ഗുദ സംബന്ധമായി ഉണ്ടാകുന്ന രോഗങ്ങള്‍ മുന്‍പത്തേക്കാള്‍ കൂടിവരികയാണിന്ന്. മനുഷ്യന്‍റെ മാറിവരുന്ന ജീവിതശൈലി, ആഹാരം, ചിട്ടയില്ലാത്ത ജീവിതം, എന്നിവ അവനെ ഇന്ന് അനേകം രോഗങ്ങളില്‍ കൊണ്ടെത്തിക്കുന്നു. സ്വസ്ഥമായി ടോയിലറ്റില്‍ അല്‍പ സമയം ചിലവഴിക്കാനില്ലാത്തവരാണ് പലരും എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ഗുദരോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാവര്‍ക്കും അറിയുന്ന ഒന്നുമാണ് അര്‍ശസ്. പൈല്‍സ്, മൂലക്കുരു എന്നീപേരുകളിലും ഇത് അറിയപ്പെടുന്നു. ഇനിയുള്ളവ ഫിഷര്‍, ഫിസ്റ്റുല, എന്നിവയാണ്.
ഇവയ്ക്കെല്ലാം പുറമെ ഇന്ന് നല്ലൊരു ശതമാനം ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലബന്ധമാണ് മുകളില്‍ പറഞ്ഞ രോഗങ്ങളിലേക്കെല്ലാം നമ്മെ എത്തിക്കുന്നത് എന്നതൊരു സത്യമാണ്. മലബന്ധം പലരും അവഗണിക്കുന്നതാണ് പിന്നീട് സര്‍ജറി വരെ വേണ്ടിവരുന്ന അവസ്ഥകളിലേക്ക് എത്തിക്കുന്നത്.
പ്രധാനമായും ആഹാരത്തെയാണ് മലബന്ധത്തിന്‍റെ കാരണക്കാരനായി കണക്കാക്കാവുന്നത്. മലത്തിന്‍റെ സ്വഭാവം അത് കട്ടിയുള്ളതോ അയഞ്ഞതോ ആകുക എന്നത് കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചാണ്. നാരുകളില്ലാത്ത ആഹാരമാണ് മലം കട്ടിയുള്ളതാകാനൊരു കാരണം. ദഹിച്ച ആഹാരം വന്‍കുടലിലൂടെ കടന്ന് മലദ്വാരത്തിലെത്താന്‍ അധികം സമയമെടുക്കുന്നത് മലബന്ധത്തിന് ഒരു കാരണമാണ്. മലാശയത്തില്‍ അധിക സമയം പുറന്തള്ളപ്പെടാതെ കിടക്കുന്നതും മലത്തിലെ ജലാംശം വലിച്ചെടുക്കപ്പെട്ട് മലം കട്ടിയുള്ളതാകാന്‍ കാരണമാകുന്നു. ഇത് വേദനയോടും പ്രയാസപ്പെട്ടുമുള്ള മലവിസര്‍ജ്ജനത്തിനു കാരണമാകുന്നു.
ജീവിതശൈലിയിലെ ചിട്ടയില്ലായ്മ. ഉറക്കത്തിന് മല ശോധനത്തെ ഒരു പരിധിവരെ സ്വാധീനിക്കാന്‍ കഴിയും. പുതുതലമുറയിലെ നല്ലൊരു ശതമാനം പേരും രാത്രി വളരെ വൈകി ഉറങ്ങുന്നവരാണ്. അതിനാല്‍ സ്വാഭാവികമായും ഉണരാനും വൈകും. വൈകി ഉണരുന്നത് മലബന്ധത്തിന് കാരണമാകുന്നു. വൈകി ഉണര്‍ന്ന് ടോയ്ലറ്റില്‍ ഒന്ന് ഇരുന്നു എന്നു വരുത്തി ഓഫീസിലേക്ക് ഓടുന്നവരും കുറവല്ല കേരളത്തില്‍. മല ശോധനക്കുള്ള തോന്നലിനെ വകവയ്ക്കാതിരിക്കുന്നതും മലബന്ധമുണ്ടാക്കുന്നു. മറ്റൊരു കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ്. പലരും തങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്ന സത്യം മനസിലാക്കുന്നില്ല. വ്യായാമമില്ലായ്മയും മലബന്ധത്തിനു കാരണമാകുന്നുണ്ട്.
ചില രോഗങ്ങളും മലബന്ധത്തിനു കാരണമാകുന്നു. മലാശയത്തിലോ, വന്‍ കുടലിലോ ഉള്ള മുഴകള്‍, വൃക്കകളുടെ പ്രവര്‍ത്തനത്തിലുള്ള തകരാറുകള്‍, ഹൈപ്പോ തൈറോയിഡിസം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, പാര്‍ക്കിന്‍സോണിസം, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്, സുഷുമ്‌ന നാഡിയ്ക്കേല്‍ക്കുന്ന ആഘാതം, മലദ്വാരത്തിലെ കാന്‍സര്‍, എന്നിവ മലബന്ധത്തിനു കാരണമാകുന്നു.
ഇവ കൂടാതെ ഗര്‍ഭിണികള്‍ക്ക് ഗര്‍ഭപാത്രം കുടലില്‍ അമരുന്നതു കാരണവും മലബന്ധമുണ്ടാകാം. ചില മരുന്നുകളും മലബന്ധം ഉണ്ടാക്കുന്നവയാണ്. അപസ്മാരത്തിന് ഉപയോഗിക്കുന്ന ആന്‍റീ കണ്‍വൾസന്‍റ് മരുന്നുകള്‍, ഡിപ്രഷന്‍ എന്ന രോഗാവസ്ഥയില്‍ ഉപയോഗിക്കുന്നവ, ഡൈയൂറെറ്റിക്സ് അഥവാ മൂത്രള മരുന്നുകള്‍ (മൂത്രം കൂടുതലായി പുറന്തള്ളാനായുള്ളത് - നീരിനും മറ്റും കൊടുക്കുന്നവ), ബി.പിക്കും ഹൃദ്രോഗത്തിനും നല്‍കുന്ന ചില മരുന്നുകള്‍, അയേണ്‍ ഗുളികകള്‍, ചില ചുമ മരുന്നുകള്‍, അസിഡിറ്റിക്കുള്ള ചില മരുന്നുകള്‍ - ഇവ സ്ഥിരമായി കഴിക്കുമ്പോള്‍ മലബന്ധം ഉണ്ടാകാറുണ്ട്.
ഇന്നത്തെ യൂറോപ്യന്‍ ക്ലോസറ്റുകളുടെ ഉപയോഗം മലബന്ധത്തിന് ചെറുതല്ലാത്ത സംഭാവന നല്‍കുന്നുണ്ട്. സ്വാഭാവികശരീര നില എളുപ്പത്തിലുള്ള മലശോധനക്ക് അത്യന്താപേക്ഷിതമാണ്.
പൈല്‍സ് ചികിത്സയില്‍ ഇന്നു രോഗികള്‍ക്ക് മുന്‍പത്തേക്കാളും അവബോധം കൂടിയിട്ടുണ്ടെങ്കിലും ഇന്നും ചികിത്സ രോഗിക്ക് അത്യന്തം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. ശാസ്ത്രീയ ചികിത്സ തിരഞ്ഞെടുക്കുന്നതിൽ രോഗികൾക്കുള്ള വിമുഖതയും, സര്‍ജറി ചെയ്താലും രോഗം തിരികെ വരാമെന്നുള്ളതും രോഗികൾ ഒടുവില്‍ വ്യാജവൈദ്യത്തില്‍ എത്തിപ്പെടുന്ന പ്രവണതയ്ക്കു കാരണമാകുന്നുണ്ട്. രോഗം വന്നതിനു ശേഷം ചികിത്സ വൈകിക്കുന്നത് സര്‍ജറി ചെയ്യേണ്ടിവരുന്ന അവസ്ഥകളിലേക്ക് എത്തിക്കുന്നു എന്നതാണു സത്യം. പൈല്‍സ് രോഗത്തെ സംബന്ധിച്ചിടത്തോളം ആഹാരശീലങ്ങളാണ് ഇന്നത്തെ കാലഘട്ടത്തില്‍ പൈല്‍സ് രോഗികളുടെ വര്‍ദ്ധനവിനു പ്രധാന കാരണം.
ആധുനിക ശാസ്ത്രപ്രകാരം പൈല്‍സ് ഒരു സിര (വെയിന്‍) ജന്യ രോഗമാണ്. പല കാരണങ്ങള്‍ കൊണ്ടും സിരകളുടെ വിസ്താരവും വലിപ്പവും വര്‍ധിക്കുന്നത് “വേരിക്കോസിറ്റി” എന്നാണ് അറിയപ്പെടുന്നത്. ആയുര്‍വേദ ഗ്രന്ഥങ്ങള്‍ അര്‍ശസിനെ മാംസാങ്കുരങ്ങള്‍ ആയാണ് കണ്ടത്.
"അരിവത് പ്രാണിനോ മാംസകീലകാ വിശസന്തി യത്
അര്‍ശാസി തസ്മാത് ഉച്യന്തേ ഗുദമാര്‍ഗ്ഗ നിരോധതഃ"
മാംസകീലകങ്ങള്‍ (വളര്‍ച്ചകള്‍) ഗുദമാര്‍ഗ്ഗത്തെ നിരോധിച്ചിട്ട് ഒരു ശത്രുവിനെപ്പോലെ (അരി=ശത്രു) രോഗിയെ കഷ്ടപ്പെടുത്തുന്നതുകൊണ്ട് അര്‍ശസ് എന്നു വിളിക്കുന്നു എന്ന് അഷ്ടാംഗഹൃദയം പറയുന്നു.
പാരമ്പര്യം
മനുഷ്യശരീരത്തിന്‍റെ ’നിവര്‍ന്ന നില്‍പ്’ ഞരമ്പുകള്‍ക്ക് (സിര) മുകളിലേക്കുള്ള രക്തപ്രവാഹത്തെ ബുദ്ധിമുട്ടിലാക്കുകയും സിരകള്‍ വികസിക്കാന്‍ തുടങ്ങുകയും ചെയ്യും.
മലബന്ധം/വയറിളക്കം
ഈ രണ്ട് സന്ദര്‍ഭങ്ങളിലും അധികമായി ചെയ്യപ്പെടുന്ന ’മുക്കല്‍’ പൈല്‍സിന് പ്രധാന കാരണമാണ്.
മലവിസര്‍ജ്ജനസമയത്ത് ഞരമ്പുകളിലെ മര്‍ദ്ദം കൂടുന്നത് വികാസത്തിന് കാരണമാകുന്നു.
ആഹാര കാരണങ്ങള്‍
മലബന്ധം ഉണ്ടാക്കുന്നതും, മലം ശുഷ്കിപ്പിക്കുന്നതുമായ ആഹാരങ്ങള്‍.
മറ്റെന്തെങ്കിലും രോഗത്തിന്‍റെയോ അവസ്ഥയുടേയോ ബാക്കിപത്രമായും പൈല്‍സ് വരാം.
മുഴകള്‍/ കാന്‍സറുകള്‍
ഗര്‍ഭാവസ്ഥ
ചിരകാല മലബന്ധം
പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍
‘കരള്‍ സിര’ യിലെ രക്താതി മര്‍ദ്ദം പൈല്‍സിന് മറ്റൊരു കാരണമാണ്.
അര്‍ശസ് ലക്ഷണങ്ങള്‍
പൈല്‍സിന്‍റെ ആദ്യത്തെ പ്രധാന ലക്ഷണം ബ്ലീഡിംഗ് ആണ്.
ബ്ലീഡിംഗ്
മലത്തോടൊപ്പം, വേദനയില്ലാതെ, ഇളം ചുവന്നനിറത്തിലുള്ള രക്തം പോകുന്നു.
പുറത്തേക്ക് തള്ളല്‍
പൈല്‍സ് വലുതാകുന്നതിനൊപ്പം അത് മലദ്വാരത്തിന് പുറത്തേക്ക് തള്ളിവരുന്നു. തുടക്കത്തില്‍ ചെറിയ തോതിലുള്ള തള്ളല്‍ രോഗം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വലുതായി വരുന്നു.
ഡിഗ്രി ഒന്ന്
പൈല്‍ മാസ് പുറത്തേക്ക് വരുന്നതേയില്ല.
ഡിഗ്രി രണ്ട്
പൈല്‍മാസ് മലവിസര്‍ജന സമയത്ത് പുറത്തേക്കെത്തുന്നു. അതിനു ശേഷം തനിയെ തിരികെ ഉള്ളിലേക്ക് കയറിപ്പോകുന്നു.
ഡിഗ്രി മൂന്ന്
പൈല്‍മാസ് മലവിസര്‍ജന സമയത്ത് പുറത്തേക്കെത്തുന്നു. അതിനു ശേഷം തനിയേ തിരികെ ഉള്ളിലേക്ക് കയറിപ്പോകുന്നില്ല. വിരൽ കൊണ്ട് തള്ളി ഉള്ളിലേക്ക് കയറ്റേണ്ടിവരുന്നു.
ഡിഗ്രി നാല്
പൈല്‍ മാസ് പുറത്തുതന്നെ നില്‍ക്കുന്നു. അകത്തേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നില്ല. രോഗി വളരെ ബുദ്ധിമുട്ടുന്ന ഒരു സ്റ്റേജാണിത്.
വേദന
പൈല്‍സിന് തുടക്കത്തില്‍ അല്‍പം വേദനയുണ്ടാകാമെങ്കിലും അധികവും വേദനാരഹിതമായ ഒരു രോഗമാണിത്.
ചൊറിച്ചില്‍
മലദ്വാരത്തില്‍ ചൊറിച്ചില്‍ പലപ്പോഴും പൈല്‍സ് രോഗികള്‍ക്ക് അനുഭവപ്പെടാറുണ്ട്.
ആധുനിക വൈദ്യത്തില്‍ തന്നെ അര്‍ശസിന് ചികിത്സകള്‍ ധാരാളം നിലവിലുണ്ട്. എങ്കിലും ശസ്ത്രക്രിയയാണ് ഇന്ന് വ്യാപകമായി ചെയ്യപ്പെടുന്നത്. മറ്റ് ചികിത്സാ രീതികള്‍ ബാന്‍ഡ് ആപ്ലിക്കേഷന്‍, സ്ക്ളീറോതെറാപ്പി എന്നിവയാണ്. ആയുര്‍വേദത്തിലും മരുന്ന്, ക്ഷാരകര്‍മ്മം, അഗ്നികര്‍മ്മം, ശസ്ത്രകര്‍മ്മങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമാണ് ആയുര്‍വേദ ചികിത്സ.
ഔഷധം
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരുന്നുകൊടുത്ത് അസുഖത്തെ മാറ്റുക എന്നുള്ളതാണ്. പ്രധാനമായും ഒരു വര്‍ഷത്തില്‍ അധികം ആകാത്തതോ വളരെ ചെറിയതോ ആയ അര്‍ശസുകള്‍ നമുക്ക് മരുന്നുകൊണ്ട് മാറ്റാന്‍ സാധിക്കും. ഇന്നത്തെ അറിവുവച്ച് നോക്കുമ്പോള്‍ ഡിഗ്രി ഒന്നില്‍ ഉള്‍പ്പെടുന്ന പൈല്‍സുകള്‍ മരുന്നുകൊണ്ട് മാറുന്നവയാണ്.
അര്‍ശസിനെ സമ്പന്ധിച്ചിടത്തോളം ആഹാരം പ്രാധാനപ്പെട്ടതാണ്. മലബന്ധം ഉണ്ടാകാത്ത ആഹാര സാധനങ്ങള്‍ തിരഞ്ഞെടുത്തു കഴിക്കണം. ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍ മുതലായ അസുഖങ്ങള്‍ ഉള്ളവര്‍ അതിന് അനുസരിച്ച ആഹാര രീതി തിരഞ്ഞെടുക്കേണ്ടതാണ്. സ്വന്തം വയറിന്‍റെ അവസ്ഥ മനസിലാക്കി ആഹാര ശീലങ്ങള്‍ സ്വയം ക്രമീകരിക്കുകയാണ് നല്ലത്.
വാതത്തെകുറയ്ക്കുന്നതും (മലബന്ധം കുറക്കുന്നതും ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതും) അഗ്നിയെ വര്‍ദ്ധിപ്പിക്കുന്നതുമായ (ദഹനം ശരിയായി നടക്കാനുതകുന്നവ) ആഹാരസാധനങ്ങള്‍ എല്ലാം തന്നെ അര്‍ശസിന് ഹിതമാണ്.
മോര് - എല്ലാ വിധ അര്‍ശസുകളിലും മോര് ശ്രേഷ്ഠമാണ്. തക്രപയോഗമെന്ന പേരില്‍ മോര് അര്‍ശസിന്‍റെ ചികിത്സയില്‍ ആചാര്യന്‍മാര്‍ പ്രത്യേകം പറയുന്നു. എല്ലാ തരം അര്‍ശസുകളിലും അരി, നവര നെല്ല്, ബാര്‍ളി, ഗോതമ്പ് ഇവയേതെങ്കിലും പാകം ചെയ്ത് നെയ്യു ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്. വാസ്തുച്ചീര, വശളച്ചീര, വയല്‍ചുള്ളിയില, തഴുതാമയില, ചെമ്പരത്തിയുടെ പൂവും മൊട്ടും, വലിയ ഉള്ളി, വെളുത്തുള്ളി, ചുവന്നുള്ളി, ചേന, നെല്ലിക്ക, പടവലം എന്നിവ കഴിക്കുന്നത് ഹിതമാണ്.
മുയല്‍ച്ചെവിയനും മുക്കൂറ്റിയും ഉപയോഗിക്കുന്നത് അനുഭവസിദ്ധമാണ്. മാംസങ്ങളില്‍ ആമ, ആട്, താറാവ്, മുട്ടകളില്‍ താറാവിന്‍റെ മുട്ട എന്നിവ അര്‍ശസ് ഉള്ളവര്‍ക്ക് കഴിക്കാവുന്നതാണ്. എണ്ണകളില്‍ കടുകെണ്ണ അര്‍ശോരോഗികള്‍ക്കു നന്ന്.
അപഥ്യങ്ങള്‍ - അര്‍ശോരോഗി ഉപേക്ഷിക്കേണ്ടവ.
പ്രധാനമായും വാതത്തെ വര്‍ദ്ധിപ്പിക്കുന്നതും അഗ്നിയെ കുറക്കുന്നതുമായ ആഹാരസാധനങ്ങള്‍ അര്‍ശോരോഗി ഉപേക്ഷിക്കണം. വിരുദ്ധാഹാരങ്ങളും ഉപേക്ഷിക്കേണ്ടതാണ്.
ഉഴുന്ന്, കടല, അമര, ചേമ്പ്, ചുരക്ക, വെള്ളരിക്ക, കോവക്ക, മുതലായവ വായുവിനെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇവയൊക്കെ അപഥ്യങ്ങളാണ്.
വെളുത്തുള്ളി രക്താര്‍ശസില്‍ അപത്ഥ്യമാണ്. തൈര് മലം പിടിപ്പിക്കുന്നതിനാല്‍ അര്‍ശസുള്ളവര്‍ തൈരു വര്‍ജിക്കണം. രക്തത്തേയും പിത്തത്തേയും കോപിപ്പിക്കുമെന്നുള്ളതുകൊണ്ട് രക്താര്‍ശസിലും വര്‍ജിക്കണം. മാംസം പൊതുവേ അര്‍ശസില്‍ ഹിതമല്ല. ജലജീവികളുടെ മാംസം, തവള മുതലായയും, കോഴിമാംസം, കോഴിമുട്ട എന്നിവയും അപത്ഥ്യമാണ്.
ക്ഷാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആല്‍ക്കലികളാണ്. ചില തീക്ഷ്ണങ്ങളായ ആല്‍ക്കലികള്‍ അര്‍ശസില്‍ പുരട്ടുകയും അതുവഴി അര്‍ശസ് കൊഴിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ചികിത്സാരീതിയാണിത്. ഇന്ന് ഗവേഷണത്തിന്‍റെ ഫലമായി ക്ഷാരകര്‍മ്മം സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്ത് വ്യക്തമായ ഒരു പ്രോട്ടോക്കോളോടുകൂടിയ ഒരു സര്‍ജിക്കല്‍ പ്രോസീജിയര്‍ ആയിക്കഴിഞ്ഞു. ക്ഷാരം പുരട്ടിയ ശേഷം പൈല്‍ മാസിനെ പൊള്ളിക്കുകയാണു ചെയ്യുന്നത്. അപ്പോള്‍ അര്‍ശസുകള്‍ക്കുള്ളിലുള്ള രക്തം കട്ടപിടിക്കുകയും പിന്നീട് പൈല്‍മാസ് കരിഞ്ഞ് പൊഴിഞ്ഞുവീഴുകയും ചെയ്യുന്നു. ഇതിന് നാല് ദിവസം മുതല്‍ ഒരാഴ്ചവരെ സമയം എടുക്കുന്നു. പൈല്‍ മാസ് കരിയുന്നതോടൊപ്പം അവിടുത്തെ രക്തക്കുഴലുകള്‍ അടയുകയും, ഫിബ്രോസിസ് (കലകളുടെ ദൃഢീകരണം) നടക്കുകയും ചെയ്യുന്നതോടുകൂടി മലദ്വാരഭിത്തിയുടെ മ്യൂക്കോസല്‍, സബ്മ്യൂക്കോസല്‍ പടലങ്ങള്‍ തമ്മില്‍ ഒട്ടുകയും വീണ്ടും വെയിനുകള്‍ വികസിക്കുന്നത് തടയുകയും ചെയ്യുന്നു. അങ്ങനെ പൈല്‍സ് രണ്ടാമത് വരുന്നതിനെ തടയുന്നു.
ഇത് ആയുര്‍വേദത്തില്‍ നിലനിന്ന ഒരു ചികിത്സാരീതിയാണ്. ക്ഷാരസൂത്രം അര്‍ശസില്‍ കെട്ടുകയാണ് ചെയ്യുന്നത്. അര്‍ശസില്‍ ക്ഷാരസൂത്രം കെട്ടുമ്പോള്‍ അതിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നു. അങ്ങനെ രക്തം കട്ടപിടിക്കുകയും പൈല്‍സ് നശിക്കാന്‍ തുടങ്ങുകയും ചെയ്യും. നെക്രോസിസ് എന്ന അവസ്ഥയില്‍ എത്തുന്ന പൈല്‍മാസ് പൊഴിഞ്ഞുപോകുകയാണ് പിന്നീടു ചെയ്യുന്നത്. ഇതിന് ഒരാഴ്ച സമയം എടുക്കുന്നു. സാവധാനത്തിലുള്ള ഛേദനമാണ് ഇവിടെ നടക്കുന്നത്. അര്‍ശസ് ഛേദനവും (ഹെമറോയിഡെക്ടമി) ക്ഷാരസൂത്രവും താരതമ്യപ്പെടുത്തുമ്പോള്‍ ക്ഷാരസൂത്രം എന്തുകൊണ്ടും മികച്ചതാണെന്നു കാണാം.
അര്‍ശസിന്‍റെ ആയുര്‍വേദ ചികിത്സ ഇത്തരത്തില്‍ പല തരം ചികിത്സാ രീതികള്‍ നിറഞ്ഞതാണ്. ഏതു തരം അര്‍ശസിന് ഏതു ചികിത്സ സ്വീകരിക്കണം എന്നുള്ളത് രോഗാവസ്ഥയും വൈദ്യന്‍റെ യുക്തിയും ആയി ബന്ധപ്പെട്ടിരിക്കുന്നു.
കടപ്പാട് : tharamginionline.com
അവസാനം പരിഷ്കരിച്ചത് : 1/28/2020
ആയുർവേദം-ഉത്പത്തി
കൂടുതല്‍ വിവരങ്ങള്‍
ആയുർവേദത്തിൽ ഈ അടുത്ത കാലത്തായി നടന്ന രണ്ടു ശ്രദ്ധ...
ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള വിവരങ്ങള...