অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രകൃതി ചികിത്സ

പ്രകൃതി ചികിത്സ

പ്രകൃതി ചികിത്സ

നിര്‍വചനം

ജീവിതത്തിന്‍റെ ഭൗതികവും മാനസികവും നൈതികവും ആത്മീയവുമായ തലങ്ങളില്‍ പ്രകൃതിയുടെ രചനാത്മകമായ തത്വങ്ങളുമായി സുസ്വരത നേടത്തക്കവിധത്തില്‍ മനുഷ്യനെ വാര്‍ത്തെടുക്കുന്ന ഒരു വ്യവസ്ഥയാണ് പ്രകൃതിചികിത്സ. ആരോഗ്യ സംസ്ഥാപനപരവും രോഗ നിരോധകപരവും രോഗശമനകരവും ആരോഗ്യ പുന:സ്ഥാപനപരവുമായ ഉര്‍വരത ഈ സമ്പ്രദായത്തിനുണ്ട്. ബ്രിട്ടീഷ് പ്രകൃതി ചികിത്സാ സംഘടനയുടെ മാനിഫെസ്റ്റോ അനുസരിച്ച് ശരീരത്തിനുള്ളില്‍ തന്നെ കുടികൊളളുന്ന ശമനകരമായ ജീവശക്തിയുടെ അസ്ഥിത്വം അംഗീകരിക്കുന്ന ഒരു ചികിത്സാ പദ്ധതിയാണ് പ്രകൃതി ചികിത്സ. അതിനാല്‍ രോഗമുക്തിക്കായി ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്തതും ഉപയോഗമില്ലാത്തതുമായ വസ്തുക്കളെ പുറന്തള്ളി രോഗകാരണങ്ങളെ-വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നതിനെ പ്രകൃതി ചികിത്സ ഉയര്‍ത്തിപ്പിടിക്കുന്നു.

പ്രകൃതിചികിത്സ-പ്രധാന കാരണങ്ങള്‍

  1. എല്ലാ രോഗങ്ങളും അവയുടെ കാരണങ്ങളും ചികിത്സയും ഒന്നുതന്നെയാണ്. പരിക്കുകളോ പാരിസ്ഥിതിക സാഹചര്യങ്ങളോ ഒഴികെ രോഗ കാരണങ്ങളെല്ലാം ഒന്നുതന്നെ-അതായത് ശരീരത്തില്‍ മൃത പദാര്‍ത്ഥങ്ങളുടെ കുമിഞ്ഞുകൂടല്‍ അവയെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യലാണ് എല്ലാ രോഗങ്ങളുടെയും ചികിത്സ.
  2. രോഗത്തിന്റെ പ്രാഥമിക കാരണം മൃത പദാര്‍ത്ഥങ്ങളോ കുമിഞ്ഞുകൂടലാണ്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ശരീരത്തില്‍ നിലവില്‍ വരുന്നത് മൃത പദാര്‍ത്ഥങ്ങളുടെ കുമിഞ്ഞുകൂടലോടെയാണ്. അതേ തുടര്‍ന്നാണ് ബാക്ടീരിയ, വൈറസ് തുടങ്ങിവ ശരീരത്തില്‍ പ്രവേശിച്ച് പെരുകുന്നത്. അതിനാല്‍ രോഗത്തിന്റെ അടിസ്ഥാനകാരണം മൃതപദാര്‍ത്ഥങ്ങളും ബാക്ടീരിയ ദ്വിതീയ കാരണവുമാണ്.
  3. ശരീരത്തിന്റെ സ്വയം ശമന ശ്രമങ്ങളാണ് മൂര്‍ഛിച്ച രോഗങ്ങള്‍. അതിനാല്‍ അവ നമ്മുടെ ശത്രുക്കളായ ചിത്രങ്ങളാണ്. രോഗങ്ങളെ അമര്‍ത്തുന്നതിന്റെയും തെറ്റായ ചികിത്സയുടെയും പരിണനഫലങ്ങളാണ് ചിരകാല രോഗങ്ങള്‍.
  4. പ്രകൃതിയാണ് ഏറ്റവും മഹാനായ വൈദ്യന്‍. രോഗത്തെ തടഞ്ഞു നിര്‍ത്താനും ആരോഗ്യം വീണ്ടെടുക്കാനും മനുഷ്യ ശരീരത്തിനു സ്വന്തമായി തന്നെ കഴിവുണ്ട്.
  5. പ്രകൃതി ചികിത്സയില്‍ രോഗത്തെയും രോഗിയുടെ ശരീരത്തെ മൊത്തത്തിലാണ് പുതുക്കിയെടുക്കുന്നത്.
  6. ചിരകാല രോഗങ്ങളാല്‍ വലയുന്ന രോഗികളെ താരതമ്യേന ചുരുങ്ങിയ സമയം കൊണ്ട് ചികിത്സിച്ച് ഭേദമാക്കാന്‍ പ്രകൃതി ചികിത്സയ്ക്ക് കഴിയും.
  7. പ്രകൃതിചികിത്സ അമര്‍ത്തി നിര്‍ത്തപ്പെട്ട രോഗങ്ങളെ പുറത്തു കൊണ്ടുവരുകയും പരിഛേദം വരുത്തുകയും ചെയ്യുന്നു.
  8. ഭൌതികവും മാനസികവും സാമൂഹ്യവും ആത്മീയവുമായ ഘടകങ്ങളെ പ്രകൃതി ചികിത്സ ഒരേ സമയം കണക്കിലെടുക്കുന്നു.
  9. ശരീരത്തെ പൊതുവിലാണ് പ്രകൃതിചികിത്സയില്‍ ചികിത്സിക്കുന്നത്.
  10. പ്രകൃതി ചികിത്സയനുസരിച്ച് ആഹാരമാണ് ഒരേയൊരു ഔഷധം. ബാഹ്യമായ ഒരൌഷധവും ഉപയോഗപ്പെടുത്തിന്നില്ല.
  11. രോഗിയുടെ വിശ്വാസ ധാരയ്ക്കനുസൃതമായ പ്രാര്‍ത്ഥന നടത്തുന്നത് ചികിത്സയുടെ സുപ്രധാനഭാഗമാണ്.

ആഹാരചികിത്സ

ഈ രീതിയനുസരിച്ച് ആഹാരത്തെ അതിന്‍റെ സ്വാഭാവിക രൂപത്തില്‍ തന്നെ സ്വീകരിക്കണം. കാലാകാലങ്ങളിലുണ്ടാകുന്ന പുതിയ പഴങ്ങള്‍, പുത്തന്‍ ഇലകള്‍, മുളകള്‍ എന്നിവ ഉത്തമമാണ്. ഈ ഭക്‍‌ഷ്യവസ്തുക്കളെ വിശാലാടിസ്ഥാനത്തില്‍ മൂന്നിനങ്ങളായി തരം തിരിച്ചിരിക്കുന്നു:

  1. വിഷാസനാഹാരം: ദ്രവങ്ങള്‍-ചെറുനാരങ്ങ, നാരങ്ങാനീര്, ഇളനീര്‍, സസ്യഭുക്കുകള്‍, മോര് തുടങ്ങിയവ.
  2. ശമനാഹാരം: പഴങ്ങള്‍, സലാഡുകള്‍, പുഴുങ്ങിയതോ ആവികൊള്ളിച്ചതോ ആയ പച്ചക്കറികള്‍, മുളകള്‍, സസ്യജങ്ങളായ ചമ്മന്തികൾ തുടങ്ങിയവ.
  3. രചനോന്‍മുഖാഹാരം: ധാന്യപ്പൊടികള്‍, തവിട്ട് കലരാത്ത അരി, പയര്‍ വര്‍ഗ്ഗങ്ങള്‍, മുളകള്‍, തൈര് തുടങ്ങിയവ.

ക്ഷാര സ്വഭാവമുള്ള ആഹാരങ്ങള്‍ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തെ ശുദ്ധീകരിക്കാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ആഹാര പദാര്‍ത്ഥങ്ങളെ ഇതിനനുയോജ്യമായ ചേരുവകള്‍ ആക്കേണ്ടതാവശ്യമാണ്. ശരിയായ ആരോഗ്യപാലനത്തിന് നമ്മുടെ ആഹാരം 20% അമ്ളസ്വഭാവമുള്ളതും 80% ക്ഷാര സ്വഭാവമുള്ളതുമായിരിക്കണം. ഉത്തമാരോഗ്യം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സമീകൃതമായ ആഹാരമാണാവശ്യം. പ്രകൃതി ചികിത്സയില്‍ ആഹാരം ഔഷധമായി കണക്കാക്കപ്പെടുന്നു.

ഉപവാസ ചികിത്സ

ആഹാരമോ പാനീയങ്ങളോ രണ്ടും കൂടിയോ നിശ്ചിത കാലത്തേക്ക് സ്വന്തം ഇഷ്ടപ്രകാരം ഒഴിവാക്കുന്നതിനെയാണ് ഉപവാസവ്രതം എന്ന് പറയുന്നത്. സംസ്കൃതത്തില്‍ വ്രതം എന്നാല്‍ നിശ്ചയം-തീരുമാനം എന്നും ഉപവാസം എന്ന ദൈവ സമീപം എന്നുമാണര്‍ത്ഥം. ഉപവാസം പൂര്‍ണ്ണമായോ ഭാഗികമോ ആകാം. ദീര്‍ഘകാലത്തേക്കോ ഇടവിട്ടുള്ള കാലയളവുകളിലേക്കോ ആകാം. ആരോഗ്യ പാലനത്തിനുള്ള ഒരു പ്രധാന ചികിത്സയാണ് ഉപവാസം. ഉപവാസത്തില്‍ മാനസികമായ തയ്യാറെടുപ്പ് ഒരു പ്രധാന മുന്നുപാധിയാണ്. പ്രഗത്ഭനായ ഒരു പ്രകൃതി ചികിത്സകന്‍റെ മേല്‍‌നോട്ടത്തില്‍ മാത്രമേ നീണ്ടു നിക്കുന്ന ഉപവാസം അനുഷ്ഠിക്കാന്‍ പാടുള്ളൂ.

രോഗിയുടെ പ്രായം, രോഗത്തിന്‍റെ സ്വഭാവം, നേരത്തെ ഉപയോഗിച്ച മരുന്നുകളുടെ അളവും തരവും എന്നിവയെ ആശ്രയിച്ചാണ് ഉപവാസകാലത്തിന്‍റെ ദൈര്‍ഘ്യം തീരുമാനിക്കുന്നത്. രണ്ടോ മൂന്നോ നാളത്തേക്കുള്ള ഹ്രസ്വ ഉപവാസങ്ങള്‍ പരമ്പരയായി അനുഷ്ഠിക്കുന്നതായിരിക്കും ചിലപ്പോള്‍ അഭികാമ്യം. തുടര്‍ന്ന് ഉപവാസകാലം ഒരു ദിവസം വീതമോ മറ്റോ കൂട്ടി കൊണ്ടു വരാവുന്നതാണ്. വിദഗ്ദ്ധ മേല്‍‌നോട്ടത്തിലും വിശ്രമത്തിലുമാണെങ്കില്‍ ഉപവസിക്കുന്ന രോഗിക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല. വെള്ളം, പഴവസ്തുക്കള്‍, പച്ചക്കറിസത്തുകള്‍ എന്നിവ കഴിച്ചു കൊണ്ടും ഉപവസിക്കാവുന്നതാണ്. ഉത്തമവും സുരക്ഷിതതവും ഏറ്റവും ഫലപ്രദവുമായ രീതി നാരങ്ങാനീര് ഉപയോഗിച്ചുള്ളതാണ്. ശരീരത്തില്‍ കുമിഞ്ഞുകൂടിയ പാഴ്വസ്തുക്കള്‍ വന്‍‌തോതില്‍ ഉപവാസ സമയത്ത് കത്തിച്ചും വിസര്‍ജ്ജിച്ചും നീക്കം ചെയ്യപ്പെടുന്നു. ക്ഷാര സ്വഭാവമുള്ള നീരുകള്‍ കഴിക്കുന്നതിലൂടെ ഈ ശുദ്ധീകരണ പ്രക്രിയയെ ത്വരിതപ്പെടുത്താന്‍ കഴിയും. ഈ നീരുകളിലുള്ള പഞ്ചസാരകള്‍ ഹൃദയത്തെ ശക്തിപ്പെടുത്തും. അതിനാലാണ് ഇത്തരം ഉപവാസം ഉത്തമമാണെന്ന് പറയുന്നത്. ഇതിനുവേണ്ടി തയ്യാറാക്കപ്പെടുന്ന നീരുകള്‍ കുടിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം തയ്യാറാക്കണം. ടിന്നിലടച്ചതോ തണുപ്പിച്ചതോ ആയവ ഉപയോഗിക്കരുത്. ഉപവാസാരംഭത്തിന് മുമ്പ് വയറിളക്കി ശുദ്ധീകരിച്ചിരിക്കണമെന്നത് ഒരു മുന്നുപാധിയാണ്. വായുകോപം, ശരീരത്തില്‍ ബാക്കി നില്‍ക്കാനിടയുള്ള മാലിന്യങ്ങളുടെ ജീര്‍ണനം തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് ഇതിലൂടെ ഉപവസിക്കുന്ന ആള്‍ക്ക് വിട്ടുനില്‍ക്കാന്‍ കഴിയും. ഉപവാസ കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ വയറിളക്കണം. ഏതാണ്ട് ആറു മുതല്‍ എട്ട് വരെ ഗ്ലാസ് ദ്രവങ്ങള്‍ കഴിക്കണം. കുമിഞ്ഞു കൂടിയ വിഷ വസ്തുക്കളുടെ പുറന്തള്ളല്‍ പ്രക്രിയക്ക് ഏറെ ഊര്‍ജ്ജം ചെലവാക്കപ്പെടും. അതിനാല്‍ ഉപവാസകാലത്ത് രോഗിക്ക് കായിക വിശ്രമവും ശാന്തിയും അത്യന്താപേക്ഷിതമാണ്.

ഉപവാസത്തിന്‍റെ വിജയം അതിന്‍റെ അവസാനിപ്പിക്കലിലാണ്. അതിനുള്ള നിയമങ്ങള്‍ ഇവയാണ്; അമിതാഹാരം കഴിക്കരുത്, സാവകാശം നന്നായി ചവച്ചരച്ച് തിന്നുക, സാധാരണ ഭക്ഷണ രീതിയിലേക്ക് തിരിച്ചുവരാന്‍ പല ദിവസങ്ങള്‍ എടുക്കുക.

ഉപവാസത്തിന്‍റെ നേട്ടങ്ങളും ശരീര ധര്‍മ്മപരമായ പ്രതിഫലനങ്ങളും

പുരാതന കാലം മുതല്‍ ഇന്നുവരെ മിത സംസ്കാര ധാരകളിലെയും ഭിഷഗ്വരന്‍മാാര്‍ വിവിധതരം രോഗാവസ്ഥകള്‍ക്കുള്ള ചികിത്സയായി നിര്‍‌ദ്ദേശിച്ചിട്ടുണ്ട്. ആദ്യകാല നിരീക്ഷണങ്ങള്‍ പഠന വിധേയമാക്കിയത് ശാസ്ത്രീയ രീതിയില്ലെങ്കിലും ഉപവാസത്തെ ഒരു ചികിത്സാ രീതിയായി അവ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യകാല നിരീക്ഷണങ്ങള്‍ മൃഗങ്ങളുടെ പെരുമാറ്റങ്ങളെ ആസ്പദമായിയുള്ളവയായിരുന്നു. എന്നാല്‍ ഇന്ന് അവ ശരീര ധര്‍മ്മത്തെ ആസ്പദമാക്കിയുള്ളവയാണ്.

ഉപവാസത്തിന്റെ ശരീരധര്‍മ്മപരമായ ഫലങ്ങള്‍ ഇനി പറയുന്നു.

പ്ലാസ്മ ഗ്ലൂക്കോസിന്‍റെയും ഇന്‍സുലിന്‍ സാന്ദ്രതയുടെയും അളവ് കുറയത്തക്ക വിധത്തില്‍ ഇന്‍സുലിന്‍ സംവേദനം വര്‍ദ്ധിക്കുന്നു. മെച്ചപ്പെട്ട ഗ്ലൂക്കോസ് ടോളറന്‍സ്, കുറഞ്ഞ ഓക്സീകരണ സമ്മര്‍ദ്ദം (മാംസ്യം, കൊഴുപ്പ്, ഡിഎന്‍എ എന്നിവയുടെ ഓക്സീകരണം കുറയുന്നതുമൂലം); താപം, ഉപാപചയ സമ്മര്‍ദ്ദങ്ങള്‍ എന്നിവയുടെ കുറവ്, പ്രതിരോധശേഷി മെച്ചപ്പെടല്‍ കലോറി നിയന്ത്രണം അഥവാ ഇടവിട്ടുള്ള ഉപവാസം കോശ പ്രവര്‍ത്തനങ്ങളെ നന്നായി ബാധിക്കുന്നുണ്ട്. കൊഴുപ്പിന്‍റെയും ഭാരത്തിന്‍റെയും പ്രകടമായ കുറയല്‍ മൂലം രക്ത പര്യാപ്ത വ്യവസ്ഥകളുടെ ആരോഗ്യം മെച്ചപ്പെടുകയും ഹൃദ്രോഹ സാദ്ധ്യത കുറയുകയും ചെയ്യുന്നു. ഇതിനു പുറമെ കരളിന്‍റെ ജോലി ഭാരം കുറയുന്നു.

ചെളി ഉപയോഗിച്ചുള്ള ചികിത്സ

ലളിതവും ഫലപ്രദവുമായ ഒരു ചികിത്സാരീതിയാണിത്. ഇതിനുപയോഗിക്കുന്ന ചെളി വൃത്തിയുള്ളതും ഉപരിതലത്തില്‍ നിന്ന് 3-4 അടി താഴെ നിന്ന് ശേഖരിച്ചതുമായിരിക്കണം. കല്ലിന്‍ കക്ഷണങ്ങളോ രാസവളത്തിന്‍റെ അംശമോ ഉണ്ടായിരിക്കരുത്.

രോഗത്തിലും ആരോഗ്യത്തിലും ശരീരത്തില്‍ വന്‍ സ്വാധീനമുള്ള അഞ്ച് ഘടകങ്ങളിലൊന്നാണ് ചെളി. ചെളിയുടെ പ്രയോജനങ്ങള്‍ ഇനി പറയുന്നു:

  1. അതിന്‍റെ കുറിച്ച് നിറം സൂര്യപ്രകാശത്തിലെ എല്ലാ നിറങ്ങളെയും ആഗീരണം ചെയ്ത് ശരീരത്തിന് നല്‍കുന്നു.
  2. ശരീരത്തില്‍ പ്രയോഗിക്കുന്ന ചെളി ഏറെ നേരത്തേക്ക് ഈര്‍പ്പം നിലനിര്‍ത്തി ശരീരത്തെ തണുപ്പിക്കുന്നു.
  3. വെള്ളം ചേര്‍ത്ത് അതിന്റെ ആകൃതിയും ഘടനയും വ്യത്യാസപ്പെടുത്താം.
  4. പണച്ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ ലഭ്യവുമാണ്.

ഉപയോഗത്തിനുമുമ്പ് ചെളി ഇണക്കിപ്പൊടിക്കുകയും കല്ലുകള്‍, സ്ഫടിക കണികകള്‍, മറ്റുമാലിന്യങ്ങള്‍ എന്നിവ അരിച്ചുമാറ്റുകയും വേണം.

ചെളി കൊണ്ട് പുതക്കല്‍

കുഴച്ച ചെളി നനച്ച മസ്ലിന്‍ തുണിയില്‍ വച്ച് രോഗിയുടെ ഉദരാശയത്തിന്‍റെ ആകൃതിയിക്കനുസരണമായി നേര്‍ത്തു പരന്ന ഇഷ്ടിക പോലെയാക്കി വെയ്ക്കുക. ഇതിന്‍റെ കാലയളവ് 20-30 മിനിട്ടാണ്. തണുപ്പു കാലത്താണ് ഇതു ചെയ്യുന്നതെങ്കില്‍ ഇതിനു മുകളില്‍ ഒരു പുതപ്പ് വച്ച് ശരീരത്തെ മൊത്തത്തില്‍ പുതപ്പിക്കുക.

ചെളി പുതക്കലിന്‍റെ ഗുണങ്ങള്‍

  1. ഉദരത്തില്‍ പ്രയോഗിക്കുമ്പോള്‍ എല്ലാതരം അജീര്‍ണ്ണത്തെയും ഇല്ലാതാക്കുന്നു.
  2. തലയ്ക്ക് ചെയ്യുന്ന ചെളി പുതക്കല്‍ തലവേദനയെ ക്ഷണത്തില്‍ ശമിപ്പിക്കുന്നു.
  3. കണ്ണിനു മുകളിലുള്ള ചെളി പുതക്കല്‍ ചെങ്കണ്ണ്, കണ്ണിലെ രക്തസ്രാവം, ചൊറിച്ചില്‍, അലര്‍ജ്ജി, ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, ഗ്ലൂക്കോമ എന്നിവയില്‍ പ്രയോജനകരമാണ്

ചെളി പുതക്കല്‍-മുഖത്ത്

കുഴച്ചമണ്ണ് മുഖത്ത് തേച്ച് മുപ്പത് മിനിട്ട് ഉണങ്ങാന്‍ വിടുന്നു. മുഖകാന്തി മെച്ചപ്പെടുത്താനും മുഖക്കുരു ഇല്ലായ്മ ചെയ്യാനും ചര്‍മ്മരന്ധ്രങ്ങളെ തുറന്ന് ശുദ്ധീകരണത്തെ ത്വരിതപ്പെടുത്താനും ഇത് സഹായകമാണ്. കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത വലയങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. മുപ്പത് മിനിട്ടിനു ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം നന്നായി കഴുകണം.

ചെളിയിലുള്ള സ്നാനം

ഇരുന്ന നിലയിലോ കിടന്ന നിലയിലോ ചെടി പുതയ്ക്കുക. രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് ചര്‍മ്മകലകളെ ഉത്തേജിപ്പിച്ച് ത്വക്കിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഈ ചികിത്സ ചെയ്യുമ്പോള്‍ ജലദോഷം പിടിപെടാതെ ശ്രദ്ധിക്കണം. പിന്നീട് തണുത്ത വെള്ളം ചീറ്റിച്ച് രോഗിയെ നന്നായി വൃത്തിയാക്കണം. രോഗിക്ക് തണുപ്പ് കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കാം. തുടര്‍ന്ന് രോഗിയെ തുടച്ച് ചെറുചൂടുള്ള മെത്തയിലേക്ക് മാറ്റുന്നു. ചെളിയിലെ സ്നാനത്തിന് 45-60 മിനിട്ട് സമയം ഉപയോഗിക്കാം.

ഗുണങ്ങള്‍

  1. നവീകരണത്തിനും ഉന്മേഷം ഉളവാക്കുന്നതിനും വീര്യം വര്‍ദ്ധിപ്പിക്കാം ചെളിക്ക് കഴിവുണ്ട്.
  2. മുറിവുകളക്കും ചര്‍മ്മ രോഗങ്ങള്‍ക്കും അനുയോജ്യമായ ഏകബാന്‍ഡേജാണ് ചെളി.
  3. ശരീരത്തിന് കുളിര്‍മ പ്രദാനം ചെയ്യുന്നു.
  4. ശരീരത്തിലെ വിഷ വസ്തുക്കളെ നേര്‍പ്പിച്ചും ആഗീരണം ചെയ്തും അവയെ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു.
  5. മലബന്ധം, തലവേദന (സമ്മര്‍ദ്ദം മൂലമുള്ളത്) രക്താതിസമ്മര്‍ദ്ദം, ചര്‍ച്ച രോഗങ്ങള്‍ എന്നീ രോഗാവസ്ഥകള്‍ക്ക് ഫലപ്രദമാണ്.
  6. ഗാന്ധിജി മലബന്ധം ഒഴിവാക്കാന്‍ ഈ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ജലചികിത്സ

പ്രകൃതി ചികിത്സയുടെ ശാഖയാണ് ജലചികിത്സ. വെള്ളത്തിന്‍റെ വിവിധ രൂപങ്ങള്‍ ഉപയോഗിച്ച് രോഗങ്ങളെ ചികിത്സിക്കുന്ന രീതിയാണിത്. പണ്ടുകാലം മുതലേ ഇത്തരം ചികിത്സാരീതികള്‍ നിലവിലുണ്ടായിരുന്നു. ജലം - താപ ചികിത്സയില്‍ താപത്തിന്‍റെ അധിക ഗുണങ്ങള്‍ കൂടി ഉപയോഗപ്പെടുത്തുന്നു. ശീത തപ്ത സ്നാനങ്ങള്‍, മറ്റു ക്രിയകള്‍ എന്നിവയില്‍ ഖര-ദ്രാവക-വാതക രൂപത്തില്‍ ജലം ഉപയോഗിക്കുന്നു. ഐസും ആവിയും ബാഹ്യമായും ആന്തരികമായും പ്രയോഗിക്കുന്നുണ്ട്. രോഗ നിവാരണകളില്‍ ഏറ്റവും പുരാതനമായത് ജലം തന്നെ. ഈ മഹത്തായ ഔഷധത്തെ ചിട്ടപ്പെടുത്തിയ ഒരു രാസസൂത്രമാണ് ജലചികിത്സ. ജലചികിത്സ സാധാരണയായി വ്യത്യസ്ത താപനിലകളിലാണ് നല്‍കിവരുന്നത്. അത് കാണിക്കുന്ന ഒരു പട്ടിക നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.

നം

താപനില

oഫാരന്‍ഹീറ്റ്

oസെല്‍ഷ്യസ്

1.

അധികമായ തണുപ്പ് (ഐസ് പ്രയോഗം)

30-55

-1-13

2.

തണുപ്പ്

55-65

13-18

3.

ശീതം

65-80

18-27

4.

ഇളം ചൂട്

80-92

27-33

5.

ഊഷ്മളം (നിഷ്പക്ഷമായ)

92-98
(92-95)

33-37
(33-35)

6.

ഉഷ്ണം

98-104

37-40

7.

അധികമായ ചൂട്

ന് മുകളില്‍

ന് മുകളില്‍

ജലത്തിന്‍റെ ഉപയോഗങ്ങളും ഫലങ്ങളും

  1. ശുദ്ധമായ തണുത്ത വെള്ളത്തിലുള്ള കുളി ഉത്തമമായ ജലചികിത്സയാണ്. ഇത് കൂടുതല്‍ ചര്‍മ്മത്തിലെ രന്ധ്രങ്ങളെല്ലാം തുറക്കപ്പെടുകയും ശരീരത്തിന് നവോന്മേഷം കിട്ടുകയും ചെയ്യുന്നു. ശീത സ്നാനത്തില്‍ പേശികളും അവയവ വ്യവസ്ഥകളും സ്ക്രീംമായി തീരുകയും സ്നാനാന്തരം രക്തസഞ്ചാരം മെച്ചപ്പെടുകയും ചെയ്യുന്നു. പ്രത്യേകാവസരങ്ങളില്‍ പുഴകളിലും കുളങ്ങളിലും ജലപാതങ്ങളിലും കുളിക്കുന്ന ആചാര സ്വഭാവത്തിലുള്ള ജലചികിത്സ തന്നെയാണ്.
  2. താപീയവും യാന്ത്രികവുമായ ഫലങ്ങള്‍ അഭികാമ്യമായ അളവില്‍ നേടിയെടുക്കാന്‍ സഹായിക്കുന്ന ഏറ്റവും പഴക്കമുള്ള മാധ്യമമാണ് ജലം. ശരീരത്തില്‍ മൊത്തമായോ നിര്‍ദ്ദിഷ്ട ഭാഗങ്ങളില്‍ മാത്രമായോ ജലത്തിന്റെ പ്രയോഗം സാധ്യമാണ്.
  • താപം വലിച്ചെടുക്കാനും പുറത്തു വിടാനും ജലം എപ്പോഴും സന്നദ്ധമാണ്. അതിനാല്‍ ശരീരത്തില്‍ നിന്ന് താപം കുറയ്ക്കാനും ശരീരത്തിലേക്ക് താപം സന്നിവേശിപ്പിക്കാനും ജലത്തെ ഉപയോഗിക്കാം. മുഖ്യമായും ശീതജലമാണ് ഉപയോഗിക്കുന്നതെങ്കിലും അതിന്റെ ഉദ്ദേശ്യം ശരീരതാപം കുറയ്ക്കലല്ല, മറിച്ച് വീണ്ടും ശക്തിയെ വര്‍ദ്ധിപ്പിച്ച് പുറത്തു പോകുന്നതിലുമധികം താപം ശരീരത്തില്‍ ഉല്പാദിപ്പിക്കലാണ്.
  1. സാര്‍വിക ലായകമായതില്‍ പാനീയമെന്നനിലയിലും വിരേചകം എന്ന നിലയിലും ശരീരത്തില്‍ നിന്ന് യൂറിക്ആസിഡ്, യൂറിയ, ലവണങ്ങള്‍, അധികമുള്ള പഞ്ചസാര, രക്തത്തിലും ഭക്ഷണത്തിലും ഉണ്ടാകാവുന്ന മറ്റ് മാലിന്യങ്ങള്‍ എന്നിവയെ പുറന്തള്ളാന്‍ ജലം സഹായിക്കുന്നു.

ജല ചികിത്സയുടെ വിവിധ രീതികള്‍ വിജയകരമായി നിര്‍വചിക്കാന്‍ ഒരു നിശ്ചിത തോതിലുള്ള ജീവശക്തി ആവശ്യമാണ്. ഈ ജീവശക്തി നന്നെ താണുപോയാല്‍ പ്രയോഗം നിഷ്ഫലമായി തീരും. സാധാരണ അവസ്ഥകളില്‍ ജീവശക്തി ഉയര്‍ന്നിരിക്കുന്നതിനാല്‍ ഫലപ്രാപ്തി ഉറപ്പിക്കാം. എന്നാല്‍ ചിരകാല രോഗങ്ങളില്‍ ജീവശക്തി നന്നെ ചോര്‍ന്നു പോയിരിക്കുമെങ്കില്‍ ജലപ്രയോഗങ്ങള്‍ കാര്യമായ ഫലം ചെയ്യുകയില്ല. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളിലും മൃദുവായ ജല പ്രായോഗങ്ങള്‍ ഗുണം ചെയ്യും.

ജലം പല രൂപത്തില്‍ ചികിത്സക്കായി ഉപയോഗിക്കുന്നുണ്ട്:

  1. സമ്മര്‍ദ്ദനങ്ങളും ആവി കൊള്ളിക്കലും
    • ശീരാസമ്മര്‍ദ്ദനം: ഉദരത്തില്‍ ചെയ്യുന്ന ശീതസമ്മര്‍ദ്ദനം.
    • തപ്ത സമ്മര്‍ദ്ദനം: നെഞ്ചില്‍ ചെയ്യുന്നത്, ഉദരത്തില്‍ ചെയ്യുന്നത്, ശ്രോണിയില്‍ ചെയ്യുന്നത്, കണ്ഠത്തില്‍ ചെയ്യുന്നത്, മുട്ടുകളില്‍ ചെയ്യുന്നത്, ശരീരത്തില്‍ മൊത്തമായി ചെയ്യുന്നത്.
    • തപ്ത-ശീത സമ്മര്‍ദ്ദനങ്ങള്‍: ശിരസ്സ്, ശ്വാസകോശം, വൃക്ക, ആമാശയം-കരള്‍, ഇടുപ്പ്, ഉദരാശയം എന്നിവിടങ്ങളില്‍ ചെയ്യുന്നത്.
  2. സ്നാനങ്ങള്‍
    • ശ്രോണിസ്നാനം: ശീതവും സമതുലിതവും തപ്തവുമായ സ്നാനങ്ങള്‍.
    • സുഷ്മനാസ്നാനം: ശീതവും സമതുലിതവും തപ്തവും.
    • കര-ചരണസ്നാനം: ശീതവും സമതുലിതവും തപ്തവുമായ കര-ചരണ സ്നാനങ്ങള്‍. (കരസ്നാനവും ചരണ സ്നാനവും ഒരുമിച്ചും വേറിട്ടുമുള്ളത്), വിപരീത സ്നാനങ്ങള്‍.
    • ആവി ഉള്‍ക്കൊള്ളലും ആവിയിലെ സ്നാനവും.
    • സനന സ്നാനം.
    • സ്പോഞ്ച് സ്നാനം.
  3. ജലം ചീറ്റിയുള്ള തടവല്‍
    • ശീത-സമതുലിത-തപ്ത രീതികളിലും ഇടവിട്ടും വര്‍ത്തുള്ള രീതിയിലുള്ളതും.
    • ധാത്ര സ്നാനങ്ങള്‍ : ശീതം, സമതുലിതം, തപ്തം.
    • ശീതസേചനം
    • ക്ഷത സ്നാനം
  4. നിമഗന സ്നാനങ്ങള്‍: ശീത നിമഗ്നനം, ഉരസലോടുകൂടിയ ശീത നിമഗ്നനം, സമതുലിത നിമഗ്നനം, തപ്തനിമഗ്നനം, സമതുലിത അര്‍ദ്ധ സ്നാനം, എപ്സം ഉപയോഗിച്ചുള്ള ക്രമീകൃത സ്നാനം, ആസ്ത്മസ്നാനം, ചുഴിസ്നാനം, ജലത്തില്‍വച്ചുള്ള തടവല്‍.
  5. വിരേചനം: ക്രമീകൃതവിരേചനം, യോഗീക്ഷാളനം, ശീതസേചനം, സമതുലിത സേചനം.

ജലചികിത്സയിലെ മറ്റൊരു പ്രയോഗമാണ് വന്‍കുടലിലുള്ള ചികിത്സ

വന്‍കുടലിലുള്ള ചികിത്സ

വന്‍കുടല്‍ ക്ഷാളനം ചെയ്തു ശുദ്ധീകരിക്കുന്ന പ്രക്രിയയാണിത്. ഇത് ഏതാണ്ട് വിരേചന ക്രിയക്ക് സമാനമാണെങ്കിലും കൂടുതല്‍ വ്യാപ്തിയുള്ളതാണ്. കെട്ടി കിടക്കുന്ന മലത്തെ പുറന്തള്ളി വന്‍കുടലിനെ കഴുകി വൃത്തിയാക്കി വിഷവിമുക്തമാക്കുന്ന ഈ പ്രക്രിയയില്‍ അരിച്ചെടുക്കുന്ന ശുദ്ധജലം വേദന വരുത്താത്ത ലഘു സമ്മര്‍ദ്ദത്തില്‍ പ്രയോഗിക്കുന്നു. വ്യക്തിയുടെ അവസ്ഥ അനുസരിച്ച് പ്രക്രിയ പല തവണ ആവര്‍ത്തിക്കപ്പെടുന്നു. മിക്ക ആളുകളിലും വന്‍കുടലിന്‍റെ പൂര്‍ണ്ണ ശുദ്ധീകരണത്തിന് മൂന്ന് മുതല്‍ ആറ് വരെ തവണയായി ഈ ജലശുദ്ധീ ചെയ്യേണ്ടിവരും.

ജലചികിത്സ-നേട്ടങ്ങളും ശരീര ധര്‍മ്മപരമായ ഫലങ്ങളും

യാന്ത്രികം - താപീയ പ്രഭാവങ്ങളുടെ അടിസ്ഥാനത്തിലാണ് ജലചികിത്സയുടെ സ്ഥാപനപരവും ശമനപരവുമായ ഗുണങ്ങള്‍ കുടികൊള്ളുന്നത്. ചൂട്, തണുപ്പ് എന്നീ ഉദ്ദീപനങ്ങളോട് ശരീരത്തിനുള്ള പ്രതികരണത്തെയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. ജലം ചെലുത്തുന്ന താപവും സമ്മര്‍ദ്ദവും അതിനോടുള്ള ശരീരത്തിന്‍റെ സംവേദനവും ഇതില്‍ പ്രവര്‍ത്തിക്കുന്നു. ത്വക്കില്‍ രൂപപ്പെടുന്ന ആവേഗങ്ങളെ നാഡികള്‍ ശരീരത്തിന്‍റെ ആന്തരികഭാഗങ്ങളിലേക്ക് എത്തിക്കുന്നു. അവിടങ്ങളില്‍ ഈ ആവേഗങ്ങള്‍ പ്രതിരോധ സംവിധാനങ്ങളെ ഉദ്ദീപിപ്പിക്കുകയും സമ്മര്‍ദ്ദ ഹോര്‍‌മോണുകളുടെ ഉല്പാദനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. തന്‍‌മൂലം രക്തചംക്രമണം, ദഹനം എന്നിവ ഉത്തേജിപ്പിക്കപ്പെടുന്നു. വേദനയോടുള്ള സംവേദനം കുറയ്ക്കുന്നു. പൊതുവെ പറഞ്ഞാല്‍ താപം ആന്തര അവയവങ്ങളുടെ പ്രവര്‍ത്തനങ്ങമെള മന്ദീഭവിപ്പിക്കുകയും ശീതം അവയെ ത്വരിതപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

സ്നാനസമയത്ത് ജലത്തില്‍ നിമഗ്നമായ അവസ്ഥയില്‍ ശരീരഭാരം 50% മുതല്‍ 90% വരെ കുറയുകയും ഒരുതരത്തിലുള്ള ലഘുത്വം അനുഭവപ്പെടുകയും ചെയ്യുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ നിരന്തരമായി വലിവില്‍ നിന്ന് ശരീരം ഏറെക്കുറെ മുക്തമാകുന്നു. വെള്ളം മൃദുവായി ശരീരത്തെ തടവുന്നതിനാല്‍ ചെറിയ തോതില്‍ തിരുമ്മലിന്റെ ഫലം ചെയ്യുന്നു. ഇളകി കൊണ്ടിരിക്കുന്ന ജലം ത്വക്കിലെ ഗ്രാഹികളെ ഉദ്ദീപിപ്പിക്കുകയും രക്ത സഞ്ചാരത്തെ ഉദ്ദീപ്തമാക്കി മുറുകിയ പേശികളെ അയക്കുകയും ചെയ്യുന്നു.

തിരുമ്മല്‍ ചികിത്സ

തിരുമ്മല്‍ ഉത്തമമായ ഒരു നിഷ്ക്രിയ വ്യായാമാണ്. മൃദുകലകളെ ഘടനാപരമോ ധര്‍മ്മപരമോ മന:ശാസ്ത്രപരമോ ആയ ലക്‌ഷ്യങ്ങള്‍ക്കായി കൈകാര്യം ചെയ്യുന്ന പ്രയോഗ വിശേഷമാണ് തിരുമ്മല്‍. നഗ്ന ശരീരത്തില്‍ ശരിയാംവണ്ണം പ്രയോഗിച്ചാല്‍ തിരുമ്മല്‍ ഏറെ ഉദ്ദീപനകാരവും ഉന്‍‌മേഷദായകവുമാണ്.

ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമായി പ്രകൃതി ചികിത്സയില്‍ പരിഗണിക്കുന്ന ഒരു സമ്പ്രദായമാണ് തിരുമ്മല്‍. ശരീരത്തെ വലിവ്, ചലനം, കമ്പനം തുടങ്ങിയവയിലൂടെ സമ്മര്‍ദ്ദനത്തിന് വിധേയമാക്കുന്ന പ്രക്രിയകള്‍ തിരുമ്മലില്‍ ഉള്‍പ്പെടുന്നു. ഇത് കായികമായോ യന്ത്രങ്ങളുപയോഗിച്ചോ നിര്‍വഹിക്കാം. പേശികള്‍, സ്നായുക്കള്‍, കണ്ഡരങ്ങള്‍, ത്വക്ക്, സന്ധികള്‍, മറ്റ് യോജക കലകള്‍, ലസികാവ്യൂഹം തുടങ്ങിയവ ഇതിന്‍റെ ലക്‌ഷ്യകലകളാണ്. കൈകള്‍, വിരലുകള്‍, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, കൈത്തണ്ട, പാദം എന്നിവ ഉപയോഗിച്ച് തിരുമ്മല്‍ ചെയ്യാവുന്നതാണ്. എണ്‍പതിലധികം അംഗീകൃതമായ തിരുമ്മല്‍ രീതികള്‍ നിലവിലുണ്ട്. രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനും അവയവങ്ങളുടെ ബലപ്പെടുത്തലിനും തിരുമ്മല്‍ ലക്‌ഷ്യമിടുന്നു. ശൈത്യകാലത്ത് ശരീരം മൊത്തത്തില്‍ തിരുമ്മിയശേഷം സൂര്യസ്നാനം നടത്തുന്നത് ആരോഗ്യവും കരുത്തും നിലനിര്‍ത്തുന്നതിന് സഹായകമാണ്. എല്ലാവര്‍ക്കും ഗുണകരായ ഈ രീതി തിരുമ്മലിന്‍റെ സൂര്യരശ്മികളുടെയും സംയോജിതമായ ഗുണം ചെയ്യുന്നു. രോഗാവസ്ഥകളില്‍ പ്രത്യേക സങ്കേതങ്ങളിലൂടെ ചികിത്സാപരമായ ഗുണം കൈവരിക്കാം. വ്യായാമം ചെയ്യാന്‍ പറ്റാത്തവര്‍ക്ക് അതിനുപകരമായി തിരുമ്മലിന്‍റെ ഉപയോഗിക്കാന്‍ തിരുമ്മലില്‍ പലതരം എണ്ണകള്‍ സ്നഹങ്ങളായി ഉപയോഗിക്കാം. ഉദാഹരണം : കടുക് എണ്ണ, വെളിച്ചെണ്ണ, ഒലിവെണ്ണ തുടങ്ങിയവ. ഈ എണ്ണകള്‍ക്കും അവയുടെതായ ഫലങ്ങളുണ്ട്.

തിരുമ്മലില്‍ ഏഴ് അടിസ്ഥാന രീതികളുണ്ട്. സ്പര്‍ശം, പ്രഹരം, തടവല്‍, ഉഴിച്ചല്‍, താഡനം, കമ്പനം, സന്ധിസഞ്ചലനം എന്നിവയാണവ. രോഗാവസ്ഥയ്ക്കും പ്രയോജസ്ഥാനത്തിനുമനുസരിച്ച് ഈ രീതികള്‍ വ്യത്യാസപ്പെട്ടിരിക്കും.

മിക്ക രോഗാവസ്ഥകളിലും ഗുണം ചെയ്യുന്ന മറ്റുചില തിരുമ്മല്‍ രീതികളുമുണ്ട്. പൊടിയുഴിച്ചില്‍, വെള്ളത്തിലുഴിച്ചില്‍ തുടങ്ങിയവ. വേപ്പിന്‍റെ ഇല ഉണക്കിപ്പൊടിച്ച പൊടി പനിനീര്‍ ദളങ്ങള്‍ എന്നിവ ഇവയില്‍ സ്നഹങ്ങളായി ഉപയോഗിക്കുന്നു.

തിരുമ്മലിന്‍റെ ശരീര ധര്‍മ്മപരമായ ഫലങ്ങള്‍

റിഫ്ളക്സ് ഫലങ്ങള്‍ (നാഡീയ പ്രതികരണങ്ങള്‍)

  1. ധമനികളുകട വികാസം
  2. പെരിസ്റ്റാല്‍സിസിന്റെ ഉത്തേജനം (ദഹനത്തില്‍ സഹായിക്കണം)
  3. പേശികളുടെ ക്രമീകരണം
  4. ഉദരാശയത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തല്‍
  5. വിശ്രാന്തി പ്രതികരണങ്ങള്‍ ഉത്തേജിപ്പിക്കല്‍
  6. പേശികളെ ഉദ്ദീപിപ്പിക്കല്‍
  7. ഹൃദയത്തെ ഉത്തേജിപ്പിക്കല്‍, സങ്കോചത്തിന്റെ കരുത്തും നിരക്കും വര്‍ദ്ധിപ്പിക്കല്‍.
  8. പ്രതിരോധ സംവിധാനത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍.

യാന്ത്രികഫലങ്ങള്‍ (കായിക സമ്മര്‍ദ്ദം പ്രയോഗിക്കുന്നതുമൂലം നേരിട്ടുണ്ടാകുന്ന ഫലങ്ങള്‍)

  1. സിരകളിലൂടെ ഹൃദയത്തിലെത്തുന്ന രക്തത്തിന്റെ അളവ് കൂട്ടല്‍.
  2. ലസികാ പ്രവര്‍ത്തനം കൂട്ടല്‍.
  3. രക്തചംക്രമണം കൂട്ടല്‍.
  4. കഫം അയവുള്ളതാക്കല്‍ (ശ്വസനവ്യവസ്ഥയില്‍)
  5. ഫൈബ്രോസിസ് ഇല്ലാതാക്കല്‍
  6. പേശീതന്തുക്കളെ അയച്ചുവിടല്‍/ കുറുകിയ പേശികളെ വലിച്ചുവിടല്‍
  7. ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കലും വാതക വിനിമയം വര്‍ദ്ധിപ്പിക്കലും
  8. സ്കര്‍ സംയുക്ത കോശം വലിച്ചുവിടല്‍
  9. പേശിയുടെ ടോണ്‍ വര്‍ദ്ധിപ്പിക്കല്‍ /കുറയ്ക്കല്‍
  10. ചലന വ്യാപ്തി കൂട്ടല്‍
  11. സന്ധി സംവിധാനങ്ങളെ ശരിയാക്കല്‍ (പുന:സ്ഥാപനം)
  12. പേശീസംബന്ധമായ അസന്തുലനം തീര്‍ക്കല്‍
  13. ദുര്‍ബലമായ പേശികള്‍ക്ക് കരുത്ത് പകരല്‍

തിരുമ്മലിന്‍റെ നേട്ടങ്ങള്‍

ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളും പൊതുവായി തിരുമ്മുന്നത് പലവിധത്തിലും ഗുണം ചെയ്യുന്നു. അത് നാഡീവ്യവസ്ഥയെ ജാഗ്രതത്താക്കുന്നു, ശ്വസനത്തെ സ്വാധീനിച്ചരിക്കുന്നു; വിഷ വസ്തുക്കളെയും മാലിന്യങ്ങളെയും പുറംതളളുന്നു; രക്തചംക്രമണം, ഉപാപചയം എന്നിവ കൂട്ടുന്നു. തന്‍മൂലം മൂഖത്തെ ചുളിവുകള്‍ മാറുകയും കവിളുകള്‍ തുടുക്കുകയും പേശികള്‍ സുസജ്ജമാവുകയും ചെയ്യുന്നു.

തിരുമലിലൂടെ വേദനയില്‍ നിന്നുള്ള മുക്തിയും ഉല്‍ക്കണ്ട, വിഷാദം എന്നിവയില്‍ നിന്നുള്ള ആശ്വാസവും രക്താതി സമ്മര്‍ദ്ദം താല്‍ക്കാലികമായെങ്കിലും കുറയലും നേടാമെന്ന് വൈദ്യശാസ്ത്ര പഠനങ്ങള്‍ വെളിവാക്കുന്നു.

അക്യൂപ്രഷര്‍

ഒരു പുരാതന ചികിത്സാരീതിയാണ് അക്കുപ്രഷര്‍. വിരലുകളോ സമാനമായ വസതുക്കളോ ഉപയോഗിച്ച് അക്കുസ്ഥാനങ്ങള്‍ (ഊര്‍ജ്ജസ്ഥാനങ്ങള്‍) എന്നറിയപ്പെടുന്ന മര്‍മ്മങ്ങളില്‍ മര്‍ദ്ദനമേല്‍പ്പിച്ച് ശരീരത്തിന്‍റെ സ്വയം ശമനശേഷിയെ ഉദ്ദീപിപ്പിക്കുകയാണ് ഈ രീതി. ഈസ്ഥാനങ്ങളില്‍ മര്‍ദ്ദനമേല്‍ക്കുമ്പോള്‍ പേശീവലിവ് അയയുകയും രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്‍റെ ജീവശക്തി സ്വയം ശമനത്തിന് പ്രേരിതമാവുകയും ചെയ്യുന്നു.

അക്യൂപ്രഷറിലും അക്കുപങ്ചറിലും ഒരേ മര്‍ദ്ദ സ്ഥാനങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അക്കുപങ്ചറില്‍ വിരലുകള്‍ക്ക് പകരം സൂചികള്‍ ഉപയോഗിക്കുന്നു. അക്കുപ്രഷര്‍ ചുരുങ്ങിയത്് 5000 വര്‍ഷമായി പ്രചാരത്തിലുണ്ട്. 3000ത്തിലധികം രോഗാവസ്ഥകളില്‍ പ്രയോഗിക്കാനുള്ള പ്രമാണങ്ങള്‍ ഈ ചികിത്സാ സമ്പ്രദായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അക്കുസ്ഥാനങ്ങളില്‍ ചര്‍മ്മതല ഉദ്ദീപന നാഡികള്‍ പ്രത്യേക തരംഗ ദൈര്‍ഘ്യമുളള പ്രകാശം, ലേസര്‍ രശ്മികള്‍ എന്നിവ ഉപയോഗിച്ച് മെച്ചപ്പെട്ട ഫലം ഉളവാക്കുന്നുണ്ട്.

അക്യൂപ്രഷര്‍ തത്വശാസ്ത്രവും അക്കുസ്ഥാനങ്ങളുടെ ഉദ്ദീപനവും അക്കുപങ്ചറിന്‍റെ അതേ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. മര്‍ദ്ദമോ വൈദ്യുത ഉദ്ദീപനമോ ലേസര്‍ രശ്മികളോ സൂചികള്‍ക്ക് പകരം ഉപയോഗിക്കുകവഴി ശരീരത്തിലുടനീളമുള്ള ഊര്‍ജ്ജരേഖകളിലെ നിര്‍ദ്ദിഷ്ട റിഫ്ളക്സ് സ്ഥാനങ്ങളില്‍ ഉദ്ദീപനം ഉളവാക്കപ്പെടുന്നു. ഈ ഊര്‍ജ്ജരേഖകള്‍ ധ്രുവരേഖകള്‍ എന്നറിയപ്പെടുന്നു. ഓരോ അവയവത്തിന്‍റെയും പ്രാതിനിത്യമുള്ള 14 പ്രധാനധ്രവരേഖകള്‍ ശരീരത്തിലുണ്ട്. സന്തുലിതമായ ഈ രേഖകളിലൂടെ ജീവോര്‍ജ്ജം പ്രവഹിക്കാന്‍ കഴിഞ്ഞാല്‍ ഫലം ഉത്തമാരോഗ്യമാണ്. വേദനയോ അസുഖമോ സൂചിപ്പിക്കുന്നത് ഈ ഊര്‍ജ്ജപ്രവാഹത്തിന് തടസ്സമോ ചോര്‍ച്ചയോ ഉണ്ടായിട്ടുണ്ട് എന്നാണ്.

ശരിയായസ്ഥാനം കണ്ടെത്താന്‍ തടവിനോക്കി മ്യദുത്വമോ ചുമന്ന് തടിപ്പോ സംവേതകത്വമോ അനുഭവപ്പെടുന്ന പ്രദേശം തിരിച്ചരിയണം തുടര്‍ന്ന് ആസ്ഥാനത്തില്‍ വേദന അനുഭവപ്പെടുന്നതിനു മാത്രം വേണ്ട തരത്തില്‍ അമര്‍ത്തണം. അഞ്ചു സെക്കന്‍ഡ് നേരം വീതം അഞ്ചു സെക്കന്‍ഡ് ഇടവിട്ട് ഉദ്ദീപനം ആവര്‍ത്തിക്കണം. ഓരോ ചികിത്സാ മാത്രയും സാധാരണയായി ഒരു മിനിട്ട് ദൈര്‍ഘ്യമുള്ളത് മതിയാകും.

തലവേദനകള്‍, നേത്ര പ്രശ്നങ്ങള്‍, സൈനസ് പ്രശ്നങ്ങള്‍, കഴുത്ത് വേദന, പുറം വേദന, സന്ധിവേദന, പേശീവേദന, മാനസിക പിരിമുറുക്കം, വ്രണങ്ങള്‍ മൂലമുള്ള വേദന, ആര്‍ത്തവ പ്രശ്നങ്ങള്‍, മലബന്ധം, ദഹനക്കേട്, ഉല്‍ക്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ അക്കുപ്രഷറിന് കഴിയും.

ശരീര സന്തുലനവും ആരോഗ്യവും പരിപാലിക്കുന്നതില്‍ അക്കുപ്രഷറിന് ഏറെ പങ്ക് വഹിക്കാന്‍ കഴിയും. അക്കുപ്രഷറിന്റെ സാന്ത്വന സ്പര്‍ശം, പിരിമുറുക്കം കുറച്ചും രക്തചംക്രമണം വര്‍ദ്ധിപ്പിച്ചും ശരീരത്തിന് വിശ്രാന്തി നല്‍കിയും പ്രതിരോധന ശേഷിയും സുസ്ഥിതിയും വര്‍ദ്ധിപ്പിക്കുന്നു.

അക്കുപങ്ചര്‍

ശരീരത്തിലെ സവിശേഷ സ്ഥാനങ്ങളില്‍ നേര്‍ത്ത സൂചികള്‍ പ്രയോഗിച്ച് ചികിത്സാവശ്യങ്ങള്‍ക്കായി വേദനയില്‍ നിന്ന് ആശ്വാസം നേടുന്ന പ്രക്രിയയാണ് അക്കുപങ്ചര്‍. ലാറ്റിന്‍ ഭാഷയിലെ ‘അക്കുസ്’ (acus) (സൂചി) പുങ്കറെ (pungere) (പീച്ചുക) എന്നീവാക്കുകള്‍ ചേര്‍ന്നാണ് അക്കുപങ്ചര്‍ എന്ന പദം ഉണ്ടായിട്ടുള്ളത്.

പരമ്പരാഗത ചൈനീസ് വൈദ്യ സിദ്ധാന്തമനുസരിച്ച് ജീവോര്‍ജ്ജം പ്രഹിക്കുന്ന ധ്രുവ രേഖകളിലാണ് അക്കുപങ്ചര്‍ സ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ശരീര ഘടനാ ശാസ്ത്രപരമായി ഇത്തരം ധ്രുവ രേഖകളും സ്ഥാനങ്ങളും ഉണ്ടെന്നതിന് അടിസ്ഥാനമുള്ളതായി അറിയപ്പെട്ടിട്ടില്ല.

ശിലായുഗം കാലം മുതലേ ചൈനയില്‍ കൂര്‍പ്പിച്ച കല്ലുകള്‍ ഉപയോഗിച്ചുള്ള അക്കുപങ്ചര്‍ സമ്പ്രദായം നടപ്പുണ്ടായിരുന്നതായി കരുതപ്പെടുന്നു. അക്കുപങ്ചറിന്‍റെ ചൈനയിലെ ആവിര്‍ഭാവം എപ്പോഴായിരുന്നുവെന്ന് ശരിക്കും വ്യക്തമല്ല. ഏതാണ്ട് ബിസി 305-204 കാലഘട്ടത്തില്‍ സമാഹരിക്കപ്പെട്ട ‘ഹ്വാങ് ദി നീജിങ്’ എന്ന വൈദ്യ ശാസ്ത്രഗ്രന്ഥത്തിലാണ് അക്കുപങ്ചറിനെപ്പറ്റിയുള്ള ആദ്യകാല വിവരണങ്ങള്‍ കാണുന്നത്. അക്കുപങ്ചറിന്‍റെ കൂടുതല്‍ പഴക്കമുള്ള പ്രചാരം സൂചിപ്പിക്കുന്ന ബിസി 1000 വരെ പഴക്കമുള്ള ചിത്രലിഖിതങ്ങള്‍ കണ്‌ടെത്തിയിട്ടുണ്ട്. യുദ്ധത്തില്‍ അമ്പുകള്‍ കൊണ്ട് മുറിവേറ്റ ചില സൈനികര്‍ക്ക് ശരീരത്തിന്‍റെ മറു ഭാഗങ്ങളിലെ വേദനയ്ക്ക് ആശ്വാസം അനുഭവപ്പെട്ടു എന്നതില്‍ നിന്നാണ് അക്കുപങ്ചറിന്‍റെ ആരംഭം എന്ന് ഐതിഹ്യമുണ്ട്. തുടര്‍ന്ന് വേദനയില്‍ നിന്നുള്ള ആശ്വാസത്തിനായി അമ്പുകള്‍ ഉപയോഗിച്ചും പില്‍ക്കാലത്ത് സൂചികള്‍ ഉപയോഗിച്ചും പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ചൈനയില്‍ നിന്ന് കൊറിയ, ജപ്പാന്‍, വിയറ്റ്നാം പൂര്‍‌വേഷ്യയുടെ മറുഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് അക്കുപങ്ചര്‍ വ്യാപിച്ചു. അക്കുപങ്ചറിനെപ്പറ്റി പാശ്ചാത്യ രാജ്യങ്ങളിലേക്ക് ആദ്യമായി വിവരം നല്‍കിയവരില്‍ 16-ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗ്രീസ് മിഷണറിമാര്‍ ഉള്‍‌പ്പെടുന്നു.

അക്കുപങ്ചര്‍-പാരമ്പരാഗത സിദ്ധാന്തങ്ങള്‍

ശരീരത്തിലെ ‘യിങ്, യാങ്’ എന്നിവയുടെ സന്തുലിതാവസ്ഥയാണ് ആരോഗ്യം എന്ന് ചൈനയിലെ പരമ്പരാഗത വൈദ്യം പറയുന്നു. ചിലര്‍ യിങിനെയും യാങിനെയും സിംപരാറ്റിക് - പാരാസിംപരാറ്റിക് നാഡീവ്യവസ്ഥകളുമായി താരതമ്യം ചെയ്തിട്ടുണ്ട്. ചൈനീസ് തത്വശാസ്ത്രത്തില്‍ ‘ക്വി’ എന്നറിയപ്പെടുന്ന ജീവോര്‍ജ്ജത്തിന്‍റെ (‘ക്വി’ യുടെ ശരിയായ തര്‍ജ്ജമ പ്രയാസകരമാണ്) സ്വഛന്ദമായ ഒഴുക്ക് അക്കുപ്ങചറില്‍ വളരെ പ്രധാനമാണ്. ‘ക്വി’ എന്നത് ഭൗതികാതീതമാണ്; അതാണ് യാങ്. അതിന്‍റെ ഭൗതീക പ്രതിഫലനമായ യിങ് രക്തം എന്നറിയപ്പെടുന്നു. (സാധാരണ രക്തത്തില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ചരിച്ചെഴുതിയിരിക്കുന്നു). രക്തത്തിന്റെയും ‘ക്വി’ യുടെയും പ്രവാഹത്തെ അക്കുപങ്ചര്‍ ക്രമീകരിക്കുകയും ആവശ്യാനുസരണം പുഷ്ടിപ്പെടുത്തുകയും അധികമുള്ളത് ചോര്‍ത്തിക്കളയുകയും തടസ്സങ്ങള്‍ നീക്കി ഒഴുക്ക് സുഗമമാക്കുകയും ചെയ്യുന്നു. അക്കുപങ്ചര്‍ സാഹിത്യത്തിലെ ഒരു പ്രത്യക്ഷ പ്രമാണം ഇതാണ്; വേദന ഇല്ല, തടസ്സമില്ല; തടസ്സമില്ല; വേദനയില്ല.

സാധാരണ അവയവങ്ങളുടെ വേരുകള്‍ ചേര്‍ത്ത് അറിയപ്പെടുത്തുന്നത് എന്നാല്‍ അവയുമായി നേരിട്ട് ബന്ധമില്ലാത്തവയുമായ ധര്‍മ്മ വ്യവസ്ഥകള്‍ ഉള്‍‌ച്ചേര്‍ന്ന മനുഷ്യ ശരീരത്തെ സമഗ്രമായാണ് പരമ്പരാഗത ചൈനീസ് വൈദ്യം പരിഗണിക്കുന്നത്. ഈ വ്യവസ്ഥകള്‍ക്കുള്ള ചൈനീസ് പദം സാങ് ഫും എന്നതാണ്. ‘സാങ്’ എന്നാല്‍ ആന്തരാവയവങ്ങള്‍ അഥവാ കട്ടിയുള്ള അവയവങ്ങള്‍ എന്നും ‘ഫു’ എന്നാല്‍ ഉദരം അഥവാ പൊള്ളയായ അവയവങ്ങള്‍ എന്നുമാണാര്‍ത്ഥം. അവയവങ്ങളില്‍ നിന്ന് ധര്‍മ്മ വ്യവസ്ഥകളെ വേര്‍തിരിച്ചറിയാന്‍ ഇംഗ്ലീഷില്‍ ഇവയുടെ ആദ്യാക്ഷരങ്ങള്‍ കാപിറ്റല്‍ (വലിയക്ഷരം) അക്ഷരങ്ങള്‍ ഉപയോഗിക്കുന്നു. Lung, Heart, Kidney എന്നിങ്ങനെ. യിങ്, യാങ്, ക്വി, രക്തം സമതുലനം നഷ്ടപ്പെടലാണ് രോഗം. (ഇതിന് ആന്തര സമസ്ഥിതിയുമായി സാമ്യമുണ്ട്). സൂചികള്‍, മര്‍ദ്ദം, താപം എന്നിവയുടെ പ്രയോജനത്തിലൂടെ ഒന്നോ അതിലധികമോ ധര്‍മ്മ വ്യവസ്ഥകളുടെ പ്രവര്‍ത്തനത്തെ വ്യത്യാസപ്പെടുത്തിയാണ് രോഗ ചികിത്സ നടത്തുന്നത്. ചൈനീസ് ഭാഷയില്‍ ‘ചു’ എന്നറിയപ്പെടുന്ന അക്കുപ്ങചര്‍ സ്ഥാനങ്ങളിലാണ് ഈ പ്രയോഗങ്ങള്‍ നടത്തുന്നത്. പരമ്പരാഗത ചൈനീസ് വൈദ്യത്തില്‍ ഇതിനെ ‘അവസ്വര മാതൃക’ കളുടെ ചികിത്സ എന്ന് പറയുന്നു.

അക്കുപങ്ചര്‍ സ്ഥാനങ്ങളില്‍ അധികവും കാണപ്പെടുന്നത് 12 മുഖ്യ ധ്രുവരേഖകളിലും എട്ട് അധിക ധ്രുവരേഖകളിലെ രണ്ടെണ്ണത്തിലുമാണ്. ‘ക്വി’ യും രക്തവും ഒഴുകുന്നതായി ചൈനീസ് വൈദ്യഗ്രന്ഥങ്ങളില്‍ പറയുന്ന പതിനാല് വാഹിനികളാണിവ. തടസ്സങ്ങള്‍ ഉണ്ടായതായി കരുതപ്പെടുന്ന മറ്റ് മൃദുസ്ഥാനങ്ങളില്‍ ഇവ ‘ആഷിസ്ഥാനങ്ങള്‍’ എന്നറിയപ്പെടുന്നു-കൂടി സൂചി പ്രയോഗം നടത്താറുണ്ട്.

അക്കുപങ്ചര്‍ ഫലപ്രദമെന്ന് കണ്ടെത്തിയ ചില രോഗാവസ്ഥകള്‍:

  • അലര്‍ജി കൊണ്ടുള്ള നാസിക രോഗം
  • വിഷാദം
  • തലവേദന
  • മനം പുരട്ടല്‍, ഛര്‍ദ്ദി, (ഗര്‍ഭിണികളുടെ തുടക്കം)
  • ആമാശയം, മുഖം, കഴുത്ത്, പുറം, മുട്ട് എന്നിവയുമായും ടെന്നീസ് എല്‍‌ബോ, ദന്തചികിത്സ, ശസ്ത്രക്രിയ എന്നിവയുമായും ബന്ധപ്പെട്ട വേദനകള്‍
  • പ്രൈമറി ഡിസ്‌മെനോറിയ
  • സന്ധിവാതം
  • ഷയാറ്റിക്ക
  • സ്‌പോണ്ടിലോസിസ്
  • ആസ്തമ
  • ഉറക്കമില്ലായ്മ

വര്‍ണ്ണചികിത്സ

സൂര്യപ്രകാശത്തിലെ സപ്ത വര്‍ണ്ണങ്ങള്‍ക്ക് രോഗശമന ശേഷിയുണ്ട്. ആരോഗ്യമായിരിക്കാനും രോഗങ്ങളെ ചികിത്സിക്കാനും ഈ വര്‍ണ്ണങ്ങള്‍ വളരെ ഫലപ്രദമാണ്. വര്‍ണ്ണകുപ്പികളിലും വര്‍ണ്ണഗ്ലാസുകളിലും വെള്ളവും എണ്ണയും നിശ്ചിത സമയത്തേക്ക് വെയില്‍ കൊള്ളിച്ചാണ് വ്യത്യസ്ത രോഗങ്ങള്‍ക്കുള്ള ചികിത്സാ സംവിധാനം തയ്യാറാക്കുന്നത്. രോഗശമനത്തിന് വര്‍ണ്ണ ചികിത്സയുടെ ലളിത രീതികള്‍ വളരെ ഫലം ചെയ്യുന്നു.

വായുചികിത്സ

ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായത് ശുദ്ധവായുവാണ്. വായുസ്നാനത്തിലൂടെ വായുചികിത്സയുടെ ഗുണഫലങ്ങള്‍ കൈവരിക്കാം. ഇരുപത് മിനിട്ടോ കഴിയുമെങ്കില്‍ അതിലധികമോ സമയം എല്ലാവരും നിത്യേന വായുസ്നാനം ചെയ്യണം ഇത് പ്രഭാത വ്യായാമങ്ങളോടൊപ്പം ചെയ്യുന്നതായിരിക്കും കൂടുതല്‍ ഗുണകരം. വസ്ത്രങ്ങളില്ലാതെയോ ലഘുവസ്ത്രങ്ങള്‍ മാത്രം ധരിച്ചോ ഏകാന്തവും വൃത്തിയുള്ളതും ധാരാളം ശുദ്ധവായു ലഭിക്കുന്നതുമായ ഒരിടത്ത് കൂടെ നടക്കുകയാണ് ഈ പ്രക്രിയയില്‍ ചെയ്യുന്നത്. ഉള്‍വശം പുറമെ നിന്ന് കാണാത്ത വിധത്തില്‍ സജ്ജീകരിച്ചിട്ടുള്ളതും എന്നാല്‍ നല്ല വായു സഞ്ചാരം ലഭിക്കുതുമായ മേല്‍ക്കൂരയില്ലാത്ത മുറിയില്‍ ഈ വായുസ്നാനം ചെയ്യാവുന്നതാണ്.

പ്രവര്‍ത്തനം

വെള്ളത്തിന്റെയോ വായുവിന്‍റെയോ തണുപ്പിക്കലിനെതിരായി രക്തപര്യയനത്തെ നിയന്ത്രിക്കുന്ന നാഡീകേന്ദ്രങ്ങള്‍ ശരീര ഉപരിതലത്തിലേക്ക് രക്തമെത്തിച്ച് ചര്‍മ്മത്തെ ഇളം ചൂടുള്ള ചുവന്ന ധമനീരക്തം കൊണ്ട് സമ്പുഷ്ടമാക്കുന്നു. രക്തത്തിന്‍റെ പ്രവാഹം ത്വരിതമാക്കുകയും ശരീരോപരിതലത്തിലെ മൃത പദാര്‍ത്ഥങ്ങളുടെ നിരാകരണം ആനുപാതികമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

മേന്മകള്‍

ശരീരോപരിതലത്തിലെ ലക്ഷകണക്കായ നാഡീത്തുമ്പുകള്‍ക്ക് സമാശ്വാസവും നവോന്മഷവും നല്‍കുന്നു. പരിഭ്രമം, നാഡീക്ഷീണം, വാതം, ചര്‍മ്മ രോഗങ്ങള്‍, മാനസികരോഗങ്ങള്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും വായുസ്നാനം നല്ല ഫലപ്രദാനം ചെയ്യുന്നു.

കാന്തചികിത്സ

രോഗികളില്‍ കാന്തങ്ങളുടെ പ്രയോഗം നടത്തി ശമനം വരുത്തുന്ന ചികിത്സാരീതിയാണിത്. ചെലവുകുറഞ്ഞതും ലളിതവും തികച്ചും വേദന രഹിതവുമായ ഈ ചികിത്സാരീതിക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല. കാന്തം മാത്രമാണ് ഈ സമ്പ്രദായത്തിലെ ഉപകരണം. വ്യത്യസ്ത ശക്തിയുള്ള കാന്തങ്ങള്‍ ശരീരഭാഗങ്ങളില്‍ നേരിട്ട് പ്രയോഗിച്ചോ വയര്‍, കാല്‍മുട്ട്, മണിബന്ധം തുടങ്ങിയ ശരീര ഭാഗങ്ങള്‍ക്ക് അനുയോജ്യമായ ബെല്‍റ്റുകള്‍ ധരിച്ചോ കാന്തചികിത്സ നടത്താം.

മേന്മകള്‍: ഊര്‍ജ്ജ സന്തുലനത്തിന് സഹായിക്കുന്നു, പ്രയോഗസ്ഥാനത്തെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു, ശരീരത്തിന്‍റെ ഊഷ്മളത കൂട്ടുന്നു.

പ്രകൃതി ചികിത്സാ വിദ്യാഭ്യാസം

യോഗ്യതയുള്ള അദ്ധ്യാപകരുടെ ദൗര്‍ലഭ്യം കാരണം ആയൂര്‍‌വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാരീതികളോളം യോഗയുടെയും പ്രകൃതി ചികിത്സയുടെയും വികാസം സാദ്ധ്യമായിട്ടില്ല. എന്നിരുന്നാലും സമീപ വര്‍ഷങ്ങളില്‍ ധാരാളം സര്‍ക്കാരിതര സംഘടനകളും സന്നദ്ധസംഘടനകളും യോഗ പ്രകൃതി ചികിത്സാ കേന്ദ്രങ്ങളും ബിരുദതല കോളേജുകളും സ്ഥാപിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

ഇന്ന് അത്തരത്തിലുള്ള 12 കോളേജുകള്‍ രാജ്യത്ത് നിലവിലുണ്ട്:

  1. കര്‍ണ്ണാടക സംസ്ഥാനത്ത് മൂന്നെണ്ണം. (ബാംഗ്ളൂരുവിലെ രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സുമായി അഫിലിയേറ്റ് ചെയ്തവ)
  2. തമിഴ്നാട്ടില്‍ നാലെണ്ണം- എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി, ചെന്നൈ.
  3. ആന്ധ്ര പ്രദേശില്‍ രണ്ടെണ്ണം- യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, വിയജവാഡ.
  4. ഛത്തീസ്ഗഢിലെ അഥഡടഒ യൂണിവേഴ്സിറ്റി, റായ്പൂരി ഒരെണ്ണം.
  5. ഭോപാലിലെ ബര്‍ക്കത്തുള്ള യൂണിവേഴ്സിറ്റിയിലും ഗുജറാത്തിലെ ജാം നഗരിയിലെ ആയൂര്‍വേദ യൂണിവേഴ്സിറ്റിയിലും ഓരോന്നു വീതം.

പ്രകൃതി ചികിത്സയിലും യോഗയിലും ലഭ്യമായ കോഴ്സ്; അഞ്ചര വര്‍ഷം (നാലര വര്‍ഷം കോഴ്സ് + ഒരു വര്‍ഷം ഇന്‍റേണ്‍ഷിപ്പ് ബാച്ചിലര്‍ ഓഫ് നാച്ചുറോപ്പതി ആന്‍റ് യോഗിക് സയന്‍സസ് (B.N.Y.S.)”

യോഗയും പ്രകൃതി ചികിത്സയും വ്യാപിപ്പിക്കുക മാത്രമല്ല, വിജയകരമായ പ്രക്റ്റീസിനാവശ്യമായ വൈദ്യോപകരണങ്ങളും രീതിയും സജ്ജമാക്കുക കൂടി ഈ വൈദ്യ വിദ്യാഭ്യാസത്തിത്തിന്റെ സമീപനത്തിലുള്‍പ്പെടുന്നു. ഈ സ്ഥാപനങ്ങള്‍ സിദ്ധാന്തപരവും പ്രയോഗപരവും ക്ളിനിക്കലുമായ സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുപുറമേ വിദ്യാര്‍ത്ഥികള്‍ക്ക് ബഹുവിധ പരിശീലനങ്ങള്‍ നേടാനും സഹായിക്കുന്നു. തികച്ചും ഔഷധ രഹിതവും പ്രക്യതി സഹജവുമായ വിവിധങ്ങളായ സമഗ്രചികിത്സാരീതികള്‍ പഠിക്കാന്‍ ഈ കോഴ്സ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.

യോഗയുടെയും അതിന്‍റെ വിവിധ രൂപങ്ങളുടെയും ഫലപ്രാപ്തി തെളിയിക്കാന്‍ ഗൗരവപൂര്‍ണ്ണമായ ശ്രമങ്ങള്‍ ഇന്ത്യയിലെ ആധുനിക വൈദ്യ വിദ്യാലയങ്ങള്‍ നടത്തിവരുന്നുവെന്ന് തികച്ചും താല്പര്യജനകമാണ്. യോഗസമഗ്രവും സമതുലിതവുമായ വ്യക്തിത്വവികാസനത്തിനുള്ള ഉപാധിയെന്ന നിലയില്‍ സ്വീകരിച്ചുകൊണ്ട് ചില സര്‍വ്വകലാശാലകള്‍ യോഗവകുപ്പുകളും ഒരുവര്‍ഷത്തെ അദ്ധ്യാപനപരിപാടികളും നടപ്പിലാക്കിവരുന്നുണ്ട്. യോഗയില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രികോഴ്സുകള്‍ നടത്തുന്ന 18 സര്‍വ്വകലാശാലകളില്‍ യോഗ കോഴ്സുകള്‍ തുടങ്ങാന്‍ യൂജിസിയും പ്രോല്‍സാഹനം നല്‍കുന്നുണ്ട്. ചില സര്‍വ്വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റ് തലം മുതല്‍ പിഎച്ച്‌ഡിതലം വരെ യോഗയില്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്. പല സര്‍വ്വകലാശാലകളും വരും വര്‍ഷങ്ങളില്‍ യോഗാവകുപ്പുകള്‍ തുടങ്ങാന്‍ സാദ്ധ്യതയുണ്ട്. പല വിദേശ സര്‍വ്വകലാശാലകളിലും യോഗാ ഫാക്കല്‍റ്റികള്‍ സ്ഥാപിക്കുകയും ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ചില സംസ്ഥാനങ്ങള്‍ തങ്ങളുടെ വിദ്യാഭ്യാസപദ്ധതിയില്‍ തന്നെ യോഗ ഉള്‍‌പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. ദല്‍ഹി സര്‍ക്കാര്‍ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സ്കൂളുകളിലും കേന്ദ്രീയവിദ്യാലയങ്ങളിലുമായി ആയിരത്തോളം യോഗ അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമേ മന:ശാരിക രോഗങ്ങള്‍ക്ക് ക്യത്യമായി യോഗ ചികിത്സ ചെയ്യുന്ന രാജ്യങ്ങള്‍ ധാരാളം രാജ്യങ്ങളിലുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ പലതിലും പ്രകൃതി ചികിത്സയ്ക്ക് ഊന്നലും അംഗീകാരവും നല്‍കപ്പെട്ടിട്ടുണ്ടെന്നത് പ്രോല്‍സാഹന ജനകമാണ്. യു.എസ.എ, ജര്‍മ്മനി, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ ധാരാളം കോളേജുകള്‍ പ്രകൃതിചികിത്സക്കായ് സ്ഥാപിതമായിട്ടുണ്ട്. ഓറിഗോണിലെ നാഷണല്‍ കോളേജ് ഓഫ് നാച്ചുറോപതിക് മെഡിസിന്‍, ലണ്ടനിലെ ബ്രിട്ടീഷ് കോളേജ് ആന്‍റ് ഓസ്റ്റിയോപതി എന്നിവ ഇത്തരം സ്ഥാപനങ്ങളാണ്.

ഇന്ത്യയിലെ പ്രകൃതിചികിത്സാ സ്പെഷ്യാലിറ്റി കേന്ദ്രങ്ങള്‍

സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത പ്രകൃതിചികിത്സാ യോഗാ ഡോക്ടര്‍മാര്‍

ക്രമനമ്പര്‍

സംസ്ഥാനബോര്‍ഡുകള്‍

പ്രകൃതിചികിത്സകരുടെ എണ്ണം

1.

ബോര്‍ഡ് ഓഫ് ഇന്ത്യന്‍ മെഡിസിന്‍ സെക്കന്തരാബാദ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍

800

2.

കര്‍ണ്ണാടക ആയൂര്‍വേദ യുനാനി & നാച്ചുറോപതി പ്രാക്ടീഷണേഴ്സ് ബോര്‍ഡ് ബാംഗളൂര്‍, കര്‍ണ്ണാടക സര്‍ക്കാര്‍

340

3.

തമിഴ്നാട് ബോര്‍ഡ് ഓഫ് ഇന്ത്യന്‍ മെഡിസിന്‍, ചെന്നൈ, തമിഴ്നാട് സര്‍ക്കാര്‍

670

4.

എം.പി. ആയൂര്‍വേദ,യുനാനി, ചികിത്സാബോര്‍ഡ്, ഭോപ്പാല്‍, മധ്യപ്രദേശ് സര്‍ക്കാര്‍

18

5.

ഛത്തീസ്ഗഢ് ആയൂര്‍വേദ,യുനാനി & നാച്ചുറോപതിക്്ബോര്‍ഡ്,റയ്പൂര്‍, ഛത്തീസ്ഗഢ് സര്‍ക്കാര്‍

75

ആശുപത്രികള്‍, കിടക്കകളുടെ എണ്ണം, ഡിസ്വെന്‍സറികള്‍:

  • കിടത്തി ചികിത്സാ സൌകര്യമുള്ള ആശുപത്രികള്‍ - ഏതാണ്ട് 250, മൊത്തം പതിനായിരത്തോളം കിടക്കകള്‍ (പ്രകൃകി ചികിത്സയും യോഗയും).
  • ക്ളിനിക്കുകള്‍ (ഔട്ട് പേഷ്യന്റ്) - ഇന്ത്യയിലാകെ ഏതാണ്ട് 300 (യോഗയും പ്രകൃതി ചികിത്സയും).
  • യോഗ ആശുപത്രികള്‍ - 06.
  • പ്രകൃതി ചികിത്സാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ - നാല്‍പതോളം.

ആയുഷ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങള്‍

  • 21 രോഗങ്ങളെ അടിസ്ഥാനമാക്കിയുളള യോഗയും പ്രകൃതിചികില്‍സയും
  • ആയുഷ് രീതിയിലെ രോഗത്തെ അടിസ്ഥാനമാക്കിയുളള വിവരങ്ങള്‍
  • ആയുഷിനെക്കുറിച്ചുളള സത്യവും മിഥ്യയും

ഉറവിടം:

ആയുഷ് വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്‍റ്

അവസാനം പരിഷ്കരിച്ചത് : 1/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate