অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹം നിയന്ത്രിക്കാന്‍ യോഗ

മരുന്നുകളൊന്നുമില്ലാതെ ചിട്ടയായ യോഗാപരിശീലനത്തിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും തൊണ്ണൂറു ശതമാനവും പ്രമേഹരോഗത്തെ നിയന്ത്രിച്ചു നിര്‍ത്താനാവുന്നതാണ്.

പ്രകൃതിയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് അനുയോജ്യമായി മനുഷ്യശരീരത്തെ ആരോഗ്യപരമായി സൂക്ഷിക്കാന്‍ സത്യാന്വേഷികളായ മുനിമാര്‍ കണ്ടുപിടിച്ചതാണ് യോഗ.

മരുന്നുകളൊന്നുമില്ലാതെ ചിട്ടയായ യോഗാപരിശീലനത്തിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും തൊണ്ണൂറു ശതമാനവും പ്രമേഹരോഗത്തെ നിയന്ത്രിച്ചു നിര്‍ത്താനാവുന്നതാണ്.

അര്‍ഥ മത്സ്യേന്ദ്രാസനം


ഒരു വിരിപ്പു വിരിച്ച് കാലുകള്‍ രണ്ടും നീട്ടി നിവര്‍ന്നിരിക്കുക. ഇടതു കാല്‍മുട്ടു മടക്കി വലതുവശത്തെ പൃഷ്ടഭാഗത്ത് ഉപ്പൂറ്റി ചേര്‍ന്നിരിക്കത്തക്കവണ്ണം ചേര്‍ത്തുവയ്ക്കുക.

അതേപോലെ വലതു കാല്‍ മടക്കി ഇടതു തുടയോടു ചേര്‍ന്ന് വശത്തായി കാല്‍പാദം തറയില്‍ ഉറപ്പിച്ച് കുത്തുക. ഇനി ഇടതു കൈകൊണ്ട് വലത്തെ കാല്‍ മുട്ടില്‍ പിടിച്ച് ശരീരത്തോടു ചേര്‍ത്തു വയ്ക്കുക. അതേപോലെ വലതു കൈ മടക്കി പുറകില്‍കൂടി കൊണ്ടുവന്ന് ഇടത്തെ തുടയുടെയും ശരീരത്തിന്റെ വശത്തായും കമഴ്ത്തിപ്പിടിക്കുക.

ഈ നിലയിലിരുന്ന് ദീര്‍ഘമായി ശ്വാസം എടുക്കുകയും വിട്ടുകൊണ്ട് ഉടലിനെ കഴിയുന്നത്ര വലതുവശത്തേക്ക് തിരിക്കുക. സാവധാനം ശ്വാസം എടുത്തുകൊണ്ട് പൂര്‍വസ്ഥിതിയെ പ്രാപിക്കുക. ഇത് പത്തോ പന്ത്രണ്ടോ തവണ ആവര്‍ത്തിക്കാവുന്നതാണ്. പിന്നീട് മറ്റേ വശവും ആവര്‍ത്തിച്ചു ചെയ്യേണ്ടതാണ്.

ഗുണങ്ങള്‍:

ദഹനേന്ദ്രിയ വ്യൂഹങ്ങള്‍ക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവുകിട്ടുന്നു. വൃക്കകള്‍ക്കും പാന്‍ക്രിയാസിനും നല്ല ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. അരക്കെട്ടും അതിനോടനുബന്ധിച്ചുള്ള അവയവങ്ങള്‍ക്കും ഒതുക്കവും ഭംഗിയുള്ളതുമായി തീരുന്നു. ശ്വാസകോശവും ഹൃദയവും നല്ല വണ്ണം വികാസമുള്ളതായിത്തീരുന്നു. നടുവേദനയ്ക്ക് ശമനംകിട്ടുന്നു. ജനനേന്ദ്രിയ വ്യൂഹങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു.

യോഗമുദ്രാസനം


ഒരു വിരിപ്പു വിരിച്ച് അതില്‍ കാലുകള്‍ രണ്ടും നീട്ടി നിവര്‍ന്നിരിക്കുക. ഇനി വലതു കാല്‍ മടക്കി രണ്ടു കൈകള്‍കൊണ്ടും ആ കാലിന്റെ പത്തിയില്‍ പിടിച്ച് ഇടതു തുടയുടെ മുകളില്‍ കയറ്റിവയ്ക്കുക. അപ്പോള്‍ വലതുകാലിന്റെ ഉപ്പുറ്റി അടിവയറില്‍ ചേര്‍ന്നിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതേപോലെ ഇടതുകാലും മടക്കി വലതു തുടയുടെ മുകളില്‍ കയറ്റിവയ്ക്കുക (ഇതാണ് പത്മാസനം).

ഇനി രണ്ടു കൈകളും പുറകില്‍കൂടി കൊണ്ടുവന്ന് വലതു കൈയുടെ കുഴയില്‍ ഇടതു കൈകൊണ്ടു പിടിക്കുക. അതോടൊപ്പം നട്ടെല്ലു നിവര്‍ത്തി വയ്ക്കുക.

ഇനി സാവധാനം ശ്വാസം എടുക്കുകയും അതേപോലെ സാവധാനം ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് നെറ്റി തറയില്‍ മുട്ടിക്കുക. അതോടൊപ്പം ശ്വാസം എടുത്തുകൊണ്ട് ഉയരുകയും ചെയ്യുക. കാലുകള്‍ തിരിച്ചുവച്ചും ചെയ്യേണ്ടതാണ്. ഇങ്ങനെ പത്തോ പന്ത്രണ്ടോ തവണ ആവര്‍ത്തിക്കാവുന്നതാണ്.

ഗുണങ്ങള്‍:

കാലുകളുടെ ഉപ്പൂറ്റികൊണ്ടുള്ള മര്‍ദ്ദം വയറിനു കിട്ടുന്നതുകൊണ്ട് പാന്‍ക്രിയാസിനു നല്ല ഉത്തേജനം കിട്ടുകയും അതോടൊപ്പം പ്രമേഹരോഗത്തിനു ശമനം കിട്ടുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവക്രമക്കേടുകള്‍ക്ക് ശമനം കിട്ടുന്നു. നട്ടെല്ലിനു ബലവും അയവും കിട്ടുന്നു. ഗ്യാസ്ട്രബിള്‍ കുറയുന്നു. യുവത്വം നിലനില്‍ക്കുന്നു. ചിന്താശക്തിയെ വര്‍ധിപ്പിക്കുന്നു. നല്ല ദഹനശക്തി കിട്ടുന്നു. ആധ്യാത്മിക ഉന്നതിക്ക് നല്ലൊരു ആസനമാണിത്.

സിംഹാസനം


ഒരു വിരിപ്പു വിരിച്ച് അതില്‍ കാലുകള്‍ രണ്ടും നീട്ടിനിവര്‍ന്നിരിക്കുക. വലതു കാല്‍ മടക്കി ഇടത്തെ തുടയുടെ മുകളില്‍ വയ്ക്കുക. അതേപോലെ ഇടതു കാല്‍ മടക്കി വലത്തെ തുടയുടെ മുകളിലുംവയ്ക്കുക. ഇനി ഇരു കൈകകളും ശരീരത്തിന്റെ ഇരുവശത്തും ഉറപ്പിച്ചു കുത്തുക. ഉടന്‍തന്നെ കൈകളില്‍ ബലംകൊടുത്ത് മുന്നോട്ടാഞ്ഞ് കാല്‍മുട്ടുകളിലും കുത്തി സിംഹം നില്‍ക്കുന്നതുപോലെ നില്‍ക്കുക.

ഇതോടൊപ്പം പൃഷ്ടഭാഗം താഴോട്ടു താഴ്ത്തി തല ഉയര്‍ത്തിയും പിടിക്കേണ്ടതാണ്. ഇനി വായ പൊളിച്ച് നാക്ക് വെളിയിലിട്ട് കണ്ണുകളുടെ മിഴി രണ്ടും ഭ്രൂമധ്യത്തിലോട്ടു കയറ്റാന്‍ ശ്രമിക്കുക. ഇനി സിംഹം അലറുന്നതുപോലെ വായില്‍കൂടി നന്നായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. കാലുകള്‍ തിരിച്ചുവച്ചും ചെയ്യേണ്ടതാണ്. മൂന്നോ നാലോ മിനിറ്റ് ആവര്‍ത്തിക്കുക.

ഗുണങ്ങള്‍:


ഉദരപേശികളും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. അതുമൂലം പാന്‍ക്രിയാസിനു രീതിയിലുള്ള പ്രവര്‍ത്തനം കിട്ടുകയും പ്രമേഹരോഗത്തിനു ശമനമുണ്ടാകുകയും ചെയ്യുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും വികാസവും ഉണര്‍വും കിട്ടുന്നു. ശീഘ്രസ്ഖലനം ഇല്ലാതാകുന്നു. ഓജസ് വര്‍ധിക്കുന്നു. കഴുത്തിലേയും തോളിലേയും പേശികള്‍ ശക്തങ്ങളാകുന്നു. ഇച്ഛാശക്തി വര്‍ധിക്കുന്നു.

വീര്യ സ്തംഭനാസനം


ഒരു വിരിപ്പ് വിരിച്ച് അതില്‍ നിവര്‍ന്നു നില്‍ക്കുക. പിന്നീട് വലതുകാല്‍ പുറകോട്ടു നീട്ടി കാല്‍പാദം തറയില്‍ ഉറപ്പിച്ചു ചരിച്ചുവയ്ക്കുക. ഇടതു കാല്‍ കുറച്ച് മുന്നോട്ടു കയറ്റിവയ്ക്കുക.

അപ്പോള്‍ കാല്‍പാദം മുന്നോട്ടു ചൂണ്ടിയതുപോലെ വയ്ക്കുക. ഇനി കൈകള്‍ രണ്ടും പുറകില്‍ കെട്ടി ഇടതു കാല്‍മുട്ട് മുന്നോട്ടു മടക്കി ശ്വാസംവിട്ടുകൊണ്ട് കുനിഞ്ഞ് നെറ്റി ഇടതു കാല്‍പാദത്തിന്റെ വെളിയില്‍ തറയില്‍ മുട്ടിക്കാന്‍ ശ്രമിക്കുക. സാവധാനം ശ്വാസം എടുത്തുകൊണ്ട് ഉയരുക. ഇങ്ങനെ പത്തോ പന്ത്രണ്ടോ തവണ ആവര്‍ത്തിക്കേണ്ടതാണ്. അതേപോലെ മറുവശത്തെ കാലും മാറ്റിവച്ച് ചെയ്യേണ്ടതാണ്.

ഗുണങ്ങള്‍:

ഉദരപേശികളും ആന്തരികാവയവങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അതുമൂലം പാന്‍ക്രിയാസിസ് ഉത്തേജനം ഉണ്ടാകുകയും പ്രമേഹസംബന്ധമായ രോഗങ്ങള്‍ക്ക് ശമനം കിട്ടുകയും ചെയ്യുന്നു. ജനനേന്ദ്രിയ വ്യൂഹങ്ങള്‍ക്ക് നല്ല രീതിയിലുള്ള പ്രവര്‍ത്തനം കിട്ടുന്നു.

സ്വപ്നസ്ഖലനവും ശീഘ്രസ്ഖലനവും ശമിക്കുന്നു. ഇടുപ്പെല്ലിനു ചലനം കിട്ടുന്നു. അതുകൊണ്ട് മൂലാധാര ചക്രത്തിന് ഉണര്‍വുകിട്ടുന്നു. തുടയുടെ പേശികള്‍ ശക്തങ്ങളാകുന്നു. നിതംബത്തിന് ഒതുക്കംകിട്ടുന്നു. ആര്‍ത്തവക്രമക്കേടുകള്‍ മാറിക്കിട്ടുന്നു.

ആകര്‍ണധനുരാസനം


ഒരു വിരിപ്പു വിരിച്ച് അതില്‍ കാലുകള്‍ രണ്ടും നീട്ടി നിവര്‍ന്നിരിക്കുക. ഇനി വലതുകാല്‍ മടക്കി ഇടത്തേ തുടയുടെ മുകളില്‍ വയ്ക്കുക. അതോടൊപ്പം ഇടതേ കൈകൊണ്ട് വലതുകാലിന്റെ കുഴയില്‍ പിടിക്കുക. വലതുകൈ നീട്ടി ഇടതുകാലിന്റെ തള്ളവിരലിലും പിടിക്കുക.

ഇനി സാവധാനം ശ്വാസം എടുത്തുകൊണ്ട് വലതുകാല്‍ ഇടതുകൈകൊണ്ട് ഉയര്‍ത്തുകയും അതോടൊപ്പം ഉടലും തലയും നിവര്‍ന്നിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ നിലയിലിരുന്ന് സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്.

ഗുണങ്ങള്‍:

ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസവും ബലവും കിട്ടുന്നു. ഇടിപ്പിനുണ്ടാകുന്ന വേദന കുറഞ്ഞുകിട്ടുന്നു. ആസ്ത്മാ രോഗത്തിന് ശമനം കിട്ടുന്നു. പാന്‍ക്രിയാസിനു നല്ല വലിവും ഉത്തേജനവും കിട്ടുന്നു.

അതുമൂലം പ്രമേഹരോഗത്തിനു ശമനം കിട്ടുന്നു. നട്ടെല്ലിനും അരക്കെട്ടിനും നല്ല വ്യായാമം കിട്ടുന്നു. കാലുകളുടെയും തുടയിലെയും പുറത്തെയും മസില്‍സുകള്‍ ശക്തങ്ങളാകുന്നു. ഉദരത്തിലെ മസില്‍സുകള്‍ ശക്തങ്ങളാകുന്നു. അതുമൂലം ഹെര്‍ണിയ രോഗം വരാതെ തടയപ്പെടുന്നു.

ചക്രാസനം


ഒരു വിരിപ്പ് വിരിച്ച് അതില്‍ മലര്‍ന്നു കിടക്കുക. ഇനി കാല്‍പ്പാദങ്ങള്‍ രണ്ടടി അകത്തുകയും അതോടൊപ്പം മുട്ടുകള്‍ മടക്കി കാലുകള്‍ രണ്ടും പുറകോട്ട് അടുപ്പിച്ച് പൃഷ്ടഭാഗത്തോടടുപ്പിച്ച് തറയില്‍ ഉറപ്പിക്കുക.

ഇതേപോലെ ഇരു കൈകളും തലയുടെ ഇരുവശങ്ങളിലായി തോളോടുചേര്‍ത്ത് തറയില്‍ ഉറപ്പിച്ചുവയ്ക്കുക. ഇപ്പോള്‍ കൈപ്പത്തി രണ്ടും കാല്‍പ്പാദങ്ങള്‍ക്ക് നേരെയായിരിക്കും ഉറപ്പിക്കേണ്ടത്. ഇനി ശ്വാസം എടുത്തുകൊണ്ട് ഉടലും തലയും തറയില്‍ നിന്നും സാവധാനം ഉയര്‍ത്തേണ്ടതാണ്.

ഈ നിലയില്‍ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടുമ്പോള്‍ സാവധാനം ശ്വാസം വിട്ടുകൊണ്ട് താഴുകയും ചെയ്യുക. ഇങ്ങനെ ഒന്നോ രണ്ടോ തവണകൂടി ആവര്‍ത്തിക്കാവുന്നതാണ്.

ഗുണങ്ങള്‍:

വാതസംബന്ധമായ രോഗങ്ങള്‍ക്ക് ശമനം കിട്ടുന്നു. നട്ടെല്ലിനു പുറകോട്ടുള്ള വളവ് സിദ്ധിക്കുന്നതുകൊണ്ട് ജരാനര ബാധിക്കാതെ യുവത്വം നിലനില്‍ക്കുന്നു. ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കുന്നു.

ഉദരപേശികള്‍ ശക്തങ്ങളാക്കുകയും ആന്തരികാവയവങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതുമൂലം പാന്‍ക്രിയാസിനു നല്ല രീതിയിലുള്ള പ്രവര്‍ത്തനം നടക്കുകയും അതുമൂലം പ്രമേഹരോഗത്തിനു ശമനം കിട്ടുകയും ചെയ്യുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം കിട്ടുന്നു. തുടയുടെയും കൈകളുടെയും പേശികള്‍ ശക്തങ്ങളാകുന്നു.

ഹലാസനം


ഒരുവിരിപ്പു വിരിച്ച് അതില്‍ മലര്‍ന്നുകിടക്കുക. കാലുകള്‍ രണ്ടും ചേര്‍ത്തും കൈകള്‍ രണ്ടും ശരീരത്തിനിരുവശത്തുമായി കമഴ്ത്തിയും വയ്ക്കുക. ഇനി ശ്വാസം എടുത്തുകൊണ്ട് ഇരു കാലുകളും 90 ഡിഗ്രി ഉയര്‍ത്തുകയും ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ രണ്ടും ഉടലും ഉയര്‍ത്തി കാലുകള്‍ രണ്ടും തലയുടെ പുറകില്‍ തറയില്‍ മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഈ നിലയില്‍ നിന്നു ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്.

ഗുണങ്ങള്‍:

നട്ടെല്ലിനു വളരെയധികം പ്രയോജനമുള്ളൊരു ആസനമാണ്. വയറിന് നല്ല മര്‍ദ്ദം വരുന്നതുമൂലം പാന്‍ക്രിയാസിന് രീതിയില്‍ പ്രവര്‍ത്തനം നടക്കുന്നു. അതുമൂലം പ്രമേഹരോഗത്തിനും ശമനം കിട്ടുന്നു. ദുര്‍മേദസ് കുറയുന്നു. ഗ്യാസ്ട്രബിളിനു നല്ലൊരു പ്രതിവിധിയാണിത്.

വാതരോഗത്തിന് ശമനം കിട്ടുന്നു. ശ്വാസകോശരോഗത്തിനു വളരെയധികം പ്രയോജനപ്പെടുന്നൊരു ആസനമാണിത്. ഷഠാധാര ചക്രങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നതുകൊണ്ട് ആദ്ധ്യാത്മികമായി ഉന്നതി പ്രാപിക്കുന്നു.

സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ ക്രമക്കേടുകള്‍ ഒഴിവായിക്കിട്ടുന്നു. (ഹൃദ്രോഗം, പ്രഷര്‍, ഹെര്‍ണിയ, തൈറോയ്ഡ്, അള്‍സര്‍ എന്നീ രോഗങ്ങളുള്ളവര്‍ ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ)

അവസാനം പരിഷ്കരിച്ചത് : 8/29/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate