ആധുനികശാസ്ത്രത്തിന്റെ നിര്‍വ്വചനം അനുസരിച്ച് ഭാരമുള്ളതും സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതുമായ വസ്തു – അതാണ് ദ്രവ്യം, അത്ര മാത്രം. ഊര്‍ജ്ജവും ദ്രവ്യവുമായുള്ള ബന്ധം ആധുനികശാസ്ത്രം തന്നെ അംഗീകരിക്കുന്നുണ്ട്, അതു വേറെ കാര്യം.
ആയുര്‍വേദത്തിന്റെ ദ്രവ്യസങ്കല്പം അല്‍പ്പം വ്യത്യസ്തമാണ്*
ആയുര്‍വേദത്തിന്റെ ദ്രവ്യവിജ്ഞാനശാഖയില്‍ ഔഷധഗുണമില്ലാത്ത ദ്രവ്യങ്ങള്‍ ഈ ലോകത്ത് വിരളം. രസം, ഗുണം, വീര്യം, വിപാകം – ഇങ്ങനെ നാലു സവിശേഷതകള്‍ ആധുനികരീതിയില്‍ ആയുര്‍വേദപഠനം നടത്തുന്നവര്‍ ദ്രവത്തിന് അംഗീകരിച്ചു നല്‍കുന്നു. വേദാന്തര്‍ഗതമാണ് ആയുര്‍വേദം. ആധുനികപഠനം (തുറന്ന്) അംഗീകരിക്കാത്ത ഒരു സവിശേഷത കൂടി ആചാര്യന്മാര്‍ ദ്രവ്യത്തിനുള്ളതായി പറയുന്നു. അതാണ് പ്രഭാവം. ദ്രവ്യവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം പഠിച്ചവര്‍ക്ക് പ്രഭാവത്തെ മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല എന്നത് മറ്റൊരു കാര്യം.
ചില ദ്രവ്യങ്ങളിലെ ഔഷധം പരമാണുതലം കഴിഞ്ഞാണ് സ്ഥിതമായിരിക്കുന്നത്. ഈ പരമാണുവിനെ ശാസ്ത്രക്ലാസുകളില്‍ നാം പഠിച്ച പരമാണു ആയി തെറ്റിദ്ധരിക്കരുത്. നാം പഠിച്ച തന്മാത്രയായി ഏകദേശം കരുതാം. പരമാണു തലം വരെ ദ്രവ്യത്തിന് സ്വതന്ത്രമായ സവിശേഷതകള്‍ ഉണ്ട്. പരമാണുതലത്തിന് അപ്പുറം, അപാണവതലങ്ങളില്‍ ചില ദ്രവ്യങ്ങള്‍ അത് ഉപയോഗിക്കുന്നവന്റെ മനസ്സിനെക്കൂടി ആഗിരണം ചെയ്യുന്നതായി ആചാര്യന്‍. ദ്രവ്യം കൈകാര്യം ചെയ്യുന്നവന്റെ മനസ്സ് അനുസരിച്ച് പ്രഭാവം മാറുന്നു എന്ന് സാരം. സൂക്ഷ്മായ മനസ്സ് പ്രഭാവത്തെ ബാധിക്കുമ്പോള്‍ മനസ്സിനേക്കാള്‍ സ്ഥൂലമായ ശബ്ദത്തിന്റെ കാര്യം പറയേണ്ടല്ലോ!
തിരുതാളി, കറുക, മുക്കുറ്റി, മുയല്‍ച്ചെവി, കയ്യോന്നി, പൂവാംകുറുന്തല്‍, വിഷ്ണുക്രാന്തി, വള്ളിയുഴിഞ്ഞ, ചെറൂള, നിലപ്പന എന്നീ പത്തു ഓഷധികളെയാണ് ദശപുഷ്പങ്ങള്‍ എന്നു വിളിക്കുന്നത്. ദശപുഷ്പങ്ങള്‍ സൂക്ഷ്മസംവേദനക്ഷമതയുള്ള, സചേതനങ്ങളായ സസ്യങ്ങള്‍ ആണ്. അവയുടെ ഔഷധമൂലം സ്ഥിതിചെയ്യുന്നത് അപാണവതലങ്ങളിലാണ്. അതായത് പറിക്കുന്നവന്റെ മനസ്സിനെ വരെ ആഗിരണം ചെയ്യാന്‍ അവയ്ക്ക് കഴിയും എന്ന് സാരം. പഴമക്കാരുടെ അനുഭവമാണ് പറിക്കുന്നവന്റെ ശബ്ദത്തെപ്പോലും അവ ആഗിരണം ചെയ്യും എന്നത്. സമൂലം പറിക്കുമ്പോഴും, അല്ലാതെ പറിക്കുമ്പോഴും ഇതു ബാധകമാണ്.
ഓരോ ഓഷധിയും ഓരോ ദേവതയാണ്. ശരീരത്തിലെ ഓരോ അവയവത്തിനും ഓരോ ദേവതയുണ്ട്. ഒരു ഔഷധസസ്യം പറിച്ചെടുക്കുമ്പോള്‍ നിശ്ശബ്ദം, ധ്യാനമഗ്നനായി, തന്റെ ശരീരത്തിലെ ആതുരമായ അവയവത്തിന്റെ ദേവതയോടു സംവദിച്ച് തന്റെ ആതുരത മാറ്റിത്തരാന്‍ ഓഷധിയുടെ ദേവതയോടു പ്രാര്‍ത്ഥന ചെയ്യുന്നവനു തന്റെ പ്രഭാവം കൊണ്ട് സസ്യദേവത രോഗശാന്തി നല്‍കുന്നു എന്ന് പഴമക്കാരന്റെ അന്ധവിശ്വാസം. അന്ധവിശ്വാസികള്‍ ശ്രമിച്ചു നോക്കുക.
ഉറുമ്പ് കടിച്ചു തിണര്‍ത്താല്‍ തുമ്പ കൊണ്ടു തല്ലുക, അല്ലെങ്കില്‍ തുമ്പ അരച്ചിടുക. മിക്കവാറും ഉറുമ്പുകടി കൊണ്ടുണ്ടാകുന്ന തിണര്‍പ്പ് മാറും.
ചില ഉറുമ്പുകള്‍ കടിച്ചാല്‍ ഈ പ്രയോഗം ഫലിക്കില്ല. എല്ലാത്തരം ഉറുമ്പുകള്‍ കടിച്ചുണ്ടാകുന്ന അലര്‍ജികളിലും ഫലിക്കുന്ന ഒരു പ്രയോഗമുണ്ട്. കടിച്ച ഉറുമ്പിനെ ENA (Extra Neutral Alcohol) -യില്‍ പിടിച്ചിട്ട്, അരിച്ചെടുത്ത് അത് കഴിക്കുകയും അതു തന്നെ എണ്ണയിലോ വെളിച്ചെണ്ണയിലോ 1:9 അനുപാതത്തില്‍ കലക്കി തിണര്‍പ്പ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുകയും ചെയ്യുക.
കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായ സസ്യം. ഒരുവേരന്‍, പെരിങ്ങലം, പെരു, പെരുക്, വട്ടപ്പെരുക് അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. Clerodendrum Viscosum | Clerodendrum infortunatum എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. മയൂരജഘ്ന എന്ന് സംസ്കൃതനാമം.
കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഇതിന്റെ ഇല കുഞ്ഞുങ്ങളുടെ മലം കോരിക്കളയാന്‍ ഉപയോഗിച്ചിരുന്നു. തന്മൂലം തീട്ടപ്ലാവില എന്നൊരു പേര് തദ്ദേശങ്ങളില്‍ ഈ സസ്യത്തിന് ഉണ്ട്.
ധനുമാസത്തിലെ തിരുവാതിര നാളില്‍ ഒരുവേരന്റെ വേര് അരച്ച് അരിയോടോപ്പം ചേര്‍ത്ത് അട പുഴുങ്ങി സ്ത്രീകള്‍ കഴിച്ചിരുന്ന ഒരു രീതി ആചാരം പോലെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നില നിന്നിരുന്നു. ഈ ആചാരം കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തില്‍ വഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ഇന്ന് അധികമാരും അറിയുമെന്ന് തോന്നുന്നില്ല.
സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് ഈ സസ്യത്തിന്റെ അര്‍ബുദാന്തകഗുണങ്ങളെക്കുറിച്ച് തികച്ചും ആധുനികമായ രീതിയില്‍ വളരെ വിശദമായ പഠനം നടത്തുകയും അര്‍ബുദചികിത്സയില്‍ ഈ സസ്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പഠനം സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാണ്. [
[ഔഷധപ്രയോഗങ്ങള്‍]
പലപ്പോഴും പറമ്പിലും വഴിയോരത്തും നില്‍ക്കുന്ന ചെടികളെ ഉന്മൂലനം ചെയ്യുമ്പോള്‍ നാം അറിയാറില്ല, നമ്മുടെ ആയുസ്സിനെ സംരക്ഷിക്കാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഔഷധങ്ങളാണ് അവയെന്ന്. ഒരുവേരന്റെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. ഒട്ടുമിക്ക അര്‍ബുദങ്ങളിലും അതീവഫലപ്രദമാണ് ഒരുവേരന്‍. സംരക്ഷിക്കുക
കണ്ണിൽ കണ്ടതെല്ലാം വലിച്ചുവാരിത്തിന്ന് തടി കൂട്ടിയ ശേഷം ഓരോരുത്തർ നെട്ടോട്ടമാണ് കൂടിയത് കുറയ്ക്കാൻ. ചിലർ വഴിനടത്തവും ഓട്ടവും തുടങ്ങിയിട്ട് വർഷങ്ങളായി, ഇട്ട ഷൂവിന്റെ കനം കുറഞ്ഞതല്ലാതെ മറ്റൊന്നും കുറഞ്ഞിട്ടില്ല. “ഓവർ ദി കൗണ്ടർ” ഔഷധങ്ങളിൽ തടികുറയ്ക്കൽ മരുന്നുകളുടെ കച്ചവടം ഇന്ന് മോശമല്ലാത്ത രീതിയിൽ നടക്കുന്നു. “കുടംപുളി” ആണ് താരം, Garcenia Combogia എന്ന പേരിൽ മിക്കവാറും എല്ലാ മരുന്നുശാലകളിലും കുടംപുളിയുടെ സത്ത് ഗുളികകളായി വിൽക്കപ്പെടുന്നു. ഗാർസീനിയ എന്ന കുടംപുളി ഗുളിക തടികുറയ്ക്കുന്നതായുള്ള സാക്ഷ്യപ്പെടുത്തലുകൾ ഇന്റർനെറ്റ് സൈറ്റുകളിൽ ധാരാളം. സംഭവം ശരിയാണ്, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കുടംപുളി സഹായകമാണ്.
പൊണ്ണത്തടി കുറയ്ക്കാൻ നന്നായി ശരീരംകൊണ്ട് ജോലി ചെയ്യണം, കുറഞ്ഞ പക്ഷം നന്നായി വ്യായാമം ചെയ്യണം. അല്ലാതെ വെറുതെ ഓരോ മരുന്നു കഴിച്ചിട്ട് ഒരു കാര്യവുമില്ല
ദുർമേദസ്സ് | പൊണ്ണത്തടി | അതിസ്ഥൌല്യം കുറയ്ക്കാൻ അനവധി ഔഷധപ്രയോഗങ്ങൾ ഉണ്ട്. എല്ലാം കൂടെ ഒരുമിച്ച് പ്രയോഗിക്കരുത് എന്ന് പ്രത്യേകം പറയേണ്ടല്ലോ
മേൽപ്പറഞ്ഞ പ്രയോഗങ്ങൾ എല്ലാം തന്നെ www.arogyajeevanam.orgബ്ളോഗിലും facebook.com/urmponline പേജിലും പല വട്ടം ചർച്ച ചെയ്തതാണ്. കൂടുതൽ വിവരങ്ങൾ അവിടെത്തന്നെ കിട്ടും.
ഔഷധങ്ങൾ ഉപയോഗിക്കുന്നത് കൃതഹസ്തരായ വൈദ്യൻമാരുടെ ഉപദേശപ്രകാരം ആകുന്നത് അഭികാമ്യം.
ശ്വാസസംബന്ധിയായ അസ്കിതകൾ, ആസ്ത്മയും വലിവും, ശല്യമായി മാറിയ ചുമ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നെങ്കിൽ ഇതിലൊരു പ്രയോഗം നിങ്ങൾക്കു സഹായകമായേക്കാം.
കീലോയ്ഡ് ഒരു രോഗമല്ല. സര്‍ജറി മുതലായ പല കാരണങ്ങളാല്‍ ഉണ്ടായ മുറിവിന്‍റെയോ വ്രണത്തിന്‍റെയോ വടു/കല പുറത്തേക്കു തള്ളിയോ കുഴിഞ്ഞോ നില്‍ക്കുന്ന ഒരു അവസ്ഥയാണ് കീലോയ്ഡ്. കീലോയ്ഡ് അപകടകരമല്ല. അനാകര്‍ഷകമായ ഒരു കലയായി കരുതി അവഗണിച്ചാല്‍ ഒരു കുഴപ്പവുമില്ല.
കുറച്ചു കാലത്തെ ചികിത്സ കൊണ്ട് കീലോയ്ഡ് വടുക്കള്‍ ഭേദമാക്കാം.
തേങ്ങ തുരന്ന് വെള്ളം കളഞ്ഞ് തുടച്ച്,
അതിൽ കടുക് നിറച്ച്,
പെരിങ്ങലത്തിന്റെ പതിനൊന്ന് ഇലകൾ കൊണ്ട് പൊതിഞ്ഞ്,
അഞ്ച് ഇടങ്ങഴി ഉമിയിൽ നീറ്റി, ചുട്ട്, എടുത്തു പൊടിച്ച്,
ശർക്കരയും ചേർത്ത് അരച്ച്,
ഉരുട്ടി, ഓരോ ഉരുള വീതം ദിവസം മൂന്നു നേരം സേവിക്കുക.
ചെറിയ തേങ്ങയ്ക്ക് മൂന്നിടങ്ങഴി ഉമിയും വലിയ തേങ്ങയ്ക്ക് അഞ്ചിടങ്ങഴി അരിയും നീറ്റാൻ എടുക്കണം.
പുറമെ പുരട്ടാൻ ബൃഹദ്തിക്തകലേപം ഉപയോഗിക്കാം. കൂടെ ഖദിരാരിഷ്ടം, ശാരിബാദ്യാസവം / ശാരിബ ചേർന്ന യോഗം + കുമാര്യാസവം ഇവ നല്ലതാണ്.
ഭാരതത്തിലങ്ങോളമിങ്ങോളം ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരുക്ക്. ചുവന്ന പൂവുകള്‍ ഉണ്ടാകുന്ന അര്‍ക്ക, വെളുത്ത പൂവുകള്‍ ഉണ്ടാകുന്ന അലര്‍ക്ക എന്ന് രണ്ടു വിഭാഗം പൊതുവേ കാണപ്പെടുന്നു. വേര്, വേരിന്മേല്‍ത്തൊലി, പൂവ്, കറ എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങള്‍. ഔഷധമായി മൂത്ത ചെടികള്‍ ഉപയോഗിക്കുന്നത് ഉത്തമം.
എരിക്കിന്റെ ഔഷധഗുണങ്ങളെപ്പറ്റി വിവിധ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്:
[ചരകം]
ക്ഷീരമര്‍ക്കസ്യ ലവണേ ച വിരേചനേ
[സഹസ്രയോഗം]
വെള്ളെരുക്കിന്റെ മൂലമരച്ചിട്ടങ്ങെടുത്തുടന്‍
പാലില്‍ കലക്കി സേവിച്ചാല്‍ തടിപ്പും കുഷ്ഠവും വിഷം
ചിരങ്ങും പുണ്ണുമെല്ലാമേ ശമിച്ചീടുമസംശയം
വെള്ളെരുക്കു സമൂലത്തെ പാലില്‍ ചേര്‍ത്തു ഭുജിക്കുകില്‍
ചിരങ്ങും കുഷ്ഠവും വീക്കം കരപ്പന്‍ വകയോക്കെയും
ചെറുതായ വിഷങ്ങള്‍ക്കും കാമലയ്ക്കും വിശേഷമാം.
മേല്‍പ്പറഞ്ഞ മരുന്നിന്റെ സമൂലം ശരിയായുടന്‍
അരച്ചു പച്ചവെള്ളത്തില്‍ ത്തിളപ്പിച്ചങ്ങു പിന്നെയും
അല്‍പ്പം ചൂടോടു കൂടീട്ടു കവിള്‍ക്കൊള്ളുകിലപ്പോഴെ
ദന്തശൂല ശമിച്ചീടുമുടനേയെന്നുനിര്‍ണ്ണയം.
[ഭാവപ്രകാശം]
അലര്‍ക്കകുസുമം വൃഷ്യം ലഘു ദീപനപാചനം
അരോചകപ്രസേകാര്‍ശ: കാസശ്വാസനിവാരണം
രക്താര്‍ക്കപുഷ്പം മധുരം സതിക്തം
കുഷ്ഠകൃമിഘ്നം കഫനാശനഞ്ച
അര്‍ശോവിഷംഹന്തി ച രക്തപിത്തം
സംഗ്രാഹി ഗുല്‍മേശ്വയഥോ ഹിതം തത്
[ധന്വന്തരി നിഘണ്ടു]
അര്‍ക്കസ്തു കടുരുഷ്ണാശ്ച വാതഹത് ദീപന: സര:
ശോഫവ്രണഹരകണ്ഡുകുഷ്ഠപ്ലീഹകൃമീജ്ജയേത്
രക്താര്‍ക്കപുഷ്പം മധുരം സശീതം
കുഷ്ഠകൃമിഘ്നം കഫനാശനം ച
അര്‍ശോവിഷം ഹന്തി ച രക്തപിത്തം
സംഗ്രാഹിഗുല്‍മശ്വയഥോഹിതം തത്.
ത്വക്രോഗങ്ങള്‍, ദഹനസംബന്ധിയായ തകരാറുകള്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അരുചി, മൂലക്കുരു, ശുക്ളക്ഷയം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എരുക്ക്.
എരിക്കിന്റെ പ്രയോഗങ്ങള്‍ അനവധി ആണ്.
എരിക്കിന്റെ വേരിന്മേല്‍ത്തൊലി ഇട്ടു കാച്ചിയ എണ്ണ പുരട്ടിയാല്‍ വാതം കൊണ്ടു തളര്‍ന്ന ഭാഗങ്ങള്‍ക്ക് തളര്‍ച്ച മാറി ഉന്മേഷം ലഭിക്കും.
എരിക്കിന്റെ കറ തേന്‍ ചേര്‍ത്തു പുരട്ടിയാല്‍ വായ്പ്പുണ്ണ് ശമിക്കും.
എരിക്കിന്‍വേര് കഷായം വെച്ച് ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അപസ്മാരം, ഹിസ്റ്റീരിയ, നാവുകുഴയല്‍ എന്നിവയ്ക്ക് ശമനം ലഭിക്കും.
സര്‍പ്പദംശനം ഏറ്റ ഉടനെ മൂന്നോ നാലോ എരിക്കില ചവച്ച് ഇറക്കുകയും പച്ചവേര് ചതച്ച് കടിവായില്‍ വെച്ചുകെട്ടുകയും ചെയ്യുന്നത് വിഷവ്യാപ്തി തടയും. രക്ഷപ്പെടാന്‍ സാധ്യത കൂടും.
വേരിന്മേല്‍ത്തൊലി മൂലക്കുരു – അര്‍ശസിന് ഫലപ്രദമാണ് എന്ന് ചരകസംഹിത. ചെവിവേദന, കാസശ്വാസങ്ങള്‍ എന്നിവയില്‍ എരിക്ക് ഫലപ്രദമാണ് എന്ന് സുശ്രുതസംഹിത. ഹെര്‍ണിയ, തേള്‍വിഷം, മൂര്‍ഖവിഷം എന്നിവയില്‍ എരിക്ക് ഫലപ്രദമെന്ന് ചക്രദത്തം. മഹോദരത്തില്‍ ഫലപ്രദമെന്നു ഭാവപ്രകാശം.
വെള്ളെരിക്കിന്റെ ഉണങ്ങിയ പൂവ് കുരുമുളക്, ചുക്ക്, ഇന്തുപ്പ് ഇവയോടൊപ്പം വെറ്റിലയിൽ ചവച്ച് ഇറക്കിയാൽ ശ്വാസകാസങ്ങൾ മാറും. കഫക്കെട്ട് ശമിക്കും.
എരിക്കിന്റെ കറ പുരട്ടിയാൽ കാൽവിരലുകളുടെ ഇടയിൽ ഉണ്ടാകുന്ന പുഴുക്കടി | തഴുതണം ശമിക്കും.
എരിക്കിന്റെ വേര്, അശ്വഗന്ധത്തിന്റെ വേര്, ഗുഗ്ഗുലു മൂന്നും സമം ചേർത്തരച്ച് രണ്ട് ഗ്രാം വീതം ഗുളിക ഉരുട്ടി കഴിക്കുന്നത് വാതരോഗം, സന്ധിഗത വാതം, ആമവാതം എന്നിവയെ ശമിപ്പിക്കും.
ചൊറി, ചിരങ്ങ്, മറ്റു ത്വക്-രോഗങ്ങൾ ഇവ ശല്യപ്പെടുത്തുമ്പോൾ, എരിക്കില ചെറുതായി അരിഞ്ഞെടുത്ത്, അതിൽ വരട്ടുതേങ്ങാപ്പീര ചേർത്തുവെച്ച്, ഒരു ദിവസം കഴിഞ്ഞ് പിഴിഞ്ഞ് എടുത്ത നീരിൽ അല്പം ഗന്ധകം പൊടിച്ചിട്ട് ലേപനം ചെയ്യുന്നത് നല്ലതാണ്. ത്വക് – രോഗങ്ങൾ ശമിക്കും.
വെള്ള എരിക്കിൻ വേര് അരി കഴുകിയ കാടിയിൽ അരച്ചു ലേപനം ചെയ്താൽ മന്തുരോഗം ശമിക്കും.
വെള്ള എരിക്കിൻ തൊലി ചതച്ച് ഉരുട്ടി, കടുക് അരച്ചു പൊതിഞ്ഞ്, ചെളിമണ്ണു കൊണ്ടു പൊതിഞ്ഞ്, കനലിൽ ചുട്ട്, തണുപ്പിച്ച്, മണ്ണ് അടർത്തിക്കളഞ്ഞ് എടുത്തു കടുകെണ്ണയിൽ ചാലിച്ചു ലേപനം ചെയ്താൽ വിചർച്ചിക | എക്സിമ | ECZEMA ശമിക്കും.
എരിക്കിന്‍പൂവ് ഉണക്കിപ്പൊടിച്ചു വെച്ച് അല്പാല്പം സേവിച്ചാല്‍ ചുമയും ശ്വാസം മുട്ടലും മാറും. കുറച്ചുവീതമേ കഴിക്കാവൂ. എരിക്കിന്‍ പൂവില്‍ വിഷാംശം ഉണ്ട് എന്ന് മറക്കരുത്.
എരിക്കിന്‍പൂവ് ഉണങ്ങിയതും, ചുക്ക്-കുരുമുളക്-തിപ്പലി (ത്രികടു) പൊടിച്ചതും, ഇന്തുപ്പും ഒരു ഗ്രാം വീതം വെറ്റിലയില്‍ പൊതിഞ്ഞു ചവച്ചിറക്കിയാല്‍ ചുമ, ശ്വാസംമുട്ടല്‍, കഫം എല്ലാം മാറും. വെളുത്ത പൂവ് ഉള്ള എരിക്ക് ഉത്തമം.
എരിക്കിന്‍പാല് തേന്‍ ചേര്‍ത്തു പുരട്ടിയാല്‍ വായ്പ്പുണ്ണ് മാറും
എരിക്ക് സമൂലം ചതച്ച് പിഴിഞ്ഞെടുത്ത ദ്രാവകം സകല പൂപ്പല്‍ രോഗങ്ങള്‍ക്കും പ്രത്യൌഷധമാണ്.
ഉദരകൃമികളെ ഉച്ചാടനം ചെയ്യുന്നതിന്, രാത്രി ഉറങ്ങുന്നതിനു മുന്‍പ്, എരിക്കിന്‍റെ വേര് അരച്ചു വയറ്റത്തിട്ട്, ഒരു കപ്പ് ചൂടുവെള്ളം കുടിച്ച് കിടന്നുറങ്ങുക. അടുത്ത ദിവസം രാവിലെ വയറിളക്കുക. കൃമി സമ്പൂര്‍ണ്ണമായി പോകും.
വെള്ള എരിക്കിന്‍റെ പൂവ് ഉണക്കി ഒന്നു മുതല്‍ നാലു വരെ ഗ്രയിന്‍ ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച് നിത്യവും രാവിലെ കുടിച്ചാല്‍ ആസ്ത്മ മാറും. വെള്ള എരിക്കിന്‍റെ പൂവും കുരുമുളകും തിപ്പലിയും കൂട്ടി ചവച്ചു നീരിറക്കുന്നത് ആസ്തമയ്ക്ക് ഉത്തമമാണ്. എരിക്കിന്‍റെ പൂവില്‍ വിഷാംശം ഉണ്ട്. ഉപയോഗിക്കുമ്പോള്‍ അളവു കൂടിപ്പോകാതെ ശ്രദ്ധിക്കണം.
ആണിരോഗബാധയുള്ള ഭാഗത്ത് എരിക്കിന്‍റെ കറ ഒഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് രോഗം പൂര്‍ണ്ണമായും ഭേദമാകും.
ചിരകിയെടുത്ത തേങ്ങ വറുത്തു തവിട്ടുനിറമാവുമ്പോള്‍, അതില്‍ എരിക്കില ചെറുതായി അരിഞ്ഞിട്ട് ചൂടാക്കി, കിഴി കെട്ടി, മുട്ടില്‍ എണ്ണ പുരട്ടി, നേരത്തേ തയ്യാറാക്കിയ കിഴി ചൂടാക്കി കുത്തി ചൂടു വെച്ചാല്‍ കാല്‍മുട്ടുവേദന മാറും.
അരിമ്പാറ മാറാന്‍ : എരിക്കിന്‍റെ ഇല പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന എരിക്കിന്‍പാല്‍ അഥവാ കറ, കൃത്യമായി അറിമ്പാരയുടെ മേല്‍ ഇറ്റിക്കണം. രണ്ടോ മൂന്നോ ദിവസം ചെയ്യുമ്പോള്‍ അരിമ്പാറ വ്രണം ആകും. അപ്പോള്‍ ജാത്യാദിഘൃതം പുരട്ടി വ്രണം ഉണ്ടാക്കാം. അരിമ്പാറ പൂര്‍ണ്ണമായും മാറും.
എരിക്കിന്റെ ഇലകള്‍ ഉണക്കി കത്തിച്ച്, പുകയേല്‍പ്പിച്ചാല്‍, പുറത്തേക്കു തള്ളി നില്‍ക്കുന്ന അര്‍ശസ് | പൈല്‍സ് മൂലമുള്ള വേദന കുറയും, അസ്വസ്ഥത കുറയും, പൈല്‍സിന്റെ വലുപ്പം കുറയും.
സ്ത്രീകളുടെ മുഖത്ത് ഉണ്ടാകുന്ന മീശ മാറാന്‍ എരിക്കിന്‍റെ പാല് (ഇല അടര്‍ത്തുമ്പോള്‍ ഊറിവരുന്ന കറ) ബാധിച്ച ഭാഗത്ത് പുരട്ടിയാല്‍ മതി.
എരിക്ക് കൂടിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകാം. അങ്ങനെ വിഷബാധ ഉണ്ടായാല്‍ നീലയമരിയുടെ സ്വരസം 10 മില്ലി വീതം രണ്ടു നേരം ദിവസവും കഴിക്കാം. പുളിയിലയുടെ സ്വരസം 15 മില്ലി അത്രയും തന്നെ വെള്ളത്തില്‍ രണ്ട് പ്രാവശ്യം ദിവസവും കഴിക്കുന്നതും നന്ന്.
എരിക്കിന്റെ ഔഷധപ്രയോഗങ്ങള്‍ ഇനിയും അസംഖ്യം ഉണ്ട്. അത് തുടര്‍ന്നുള്ള ലേഖനങ്ങളില്‍.
ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.
വഴിയോരഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം വാങ്ങുമ്പോള്‍ ഭക്ഷണത്തില്‍ എന്തെല്ലാമാണ് കിട്ടുന്നത് എന്നതാണ് ആരോഗ്യകാംക്ഷികളുടെ ചിന്ത. ഭക്ഷണം എന്തിലാണ് കിട്ടുന്നത് എന്ന് അധികമാരും ചിന്തിക്കാറില്ല.
ബാംഗ്ലൂര്‍ നഗരത്തിലെ പ്രശസ്തമായ ഒരു ആശുപത്രി കാന്റീനില്‍ എണ്ണയില്‍ വറത്തു കോരിയ കട്ട്ലെറ്റ് പത്രക്കടലാസില്‍ വെച്ചിരിക്കുന്നതിന്റെ ചിത്രമാണിത്. രോഗികളും, ഡോക്ടര്‍മാരും ഒരുപോലെ വാങ്ങിക്കഴിക്കുന്നു!
പൊതുവേ ഇത്തരം എല്ലാ ഭക്ഷണശാലകളിലെയും അവസ്ഥ ഇതുതന്നെ.
പലവട്ടം ഉപയോഗിച്ച എണ്ണയില്‍ വറുത്തു കോരിയ ആഹാരസാധനങ്ങള്‍ ആരോഗ്യത്തിനു നല്ലതല്ല – മിക്കവാറും എല്ലാവര്‍ക്കും അറിയാം.
ഇങ്ങനെ എണ്ണയില്‍ വറുക്കുന്ന ആഹാരസാധനങ്ങള്‍ പൊതുവേ അധികമുള്ള എണ്ണ വലിയ്ക്കാന്‍ പത്രക്കടലാസുകളില്‍ ആണ് കച്ചവടക്കാര്‍ കോരി വെയ്ക്കാറുള്ളത്. മിക്കവാറും വീടുകളിലെ അവസ്ഥയും വ്യത്യസ്തമല്ല.
പത്രങ്ങളും മാസികകളും മറ്റും അച്ചടിക്കുന്നത് ഭക്ഷ്യയോഗ്യമായ (Food Grade) മഷി കൊണ്ടല്ല. എണ്ണ പുരളുമ്പോള്‍ പത്രക്കടലാസിലെ മഷി ഇളകുകയും ആഹാരസാധനങ്ങളില്‍ പറ്റിപ്പിടിക്കുകയും ചെയ്യുന്നു.
മഷിയില്‍ അടങ്ങിയിരിക്കുന്ന ഗ്രാഫൈറ്റ് പോലെയുള്ള ഘടകങ്ങള്‍ ശരീരത്തില്‍ കടന്ന് കരളിനും വൃക്കകള്‍ക്കും തകരാര്‍ ഉണ്ടാക്കാനും അച്ചടിമഷിയില്‍ ലായകം ആയി ഉപയോഗിച്ച രാസവസ്തുക്കള്‍, ഖനിജഎണ്ണകള്‍, കോബാള്‍ട്ട് കലര്‍ന്ന ഡൈ, ഇവ കാന്‍സര്‍ വരെ ഉണ്ടാക്കാനും ഉള്ള സാധ്യതകളെക്കുറിച്ച് ഗവേഷകര്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്. ദഹനസംബന്ധിയായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഉണ്ടത്രേ.
വറുത്തു തിന്നണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പേപ്പര്‍ ടവല്‍, അടുക്കളയില്‍ ഉപയോഗിക്കാനുള്ള പേപ്പര്‍ കിച്ചന്‍ റോള്‍ ഒക്കെ വിപണിയില്‍ ലഭ്യമാണെങ്കിലും അല്പം പണം ലാഭിക്കാന്‍ വേണ്ടിയാണ് പലരും പത്രക്കടലാസ് ഉപയോഗിക്കുന്നത്. പത്രക്കടലാസില്‍ ഒളിച്ചിരിക്കുന്ന അപകടത്തെക്കുറിച്ച് പലരും ബോധവാന്മാരുമല്ല എന്നതാണ് സത്യം.
ഈ വിഷയത്തില്‍ ധാരാളം വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ കിട്ടാനുണ്ട്. ഇപ്പോള്‍ ഇതു വായിക്കുന്നവരെങ്കിലും അറിയണം, പത്രം അച്ചടിച്ചു വരുന്നത് ആഹാരം പൊതിയാനല്ല എന്നും, അങ്ങനെ പൊതിഞ്ഞു കഴിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും. സഹജീവികളെ ഇത്തരം വിഷയങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള ഉത്തരവാദിത്തം കൂടെ ഉണ്ടായാല്‍ കുറെയേറെ മനുഷ്യര്‍ രോഗങ്ങളുടെ പിടിയില്‍ പെടാതെ ജീവിച്ചു പോകാനുള്ള സാധ്യത കൂടും.
“കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു
കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം
ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍”
എന്ന് ഗുണപാഠം.
കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് അന്വർത്ഥമാണ്. കുമാരിമാരില്‍ കാണപ്പെടുന്ന മുഖക്കുരു, ആര്‍ത്തവപ്രശ്നങ്ങള്‍ എല്ലാം ശമിപ്പിക്കാന്‍ “കുമാരി” എന്ന കറ്റാര്‍വാഴ നല്ലതാണ്.
കറ്റാര്‍വാഴയ്ക്ക് ആയുര്‍വേദ ആചാര്യന്മാര്‍ അറിഞ്ഞ ഗുണങ്ങള്‍ അനവധിയാണ് – വൃഷ്യം, രസായനം, പിത്തജകാസഹരം, ശ്വാസഹരം, ബല്യം, വാതഹരം, വിഷഹരം, ചക്ഷുഷ്യം, രക്തപിത്തഹരം, വിസ്ഫോടഹരം, അഗ്നിദഗ്ധം, ഗ്രന്ഥിഹരം, കഫജ്വരഹരം, യകൃത്ത്വൃദ്ധിഹരം, പ്ലീഹഹരം, ഗുല്‍മഹരം, ഭേദനി, കുഷ്ഠഹരം അങ്ങനെ അനവധി ഔഷധപ്രോയോഗങ്ങള്‍ കറ്റാര്‍വാഴയ്ക്ക് ഉണ്ട്.
ഒട്ടനവധി സ്ത്രീരോഗങ്ങളിൽ കറ്റാർവാഴ ഔഷധമാണ്. കറ്റാർവാഴയുടെ പോളയുടെ നീര് ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ഗർഭാശയപേശികളെയും ഗർഭാശയധമനികളെയും ഉത്തേജിപ്പിക്കാൻ കറ്റാർവാഴയുടെ സ്വരസത്തിന് കഴിവുണ്ട്. രക്തശുദ്ധിയ്ക്കും ഉത്തമം. കൂടിയ അളവിൽ വിരേചകമാണ്. മൂത്രളമാണ്. ഗുൽമം, പ്ളീഹാരോഗങ്ങൾ എന്നിവയിൽ ഫലപ്രദവുമാണ്. കഫ പിത്ത വാതരോഗങ്ങളെയും ശമിപ്പിക്കും.
കറ്റാർവാഴപ്പോളനീര് ഉണക്കി ഉണ്ടാക്കുന്ന ചെന്നി നായകവും ഔഷധമാണ്.
കുഴിനഖം, ദുഷിച്ച വ്രണങ്ങൾ എന്നീ വ്യാധികളിൽ കറ്റാർവാഴപ്പോളനീരും പച്ച മഞ്ഞളും ചേർത്തരച്ച് വെച്ചുകെട്ടുന്നത് അതീവഫലപ്രദമാണ്.
തീപ്പൊള്ളൽ, തന്മൂലം ഉണ്ടാകുന്ന വ്രണങ്ങൾ, തൊലിപ്പുറത്തുണ്ടാകുന്ന അലർജി (Skin allergy), കുരുക്കൾ തുടങ്ങിയവയിൽ കറ്റാർവാഴപ്പോളയുടെ ഉള്ളിലെ കാമ്പ് വരട്ടുമഞ്ഞൾപ്പൊടി ചേർത്തു ചൂടാക്കി പുരട്ടുന്നത് അതീവഫലപ്രദമാണ്. വായ്പ്പുണ്ണ് മാറാനും ഈ പ്രയോഗം നല്ലതാണ്.
കറ്റാർവാഴപ്പോളയിലയുടെ മജ്ജ ചേർത്തു കാച്ചിയ നല്ലെണ്ണ പുരട്ടുന്നത് കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന “ഡയപ്പർ റാഷ്” മാറാൻ സഹായകമാണ്. ഒലിവെണ്ണയും ഉപയോഗിക്കാം.
ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടായാൽ കറ്റാർവാഴപ്പോളനീരും നാടൻ കോഴിമുട്ടയും ചേർത്തടിച്ച് ചാരായത്തിൽ സേവിക്കുന്നത് നല്ലതാണ്. അസ്ഥിഭംഗങ്ങളിലും മമ്മാഘാതങ്ങളിലും ഈ നാടൻ പ്രയോഗം അതീവ ഫലപ്രദമാണ്. കോഴിമുട്ടയുടെ വെള്ളയിൽ ചെന്നിനായകം ചേർത്ത് തുണിയിൽ പരത്തി ക്ഷതം ഏറ്റയിടത്ത് വെച്ചുകെട്ടുകയും ചെയ്യാം.
ചെന്നി നായകം, മീറ (മുറു) എന്നിവ കറ്റാർവാഴപ്പോളനീരിൽ നന്നായി അരച്ച് മിശ്രണം ചെയ്ത് കോഴിമുട്ടയുടെ വെള്ള പാകത്തിന് ചേർത്ത മിശ്രിതം പുറംപടയായിട്ടാൽ ലിഗമെന്റിന് ഉണ്ടാകുന്ന വേദനയും നീർക്കെട്ടും പൂർണ്ണമായും ശമിക്കും.
കറ്റാർവാഴപ്പോളനീര്, തേൻ – രണ്ടും സമയോഗത്തിൽ നിത്യം സേവിക്കുന്നത് അർബുദത്തെ ശമിപ്പിക്കും. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.
ആർത്തവകാലത്തെ വയറുവേദന മാറാൻ കറ്റാർവാഴപ്പോളനീര് നിത്യം രാവിലെയും വൈകിട്ടും സേവിക്കുന്നത് നല്ലതാണ്. 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.
കറ്റാർവാഴപ്പോളനീര് അണ്‌ഡോല്‍പാദനത്തിനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുവാന്‍ കഴിവുള്ളതാണ്. ആര്‍ത്തവം ഉണ്ടാകാതിരിക്കുക, വളരെ കുറഞ്ഞ അളവില്‍ മാത്രം രക്തം പോകുക (Amenorrhea) തുടങ്ങിയ അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് അതീവഫലദായകമാണ്.
യകൃത്ത്, പ്ളീഹാ വൃദ്ധികളിലും കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് നല്ലതാണ്. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും കഴിക്കാം.
നിത്യം കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും സേവിക്കുന്നതു വഴി വയറുവേദന, ഗുല്മ വായു എന്നിവയ്ക്ക് ശമനമുണ്ടാകും.
കുമാര്യാസവത്തിലെ ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴപ്പോളനീര്.
ചെന്നിനായകം ശോധനയുണ്ടാക്കും. ചെന്നിനായകവും ത്രിഫലയും ചേർത്ത് കഷായം വെച്ച് കഴിച്ചാൽ മലബന്ധം ശമിക്കും.
കറ്റാര്‍വാഴപ്പോളനീരിന്‍റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു നല്ലതാണ്.
കറ്റാർവാഴപ്പോളയിലയുടെ മജ്ജ അല്‍പ്പം കല്ലുപ്പ് (Rock Salt) ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടാക്കി ജലാംശം കളഞ്ഞെടുത്ത്, ദിവസവും 5 gm വെച്ച് കഴിച്ചാല്‍ മലബന്ധം ശമിക്കും.
കറ്റാർവാഴപ്പോളനീര് വിരേചകമാണ്. വ്രണങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവും ഉണ്ട്. ആകയാല്‍ നിയന്ത്രിതമാത്രയില്‍ സേവിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും.
ഭക്ഷ്യവിഷബാധ(Food Poisoning)യുണ്ടായാല്‍ കറ്റാര്‍വാഴപ്പോളയുടെ മജ്ജ കരിക്കിന്‍വെള്ളത്തില്‍ കഴിക്കാം.
കറ്റാർവാഴപ്പോളനീരില്‍ രക്തത്തെ നേര്‍പ്പിക്കാന്‍ കഴിവുള്ള ഘടകങ്ങള്‍ ഉണ്ട്. കൊളസ്ട്രോളിന് എതിരെയും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ആകയാല്‍ “ആതറോസ്ക്ലറോസിസ്” (Atherosclerosis – രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) പോലെയുള്ള അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് വളരെ ഫലദായകമാണ്.
ഓരോ ടീസ്പൂണ്‍ വീതം കറ്റാർവാഴപ്പോളനീര്, ഇഞ്ചിനീര്, വെളുത്തുള്ളി നീര്, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്തു സേവിക്കുന്നത് ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറാന്‍ സഹായകമാണ്.
കറ്റാര്‍വാഴപ്പോളയുടെ മജ്ജ, വരട്ടുമഞ്ഞള്‍പ്പൊടി, ചെറുതേന്‍ എന്നിവ ഹോമിയോ മരുന്നുകടകളില്‍ കിട്ടുന്ന ENA (Extra Nutral Alcohol) എന്ന ദ്രാവകത്തില്‍ ചേര്‍ത്ത് 5 ml വീതം കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലറ്റ് കൂടും.
കറ്റാര്‍വാഴപ്പോള, കറുക, വെളുത്തുള്ളി ഇവ മൂന്നും സമം ചേര്‍ത്തു കഷായം വെച്ച്, വറ്റിച്ചെടുത്ത പൊടി, ഉണക്കിയെടുത്ത ചണ്ടിയുമായി ചേര്‍ത്തു ചൂര്‍ണ്ണമാക്കി നിത്യം സേവിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.
കറ്റാര്‍വാഴപ്പോളനീരും, കറുകനീരും കഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്‌താല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയും.
കറ്റുവാഴ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധി ആണ്. രോഗങ്ങൾ പിടിപെടുമ്പോഴും, ആന്റിബയോട്ടിക് ഔഷധങ്ങൾ അധികമായി ഉപയോഗിക്കുന്നതുകൊണ്ടും, വേദനസംഹാരികൾ, സ്റ്റീറോയിഡ് ഔഷധങ്ങൾ തടങ്ങിയവ അസ്ഥാനത്തും ദീർഘകാലാടിസ്ഥാനത്തിലും ഉപയോഗിക്കുന്നതുകൊണ്ടും രോഗപ്രതിരോധശേഷി കുറയുന്നു. ഓരോ ഔൺസ് കറ്റാർവാഴപ്പോളനീരും ചിറ്റമൃതിന്റെ നീരും ചേർത്ത് അതിൽ 5 ഗ്രാം ശീലപ്പൊടിയാക്കിയ അമുക്കുരം ചേർത്ത് ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാനും, നഷ്ടപ്പെട്ട രോഗപ്രതിരോധശേഷി വീണ്ടെടുക്കാനും സഹായകമാണ്. ദീർഘകാലത്തെ ഔഷധസേവനം ആവശ്യമാണ്. HIV അണുബാധ തുടക്കത്തിൽ തന്നെ അറിയാൻ കഴിഞ്ഞാൽ ഈ ഔഷധം വളരെ ഗുണകരമാണ്.
കറ്റാർവാഴപ്പോള കനലിൽ ചൂടാക്കി, ഉള്ളിലെ മജ്ജ/കാമ്പ് എടുത്ത് തുണിയിൽ കെട്ടി പിഴിഞ്ഞെടുത്ത നീര് ഓരോ ടീസ്പൂൺ രണ്ട് തുള്ളി പശുവിൻ നെയ്യും നാലു തുള്ളി തേനും ചേർത്ത് ഓരോ മണിക്കൂർ ഇടവിട്ട് നുണഞ്ഞിറക്കിയാൽ ശ്വാസം മുട്ടൽ, ആസ്ത്മാ, വലിവ് ശമിക്കും.
കറ്റുവാഴനീര് ശുദ്ധി ചെയ്ത് ഉപയോഗിക്കുന്നതാണ് ഹിതം. കറ്റുവാഴനീരിൽ ഇരിമ്പോ അയസ്ക്കാന്തമോ ഇട്ട് കുറഞ്ഞത് അഞ്ചുമണിക്കൂർ കാറ്റ് ഏൽക്കാതെ വെച്ചാൽ കറ്റുവാഴനീരിന്റെ ദോഷാംശം മാറി ശുദ്ധമാകും.
ഗർഭിണികൾ, ശരിയായ ആർത്തവമുള്ളവർ, രക്താർശസ് (രക്തം പോകുന്ന അവസ്ഥയിലുള്ള മൂലക്കുരു/പൈൽസ്) ഉള്ളവർ ആരും കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാൻ പാടില്ല. അതിസാരം/വയറിളക്കം ഉള്ളപ്പോഴും കറ്റാർവാഴപ്പോളനീര് സേവിക്കരുത് – വയറിളകും.
കേട്ടും വായിച്ചും അറിഞ്ഞ വിവരങ്ങള്‍ ആണ് ഇവയൊക്കെ. ഔഷധം ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
“യഥാ സുരാണാമമൃതം സുഖായ തഥാ നരാണാം ഭുവി തക്രമാഹുഃ”
ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്‍ക്ക് അമൃത് പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു.
പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത് എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.
ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ. തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ് ഉള്ളത്. പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. തക്രപാനം, തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.
മോരിന്‍റെ ഗുണങ്ങളെ ഭാവപ്രകാശം വര്‍ണ്ണിക്കുന്നത് ഇങ്ങനെ:
തക്രം ഗ്രാഹി കഷായാമ്ലം സ്വാദുപാകരസം ലഘു
വീര്യോഷ്ണം ദീപനം വൃഷ്യം പ്രീണനം വാതനാശനം
ഗ്രഹണ്യാദിമതാം പഥ്യം ഭവേത്സംഗ്രാഹി ലാഘവാത്
കിഞ്ചസ്വാദുവിപാകിത്വാന്നച പിത്തപ്രകോപണം
അമ്ലോഷ്ണം ദീപനം വൃഷ്യം പ്രീണനം വാതനാശനം
കഷായോഷ്ണാവികാശിത്വാദ്രൌക്ഷ്യാച്ചാപി കഫാപഹം
ന തക്രസേവീ വ്യഥതേ കദാചിന്ന്‍ തക്രദഗ്ധാഃ പ്രഭവന്തി രോഗാഃ
യഥാ സുരാണാമമൃതം സുഖായ തഥാ നരാണാം ഭുവി തക്രമാഹുഃ
മോര് അഗ്നിദീപകവും, ത്രിദോഷഹരവും ആകയാല്‍ നിത്യം മോര് കഴിക്കുന്നവന്‍ ആരോഗ്യവാനായി ഭവിക്കുന്നു. ലഘുവും സംഗ്രാഹിയും ആകയാല്‍ ഗ്രഹണി രോഗത്തില്‍ മോര് അത്യുത്തമമാണ്.
വികലമായ ആഹാരശീലങ്ങള്‍ കൊണ്ടും, ആന്റിബയോട്ടിക്കുകള്‍ പോലെയുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും താളം തെറ്റിയ ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് മോര് ഉത്തമൌഷധമാണ്. മോരിന് probiotics സ്വഭാവമുണ്ട്. ശരീരത്തില്‍ ആഹാരത്തെ വിഘടിപ്പിക്കാനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ആണ് probiotics എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ നിത്യം ഉപയോഗികുന്നതു വഴിയും, ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു വഴിയും ഈ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഈ ബാക്ടീരിയകളെ വീണ്ടും ശരീരത്തില്‍ എത്തിക്കുന്നതു വഴി, അവയുടെ നിലനില്‍പ്പ് സാധ്യമാക്കുന്നതു വഴി ദഹനേന്ദ്രിയവ്യവസ്ഥയെ സ്വസ്ഥമാക്കി നിലനിറുത്തുന്നതിനും അങ്ങനെ മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോര് സഹായിക്കുന്നു.
പോഷകാംശങ്ങളുടെ കണക്ക് ആധുനികരീതിയില്‍ എടുത്താലും മോര് ഉദാത്തമായ ആഹാരമാണ് എന്ന് മനസ്സിലാക്കാം. 100 ഗ്രാം മോരില്‍ 40 കിലോ കലോറി ഊര്‍ജ്ജവും, 4.8 ഗ്രാം അന്നജവും, 0.9 ഗ്രാം കൊഴുപ്പും, 3.3 ഗ്രാം മാംസ്യങ്ങളും, 116 മൈക്രോഗ്രാം കാത്സ്യവും ജീവകം എ, ജീവകം സി, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.
സ്വഭാവതഃ ത്രിദോഷഹരമാണ് തക്രം എന്നിരിക്കിലും മറ്റു ദ്രവ്യങ്ങള്‍ ചേരുന്ന യോഗങ്ങളില്‍ ദോഷനാശകശക്തി കൂടുന്നതിനാല്‍ മോര് ചേരുന്ന നിരവധി ഔഷധങ്ങള്‍ പ്രയോഗത്തിലുണ്ട്. വാതജാവസ്ഥകളില്‍ സൈന്ധവലവണം ചേര്‍ത്തും, പിത്തജമായ പ്രശ്നങ്ങളില്‍ പഞ്ചസാര ചേര്‍ത്തും, കഫജാവസ്ഥകളില്‍ ക്ഷാരവും ത്രികടുവും ചേര്‍ത്തും സേവിക്കുന്നത് അത്യന്തം പ്രയോജനകരമാണ്. മോരില്‍ കായം, ജീരകം, സൈന്ധവലവണം എന്നിവ ചേര്‍ത്തു നിത്യം സേവിക്കുന്നത് അര്‍ശോരോഗങ്ങളിലും ഗ്രഹണിയിലും അതിസാരത്തിലും ഗുണം ചെയ്യും. ഇതേ യോഗം രോചനമാണ്, പുഷ്ടിപ്രദമാണ്, ബല്യമാണ്, വസ്തിശൂലവിനാശനമാണ്.
മോര് ഉപയോഗിച്ച് അനവധി ഔഷധപ്രയോഗങ്ങള്‍ ഉണ്ട്. വയറ്റില്‍ ഉണ്ടാകുന്ന പല ദഹനപ്രശ്നങ്ങളിലും ശൂലകളിലും അഷ്ടചൂര്‍ണ്ണം ചേര്‍ത്ത മോര് മാത്രം മതിയാകും ശമനത്തിന്. രൂക്ഷമായ വയറിളക്കത്തില്‍ പോലും പുളിയാറിലനീരോ, പുളിയാറില അരച്ചതോ മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. കടുക്കാമോരിന്‍റെ പ്രയോജനം ഏവര്‍ക്കും അറിവുള്ളതു തന്നെ. മോര് നിത്യം കഴിച്ചാല്‍ അര്‍ശസ് നിശേഷം ശമിക്കും. മലബന്ധം മാറും. പഴകിയ അമീബിയാസിസില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്തു കാച്ചിയ മോര് അതീവഫലപ്രദമാണ്. നീര്, മഹോദരം, കരള്‍രോഗങ്ങള്‍, മൂത്രതടസ്സം, ഗുല്‍മം, പ്ലീഹവീക്കം എന്നിവയിലും നിത്യേന സേവിച്ചാല്‍ ശമനം ഉണ്ടാകും.
ഇത്രയുമൊക്കെക്കൊണ്ടു തന്നെ കുപ്പിയിലാക്കിവരുന്ന ആധുനികശാസ്ത്രീയപാനീയങ്ങളേക്കാള്‍ എത്രയോ ഉത്തമമാണ് നമ്മുടെ മോരും, സംഭാരവും എന്ന് വ്യക്തമല്ലേ? ആരോഗ്യം കാക്കുകയും, രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്ന മോര് ഭൂമിയിലെ അമൃതാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ആരോഗ്യം കാംക്ഷിക്കുന്നവര്‍ മോര് ഒരു ശീലമാക്കുക.
രൂപത്തിലും വലുപ്പത്തിലും സവാളയോട് സാമ്യത പുലര്‍ത്തുന്ന അന്തര്‍ഭൌമകാണ്ഡ(Bulb)ത്തോടു കൂടിയ ഒരു ചെടിയാണ് കാട്ടുള്ളി. കേരളത്തില്‍ തീരപ്രദേശങ്ങളില്‍ ധാരാളമായി വളരുന്നു. ബള്‍ബ് ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ബള്‍ബ് വെള്ളനിറത്തിലും വിളറിയ മഞ്ഞനിറത്തിലും കാണപ്പെടുന്നു. നരിവെങ്കായം, കാന്തങ്ങാ തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉണ്ട് കാട്ടുള്ളിയ്ക്ക്. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, വയറ്റില്‍ ഉണ്ടാകുന്ന കൃമികള്‍, മൂത്രാശയരോഗങ്ങള്‍, കല്ലുകള്‍, ജലദോഷം, ബ്രോങ്കൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ ശമിപ്പിക്കാന്‍ കാട്ടുള്ളിയ്ക്കു കഴിവുണ്ട്. പൊതുവേ അണുനാശകമാണ്. കൃമിഹരമാണ്.മലബന്ധത്തെ അകറ്റാനുള്ള കഴിവുണ്ട്. മൂലക്കുരുവില്‍ അതീവഫലദായകമാണ്. ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. വിഷാംശമുള്ളതു കൊണ്ട് ഉള്ളിലേക്ക് കഴിക്കുമ്പോള്‍ നല്ലെണ്ണയില്‍ പുഴുങ്ങിയാണ് ഉപയോഗിക്കേണ്ടത്.
കാട്ടുള്ളിയ്ക്ക് വിഷാംശം ഉണ്ട്. അതുകൊണ്ട് ഒരു വര്‍ഷത്തിലധികം പഴകിയ കാട്ടുള്ളി ഉള്ളില്‍ കഴിക്കരുത് എന്ന് ആചാര്യന്മാര്‍ പറയുന്നുണ്ട്. തന്നെയുമല്ല, കാട്ടുള്ളി ഉപയോഗിക്കുമ്പോള്‍ വിദഗ്ധനായ ഒരു ഭിഷഗ്വരന്‍റെ മേല്‍നോട്ടം ഉണ്ടാകുന്നതാണ് അഭികാമ്യം
നല്ല ഭംഗിയുള്ള പൂക്കളാണ് കാട്ടുള്ളിയുടേത്. വീട്ടിന്‍റെ മുറ്റത്തു വെച്ചുപിടിപ്പിക്കാന്‍ ഒരു കാരണം കൂടിയായി.
നമ്മുടെയൊക്കെ വീടുകളുടെ പിന്നാമ്പുറങ്ങളില്‍ മറ്റു കളസസ്യങ്ങളോടൊപ്പം ധാരാളമായി വളരുന്ന തുമ്പ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്. തുമ്പയുടെ ഇലയും പൂവും വേരുമെല്ലാം ഔഷധമാണ്. ദ്രോണപുഷ്പിയുടെ പുഷ്പങ്ങള്‍ പരമശിവന് അത്യന്തം പ്രിയമാണെന്ന് ഭാരതീയ വിശ്വാസം. ആകയാല്‍ ശിവപൂജയിലും ഗണേശപൂജയിലും തുമ്പപ്പൂവ് ഉപയോഗിക്കപ്പെടുന്നു. കേരളത്തില്‍ പലയിടങ്ങളിലും കര്‍ക്കിടകവാവിന്‍ നാളില്‍ പിതൃബലിയിലും തുമ്പപ്പൂവ് ഉപയോഗിക്കാറുണ്ട്. പഴയ തലമുറയിലെ മലയാളിയ്ക്ക് തുമ്പപ്പൂവ് ഓണാഘോഷവുമായി ബന്ധപ്പെട്ട ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. തുമ്പപ്പൂവ് ഇല്ലാത്ത ഓണപ്പൂക്കളം അവര്‍ക്ക് പൂക്കളമേയല്ലായിരുന്നു! പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.
തുമ്പ | Leucas aspera , കരിന്തുമ്പ | Anisomeles malabarica , പെരുന്തുമ്പ | Leucas cephalotes ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവയ്ക്കെല്ലാം ഔഷധഗുണമുണ്ട്.
ആയുര്‍വേദത്തിന്‍റെ പ്രമാണഗ്രന്ഥങ്ങളില്‍ പലതിലും തുമ്പയുടെ മഹത്വം രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് ദര്‍ശിക്കാനാകും..
“ദ്രോണപുഷ്പീ കടുഃസോഷ്ണാരുച്യാ വാതകഫാപഹ
അഗ്നിമാന്ദ്യഹരാ ചൈവ കാമലാ ജ്വരഹാരിണീ”
“ദ്രോണപുഷ്പീ കഫാമഘ്നീ കാമലാകൃമിശോഫജിത്ത്”
“ദ്രോണാ ച ദ്രോണപുഷ്പീ ച ഫലേപുഷ്പാ ച കീര്‍ത്തിതാ
ദ്രോണപുഷ്പീ ഗുരുഃ സ്വാദൂ രൂക്ഷേഷ്ണാ വാതപിത്തകൃത് |
സതീക്ഷ്ണലവണാ സ്വാദുപാകാ കട്വീ ച ഭേദിനീ
കഫാമകാമലാശോഥ തമകശ്വാസജന്തുജിത് |”
– ഭാവപ്രകാശനിഘണ്ടു | ഗുഡൂച്യാദിവര്‍ഗ്ഗ
“ദ്രോണപുഷ്പീ കടുഃ സോഷ്ണാ രുച്യാ വാതകഫാപഹാ
അഗ്നിമാന്ദ്യഹരാ ചൈവ പഥ്യാ വാതാപഹാരിണീ
അന്യാ ചൈവ മഹാദ്രോണാ കുരുംബാ ദേവപൂര്‍വ്വകാ
ദിവ്യപുഷ്പാ മഹാദ്രോണീ ദേവീകാണ്ഡാ ഷഡാഹ്യയാ
ദേവദ്രോണീ കടുസ്തിക്താ മേധ്യാ വാതാര്‍ത്തിഭൂതനുത്
കഫമാന്ധ്യാമഹാ ചൈവ യുക്ത്യാ പാരദശോധനേ”
– രാജനിഘണ്ടു | പര്‍പ്പടാദിവര്‍ഗ്ഗഃ
തുമ്പ കഫക്കെട്ട് ഇല്ലാതാക്കും, ദഹനക്കേടു കൊണ്ട് ഉണ്ടാകുന്ന ഉദരസ്തംഭനത്തെ ശമിപ്പിക്കും, മഞ്ഞപ്പിത്തത്തെ ശമിപ്പിക്കും, കൃമികളെ ഇല്ലാതാക്കും, വ്രണമായ മുറിവുകളില്‍ അതീവഫലപ്രദമാണ്, ശരീരത്തിലെ നീരിനെ കുറയ്ക്കും, ആസ്തമ ശമിപ്പിക്കും, ചുമ ശമിപ്പിക്കും, ജലദോഷം ശമിപ്പിക്കും, രുചി ഉണ്ടാക്കും, ദഹനശേഷി വര്‍ദ്ധിപ്പിക്കും, ആര്‍ത്തവമില്ലായ്മയില്‍ ഫലപ്രദമാണ്. ജ്വരഹരമാണ് – പ്രത്യേകിച്ച് വാത, കഫ ജ്വരങ്ങളില്‍. മഹാദ്രോണി (പെരുന്തുമ്പ) ബുദ്ധിശക്തിയെ വര്‍ദ്ധിപ്പിക്കുന്നു, അണുകങ്ങളെ ഹരിക്കുന്നു. ഗോരോചനാദി ഗുളിക, പ്ലീഹാരി വടി, ദ്രോണദുര്‍വ്വാദിതൈലം തുടങ്ങി അനവധി ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മ്മാണത്തില്‍ തുമ്പ ഉപയോഗിക്കപ്പെടുന്നുണ്ട്.
ഗൃഹവൈദ്യത്തില്‍ | നാട്ടുവൈദ്യത്തില്‍ തുമ്പ കൊണ്ട് അനവധി പ്രയോഗങ്ങളുണ്ട്.
തുമ്പയുടെ മാഹാത്മ്യം ഇവിടെ തീരുന്നില്ല. ബാലചികിത്സയിലെ ഒരു സിദ്ധൌഷധിയാണ് തുമ്പ. ഈ അത്ഭുതസസ്യത്തിന് ദ്രോണി, മഹാദ്രോണി എന്നൊക്കെ ആചാര്യന്മാര്‍ പേര് നല്‍കിയത് വെറുതെയല്ല. രോഗങ്ങളാകുന്ന പുഴയില്‍ നിന്ന് കര കയറാനുള്ള തോണിയാണ് സത്യത്തില്‍ ഈ ഔഷധി. ഇത്രയും അറിഞ്ഞെങ്കിലും ആധുനികതയുടെ പേരില്‍ ഔഷധസസ്യങ്ങളെ വെട്ടിനിരത്താതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
ഇതൊക്കെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ആചാര്യവര്യന്മാര്‍ പറഞ്ഞു കെട്ടും മറ്റും കിട്ടിയ വെറും അറിവുകള്‍ ആണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന് മാത്രം ലക്‌ഷ്യം. ഏതു മരുന്നു കഴിക്കുന്നതും അനുഭവജ്ഞാനവും അറിവുമുള്ള വൈദ്യനോടു ചോദിച്ചു മാത്രമാകണം
കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു അത്ഭുത ഔഷധിയാണ് മുത്തിള്‍. ഈര്‍പ്പവും തണലും ഉള്ള പ്രദേശങ്ങളില്‍ ധാരാളമായി വളരുന്നു. കേരളത്തില്‍ കുടവന്‍, കുടങ്ങല്‍, സ്ഥലബ്രഹ്മി തുടങ്ങി പല പേരുകളിലാണ് മുത്തിള്‍ അറിയപ്പെടുന്നത്. സംസ്കൃതഭാഷയില്‍ മണ്ഡൂകപര്‍ണ്ണീ, മാണ്ഡൂകീ, സരസ്വതി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
ആയുര്‍വേദത്തിന്‍റെ പ്രമാണഗ്രന്ഥങ്ങളിലെല്ലാം ഈ ഔഷധിയുടെ മാഹാത്മ്യം വര്‍ണ്ണിക്കപ്പെടുന്നുണ്ട്.
മണ്ഡൂകപര്‍ണ്യാഃ സ്വരസഃ പ്രയോജ്യഃ ക്ഷീരേണ യഷ്ടീമധുകസ്യ ചൂര്‍ണ്ണം |
രസോ ഗുഡൂച്യാസ്തു സമൂലപുഷ്പ്യാഃ കല്‍കഃ പ്രയോജ്യഃ ഖലു ശംഖുപുഷ്പ്യാഃ||
ആയുഃ പ്രദാന്യാമയനാശനാനി ബലാഗ്നിവര്‍ണ്ണസ്വരവര്‍ദ്ധനാനി|
മേധ്യാനി ചൈതാനി രസായനാനി മേധ്യാ വിശേഷേണ ച ശംഖപുഷ്പീ||
(ഇതി മേധ്യാരസായനാനി) – എന്ന് ചരകസംഹിത.
മുത്തിളിന്‍റെ സ്വരസം മേധ്യാരസായനമാണ്. ഇത് ആയുസ്സിനെ നല്‍കുന്നതാണ്. ആമയനാശകമാണ്.ബലം, അഗ്നി, നിറം, സ്വരം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതാണ്. ബുദ്ധിയെ വളര്‍ത്തുന്നതാണ്. ചരകസംഹിതയിലെ ബ്രാഹ്മരസായനയോഗങ്ങളിലും മുത്തിള്‍ ഒരു പ്രധാന ചേരുവയാണ്.
ബ്രാഹ്മീ കപോതവംഗാ സ്യാത് സോമവല്ലീ സരസ്വതീ
മണ്ഡൂകപര്‍ണ്ണീ മാണ്ഡൂകീ ത്വാഷ്ട്രീ ദിവ്യാ മഹൌഷധീ
ബ്രാഹ്മീ ഹിമാ സരാ തിക്താ ലഘുര്‍മധ്യാ ച ശീതളാ
കഷായാ മധുരാ സ്വാദുപാകായുഷ്യാ രസായനീ
സ്വര്യാ സ്മൃതിപ്രദാ കുഷ്ഠപാണ്ഡുമേഹാസ്രകാസജിത്
വിഷശോഥജ്വരഹരീ തദ്വന്‍മണ്ഡൂകപര്‍ണ്ണിനീ
– ഇങ്ങനെ ഭാവപ്രകാശനിഘണ്ടു
ഇത് രസായനമാണ്. സ്വരത്തെ ശക്തമാക്കുന്നതാണ്. ഓര്‍മ്മയെ ശക്തിപ്പെടുത്തുന്നതാണ്. ത്വക്രോഗങ്ങള്‍, പാണ്ഡുത, പ്രമേഹം, ചുമ എന്നിവയെ ശമിപ്പിക്കുന്നതാണ്. വിഷഹരമാണ്. ശോഥഹരമാണ്.
“മുത്തിള്‍ നന്നായരച്ചിട്ടു പാലില്‍ ചേര്‍ത്തു ഭുജിക്കുകില്‍
ബുദ്ധി നന്നായ് തെളിഞ്ഞിടും, വിക്കലിന്നും ഗുണം വരും”
എന്ന് നാട്ടുവൈദ്യം.
രക്തപിത്തഹരാണ്യാഹുര്‍ഹൃദ്യാനി സുലഘൂനി ച
കുഷ്ഠമേഹജ്വരശ്വാസകാസാരുചിഹരാണി ച
കഷായാ തു ഹിതാ പിത്തേ സ്വാദുപാകരസാഹിമാ
ലഘ്വീ മണ്ഡൂകപര്‍ണ്ണീ തു തദ്വദ്ഗോജിഹ്വികാ മതാ.
എന്ന് സുശ്രുതസംഹിത.
മണ്ഡൂകപര്‍ണ്ണീ രക്തപിത്തത്തെ ശമിപ്പിക്കുന്നു.ഹൃദയത്തിന് ആരോഗ്യദായകമാണ്. ത്വക്-രോഗങ്ങള്‍,പ്രമേഹം, ജ്വരം, കാസശ്വാസങ്ങള്‍, അരുചി എന്നിവയില്‍ ഫലദായകമാണ്.
ഇങ്ങനെ മുത്തിളിന്‍റെ ഔഷധഗുണങ്ങള്‍ മറ്റനവധി ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കപ്പെടുന്നുണ്.
അഷ്ടാംഗഹൃദയത്തില്‍ വിവക്ഷിതമായ മണ്ഡൂകപര്‍ണ്ണ്യാദി രസായനം ബുദ്ധിവര്‍ദ്ധനവിന് ഏറ്റവുമധികം സഹായകമാണ്.
കേരളത്തിലെ യുവതലമുറയ്ക്ക് ഒരു പക്ഷെ ഇന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ഒരു മഹൌഷധിയാണ് മണ്ഡൂകപര്‍ണ്ണീ. കേരളമോഴിച്ചുള്ള മറ്റു ദേശങ്ങളില്‍ പലയിടങ്ങളിലും ഒരു ഇലക്കറിയായി മനുഷ്യര്‍ ഈ ചെടിയെ ഉപയോഗിക്കുന്നുണ്ട്. ഓര്‍ക്കുക – മേധയ്ക്കു രസായനമാണ് മണ്ഡൂകപര്‍ണ്ണീ. നശിപ്പിച്ചു കളയാതിരിക്കുക.
നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടി ഒരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമാണ് എന്നാണ് മിക്കവാറും ആളുകളുടെ ധാരണ. തൊട്ടാവാടി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് എന്നതാണ് വാസ്തവം. സംസ്കൃതഭാഷയിലെ പേരുകളായ ലജ്ജാലു, സ്പര്‍ശലജ്ജാ, സ്പര്‍ശസങ്കോചാ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്നാണ് തൊട്ടാവാടി എന്ന പേര് ഉണ്ടായത് എന്ന് ആചാര്യന്‍മാര്‍ അഭിപ്രായപ്പെടുന്നു. ശോഫം (നീര്), ശ്വാസവൈഷമ്യങ്ങള്‍, ആസ്ത്മാ, കഫം, തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി മൂലമുള്ള ചൊറിച്ചിലും തദ്സംബന്ധിയായ ത്വക്-രോഗങ്ങളും, പ്രമേഹം, രക്തപിത്തം, കൃമിരോഗങ്ങള്‍ തുടങ്ങി ഒട്ടേറെ രോഗങ്ങളില്‍ അതീവഫലദായിയായ ഔഷധിയാണ് തൊട്ടാവാടി. രക്തശുദ്ധിയ്ക്കും നല്ലതാണ്. രണ്ടു തരം തൊട്ടാവാടികള്‍ ഉണ്ട് – രണ്ടും സമാന ഔഷധഗുണമുള്ളവയാണ്.
കേരളീയമായ നാട്ടുവൈദ്യത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ല തൊട്ടാവാടിയുടെ മഹിമ. അനവധി ആയുര്‍വേദഗ്രന്ഥങ്ങള്‍ തൊട്ടാവാടിയുടെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നുണ്ട്.
ലജ്ജാലുഃ സ്യാച്ഛമീപത്രാ സമംഗാ ജലകാരികാ.
രക്തപാദീ നമസ്കാരീ നാമ്നാ ഖദിരികേത്യപി.
ലജ്ജാലുഃ ശീതളാ തിക്താ കഷായാ കഫപിത്തജിത്.
രക്തപിത്തമതീസാരം യോനിരോഗാന്‍ വിനാശയേത്.
എന്ന് ഭാവപ്രകാശനിഘണ്ടു.
രക്തപാദീ കടുഃ ശീതാ പിത്താതീസാരനാശനീ.
ശോഫദാഹശ്രമശ്വാസവ്രണകുഷ്ഠകഫാസ്രനുത്.
എന്ന് രാജനിഘണ്ടു.
ഇനി തൊട്ടാവാടി കൊണ്ടുള്ള പരീക്ഷിച്ചുറപ്പിച്ച ചില ഔഷധപ്രയോഗങ്ങള്‍ :
ഗ്രന്ഥങ്ങളില്‍ നിന്ന് പഠിച്ച, പ്രയോഗഗുണം ഇനിയും നേരിട്ടറിയാത്ത ചില ഔഷധപ്രയോഗങ്ങള്‍:
ഇന്ന് തൊട്ടാവാടി തിരഞ്ഞാല്‍ കിട്ടാന്‍ അല്‍പ്പം പ്രയാസമാണ്. ദേശീയതൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി പുല്ല് വെട്ടിത്തെളിക്കുമ്പോള്‍ കളസസ്യങ്ങള്‍ക്കും കറുകയും തൊട്ടാവാടിയും മുയല്‍ച്ചെവിയനുമെല്ലാം ഒരേ ഗതി! പുറമ്പോക്കില്‍പ്പോലും കിട്ടാന്‍ പ്രയാസമാണ് ചിലപ്പോള്‍. ഇതു വായിക്കുന്നവരോട് ഒരു അപേക്ഷ. നട്ടു വളര്‍ത്തേണ്ട. വെട്ടിപ്പറിച്ചു കളയരുത്. പ്രകൃതിയുടെ വരദാനമാണ് ഔഷധസസ്യങ്ങള്‍.
“ഹരസ്യ ഭവനേ ജാതാ ഹരിതാ ച സ്വഭാവതഃ
ഹരേത്തു സര്‍വ്വരോഗാംശ്ച തേന പ്രോക്താ ഹരീതകി”
ഹരന്‍റെ (ശിവന്‍റെ) ഗൃഹത്തില്‍ ജനിക്കുകയും (ഉണ്ടാകുകയും) സ്വഭാവേന ഹരിതവര്‍ണ്ണത്തോടു കൂടിയതായിരിക്കുകയും സര്‍വ്വരോഗങ്ങളെയും ഹരിക്കുകയും (ശമിപ്പിക്കുകയും) ചെയ്കയാല്‍ ഹരീതകി എന്ന പേര് ഉണ്ടായി എന്ന് മദനപാലനിഘണ്ടു. ഹരീതകി, പഥ്യ, അഭയഃ, രോഹിണി, ജീവപ്രിയ, ചേതകി – കടുക്ക പല പേരുകളില്‍ അറിയപ്പെടുന്നു. സര്‍വ്വരോഗസംഹാരിയായ കടുക്ക ഒട്ടനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.
ത്രിഫല എന്നാല്‍ കടുക്ക, നെല്ലിക്ക, താന്നിക്ക ഇവയുടെ യോഗം ആണ്. മൂന്നും തുല്യമായി പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല ആയി. ത്രിഫലയുടെ ഗുണങ്ങള്‍ അനവധിയാണ്.
“ ഏകാ ഹരീതകീ യോജ്യാ ദ്വൌച യോജ്യൌ വിഭീതകൌ | ചത്വാര്യാമാലകാന്യേവ ത്രിഫലേയം പ്രകീര്‍ത്തിതാ || ത്രിഫലാശോഫമേഹഘ്നീ നാശയേദ്വിഷമജ്വരാന്‍ | ദീപനീശ്ലേഷ്മ പിത്തഘ്നീ കുഷ്ഠ: ശ്രീരസായനീ|| സര്‍പ്പീര്‍ മധുഭ്യാം സംയുക്താസൈവനേത്രാമയാഞ്ജയേത്||”
ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക – മൂന്നും കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല എന്ന് വേറൊരു യോഗം. ത്രിഫല തേനും നെയ്യും അസമയോഗത്തില്‍ (ഒരു സ്പൂണ്‍ നെയ്യും രണ്ടു സ്പൂണ്‍ തേനും) ചേര്‍ത്തു ശീലിക്കുന്നത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്ന ഉത്തമഔഷധമാണ്. ഈ യോഗം ശോഫം (നീര്), പ്രമേഹം, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം ഇവയെ ശമിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കാന്‍ ത്രിഫല അതീവഫലപ്രദം. ത്രിഫല ജരാനരകളെ ശമിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തുന്ന രസായനമാണ്.
കടുക്ക വിരേചനീയമാണ്. കടുക്കാത്തോടു പൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി സേവിച്ചാല്‍ വിരേചനം ഉണ്ടാകും.
തൊണ്ടരോഗങ്ങളില്‍ കടുക്കാപ്പൊടി തേന്‍ ചേര്‍ത്തു പതിവായി കഴിക്കുന്നത് നല്ലതാണ്.
ദഹനക്കുറവുള്ളവര്‍ ആഹാരത്തിനു മുമ്പ് കടുക്കാപ്പൊടി ഇരട്ടി ശര്‍ക്കര ചേര്‍ത്തു പതിവായി സേവിക്കുന്നതു നല്ലതാണ്.
കടുക്കയും തിപ്പലിയും കൂടി പൊടിച്ചു ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ അതിസാരം ശമിക്കും.
കടുക്കത്തോട്, വെളുത്തുള്ളി, ചുട്ടു തോടു കളഞ്ഞ കഴഞ്ചിക്കുരു എന്നിവ ആവണക്കെണ്ണ ചേര്‍ത്തു കഴിച്ചാല്‍ വൃഷണവീക്കം ശമിക്കും. കടുക്കത്തോട് ഗോമൂത്രത്തില്‍ വേവിച്ച് ഉണക്കി പൊടിച്ച് ആവണക്കെണ്ണയില്‍ കലക്കി നിത്യം പ്രഭാതത്തില്‍ സേവിക്കുന്നതും വൃഷണവീക്കം മാറാന്‍ നല്ലതാണ്.
കടുക്കയുടെ തോട് ഒരു രാത്രി മുഴുവന്‍ ഗോമൂത്രത്തിലിട്ടുവെച്ചു രാവിലെയെടുത്തു അരച്ചു കഴിക്കുന്നത് ദുര്‍മ്മേദസ് (അതിസ്ഥൌല്യം), അര്‍ശസ്, മഹോദരം എന്നിവയിലൊക്കെ ഫലപ്രദമാണ്.
കടുക്കയും ഗോമൂത്രവും ചേര്‍ന്ന ഗോമൂത്രഹരീതകി വൃക്കരോഗങ്ങളില്‍ അതീവഫലപ്രദമാണ്.
“പഥ്യാ ശതദ്വയാന്മൂത്ര ദ്രോണേനാമൂത്ര സംക്ഷയാത് | പക്വാത് ഖാദേത് സമധൂനീ ദ്വേദോഹന്തി കഫോത്ഭവാന്‍ | ദുര്‍ന്നാമ കുഷ്ഠാശ്വയഥു ഗുല്‍മമേദോഹരകൃമീന്‍ | ഗ്രന്ഥ്യര്‍ബുദാ പചീസ്ഥൌല്യ പാണ്ഡുരോഗാഢ്യ മാരുതാന്‍ ||” – എന്ന് അഷ്ടാംഗഹൃദയം. പതിനാറ് ഇടങ്ങഴി അരിച്ചെടുത്ത ഗോമൂത്രത്തില്‍ ഇരുനൂറു കടുക്ക ഗോമൂത്രം മുഴുവനും വറ്റും വരെ പചിച്ച്, എടുത്ത കടുക്ക കുരു കളഞ്ഞു രണ്ടു വീതം തേന്‍ ചേര്‍ത്തു കഴിക്കാം. ഒരു കടുക്കയ്ക്ക് ഒന്നേകാല്‍ തുടം ഗോമൂത്രം എന്ന് ചില വൈദ്യന്മാര്‍. കൃത്യമായ പഥ്യത്തോടെ, നിപുണനായ വൈദ്യന്‍റെ മേല്‍നോട്ടത്തില്‍ ഈ ഔഷധം സേവിച്ചാല്‍ വൃക്കരോഗങ്ങളില്‍ നിന്നു മുക്തി ഉറപ്പെന്നു വിദഗ്ധര്‍.
മൂത്രത്തിന്‍റെ പേരില്‍ ഇന്ന് വളരെയേറെ ആശയസംഘട്ടനങ്ങള്‍ നടക്കുന്നുണ്ട്. പുരോഗതിയുടെ പാതയില്‍ ഗോമൂത്രം ആധുനികന് അറപ്പുണ്ടാക്കുന്ന ഒരു സാധനമാണ് എന്ന് അറിയാം. പഴയ വൈദ്യന്മാരുടെ അഭിപ്രായത്തില്‍ ഗോമൂത്രം വളരെയേറെ ഗുണങ്ങള്‍ ഉള്ള ഔഷധമാണ്. വൃക്കരോഗങ്ങളിലും, ഉദരരോഗങ്ങളിലും ഒക്കെ ഗോമൂത്രം അതീവഫലപ്രദമാണ്.
“ഗോമൂത്ര ക്വഥിത വിലീനവിഗ്രഹാണാം | പഥ്യാനാം ജലമിസി കുഷ്ഠഭാവിതാനാം | അത്താരം നരമണപോപി വക്ത്രരോഗാ | ശ്രോതാരം നൃപമിവനസ്പൃശന്ത്യനര്‍ഥാഃ ||” – കടുക്ക ഗോമൂത്രത്തില്‍ കഷായം വെച്ച്, കടുക്ക അലിഞ്ഞു ചേര്‍ന്നാല്‍ ഇരുവേലി, ശതകുപ്പ, കൊട്ടം ഇവ കൊണ്ടു ഭാവന ചെയ്തെടുത്തു വിധിയനുസരിച്ചു കഴിച്ചാല്‍ മുഖരോഗങ്ങളും, മറ്റു പല രോഗങ്ങളും ശമിക്കും. അതികഠിനമായ രക്തവാതം, അര്‍ബുദം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയില്‍ ഈ യോഗം ഫലപ്രദമത്രേ.
കടുക്ക എല്ലാവര്‍ക്കും എല്ലായ്പ്പോഴും നല്ലതല്ല. ഗര്‍ഭിണികള്‍, ഉപവസിക്കുന്നവര്‍, പിത്തകോപമുള്ളവര്‍, ക്ഷീണിതര്‍ തുടങ്ങിയവരൊന്നും കടുക്ക ഉപയോഗിക്കരുത്.
“മമസത്യപ്രതിജ്ഞേയം യൂയം ശൃണുത പണ്ഡിതാഃ | പത്ഥ്യായാഃ സദൃശം കിഞ്ചില്‍ കുത്രചിന്നൈവ വിദ്യതേ ||” – പ്രഭാവം കൊണ്ടു കടുക്കയ്ക്കു സമം മറ്റൊരു ഔഷധവുമില്ലയെന്നു വൈദ്യമനോരമ. കടുക്ക എല്ലാറ്റിലും ശേഷ്ഠമെന്നു സാരം.
<<ഇതൊക്കെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ആചാര്യവര്യന്മാര്‍ പറഞ്ഞു കെട്ടും മറ്റും കിട്ടിയ വെറും അറിവുകള്‍ ആണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന് മാത്രം ലക്‌ഷ്യം. ഏതു മരുന്നു കഴിക്കുന്നതും അനുഭവജ്ഞാനവും അറിവുമുള്ള വൈദ്യനോടു ചോദിച്ചു മാത്രമാകണം
തൃണവര്‍ഗ്ഗത്തില്‍പ്പെടുന്ന ഒരു സസ്യമാണെങ്കിലും നക്ഷത്രവൃക്ഷങ്ങളുടെ ഗണത്തില്‍പ്പെടുത്തി ഒരു വൃക്ഷമായാണ് ആയുര്‍വേദം മുളയെക്കാണുന്നത്. നാട്ടില്‍ പൊതുവേ എല്ലാ ദേശങ്ങളിലും മുള വളരാറുണ്ട്. ചില മുളകളില്‍ ഒരു ദ്രാവകം നിറഞ്ഞ് അത് ക്രമേണ ഖരരൂപത്തിലാകും. അതിനു മുളങ്കര്‍പ്പൂരം എന്നു പേര്‍. വംശരോചനം, മുളവെണ്ണ, മുളനൂറ്, വംശി, തവക്ഷീരി അങ്ങനെ പല പേരുകളില്‍ മുളങ്കര്‍പ്പൂരം ദേശഭേദമനുസരിച്ച് അറിയപ്പെടുന്നു. മുളങ്കര്‍പ്പൂരം മധുരവും, ശീതളവും മൂത്രളവുമാണ്. പിത്തഘ്നവും കഫഘ്നവുമാണ്. ഛര്‍ദ്ദി, വയറിളക്കം, ചുട്ടുനീറ്റം, കുഷ്ഠം, മഞ്ഞപ്പിത്തം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസ്രുതി, ശ്വാസവൈഷമ്യം, ചുമ, ആസ്ത്മ, ക്ഷയം, വയറുവേദന, സിഫിലിസ്, ജ്വരം, നേത്രരോഗങ്ങള്‍, ക്ഷീണം തുടങ്ങി ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളില്‍ മുളങ്കര്‍പ്പൂരം ഉപയുക്തമാണ്.
വീട്ടില്‍ ഒരല്‍പ്പം മുളങ്കര്‍പ്പൂരം ഉണ്ടെങ്കില്‍ എന്തൊക്കെ രോഗങ്ങളെ ശമിപ്പിക്കാം എന്ന് ഒരു ഏകദേശരൂപം കിട്ടാന്‍ ഇതു മതി. കൃതഹസ്തന്‍മാരായ വൈദ്യശ്രേഷ്ഠന്മാര്‍ അനുപാനവ്യതിയാനം കൊണ്ട് ഒട്ടനേകം രോഗങ്ങളെ ശമിപ്പിക്കുന്നതിന് മുളങ്കര്‍പ്പൂരം അനേകം രഹസ്യമുറകളില്‍ ഉപയോഗിക്കാറുണ്ട്. മേല്‍പ്പറഞ്ഞതൊക്കെ അതിനുള്ള ഉദാഹരണങ്ങള്‍ മാത്രം.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മുളങ്കര്‍പ്പൂരം വിശ്വാസ്യത ഉള്ള ഇടത്തുനിന്നു മാത്രം വാങ്ങണം. അങ്ങാടിക്കടകളില്‍ക്കിട്ടുന്ന മുളങ്കര്‍പ്പൂരം ശരിക്കും മുളങ്കര്‍പ്പൂരം തന്നെയോ എന്ന് ഉറപ്പു പറയാന്‍ പറ്റില്ല.
ഭാരതീയവിശ്വാസമനുസരിച്ച് നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്. പ്രാചീനഭാരതീയവിശ്വാസപ്രകാരം നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല.
നെല്ലിമരത്തിന്‍റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. നെല്ലിക്കായോടൊപ്പം കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല, നെല്ലിക്കാ ധാരാളമായി ചേരുന്ന ച്യവനപ്രാശം എന്നിവ ഇവയില്‍ പ്രസിദ്ധം.
നെല്ലിക്കായുടെ ഗുണങ്ങള്‍ അനവധി ആണ്. നെല്ലിക്കാ രസായനമാണ്, പാചനമാണ്, വിരേചനമാണ്, മൂത്രളമാണ്, വൃഷ്യമാണ്, ത്രിദോഷഹരമാണ്, കൃമിനാശകമാണ്, കഫനാശകമാണ്. പ്രമേഹം, ചുമ, ആസ്ത്മ, നേത്രരോഗങ്ങള്‍, ശൂല, കുടല്‍വ്രണങ്ങള്‍, അമ്ലപിത്തം, ത്വക്-രോഗങ്ങള്‍, പാണ്ഡുത, യകൃത്-രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പനി, കാമല, വയറിളക്കം, വയറുകടി, അകാലനര, പ്രദരം, കുഷ്ഠം, രക്തപിത്തം തുടങ്ങിയ രോഗങ്ങളിലെല്ലാം ഉത്തമമാണ്.
നെല്ലിയുടെ ഔഷധഗുണങ്ങള്‍ ഇവിടെ തീരുന്നില്ല. നെല്ലിക്കായുടെ ചില ഉപയോഗങ്ങള്‍ മാത്രമാണ് മേല്‍പ്പറഞ്ഞിരിക്കുന്നത്. ഇലയും മരത്തൊലിയും വേരുമെല്ലാം കായ പോലെ തന്നെ പ്രയോജനമുള്ളതാണ്. ഈ പോസ്റ്റ് Share ചെയ്യുന്നത് നല്ലതുതന്നെ. ഇതൊന്നും അറിയാത്ത കുറേപ്പേര്‍ ഇതൊക്കെ അറിയും. അതിലും പ്രധാനം ഈ വൃക്ഷം നട്ടു പരിപാലിച്ചു വളര്‍ത്തുക എന്നതിനാണ്. തലമുറകള്‍ക്കു ആരോഗ്യദായിയാകാന്‍ ഒരു മരം നട്ടുവളര്‍ത്താം നമുക്ക്.
ഒരു ബ്ലേഡ് കഷണത്തെപ്പോലും അലിയിച്ചുകളയാന്‍ ശക്തിയുള്ള മനുഷ്യദഹനരസത്തില്‍ ജീവിച്ച് ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കുന്ന ബാക്ടീരിയ വര്‍ഗ്ഗത്തില്‍പ്പെട്ട കൃമി ആണ് ഹെലികോബാക്ടര്‍ പൈലോറി അഥവാ എച്ച്.പൈലോറി. അള്‍സറില്‍ തുടങ്ങുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും ചെന്നെത്തുന്നത് കാന്‍സര്‍ പോലെയുള്ള രോഗങ്ങളിലാകും.
കൂവളത്തിന്‍റെ പിഞ്ചുകായയുടെ മജ്ജ പഞ്ചസാര കൂട്ടിക്കഴിക്കുന്നത് എച്ച്.പൈലോറി അനുബാധയില്‍ ഫലപ്രദമാണ്.
ആമാശയത്തില്‍ ഉണ്ടാകുന്ന അള്‍സര്‍ എങ്ങനെയുള്ളതുമാകട്ടെ, ശമിപ്പിക്കാന്‍ ശക്തിയുള്ള ഒരു ഔഷധമാണ് കൂവളത്തിന്‍റെ പിഞ്ചുകായ. അപകടകാരിയായ എച്ച്. പൈലോറി കൃമിയ്ക്ക് എതിരെയും കൂവളത്തിന്‍റെ പിഞ്ചുകായ ഫലപ്രദമാണ്. കൂവളത്തിന്‍റെ പിഞ്ചുകായ പൊട്ടിച്ച് അതിനുള്ളിലെ മജ്ജ (ജെല്ലി പോലെയുള്ള ഭാഗം) എടുത്ത് പഞ്ചസാര ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ ആമാശയത്തിലെ അള്‍സര്‍ മാത്രമല്ല ചെറുകുടല്‍, വന്‍കുടല്‍ തുടങ്ങി ദഹനേന്ദ്രിയവ്യൂഹത്തിലെ മറ്റ് അവയവങ്ങളില്‍ ഉണ്ടാകുന്ന അള്‍സര്‍, മറ്റു കുരുക്കള്‍ എല്ലാം ശമിക്കും.
ത്വക്-രോഗങ്ങള്‍ക്ക് ഉങ്ങ്
കേരളത്തില്‍ അങ്ങോളമിങ്ങോളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഉങ്ങ്. ഉങ്ങ്, പുങ്ക്, പുങ്ങ്, പൊങ്ങ് തുടങ്ങി പല ദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. സാമൂഹ്യവനവല്‍ക്കരണത്തിന്‍റെ ഭാഗമായി ഈ മരം മിക്കവാറും റോഡുകളുടെ വശങ്ങളില്‍ തണല്‍മരങ്ങളായി വെച്ചു പിടിപ്പിച്ചിട്ടുണ്ട് പല സ്ഥലങ്ങളിലും. ഒട്ടനവധി രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ് ഉങ്ങ്. ഇലയും, വേരും, തൊലിയും, കുരുവും, കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണയും ഒക്കെ ഔഷധങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉങ്ങ് ത്വക്-രോഗങ്ങളിലും വ്രണങ്ങളിലും അതീവഫലപ്രദമായ ഒരു ഔഷധമാണ്. രക്തശുദ്ധി ഉണ്ടാകാനും, തൊലിയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ മാറാനും ഉങ്ങ് നല്ലതാണ്.
ഔഷധമായി ഉപയോഗിക്കുന്നതോടോപ്പം ഉങ്ങിന് മറ്റു പല വ്യാവസായിക പ്രയോജനങ്ങളും ഉണ്ട്. കര്‍ണ്ണാടകയില്‍ ഗ്രാമീണര്‍ ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണ വിളക്കു കത്തിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഉങ്ങിന്‍റെ എണ്ണ ബയോഡീസല്‍ ആയി പല രംഗത്തും ഉപയോഗിക്കപ്പെടുന്നു. ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എണ്ണ എടുത്ത ശേഷമുള്ള പിണ്ണാക്ക് ബയോ-ഗ്യാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
മരങ്ങള്‍ വെച്ചു പിടിപ്പിക്കുക. പ്രതേകിച്ച് ഒരു ഗുണവും തരാത്ത, എന്നാല്‍ “പണി” തരുന്ന വിദേശവൃക്ഷങ്ങള്‍ മുറിച്ചു കളഞ്ഞ് നാടിന്‍റെ സ്വന്തം ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കാം നമുക്ക്. ഇനി മരങ്ങള്‍ വെയ്ക്കുമ്പോള്‍ ഉങ്ങിനും ഒരല്‍പം ഇടം കൊടുക്കാം. ത്വക്-രോഗങ്ങള്‍ അലട്ടുമ്പോള്‍ Steroid കലര്‍ന്ന രാസക്രീമുകളുടെ സഹായം തേടാതെ രോഗമുക്തി തരാന്‍ ഈ സസ്യദേവത നമ്മെ സഹായിക്കും.
നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാം പൊതുവേ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കൂവളം. ശിവപൂജയിലെ ഒരു അനിവാര്യദ്രവ്യമാണ് കൂവളത്തിന്‍റെ ഇല. ചിത്തിര നക്ഷത്രജാതരുടെ നക്ഷത്രവൃക്ഷമാകയാല്‍ ഇന്ന് പലരും പല വീടുകളിലും ആ പേരില്‍ കൂവളം വെച്ചുപിടിപ്പിക്കുന്നുമുണ്ട്. കൂവളത്തിന്‍റെ ഇലയും, വേരും, തൊലിയും അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ അനിവാര്യഘടകങ്ങളാണ്.
പൊതുവേ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഒരു ഫലമായാണ് കൂവളത്തിന്‍റെ കായ കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ എവിടെയൊക്കെ കൂവളമുണ്ടോ അവിടെയൊക്കെ തറയില്‍ കായകള്‍ ചിതറിക്കിടക്കുന്നത് കാണാം. ആരും പൊതുവേ പ്രത്യേകിച്ച് ഒരു വിലയും കല്‍പ്പിക്കാത്ത ഈ കായ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്.
കൂവളത്തിന്‍റെ കായ പച്ചയോ, പഴുത്തതോ സംഘടിപ്പിച്ച് പൊട്ടിച്ച് അതിന്‍റെ ഉള്ളിലെ കാമ്പ് (കഴമ്പ്) എടുത്ത് വെയിലില്‍ ഉണക്കി പൊടിച്ചു വെച്ച് കഴിച്ചാല്‍ പനികള്‍ മാറും, ഉദരസംബന്ധമായ ഒട്ടുമിക്ക അസുഖങ്ങളും പോകും, ഉദരരോഗങ്ങളോടൊപ്പം വരുന്ന പനിയും മാറും, വേറെ പ്രത്യേകിച്ച് ഒരു മരുന്നും വേണ്ട. കൂവളത്തിന്‍റെ കായ പൊട്ടിക്കുമ്പോള്‍ കാറ്റടിയേല്‍ക്കാതെ സൂക്ഷിക്കണം. കാറ്റു കൊണ്ടാല്‍ ഉള്ളിലെ മജ്ജയുടെ നിറം പെട്ടന്നു കറുപ്പാകും. കറുപ്പുനിറം വന്നാല്‍ കയ്പ്പു കൂടും. പിന്നെ കഴിക്കാന്‍ പറ്റില്ല. വീട്ടില്‍ ഒരു ഗ്രെയിന്‍ സ്പൂണ്‍ വാങ്ങി വെയ്ക്കുക. പനി വരുമ്പോള്‍ ഒരഞ്ചു ഗ്രെയിന്‍ പൊടി കൊടുക്കുക. പനി പോകും. എല്ലാ ഉദരസംബന്ധമായ രോഗങ്ങളും പോകും.
ഇന്ന് നാം ഗ്യാസ്ട്രോയുടെ ആളുകളെ കാണുന്ന ഏതാണ്ട് 80% രോഗങ്ങളും കൂവളത്തിന്‍റെ കായയുടെ മജ്ജ കൊണ്ടു മാറും. Gastrointestinal tract-ല്‍ വരുന്ന ഏതാണ്ട് ഒട്ടുമിക്ക രോഗങ്ങളും കൂവളത്തിന്‍റെ കായയുടെ മജ്ജ കൊണ്ടു പോകും. മേല്‍പ്പറഞ്ഞ പൊടി കഷ്ടിച്ച് ഒരു ടീസ്പൂണ്‍ എടുത്ത് വെറുതെയോ, പഞ്ചസാര ചേര്‍ത്തോ, വെള്ളത്തിലോ പാലിലോ മോരിലോ കലക്കിയോ കഴിക്കാം. വയറ്റില്‍ വരുന്ന കുരുക്കള്‍, കുടലില്‍ വരുന്ന അള്‍സറേറ്റീവ് കൊളയിറ്റിസ്, ക്രോണ്‍സ് രോഗം, അതിസാരം, ഉദരകൃമികള്‍, വയറിളക്കം, ഗ്രഹണി തുടങ്ങിയവയിലെല്ലാം അതീവഫലപ്രദമാണ് ഈ ഔഷധം. കൂവളത്തിന്‍റെ കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്ത് അപ്പാടെ കഴിച്ചാലും മേല്‍പ്പറഞ്ഞ എല്ലാ രോഗങ്ങളും ശമിക്കും.
ഒരു ആഹാരമായി ദിവസം 250 ഗ്രാം മുതല്‍ 500 ഗ്രാം വരെ പഴുത്ത മജ്ജ മുടങ്ങാതെ ഒരാഴ്ച കഴിച്ചാല്‍ കൊക്കപ്പുഴു പോലെയുള്ള സകല ഉദരകൃമികളും ചത്ത് മലത്തോടോപ്പം പുറത്തു പോകും. പ്രത്യേകിച്ച് ഒരു മരുന്നും കഴിക്കേണ്ട ആവശ്യമില്ല.
കൂവളത്തിന്‍റെ പച്ചക്കായയുടെ മജ്ജ ദിവസേന കഴിച്ചാല്‍ രക്താര്‍ശസ് (ചോര പോകുന്ന പൈല്‍സ്) പൂര്‍ണ്ണ നിയന്ത്രണത്തിലാകും.
പഴയ ആളുകള്‍ പഴുത്ത കൂവളക്കായയുടെ മജ്ജ മോരിലടിച്ചു കുടിക്കുമായിരുന്നു. മോരിലടിച്ച് ആ മോര് കാച്ചി കറിയാക്കി കഴിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഉദരരോഗങ്ങളെല്ലാം മാറുകയും ചെയ്യുമായിരുന്നു. വടക്കേയിന്ത്യക്കാര്‍ ഇന്നും പഴുത്ത കൂവളക്കായയുടെ മജ്ജ ലസ്സി ഉണ്ടാക്കി കഴിക്കാറുണ്ട്. കൂവളക്കായയുടെ പഴുത്ത മജ്ജ കൊണ്ട് “മുറബ്ബ” ഉണ്ടാക്കി കഴിക്കാറുമുണ്ട്. മുറബ്ബ ഒരു മധുരവിഭവമാണ്. ഇതെല്ലാം ഉദരരോഗങ്ങളില്‍ നിന്ന് അനായാസമുക്തി തരുന്നവയാണ്.
ഇനി എവിടെയെങ്കിലും കൂവളത്തിന്‍റെ കായ കണ്ടാല്‍ കളയാതെ എടുത്തുവെച്ച് മജ്ജ ചൂര്‍ണ്ണമാക്കി സൂക്ഷിക്കുക. ആര്‍ക്കെങ്കിലും പ്രയോജനപ്പെടും. സാദ്ധ്യമെങ്കില്‍ ഈ ദിവ്യവൃക്ഷം സ്വന്തം വീട്ടിലും, പൊതുസ്ഥലങ്ങളിലും വെച്ചുപിടിപ്പിക്കുക. വരുംതലമുറകള്‍ക്ക് ആരോഗ്യമുണ്ടാകും.
മസ്തിഷ്കസംബന്ധിയായ അനവധി രോഗങ്ങളില്‍ ആട്ടിന്‍തലസൂപ്പ് അത്യുത്തമമാണ്. മസ്തിഷ്കത്തെ ബാധിക്കുന്ന അപസ്മാരത്തില്‍ അതീവ ഫലപ്രദം.
ഉണ്ടാക്കുന്ന വിധം:
അരിയാറ്, ജീരകം മൂന്ന്, ദശമൂലം, ആടലോടകവേര്, കൊടിത്തൂവവേര്, പുഷ്കരമൂലം, നന്നാറിക്കിഴങ്ങ്, കരിമ്പനക്കൂമ്പ്, തഴുതാമവേര്, പുത്തരിച്ചുണ്ടവേര്, കൊടുവേലിക്കിഴങ്ങ്, വരട്ടുമഞ്ഞള്‍, കാട്ടുതിപ്പലിവേര്, ചീനത്തിപ്പലി, ഇലവംഗത്തൊലി, പച്ചില, നാഗപ്പൂവ്, മുന്തിരിങ്ങ, ഇരട്ടിമധുരം, ചുക്ക്, കുരുമുളക് ഇവ 6 ഗ്രാം വീതം (ആകെ 37 മരുന്നുകള്‍ – 6 ഗ്രാം വീതം – 222 ഗ്രാം മരുന്ന് ഒരു ആട്ടിന്‍ തലയ്ക്ക് എന്ന കണക്കില്‍) കഴുകി ഇടിച്ചു ചതച്ച്, പല്ല്, തൊലി, നാക്ക്, കൊമ്പ്, എന്നിവ മാത്രം കളഞ്ഞ് തലച്ചോറ് കളയാതെ കൊത്തിനുറുക്കിയ കറുപ്പ് മാത്രം നിറമുള്ള ആണ്‍ ആടിന്‍റെ തലയുടെ മാംസവും ചേര്‍ത്തു തിരുമ്മി 6 ഇടങ്ങഴി വെള്ളത്തില്‍ തിളപ്പിച്ച് 6 നാഴിയാക്കി വറ്റിച്ച്, അതില്‍ നിന്ന് നാഴി കഷായവും ആറിലൊരു ഭാഗം ചണ്ടിയും എടുത്തു പ്രത്യേകമായി തിളപ്പിച്ചു 90 മില്ലിയാക്കി കുറുക്കി അരിച്ചെടുത്ത് 45 മില്ലി തേനും ഒരു രൂപാത്തൂക്കം (10 ഗ്രാം) കല്‍ക്കണ്ടവും മേമ്പൊടി ചേര്‍ത്ത് രാവിലെ കഴിക്കുക. ഇപ്രകാരം വൈകുന്നേരവും സേവിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
കടപ്പാട്-https:urmponline.wordpress.com
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍