ഇനിമുതല്‍ തടികുറയ്ക്കാന്‍ ആയുര്‍വേദമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളായ ടോക്സിനുകള്‍ ആണ് അമിത വണ്ണത്തിനു കാരണം. ജീവിതത്തില്‍ എല്ലാക്കാര്യങ്ങള്‍ക്കും ഒരു പരിധി വെയ്ക്കുക യെന്നതാണ് ആയുര്‍വേദത്തിന്‍റെ പ്രധാന ആശയം. ഈ ആശയം മുന്‍നിര്‍ത്തിവേണം പരീക്ഷണങ്ങള്‍ നടത്താന്‍.
ആയുര്‍വേദത്തില്‍ അമിത വണ്ണം തടയുന്നതിന് പ്രാരംഭമായ നടപടി ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ്. അതില്‍ ഏറ്റവും പ്രധാനമാണ് രാത്രി നേരത്തെ ഉറങ്ങുന്നതും, രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നതും. ഭക്ഷണക്രമത്തില്‍ വരുന്ന മാറ്റവും ആരോഗ്യത്തിനു ഹാനികരമാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതാണ് നല്ലത്. ആയുര്‍വേദത്തിലൂടെ ശരീരഭാരം കുറയ്ക്കുന്നവര്‍ തീര്‍ച്ചയായും സംസ്കരിച്ചതും, പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
ആയുര്‍വേദത്തിലെ ഏതെല്ലാം മാര്‍ഗ്ഗങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് നോക്കാം:
ഉറക്കമില്ലായ്മ : കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് രാത്രിയില്‍ ആഹാരത്തിനുശേഷം കഴിക്കുക.
നീര് പൊട്ടാന്‍: തൊട്ടാവാടിയുടെ ഇല അരച്ചു പുരട്ടുക.
വയറുവേദനയ്ക്ക്: ഇഞ്ചി ഇടിച്ചു പിഴിഞ്ഞ തെളിനീരെടുത്ത് ഉപ്പുചേര്‍ത്ത് കഴിക്കുക.
ചൂടുകുരുവിന്: കരിക്കിന്‍ വെള്ളം, പഴങ്ങള്‍ മുതലായവ കഴിക്കുക. ത്രിഫലപ്പൊടി പുരട്ടി കുളിക്കുക.
ഉളുക്കിന്: ചെറുനാരങ്ങാ നീരും അതിന്‍റെ ഇരട്ടി കടുകെണ്ണയും ചേര്‍ത്ത് ചൂടാക്കി ഉളുക്ക് ഉണ്ടായ ഭാഗത്ത് തിരുമ്മുക.
വിരല്‍ച്ചുറ്റിന്: ചെറുനാരങ്ങ തുളച്ച് അതിനുള്ളില്‍ വിരല്‍ കിടത്തി വെയ്ക്കുക. വിരല്‍ച്ചുറ്റ് മാറും.
മുഖകാന്തിയ്ക്ക്: ചെറുപയര്‍ പൊടിയും കസ്തൂരി മഞ്ഞളും കൂടി അരച്ചു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക.
മോണനീരിന്: ചെറുനാരങ്ങാതോടുകൊണ്ട് മോണ മൃദുവായി തിരുമ്മുക. മോണയിലെ നീരുവീക്കം ശമിക്കും.
ചൊറിച്ചിലിന്: ചെറുനാരങ്ങാ നീരില്‍ ഇന്തുപ്പുപൊടി ചാലിച്ച് ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടുക.
കഫശല്യം മാറാന്‍: ചുക്കും കുരുമുളകും കല്‍ക്കണ്ടവും തിപ്പലിയും പൊടിച്ച് ദിവസേന കഴിക്കുക. കഫം മൂലമുള്ള ബുദ്ധിമുട്ടും ശ്വാസതടസ്സവും മാറിക്കിട്ടും .
വായിലെ അസുഖങ്ങള്‍: വായിലും നാക്കിലും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും ഇരട്ടി മധുരം ഉപയോഗിച്ചാല്‍ മതി.
ടോണ്‍സിലൈറ്റിസിന്: മുയല്‍ ചെവിയന്‍റെ ഇലയും ഉള്ളിയും സമം ചേര്‍ത്ത് ഉപ്പും കൂട്ടി ചതച്ച് നീരെടുത്ത് തൊണ്ടയ്ക്കകത്തും നെറുകയിലും പുരട്ടുക.
കണ്‍കുരുവിന്: ശുദ്ധിചെയ്തആവണക്കെണ്ണ കണ്‍കുരുവില്‍ പുരട്ടുക.
തൊണ്ടവേദനയ്ക്ക്:വെളുത്തുള്ളി വെള്ളം ചേര്‍ക്കാതെ അരച്ച് കുഴമ്പു പരുവത്തിലാക്കി തൊണ്ടയില്‍ പുരട്ടുക.
ചതുരപ്പുളി
കരംബോള എന്ന ചതുരപ്പുളിയെ നക്ഷത്രപ്പഴം എന്നും അറിയപ്പെടുന്നു. അവിറോമ കാരംബോള എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ പഴം ശ്രീലങ്ക, മോളര്‍ക്കസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ജന്മം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ചതുരപ്പുളി നൂറു വര്‍ഷമായി കൃഷിചെയ്തുവരുന്നു. മുട്ടയുടെ ആകൃതിയില്‍ കണ്ടുവരുന്ന ഈ പഴത്തിന് ഏകദേശം 2-6 ഇഞ്ച് വരെയാണ് വലുപ്പം. കൂടാതെ ഇതിന്‍റെ അഞ്ചു കൂര്‍ത്ത അഗ്രമുഖങ്ങളും ഉണ്ട്. ഇതിന്‍റെ തൊലി കാനം കുറഞ്ഞതും മൃദുവും പശിമയുള്ളതുമാണ്. ഓരോ പഴത്തിലും 10-12 വരെ തവിട്ടുനിറത്തോടുകൂടിയ പരന്ന വിത്തുകള്‍ കാണുന്നു. ചതുരപ്പുളി രണ്ട് തരത്തിലുണ്ട്.
1. കുറഞ്ഞപുളി ഉള്ളവയും.
2. മധുരപുളി ഉള്ളവയും.
ഈ പഴത്തിന്‍റെ പുറംതൊലി ഉള്‍പ്പെടെ എല്ലാഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ആന്‍റി ഓക്സിഡന്റ്റ് പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ ചതുരപ്പുളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു, ഷുഗറും, സോഡിയവും, ആസിഡും കുറവാണ്.
ജ്യൂസ്, സ്ക്വാഷ്, ജെല്ലിസോസ് എന്നിവ ഉണ്ടാക്കാന്‍ ചതുരപ്പുളിയും ഉപയോഗിക്കുന്നു. കടുംപച്ചനിറത്തോടുകൂടിയ ഇലയും പിങ്ക് നിറത്തോടുകൂടിയ പൂക്കളും ഉള്ളതിനാല്‍ ഈ മരം അലങ്കാരച്ചെടിയായും ഉപയോഗിക്കാം.
നല്ല തലമുടിയുള്ള ഒരു ആണിനെയോ പെണ്ണിനെയോ കണ്ടു കിട്ടാന്‍ പ്രയാസം. ജീവി തരീതിയാവാം..അന്തരീക്ഷമലിനീകരണമാവാം..അശ്രദ്ധയാവാം..എന്തോ ആവട്ടെ..എളുപ്പത്തില്‍ തലമുടി വളരാന്‍ ഇതാ..മുത്തശ്ശി പറഞ്ഞു തന്ന ചില എളുപ്പ വഴികള്‍..മുത്തശ്ശി ചെറുപ്പത്തില്‍ കാച്ചി തേച്ചിരുന്ന ചില എണ്ണകളുടെ റെസിപ്പിയാണ് ട്ടൊ..
കറ്റാര്‍വാഴ – ഒരു തണ്ട്
ചെറിയ ഉള്ളി – 2 എണ്ണം
ജീരകം – ഒരു ടീസ്പൂണ്‍
തുളസിയില – 10 തണ്ട്
വെളിച്ചെണ്ണ – 250 ഗ്രാം
കറ്റാര്‍ വാഴ, ഉള്ളി, ജീരകം, തുളസിയില എന്നിവ നന്നായി അരച്ചെടുത്ത് ശേഷം വെളിച്ചെണ്ണയില്‍ ഇട്ട് കാച്ചി പതവറ്റിച്ചു എടുക്കുക. എണ്ണ ആറിയതിനുശേഷം അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിച്ച് ദിവസവും കുളിക്കുന്നതിനു 10 മിനിട്ട് മുന്‍പ് തലയില്‍ തേച്ചുപിടിപ്പിക്കുക.
കയ്യോന്നി(കയ്യുണ്യം) – 10 തണ്ട്
തുളസിയില – 10 തണ്ട്
ചെറിയ ഉള്ളി – രണ്ടെണ്ണം
ജീരകം – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 250 ഗ്രാം
അരച്ചെടുത്ത ചേരുവകള്‍ വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ചെടുത്തു ഉപയോഗിക്കുക.
3. മൈലാഞ്ചിയെണ്ണ
മൈലാഞ്ചി – 10 തണ്ട്
കയ്യോന്നി – 5 തണ്ട്
ചെമ്പരത്തിമൊട്ട് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
ചുവന്നുള്ളി – 2 എണ്ണം
വെളിച്ചെണ്ണ – 250 ഗ്രാം
മേല്‍പ്പറഞ്ഞ ചേരുവകള്‍ നന്നായി അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ച് അരിപ്പയില്‍ അരിച്ച് തണുക്കുമ്പോള്‍ കുപ്പിയിലാക്കുക.
ബ്രഹ്മി – 10 തണ്ട്
നെല്ലിക്ക – 5 എണ്ണം
ജീരകം – 1 ടീസ്പൂണ്‍
ചെറിയ ഉള്ളി – 2 എണ്ണം
വെളിച്ചെണ്ണ – 250 ഗ്രാം
ഇവയെല്ലാം അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ചെടുത്ത് തണുക്കുമ്പോള്‍ അരിച്ചു സൂക്ഷിക്കുക.
അശോകത്തിന്‍റെ പൂവ് – 20 എണ്ണം
ചെത്തിപ്പൂവ് – 10 എണ്ണം
തുളസിയില – 5 തണ്ട്
ചെറിയ ഉള്ളി – 2 എണ്ണം
കൂവളത്തില – 4 എണ്ണം
പൂവാം കുരുന്നില – 3 എണ്ണം
കുരുമുളക് – 1 എണ്ണം
വെളിച്ചെണ്ണ – 250 ഗ്രാം
ചേരുവകള്‍ അരച്ചെടുത്ത ശേഷം വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് അരിച്ച് കുപ്പിയിലാക്കി ഉപയോഗിക്കുക.
മേല്‍ പ്രസ്താവിച്ചിട്ടുള്ള ഔഷധ ഗുണമുള്ള മുഖ്യ ചേരുവകള്‍ പച്ചയായിതന്നെ എണ്ണകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കണം. ഓരോഎണ്ണയും മാറി മാറി ഉപയോഗിക്കുന്നതിന് പകരം ഒരു എണ്ണ തെരഞ്ഞെടുത്ത് തുടര്‍ച്ചയായി മൂന്നുമാസക്കാലം ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പ്പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. താരന്‍ മുടിക്കൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കുവാന്‍ പരിചരണം കൊണ്ടേ കഴിയൂ. കുളിക്കുമ്പോള്‍ തലമുടികള്‍ക്കിടയിലൂടെ തലയോട്ടിയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യുക. നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കേട്ടാവൂ.
ഇലക്‌ട്രോണിക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിരന്തരം മുടി കൃത്രിമമായി ഉണക്കുവാന്‍ ശ്രമിച്ചാല്‍ മുടി പൊട്ടിപ്പിളരുവാന്‍ ഇടയുണ്ട്. വേനല്‍ക്കാലത്ത് മുടിയില്‍ അഴുക്കും പൊടിയും പിടിക്കുന്നത് പെട്ടന്നായിരിക്കും. അതിനാല്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും താളിയോ ഹെര്‍ബല്‍ ഷാമ്പുവോ ഉപയൂഗിച്ച് തല മുടിയിലെ അഴുക്കു നീക്കം ചെയ്യണം.
1. ചെമ്പരത്തിയില – ഒരുപിടി
മൈലാഞ്ചിയില – ഒരുപിടി
കറിവേപ്പില – ഒരുപിടി
ഉലുവ – രണ്ട് സ്പൂണ്‍
പച്ചനെല്ലിക്ക – രണ്ടെണ്ണം
തൈര് – രണ്ട് സ്പൂണ്‍
മേല്‍പ്പറഞ്ഞ ചേരുവകള്‍ കൂട്ടിയോജിപ്പിച്ച് നന്നായി അരച്ച് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. ഒന്നാം തരം ഹെര്‍ബല്‍ ഷാംപൂ എന്നതിലുപരി മുടി വളരുന്നതിനും മുടിക്ക് തിളക്കവും ഭംഗി ലഭിക്കുന്നതിനും ഇത് ഉത്തമമാണ്.
2. കടലമാവ്- 1 കിലോ
ചന്ദനപ്പൊടി – 250 ഗ്രാം
വേപ്പില ഉണക്കിപ്പൊടിയാക്കിയത് – 4 കപ്പ്
ചീവയ്ക്കാപ്പൊടി – 1 കിലോ
പൊടികള്‍ എല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം അരിച്ചെടുത്ത് ഒരു കുപ്പിയിലിട്ടു വെയ്ക്കുക. തലയില്‍ ഷാംപൂ ഉപയോഗിക്കണ്ട സമയങ്ങളില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പൊടിയെടുത്ത് ഒരു കപ്പ് വെള്ളത്തില്‍ കലക്കി തലയില്‍ തേച്ചുകുളിക്കുക.
3. തലമുടിയുടെയും തലയോട്ടിയുടെയും സ്വാഭാവിക തനിമ നിലനിര്‍ത്തുവാനുള്ള പ്രകൃതി ദത്തമായ ഒരു ഷാംപൂവാണ് നാട്ടിന്‍പുറങ്ങളില്‍ കാണാറുള്ള ഉറുവഞ്ചിക (ഉറിഞ്ചിക്ക), ഇത് വെള്ളത്തില്‍ ഞെരടി പതച്ച് തലയില്‍ ഉപയോഗിച്ചാല്‍ മുടിക്ക് സ്നിഗ്ദതയും സൗന്ദര്യവും ലഭിക്കും.
ഗൃഹ ഔഷധികള്‍ നമുക്കിന്ന്‍ അന്യം
ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ കേരളത്തില്‍ പ്രാഥമിക ആരോഗ്യ പരിചരണത്തിന് ഗൃഹ ഔഷധികള്‍ ഒരു വലിയ പങ്ക് വഹിച്ചിരുന്നു. ആയുര്‍വേദത്തില്‍ ഒരു ഔഷധം നിര്‍മ്മിക്കുന്നതിന് അനേകം ചേരുവകള്‍ വേണ്ടിവരുമ്പോള്‍ ഗൃഹ ഔഷധചികിത്സയില്‍ ഒറ്റമൂലികള്‍ മാത്രമാണ് രോ ഗനിവാരണത്തിനായി ഉപയോഗിച്ചിരുന്നത്. പണ്ടുകാലത്ത് ഗൃഹ ഔഷധികള്‍ വീട്ടു പറമ്പിലും തൊടികളിലും സുലഭമായിരുന്നു. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ഈ ചെടികളോരോന്നിന്റെയും പേരുകളും അവയുടെ ഔഷധഗുണങ്ങളും ചികിത്സാരീതികളും ഹൃദിസ്ഥമായിരുന്നു.
എന്നാല്‍ ഇന്നത്തെ പുതുതലമുറയ്ക്ക് ഗൃഹ ഔഷധികള്‍ എന്തെന്നു പോലും അറിയില്ല എന്നതാണ് വാസ്തവം. സ്ഥലലഭ്യതയില്‍ വന്ന കുറവും ജീവിതസാഹചര്യ ങ്ങളില്‍ മാറ്റങ്ങളും സൃഷ്ടിച്ച അവസ്ഥാഭേദങ്ങള്‍ അങ്ങനെ ഔഷധസസ്യങ്ങളുടെ നാശത്തിനു പോലും കാരണമായിത്തീരുകയാണ്.
ആദ്യകാലങ്ങളില്‍ പറമ്പുകളുടെ അതിരുകള്‍ വേര്‍തിരിച്ചിരുന്നത് വേലികള്‍ കൊണ്ടായിരുന്നു. വേലി കെട്ടാന്‍ ഉപയോഗിച്ചിരുന്ന കുറ്റിച്ചെടികളും ചെറുമരങ്ങളും ഓഷധഗുണമുള്ളതുമായിരുന്നു. ഇതില്‍ ആടലോടകവും കരിനൊച്ചിയും മഞ്ഞളും മൈലാഞ്ചിയും ഉള്‍പ്പെടുന്നു. കൂടാതെ കടലാവണക്കും ശീമക്കൊന്നയും ഓരോ പറമ്പിന്റെയും അതിര്‍ത്തി നിശ്ചയിച്ചിരുന്നു . ഈ വേലിയില്‍ പടര്‍ന്ന് കയറുന്നതും ഔഷധച്ചെടികള്‍തന്നെ. ചിറ്റമൃത്, തിരുതാളി, വള്ളിപ്പാല, കരളകം, ശംഖുപുഷ്പം, പുലിച്ചുവടി, നന്നാറി, അടപ്പതിയന്‍ പൂത്തു നിന്നിരുന്ന അതിരുകള്‍ നമ്മുടെ നാടിന്റെ അടയാളങ്ങളായിരുന്നു.
കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് കിണറുകളെയും കുളങ്ങളെയും ആണ്. കിണറിനും കുളത്തിനും ചുറ്റുമുള്ള മണ്ണ് എപ്പോഴും നനവാര്‍ന്നതായതുകൊണ്ട് പുളിയാറില, മുത്തില്‍, കയ്യോന്നി, ബ്രഹ്മി, മുത്തങ്ങ എന്നീ ഔഷധച്ചെടികള്‍ ഇതിനു ചുറ്റും വളര്‍ന്നിരുന്നു. തുളസി, പനിക്കൂര്‍ക്ക, മഞ്ഞള്‍, ഇഞ്ചി ഇവ നട്ടുവളര്‍ത്തുകയും ചെയ്തിരുന്നു. കൂടാതെ മുയല്‍ച്ചെവിയനും കുവയും തുമ്പയും പൂവാകുറുന്തലും മുക്കുറ്റിയും നിലപ്പനയും, കുറുന്തോട്ടിയും , കൊടിത്തൂവയും, പര്‍പ്പിടകപുല്ലും, ഓരില, മൂവില തുടങ്ങിയവയുമെല്ലാം പറമ്പിലും തൊടികളിലും സുലഭമായി വളര്‍ന്നു.
കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ജൈവവേലികള്‍ അപ്രത്യക്ഷമായി. അവയുടെ സ്ഥാനം കോണ്‍ക്രീറ്റിലും , ഇഷ്ടികയിലും, വെട്ടുകല്ലിലും തീര്‍ത്ത മതിലുകള്‍ കൈയ്യടക്കി. നഗരങ്ങളില്‍ ശുദ്ധജലം ലഭിക്കുന്ന കിണറുകള്‍ ദുര്‍ലഭമായിമാറി. കുടിവെള്ളം പൈപ്പിലൂടെയും കുപ്പികളിലൂടെയും മാത്രമായി. ഈ അവസ്ഥ നമ്മുടെ ഔഷധച്ചെടികളെയും അവയുടെ ഉപയോഗവും വിസ്മരിച്ച് തുടങ്ങുന്നതിന് കാരണമായിത്തീര്‍ന്നു.
അടുത്തകാലത്തായി തഴച്ച് വളരാന്‍ തുടങ്ങിയ അധിനിവേശ കളസസ്യങ്ങളും ഔഷധസസ്യങ്ങളുടെ സ്ഥാനം അപഹരിച്ചുതുടങ്ങിയിട്ടുണ്ട് . ഇതോടെ പൂര്‍ണ്ണമായും ഔഷധഗുണമുള്ളതെല്ലാം നമ്മെ വിട്ടു പോകാന്‍ തുടങ്ങി. ഇന്ന് പേരിനുപോലും ഇവയൊന്നും നമുക്ക് കിട്ടാതെ ആയി. ഒറ്റമൂലികള്‍ ഉപേക്ഷിച്ച് നാം പൂര്‍ണ്ണമായും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു.
മറന്നു തുടങ്ങിയ ചില ഔഷധസസ്യങ്ങളേയും അവയുടെ ഔഷധഗുണങ്ങളും നമുക്കൊന്ന് ഓര്‍ത്തെടുക്കാം.
മനോഹരമായ പുഷ്പങ്ങള്‍ ഉള്ള അശോകത്തെ ഹൈന്ദവരും ബുദ്ധമതക്കാരും പുണ്യ വൃക്ഷമായി കരുതുന്നു. ഗര്‍ഭാശയ, ആര്‍ത്തവ രോഗങ്ങള്‍ക്ക് അശോകം വളരെ ഗുണകരമാണ്. അശോകത്തിന്‍റെ പൂവിനും തൊലിക്കും ഔഷധഗുണമുണ്ട്. വയറു വേദന, തോലിപ്പുറത്തുണ്ടാകുന്ന വ്രണം, അര്‍ശസ്സ് എന്നിവയുടെ ചികിത്സയ്ക്കായി ഇവ ഉപയോഗിക്കുന്നു. നിറം വര്‍ദ്ധിപ്പിക്കാനും മൂത്രാശയ രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു. അശോകത്തിന്‍റെ പൂവ് ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്തു കഴിക്കുന്നത് രക്തശുദ്ധി ഉണ്ടാക്കും. അശോകത്തിന്‍റെ തൊലിക്ക് ഗര്‍ഭപത്രത്തെ ഉത്തേജിപ്പിക്കാനുള്ള ശേഷി ഉണ്ട്. ഗര്‍ഭാശയ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും അശോകത്തില്‍ നിന്ന്‍ നിര്‍മ്മിച്ച ഔഷധങ്ങള്‍ ഉപയോഗിക്കുന്നു.
അനവധി ശിഖരങ്ങള്‍ ഉള്ള ഈ ചെടിയുടെ ഇലകള്‍ നിത്യഹരിതങ്ങളാണ്. ആടലോടകത്തിന്‍റെ പൂവും, ഇലയും, തൊലിയും, വേരും എല്ലാം ഔഷധമയി ഉപയോഗിക്കുന്നു. ചുമയ്ക്കും കഫത്തിനും ഏറ്റവും നല്ല ഔഷധമാണ് ഇത്. ആടലോടകത്തിന്‍റെ ഉണങ്ങിയ ഇല ചുരുട്ടാക്കി വലിക്കുന്നത് ആസ്തമയ്ക്കു ശമനം വരുത്തും. നേത്രരോഗങ്ങള്‍ക്ക് ആടലോടകത്തിന്‍റെ പൂവ് ഔഷധമാണ്. ആടലോടകത്തിന്‍റെ കഷായം പനിക്ക് വളരെ ഗുണം ചെയ്യും.
കേരളത്തിലും തമിഴ്നാട്ടിലും കാണപ്പെടുന്ന ഔഷധസസ്യമാണ് ആവണക്ക്. വെളുപ്പ്, കറുപ്പ്, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിധത്തിലാണ് ആവണക്ക് കാണപ്പെടുന്നത്. ഇതിന്‍റെ തൈലം, ഇല, കൂമ്പ്, വേരുകള്‍, പൂവ്, വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. വെളുത്ത കുരുവില്‍ നിന്നു ലഭിക്കുന്ന തൈലമാണ് ഏറ്റവും ഉത്തമം. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും, നേത്രരോഗങ്ങള്‍ തടയുന്നതിനും, തലയിലെ ത്വക്കില്‍ വരുന്ന രോഗങ്ങള്‍ തടയുന്നതിനും,ആര്‍ത്തവ സംബന്ധമായ വേദനയും വാതസംബന്ധമായ വേദനയും ഇല്ലാതാക്കുന്നതിനും ആവണക്കിനു കഴിവുണ്ട്.എന്നാല്‍ ആവണക്കിന്‍റെ കുരുവില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന റിസിന്‍ മാരകവിഷമാണ്. ഇത് ശരീരത്തില്‍ എത്തിയാല്‍ 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും.
മണ്ണിനടിയില്‍ വളരുന്ന കിഴങ്ങുവര്‍ഗ്ഗമാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇത്. പ്രത്യേക തരത്തില്‍ ഇഞ്ചി ഉണക്കിയുണ്ടാക്കുന്ന ചുക്ക് ആയുര്‍വേദ ഔഷധങ്ങളില്‍ ഒരു പ്രധാന ചേരുവയാണ്. ഉദരരോഗങ്ങളെ ശമിപ്പിക്കുന്നു. ഛര്‍ദിക്ക് ഉത്തമമായ ഔഷധമാണ്. ദഹനക്കേടിനും ഫലപ്രദം. അതിസാരം, അജീര്‍ണ്ണം, അര്‍ശസ്, പ്രമേഹം തുടങ്ങിയവക്കെല്ലാം ഔഷധമായി ഉപയോഗിക്കുന്നു.
ആഹാരത്തിനു രുചി വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന കറിവേപ്പിലയുടെ ഇലയും തൊലിയും വേരും ഔഷധയോഗ്യമാണ്. സ്വാദിനോപ്പം മണവും നല്‍കുന്ന ഒന്നാണ് കറിവേപ്പില. ജീവകം എ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ നേത്ര രോഗങ്ങള്‍ ശമിപ്പിക്കാന്‍ കറിവേപ്പിലക്ക് കഴിവുണ്ട്. എണ്ണകാച്ചി തലയില്‍ തേക്കുന്നതും ഉത്തമം. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു.
നിലം പറ്റി വളരുന്ന ഈ പുല്‍ച്ചെടി പൂജ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കാറുണ്ട്. കൂടാതെ ബുദ്ധിവികാസത്തിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് കറുക. നട്ടെല്ലിനും, തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകയുടെ നീര് ഔഷധമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ഓര്‍മ്മശക്തിക്കും ഉത്തമമായ ഔഷധമാണ് ഇത്. അമിതമായുള്ള രക്ത പ്രവാഹം ഇല്ലാതാക്കാനും, കഫ-പിത്ത രോഗങ്ങള്‍ ഇല്ലാതാക്കാനും കറുകയ്ക്ക് കഴിവുണ്ട്.
മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് കരിങ്ങാലി. കേരളത്തില്‍ ഈ വൃക്ഷം വ്യാപകമായി വളരുന്നു. ദാഹശമിനിയായാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. ഇതിന്‍റെ കാതല്‍, തണ്ട്, പൂവ് എന്നിവ ഔഷധത്തിനായി എടുക്കുന്നു.
ഭക്ഷണത്തിന് സ്വാദും മണവും നല്‍കുന്ന സുഗന്ധവ്യഞ്ജനമാണ് ഉലുവ. ആയുര്‍വേദ ഔഷധനിര്‍മാണത്തിനും ഉലുവ ഉപയോഗിക്കുന്നു. വിത്തും. ഇലയും ആണ് ഔഷധയോഗ്യം. മൂത്രത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹത്തിന് ഉത്തമമായ ഒരു മരുന്നാണ് ഉലുവ. കൂടാതെ രക്താതിസാരം, അഗ്നിമാന്ദ്യം, മഹോദരം, വാതം, കഫദോഷങ്ങൾ, ഛർദ്ദി, കൃമിശല്യം, അർശ്ശസ്, ചുമ, വിളർച്ച തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായും ഉലുവ ഉപയോഗിക്കുന്നു. മുലപ്പാൽ വർദ്ധിക്കുന്നതിന് അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാൽ നല്ലതാണ്. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടിയുണ്ടാകും. ശരീരം ദുര്‍ഗന്ധം മാറുന്നതിന് ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടിക്കുളിച്ചാൽ മതി
എള്ളിന്‍റെ ജന്മദേശം ആഫ്രിക്കയാണ്. എള്ള് പ്രധാനമായി നാലുതരമുണ്ട്. കറുത്തത്, വെളുത്തത്, ചുവന്നത്, ഇളം ചുവപ്പുളളത്. ഇതുകൂടാതെ കാരെള്ള്, ചെറിയ എള്ള് എന്ന രണ്ടിരം കൂടിയുണ്ട്. എന്നും തേയ്ക്കുന്ന തൈലങ്ങളില്‍ വച്ചേറ്റവും കുറ്റമറ്റത് എള്ളെണ്ണയാണ്. ചര്‍മ്മത്തിനും മുടിക്കും വിശേഷമാണ്. എള്ളെണ്ണയ്ക്ക് നല്ലെണ്ണ എന്നുകൂടി പേരുണ്ട്. എള്ളുമണിയില്‍ 50% തൈലമുണ്ട്. ഒൗഷധാവശ്യങ്ങള്‍ക്കും സോപ്പ്, പെയിന്‍റ് തുടങ്ങിയവയുണ്ടാക്കാനും ഉപയോഗിക്കുന്നു. ചൈനകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എള്ള് ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. പാലക്കാട്, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൃഷി.
എള്ള് ബു ദ്ധി, അഗ്നി, കഫം, പിത്തം എന്നിവകളെ വര്‍ദ്ധിപ്പിക്കും. എള്ളെണ്ണ മറ്റു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് വിധിപ്രകാരം കാച്ചിയാല്‍ വാതവും കഫജവുമായ രോഗങ്ങളെ ശമിപ്പിക്കാനുളള ശക്തിയുണ്ട്. എള്ള് കൊച്ചുകുട്ടികളുടെ ആഹാരത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് വളരെ നല്ലതാണ്. എള്ള് ശരീരത്തിന് ബലവും നല്ലപുഷ്ടിയും ഉണ്ടാക്കും. ശരീര സ്നിഗ്ദ്ധത, ബുദ്ധി, മലശോധന, മുലപ്പാല്‍, ശരീരപുഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും. നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍ മാറാത്തതെന്ന് കരുതുന്ന പല രോഗങ്ങളും ശരീരത്തില്‍ നിന്ന് അകന്നുപോകും. കണ്ണ്, കാത്, തല എന്നിവയിലുളള രോഗങ്ങളെ നശിപ്പിക്കും. കണ്ണിനു കഴ്ച, ശരീരത്തിനു പുഷ്ടി, ശക്തി, തേജസ്സ് എന്നിവ വര്‍ദ്ധിപ്പിക്കും. ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കും. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. ചര്‍മ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. പല ഭക്ഷ്യസാധനങ്ങള്‍ എള്ളു കൊണ്ട് ഉണ്ടാക്കാം. ശരീരത്തില്‍ പ്രോട്ടിന്‍റെ അളവ് കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്ത് കഴിക്കു.
എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുളളവര്‍ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് എള്ളെണ്ണ. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. നിത്യേന എള്ള് കഴിച്ചാല്‍ സ്വരമാധുരി ഉണ്ടാകും. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും. മുടിക്ക് മിനുസവും കറുപ്പുമുണ്ടാകും.
എള്ളില്‍ പലതരം അമിനോ അമ്ലങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം ഇരുപതോളം അമിനോ അമ്ലങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യശരീരത്തിലെ മാംസ്യം. ഓരോ ആഹാര പദാര്‍ത്ഥത്തിലുമുളള മാംസ്യത്തിന്‍റെ ഘടന അതിലുളള അമ്ലങ്ങളുടെ അനുപാതത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വസ്തുതയാണ് ഓരോ ആഹാരസാധനങ്ങളിലുമുളള പോഷകമൂല്യം നിശ്ചയിക്കുന്നത്. കൂടാതെ എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വായുടെയും തൊണ്ടയുടേയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കും. മനസ്സിന് സന്തോഷമുണ്ടാക്കും.
ആചാരാനുഷ്ഠാനങ്ങളിലും എള്ളിനു പ്രധാനപെട്ടൊരു സ്ഥാനമുണ്ട്. ശനിയെ പ്രീതിപ്പെടുത്താന്‍ ശിവന് എണ്ണധാര ചെയ്യുകയും എണ്ണയൊഴിച്ച് പിറകില്‍ വിളക്കു കത്തിക്കുകയും ചെയ്യുന്നുണ്ട്. പിതൃകര്‍മങ്ങള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ എള്ള് (തിലം) ഉപയോഗിക്കുന്നു. ചില ഔഷധ പ്രയോഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.
രക്താധിസാരം: എള്ള് വെള്ളം ചേര്‍ത്ത് നല്ലതുപോലെ അരച്ച് ആറു ഗ്രാമെടുത്ത് പത്ത് ഗ്രാം വെണ്ണയില്‍ ചാലിച്ച് സേവിക്കേുക. കറുത്ത എള്ള് ആട്ടിന്‍ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ മലത്തിന്‍റെ കൂടെ രക്തവും ചളിയും കൂടി പോകുന്നത് ശമിക്കും.
അര്‍ശ്ശസ്: നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ചു കഴിച്ചാല്‍ കുറയും.
ആര്‍ത്തവം: എള്ള് കഷായമാക്കി സേവിച്ചാല്‍ ആര്‍ത്തവ ദോഷം ശമിക്കും. വേദനയോടുകൂടിയ ആര്‍ത്തവം അനുഭവപ്പെടുമ്പോള്‍ കുറച്ച് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ ദിവസേന രണ്ടു നേരം ആര്‍ത്തവത്തിന് രണ്ടാഴ്ച മുന്‍പ് മുതല്‍ കഴിച്ചാല്‍ ശമിക്കും. എള്ളും ശര്‍ക്കരയും ദിവസേന കഴിക്കുന്നതും നല്ലതാണ്. ഉഷ്ണവീര്യമുളള എള്ളിന് ആര്‍ത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗര്‍ഭവതികള്‍ എള്ള് അധികമായി ഒരിക്കലും ഉപയോഗിക്കരുത്. കൃശഗാത്രികള്‍ക്കു തന്മൂലം ഗര്‍ഭഛിദ്രം കൂടി ഉണ്ടായേക്കാം. എള്ള് പൊടിച്ചത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരവും ഭക്ഷണത്തിനു ശേഷം ചൂടുവെളളത്തില്‍ സേവിച്ചാല്‍ ആര്‍ത്തവവേദന കുറയും. എള്ളെണ്ണയില്‍ കോഴിമുട്ട അടിച്ച് മൂന്നുദിവസം കഴിച്ചാല്‍ അല്പാര്‍ത്തവം, കഷ്ടാര്‍ത്തവം, വിഷമാര്‍ത്തവം ഇവ മാറും.
ഗര്‍ഭാശയ സങ്കോചം : എള്ള് പൊടിച്ചത് പത്ത് നെന്മണിത്തൂക്കം വീതം ദിവസവും മൂന്നോ നാലോ തവണ കൊടുക്കുന്നതു ഗര്‍ഭാശയം സങ്കോചിക്കുന്നതിനു നല്ലതാണ്.
ആരോഗ്യം: അഞ്ചു ഗ്രാം വീതം എള്ളും തൃഫലചൂര്‍ണ്ണവും യോജിപ്പിച്ച് ദിവസേന വെറും വയറ്റില്‍ സേവിക്കുന്നത് ആരോഗ്യത്തിന് ഉത്തമം. എള്ള് കല്‍ക്കണ്ടമോ ശര്‍ക്കരയോ ചേര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
തലമുടി :എള്ളെണ്ണ തേക്കുന്നതും എള്ളില അരച്ചു തലയ്ക്കു ഉപയോഗിക്കുന്നതും നന്ന്. കറുത്ത തലമുടിക്ക് എള്ള് വറുത്തു പൊടിച്ച് നെല്ലിക്കയും കയ്യോന്നിയും ഉണക്കിപ്പൊടിച്ച് ചേര്‍ത്ത് ദിവസേന കഴിക്കുക. നെല്ലിക്കാനീരിന്‍റെ നാലിലൊന്ന് എള്ളെണ്ണയില്‍ ചേര്‍ത്ത് കാച്ചിതേച്ചാല്‍ മുടിക്കൊഴിച്ചില്‍ കുറയും.
ശരീരബലം: എള്ളും അരിയും വറുത്തിടിച്ച് തിന്നുക. എള്ളു വറുത്ത് ശര്‍ക്കര ചേര്‍ത്തു ഭക്ഷിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും. ചുമയും കഫക്കെട്ടും മാറും. എള്ളു റാഗിയും ചേര്‍ത്ത് അടയാക്കി പ്രമേഹ രോഗികള്‍ കഴിച്ചാല്‍ ശരീരബലവും ധാതുശക്തിയും വര്‍ദ്ധിക്കും.
പരിണാമശൂല :ചുക്ക് അതിന്‍റെ ഇരട്ടി എള്ള്, എള്ളിന്‍റെ ഇരട്ടി ശര്‍ക്കര എല്ലാം കൂടി അരച്ച് പാലില്‍ സേവിക്കുന്നത് ഗുണകരമാണ്.
പൊളളല്‍: വെള്ളിച്ചെണ്ണയും എള്ളെണ്ണയും സമം ചേര്‍ത്ത് പുരട്ടുക.
പ്രമേഹം: കാലത്ത് വെറും വയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും എള്ളെണ്ണ രണ്ട് ടീസ്പൂണ്‍ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുളള മധുരാംശം കുറയും. കഫരോഗം മാറി ശക്തിയുണ്ടാകും.വാതം വരാതിരിക്കാനും ശക്തിയുണ്ടാകാനും ഉത്തമം.
ഭഗന്ദ്വരം: 25 ഗ്രാം എള്ള് അരച്ച് 150 മി.ലി. പാലില്‍ കലക്കി ദിവസേന സേവിക്കുക.
മലബന്ധം: എള്ള് പാല്‍ക്കഷായമാക്കി സേവിച്ചാല്‍ മാറിക്കിട്ടും.
മാംസ്യത്തിന്‍റെ കുറവ്: എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്തു കുറേശ്ശെ ദിവസം കഴിച്ചാല്‍ പ്രോട്ടീന്‍റെ കുറവു മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രതിവിധിയാകും.
രക്താര്‍ശ്ശസ്: എള്ളരച്ച് സമം വെണ്ണയും ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക. പാല്‍ കഷായമാക്കി കഴിച്ചാലും നന്ന്.
വിദ്യ വിജയന്‍
നമ്മളാരും അത്ര അധികം പ്രാധാന്യം കൊടുക്കാത്ത ഒരു ഭക്ഷ്യവസ്തുവാണ് ജീരകം. എന്നാല്‍ ഭക്ഷണങ്ങള്‍ക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ നമ്മുടെ ശരീരത്തിനും ആരോഗ്യതിനും ഇത് വളരെ അധികം ഗുണകരമാണ്.
അവസാനം പരിഷ്കരിച്ചത് : 6/10/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍