অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രകൃതി ചികിത്സ ലൂയികൂനി സമ്പ്രദായം

ആമുഖം

പ്രകൃതി ചികിത്സാപ്രേമികൾക്കു പ്രാത:സ്മരണീയനാണ് ലൂയികൂനി. അദ്ദേഹത്തോളം പ്രശസ്തിയും പ്രാമാണ്യവുമുള്ള മറ്റൊരു പ്രകൃതിചികിത്സകനുണ്ടെന്നു തോന്നുന്നില്ല. ലൂയികുനി എന്ന നാമധേയം പ്രകൃതി ചികിത്സയുടെ പര്യായപദമായിപ്പോലും മാറിക്കഴിഞ്ഞിരിക്കുന്നു.

അദ്ദേഹം പ്രകൃതിചികിത്സാരംഗത്തെ പ്രശംസനീയമായ പല പരിഷ്കാരങ്ങളും വരുത്തി. തന്റെ തനിമയും പുതുമയുമുള്ള ചികിത്സയ്ക്ക് ഉപയോജ്യമായ നൂതനോപകരണങ്ങളുണ്ടാക്കി. അദ്ദേഹമാവിഷ്കരിച്ചു നടപ്പിൽ വരുത്തിയ ചികിത്സാപദ്ധതി 'ലൂയികൂനി ചികിത്സ' എന്ന പേരിൽ അറിയപ്പെടുന്നു.

"ആവശ്യമാണ് ആവിഷ്കാരത്തിന്റെ ജനയിത്രി' എന്നൊരു ചൊല്ലുണ്ട്. ലൂയികുനി പ്രകൃതി ചികിത്സകനായതും പ്രക്യതി ചികിത്സാസമ്പ്രദായം സ്വന്തം ജീവിതത്തിൽ പകർത്തിയതും ആവശ്യത്തിന്റെ സമ്മർദം കൊണ്ടുതന്നെയാണ്.

താരുണ്യത്തിന്റെ പ്രാരംഭത്തിലേ, ഇരുപതാം വയസ്സിൽ മാറാരോഗം പിടിപെട്ട് അദ്ദേഹം ശയ്യാവലംബിയായിത്തീർന്നു. അന്നത്തെ പേരുകേട്ട പല ഡോക്ടർമാരും ചികിത്സിച്ചു നോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഒടുവിൽ ചികിത്സിച്ചു ചികിത്സിച്ചു മടുത്തു. അദ്ദേഹത്തിന്റെ പിതാവ് ഉദരവ്യാധി കൊണ്ടാണു മരിച്ചുപോയത്. അങ്ങനെ പല കാരണങ്ങൾ കൊണ്ട് അദേഹത്തിന് അലോപ്പതി ചികിത്സയോടു മടുപ്പു മാത്രമല്ല, വെറുപ്പും തോന്നി.

ആയിടയ്ക്കാണു 1864-ൽ ജർമനിയിൽ പ്രകൃതിചികിത്സകരുടെ ഒരു സമ്മേളനം നടന്നത്. ലൂയികുനി അതിൽ സോത്സാഹം പങ്കെടുത്തു.

കഠിനമായ നെഞ്ചുവേദനമൂലം അദ്ദേഹത്തിനു സംസാരിക്കാൻ പോലും പ്രയാസമുണ്ടായിരുന്നു. പൊറുതിമുട്ടി അദ്ദേഹം ഒരു സദസ്യനോടു ചോദിച്ചു-"നെഞ്ചുവേദന മാറാൻ എന്തു ചെയ്യണം', ഒരു തുണി നനച്ച് നെഞ്ചിൽ കെട്ടിയാൽ മതിയെന്നായിരുന്നു ഉത്തരം.

അങ്ങനെ ചെയ്തപ്പോൾ തെല്ലൊരാശ്വാസമുണ്ടായി. അതോടെ പ്രകൃതി ചികിത്സയിൽ താത്പര്യം വർദ്ധിച്ചു. പിന്നീട് എവിടെ പ്രകൃതി ചികിത്സക യോഗമുണ്ടെങ്കിലും സംബന്ധിക്കുക പതിവായി.

കുറെനാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ രോഗം വളരെ വർദ്ധിച്ചു. ഉദരം നിറയെ വ്രണങ്ങൾ. ശ്വാസകോശത്തിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമായി. ഉറക്കമാണെങ്കിൽ പിണക്കവും. ആ വിഷമാവസ്ഥയിലും പ്രകൃതി ചികിത്സയിലുള്ള വിശ്വാസത്തിനു കുറവുവന്നില്ല. ആ ചികിത്സകൊണ്ട് രോഗം പൂർണമായി മാറ്റാമെന്നു അദ്ദേഹത്തിനു ദൃഢവിശ്വാസമുണ്ടായിരുന്നു. പക്ഷേ വസ്തി, ധാര, കെട്ട് എന്നിവ കൊണ്ടു വേദനയ്ക്ക് മാത്രമേ ശമനം കിട്ടിയുള്ളൂ. അതുകൊണ്ടായില്ല. രോഗം നിർമൂലം നിർമാർജനം ചെയ്യണം. ആ ലക്ഷ്യം വച്ചു കൊണ്ടു സ്വന്തമായ ചില പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി. ആദ്യം തന്നെത്തന്നെ പരീക്ഷണങ്ങൾക്കു വിധേയനാക്കി. ഫലം വളരെ പ്രോത്സാഹജനകമായിരുന്നു. തുടർന്നു രോഗികളിലും പരീക്ഷണം നടത്തി നോക്കി. അതു വിജയകരമായി അനുഭവപ്പെട്ടു. പിന്നെ ഏതു രോഗത്തിനും ചികിത്സിക്കാമെന്നായി. ചികിത്സിക്കുന്ന രോഗങ്ങളൊക്കെ മാറിത്തുടങ്ങി. അതോടെ കൂനി കൂടുതൽ പ്രസിദ്ധനായി.

അദ്ദേഹത്തിന്റെ വ്യാപകമായ ജനസമ്മതിയിലും ചികിത്സയുടെ തിട്ടമായ ഫലസിദ്ധിയിലും അസഹിഷ്ണുക്കളും അസൂയാലുക്കളുമായ അലോപ്പതി ഡോക്ടർമാർ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ നിരന്തരം വ്യാപൃതരായി. ഒരടിസ്ഥാനവുമില്ലാത്ത അപവാദങ്ങൾ പറഞ്ഞുപരത്തി. കള്ളക്കേസുകളിൽ കുടുക്കാൻ നോക്കി. പുതുമയുടെ നേരെ കൊഞ്ഞനം കുത്തുകയും പുതുവെളിച്ചം കാണുമ്പോൾ വിറളിയെടുക്കുകയും ചെയ്യുക യാഥാസ്ഥിതികരുടേയും നിക്ഷിപ്തതാത്പര്യക്കാരുടേയും പണ്ടേയുള്ള പതിവാണല്ലോ. പ്രകൃതി ചികിത്സ പ്രചരിപ്പിച്ചതിനുള്ള കൂനിയുടെ അതേ തിക്താനുഭവം അദ്ദേഹത്തിന്റെ മുൻഗാമികൾക്കുമുണ്ടായിട്ടുണ്ട്. പ്രിസ്നിറ്റ്സ്, സ്ക്രോധ്, ഫ്രാങ്ക്, ഹാൻ തുടങ്ങിയ ആദിമപ്രക്യതി ചികിത്സകരെ നിറുത്തിപ്പൊരിക്കാൻ ചില നിക്ഷിപ്ത താത്പര്യക്കാരും യാഥാസ്ഥിതികരും നടത്തിയ കുത്സിത പ്രവ്യത്തികൾ കുപ്രസിദ്ധമാണ്. പക്ഷെ കൂനി ആക്ഷേപങ്ങളിൽ അക്ഷോഭ്യനായി, എതിർപ്പുകളിൽ അചഞ്ചലനായി മുന്നോട്ടുപോയി.

1883 ഒക്ടോബര്‍ 10-)൦ തീയതി അദ്ദേഹം ഒരു പ്രകൃതി ചികിത്സാലയം ആരംഭിച്ചു. ആദ്യമൊന്നും ഏറെ രോഗികൾ അവിടെ ചെന്നിരുന്നില്ല. എന്നാൽ വമ്പന്മാരായ അലോപ്പതി ഡോക്ടർമാർ ചികിത്സിച്ചിട്ടും ഭേദമാകാതിരുന്ന ചില രോഗങ്ങള്‍ മാറ്റിക്കൊടുത്തതോടെ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും രോഗികൾ അവിടെ ചെല്ലാൻ തുടങ്ങി. ജലസ്പർശസ്നാനം കൊണ്ടാണ് അദ്ദേഹം ഏറിയകൂറും രോഗങ്ങൾ മാറ്റിയിരുന്നത്. വളരെ പഴക്കം ചെന്ന മഹാരോഗങ്ങളും മറ്റും പ്രസ്തുത സ്നാനം കൊണ്ട് ഭേദപ്പെടുത്താമെന്നല്ലാതെ പൂർണമായി മാറ്റിക്കളയാമെന്ന് അദ്ദേഹം വീരവാദം ചെയ്തിരുന്നില്ല.

മരുന്നുകൾ കഴിച്ച് ദേഹമാകെ വിഷം നിറഞ്ഞിരിക്കുമ്പോഴും ആരോഗ്യം തകർന്നിരിക്കുമ്പോഴും രോഗത്തിനു ശമനമുണ്ടാക്കാമെന്നല്ലാതെ പൂര്‍ണമായി മാറ്റാൻ പണിയാണ്. പക്ഷേ, ക്രമികമായ ദിനചര്യ, നിഷ്കൃഷ്ടമായ പഥ്യാചരണം, പ്രകൃത്യനുസൃതമായ ജീവിതം, വിദഗ്ധമായ ചികിത്സ എന്നിവ മൂലം എത്ര പഴക്കം ചെന്ന മാരകരോഗവും മാറ്റാൻ കഴിയും. കൂനി തന്നെ അതിന് ഉദാഹരണം. കാൽനൂറ്റാണ്ടുകാലത്തെ പഴക്കമുള്ള മഹാരോഗത്തിൽ നിന്നാണ് അദ്ദേഹം നിത്യമുക്തനായത്.

പ്രാചീന പ്രകൃതിചികിത്സകർക്കു ശരീരത്തിലെ ദുഷ്ട്ടിന്റെ സ്വഭാവം, ഗതിവിഗതികൾ എന്നിവയെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അലോപ്പതിക്കാരുടെ രോഗനിർണയശാസ്ത്രമാണവർ പിന്തുടർന്നിരുന്നത്. കൂനി ആ രീതി തഴഞ്ഞു. മുഖവും കഴുത്തും മാത്രം പരിശോധിച്ചു ദുഷ്ട്ടിന്റെ സ്വഭാവം മനസ്സിലാക്കിയാണ് അദ്ദേഹം രോഗനിർണയം നടത്തിയിരുന്നത്. ആ രീതി അലോപ്പതിക്കാരുടേതിനേക്കാൾ കൂടുതൽ സൂക്ഷ്മവും സുകരവുമായിരുന്നു. പൂർവ്വചികിത്സകർ ഭക്ഷണക്രമത്തിനു ശാസ്ത്രാധിഷ്ഠിതമായ ഒരു വ്യവസ്ഥയും ഏർപ്പെടുത്തിയിരുന്നില്ല. കൂനി ആ കുറവും പരിഹരിച്ചു. അങ്ങനെ നിഷ്കൃഷ്ടമായ നിരീക്ഷണവും നിരന്തരമായ പരീക്ഷണവും കൊണ്ട് അദ്ദേഹം തന്റെ മരുന്നും ശസ്ത്രക്രിയയും' ഇല്ലാത്ത ചികിത്സാരീതി ആവിഷ്കരിച്ചു.

ഏതു രോഗവും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദേഹത്തെ പൂർണമായും ബാധിക്കും. തന്മൂലം ഒരവയവം മാത്രം മുറയ്ക്ക് പരിശോധിച്ചാലും ആരോഗ്യസ്ഥിതി മനസ്സിലാക്കാം.

ദഹനേന്ദ്രിയങ്ങളെപ്പരിശോധിക്കുന്നതാണ് അതു മനസ്സിലാക്കാൻ കൂടുതൽ എളുപ്പം. ദഹനം ആരോഗ്യത്തിന്റെ അളവുകോലാണല്ലോ. നല്ല ദഹനശക്തിയുള്ളവനു ഒരു രോഗവുമുണ്ടാവുകയില്ല. ഭക്ഷണം വേണ്ടവണ്ണം ദഹിച്ചിട്ടുണ്ടെങ്കിൽ ഒരു തടസ്സവുമില്ലാതെയും, ഗുദം വൃത്തികേടാകാതെയും മലം പോകും. നന്നായി ദഹിച്ച ആഹാരം മലമായി അല്പം കട്ടിയിൽ വെളിക്കു പോകത്തക്കവണ്ണമാണു ഗുദസംവിധാനം തന്നെ. 'ഞാൻ രോഗിയോ അരോഗനോ' എന്ന തന്റെ പുസ്തകത്തിൽ ലൂയികൂനി ഇതിനെപ്പറ്റി സവിസ്തരം പ്രതിപാദിപ്പിച്ചിട്ടുണ്ട്.

ഏതു രോഗത്തിന്റെയും ലക്ഷണങ്ങൾ ഏറെക്കുറെ ഒന്നുപോലെയാണെന്നു ലൂയികുനി സമർഥിക്കുന്നു. മാറ്റം വേഗം പ്രകടമാവുക മുഖത്തും കണ്ണിലുമാണ്. പിന്നെ മുതുകിലും ഉദരത്തിലും. ഉദരമാണു രോഗത്തിന്റെ പ്രധാന പ്രഭവകേന്ദ്രം. കഴുത്തിനു തടിപ്പും കടുപ്പവും തന്മൂലം തിരിക്കാൻ ഞെരുക്കവുമുണ്ടോ, രോഗം കടന്നാക്രമണം തുടങ്ങിക്കഴിഞ്ഞു വെന്നു തീര്‍ച്ച. കഴുത്തിൽ ദുഷ്ടു നിറഞ്ഞിരിക്കുമ്പോഴാണ് തിരിക്കാനും വളയ്ക്കാനും പ്രയാസം നേരിടുന്നത്. ശരീരത്തിൽ ദുഷടുള്ളപ്പോൾ പലേടത്തും തടിപ്പു കാണപ്പെടും.

തിങ്ങിനിറയുന്ന ദുഷ്ട് പുറത്തു കളയാൻ ദേഹത്തിനു അതിന്റേതായ ചില മാർഗങ്ങളുണ്ട്. അതാണ് ചൊറി, ചിരങ്ങ്, അതിവിയർപ്പ് മുതലായവ. അപ്പോൾ ദേഹത്തിൽ ദുഷ്ടിന്റെ അസ്തിത്വമാണു 'രോഗ'മെന്നു സിദ്ധിക്കുന്നു. ദുഷ്ടില്ലെങ്കിൽ രോഗമില്ല. ദുഷ്ട്ടാണ് ഏതു രോഗത്തിനും നിദാനം. അതിനാൽ ഏതു രോഗത്തിനും ഒരൊറ്റ ചികിത്സയേയുള്ളൂ ദുഷ്ട്ടിനെ ദൂരീകരിക്കുക.

രണ്ടു മുഖ്യമാർഗങ്ങളിലൂടെയാണു ദുഷ്ട് ഉള്ളിൽ കടക്കുന്നത്. വായിലൂടെയും മൂക്കിലൂടെയും. വായിലുടെ വയറ്റിലും മൂക്കിലൂടെ ശ്വാസകോശങ്ങളിലും പ്രവേശിക്കുന്നു. നേരത്തിനും കാലത്തിനും ഭക്ഷണം കഴിക്കാതിരിക്കുക, കഴിക്കുന്ന ഭക്ഷണം ആവശ്യത്തിലധികവും ഉദരത്തിന് അഹിതകരമാവുക തുടങ്ങിയ കാരണങ്ങളാൽ വയറ്റിലും, അശുദ്ധവായു ശ്വസിക്കുന്നതുകൊണ്ടു ശ്വാസകോശങ്ങളിലും ദുഷ്ട് കടന്നു കൂടുന്നു.

ഇന്നത്തെ പരിഷ്കൃതരീതിയിലുള്ള പല കറികളും പലഹാരങ്ങളുമെല്ലാം കാഴ്ചയ്ക്ക് മനോഹരവും വായ്ക്ക് രുചികരവുമാണെങ്കിലും ആരോഗ്യത്തിനു ഹിതകരമല്ല. രാവിലെ നല്ല പൊടിയരിക്കഞ്ഞിക്കും പുഴുക്കിനുമുണ്ടായിരുന്ന സ്ഥാനം ഇന്നു ചായയും റെഡിമെയിഡ് പലഹാരങ്ങളും കയ്യടക്കിയിരിക്കുകയാണല്ലോ.

“കണ്ണിമാങ്ങ, കരിങ്കാളൻ

കനലിൽ ചുട്ട പപ്പടം

കാച്യമേരോടഥതന്നീടിൽ

കാണാം ഭക്ഷണകൌശലം”

എന്ന ശ്ലോകം പണ്ടത്തെ ഭക്ഷണത്തിന്റെ ലാളിത്യത്തെയാണല്ലോ കടാക്ഷിക്കുന്നത്. വ്യവസായവത്കരണത്തിന്റെ ദുഷ്ഫലമായി വായുവും വെള്ളവും അനുദിനം ഉത്തരോത്തരം അശുദ്ധമായിക്കൊണ്ടിരിക്കുന്നു. അപ്രകാരം ആധുനികപരിഷ്കൃതിയുടെ അതിപ്രസരത്തിന്റെ അഭിശാപങ്ങൾ പൊതുജനാരോഗ്യത്തിനു വരുത്തി വയ്ക്കുന്ന വിന ഭയങ്കരമാണ്.

വേണ്ടതിലേറെ ചെലുത്തുന്ന ഭക്ഷണം വെളിയിൽ പോയില്ലെങ്കിൽ ദുഷ്ടായിത്തീരും. ദുഷ്ട്ട് ലൂയി കൂനിയുടെ ഭാഷയിൽ അന്യവസ്തു (ഫോറിൻ മാറ്റർ)വാണ്. ദുഷടിനെ ബഹിഷ്കരിക്കാനുള്ള മുഖ്യമായ പ്രാകൃതിക മാർഗങ്ങളാണു ശ്വാസോച്ഛാസവും മലമൂത്രവിസർജനവും. ആമാശയത്തിലെ ദുഷ്ട്ട് ചിലപ്പോൾ രക്തത്തിൽ സംക്രമിച്ചെന്നുവരാം. അപ്പോഴതു വിയർപ്പും അധോവായുവും മറ്റുമായി നിഷ്ക്രമിക്കുന്നു.

പ്രകൃതിക്കു അങ്ങനെ ചില ബഹിഷ്കരണ മാർഗങ്ങളുണ്ടെന്നതു ശരി തന്നെ. ദുഷ്ട് വളരെ വർദ്ധിച്ചാൽ ബഹിഷ്കരണജോലിയും തദനുസരണം വർദ്ധിക്കും. അപ്പോൾ സ്വാഭാവികമായും ജോലി കുടിശ്ശികയാവും. ഫലമോ? പുറത്തുപോകാനൊക്കാതെ ദുഷ്ട് ദേഹത്തിൽത്തന്നെ തിങ്ങിനിറയും. അവയവങ്ങൾ ഓരോന്നായി പണിമുടക്കു തുടങ്ങും. അതോടെ ആഹാരത്തിന്റെ രുചി കുറയും, ക്ഷിണം തോന്നും, തളർച്ച അനുഭവപ്പെടും. തലകറക്കവുമുണ്ടാകാം. എന്നാലും ശ്വാസകോശവും കുടലും മൂത്രസഞ്ചിയും സാധാരണഗതിയിൽ പ്രവർത്തിക്കുന്നിടത്തോളം വലിയ തകരാറനുഭവപ്പെടുകയില്ല. പക്ഷേ, മൊത്തത്തിൽ ഒരസ്വസ്ഥത തോന്നുമെന്നു മാത്രം.

ഒരാളിൽ രോഗ ബീജം എപ്പോഴാണ് ആവാപം ചെയ്യുന്നതെന്നു നിർധാരണം ചെയ്യുക ദുഷ്കരമാണ്. പെറ്റുവീഴുന്ന കുട്ടികൾ തന്നെ ചിലപ്പോൾ എന്തെങ്കിലും രോഗവും കൊണ്ടാണു വരുക. ചില ചോരക്കുഞ്ഞുങ്ങൾക്ക് കരപ്പനും ശൂലവും മറ്റും പിടിപെടാറുണ്ടല്ലോ. ജനനത്തിനു മുമ്പു തന്നെ കുട്ടിയുടെ ദേഹത്തിൽ അമ്മയുടെ ദുഷടു കടന്നുകൂടിയതാണു കാരണം. വാസ്തവത്തിൽ അത്തരം രോഗങ്ങൾ അത്ര പേടിക്കത്തക്കവയല്ല. അന്നേരം, അല്പം പഥ്യം പാലിക്കണമെന്നേയുള്ളൂ. ഒരു മരുന്നും കൂടാതെ തന്നെ അസുഖങ്ങൾ മാറിക്കൊള്ളുമെന്നാണ് കൂനിയുടെ പക്ഷം.

പുറത്തുപോകാനൊക്കാതെ വരുമ്പോൾ ദുഷ്ട് ദേഹത്തിനുള്ളിൽ കെട്ടിക്കിടന്നു പുളിച്ചുതിളയ്ക്കുന്നു. കള്ളുപുളിച്ചുതിളയ്ക്കുമ്പോൾ അതിൽ ചില അണുക്കളുണ്ടാകുമല്ലോ. അതു പോലെ ദുഷ്ടു പുളിച്ചുതിളയ്ക്കുമ്പോൾ ദേഹത്തിലും അണുക്കളുണ്ടാകുന്നു. അവയിളകാൻ തുടങ്ങിയാൽ ദേഹം വീർക്കും. തിളപ്പ് കൂടുമ്പോൾ ചൂടും കൂടും. ദുഷ്ട്ട് കൂട്ടിമുട്ടുമ്പോഴും ചർമ്മത്തിലുരസുമ്പോഴും ചൂടുണ്ടാകും. അതാണു വൈദ്യഭാഷയിൽ ജ്വരം. കോപവും ക്ഷോഭവും ഭയവും ശീതോഷ്ണാവസ്ഥയുമൊക്ക ദുഷ്ട്ടിനെ ഇളക്കിവിടും.

പുളിപ്പും തിളപ്പും പുറപ്പെടുന്നതു ഉദരത്തിൽ നിന്നാണ്. തന്മൂലം ചിലപ്പോൾ ആ ദുഷ്ടെല്ലാം അതിസാരമായി പുറത്തുപോയെന്നു വരും. മലബന്ധമുണ്ടെങ്കിൽ ദുഷ്ടിന്റെ അധോഗതി മുട്ടും. പിന്നെത്തൊട്ട് ഉദ്ഗതിയാണ്. തലനോവും കൊണ്ടാണു ദുഷ്ട്ടു മേലോട്ടു വരുക. പലപ്പോഴും തലനോവിന്റെ കൂടപ്പിറപ്പായിരിക്കും പനി. തലനോവും, പനിയും മാത്രമല്ല മൂത്രതടസവും ശ്വാസം മുട്ടലും സ്വേദരോധവും മലബന്ധം വരുത്തിവയ്ക്കും. ദുഷ്ട് ഇളകുമ്പോൾ ചർമ്മം ചീർക്കുമെന്നു പറഞ്ഞല്ലോ. ചർമം പരമാവധി വികസിച്ചു കഴിഞ്ഞാൽ രോഗം അപകടാവസ്ഥയിലെത്തിയെന്നു പറയാം. അപ്പോൾ വേണ്ടവണ്ണം വിയർപ്പിച്ചാൽ ദുഷ്ട്ടു പുറത്തുപോയിക്കൊള്ളും.

ചൂടു കൂടുമ്പോഴാണല്ലോ പനി. അപ്പോൾ കുളിരുണ്ടാകുന്നതോ? ദുഷ്ടു കൂടുമ്പോൾ രക്തത്തിനു ശരീരത്തിന്റെ മേൽഭാഗത്തു സഞ്ചരിക്കാൻ പ്രയാസം നേരിടുന്നു. അപ്പോൾ രക്തം നേരേ ചെല്ലാതെ ആദ്യം കൈകാലുകളിലും പിന്നീട് ദേഹത്തിലാകെയും കുളിരു വ്യാപിക്കുന്നു. പനിയുടെ മുന്നോടിയാണു കുളിര്.

അണുപ്രാണികളാണു രോഗം സംക്രമിപ്പിക്കുന്നതെന്ന സിദ്ധാന്തം അലോപ്പതിക്കാരുടെ 'സിദ്ധാന്തം' മാത്രമാണ്. ദുഷ്ട്ടില്ലാത്തിടത്ത് അണുപ്രാണികൾക്കു അസ്തിത്വമില്ല. ശരീരം ശുദ്ധമാണെങ്കിൽ ഒരു രോഗവും ഒരിക്കലും പിടിപെടുകയില്ലെന്നർത്ഥം. അത്തരക്കാർക്ക് ഏതു പരിസ്ഥിതിയിലും ഒരു കുത്തിവയ്പിന്റെ ആവശ്യമില്ല.

മുമ്പു സൂചിപ്പിച്ചതുപോലെ പ്രകൃതി ചികിത്സകരുടെ ദൃഷ്ടിയിൽ എല്ലാ രോഗങ്ങൾക്കും കാരണം ഒന്നേ ഉള്ളൂ. അതിനാൽ ചികിത്സയും ഒന്നു മാത്രം. കുളിയും ആഹാരക്രമവുമാണു മുഖ്യചികിത്സാമാധ്യമങ്ങൾ. പ്രധാനമായി നാലുതരം കുട്ടികളാണു കൂനിയുടെ ചികിത്സാസമ്പ്രദായത്തിലുളളത്. സ്വേദസ്നാനം, ആതപസ്നാനം, ഉദരസ്നാനം, ജലസ്പർശസ്നാനം.

സ്വേദസ്നാനം

ചർമത്തിലെ രോമകൂപങ്ങൾ തുറന്നു ദുഷ്ടിനെ ബഹിഷ്കരിക്കുന്നതിനു തുലോം ഉപകരിക്കുന്നതാണു സ്വേദസ്നാനം. കൂനി സ്വേദസ്നാനത്തിനു പ്രത്യേകം പണി തീർത്ത ഒരു കട്ടിലാണ് ഉപയോഗിച്ചിരുന്നത്. മടക്കാവുന്ന ആ കട്ടിൽ കൂടുതൽ സൗകര്യപ്രദമാണെങ്കിലും സാധാരണക്കാർക്ക് അത്ര സുലഭമല്ലല്ലോ. അവർക്കു കയറ്റു കട്ടിൽ കൊണ്ടു കാര്യം സാധിക്കാവുന്നതാണ്.

രോഗസ്ഥിതി പോലെ ദേഹം ഭാഗികമായോ, പൂർണമായോ വിയർപ്പിക്കാം. മൂന്നു കുടങ്ങളിൽ വെള്ളമൊഴിച്ചു വാ നന്നായടച്ചു തിളപ്പിക്കുക. വെള്ളം വെട്ടിതിളയ്ക്കണം. രോഗി കയറ്റുകട്ടിലിൽ മലർന്നുകിടക്കണം. ആവി പുറത്ത് പോകാതിരിക്കാൻ ദേഹം മുഴുവൻ പുതപ്പുകൊണ്ടു മൂടി കട്ടിലിന്റെ നാലുവശവും മറയ്ക്കണം. മുതിർന്നവരെയാണു മൂന്നു കുടം വച്ച് വിയർപ്പിക്കേണ്ടത്. പ്രായഭേദം അനുസരിച്ചു കുടങ്ങൾ കുറയ്ക്കാം. കിടപ്പിന്റെ വട്ടം ശരിപ്പെടുത്തിക്കഴിഞ്ഞാൽ തോൽപ്പലക, മുതുക്, കാലിന്റെ വണ്ണ ഇവയുടെ കീഴെ ഓരോ കൂടം വാതുറന്നു വച്ച് ആവി കൊള്ളിക്കണം.

പത്തോ, പതിനഞ്ചോ മിനിറ്റുനേരം രോഗി കമിഴ്ന്നു കിടക്കണം. അരമണിക്കൂറുവരെ വിയർപ്പിക്കാം. വിയർപ്പിക്കുന്നതു കൊണ്ടു രോഗിക്കു അസ്വസ്ഥത തോന്നിത്തുടങ്ങിയാൽ ഉടൻ നിറുത്തണം. മുതുകിന്റെ കീഴെ മാത്രം ഒരു കുടം വച്ചാണു കുട്ടികളെ വിയർപ്പിക്കേണ്ടത്. ആവി കുറഞ്ഞുപോയാൽ ആവിയുള്ള മറ്റൊരു കുടം പകരംവച്ച്, ആവി കുറഞ്ഞ കുടം പിന്നീട് ഉപയോഗിക്കാൻ വീണ്ടും വെള്ളമൊഴിച്ച് തിളപ്പിക്കണം.

ദുർബലരും, അധികം വിയർക്കുന്നവരും, നാഡീരോഗികളും, സ്വേദസ്നാനം ചെയ്യരുത്. അത്തരക്കാർക്കു ഉദരസ്നാനവും ജലസ്പർശസ്നാനവുമാണ് നല്ലത്. വിദഗ്ധോപദേശപ്രകാരമല്ലാതെ ആഴ്ചയിൽ രണ്ടിലേറെ കുറി സ്വേദസ്നാനം ചെയ്യരുത്.

സ്വേദസ്നാനം കഴിഞ്ഞാലുടൻ ഉദരസ്നാനം ചെയ്യണം. പിന്നീട് ദേഹമാകെ തണുക്കത്തക്കവണ്ണം വേഗം നെഞ്ച്, കഴുത്ത്, ഭുജങ്ങൾ, കാലുകൾ, തല എന്നിവ കഴുകണം. തദനന്തരം വീണ്ടും വിയർപ്പു പൊടിയുമാറ് ദേഹം ചൂടുപിടിപ്പിക്കണം. തുറന്ന സ്ഥലത്തു വ്യായാമം ചെയ്തോ, ബലമില്ലാത്തവർ മൂടിപ്പുതച്ചു കിടന്നോ യഥായോഗ്യം ചൂടുപിടിപ്പിക്കാവുന്നതാണ്.

താഴെ കുടം വച്ച് ചൂരൽക്കസേരയിൽ മൂടിപ്പുതച്ചിരുന്നും സ്വേദസ്നാനം നടത്താറുണ്ട്.

വയറ്റു നോവ്, മാസമുറ ക്രമക്കേടുകൾ, ഗുൻമം തുടങ്ങിയ രോഗങ്ങൾക്ക് ഉദരഭാഗത്തു മാത്രം സ്വേദസ്നാനം നടത്തിയാൽ മതി. പിന്നീട് ഉദരസ്നാനമോ, ജലസ്പർശസ്നാനമോ നടത്തി ഉടൻ ഉദരം തണുപ്പിക്കുകയും വേണം. പ്രസ്തുത സ്നാനങ്ങൾ കുളിരനുഭവപ്പെടുന്നതു വരെയേ നടത്താവു.

ആതപസ്താനം

വെയിലു കൊണ്ടുള്ള കുളി തന്നെ ആതപസ്നാനം. വെയിൽകുളിക്ക് രോഗി നല്ലപോലെ വെയിലേൽക്കുന്ന ഒരിടത്തു പായിൽക്കിടക്കണം. ഏറെ കാറ്റുള്ള സ്ഥലമാകരുത്. ദേഹത്ത് തുണി ആവുന്നത്ര കുറവായിരിക്കണം. സൂര്യരശ്മി തട്ടാതിരിക്കാൻ തലയും മുഖവും പച്ച വാഴയിലകൊണ്ടു മൂടിയിരിക്കണം. ഉദരത്തിൽ നനഞ്ഞ മുണ്ടോ, ഇലക്കീറോ, ഇടുന്നതുകൊള്ളാം.

അര മുതൽ ഒന്നരമണിക്കുർ വരെ അങ്ങനെ കുളിക്കാം. വേനൽക്കാലത്ത് ഏറെ നേരം വെയിൽക്കുളി പാടില്ല. ചിലർക്കു വെയിലത്തു കിടന്നാലുടൻ, തലനോവോ, തലകറക്കമോ പിടിപെടും. തുടക്കത്തിൽ അത്തരക്കാരും ഏറെനേരം വെയിലേൽക്കരുത്. ആതപസ്നാനത്തിനു ശേഷം ഉദരസ്നാനമോ, ജലസ്പർശസ്നാനമോ നടത്തണം. അങ്ങനെ തണുപ്പിച്ചശേഷം ദേഹം വീണ്ടും ചൂടുപിടിപ്പിക്കണം. അതിനു മറ്റുതരത്തിൽ പറ്റുന്നില്ലെങ്കിൽ അല്പം വെയിൽ കൊണ്ടാലും മതി. പതിനൊന്നു മണിക്കുമുമ്പും മൂന്നുമണിക്കു പിമ്പുമാണു ആതപസ്നാനത്തിനു പറ്റിയ സമയം. മുഴകളും വ്രണങ്ങളും മറ്റും മാറ്റുന്നതിനു രോഗമുള്ളിടത്തു മാത്രമായും വെയിൽക്കുളി നടത്താറുണ്ട്.

രോഗമുളളവർ വെയിൽ കൊണ്ടാൽ ദേഹത്തിലെ ദുഷ്ട് ഇളകും. ദുഷ്ട്ടിളകുമ്പോൾ തലയ്ക്കു നോവും കറക്കവുമൊക്കെയുണ്ടാകും. ആരോഗ്യമുള്ളവർ വെയിൽ കൊണ്ടാൽ ഒരസുഖവും വരില്ല.

മുറയ്ക്കു വെയിൽക്കുളി നടത്തിയാൽ വിളർച്ചയും വാതവും ക്ഷയവുമെല്ലാം വേരറ്റു പോകും.

ഉദരസ്നാനം

അണ്ഡാക്യതിയിലുള്ള തൊട്ടിയിൽ വെള്ളമൊഴിച്ച് രോഗി അതിലിരിക്കണം. വെള്ളം പൊക്കിൾക്കൊടിവരെയെ ഉണ്ടാകാവു. കാൽ തൊട്ടിക്കു പുറത്തിടണം. പിന്നീട് തൊട്ടിയുടെ ഓരം ചാരിയിരുന്നു പൊക്കിളിനു താഴ്വശം അടിവയർ കീഴോട്ടും കുറുകേയും പരുപരുപ്പുള്ള തുണിക്കീറു കൊണ്ടു തിരുമ്മണം. ദേഹത്തിനു നല്ല തണുപ്പു തോന്നുമ്പോൾ നിറുത്തണം. കുട്ടികളും ദുർബലരും ഏറെ നേരം തിരുമ്മരുത്. ഉദരസ്നാനം നടത്തുമ്പോൾ പാദവും ഉദരത്തിനുമേലുള്ള ശരീരവും നനയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസോച്ഛ്വാസത്തിനു തടസ്സം വരാത്തവിധം മൂടിപ്പുതച്ചിരുന്ന് ഉദരസ്നാനം നടത്തുന്നതും കൊള്ളാം. ഉദരസ്നാനത്തിനു ശേഷം വിയർക്കത്തക്ക വ്യായാമം ചെയ്യണം. നന്നേ ക്ഷീണമുള്ളവർ മൂടിപ്പുതച്ചു കിടന്നു ദേഹം ചൂടാക്കിയാലും മതി. ദിവസം ഒന്നോ രണ്ടോ മൂന്നോ കുറി ഉദരസ്നാനം നടത്താം. ഉദരസ്നാനവും ജലസ്നാനവും ഇടവിട്ടു നടത്തുന്നത് കൂടുതൽ ഗുണകരമാണ്.

ജലസ്പർശസ്നാനം

സ്ത്രീകൾക്കുണ്ടാകുന്ന പല രോഗങ്ങളും ജലസ്പർശസ്നാനം കൊണ്ടു പമ്പകടക്കും. ഒരു ടബ്ബിൽ വെള്ളം നിറച്ച് അതിൽ ഒരു സ്റ്റൂൾ വയ്ക്കണം. സ്റ്റൂൾ വെള്ളത്തിൽ മുങ്ങണമെന്നില്ല. രോഗിണി ആ സ്റ്റൂളിൽ കാൽ പുറത്തിട്ടിരിക്കണം. എന്നിട്ട് ജനനേന്ദ്രിയത്തിന്റെ ചുറ്റുമുള്ള ചർമം മാത്രം തോർത്തുകൊണ്ടോ മറ്റോ മെല്ലെമെല്ലെത്തിരുമ്മണം. ജനനേന്ദ്രിയത്തിന്റെ പുറമല്ലാതെ അകം കഴുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാലും ദേഹവും തണുക്കാതെ നോക്കുകയും വേണം. പത്ത് മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ ജലസ്പർശസ്നാനം നടത്താം. ആദ്യം പത്തു മിനിറ്റിൽത്തുടങ്ങി ക്രമേണ വേണം സമയം കൂട്ടാൻ. മാസമുറക്കാലത്തു ജലസ്പർശസ്നാനം നിഷിദ്ധമാണ്. ബലത്തിൽ തിരുമ്മുന്നതും ഫലത്തില്‍ ദോഷമാകും.

പുരുഷന്മാർക്കു മറ്റൊരുവിധമാണു ജലസ്പർശസ്നാനം. അവർ വെള്ളം നിറച്ച ടബ്ബിലെ സ്കൂളിലിരുന്നു ജനനേന്ദ്രിയത്തിന്റെ അഗ്രചർമം ഇടംകൈവിരൽ കൊണ്ടു മുന്നോട്ടു പിടിച്ചു വലിച്ചു അറ്റം തണുത്തവെള്ളത്തിൽ മുക്കി മെല്ലെത്തിരുമ്മണം. ചര്‍മ്മാഗ്രത്തിലല്ലാതെ ലിംഗാഗ്രത്തിൽത്തിരുമ്മിപ്പോകരുത്. ചിലപ്പോൾ തിരുമ്മുന്നിടത്ത് പരുവോ കുരുവോ മുളച്ചു പൊട്ടിയേക്കാം. എന്നാലും സ്നാനം നിറുത്തരുത്. ദുഷ്ട്ടിളകിപ്പുറത്തു പോകുമ്പോഴാണങ്ങനെ സംഭവിക്കുന്നത്. അതിൽ ഭയക്കാനൊന്നുമില്ല. അപ്പോൾ തിരുമ്മുന്ന തുണി കുറേക്കൂടി നേർത്തതാകണമെന്നേയുള്ളൂ.

സ്റ്റൂളിന്റെ മുകളിൽ രണ്ടുമൂന്ന് അംഗുലം വരെ വെള്ളം നിറുത്തി പ്യഷ്ടം നനച്ചിരുന്നും ജലസ്പർശസ്നാനം നടത്താം. ആ രീതി ചിലരെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രയോജനകരമാണ്.

ലിംഗത്തിന്റെ ചർമാഗ്രത്തിലും യോനിയുടെ ഇരുവശങ്ങളിലുമാണ് ദേഹത്തിലെ ചില പ്രധാന ഞരമ്പുകൾ പലേടത്തുനിന്നുമായി എത്തിച്ചേരുന്നത്. മസ്തിഷ്കവുമായി നേരിട്ട് ബന്ധപ്പെട്ട ഒരു ഞരമ്പും ലിംഗാഗ്രത്തിൽ വന്നവസാനിക്കുന്നുണ്ട്. അതിനാൽ അവിടെ തിരുമ്മുമ്പോൾ ഉൾച്ചൂടാകെ കുറയുന്നു. നാഡികൾ ശക്തിപ്പെടുന്നു. ദേഹമാകെ ഒരു നവോന്മേഷം പ്രസരിക്കുന്നു. രോഗികൾക്കാണു ജലസ്പർശസ്നാനം കൂടുതൽ ഗുണകരം. നല്ല ആരോഗ്യമുള്ളവർ ജലസ്പർശ സ്നാനം ചെയ്യണമെന്നില്ല.

ജലസ്പർശസ്നാനം ചൂടിനെ കുറയ്ക്കുന്നു. ദുഷ്ടിടിനെ ബഹിഷ്കരിക്കുന്നു. ദീപനത്തെ ഉത്തേജിപ്പിക്കുന്നു. രോഗത്തെ പ്രതിരോധിക്കുന്നു. ഉള്ളില്‍ ചൂടു കൂടുമ്പോഴാണു രോഗം പിടികൂടുന്നത്. ആ ചൂടു ക്രമേണ കുറച്ചുകൊണ്ടുവന്നാൽ രോഗം മാറിപ്പോവുകയും ചെയ്യും. മണ്ണിന്റെ പോൾട്ടീസ് കെട്ടിയും ചൂടു കുറയ്ക്കാം.

ശക്തിസിദ്ധികളുടെ വിളനിലമാണു വെയിലും വെള്ളവും. രണ്ടും കുചേലകുബേരഭേദം കൂടാതെ എല്ലാവർക്കും സുലഭവുമാണ്. പക്ഷേ ഏറെപ്പേരും, അവ വേണ്ടത്ര വേണ്ടതുപോലെ ഉപയോഗപ്പെടുത്തുന്നില്ലെന്നുള്ളതാണ് പരിതാപകരമായ പരമാർഥം.

പ്രസ്തുത സ്നാനങ്ങൾക്കു സർവരോഗസംഹാരക്ഷമതയുണ്ടെന്നു കൂനി അവകാശപ്പെടുന്നില്ല. തീരെ ഓജസ്സില്ലാതിരിക്കുക, ദഹനശക്തി പാടേ കെട്ടു പോയിരിക്കുക എന്നീ അവസ്ഥകളിൽ അവ കൊണ്ടു താത്കാലിക ശമനമേ ലഭിക്കൂ. പൂർണമായി സുഖപ്പെടണമെങ്കിൽ പ്രകൃത്യനുസ്യതമായ ജീവിതരീതികൊണ്ടും ഭക്ഷണക്രമം കൊണ്ടും ദീപനശക്തി വർധിപ്പിക്കണം. അപ്പോൾ ഓജസ്സു കൂടും, ആയുസ്സു നീളും.

ലൂയികൂനിയുടെ ചികിത്സാസമ്പ്രദായം ആർക്കും സ്വയം അനുഷ്ഠിക്കാവുന്നതാണ്. പക്ഷേ, വളരെ പഴക്കം ചെന്ന രോഗമുളളവർ പ്രക്യതി ചികിത്സകന്റെ നിർദ്ദേശാനുസരണം ചികിത്സ നടത്തുന്നതാണു നല്ലത്.

സ്പൈനൽ ബാത്ത്

ജീവൻ നിലനിറുത്തുന്നതു ചൂടാണ്. അതു ദേഹത്തെ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. രോഗബാധിതമായ ദേഹത്തിൽ ചൂട് തുല്യനിലയിലായിരിക്കുകയില്ല. ചിലേടത്ത് രക്തം കെട്ടി നിൽക്കുകയും ചിലടുത്ത് കുറേ ചെല്ലുകയും ചെയ്യുന്നു. കെട്ടിനിൽക്കുന്നിടത്തെ രക്തം ചൂടുള്ളതും കുറേശ്ശേ ചെല്ലുന്നിടത്തേതു തണുപ്പുള്ളതുമായിരിക്കും. രോഗശമനത്തിന് ഈ അസംതുലിതാവസ്ഥ മാറ്റണം. അതിനുള്ള മുഖ്യോപായം കുളിയാണ്.

കുളിയിൽത്തന്നെ സ്പൈനൽ (മേരുദണ്ഡ) സ്നാനമാണ് കൂടുതൽ ആരോഗ്യകരം. അതിനു സൗകര്യപ്രദമായ ഒരു തൊട്ടി ഉണ്ടാക്കണം. മറ്റ് കുളികൾക്കും ആ തൊട്ടി (ടബ്) ഉപയോഗിക്കാവുന്നതാണ്. നട്ടെല്ല് (മേരുദണ്ട) സിരാവ്യൂഹത്തിന്റെ കേന്ദ്രസ്ഥാനമാണ്. സിരാവ്യൂഹത്തെ ശക്തിപ്പെടുത്തുന്നതിൽ മാറ്റെതു കുളിയേക്കാളും പ്രയോജനകരമാണ് മേരുദണ്ഡസ്നാനം. നാലു മണിക്കൂറിലേറെ നേരം മൺപാത്രത്തിൽ ശേഖരിച്ചു വയ്ക്കുന്ന വെള്ളമാണ് ഉപയോഗിക്കേണ്ടത്. ജലത്തിന്റെ താപമാനം ദേഹത്തിന്റെതിനേക്കാൾ കുറഞ്ഞിരിക്കണം. വെള്ളത്തിനു ദുസ്സഹമായ തണുപ്പുണ്ടെങ്കിൽ അല്‍പം ചൂടുവെള്ളം ചേർത്തു തണുപ്പ്  സഹ്യമാക്കാവുന്നതാണ്. ടബിൽ ഒന്നര മുതൽ രണ്ട് അടിയിൽ കൂടുതൽ വെള്ളമുണ്ടാവരുത്. ടബ്ബിൽ കിടക്കുമ്പോൾ പുറവും ദേഹത്തിന്റെ മുൻഭാഗവും വേർതിരിക്കുന്ന ഭാഗം വരെ മാത്രമേ ജലനിരപ്പുണ്ടാകാവൂ.

കടപ്പാട്: പ്രകൃതിചികിത്സ, എം. കെ. ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

അവസാനം പരിഷ്കരിച്ചത് : 10/24/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate