অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രകൃതിചികിത്സയും ആരോഗ്യവും

ചര്‍മ്മം

അസ്ഥിവ്യൂഹത്തെയും മാംസത്തെയും ഒന്നിപ്പിക്കുന്ന ആവരണമാണു ചർമ്മം. അതു ശരീരത്തിലെ ചൂടിനെ ക്രമവൽക്കരിച്ചു കൊണ്ടിരിക്കുന്നു. എത്ര കടുത്ത വെയിലത്തും മഴയത്തും തണുപ്പത്തുമൊക്കെ ശരീരത്തിലെ ഊഷ്മാവിന്റെ സന്തുലിതാവസ്ഥ പരിരക്ഷിക്കുന്നതിൽ അതു സദാ വ്യാപ്യതമായിരിക്കും. ചർമ്മം പുറംലോകത്തെ ശരീരവുമായി ബന്ധപ്പെടുത്തുന്ന മധ്യസ്ഥനും പുറത്തെ വെള്ളം. വായു, വെളിച്ചം എന്നിവയെ ശേഖരിച്ചു ശരീരമാസകലം വിതരണം നടത്തുന്ന കാര്യസ്ഥനുമാണ്.

വൃക്കകൾക്കു ക്ഷീണം തട്ടുമ്പോൾ മുഖ്യമായി ജീവകത്തിന്റെ ഉചയാപചയത്തിൽനിന്നുള്ള മാലിന്യങ്ങളായ മൂത്രവും മൂത്രാമ്ലവും ദൂരീകരിക്കാനുള്ള അവയുടെ കഴിവുകേട് നികത്താൻ ചർമ്മം സഹായിക്കും. ശ്വാസകോശത്തെപ്പോലെ പൂർണമായല്ലെങ്കിലും ചർമ്മവും ശ്വസനക്ഷമമായ അവയവമാണ്.

ചർമ്മം പഞ്ചഭൂതങ്ങളിലെ വായു, വെള്ളം, വെളിച്ചം എന്നിവയെ ഭക്ഷിക്കുകയും പ്രാണവായുവിനെ സ്വീകരിച്ചു ഇംഗാലാമ്ലത്തെ ബഹിഷ്കരിക്കുകയും ചെയ്യുന്നു. അടിമുടി ആടകളണിയുന്നതു ചർമ്മസംരക്ഷണത്തിനു ആവശ്യമാണെന്നു സാധാരണമായ ഒരു ധാരണയുണ്ട്. അത് അടിമുടി അബദ്ധമാണ്. ദേഹത്തിലെത്രമാത്രം കുറച്ചു വസ്ത്രം ധരിക്കുന്നുവോ, അത്രയും ആരോഗ്യത്തിനു നല്ലതാണ്. പൊതുവേ, രോഗങ്ങൾക്കു അല്പവസ്ത്രധാരികളോടു കോപവും വസ്തുതാഡംബരഭ്രമക്കാരോടു സ്നേഹവുമാണ്. വേണ്ടത്ര കാറ്റും വെളിച്ചവുമേറ്റു കരുത്തുറ്റ അല്പവസ്തക്കാരുടെ ദേഹത്തെത്തോടാൻതന്നെ രോഗം പേടിക്കും.

ചർമ്മത്തിന്റെ ആരോഗ്യം നാഡിയുമായും നാഡിയുടെ ആരോഗ്യം മുഴുവൻ ദേഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. തന്മൂലം അതിന്റെ കഴിവും മിഴിവും വലിയൊരളവോളം കഴിക്കുന്ന ഹിതമായ ആഹാരത്തേയും കഴിക്കാതിരിക്കുന്ന അഹിതമായ ആഹാരത്തേയും ആശ്രയിച്ചിരിക്കുന്നു. വ്യായാമവും സ്വയം തിരുമ്മലും ചർമ്മത്തിന്റെ കർമ്മശേഷി വർദ്ധിപ്പിക്കും. കാലത്തു തുറന്ന സ്ഥലത്തു കഴിയുമെങ്കിൽ ദിഗംബരനായി കാറ്റും വെയിലുമേൽക്കുന്നത് ആരോഗ്യപ്രദമാണ്.

അഭ്യംഗസ്നാനം (തേച്ചുകുളി) ചർമ്മത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. അത് സുഷിരങ്ങൾ തുറന്നു തിക്കിനു കാന്തിയും ഭംഗിയും കൂട്ടും. പക്ഷേ, യാഥാസ്ഥിതികരായ പ്രകൃതിചികിത്സകർ എണ്ണ ദേഹത്തിൽ തൊടുവിക്കരുതെന്ന പക്ഷക്കാരാണ്.

നാടൻപെണ്ണുങ്ങൾ മഞ്ഞളരച്ചുപുരട്ടിയും ദേഹത്തിനു കാന്തിയും ചന്തവും കൂട്ടാറുണ്ട്. മഞ്ഞൾ മേനിയിലെ ദുർഗന്ധം മാറ്റുകയും ചർമ്മരോഗങ്ങൾ അകറ്റുകയും ചെയ്യും. അതു സ്ത്രീകളുടെ മുഖത്തെ വേണ്ടാത്ത രോമരാജിയെ നശിപ്പിച്ചു സ്ത്രൈണസൗന്ദര്യം വർദ്ധിപ്പിക്കുന്നു. എന്നാൽ പരിഷ്കാരത്തിന്റെ കടന്നാക്രമണത്തിൽപെട്ടു ആ നല്ല ശീലങ്ങളൊക്കെ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്.

ദേഹത്തിലെ ആന്തരമായ മാലിന്യങ്ങൾ വിയർപ്പായി ചർമ്മത്തിലെ സുഷിരങ്ങൾ വഴി പുറത്തു പോകുന്നു. അതിനാൽ ദേഹം വിയർക്കേണ്ടത് ആരോഗ്യത്തിന് അനുപേക്ഷണീയമാണ്. പക്ഷേ, ഏതുഷ്ണക്കാലത്തും വിയർക്കാത്ത ചില ദേഹപ്രകൃതിക്കാരുണ്ട്. അവർ മിക്കവാറും ഏതെങ്കിലും രോഗം ബാധിച്ചവരായിരിക്കും. അത്തരക്കാർ ദേഹത്ത് അല്പം എണ്ണതേച്ചു വെയിൽക്കൊണ്ടാൽ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും സ്വേദനഗ്രന്ഥികൾ പുനരുജീവിക്കുകയും ചെയ്യും. ഒപ്പം പ്രകൃത്യനുസൃതമായ ആഹാരക്രമം ശീലിക്കുകയും വേണം. വെളിച്ചെണ്ണയിൽ മുക്കിപ്പിഴിഞ്ഞ> തുണിത്തുണ്ട് മുറിവിലോ, പൊള്ളലേറ്റിടത്തോ അമർത്തിവച്ചാൽ അവ ഒരു മറുകുപോലുമില്ലാതെ മാറുന്നതാണ്.

മുഖക്കുരു, ചൊറി, ചിരങ്ങ്, എക്സിമ തുടങ്ങിയ ചർമ്മരോഗങ്ങൾ മനുഷ്യനെ വല്ലാതെ അലട്ടുന്നുണ്ട്. പക്ഷേ, മനസ്സുവച്ചാൽ അവ നിശ്ശേഷം മാറ്റിക്കളയാവുന്നതേയുള്ളു. രോഗം ബാധിച്ച സ്ഥലത്തു മണ്ണുവച്ചു കെട്ടുകയും വെയിൽ എല്പ്പിക്കുകയും ചെയ്താൽ മാലിന്യങ്ങൾ ബഹിഷ്കൃതമാവുകയും രോഗങ്ങൾ വേഗം മാറുകയും ചെയ്യും.

ചർമ്മശുദ്ധി വരുത്തുന്നതിൽ കുളിക്കു വലിയ കൈയുണ്ട്. കുളിക്കുമ്പോൾ ത്വക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കു തേച്ചിളക്കി കഴുകിക്കളയുന്നു. അങ്ങനെ പറ്റിപ്പിടിക്കുന്ന അഴുക്കു രണ്ടുതരമുണ്ട്. ഒന്നു വെള്ളം കൊണ്ടിളകുന്നത്. മറ്റൊന്നു കൊഴുപ്പുകൊണ്ടിളകുന്നത്. ആദ്യം പറഞ്ഞ അഴുക്കാണു ദേഹത്തിൽ കൂടുതലുണ്ടാവുക. രണ്ടാമത്തേതു താരതമ്യേന കുറവായിരിക്കും, വെള്ളം കൊണ്ടിളകുന്നതു കുളിക്കുന്ന നേരത്തു തോർത്തു കൊണ്ടോ മറ്റോ തേച്ചുകളയാം. കൊഴുപ്പുകൊണ്ടിളകുന്നതു തേച്ചിളക്കിക്കളയാൻ താളിയോ, ചെറുപയറുപൊടിയോ മറ്റോ ഉപയോഗിക്കണം. സോപ്പുപയോഗിക്കുന്നതു ചർമ്മത്തിനു ദോഷകരമാണ്.

പരമ്പരാഗതമായ എണ്ണക്കുളിക്കു പ്രകൃതിചികിത്സയിൽ ഒരു ബദൽസ്ഥാനമുണ്ട്. അതാണു ജംബീരരസസ്നാനം. മലയാളത്തിൽ ചെറുനാരങ്ങനീരുകൊണ്ടുള്ള കുളി, വേവിച്ച ചെറുനാരങ്ങയുടെ നീരു തലയിലും ദേഹത്തും പുരട്ടി അല്പനേരം വെയിൽകൊണ്ടശേഷം ശുദ്ധമായ പച്ചവെള്ളത്തിൽ കുളിക്കുക. എല്ലാ ചർമ്മരോഗങ്ങളും ശമിക്കാൻ അതു വളരെ പ്രയോജനകരമാണ്. കൂടാതെ ശിരസ്സിനു നല്ല കുളിർമയും അനുഭവപ്പെടും.

മുടിയിൽ അല്പം നരയെങ്ങാനും കണ്ടാൽ പലർക്കും വല്ലാത്ത വെപ്രാളമാണ്. വയസ്സരായിപ്പോയോ എന്നായി വിഭ്രമം. പിന്നെ അത് കൃത്രിമമാർഗങ്ങളുപയോഗിച്ചു കറുപ്പിക്കാനായി വെമ്പൽ. അതിനുവേണ്ടതു വിപണിയിൽ വേണ്ടത്രയുണ്ടുതാനും. പക്ഷേ, ആ പണി പലപ്പോഴും വെളുക്കാൻ തേച്ചതു പാണ്ടാവുകയാണു പതിവ്. മുടി കൃത്രിമമായി കറുപ്പിക്കാൻ മുഖ്യമായി ഉപയോഗിക്കുന്നതു "ഹെയർഡൈ' ആണല്ലൊ. ഒരിക്കൽ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള നര മാറ്റാൻ ഹെയർഡൈ ഉപയോഗിച്ചുപോയോ പിന്നെ ബാക്കിയുളള മുഴുവൻ മുടിയും പെട്ടെന്നു നരയ്ക്കും. അപ്പോൾ ഡൈയെത്തന്നെ സ്ഥിരമായി ആശ്രയിക്കാൻ നിർബദ്ധരാകും. അങ്ങനെ അതു നിർമ്മാതാവിനെ കൂടുതൽ പണക്കാരനും ഉപയോക്താവിനെ കൂടുതൽ പാപ്പരുമാക്കുന്നു.

ഡൈയുടെ ദീർഘകാലത്തെ ഉപയോഗം പലതരം ചർമ്മരോഗങ്ങൾക്കു വഴിതുറക്കും. കൂടാതെ ഡൈയുടേയും പോലുള്ള വസ്തുക്കളുടേയും നിരന്തരമായ ലേപനം ചർമ്മത്തെ തളർത്തുകയും ചർമ്മത്തിന്റെ തളർച്ച മൂത്രാശയത്തിന്റേയും പചനേന്ദ്രിയങ്ങളുടേയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതു ചർമ്മരോഗങ്ങൾക്കു മാത്രമല്ല, മറ്റും പല മാരകരോഗങ്ങൾക്കും കളമൊരുക്കും. അതിനാൽ ദേഹത്തിന്റെ സമഗ്രമായ ആരോഗ്യത്തിനുതന്നെ ചർമ്മസംരക്ഷണം അനുപേക്ഷണീയമാണ്.

സൂര്യൻ ഒരു മഹാവൈദ്യൻ

സൂര്യന്റെ രശ്മിക്കു അദ്ഭുതകരമായ രോഗശമനശക്തിയുണ്ട്. സൂര്യരശ്മി ഏല്ക്കുക അഥവാ നിർബാധം വെയിൽ കൊള്ളുകയാണ് ഈ ചികിത്സാസമ്പദായം. അതിനെ സൂര്യസ്നാനമെന്നും പറയും.

സൂര്യരശ്മി മഴപോലെ പ്രവഹിക്കുന്ന കടപ്പുറത്തും സവിശേഷം സജ്ജീകരിച്ച ആതപാസ്നാഗാരങ്ങളിൽ വച്ചും സൂര്യസ്നാനം നടത്താം. സൂര്യസ്നാഗാരങ്ങളിൽ സൂര്യരശ്മി പ്രവാഹം പെൻസിലിന്റെ കട്ടിയിലുള്ള കനത്ത കണികകളായി വളരെ ശക്തിയോടെ ദേഹത്തിൽ ആഞ്ഞു പതിക്കും അഥവാ തത്തിക്കളിക്കും. പ്രസ്തുത പ്രക്രിയ ദേഹത്തിലെ ചർമം, അതിലെ രക്തധമനികൾ, നാഡിതന്തുക്കൾ എന്നിവയിൽ മന്ദമായാണെങ്കിലും തീക്ഷ്ണമായ ആഘാതമേല്പിക്കുന്നു. സൗരകിരണം ഒരു പ്രത്യേക പ്രതിഫലനോപകരണത്തിലൂടെ കടത്തി ഒരിടത്തു മാത്രമായി കേന്ദ്രീകരിക്കുമ്പോഴും അതേ അനുഭവം തന്നെയുണ്ടാകുന്നു.

ഇതു നിശ്ചലമായിരിക്കുകയില്ല. നിശ്ചിതമായ കാലയളവിൽ ആന്ദോളനം ചെയ്തുകൊണ്ടേയിരിക്കും. ആന്ദോളനം ചർമത്തിൽ ശക്തിയുക്തവും അതി ശക്തിരിക്തവുമായ സ്പന്ദനാഘാതം പോലെയാണ് അനുഭവപ്പെടുക.

പ്രകാശം കൊണ്ടുള്ള ഈ നീരാജനം റാഡിക്കലൈറ്റിസ്, ആസ്ത്മ, ബ്രോങ്കെറ്റിസ്, ക്രോണിക് ന്യൂമോണിയ, ചർമരോഗങ്ങൾ തുടങ്ങി പല രോഗങ്ങളിലും പത്തിന് എട്ടു എന്ന കണക്കിൽ ശമനം വരുത്തുകയോ, ഭേദമാക്കുകയോ ചെയ്യുന്നു.

റഷ്യൻ ശാസ്ത്രജ്ഞരാണു സൗരചികിത്സാരംഗത്തു ബഹുദൂരം പുരോഗമിച്ചിട്ടുളളത്. മൊത്തം മൂന്നു ചതുരശ്രമീറ്റർ വിസ്താരവും 55 കണ്ണാടികളുമുള്ള പ്രതിഫലനോപകരണം കൊണ്ടാണു സൗരചികിത്സ നടത്തുക. തണുത്ത കാറ്റടിക്കാത്ത ഒരറയിലേക്കു രോഗിയെ പ്രവേശിപ്പിച്ച് പ്രസ്തുത ഉപകരണം വഴി സൂര്യരശ്മി രോഗിയിൽ പ്രതിഫലിപ്പിച്ചു കൊണ്ട് ചികിത്സ ആരംഭിക്കുന്നു. പ്രകാശധാരയുടെ കേന്ദ്രീകരണവും സൗരരശ്മിയും നിരന്തരമായ ആഘാതവുമാണു ചികിത്സാരീതി, 30X32 സെ.മീ. വിസ്താരമുള്ള 'ധാവക (ഓടുന്ന) സൂര്യകിരണം' ചർമത്തെ തടവിക്കൊണ്ടു ചലിക്കുന്നു.

പ്രസ്തുത താളക്രമം യഥേഷ്ടം ക്രമപ്പെടുത്താവുന്നതാണ്. അതിനുപറ്റിയ ഒരു ചട്ടം പ്രതിഫലനോപകരണത്തോടു ദൃഢമായി ഘടിപ്പിച്ചിരിക്കണം.

സ്നാനജലധാരയ്ക്കു ആതപക്രമവത്കരണ ശേഷിയും യാന്ത്രിക പ്രവർത്തനക്ഷമതയുമുളളതുപോലെ സൂര്യരശ്മികൾക്കു താപവത്കരണം അൾട്രാവയലറ്റ് പ്രസരണവുമായി സംയോജിപ്പിക്കാനുള്ള കഴിവുണ്ട്. ഇതു പരിമിതമായ തോതിൽ ഉപയോഗപ്പെടുത്തിയാലേ ദേഹത്തിനു ഗുണകരമാകൂ. ഇതരരശ്മി പ്രവാഹം വളരെ തീവമായിത്തോന്നാമെങ്കിലും പ്രതിഫലിതപ്രകാശത്തിനു നേരിട്ടുള്ള പ്രകാശത്തിനേക്കാൾ വളരെ കുറഞ്ഞ മാത്രയിൽ മാത്രമേ വികിരണശേഷിയുള്ളു. കൂടാതെ ആന്ദോലനം കൊണ്ട് അതിന്റെ ആഘാതം ലഘുകൃതമാവുകയും ചെയ്യും.

സൗരചികിത്സകൊണ്ടു പലരോഗങ്ങളുടെയും ശമനത്തിനു ഔഷധം ഉപയോഗപ്പെടുത്തിയുള്ള ചികിത്സാരീതിയെ ഒരു പരിധിവരെ അകറ്റി നിറുത്താം. ഔഷധങ്ങൾ എത്രതന്നെ ഫലപ്രദമാണെങ്കിലും പാറ്റന്റ് ഔഷധങ്ങൾ എത്ര തന്നെ കാര്യക്ഷമമായി പരീക്ഷിക്കപ്പെട്ടവയാണെങ്കിലും അവ ചില സന്ദർഭങ്ങളിൽ അസുഖകരമായ പാർശ്വഫലങ്ങൾ ഉളവാക്കിയെന്നുവരാം.

പ്രകാശനീരാജനം ആളുകളിൽ പ്രയോഗിക്കുന്നതിനു മുമ്പ് തരുലതാദികളിലും പക്ഷിമൃഗാദികളിലും വ്യാപകമായ പരീക്ഷണങ്ങളും പരിശോധനകളും നടത്തിയിരുന്നു. അതു കാർഷിക വിളകളുടെ വളർച്ചയെ അത്ഭുതകരമായി ഉത്തേജിപ്പിക്കുകയുണ്ടായി. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? സൂര്യരശ്മികൾക്കു സവിശേഷരൂപത്തിലുള്ള സ്പന്ദനങ്ങൾ ഉണ്ടായിരിക്കുന്നതു കൊണ്ടാണോ അതോ പ്രതിഫലിതമായ പ്രകാശത്തിനു നേരിട്ടുള്ളതിനേക്കാൾ വ്യത്യസ്തമായ വിശേഷതകൾ ഉള്ളതുകൊണ്ടാണോ? അതു തിട്ടപ്പെടുത്തുന്നതിനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.

വെയില് വലയ്ക്കാതിരിക്കാൻ

ചുട്ടുപൊള്ളുന്ന വെയിലത്തു നടക്കുക ദുഷ്കരമാണ്. നടക്കാതെ വീട്ടിൽ ഇരുന്നാലും വിയർത്തുകുളിക്കും. ഫാനും സമശീതോഷ്ണാവസ്ഥാ സംവിധാനവുമൊക്കെയുളളവരുടെ കാര്യം വിടുന്നു. സാധാരണക്കാർക്ക് അതെല്ലാം അപ്രാപ്യമാണല്ലൊ.

"ഉഷ്ണസ്യ ഉഷ്ണേന ശമനം' എന്നൊരു പഴമൊഴിയുണ്ട്. ഉഷണത്തിനു ഉഷ്ണം കൊണ്ടു ശമനം കിട്ടും. പാവങ്ങൾക്കു ആ പഴയ മൊഴിയാണു പരമാശ്രയം. അവർ വല്ലാത്ത ഉഷ്ണം തോന്നുമ്പോൾ ചൂടുവെളളത്തിൽ കുളിക്കും. ദാഹം തോന്നുമ്പോൾ ചുടുവെള്ളം കുടിക്കും.

ചൂടുവെള്ളം കൊണ്ടുള്ള കുളി രോമകൂപങ്ങളേയും ചർമസുഷിരങ്ങളെയും, വിവൃതമാക്കി വൃത്തിയാക്കുന്നു. ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടു ജഠരാഗ്നി വർധിക്കുന്നു, ദേഹം വിയർക്കുന്നു. വിയർത്തു കഴിയുമ്പോൾ വിയർപ്പുതുള്ളികളുടെ ആർദ്രത ശരീരത്തിൽ തണുപ്പുണ്ടാക്കുന്നു. ചർമത്തിന്റെ പ്രധാന പ്രവൃത്തി വിയർപ്പിലൂടെ മാലിന്യം ദൂരീകരിക്കുക മാത്രമല്ല, ദേഹത്തിലെ ശീതോഷ്ണസ്ഥിതി ക്രമവത്കരിക്കുകകൂടിയാണ്. അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ചർമസുഷിരങ്ങളാണു ചൂടിനു പോകാനുള്ള ഊടുവഴികൾ, ചൂട് അവയെ തുറക്കുകയും തണുപ്പ് അവയെ അടയ്ക്കുകയും ചെയ്യുന്നു. പച്ചവെള്ളത്തിൽ കുളിക്കുമ്പോൾ ചർമസുഷിരങ്ങൾ അടയും. തന്മൂലം ചൂടിനു പോംവഴി ഇല്ലാതാവുകയും തത്ഫലമായി ഉഷ്ണം അനുഭവപ്പെടുകയും ചെയ്യും. നേരെമറിച്ച്, ചൂടുവെളളത്തിൽ കുളിച്ചാലാകട്ടെ, തുറന്ന ചർമസുഷിരങ്ങളിലൂടെ ചൂട് ബഹിർഗമിച്ചു തണുപ്പ് അനുഭവപ്പെടുന്നു.

പക്ഷേ, പച്ചവെള്ളത്തിലെ കുളിക്കൊരു ഗുണമുണ്ട്. അതു ദേഹത്തിനും മനസ്സിനും പുതിയ ഒരുന്മേഷം പ്രദാനം ചെയ്യും.

ചൂടുവെള്ളം കുടിച്ചാലുണ്ടാകുന്ന വിയർപ്പിന്റെ ഈർപ്പമാണല്ലൊ തണുപ്പ് അനുഭവപ്പെടുത്തുന്നത്. ചുറ്റുപാടുമുള്ള അന്തരീക്ഷത്തിലെ ആർദ്രതയും തണുപ്പുണ്ടാക്കുന്ന മറ്റൊരു ഘടകമാണ്. അന്തരീക്ഷം ചൂടുള്ളതാകുമ്പോൾ വിയർപ്പുകൂടുകയും ഉഷ്ണവാതകം ദേഹത്തിലേക്കു അവയെ ആകർഷിക്കുകയും ചെയ്യും.

ഉഷ്ണം ശമിക്കാനുളള മറ്റൊരു പ്രതിവിധി ഉഷ്ണം ഉണ്ടാക്കുന്ന ഭക്ഷ്യപദാർഥങ്ങൾ വർജിക്കുകയാണ്. മത്സ്യം, മാംസം, പഞ്ചസാര, മധുരപലഹാരങ്ങൾ, ശർക്കര തുടങ്ങിയവ ആവുന്നത്ര കുറച്ചു ഭക്ഷിക്കുക. ആപ്പിൾ, മധുരനാരങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങളും, കുമ്പളങ്ങ, വെള്ളരിക്ക, വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, പാവൽ, പടവലം, ചുരയ്ക്ക, കോവയ്ക്ക തുടങ്ങിയ പച്ചക്കറികളും ധാരാളം കഴിക്കണം. ഐസ്ക്രീം, ലമനേഡ്, സോഡ തുടങ്ങിയ ശീതളപാനീയങ്ങൾ ഉപയോഗിക്കരുത്. അവ തത്കാലം തണുപ്പു തോന്നിപ്പിക്കുമെങ്കിലും പിത്കാലം ഉഷ്ണം പെരുപ്പിക്കും.

വേനൽക്കാലത്തു നിറമില്ലാത്തതും ഇറുക്കം കുറഞ്ഞതുമായ വസ്ത്രങ്ങളാണു ധരിക്കേണ്ടത്. നിറമുള്ള വസ്ത്രങ്ങൾ സൂര്യരശ്മിയെ ആകർഷിച്ച് ദേഹത്തിലെ ചൂട് വർധിപ്പിക്കും. അതുപോലെത്തന്നെ ദേഹത്തു പറ്റിപ്പിടിച്ചു കിടക്കുന്നതും ഇഴനന്നേ അടുത്തതുമായ വസ്ത്രങ്ങളും ധരിക്കരുത്. അറേബിയയിലെ മണലാരണ്യങ്ങളിൽക്കൂടി സഞ്ചരിക്കാറുളള അറബികളുടെ വസ്ത്രങ്ങൾ വെള്ളനിറത്തിലുള്ളതും അയഞ്ഞു കിടക്കുന്നതുമാണ്. അവ പരുത്തിനൂൽകൊണ്ടു നിർമിച്ചതും ആപാദകം നീണ്ടുകിടക്കുന്നതുമായിരിക്കും.

കൈയുടെയും കാലിന്റെയും മണിക്കെട്ടുകളെ കൂടക്കൂടെ കുറേനേരം പച്ചവെള്ളത്തിൽ മുക്കിപ്പിടിച്ചു രക്തം ശീതളീകരിക്കുന്നതും ഉഷ്ണം പോക്കാൻ ഉതകുന്നതാണ്. തണുപ്പുള്ള അന്തരീക്ഷത്തിൽ വർത്തിക്കുന്നതും ഉഷ്ണം ശമിപ്പിക്കും.

രക്തം

ശരീരത്തിന്റെ അസ്തിത്വം തന്നെ രക്തത്തെ ആശ്രയിച്ചിരിക്കുന്നു. ശരീരം ശുദ്ധരക്തയുക്തമായതുകൊണ്ടു മാത്രമായില്ല, അതുദേഹമാകമാനം പ്രസരിക്കുകയും വേണം. രക്തത്തിന്റെ നിരർഗളമായ നിർഗളനമാണ് ആരോഗ്യം സുഭദ്രവും സുസ്ഥിരവുമാക്കുന്നത്. അത്ര സുപ്രധാനമായ രക്തത്തിന്റെ സത്സ്വരൂപമെന്താണ്? സമാനകോശങ്ങളുടെ ദ്രവാവസ്ഥയിലുള്ള സംയുക്തകലയാണു രക്തം. പക്ഷ, പ്രസ്തുത കോശങ്ങൾ ശരീരത്തിലെ പേശികോശങ്ങളെപ്പോലെ ചേർന്നിരിക്കുന്നില്ല. അത് പ്ളാസ്മ എന്ന നിണനീരിൽ പൊന്തിയുമിളകിയും വർത്തിക്കുന്നു. മൊത്തമുള്ള രക്ത വ്യാപ്തത്തിന്റെ അമ്പത്തഞ്ചുശതമാനവും പ്ളാസ്മയാണ്. പ്ളാസ്മയിലും രക്തകോശങ്ങളിലുമായി വ്യാപ്തത്തിന്റെ എൺപതുശതമാനം ജലമുണ്ട്. രക്തത്തിനു ജലത്തിന്റെ ആറിലൊന്നേ ഗതിവേഗമുള്ളൂ. അതിലടങ്ങിയിട്ടുള്ള കൊഴുപ്പാണു ഗതി മന്ദീഭവിപ്പിക്കുന്നത്.

രൂപപരമായി രക്തം രണ്ടുതരം; ഖരവും ദ്രവവും, രക്തം നിരന്തരം ക്ഷയിക്കുകയും ഭവിക്കുകയും ചെയ്യുന്നുണ്ട്. തന്മൂലം മൊത്തം വ്യാപ്തത്തിനു കോട്ടം തട്ടുന്നില്ല. ചിലപ്പോൾ ആഗന്തുകകാരണങ്ങളാൽ രക്തനഷ്ടമുണ്ടാകാം. അപ്പോൾ ദേഹം ആ നഷ്ടം കരുതൽ രക്തനിധിയിൽനിന്നെടുത്തു നികത്തും. അതിനാൽ രക്തത്തിന്റെ സ്ഥിരമായ മാത്രയ്ക്കു മാറ്റം ഭവിക്കില്ല.

രക്തത്തിൽ രോഹിതരക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ എന്നീ മൂന്നുതരം ഖരവസ്തുക്കളുണ്ട്. അവയിൽ എൺപതോളം ശതമാനവും രോഹിതരക്താണുക്കളാണ്. മറ്റു രണ്ടെണ്ണം വളരെ ലഘുമാത്രയിൽ മാത്രമേയുള്ളൂ, രോഹിതരക്താണുക്കളുടെ ആധിക്യമാണു രക്തത്തിനു രക്തിമ പകരുന്നത്.

ഹീമോഗ്ലോബിൻ ആണു രോഹിതരക്താണുക്കളിലെ വർണവസ്തു. അത് ഹീം എന്ന ലോഹാംശമുളള വർണാത്മക വസ്തുവിന്റെയും ഗ്ലോബിൻ എന്ന വർണരഹിതവസ്തുവിന്റെയും സംയുക്തമാണ്.

പൂർണകോശങ്ങളുള്ള ശേതരക്താണുക്കൾ സാംഗോപാംഗങ്ങളാണ്. വ്യക്തതയില്ലാത്ത അവ അമീബയെപ്പോലെ സഞ്ചരിക്കുന്നു. ശ്വേതരക്താനുക്കൾക്കു രോഗപ്രതിരോധശക്തിയുണ്ട്. പ്ലേറ്റ്ലറ്റുകൾ (ത്രോംബോ സൈറ്റുകൾ) എന്ന ലഘുരക്തകോശങ്ങൾ മുറിവുകളിൽ രക്തം കട്ടപിടിക്കാൻ സഹായിക്കും.

രക്തോത്പാദനം

(പാണവായു (ഓക്സിജൻ) ജലം, ഭക്ഷണം എന്നിവയാണ് രക്തോത്പാദക വസ്തുക്കൾ. അവയിൽത്തന്നെ മുഖ്യം പ്രാണവായുവാണ്. അതുകഴിഞ്ഞാൽ ശുദ്ധജലം, കാപ്പി, ചായ, കോളകൾ തുടങ്ങിയ പാനീയങ്ങളിലൂടെ ശരീരത്തിനു ജലം ലഭിക്കുമെന്ന് ഒരു ധാരണയുണ്ട്. അതുപരമാബദ്ധമാണ്. അത്തരം പാനീയങ്ങൾ രക്തത്തെ മലിനപ്പെടുത്തുകയേയുള്ളു.

കരിക്കിൻ വെള്ളമാണു ഏറ്റവും നല്ല പാനീയം. പിന്നെ കുടിക്കാൻ കൊളളുന്ന ഒന്ന് വാറ്റുജല(ഡിസ്റ്റിൽഡ് വാട്ടർ)മാണ്. അത് അത്ര സുലഭമല്ലെങ്കിൽ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. അവയിൽനിന്നു ദേഹത്തിനു ആവശ്യമായ ജലം ലഭിക്കും. കടകളിലും തീവണ്ടികളിലും മറ്റും വിൽക്കപ്പെടുന്ന മിനറൽ വാട്ടർ കഴിവതും ഉപയോഗിക്കരുത്. ആരോഗ്യത്തിന് അനുയോജ്യമല്ലാത്ത ചില ഘടകങ്ങൾ അതിലടങ്ങിയിട്ടുണ്ടെന്നു പരീക്ഷണങ്ങളിൽ വെളിപ്പെട്ടിട്ടുണ്ട്.

മൂന്നാമത്തെ രക്താത്പാദകഘടകം ഭക്ഷ്യവസ്തുക്കളിലെ പോഷകങ്ങളാണ്. ധാന്യകം, കൊഴുപ്പ്, മാംസ്യം, ധാതുക്കൾ, ജീവകങ്ങൾ എന്നിവയാണു
മുഖ്യ പോഷകങ്ങൾ. പോഷകങ്ങളിൽനിന്നു ശരീരകലകളുടെ ഉത്പാദനത്തിനും തേയ്മാനപരിഹാരത്തിനും ആവശ്യകമായ സൂക്ഷ്മവസ്തുക്കൾ ലഭിക്കുന്നു.

എന്നാൽ പരിഷ്കാരത്തിന്റെ പടകേറ്റംമൂലം ആഹാരവിഹാരങ്ങളിൽ വന്ന ആരോഗ്യവിനാശകമായ പരിവർത്തനം ശുദ്ധരക്തം ഒരു മരുമരീചികയാക്കിയിരിക്കുന്നു. ശീതീകരണപേടകത്തിൽ ദിവസങ്ങളോളമോ മാസങ്ങളോളമോ സൂക്ഷിച്ച മത്സ്യമാംസാദികൾ, കൂടുതൽ മസാലചേർത്ത ഭക്ഷണം, പഞ്ചസാര, മദ്യം തുടങ്ങിയവ കഴിച്ചുശീലിച്ച മനുഷ്യരക്തം ദുഷിതകലുഷയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ, അശുദ്ധമായ രക്തം, പനി, ചുമ, ജലദോഷം, മലബന്ധം, ചർമരോഗങ്ങൾ, മുഴകൾ, അന്നപഥ വ്രണം, പൊങ്ങൻ, സന്നിപാതജ്വരം, വിഷൂചിക തുടങ്ങിയ നൂറുകൂട്ടം രോഗങ്ങൾക്കു പച്ചപ്പരവതാനി വിരിക്കുന്നു.

രക്തത്തില്‍ എണ്‍പത് ശതമാനം ക്ഷാരാംശവും ഇരുപതു ശതമാനം അമ്ലാംശവുമാണ്. സ്വാഭാവികവും സ്ഥായിയുമായ ഈ അനുപാതം അഭംഗം പരിരക്ഷിക്കുന്നതിൽ സദാ ദത്തശ്രദ്ധമാണ് പ്രകൃതി. അമ്ലപ്രധാനമായ ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിൽ അമ്ലാംശമേറും. അപ്പോൾ കരുതൽ ക്ഷാരസംഭരണിയിൽനിന്ന് ആവശ്യാനുസരണം ക്ഷാരം രക്തത്തിനു നല്കി അതിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ നിലനിറുത്തുന്നു.

ദേഹത്തിലെ ഓരോ കോശവും ജനനം, വികാസം, വിനാശം എന്നീ മൂന്നു പടുതികളിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നശിക്കുന്ന കോശങ്ങൾക്കുപകരം പുതുപുതുകോശങ്ങൾ തെരുതെരെ സൃഷ്ടിക്കപ്പെടുന്നു. രക്തം വഴിയെത്തുന്ന പദാർത്ഥങ്ങൾ കൊണ്ടാണ് ഈ കോശസർജനപ്രക്രിയ നടക്കുന്നത്. അങ്ങനെ സംസൃഷ്ടങ്ങളായ കോശങ്ങളുടെ ഗുണവത്വം രക്തത്തിന്റേയും ലസികാദ്രവ്യത്തിന്റേയും മേന്മയെ ആശ്രയിച്ചിരിക്കും.

രക്തം ശുദ്ധമല്ലെങ്കിൽ ദേഹത്തിലെ സർവവിധഗ്രന്ഥികളും സ്രവങ്ങളും മലിനമാകും. സ്രാവങ്ങളുടെ മാലിന്യം ശരീരത്തിന്റെ ഉപചയാപചയപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നു. തന്മൂലം ശരീരത്തിന്റെ സ്വാഭാവിക> വ്യാപാരം, തടസ്സപ്പെടുകയും ആരോഗ്യം അവതാളത്തിലാകുകയും ചെയ്യും. പിന്നെ പലതരം രോഗങ്ങളുടെ തിരപ്പുറപ്പാടായി. അപ്പോൾ അമ്ലവസ്തുക്കളേയും മറ്റുവിഷവസ്തുക്കളെയും ദേഹത്തിൽ നിന്നു നിർമ്മാർജനം ചെയ്തു രക്തത്തിന്റെ ക്ഷാരാംശം കൂട്ടണം. പക്ഷേ പലരും അതിനുപകരം ശക്തിയേറിയ വിഷൗഷധങ്ങൾ ഉപയോഗിച്ചു വിസർജനാവയവങ്ങളുടെ മേൽ കഠിനഭാരം ചുമത്തി അവയെത്തളർത്തി നിഷ്ക്രിയമാക്കുന്നു.

ശാരീരികവ്യാപാരം ഒരു താളക്രമത്തിലാണു നടക്കുന്നത്. അവയവങ്ങളെ സ്വാഭാവികേതരരീതിയിൽ ഉത്തേജിപ്പിച്ചാൽ തത്കാലം ഫലസിദ്ധികണ്ടെന്നുവരാമെങ്കിലും പിന്നീട് ശരീരപ്രവർത്തനം തകരാറിലാകും, ദേഹസ്ഥമായ വിസർജനസംവിധാനത്തിന്റെ ക്ഷമതയും ദേഹജന്യമായ വിസർജ്യവസ്തുക്കളുടെ പരിമാണവും പരസ്പരാപേക്ഷികമാണ്. എന്നാൽ വസ്തുക്കൾ ക്രമാതീതമായി വർദ്ധിച്ചാൽ അവ പുറംതളളാൻ വിസർജനാവയവങ്ങൾക്കു പണിപ്പെട്ടുവലയേണ്ടിവരും. ആ അവസ്ഥയിൽ ഉത്തേജനൌഷധങ്ങൾ നല്കുന്നത് തളർന്നു കുഴഞ്ഞ വണ്ടിക്കാളയെ ചാട്ടവാറുകൊണ്ടടിക്കുംപോലെയാണ്. അടിയേറ്റ് ചൂടിന് അതല്പനേരം ഓടിയെന്നുവരാമെങ്കിലും ഉടൻ കുഴഞ്ഞു വീഴും. അതു തന്നെയാണ് വിസർജനാവയവങ്ങൾകൊണ്ട് അതിപ്രയത്നം ചെയ്യിച്ചാലത്തെ ഫലവും. അതിനാൽ മരുന്നു കൊണ്ടൊന്നും രക്തം ശുദ്ധമാവുകയില്ലെന്ന നഗ്നസത്യം മനസ്സിലാക്കി രക്തം മലിനിക്യതമാകുന്നതിന്റെ കാരണം ഉന്മൂലനം ചെയ്യണം. അതിനു പ്രകൃത്യനുസ്യതമായ ഭക്ഷണക്രമം അനുശീലിക്കുകയും ഉത്തേജക വസ്തുക്കളുടേയും മറ്റും ഉപയോഗം ഉപേക്ഷിക്കുകയുമാണു വേണ്ടത്.

പഴങ്ങൾക്കു രക്തം ശുദ്ധമാക്കാൻ അത്ഭുതകരമായ ശക്തിയുണ്ട്. അതിനാൽ മധുരനാരങ്ങ, ചെറുനാരങ്ങ, പപ്പയ്ക്ക, തണ്ണിമത്തൻ, മുന്തിരിങ്ങ, കൈതച്ചക്ക (പൈനാപ്പിൾ) എന്നിവയിൽ ഒന്നാ രണ്ടോ എണ്ണത്തിന്റെ ചാറെടുത്തു വെള്ളം ചേർത്ത് ആവശ്യത്തിനു തേനൊഴിച്ചു രാവിലേയും രാത്രിയും കുടിക്കുന്നതു നല്ലതാണ്. പ്രാതൽ ഫലാഹാരമാക്കുന്നതാണുത്തമം. മുത്താഴം ഒന്നൊന്നരഗ്ലാസ് പച്ചക്കറികളുടെ ചാറു നേർപ്പിച്ചതും പച്ചക്കറി സലാഡുമാവാം. ഭക്ഷണം ഏറെക്കൂടാനോ, തീരെ കുറയാനോ പാടില്ല. അത്താഴത്തിനു പച്ചക്കോ, വേവിച്ചോ ഉള്ള പച്ചക്കറികൾ ഉപയോഗിക്കാം. വേവിച്ച പച്ചക്കറികളിൽ ചിരകിയ തേങ്ങ ചേർത്തു കഴിക്കുന്നതു രുചികരമാണ്.

ശുദ്ധീകൃതമായ രക്തത്തിനു പ്രാണവായുവിനെ ഉൾക്കൊള്ളാനുള്ള കഴിവുകൂടും. കൂടാതെ സൂര്യകിരണങ്ങളെ പൂർവാധികം ആഗിരണം ചെയ്യാനും സാധിക്കും. അതിനാൽ ആരോഗ്യം അഭംഗം പുലരുന്നതിന് ശുദ്ധരക്തം അപരിഹാര്യമാണ്.

ശരീരത്തിലെ ഓരോഭാഗത്തും ചെല്ലുന്ന രക്തം ആ ഭാഗത്തുള്ള അഴുക്കുകളെ വഹിച്ചുകൊണ്ടു പോകുന്നു. രക്തത്തിലെ ആ അഴുക്കുകളെ ബഹിഷ്കരിക്കുന്നതു ശ്വാസകോശമാകുന്നു. ഹ്യദയത്തിൽനിന്നു രക്തം ദേഹമാകെക്കറങ്ങി തിരിച്ചുവരുന്നതിനു ചോരയോട്ടമെന്നു പറയുന്നു. ഭക്ഷണത്തിന്റെ സത്തു രക്തത്തിലുടെ ഹൃദയത്തിലെത്തും. ഹ്യദയം ആ സത്തിനെ ദേഹമാകെ വ്യാപരിപ്പിക്കുന്നു. രക്തം സഞ്ചരിക്കുന്ന നാളികൾക്കു ലക്ഷക്കണക്കിനു കൈവഴികളുണ്ട്.

രക്തത്തോടുസാമ്യമുള്ളതും മാലിന്യം രക്തത്തിലേക്ക് തള്ളിവിടുന്നതും ലസിക (ലിംഫ്)യാണ്. പക്വാശയത്തിൽനിന്ന് ഭക്ഷ്യ രസത്തിലൊരുഭാഗം ലസികയിലൂടെ രക്തത്തിൽ കടക്കുന്നു.

ശുദ്ധരക്തത്തെ ആശ്രയിച്ചാണു ആരോഗ്യം നിലനില്ക്കുന്നതെന്നു പറഞ്ഞുവല്ലൊ. ഭക്ഷണം നല്ലപോലെ ദഹിച്ചു ദേഹത്തിൽ ചേർന്നെങ്കില്‍ മാത്രമേ രക്തം ശുദ്ധമാകുകയുള്ളൂ. അതിനാൽ പോഷകസമൃദ്ധമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കണം. ദേഹത്തിലെ മാലിന്യങ്ങൾ മലം, വിയർപ്പ് മുതലായവയായി ശരിക്കു പുറത്തു പോയാലേ രക്തം ശുദ്ധമാകൂ. ദേഹത്തിലെ ശൗചാലയമാണു വലിയ കുടൽ, അതുവഴി ഒത്തിരി അഴുക്ക് പുറത്തുപോകുന്നു.

ശരിയായ ശ്വാസോഛ്വാസവും മിതമായ വ്യായാമവുമുണ്ടായാൽ രക്തം ശുദ്ധമാകും. യോഗിമാരുടെ പ്രാണായാമപദ്ധതി രക്തശുദ്ധീകരണത്തിന് ഉത്തമമാണ്.

മൂത്രാശയത്തിന്റെ പ്രവർത്തനം യഥാക്രമമല്ലെങ്കിൽ രക്തം അശുദ്ധമാകും. സ്വാഭാവികമായ ദാഹത്തിനനുസരിച്ചു വെള്ളം കുടിച്ചാൽ മൂത്രസഞ്ചിയുടെ പ്രവർത്തനം വേണ്ടവിധമാകാം. എന്നാൽ ആധുനിക ജീവിതരീതിയിലെ മാറ്റം നൈസർഗികമായ ദാഹത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചിലതരം ജോലിക്കാർ ദാഹിച്ചാലും വെള്ളം കുടിക്കാൻ മെനക്കെടാറില്ല. വെളളമുളളിടത്തോളം പോയി കുടിക്കാനുള്ള മടിയാണു കാരണം. അങ്ങനെ കുറേനാൾ കഴിയുമ്പോൾ വേണ്ടപ്പോൾ ദാഹം തോന്നാതിരിക്കുകയും അത് പലതരം രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും.

രോമകൂപങ്ങളിലൂടെ അഴുക്കു ധാരാളം പുറത്തുപോകേണ്ടത് രക്തശുദ്ധികരണത്തിനു അത്യാവശ്യമാണ്. അതിന് എന്നും കൃത്യമായി കുളിക്കുകയും കുളികഴിഞ്ഞു തോർത്തുകൊണ്ടു ചർമ്മത്തെ വ്യത്തിയായി തിരുമ്മുകയും ചെയ്താൽ മതി. കൈകൊണ്ടോ, തോർത്തുകൊണ്ടോ ശരീരം നല്ലവണ്ണം തിരുമ്മുന്നതുകൊണ്ടു രോമകൂപങ്ങൾക്കു ഇളക്കം ലഭിക്കും. ത്വക്കിനു നല്ല മാർദ്ദവമുണ്ടാകാൻ കൈകൊണ്ടു ദേഹം തിരുമ്മിക്കുളിക്കണം. കാറ്റത്തുനഗ്നമായി കിടക്കുന്നതും രോമകൂപങ്ങളുടെ സഞ്ചലനത്തിനുതകും. അതിപ്രാചീനകാലത്തു മനുഷ്യർ ദിഗംബരരായിരുന്നു. ആടകൊണ്ടു സദാ മൂടിയിരുന്നാൽ അഴുക്കു നേരെ പുറത്തുപോവുകയില്ല. അതിനാൽ തരം കിട്ടുമ്പോഴൊക്കെ ദേഹം നഗ്നമാക്കി കാറ്റുകൊള്ളിക്കണം. കാറ്റു ത്വക്കിനെ ശക്തിപ്പെടുത്തുകയും രക്തസഞ്ചാരം ത്വരിപ്പിക്കുകയും ചെയ്യും.

വ്യായാമം ചർമ്മത്തിന്റെ കർമ്മശേഷി വർദ്ധിപ്പിക്കും. വ്യായാമം മൂലം വിയർപ്പിലൂടെ മാലിന്യം പുറത്തുപോകുന്നതുകൊണ്ടു രക്തം ശുദ്ധമാകും. ചാട്ടം, ഓട്ടം, അധ്വാനം, കളി മുതലായവകൊണ്ടു വിയർപ്പൊഴുകിപ്പോകും.> വ്യായാമം മാംസപേശികളെ ചലിപ്പിക്കുകയും ശ്വാസകോശത്തെയും മൂത്രസഞ്ചിയേയും പ്രവർത്തനനിരതമാക്കുകയും ചെയ്യും. വ്യായാമാവസരത്തിൽ രക്തസഞ്ചാരം പൂർവാധികം വർദ്ധിക്കുന്നതിനാൽ ദേഹത്തിലെങ്ങും അഴുക്കു തങ്ങി നില്ക്കുകയില്ല. രക്തതസഞ്ചാരം ക്ഷിപ്രമാക്കാൻ ചൂടുവെള്ളം കുടിച്ചാൽ മതി. വ്യായാമം ചെയ്യാൻ ശക്തിയില്ലാത്തവർക്കു ആവിയേറ്റോ, വെയിൽകൊണ്ടോ വിയർപ്പൊഴുക്കിക്കളഞ്ഞു രക്തശുദ്ധീകരണം നടത്താം.

കണ്ണ്

ദേഹത്തിലെ കണ്ണായ അംഗമാണ് കണ്ണ്. മിഴിയെപ്പോലെ മിഴിവുറ്റ മറ്റംഗമില്ല. ഏറ്റവും പ്രിയപ്പെട്ടാൾ കണ്ണിലുണ്ണിയും, ഏറ്റവും മികച്ച അംഗം കണ്ണായഭാഗവുമാണെന്നതുതന്നെ കണ്ണിന്റെ മേന്മയ്ക്കു തെളിവ്. തന്മൂലം കണ്ണിനെ "കണ്ണിലെ കൃഷ്ണ്മണി യെപ്പോലെ കാത്തു സൂക്ഷിക്കണം. കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച്ചയറിയില്ല. കാഴ്ച പോയാലറിയാം കണ്ണെത്ര പൊന്നായിരുന്നുവെന്ന്.

കണ്ണു ചിലപ്പോൾ വാക്കിനേക്കാൾ വാചാലമാകാറുണ്ട്. വാക്കുകൾക്കു വ്യക്തമാക്കാൻ പറ്റാത്ത വികാരങ്ങളോ ഭാവങ്ങളോ കണ്ണുകൾ വളരെ ചതുരമധുരമായി പ്രകടിപ്പിക്കും. സാധാരണമായ ഭാഷകൾക്കു സ്വാഭാവികമായ ചില പരിധികളും പരിമിതികളുമുണ്ട്. എന്നാൽ നേത്രഭാഷയ്ക്ക് ആ അതിരുകളില്ല, കുറവുകളില്ല. പഞ്ചാബിക്കു ബംഗാളി അറിഞ്ഞെന്നു വരില്ല. ബംഗാളിക്കു തെലുങ്കറിഞ്ഞെന്നു വരില്ല. തെലുങ്കനു ഫ്രഞ്ച് അറിഞ്ഞെന്നുവരില്ല. എന്നാൽ പഞ്ചാബിക്കും ബംഗാളിക്കും തെലുങ്കനും ഫ്രഞ്ചുകാരനുമെല്ലാം കണ്ണിന്റെ ഭാഷ സുവിദിതമാണ്. കാമുകീകാമുകന്മാർ പലപ്പോഴും കണ്ണു കൊണ്ടാണല്ലൊ സംസാരിക്കുന്നത്. അവർക്കു വാക്കിനേക്കാൾ വികാരവിചാരവിനിമയക്ഷമമാധ്യമം കണ്ണാണ്. കണ്ണുകാണിച്ചു കാര്യം ഗ്രഹിപ്പിക്കുന്നതിൽ പെണ്ണുങ്ങൾക്കു വിരുതുകൂടും.

കവികളുടെ ഭാവനയ്ക്ക് ഇത്രയേറെ ശബളിമ പകർന്നിട്ടുള്ള മറ്റൊരവയവമുണ്ടെന്നു തോന്നുന്നില്ല. അവർ സ്യഷ്ടിച്ചിട്ടുള്ള അംബുജാക്ഷിമാർക്കും തണ്ടാർമിഴിമാർക്കും, കഞ്ജുദളാക്ഷിമാർക്കും അർന്നോജനേത്രമാർക്കും കന്നൽക്കണ്ണിമാർക്കും പേടമാൻ മിഴിമാർക്കും, ചഞ്ചലാക്ഷിമാർക്കും, മദിരാക്ഷിമാർക്കുമൊക്കെ കൈയും കണക്കുമുണ്ടോ?

നീണ്ടിടംപെട്ട കണ്ണുകൾ പ്രകൃതി കനിഞ്ഞു നല്കുന്ന പാരിതോഷികമാണ്. ആ പാരിതോഷികം പരമാവധി പരിരക്ഷിക്കേണ്ടതു മനുഷ്യന്റെ പാവനമായ ധർമമാണ്. പ്രകൃതിയോട് ചെയ്യേണ്ട പരിമിതമെങ്കിലും അപരിഹാര്യമായ നീതി നിർവഹണമാണ്. നീണ്ടിടംപെട്ട കണ്ണുകൾ ആരാഗ്യമുണ്ടെങ്കിലേ അഴകുറ്റതാകൂ. അരോഗന്റെ കുറിയ കണ്ണിനു രോഗിയുടെ നെടിയ കണ്ണിനേക്കാൾ ഭംഗിയുണ്ടാകും.

കണ്ണുകൾ മേനിയുടെ മുഴുവൻ അളവുകോലാണ്. പല വൈദ്യന്മാരും കണ്ണുനോക്കിയാണു രോഗവിവരം കണ്ടെത്തുക. കണ്ണിൽ എഴുതപ്പെട്ടിട്ടുള്ള രോഗത്തിന്റേയും ആരോഗ്യത്തിന്റെയും ചരിത്രം നിപുണ മിഴികൾക്കു നിഷ്പ്രയാസം ഗ്രഹിക്കാൻ കഴിയും. ഒരു കാര്യം നിസ്തർക്കമാണ്. കണ്ണിന്റെ ഭംഗിയും ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഒന്നുകൂടിത്തെളിച്ചു പറഞ്ഞാൽ ദേഹത്തിനു ആരോഗ്യമുണ്ടെങ്കിൽ കണ്ണിന് അഴകുകൂടും.

പലതരം ക്രീം, പൗഡർ, എണ്ണ തുടങ്ങിയവ പുരട്ടി കണ്ണു കമനീയമാക്കാൻ നോക്കിയതിന്റെ വ്യർഥതയും വിഡ്ഢിത്തവും പലർക്കും ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ബോളിവുഡിലെ സിനിമാതാരങ്ങൾ പോലും ഇന്നു പ്രകൃതിയുടെ പാതയിലൂടെ ചരിച്ചു തുടങ്ങിയിരിക്കുന്നു. വെണ്ണയും മധുരപലഹാരങ്ങളും മറ്റും ഭുജിക്കുന്നതുകൊണ്ടു യകൃത്ത് തകരാറിലാവുമെന്നും തത്ഫലമായി കണ്ണുകളുടെ തിളക്കം കുറയുമെന്നും അവർ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതനുസരിച്ചു ബോളിവുഡിലെ ചില സിനിമാസംവിധായകരുടേയും പ്രകൃതിചികിത്സകരുടേയും മേൽനോട്ടത്തിൽ എന്നും ഇളംവെയിൽക്കൊള്ളാനും മന്ദമാരുതനേൽക്കാനും ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴങ്ങളുമുൾപ്പെടുത്താനും മറ്റും തുടങ്ങിയിരിക്കുന്നു. ആന്തരമാലിന്യം പ്രതിഫലിപ്പിക്കുന്ന കണ്ണുകളിലെ പന്തികേടുമായ്ക്കാനോ, മറയ്ക്കാനോ എത്ര വിലപിടിച്ച വസ്ത്രങ്ങൾക്കും ആഭൂഷണങ്ങൾക്കും കഴിയില്ല എന്ന പൂർണബോധമാണ് അവരെ ഈ പുതിയ ചുവടുവയ്പിനു പ്രേരിപ്പിച്ചത്.

വെള്ളം കുറച്ചു കുടിക്കുന്നതുകൊണ്ടോ, ദഹനത്തെപ്പോലുളള 'കൊച്ചു കാര്യങ്ങളെ' പലപ്പോഴും അവഗണിക്കുന്നതുകൊണ്ടോ കണ്ണിലെ വെള്ളയിൽ കറുപ്പുവരാം; കണ്ണിലുണ്ണിയിൽ മഞ്ഞപ്പു പടരാം, ഒന്നും ചെയ്യാതെ> മടിപിടിച്ചിരിക്കുന്നവരുടെ അലസതാവിലാസത്തിനു കണക്കു പറയേണ്ടതു കണ്ണുകളാണ്. അത്തരക്കാരുടെ കണ്ണുകളിൽ കറുത്തമറുകുകളുണ്ടാകും. കാരണം മലം, മൂത്രം, വിയർപ്പ് എന്നിവ മുഖാന്തരമാണ് ശരീരം മാലിന്യബഹിഷ്കരണം നടത്തുന്നത്. എന്നാൽ ആ മാലിന്യം പുറത്തുപോകാതെ അകത്തു കെട്ടിക്കിടക്കുകയാണെങ്കിൽ അതിന്റെ ഒരംശം രക്തത്തിൽ കലർന്നു ഓരോ അവയവത്തിൽകൂടി കറങ്ങി ആ ഓരോന്നിന്റെയും പ്രവർത്തനം കഴിവനുസരിച്ചു അലങ്കോലപ്പെടുത്തി ശരീരത്തിന്റെ കണ്ണാടിയായ മുഖത്തും മുഖത്തിന്റെ കിളിവാതിലുകളായ കണ്ണുകളിലുമെത്തിച്ചേരുന്നു. അവയിലൂടെ ദേഹത്തിന്റെ ഉള്ളിലേക്ക് എത്തിനോക്കാം. ശാരീരികസ്ഥിതി സൂക്ഷ്മമായി മനസ്സിലാക്കാം.

ശരീരത്തിന്റെ പ്രസ്തുത ദർപ്പണത്തിനു തെളിച്ചം വേണമെങ്കിൽ പുറത്തല്ല, അകത്താണു ശുദ്ധികർമം നടത്തേണ്ടത്; നയനത്തിനു കാന്തി കൂട്ടണമെങ്കിൽ ഉദരത്തിനു ശുദ്ധികൂട്ടണം. ഉദരശുദ്ധിക്ക് അതിനുതകുന്ന ഭക്ഷണം കഴിക്കണം. അടുത്ത സ്ഥാനം ആതപസ്നാനത്തിനാണ്. പേരുകേട്ടു പേടിക്കണ്ട. വെയിൽക്കൊള്ളുന്നതാണ് ആതപസ്നാനം. പത്തോ പതിനഞ്ചോ മിനിറ്റ് എന്നും ഇളംവെയിൽ ഏല്ക്കണം. അപ്പോൾ കഴിയുമെങ്കിൽ ദിഗംബരനായിരിക്കുന്നതാണു കൂടുതൽ ഗുണകരം. ഒപ്പം വായുസ്നാനവും നടത്താം. ആതപസ്നാനത്തിനു അസാമാന്യമായ മഹിമാവിശഷമുണ്ട്. വീട്ടിനകത്തുള്ള ചട്ടിയിലെ വേണ്ടത്ര ഉണർച്ചയില്ലാത്ത ചെടി സ്വല്പനേരം വെയിലത്തു വച്ചുനോക്കു. അതുണർന്നു തൊഴുതുനില്ക്കുന്നതു കാണാം. അതിനു എത്ര എളുപ്പം ചൈതന്യവും ലാവണ്യവും കൈവന്നു! എതൊരു രസായനത്തിനാണ്, ഏതൊരു വളത്തിനാണ് ഇത്ര മികവു കാണാൻ കഴിയുക! അതു വെയിലിനുമാത്രമുള്ള സിദ്ധിയാണ്. കാരണം സൂര്യൻ പ്രാണദാതാവാണ്. വിളർത്തുതളർന്ന ദേഹത്തിൽ ഓജസ്സും തേജസ്സും വളർത്താൻ പ്രാണദാതാവിനേ കഴിയൂ. സൂര്യൻ പ്രാണദാതാവാണെങ്കിൽ വായു പ്രാണവാഹിയാണ്.

എ, ബി, സി, ഡി ജീവകങ്ങൾ അടങ്ങുന്ന ആഹാരം പതിവായി കഴിച്ചാൽ കണ്ണുകൾ സുന്ദരവും ശക്തവുമാക്കാനും കണ്ണട പരിത്യജിക്കാനും കഴിയുമെന്നാണു ഗവേഷണം വ്യക്തമാക്കുന്നത്.

ചെമന്ന ചീര, കാബേജ്, മുള്ളങ്കിയുടെ ഇല, മധുരക്കിഴങ്ങ്, പാൽ, വെണ്ണ, തക്കാളി, കുമ്പളങ്ങ, പട്ടാണിപ്പയറ് എന്നിവയിൽ 'എ' ജീവകവും തവിട്, ധാന്യപ്പൊടി, സോയാബീൻ, പാൽ, മോര്, കിസ്മിസ്, കക്കരിക്ക, മധുരനാരങ്ങ, ചെമന്നചീര, കാബേജ്, കാരറ്റ്, കൈതച്ചക്ക (പൈനാപ്പിൾ) എന്നിവയിൽ 'ബി' ജീവകവും പച്ചമുളക്, ചെറുനാരങ്ങനീര്. മധുരനാരങ്ങനീരു ചെമന്നചീര, മധുരമുള്ളങ്കിയുടെ ഇല, മണിത്തക്കാളി, പപ്പയ്ക്ക, മുള്ളങ്കിയുടെ ഇല, തക്കാളി, മാങ്ങ, നെല്ലിക്ക, കാബേജ് തുടങ്ങിയവയിൽ 'സി' ജീവകവും നറുംപാൽ, വെണ്ണ, ഇളംവെയിൽ തുടങ്ങിയവയിൽ 'ഡി' ജീവകവും അടങ്ങിയിരിക്കുന്നു, മേല്‍പ്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിൽ ജീവിതം ചിട്ടപ്പെടുത്തിയാൽ പിന്നെ നേത്രരോഗങ്ങളെ പേടിക്കണം. നേത്രരോഗങ്ങൾ പേടിച്ച് പൊയ്ക്കൊള്ളും.

ചില വ്യായാമമുറകൾ അഭ്യസിക്കുന്നതു കണ്ണിനു കാഴ്ച കൂട്ടാനുപകരിക്കും. അതിനാദ്യം ദേഹമാസകലം അയവു വരുത്തുകയും എല്ലാതരം വിചാരങ്ങളിൽനിന്നു മുക്തനായി, തുഷ്ടനായിരിക്കുകയും വേണം. അങ്ങനെ ശരീരത്തിനു കുറച്ചുനേരം വിശ്രമം കൊടുത്ത ശേഷം വ്യായാമം തുടങ്ങാം.

കാലുകൾ തറയിൽപ്പരത്തി ഏതെങ്കിലും സൗകര്യപ്രദമായ കസേരയിലിരിക്കണം. കൈകൾ വശങ്ങളിൽ തളർത്തിയിടണം. ഇനി കഴുത്തുനീട്ടി തലവട്ടം കറക്കണം. തന്മൂലം കണ്ണുകളിലേയും അവയുടെ പേശികളിലേയും രക്തസഞ്ചാരം വർദ്ധിക്കും.

നാഡികൾ അയച്ചിടുന്നതു മറ്റൊരു മുഖ്യമായ വ്യായാമമുറയാണ്. അതിനേറ്റവും നല്ലരീതി കണ്ണുപൊത്തുകയാണ്. അതുശരിക്കു ചെയ്യാൻ പഠിച്ചാൽ കണ്ണിന്റെ മാത്രമല്ല, ദേഹത്തിന്റെ തന്നെ മൊത്തം പിരിമുറുക്കം കുറയ്ക്കാം. പിന്നീട് ഒട്ടും വെളിച്ചം കടക്കാത്ത കുഴിവുള്ള കപ്പിന്റെ രൂപത്തിലാക്കി കൈത്തലം മൃദുലമായി കണ്ണിൽ വയ്ക്കുക. അപ്പോൾ കണ്ണിൽ ഇരുട്ടുമാത്രമേ ഉണ്ടാകാവൂ. ആദ്യമൊക്കെ പലതരം നിറങ്ങൾ കണ്ടെന്നുവരും. പിന്നപ്പിന്നെ കണ്ണിലിരിട്ടുമാത്രമാകും.

മുറുക്കം മാറ്റാനും അയവുകൂട്ടാനുമുള്ള വ്യായാമമാണു ശരീരമാട്ടൽ. അതു കണ്ണുകളെ മാത്രമല്ല, നാഡീവ്യൂഹത്തെ മൊത്തം ശാന്തമാക്കും. നേരെ നിവർന്നുനിന്നു ദേഹം അയച്ചിടുക. കൈകൾ അയഞ്ഞു തൂങ്ങിക്കിടക്കട്ടെ. കാലുകൾ ആറുമുതൽ പത്തിഞ്ചുവരെ അകന്നിരിക്കണം. പിന്നീട് ദേഹം ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊണ്ടിരിക്കുക. ഒന്നുരണ്ടു മിനിറ്റു നേരത്തെ ആട്ടം കഴിഞ്ഞു കണ്ണടച്ചു വസ്തുക്കൾ ആടുന്നതായി സങ്കല്പിക്കണം.

കണ്ണിന്റെ താഴത്തെയും മുകളിലത്തേയും പേശികളെ ബലപ്പെടുത്തുന്ന വ്യായാമം - ഇരുന്നു ശരീരം അയച്ചിടുക. തലയും തലച്ചാറും നിശ്ചലമായിരിക്കട്ടെ. ഏറെ ബലം കൊടുക്കാതെ കണ്ണുകളെ കഴിവതും മേലോട്ടും കിഴോട്ടുമാക്കുക. ഒന്നോ രണ്ടോ എണ്ണി മേലോട്ടും മൂന്നോ നാലോ എണ്ണി കീഴാട്ടുമാക്കണം. ഇങ്ങനെ പതിനഞ്ചുതവണ ചെയ്യണം. വ്യായാമത്തിനു ശേഷം കണ്ണുകൾ ഏറെക്കുറെ ഇരുപതുതവണ അങ്ങോട്ടുമിങ്ങോട്ടും തിരിക്കണം.

അകത്തും പുറത്തുമുള്ള പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമം - തലയുറപ്പിച്ച് കണ്ണുകളെ മാത്രം ചുഴറ്റുക. ഇപ്രകാരം പതിനഞ്ചുകുറി ചെയ്യണം. ഇരുപതുകുറി കണ്ണുകളെ ഇരുവശത്തേക്കും തിരിക്കുകയും വേണം.

കണ്ണിന്‍റെ വളഞ്ഞുപുളഞ്ഞ ഗതിയെ നിയന്ത്രിക്കുന്ന പേശികളെ ബലപ്പെടുത്തുന്ന വ്യായാമം - ദൂരക്കാഴ്ചയില്ലാത്തവർക്കു ഇതു പ്രയോജനകരമാണ്. ഒന്നാമതു ഇടതു കണ്‍കോണ് കൊണ്ടു മേലോട്ടും ഇടത്തോട്ടും നോക്കണം. രണ്ടാമത് വലതു കണ്‍കോണ് കൊണ്ട് താഴോട്ടും വലത്തോട്ടും നോക്കണം. ഇങ്ങനെ പതിനഞ്ചുകുറി ചെയ്യണം. ഇരുപതുകുറി കണ്ണിളക്കണം. ഈ വ്യായാമത്തിന്റെ ക്ഷീണം മാറ്റാൻ ഒന്നാമതായി വലതുകൺകോണുകൊണ്ടു മേലോട്ടും വലത്തോട്ടും നോക്കണം. രണ്ടാമതായി ഇടത് കൺകോണുകൊണ്ടു താഴോട്ടും ഇടത്തോട്ടും നോക്കണം.

കണ്ണുകളെ ഇടത്തോട്ടും വലത്തോട്ടും ഉരുട്ടാനും പഠിക്കണം. എത്ര വലിയവട്ടത്തിൽ ഉരുട്ടാൻ കഴിയുമോ അത്രയും നല്ലത്. വ്യായാമത്തിനുശേഷം അയവുണ്ടാക്കി കണ്ണുകൾക്കു പൂർണവിശ്രമം നല്കണം.

വെള്ളരിക്ക, കുമ്പളങ്ങ, കക്കരിക്ക, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളിൽ ഒന്നോ, രണ്ടോ ഇനം തേങ്ങ ചിരകുംപോലെ അരിഞ്ഞു പിശിടു കളഞ്ഞു നന്നായി അലക്കി ഉണക്കി എടുത്ത വെള്ളത്തുണിയിൽ കിഴികെട്ടി രണ്ടു കണ്ണിലും വയ്ക്കണം. അതു കണ്ണിന്റെ ആരോഗ്യത്തിനും നേത്രരോഗങ്ങളുണ്ടെങ്കിൽ പോകാനും നല്ലതാണ്. കിഴി അടച്ച കണ്ണിൽവച്ചു മറ്റൊരു തുണികൊണ്ട് മുറുകാതെ കെട്ടിയുറപ്പിച്ചു മലർന്നു കിടന്നുറങ്ങുക. രാവിലെ എണീറ്റു നോക്കുമ്പോൾ കണ്ണിനു തെളിച്ചം കൂടിയതായിക്കാണാം. കിഴി രാത്രി മുഴുവൻ വയ്ക്കണമെന്നില്ല. രണ്ടോ മൂന്നോ മണിക്കൂർ വച്ചാലും മതി.

രാവിലെ ഉണർന്നാലുടൻ കണ്ണുകൾ ശുദ്ധമായ പച്ചവെള്ളത്തിൽ കഴുകണം. രാത്രി കിടക്കുംമുമ്പും അങ്ങനെ ചെയ്യുന്നതും നല്ലതാണ്. കരടോ പൊടിയോ വീണാൽ ഒരിക്കലും കണ്ണുതിരുമ്മരുത്. തിരുമ്മിയാൽ വീണവ തറഞ്ഞു പോകാനിടയുണ്ട്.

കര്‍ണം

ചെവി മനുഷ്യന്റെ മുഖ്യാവയവങ്ങളിലൊന്നാണ്. സാധാരണയായി അതിനു പ്രത്യേകമായ പരിചരണത്തിന്റെ ആവശ്യമില്ല. ചെവിക്കു ചെവിക്കാഷ്ഠവും പൊടിയും മറ്റും ബഹിഷ്കരിക്കാൻ അതിന്റേതായ പ്രാകൃതിക മാർഗങ്ങളുണ്ട്. എന്നാൽ മാലിന്യമുള്ള ചെവി ആരോഗ്യം അപ്പാടെ അവതാളത്തിലാക്കും. മയക്കം, തലക്കറക്കം തുടങ്ങിയ പല രോഗങ്ങളും അതു കൊണ്ടുണ്ടാകാം. അതിനാൽ വല്ലപ്പോഴെങ്കിലും കർണമലം കളഞ്ഞു കാതു ശുദ്ധമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

തളളവിരൽ കൊണ്ടു ചെവിക്കു ചുറ്റും തടവുന്നതു കർണമലം ഇളകിപ്പോകാനുതകും. കർണകുല്യയും കർണമധ്യവുമാണു സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഭാഗങ്ങൾ. ആരോഗ്യമുള്ളവന്റെ കാതിൽ കർണമലമുണ്ടാകാറില്ലെങ്കിലും അതിന്റെ ശുദ്ധിയുടെ കാര്യത്തിൽ തെല്ലും അലംഭാവമുണ്ടാകാൻ പാടില്ല. ചെറിയ ചെവിവേദനയോ, ചൊറിച്ചിലോ, ശല്യമോ, വീക്കമോ അനുഭവപ്പെട്ടാൽ ഒട്ടും വൈകിക്കാതെ അവ പരിഹരിക്കണം. വിളംബം വിന കൂട്ടുകയേയുള്ളു. കർണമലം ഇളക്കിക്കളയാൻ ഈയർ ഡ്രോപ്സ് ഉപയോഗിക്കുന്നതു ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. തുള്ളി

മരുന്നു കൊള്ളുമ്പോൾ കർണമലം ഇളകിപ്പോകുന്നതിനുപകരം കുതിർന്നു വീർത്തുവരാം. അപ്പോൾ കാര്യം കൂടുതൽ കുഴപ്പത്തിലേക്കു നീങ്ങും.

ചെവിക്കു വിശേഷിച്ചു പരിചരണമൊന്നും വേണ്ടെന്ന പൊതുവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പ്രഭാതത്തിലെ ദിനകൃത്യങ്ങളിൽ കർണശുദ്ധീകരണം ഉൾപ്പെടുത്താറില്ല. ചെവി ശുദ്ധമാക്കി വയ്ക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാൻ ആരോഗ്യകാര്യം കൈകാര്യം ചെയ്യുന്നവർ പോലും ശ്രദ്ധിക്കാറും ശ്രമിക്കാറുമില്ല. എന്നാൽ യോഗികളുടെ കാര്യം തീർത്തും വ്യത്യസ്തമാണ്. അവർ പ്രഭാതകൃത്യങ്ങളിൽ കർണശുദ്ധീകരണത്തിനു പ്രമുഖസ്ഥാനം നല്കിയിട്ടുണ്ട്.

കാതുകളിലെ ഇരുസുഷിരങ്ങളും ശുദ്ധീകരിക്കുന്ന യോഗരീതിക്കു ‘കർണരന്ധ്രധൗതി' എന്നു പറയുന്നു. കർണദ്വാരം ഇടയ്ക്കിടെ-ആഴ്ചയിൽ ഒരിക്കലാകാം-നനയ്ക്കുന്നതും. ബാഹ്യഭാഗം എന്നും ശുദ്ധമായ വെള്ളം കൊണ്ട് കഴുകുന്നതുമാണു കർണ രന്ധ്രധൗതി. ചൂണ്ടുവിരൽ ചെവിക്കുള്ളിൽ കടത്തി മെല്ലെ അങ്ങാട്ടുമിങ്ങോട്ടും ഇളക്കുന്നതും കെട്ടിക്കിടക്കുന്ന ചെവിക്കാട്ടവും മറ്റും പുറത്തുപോകാൻ പറ്റിയ പ്രയോഗമാണ്.

വൈദ്യ ശാസ്ത്രപ്രകാരം പലതരം കർണരോഗങ്ങളുണ്ട്. വിശ്രുത ആയുർവേദാചാര്യൻ സുശ്രുതൻ ഇരുപത്തെട്ടുതരം കർണരോഗങ്ങളെക്കുറിച്ചു വിവരിക്കുന്നുണ്ട്. കർണശൂലം, കർണനാദം, കർണക്ഷേഡം.

കർണസ്രാവം, കർണകണ്ഡു, കർണ വർച്ചസ്സ്, കൃമികർണം, കർമപ്രതിനാഹം, കർണ വിദ്രധി (രണ്ടുതരം ക്ഷത്ര വിദ്രതിയും ദോഷ വിദ്രധിയും) കർണപാകം, പൂതികർണം, കർണാർശസ്സ് (നാലുതരം:- വാതജം, പിത്തജം, കഫജം, സന്നിപാതജം), കർണാർബുദം (ഏഴുതരം:- വാതജം, പിത്തജം, കഫജം, രക്തജം, മാംസജം, മേദോജം, സർവാത്മകം) കർണശോഫം നാലുവിധം:- (വാതജം, പിത്തജം, കഫജം, സന്നിപാതജം).

അഷ്ടാംഗഹ്യദയ കർത്താവ് വാഗ്ഭടന്റെ അഭിപ്രായത്തിൽ കർണരോഗങ്ങൾ ഇരുപത്തഞ്ചെണ്ണമാണ്; കർണക്ഷേഡം, കർണസ്രാവം, കർണ വർച്ചസ്സ്; എന്നിവയെ അദ്ദേഹം വിട്ടുകളഞ്ഞിരിക്കുന്നു. കർണാർശസ്സ്, കർണശേഷം, കർണാർബുദം എന്നിവയ്ക്ക് അവാന്തരവിഭാഗങ്ങളും നല്കിയിട്ടില്ല. അങ്ങനെ സുശ്രുതന്റെ ഇരുപത്തെട്ടിൽനിന്നു പതിനഞ്ചു ഇനം വിട്ട് പതിമൂന്നു ഇനം മാത്രമെടുത്തു പന്ത്രണ്ടു ഇനം പുതുതായി കൂട്ടിച്ചേർത്തു. ഇരുപത്തഞ്ചെണ്ണത്തിന്റെ പേരും അവയ്ക്കുള്ള ചികിത്സയും അഷ്ടാംഗഹൃദയത്തിൽ വിവരിച്ചിരിക്കുന്നു. ഏതെങ്കിലും വസ്തു ചെവിയിൽ കടന്നുപോയാലും കർണരോഗങ്ങളുണ്ടാകാം. കുട്ടികൾ കൊച്ചുകായ്കളോ, മറ്റുവസ്തുക്കളോ ചെവിയിൽ കടത്തി വയ്ക്കാറുണ്ട്. അവ ചെവിയിലിരുന്നു കുതിർന്നു വീർത്തു പല പൊല്ലാപ്പുകളുമുണ്ടാക്കുക പതിവാണ്. ചിലപ്പോൾ ഉറുമ്പും പേനും മറ്റും ചെവിയിൽ കടന്നും ശല്യമുണ്ടാക്കാറുണ്ട്.

ചെവിക്കു തൊട്ടുപുറകിലെ എല്ലിനകത്തെ വായു കോശങ്ങളിലുണ്ടാകുന്ന വീക്കം ദുസ്സഹമായ വേദനയുണ്ടാക്കും. കേൾവിക്കുറവും അനുഭവപ്പെടും. തുടക്കത്തിലാണെങ്കിൽ ആന്റിബയോട്ടിക്കുകൾ കൊണ്ട് ഭേദപ്പെടുത്താം. പഴുപ്പുണ്ടെങ്കിൽ ചെറിയ ശസ്ത്രക്രിയകൊണ്ട് മാറ്റാൻ പറ്റും. ജലദോഷം, പകർച്ചപ്പനി (ഇൻഫ്ളുവെൻസ), ഗളഗ്രന്ഥിവീക്കം (ടോന്‍സിലൈറ്റിസ്), അഞ്ചാംപനി (മണ്ണൻ), സാംക്രമിക വിഷജ്വരം (സ്കാര്‍ലറ്റ ഫീവർ) എന്നീ രോഗങ്ങളും കർണ രോഗത്തിനു കാരണമാകാറുണ്ട്. കാതില്‍ പഴുപ്പ് നിറഞ്ഞു കർണപടം (Ear drum) പൊട്ടിപ്പോയ സംഭവങ്ങളുണ്ട്.

ചില ചെവിരോഗങ്ങൾ ചെവിക്കുള്ളിൽ മുഴക്കമുണ്ടാക്കും. അതു ബാധിര്യത്തിനു വഴിവയ്ക്കാം. കഠിനമായ പനിയുമുണ്ടാക്കും. ചിലപ്പോൾ ചെവിയിൽനിന്നു വെള്ളമൊലിച്ചു ക്രമേണ പഴുപ്പായിത്തീരാം. അലോപ്പതി ചികിത്സകർ ആന്റിബയോട്ടിക്ക് മരുന്നുകൾ കൊടുത്താണ് അത്തരം രോഗങ്ങൾ മാറ്റാറുള്ളത്. നസ്യം ചെയ്തതോ മരുന്നു മൂക്കിലൂടെ വലിച്ചു കേറ്റിയോ പഴുപ്പു പോക്കാറുണ്ട്. ഒരുപാടു പഴുപ്പു കാതിൽ കെട്ടികിടപ്പുണ്ടെങ്കിൽ ചെറിയ ശസ്ത്രക്രിയ അനിവാര്യമായിത്തീരും. അല്ലെങ്കിൽ മസ്തിഷ്കശോഥം എന്ന മാരകരോഗം പിടിപെടാനിടയുണ്ട്. ചെവിക്കായം കട്ടപിടിച്ചും കർണരോഗമുണ്ടാകാം. അപ്പോഴും ദുസ്സഹമായ വേദന അനുഭവപ്പെടും. അലോപ്പതിക്കാർ "സിറിഞ്ചിങ്ങ' എന്ന ചികിത്സാരീതി കൊണ്ടാണ് അതു ശമിപ്പിക്കുന്നത്.

ചിലർ ചെവിയിൽ ചൊറിച്ചിലുണ്ടാകുമ്പോൾ ചെവിത്തോണ്ടി, തീപ്പെട്ടിക്കോൽ, നഖം, ഹെയർപിൻ തുടങ്ങിയവ കാതിൽ കടത്തി ചൊറിയാറുണ്ട്. ആ പ്രവൃത്തി ആപത്തു വിളിച്ചുവരുത്തും. അങ്ങനെ ചെയ്യുന്നതുകൊണ്ട് നിക്കൽ, വാർണിഷ്, രാസപദാർഥങ്ങൾ തുടങ്ങിയവയും സൂക്ഷ്മജീവികളും കാതിൽ പറ്റിപ്പിടിക്കാനിടവരുകയും അതു കർണരോഗങ്ങളുണ്ടാക്കുകയും ചെയ്യും.

ഉപാസകന്റെ കർണപുടങ്ങളിൽ ത്രികാലഫലങ്ങൾ ഓതിക്കൊടുക്കുന്ന കർണയക്ഷിയെപ്പറ്റി തന്ത്രഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. "ഓം ഹ്രീം കർണ പിശാചിനി കർണേ കഥയ സ്വാഹാ' എന്ന മന്ത്രം ഒരു ലക്ഷം ഉരു ജപിച്ചു കൊന്നച്ചമത പതിനായിരം ഉരു ഹോമിച്ചാൽ ദേവി പ്രസാദിച്ച് ഉപാസകന്റെ കർണത്തിൽ ഉദ്ദേശിക്കുന്നവന്റെ മനസ്സിലിരിപ്പും ഭൂതവർത്തമാനഭാവി ഫലങ്ങളും പ്രവചിച്ചു കൊടുക്കുമത്രേ

പല്ലിന്റെ വൃത്തി ആരോഗ്യത്തിന്റെ വ്യദ്ധി

പല്ലും ആരോഗ്യവും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. അതിനാൽ പല്ലു നല്ലവണ്ണം വ്യത്തിയായി പരിരക്ഷിക്കേണ്ടതു ആരോഗ്യസൗഭാഗ്യത്തിനു അനുപേക്ഷണീയമാണ്.

പല്ലിനോടു കാട്ടുന്ന അശ്രദ്ധയുടെ തിക്തഫലത്തിനു ആദ്യം ഇരയാവുന്നതു മോണ(gum)യാണ്. അഴുക്കുണ്ടെങ്കിൽ ബാക്റ്റീരിയ അണുക്കൾ അടിഞ്ഞു മോണയെ കുറേശ്ശേ കേടുവരുത്തിത്തുടങ്ങും. പ്രസ്തുത മോണ രോഗത്തിന്റെ ആംഗലേയ നാമം ജിൻജിവൈറ്റിസ് (gingivitis) എന്നാണ്. അതിനെ തുടക്കത്തിൽത്തന്നെ തുടച്ചു മാറ്റിയില്ലെങ്കിൽ പിന്നീട് രോഗങ്ങളുമുണ്ടാക്കും. കൂടുതൽ നേരവും തരവും കിട്ടുമ്പോൾ അണുബാധ ആഴത്തിലെത്തി മോണയുടെ താഴത്തെ താടിയെല്ലിനെ പിടികൂടുന്നു. അമർത്തി ബ്രഷ് ചെയ്യുമ്പോഴുണ്ടാകുന്ന പല്ലിലെ രക്തമൊലിപ്പുവഴിയും ബാക്റ്റീരിയ മോണയിലെ രക്തനാളങ്ങളിൽ കടക്കാം. താടിയെല്ലിൽ അണുബാധയുണ്ടാകുന്ന രോഗത്തിനു "പെരി ഒഡോൺ ടൈറ്റിസ്' എന്നു പറയുന്നു. ഇതു ദന്തവും ചിബുകവുമായി ബന്ധിപ്പിക്കുന്ന സന്ധിയെ ദുർബലീകരിച്ചു ദന്തപാതം (പല്ലു പൊഴിയൽ) എന്ന രോഗത്തിനു വഴിയൊരുക്കുന്നു. ഈ രോഗത്തിനു പറയത്തക്ക പക്ഷപാതമൊന്നുമില്ല. ആബാലവൃദ്ധം വൃത്തികെട്ട പല്ലുള്ളവരെ പിടികൂടി പരവശരാക്കും. അതകൊണ്ടും അതിന്റെ പരാക്രമം തീരുന്നില്ല. അതിന്റെ നീരാളിക്കൈ ഹൃദയം വരെ നീണ്ടുപോയെന്നുവരാം.

മോണരോഗജനകമായ ബാക്ടീരിയകൾ വരുത്തുന്ന വല്ലാത്ത ഒരു പൊല്ലാപ്പ് രക്തം കട്ടപിടിപ്പിക്കുന്നതാണ്. രക്തം കട്ടപിടിച്ചാൽ ധമനികളിലൂടെ ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരത്തിനു വഴിമുട്ടിപ്പോകും. ഹൃദയത്തിനു വേണ്ടത്ര മാത്രയിൽ രക്തം കിട്ടാതെ വരുമ്പോൾ അതു വെപ്രാളപ്പെടും. ആ വെപ്രാളം ഹൃദയത്തിന്റെ പ്രവർത്തനത്തെത്തന്നെ പൂർണമായി സ്തംഭിപ്പിക്കാം. അതു ദന്തം അത്യന്തം വൃത്തിയായി പരിരക്ഷിക്കേണ്ടതിന്റെ പരമപ്രാധാന്യത്തെയാണു പ്രകടമാക്കുന്നത്.

പെരഡോൺ ടൈറ്റിസിനെ തിരിച്ചറിയുക എളുപ്പമാണ്. അതു പല ലക്ഷണങ്ങളും അക്ഷിക്കു ലക്ഷീഭവിപ്പിക്കും. പല്ലിളകുക, പല്ലു തേയ്ക്കുമ്പോള്‍ മോണയിൽനിന്നു ചോര വരുക, മോണ ചുവന്നു തടിച്ചിരിക്കുക, മേല്‍ത്താടിയിലോ, കീഴ്ത്താടിയിലോ നീരുവരുക, മോണ തടിക്കുക, മോണ നോവുക, നീർകെട്ടുണ്ടാവുക, അണുബാധകാരണം വായ നാറുക' എന്നിവയാണ് അതിന്റെ മുഖ്യലക്ഷണങ്ങൾ.

ദന്തത്തിന്റെ ശുചിത്വരാഹിത്യവും ബാക്റ്റീരിയ കാരണമായുണ്ടാകുന്ന വായിലെ അണുഗണ സാന്നിധ്യവുമാണ് ഈ രോഗമുണ്ടാക്കുന്നത്.

വായയ്ക്കുള്ളിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാൽ ബാക്റ്റീരിയ അണുഗണം ശരീരസാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖമായ സ്ഥലം കീഴടക്കാൻ കിണഞ്ഞു ശ്രമം തുടങ്ങും. ആ സുപ്രധാന സ്ഥലം ഹൃദയമാണല്ലോ. അവ രക്തനാളങ്ങളിലൂടെ ജൈത്രയാത്ര നടത്തി ഹൃദയത്തിലെ രക്തധമനികൾ പ്രതിരോധിക്കുന്നു. അപ്പോൾ രക്തം കട്ടയാവുന്ന സ്ഥിതി വിശേഷമുണ്ടാകും. അത് അത്യന്തം ആപത്കരമാണ്. അപ്പോഴാണു രക്തം കിട്ടാതെ വിഷമിച്ചു ഹൃദയം സ്തംഭിക്കുന്നത്.

അല്പം ശ്രദ്ധിച്ചാൽ ഈ മാരകരോഗത്തെ മാറ്റാവുന്നതേയുള്ളൂ. പല്ലുകൾ വൃത്തിയായി സൂക്ഷിക്കുകയാണു ഈ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രഥമവും പ്രധാനവുമായ മാർഗം. എന്നും പ്രഭാതഭക്ഷണത്തിനുമുമ്പും രാത്രി അത്താഴത്തിനു പിമ്പും ദന്തശുചീകരണം നടത്തണം. മധുരപലഹാരങ്ങൾ നാവിന് ഇഷ്ടപ്പെട്ടതാണെങ്കിലും പല്ലിനു കഷ്ടപ്പാടുണ്ടാക്കും. അതിനാൽ അവ ആവുന്നത്ര കഴിക്കാതിരിക്കാൻ ശ്രമിക്കണം. കഴിച്ചാൽത്തന്നെ ഉടൻ വായ നല്ലവണ്ണം വ്യത്തിയാക്കണം. എപ്പോൾ ആഹാരം കഴിച്ചു തീർന്നാലും ഉടൻ പല്ല് വ്യത്തിയാക്കുന്നതു ഒരു ശീലമാക്കണം. പല്ലിന്റെ അടിഭാഗത്തു അഴുക്കുപറ്റിപ്പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊഴുപ്പു കുറഞ്ഞതും പച്ചക്കറികൾ നിറഞ്ഞതുമായ ആഹാരം പതിവായി കഴിക്കുകയും വേണം.

അപസ്മാരം

ആയുർവേദത്തിൽ അപസ്മാരത്തെ മൃഗിയെന്നും ചുഴലിയെന്നും കൂടി വ്യവഹരിക്കുന്നു. മാതാപിതാക്കളുടെ അമിതമായ വിഷയോപസേവ, രോഗിയുടെ യൗവനകാലത്തെ ലഹരിവസ്തുക്കളുടെ നിരന്തരമായ ഉപയോഗം, പഴക്കമുള്ള മലബന്ധം, പിത്തദൂഷ്യം തുടങ്ങിയവയാണു രോഗകാരണങ്ങൾ.

കേരളത്തിൽ ആയിരക്കണക്കിന് അപസ്മാരരോഗികളുണ്ട്. എപ്പോൾ എവിടെവച്ചാണ് ഈ രോഗത്തിന്റെ ആക്രമണം കൊണ്ടു ജീവൻ അപകടത്തിലാകുന്നതെന്ന പേടി അവരെ വിടാതെ പിടികൂടിക്കൊണ്ടിരിക്കും. ആ പേടിയുടെ കൂടപ്പിറപ്പായ ഒരുതരം അപകർഷബോധവും അവരെ ബാധിക്കാറുണ്ട്. ഏതുനേരത്താണു രോഗത്തിന്റെ ആകസ്മികമായ ആക്രമണമുണ്ടാവുകയെന്നു ഭയന്നു അവർ ആളുകൾ കൂടുന്ന ചടങ്ങുകളിലും സദസ്സുകളിലും മറ്റും സാധാരണമായി പങ്കെടുക്കാറില്ല. പല മോഹങ്ങളും മനസ്സിൽ ഒതുക്കിക്കഴിയേണ്ടിവരുന്നതുമൂലം അവർ തങ്ങളുടെ ഹതവിധിയോർത്തു പരിതപിച്ചുകൊണ്ടേയിരിക്കും. രോഗം വന്നാലുടൻ രോഗിയെ ബലം പ്രയോഗിച്ചിരുത്താൻ ശ്രമിക്കണം. നാക്കു പല്ലിന്നടിയിൽ പെട്ടുപോകാതിരിക്കാൻ നനഞ്ഞ തോർത്തോ, പഞ്ഞിയോ ചുരുട്ടി പല്ലിന്നടിയിൽ വയ്ക്കണം. അപ്പോൾ പല്ലിറുമ്മുമ്പോൾ നാക്കിൽ കടിയേൽക്കില്ല. രോഗിയെ തനിയേ കുളത്തിലോ, ആറ്റിലോ കുളിക്കാൻ സമ്മതിക്കരുത്.

ഔഷധസേവകൊണ്ടു രോഗത്തിനു പറയത്തക്ക ശമനം കിട്ടുകയില്ല. പ്രകൃതിചികിത്സാസമ്പ്രദായമനുസരിച്ചു ജീവിച്ചാൽ അപസ്മാരത്തെ അപരോധിക്കാനാവും. "അപഗത; സ്മരത: സ്മരണം യത: തദപസ്മാരം'- സ്മ്യതിബലം അപഗതമാക്കുന്നത് അപസ്മാരം എന്നാണു വാച്യാർത്ഥം. വിഷമയമായ പദാർഥം മസ്തിഷ്കത്തിലെ തന്തുക്കളിലെത്തുമ്പോൾ തളർന്ന നിലയിൽ നിലനില്ക്കുകയും മേൽഭാഗത്തെ കോശാണുക്കളിൽ അവയുടെ മർദമുണ്ടാവുമ്പോൾ ഉണർന്നു ഭീഷണമാവുകയും ചെയ്യുന്നു. ആഹാരദൂഷ്യം കൊണ്ടാണു രക്തം വിഷമയമായി തലച്ചോറിലെത്തുന്നത്.

ഈ രോഗത്തിൽനിന്നു തലയുരാൻ സരളമായ ഒരു മാർഗമുണ്ട്. ആഹാരത്തിൽ ഖരപദാർഥങ്ങൾ തീർത്തും വർജിച്ചു ഏഴെട്ടാഴ്ചക്കാലം പഴങ്ങളും പച്ചക്കറികളും മാത്രം ഭക്ഷിച്ചു കഴിയുക. വേവിച്ച പച്ചക്കറികളും കുറേശ്ശ ഉപയോഗിക്കാം. ആഴ്ച്ചതോറും ഒന്നോ രണ്ടോ ദിവസം ഉപവാസമനുഷ്ഠിക്കുന്നതു കൂടുതൽ ഗുണകരമാണ്. ഉപവസ്താവ് ചെറുനാരങ്ങനീരു ചേർത്ത വെള്ളം മാത്രമേ കുടിക്കാവു.

പ്രസ്തുത ആഹാരക്രമത്തോടൊപ്പം ചില ചര്യാക്രമങ്ങളും പാലിക്കണം. (പഭാതത്തിൽ ഉണർന്ന ശേഷം ഉണങ്ങിയ തോർത്തു കൊണ്ടു ദേഹം നല്ലപോലെ തിരുമ്മണം. ഉച്ചയ്ക്കു നല്ല പച്ചവെള്ളത്തിൽ കുളിക്കണം. ശരീരത്തിലെ താപമാനമുളള വെള്ളം നിറച്ച ടബ്ബിൽ രോഗി അരമണിക്കൂർ കിടന്നശേഷം ഒരു മണിക്കൂറെങ്കിലും ദേഹം അയച്ചിട്ടു കിടയ്ക്കയിലും കിടക്കണം. വൈകുന്നേരം നേരിയ ചൂടുള്ള വെള്ളം കൊണ്ട് മേരുദണ്ഡസ്നാനം നടത്തണം. നട്ടെല്ലിൽ രണ്ടുമിനിറ്റുനേരം ചൂടുള്ള തോർത്തുമുണ്ടും ഒരു മിനിറ്റുനേരം നല്ലവണ്ണം തണുത്ത തോർത്തുമുണ്ടും ഇടവിട്ടു വയ്ക്കുന്നതാണു മേരുദണ്ഡസ്നാനം. ഈ രോഗത്തിനു ധാരാളം ശുദ്ധവായു ഏൽക്കണം. അതിനു പരമാവധി പറ്റിയ സ്ഥലത്തു ഏറെനേരം കഴിച്ചു കൂട്ടണം. ഉറങ്ങുന്നതു ഒറ്റയ്ക്കായിരിക്കണം.

എട്ടാഴ്ചക്കാലത്തെ ഉദരശുദ്ധികരമായ ആഹാരത്തിനും ഉപവാസത്തിനും ശേഷവും ആഹാരത്തിൽ ഉത്തേജകവസ്തുക്കൾ ഉൾപ്പെടുത്തുകയോ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുകയോ പാടില്ല. അമ്പതുശതമാനം വേവിക്കാത്തതും ഇരുപത്തഞ്ചുശതമാനം വേവിച്ചതുമായ പച്ചക്കറികളും പത്തുശതമാനം പഴങ്ങളും പതിനഞ്ചു ശതമാനം ചോറും ഉൾപ്പെടുന്നതാകണം ഭക്ഷണം.

അപസ്മാര രോഗികൾ ഒരിക്കലും വളരെ വികാരാധീനരാകാതിരിക്കാൻ ശ്രദ്ധിക്കണം. തന്മൂലം വികാരോദ്ദീപകമായ സിനിമകളോ, ദൃശ്യങ്ങളോ കാണുകയോ കഥകളോ, നോവലോ വായിക്കുകയോ പാടില്ല. ദാമ്പത്യജീവിതത്തിൽ വളരെ നിയന്ത്രണം പാലിക്കണം. മേൽപ്പറഞ്ഞ രീതിയിലുള്ള ജീവിതചര്യ അനുഷ്ഠിച്ചാൽ രോഗിക്കു പുതിയൊരുന്മേഷവും ശേഷിയും അനുഭവപ്പെടുകയും രോഗം മാറുമെന്നുള്ള വിശ്വാസം ഏറുകയും ചെയ്യും. ക്രമേണ പ്രസ്തുത വിശ്വാസം പരമാർഥമായും പരിണമിക്കും.

ഇപ്രകരണത്തിൽ ഡോക്ടർമാർ കൈയൊഴിച്ച ഒരപസ്മാര രോഗിയുടെ രോഗം അത്ഭുതകരമായി മാറിയ കഥ പറയാം. പത്തു പതിനെട്ടു കൊല്ലത്തോളമായി അയാൾ അപസ്മാരം കൊണ്ടുവലയുകയായിരുന്നു. അതിനിടെ ഉദ്യോഗം നോക്കാനുള്ള കഴിവും നഷ്ടപ്പെട്ടു. അതിനാൽ സ്വയം പിരിഞ്ഞു പോകൽ പദ്ധതിയനുസരിച്ചുള്ള ആനുകൂല്യങ്ങളെല്ലാം വാങ്ങി വീട്ടിലിരുപ്പായി. കൂടക്കൂടെയുള്ള രോഗത്തിന്റെ ആക്രമണം കൊണ്ട് അയാൾ പൊറുതിമുട്ടി. ജീവിതം മടുത്ത് ആത്മഹത്യയെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി. അപ്പോഴാണു ദൈവനിയോഗം കൊണ്ടെന്നപോലെ ഒരു പ്രകൃതി ചികിത്സകനെക്കാണാൻ കഴിഞ്ഞത്. അദ്ദേഹം അയാളുടെ ശരീരത്തിൽ അത്ഭുതകരമായ ഒരു മംഗലമഹാശക്തി നിഹിതമായിട്ടുണ്ടെന്നും അതിന്റെ സഹായത്താൽ ഏതു മഹാരോഗത്തേയും മാറ്റിക്കളയാമെന്നും പറഞ്ഞു. അതു മുങ്ങിച്ചാവാൻ പോകുന്നവന്റെ കൈയിൽത്തടഞ്ഞ ഒരു കച്ചിത്തുരുമ്പായി അവനുതോന്നി. ആ പ്രകൃതി ചികിത്സകനിൽ നിന്നു പ്രചോദനമുൾക്കൊണ്ട് അയാൾ പ്രകൃതിക്കനുസൃതമായി ജീവിതം ചിട്ടപ്പെടുത്തി. പ്രകൃതി ചികിത്സാ മുറകൾ വളരെ കണിശമായി, നിഷ്കൃഷ്ട്ടമായി പാലിച്ചുവന്നു. അതുകണ്ട് ആളുകൾ പരിഹസിക്കാൻ തുടങ്ങി 'വലിയ വലിയ ഡോക്ടർമാർ മുക്കറയിട്ടു ചികിത്സിച്ചിട്ടും ഫലം കിട്ടാത്ത രോഗമാണോ, ഇയാൾ സ്വയം ചികിത്സകൊണ്ടു മാറ്റാൻ മിനക്കെടുന്നത്. മണൽകൊണ്ട് കയർ പിരിക്കാനുള്ള ഒരു പാഴ്വേല!

അയാൾ അത്തരം ഉപഹാസങ്ങൾക്കൊന്നും ചെവി കൊടുക്കാൻ പോയില്ല. അയാളുടെ കാതുകളിൽ സദാ പ്രകൃതിയുടെ ആഹ്വാനം മാത്രം പ്രതിധ്വനിച്ചുകൊണ്ടിരുന്നു. അതിനാൽ അടങ്ങാത്ത ഉത്സാഹത്തോടെ, ഒടുങ്ങാത്ത വിശ്വാസത്തോടെ സ്വയം ചികിത്സ തുടർന്നുവന്നു. ഇടയ്ക്കു നിരാശതാജനകമായ അവസരവുമുണ്ടായി. രോഗമങ്ങു വല്ലാതെ കൂടി. ദിവസേന അഞ്ചാറുകുറി രോഗത്തിന്റെ ആക്രമണമുണ്ടായി. എന്നാൽ അത് ശമനപരമായ രോഗാധിക്യമാണെന്നും ആ കൂരിരുളിനുള്ളിൽ അമ്പിളി ഒളിഞ്ഞിരിപ്പുണ്ടെന്നും അയാൾക്കറിയാമായിരുന്നു. തന്മൂലം അയാൾ പ്രകൃതിയെ കൂടുതൽ മുറുകെ ആശ്ളേഷിക്കുകയും അല്പം കാലദൈർഘ്യം കൊണ്ടാണെങ്കിലും രോഗത്തിൽനിന്നു പുർണമുക്തി നേടുകയും ചെയ്തു. പ്രകൃതിയുടെ പ്രകൃതം വിപ്ളവാത്മകമല്ല, വികാസാത്മകമാണ്, അതൊരു കാര്യത്തിലും എടുത്തുചാടി ഒരൊത്തു തീർപ്പിലെത്തുകയില്ല. ചിലപ്പോൾ ഫലോദയത്തിനു മാസങ്ങളോളമല്ല, കൊല്ലങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നുമാത്രം.

ആത്മഹത്യാപ്രവണത

ആത്മഹത്യാപ്രവണത ഒരു രോഗമാണ്. അതിന്ന് സമൂഹത്തിൽ അഭൂതപൂർവമായി പടർന്നുപിടിച്ചിരിക്കുന്നു. ഹൃദ്രോഗവും അർബുദവും മറ്റുമാണു കൂടുതൽ അകാലചരമങ്ങൾക്കിടയാക്കുന്നതെന്നു ഒരു പൊതുധാരണയുണ്ട്. എന്നാൽ ആത്മഹത്യാപ്രവണത ആ രണ്ടു രോഗങ്ങളേയും കടത്തി വെട്ടിയിരിക്കുന്നുവെന്നു കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

സാധാരണഗതിയിൽ വളരെ വർഷങ്ങളോളം ജീവിച്ചിരിക്കാവുന്നവർ സ്വന്തം കൈകൊണ്ടു ജീവനൊടുക്കാൻ ഇഷ്ടപ്പെടുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രേരകശക്തിയെന്താണ്? അതു കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് ഇതഃപര്യന്തം സാധിച്ചിട്ടില്ല.

ആത്മഹത്യാശ്രമത്തിൽ പരാജയപ്പെട്ടവരെ അത്തരം ദുഷ്പ്രവണതയിൽ നിന്നു നിവർത്തിച്ചു വരുന്ന ഒരു സ്ഥാപനം ന്യൂയോർക്കിലുണ്ട്. ആ സ്ഥാപനത്തിന് പല ഗവേഷണങ്ങളും നടത്തി ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന കാരണങ്ങളെക്കുറിച്ചു കുറച്ചൊക്കെ അറിവുനേടാൻ സാധിച്ചിട്ടുണ്ട്. പ്രണയനൈരാശ്യമോ, സാമ്പത്തിക പ്രയാസങ്ങളോ ആയിരിക്കും മുഖ്യകാരണമെന്നാണു പലരുടേയും വിചാരം. അവയും കാരണങ്ങളിൽ പെടുമെങ്കിലും ശരീരാരിഷ്ടതകളിൽനിന്നു മുക്തി നേടാനാണു പലരും ജീവനൊടുക്കുന്നത്.

ഉയർന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയും, ആറിലോ, ആഴിയിലോ മുങ്ങിയും പാഞ്ഞുവരുന്ന വണ്ടിക്കുമുമ്പിൽ ചാടിയും കൈത്തോക്കുകൊണ്ടു തന്റെ നേർക്കുതന്നെ വെടിവച്ചും കെട്ടിത്തൂങ്ങിയുമൊക്കെ ചാവുന്നതിനു പല കാരണങ്ങളും കണ്ടേക്കാം. അവ പ്രണയമോ, പണമോ എന്തുമാകട്ടെ, പക്ഷേ, സർവാധിക പ്രധാനമായ മൂലഹേതു ജീവിതഭാരത്തിന്റെ ദുസ്സഹത്വംതന്നെ.

ഹാവർഡ് സർവകലാശാലയിലെ മുൻ മനശ്ശാസ്ത്രാധ്യാപകൻ പ്രൊഫസർ വില്യം ജെയിംസിന്റെ അഭിപ്രായം, ഓരോ ആത്മഹത്യയുടേയും പിന്നിൽ തീർച്ചയായും എന്തെങ്കിലും രോഗപരമായ കാരണമുണ്ടായിരിക്കുമെന്നാണ്. ആ കാരണം ആന്തരമായിരിക്കും, ബാഹ്യമായിരിക്കുകയില്ല. ആത്മഹത്യചെയ്തവരുടെ ശവപരിശോധനയിൽ ഉളളിൽ ശരീരജന്യമായ ഏറെ വിഷം കാണപ്പെടാറുണ്ട്. അപ്പോൾ ശരീരത്തിനുളളിലെ ആ വിഷമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു വ്യക്തം. പിന്നെ എന്തെങ്കിലും ദുരന്തവാർത്തകേട്ട ഉദ്വേഗം കൊണ്ടും ആത്മഹത്യ ചെയ്യുന്നവരുണ്ട്. പരീക്ഷയിൽ തോറ്റെന്നറിഞ്ഞും മറ്റും ആത്മഹത്യ ചെയ്യുന്നവർ ആ ഗണത്തിൽപ്പെടും.

ശരീരത്തിനോ, മനസ്സിനോ ഒരു കുഴപ്പവുമില്ലാത്തവർ ഒരിക്കലും ആത്മഹത്യയ്ക്ക് മുതിരുകയില്ല. ശരീരത്തിനു തരക്കേടുണ്ടാകുമ്പോഴാണ് തലച്ചോറിനും തരക്കേടുണ്ടാകുന്നത്. അപ്പോൾ ചിന്തകൾ ചിതറും, പതറും. ആത്യന്തികമായി നിരാശതയുടെ നീർച്ചുഴിയിലാഴ്ന്നു സ്വയം ജീവനൊടുക്കുന്നു. പക്ഷേ, ഈ സ്വഭാവവിശേഷത്തിനു സാർവജനീനത്വം കല്പ്പിക്കാനാവില്ല. ശാരീരികവും മാനസികവുമായ വേദനകൾ കടിച്ചിറക്കിയാണെങ്കിലും ചാവാൻ കൂട്ടാക്കാത്തവരുണ്ട്. അതിനാൽ ആത്മഹത്യയുടെ സാധാരണമായ കാരണം മസ്തിഷ്കത്തിന്റെ വൈകൃതമാണെന്നു സ്പഷ്ടം. തലച്ചോറിന്റെ തകരാറിനു കാരണമാകട്ടെ മുൻപറഞ്ഞതുപോലെ ശരീരത്തിന്റെ തകരാറാണ്, അസ്വസ്ഥതയാണ്.

മസ്തിഷ്കം വികാരഗ്രസ്തമാകുമ്പോൾ നിരാശതയും വിഷാദവും അതിൽ താവളമുറപ്പിക്കുന്നു. അപ്പോൾ പിന്നെ മറ്റൊരു കാര്യത്തിലും ശ്രദ്ധപതിപ്പിക്കാൻ പറ്റാത്ത പതനത്തിലെത്തിച്ചേരും. ആ അവസ്ഥയിൽ ജീവിതത്തെക്കുറിച്ച് ഒരാകർഷണവും തോന്നുകയില്ല. മറിച്ചു മരണം വരണീയമായി തോന്നുകയും ചെയ്യും.

ശരീരത്തിലെ മാലിന്യം മുറയ്ക്കു പുറത്തുപോകാത്തതുകൊണ്ട് കുടലുകൾക്കും മൂത്രാശയത്തിനും വേണ്ടവണ്ണം പ്രവർത്തിക്കാൻ പറ്റാത്തതു കൊണ്ട് ആണ് വിഷം ശരീരത്തിൽ വ്യാപിക്കുന്നത്.

ഒരു സ്ത്രീ വിഷം കഴിച്ചു ആത്മഹത്യ ചെയ്യാൻ ഒരു വിഫലശ്രമം നടത്തി. ഉടൻ ആസ്പത്രിയിലെത്തിച്ചു വിഷം പുറത്തെടുത്തു. പിന്നീടാണു മനസ്സിലായത് ആ സ്ത്രീ വിഷം കഴിക്കുന്നതിനു മൂന്നുനാൾ മുമ്പ് തൊട്ടു അവർക്ക് മൂത്രതടസ്സമുണ്ടായിരുന്നെന്ന്. മൂത്രം പോകാതായപ്പോൾ ഉണ്ടായ വിഷമം അവരുടെ തലച്ചോറു വികലമാക്കി. തലച്ചോറിന്റെ വൈകല്യം ജീവിതം ദുർഭരമായി തോന്നിച്ചു. അപ്പോൾ മുക്തി നേടാൻ ആത്മഹത്യയെ അഭയം പ്രാപിക്കുകയാണുണ്ടായത്.

ആത്മഹത്യാപ്രേമികളിൽ ഭൂരിഭാഗം മദ്യപരാണ്. മദ്യപാനംകൊണ്ടു ദേഹത്തിൽ ഇതരവസ്തുക്കളുടെ ഉപഭോഗം കൊണ്ടുണ്ടാകുന്നതിനെക്കാൾ കൂടുതല്‍ വിഷമുണ്ടാകുന്നു. വിഷം മസ്തിഷ്കം വികലമാക്കുമ്പോൾ വിഷാദം മനസ്സിനെ ഗ്രസിക്കും. വിഷാദമാണ് ആത്മഹത്യയിലേക്ക് ഉന്തിത്തള്ളിവിടുന്നത്.

ആത്മഹത്യാപ്രവണത ദൂരീകരിക്കാൻ ആദ്യം ചെയ്യേണ്ടത് ആത്മഹത്യയ്ക്ക് പ്രചോദകമായ വിഷം എവിടെനിന്ന്, എങ്ങനെയുണ്ടായി എന്നു നിരീക്ഷിക്കുകയാണ്. മനസ്സിലെ വിഷാദവും നിരാശതയുമാണ് ആ വിഷത്തിനുറവിടമെങ്കിൽ കാരണം മസ്തിഷ്കസംബന്ധിയാണെന്നു മനസ്സിലാക്കാം. ചിലപ്പോൾ താനെന്തിനാണു ആത്മഹത്യചെയ്യുന്നതെന്ന് ആത്മഹത്യക്കാരനുതന്നെ അറിഞ്ഞുകൂടായിരിക്കും. തലച്ചോറിനെ തകരാറിലാക്കുന്ന വിഷം അയാളുടെ തലച്ചോറിലും കടന്നുകൂടിയിട്ടുണ്ടാകും. അതായിരിക്കും ആ അജ്ഞതയ്ക്ക് കാരണം.

ശരീരജന്യമായ വിഷം വികലമാക്കിയ മസ്തിഷ്കം ശരീരത്തിന്റേയും മനസ്സിന്റെയും കർമമണ്ഡലം വികൃതമാക്കും. ശരീരത്തിലെ വിഷത്തിന് ആനുപാതികമായി മസ്തിഷ്കത്തിലെ അസ്വസ്ഥതയും വർദ്ധിക്കും. അപ്രകാരം വിക്ഷിപ്തമായ മസ്തിഷ്കം മാരകമായ മാരണങ്ങൾക്കു കാരണമാകും.

ആത്മഹത്യാപ്രവണതയുള്ളവർ അപകടമണി മുഴങ്ങിക്കഴിഞ്ഞുവെന്നും തങ്ങളുടെ ജീവൻ ഏതുനിമിഷത്തിലും അപകടത്തിലാണെന്നും മനസ്സിലാക്കി ഉടൻ മൂലകാരണമായ വിഷം ഉള്ളിൽനിന്നു നിഷ്കാസനം ചെയ്യാൻ ശ്രമിക്കുകയും വീണ്ടും വരാൻ വിഷത്തിനു പഴുതുണ്ടാക്കാതിരിക്കുകയും ചെയ്യണം. അതിനുമുറയ്ക്ക് വ്യായാമം ചെയ്യുകയും ലഹരിവസ്തുക്കൾ പൂർണമായി വർജിക്കുകയും ആഹാരക്രമത്തിൽ കാതലായ മാറ്റം വരുത്തുകയും വേണം.

ആഹാരത്തിൽ മലബന്ധം ഇല്ലാതാക്കുന്ന പച്ചക്കറികൾ, പാൽ, പഴങ്ങൾ, തവിടുകളയാത്ത അരികൊണ്ടുള്ള ചോറ് തുടങ്ങിയവയ്ക്കു പ്രാമുഖ്യം നല്കണം. വിശപ്പു പൂർണമായി മാറും വരെ ഭക്ഷിക്കരുത്. ആഹാരത്തിന്റെ അളവു കുറച്ചാൽ കുടലിലെ പഴയകുഴപ്പങ്ങളൊക്കെ പറപറക്കും. വ്യായാമം നാഡി ദൗർബല്യം കൊണ്ടുണ്ടാകുന്ന ആത്മഹത്യാപ്രവണത പോലും ചിന്തകളെ ദുരീകരിക്കും. ഒരു കണക്കിന്, വ്യായാമമാണ് ഈ രോഗത്തിനുള്ള ഒരു അച്ചട്ടായ പ്രതിവിധി. വ്യായാമത്തിനു പകരം നില്ക്കാൻ, ഇക്കാര്യത്തിൽ, മറ്റൊന്നുമില്ലെന്നു തന്നെ പറയാം. വ്യായാമത്തോടൊപ്പം എട്ടൊമ്പതു മണിക്കൂര്‍ ഉറങ്ങുകയും ചെയ്യുമെങ്കിൽ പിന്നെ ആത്മഹത്യാപ്രവണത തന്നെ ആത്മഹത്യ ചെയ്തുകൊള്ളും.

ആത്മഹത്യാപ്രവണതയുള്ളവർക്കു വാസ്തവത്തിൽ മരിക്കണമെന്നു ആഗ്രഹം കാണുകയില്ല. പിന്നെന്തിനാണവർ ഈ കടുംകൈക്ക് മുതിരുന്നത്? തങ്ങളെ വേട്ടയാടുന്ന കൊടുംവിഷമതകളിൽനിന്നു വിടുതി നേടാന്‍ മാത്രം. ആത്മഹത്യക്കാരുടെ ശരീരവും ശരീരം കാരണം മസ്തിഷ്കവും വികലതാത്മകമായിരിക്കും. എന്നാൽ അതിനെക്കുറിച്ച് അവർ ബോധവാന്മാരായിരിക്കുകയില്ല. മേൽപ്പറഞ്ഞ കാര്യങ്ങൾ വേണ്ടവണ്ണം ഗ്രഹിച്ചു സാഹചര്യങ്ങളും സ്വാനുഭവങ്ങളും വിവേകപൂർവം പ്രയോജനപ്പെടുത്തിയാണ് ആരും ആത്മഹത്യയെന്ന നിന്ദ്യകർമത്തിന് കച്ച കെട്ടുകയില്ല.

മാറാരോഗം കൊണ്ടു മരണത്തെ പുൽകാൻ വെമ്പുന്നവരും ലൈംഗിക പീഡനവിധേയരും, പ്രണയഭംഗം നേരിട്ടവരും, ഋണബാധകൊണ്ടു വിവശരും മറ്റും കേരളത്തിലെ ജനസംഖ്യ ന്യൂനീകരണത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്.

സർക്കാരിന്റെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സത്വരശ്രദ്ധ പതിയേണ്ട ജീവൽപ്രശ്നമാണിത്. പ്രസ്തുത പ്രവണതയ്ക്കെതിരെയുള്ള സാർവജനീനമായ ബോധവത്കരണം കൊണ്ട് അത് ഒരു പരിധിവരെ പ്രതിരോധിക്കാവുന്നതാണ്.

പിരിമുറുക്കം (ടെൻഷൻ)

ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാണ് പിരിമുറുക്കം. എന്നു വച്ച് എല്ലാവരേയും പിരിമുറുക്കം പിടികൂടണമെന്നില്ല, ഒരു പിരിമുറുക്കവുമില്ലാതെ പ്രശാന്തമായ ജീവിതം നയിക്കുന്ന ഭാഗ്യവാന്മാരും വിരളമല്ല.

മനസ്സും ശരീരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടാണ് മാനസികമായ രാഗദ്വേഷാദികളെ രോഗഹേതുകങ്ങളായി ഗണിക്കപ്പെടുന്നത്. ശരീരം ആധാരമാണെങ്കിൽ മനസ്സ് ആധേയമാണ്. അതിനാൽ ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ മനസ്സിനേയും, മനസ്സിനെ ബാധിക്കുന്ന രോഗങ്ങൾ ശരീരത്തേയും ബാധിക്കും. ശാരീരികമായ പനി, ചുമ തുടങ്ങിയ രോഗങ്ങളും വിശപ്പും ദാഹവുമെല്ലാം മനസ്സിനെ അലങ്കോലപ്പെടുത്തുക സാധാരണമാണ്. അതുപോലെ മനസ്സിലെ കോപതാപാദി ആധികളുടെ പ്രതികരണം ശരീരത്തിലും പ്രകടമാകും. മനസ്സിൽ അത്യധികമായ ആഹ്ലാദമോ പിരിമുറുക്കമോ ഉണ്ടാകുമ്പോൾ വിശപ്പു കെട്ടുപോകുന്നത് പലർക്കും അനുഭവവേദ്യമാണല്ലോ. അപ്രകാരം ക്രമാതീതമായ കോപം വരുമ്പോൾ ദേഹം കമ്പനം കൊള്ളുന്നതും, സന്തോഷമേറുമ്പോഴും സന്താപമേറുമ്പോഴും കണ്ണീർ വരുന്നതും ശാരീരികമാനസിക സംബന്ധത്തിന്റെ വ്യക്തമായ പ്രതിഫലനമാണ്.

പെട്ടെന്നു വന്നുപെടുന്ന പിരിമുറുക്കം അത്ര അപകടകാരിയല്ല. പക്ഷേ നീണ്ടു നിൽക്കുന്നത് പല പൊല്ലാപ്പുകളും വരുത്തിവയ്ക്കും. അത് ദഹനക്കേട്, സന്ധിവാതം, വയറ്റിളക്കം, മലബന്ധം, പ്രമേഹം, ക്ഷയം വിഷാദരോഗം, തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനപ്രതിബന്ധങ്ങൾ, അലർജി, പനി, മൈഗ്രേൻ തുടങ്ങിയ രോഗങ്ങളുണ്ടാക്കും. ചിലപ്പോൾ പിരിമുറുക്കം കൊണ്ട് അഡ്രിനൽ ഹോർമോണുകൾ വളരെക്കുറഞ്ഞു പോകും. അപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും, തലച്ചോറിലേക്കും മാംസപേശികളിലേക്കുമുള്ള രക്തസഞ്ചാരവും കുറയുന്നു. അത് വലിയ തളർച്ചയ്ക്കിട വരുത്തും. നിരന്തരമായ പിരിമുറുക്കം രോഗപ്രതിരോധശക്തി കുറയ്ക്കുകയും ചെയ്യും.

പിരിമുറുക്കത്തിനു ചില നല്ല വശങ്ങളുമുണ്ട്. കൊച്ചുകൊച്ചു പിരിമുറുക്കങ്ങള്‍ കൊണ്ടു പല നല്ല ഗുണങ്ങളുമുണ്ട്. അതു നമ്മുടെ ജോലി കൃത്യസമയത്ത് ചെയ്തു തീർക്കാൻ സഹായിക്കും. ഉദാഹരണത്തിന് പരീക്ഷ ആസന്നമായ സമയത്ത് ചില വിദ്യാർത്ഥികൾക്ക് പിരിമുറുക്കമുണ്ടാകാം. അതു പരീക്ഷയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിന് വളരെ സഹായകമാണ്. തസമയം പിരിമുറുക്കമില്ലാത്ത വിദ്യാർത്ഥി വേണ്ടത്ര തയ്യാറെടുപ്പില്ലാതെ പോയി പരാജയപ്പെട്ടെന്നും വരാം.

അല്പം മനസ്സുവച്ചാൽ കുഴപ്പം കുത്തിപ്പൊക്കുന്ന പിരിമുറുക്കത്തെ പിരിച്ചുവിടാൻ വലിയ പണിയൊന്നുമില്ല, ധ്യാനം, ചിരി, യോഗ തുടങ്ങിയവകൊണ്ട് പിരിമുറുക്കം വരാതെ നോക്കാം. ഉള്ളുതുറന്നു ചിരിച്ചുല്ലസിക്കുന്നതും പ്രകൃതിഭംഗി ആസ്വദിക്കുന്നതും, ആരോഗ്യകരവും സൗഹാർദ്ദപരവുമായി മത്സരങ്ങളിൽ പങ്കുകൊള്ളുന്നതും, ആഹ്ലാദകരമായ ഉത്സവം, സൽക്കാരം, വിവാഹം തുടങ്ങിയവയിൽ സംബന്ധിക്കുന്നതും പിരിമുറുക്കത്തെ ആട്ടിപ്പായിക്കാൻ സഹായിക്കും.

പിരിമുറുക്കത്തെക്കുറിച്ച് പല ശാസ്ത്രജ്ഞരും ശാസ്ത്രീയമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അക്കാര്യത്തിൽ ഡോക്ടർ ഹാൻഡ് സെലേണ്ടർ ആണ് അഗ്രേസരൻ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു വ്യക്തിയുടെ പഠനത്തോടുള്ള പ്രതികരണം രണ്ടു തരത്തിലാകാം. ഒന്ന് പ്രശ്നത്തിൽ നിന്നുള്ള ഒളിച്ചോട്ടം (flight). രണ്ട് പ്രശ്നത്തോടുള്ള പോരാട്ടം (fight).

പിരിമുറുക്കത്തിന് ഒരു പേരുദോഷമുണ്ട്. പക്ഷപാതിത്വം കൂടും. ആളും തരവും നോക്കിയാണ് പിടികൂടുക പതിവ്. പ്രസാദാത്മകരെ വെറുതെവിട്ട് വിഷാദാത്മകരെയാണ് തിരഞ്ഞുപിടിക്കുക.

സ്നേഹഭരിതമായ കുടുംബാന്തരീക്ഷം മനസ്സിലെ പിരിമുറുക്കത്തിന് അറുതി വരുത്തും. ഏതു വലിയ വിപത്തിനേയും നിസ്സാരമായി കരുതുന്നതു പിരിമുറുക്കം പരിഹരിക്കാനുപകരിക്കും.

 

ജലദോഷം

ജലദോഷം ഒരിക്കലെങ്കിലും പിടിപെടാത്തവരുണ്ടെന്നു തോന്നുന്നില്ല അത് ജനസമ്പർക്കമുള്ള രോഗം അപൂർവമാണ്. പല കാരണങ്ങൾകൊണ്ടും ജലദോഷം വരാം. മുഖ്യം ആഹാരദോഷം തന്നെ. ആവശ്യത്തിലേറെ ഭക്ഷണം കഴിക്കുക, കഴിക്കുന്ന ഭക്ഷണം വേണ്ടെത ചവയ്ക്കാതിരിക്കുക, പലതരം ആഹാരസാധനങ്ങൾ ഒന്നിച്ചു കഴിക്കുക, രണ്ടുനേരത്തെ ഭക്ഷണം അടുത്തടുത്തു കഴിക്കുക, ക്ഷീണവും മനക്ലേശവുമുളളപ്പോൾ ഭക്ഷിക്കുക, രുചിയറിഞ്ഞു ഭക്ഷിക്കാതിരിക്കുക തുടങ്ങിയ ദുശീലങ്ങളാണു ജലദോഷം വരുത്തുന്നത്. മഴനനഞ്ഞാലും ജലദോഷം വരാം.

ദഹനശക്തിക്കു ദഹിപ്പിക്കാവുന്നതിൽ കൂടുതൽ ആഹാരം കഴിക്കുമ്പോൾ ദഹിക്കാതെ വരുന്നതു ഉദരത്തിൽ കിടന്നു ചീഞ്ഞളിയുന്നു. അപ്പോൾ അതു വിഷമയമാവുകയും ആ വിഷം രക്തം വലിച്ചെടുത്തു ദേഹമാകെ ചൂടുണ്ടാക്കുകയും ചെയ്യുന്നു. ആ താപം ശ്ലൈഷ്മിക കലകളേയും ബാധിക്കും. അതിനാൽ ചൂടു ശമിപ്പിക്കാൻ അതു പതിവിലേറെ കഫം നിസ്സരിക്കാൻ നിർബന്ധമാകുന്നു. അങ്ങനെ നിസ്സരിക്കുന്ന കഫമാണു മൂക്കൊലിപ്പും ജലദോഷവുമായി പ്രകടമാകുന്നത്.

രാസവസ്തുക്കളുടെ കൂടുതൽ ഗന്ധമോ, വിഷാംശമുള്ള ഏതെങ്കിലും വസ്തുവിൽ നിന്നു പുറപ്പെടുന്ന ആവിയോ ശ്വസിക്കുന്നതും ക്ലോറോഫോമും ഈതറും (ether) കൈകാര്യം ചെയ്യുന്നതും ജലദോഷമുണ്ടാക്കും. ഏറെത്തണുപ്പോ ചൂടോ ഏറ്റാലും പൊടി ശ്വസിച്ചാലും ജലദോഷമുണ്ടാകും. ചായ, കാപ്പി, സിഗററ്റ്, മദ്യം, കോപം, അസൂയ, ചിന്ത, അതിമൈഥുനം, അതിപ്രയത്നം, വേണ്ടതിലേറെ വസ്ത്രങ്ങൾ ധരിക്കുക, ഇടതിങ്ങിയ വീടുകളിൽ പാർക്കുക, മഴക്കാറ്റേൽക്കുക ഇവയെല്ലാം ജലദോഷത്തെ വിളിച്ചു വരുത്തും. തണുത്ത കാറ്റേറ്റതുകൊണ്ടോ, തണുത്തവെള്ളം കുടിച്ചതുകൊണ്ടോ ജലദോഷമുണ്ടാവുകയില്ല.

ജലദോഷം പല അവയവങ്ങളിലും പിടിപെടാം, കണ്ണിലാണെങ്കിൽ കണ്ണീരുവരുകയും വെളിച്ചത്തെ വെറുക്കുകയും ചെയ്യും. മൂക്കിലാണെങ്കിൽ തുമ്മലുണ്ടാകും. തല വിങ്ങുകയും ചെയ്യും, തലയിൽ വേദനയുണ്ടായില്ലെങ്കിൽത്തന്നെ ശരീരത്തിനു ക്ഷീണവും അലസതയും അനുഭവപ്പെടും. ആദ്യം മൂക്കിൽനിന്നു വെള്ളം വരും. പിന്നെപ്പിന്നെ അതു കട്ടിയുള്ളതും മഞ്ഞച്ചതുമായിത്തീരും. ശക്തമായ ജലദോഷമാണെങ്കിൽ മൂക്കടപ്പുണ്ടാവുകയും കണ്ണിൽനിന്നു കണ്ണീർ ഇടമുറിയാതെ വരുകയും ചെയ്യും.

ജലദോഷമുണ്ടാകുമ്പോൾ ഘ്രാണശക്തി വളരെ കുറയുന്നതാണ്. ചിലപ്പോൾ തീരെ നഷ്ടമായെന്നും വരാം. രുചിയും മണവുമായി ബന്ധമുണ്ട്. തന്മൂലം ഘ്രാണശക്തി കുറയുമ്പോൾ വിശപ്പും കുറയും.

കണ്ഠനാളത്തിലാണു ജലദോഷം പിടിപെടുന്നതെങ്കിൽ ചുമയുണ്ടാകും. നെഞ്ചിലാണെങ്കിൽ ശക്തിയായി ചുമയ്ക്കുകയും ശ്വസിക്കാൻ വിഷമിക്കുകയും കഫം തുപ്പുകയും ചെയ്യും. അല്പം കാതടപ്പുണ്ടാകാമെന്നതുകൊണ്ട് ഉറക്കെപ്പറഞ്ഞാലേ കേൾക്കാൻ പറ്റു.

ശക്തമായ ജലദോഷം വന്നാൽ തലയ്ക്കു വിങ്ങലും മേലാകെ വേദനയുമുണ്ടാകും. പ്രത്യേകിച്ച് നെഞ്ചുവേദന. ആദ്യം അല്പം തണുപ്പു തോന്നും. പിന്നെ പനി വരും. പക്ഷേ, പനി അത്ര കടുത്തതായിരിക്കയില്ല. തുടർന്നു മലബന്ധമുണ്ടാവുകയും വിശപ്പു കെടുകയും ചെയ്യും.

ശരീരമാകെ ശുദ്ധമാക്കുകയാണു ജലദോഷത്തിനുളള പ്രഥമ ചികിത്സ. അതിനു ഉദരത്തിലെ മാലിന്യങ്ങൾ പുറത്തുപോകുംവരെ എന്നും എനിമ എടുത്തുകൊണ്ടിരിക്കണം. വിരേചനൗഷധങ്ങൾ ഒരിക്കലും ഉപയോഗിക്കരുത്.

ടബ്ബിലെ അഥവാ മരത്തൊട്ടിയിലെ കുളികൊണ്ടു ജലദോഷം വേഗം മാറും. ആ കുളി ജോലിഭാരം കൊണ്ടു തളർന്ന ശ്ലൈഷ്മികകലയ്ക്ക് വിശ്രമം ലഭിക്കാനും ചർമത്തിന് സ്വകർമം ചുറുചുറുക്കോടെ നടത്താനും സഹായകമാകുന്നു. ഒത്ത ആൾ നീളത്തിലുളള ടബ്ബിൽ സഹിക്കാവുന്ന ചൂടുള്ള വെള്ളമൊഴിച്ചു രോഗിയെ അതിൽ കിടത്തണം. ഈ കുളി ഇരുപതു മിനിറ്റിൽ തുടങ്ങി ഒരു മണിക്കൂർ വരെ നീട്ടാം. കുളിമുറി ശുദ്ധവായു വേണ്ടത്ര കടക്കുന്നതായിരിക്കണം. വെളളത്തിൽ കിടക്കുമ്പോൾ പച്ചവെള്ളമോ, ചൂടുവെള്ളമോ കൂടെക്കൂടെ കുടിച്ചുകൊണ്ടിരിക്കണം. ചൂടുവെള്ളം കുടിച്ചാൽ വിയർപ്പു വേഗം വരും. അതിനാൽ ചൂടുവെളളമാണു കൂടുതൽ നല്ലത്. രോഗിക്കു തലകറക്കമോ, ബോധക്കേടോ വന്നാൽ ഉടൻ പച്ചവെള്ളം കുടിപ്പിക്കുകയും പച്ചവെള്ളം നനച്ചു പിഴിഞ്ഞതുണി തലയിലും നെറ്റിയിലും വയ്ക്കുകയും വേണം. കുളിക്കുശേഷം രോഗിയെ വസ്ത്രം കൊണ്ട് പറ്റുമെങ്കിൽ കമ്പിളികൊണ്ട് നല്ലവണ്ണം മൂടിപ്പുതപ്പിച്ചു വിയർപ്പു നിൽക്കുന്നതിനു മുമ്പു കിടത്തണം. പിന്നീട് വിയർപ്പ് വറ്റുമ്പോൾ ശരീരം തോർത്തു കൊണ്ട് നല്ലവണ്ണം തോർത്തി ഈറൻ മാറ്റി ഏഴെട്ടു മണിക്കൂർ കൂടി കിടത്തണം. ജലദോഷം മാറുംവരെ ആഹാരമൊന്നും കഴിക്കരുത്. ചെറുനാരങ്ങനീരു ചേർത്തവെള്ളം യഥേഷ്ടം കുടിക്കാം. അതിൽ പഞ്ചസാര തരിപോലും ചേർക്കരുത്. മധുരം കൂടിയേ തീരുവെങ്കിൽ തേനോ, കരിപ്പെട്ടിയോ ഉപയോഗിക്കാം.

ആഹാരം കൂടാതെ ആഴ്ചകളോളവും വെള്ളം കൂടാതെ ദിവസങ്ങളോളവും ജീവിക്കാം. എന്നാൽ വായു കൂടാതെ അഞ്ചു മിനിറ്റുപോലും ജീവിക്കാനാവില്ല. പ്രസ്തുത യാഥാർത്ഥ്യം ശ്വാസോച്ഛ്വാസത്തിന്റെ അന്യാദ്യശമായ പ്രാധാന്യം പ്രകടമാക്കുന്നു. സുഗമമായ ശ്വാസോച്ഛ്വാസത്തിനു ശ്വസനാവയവങ്ങൾ സുശക്തങ്ങളും സ്വസ്വങ്ങളുമായിരിക്കണം. എന്നാൽ ജലദോഷവും മൂക്കൊലിപ്പുമുള്ളവർക്കു നേരെചൊവ്വേ ശ്വാസോച്ഛ്വാസം നടത്താൻ പറ്റില്ല. ചിലപ്പോഴതിന്റെ ദോഷം രക്തത്തേയും ഉദരത്തെയും ബാധിക്കാം. അവയുടെ പ്രവർത്തനം തകരാറിലാവുമ്പോഴാണു ജലദോഷപ്പനിയുണ്ടാകുന്നത്.

ശ്വസനശോഥം (ബ്രോങ്കെറ്റിസ്) ജലദോഷപ്പനിയുടെ തന്നെ ഒരു വകഭേദമാണ്. പഴക്കം ചെന്ന ശ്വസനശോഥത്തെ ആളുകൾ ഒരു മാറാരോഗമായിക്കരുതുന്നു. എന്നാലതു കണ്ഠനാളത്തിന്റെ ഉപശാഖകളിലെ പഴക്കംചെന്ന പനി മാത്രമാണ്. പ്രകൃത്യനുസൃതമായ ജീവിതം കൊണ്ട് ആ അസുഖത്തേയും പമ്പകടത്താം.

കഴുത്തിലേയും മൂക്കിലേയും രോഗം മൂത്തു കാതുകളേയും ബാധിക്കാനിടയുണ്ട്. കർണനാളങ്ങൾ കഴുത്തും ചെവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജലദോഷപ്പനി വരുമ്പോൾ കണ്ഠനാളങ്ങൾ വിൽക്കുകയും അവയിൽ പുകച്ചിലുണ്ടാവുകയും ചെയ്യും. അതിന്റെ ഫലം കാതുകളിലും പ്രകടമാകും. തന്മൂലം നിരന്തരം ജലദോഷപ്പനിയുളളവർക്കു ബധിരത പിടിപെടാം. ബാധിര്യത്തിനു കാരണമായ തരക്കേടുകൾ ദുരീകരിക്കുന്നതാടെ ശ്രവണശക്തി തിരിച്ചു കിട്ടുകയും ചെയ്യും. വർഷങ്ങളോളം ബാധിര്യം മാറ്റാതിരുന്നാൽ അതുപിന്നെ വിട്ടുമാറാൻ കൂട്ടാക്കുകയില്ല.

കീടാണുക്കളാണു ജലദോഷവും ജലദോഷപ്പനിയും വരുത്തുന്നതെന്ന് ഒരു സിദ്ധാന്തമുണ്ട്. ആ സിദ്ധാന്തക്കാരോട് ഒന്നേ പറയാനുള്ളൂ. പാവങ്ങളായ കീടാണുക്കൾ എല്ലായിടത്തുമുണ്ട്. അവയെ അവയുടെ പാട്ടിനു വിട്ടേക്കണം. അവ ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല.

ഈ രോഗത്തിൽ നിന്നു മുക്തി നേടാനുള്ള മാർഗങ്ങൾ ഒന്നുകൂടി ചുരുക്കിപ്പറയാം. രോഗത്തിന്റെ തുടക്കത്തിൽത്തന്നെ ചികിത്സിക്കണം. പചനാവയവങ്ങളെ ശുദ്ധമാക്കി വയ്ക്കണം. ധാരാളം പച്ചവെള്ളം കുടിക്കണം. ജലദോഷം മാറുംവരെ ഭക്ഷണം കഴിക്കരുത്. ആരോഗ്യനിയമങ്ങളെക്കുറിച്ചുള്ള അറിവും അവ പാലിക്കാനുള്ള ആഗ്രഹവും ഉണ്ടായിരിക്കണം. മുടങ്ങാതെ വ്യായാമം ചെയ്യണം. കഴിയുന്നത്ര ശുദ്ധവായു ശ്വസിക്കണം. രാത്രി ജന്നലുകൾ മലർക്കെ തുറന്നിട്ടു കിടക്കണം. ദീർഘമായി ശ്വസിക്കുമ്പോൾ നെഞ്ച് രണ്ടിഞ്ചു ഉയരുമെങ്കിൽ അതു മൂന്നിഞ്ചാക്കി കൂട്ടാനും മുന്നിഞ്ചായാൽ നാലിഞ്ചാക്കാനും ശ്രമിക്കണം. അത്രയും വികസിക്കാറായാൽ ദീർഘമായ പ്രാണായാമം തുടങ്ങാം. മാനസികമായ പിരിമുറുക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം. മനസ്സ് ശാന്തവും സ്വസ്ഥവുമായിരിക്കണം. ഇനി കഴിച്ചേ പറ്റൂ എന്നുണ്ടെങ്കിൽ അരവയർ ഭക്ഷണം കഴിക്കാം. കാൽവയർ വെള്ളത്തിനും കാൽവയർ വായുവിനും ഒഴിച്ചിട്ടിരിക്കണം. പുതിയ പഴങ്ങളും പച്ചക്കറികളും യഥേഷ്ടം കഴിക്കാം.

പൊണ്ണത്തടി

പ്രകൃതി മിക്ക മനുഷ്യർക്കും അളന്നു കുറിച്ച വടിവൊത്ത ആകൃതിയാണു നല്കാറുള്ളത്. പിന്നെങ്ങനെയാണു പലരും തടിവച്ച് കോലം കെടുന്നത്. അമിതമായ ആഹാരവും അലസതാവിലസിതമായ ജീവിതവും തന്നെ മുഖ്യകാരണം. കണ്ണു കുളിർക്കെ കാണാൻ കൊള്ളാവുന്ന കോമളകളേബരം ഇന്നൊരു അത്യപൂർവമായ കാഴ്ച്ച വസ്തുവായി മാറിയിരിക്കുന്നു. എന്തിന്, സാമാന്യമായ രൂപഭംഗിയുള്ളവർ പോലും അത് സുലഭമല്ല. മറിച്ചു തടിച്ചുരുണ്ട രൂപങ്ങൾ നോക്കുന്നിടത്തൊക്കെ കാണാനുണ്ടുതാനും. വണ്ണത്തിന്റെ ഭാരം കൊണ്ടു ദേഹം കുഴങ്ങുമ്പോൾ തടിയുള്ളവർക്കു ജീവിതം വിരസമായിത്തോന്നും.

ദേഹത്തിൽ കൊഴുപ്പു ശേഖരിച്ചു വെക്കുന്ന കോശങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതാണ് പൊണ്ണത്തടിക്കു ഹേതു. കോശങ്ങൾ ശരീരത്തിലെ അമിതമായ ഊർജം ചർമത്തിന്നടിയിൽ കൊഴുപ്പായി സൂക്ഷിച്ചുവയ്ക്കുന്നു. അതാണു ദേഹത്തിന്റെ വണ്ണവും തൂക്കവും വർദ്ധിപ്പിക്കുന്നത്.

ഏതു പ്രായത്തിലും തടി വണ്ണിക്കാമെങ്കിലും നാല്പതു കടന്നവരിലാണ് തടിക്കാനുള്ള പ്രവണത കൂടുതൽ കണ്ടുവരുന്നത്. അതിൽ ലിംഗഭേദം അത്ര പ്രകടമല്ലെങ്കിലും എണ്ണത്തിൽ തടിച്ചികളാണു തടിയന്മാരെത്തള്ളി മുന്നിലെത്തിയിരിക്കുന്നത്.

വണ്ണം കൂടുന്നതോടൊപ്പം ബുദ്ധി കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. പെട്ടെന്നൊരു തീരുമാനമെടുക്കാനുള്ള കഴിവും നഷ്ടപ്പെടുന്നു. അത്തരക്കാർക്ക് തങ്ങളുടെ ബുദ്ധി മരവിച്ചതായിത്തോന്നും. ധൈര്യവും അവരോടു വിട പറയും. നല്ല ധൈര്യമോ ദേഹണ്ഡമോ വേണ്ട ജോലി ചെയ്യാനും സാധിക്കുകയില്ല. അപ്രകാരം കുണ്ഠിതമായ മനസ്സിലും ശരീരത്തിലും പലതരം രോഗങ്ങൾ കൂട്ടത്തോടെ കൂടുകൂട്ടാൻ തുടങ്ങും. ഒരുരോഗം പൊണ്ണത്തടിയിൽ വന്നുപെട്ടാൽ പിന്നെ അതിനെ പിടിവിടുവിക്കണമെങ്കിൽ നല്ലവണം പാടുപെടേണ്ടിവരും.

വണ്ണം കൊണ്ടു വയറുചാടുന്നതു കാരണം ഉദരത്തിലെ മാംസപേശികള്‍ക്കയവുണ്ടാകും. തന്മൂലം മലബന്ധം ഒഴിയാബാധയായിത്തീരും. അപസ്മാരം, പ്രമേഹം, രക്തസമ്മർദം, ഹ്യദയദൗർബല്യം തുടങ്ങിയ രോഗങ്ങളും വണ്ണമുള്ളവരെത്തേടിയെത്താം. പൊണ്ണത്തടിയെ ദേഹമാസകലമുളള മലബന്ധമായി വിശേഷിപ്പിക്കാറുണ്ട്. സാധാരണമായ മലബന്ധം കുടലിൽ മാത്രം കെട്ടിക്കിടക്കുന്നതാണ്. എന്നാൽ ദേഹമാകമാനം മലം കെട്ടിക്കിടക്കുന്ന രോഗമാണു പൊണ്ണത്തടി. ആഹാരത്തിലും വ്യായാമത്തിലും പ്രത്യേകം ശ്രദ്ധിച്ചാൽ പൊണ്ണത്തടി മാറ്റുക അത് പ്രയാസകരമല്ല. ഒന്നും ചെയ്യാതുള്ള മടിപിടിച്ചിരുപ്പും പകലുറക്കവും കൊഴുപ്പുള്ള ഭക്ഷണത്തിന്റെ അമിതമായ ഉപയോഗവുമൊക്കെയാണു വണ്ണത്തെ വിളിച്ചുവരുത്തുന്നത്.

ഉപവാസം കൊണ്ട് തടി കുറയ്ക്കാൻ നോക്കുന്നതു ഉപപന്നമല്ല. പെട്ടെന്നങ്ങ് ഉപവാസം തുടങ്ങിയാൽ ശരീരത്തിൽ തിങ്ങിക്കൂടിയിട്ടുളള വിഷം രക്തത്തിൽ കലരുകയും തന്മൂലം ഛർദ്ദിയും തലക്കറക്കവും ഉണ്ടാവുകയും ചെയ്യും. ചിലപ്പോൾ പനിയും പിടിപെടാം. ഇനി ഉപവസിക്കുകയാണങ്കിൽത്തന്നെ പഴങ്ങളും പച്ചക്കറികളും കഴിക്കണം. കാരണം പൊണ്ണത്തടിക്കു ജീവകങ്ങളും പ്രാകൃതിക ലവണങ്ങളും അനുപേക്ഷണീയമാണ്.

രക്തത്തിൽ അമ്ലം കൂടുന്നതാണ് ഏതു രോഗത്തിനും കാരണം. അതിനാൽ മാംസം, മത്സ്യം, മുട്ട, മൈദ, പരിപ്പ്, നെയ്യ് തുടങ്ങിയ അമ്ലജനകമായ ഭക്ഷണപദാർഥങ്ങൾ ഉപേക്ഷിക്കണം. മുളകും, മസാലയും കൂടുതലുപയോഗിക്കരുത്. എല്ലാതരം പച്ചക്കറികളും ഇലക്കറികളും പഴങ്ങളുമാണ് അമ്ലാംശം ദുരീകരിച്ചു രക്തം ശുദ്ധമാക്കി ദേഹത്തെ രോഗമുക്തമാക്കുന്ന ഖാദ്യങ്ങൾ. പഴങ്ങളിൽത്തന്നെ ചാറുള്ള മധുരനാരങ്ങ, കൈതച്ചക്ക (പൈനാപ്പിൾ) തക്കാളി, മാമ്പഴം തുടങ്ങിയവയാണു കൂടുതൽ ഗുണകരം. ആപ്പിൾ, പപ്പായ, തണ്ണിമത്തൻ തുടങ്ങിയവ രണ്ടാംതരത്തിലും മറ്റുള്ളവ മൂന്നാംതരത്തിലും പെടുത്താം. കാരറ്റൊഴികെ കിഴങ്ങുവർഗങ്ങളൊന്നും തിന്നരുത്.

വണ്ണം കുറയ്ക്കാനുള്ള ചികിത്സ തുടങ്ങി ഒന്നുരണ്ടാഴ്ച കഴിഞ്ഞാൽ തവിടു കളയാത്ത കുത്തരിച്ചോറും മോരും കൊഴുപ്പില്ലാത്ത പാലും കഴിക്കാം. തടി കുറയ്ക്കാൻ തീരെ വിശന്നിരിക്കേണ്ട കാര്യമില്ല. രാവിലെ എണീറ്റ് ഉടനേ ചെറുനാരങ്ങനീരും തേനും ചേർത്ത ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നത് ഉന്മേഷകരമാണ്. പ്രഭാതഭക്ഷണത്തിൽ ഏതെങ്കിലും ചാറുള്ള പഴം ഉൾപ്പെടുത്തണം. ഉച്ചയ്ക്ക് ഒന്നോ രണ്ടോ ചപ്പാത്തിയും യഥേഷ്ടം പച്ചക്കറി സലാഡും കഴിക്കാം. അത്താഴത്തിനു രണ്ടു തരം പച്ചക്കറികളും പഴവും സ്വല്പം ചോറും മാത്രം ഉപയോഗിക്കാം. തക്കാളി, വെള്ളരിക്ക, കക്കരി എന്നിവയുടെ ചാറ് തടി കുറയാൻ കൂടുതൽ ഫലപ്രദമാണ്. തക്കാളി, വെള്ളരിക്ക, കക്കരിക്ക എന്നിവയുടെ ചാറിൽ ചെറുനാരങ്ങ നീരും തേനും ചേർത്താൽ രുചിയേറും. വെളളരിക്കയും തക്കാളിയും കാരറ്റും മറ്റും പച്ചയ്ക്കുതന്നെ തിന്നുന്നതാണു കൂടുതൽ ഫലപ്രദം.

പ്രസ്തുത ഭക്ഷണക്രമം കൊണ്ടു തൂക്കം കുറയുകയും ദേഹം ശുദ്ധമാവുകയും ചെയ്യും. തൂക്കം പെട്ടെന്നു കുറഞ്ഞെന്നുവരില്ല. അതുകൊണ്ട് ഉത്കണ്ഠപ്പെടരുത്. ക്രമികമായി കുറഞ്ഞുകൊള്ളും. വ്യായാമം മുറയ്ക്ക് ചെയ്യണം. തൂക്കം കുറയുമ്പോൾ അയയുന്ന ത്വക്കിനെ വ്യായാമം മുറുക്കുകയും സങ്കോചിപ്പിക്കുകയും ഉന്മേഷമുണ്ടാക്കുകയും ചെയ്യും. വ്യായാമം ശ്രമകരമാകരുത്.

ഒരു സാധാരണ കസേരയിൽ ഇരിക്കുകയും എണീക്കുകയും ചെയ്യുക. അപ്പോൾ ദീർഘമായി ശ്വസിച്ചു കൊണ്ടിരിക്കണം. ദേഹത്തിലെ ഓരോ മാംസപേശിയും അയച്ചിടുകയും വേണം. കാലുകൾ നേരെനിറുത്തി മാംസപേശികൾ തളർത്തിയിട്ടു കസേരയുടെ പിൻഭാഗത്തേക്കു ഞെളിയണം. ഈ വ്യായാമം എത്ര കുറി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണു പ്രയോജനമുണ്ടാവുക. ഉദ്ദിഷ്ടഫലം ലഭിക്കാൻ അമ്പതു മുതൽ നൂറു കുറിവരെ ചെയ്യണം.

തോന്നുമ്പോഴൊക്കെ ആഹാരം കഴിക്കുന്ന ശീലം നിറുത്തി കണിശമായി സമയനിഷ്ഠ പാലിക്കണം. ഭക്ഷിക്കുമ്പോൾ ടി.വി. കണ്ടുകൊണ്ടിരിക്കുകയോ, പുസ്തകവായനയിലോ മറ്റേതെങ്കിലും ഇഷ്ടപ്പെട്ട പ്രവൃത്തിയിലോ വ്യാപൃതനാവുകയോ ചെയ്യരുത്. തിടുക്കപ്പെട്ടു തിന്നുന്നതും നന്നല്ല. ഉപ്പ് പരമാവധി കുറച്ചുപയോഗിക്കണം.

കൂടുതൽ നേരം കിടക്കുന്നതും ഗുണകരമല്ല. എട്ടുമണിക്കൂറിലേറെ ഉറങ്ങേണ്ടതില്ല. കൂടുതൽ ഉറങ്ങുന്നത് അലസതയും തളർച്ചയുമുണ്ടാക്കും.

തൂക്കം അനുക്രമം കുറച്ചുകൊണ്ടുവരണം. അതിനു തൂക്കം നോക്കുന്ന ഒരു യന്ത്രം സ്വന്തമായോ, കടമായോ വാങ്ങി ഉപയോഗിക്കുന്നതു കൊള്ളാം. ഓരോ ദിവസത്തെയും തൂക്കം നോക്കി എത്രയെന്നു കുറിച്ചുവച്ചാൽ തൂക്കത്തിൽ വരുന്ന മാറ്റം മനസ്സിലാക്കി ആഹാരത്തിൽ സമതുലിതാവസ്ഥ പാലിക്കാൻ സാധിക്കും.

കടപ്പാട്: പ്രകൃതിചികിത്സ

എം.കെ. ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

 

അവസാനം പരിഷ്കരിച്ചത് : 10/24/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate