অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അഡോൾഫ് ജസ്റ്റിന്റെ പ്രകൃതി ചികിത്സാ സിദ്ധാന്തങ്ങൾ

ആമുഖം

പ്രകൃതിയുമായി അലിഞ്ഞു ചേർന്നു ജീവിക്കുക അതാണു അഡോൾഫ് ജസ്റ്റിന്റെ മുദ്രാവാക്യം. അതദ്ദേഹം നാട്ടിലുടനീളം പ്രചരിപ്പിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്തു. ലൂയികൂനിയെപ്പോലെ അദ്ദേഹവും ജർമ്മൻകാരനായിരുന്നു. ജർമനിയിലെ ഹാർട്ട്സ് പർവതത്തിൽ അദ്ദേഹം ഒരു സാനറ്റോറിയം നടത്തിവന്നിരുന്നു. അവിടം തിരഞ്ഞെടുത്തതിനു ഒരു കാരണമുണ്ട്. ആധുനിക പരിഷ്കാരത്തിന്റെ പരിഭ്രാന്തമായ പരാക്രമത്തിന് ഒരിക്കലും പിടിയെത്താത്ത ദൂരത്തായിരിക്കണം പ്രകൃതിചികിത്സാ കേന്ദ്രമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.

പ്രകൃതിചികിത്സകരിൽ മുഴുത്ത യാഥാസ്ഥിതികനാണ് ജസ്റ്റ്. ഏതു ന്യായത്തിന്റെ പേരിലായാലും ഏതുകാരണം കൊണ്ടായാലും ശുദ്ധമായ പ്രകൃതിചികിത്സയിൽ വെള്ളം ചേർക്കുന്നതിനെ അതദ്ദേഹം നിശിതമായി എതിർത്തിരുന്നു. പ്രിസ്നിസ്, ലുയികൂനി തുടങ്ങിയവർ പ്രകൃതിചികിത്സയിൽ ചൂടുവെള്ളം ഉപയോഗപ്പെടുത്തിയിരുന്നു. അതൊരിക്കലും ശരിയല്ലെന്നു ജസ്റ്റ് ശക്തിയുക്തം, സപ്രമാണം വാദിച്ചു. മനുഷ്യനൊഴിയേ മറ്റൊരു ജീവിയും ചൂടുവെള്ളം ഉപയോഗിക്കുന്നില്ല. അതിനാൽ മനുഷ്യനും പ്രകൃതിസിദ്ധമായ, അവികലമായ പച്ചവെള്ളമേ ഉപയോഗിക്കേണ്ടതുള്ളു. തന്മൂലം ബാഷ്പ സ്നാനത്തെ അദ്ദേഹം എതിർത്തിരുന്നു.

അത്യന്താധുനിക പരിഷ്കാരികളെപ്പോലും കടത്തിവെട്ടുന്നതരത്തിലാണ് അദ്ദേഹത്തിന്റെ വസ്ത്രധാരണസിദ്ധാന്തം. മനുഷ്യൻ തീർത്തും ദിഗംബരനായിരിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. ഇതര ജീവികളെപ്പോലെത്തന്നെ മനുഷ്യനും ഒന്നുമുടുക്കാതെ നടക്കണമെന്നാണു പ്രകൃതി ഉദ്ദേശിക്കുന്നത്. പ്രകൃതിയുടെ മനസ്സറിഞ്ഞ് അതനുസരിച്ചു ജീവിച്ചാൽ പിന്നെ രോഗം വരുമെന്നു ഭയപ്പെടാനില്ല. കാറ്റ്, മഴ, മഞ്ഞ്, വെയിൽ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെല്ലാവർക്കും പേടിയാണ്. അവയിൽ നിന്നും കഴിവതും ഒഴിഞ്ഞുമാറിക്കഴിഞ്ഞു കൂടാനാണ് അവർക്കിഷ്ടം. പക്ഷേ അത് ആരോഗ്യകരമായ പ്രവണതയല്ല. പ്രകൃതിപ്രതിഭാസങ്ങളോട് വകതിരിവോടെ അടുത്തിടപഴകുന്നതു വളരെ ആരോഗ്യകരവും മറിച്ച്, അവയെ പേടിച്ചു അകന്നുമാറിക്കഴിയുന്നതു അനാരോഗ്യകരവുമാണ്. പ്രകൃതിയുമായി താദാത്മ്യം പൂണ്ട് ജീവിക്കുന്നവർക്കു ഒരു രോഗവുമുണ്ടാവുകയില്ല. സനാതനമായ പ്രകൃതി നിയമങ്ങൾ ലംഘിക്കുമ്പോൾ നല്കപ്പെടുന്ന ശിക്ഷയാണു രോഗം. അതിനാൽ ആരോഗ്യാഭിലാഷികൾ പ്രകൃതിനിയമം നിഷ്കൃഷ്ടമായി പാലിച്ചു ജീവിക്കണം.

ബാല്യം തൊട്ടേ ജസ്റ്റ് ഒരു നാഡി രോഗിയായിരുന്നു. പല ചികിത്സാസമ്പ്രദായങ്ങളും പരീക്ഷിച്ചു നോക്കി. ഒരു ഫലവും ലഭിച്ചില്ല. ഒടുവിൽ പ്രകൃതിയെത്തന്നെ  ശരണം പ്രാപിച്ചു. അപ്പോൾ അത്ഭുതകരമായ ശമനം കിട്ടി. അതോടെ അദ്ദേഹം വലിയ പ്രകൃതിവാദിയായിത്തീർന്നു.

ചികിത്സകലോകത്തെ ഒരദ്വൈതവാദിയാണ് ജസ്റ്റ്. രോഗങ്ങളുടെ നാനാത്വത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഒരൊറ്റ രോഗമേയുളളു; അതിന് ഒരൊറ്റ ചികിത്സയും. രോഗം തലയ്ക്കുവന്നാൽ തലനോവെന്നും വയറ്റിനു വന്നാൽ വയറ്റുനോവെന്നും വയറ്റിളക്കമെന്നുമൊക്കെ പറയുമെങ്കിലും സൂക്ഷ്മമായി ചിന്തിച്ചാൽ "സർവമേവാദ്വിതീയം' ആണെന്നു മനസ്സിലാകും. പ്രകൃതിയുടെ പ്രകൃഷ്ടമായ നിയമങ്ങളെ താത്കാലികമായ സുഖസൗകര്യങ്ങൾക്കുവേണ്ടി ഉല്ലംഘിക്കുന്നതു കൊണ്ടാണ് രോഗബാധയുണ്ടാകുന്നത്. അവ മുറയ്ക്കു പാലിച്ചാൽ രോഗം വിരാഗം വന്നു സന്യസിച്ചു കൊള്ളും.

പ്രകൃതിവിരുദ്ധമായ ആഹാരരീതിയാണ് മിക്ക രോഗങ്ങൾക്കും നിദാനം. വേണ്ടവണ്ണം പചിക്കപ്പെടാത്ത ഭക്ഷണം ഉദരത്തിൽ കിടന്നു ചീഞ്ഞു ദുഷിക്കും. ആ ദുഷ്റ്റ് ദേഹമാസകലം വ്യാപിക്കുകയും ചെയ്യും. അപ്പോൾ അതു രോഗ രൂപത്തിൽ പ്രകടമാവുന്നു. പ്രകൃതിസ്നാനം, കാറ്റും വെയിലുമേറ്റുള്ള നിരംബരശയനം, മണ്ണുമായുള്ള നിരന്തരസമ്പർക്കം, പഴങ്ങളും അണ്ടിപ്പരിപ്പുകളും മാത്രമായുള്ള ഭക്ഷണം ഇവകൊണ്ട് മിക്ക രോഗങ്ങളും മാറ്റാമെന്നാണു ജസ്റ്റിന്റെ ദൃഢമായ അഭിപ്രായം.

പ്രകൃതിസ്നാനം

ഇതര ജീവികളുടെ സ്നാന രീതികൾ നിരീക്ഷിച്ചാണു ജസ്റ്റ് മനുഷ്യർക്കുള്ള പ്രകൃതിസ്നാന സമ്പ്രദായം ആവിഷ്കരിച്ചത്.

കരജീവികൾ പൊതുവേ മുങ്ങിക്കുളിക്കാറില്ല. കരടി, മാൻ തുടങ്ങിയ കാട്ടുമൃഗങ്ങൾ കാട്ടരുവികളിലും ആറുകളിലും കിടന്ന് ഉദരം ചളിയിലിട്ട് ഉരുട്ടാറുണ്ട്. ഉരുമ്മിക്കഴിഞ്ഞു പൃഷ്ഠം ചളിയിലൂന്നി തെല്ലുനേരം കുത്തിയിരിക്കുന്നു. പിന്നെ മണ്ണിൽ കിടന്നുരുളും, അപ്പോൾ മേൽ പറ്റിപ്പിടിക്കുന്ന മണ്ണും പൊടിയും പിന്നീടു മരങ്ങളിലും പാറകളിലും ഉരച്ചുകളയും. മാനും കരടിയും വെള്ളത്തിലിറങ്ങുന്നതു വയറും ഗുഹ്യഭാഗങ്ങളും ചളിയിലിട്ടു ഉരുമ്മാനാണ്. പക്ഷികൾ കൊക്കുകൾ കൊണ്ടു വെള്ളം മേൽതെറിപ്പിച്ചാണ് കുളിക്കുക. പിന്നെ കൊക്കുകൊണ്ടുതന്നെ കൊത്തിക്കുടഞ്ഞു തോർത്തുകയും ചെയ്യുന്നു.

ജന്തുക്കളുടെ ശരീരപ്രകൃതിക്കൊത്തു കുളിയിൽ രീതിഭേദം കാണും. മനുഷ്യന്റെ കുളി അവന്റെ ആകൃതിക്കനുസരിച്ചു വ്യത്യാസപ്പെടുത്താവുന്നതാണ്. ആദ്യമായി നല്ല പച്ചവെള്ളത്തിൽ കാലും വൃഷണവും ഗുഹ്യഭാഗങ്ങളും മുങ്ങത്തക്കവണ്ണം ഇരിക്കുക. പിന്നീടു മുട്ടുകളെ പറ്റിപ്പിടിച്ചു വയറ്റത്തു വെള്ളം ഊക്കോടെ തട്ടിത്തെറിപ്പിക്കണം. പിന്നെ ഇരുകൈകൾകൊണ്ടോ, ഒരുകൈകൊണ്ടോ ഉദരത്തിന്റെ മധ്യഭാഗവും ഇരുവശങ്ങളും എല്ലായിടവും യഥാക്രമം വേഗം വേഗം തിരുമ്മണം. തിരുമ്മാൻ പത്തുമിനിറ്റു സമയമെടുക്കാം. തദനന്തരം പുരുഷന്മാർ കവയിലും ഗുഹ്യപ്രദേശത്തും വൃഷണങ്ങളുടേയും ഗുദത്തിന്റേയും ഇടയ്ക്കുള്ള ഞരമ്പിലും കൈകൊണ്ടു തിരുമ്മണം. വയറു തിരുമ്മിയതിന്റെ പാതിനേരം മതി ഗുഹ്യഭാഗം തിരുമ്മാൻ. സ്ത്രീകൾ ജനനേന്ദ്രിയത്തിന്റെ ഇരുവശവുമാണു തിരുമ്മേണ്ടത്. തിരുമ്മു കഴിഞ്ഞ ഉടൻ ദേഹവും തലയും മുഴുവൻ കുളിക്കണം.

കുളികഴിഞ്ഞു ആവതും തോർത്തുകൊണ്ട് തോർത്തരുത്. തലയും മേലും കൈകൊണ്ടു ദൃഢമായും മന്ദമായും തിരുമ്മിവേണം തോർത്താൻ. തിരുമ്മിത്തുവർത്തുന്നതുകൊണ്ടു ദേഹത്തിൽ നല്ല ചോരയോട്ടമുണ്ടാകും. സ്വയം തിരുമ്മാൻ മടി തോന്നുന്നുവെങ്കിൽ ആ കൃത്യം സ്നേഹമുള്ളവരെ ഏല്പ്പിക്കാവുന്നതാണ്. തലതോർത്തിയില്ലെങ്കിൽ വെള്ളമിറക്കുമെന്നു പറയുന്നതിൽ കഥയൊന്നുമില്ല, സാമാന്യം ആരോഗ്യമുള്ള ഒരാൾക്കു തലതോർത്തിയില്ലെങ്കിൽ ജലദോഷമോ മറ്റസുഖങ്ങളോ ഉണ്ടാകാറില്ല. എന്നാൽ ദേഹത്തിൽ ദുഷ്ടള്ളവർക്കു ജലദോഷമോ, പനിയോ, പരുവോ മറ്റോ ഉണ്ടാകാം. അതിൽ പേടിക്കാനില്ല. ദേഹത്തിലെ ദുഷടിനെ നിഷ്ക്രമിപ്പിക്കാനുളള പ്രാകൃതിക മാർഗങ്ങളാണ് അത്തരം രോഗങ്ങൾ. പ്രകൃതിയുമായി നല്ലവണ്ണം മെരുങ്ങി ജീവിച്ചാൽ അവ കുറച്ചു നാളുകൾക്കകം തന്നെ മാറിക്കൊള്ളും.

കഴിവതും, കാറ്റും വെളിച്ചവുമുളളിടത്തു വേണം കുളിക്കാൻ. ആറ്റിലോ, തോട്ടിലോ, കുളത്തിലോ കുളിക്കാം. അതിനു സൗകര്യമില്ലാത്തവർ മൂന്നോ നാലോ ഇഞ്ച് ആഴത്തിൽ വെള്ളം നിറച്ച തൊട്ടിയിലും കുളിക്കാവുന്നതാണ്. മരം, കല്ല്, ലോഹം, സിമന്റ് ഇവകൊണ്ടെല്ലാം തൊട്ടിയുണ്ടാക്കാം. മരത്തൊട്ടിയാണ് ഉത്തമം. രോഗിയുടെ ശരീരസ്ഥിതിയും കാലാവസ്ഥയുമനുസരിച്ചു കുളിയുടെ സമയം കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യണം. വേനൽക്കാലത്തു കൂടുതൽ നേരവും തണുപ്പു കാലത്തു കുറച്ചുനേരവുമാണു കുളിക്കേണ്ടത്. ദിവസം എത്രനേരം കുളിക്കണമെന്നു തിട്ടമായ കണക്കൊന്നുമില്ല. ഒരു നേരം കുളിക്കുന്നവരുണ്ട്; ഇരുനേരക്കാരുണ്ട്; മൂന്നുനേരക്കാരുണ്ട്. കുളി നിർത്തും മുമ്പ് ഗുദവും പാദങ്ങളും നല്ലപോലെ കഴുകി തണുപ്പിക്കണം. എണ്ണയും സോപ്പും ദേഹത്തെ കാണിക്കരുത്. മുടിക്കുവേണ്ട സ്നിഗ്ധത പ്രകൃതിതന്നെ നല്കിയിട്ടുണ്ട്. പിന്നെ നമ്മുടെ വക അധികപറ്റായി എണ്ണമയമുണ്ടാക്കേണ്ട കാര്യമില്ല. തുടർച്ചയായി എണ്ണയോ പരസ്യപ്രസിദ്ധമായ കേശതൈലങ്ങളോ ഉപയോഗിക്കാതിരുന്നാൽ മുടിക്കു എണ്ണമയം താനേ കൈവരുന്നതുകാണാം.

സകലരോഗങ്ങളുടേയും കേദാരമാണു ഉദരം. സകലനാഡികളുടേയും കേന്ദ്രമാണു ഗുഹ്യഭാഗം. അതിനാൽ ആ രണ്ടു സ്ഥാനങ്ങളും തണുപ്പിച്ചാൽ ദുഷ്ട് മലത്തിലൂടെയും മൂത്രത്തിലൂടെയും എളുപ്പം പുറത്തുപോകും. ആ രണ്ടിടങ്ങളിൽ ചൂടേറുന്നതു കൊണ്ടാണു മിക്കരോഗങ്ങളുമുണ്ടാകുന്നത്. പുറത്തുമാറിയിരിക്കുമ്പോൾ (ആർത്തവസമയത്തു) സ്ത്രീകൾ പ്രകൃതിസ്നാനം നടത്തരുത്.

കുളികഴിഞ്ഞ് നല്ലവണ്ണം കാറ്റും വെളിച്ചവും കടക്കുന്ന മുറിയിലോ, മുറ്റത്തോ, ടെറസ്സിലോ ചുറുചുറുക്കോടെ നടന്നോ, ഇളംവെയിലേറ്റോ, വ്യായാമം ചെയ്തോ ദേഹം തെല്ലു ചൂടാക്കണം. അതിനു പറ്റാത്തപക്ഷം കുറച്ചുനേരം മൂടി പുതച്ചു കിടന്നാലും മതി. അങ്ങനെ ഏതെങ്കിലും തരത്തിൽ കുളിരു മാറ്റണം. നാഡികളെ ബലപ്പെടുത്താൻ പ്രകൃതിസ്നാനം വിശിഷ്ടമാണ്. അതുകൊണ്ട് ഏതു രോഗവും മാറുമെന്നു ജസ്റ്റ് തറപ്പിച്ചു പറയുന്നു.

വായു-പ്രകാശസ്നാനം

ധാരാളം കാറ്റും വെളിച്ചവും ഏൽക്കുന്നതാണു വായു-പ്രകാശസ്നാനം. അവ രണ്ടും ആരോഗ്യ പരിരക്ഷണത്തിന് അനുപേക്ഷണീയമാണല്ലോ. ഓജസ്സിന്‍റെ ഉറവിടങ്ങളാണവ. അതുകൊണ്ടാണു കാറ്റും വെളിച്ചവുമേൽക്കാതെ വളർന്നുവരുന്ന തരുലതാദികൾ വിളർത്തു മുരടിച്ചു കരിഞ്ഞുപോകുന്നത്.

രോഗം വേഗം മാറ്റണമെങ്കിൽ ധാരാളം കാറ്റും വെളിച്ചവുമേൽക്കണമെന്ന തത്വം അലോപ്പതി ഡോക്ടർമാരും അംഗീകരിക്കുന്നുണ്ട്. ഒരു രോഗി ദിവസേന വേനൽക്കാലത്തു മൂന്നുമണിക്കൂർവരെയും തണുപ്പുകാലത്ത് അരമണിക്കൂറും നഗ്നനായി കാറ്റും വെളിച്ചവും ഏൽക്കണം. വസ്ത്രം ധരിച്ചാൽ ദേഹത്തിലെ ചൂടിനു പുറത്തുപോകാനും അന്തരീക്ഷത്തിലെ തണുപ്പിന് അകത്തുവരാനും തടസ്സം നേരിടും. രോഗികൾക്കും ക്ഷീണിതർക്കുമാണ് വായു-പ്രകാശസ്നാനം കൂടുതലാവശ്യം. ജനലുകളും വാതിലുകളും മറ്റും തുറന്നിട്ട മുറിയിലിരുന്നു കാറ്റും വെളിച്ചം എൽക്കുന്നതിനേക്കാൾ മൈതാനത്തോ, മലയോരത്തോ, പാടത്തോ വേഗത്തിൽ നടക്കുന്നതാണു നല്ലത്. മഴക്കാലത്തു കുറേനരം മഴ കൊണ്ടശേഷം കുളിക്കുന്നതും കൊള്ളാം.

ആതപസ്നാനം

വായു-പ്രകാശസ്നാനത്തിന്റെ വകഭേദമാണ് ആതപസ്നാനം. വെയിൽ നേരെകൊള്ളുന്നതുതന്നെ ആതപസ്നാനം. വെയിലത്തു "പിറന്നപടി' കിടക്കുന്നതാണു ഗുണോത്തരമത്രേ. വെയിൽ വളരെ രൂക്ഷമാണെങ്കിൽ ദേഹം പച്ചിലകൊണ്ടു മൂടാം. വെറും മണ്ണിലേ കിടക്കാവൂ. മണ്ണിനും വെയിലിനും വലിയ ശക്തിവിശേഷണങ്ങളുണ്ട്. പോക്കുവെയിലേറ്റാൽ പൊന്നാകുമെന്നാണല്ലോ ചൊല്ല്. ആതപസ്നാനം ഏറെനേരം പാടില്ല. നേരം അവരവരുടെ ശരീരസ്ഥിതിയനുസരിച്ച് തിട്ടപ്പെടുത്താം.

വസ്ത്രധാരണം

വസ്ത്രധാരണത്തെക്കുറിച്ചുള്ള ജസ്റ്റിന്റെ അഭിപ്രായം അല്പം വിപ്ലവാത്മകവും അത്യന്താധുനിക ചിന്താഗതി'യോടു പൊരുത്തപ്പെടുന്നതുമാണെന്നു സൂചിപ്പിച്ചുവല്ലൊ. പ്രകൃതി തന്നരുളുന്ന കാറ്റും വെളിച്ചവും വേണ്ടപോലെ അനുഭവിക്കാൻ സാധിക്കാതെ വരുന്നതു വസ്ത്രം ധരിക്കുന്നതു കൊണ്ടാണ്. പ്രാചീനകാലത്തു പൂർവികർ തീർത്തും ദിഗംബരരായിരുന്നു. ഒന്നുമുടുക്കാതെ ധാരാളം കാറ്റും വെളിച്ചവുമേറ്റു കാട്ടിലും മേട്ടിലും കറങ്ങി നടന്നു കണ്ട് കായും കനിയും പറിച്ചുതിന്നു കഴിഞ്ഞിരുന്നവർക്കു ഹിംസ്രങ്ങളായ കാട്ടുജന്തുക്കളെപ്പോലും തച്ചുകൊല്ലാനുളള പെരുത്ത കരുത്തുണ്ടായിരുന്നു. എന്നാൽ പാശ്ചാത്യ പരിഷ്കാരത്തിന്റെ പിടിയിൽപെട്ടു വേണ്ടത്ര കാറ്റും പ്രകാശവും ഏൽക്കാൻ പറ്റാത്ത രീതിയിൽ ശരീരം മൂടിക്കെട്ടി നടക്കാനും പ്രകൃതിയോഗ്യവും ലളിതവുമായ പഴയ ആഹാരരീതിക്കു പകരം പ്രകൃതിവിരുദ്ധവും കൃത്രിമവുമായ ആഹാരരീതി സ്വീകരിക്കാനും തുടങ്ങിയതോടെ ആളുകളുടെ ആരോഗ്യം അപ്പാടെ അവതാളത്തിലായിരിക്കുന്നു; പുതിയ പുതിയ രോഗങ്ങൾ തുരുതുരെ പെരുകിവരുന്നു.

പില്കാലത്തും ചുരുക്കം ചിലർ നഗ്നരായി നടന്നിരുന്നു. ഇന്നും ഉത്തരേന്ത്യയിലെ ചില സന്യാസിമാർ ഒറ്റയ്ക്കും കൂട്ടമായും ഒരു ചളിപ്പും ചമ്മലുമില്ലാതെ ദിഗംബരമായി വിചരിക്കുന്നുണ്ട്. നാട്ടുകാർ അവരുടെ നഗ്നതാ സമ്പദായത്തിനു മതത്തിന്റെ പരിവേഷം നല്കിയിരിക്കുകയാണ്. എന്തിനത്ര അകലെ പോകുന്നു. നമ്മുടെ കേരളത്തിൽതന്നെ ആ പരിഷ്കാരം വരുത്തിത്തുടങ്ങിയിട്ടുണ്ടെന്നാണല്ലോ സമീപകാലത്തെ ചില പത്രവാർത്തകൾ സൂചിപ്പിക്കുന്നത്. അഡോൾഫ് ജസ്റ്റിന്റെ സിദ്ധാന്തമനുസരിച്ചു അത്തരക്കാരെ നിരുത്സാഹപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

സ്ത്രീകൾ അരയും നെഞ്ചും വരിഞ്ഞു കെട്ടി നടക്കുന്നതു ആരോഗ്യകരമല്ല. പണ്ടത്തെ പരിമിതാംബരകൾക്കുണ്ടായിരുന്ന ആരോഗ്യം ഇന്നത്തെ ബഹുലാംബരകൾക്കു സുന്ദരസ്വപ്നം മാത്രമാണല്ലൊ. പണ്ടില്ലാതിരുന്ന സ്തനാർബുദം, ഭഗാർബുദം തുടങ്ങിയ ക്ഷുദ്രരോഗങ്ങൾ അത്തരം വരിഞ്ഞു മുറുക്കിക്കെട്ടിയുള്ള വസ്ത്രധാരണരീതിയുടെകൂടി ദുർഭഗസന്തതികളാണെന്നു പറയാം. അതിനാൽ നല്ല ആരോഗ്യം വേണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ നാട്ടുമര്യാദ പാലിക്കാൻ മാത്രം വേണ്ട വസ്ത്രങ്ങൾ ധരിക്കാവൂ. അതും രക്തസഞ്ചാരത്തിനു തെല്ലും തടസ്സം തട്ടാത്തവിധം വേണം. ജസ്റ്റിന്റെ അഭിപ്രായത്തിൽ പാദരക്ഷ കൂടാതെ നടക്കുന്നതാണു നല്ലത്. ദേഹത്തിലെ ദുഷ്ട് പാദത്തിൽ കൂടിയും നിർഗമിക്കുന്നുണ്ട്. ചെരിപ്പ് ആ നിർഗമനത്തിനു തടസ്സം സൃഷ്ടിക്കുന്നു.

അഡോൾഫ് ജസ്റ്റിന്റെ മണ്ണു ചികിത്സ

"മനുഷ്യാ, നീ മണ്ണാകുന്നു' എന്ന തിരുവചനം പ്രസിദ്ധമാണല്ലൊ. മനുഷ്യനും മണ്ണും തമ്മിലുള്ള ഐകാത്മ്യത്തെയാണ് അതു സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ മനുഷ്യശരീരം തന്നെ മണ്ണുമുൾപ്പെടുന്ന പഞ്ചഭൂതങ്ങൾ കൊണ്ടാണല്ലൊ നിർമിതമായിരിക്കുന്നത്. ദേഹത്തെ മാത്രമല്ല, ജീവിതത്തെ രൂപപ്പെടുത്തുന്നതിലും മണ്ണിനു മഹത്തായ പങ്കുണ്ട്. മണ്ണു കനിഞ്ഞാലേ അവനുവേണ്ട ഭക്ഷ്യവസ്തുക്കളുണ്ടാകൂ. അതിനാൽ മണ്ണു മനുഷ്യന്റെ അന്നദാതാവാണ്. രക്ഷാകർത്താവാണ്. മണ്ണിനു അത്ഭുതകരമായ ഔഷധമൂല്യം കൂടിയുണ്ട്. വിലകൊടുക്കാതെ വേണ്ടുവോളം ലഭിക്കുന്ന വളരെ വിലപ്പെട്ട മഹൗഷധമാണെങ്കിലും അതിന്റെ മാഹാത്മ്യം ഏറെപേർക്കുമറിഞ്ഞുകൂടാ. അറിവുള്ളവരിൽത്തന്നെ ചിലർക്കു അതിനോട് അവജ്ഞയാണ്. വിലകൊടുക്കാതെ കിട്ടുന്ന ഔഷധമായതുകൊണ്ട് അതിന് ആരും വില കല്പിക്കുന്നില്ല. സാധാരണക്കാരുടെ ദൃഷ്ടിയിൽ വില കൂടുന്നതിനനുസരിച്ചാണ് മരുന്നിന്റെ മേന്മ കൂടുന്നത്.

മണ്ണിനു വലിയ ശുദ്ധീകരണക്ഷമതയുണ്ട്. മണ്ണിട്ടു കഴുകിയാണല്ലോ നാം കുപ്പികളിലും മറ്റുമുള്ള ദുർഗന്ധം കളയുന്നത്. അന്തരീക്ഷം ദുർഗന്ധ ദൂഷിതമാകാതിരിക്കാൻ ചീഞ്ഞുനാറുന്ന വസ്തുക്കൾ മണ്ണിട്ടു മൂടുകയാണല്ലൊ പതിവ്. ചിലർ ഗുഹ്യാവയവങ്ങൾ ശുദ്ധീകരിക്കുന്നതിനും മണ്ണ് ഉപയോഗിക്കുന്നു. യോഗികൾ ദേഹമാകെ മണ്ണു പൂശാറുണ്ട്. ഇതെല്ലാം മണ്ണിന്റെ മേന്മയേയും ശുദ്ധീകരണശക്തിയേയുമാണല്ലോ പ്രകടമാക്കുന്നത്.

പ്രക്യതിചികിത്സയിൽ ലൂയികൂനി ജലത്തിനും അഡാൾഫ് ജസ്റ്റ് മണ്ണിനുമാണു പ്രാധാന്യം നല്കിയിരിക്കുന്നത്. എത്ര പഴക്കം ചെന്ന രോഗവും മണ്ണ് ചികിത്സകൊണ്ടു മാറ്റാമെന്ന് ജസ്റ്റ് അവകാശപ്പെടുന്നു. ഡോക്ടർമാരെല്ലാം കൈയൊഴിച്ച സർപ്പദംശനമേറ്റ ഒരു രോഗിയെ അദ്ദേഹം മണ്ണ് ചികിത്സകൊണ്ടുമാത്രം രക്ഷപ്പെടുത്തുകയുണ്ടായി. ഒരു കുഴിയിൽ കഴുത്തു മണ്ണിട്ടു മൂടി നിറുത്തുകയായിരുന്നു ചികിത്സ. രോഗിയെ കുഴിയിൽ നിര്‍ത്തുമ്പോൾ ദേഹത്തിൽ തീക്ഷ്ണമായ ഉഷ്ണമുണ്ടാകുന്നു. എന്തുകൊണ്ടാണതുണ്ടാകുന്നതെന്നറിഞ്ഞുകൂടാ. എന്നാൽ മണ്ണിനു വിഷം വലിച്ചെടുക്കാനുള്ള ശക്തിയുണ്ടെന്ന കാര്യം സുവിദിതമാണ്. ഒരുവേള എല്ലാതരം സർപ്പങ്ങളുടേയും ദംശനം കൊണ്ടുള്ള വിഷം മണ്ണ്ചികിത്സ കൊണ്ടുമാറാനൊത്തെന്നുവരില്ല. എങ്കിലും അതുമൊന്നു പരീക്ഷിച്ചു നോക്കുന്നതു കൊള്ളാമെന്നാണു മഹാത്മാഗാന്ധിയുടെ അഭിപ്രായം. തേൾ കുത്തിയ സ്ഥലത്തു മണ്ണുവച്ചുകെട്ടി അദ്ദേഹം തന്നെ ചിലരുടെ വിഷമിറക്കിയിട്ടുണ്ട്.

രോഗശമനത്തിനും ദഹനശക്തിക്കും മണ്ണിൽ കിടന്നുറങ്ങുന്നതു നല്ലതാണ്. മുറ്റത്തെ മണ്ണിൽ വെള്ളം തളിച്ചു നനച്ചശേഷം അതിൽ വയറമർത്തി ഒന്നോ രണ്ടോ മണിക്കൂർ കിടന്നാൽ നല്ല മലശോധനയുണ്ടാകും. വെറും മണ്ണിൽ കിടക്കാൻ മടിയുള്ളവർക്കു നേരിയ പായയോ മെത്തയോ വിരിച്ചുകിടക്കാം. സിമന്റോ, കുമ്മായമോ ഇട്ട തറയിൽ കിടക്കുന്നതുകൊണ്ടു പൂർണഫലം ലഭിക്കുകയില്ല. നല്ല പുൽപ്പരപ്പിൽ കിടക്കുന്നതാണ് ഉത്തമം, അങ്ങനെ കിടന്ന് എണീക്കുമ്പോൾ മനസ്സിനും വപുസ്സിനും ഒന്നു പോലെ അഭൂതപൂർവമായ ഉത്സാഹവും ഉന്മേഷവും അനുഭവപ്പെടും. 'കന്നിക്കാർക്ക്’ ആദ്യമൊക്കെ അല്പസ്വല്പം അസ്വസ്ഥത തോന്നിയേക്കാം. പിന്നെപ്പിന്നെ അതുമായങ്ങു പൊരുത്തപ്പെട്ടുകൊള്ളും. മണ്ണുകൊണ്ടു തറകെട്ടിപ്പൊക്കി അതിൽ പുല്ലു വളർത്തി കിടക്കുന്നവരുണ്ട്. മുറ്റത്തു കിടക്കാൻ പേടിയുള്ളവർക്കു മുറിയിൽ മരം കൊണ്ടുണ്ടാക്കിയ ചട്ടക്കൂട്ടിൽ മണ്ണുനിറച്ചു വിരിച്ചുകിടക്കാം.

മുറിവ്, ചതവ്, ചർമരോഗങ്ങൾ, വ്രണങ്ങൾ മുതലായവയ്ക്കും മണ്ണുചികിത്സ വളരെ ഫലപ്രദമാണ്. മണ്ണു വെള്ളത്തിൽ കൊഴുക്കെ കുഴച്ചു രോഗസ്ഥലത്തുവച്ചു കെട്ടണം. പാടത്തെ ശുദ്ധമായ ചളി പല രോഗങ്ങൾക്കും കൈകണ്ട ഔഷധമാണ്. മണ്ണു ദേഹത്തിൽ അരയിഞ്ചു കനത്തിൽ പൂശി മീതെ ഒരു തുണികൊണ്ടു കെട്ടണം. കവിൾ, കഴുത്ത്, നട്ടെല്ല്, നെഞ്ച്, കൈ, ഗുഹ്യഭാഗം, കാല് തുടങ്ങിയ ഇടങ്ങളിൽ ആവശ്യാനുസരണം മണ്ണു തേയ്ക്കണം. ഏതു പനിക്കും വയറ്റിൻമീതേ മണ്ണുകെട്ടുന്നതു നന്ന്. വേദനയുള്ള പല്ലിന്റെ സ്ഥാനം നോക്കി സമാന്തരമായി കവിളിൽ മണ്ണുവച്ചു കെട്ടിയാൽ പല്ലുവേദനയും കഴുത്തിൽ കെട്ടിയാൽ തലവേദനയും മാറും. ഇടിവെട്ടേറ്റ് പ്രജ്ഞയറ്റവരെപ്പോലും മണ്ണുകൊണ്ടു മൂടിക്കെട്ടി ജസ്റ്റ് ജീവിപ്പിച്ചിട്ടുണ്ട്. വിഷൂചിക, വിഷമജ്വരം എന്നിവയും മണ്ണു ചികിത്സകൊണ്ടു മാറ്റാമെന്ന് അദ്ദേഹം തറച്ചു പറയുന്നു. വെയിലത്തു നല്ല മണ്ണിൽ പുതഞ്ഞു കിടക്കുന്നതു നല്ലതാണ്. ചൂടുള്ള മണ്ണ് ഒരിക്കലും ഉപയോഗിക്കരുത്. കളിമണ്ണ് പുരട്ടുന്നതു ശരീരസൗന്ദര്യത്തിനും നല്ലതാണ്. പ്രകൃതി കനിഞ്ഞു നല്കുന്ന, ഏതു ദരിദ്രനും സുലഭമായ മണ്ണിനെപ്പോലുള്ള മഹൗഷധങ്ങൾ ഉപയോഗപ്പെടുത്താതെ ജനങ്ങൾ രോഗങ്ങളുടെ പിടിയിൽപെട്ടു നട്ടം തിരിഞ്ഞു കഷ്ട്ടപ്പെടുന്നതു കഷ്ടം തന്നെ.

സ്വാഭാവികമായ ഭക്ഷണം

പഴങ്ങളും അണ്ടിപ്പരിപ്പുകളും ജലവുമാണു മനുഷ്യന്റെ സ്വാഭാവികമായ ആഹാരം. മറ്റു തരത്തിൽ പറഞ്ഞാൽ വേവിക്കാതെ തന്നെ തിന്നാൻ സ്വാദുള്ളവയാണു സ്വാഭാവിക ഭക്ഷണം. ആ നിലയ്ക്കു മത്സ്യം, മാംസം, മുട്ട ഇവയൊക്കെ നല്ല ഭക്ഷ്യസാധനങ്ങളല്ല. ഉപ്പ്, മുളക്, പുളി, കാപ്പി, ചായ, പുകയില, മദ്യം, ബീഡി, സിഗററ്റ് തുടങ്ങിയവയും വർജ്യവസ്തുക്കളാണ്. കരിക്കിൻ വെള്ളമാണു ഉത്തമ പാനീയം, പാലും പാനയോഗ്യമാണ്. കറന്ന് ഉടനെ ഇളം ചൂടോടെ കുടിക്കുന്നതാണു നല്ലത്. അധികം പുളിക്കാത്തമോരും തൈരും ഉപയോഗ്യമാണ്.

ഉപയുക്തമായ പ്രകൃതിസ്നാനം, വായു-പ്രകാശസ്നാനം, പ്രകൃത്യനുസൃതമായ ഭക്ഷണം, ഭൂസമ്പർക്കം, മണ്ണു ചികിത്സ, വ്യായാമം ഇവകൊണ്ടു മാറ്റാനാവാത്ത രോഗങ്ങളൊന്നുമില്ല. ചികിത്സയുടെ തുടക്കത്തിൽ രോഗം അല്പം വർദ്ധിച്ചെന്നുവരാം. പ്രകൃതിചികിത്സകരുടെ ഭാഷയിൽ അതു 'ശമനപരമായ രോഗാധിക്യം' ആണ്. അതിൽ ബേജാറാവാനൊന്നുമില്ല. അല്പ നാളുകൾക്കുള്ളിൽ തന്നെ കുറവു കണ്ടുതുടങ്ങും. ദേഹത്തിലെ ഓജസ്സിന്റെ ഏറ്റക്കുറവനുസരിച്ച് രോഗം മാറാനുള്ള കാലം കൂടുകയോ കുറയുകയോ ചെയ്യാം. മൂത്രാശയരോഗങ്ങൾ, വാതം, പിത്തം, ക്ഷയം, ഹ്യദ്രോഗം, ചർമരോഗങ്ങൾ, അപസ്മാരം, നേത്രരോഗങ്ങൾ, ശ്രോത്രരോഗങ്ങൾ, ശിരോവ്യാധികൾ, വസൂരി, ഉദര രോഗങ്ങൾ തുടങ്ങിയവയ്ക്കു പ്രാരംഭത്തിൽ തന്നെ ചികിത്സ നടത്തുന്നതാണു നല്ലത്, കൂടുതൽ പഴക്കമുളള രോഗങ്ങൾ മാറാൻ കൂടുതൽ സമയമെടുക്കും.

വർഷക്കാലമാണ് ചികിത്സയ്ക്ക് ഉത്തമം. രോഗം മൂർധന്യത്തിലെത്തിയ രോഗികളെ അവരുടെ ഇഷ്ടം നോക്കാതെ നിർബന്ധിച്ചു കുളിപ്പിക്കരുത്. ജസ്റ്റിന്റെ സാനിറ്റോറിയത്തിൽ രോഗികൾ ചികിത്സ കൂടാതെ കുറച്ചുനാൾ പാർത്താൽ തന്നെ രോഗങ്ങൾ നിശ്ശേഷം മാറുമായിരുന്നു.

കടപ്പാട്: പ്രകൃതിചികിത്സ,

എം.കെ. ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

അവസാനം പരിഷ്കരിച്ചത് : 10/24/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate