অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയുഷ് വകുപ്പ്

കേരളത്തില്‍ ആയുഷ് വകുപ്പ് യാഥാര്‍ഥ്യമാവുകയാണ്. സംസ്ഥാനസര്‍ക്കാറിന്റെ, ആരോഗ്യമേഖലയിലെ പ്രവര്‍ത്തനനേട്ടങ്ങളുടെ സരണിയിലെ മഹത്തായൊരധ്യായമാണിത്. ആയുര്‍വേദം, യോഗപ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാ സമ്പ്രദായങ്ങളുടെ സമന്വിതരൂപമായ ആയുഷ്, കേരളീയസംസ്‌കൃതിയില്‍ അഭിമാനംകൊള്ളുന്ന ഓരോ മലയാളിയുടെയും ചിരകാലസ്വപ്നമാണ്. കേരളത്തിന്റെ പാരമ്പര്യത്തനിമയ്ക്കുലഭിച്ച അംഗീകാരം!
ആരോഗ്യമേഖലയിലെ പ്രവര്‍ത്തനനേട്ടങ്ങളുടെ സരണിയില്‍ മഹത്തായൊരധ്യായംകൂടി തുന്നിച്ചേര്‍ക്കപ്പെടുന്നു. ആയുര്‍വേദം, യോഗ-പ്രകൃതി ചികിത്സ, യൂനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാ സമ്പ്രദായങ്ങളുടെ സമന്വിതരൂപമായ ആയുഷ് വകുപ്പ് യാഥാര്‍ഥ്യമാവുന്നതിലൂടെ ഓരോ മലയാളിയുടെയും ചിരകാല സ്വപ്‌നമാണ് പൂവണിയുന്നത്. ജീവിത ശൈലീരോഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ ആയുഷ് ചികിത്സാസമ്പ്രദായങ്ങള്‍ക്കും അലോപ്പതിക്കും തുല്യപ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന, ദീര്‍ഘവീക്ഷണത്തോടുകൂടിയ മറ്റൊരു ചുവടുവെപ്പാണിത്.
ആയുഷ് ചികിത്സക്ക് ആഗോളതലത്തില്‍ പ്രസക്തി വര്‍ധിച്ച കാലഘട്ടമാണിത്. ശാസ്ത്രീയമായ ആരോഗ്യസംരക്ഷണത്തിന് രോഗം ബാധിച്ച് ചികിത്സിക്കുന്നതിനേക്കാള്‍ പ്രാധാന്യമുണ്ടെന്ന തിരിച്ചറിവാണ് ആയുഷിന്റെ ജനപ്രീതിക്ക് നിദാനം. ഇന്ത്യയില്‍ ആയുഷ് വകുപ്പ് രൂപീകരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഹിമാചല്‍പ്രദേശും രാജസ്ഥാനുമാണ് മുന്നിലുള്ളത്.രോഗ-പ്രതിരോധ ചികിത്സാമേഖല ശക്തമാക്കുക, ആയുഷ് രംഗത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, ഔഷധങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുക, ഔഷധസസ്യങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ആയുഷ് വകുപ്പ് രൂപീകരണലക്ഷ്യങ്ങള്‍.
ഔഷധസസ്യങ്ങളെ ആശ്രയിച്ചുള്ള മരുന്നുകള്‍ ഗവേഷണങ്ങളിലൂടെ വികസിപ്പിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ലോകവിപണിയില്‍ ലഭ്യമാക്കിയാല്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കാതലായ മുന്നേറ്റമുണ്ടാകുമെന്ന് ഇയ്യിടെ അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം അഭിപ്രായപ്പെട്ടത് അനുസ്മരണീയമാണ്്.
ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിലെ ജനങ്ങള്‍, പ്രകൃതിയുമായി തന്മയീഭാവം പുലര്‍ത്തുന്ന ആയുഷ് ചികിത്സാരീതികളോട് ചരിത്രാതീതകാലംമുതല്‍ ആഭിമുഖ്യം പുലര്‍ത്തിപ്പോന്നു. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ മഹത്തായ സംഭാവനയാണ് ആയുര്‍വേദം. ആരോഗ്യപൂര്‍ണമായ ജീവിതത്തിനുതകുന്ന ജീവിതചര്യകള്‍, ശീലങ്ങള്‍, ആഹാരരീതികള്‍ മുതലായവ പ്രതിപാദിക്കുന്ന ആയുര്‍വേദം, രോഗപ്രതിരോധത്തിനാണ് ഊന്നല്‍ നല്‍കുന്നത്.
ഓരോ വ്യക്തിയും ശാരീരിക-മാനസികസ്ഥിതിയനുസരിച്ച്, ആരോഗ്യം നിലനിര്‍ത്തുന്നതിന്, അല്ലെങ്കില്‍ ആര്‍ജിക്കുന്നതിന് എന്തെല്ലാം അനുഷ്ഠിക്കണമെന്ന് ആയുര്‍വേദം പ്രതിപാദിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ പരിമിതമായ ആയുര്‍വേദ ചികിത്സക്ക്, ഒരു രോഗത്തെ ചികിത്സിക്കുമ്പോള്‍ മറ്റു രോഗങ്ങള്‍ ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. ഈ ചികിത്സാശാസ്ത്രത്തിന്റെ അനന്തസാധ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കേരളത്തെ അതിന്റെ തലസ്ഥാനമാക്കുന്നതിനുമുള്ള കര്‍മ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നത്. സമ്പൂര്‍ണ്ണ ആയുര്‍വേദ സംസ്ഥാനമെന്ന ലോകൈക പദവിയിലേക്കെത്താന്‍ ഇനി കുറച്ചുദൂരം മാത്രമേ മുന്നേറേണ്ടതുള്ളു.
ഭാരതീയ ചികിത്സാവകുപ്പ്, ആയുര്‍വേദ വിദ്യാഭ്യാസവകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം, ദേശീയ ആരോഗ്യദൗത്യത്തിനുള്ള സ്ഥാപനങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ ആയുര്‍വേദ മേഖലയിലെ സര്‍ക്കാര്‍ സംവിധാനം വിപുലമാണ്. 17 മെഡിക്കല്‍ കോളജുകളും (ഗവണ്‍മെന്റ് 3, എയിഡഡ് 2, സ്വാശ്രയം 12), 125 ഗവണ്‍മെന്റാസ്പത്രികളും, 1,019 ഡിസ്‌പെന്‍സറികളും (ഗവണ്‍മെന്റ് 807; എന്‍.എച്ച്.എം 202), 18 ഗവ. സബ്‌സെന്ററുകളും ആയുര്‍വേദരംഗത്ത് പ്രവര്‍ത്തിക്കുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഭൂതപൂര്‍വ്വമായ വികസനപ്രവര്‍ത്തനമാണ് ഈ രംഗത്തുണ്ടായത്. 77 ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുകയും 9 ആസ്പത്രികള്‍ അപ്‌ഗ്രേഡ് ചെയ്യുകയും 437 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുകയും ചെയ്തു.
പ്രമേഹ ചികിത്സക്കുള്ള ജീവനി, കുട്ടികളുടെ ആരോഗ്യത്തിനുള്ള ബാലമുകുളം, നേത്രരോഗങ്ങള്‍ക്കായി ദൃഷ്ടി, വയോജന ആരോഗ്യത്തിനായി വയോ അമൃതം, പക്ഷാഘാത രോഗികള്‍ക്കായി പുനര്‍ന്നവ, കുട്ടികളുടെ അമിതവണ്ണത്തിനുള്ള കൗമാരസ്ഥൗല്യം, കൗമാരപ്രായത്തിലെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് ഋതു, വിളര്‍ച്ചാ രോഗങ്ങള്‍ക്ക് പ്രസാദം, പാലിയേറ്റീവ് കെയറിനായി സ്‌നേഹധാര, അട്ടപ്പാടിയിലെ കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തിനായി സുകന്യ, മദ്യപാനികളുടെ കരള്‍ രോഗനിവാരണത്തിനായി കരള്‍രോഗമുക്തി, സ്‌പോര്‍ട്‌സ് ആയുര്‍വേദ മുതലായ, സംസ്ഥാനാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കുപുറമെ മിക്ക ഗ്രാമപഞ്ചായത്തുകളിലും തനതായ ആരോഗ്യപദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്.
ഗവേഷണത്തിന് മാത്രമായി കോട്ടക്കലില്‍ ആയുര്‍വേദ യൂനിവേഴ്‌സിറ്റിയും ആരോഗ്യ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് റിസര്‍ച്ചിനു കീഴില്‍ തൃപ്പൂണിത്തുറയില്‍ ആയുര്‍വേദ ഫണ്ടമെന്റല്‍ റിസര്‍ച്ച് സെന്ററും ആരംഭിക്കുന്നതിനു നടപടി ആരംഭിച്ചു. പി.എച്ച്.ഡി കോഴ്‌സുകള്‍ ആയുര്‍വേദ മേഖലയിലും ആരംഭിച്ചു. കോളജുകളിലെല്ലാം മികച്ച സൗകര്യങ്ങള്‍ ഒരുക്കി. ആയുര്‍വേദത്തിന്റെ മഹത്വവും സമകാലിക പ്രസക്തിയും ഉള്‍ക്കൊണ്ടു ആയുര്‍വേദത്തെ, കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനുള്ള മേഖലയായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ആയുഷ്‌വകുപ്പിന്റെ രൂപീകരണത്തോടെ യോഗക്കും പ്രകൃതിചികിത്സക്കും അര്‍ഹമായ സ്ഥാനം ലഭ്യമാകും. ശരീര-മനസ്സുകളുടെ ഏകോപനത്തിലൂടെ, രോഗപ്രതിരോധവും നിവാരണവും ഉറപ്പുവരുത്തുന്ന ചികിത്സാപദ്ധതി ചരിത്രാതീതകാലം മുതല്‍ നിലനിന്നിരുന്നതാണ്. ഔഷധങ്ങളും ശസ്ത്രക്രിയകളും ഒഴിവാക്കി, പ്രകൃതിവിഭവങ്ങളായ മണ്ണ്, വെള്ളം, വായു, സൂര്യപ്രകാശം മുതലായവ ഉപയോഗിച്ചും വ്യായാമം, വിശ്രമം, ഉപവാസം, ഉഴിച്ചില്‍ മുതലായ മാര്‍ഗങ്ങള്‍ സ്വീകരിച്ചും ചെയ്യുന്ന ചികിത്സാസമ്പ്രദായമാണ് പ്രകൃതി ചികിത്സ. ശരീരം സ്വയം രോഗങ്ങളെ ഇല്ലാതാക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനപ്രമാണം. അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ പ്രകൃതിചികിത്സക്ക് പണ്ടുമുതല്‍ വന്‍ പ്രചാരം സിദ്ധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതിന് പുത്തനുണര്‍വ്വുണ്ടായത് മഹാത്മാഗാന്ധി ഈ ശാസ്ത്രത്തിന്റെ വക്താവായ കാലം മുതല്‍ക്കാണ്. ഭാരതത്തിലെ ആദ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രകൃതിചികിത്സാകേന്ദ്രം ആരംഭിച്ചത് കേരളത്തിലാണ്; 1981ല്‍ വര്‍ക്കലയില്‍. ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ യോഗ-പ്രകൃതിചികിത്സായൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയില്‍ നൂറിലധികം കേന്ദ്രങ്ങളുമുണ്ട്.
പ്രകൃതിക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാ സമ്പ്രദായമാണ് യൂനാനി. സകല ശാസ്ത്രങ്ങളുടെയും തത്വചിന്തയുടെയും മക്കയെന്ന് അറിയപ്പെടുന്ന ഗ്രീക്കില്‍ (യുനാന്‍) നിന്നാണ് ഈ വൈദ്യശാസ്ത്രം പിറവിയെടുത്തത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഹിപ്പോക്രാറ്റ്‌സിന്റെ വൈദ്യശാസ്ത്ര - അടിസ്ഥാന തത്വമായ ചതുര്‍ദോഷങ്ങളില്‍ അധിഷ്ഠിതമാണിത്. പതിനാറാം നൂറ്റാണ്ടില്‍, മുഗള്‍ കാലഘട്ടത്തിലാണ് യൂനാനി ചികിത്സാരീതി ഇന്ത്യയിലേക്ക് വന്നത്.
ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ തനതായ പല പൈതൃകങ്ങളും നാശോന്മുഖമായപ്പോള്‍ യൂനാനി ചികിത്സാരീതിയും പിറകോട്ടടിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ ഉറ്റമിത്രവുമായിരുന്ന ഹകീം അജ്മല്‍ ഖാനാണ് ഇന്ത്യയില്‍ ഈ ശാഖക്ക് പുനരുദ്ധാരണവും മേല്‍വിലാസവും നേടിക്കൊടുത്തത്. ഇപ്പോള്‍ രാജ്യത്ത് അമ്പതോളം യൂനാനി മെഡിക്കല്‍ കോളജുകളിലായി ബിരുദവും ബിരുദാനന്തര ബിരുദവും (എം.ഡി) പഠിപ്പിക്കുന്നുണ്ട്. കാസര്‍കോട് മെഗ്രാന്‍പുത്തൂരില്‍ ഗവണ്‍മെന്റ് യൂനാനി ഡിസ്‌പെന്‍സറിയും വിവിധ ഭാഗങ്ങളിലായി 15 എന്‍.എച്ച്.എം യൂനാനി ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നു.
അതിപ്രാചീന കാലം മുതല്‍ പ്രചാരത്തിലുള്ള മഹത്തായ വൈദ്യശാസ്ത്ര ശാഖയാണ് സിദ്ധവൈദ്യം. ദക്ഷിണഭാരതത്തില്‍ പ്രത്യേകിച്ചും തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഈ ചികില്‍സാ ശാസ്ത്രം വളര്‍ന്ന് വികസിച്ചത്. തത്വചിന്തകന്മാരും ആത്മീയാചാര്യന്മാരും ശാസ്ത്രജ്ഞന്മാരുമായിരുന്നു ഇതിന്റെ പ്രയോക്താക്കള്‍. പ്രകൃതിദത്ത ഔഷധസസ്യങ്ങളും ലോഹങ്ങളും ധാതുലവണങ്ങളും ജീവസമ്പത്തുകളും ഉപയോഗിച്ച് തയ്യാറാക്കുന്ന സിദ്ധ മരുന്നുകള്‍ അതുല്യ ഫലസിദ്ധി ഉള്ളവയാണ്. ജീവിതചര്യ, ഭക്ഷണരീതി, വ്യായാമം, യോഗ, ധ്യാനം എന്നിവക്കെല്ലാം പ്രാധാന്യം കൊടുത്തുള്ള ചികില്‍സാ ശാസ്ത്രമാണിത്. അഗസ്ത്യമുനിയില്‍ തുടങ്ങി 18 സിദ്ധന്മാരാണ് സിദ്ധവൈദ്യത്തിന്റെ പ്രണേതാക്കള്‍.
7,000 ബി.സിക്കും 10,000 ബി.സിക്കും ഇടയിലുള്ള കാലഘട്ടത്തിലാണ് ഈ വൈദ്യശാസ്ത്രം ഉത്ഭവിച്ചത്. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള നാനാവിധ രോഗങ്ങള്‍ക്ക് സിദ്ധയില്‍ ഫലപ്രദമായ ചികില്‍സയുണ്ട്. മാരക രോഗങ്ങളെ കുറഞ്ഞ ചെലവില്‍ അതിവേഗം സുഖപ്പെടുത്താന്‍ ശേഷിയുള്ള ഭസ്മങ്ങള്‍, സിന്ദൂരങ്ങള്‍, മെഴുകുകള്‍ മുതലായ ഔഷധങ്ങള്‍ ഉപയോഗിച്ചാണ് ചികില്‍സ. പ്രാചീന തമിഴ്ഭാഷയില്‍ ലിഖിതമായ സിദ്ധവൈദ്യത്തില്‍ ഏകദേശം നാല് ലക്ഷത്തില്‍പരം ഔഷധങ്ങളുണ്ട്.
ഇന്ത്യയില്‍ എട്ട് സിദ്ധ മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിക്കുന്നു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഇവയില്‍ 7 എണ്ണം തമിഴ്‌നാട്ടിലാണ്. സിദ്ധവൈദ്യശാസ്ത്രം ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിക്കുന്ന പ്രഥമ കോളജാണ് തിരുവനന്തപുരത്തെ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ്. കേരളത്തില്‍ സിദ്ധ ചികില്‍സാ വിഭാഗത്തില്‍ ഗവണ്‍മെന്റ് ആസ്പത്രിയും 8 ഡിസ്‌പെന്‍സറികളും 28 എന്‍.എച്ച്.എം. ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നു.
സുരക്ഷിതവും ലളിതവും ചെലവു കുറഞ്ഞതുമായ ശാസ്ത്രീയ ചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി. ലോകജനത സ്വീകരിച്ച ചികിത്സാരീതികളില്‍ ഇതിന്റെ സ്ഥാനം അലോപ്പതിക്ക് തൊട്ടുപിറകെയാണ്. 80 ലധികം രാഷ്ട്രങ്ങളില്‍ ഹോമിയോപ്പതി ചികിത്സ പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ ഹോമിയോപ്പതിക്ക് കൂടുതല്‍ പ്രചാരം നേടിയ സംസ്ഥാനം കേരളമാണ്. 200 വര്‍ഷം പിന്നിട്ട ചികിത്സാശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഡോ. സാമുവല്‍ ഹാനിമാനാണ്.
സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ കാര്യങ്ങളാണ് ഹോമിയോപ്പതിരംഗത്ത് ചെയ്തുവരുന്നത്. 5 മെഡിക്കല്‍ കോളജുകളും (ഗവണ്‍മെന്റ് 2, എയിഡഡ് 3), 33 ഗവണ്‍മെന്റാസ്പത്രികളും 1,109 ഡിസ്‌പെന്‍സറികളും (ഗവണ്‍മെന്റ് 660, എന്‍.എച്ച്.എം. 420, പട്ടികജാതി കോളനികളില്‍ 29), 17 ഗവ. സബ്‌സെന്ററുകളും ഹോമിയോരംഗത്ത് പ്രവര്‍ത്തിക്കുന്നു. 110 ഗവ. ഡിസ്‌പെന്‍സറികളും 137 എന്‍.എച്ച്.എം ഡിസ്‌പെന്‍സറികളും ആരംഭിച്ചതിനു പുറമെ ചികിത്സയുടെ അനന്തസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനു യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി.
ആയുഷ് വകുപ്പ് യാഥാര്‍ഥ്യമാകുന്നതോടെ, ചികിത്സാസമ്പ്രദായങ്ങള്‍ക്ക് പുതിയ കരുത്ത് ലഭിക്കും. നാഷണല്‍ ആയുഷ് മിഷന്റെ സാമ്പത്തികസഹായവും സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനമികവും വകുപ്പിന്റെ പ്രവര്‍ത്തനസപര്യയില്‍ ആശാവഹമായ നാഴികക്കല്ലുകള്‍ സൃഷ്ടിക്കും.

ആരോഗ്യമേഖലയിലെ ജീവിതശൈലീരോഗങ്ങളുടെ മേല്‍ക്കോയ്മയെ ഉന്മൂലനംചെയ്യാന്‍, ആയുഷ് ചികിത്സാസമ്പ്രദായങ്ങള്‍ക്കും അലോപ്പതിക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാനസര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ മറ്റൊരു ചുവടുവെയ്പാണ്, ആയുഷ് വകുപ്പിലൂടെ സാക്ഷാത്കൃതമാകുന്നത്. നാം മുന്നേറുന്നത്, ആയുഷ് ചികിത്സയ്ക്ക് ആഗോളതലത്തില്‍ പ്രസക്തി വര്‍ധിച്ച കാലഘട്ടത്തിലൂടെയാണ്. ശാസ്ത്രീയമായ ആരോഗ്യസംരക്ഷണത്തിന്, രോഗം ബാധിച്ച് ചികിത്സിക്കുന്നതിനെക്കാള്‍ പ്രാധാന്യമുണ്ടെന്ന തിരിച്ചറിവാണ് ആയുഷിന്റെ ജനപ്രീതിക്കു നിദാനം. ഇന്ത്യയില്‍ ആയുഷ് വകുപ്പ് രൂപവത്കരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഹിമാചല്‍പ്രദേശും രാജസ്ഥാനുമാണ് മുന്‍ഗാമികള്‍. 

പാരമ്പര്യത്തെ മുറുകെപ്പിടിച്ച് ആയുരാരോഗ്യസൗഖ്യം നിലനിര്‍ത്തി സമാധാനജീവിതം നയിക്കുന്നതിന് ഏറെ താത്പര്യമുള്ളവരാണ് മഹാഭൂരിപക്ഷം മലയാളികളും. അതുകൊണ്ടുതന്നെ, ആയുര്‍വേദത്തിന് ബൃഹത്തായ പാരമ്പര്യമുള്ള കേരളത്തിലെ ജനങ്ങള്‍, പ്രകൃതിയുമായി തന്മയീഭവിച്ച ആയുഷ് ചികിത്സാരീതികളോട് പ്രാചീനകാലംമുതല്‍ ആഭിമുഖ്യം പുലര്‍ത്തിപ്പോന്നു. കേരളത്തിന്റെ ആയുര്‍വേദ, യോഗപ്രകൃതിചികിത്സാ, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാ രംഗങ്ങളിലേക്കുള്ള തിരനോട്ടത്തിലൂടെ ഇക്കാര്യം സുവ്യക്തമാവുന്നതാണ്.


സമഗ്രജീവിതദര്‍ശനമായി ആയുര്‍വേദം



ആര്‍ഷഭാരതസംസ്‌കാരത്തിന്റെ മഹത്തായ സംഭാവനയാണ് ആയുര്‍വേദം. ഭാരതീയചികിത്സാവകുപ്പ്, ആയുര്‍വേദവിദ്യാഭ്യാസവകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം, ദേശീയ ആരോഗ്യദൗത്യത്തിനുള്ള സ്ഥാപനങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ ആയുര്‍വേദമേഖലയിലെ സര്‍ക്കാര്‍ സംവിധാനം വിപുലമാണ്. 17 മെഡിക്കല്‍ കോളേജുകളും (സര്‍ക്കാര്‍ 3, എയിഡഡ് 2, സ്വാശ്രയം 12), 125 സര്‍ക്കാര്‍ ആസ്പത്രികളും, 1,019 ഡിസ്‌പെന്‍സറികളും (സര്‍ക്കാര്‍ 807; എന്‍.എച്ച്.എം. 202), 18 സര്‍ക്കാര്‍ സബ് സെന്ററുകളും ആയുര്‍വേദരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം അഭൂതപൂര്‍വമായ വികസനപ്രവര്‍ത്തനമാണ് ഈ രംഗത്തുണ്ടായത്. 77 ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുകയും ഒമ്പത് ആസ്പത്രികള്‍ അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇവയിലേക്ക് 437 തസ്തികകള്‍ സൃഷ്ടിച്ച് നിയമനംനടത്തി. 

ഗവേഷണത്തിനു മാത്രമായി കോട്ടയ്ക്കലില്‍ ആയുര്‍വേദസര്‍വകലാശാലയും ആരോഗ്യ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് റിസര്‍ച്ചിനു കീഴില്‍ തൃപ്പൂണിത്തുറയില്‍ ആയുര്‍വേദ ഫണ്ടമെന്റല്‍ റിസര്‍ച്ച് സെന്ററും ആരംഭിക്കുന്നതിനുള്ള നടപടികളാരംഭിച്ചു. പിഎച്ച്.ഡി. കോഴ്‌സുകള്‍ ആയുര്‍വേദമേഖലയിലും ആരംഭിക്കാന്‍ കഴിഞ്ഞു. കോളേജുകളിലെല്ലാം മികച്ച സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാറിനു കഴിഞ്ഞിട്ടുണ്ട്. ആയുര്‍വേദത്തിന്റെ മഹത്ത്വവും സമകാലികപ്രസക്തിയും ഉള്‍ക്കൊണ്ടുകൊണ്ട് ആയുര്‍വേദത്തെ, കേരളത്തിന്റെ സാമ്പത്തികാടിത്തറ ഭദ്രമാക്കുന്നതിനുള്ള മേഖലയായി വികസിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഇതിനായി വളരെ ക്രിയാത്മകമായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്.


യോഗപ്രകൃതിചികിത്സ: ആര്‍ഷഭാരതത്തിന്റെ ആരോഗ്യശാസ്ത്രം



ആയുഷ് വകുപ്പിന്റെ രൂപവത്കരണത്തോടെ, ലോകം അംഗീകരിച്ച യോഗയ്ക്കും പ്രകൃതിചികിത്സയ്ക്കും അര്‍ഹമായ സ്ഥാനം ലഭ്യമാകുകയാണ്. ഭാരതത്തിലെ ആദ്യത്തെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രകൃതിചികിത്സാകേന്ദ്രം ആരംഭിച്ചത് കേരളത്തിലാണ്; 1981ല്‍ വര്‍ക്കലയില്‍. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ യോഗപ്രകൃതിചികിത്സായൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കുപുറമെ സ്വകാര്യമേഖലയില്‍ നൂറിലധികം കേന്ദ്രങ്ങളുമുണ്ട്. ജീവിതശൈലീരോഗങ്ങളും പകര്‍ച്ചവ്യാധികളും നിയന്ത്രിക്കാന്‍, പ്രകൃതിയുമായി താദാത്മ്യംപ്രാപിച്ചുകൊണ്ടുള്ള ഈ ശാസ്ത്രത്തിന് തീര്‍ച്ചയായും സാധിക്കും.


നൂറ്റാണ്ടുകളുടെ പാരമ്പര്യവുമായി യുനാനി



പ്രകൃതിക്ക് ഏറ്റവുമനുയോജ്യമായ ചികിത്സാസമ്പ്രദായമാണ് യുനാനി. 

ഇന്ന് ഇന്ത്യയില്‍ അമ്പതോളം യുനാനി മെഡിക്കല്‍ കോളജുകളിലായി ബിരുദവും ബിരുദാനന്തരബിരുദവും(എം.ഡി.) പഠിപ്പിക്കുന്നുണ്ട്. വികസനത്തിന്റെ കേരളമോഡല്‍ പക്ഷേ, യുനാനിയുടെകാര്യത്തില്‍ നേരെ തിരിച്ചായതിന് നിരവധി കാരണങ്ങളുണ്ടാകാം. കേരളത്തില്‍ കാസര്‍കോട് മൊഗ്രാല്‍പുത്തൂരില്‍ സര്‍ക്കാര്‍ യുനാനി ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 എന്‍.എച്ച്.എം. യുനാനി ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നു.


സിദ്ധ: ദ്രാവിഡസംസ്‌കാരത്തിന്റെ മഹത് സംഭാവന



ദ്രാവിഡസംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഭാരതത്തില്‍ അതിപ്രാചീനകാലംമുതല്‍ പ്രചാരത്തിലുള്ള മഹത്തായ വൈദ്യശാസ്ത്രശാഖയാണ് സിദ്ധവൈദ്യം. ദക്ഷിണഭാരതത്തില്‍, പ്രത്യേകിച്ചും തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഈ ചികിത്സാശാസ്ത്രം വളര്‍ന്നുവികസിച്ചത്. 

ഇന്ത്യയില്‍ എട്ട് സിദ്ധ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഇവയില്‍ ഏഴെണ്ണം തമിഴ്‌നാട്ടിലാണ്. സിദ്ധവൈദ്യശാസ്ത്രം ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിക്കുന്ന ആദ്യത്തെ കോളേജാണ് തിരുവനന്തപുരത്തെ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ്. കേരളത്തില്‍ സിദ്ധചികിത്സാവിഭാഗത്തില്‍ ഒരു സര്‍ക്കാര്‍ ആസ്പത്രിയും എട്ട് സര്‍ക്കാര്‍ ഡിസ്‌പെന്‍സറികളും 28 എന്‍.ആര്‍.എച്ച്.എം. ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിച്ചുവരുന്നു. ഭാരതീയസംസ്‌കാരത്തിന്റെ ഭാഗമായ സിദ്ധവൈദ്യശാസ്ത്രത്തെ നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്.


ഹോമിയോപ്പതി: ലളിതവും ചെലവുകുറഞ്ഞതുമായ ചികിത്സാരീതി



സുരക്ഷിതവും ലളിതവും ചെലവുകുറഞ്ഞതുമായ ശാസ്ത്രീയചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി. 
സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാക്കാവുന്ന ഒട്ടേറെക്കാര്യങ്ങളാണ് ഹോമിയോപ്പതിരംഗത്ത് ചെയ്തുവരുന്നത്. അഞ്ചു മെഡിക്കല്‍ കോളേജുകളും (സര്‍ക്കാര്‍ 2, എയിഡഡ് 3), 33 സര്‍ക്കാര്‍ ആസ്പത്രികളും, 1,109 ഡിസ്‌പെന്‍സറികളും (സര്‍ക്കാര്‍ 660, എന്‍.എച്ച്.എം. 420, പട്ടികജാതി കോളനികളില്‍ 29), 17 ഗവ. സബ്‌സെന്ററുകളും ഹോമിയോരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ അഭൂതപൂര്‍വമായ വികസനപ്രവര്‍ത്തനങ്ങളാണ് ഈ രംഗത്ത് നടത്തിയത്. 110 സര്‍ക്കാര്‍ ഡിസ്‌പെന്‍സറികളും 137 എന്‍.എച്ച്.എം ഡിസ്‌പെന്‍സറികളും ആരംഭിച്ചു. 

ഹോമിയോപ്പതി ചികിത്സയുടെ അനന്തസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ആയുഷ് വകുപ്പ് യാഥാര്‍ഥ്യമാകുന്നതോടെ, മേല്‍പ്പറഞ്ഞ ആയുഷ് ചികിത്സാസമ്പ്രദായങ്ങള്‍ക്ക് പുതിയ കരുത്ത് ലഭിക്കുമെന്നകാര്യം നിസ്തര്‍ക്കമാണ്. നാഷണല്‍ ആയുഷ് മിഷന്റെ സാമ്പത്തികസഹായവും സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനമികവും ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തനസരണിയില്‍ ആശാവഹമായ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുകതന്നെചെയ്യും.

 

കടപ്പാട് : വി.എസ്. ശിവകുമാര്‍ ആയുഷ്ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രി

അവസാനം പരിഷ്കരിച്ചത് : 6/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate