অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

യോഗ -കൂടുതല്‍ വിവരങ്ങള്‍

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ യോഗ

മരുന്നുകൊണ്ടല്ല, ജീവിത ശൈലീപരമായ അച്ചടക്കം കൊണ്ടാണ് രക്തസമ്മര്‍ദം നിയന്ത്രിക്കേണ്ടതെന്ന് യോഗ അനുശാസിക്കുന്നു. കേവലം ശാരീരികമായ ഒരു ക്രമക്കേടായി ‘ബ്ലഡ് പ്രഷര്‍’ പരിഗണിക്കപ്പെടുമ്പോഴും, മാനസികമായ അതിന്‍റെ അടിസ്ഥാനങ്ങളില്‍ ഊന്നി നിന്നുകൊണ്ടാണ് യോഗ ഈ രോഗത്തിന് പ്രതിവിധിയാകുന്നത്.

ശരീര-മനസ്സുകളുടെ അനിയന്ത്രിതമായ അസ്വസ്ഥതകളാണ് പലപ്പോഴും ഒരു വ്യക്തിയെ ‘ബ്ലഡ് പ്രഷര്‍’ രോഗത്തിന്‍റെ അടിമയാക്കുന്നത്. ശരീരം എല്ലാത്തരത്തിലും അനുഭവിക്കുന്ന ഹൈപ്പര്‍ ടെന്ഷന്‍, ഉടലിന്‍റെ താളം തെറ്റിക്കുന്നു. ‘ആര്‍ട്ടറികള്‍’ കൂടുതല്‍ സമ്മര്‍ദം അനുഭവിക്കുന്നു. അമിതമായ ഭക്ഷണവും, കൊഴുപ്പും, വ്യായാമക്കുറവുമെല്ലാം തന്നെ രക്ത സമ്മര്‍ദ രോഗത്തിന്‍റെ മൂല കാരണങ്ങളാണ്. ഉറക്കമില്ലായ്മ, ആകാംക്ഷാ രോഗം, ഡിപ്രഷന്‍, തുടങ്ങിയ അസ്വസ്ഥതകള്‍ രക്തചംക്രമണ വ്യവസ്ഥയെ അവതാളത്തിലാക്കുകയും അതുവഴി ഒരാളെ രക്തസമ്മര്‍ദത്തിന് അടിമയാക്കുന്നുമുണ്ട്.

ഇത്തരം അസ്വഭാവികതകളെ ഒഴിവാക്കിക്കൊണ്ടാണ് യോഗ രക്തസമ്മര്‍ദത്തിന് പരിഹാരം കാണുന്നത്. ഭക്ഷണ രീതിയിലെ അച്ചടക്കത്തിലുള്ള ഊന്നല്‍ കൊണ്ടുതന്നെ യോഗ രക്തസമ്മര്‍ദ സാധ്യതകളെ അകറ്റിക്കളയുന്നു. ജീവിതത്തിലെ ഓരോ ചര്യകളെയും ക്രമപ്പെടുത്തുന്നതോടെ ഉടലിനും മനസ്സിനും ലഭിക്കുന്ന സമതുലനം രക്തസമ്മര്‍ദത്തെ മയപ്പെടുത്തുന്നു. ഈ ശാന്താവസ്ഥ സിരാവ്യൂഹങ്ങളിലെ അമിതമായ ഭാരത്തെയും സമ്മര്‍ദത്തെയും സ്വാഭാവികമായ ഒരു താളത്തിലേക്ക് കൊണ്ടുവരുന്നു. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍, പ്രത്യക്ഷമായും പരോക്ഷമായും ചെയ്യുന്ന ‘സ്ട്രെസ്സ് മാനേജ്മെന്‍റ്’ കൊണ്ടാണ് യോഗ ബ്ലഡ്പ്രഷറിന് കടിഞ്ഞാണിടുന്നത്. സ്ട്രെസ്സ് ഹോര്‍മോണായ ‘കോര്‍ട്ടിസോളിനെ’ നിയന്ത്രണത്തില്‍ വരുത്തുന്നതുവഴി ഇത് സംഭവിക്കുന്നു. യോഗ വഴി നാഡീവ്യവസ്ഥയിലും രക്ത ചംക്രമണത്തിലും സംഭവിക്കുന്ന ഗുണപരമായ വ്യതിയാനങ്ങള്‍ വിസ്മയകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു.

ആസനങ്ങള്‍

രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ ഉതകുന്ന നിരവധി യോഗാഭ്യാസമുറകള്‍ ഉണ്ട്. ശവാസനം, അര്‍ദ്ധഹലാസനം, സേതുബന്ധാസനം, പവനമുക്താസനം,  ജാനുശിരാസനം, മകരാസനം, വജ്രാസനം, സുപ്ത വജ്രാസനം, ശിശുആസനം തുടങ്ങിയ യോഗമുറകള്‍ രക്ത സമ്മര്‍ദത്തെ പ്രത്യക്ഷമായിത്തന്നെ നിയന്ത്രിക്കുന്നു. യോഗയോടനുബന്ധമായ പ്രാണായാമ ക്രിയകളും ധ്യാന പദ്ധതികളും രക്ത സമ്മര്‍ദത്തെ കടിഞ്ഞാണിടാന്‍ പ്രാപ്തമാണെന്ന് യോഗ അനുശാസിക്കുന്നു.

മുടങ്ങാതെ യോഗ ചെയ്താല്‍ മാത്രമേ, ഫലപ്രാപ്തി ഉണ്ടാവുകയുള്ളു എന്ന വസ്തുത മറക്കരുത്. ആര്‍ട്ടറികള്‍ ആരോഗ്യവത്താകാനും അതുവഴി ചോരയോട്ടം ക്രമമാകാനും, ‘മെറ്റാബോളിസം’ സുഗമമാകാനും ദുര്‍മേദസുകള്‍ അകലാനും ശരീരത്തിന് അവസരം കൊടുക്കണം. ആരോഗ്യത്തില്‍ ഊന്നിയ ശരീരത്തിന്‍റെ ‘സ്വാഭാവിക താളവ്യവസ്ഥ’ തിരിച്ചുപിടിക്കുക വഴിയാണ് ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കപ്പെടുന്നതെന്ന് അനുഭവം കൊണ്ടുതന്നെ രോഗിക്ക് മനസ്സിലാകുന്നു. അതുകൊണ്ടുതന്നെ യോഗയെ ഒരു ദിനചര്യയാക്കാകാന്‍ രക്തസമ്മര്‍ദ ബാധിതര്‍ തയ്യാറാവുക.

യോഗയ്ക്കും ഒരു ഡയറ്റ് കോഡ്

വ്യായാമം മാത്രമല്ല യോഗ. അതുകൊണ്ട് തന്നെ യോഗ അനുഷ്ഠിക്കുന്ന വ്യക്തിയുടെ ജീവിത രീതിക്കും തനതായ ഒരു താളവും ക്രമവും ഉണ്ടായിരിക്കണം. ഒന്നിനോടും അമിതാസക്തിയില്ലാത്ത, സംയമനത്തില്‍ അടിയുറച്ച ഭക്ഷണ ശീലങ്ങള്‍  യോഗയുടെ പൂര്‍ണതക്ക് അനിവാര്യമാണെന്നറിയുക. യോഗ ചെയ്യുന്ന വ്യക്തിയുടെ ഭക്ഷണരീതി അച്ചടക്കമുള്ളതും പ്രകൃതിക്ക് അനുകൂലവുമായിരിക്കണം എന്നാണ് യോഗശാസ്ത്രം അനുശാസിക്കുന്നത്. വ്യക്തിയുടെ ‘പ്രാണശക്തി’ ഭക്ഷണത്തില്‍ അധിഷ്ഠിതമാകുന്നു. സാത്വിക ഗുണമുള്ള ഭക്ഷണത്തില്‍ ഊന്നിക്കൊണ്ടുള്ള ജീവിത രീതി പിന്തുടരുന്നതിലുള്ള നിഷ്ഠ യോഗയില്‍ സുപ്രധാനമാണ്. രുചിയെക്കാള്‍, കഴിക്കുന്ന വസ്തുക്കളുടെ ശുദ്ധിയും, ഗുണസമ്പന്നതയും, വൈകാരികമായ പ്രതികരണങ്ങളുമെല്ലാം യോഗ ചെയ്യുന്നവര്‍ ശ്രദ്ധിച്ചേ മതിയാകൂ.

ഒരാളുടെ ‘യോഗിക്ക് ഡയറ്റില്‍’ സുപ്രധാന ഘടകങ്ങളാണ് പഴവും പച്ചക്കറികളും. പ്രകൃതിക്ക് അനുഗുണമായ ജീവിതത്തിന്‍റെ അനുഭൂതി പകരുന്ന ഈ വസ്തുക്കള്‍ ആരോഗ്യ ദായകങ്ങളും സൌന്ദര്യ ദായകങ്ങളുമാണ്. ഇവയുടെ പോഷക ശക്തി സര്വ-അവയവങ്ങളെയും ഊര്‍ജവത്താക്കുന്നു. അതിനാല്‍ത്തന്നെ ഭക്ഷണശീലത്തില്‍ ഇവയുടെ അളവ് വര്‍ദ്ധിപ്പിച്ച് കൊണ്ട് വരാനുള്ള ബോധപൂര്‍വമായ  ശ്രമങ്ങള്‍ യോഗ ചെയ്യുന്നവരുടെ ഭാഗത്ത് നിന്നുണ്ടാകണം. ചിലവയെ വര്‍ജിക്കണമെന്നും യോഗ അനുശാസിക്കുന്നുണ്ട്. ഉള്ളിയും വെളുത്തുള്ളിയും കുറച്ചേ ഉപയോഗിക്കാവൂ എന്ന് പല യോഗ സമ്പ്രദായങ്ങളും പറയുന്നു. ധാന്യങ്ങളുടെ ഉപയോഗം വളരെ പ്രധാനമാണ്. യോഗ ചെയ്യുന്നവര്‍ക്ക് അരിയെക്കാള്‍ ഉത്തമം ഗോതമ്പ്, ഓട്ട്സ് തുടങ്ങിയ ധാന്യങ്ങളാണ്. ബീന്‍സ് അടക്കമുള്ള പയറുവര്‍ഗങ്ങള്‍ കഴിക്കുക. ‘റോസ്റ്റ്’ ചെയ്യാത്തതും ഉപ്പ് ചേര്‍ക്കാത്തതുമായ അണ്ടിപ്പരിപ്പുകളും  മറ്റ് ‘നട്സു’കളും മിതമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കാം. സുഗന്ധ വ്യഞ്ജനങ്ങളും മുളകും അധികം ചേര്‍ന്ന ഭക്ഷണം ഒഴിവാക്കുക. നാരങ്ങാനീര് ഓറഞ്ച് നീര് തുടങ്ങിയവ ഫ്രിഡ്ജില്‍ വെച്ച് ശീതീകരിക്കാതെ പാനീയമായി ഉപയോഗിക്കുക. മത്സ്യവും മാംസവും മുട്ടയും പരമാവധി ഉപയോഗിക്കാതിരിക്കുക. വെജിറ്റേറിയന്‍ ഭക്ഷണത്തിന് ഊന്നല്‍ കൊടുക്കുന്ന വ്യായാമ മുറയാണ് യോഗ. മാംസം ഭക്ഷണത്തില് അനിവാര്യ ഘടകമാകുന്നവരാകട്ടെ അവയുടെ അളവ് ഗണ്യമായി കുറച്ച് കൊണ്ടുവരണം. സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, കൃത്രിമ മധുരദായക വസ്തുക്കള്‍ ചേര്‍ത്ത പലഹാരങ്ങള്‍, രുചിക്കായുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച ഭക്ഷണങ്ങള്‍ പാക്ക്ഡ് ഫുഡ്സ്, സോഫ്റ്റ് ഡ്രിംഗ്സ്, സോഡ, മദ്യം, പുകയില എന്നിവ തീര്‍ത്തും ഒഴിവാക്കുക. അമിതമായി മസാലകളും എണ്ണകളും ചേര്‍ത്ത് ഉണ്ടാക്കുന്ന ഫുഡ് യോഗ വിലക്കുന്നു. തണുത്തതും ഫ്രീസര്‍, ഫ്രിഡ്ജ് എന്നിവയില്‍ വെച്ചതുമായവ ഒന്നും തന്നെ ഉപയോഗിക്കരുത്. ജനിതക എഞ്ചിനീയറിംഗ് വഴി ഉണ്ടാക്കിയ ഭക്ഷണവും നിഷിദ്ധം തന്നെ.

എന്ത് കഴിക്കുന്നു എന്ന് മാത്രമല്ല, എങ്ങനെ കഴിക്കുന്നു എന്നതും സുപ്രധാനമാണ്. ഭക്ഷണം കഴിക്കുന്ന സമയം, കൃത്യനിഷ്ഠ, ഭക്ഷണത്തിന്‍റെ വേഗത, അളവ് ഇവയെല്ലാം യോഗാഭ്യാസി ശ്രദ്ധിക്കണം. കൃത്യസമയത്ത്, സാവധാനം, ശാന്ത മനസ്സോടെ ഭക്ഷണം കഴിക്കുക എന്നതാകണം യോഗ അനുഷ്ഠിക്കുന്ന  ഒരാളുടെ മുദ്രാവാക്യം. അധികം വേവിക്കാതെ കഴിക്കുന്നതാണ് ഉത്തമം എന്നും അറിയുക. പഴവും പച്ചക്കറികളും പാചകം ചെയ്യാതെ തന്നെ കഴിക്കാം. ഭക്ഷണം ഒരിക്കലും വിഴുങ്ങരുത്. വളരെ സാവധാനം ചവച്ചരയ്ക്കണം. ഭക്ഷണത്തിന്‍റെ സുപ്രധാന ഭാഗമാണ് ജല പാനം വെള്ളം ഇടയ്ക്കിടയ്ക്ക് നന്നായി കുടിക്കണം. എന്നാല്‍ ഭക്ഷണത്തിന്‍റെ കൂടെ വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണത്തിന് 30 മിനിറ്റ് മുന്‍പോ പിന്‍പോ വെള്ളം കുടിക്കാം.

അമിതമായ ഒന്നും യോഗ പ്രോല്‍സാഹിപ്പിക്കുന്നില്ല. അനുകൂല ഭക്ഷണങ്ങളായാലും അവയുടെ അളവ്  നിയന്ത്രിക്കേണ്ടത് യോഗ ചെയ്യുന്ന വ്യക്തിയുടെ ഉത്തരവാദിത്വമാണ്. ഉടലിന്‍റെ കരുത്തിനും ആന്തരാവയവങ്ങളുടെ ആരോഗ്യത്തിനുമാണ് യോഗ ഊന്നല്‍ നല്‍കുന്നത്. അതിന് വിരുദ്ധമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളെയും ‘വിഷം’ ആയി കരുതി വര്‍ജ്ജിക്കാനാണ് യോഗശാസ്ത്രം ആഹ്വാനം ചെയ്യുന്നത്

യോഗക്ക് മുന്‍പ് ഒരുക്കം വേണം

യോഗ ചെയ്തു തുടങ്ങുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രാഥമിക കാര്യങ്ങളുണ്ട്. യോഗ പരിശീലിക്കുന്നതിന് മനസുകൊണ്ടും ശരീരം കൊണ്ടും ചില ഒരുക്കങ്ങള്‍ ആവശ്യമാണ്. ഓരോ വ്യക്തിയ്ക്കും തന്റെ ശരീരത്തെ കുറിച്ചുള്ള വ്യക്തമായ ധാരണയോടെ മാത്രമേ യോഗ ആരംഭിക്കാവൂ. യോഗ പരിശീലിക്കാന്‍ അനുകൂലമായ ബാഹ്യ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും അയാളുടെ കടമയാണ് . യോഗയുടെ ഫലപ്രാപ്തിക്ക് ശാരീരിക  ക്ഷമത, അനുകൂലാന്തരീക്ഷം, സമീപനം എന്നീ ഘടകങ്ങള്‍ സുപ്രധാനമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഭക്ഷണം കഴിച്ച് മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞു മാത്രമേ പരിശീലനം നടത്താവൂ
  • യോഗ പരിശീലിക്കുന്നതിനു മുമ്പായി മലവിസര്‍ജ്ജനം നടത്തുക
  • കട്ടിയുള്ള തുണിയോ കമ്പിളിയോ നിലത്തുവിരിച്ച് അതില്‍ കിടന്നുകൊണ്ടു മാത്രം പരിശീലനം നടത്തുക വെറും തറയിലോ മൃദുവായ കിടക്കയിലോ കിടന്നുകൊണ്ട് യോഗ പരിശീലനം പാടില്ല
  • യോഗ പരിശീലന സമയത്ത് ശ്വാസോച്ഛ്വാസം ചെയ്യുന്നത് നിര്‍ദ്ദേശിച്ച വിധത്തില്‍ തന്നെ ആയിരിക്കണം
  • യോഗ പരിശീലനം രാവിലെ ചെയ്യുന്നതാണ് ഉത്തമം
  • രോഗങ്ങളുള്ളവര്‍ യോഗ ചെയ്യുന്നതിനു മുമ്പ് ഒരു ആചാര്യന്‍റെ ഉപദേശം തേടുന്നത് നന്നായിരിക്കും
  • പരിശീലിക്കുമ്പോള്‍ അമിതമായി ബലം പ്രയോഗിക്കരുത്. ലഘുവായ പരിശീലനങ്ങളിലൂടെ ശരീരത്തിന് അയവു ലഭിക്കുന്നതാണ്
  • യോഗ പരിശീലനം നടത്തുന്നത് അടച്ചിട്ട മുറിയിലാകരുത്. മറിച്ച് നല്ല വായു സഞ്ചാരമുള്ള ഒരു സ്ഥലത്തായിരിക്കണം
  • ശക്തമായ കാറ്റു വീശുന്ന സ്ഥലമായിരിക്കരുത്
  • അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
  • ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ലഘുവായ ആസനങ്ങള്‍ മാത്രം പരിശീലിക്കുക
  • പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുക
  • മണം, നിറം, രുചി എന്നിവയ്ക്ക് വേണ്ടിയുള്ള കൃത്രിമ വസ്തുക്കള്‍ ചേര്‍ത്ത ആഹാര സാധനങ്ങള്‍ കഴിക്കാതിരിക്കുക
  • ചായ, കാപ്പി, മത്സ്യം, മാംസം, മുട്ട എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പുകവലി, മദ്യപാനം എന്നിവ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക
  • അലുമിനിയം കൊണ്ടു നിര്‍മ്മിച്ച പാത്രങ്ങളുടെ ഉപയോഗം ഒഴിവാക്കുക
  • കറിയുപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക

വയര്‍ കുറയ്ക്കാന്‍ പാര്‍ശ്വ ത്രികോണാസനം

ചെയ്യുന്ന വിധം

  • നട്ടെല്ലു വളയാതെ നിവര്‍ന്നു നില്‍ക്കുക
  • കാലുകള്‍ അകറ്റി വെക്കണം
  • കൈകള്‍ അനായാസമായി തൂക്കിയിടുക
  • ശ്വാസം എടുത്തുകൊണ്ട് കൈകള്‍ ഇരു വശത്തേക്കും നീട്ടുക
  • ശ്വാസം പതുക്കെ പുറത്തു വിട്ടു കൊണ്ട് വലതുവശത്തേക്കു കുനിഞ്ഞ് വലം കൈ കൊണ്ട് വലതു കാലില്‍ തൊടുക
  • ഇടതു കൈ ഉയര്‍ത്തി നീട്ടിപ്പിടിക്കണം
  • ദൃഷ്ടികള്‍ ഇടതു കയ്യുടെ അഗ്രത്തിലാവണം
  • ശ്വാസം പതുക്കെ ഉളളിലേക്കെടുക്കണം
  • സാവധാനത്തില്‍ നിവര്‍ന്ന് ശ്വാസം വിട്ട് ശാന്തമായി നില്‍ക്കുക
  • ഇതു പോലെ ഇടതു വശത്തേക്കും ചെയ്യണം

വയറ് ചാടല്‍ കുറയ്ക്കാനും വയറിന്‍റെ വശങ്ങളില്‍ മടക്കുകളായി കൊഴുപ്പ് അടിയുന്നത് ഒഴിവാക്കാനും ഈ യോഗാസനം സഹായിക്കും.

യോഗയും ലോംഗ് ലൈഫും

ഹൃദയമിടിപ്പുകളാണ് നമ്മുടെ ആയുസ്സ് അളന്ന് കൊണ്ടിരിക്കുന്നത്. ഹൃദയമിടിപ്പിന്‍റെ വേഗത കുറച്ച് ആയുസ്സ് നീട്ടാമെന്ന് പ്രാചീനര്‍ പല രീതിയില്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ഹൃദയമിടിപ്പുകളെ വര്‍ദ്ധിപ്പിക്കാതെ ക്രമപ്പെടുത്തി  സുദീര്‍ഘ ജീവിതം ഉറപ്പുവരുത്തുകയെന്നതായിരുന്നു ഇന്ത്യയിലെ തനത് നാട്ടറിവായ യോഗയുടെ    ആരോഗ്യപദ്ധതി. ഹൃദയമിടിപ്പിന്‍റെ നിരക്ക കുറക്കുന്നത് ശ്വസനം വഴി  തന്നെ.  ആരോഗ്യവത്തായ രീതിയില്‍ ശ്വാസോഛ്വാസം ക്രമീകരിച്ച് ഹൃദയത്തിന്‍റെ പണി ഭാരം കുറക്കുന്നു. ഈ ശ്വാസക്രമീകരണത്തിലെ ഊന്നലിലാണ് യോഗാഭ്യാസത്തിന്‍റെ മര്‍മ്മം. ഉടലിനെ വളയ്ക്കുന്നതും തിരിക്കുന്നതുമെല്ലാം ഈ ശ്വാസതാളത്തിന്‍റെ തെറ്റാത്ത ക്രമത്തിന് അനുസൃതമായിരിക്കും.   ഇതുവഴി നാഡീവ്യവസ്ഥയെയും അത് താളബദ്ധമാക്കുന്നു. ശ്വാസത്തെ പൂര്‍ണനിയന്ത്രണത്തിലാക്കുന്ന യോഗാഭ്യാസികള്‍ക്ക്  അവയെ നിര്‍ത്തിവെക്കാനും കഴിയുമെന്ന്  ഹഠയോഗയെപ്പറ്റിപഠിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

യോഗ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് സാക്ഷാത്കരിക്കുന്നത്. യോഗ രക്തത്തെ ശുദ്ധീകരിക്കുന്നു. ശ്വാസത്തെ ക്രമീകരിച്ച് നല്ല പ്രാണവായുവിനെ  രക്തത്തില്‍ കടത്തിവിടാന്‍ യോഗക്ക് കഴിയുന്നു. അതുപോലെ തന്നെ ചീത്ത വായുവിനെ ശരീരത്തില്‍ നിന്ന് പുറത്തുകടത്തുകയും ചെയ്യുന്നു. യോഗ അതുപോലെ തന്നെ  രക്തശുദ്ധിക്ക് അനുഗുണമായ , ആരോഗ്യവത്തായ  ഒരു ഭക്ഷണ ക്രമവും നിഷ്കര്‍ഷിക്കുന്നുണ്ടെന്നറിയുക. ഈ സമഗ്രമായ ആസൂത്രണത്തിലൂടെയാണ് യോഗ ദീര്‍ഘായുസ്സ് വാഗ്ദാനം ചെയ്യുന്നത്.  നാഡീ വ്യവസ്ഥയെ സമതുലനം ചെയ്യുന്നതാണ് യോഗയുടെ മറ്റൊരു ദൌത്യം.  ശ്വാസ നിയന്ത്രണം വഴി  ഞരമ്പുകളും ശുദ്ധവും താളബദ്ധവുമാകുന്നു. സാവധാനത്തിലും ദീര്‍ഘവും ശാന്തവുമായ  രീതികളിലാണ് ശ്വാസോഛ്വാസ ക്രമങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉഛ്വാസത്തിന്‍റെയും നിശ്വാസത്തിന്‍റെയും അളവുംസമയവും ഒക്കെ ക്രമപ്പെടുത്തുന്നു.

സംഘര്‍ഷ ഭരിതമായ നാഡീ വ്യവസ്ഥയെയും അവയവ വ്യവസ്ഥയെയും സാവധാനത്തിലാക്കുന്ന ഒരു ചിട്ട യോഗയില്‍ അന്തര്‍ലീനമായിട്ടുണ്ട്. ശരീരത്തെ കൂടുതല്‍ ഊര്‍ജവത്താക്കുന്നതാണ് യോഗയിലെ ഓരോ നിമിഷവും. അനുകൂലമായ സമയവും സ്ഥലവും അത് നിശ്ചയിക്കുന്നതും ഈ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയാണ്. അവയവങ്ങളുടെയും കോശ കോടികളുടേയും ‘ആക്റ്റിവിറ്റി’ എത്രയും കരുത്തുറ്റതാക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം.

ശരീരത്തിന്‍റെയും മനസ്സിന്‍റെയും ഫ്ലെക്സിബിലിറ്റി പരമാവധി സാധ്യമാക്കുകയാണ് യോഗ. വലിഞ്ഞുമുറുകിയ അവസ്ഥയില്‍ നിന്ന്  ജൈവമായ ഒരു ലാളിത്യത്തിലേക്ക് യോഗ  നമ്മെ കൊണ്ടുപോകുന്നു. പ്രകൃതി നിര്‍ദ്ദേശിച്ചിരിക്കുന്ന  രീതിയെ അംഗീകരിച്ചുകൊണ്ടാണ്  അത് ശരീരത്തോട് പെരുമാറുന്നത്. അമിതമായ വേഗത്തെയും ആയാസത്തെയും കുടഞ്ഞുകളയാന്‍ യോഗ പറയുന്നു. മനസ്സിനെ ‘റിലാക്സ്’ ചെയ്യുകയും ഒന്നില്‍ത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്ത് യോഗ  ബുദ്ധിയെ  സൂക്ഷ്മവും സുതാര്യവുമാക്കുന്നു. ഉടലിനും മനസ്സിനും ആവശ്യമല്ലാത്ത എല്ലാ മേദസ്സുകളെയും അത് അകറ്റുന്നു. ഒരു ശരീരത്തിന്‍റെ പരമാവധി ഊര്‍ജശേഷി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്  യോഗ നമുക്ക് ‘ലോംഗ് ലൈഫ്’ വാഗ്ദാനം ചെയ്യുന്നത്. ശരീര പരിവര്‍ത്തനത്തിനൊപ്പം  ബോധ പരിവര്‍ത്തനവും യോഗയില്‍  സ്വാഭാവികമായി സംഭവിക്കുന്നു.

മാനസിക പിരിമുറുക്കം കുറയ്ക്കാൻ

യോഗാഭ്യാസ നിലകളിൽ വളരെ എളുപ്പമുള്ള ആസനമാണ് ശവാസനം. യോഗയെപ്പറ്റി ബാലപാഠം പോലും അറിയാത്തവർക്ക് അനുഷ്ഠിക്കാനെളുപ്പം.  നാഡികളുടെ ടെൻഷൻ കുറച്ച് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുമെന്നതാണ് ശവാസനത്തിന്‍റെ ഗുണം.

ചെയ്യുന്ന രീതി

  • നിരപ്പായ തറയിൽ  പായയോ ഷീറ്റോ വിരിക്കണം.
  • ആദ്യം  നിലത്ത്  മലർന്ന് നീണ്ടുനിവർന്ന്  കിടക്കുക.
  • തുടകൾ തമ്മിൽ കൂട്ടിമുട്ടാതെ പാദങ്ങൾ ഒന്നരയടി അകലത്തിൽ വെക്കുക.
  • കയ്യും കാലും അതാതിന്‍റെ വശത്തെ വാരിയെല്ലുകളിൽ തൊടാതെ അകത്തി മലർത്തി വെക്കണം.
  • ആദ്യം ശരീരത്തിലെ എല്ലാ അവയവങ്ങളും നന്നായി മുറുക്കിക്കൊണ്ടു വരിക.
  • മെല്ലെമെല്ലെ ശരീരത്തിലെ എല്ലാ അവയവങ്ങളും തളർത്തിയിടുക. ഇത് ബോധപൂർവ്വം ചെയ്യണം. ശരീരരാവയവങ്ങളുടെ ഒരു ഭാഗത്തും ബലം കേന്ദ്രീകരിക്കരുത്.
  • കൈവിരലുകള്‍ പോലും തളർത്തിയിടണം.
  • കണ്ണുകളടയ്ക്കുക. ഉറങ്ങുന്നപോലെ കിടക്കുക. എന്നാൽ ഉറങ്ങരുത്.
  • ചലനങ്ങൾ അരുത്.
  • ചിന്തകൾ എല്ലാം കളയുക. മനസ്സ് ശൂന്യമാക്കുക.
  • ശ്വാസോച്ഛ്വാസം സ്വാഭാവികമായി നടന്നുകൊള്ളട്ടെ.
  • ഈ സ്ഥിതിയിൽ അഞ്ചുമിനിട്ട് മുതൽ  പതിനഞ്ചുമിനിട്ടു വരെ തുടരുക.

ശരീരം മുറുക്കി തളർത്തിക്കൊണ്ടുവരുന്ന ശവാസനം  ചെയ്യുമ്പോൾ ശരീരത്തിലെ ഭാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെടും.

ലളിതമെന്ന് തോന്നുമെങ്കിലും, സമസ്താവയവങ്ങൾക്കും  വിശ്രമം നൽകി ശാരീരികവും മാനസികവുമായ സംഘർഷങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ഉത്തമമായ  ഒരു യോഗാസനമാണിത്. ഞരമ്പുകളുടെ ക്ഷീണമകറ്റിക്കൊണ്ട് മനസ്സിനെ ശാന്തമാക്കുന്നു ശവാസനം. ശവത്തെപ്പോലെ ചലിക്കാതെ കിടക്കുന്ന രീതി കൈക്കൊള്ളുന്നതുകൊണ്ടാണ് ഇതിന് ശവാസനം എന്ന പേരുവന്നിരിക്കുന്നത്.  എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു റിലാക്സേഷൻ ടെക്നിക്കാണിത്.

നട്ടെല്ലിന്‍റെ ആരോഗ്യത്തിന് ഭുജംഗാസനം

സമ്പൂർണമായ ശാരീരിക, മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്ന  വ്യായാമപദ്ധതിയാണ് യോഗ. ഓരോ യോഗമുറക്കും ശരീരശാസ്ത്രപരമായ അടിസ്ഥാനതത്വങ്ങളും ഫലദായകത്വവുമുണ്ട്. ആന്തരികവും ബാഹ്യവുമായ ശരീരാവയവങ്ങളെ ഊർജവത്താക്കുന്നതോടൊപ്പം സമഗ്രമായ പ്രശാന്തിയും യോഗ വാഗ്ദാനം ചെയ്യുന്നു.

മനുഷ്യ ശരീരത്തിന്‍റെ അച്ചുതണ്ടെന്ന് പറയാവുന്ന അവയവമാണ് നട്ടെല്ല്. നട്ടെല്ലിനോടനുബന്ധിച്ചാണ് എല്ലാ അവയവങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്നതുകൊണ്ടുതന്നെ  നട്ടെല്ലിന്‍റെ ആരോഗ്യം  സുപ്രധാനമായി വരുന്നു. നട്ടെല്ലിന്‍റെ ആരോഗ്യത്തെ വർദ്ധിപ്പിക്കുന്നതോടൊപ്പം അനുബന്ധമായുള്ള പേശികളേയും ഞരമ്പുകളേയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന യോഗാസനമുറയാണ് ഭുജംഗാസനം. നട്ടെല്ലിന് വേദനയുള്ളവർക്കൊരു ‘സിദ്ധൌഷധമാണ്’ ഭുജംഗാസനമെന്ന് അനുഭവസ്ഥരും യോഗാചാര്യന്മാരും ഒരു പോലെ അഭിപ്രായപ്പെടുന്നു. ഇതോടൊപ്പം തന്നെ ഡിസ്ക് സ്ഥാനം തെറ്റിയവർക്ക് അത് പൂർവസ്ഥിതിയിലാക്കാനും ഈ ആസനം ഉപകരിക്കും. മനുഷ്യശരീരത്തിന്‍റെ പുറംഭാഗത്തെ ഋജുവാക്കുന്നതിനും ശ്വാസകോശ പ്രവര്‍ത്തനം ഊര്‍ജവത്താക്കുന്നതിനും നെഞ്ചിന്‍റെ  വികാസത്തിനുമൊക്കെ ഭുജംഗാസനം ഉത്തമമാണ്. വയറിലെ ദുർമേദസ്സിനെ ഇല്ലാതാക്കും.   കഴുത്തുവേദന, ആസ്ത്മ, നെഞ്ചിലെ കഫക്കെട്ട് ഇവക്കൊക്കെ ഫലപ്രദം. ഹൃദയത്തിന്‍റെ കരുത്തിനും  വൃക്ക, കരൾ, അഡ്രിനൽ ഗ്ലാന്‍റ് എന്നിവയുടെ പ്രവർത്തനത്തെ കൂടുതൽ സുഗമമാക്കുന്ന  ഭുജംഗാസനം ആർത്തവാനുബന്ധമായ വേദനക്കും നിത്യ ചര്യയിലൂടെ ശമനമുണ്ടാക്കും. ഇരുന്നു ജോലി  ചെയ്യുന്നവർ തീർച്ചയായും ഈ യോഗ ചെയ്തിരിക്കണം. ഹൃദ്രോഗവും ബ്ലഡ് പ്രഷറും ഉള്ളവർ വിദഗ്ദ്ധാഭിപ്രായം സ്വീകരിച്ചതിനു ശേഷമേ ഭുജംഗാസനം ചെയ്യാവു. യോഗാചാര്യന്മാർ  വിവിധ രീതികളിൽ ഭുജംഗാസനം ചെയ്യാറുണ്ട്.

ഒരു രീതി :

ഉടൽ പൂർണമായി  തളർത്തി നിലത്ത് കമഴ്ന്ന് കിടക്കുക. കൈകള്‍ അതാതു തോളിനു സമമായും കാലുകള്‍ മടങ്ങാതെ നീട്ടിയുമിരിക്കണം. നെറ്റി നിലത്ത്  പതിഞ്ഞിരിക്കണം. ദീര്‍ഘശ്വാസമെടുത്തുകൊണ്ട്, ശ്വാസം വലിച്ചെടുക്കുന്ന ക്രമത്തിനനുസരിച്ച് തറയില്‍ നിന്നും തലയുയര്‍ത്തി മുകളിലേക്ക്  നോക്കി  കൈ തറയിൽ  അമർത്തി  ഉദരം വരെ പൊങ്ങി നില്‍ക്കുക. അല്പസമയം ഈ നിലയില്‍ നിന്നതിന് ശേഷം ശ്വാസം പുറത്തേയ്ക്ക് വിട്ടുകൊണ്ട്   പൂര്‍വ്വ സ്ഥിതിയില്‍ തന്നെ കിടക്കണം.  ഉദരസംബധമായ അസുഖം ഉള്ളവര്‍ നാഭിവരെ മാത്രമെ ഉയരുവാന്‍ പാടുള്ളു.

മറ്റൊരു രീതി :

  1. കമഴ്ന്നു കിടക്കുക. ഉപ്പൂറ്റികൾ  മുകളിലേക്ക് ആക്കിയും കാല്‍‌വിരലുകള്‍ കിടത്തി നേരെ നീട്ടിയും വയ്ക്കുക.
  2. കൈകള്‍ ഉരത്തിനു താഴെ വിരലുകൾ  ചേര്‍ത്ത് കമഴ്ത്തിവയ്ക്കുക. ഉരം വിട്ട് വിരലുകള്‍ നീണ്ടിരിക്കരുത്.
  3. കൈമുട്ടുകള്‍ ശരീരത്തിനടുത്ത് നേരെ പുറകിലേയ്ക്കായിരിക്കുക.
  4. നെറ്റി തറയില്‍ മുട്ടിച്ച് വയ്ക്കുക.
  5. ശരീരം മുഴുവന്‍ തളർത്തിയിടണം.
  6. സാവധാനം ശ്വാസം എടുത്തതിന് ശേഷം, കൈകൾ  നിലർത്തമർത്താതെ , നെഞ്ചും തോളും തലയും നിലത്തുനിന്നും ഉയർത്തിക്കൊണ്ട്, തല കഴിയുന്നത്ര പുറകോട്ട് വളച്ച് മുകളിലേക്ക് നോക്കുക. തുടര്‍ന്ന് കൈകള്‍ നിലത്ത് ഊന്നി, പൊക്കിൾ  വരെയുള്ള ശരീരഭാഗവും കൂടി നിലത്തു നിന്നും ഉയർത്തണം.  ഇതെല്ലാം ക്രമമായി നടത്തണം.നിർത്താൻ പാടില്ല. ശരീരം കൂടി ഉയർത്താനാരംഭിക്കുമ്പോൾ, കൈപ്പത്തികളുടെ താഴത്തെ ഭാഗം കൊണ്ടാണ് നിലത്ത് ഊന്നൽ  കൊടുക്കേണ്ടത്. പൊക്കിൾ വരെ പൊങ്ങുക.  പൊക്കിളും നിലവും തമ്മിലുള്ള അകലം പരമാവധി കുറഞ്ഞിരിക്കണം. ഈ നിൽപ്പിൽ  ശ്വാസം മുട്ടാൻ അവസരമുണ്ടാകരുത്. അതിനു മുന്‍പായി സാവധാനത്തിൽ  താഴെ വന്ന് ശ്വാസം വിടുക. പൊങ്ങിയ നിലയില്‍ നിന്നുകൊണ്ടുതന്നെ ശ്വാസോച്ഛ്വാസം ചെയ്യാം. കുറച്ചുനാളത്തെ പ്രാക്റ്റീസിനുശേഷം അങ്ങനെ ചെയ്താൽ മതി.
  7. താഴെ വന്ന് ഒന്നോ രണ്ടോ തവണ ശ്വാസോച്ഛ്വാസം ചെയ്തതിനുശേഷം ഇതുപോലെ തന്നെ അടുത്തത് ആരംഭിക്കുക. ഇങ്ങനെ അഞ്ചു തവണ ചെയ്യേണ്ടതാണ്.

കടപ്പാട്-channellife.in/wellness

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate