Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നാട്ടറിവിന്‍റെ വൈദ്യവഴികള്‍

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

മുമ്പൊന്നും എന്തെങ്കിലും രോഗം വന്നുപെട്ടാൽ ഉടനേ വൈദ്യനെത്തേടിപ്പോകാറില്ല. അത്യാവശ്യം ഒരു കൈയൊക്കെ നോക്കാൻ വീട്ടിലെ മുത്തശിക്കറിയാമായിരുന്നു. വീട്ടിലെ മറ്റു പ്രായം ചെന്നവരും ചില മുറിവൈദ്യങ്ങൾ ചെയ്യുന്നതിൽ ഒട്ടും പിന്നിലല്ലായിരുന്നു. തലമുറകളായി പകർന്നുകിട്ടിയ വിലപ്പെട്ട അറിവുകളാണു അവർ പ്രയോഗിച്ചു തക്കഫലം കണ്ടിരുന്നത്.

അതിസാരം

ഒരു ഗ്ലാസ് മോരിൽ അല്പം ഉലുവ അരച്ചു ചേർത്തു കുടിച്ചാൽ അതിസാരം ശമിക്കും.

അരിമ്പാറ

കീഴാർനെല്ലി അരച്ചു പാലിൽ ചേർത്തു പുരട്ടിയാൽ അരിമ്പാറ മാറും. അല്ലെങ്കിൽ പുറ്റുമണ്ണ്, ഇരുവേലി, ആട്ടിൻകാട്ടം, അരയാലിന്റെ തൊലി ഇവ സമമെടുത്ത് അരച്ചു പുരട്ടിയാലും മതി. പച്ച ഇഞ്ചി ചെത്തിക്കൂർപ്പിച്ച് ചുണ്ണാമ്പിൽ മുക്കി അരിമ്പാറയിൽ കുത്തുന്നതും നന്ന്.

അർശസ്സ്

എന്നും ചെമന്നുള്ളി എരുമനെയ്യിൽ മൂപ്പിച്ചു കഴിച്ചാൽ അർശസ്സു വിട്ടുമാറും.

വാഴപ്പഴവും തോടും കുരുവും കളഞ്ഞ വാളൻപുളിയും കൂട്ടിക്കുഴച്ച് കല്ക്കണ്ടം ചേർത്തു കഴിച്ചാലും അർശസ്സ് ശമിക്കും. രോഗം അത്ര കൂടുതൽ ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു തവണ കഴിച്ചാൽ മതി. കൂടുതലുണ്ടെങ്കില്‍ ആഴ്ചയിൽ മൂന്നോ നാലോ തവണ കഴിക്കണം.

അലർജി

അലർജിയുടെ ഹേതു ഇതഃപര്യന്തം കണ്ടുപിടിച്ചിട്ടില്ല. ഭക്ഷണം, ശ്വസനം, കുത്തിവയ്പ് തുടങ്ങി നാം ബന്ധപ്പെടുന്ന വസ്തുവിനോടോ വസ്തുക്കളോടോ അലർജിയുണ്ടാകാം. കണ്ണുകൾ, തൊണ്ട്, ത്വക്ക്, മൂക്കിലെ തനുസ്ഥരം, ബ്രോങ്കയിൽ കുഴലുകൾ തുടങ്ങിയ ശരീരഭാഗങ്ങളാണു അലർജിക്കു ഏറെ വഴങ്ങുക. പാരമ്പര്യമായും അലർജി പിടിപെടാം.

പരിഹാരമാർഗങ്ങൾ

 • ആധി, ഉത്കണ്ഠ, കോപം, നിരാശത തുടങ്ങിയ മാനസിക വിഷമതകൾ ആവതും ഒഴിവാക്കുക.
 • അലർജി ഉളളവൻ മരുന്നു കഴിക്കുമ്പോഴും വാക്സിനുകളും സീറങ്ങളും എടുക്കുമ്പോഴും മുൻകൂട്ടി പരീക്ഷിക്കുക (ടെസ്റ്റ് ഡോസ് എടുക്കുക).
 • ഏതൊരു വസ്തുവിനോടും അലർജിയുണ്ടാകാം. ഏതിനോടാണലർജി എന്ന് കണ്ടുപിടിച്ച് അതൊഴിവാക്കി അലർജിയിൽനിന്നു രക്ഷപ്പെടുക.
 • സന്തുലിതമായ ആഹാരം കഴിക്കുക.
 • ശുദ്ധവായു ധാരാളമേൽക്കുക.
 • വേണ്ടത്ര വിശ്രമിക്കുക.
 • ഉള്ള ആരോഗ്യം കാത്തു സൂക്ഷിക്കുക.
 • അലർജി മാറുന്നില്ലെങ്കിൽ കൂടുതൽ കാത്തിരിക്കാതെ വിദഗ്ധമായ വൈദ്യസഹായം തേടുക.

ആണിരോഗം

കാലിൽ ആണിരോഗം വന്നാണു കഷ്ട്ടപ്പെടുന്നതെങ്കിൽ കുഴങ്ങണ്ട. ചെറുനാരങ്ങയുടെ പാതി വച്ചു കെട്ടി കിടക്കുകയോ എരുക്കിൻപാൽ തേയ്ക്കുകയോ ചെയ്താൽ മതി.

ആർത്തവവേദന

കുടംപുളിയും കൊത്തമല്ലിയും സമമെടുത്തരച്ച് അല്പം ഇന്തുപ്പും ചേർത്തു കഴിച്ചാൽ ആർത്തവവേദന ശമിക്കും.

ഇക്കിൾ

ഇക്കിൾ ഒരു ശ്വാസവിക്യതിയാണ്. സാധാരണമായ ഇക്കിൾ നിരുപദ്രവിയാണ്. നീണ്ടുനിന്നാലേ ഉത്കണ്ഠയ്ക്ക് വകയുള്ളൂ. പിടികൂടി നിൽക്കാനാണു ഭാവമെങ്കിൽ ഇടുപൊടുന്നനെ പരിഹാരമുണ്ടാക്കണം.

പരിഹാരമാർഗങ്ങൾ

 • ഒരു കരണ്ടി പഞ്ചസാര വായിലിട്ടു കുറേശ്ശെ കുറേശ്ശെ അലിയിച്ച് ഇറക്കുക.
 • ആവുന്നത്രനേരം ശ്വാസം പിടിച്ചിരിക്കുക.
 • അല്പം കൊത്തമല്ലി വായിലിട്ടു ചവച്ച ചാറ് ഇറക്കുക.
 • ഒന്നോ രണ്ടോ ഗ്ലാസ്സ് പച്ചവെള്ളം കുടിക്കുക.
 • മൂക്കിൽ തൂവലോ മറ്റോ കടത്തിത്തുമ്മുക.
 • മുക്കുറ്റി അരച്ചു വെണ്ണ ചേർത്തു കഴിക്കുക. മഞ്ഞളില ഉണക്കി കത്തിച്ചു വലിക്കുക.
 • ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും തിരിക്കുക.

ഉദരരോഗം

മാതളനാരങ്ങയുടെ തോടോ, പുളിയാറിലയോ മോരിൽ അരച്ചു കലക്കിക്കുടിച്ചാൽ സാധാരണ ഉദരരോഗങ്ങളൊക്കെ മാറും.

ഉപ്പൂറ്റിവിള്ളൽ

ചിലർക്കു ഉപ്പുറ്റി വിള്ളലുണ്ടാകും. പച്ചക്കശുവണ്ടിക്കറ പുരട്ടുകയോ, കനകാംബരത്തിന്റെ ഇല അരച്ചിടുകയോ ചെയ്താൽ തീർച്ചയായും ശമനം കിട്ടും.

ഒച്ചയടപ്പ്

അടുപ്പിലിട്ടു ചുട്ട ഉള്ളി തിന്നാൽ ഒച്ചയടപ്പു മാറും.

ഓക്കാനം

ജീരകം വായിലിട്ടു ചവച്ചാൽ ഓക്കാനം മാറും.

ഓർമശക്തി

മാമ്പഴച്ചാറോടൊപ്പം പാലും തേനും ചേർത്തു കഴിച്ചാൽ വിശപ്പ് ക്രമപ്പെടുത്തുകയും ദേഹബലവും ഓർമശക്തിയും വർധിപ്പിക്കുകയും ചെയ്യും.

പപ്പായ (ഓമയ്ക്ക)പ്പഴത്തോടൊപ്പം തേൻ ചേർത്തു കഴിച്ചാൽ ഓര്‍മക്കുറവ്, ഞരമ്പു തളർച്ച, ശരീര ക്ഷീണം ഇവ മാറി പുത്തനുണർവു ലഭിക്കും.

കണ്ണുകേട്

തുളസിയിലയും ഉള്ളിയും ജീരകവും കൂടി ചതച്ചു പിഴിഞ്ഞ നീര് കണ്ണിലൊഴിച്ചാൽ അഞ്ചാംപനി, വസൂരി (ചിക്കൻപോക്സ്) തുടങ്ങിയ രോഗം ബാധിക്കുന്നവരുടെ കണ്ണിനു കേടുപറ്റുകയില്ല.

കഫക്കെട്ട്

ഉളളിയും കല്ക്കണ്ടവും ചേർത്തു കഴിച്ചാൽ നെഞ്ചിലും ഗളനാളത്തിലും കഫം കെട്ടിയുണ്ടാകുന്ന ചുമ ശമിക്കും. കുരുമുളകുപൊടിയിൽ തേൻ ചേർത്തു കഴിച്ചാലും മതി.

കുടൽപ്പുണ്ണ്

കുടൽപ്പുണ്ണുളളവർ കൂടക്കടെ ചീരയില, വാഴക്കൂമ്പ്, മുരിങ്ങയില, മധുരക്കീര (ചെക്കുർ മാനീസ്) എന്നിവ കറിവച്ചു കൂട്ടുന്നതു നല്ലതാണ്. കൊടങ്ങൽ അരച്ചു പാലിൽ ചേർത്തു കുടിച്ചാലും കുടൽപ്പുണ്ണ് മാറും.

കുഴിനഖം

കുഴിനഖമാണു കുഴക്കുന്നതെങ്കിൽ ഉപ്പും ചെറുനാരങ്ങനീരും ചേർത്തിടുകയോ, മഞ്ഞളും മൈലാഞ്ചിയും ചേർത്തു അരച്ചിടുകയോ ചെറുചൂട് ചോറ് ഉപ്പുചേർത്തരച്ച് ഒരു തുണിയിലാക്കി കെട്ടുകയോ ചെയ്യുക. ഒരു ചെറുനാരങ്ങ വിരലുകൊണ്ട് ചെറിയ ഒരു ദ്വാരമിട്ട് ഉപ്പ് ഇട്ടു വയ്ക്കുക. ഉപ്പുനീരിറങ്ങുമ്പോൾ കുഴിനഖമുള്ള വിരൽ നാരങ്ങയിൽ കടത്തിവയ്ക്കുക. പിറ്റേന്നു വേദന മാറും.

കൃമിശല്യം

ആര്യവേപ്പിന്റെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീര് തേൻ ചേർത്തു കഴിച്ചാൽ കൃമിശല്യം ശമിക്കും. പപ്പായ പച്ചക്കോ, പഴമായോ കഴിക്കുന്നതും കൃമിശല്യം ഇല്ലാതാക്കും.

കൊടിഞ്ഞി(ചെന്നിക്കുത്ത്)

മുയൽച്ചെവിയ(ഒരിനം ഔഷധസസ്യം)രച്ചു ചേർത്ത പാല് നെറ്റിയിലാകെ പുരട്ടുക.

തൊട്ടാവാടി ചതച്ച നീരെടുത്തു ആറുതുളളി ചെന്നിക്കുത്തുളള ഭാഗത്തെ മൂക്കിലൊഴിച്ചു നസ്യം ചെയ്യുക. മുരിങ്ങത്തളിരും ചെമന്നുളളിയുമൊപ്പം ചതച്ചു നീരെടുത്തും നസ്യം ചെയ്യാം.

കൊളസ്ട്രോൾ

കൊളസ്ട്രോൾ കുറയ്ക്കാൻ എന്നും ആഹാരത്തോടൊപ്പം ഓരോ കാന്താരിമുളകു കഴിക്കുക. ഹൃദ്രോഗത്തെപ്പോലും കാന്തിക്കാനുള്ള കഴിവ് കാന്താരിക്കുണ്ട്.

രാവിലെ വെറും വയറ്റിൽ കറിവേപ്പിലയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയോ മൂന്നോ നാലോ അല്ലി വെളുത്തുളളിയോ ചുവന്നുള്ളിയും ചതച്ച ഊണിനൊപ്പം കഴിക്കുകയോ ചെയ്യുന്നതും ഉളള കൊളസ്ട്രോളിനെ കുറയ്ക്കാനും മേലിൽ വരാതെ തടയാനുമുതകും. ഉപ്പും കൊഴുപ്പും കുറവും പഴങ്ങളും പച്ചക്കറികളും കൂടുതലും ആഹാരത്തിലുൾപ്പെടുത്തുന്നതും നന്ന്.

ഗർഭാശയ രോഗങ്ങൾ

ഉള്ളി ലേഹ്യമായോ, അല്ലാതെയോ കഴിച്ചാൽ ഗർഭാശയ രോഗങ്ങൾ ശമിക്കും. മുലപ്പാൽ വർധിക്കും. ഹൃദ്രോഗവും ശമിക്കും.

ഗ്യാസിന്റെ ശല്യം

ഉറങ്ങുന്നതിനു മുമ്പ് രണ്ട് അല്ലി വെളുത്തുളളി ഒടിച്ച് വായിലിട്ട് ജീരകവെള്ളം കുടിക്കുക. ഗ്യാസു കുറയും. പച്ച ഏത്തയ്ക്കാ തൊലി കളഞ്ഞു നുറുക്കി വെയിലത്തുണക്കി പൊടിച്ചു വച്ചു ചെറു ചൂടുവെളളത്തിൽ ഒരു ടീ സ്പൂൺ പൊടി കലക്കി പ്രഭാതത്തിൽ വെറും വയറ്റിൽ കുടിച്ചാൽ ഗ്യാസ് ശല്യം ഇല്ലാതാവും.

ചർമരോഗം

മാമ്പഴച്ചാറു കുറേനാൾ തുടർച്ചയായി കുടിച്ചാൽ മുഖക്കുരു തുടങ്ങിയ ചർമരോഗങ്ങൾ വിട്ടകലും.

ചുണങ്ങ്

കൊന്നയില കാടിയിൽ അരച്ചു തേച്ചാൽ ചുണങ്ങു മാറും. തൈരിൽ വയമ്പും ഗന്ധകവും ചേർത്തരച്ചു പുരട്ടിയാലും ചുണങ്ങു മാറും. കടുക് അരച്ചു പുരട്ടി നല്ലവണ്ണം ഉണങ്ങിയശേഷം കഴുകുക. ഇത് രണ്ടുമൂന്നാഴ്ച ചെയ്താൽ മാറും.

ചുമ

ചുമയോ കഫശല്യമോ ഉണ്ടെങ്കിൽ ഒരു ടീ സ്പൂൺ ചെറിയ ആടലോടകത്തിൻനീരിൽ സമം തേൻ ചേർത്തു കഴിച്ചാൽ ശമനം കിട്ടാതിരിക്കില്ല.

ഇഞ്ചിനീരോ, തുമ്പപ്പൂ അരച്ചെടുത്ത നീരോ തേൻ ചേർത്തു കഴിക്കുന്നതും മറ്റൊരു പ്രതിവിധിയാണ്. ഇഞ്ചി, തുളസി, ചെമന്നുള്ളി ഇവ തേൻ ചേർത്തു കുടിക്കുകയോ, ജീരകവും ചുക്കും സമം പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുകയോ കുരുമുളക്, ചുക്ക്, ജീരകം, കൽക്കണ്ടം ഇവ പൊടിച്ച് ഇഞ്ചിനീരിലോ, തേനിലോ ചേർത്ത് കുടിക്കുകയോ ചെയ്താലും ചുമ ശമിക്കും. തൊണ്ട ചൊറിച്ചിൽ കൊണ്ടുണ്ടാകുന്ന ചുമയ്ക്കു താന്നിക്കാത്തോട്, ഇന്തുപ്പ്, തിപ്പലി ഇവ സമമെടുത്തു പൊടിച്ചു സേവിക്കുന്നതു നല്ലതാണ്. ഒരല്പം കരിപ്പെട്ടി ഉള്ളി ചേർത്തു കഴിച്ചാൽ സാധാരണ ചുമയ്ക്ക് ശമനം കിട്ടും.

ചെവിവേദന

ചങ്ങലംപരണ്ട ചൂടാക്കിപ്പിഴിഞ്ഞ നീരോ, മുരിങ്ങത്തൊലിനീരിൽ കുറച്ചുപ്പുചേർത്ത് അല്പം ചൂടാക്കിയോ, ചെവിയിലൊഴിക്കുക. വല്ല പ്രാണികളും ചെവിക്കകത്തു പെട്ടുപോയിട്ടുണ്ടെങ്കിൽ അവയും ചത്തു പുറത്തുപോകും.

ചൊറി

ഉള്ളിനീരിൽ കുറച്ചു മഞ്ഞൾപ്പൊടി ചേർത്തു പുരട്ടിയാൽ ചിരങ്ങ്, ചൊറി, കൈയിലും കാലിലുമുണ്ടാകുന്ന തടിപ്പ് ഇവ മാറും.

ചൊറിച്ചിൽ

ആര്യവേപ്പിന്റെ ഇലയും മഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ തൊലിപ്പുറമേ ഉണ്ടാകുന്ന മൊരിച്ചിലും ചൊറിച്ചിലും മാറും.

ഛർദി

വല്ലാത്ത ചർദി ഉണ്ടെങ്കിൽ മലരിട്ടു വെന്ത വെള്ളം കുടിക്കുക. ആശ്വാസം കിട്ടും. കുറേ ഛർദിച്ചു പോകുന്നതു നല്ലതാണ്. കാരണം, അത് ഉദരത്തിനുള്ളിലെ മാലിന്യങ്ങൾ പുറംതള്ളാനുള്ള ദേഹത്തിന്റെ ഒരു വിദ്യയാണ്. അതിനാൽ ഛർദി വന്നാൽ തിടുക്കപ്പെട്ടു അതു നിറുത്താൻ നോക്കരുത്. ഇഞ്ചിനീരും ചെറുനാരങ്ങനീരും ചേർത്തു കഴിച്ചാലും ചർദി മാറും. ഛർദ്ദിച്ച് വെള്ളം അധികനഷ്ടമായെങ്കിൽ കരിക്കിൻ വെള്ളം കുടിക്കണം.

ഛർദി (ബസ് യാത്രയിലെ)

അല്പ്പം ജീരകം ചവച്ചുകൊണ്ടിരുന്നാൽ ബസ്സ് യാത്രയിൽ ഛർദിക്കുകയില്ല. അല്ലെങ്കിൽ കശുമാവില ഞരടി മണപ്പിച്ചുകൊണ്ടിരുന്നാലും മതി.

ജലദോഷം

ഗ്രാമ്പൂ പൊടിച്ചു തേനിൽ ചേർത്തു കഴിച്ചാൽ ജലദോഷം പോകും.

തലവേദന

ആവണക്കിൻ വേര്, കറുവപ്പട്ട, ഗ്രാമ്പൂ, ചുക്ക് ഇവ സമം അരച്ചു നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും.

കയ്യോന്നി, ചതുരമുല്ല, നീലയമരി, നെല്ലിക്ക ഇവ ചേർത്ത് എണ്ണ കാച്ചിത്തേച്ചാലും തലവേദന മാറുകയും തലമുടി തഴച്ചു വളരുകയും ചെയ്യും. കുരുകളഞ്ഞ നെല്ലിക്ക പാലിൽ അരച്ചു നെറ്റിയിൽ പുരട്ടിയാൽ തലവേദനയിൽ നിന്നു തലയൂരാം. മൈലാഞ്ചിയുടെ ഇല അരച്ചു നെറ്റിയിൽ പുരട്ടുന്നതും നല്ലതാണ്. ഉള്ളി നല്ലവണ്ണം അരച്ച് ഉള്ളം കാലിൽ പുരട്ടുന്നതും കൊള്ളാം.

താരനും പേനും

തല താളിയിട്ടു നന്നായി കഴുകിയശേഷം ചന്ദനത്തിരിയുടെ പുക മുടിയിലേല്പ്പിക്കുക. വേപ്പിൻകുരു പൊടിച്ചു പുരട്ടിയാൽ തലയിലെ താരൻ, പേൻ എന്നിവ നശിക്കും. തുളസിയില അരച്ചുപുരട്ടിയാലും മതി.

തൊണ്ടയടപ്പ്

ഉള്ളിയും കരിപ്പെട്ടിയും ചേർത്തു കഴിച്ചാൽ തൊണ്ടയടപ്പു മാറും.

ദഹനക്കേട്

ഊണല്പം കൂടിപ്പോയി. ഫലമോ? രുചിയില്ലായ്മ, ദഹനക്കേട്. കറിവേപ്പിലയും ഇഞ്ചിയും സമം അരച്ചുരുട്ടിത്തിന്നു. കുറച്ചു കഴിഞ്ഞപ്പോൾ സുഖക്കേട് എവിടെപ്പോയെന്നറിഞ്ഞില്ല. ഇഞ്ചിനീരിൽ ഉപ്പോ, പഞ്ചസാരയോ ചേർത്തു കുടിച്ചാലും ദഹനക്കേടു മാറും.

ദുർമേദസ്സ്

കരിങ്ങാലിക്കാതലും നെല്ലിക്കയും ഇട്ടു വെള്ളം തിളപ്പിച്ച് ദിവസവും കുടിച്ചാൽ ദുർമേദസ്സ് ദൂരീകരിക്കാം.

നര

തല നരച്ചു തുടങ്ങിയോ? അതോർത്തു നരകിക്കേണ്ട. നര മാറ്റാന്‍ നാലഞ്ചു മാർഗങ്ങളുണ്ട്. കയ്യൂന്നി ഉണക്കിപ്പൊടിച്ചു കുറച്ചു തേനും നെയ്യും ചേർത്തു എന്നും രാവിലെയും രാത്രി കിടക്കാൻ നേരവും കഴിക്കുകയോ, കരിം ജീരകത്തിന്റെ എണ്ണ തലയിൽ തേയ്ക്കുകയോ, കറിവേപ്പില ഏറെ ചേർത്തു വെളിച്ചെണ്ണ കാച്ചി തലയിൽ തേച്ചു കുളിക്കുകയോ, രണ്ടു ചെമ്പരത്തിപ്പൂവും രണ്ടു നെല്ലിക്കയും ചേർത്തരച്ചതു തലയിൽ തേച്ചു പിടിപ്പിക്കുകയോ, ബദാം എണ്ണയും വെളിച്ചെണ്ണയും സമം ചേർത്തു ഇളം ചൂടോടെ തലയിൽ തിരുമ്മിപ്പിടിപ്പിക്കുകയോ ചെയ്യുക.

നാഡിരോഗം

ആപ്പിളിനൊപ്പം കുറച്ചു തേനും, റോസിന്റെ ഇതളും ചേർത്തു കഴിച്ചാൽ നാഡീരോഗങ്ങൾ അകന്നു നാഡികൾക്കു നവോന്മേഷം ലഭിക്കുകയും മേനിക്കു മിനുസവും മൃദുത്വവും ഉണ്ടാവുകയും ചെയ്യും.

നീരും വേദനയും

മുരിങ്ങയിലയും ഉപ്പും കൂടി അരച്ചുപുരട്ടിയാൽ ദേഹത്തിലെ നീരും വേദനയും വിട്ടുമാറും. മുള്ളുമുരിക്കിന്റെ തൊലി കാടിവെള്ളത്തിലരച്ചിട്ടാലും നീരു കുറയും.

നെഞ്ചെരിച്ചിൽ

തളിർവെറ്റില ഉപ്പും ജീരകവും ചേർത്തു ചവച്ചിറക്കിയാൽ നെഞ്ചെരിച്ചിൽ മാറും.

പനിയും ചുമയും

ആടലോടകത്തിന്റെ ഇല, കരിപ്പെട്ടി, കുരുമുളക്, ജീരകം ഇവ ചേർത്തുണ്ടാക്കുന്ന കാപ്പി കഷായം വച്ചു കഴിച്ചാൽ പനിയും ചുമയും ശമിക്കുകയും കഫം അലിഞ്ഞുപോവുകയും ചെയ്യും.

പല്ലുവേദന

ഐസ് കഷണം പല്ലിലമർത്തിയാൽ പല്ലുവേദന കുറയും. കുറയുന്നില്ലെങ്കിൽ ചൂടുവെള്ളം നിറച്ച പാഡ് അമർത്തുക. പല്ല് പുളിക്കുന്നുണ്ടെങ്കിൽ തളിർമാവില ചവച്ചാൽ മതി. നന്ത്യാർവട്ടത്തിന്റെ വേരു ചവച്ചാലും പല്ലുവേദന മാറികിട്ടും.

പീനസം

തൊട്ടാവാടി ഇലയും തുളസിയിലയും സമം ചേർത്തു എണ്ണ കാച്ചിത്തേച്ചാൽ പീനസം മാറും.

പുകവലിദോഷം

കൈതച്ചക്ക(പൈനാപ്പിൾ) എന്നും കുറേശ്ശേ കഴിച്ചാൽ പുകവലി കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ ഏറെക്കുറെ മാറിക്കിട്ടും.

പുഴുക്കടി

കാട്ടുതക്കരയിലയും, ഉപ്പും പച്ചമോരിൽ അരച്ചോ, തുളസിയില നീരിൽ ചെറുനാരങ്ങനീരു ചേർത്തോ, നവസാരം തേനിൽ ചാലിച്ചോ, വേപ്പിലയും പച്ചമഞ്ഞളും ചേർത്തരച്ചോ, പുരട്ടിയാൽ പുഴുക്കടി മാറും. കുരുമുളക്, നാരങ്ങാനീരിൽ അരച്ചുപുരട്ടുന്നതും നന്ന്.

പ്രമേഹം

പാവയ്ക്ക പതിവായി ഉപയോഗിച്ചാൽ പ്രമേഹം ശമിക്കും. എന്നും ആര്യവേപ്പിന്റെ ഒരു തളിരില നല്ലപോലെ ചവച്ചിറക്കിയാലും മതി. പാലിൽ വെളുത്തുള്ളി ചതച്ചിട്ടു കുടിക്കുന്നതും ഫലപ്രദമാണ്.

മധുരം ചേർക്കാത്ത ഉലുവാകാപ്പി പതിവായി കുടിച്ചാൽ പ്രമേഹം കുറയും. ഉലുവ കുതിർത്ത് കഴിക്കുന്നതും നന്ന്. കൂവളത്തില മോരിൽ അരച്ചു കുടിക്കുന്നതും ഫലപ്രദമാണ്.

പ്രതിരോധശക്തി

വഴുതനങ്ങ നല്ലെണ്ണയിൽ വറുത്തെടുത്തു കഷണങ്ങളാക്കി തൈര് ചേർത്തു കഴിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കും.

ബുദ്ധിയും ഓർമയും

കുടങ്ങൽ ഇടിച്ചു പിഴിഞ്ഞു ചാറെടുത്തു വെറും വയറ്റിൽ കുടിക്കാൻ കൊടുത്താൽ കുട്ടികളുടെ ബുദ്ധിയും ഓർമശക്തിയും വർധിക്കും.

മഞ്ഞപ്പിത്തം

പൂവരശിന്റെ പൂമൊട്ട് അരച്ച് നാഴി പാലിൽ ചേർത്ത് സൂര്യോദയത്തിനു മുമ്പു കഴിക്കുക. മഞ്ഞപ്പിത്തം കുറയും. അമ്യത് ഇടിച്ചു പിഴിഞ്ഞനീരിൽ തേൻ ചേർത്തു കഴിച്ചാലും മഞ്ഞപ്പിത്തം ശമിക്കും.

മദ്യപാനം

അമിതമായി മദ്യപിച്ചാൽ തലവേദന, വയറിനു അസുഖം, ദാഹം, തലയ്ക്കു മാന്ദ്യം, ഉന്മേഷക്കുറവ് എന്നിവ അനുഭവപ്പെടും. മദ്യപാനത്തിനെതിരെ ശരീരം നല്കുന്ന താക്കീതാണ് പ്രസ്തുത മുന്നറിയിപ്പുകൾ.

 • തലവേദന മാറാൻ നെറ്റി തടവി നോക്കുക.
 • ധാരാളം വെളളം കുടിക്കുക.
 • ലഘുഭക്ഷണം കഴിച്ചു വിശ്രമിക്കുക.
 • നല്ലവണ്ണം ഉറങ്ങുക.
 • അതോടെ അസ്വസ്ഥതകളെല്ലാം മാറും.
 • അമിതമദ്യപാനം തുടർന്നാൽ മാറ്റാനെളുപ്പമല്ല. നിയന്ത്രണാധീനമല്ലെങ്കിൽ മദ്യവിരക്തിക്കുള്ള ചികിത്സയ്ക്കായി ഡോക്ടറെ കാണുക.

മദ്യത്തിന്റെ മത്ത്

തലേന്നു വാഴവേരു ചതച്ചു കുറച്ചു വെള്ളത്തിലിട്ടു വച്ചു പിറ്റേന്നു രാവിലെ ആ വെള്ളം കുടിച്ചാൽ മദ്യം കഴിച്ചുള്ള മത്തു മാറും. മോരു കുടിച്ചാലും തെല്ലു ശമനം കിട്ടും.

മലബന്ധം

ചെന്നിനായകവും ത്രിഫലയും ചേർത്തു വെള്ളം തിളപ്പിച്ച് കുടിക്കുകയോ, അത്താഴം കഴിഞ്ഞു എന്നും രണ്ടോ, മൂന്നോ തക്കാളിപ്പഴം കഴിക്കുകയോ ചെയ്താൽ മലബന്ധം മാറ്റാം. പഴങ്ങളെല്ലാം തന്നെ മലബന്ധം മാറ്റാനുതകും.

മുഖക്കുരു

നല്ല മുഖം വിരൂപമാക്കുന്ന വില്ലനാണു മുഖക്കുരു. സ്ത്രീകൾക്ക്, വിശേഷിച്ച് വിവാഹപ്രായമെത്തിയ യുവതികൾക്കു അതുണ്ടാക്കുന്ന മനശ്ശല്യം കുറച്ചൊന്നുമല്ല. ആര്യവേപ്പില മഞ്ഞൾ ചേർത്തോ കരിക്കിൻ ചിരട്ട അരിക്കാടിയിലരച്ചോ മുഖത്തു പുരട്ടിയാൽ മുഖദൂഷികയെ ആട്ടിപ്പായിക്കാം. വെള്ളരി തൊലികളഞ്ഞു കുഴമ്പാക്കി പുരട്ടിയാലും മുഖക്കുരു ഇല്ലാതാകും. നാരങ്ങാനീര് തേൻ ചേർത്തു പുരട്ടുന്നതും നന്ന്.

മുടികൊഴിച്ചിൽ

കീഴാർനെല്ലി ഇടിച്ചു പിഴിഞ്ഞെടുത്ത ചാറ് എണ്ണയിൽ ചേർത്ത് കാച്ചിതേച്ചാൽ മുടികൊഴിച്ചിൽ മാറും. ചെമന്നുള്ളി അരിഞ്ഞിട്ടു കാച്ചിയ വെളിച്ചെണ്ണ തലയോട്ടിയിൽ തിരുമ്മിപ്പിടിപ്പിച്ചു ഇരുപതു മിനിറ്റു കഴിഞ്ഞ് കുളിക്കുന്നതു മുടികൊഴിച്ചിൽ തടയും.

മൂക്കടപ്പ്

മൂക്കിനു ചുറ്റും കടുകെണ്ണ പുരട്ടിക്കിടന്നാൽ മൂക്കടപ്പ് മാറും.

മൂത്രതടസ്സം

മൂത്രതടസ്സമുണ്ടെങ്കിൽ കരിക്കിൻ വെള്ളത്തിൽ ഏലത്തരിയുടെ പൊടി ചേർത്തു കുടിച്ചാൽ മതി. ഞെരിഞ്ഞിലിന്റെ വേരിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ മൂത്രതടസ്സം മാറും.

മൂത്രാശയക്കല്ല്

അതിരാവിലെ രണ്ട് ഔൺസ് ഉള്ളിനീരു കുടിച്ചാൽ മൂത്രാശയക്കല്ല് അലിഞ്ഞു പോവുകയും, മൂത്രതടസ്സം മാറുകയും ചെയ്യും. ആറ് ഔൺസ് മാമ്പഴനീരും സമം കാരറ്റുനീരും ചേർത്തു കുറേനാൾ തുടർച്ചയായി കുടിച്ചു കൊണ്ടിരുന്നാലും മൂത്രാശയക്കല്ല് അലിഞ്ഞുപോകും.

മൂലക്കുരു

കാട്ടുചേന മൂലക്കുരു രോഗത്തിനു ഒറ്റമൂലിയാണ്. അതു മോരിൽ കറിയാക്കി കഴിക്കാം. ചുട്ടുതിന്നുന്നതും ഫലപ്രദമാണ്.

രക്തശുദ്ധി

കരിങ്ങാലിയിട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിച്ചാൽ രക്തശുദ്ധിയുണ്ടാകും.

(അമിത)വണ്ണം

അല്പം തേൻ ചേർത്ത പച്ചവെള്ളം രാത്രി കിടക്കാൻ നേരം കുടിക്കുകയോ, കടുക്ക, താന്നിക്ക, നെല്ലിക്ക ഇവയുടെ തൊലി അരച്ച് തേൻ ചേർത്തുകഴിക്കുകയോ ചെയ്താൽ അമിതവണ്ണം ദൂരീകരിക്കാം.

വയറുകടി

തൊട്ടാവാടിയില അരച്ചു ആട്ടിൻ പാലിൽ ചേർത്തു കഴിച്ചാൽ വയറുകടി മാറും. മുത്തങ്ങ ചതച്ചിട്ട ആട്ടിൻപാൽ കാച്ചിക്കുടിച്ചാലും മതി.

വയറുവേദന

മോരിൽ ജാതിക്ക അരച്ചു കലക്കി കുടിക്കുകയോ, ഇഞ്ചി ഇടിച്ചു പിഴിഞ്ഞ തെളിനീരിൽ ഉപ്പു ചേർത്തു കുടിക്കുകയോ, മുരിങ്ങത്തൊലി ചതച്ചുപിഴിഞ്ഞെടുത്ത് ഒരു സ്പൂൺ നീരും, രണ്ടു സ്പൂൺ ഓറഞ്ചുനീരും ചേർത്തു സേവിക്കുകയോ ചെയ്താൽ വയറുവേദന മാറും.

വയറിളക്കം

ആട്ടിൻപാൽ കാച്ചിത്തണുപ്പിച്ച് തേൻ ചേർത്തു കഴിക്കുകയോ, ചുമന്നുള്ളി അരച്ചു സമം ചക്കര ചേർത്തു കഴിക്കുകയോ ചെയ്താൽ വയറ്റിളക്കം മാറും.

വളംകടി

ശംഖുപുഷ്പത്തിന്റെ വേര് തോടു കളഞ്ഞ് അരച്ചെടുത്തു പാലിൽ ചേർത്തു കുടിച്ചാൽ വളംകടി കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറുകയും രക്തം ശുദ്ധമാവുകയും ചെയ്യും. മയിലാഞ്ചി അരച്ചു കാലിന്റെ വിരലുകളിലും പാദത്തിലും തേച്ചാലും വളംകടി മാറും. ചുണ്ണാമ്പു വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടുകയോ, ഇഞ്ചിപ്പുല്ലു പറിച്ചു കൈയിലിട്ടു തിരുമ്മി വളംകടിയുള്ള ഭാഗത്തു തേയ്ക്കുകയോ ചെയ്യുന്നതും നന്ന്.

വളർച്ചക്കുറവ്

അമുക്കുരം പൊടിയാക്കി പാലിൽ കലക്കി കുടിപ്പിച്ചാൽ കുട്ടികളുടെ വളർച്ചക്കുറവും ദേഹത്തിന്റെ മെലിവും മാറും.

വാതവേദന

നീർമാതളത്തിന്റെ ഇലയും പട്ടയും കിഴികെട്ടി ചൂടുപിടിച്ചാൽ വാതവേദനയും നീരും ശമിക്കും. ആര്യവേപ്പില, പുളിയില, കരുനൊച്ചിയില, ആടലോടകത്തില ഇവയിട്ടു വെള്ളം തിളപ്പിച്ച് പാകത്തിനു ചൂടിൽ ദേഹത്തു പിടിക്കുക.

വായ്പ്പുണ്ണ്‍

എരുക്കിൻ കറ തേനിൽ ചാലിച്ചു പുരട്ടിയാൽ വായ്പ്പുണ്ണ് ശമിക്കും. ഉരുളക്കിഴങ്ങു ചുട്ടു തിന്നാൽ വായ്പ്പുണ്ണ് ശമിക്കും. തേൻ പുരട്ടുന്നതും ചന്ദനം അരച്ചെടുത്ത് കവിൾക്കൊള്ളൂന്നതും, 'പച്ചമോരു കവിൾക്കൊള്ളുന്നതും നന്ന്.

വായുശല്യം

വായുശല്യമുള്ള രോഗികൾക്കു ദഹനക്കേടു കൂടി വന്നാൽ സമം ഇഞ്ചിനീരിലും ചെറുനാരങ്ങനീരിലും സ്വല്‍പ്പം ഇന്തുപ്പു ചേർത്തു സേവിച്ചാൽ മതി. അല്ലെങ്കിൽ ഇഞ്ചിയും മുത്തങ്ങയും സമം ചതച്ചരച്ച് തേൻ ചേർത്തു സേവിക്കുക.

വിയർപ്പുഗന്ധം

മുതിര അരച്ചു ദേഹത്തിൽ പുരട്ടുക. കസ്തൂരി മഞ്ഞളിന്റെയും ചെറുപയറിന്റെയും പൊടി സമം ചേർത്ത് പാലിലോ (വരണ്ട ചർമമുള്ളവർ) വെള്ളത്തിലോ കലക്കി ദേഹമാകെ പുരട്ടി രണ്ടു മിനിറ്റു കഴിഞ്ഞു കുളിക്കുകയോ ചെയ്താൽ വിയർപ്പു നാറ്റമുണ്ടാവില്ല. നാരങ്ങാനീരു ദേഹത്തു പുരട്ടുന്നതും കൊള്ളാം.

വിരശല്യം

കായം കലർത്തിയ തുമ്പച്ചാറു കൊടുത്താൽ കുട്ടികൾക്കു വിരശല്യം കൊണ്ടുണ്ടാകുന്ന ഛർദിയും മയക്കവും മാറിക്കിട്ടും.

വിശപ്പില്ലായ്മ

ഇഞ്ചിനീരും ഏലയ്ക്കാപ്പൊടിയും ചെറുനാരങ്ങനീരും തേനിൽ ചേർത്ത് എന്നും രാവിലെയും രാത്രിയും കഴിച്ചാൽ വിശപ്പില്ലായ്മ വിട്ടുമാറും.

വിളർച്ച

കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീരു കുടിച്ചാൽ ഓർമക്കുറവ്, ക്ഷീണം, വിളർച്ച ഇവ മാറും. വേവിച്ച പച്ചക്കായ തൈരും ഉപ്പും ചേർത്ത് എന്നും ഒരുനേരം കഴിച്ചാൽ വിളർച്ച (anaemia) ഇല്ലാതാകും.

വെള്ളപ്പാണ്ട്

പാണ്ടുള്ളിടത്തു പതിവായി ഉള്ളി അരച്ചു തേച്ചാൽ വെള്ളപ്പാണ്ടു മാറും.

വെള്ളപോക്ക്

എന്നും ഓരോ കദളിപ്പഴം കഴിച്ചാൽ സ്ത്രീകളുടെ വെള്ളപോക്കു ശമിക്കും.

സന്ധിവേദന

വെളിച്ചെണ്ണയും ചെറുനാരങ്ങനീരും സമം ചേർത്തു ചൂടാക്കി സഹിക്കാവുന്ന ചൂടോടെ സന്ധികളിൽ തടവിയാൽ സന്ധിവേദന മാറും.

സർവരോഗ സംഹാരകം

എന്നും പോഷണസമൃദ്ധമായ വാഴച്ചുണ്ട് കറി വച്ചു കഴിച്ചാൽ ശക്തിയും 'ശുക്ലവും വിശപ്പും വർധിക്കും. കഫദോഷം, രക്തദൂഷ്യം, അതിസാരം ഇവ ശമിപ്പിക്കും. കുറച്ചു വാഴപ്പിണ്ടിനീര് പച്ചവെള്ളം ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നതു സർവരോഗസംഹാരകമാണെന്നു പറയാം. അമ്ലത്വം കുറച്ചു വിശപ്പു കൂട്ടും.

കടപ്പാട്: പ്രകൃതിചികിത്സ

ശ്രീ.എം.കെ.ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

2.93548387097
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top