Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / ഊർജ്ജ വസ്തുതകൾ / ഡിസംബര്‍ 14 ദേശീയ ഊര്‍ജ സംരക്ഷണദിനം.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഡിസംബര്‍ 14 ദേശീയ ഊര്‍ജ സംരക്ഷണദിനം.

ഊര്‍ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത

 

ഊര്‍ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി ഓരോ വര്‍ഷവും ഡിസംബര്‍ പതിനാല് കടന്നുപോകുന്നു. എന്നാല്‍ നാം ഈ ആചരണത്തോട് എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ട്? കാര്യക്ഷമമായ ഊര്‍ജ വിനിയോഗത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഊര്‍ജ സംരക്ഷണം. സുസ്ഥിര ഉപയോഗത്തിന് വേണ്ടി പരിമിതമായി ഊര്‍ജം ഉപയോഗിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന മൈലേജുളള വാഹനം ഉപയോഗിക്കുന്നത് ഊര്‍ജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാകുന്നു. ഊര്‍ജത്തിന്റെ ഫലപ്രദമായ വിനിയോഗം, സംരക്ഷണം എന്നിവയിലൂടെ ഊര്‍ജ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.

ഊര്‍ജ സംരക്ഷണത്തിലൂടെ പരിസ്ഥിതി സംരക്ഷിക്കപ്പെടുകയും ദേശസുരക്ഷയും സ്വകാര്യ സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടാകുന്നു. ചില രാജ്യങ്ങള്‍ ഊര്‍ജ ഉപയോഗം കുറയ്ക്കാനായി കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മറ്റ് ഊര്‍ജ്ജ വിഭവങ്ങള്‍ തേടാനും ആളുകളെ പ്രേരിപ്പിക്കുന്നു. ഇതിന് ചില പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിമിതികളുമുണ്ട്. ഊര്‍ജോത്പാദനവും വിവിധതരത്തിലുളള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഊര്‍ജ കണക്കെടുപ്പ് നടത്തുന്നതിലൂടെ വീടുകളിലെ ഊര്‍ജോപഭോഗം നിയന്ത്രിക്കാനാകും. ഊര്‍ജത്തിന്റെ അമിതോപയോഗത്താലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. ഇതിന് പുറമെ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുക. സാധ്യമായ ഇടങ്ങളിലൊക്കെ സൗരോര്‍ജ പാനലുകള്‍ സാധിക്കാനായാല്‍ തന്നെ എത്രയോ ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. സൗരോര്‍ജത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഊര്‍ജ സംരക്ഷണത്തില്‍ അതുമൊരു നേട്ടമാണ്. ജോലിയ്ക്കും മറ്റും നിരന്തരം യാത്ര ചെയ്യേണ്ടി വന്നതോടെയാണ് നാം ഫോസില്‍ ഇന്ധങ്ങളെ ആശ്രയിച്ചുകൊണ്ടുളള യാത്രാ മാര്‍ഗങ്ങള്‍ തേടിയത്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയിലും മറ്റും വീടുകളില്‍ ഇരുന്നു കൊണ്ടുതന്നെ ജോലി ചെയ്യാനുളള സാഹചര്യം ഉണ്ടായതോടെ വാഹനങ്ങളെ ആശ്രയിക്കുന്നത് അമേരിക്കപോലുള്ള രാജ്യങ്ങള്‍ കുറച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ഊര്‍ജക്ഷമമായ ഉത്പന്നങ്ങളെ കുറിച്ച് മതിയായ ധാരണയില്ല. സാധാരണ പരമ്പരാഗത ബള്‍ബുകള്‍ക്ക് പകരം അത്യാധുനിക ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ ഊര്‍ജം ലാഭിക്കാനാകും. പലരും ബള്‍ബ് വാങ്ങുമ്പോള്‍ വില കുറഞ്ഞവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഇവയുടെ കുറഞ്ഞ ഊര്‍ജക്ഷമതയും ഇതിനായി വേണ്ടി വരുന്ന വലിയ ഊര്‍ജ ചെലവും കാലദൈര്‍ഘ്യത്തിലെ കുറവും ഇവര്‍ കണക്കിലെടുക്കുന്നില്ല. ആധുനിക കോംപാക്ട് ഫ്‌ളൂറസെന്റ് , എല്‍ഇഡി ബള്‍ബുകള്‍ക്ക് സാധാരണ ബള്‍ബുകളെക്കാള്‍ ഊര്‍ജ്ജക്ഷമതയും കാലദൈര്‍ഘ്യവും ഉണ്ട്.എല്‍ഇഡി ബള്‍ബുകളുടെ വിലയിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. സെമികണ്ടക്ടര്‍ സാങ്കേതികതയിലുണ്ടായ ചെലവ് കുറവാണ് ഇതിന് കാരണം. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അടുത്ത 20 കൊല്ലത്തിനിടെ അമേരിക്കയിലെ ഊര്‍ജ്ജ ചെലവില്‍ 265 ബില്യന്‍ ഡോളറിന്റെ കുറവുണ്ടായിട്ടുണ്ട്. ഊര്‍ജ സംരക്ഷണത്തിനായി ജനങ്ങള്‍ കൂടുതല്‍ സമയവും പണവും ചെലവാക്കേണ്ടതുമുണ്ട്. ജനങ്ങളുടെ ആശങ്കകളും പരിഹരിക്കണം. പകല്‍ സമയത്ത് ജോലി ചെയ്യുന്നതിലൂടെ ഓഫീസുകളില്‍ ഊര്‍ജ ഉപഭോഗം കുറയ്ക്കാനാകും. ഒപ്പം ഉത്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കാം. ജീവനക്കാരുടെ ശാരീരിക മാനസിക സമ്മര്‍ദ്ദങ്ങളും ഊര്‍ജോപഭോഗം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിനും പരിഹാരം തേടണം. ചൂട് കാലാവസ്ഥയില്‍ എസിയുടെ ഉപയോഗം കൂടുന്നു. ഇതിന് വന്‍തോതില്‍ ഊര്‍ജം വേണ്ടി വരുന്നുണ്ട്. അതുപോലെ തണുത്ത കാലാവസ്ഥയില്‍ വീടിനകം ചൂട് പിടിപ്പിക്കാനുളള ഉപകരണങ്ങള്‍ക്കും കൂടുതല്‍ ആവശ്യമുണ്ട്. ഇവയ്‌ക്കെല്ലാം മറ്റ് ഊര്‍ജ്ജ ക്ഷമമായ മാര്‍ഗങ്ങള്‍ തേടാവുന്നതാണ്.

ഭാരതത്തില്‍ ഊര്‍ജസംരക്ഷണ നിയമം നടപ്പിലാക്കിയത്, 2001 ല്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ്. ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ഭരണഘടനാ സമിതിയാണ് ഇത്. ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിനുള്ള നയങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സമിതി. ഊര്‍ജത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കുറഞ്ഞ തോതില്‍ ഊര്‍ജം ഉപയോഗിച്ചുകൊണ്ട്, അമൂല്യമായ ഊര്‍ജം സംരക്ഷിക്കുയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഭാവിയിലെ ഉപയോഗത്തിനായി ഊര്‍ജത്തിന്റെ അമിതോപയോഗം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

നിത്യജീവിതത്തില്‍ തന്നെ നിസാരമെന്ന് കരുതുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ അനാവശ്യ ഊര്‍ജ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കും. ഫോസില്‍ ഇന്ധനങ്ങള്‍, അസംസ്‌കൃത എണ്ണ, കല്‍ക്കരി, പ്രകൃതി വാതകങ്ങള്‍ എന്നിവയിലൂടെയാണ് നിത്യജീവിതത്തില്‍ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഇവയുടെ ആവശ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തന്മൂലം പ്രകൃതി വിഭവങ്ങളില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് ഭയം. ഈ സാഹചര്യത്തില്‍ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുകയെന്നതാണ് ഫലപ്രദമായ മാര്‍ഗ്ഗം. വൈദ്യുത്ി സംരക്ഷിക്കുമ്പോള്‍ പണം ലാഭിക്കുക മാത്രമല്ല ചെയ്യുന്നത്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഇതോടൊപ്പം നടക്കും.ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയുമ്പോള്‍ സ്വാഭാവികമായും അന്തരീക്ഷത്തിലേക്കെത്തുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കുറയും. ആഗോളതാപനത്തിനും വായുമലിനീകരണത്തിനും പ്രധാന ഹേതു കാര്‍ബണ്‍ഡയോക്‌സൈഡാണ്. ഊര്‍ജ സംരക്ഷണം ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമല്ല. കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ഓരോരുത്തരും സ്വന്തം കടമയാണെന്ന് കരുതി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. ഊര്‍ജ്ജോപയോഗത്തില്‍ എത്തരത്തില്‍ മാറ്റം വരുത്തണമെന്ന് ചിന്തിക്കാന്‍ ഓരോ വ്യക്തിക്കും സാധിക്കും. ഗൃഹോപകരണങ്ങളുടെ ഉപയോഗം എപ്രകാരം വേണമെന്ന് സ്വയം തീരുമാനിക്കാവുന്നതേയുള്ളു. വീടുകളിലും ഓഫീസുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നമ്മള്‍ പാഴാക്കിക്കളയുന്ന വൈദ്യുതി എത്രയെന്ന് ആര്‍ക്കെങ്കിലും നിശ്ചയമുണ്ടോ?. ഇത്തരത്തില്‍ പാഴാക്കിക്കളയുന്ന ഊര്‍ജത്തിന് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടതായി വരും. ഊര്‍ജത്തിന്റെ ഉപയോഗത്തില്‍ ഇന്ന് കാണിക്കുന്ന ശ്രദ്ധയും കരുതലും ഭാവി തലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണെന്ന കാര്യവും വിസ്മരിക്കരുത്. വൈദ്യുതി സംരക്ഷണം വീട്ടില്‍ നിന്ന് എയര്‍ കണ്ടീഷനുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. സ്വാഭാവികമായ രീതിയില്‍ മുറിയില്‍ കാറ്റുകയറുന്നതിനായി ജനാലകള്‍ തുറന്നിടുക. പകല്‍, ലൈറ്റുകള്‍ അധികം ഉപയോഗിക്കാതിരിക്കുക. സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തുക. ആവശ്യം കഴിഞ്ഞാലുടന്‍ ലൈറ്റുകള്‍ ഓഫ് ആക്കുക. ബാല്‍ക്കണി, ബാത്ത്‌റൂം തുടങ്ങിയ ഇടങ്ങളില്‍ ഡിം ലൈറ്റുകള്‍ ഉപയോഗിക്കുക. ഗീസറുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ വൈദ്യുതി ആവശ്യമാണ്. ആവശ്യത്തിനുള്ള വെള്ളം മാത്രം ചൂടാക്കി ഗീസറിന്റെ ഉപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കുക. വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ സ്വിച്ച് ഓഫാക്കുക. പുറത്ത് പോകേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ലൈറ്റുകള്‍, ഫാനുകള്‍ റഫ്രിജറേറ്റര്‍ മുതയാലവ ഓഫ് ആക്കിയെന്ന് ഉറപ്പുവരുത്തുക. ഇലക്ടോണിക് ഉപകണങ്ങളുടേയും ചാര്‍ജ്ജറുകളുടേയും ആവശ്യം കഴിഞ്ഞാലുടന്‍ പ്ലഗ്ഗുകള്‍ ഊരിയിടുക. ഫ്രീസറുകള്‍ ഉപയോഗിക്കുന്നില്ല എങ്കില്‍ അത് ഓഫ് ചെയ്യുക. റഫ്രിജറേറ്ററുകള്‍ വൃത്തിയായി സൂക്ഷിക്കുക. ഫ്രിഡ്ജിനുള്ളില്‍ വായു സഞ്ചാരം സുഗമമാക്കുന്നതിന് വേണ്ടിയാണിത്. ഇതിലൂടെ ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാനും സാധിക്കും. ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തണുത്തതിന് ശേഷം മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ചൂടുള്ള ഭക്ഷണ സാധനങ്ങള്‍ തണുപ്പിക്കുന്നതിന് കൂടുതല്‍ വൈദ്യുതി ആവശ്യമാണ്. മൈക്രോവേവ് ഓവനില്‍ ഭക്ഷണം പാകം ചെയ്യുന്നതിലൂടെ കൂടുതല്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയും. ഇന്‍ഡക്ഷന്‍ കുക്കറുകളുടെ അമിതോപയോഗം കുറയ്ക്കുക. കൂടുതല്‍ വൈദ്യുതി ക്ഷമതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുക. എനര്‍ജി സ്റ്റാര്‍ ലേബലുകള്‍ നോക്കി വേണം ഉപകരണങ്ങള്‍ വാങ്ങാന്‍. വൈദ്യുതി ലാഭിക്കുക മാത്രമല്ല ഇതിലൂടെ അന്തരീക്ഷ മലിനീകരണവും തടയാന്‍ സാധിക്കും. ട്യൂബ് ലൈറ്റുകള്‍ എന്ന് നാം സാധാരണയായി പറയുന്ന ഫ്‌ളൂറസെന്റ് വിളക്കുകള്‍ക്ക് കറന്റ് ചെലവും ആയുസ്സും കൂടുതലാണ്. സാധാരണ ബള്‍ബുകളില്‍ ചുട്ടുപഴുത്ത ഫിലമെന്റില്‍ നിന്നാണ് പ്രകാശമുണ്ടാവുന്നതെങ്കി ല്‍ ട്യൂബ് ലൈറ്റുകളില്‍ ഫ്‌ളൂറസെന്റ് എന്ന പ്രതിഭാസത്താലാണ് പ്രകാശം ഉണ്ടാകുന്നത്. ട്യൂബ് ലൈറ്റുകള്‍ക്ക് ഇലക്ട്രോണിക് ചോക്ക് ഘടിപ്പിക്കുന്നതുകൊണ്ട് വൈദ്യുതി ലാഭം നേടാം. കൂടാതെ കുറഞ്ഞ വോള്‍ട്ടേജില്‍ ട്യൂബ് ലൈറ്റുകള്‍ കത്തിക്കുകയും ചെയ്യാം. ഇപ്പോള്‍ പല വലിപ്പത്തിലും പല വോള്‍ട്ടേജിലുമുള്ള ട്യൂബ് ലൈറ്റുകള്‍ വിപണികളി ല്‍ ലഭ്യമാണ്. 60 വാട്ട്‌സ്, 40 വാട്ട്‌സ് , 36 വാട്ട്‌സ് എന്നിങ്ങനെ. സ്‌ളിം ട്യൂബുകള്‍ എന്നിവ കാര്യക്ഷഷമത കൂടിയവയാണ്. ട്യൂബുലൈറ്റുകളേക്കാള്‍ വൈദ്യുതി ലാഭം നേടിത്തരുന്ന കോംപാക്ട് ഫ്‌ളൂറസെന്റ് വിളക്കുകളും ഇന്ന് സുലഭമാണ്. സി. എഫ്.എലുകള്‍ക്ക് സാധാരണ ബള്‍ബുകളേക്കാള്‍ നാല് മുതല്‍ ആറ് ഇരട്ടി ഊര്‍ജ്ജക്ഷമതയും ആയുര്‍ദൈര്‍ഘ്യവും ഉണ്ട്. ഒരു 40 വാട്ട്‌സ് ബള്‍ബിനു പകരം 7 വാട്ട്‌സ് സി. എഫ്. എല്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭിക്കാം. വാഹന ഉപയോഗവും ഊര്‍ജ സംരക്ഷണവും വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിക്കാതിരിക്കുക. 40-50 കിലോമീറ്ററില്‍ അധികം വേഗത വേണ്ട. സ്പീഡോമീറ്ററിലെ ചുവന്ന വര മെച്ചപ്പെട്ട ഇന്ധന ക്ഷമത കിട്ടുന്ന വേഗതയാണ്. ടയറില്‍ മര്‍ദ്ദം കുറവല്ല എന്നുറപ്പാക്കുക. നൈട്രജന്‍ നിറച്ചാല്‍ എപ്പോഴും കാറ്റടിക്കേണ്ടി വരുകയില്ല. ട്രാഫിക് ജാമില്‍ കുടുങ്ങിയാല്‍, സിഗ്നല്‍ കിട്ടാന്‍ താമസം ഉണ്ടെങ്കില്‍ എഞ്ചിന്‍ ഓഫ് ചെയ്യുക. ആവശ്യമുള്ളപ്പോള്‍ ഗിയര്‍ മാറ്റുക, ഓരോ ഗിയറിലും അതിനനുവദിച്ച പരമാവധി വേഗതയില്‍ അധികം ആവരുത്. വാഹനം വേണ്ട സമയത്തു സര്‍വീസ് ചെയ്തു നല്ല നിലയില്‍ ഓടുന്നുണ്ടെന്ന് എന്നുറപ്പുവരുത്തുക. വാഹനത്തിനുള്ളില്‍ എസിയുടെ ഉപയോഗം കുറയ്ക്കുക. വാഹനത്തിന്റെ ഗ്ലാസുകള്‍ താഴ്ത്തി യാത്ര ചെയ്യുക.

(കടപ്പാട് - ജന്മഭൂമി)

2.94117647059
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top