ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ലോകത്തിന്റെ മുഴുവന്‍ ഊര്‍ജ്ജാവശ്യങ്ങളും ഹരിത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നു ലഭ്യമാക്കാമെന്നു തെളിയിക്കുന്ന "ഊര്‍ജ്ജ റിപ്പോര്‍ട്ട്: 2050-ല്‍ 100% ഹരിത ഊര്‍ജ്ജം" എന്ന പഠനം, ഡബ്ല്യൂ.ഡബ്ല്യൂ.എഫ് (WWF International) 2011-ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആ ആഗോളപഠനത്തിന്റെ ദേശീയ-പ്രാദേശിക തലങ്ങളിലെ പിന്തുടര്ച്ചയായി പലയിടങ്ങളിലും പഠനങ്ങള്‍ തുടര്‍ന്നു നടന്നു. അങ്ങനെയാണ് കേരളത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങളും 2050-ല്‍ 100% സുസ്ഥിര ഊര്‍ജ്ജത്തില്‍ നിന്നു ലഭ്യമാക്കാന്‍ കഴിയുമോ എന്ന പഠനം നടത്താന്‍ (WWF India) തീരുമാനിച്ചത്. അതിനായി പൂന ആസ്ഥാനമായുള്ള വിശ്വ സുസ്ഥിര ഊര്‍ജ്ജ ഇന്‍സ്റ്റിറ്റ്യൂട്ടിനെ (World Institute of Sustainable Energy – WISE) ചുമതലപ്പെടുത്തുകയുണ്ടായി.
ഈ ഗവേഷണ പഠനം ഇനി പറയുന്ന ചതുര്-ഘട്ട സമീപനത്തിലൂടെയാണ് പൂര്‍ത്തിയാക്കിയത്.
നിഗമനങ്ങളുടെ സംഗ്രഹം
സാങ്കേതികമായി, കേരളത്തിന്റെ 2050-ലെ ഊര്‍ജ്ജ ആവശ്യങ്ങളുടെ 95 ശതമാനം ഹരിത സ്രോതസ്സുകളില്‍ നിന്നും ഉല്പാദിപ്പിക്കാമെന്നതാണ് ഈ പഠനത്തിന്റെ പ്രധാന നിഗമനം പൊതുവായി പറഞ്ഞാല്‍, ഈ പഠനഫലങ്ങള്‍ തെളിയിക്കുന്നത് നടപ്പുരീതിയിലുള്ള സാമ്പത്തിക വളര്‍ച്ച (Business – As-Usual Growth) തുടര്‍ന്നാല്‍, കേരളം കൂടുതല്‍ കൂടുതല്‍ ഇല്ലാതായി വരുന്ന അശ്മക ഇന്ധനങ്ങളെ കേരളത്തിന് ആശ്രയിക്കേണ്ടിവരും. ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജകാര്യക്ഷമത, സ്രോതസ്സുമാറ്റം എന്നീ രംഗങ്ങളിലെ നിശിതമായ ഇടപെടലുകളിലൂടെ ഊര്‍ജ്ജ ആവശ്യം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. അങ്ങനെ വെട്ടിച്ചുരുക്കിയ ഊര്‍ജ്ജ ആവശ്യം മുഴുവന്‍ 2050-ല്‍ ഹരിത സ്രോതസ്സുകളില്‍ നിന്നു ലഭ്യമാക്കുക വഴി, അശ്മക ഇന്ധനങ്ങളെ ആശ്രയിച്ചുള്ള വികസനമാതൃകയില്‍ നിന്നു കേരളത്തിനു മുക്തമാകാന്‍ കഴിയും.
വന്‍കിട വ്യവസായ വളര്‍ച്ച പോലുള്ള സാമ്പ്രദായിക സാമ്പത്തിക സൂചികകളുടെ അഭാവത്തിലും കേരളം മികച്ച മാനവ വികസനം സാദ്ധ്യമാക്കി.സാക്ഷരത, ആരോഗ്യസംരക്ഷണം, ജനസംഖ്യാനിയന്ത്രണം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളില്‍ വികസിത രാജ്യങ്ങള്‍ക്കു തുല്യമായ നേട്ടങ്ങള്‍ കൈവരിച്ച കേരളം, വികേന്ദ്രീകൃത വികസന-ഭരണ മാതൃകകള്‍ സൃഷ്ടിക്കുന്നതിലും മുന്‍പന്തിയിലാണ്. മാനവ വികസനത്തെയും ജീവിതത്തിന്റെ ഗുണനിലവാരത്തെയും വ്യവസായ കേന്ദ്രിത സാമ്പ്രദായിക സാമ്പത്തിക വളര്‍ച്ചയില്‍ നിന്ന് വിയോജിപ്പിക്കുന്ന (Decoupling Human Development from Conventional Economic Growth) മാതൃകയാണ് കേരളത്തിന്റെ വികസനം. എങ്കിലും ഊര്‍ജ്ജ ലഭ്യത, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഭക്ഷ്യ ഉത്പാദനം തുടങ്ങിയ രംഗങ്ങളില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. അതിനാല്‍ കേരളത്തിന്റെ വികസനത്തിന് പുതിയൊരു സമീപനം ആവശ്യമാണെന്നു പറയാം. അത് സുസ്ഥിരം (Sustainable) ആയിരിക്കുകയും വേണം.
ഗതാഗത മേഖല
റോഡ്, റയില്‍, ജലം, വ്യോമമാര്‍ഗ്ഗം എന്നീ നാലു ഗതാഗത മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.തീരദേശ, സമതല പ്രദേശത്ത് റോഡ്, റയില്‍ ഗതാഗതത്തിന്റെ രണ്ടു ഇടനാഴികള്‍ നിലവിലുണ്ട്. എങ്കിലും യാത്രയ്ക്കും, ചരക്കു കടത്തുന്നതിനും ഏറെയും ഉപയോഗിക്കുന്നത് റോഡു തന്നെയാണ്. റോഡുഗതാഗത രംഗത്ത് 2000-01 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ വിവിധയിനം വാഹനങ്ങളുടെ സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് (Compound Annual Growth Rate – CAGR) 5 ശതമാനമായിരുന്നു. കാറുകളുടെ വളര്‍ച്ച ഏറ്റവും ഉയര്‍ന്ന 14.26 ശതമാനമായിരുന്നപ്പോള്, ചരക്കുകടത്തിനുപയോഗിക്കുന്ന ടെമ്പോകളും മുച്ചക്രവാഹനങ്ങളും 13.57 ശതമാനവും,ഇരുചക്രവാഹനങ്ങള്‍ 12.3 ശതമാനവും, മിനിബസ്സുകള് 10.73 ശതമാനവും വര്‍ദ്ധിക്കുകയുണ്ടായി. ആളോഹരി കണക്കനുസരിച്ച് ഇതേ കാലയളവില്‍ 1000 ആളുകള്‍ക്ക് 8 കാറുകള്‍ എന്ന നിലയില്‍ നിന്ന് 36 കാറുകള്‍ ആയി വര്‍ദ്ധിച്ചപ്പോള്‍, ഇരുചക്ര വാഹനങ്ങള്‍ 1000-ത്തിന്36ല്‍ നിന്ന് 123 ആയി വര്‍ദ്ധിച്ചു. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 60% കാറുകളും ഇരുചക്ര വാഹനങ്ങളുമാണെന്നത്, പൊതു ഗതാഗത സൗകര്യങ്ങളെക്കാള്‍, സ്വകാര്യ ഗതാഗത സൗകര്യങ്ങളെ ആശ്രയിക്കുന്ന രീതി വര്‍ദ്ധിക്കുന്നതിന്റെ തെളിവാണ്.
കേരളത്തിലെ വൈദ്യുതി മേഖല
വൈദ്യുതി മേഖലയുടെ വളര്‍ച്ചയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായിരുന്നുവെന്ന് കാണാം. 2011 മാര്‍ച്ച് 31-നു നിലവിലുണ്ടായിരുന്ന2857 മെഗാവാട്ട് സ്ഥാപിത ശേഷിയുടെ 71% ജലവൈദ്യുതി സ്റ്റേഷനുകളായിരുന്നു. ഊര്‍ജ്ജ ഉപഭോഗത്തിന്റെ രംഗത്തും ഈ വ്യത്യസ്തത കാണാം. മൊത്തം ഉപഭോഗത്തിന്റെ 48% ഗാര്‍ഹിക മേഖലയിലും, 19% വാണിജ്യ മേഖലയിലും, 17% വ്യവസായ മേഖലയിലുമാണ് (Table 1, Fig. 3 എന്നിവ നോക്കുക).
ഇപ്പോള്‍ പരമാവധി ഉപഭോഗത്തിന്റെ (Peak Demand) 55 ശതമാനവും, മൊത്തം ഊര്‍ജ്ജ ആവശ്യത്തിന്റെ 35 ശതമാനവും ജലവൈദ്യുതിയില്‍ നിന്നാണ് ലഭ്യമാക്കുന്നത്. അതിന്റെ ലഭ്യത മഴയുടെ തോതിനെ ആശ്രയിച്ചാണ് നിര്‍ണ്ണയിക്കപ്പെടുക. കേരള വിദ്യുച്ഛക്തി ബോര്‍ഡിന്റെ (KSEB)വൈദ്യുതി സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി, മൊത്തം വില്പനയുടെ 44% മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം, കേന്ദ്രസര്‍ക്കാര്‍ സ്റ്റേഷനുകള്‍, വൈദ്യുതി വ്യാപാരികള്‍, എന്നിവരില്‍ നിന്ന് (മിക്കപ്പോഴും ഉയര്‍ന്ന നിരക്കില്‍) ബാക്കി വൈദ്യുതി KSEB വാങ്ങുകയാണ്.
സുസ്ഥിര ഊര്‍ജ്ജ വികസനത്തിന്റെ ആവശ്യം
ഇതുവരെയുള്ള പ്രവണതകള്‍ പരിശോധിച്ചാല്‍, മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന്റെ 67 ശതമാനം ചെലവഴിക്കുന്ന ഗാര്‍ഹിക-വാണിജ്യ മേഖലകളില്‍ ഉപഭോഗം ഗണ്യമായി വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. സമ്പന്നരുടെ എണ്ണം വര്‍ദ്ധിക്കല്‍, ഏറുന്ന നഗരവല്‍ക്കരണം,സേവനമേഖലയുടെ (ടൂറിസം തുടങ്ങിയവ) വളര്‍ച്ച കണക്കിലെടുത്താല്‍ ഗാര്‍ഹിക-വാണിജ്യ മേഖലകളില്‍ ഊര്‍ജ്ജ ഉപഭോഗം ഇനിയും ഗണ്യമായി വര്‍ദ്ധിക്കുക തന്നെ ചെയ്യുമെന്നു കാണാം.
അതിനാല്‍ കേരളത്തില്‍ വൈദ്യുതി സംരക്ഷണം, ഊര്‍ജ്ജകാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, സ്രോതസ്സുമാറ്റം എന്നിവ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതോടൊപ്പം, വൈദ്യുതി ഉല്പാദനവും വര്‍ദ്ധിപ്പിക്കേണ്ടതായുണ്ട്. വലിയ ജലവൈദ്യുതി സ്റ്റേഷനുകളുടെ വികസനം കേരളത്തില്‍ പൂരിതാവസ്ഥയിലെത്തിയിരിക്കുന്നു. അവയുടെ തുടര്‍ന്നുള്ള വികസനം പരിസ്ഥിതിക്ക് കോട്ടം വരുത്തുകയും, നദികളിലെ ജല ഉപലബ്ധിയെ സാരമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ കേരളത്തില്‍ പുതിയ വലിയ ജലവൈദ്യുത പദ്ധതികള്‍ക്കുള്ള സാധ്യത കുറവാണെന്നു പറയാം.കേരളത്തില്‍ കല്‍ക്കരി ലഭ്യമല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ, വിദേശങ്ങളില്‍ നിന്നോ ഇറക്കുമതി ചെയ്ത് കല്‍ക്കരി എത്തിക്കാമെങ്കിലും റോഡ്-റെയില്‍ മാര്‍ഗ്ഗമുള്ള കല്‍ക്കരി കടത്തലും, താപവൈദ്യുത നിലയങ്ങള്‍ക്കു വേണ്ട ഭൂമിയുടെ ഉപലബ്ധിയും മറ്റും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ജലമാര്‍ഗ്ഗം കല്‍ക്കരി എത്തിക്കുന്നതിനുള്ള സൗകര്യാര്‍ത്ഥം തീരദേശങ്ങളില്‍ താപനിലയങ്ങള്‍ സ്ഥാപിച്ചാലും, അവ സൃഷ്ടിക്കുന്ന പ്രദൂഷണം പരിസ്ഥിതി ലോലമായ സമുദ്ര ആവാസവ്യവസ്ഥകളെയും, പശ്ചിമഘട്ടത്തിലെ വനമേഖലയെയും പ്രതികൂലമായി ബാധിക്കും.കൂടാതെ ജനസാന്ദ്രതയേറിയ കേരളത്തില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും അതു കാരണമാകും. കല്‍ക്കരി ലഭ്യമായ ഇതര സംസ്ഥാനങ്ങളില്‍ താപനിലയം സ്ഥാപിച്ച് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും ആ വൈദ്യുതി കേരളത്തില്‍ എത്തുമ്പോള്‍ വില ഏറിയിരിക്കും.
പ്രകൃതിവാതകം ഇതുവരെ ഇന്ത്യയില്‍ ദുര്‍ലഭമാണ്. പെട്രോനെറ്റിന്റെ കൊച്ചിയിലെ ഗ്യാസ് ടെര്‍മിനല്‍ വഴി എല്‍.എന്‍.ജി (Liquefied Natural Gas-LNG) ഇറക്കുമതി ചെയ്ത് കേരളത്തിലെ വൈദ്യുതി പ്രശ്നത്തിനു പരിഹാരം കാണാമെന്നതും അപ്രായോഗികമാണ് - കാരണം എല്‍.എന്‍.ജി.യുടെ ദീര്‍ഘകാല ഉപലബ്ധിയെക്കുറിച്ചുള്ള അസ്ഥിരതയും, ഉയര്‍ന്ന വിലയും തന്നെ. WISE നടത്തിയ സമീപകാല ഗവേഷണ പഠനമനുസരിച്ച് ഇന്ത്യയിലെ കല്‍ക്കരിയുടെ ഉപലബ്ധി 2031ല്‍ ഉച്ചാവസ്ഥയിലെത്തി, (Peaking of Production) പിന്നെ ക്രമേണ കുറഞ്ഞു വരുമെന്നു കാണുന്നു. വിദേശനാണ്യ ലഭ്യതയുടെ പ്രശ്നം മൂലം വന്‍തോതിലുള്ള ദീര്‍ഘകാല കല്‍ക്കരി ഇറക്കുമതിയും സാധിക്കുകയില്ല.ആണവനിലയങ്ങള്‍ ജനസാന്ദ്രതയുള്ള കേരളത്തിന് പാരിസ്ഥിതികമായി യോജിച്ചവയല്ല. ഒരു മെഗാവാട്ടിന് 20 കോടി രൂപയോളം ചെലവു വരുന്ന അവ സാമ്പത്തികമായും ന്യായീകരിക്കാവുന്നതല്ല. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍, കല്‍ക്കരിയും പ്രകൃതിവാതകവും ഉപയോഗിച്ചുള്ള പദ്ധതികള്‍ കേരളത്തിന് പാരിസ്ഥിതികമായി യോജിച്ചവയല്ല. ഒരു മെഗാവാട്ടിന് 20 കോടി രൂപയോളം ചെലവുവരുന്ന അവ സാമ്പത്തികമായും ന്യായീകരിക്കാവുന്നതല്ല. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍, കല്‍ക്കരിയും പ്രകൃതിവാതകവും ഉപയോഗിച്ചുള്ള പദ്ധതികള്‍ കേരളത്തിന് ഹ്രസ്വകാല ആശ്വാസം നല്‍കിയേക്കാമെങ്കിലും, ഇന്ധന ഉപലബ്ധിയുടെയും, ഉയര്‍ന്ന വിലയുടെയും പ്രശ്നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവയുടെ നിലനില്‍പ്പിനും സാമ്പത്തിക സുസ്ഥിരതയ്ക്കും വിനയാകാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇതാണ് കേരളം ഭാവിയില്‍ നേരിടാന്‍ പോകുന്ന ഊര്‍ജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലം.
സുസ്ഥിര വികസനത്തിന് സുസ്ഥിര ഊര്‍ജ്ജം വേണം. അതിനാല്‍ ഹരിത ഊര്‍ജ്ജ സ്രോതസ്സുകളുടെ ക്രമാനുഗതമായി വര്‍ദ്ധിക്കുന്ന വികസനം കേരളത്തിന് ഊര്‍ജ്ജസുരക്ഷ പ്രദാനം ചെയ്യും. മാത്രമല്ല, പ്രദൂഷണവിമുക്തവും, സുരക്ഷിതവും, സുസ്ഥിരവുമായ വികസനത്തിന് അവ സഹായകമാവും. ഇച്ഛാനുസരണം വൈദ്യുതി ഉത്പാദനം നടത്താന്‍ യോഗ്യമായ ജലവൈദ്യുത പദ്ധതികള്‍ ഏറെയുള്ളതിനാല്‍, ഹരിത സ്രോതസ്സുകളുടെ (കാറ്റ്, സൂര്യപ്രകാശം/താപം തുടങ്ങിയവ) ഉപലബ്ധിയുടെ കാലികമായ ഏറ്റക്കുറച്ചിലുകള്‍ വൈദ്യുതി ഉത്പാദനത്തില്‍ വരുത്താവുന്ന വ്യത്യയാവസ്ഥ (Variability) നേരിടുന്നതിന് പ്രയാസമില്ലതാനും. ഇറക്കുമതി ചെയ്യേണ്ട, പ്രദൂഷണം സൃഷ്ടിക്കുന്ന അശ്മക ഇന്ധനങ്ങളെ ആശ്രയിച്ചുള്ള സാങ്കേതിക വിദ്യകളില്‍ കേരളത്തിലെ വൈദ്യുതി ഉല്പാദനത്തെ കുടുക്കിയിടുന്നതിനു പകരം, 2050-നകം 100%ഹരിതഊര്‍ജ്ജം ല്യമാക്കുന്നതിനു വേണ്ടി ഇപ്പോഴേ ബദല്മാര്ഗ്ഗങ്ങളുടെ വികാസത്തിന് യത്നിക്കേണ്ടത് അനിവാര്യമാണ്.
ഹരിതസ്രോതസ്സുകളുടെ ക്ഷമത
കേരളത്തിലെ ബദല്‍ ഊര്‍ജ്ജസ്രോതസ്സുകളുടെ ക്ഷമത ഈ പഠനത്തിലൂടെ പനര്നിര്ണ്ണയിക്കുന്നു. നിലവിലുള്ള കണക്കുകളുമായി തുലനം ചെയ്യുമ്പോള്‍ ഈ പഠനം അഞ്ചു രീതികളില്‍ വ്യത്യസ്തമാണ്.
പവന ഊര്ജ്ജനിര്മ്മിതിയുടെ ക്ഷമത
കേരളത്തിലെ ഭൂമിയുടെ ദൗര്‍ലഭ്യം പരിഗണിച്ച്, പവന ഊര്‍ജ്ജ നിര്‍മ്മിതിയുടെ ക്ഷമത നിര്‍ണ്ണയിച്ചതിലെ പ്രധാന ഘടകം ഭൂമിയുടെ ലഭ്യതയാണ്.മൂന്നു വ്യത്യസ്ത ഭൂവിനിയോഗ ഷെനറിയോകളിലെ (Three Separate Land Use Scenarios) ക്ഷമതയാണ് കണക്കാക്കിയത്. തരിശുഭൂമി (തരിശു ഭൂമിയും പുല്‍മേടുകളും), ജലസേചനമില്ലാത്ത കൃഷിഭൂമി, തോട്ടങ്ങള്‍ (തോട്ടവിളകള്‍ക്കു കീഴിലുള്ള മുഴുവന്‍ ഭൂമിയും) എന്നീ മൂന്നിനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഷെനറിയോകള്. എല്ലാ ജനവാസ കേന്ദ്രങ്ങളും, സംരക്ഷിത പ്രദേശങ്ങളും, ജലാശയങ്ങളും, ആന്തരസംവിധാനങ്ങളും(Infrastructure like roads, railroad, airport) പരിഗണനയില്‍ നിന്നും ഒഴിവാക്കിയിരുന്നു. കൂടാതെ സാങ്കേതിക പരിഗണനകള്‍ മൂലം 200 w/m2 -ല്‍ കുറഞ്ഞ പവന ഊര്‍ജ്ജ സാന്ദ്രതയുള്ളതും (Wind Power Density) 1500 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ളതും, 15 ശതമാനത്തിലധികം ചരിവുള്ളതുമായ ഭൂമി പരിഗണനയില്‍ നിന്ന് ഒഴിവാക്കി. സമുദ്രതീരത്ത് നിന്ന് കടലിനുള്ളിലേക്കുള്ള ഭാഗത്തെ (Offshore) പവന ഊര്‍ജ്ജക്ഷമത കണക്കാക്കാന്‍,തീരത്തുനിന്ന് 25 കിലോമീറ്ററിലധികം ദൂരവും, 30 മീറ്ററിലധികം താഴ്ചയും, 200 w/m2 -ല്‍ കുറഞ്ഞ പവനഊര്‍ജ്ജ സാന്ദ്രതയുള്ളതുമായ ഭാഗം പരിഗണിച്ചില്ല. അങ്ങനെ യോഗ്യമെന്ന് കണ്ടെത്തിയ ഭൂമിയുടെയും കടല്‍ഭാഗത്തിന്റെയും അളവിനെ ഒരു സ്ക്വയര്‍ കിലോമീറ്ററിന് 7 മെഗാവാട്ട് എന്ന ടര്‍ബൈന്‍ (80 മീറ്റര്‍ ഉയരമുള്ള ടവറില്‍) സാന്ദ്രതയുമായി ഗുണനം ചെയ്ത് ഓരോ ഷെനറിയോവിലെയും ക്ഷമത കണക്കാക്കി.
ഏറ്റവും നല്ല പവന ഊര്‍ജ്ജ സാന്ദ്രതയുള്ളത് പാലക്കാട് ജില്ലയില്‍ വാളയാറിന് ചുറ്റുമുള്ള പ്രദേശങ്ങളും, പാലക്കാടിന്റെ തെക്കന്‍ ഭാഗങ്ങളും, തമിഴ്നാട്ടിലെ പുതൂരിനു പടിഞ്ഞാറുള്ള പ്രദേശവും മറ്റുമാണ്. ഇടുക്കി ജില്ലയില്‍ കേന്ദ്രഭാഗത്തിന്റെ കിഴക്കും പടിഞ്ഞാറും മേഖലകളിലാണ് നല്ല സാധ്യതയുള്ള പ്രദേശങ്ങള്‍. സമുദ്രാന്തരം (Offshore) വിഭാഗത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ (>300W/m2 wpd) പവനഊര്‍ജ്ജ സാന്ദ്രതയുള്ളത്. എങ്കിലും ആലപ്പുഴയുടെ തീരങ്ങളൊഴിച്ച് മറ്റിടങ്ങളിലെല്ലാം200 w/m2സാന്ദ്രതയുള്ളതിനാല്‍ വികസനയോഗ്യമാണ്.
ഭൂമിയിലെ ക്ഷമത ഭൂമിയുടെ ദൗര്‍ലഭ്യം പരിഗണിച്ച് സൗരോര്‍ജ്ജക്ഷമത തിട്ടപ്പെടുത്താന്‍ രണ്ടുതരം ഭൂവിനിയോഗ ഷെനറിയോകളാണ് കണക്കിലെടുത്തത്. പ്രധാനമായും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് (Photovoltaic-PV) പരിഗണിച്ചത്.സൂര്യതാപത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ വേണ്ടത്ര പ്രത്യക്ഷ സാധാരണ രശ്മിപ്രസരണം (Direct Normal Irradiance – DNI) കേരളത്തില്‍ ലഭ്യമല്ലാത്തതിനാല്‍ സൂര്യതാപ വൈദ്യുതി നിര്‍മ്മിതി (Solar thermal Power Generation) കേരളത്തില്‍ ഫലവത്താകില്ലെന്നാണ് നിഗമനം. ഗ്രിഡിലേക്ക് വൈദ്യുതി നല്കാവുന്ന സൗരോര്‍ജ്ജപദ്ധതികളുടെ സാധ്യത കണക്കാക്കിയത് തരിശുഭൂമിയും പുല്‍മേടുകളും മാത്രം വിലയിരുത്തിക്കൊണ്ടാണ്. മറ്റെല്ലാ ഭൂപ്രദേശങ്ങളും പരിഗണനയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളും, സംരക്ഷിത പ്രദേശങ്ങളും, റോഡുകള്‍,റെയില്‍വേ ലൈനുകള്‍, വിമാനത്താവളങ്ങള്‍ മുതലായ സംവിധാനങ്ങളും പരിഗണനയ്ക്ക് പുറത്തായിരുന്നു. സാങ്കേതിക പരിഗണനകള്‍ കണക്കിലെടുത്ത് 15000 KWH/m2 -ല്‍ കുറഞ്ഞ ആഗോള തിരശ്ചീന രശ്മിപ്രസരണവും (Global Horizontal Irradiance-GHI), 5 ശതമാനത്തില്‍ കൂടുതല്‍ ചരിവും ഉള്ള ഭൂമിയും ഒഴിവാക്കിയിരുന്നു. അങ്ങിനെ കണക്കാക്കിയ ഭൂമിയുടെ അളവിനെ ഒരു സ്ക്വയര്‍ കിലോമീറ്ററിന് 50 മെഗാവാട്ട് എന്ന സൗരോര്‍ജ്ജ സാന്ദ്രതയുമായി ഗുണനം ചെയ്താണ് സൗരോര്‍ജ്ജ നിര്‍മ്മാണ ക്ഷമത കണ്ടെത്തിയത്. അങ്ങനെ തരിശുഭൂമിയിലെ സൗരോര്ജ്ജക്ഷമതയായ 4273 മെഗാവാട്ടും, (80 സ്ക്വയര്‍ കിലോമീറ്റര്‍ തരിശുഭൂമി) പുല്‍മേടുകളിലെ ക്ഷമതയായ 2544 (55 സ്ക്വയര്‍ കിലോമീറ്റര്‍ പുല്‍മേടുകള്‍) മെഗാവാട്ടും കൂട്ടുമ്പോള്‍ മൊത്തം 6817 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ ഉല്പാദനം സാധ്യമാണെന്നു കണ്ടെത്തി. (Fig. 6 നോക്കുക) മിക്ക ജില്ലകളിലും ചെറിയ ചെറിയ ഖണ്ഡങ്ങളായി തരിശൂഭൂമി ലഭ്യമാണെങ്കിലും, പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡു എന്നീ ജില്ലകളിലാണ് ഏറ്റവുമധികം തരിശുഭൂമിയുള്ളത്. പുല്‍മേടുകല്‍ ഏറെയുള്ളത് വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ്. പരിസ്ഥിതി പ്രാധാന്യമുള്ള പുല്‍മേടുകള്‍ ഒഴിവാക്കേണ്ടതാണെന്നും ഇവിടെ ഓര്‍മ്മിക്കണം.
ജല-ഉപരിതലക്ഷമത:
കേരളത്തിലെ ഭൂദൗര്‍ലഭ്യം മൂലം, വളരെ മുമ്പുതന്നെ ഡോ. എം.പി. പരമേശ്വരനെപ്പോലുള്ള ഊര്‍ജ്ജവിദഗ്ധര്‍, കേരളത്തില്‍ ധാരാളമായുള്ള അണക്കെട്ടുകളിലെ റിസര്‍വോയറുകളുടെ (Floating Solar PV Panels) ജല-ഉപരിതലത്തില്‍ സൗരോര്‍ജ്ജ പാനലുകള്‍ (Floating Solar PV Panels) സ്ഥാപിക്കാമെന്ന ആശയം മുന്നോട്ടു വെച്ചിരുന്നു. കേരളത്തിലെ ജലാശയങ്ങളുടെ ഉപരിതലം ഏതാണ്ട് 769 സ്ക്വയര്‍ കിലോമീറ്ററുണ്ടെന്നാണ് കണക്ക്. വെള്ളത്തിന്റെ ഏറ്റക്കുറച്ചിലുകളും, കയറ്റിറക്കങ്ങളും, പാരിസ്ഥിതിക സമസ്യകളുമൊക്കെ കണക്കിലെടുത്ത് ഇതിന്റെ10% ഊര്‍ജ്ജ നിര്‍മ്മിതിക്കായി ഉപയോഗിക്കാമെന്നു കരുതിയാല്‍, മൊത്തം 3845 മെഗാവാട്ട് ഈ ജല-ഉപരിതല സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നു ഉല്പാദിപ്പിക്കാം. പാലക്കാട്ടെ മീന്‍കര, മലമ്പുഴ എന്നീ ഡാമുകളില്‍ ഇത്തരം പൈലറ്റ് പ്രോജക്ടുകള്‍ സ്ഥാപിക്കാന്‍ KIDCO-യ്ക്ക് (Kerala Irrigation Infrastructure Development Corporation) പദ്ധതിയുണ്ടെന്ന് അറിയുന്നു. ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ഇത്തരം പൈലറ്റ് പ്രോജക്ടുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
മേല്‍ക്കൂര സൗരോര്‍ജ്ജക്ഷമത:
ഒറ്റനില കെട്ടിടങ്ങളും ബഹുനില കെട്ടിടങ്ങളും ധാരാളമുള്ള കേരളത്തില്‍ മേല്‍ക്കൂര സൗരോര്‍ജ്ജ നിര്‍മ്മാണ ക്ഷമത(Root top Solar PV Potential) ഏറെയാണ്. അത് നിര്‍ണ്ണയിക്കുന്നതിനു മുന്നോടിയായി വൃക്ഷ നിബിഡമായ കേരളത്തില്‍ മേല്ക്കൂരകളില് നിഴല്‍വീഴ്ച ഏറെയുണ്ടാകുമെന്ന മുന്‍ധാരണ മൂലം തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലെ ഗ്രാമീണ-നഗര മേഖലകളിലെ തെരഞ്ഞെടുത്ത വീടുകളുടെ മേല്ക്കൂരകളില് സ്ഥാപിച്ച 1kWp ക്ഷമതയുള്ള സൗരോര്‍ജ്ജ പാനലുകളുടെ സാമ്പിള്‍ സര്‍വ്വേ ഞങ്ങള്‍ നടത്തിയിരുന്നു.സര്‍വ്വേ ഫലമനുസരിച്ച് ഗ്രാമീണ-നഗര മേല്ക്കൂരകളെ 100% നിഴലുകളില്ലാത്തവ, ഭാഗികമായി നിഴല്വീഴ്ചയുള്ളവ, മുഴുവനായും നിഴല്‍ മറയ്ക്കുന്നവ എന്നിങ്ങനെ തരംതിരിച്ചിരുന്നു.
2011-ലെ ജനഗണന പ്രകാരമുള്ള (2011 census data) മേല്‍ക്കൂരകളുടെ തരംതിരിവനുസരിച്ച് ഓടും സ്ലേറ്റും മേല്‍ക്കൂരയുള്ള വീടുകളില്‍ 1kWpസൌരോര്‍ജ്ജ പാനലുകലും കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള വീടുകളിലും കെട്ടിടങ്ങളിലും 3kWp സൗരോര്‍ജ്ജ പാനലുകളും (45 സ്ക്വയര്‍മീറ്റര്‍ മേല്‍ക്കൂര വേണം) സ്ഥാപിക്കാമെന്നു കണക്കുകൂട്ടി. മറ്റെല്ലാതരം മേല്‍ക്കൂരകളെയും (ഓല, പ്ലാസ്റ്റിക് മുതലായ വസ്തുക്കള്‍ ഉപയോഗിച്ചുള്ളവ) ഒഴിവാക്കുകയും ചെയ്തു. ഈ അനുമാനങ്ങള്‍ അനുസരിച്ച് വീടുകളുടെ മേല്‍ക്കൂരയിലെ ക്ഷമത 13079 മെഗാവാട്ടും, സ്ഥാപനങ്ങളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും മേല്‍ക്കൂരയിലെ ക്ഷമത 18066 മെഗാവാട്ടും ചേര്‍ന്ന് മൊത്തം ക്ഷമത 31145 മെഗാവാട്ടാണെന്ന് കണ്ടെത്തി. ദുര്‍ലഭമായ ഭൂമി ഏറെ ഉപയോഗിക്കാതെ തന്നെ കേരളത്തിന് ഇത്രയധികം വൈദ്യുതി വികേന്ദ്രീകൃതരീതിയില്‍ ഉത്പാദിപ്പിക്കാം.
ഇതര ഗ്രിഡ്-വ്യതിരക്ത സൗരോര്‍ജ്ജക്ഷമത:
ഇത് പ്രധാനമായും വെള്ളം ചൂടാക്കാന്‍, വ്യവസായിക താപനിര്മ്മിതി, വെള്ളം പമ്പുചെയ്യല്‍ എന്നീ മൂന്ന് ഉപയോഗങ്ങള്‍ക്കാണ് ഉപയുക്തം. അഞ്ചംഗങ്ങളുള്ള ഒരു വീടിന് ദിനംപ്രതി 100 ലിറ്റര്‍ ചൂടുവെള്ളം എന്ന കണക്കിന് സൗരോര്‍ജ്ജ വെള്ളം ചൂടാക്കല്‍ ക്ഷമത 68 ലക്ഷം സ്ക്വയര്‍ മീറ്റര്‍ ആണെന്നാണ് നിഗമനം.
പത്തുമീറ്റര്‍ താഴ്ചയില്‍ കുറവുള്ള ഭൂഗര്‍ഭജലം സൗരോര്‍ജ്ജ പമ്പുകള്‍ വെച്ച് പമ്പുചെയ്യാമെന്ന അനുമാനത്തില്‍, ഒരു ഹെക്ടര്‍ ഭൂമി ജലസേചനം നടത്തി 0.9 KW ക്ഷമതയുള്ള സൗരോര്‍ജ്ജ പമ്പു് വേണമെന്നു കണക്കാക്കി. അങ്ങനെ 337560 ഹെക്ടര്‍ ഭൂമി സൗരോര്‍ജ്ജ പമ്പുകളുപയോഗിച്ച് ജലസേചനം നടത്താന്‍ 304 മെഗാവാട്ട് സൗരോര്‍ജ്ജം വേണം - എന്നു വച്ചാല്‍ അത്രയും ഇതര വൈദ്യുതി ലാഭിക്കാം.
മത്സ്യം, സുഗന്ധവ്യജ്ഞനങ്ങള്‍, റബ്ബര്‍പാല്‍, തുടങ്ങിയവ ഉണക്കുന്നതിനും സൗരോര്‍ജ്ജം ഉപയോഗിക്കാന്‍ ഏറെ സാധ്യതയുണ്ട്. ഈ മേഖലകളിലെ ശരിയായ കണക്കുകള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ കൃത്യമായ ക്ഷമത നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞില്ല. പ്രാഥമിക നിഗമനമനുസരിച്ച് ഈ വക ആവശ്യങ്ങള്‍ക്ക് 170 ലക്ഷം സ്ക്വയര്‍ മീറ്റര്‍ സൗരോര്‍ജ്ജ ശേഖരണികളുടെ (solar Colelctors) ക്ഷമത ഉണ്ടെന്നു കാണാം.
ഗ്രിഡില്‍ വൈദ്യുതി നല്കാന് ഉപയുക്തമായ കേന്ദ്രീകൃത (ഭൂമികേന്ദ്രിത) വന്‍കിട സൗരോര്‍ജ്ജ വൈദ്യുതിയുടെ മൊത്ത ഉല്പാദനക്ഷമത 10661മെഗാവാട്ടും, മേല്ക്കൂരകളില് ഉല്പാദിപ്പിക്കാവുന്ന വികേന്ദ്രീകൃത സൗരോര്‍ജ്ജ വൈദ്യുതിയുടെ ക്ഷമത 31449 മെഗാവാട്ടുമാണ്. ശരിയായ നയങ്ങളും സാങ്കേതിക വിദ്യയും (Net Metering Policies and technolgies) നിലവില്‍ വന്നാല്‍ ഈ മേല്‍ക്കൂര വൈദ്യുതിയുടെ മിച്ചവും ഗ്രിഡില്‍ നല്കാന് കഴിയുന്നതാണ്.
നെല്ല്, മരച്ചീനി, തെങ്ങ്, കവുങ്ങ്, റബ്ബര്‍, കശുവണ്ടി എന്നിവയുടെ കൃഷിയില്‍ നിന്നുണ്ടാകുന്ന അവശിഷ്ടങ്ങളാണ് പ്രധാനമായും പരിഗണിച്ചത്. വന അവശിഷ്ടങ്ങളും റബ്ബറടക്കമുള്ള തടിയുടെ അവശിഷ്ടങ്ങളും നഗരങ്ങളിലെ ജൈവ-ഖരമാലിന്യങ്ങളും കണക്കിലെടുത്തു. ഇവയുടെ ബദല്‍ വിനിയോഗ സാധ്യതകളും ആവശ്യങ്ങളും കണക്കിലെടുത്ത് മൊത്തം ഉപലബ്ധിയുടെ 10 ശതമാനം മാത്രമാണ് ഊര്‍ജ്ജ നിര്‍മ്മിതിക്കു ലഭിക്കുമെന്നു കണക്കു കൂട്ടിയത്. എങ്കിലും ഇത്തരത്തില്‍ ലഭ്യമായ അവശിഷ്ടങ്ങളുടെ ശേഖരണത്തിന്റെ കാര്യക്ഷമത (Collection Efficiency) ഇപ്പോഴുള്ള 10ശതമാനത്തില്‍ നിന്ന് 2050 ല്‍ 50 ശതമാനമായി ഉയരുമെന്നും കണക്കിലെടുത്തു.
കാര്‍ഷിക അവശിഷ്ടങ്ങള്‍ക്കു പുറമേ ജൈവ ഇന്ധന ഉല്പാദനത്തിന്റെ അസംസ്കൃത വിഭവമായി ക്ഷാര-സമുദ്ര ജലമുപയോഗിച്ച് (Brackish Water & Sea Water) വളര്‍ത്തുന്ന കടല്‍പോച്ചകള്‍ 2030 നു ശേഷം പ്രധാന പങ്കുവഹിക്കുമെന്നാണ് അനുമാനം. കൊച്ചിയിലെ കേന്ദ്ര സമുദ്ര-മത്സ്യ ഗവേഷണ സ്ഥാപനവും (Central Marine Fisheries Research Institute – CMFRI), മത്സ്യകൃഷി വികസനത്തിനുള്ള ഏജന്‍സിയും (Agency for Development of Aquaculture – ADAK) കടല്‍പോച്ചകള്‍ വളര്‍ത്തുന്നതിനുള്ള ഗവേഷണങ്ങള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. വര്‍ക്കല മുതല്‍ (തിരുവനന്തപുരം ജില്ല)ചെറുവത്തൂര്‍ (കാസര്‍ഗോഡു ജില്ല) വരെയുള്ള സമുദ്രതീരങ്ങളില്‍ 10 സ്ഥലങ്ങളില്‍ kapaphycus alvarezil എന്ന കടല്പോച്ചയുപയോഗിച്ച് ADAKഇതിനായി ഒരു പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നുവെന്നും അതിന്റെ പ്രാഥമിക ഫലങ്ങള്‍ പ്രോത്സാഹനജനകമാണെന്നും അറിയുന്നു. 2030ആകുമ്പോഴേക്കും ജൈവ ഇന്ധന നിര്‍മ്മിതിക്കുള്ള ഈ സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ വികസിതമാകുമെന്നു കരുതപ്പെടുന്നു.
വിവിധ കാര്‍ഷിക അവശിഷ്ടങ്ങളുടെ ബദല്‍ ഉപയോഗങ്ങള്‍ കണക്കിലെടുത്ത് അവയില്‍ ഓരോന്നിന്റെയും നിശ്ചിത ശതമാനം ഒരേയൊരു വിധം ഊര്‍ജ്ജ ഉല്പാദനത്തിനു ലഭിക്കുമെന്ന അനുമാനമാണ് നടത്തിയിട്ടുള്ളത്. താഴെ കൊടുക്കുന്ന Table 4 ജൈവ ഊര്‍ജ്ജക്ഷമതയുടെ സംഗ്രഹം നല്കുന്നു.
മുകളില്‍ കൊടുത്ത സംഖ്യകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ജൈവ ഊര്‍ജ്ജം അശ്മക ഇന്ധനങ്ങള്‍ക്കു ബദലായ ഒരു ഗണ്യമായ സ്രോതസ്സാകില്ല.മാത്രമല്ല അവയുടെ ഉപയോഗത്തിനു താഴെപ്പറയുന്ന പരിമിതകള്‍ ഉണ്ടാവുകയും ചെയ്യും.
അതിനാല്‍ പ്രത്യക്ഷമായി കേരളത്തില്‍ ധാരാളം ജൈവ അവശിഷ്ടങ്ങള്‍ ലഭ്യമാണെന്നു തോന്നാമെങ്കിലും അവയില്‍ നിന്നു വന്‍തോതില്‍ സുസ്ഥിരമായി ജൈവ ഊര്‍ജ്ജം നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ വിരളമാണ്.
ജലവൈദ്യുതി ക്ഷമത
കേരളത്തിലെ ഊര്‍ജ്ജ വിദഗ്ധരുമായുള്ള ചര്‍ച്ചകളില്‍ നിന്നു വ്യക്തമാകുന്നത്, ഇനി വന്‍കിട ജലവൈദ്യുത പദ്ധതികള്‍ വികസിപ്പിക്കാനുള്ള സാധ്യത പരിമിതമാണെന്നാണ്. സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച്, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാന്‍ 540 മെഗാവാട്ടിന്റെ ക്ഷമത ഇനിയും ഉപയോഗയോഗ്യമാക്കാന്‍ കഴിയും. എന്നാല്‍ പൊതുവിലുള്ള പാരിസ്ഥിതിക നാശത്തിന്റെയും ജല ദൗര്‍ലഭ്യത്തിന്റെയും പശ്ചാത്തലത്തില്‍ ഇത് പുനര്‍-നിര്‍ണ്ണയിക്കുന്നത് യുക്തിസഹമാണ്.
സമുദ്ര ഊര്‍ജ്ജ ക്ഷമത
തിരുവനന്തപുരത്തെ CESS (Centre for Earth Science Studies) നടത്തിയ പഠനമനുസരിച്ച് കേരളത്തില്‍ തിരമാലകളില്‍ നിന്ന് ഊര്‍ജ്ജം ഉണ്ടാക്കാനുള്ള ക്ഷമത 420 മെഗാവാട്ടാണ്. കടലോരത്തിന്റെ 10 ശതമാനമാണ് ഇതിനായി ഉപയോഗിക്കേണ്ടി വരിക.
ഹരിത ഊര്‍ജ്ജക്ഷമതയുടെ സംഗ്രഹം
മുകളില്‍ പറഞ്ഞ വിവിധ സ്രോതസ്സുകളില്‍ നിന്ന് കേരളത്തില്‍ ഹരിത ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള ക്ഷമതയുടെ സംഗ്രഹം താഴെ കൊടുക്കുന്ന Table 5-ല്‍ കാണാം.
നടപ്പുരീതിയനുസരിച്ചുള്ള ഊര്‍ജ്ജ ആവശ്യം
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 2000-2001 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് (CAGR) 8.3 ശതമാനം എന്ന തോതിലായിരുന്നു. നടപ്പുരീതിയിലുള്ള (BAU) ഈ സാമ്പത്തിക വളര്‍ച്ചയും, ഊര്‍ജ്ജ ഉപഭോഗ വളര്‍ച്ചയും 2050 വരെ ഇങ്ങനെ തുടരുമെന്ന അനുമാനത്തിലാണ് ഊര്‍ജ്ജ ആവശ്യം കണക്കാക്കിയിട്ടുള്ളത്. ഒരു തരത്തിലുള്ള പുതിയ നയങ്ങളും, പ്രത്യേക ഇടപെടലുകളും ഉണ്ടാകുമെന്നു അനുമാനിച്ചിട്ടില്ല. LEAP (Long Range Energy Alternative Planning-Software Version 2012.0049) എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഊര്‍ജ്ജ മാതൃക നിര്‍മ്മിതിയിലൂടെയാണ്, ഊര്‍ജ്ജ ഡിമാന്റിനെ കുറിച്ചുള്ള നിഗമനങ്ങളിലെത്തിയത്. മുമ്പു സൂചിപ്പിച്ചതുപോലെ ഗാര്‍ഹികം, വാണിജ്യം,വ്യവസായം, കൃഷി, പൊതു ഉപയോഗം, ഗതാഗതം എന്നീ മേഖലകളിലെ വൈദ്യുതി, താപം, ഇന്ധനം എന്നീ ഊര്‍ജ്ജ രൂപങ്ങളുടെ ഡിമാന്റാണ് തിട്ടപ്പെടുത്തിയത്. ജനസംഖ്യയുടെ രണ്ടു വിധത്തിലുള്ള പരിണാമങ്ങള്‍-ജനസംഖ്യാ വളര്‍ച്ചയും കുടുംബത്തിലെ ശരാശരി സംഖ്യയും കണക്കിലെടുത്ത്, 2021-22 ആകുമ്പോഴേയ്ക്കും ജനസംഖ്യാ വളര്‍ച്ച ന്യൂനഗുണമാകുമെന്നും (Negative Population Growth), കുടുംബത്തിലെ ശരാശരി സംഖ്യ 2011-ലെ4.34ല്‍ നിന്ന് 2050-ല്‍ 2.9 ആയി കുറയുമെന്നും കാണുന്നു.
ഗാര്‍ഹിക മേഖല
ഈ മേഖലയിലെ വൈദ്യുതിയുടെയും ഭക്ഷണം പാകം ചെയ്യാന്‍ വേണ്ട ഇന്ധനത്തിന്റെയും 2050 വരെയുള്ള ആവശ്യമാണ് കണക്കാക്കിയത്.ഇതിനായി താഴെ നിന്ന് മേലോട്ട് എന്ന രീതിശാസ്ത്രമാണ് (Bottom-up Methodology) സ്വീകരിച്ചത്. അതിനായി താഴെ പറയുന്ന രീതിയാണ് സ്വീകരിച്ചത്.
വ്യാപാരസ്ഥാപനങ്ങള്‍ പ്രധാനമായും വൈദ്യുതി, താപം എന്നീ രണ്ടു ഊര്ജ്ജരൂപങ്ങളാണ് ഉപയോഗിക്കുന്നത്. ടൂറിസം, ഹോട്ടല്‍ മേഖലകളില്‍ താപ ആവശ്യം ഏറെയും ഭക്ഷണം പാകം ചെയ്യുന്നതിനാണ്. ഇതിന്റെ തോത് കണക്കാക്കാന്‍ കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ (CEA) 18-ാം ഇലക്ട്രിക് പവര്‍ സര്‍വേയിലെ (EPS) നിഗമനങ്ങളില്‍ 2021-22 വരെയുള്ള ഈ മേഖലയിലെ ഡിമാന്റ് പ്രവചിച്ചതിനെ അടിസ്ഥാനമാക്കി തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ഡിമാന്റ് ശാസ്ത്രീയമായി നിശ്ചയിക്കുകയായിരുന്നു. ആറു ഉപമേഖലകലിലെ -ഐ.ടി പാര്‍ക്കുകള്‍, ഓഫീസുകള്‍, ചില്ലറ വ്യാപാരസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വന്‍കിട വ്യാപാര മേഖലകള്‍ (Malls), ആശുപത്രികള്‍ -വൈദ്യുതി ഉപയോഗം പ്രത്യേകം പ്രത്യേകം കണക്കാക്കിയിരുന്നു. വൈദ്യുതി ഉപയോഗത്തെ വെളിച്ചം, എയര്‍കണ്ടീഷനിംഗ്, റഫ്രിജറേഷന്‍ എന്നീ മൂന്നു ആവശ്യങ്ങളായി തിരിച്ചു പഠിച്ചിരുന്നു. പാചകവാതകം (LPG), മണ്ണെണ്ണ എന്നിവയുടെ 2011-12 ലെ ഉപയോഗമനുസരിച്ച് ഭാവിയിലെ താപ ആവശ്യങ്ങള്‍ കണക്കിലാക്കി. ഇങ്ങനെ നിര്‍ണ്ണയിക്കപ്പെട്ട വൈദ്യുതിയുടെയും പാചക ആവശ്യത്തിനുള്ള ഇന്ധനത്തിന്റെയും2050 വരെയുള്ള ആവശ്യം Table 7 ല്‍ കാണാം
വ്യവസായമേഖല
കാര്‍ഷിക-ഭക്ഷണ പ്രക്രിയാ വ്യവസായങ്ങള്‍ (Agro and Food Processing), ടെക്സ്റ്റയില്‍സ്, റബ്ബര്‍ ഉല്പന്നങ്ങള്, ധാതു-മിനറല്‍ വ്യവസായങ്ങള്‍(ഡിമാന്റ് അടക്കം), ലോഹങ്ങള്‍, എഞ്ചിനീയറിംഗ്, തുടങ്ങിയ പത്തു രംഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകളാണ് കേരളത്തില്‍ അധികവും, വന്‍കിട വ്യവസായങ്ങള്‍ തീരെ കുറവാണ്. ഈ മേഖലകളിലെ വൈദ്യുതി, താപം എന്നീ ഊര്‍ജ്ജ ആവശ്യങ്ങള്‍ പ്രത്യേകം തിട്ടപ്പെടുത്തി. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ 18ാം ഇലക്ട്രിക് പവര്‍ സര്‍വ്വേയുടെയും, ASI – യുടെയും (Annual Survey of Industries) ഡാറ്റയാണ് ഈ മേഖലയിലെ വൈദ്യുതി-താപ ആവശ്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ അടിസ്ഥാനമായി ഉപയോഗിച്ചത്.
വ്യവസായ മേഖലയിലെ 2050 വരെയുള്ള വൈദ്യുതി-താപ ആവശ്യങ്ങള്‍ Table 8ല്‍ കാണും വിധമാണ്.
കൃഷിമേഖല
18ാം EPSന്റെ ഈ മേഖലയിലെ വൈദ്യുതി ആവശ്യങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളുപയോഗിച്ച് ഭാവി ഡിമാന്റ് തിട്ടപ്പെടുത്തി. ഡീസല്‍ പമ്പുകളുടെയും ട്രാക്ടറുകളുടെയും മറ്റും ഇന്ധനഡിമാന്റ് പ്രത്യേകം കണക്കാക്കി. ഡീസല്‍ പമ്പുകള്‍ 2020നു ശേഷം ഉപയോഗത്തിലുണ്ടാകില്ലെന്ന് അനുമാനിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്ത ട്രാക്ടറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയിലെ ട്രാക്ടറുകളുടെ സംഖ്യ നിര്‍ണ്ണയിച്ചു. Table 9-ല്‍ കാര്‍ഷിക മേഖലയിലെ 2050 വരെയുള്ള ഊര്‍ജ്ജ ആവശ്യത്തിന്റെ കണക്കുകള്‍ കാണാം.
പൊതു ഉപയോഗം
വഴിവിളക്കുകള്‍, പൊതു കുടിവെള്ള പ്രോജക്ടുകളുടെ പമ്പിംഗ്, തുടങ്ങിയ പൊതു ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉപയോഗമാണ് ഈ മേഖലയില്‍ നിര്‍ണ്ണയിച്ചത്. 18ാം EPSന്റെ കണക്കുകള്‍ ഉപയോഗിച്ച് ഭാവിയിലെ ഡിമാന്റു നിര്‍ണ്ണയിക്കുകയായിരുന്നു. പഠനഫലങ്ങള്‍ Table 10ല്‍ കാണാം.
ഗതാഗതം
റോഡ്, റയില്‍, ജലം, വിമാനം എന്നീ നാലു ഗതാഗത രീതികള്‍ക്കു വേണ്ട ഇന്ധന ആവശ്യങ്ങളും കണക്കിലാക്കുകയുണ്ടായി. യാത്രയ്ക്കും ചരക്കുകടത്തലിനും വേണ്ട ആവശ്യങ്ങള്‍ പ്രത്യേകം നിര്‍ണ്ണയിച്ചു. ഓരോ ഗതാഗത രീതികളുടെയും ഇന്ധന ആവശ്യം നിര്‍ണ്ണയിക്കാന്‍ അനുയോജ്യമായ വ്യത്യസ്തമായ രീതിശാസ്ത്രമാണ് (Methodologies) സ്വീകരിച്ചത്. പുതിയ ഗതാഗത സാങ്കേതിക വിദ്യകള്‍ (ഉദാ: വൈദ്യുതി വാഹനങ്ങള്‍) 2050 വരെ മൊത്തം വാഹനസംഖ്യയുടെ 20 ശതമാനം ഉണ്ടാകുമെന്നാണ് അനുമാനം. (ഇപ്പോഴത് പൂജ്യമാണ്). ഭാവിയിലെ ഊര്‍ജ്ജകാര്യ ക്ഷമതാവര്ദ്ധനവും കണക്കിലെടുത്തിരുന്നു. ഗതാഗത ഊര്‍ജ്ജ ആവശ്യങ്ങളെക്കുറിച്ചുള്ള നിഗമനങ്ങള്‍ Table 11ലും, ഇന്ധന ആവശ്യത്തെക്കുറിച്ചുള്ള നിഗമനങ്ങള്‍ Table 12ലും നല്കിയിരിക്കുന്നു.
നടപ്പുരീതി ഊര്‍ജ്ജ ഉപയോഗം: സംഗ്രഹം
അവിശ്വസനീയമെന്നു് തോന്നാമെങ്കിലും കേരളത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങളുടെ 50 ശതമാനത്തിലധികവും ഗതാഗത മേഖലയിലാണെന്നതാണ് സത്യം. സ്വന്തം പറമ്പുകളിലായി നിലകൊള്ളുന്ന വീടുകളിലായി പരന്നുകിടക്കുന്ന ജനസംഖ്യയുടെ സ്ഥലവ്യാപ്തിമൂലം എല്ലാവര്ക്കും സ്വകാര്യ വാഹനങ്ങള്‍ ആവശ്യമായി വരുന്നതാവാം ഒരു കാരണം. വളരുന്ന മദ്ധ്യവര്‍ഗ്ഗത്തിന്റെ ഉയര്‍ന്ന വരുമാനവും ഇതിനു് കാരണമാണ്. മറ്റൊന്നു് വ്യവസായ മേഖലയിലും മറ്റും ഊര്‍ജ്ജ ഉപയോഗം കുറവായതിനാല്‍ താരതമ്യേന ഗതാഗത ഊര്‍ജ്ജ ഉപയോഗ ശതമാനം കൂടുന്നതുമാകാം.
വെട്ടിച്ചുരുക്കിയ ഊര്‍ജ്ജ വിനിയോഗം
ഊര്‍ജ്ജസംരക്ഷണം (EC), ഊര്‍ജ്ജകാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ (EE), സ്രോതസ്സുമാറ്റം (CS) തുടങ്ങിയ സമയബന്ധിത വിനിയോഗ നിയന്ത്രണ ഇടപെടലുകളിലൂടെ നടപ്പുരീതിയനുസരിച്ചുള്ള ഊര്‍ജ്ജ വിനിയോഗം കൂറയ്ക്കാമെന്ന കണ്ടെത്തലാണ് ഈ വെട്ടിച്ചുരുക്കിയ ഊര്‍ജ്ജ വിനിയോഗ ഷെനറിയോവിന്റെ (Curtailed Demand Scenario) അടിസ്ഥാനം, ഇത്തരമൊരു സമയബന്ധിത പദ്ധതിയ്ക്ക് അതിനനുയോജ്യമായ നയപരമായ ഇടപെടലുകളും ആവശ്യമാണ്. ഓരോ മേഖലകളിലും ആവശ്യമായ ഇടപെടലുകളും, അവയനുസരിച്ചുള്ള വെട്ടിച്ചുരുക്കിയ മേഖലാ ഊര്‍ജ്ജ വിനിയോഗവും ഇനി വിവരിക്കാം.
ഗാര്‍ഹിക മേഖല
പ്രധാനമായി ആവശ്യമായ ഇടപെടലുകള്‍ ഇവയാണ്
ചില പ്രധാന ഇടപെടലുകള്‍
ഈ മേഖലയില്‍ നടത്താനായി നിര്‍ദ്ദേശിക്കുന്ന ഇടപെടലുകള്‍ ഇവയാണ്
ഈ മേഖലയില്‍ പ്രധാനമായും നടത്തേണ്ട ഇടപെടലുകള്‍ ഇവയാണ്.
ഈ മേഖലയില്‍ ആവശ്യമായ പ്രധാന ഇടപെടലുകള്‍ ഇവയാണ്.
സ്വകാര്യ വാഹനങ്ങളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കേരളത്തിലെ ഗതാഗതരംഗത്തിന്റെ പ്രത്യേകതയെന്ന് നാം കണ്ടു. റോഡുകളുടെ വീതി കൂട്ടല്‍ മുതലായ സാമ്പ്രദായിക ഹ്രസ്വകാല പരിഹാരങ്ങള്‍ ആവശ്യമാണെന്നിരിക്കിലും, അവ കൊണ്ടൊന്നും പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനാകില്ല. അതിനാല്‍ ഊര്‍ജ്ജസംരക്ഷണം, ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, സ്രോതസ്സുമാറ്റം എന്നീ സമീപനങ്ങളിലൂടെ നടത്താവുന്ന ഇടപെടലുകള്‍ ഇനി പറയാം.
മോട്ടോര്‍ വാഹനങ്ങളില്‍ നിന്നും സൈക്കിള്‍ പോലുള്ള മോട്ടോര്‍-രഹിത വാഹനങ്ങളിലേക്കുള്ള മാറ്റം കാര്യമായി പ്രോത്സാഹിപ്പിക്കണം - 2030നകം ഇത്തരം 5% മാറ്റം നടപ്പാക്കാന്‍ കഴിയണം. കാര്‍പൂളിംഗ് (Car Pooling) കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുക.ചരക്കുകടത്തല്‍ മേഖലയില്‍ റോഡുകളുടെ നിലവാരം കൂട്ടുകയും ചെക്കുപോസ്റ്റുകളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുകയും, ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മികച്ച ഡ്രൈവിംഗ് പരിശീലനം നല്‍കുകയും വഴി 2030-നകം 15% ഇന്ധന ഉപയോഗം കുറയ്ക്കാന്‍ കഴിയും. വീഡിയോ കോണ്‍ഫറന്‍സ്, സ്കൈപ്പ്,കോണ്‍ഫറന്‍സ് കാളുകള്‍ തുടങ്ങിയ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക വഴി കോര്‍പ്പറേറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ മീറ്റിംഗുകള്‍ക്കായി നടത്തുന്ന യാത്രകള്‍ 2025നകം 30% കുറയ്ക്കുക.
ഊര്‍ജ്ജകാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍:
യാത്രയ്ക്കും ചരക്കുനീക്കത്തിനുമുള്ള വിധംമാറ്റലിലൂടെ (Inter modal shift) ഊര്‍ജ്ജകാര്യക്ഷമത നിര്‍ണ്ണായകമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. റോഡില്‍ നിന്നു റയില്‍വേ, ജലഗതാഗതം എന്നിവയിലേക്കുള്ള മാറ്റത്തിന് കേരളത്തില്‍ സാധ്യത ഏറെയാണ്. നടപ്പുരീതിയനുസരിച്ചുള്ള മോഡലുകളില്‍ 2020-ല്‍ ജലമാര്‍ഗ്ഗമുള്ള ചരക്കു കടത്തല്‍ 7.7 ശതമാനമെന്നത് 22 ശതമാനമായും 2050ല്‍ റെയില്‍വേ മാര്‍ഗ്ഗമുള്ള ചരക്കുകടത്തല്‍ 10 ശതമാനമെന്നത് 25 ശതമാനമായും വര്‍ദ്ധിപ്പിക്കാന്‍ കഴിയും. സ്വകാര്യ വാഹനങ്ങളില്‍ നിന്ന് റയില്‍വേ,ബസ്സ് തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങളിലേക്കുള്ള മാറ്റവും (Intramodal shift) സാധ്യമാണ്. ഇത് കാറുകളുടെ കാര്യത്തില്‍ 2030-ലും 2020-ലെ 3.6ശതമാനത്തില്‍ തന്നെ നിര്‍ത്താനും, ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ 2030-ല്‍ 9 ശതമാനമായി നിര്‍ത്താനും കഴിയണം. ജനങ്ങള്‍ക്കു സ്വീകാര്യമായ നയമാറ്റത്തിലൂടെ പുതിയ സാങ്കേതിക വിദ്യകള്‍ - സങ്കരകാറുകളും ബസ്സുകളും (Hybrids of Electric and Gasoline/Diesel) മറ്റും കൊണ്ടുവരാന്‍ കഴിയണം. ഒരു സാധാരണ ഡീസല്‍ ബസ്സിനേക്കാള്‍ 69% ഇന്ധനം കുറവുമതി ഒരു സങ്കരബസ്സിന്.
സ്രോതസ്സുമാറ്റം: ഭാരതത്തില്‍ കേന്ദ്രഗവണ്മെന്റ് ഒരു "ദേശീയ വൈദ്യുത ഗതാഗത പദ്ധതി" (National Electric Mobility Plan – NEMP)തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് കേരളത്തിലും 2050 ആകുമ്പോഴേയ്ക്ക് 50% വാഹനങ്ങള്‍ വൈദ്യുതി ഉപയോഗിച്ചു പ്രവര്ത്തിക്കുന്നവയാകുമെന്ന് ഉറപ്പുവരുത്തണം. ഈവിധ ഇടപെടലുകളിലൂടെ വരുത്താവുന്ന ഊര്‍ജ്ജ വിനിയോഗ മാറ്റങ്ങളുടെ കണക്കുകള്‍ Table 20ല്‍ കാണാം.
വെട്ടിച്ചുരുക്കിയ ഊര്‍ജ്ജ വിനിയോഗം: സംഗ്രഹം
മുകളില്‍ പറഞ്ഞ ഇടപെടലുകളിലൂടെ നേടാവുന്ന വെട്ടിച്ചുരുക്കിയ ഊര്‍ജ്ജ വിനിയോഗത്തിന്റെ സംഗ്രഹം Table 21, 22, 23, 24 എന്നിവയിലുംFig. 8ലും നല്കിയിരിക്കുന്നു. ഇപ്പോഴത്തേതില്‍ നിന്ന് ഊര്‍ജ്ജ ആവശ്യം 2050ല്‍ 2.2 ഇരട്ടി ആകുമ്പോഴും നടപ്പുരീതിയില്‍ നിന്ന് 50% ഊര്‍ജ്ജ ഉപയോഗം കുറയുമെന്നും കാണാം.
2050-ല്‍ 100% ഹരിത ഊര്‍ജ്ജം
വെട്ടിച്ചുരുക്കിയ ഊര്‍ജ്ജ ഉപഭോഗ ഷെനറിയോ പ്രകാരം ഉല്പാദനവും ആവശ്യവും വിലയിരുത്തിയതനുസരിച്ച് 2050 വരെയുള്ള കേരളത്തിന്റെ ഊര്‍ജ്ജ ഉല്പാദനക്ഷമതയും ഊര്‍ജ്ജ ആവശ്യവും Table 25 ല്‍ കാണാം.
വൈദ്യുതി ഉല്പാദനവും ആവശ്യവും
വൈദ്യുതിയുടെ കാര്യത്തില്‍ ആവശ്യമനുസരിച്ച് സംസ്ഥാനത്തു തന്നെ ഹരിത ഊര്‍ജ്ജം ഉല്പാദിപ്പിക്കാനുള്ള ക്ഷമതയുണ്ടെന്ന് കാണാം.താപവൈദ്യുതി നിലയങ്ങളുടെ ആയുസ്സ് 40ഓളം വര്‍ഷങ്ങളായതിനാലും, മുമ്പു വിവരിച്ച ഇന്ധനകമ്മിയുടെ കാരണങ്ങളാലും 2040-നു ശേഷം അശ്മക ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന താപനിലയങ്ങള്‍ ഉണ്ടാവില്ലെന്നും അനുമാനിക്കുന്നു. ഹരിതഊര്‍ജ്ജം പ്രധാനമായും പവനഊര്‍ജ്ജം,സൗരോര്‍ജ്ജം (60 ബില്യന്‍ യൂണിറ്റിന്റെ മൊത്തം ഉല്പാദനത്തില് 45 ബില്യണ്‍ യൂണിറ്റ്) എന്നീ രണ്ടു സ്രോതസ്സുകളില്‍ നിന്നാണെന്നു കാണാം. 2030നു ശേഷം ഉയര്‍ന്നതോതില്‍ ഈ രണ്ടു സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാമെന്നു കണക്കുകൂട്ടിയിരിക്കുന്നു (2030 വരെ പ്രാദേശിക ആവശ്യത്തിന്റെ 10 ശതമാനം മാത്രം) അതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ ഇവയാണ്.
2050 വരെ, വെട്ടിച്ചുരുക്കിയ ഊര്‍ജ്ജ വിനിയോഗം അനുസരിച്ചുള്ള വൈദ്യുതിയുടെ ആവശ്യവും, വിവിത സ്രോതസ്സുകളില്‍ നിന്നുള്ള അതിന്റെ ഉപലബ്ധിയും, ഘട്ടംഘട്ടങ്ങളായി പ്രാവര്‍ത്തികമാക്കേണ്ട ഹരിത ഊര്‍ജ്ജ സ്രോതസ്സുകളുടെ സ്ഥാപിത ശേഷിയും (Installed capacity) Table 26ല്‍ നല്കിയിരിക്കുന്നു.
ഇന്ധന ഉല്പാദനവും ആവശ്യവും
കടല്പ്പോളകളില് നിന്ന് ജൈവ ഇന്ധനം ഉല്പാദിപ്പിക്കാനുള്ള നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാകുന്നതിലെ വിളംബവും മറ്റും കണക്കിലെടുത്ത് 2030-നു ശേഷമേ അവയുടെ ഗണ്യമായ ഉല്പാദനം കണക്കിലെടുത്തിട്ടുള്ളൂ. സാങ്കേതികമായി പറഞ്ഞാല്‍ 2050-നകം 100ശതമാനവും അശ്മ ദ്രവ ഇന്ധനങ്ങള്‍ക്കു പകരം നില്ക്കാന് ജൈവ ഇന്ധനങ്ങള്‍ക്കു കഴിയും. എന്നാല്‍ പ്രായോഗിക തലത്തില്‍ ഇവയുടെ ഉല്പാദനത്തിന് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. മാത്രമല്ല ജൈവ ഇന്ധനങ്ങള്‍ ഹരിതവും ശുദ്ധവും (Green and Clean)ആണെന്നു പറയാനും കഴിയില്ല. കാര്‍ബണ്‍ സംയുക്തങ്ങള്‍ കൂടാതെ, അവ നൈട്രജന്‍ ഓക്സൈഡ് പോലുള്ള ഇതര മാരക വിഷവസ്തുക്കള്‍ വമിക്കുകയും ചെയ്യും. അതിനാല്‍ ഭാവിയിലേത് - പ്രത്യേകിച്ചും ഗതാഗതത്തിന് ഇനിപ്പറയുന്ന രീതിയിലുള്ള ഒരു സങ്കര സമീപനമായിരിക്കും നല്ലതെന്നു പറയാം.
ഇത്തരത്തിലുള്ള ശ്രദ്ധാപൂര്‍വ്വമുള്ള പ്ലാനിംഗ് ഭാവിയില്‍ ആവശ്യമായി വരും.
താപ ഉല്പാദനവും ആവശ്യവും
അശ്മക ഇന്ധനങ്ങള്‍ താപനിര്മ്മിതിക്കു വേണ്ടി മാത്രം ഉപയോഗിക്കുന്ന ഭൂരിപക്ഷം വ്യവസായങ്ങളിലും അവയ്ക്കു പകരം സൂര്യതാപവും,അഥവാ സൂര്യതാപത്തിന്റെയും ജൈവ ഇന്ധനത്തിന്റെയും സങ്കരം കൊണ്ടും പകരം വയ്ക്കാനാകും. എന്നാല്‍ രാസവള നിര്‍മ്മിതിക്കും മറ്റും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ (നാഫ്ത, പ്രകൃതിവാതകം തുടങ്ങിയവ) ഹരിത സ്രോതസ്സുകളില്‍ നിന്ന് ഉണ്ടാക്കാനാവില്ല.ബയോഗ്യാസ്, വിറക്, തുടങ്ങിയ അവയുടെ ഉപലബ്ധി അനുസരിച്ച് ഉപയോഗിക്കാമെങ്കിലും പാചകത്തിനും മറ്റും അവ പ്രത്യേകിച്ചും നഗരങ്ങളില്‍ - മതിയായില്ലെന്നു വരും. നഗരങ്ങളിലെ പാചക ഇന്ധനം ഭാവിയില്‍ വലിയൊരു സമസ്യയായി ഉയര്‍ന്നുവരും. അതിനെ നേരിടാന്‍ വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചുവെന്നു വരാം. ചിലപ്പോള്‍ ജീവിത – കെട്ടിടനിര്‍മ്മാണ രീതികള്‍ മാറ്റേണ്ടിവരും. ഇത്തരം സങ്കീര്‍ണ്ണതകളെ കണക്കുകളിലേക്കു സ്ഥൂലീകരിക്കാന് പ്രയാസമുണ്ട്. Table 27ല്‍ 2050 വരെയുള്ള മൊത്തം ഊര്‍ജ്ജ ഉപലബ്ധിയുടെ വിവരണം നല്കുന്നു.
പരിവര്‍ത്തനത്തിനു വേണ്ട നയങ്ങള്‍
സ്വതന്ത്രവിപണിയുടെ പ്രവര്‍ത്തനത്തിലൂടെ മാത്രം ഇത്തരം മാറ്റങ്ങള്‍ കൈവരിക്കാനാവില്ല. സര്‍ക്കാരിന്റെ ബോധപൂര്‍വ്വവും നയപരവും സമയബന്ധിതവുമായ ഇടപെടലുകള്‍ ഈ പരിവര്‍ത്തനത്തിന് അനിവാര്യമാണ്. ഈ പഠന റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപത്തില്‍ ഓരോ ഇടപെടലുകള്‍ക്കും ആവശ്യമായ നയമാറ്റങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ പ്രധാനപ്പെട്ട കുറെ നയങ്ങള്‍ മാത്രമേ സൂചിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഓരോ മേഖലയിലും വേണ്ട അത്തരം നയങ്ങള്‍ ഇനി ചുരുക്കിപ്പറയാം.
ഊര്‍ജ്ജസംരക്ഷണം, പ്രസരണ നഷ്ടം കുറയ്ക്കല്‍ എന്നീ രംഗങ്ങളില്‍ പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.സൗരോര്‍ജ്ജ വിനിയോഗത്തിനുള്ള നിര്‍ണ്ണായകമായ ആദ്യ നടപടികള്‍ നടപ്പിലാക്കുന്നതിനും ഗവണ്മെന്റ് തുടക്കമിട്ടിട്ടുണ്ട്. എങ്കിലും കൂടുതല്‍ ഊര്‍ജ്ജിതമായ നയരൂപീകരണവും നടപ്പാക്കലും ഈ രംഗത്ത് ആവശ്യമാണ്.
ഈ രംഗത്തെ പ്രധാന നയമാറ്റങ്ങള്‍ റോഡില്‍ നിന്ന് ജല-റയില്‍ മാര്‍ഗ്ഗങ്ങളിലേക്കുള്ള മാറ്റം, വാഹനങ്ങളുടെ സമയബന്ധിത ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, വൈദ്യുത വാഹനങ്ങള്‍, സങ്കര-വാഹനങ്ങള്‍ എന്നിവയിലേക്ക് ക്രമേണയുള്ള മാറ്റം തുടങ്ങിയവയാണ്.പ്രധാനപ്പെട്ട ചില നയമാറ്റങ്ങള്‍ ഇനിപ്പറയാം.
വ്യവസായം
ഈ മേഖലയില്‍ സ്വീകരിക്കാവുന്ന പ്രധാന നടപടികള്‍ ഇവയാണ്
കെട്ടിട നിര്‍മ്മാണം
കേരളത്തില്‍ ഏറ്റവുമധികം വളരുന്ന ഒരു മേഖലയാണിത്. കേരളത്തിലെ മണലൂറ്റലും അതുമൂലമുള്ള നദികളുടെ നാശം തുടങ്ങി നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഈ അമിത വളര്‍ച്ച കാരണമാകുന്നു. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഈ അതിരുകവിഞ്ഞ വളര്‍ച്ചയ്ക്ക് കടിഞ്ഞാണിടാന്‍ പ്രയാസമുണ്ട്. ഏറ്റവുമധികം വൈദ്യുതി ഉപയോഗം നടക്കുന്ന മേഖലയുമാണിത്. വൈദ്യുതി കൂടാതെ നിര്‍മ്മാണ വസ്തുക്കളുടെ ഉപലബ്ധിയുടെ പ്രശ്നവും ഭാവിയില്‍ രൂക്ഷമാകും. അതിനാല്‍ കെട്ടിട നിര്‍മ്മാണമേഖലയില്‍ സുസ്ഥിരത കൊണ്ടുവരാന്‍ വേണ്ട നയങ്ങള്‍ അനിവാര്യമാണ്. ഇന്നത്തെ അവസഥ തുടര്‍ന്നാല്‍ കേരളത്തിലെ കൃഷിഭൂമി ഇല്ലാതാകും. എല്ലായിടവും കെട്ടിടങ്ങള്‍ കൊണ്ടു നിറയും.അത് കേരളത്തെ അരക്ഷിതമായ ഭാവിയിലേക്ക് നയിക്കും. അതിനാല്‍ ഈ രംഗത്ത് വളരെ ഫലപ്രദവും പ്രായോഗികവുമായ പരിഹാരങ്ങള്‍ അനിവാര്യമാണ്. ചില സൂചനകള്‍ മാത്രം ഇവിടെ നല്‍കാം.
ഇതുവരെ നാം കണ്ട കണക്കുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. 2050-ല്‍ 100% ഹരിത ഊര്‍ജ്ജം എന്നത് കേരളത്തില്‍ സാധ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്, മിഥ്യയല്ല. സാങ്കേതികാര്‍ത്ഥത്തില്‍ കേരളത്തിന്റെ 2050-ലെ ഊര്‍ജ്ജ ആവശ്യങ്ങളുടെ 95 ശതമാനവും ഹരിത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് ഉല്പാദിപ്പിക്കാനാകും. ഇത് നേടുന്നതിനായി വന്‍തോതില്‍ ഊര്‍ജ്ജ ഉപഭോഗം വെട്ടിച്ചുരുക്കുന്നതിനുള്ള സാധ്യതകളും പ്രായോഗികമാണെന്നു കണ്ടു. ഊര്‍ജ്ജസംരക്ഷണം, ഊര്‍ജ്ജകാര്യക്ഷമത, സ്രോതസ്സുമാറ്റം എന്നീ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ശക്തമായ ഇടപെടലുകളിലൂടെ 2050നകം 60% വരെ ഊര്‍ജ്ജ ഉപയോഗം വെട്ടിച്ചുരുക്കാം. (Fig. 9 നോക്കുക).
അശ്മക ഇന്ധനങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും, മിക്ക ആവശ്യങ്ങളും - 95% ഹരിത ഊര്‍ജ്ജത്തില്‍ നിന്നും പൂര്ത്തീകരിക്കാനാകം.വ്യവസായങ്ങളിലും, ഗാര്‍ഹിക പാചകത്തിനും വേണ്ട താപ ഊര്‍ജ്ജ നിര്‍മ്മിതിക്കും മറ്റുമായി കുറഞ്ഞ തോതില്‍ (അവ ലഭ്യമാണെങ്കില്‍) അശ്മക ഇന്ധനങ്ങളുടെ ഉപയോഗം തുടര്‍ന്നെന്നു വരാം. Fig. 10ല്‍ 2050 വരെയുള്ള ഇന്ധനവിനിയോഗത്തിന്റെ തോതിന്റെ പരിണാമം കാണാം.
കേരളത്തിന്റെ മൊത്തം ദേശീയ ഉല്പന്നവുമായി (Gross Deomestic Product – GDP of Kerala) താരതമ്യം ചെയ്യുമ്പോള്‍ ഈ ഹരിത പരിണാമം സാധ്യമാക്കാന്‍ വേണ്ട സര്‍ക്കാര്‍ നിക്ഷേപം തുച്ഛമാണെന്നു കാണാം. മാത്രമല്ല പുതിയ സാങ്കേതിക വിദ്യകളിലും ആന്തരസംവിധാനങ്ങളിലും(infrastructre) നടത്തുന്ന നിക്ഷേപത്തിലൂടെ സംസ്ഥാനത്തിന് ലാഭകരമായ പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. സാമ്പ്രദായിക വ്യാവസായിക ഉല്പാദനത്തിന്റെ 90 ശതമാനവും അശ്മ ഇന്ധനങ്ങളില്‍ അധിഷ്ഠിതമാണ്. അതിനാല്‍ത്തന്നെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനവും അതില്‍ ആധാരിതമാണ്. ഒരു അശ്മ ഇന്ധനാന്തര (Post-Fossil-Fuel) ലോകത്ത് സര്‍ക്കാരിന്റെ റവന്യൂ വരുമാനം ഗണ്യമായി കുറയും. അതിനാല്‍തന്നെ പുതിയ പരിസ്ഥിതി സൗഹൃത സാങ്കേതിക വിദ്യകളിലുള്ള നിക്ഷേപം സര്‍ക്കാരിന്റെ റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നിക്ഷേപ ആവശ്യങ്ങളുടെ കണക്ക് Fig. 11ല്‍ കാണാം.
ഈ പരിണാമം സാധ്യമാക്കാന്‍ നേരിടേണ്ട പ്രധാന വെല്ലുവിളികള്‍ ഇങ്ങനെ ചുരുക്കിപ്പറയാം.
ഈ പഠനത്തിന്റെ നിഗമനങ്ങളെ ഇങ്ങനെ ഉപസംഹരിക്കാം
സുസ്ഥിര ഊര്‍ജ്ജം ലഭ്യമായതുകൊണ്ടു മാത്രം സുസ്ഥിര വികസനം (Sustainable Development) ഉണ്ടാവുകയില്ല. അതിന് ഇക്കോവ്യൂഹങ്ങളുടെ സംരക്ഷണവും, ഉപഭോഗ നിയന്ത്രിതവും നിരന്തരവുമായ സാമ്പത്തിക വളര്‍ച്ചയുടെ നിയന്ത്രണവും, നാശോന്മുഖമായ ഇക്കോവ്യൂഹങ്ങളുടെ പുനര്‍നിര്‍മ്മിതിയും (Ecological Restoration) എല്ലാം ആവശ്യമായി വരും. സുസ്ഥിര വികസനം എന്നത് സുസ്ഥിര ലാത്തിനുള്ള (Sustainable Profit)ഉപാധിയല്ല. ഇക്കോളജിയും (Ecology) ഇക്കോണമിയും (Economy) തമ്മില്‍ സമരസപ്പെടുന്ന ഒരു സമതുലിതാവസ്ഥയില്‍ മാത്രമേ സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാവുകയുള്ളൂ.
അവസാനം പരിഷ്കരിച്ചത് : 2/15/2020
ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ...
അണു ഊർജ്ജത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
ഊർജ്ജ പ്രതിസന്ധിയെയും അവയെ പരിഹരിക്കുന്നതിനുള്ള മാ...
ഊർജ്ജത്തെ സംബന്ധിക്കുന്ന വിവരങ്ങൾ