുടെ പ്രതിരോധശക്തി നഷ്ടപ്പെടുത്തുന്നു. ഈ അവസ്ഥ നമ്മുടെ അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. അങ്ങനെ പ്രകടമായ രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നു.

അമിത ദേഷ്യമോ മാനസിക സംഘര്‍ഷമോ ഉണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാനായി അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് അഡ്രിനാലിനും തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് തൈറോക്‌സിനും അമിതമായി രക്തത്തില്‍ കലരും. അതുവഴി നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതഗതിയില്‍ നടക്കാനിടയാകും. ഹൃദയമിടിപ്പ് വര്‍ധിക്കുന്നു, ശ്വസനവേഗം കൂടുന്നു, രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു, ശരീരത്തിന് ചൂട് അനുഭവപ്പെടുന്നു. മാനസികാവസ്ഥ ശാന്തമാകുമ്പോള്‍ ഇതെല്ലാം സാധാണ ഗതിയിലാകുന്നു.

നിരന്തരമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്ന വ്യക്തികള്‍ക്ക് ശാന്തത കൈവരാതെ ശരീരാവയവങ്ങള്‍ക്ക് അമിതമായ പ്രവര്‍ത്തനം നിര്‍വഹിക്കേണ്ടിവരുന്നു. ഇത് പ്രകടമായ ഏത് രോഗങ്ങള്‍ക്കും കാരണമാകാം. രക്തസമ്മര്‍ദം, ആസ്ത്മ, അള്‍സര്‍, മൈഗ്രെന്‍, ഹൃദ്രോഗം, പ്രമേഹം, നടുവേദന, സ്‌പോണ്ടിലോസിസ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. രോഗപരിഹാരത്തിന് മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള സംവിധാനങ്ങള്‍ ലഭ്യമാകണം. എങ്കില്‍ മാത്രമേ രോഗശമനം സാധ്യമാവുകയുള്ളൂ. ഇവിടെയാണ് യോഗാസനത്തിന്റെ പ്രസക്തി.

സമ്പൂര്‍ണ ആരോഗ്യം

ഇന്നനുഭപ്പെടുന്ന പല രോഗങ്ങളും പൂര്‍ണമായും നിയന്ത്രിക്കാനും മരുന്നുകളുടെ ഉപയോഗം കുറയ്ക്കുവാനും ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുവാനും യോഗ പരിശീലനത്തിലൂടെ സാധിക്കും. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് ഇന്ന് രൂപം കൊണ്ടതില്‍ വച്ച് ഏറ്റവു മഹത്തായ, ഫലപ്രദമായ ലളിതവും സുഗമവുമായ മാര്‍ഗമാണ് യോഗവിദ്യ. രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിശീലിക്കാവുന്നതാണ് യോഗാസനങ്ങള്‍.

സ്‌കൂള്‍ പഠന കാലത്തുതന്നെ യോഗാപരിശീലനം നേടാന്‍ സാധിച്ചാല്‍ നന്ന്. പഠനത്തില്‍ ഏകാഗ്രത വര്‍ധിക്കുന്നതിനും വ്യക്തിത്വവികസനത്തിനും യോഗ സഹായിക്കും. ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിന് ആസനങ്ങള്‍, പ്രാണായാമം, ശവാസനം അഥവാ യോഗനിദ്ര എന്നിവ പരിശീലിക്കേണ്ടതാണ്. ഏതുപ്രായക്കാര്‍ക്കും സാധാരണ ചെയ്യാവുന്ന ആസനങ്ങളാണ് നിന്നുകൊണ്ട് ചെയ്യാവുന്ന താഡാസനം, സ്‌കന്ദചലനം, ഘടിചലനം, വീരഭദ്രാസനം, പാര്‍ശ്വത്രികോണാസനം, പാദഹസ്താസനം എന്നിവ. സൂര്യനമസ്‌ക്കാരവും നിത്യജീവിതത്തില്‍ വളരെ പ്രയോജനകരമാണ്.

കടപ്പാട്:
ആചാര്യ ഉണ്ണിരാമന്‍
പതഞ്ജലി യോഗ റിസര്‍ച്ച്
സെന്റര്‍, കോഴിക്കോട്

യോഗ ആരംഭിക്കും മുമ്പ് ഇക്കാര്യങ്ങൾ മനസ്സിലാക്കൂ

നിങ്ങൾ യോഗ പരിശീലിക്കാൻ ആഗ്രഹിക്കുന്നോ? യോഗ പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഇതാ;

1. യോഗ ചെയ്യാൻ കഴിയുന്നത് ആർക്കൊക്കെ? (Who can do Yoga)


ശാരീരികമായി പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർക്ക് യോഗ ചെയ്യാൻ കഴിയും. അതായത്, ഗുരുതരമായ അസുഖങ്ങൾ ഒന്നും ഇല്ലാത്തവർക്ക് യോഗ ചെയ്യാം.

2. യോഗ പരിശീലനം ആരംഭിക്കാൻ യോജിച്ച പ്രായം, ഇതിന് പ്രായപരിധിയുണ്ടോ? (What is the right age to start and is there any age limit to do Yoga)

പുരാണ ഗ്രന്ഥങ്ങളിൽ പറയുന്നത് അനുസരിച്ച്, യോഗ പരിശീലനം എട്ടാം വയസ്സിൽ ആരംഭിക്കുകയും കഴിയാവുന്ന പ്രായം വരെ തുടരുകയും ചെയ്യാം. പ്രശസ്തനായ യോഗ ഗുരു തന്റെ 90 ആം വയസ്സിലും യോഗാഭ്യാസം തുടർന്നിരുന്നു. അദ്ദേഹം 95 വയസ്സ് വരെ ജീവിച്ചിരുന്നു. അതായത്, യോഗ പരിശീലനത്തിന് പ്രത്യേക പ്രായപരിധിയൊന്നും ഇല്ല.

3. യോഗ ചെയ്യാൻ അനുയോജ്യമായ സമയം ഏതാണ്? (What is the right time to do Yoga)

പകൽ ഏതു സമയത്ത് വേണമെങ്കിലും ആസനങ്ങൾ ചെയ്യാവുന്നതാണ്. എന്നാൽ, പുരാണ ഗ്രന്ഥങ്ങൾ അനുസരിച്ച്, അന്തരീക്ഷം ശുദ്ധവും ശാന്തവുമായിരിക്കുന്ന ‘ബ്രഹ്മ മുഹൂർത്ത’ത്തിൽ (സൂര്യോദയത്തിന് രണ്ട് മണിക്കൂർ മുമ്പ്- അതായത്, രാവിലെ നാല് മണിക്കും ആറ് മണിക്കും ഇടയിൽ) യോഗ ചെയ്യുന്നത് ഗുണകരമായിരിക്കും.

രാവിലെ സമയം ലഭിക്കാത്തവർക്ക് വൈകുന്നേരങ്ങളിലും (അഞ്ച് മണിക്കും ആറ് മണിക്കും ഇടയിൽ) യോഗ പരിശീലിക്കാവുന്നതാണ്.

4. യോഗ ചെയ്യുമ്പോൾ ഏതുസമയത്ത്, ഏതു തരത്തിലുള്ള ആഹാരമാണ് കഴിക്കേണ്ടത്? (When and what kind of food should one eat while doing Yoga)

ഒഴിഞ്ഞ വയറോടെയാണ് യോഗ ചെയ്യേണ്ടത്. അതിനാലാണ്, യോഗ ചെയ്യേണ്ടത് പ്രഭാതത്തിലാവണം എന്ന് പറയുന്നത്. ഭക്ഷണം കഴിച്ചുവെങ്കിൽ മൂന്ന് മുതൽ നാല് മണിക്കൂർ കഴിഞ്ഞു വേണം യോഗ ചെയ്യേണ്ടത്. ദഹിക്കാൻ എളുപ്പമുള്ള ഉപ്പും എരിവും കുറഞ്ഞ സാത്വിക ഭക്ഷണം, അതായത് സസ്യാഹാരം ആണ് യോഗ നിർദേശിക്കുന്നത്. അതേസമയം, മാംസാഹാരത്തിന് വിലക്കുകളൊന്നുമില്ല.

5. എന്തു തരം വസ്ത്രങ്ങളാണ് ധരിക്കേണ്ടത്? (What kind of clothes should one wear)

ഇറുക്കമുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം. അയഞ്ഞതും സുഖപ്രദവുമായ, പരുത്തി ആയാൽ നല്ലത്, വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. യോഗാഭ്യാസങ്ങൾ ചെയ്യുമ്പോൾ വാച്ച്, ആഭരണങ്ങൾ, കണ്ണട എന്നിവ ധരിക്കരുത്.

6. യോഗാഭ്യാസം ആരംഭിക്കുന്നതിനു മുമ്പ് എന്തെങ്കിലും മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടോ? (Are there any precautions to be taken before starting Yoga)

ഇതിനായി പ്രത്യേക മുൻകരുതലുകൾ ഒന്നും ആവശ്യമില്ല. എന്നാൽ, നിങ്ങൾക്ക് രോഗങ്ങളോ, പരുക്കുകകളോ, മറ്റ് ശാരീരിക പ്രശ്നങ്ങളോ സംബന്ധിച്ച ചരിത്രം ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

7. ആർത്തവ സമയത്ത് യോഗ ചെയ്യാമോ? (Can women do Yoga during periods)

ചില വിഭാഗങ്ങൾ സ്ത്രീകൾ ആർത്തവ സമയത്ത് യോഗ ചെയ്യുന്നതിനെ അനുകൂലിക്കുന്നില്ല. എന്നിരുന്നാലും, സ്ത്രീകൾ ആർത്തവ സമയത്ത് യോഗ ചെയ്യുന്നതിൽ തെറ്റില്ല.

കടപ്പാട്: modasta.com

വിഷാദം കുടഞ്ഞെറിയാൻ യോഗ

 

അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞ ഒരു നീണ്ട യാത്രയാണ് ജീവിതം. അതിൽ ആഹ്ളാദത്തിന്റെയും ദു:ഖത്തിന്റെയും നിമിഷങ്ങൾ ഉണ്ടായേക്കാം. ആഹ്ളാദം നിങ്ങളെ ഉത്തേജിപ്പിക്കുകയും ദു:ഖം നിങ്ങളെ നിരാശയിലേക്ക് തള്ളിവിടുകയും ചെയ്യാം. ദു:ഖം തോന്നുന്ന അവസരങ്ങളിൽ സ്വാഭാവികമായും വിഷാദമുണ്ടാവാം. ഇത്തരം മാനസികാവസ്ഥയെ മറികടക്കാൻ ഓരോത്തർക്കും അവരുടേതായ വഴികളുണ്ട്. കൂട്ടുകാരോട് സംസാരിക്കുക, സിനിമകൾ കാണുക, ഒരു നീണ്ട ഡ്രൈവിനു പോവുക, ഒരു ഐസ്ക്രീമിനൊപ്പം അസന്തുഷ്ടി അലിയിച്ചു കളയുക അങ്ങനെ പലതും.

ചിലയവസരങ്ങളിൽ, നിരാശ ആഴത്തിലുള്ളതും കൂടുതൽ സമയം നിലനിൽക്കുന്നതും ആയേക്കാം. ഇത്തരം അവസരങ്ങളിൽ, എന്തെങ്കിലും ചെയ്യാൻ മടി തോന്നുകയും പ്രതീക്ഷ നഷ്ടപ്പെട്ടതായി തോന്നുകയും നിസ്സഹായത അനുഭവപ്പെടുകയും ആരോടെങ്കിലും സംസാരിക്കാൻ പോലും വിമുഖത കാട്ടുകയും ഏകാന്തതയും ഉറക്കമില്ലായ്മയും മറ്റും അനുഭവപ്പെടുകയും ചെയ്തേക്കാം. ഇത് ‘നിങ്ങൾ വിഷാദരോഗത്തിലേക്ക് അടുക്കുന്നു’ എന്നതിന്റെ മുന്നറിയിപ്പോ സൂചനയോ ആവാം.

വിഷാദരോഗം നിശബ്ദനായ ഒരു കൊലയാളിയാണ് എന്ന് വേണമെങ്കിൽ പറയാം. ചികിത്സിച്ചില്ല എങ്കിൽ, അത് ഒരു വ്യക്തിയെ ശരീരികമായും മാനസികമായും വൈകാരികമായും തകർക്കുകയും ജീവിത നിലവാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പാർശ്വഫലങ്ങളും ആശ്രയത്വവും ഉണ്ടായേക്കാമെന്ന് കരുതി മിക്ക ആളുകളും വിഷാദരോഗത്തിന് മരുന്ന് കഴിക്കാൻ വിസമ്മതിക്കും. സാമൂഹികപരമായ ദുഷ്കീർത്തിയെ ഭയന്നും നമ്മുടെ നാട്ടിലെ ആളുകൾ വിഷാദരോഗത്തിനു മരുന്നു കഴിക്കാൻ വിസമ്മതം കാണിച്ചേക്കാം. അതിനാൽ, മരുന്നുകൾ ഇല്ലാതെയുള്ള ചികിത്സയ്ക്കാണ് മിക്കവരും ആഗ്രഹിക്കുക. അത്തരത്തിൽ ഉള്ള ഒരു ഇടപെടലാണ് യോഗ.

ലക്ഷണങ്ങളെ മാത്രമല്ലാതെ ഒരു വ്യക്തിയെ പൂർണമായും ചികിത്സാവിധേയമാക്കാൻ സഹായിക്കുന്ന രീതിയാണ് യോഗയിലുള്ളത്. അതേസമയം, വിഷാദരോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്ന ഒരാൾ അത് നിർത്തണമെന്ന് യോഗ ആവശ്യപ്പെടുന്നില്ല. അത് നിർത്തുകയോ തുടരുകയോ ചെയ്യുന്നത് ഡോക്ടറുടെ നിർദേശപ്രകാരം ആയിരിക്കണം.

വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്ന ഒരാൾക്ക് തുടക്കത്തിൽ ചെയ്യാൻ കഴിയുന്ന യോഗാഭ്യാസങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ക്രമേണ യോഗാസനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാവുന്നതാണ്.

ശാരീരിക ലക്ഷണങ്ങളെ നേരിടാനുള്ള യോഗാസനങ്ങൾ (Yoga asanas (postures) to combat physical symptoms)

ചലനമില്ലാതെ കൂനിക്കൂടിയിരിക്കുന്നതാണ് വിഷാദരോഗത്തിന് അടിമയായ ഒരു വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്ന ആദ്യ ലക്ഷണം. വിഷാദരോഗമുള്ളവർക്ക് ഒന്നും ചെയ്യാനുള്ള ഉത്സാഹമുണ്ടായിരിക്കില്ല. ഇത്തരം കേസുകളിൽ, പേശികൾക്ക് ചെറിയ തോതിൽ സങ്കോച വികാസങ്ങൾ ഉണ്ടാക്കുന്ന യോഗാഭ്യാസങ്ങൾ ചെയ്യുന്നത് പ്രയോജനപ്രദമായിരിക്കും. തുടക്കത്തിൽ, ചെറിയ വ്യായാമങ്ങൾ പിന്തുടരുന്നതാവും നല്ലത്. ക്രമേണ, കൂടുതൽ സമയം നീണ്ടുനിൽക്കുന്ന യോഗാഭ്യാസങ്ങൾ ചെയ്യാം. ശ്വാസക്രമം പാലിച്ചു വേണം യോഗാഭ്യാസങ്ങൾ ചെയ്യേണ്ടത്. ഒന്നിലധികം ആളുകളുടെ കൂടെ യോഗാഭ്യാസങ്ങൾ ചെയ്യുന്നത് ഏകാന്തതയെ നേരിടാൻ നല്ല മാർഗമാണ്.

A) അർദ്ധകടിചക്രാസനം:

നേരെ നിവർന്ന് നിൽക്കുക. നിങ്ങളുടെ വലതു കൈ പതുക്കെ ഉയർത്തി തിരശ്ചീനമായും പിന്നീട് ലംബമായും കൊണ്ടുവരിക. ലംബമായിരിക്കുന്ന കൈ പരമാവധി മുന്നോട്ട് നീട്ടാൻ ശ്രമിക്കുക. ഈ സ്ഥിതിയിൽ കുറച്ചുസമയം തുടരുക. ഈ സമയം നിങ്ങൾക്ക് ആയാസമുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുറച്ചുസമയത്തിനു ശേഷം വലതു കൈ തിരശ്ചീനമായും പിന്നീട് തുടക്കത്തിലെ അവസ്ഥയിലേക്കും കൊണ്ടുവരിക. ഇത് ഇടത് കൈ ഉപയോഗിച്ചും ആവർത്തിക്കണം. നിങ്ങളുടെ രക്തചംക്രമണത്തെ സഹായിക്കുന്ന യോഗാഭ്യാസമാണിത്. ഒരു യോഗാസനം ചെയ്ത ശേഷം മനസ്സിനും ശരീരത്തിനും അനായാസത അനുഭവപ്പെടുന്നത് ഒരാൾക്ക് വീണ്ടും യോഗ ചെയ്യാനുള്ള പ്രചോദനമാവുന്നു. ശാരീരിക ചലനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ നിങ്ങളെ ശല്യപ്പെടുത്തുന്ന ചിന്തകളിൽ നിന്ന് വ്യതിചലിക്കാനും കഴിയുന്നു.

B) ഭുജംഗാസനം:
വയറും നെറ്റിയും നിലത്ത് മുട്ടിച്ച് കമഴ്ന്ന് കിടക്കുക. കാലുകൾ അടുപ്പിച്ച് വയ്ക്കുക, ഉപ്പൂറ്റികൾ തമ്മിൽ മുട്ടിയിരിക്കട്ടെ. കൈപ്പത്തികൾ നെഞ്ചിനടുത്തായി നിലത്ത് സ്പർശിച്ചിരിക്കണം. പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുത്ത് തല, നെഞ്ച്, അടിവയർ എന്നീ ഭാഗങ്ങൾ മുകളിലേക്ക് ഉയർത്തുക. ഈ സമയത്ത് നാഭിപ്രദേശം തറയിൽ നിന്ന് ഉയരുന്നില്ല എന്ന് ഉറപ്പുവരുത്തണം. സ്വാഭാവിക രീതിയിൽ ശ്വാസോച്ഛ്വാസം നടത്തിക്കൊണ്ട് ഈ സ്ഥിതിയിൽ അൽപ്പസമയം തുടരുക. കുറച്ചുസമയത്തിനു ശേഷം ആഴത്തിൽ ശ്വാസം ഉള്ളിലേക്ക് എടുക്കുക. ശ്വാസം പുറത്തുവിടുന്നതിനൊപ്പം അടിവയറും നെഞ്ചും തലയും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരിക. ഈ ആസനം നെഞ്ചിന്റെ വികാസത്തിനും നട്ടെല്ലിന് ശക്തിപകരാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായകമാവും. വലിയതോതിൽ ഓക്സിജൻ ഉള്ളിലേക്ക് എടുക്കുന്നത് മനസ്സിന് നവോന്മേഷം നൽകും.

വ്യായാമം ചെയ്യാതെ ശരീരത്തിനു വഴക്കം ഇല്ലാത്ത അവസ്ഥ ദ്രുതഗതിയിലുള്ളതും ആഴം കുറഞ്ഞതുമായ ശ്വാസോച്ഛ്വാസത്തിനു കാരണമായേക്കാം. യോഗയിൽ, ശ്വസന വേഗത കുറയ്ക്കുന്നത് മനസ്സിന് അയവ് ലഭിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ആഴത്തിൽ ശ്വാസമെടുക്കുന്നത് അല്ലെങ്കിൽ പ്രാണായാമം ചെയ്യുന്നത് ഒരാളുടെ ശ്വാസോച്ഛ്വാസം ദൈർഘ്യമുള്ളതും സാവധാനത്തിലുള്ളതും ആക്കുന്നു. ശ്വാസഗതിയിൽ ശ്രദ്ധിക്കുന്നതിലൂടെ മറ്റു ചിന്തകൾ മാറ്റിവയ്ക്കാനും വർത്തമാനകാലത്ത് വ്യാപരിക്കുന്നതിനും സഹായിക്കും.

1. നാഡിശോധന പ്രാണായാമം:

പിരിമുറുക്കമില്ലാതെ നട്ടെല്ലു നിവർത്തി തോളുകൾ അയച്ചുവിട്ട് കസേരയിലോ തറയിലോ ഇരിക്കുക. ഇടതുകൈ ചിന്മുദ്രയിൽ (തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും അറ്റങ്ങൾ മൃദുവായി സ്പർശിക്കുന്ന രീതിയിലുള്ള മുദ്ര) ഇടത്തെ മുട്ടിൽ വിശ്രമിക്കുന്ന അവസ്ഥയിൽ ആയിരിക്കണം.

നാഡിശോധന പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ വലത് കൈ ഉപയോഗിച്ചായിരിക്കണം. വലതു കൈയുടെ ചൂണ്ടുവിരലും നടുവിരലും പുരികങ്ങളുടെ ഇടയിൽ വരണം. ചെറുവിരലും മോതിരവിരലും ഇടത്തെ നാസാദ്വാരത്തിനു മുകളിലും തള്ളവിരൽ വലത്തെ നാസാദ്വാരത്തിനു മുകളിലും വരണം. ഇനി പതുക്കെ തള്ളവിരൽ ഉപയോഗിച്ച് വലത്തെ നാസാദ്വാരം അടയ്ക്കുക. ഇടത്തെ നാസാദ്വാരത്തിലൂടെ ശ്വാസം ഉള്ളിലേക്ക് എടുത്ത ശേഷം അത് ചെറുവിരലും മോതിരവിരലും ഉപയോഗിച്ച് അടയ്ക്കുക.

തള്ളവിരൽ മാറ്റിയ ശേഷം പതുക്കെ വലത്തെ നാസാദ്വാരത്തിലൂടെ ശ്വാസം പുറത്തേക്ക് വിടുക. ഇതേപോലെ വലത്തെ നാസാദ്വാരത്തിലൂടെ ശ്വാസമെടുത്ത ശേഷം ഇടത്തെ നാസാദ്വാരത്തിലൂടെ ശ്വാസം പുറത്തുവിടണം. ഇവ രണ്ടും ചേരുന്നത് ഒരു റൗണ്ടായി കണക്കാക്കാം. തുടക്കത്തിൽ അഞ്ച് റൗണ്ട് ചെയ്യാം. ക്രമേണ എണ്ണം വർദ്ധിപ്പിക്കാം. പ്രാണായാമം ചെയ്യുമ്പോൾ ശ്വാസം പിടിച്ചുവയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

2. ഭ്രമരി:
സുഖപ്രദമായ രീതിയിൽ ഇരിക്കുക. ചൂണ്ടുവിരലുകൾ നിങ്ങളുടെ ചെവിയിൽ തിരുകുക. ഉള്ളിലേക്ക് ആഴത്തിൽ ശ്വാസമെടുത്ത ശേഷം നാക്ക് മേലണ്ണാക്കിൽ മുട്ടിച്ചുകൊണ്ട് ഉച്ചസ്ഥായിയിൽ തേനീച്ചയുടെ മൂളൽ പോലെയുള്ള ശബ്ദം സൃഷ്ടിച്ചുകൊണ്ട് ശ്വാസം പുറത്തേക്ക് വിടുക. ഇത് ഒമ്പത് തവണ ആവർത്തിക്കണം. ഈ അഭ്യാസം ചെയ്യുമ്പോൾ ഉണ്ടാകുന്ന കമ്പനങ്ങൾ നിങ്ങൾ മസാജിനു വിധേയമാകുന്ന പ്രതീതി നൽകുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും.

വന്ധ്യതയ്ക്കു പരിഹാരം യോഗയിലൂടെ

 

ഒരു കുഞ്ഞിന്റെ പിറവി നടക്കുന്നത് പുരുഷന്റെ ബീജകോശത്തിന്റെയും സ്ത്രീയുടെ അണ്ഡകോശത്തിന്റെയും സംയോജനത്തില്‍ നിന്നാണ്. ബീജസയോജനം നടക്കുന്നത് അണ്ഡവാഹിനി അഥവാ ഫെലോപ്യന്‍ ട്യൂബിലാണ്. പുരുഷബീജം വൃഷണത്തില്‍ കൗമാര ആരംഭത്തോടെ തുടങ്ങുന്നു. പ്രതിദിനം കോടാനുകോടി ബീജങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു.

തലയുടെ ഉള്‍ഭാഗത്തുള്ള പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ നിന്നും രണ്ടു ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നു. ഫോളിക്കിള്‍ സ്റ്റിമുലേറ്ററി ഹോര്‍മോണും ലൂട്ടിനൈസിംഗ് ഹോര്‍മോണുമാണ് അവ.ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ബീജകോശങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. ലൂട്ടിനൈസിംഗ് ഹോര്‍മോണ്‍ അവയെ ശക്തിപ്പെടുത്തുന്നു.

സ്ത്രീ പുരുഷ സംയോഗത്തില്‍ സ്രവിക്കുന്ന ബീജകോശങ്ങള്‍ മൂത്രനാളിയിലൂടെ സ്ത്രീയുടെ യോനിയില്‍ നിക്ഷേപിക്കുന്നു. ചലനശേഷിയുള്ള ബീജങ്ങള്‍ 50 ശതമാനമെങ്കിലും ഉണ്ടായിരിക്കണം. ഇതില്‍ കുറവായാല്‍ വന്ധ്യതയ്ക്കു കാരണമാകാം. ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടുകോടി ബീജങ്ങളെങ്കിലും ഉണ്ടായിരിക്കണമെന്നതാണ്. ഇതില്‍ കുറവു വന്നാല്‍ വന്ധ്യതയ്ക്ക് കാരണമാകാം.

പിറ്റിയൂട്ടറിയില്‍ നിന്നുണ്ടാകുന്ന ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണിന്റെ സഹായത്താല്‍ അണ്ഡത്തിനു ചുറ്റും ഫോളിക്കിള്‍ എന്ന ഒരു സഞ്ചി ഉണ്ടാകുന്നു. ഇതില്‍ നിന്ന് ഈസ്ട്രജന്‍ ഹോര്‍മോണ്‍ സ്രവിക്കുന്നു. ഈസ്ട്രജന്റെ സഹായത്താല്‍ ഫോളിക്കിളിനുള്ളിലുള്ള അണ്ഡം പക്വമായിത്തീരുന്നു.

പിറ്റിയൂട്ടറിയില്‍ നിന്നും സ്രവിക്കുന്ന ഫോളിക്കിള്‍ ലൂട്ടിലൈസിംഗ് ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഫോളിക്കിള്‍ പൊട്ടുകയും പക്വമായ അണ്ഡം അണ്ഡാശയത്തിന് പുറത്ത് വരികയും ചെയ്യും. ഇതാണ് ഓവുലേഷന്‍. ആര്‍ത്തവാരംഭം മുതല്‍ 14 ദിവസം കൂടുമ്പോള്‍ ഓവുലേഷന്‍ നടക്കുന്നു. ഓവുലേഷന്‍ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ബീജവും അണ്ഡവും യോജിക്കണം. അല്ലെങ്കില്‍ ഫലമില്ലാതെ വരും.

വന്ധ്യതയും യോഗയും


മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും പെല്‍വിക് ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന സ്ട്രസ് കുറയ്ക്കുന്നതിനും പുരുഷന്മാരില്‍ കൗണ്ട് വര്‍ധിപ്പിക്കുന്നതിനും ഉത്തേജക ശക്തി വര്‍ധിപ്പിക്കുന്നതിനും ഗര്‍ഭപാത്രവികാസക്കുറവ്, മാര്‍ഗതടസം ഇവയ്‌ക്കെല്ലാം ഉചിതമായ മാര്‍ഗമാണ് യോഗാപരിശീലനം.

ദിവസവും അരമണിക്കൂര്‍ സമയംകൊണ്ട് ചെയ്തു തീര്‍ക്കാവുന്ന ഏതാനും ആസനങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്കും പുരഷന്മാര്‍ക്കും ഇത് പരിശീലിക്കാവുന്നതാണ്. പരിശീലിക്കാന്‍ ഉത്തമമായ സമയം രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ്. അര ഗ്ലാസ് വെള്ളം കുടിച്ചതിനുശേഷം പരിശീലനം ആരംഭിക്കാം. ആര്‍ത്തവകാലത്തും ലളിതമായ ആസനങ്ങള്‍ പരിശീലിക്കാം.

 

ആസനങ്ങള്‍

1. താഡാസനം -


നിവര്‍ന്നു നിന്ന് കൈകള്‍ തലയില്‍ കോര്‍ത്ത് കമിഴ്ത്തി വയ്ക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ശരീരം നല്ല പോലെ മുകളിലേക്ക് വലിക്കുക. ശ്വാസം വിട്ടു കൈകള്‍ ആദ്യം വച്ചതുപോലെ തലയില്‍ പതിക്കുക. അഞ്ച് തവണ പരിശീലിക്കുക.

പ്രയോജനം: ശരീരത്തിന്റെ എല്ലാ പേശികള്‍ക്കും വലിച്ചിലും സങ്കോചവും ലഭിക്കുന്നു. ശരിയായ രക്തപ്രവാഹം എല്ലാ ഭാഗത്തും ലഭിക്കുന്നു. വയറിന്റെ അടിഭാഗത്ത് വലിച്ചിലും സങ്കോചവും ലഭിക്കുന്നതുവഴി പേശികളിലെ സ്ട്രസ് കുറയുന്നു.

2. അര്‍ധചക്രാസനം -


നിവര്‍ന്ന് നിന്ന് കാലുകള്‍ ഒരടി അകലത്തില്‍ വയ്ക്കുക. കൈകള്‍ വിരലുകള്‍ താഴോട്ടാക്കി അരക്കെട്ടിന്റെ പിന്‍ഭാഗത്ത് പതിക്കുക. ശ്വാസം എടുത്ത് തലയുടെ ഭാഗം പിന്നിലേക്ക് വയ്ക്കുക. ശ്വാസം വിട്ടുകൊണ്ട് മുന്നോട്ടു വളയുക. അരക്കെട്ട് ശരിയായി സമകോണാകൃതിയില്‍ വരണം. നേരെ മുന്നോട്ടു നോക്കുക. ശ്വാസം എടുത്തുകൊണ്ട് വീണ്ടും അഞ്ചു തവണ പരിശീലിക്കുക.

പ്രയോജനം : നട്ടെല്ലിനും ഉദരഭാഗത്തും ഗുണം ലഭിക്കുന്നു. അമിതഭാരം കുറയുന്നു. ഉദരഭാഗത്തെ പേശികള്‍ക്ക് അയവ് ലഭിക്കുന്നു. ആ ഭാഗത്തെ പേശികളിലെ സ്ട്രസ് കുറയുന്നു.

3. വ്യാഘ്രാസനം -


ഇരുന്നുകൊണ്ട് കൈകള്‍ ഒരടി അകലത്തില്‍ തറയില്‍ പതിക്കുക. കാല്‍മുട്ടും ഒരടി അകലത്തില്‍ വച്ച് തറയില്‍ പതിച്ചു വയ്ക്കുക. താഴോട്ട് നോക്കുക. ശ്വാസം എടുത്തുകൊണ്ട് തലയും വലതുകാലും ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് പൂര്‍വ്വസ്ഥിതിയില്‍ എത്തുക. ഇടതു ഭാഗം പരിശീലിക്കുക. മൂന്നു തവണ ചെയ്യുക.

പ്രയോജനം : വയറിന്റെ അടിഭാഗത്തും നട്ടെല്ലിനും അയവ് ലഭിക്കുന്നു. ലൈംഗികാവയവങ്ങളുടെ ശേഷി വര്‍ധിക്കുന്നു. വന്ധ്യതയ്ക്കു കാരണമായ ബ്ലോക്കുകള്‍, വെരിക്കോസില്‍ എന്നിവയ്ക്ക് ഈ ആസനം ഫലപ്രദമാണ്.

4. ഏകപാദ ഉത്ഥാനാസനം -


മലര്‍ന്ന് കിടന്ന് കാലുകള്‍ ചേര്‍ത്ത് വയ്ക്കുക. ശരീരത്തിന്റെ ഇരുഭാഗത്തും കൈപ്പത്തി കമഴ്ത്തി തറയില്‍ പതിക്കുക. ശ്വാസം എടുത്തുകൊണ്ട് വലതുകാല്‍ കുത്തനെ ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുക. ഇടതുകാലും പരിശീലിക്കുക. ഇങ്ങനെ മൂന്നു തവണ ചെയ്യുക.

പ്രയോജനം : ഉദരഭാഗത്തെ അവയവങ്ങളിലേക്ക് ശരിയായ രക്തപ്രവാഹം ലഭിക്കുന്നു. ഉഭരഭാഗത്തെ പ്രശികളിലെ സ്ട്രസ് കുറയുന്നു. ആര്‍ത്തവസംബന്ധമായ തടസങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നു. വന്ധ്യതയ്ക്ക് കാരണമായ ഘടകങ്ങളില്‍ ഗുണപ്രദമായ മാറ്റം സ്ത്രീകളിലും പുരുഷന്മാരിലും നടക്കുന്നു.

5. കന്ധരാസനം -


മലര്‍ന്ന് കിടക്കുക. കാലുകള്‍ മടക്കി പാദം അല്‍പം അകലത്തില്‍ വയ്ക്കുക. കൈകള്‍ കൊണ്ട് നരിയാണി (ന്റന്റന്റന്റല്പ) പിടിക്കുക. ശ്വാസം എടുത്ത് അരക്കെട്ട് ഉയര്‍ത്തുക. ശ്വാസം വിട്ട് താഴ്ത്തുക. അഞ്ച് തവണ ചെയ്യുക.

പ്രയോജനം : പെല്‍വിക് ഭാഗത്തെ അവയവങ്ങള്‍ക്ക് ശരിയായ രക്തപ്രവാഹം ലഭിക്കുന്നു. ഗര്‍ഭ പാത്രത്തിനും അതിനോടനുബന്ധിച്ച അവയവങ്ങള്‍ക്കും വളരെ ഗുണം കിട്ടുന്നു. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നു. പുരുഷന്മാരില്‍ കാണുന്ന വെരിക്കോസില്‍, കൗണ്ട് എന്നിവയ്‌ക്കെല്ലാം ഈ ആസനം ഫലപ്രദമാണ്. കൂടാതെ സ്ട്രസ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

 

6. ഭുജംഗാസനം -


കമിഴ്ന്ന് കിടക്കുക. കാലുകള്‍ ചേര്‍ത്ത് വയ്ക്കുക. കൈകള്‍ ഷോള്‍ഡറിനു താഴെ തറയില്‍ പതിക്കുക. താടി തറയില്‍ കുത്തിവയ്ക്കുക. ശ്വാസം എടുത്തുകൊണ്ട് തല ഭാഗം ഉയര്‍ത്തുക. പൊക്കിളിന്റെ അല്പം താഴെ വരെ ഉയര്‍ത്തുക. കൈമുട്ട് അല്‍പം മടങ്ങിയിരിക്കും. ശ്വാസം വിട്ടുകൊണ്ട് താഴുക. അഞ്ചു തവണ ചെയ്യുക.

പ്രയോജനം : വയറിന്റെ അടിഭാഗത്തുള്ള എല്ലാ അവയവങ്ങളിലേക്കും ശരിയായ രക്തപ്രവാഹം ലഭിക്കുന്നു. ലൈംഗികശേഷി വര്‍ധിപ്പിക്കുന്നു. ഗര്‍ഭപാത്രത്തിന് ഗുണം ലഭിക്കുന്നു. പുരുഷന്മാര്‍ക്ക് വന്ധ്യതാ നിവാരണത്തിന് ഈ ആസനം വളരെ ഫലപ്രദമാണ്.

7. അര്‍ധശലഭാസനം -


കമഴ്ന്ന് കിടക്കുക. കൈകള്‍ മലര്‍ത്തി വിരളുകള്‍ മടക്കി ശരീരത്തിനിതര ഭാഗവും തറയില്‍ പതിക്കുക. ശ്വാസമെടുത്ത് വലതുകാല്‍ ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുക. മറുഭാഗവും പരിശീലിക്കുക. അഞ്ച് തവണ ചെയ്യുക.

പ്രയോജനം : തൈറോയ്ഡ്, പിറ്റിയൂട്ടറി എന്നീ അന്തസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നു. സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കുന്നു. വന്ധ്യതാ നിവാരണത്തിന് സഹായകമാകുന്നു.

*****യോഗാനിദ്ര
മലര്‍ന്ന് കിടക്കുക. കാലുകള്‍ അല്‍പം അകലത്തില്‍ വച്ച് കൈപ്പത്തി മലര്‍ത്തി വയ്ക്കുക. കണ്ണ് അടയ്ക്കുക. ശരീരം മുഴുവനായി അയച്ചിടുക. റിലാക്‌സ് ചെയ്യുക. കാലിന്റെ അറ്റം മുതല്‍ തലവരെ ശരീരം പൂര്‍ണമായി ഓരോ അവയവങ്ങള്‍ക്കും വിശ്രമം കൊടുക്കുക. അല്‍പസമയം ശ്വാസഗതി ശ്രദ്ധിക്കുക

അവസാനം പരിഷ്കരിച്ചത് : 7/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate