കാര്‍ഷികോല്പാദന മേഖലയില്‍ ജലസേചനത്തിന്റെ പ്രാധാന്യം വളരെയേറെയാണ്. കാര്‍ഷിക മേഖലയുടെ മൂന്നില്‍ രണ്ടു ഭാഗവും ജല ലഭ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. ജല ഉപഭോഗത്തിലെ 71 ശതമാനവും ജലസേചനത്തിനായാണ് ഉപയോഗിക്കപ്പെടുന്നത്. കൃത്യമായ അളവില്‍ സമയ നിഷ്ടമായ ജലസേചനം വിളകളുടെ ഉത്‌പാദനത്തെ ഗണ്യമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. എല്ലാ സ്രോതസ്സുകളില്‍ നിന്നും ഉള്ള ജല ലഭ്യത നാള്‍തോറും കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലും ജലസേചന രീതികളുടെ അശാസ്ത്രീയതമൂലം വിലപ്പെട്ട ജലസമ്പത്ത് പാഴായിപ്പോകുന്നുണ്ട്. ഇതുമൂലം കൂടുതല്‍ സ്ഥലത്തും, കൂടുതല്‍ വിളകള്‍ക്കും ജലസേചനം നടത്താനുള്ള അവസരം നഷ്ടമാവുന്നുണ്ട്. ചെറുതും വലുതുമായ ഒട്ടേറെ ജലസേചന പദ്ധതികള്‍ സ്ഥാപിതമായിട്ടുണ്ടെങ്കിലും ജല വിതരണ സംവിധാനങ്ങളുടെ അപര്യാപ്തതകള്‍ കാരണം ഇവയില്‍ ഭൂരിഭാഗവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല.
സാധാരണയായി കൃഷിയിടത്തിലോ തടത്തിലോ വെള്ളം കെട്ടി നിര്‍ത്തി നനക്കുന്ന രീതിയില്‍ ബാഷ്‌പീകരണവും താഴോട്ടുള്ള ഊര്‍ന്നിറങ്ങലും വഴി ധാരാളം വെള്ളം നഷ്ടപ്പെടുന്നുണ്ട്. ജല ദൌര്‍ലഭ്യ സമ്മര്‍ദ്ദം പോലെ തന്നെ ജലത്തിന്‍റെ ആധിക്യവും വിളകള്‍ക്ക് ഹാനികരമാണ് .അമിത ജലസേചനത്തിന്‍റെ പ്രശ്നങ്ങളാണ് വെള്ളക്കെട്ട്, ലവണങ്ങളുടെ കേന്ദ്രീകരണം എന്നിവ. മണ്ണിന്‍റെ ഉത്പാദനക്ഷമത നഷ്ടപ്പെടല്‍ തുടങ്ങി വിവിധ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഇതു കാരണമാവാം. മണ്ണിന്‍റെയും വിളകളുടെയും സവിശേഷതകള്‍ കണക്കിലെടുത്ത് പരിമിതമായ ജലസ്രോതസുകളെ വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തി കാര്യക്ഷമമായി ജലസേചനം നടത്തുന്നതിനുള്ള ഉപാധികളാണ് ഡ്രിപ്പ് / സ്പ്രിംഗ്ളര്‍ തുടങ്ങിയ സുക്ഷ്മ ജലസേചന രീതികള്‍
ചെടികളുടെ വളര്‍ച്ചക്ക് ആവശ്യമായ ജലം അതിന്റെ വേരുപടലത്തില്‍ തുള്ളികളായോ നേര്‍ത്ത ധാരയായോ ചെറിയ സ്പ്രേ ആയോ എത്തിക്കുകയാണ് സൂക്ഷ്മ ജലസേചനത്തില്‍.
ചെടികളുടെ ആവശ്യാനുസരണം മാത്രം വേരുപടലങ്ങളില്‍ നേരിട്ട് വെള്ളമെത്തിക്കുന്നതിനാല്‍ കുറച്ചു വെള്ളം കൊണ്ട് തന്നെ കൂടുതല്‍ വിളകള്‍ക്ക് നനയ്ക്കാനാകും . ജലത്തിന്റെ അമിതവ്യയം, തൊഴിലാളികളുടെ ലഭ്യതക്കുറവ് ,കൂടിയ വേതന നിരക്ക് എന്നിവ മൂലം ഉപരിതല ജലസേചന രീതികള്‍ അപ്രായോഗികമാവുന്ന സാഹചര്യത്തില്‍ ഇത്തരം നൂതന രീതികള്‍ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണ്
വിവിധയിനം സൂക്ഷ്മ ജലസേചന രീതികള്‍
താഴെപ്പറയുന്നവയാണ് പ്രധാനപ്പെട്ട സൂക്ഷ്മ ജലസേചന രീതികള്‍
(എ) ഡ്രിപ് അഥവാ കണിക ജലസേചനം (സര്‍ഫസ് സിസ്റ്റം)
(ബി) സബ്സര്‍ഫസ് സിസ്റ്റം.
(സി) ബബ്ലര്‍.
(ഡി) മൈക്രോ സ്പ്റിംഗ്ലര്‍ .
(ഇ) മിസ്സ്റ്റരുകള്‍, ഫോഗറുകള്‍, ജെറ്റ് എന്നിവ.
ഈ രീതികളെക്കാള്‍ ജല ഉപയോഗം അല്പം കൂടുതല്‍ ആണങ്കിലും ഡ്രിപ് സംവിധാനം പ്രായോഗികമല്ലാത്ത കൃഷിയിടങ്ങളില്‍ അനുവര്‍ത്തിക്കാവുന്ന ക്ഷമതയേറിയ സംവിധാനം എന്ന നിലയില്‍ സ്പ്രിഗ്ലര്‍ ജലസേചനവും ഈ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ഫസ് രീതി (ഡ്രിപ് ജലസേചനം)
ഉപ പൈപ്പുകളില്‍ നിന്നും ചെടികളുടെ നിരയിലൂടെ നീണ്ടുകിടക്കുന്ന ലാറ്റരല്‍ ട്യൂബ്കള്‍ വഴി എത്തിക്കുന്ന വെള്ളം ഡ്രിപ്പറുകള്‍/എമിറ്ററുകള്‍ വഴി ടങ്ങളിലെത്തിക്കുകയാണ്ചെയുന്നത്. പ്രധാന പൈപ്പുകളും ഉപ പൈപ്പുകളും മണ്ണിനടിയിലും, മറ്റെല്ലാ സംവിധാനങളും ഉപരിതലത്തിലുമായിരിക്കും. കുറഞ്ഞ അളവിലും സാവധാനത്തിലുംഡ്രിപ്പറുകളില്‍ക്കൂടി എത്തുന്ന വെള്ളം തടങ്ങളില്‍ മാത്രമായി ഈര്‍പ്പ സാന്നിധ്യം പരിമിതപ്പെടുത്തും.
സബ് സര്‍ഫസ് രീതി
മണ്ണിന്‍റെ ഉപരിതലത്തില്‍ നിന്നും അല്പം താഴെയായി ജലസേചനം നല്‍കുന്ന രീതിയാണിത്. പ്രധാനമായും ബൈവാള്‍ അല്ലങ്കില്‍ ടര്‍ബോടേപ്പ് എന്നിവ ഉപയോഗിക്കുന്നു. സുക്ഷിരങ്ങളുള്ള രണ്ടു ട്യൂബുകള്‍ (ചേമ്പറുകള്‍) ചേര്‍ന്നതാണ് ബൈവാള്‍. പ്രധാന ചെമ്പറിന്റെ ഓരോ സുഷിരത്തില്‍ നിന്നുമുള്ള നിര്‍ഗമനം പുറത്തെ ട്യൂബിലെ (സെക്കന്ററി ചേമ്പര്‍) നാലോ അഞ്ചോ സുഷിരങ്ങളില്‍ കൂട് പുറത്തു വരികയും ചുറ്റുമുള്ള മണ്ണില്‍ ഈര്‍പ്പം നല്‍കുകയും ചെയും. വ്യത്യസ്ഥ നിര്‍ഗമന ക്ഷമത ഉള്ള ബൈവാളുകള്‍ ലഭ്യമാണ്. നിരനിരയായി നടുന്ന പച്ചക്കറികള്‍ പോലുള്ളവയ്ക്ക് ഇത്തരം രീതികള്‍ അനുയോജ്യമാണ്.
ബബ്ലര്‍
മരങ്ങളുടെ /ചെടികളുടെ ചെറിയൊരു ചുറ്റളവില്‍ മാത്രം ഒരു ഫൌണ്ടനില്‍ നിന്നെന്ന പോലെ ഉപരിതലത്തിലൂടെ ജലസേചനം നടത്തുന്ന രീതിയാണിത് . വലിയ ചട്ടിക്കുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍, മരങ്ങള്‍ എന്നിവയ്ക്ക് ഈ രീതി ഉപയോഗപ്പെടുത്താം .
മൈക്രോ സപ്രിങ്ങളര്‍
മണിക്കൂറില്‍ 30 മുതല്‍ 250 ലിറ്റര്‍ വരെ നിര്‍ഗമന ശേഷിയുള്ള മൈക്രോ സ്പ്രിന്ഗ്ലാറുകള്‍ ചെടികള്‍ക്ക് ചുറ്റുമായി വെള്ളം നേര്‍ത്ത ധൂളിയായി തളിക്കുകയാണ് ചെയുന്നത് . പരമ്പരാഗതരീതികളെക്കാള്‍ 30 % മുതല്‍ 60 % വരെ വെള്ളം ലഭിക്കാവുന്ന ഈ രീതിയില്‍ ഊര്‍ജ ഉപഭോഗവും താരതമ്യേന കുറവാണ്.
മിസ്റ്റരുകള്‍/ ഫോഗറുകള്‍ / ജെറ്റ് തുടങ്ങിയവ
സാധാരണയായി ഗ്രീന്‍ഹൌസ്കളിലും , നെഴ്‌സറികളിലും ആണ് ഇവ കൂടുതല്‍ ഉപയോഗിക്കുന്നത് . സംരക്ഷിത കൃഷി (Protected Agriculture)യില്‍ ജലസേച്ചനത്തോടൊപ്പം തന്നെ കൃത്രിമ അന്തരീഷം സൃഷ്ടിക്കുന്നതിനും ഇവ ഉപയോഗപെടുതും. വെള്ളം വളരെ നേര്‍ത്ത സൂക്ഷ്മ കണികകള്‍ ആയാണ് സ്പ്രേ ചെയുക . ഓര്‍ക്കിഡ്, ആന്തൂറിയം വാനില തുടങ്ങിയ വിളകള്‍ക്ക് ഇവ ഏറെ അനുയോജ്യമാണ് .
സ്പ്രിന്ഗ്ലാര്‍
മേല്‍ സൂചിപ്പിച്ച ജലസേചന രീതികളില്‍ നിന്നും വ്യത്യസ്തമായി അല്പം കൂടി നിര്‍ഗമന തോത് കൂടിയ സ്പ്രിന്ഗ്ലാര്‍ ജലസേച്ചന്തില്‍ ചെടികളുടെ ഇലപ്പടര്‍പ്പുകള്‍ക്ക് മുകളിലയാണ് വെള്ളം നല്‍കുന്നത് . നിലത്തു നിന്നും ഉയരത്തില്‍ സ്ഥാപിച്ച റൈസറുകള്‍ക്ക് മുകളിലയാണ് സ്പ്രിന്ഗ്ലാര്‍ ഹെഡുകള്‍ ഘടിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ വൃത്താകൃതി യിലാണ് ഇവയുടെ നിര്‍ഗമന പാറ്റേണ്.വിള സാന്ദ്രത കൂടിയ കൃഷിയിടങ്ങലിലാണ് കൂടുതല്‍ അനുയോജ്യം .
മണ്ണിന്റെയും വെള്ളത്തിന്റെയും സവിശേഷതകള്‍ മനസിലാക്കി വിളയുടെ ജലാവശ്യം നിറവേറ്റനുതകുന്ന തരത്തില്‍ തുള്ളികളയോ നേര്‍ത്ത ധരയയോ വെള്ളമെത്തിക്കുന്ന സംവിധാനമാണ് കണിക ജലസേചനം. വേരുപടലങ്ങളുടെ വിന്യാസ പ്രദേശത്ത് തന്നെയാണ് ഡ്രിപ്പറുകളുടെ അഥവാ എമിരറ്റുകളുടെ സഹായത്തോടെ ഈ ജലം നല്‍കുന്നത്. തടങ്ങളില്‍ സ്ഥിരമായ ഈര്‍പ്പ സാന്നിധ്യം ഉണ്ടാകുന്നതുകൊണ്ട് ജല ലഭ്യത കുറവായ പ്രദേശങ്ങളില്‍ പോലും വരള്‍ച്ചയെ പ്രധിരോധിക്കാന്‍ ഈ രീതി സഹായകമാവുന്നുണ്ട് . തോട്ടവിളകള്‍ ,ഫലവൃഷങ്ങള്‍ .ഔഷധ സസ്യങ്ങള്‍ തുടങ്ങി ഏതിനം വിളകള്‍ക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
ജലസംരക്ഷണം
സസ്യങ്ങളുടെ വേരുപടലങ്ങള്‍ക്ക് വെള്ളം വലിചെടുക്കനാവുന്ന പരിധിക്കുള്ളില്‍ മാത്രം കൃത്യമായി വെള്ളം നല്‍കുന്നതിനാല്‍ ജലനഷ്ടം കുറക്കുന്നു. പരമ്പരാഗത ജലസേചന രീതികളില്‍ 50 % മുതല്‍ 70% വരെ വെള്ളം പല രൂപത്തില്‍ നഷ്ടപ്പെട്ടുപോകുന്നുണ്ട് . എന്നാല്‍ നല്‍കുന്ന വെള്ളം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയുന്നതുകൊണ്ട് 40%മുതല്‍ 70% വരെ വെള്ളം കണിക ജലസേചനം വഴി ലഭിക്കാം.
കൂടുതല്‍ വിളവു
സൂക്ഷ്മ ജലസേചന രീതികളില്‍ സാവധാനത്തിലും കുറഞ്ഞ അളവിലുമാണ് വെള്ളം നല്‍കുക . അതിനാല്‍ ജലം പതുക്കെ കിനിഞ്ഞിരങ്ങുകയും മണ്ണിലെ വായു സാനിദ്ധ്യത്തെ തടസപെടുത്താതെ സസ്യവളര്ച്ചക്ക് ഗുണകരമായ ഒരു പരിസ്ഥിതി വേരുപടലങ്ങള്‍ക്ക് ചുറ്റും രൂപപ്പെടുകയും ചെയ്യും . ഇതിന്റെ ഫലമായി വിളകള്‍ നേരത്തെ മൂപ്പെത്തുകയും വിളകളില്‍ ഗണ്യമായ അഭിവൃദ്ധി ഉണ്ടാവുകയും ചെയുന്നതാണ്.
കളകള്‍ കുറവ്
ജലസേചനം ചെടികള്‍ക്ക് മാത്രമായി പരിമിതപെടുതുന്നതുകൊണ്ട് കളകള്‍ക്ക് വളരാനുള്ള സാഹചര്യും ഇല്ലാതാകുകയും വെള്ളം, വലം,മറ്റു സസ്യ പോഷകങ്ങള്‍ എന്നിവ ചെടികള്‍ക്ക് മാത്രമായി ലഭ്യമാക്കുകയും ചെയുന്നു.
അദ്ധ്വാനഭാരം കുറക്കുന്നു
താരതമ്യേന ലളിതമായി പവര്തിപ്പിക്കാന്‍ കഴിയുന്നതിനാല്‍ തോട്ടം നന്ക്കുന്നതിനു തൊഴിലാളികളെ ഏര്‍പ്പെടുത്തേണ്ടി വരുന്നില്ല . രാത്രികാലങ്ങളിലും നനയ്കനവുകയും ,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുകയും ചെയുന്നു. ചാലുകളോ തടങ്ങളോ ആവശ്യമില്ലാത്തതുകൊണ്ട് വിള സംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് തടസമുണ്ടാവുന്നില്ല .
ഏതുതരം കൃഷിയിടത്തിലും അനുയോജ്യം
ചരിവുകളിലും തട്ടുതട്ടായ പ്രദേശങ്ങളിലും പരമ്പരാഗത രീതികള്‍ പ്രായോഗികമല്ലാത്ത സ്ഥലങ്ങളിലുംസൂക്ഷ്മ ജലസേചനം സാധ്യമാണ് . നിമ്നോന്നത്ങ്ങലുള്ള പ്രദേശങ്ങളില്‍ പോലും എല്ലാ വിളകള്‍ക്കും ഒരേ അളവില്‍ ജലസേചനം നടത്താനാവും.
കാര്യക്ഷമമായ വളപ്രയോഗം
സ്ഥിരമായ ഈര്‍പ്പ സാന്നിധ്യം ഉള്ളതുകൊണ്ട് കൂടുതല്‍ തവണകളായി വളപ്രയോഗം നടത്താവുന്നതാണ്. കൂടാതെ ജലത്തില്‍ ലയിക്കുന്ന വളങ്ങളും സസ്യ പോഷണങ്ങളും ജലസേചനത്തോടൊപ്പംതന്നെ നല്കാന്‍ ഫെര്‍ടിഗേഷന്‍ എന്ന സംവിധാനം ഏര്‍പെടുത്തുകയും ചെയ്യാം.
മേല്‍മണ്ണിനെ സംരക്ഷിക്കുന്നു
പരമ്പരാഗത രീതികള്‍ പലപ്പോഴുംമണ്ണ് ഒലിപ്പിന് കാരണമാകാറുണ്ട്. എന്നാല്‍ പൂര്‍ണമായും പൈപ്പുകളിലൂടെ മാത്രം ജലവിതരണം നടത്തുന്നതിനാലും വെള്ളം മണ്ണിലൂടെ ഒഴുകുന്ന സാഹചര്യും ഇല്ലാത്തതിനാലും സൂഷ്മ ജലസേചന രീതികള്‍ മണ്ണ് ഒലിപ്പ് ഉണ്ടാക്കുന്നില്ല .
കുറഞ്ഞ പരിപാലന ചെലവുകള്‍
ഒരിക്കല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ വര്‍ഷാവര്‍ഷങ്ങളില്‍ കാര്യമായ അറ്റകുറ്റ പണികള്‍ വേണ്ടി വരുന്നില്ല , കൃത്യമായി പരിപാലിക്കുന്ന കണിക ജലസേചന സംവിധാനം വര്‍ഷങ്ങളോളം തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കും.
ഉയര്‍ന്ന ജലസേചന ക്ഷമത
എല്ലാതരം ജലനഷ്ട സാധ്യതകളെയും പരമാവധി ഒഴിവക്കുന്നതിനാല്‍ നിലവിലെ ഏതു ജലസേചന രീതിയേക്കാളും ക്ഷമത കൂടിയതാണ് (80% മുതല്‍ 90%)സൂക്ഷ്മ ജലസേചനം.
പമ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
1. ഡ്രിപ്പറുകള്‍ അവയുടെ പൂര്‍ണ്ണ നിര്‍ഗമന ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മര്‍ദ്ദം നല്കുന്നതാവണം പമ്പ് .
2. പമ്പിംഗ് ഹെഡ് കണക്കാക്കുമ്പോള്‍ ചൂഷണ ശീര്‍ഷം, നിര്‍ഗമന ശീര്‍ഷം, ഡ്രിപ്പറുകളിലാവശ്യ്മായ മര്‍ദ്ദം, പ്രധാന പൈപ്പുകള്‍, ശാഖാ പൈപ്പുകള്‍, ലാറ്ററല്‍ ട്യൂബുകള്‍, ഫില്‍റ്ററുകള്‍ എന്നിവയിലെ മര്‍ദ്ദ നഷ്ടം എന്നിവയെല്ലാം പരിഗണിക്കണം.
ടാങ്കുകളെ ആശ്രയിക്കുമ്പോള്‍ അവ വേണ്ടത്ര മര്‍ദ്ദം നല്‍കാന്‍ കഴിയുന്ന ഉയരത്തിലായിരിക്കണം. എല്ലാ ഡ്രിപ്പറുകളും ഒരേ നിരക്കില്‍ ജലവിതരണം ചെയ്യണമെങ്കില്‍ അവ പ്രവര്ത്തിക്കുന്നതിനാവശ്യമായ മര്‍ദ്ദം ഉണ്ടായേ തീരു. കണിക ജലസേചനം ക്ലിപ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് 1 kg./cm2 മര്‍ദ്ദം അഥവാ 10 മീറ്റര്‍ ഉയരത്തിലുള്ള ഒരു ടാങ്കില്‍ നിന്നുള്ള ജലവിതരണം ആവശ്യമാണ്.
ജലസേചനത്തിനായി പമ്പ് പ്രവര്‍ത്തിപ്പിക്കേണ്ട സമയം =
ചെടികളുടെ ആവശ്യം (ലിറ്റര്‍ /ദിവസം) /
ജലം നല്‍കുന്ന തോത് (ലിറ്റര്‍ / മണിക്കൂര്‍)
ഉദാഹരണമായി തെങ്ങിന്റെ ജലാവശ്യം 32 ലിറ്റര്‍ ആണെന്നിരിക്കട്ടെ. മണിക്കൂറില്‍ 8 ലിറ്റര്‍ നിര്‍ഗമന ശേഷിയുള്ള രണ്ട് ഡ്രിപ്പറുകളാണ് തെങ്ങിന് നല്‍കുന്നതെങ്കില്‍, 32 /16 = 2 മണിക്കൂര്‍ നേരത്തേക്ക് പമ്പ് പ്രവര്‍ത്തിക്കേണ്ടതായി വരും.
വിവിധ വിളകളുടെ ജലാവശ്യം താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു.
വിള |
അകലം |
എമിറ്ററുകളുടെ നിര്‍ഗമനതോത് / എണ്ണം |
ജല ആവശ്യം (ഒരു ദിവസം ഒരു ചെടിക്ക് ലിറ്റര്‍) |
തെങ്ങ് |
8 x 8 |
8 ലി / മണിക്കൂര്‍ 4 ഡ്രിപ്പര്‍ |
30-40 |
വാഴ |
2 x 2 |
4 ലി / മണിക്കൂര്‍ 3 ഡ്രിപ്പര്‍ |
12-16 |
കമുക് |
2.7 x 2.7 |
4 ലി / മണിക്കൂര്‍ 2 ഡ്രിപ്പര്‍ |
15-20 |
കശുമാവ് |
7.5 x 7.5 |
4 ലി / മണിക്കൂര്‍ 4 ഡ്രിപ്പര്‍ |
20-40 |
സപ്പോട്ട |
10 x 10 |
4 ലി / മണിക്കൂര്‍ 4 ഡ്രിപ്പര്‍ |
20-30 |
മുല്ല |
1.5 x 1.5 |
4 ലി / മണിക്കൂര്‍ 1 ഡ്രിപ്പര്‍ |
3-5 |
പച്ചക്കറി |
|
2 ലി / മണിക്കൂര്‍ 1 ഡ്രിപ്പര്‍ |
1-2 |
ഡ്രിപ്പറുകള്‍ അഥവാ എമിറ്ററുകള്‍
ജലം തുള്ളിതുള്ളിയായി ചെടികളുടെ തടങ്ങളിലെത്തിക്കുന്നത് ഡ്രിപ്പറുകള്‍ അഥവാ എമിറ്ററുകള്‍ വഴിയാണ്. ലാറ്ററല്‍ പൈപ്പുകളില്‍ നേരിട്ടോ മൈക്രോ ട്യൂബുകള്‍ വഴിയോ ഇവ ഘടിപ്പിക്കുന്നു. വിള, ജലാവശ്യം, വിള സാന്ദ്രത, മണ്ണിന്‍റെ പ്രത്യേകതകള്‍, ജലത്തിന്‍റെ ഗുണനിലവാരം എന്നിവയ്ക്കനുയോജ്യമായ ഡ്രിപ്പറുകള്‍ വേണം തെരഞ്ഞെടുക്കാന്‍. മണിക്കൂറില്‍ 2 ലിറ്റര്‍ മുതല്‍ 24 ലിറ്റര്‍ വരെ വെള്ളം നല്‍കുന്ന ഡ്രിപ്പറുകള്‍ ലഭ്യമാണ്.
ലാറ്ററല്‍ പൈപ്പുകള്‍
ഉപ പൈപ്പുകളില്‍ നിന്ന് ചെടികളിലൂടെ നിരയിലൂടെ നീണ്ടു കിടക്കുന്ന 12 മുതല്‍ 16 മി.മീ. വരെ വ്യത്യാസമുള്ള പൈപ്പുകളാണ് ഡ്രിപ്പറുകളില്‍ വെള്ളമെത്തിക്കുന്നത്. ലോ ഡെന്‍സിറ്റി പൊളി എഥിലിന്‍ (LDPE) അല്ലെങ്കില്‍ ലീനിയര്‍ എല്‍.ഡി.പി.ഇ. (LLDPE) പൈപ്പുകലാണിവ. കൃഷിയിടങ്ങളിലെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ഉയരവ്യത്യാസം, ഘര്‍ഷണം മൂലമുണ്ടാകുന്ന മര്‍ദ്ദ നഷ്ടം, ഓരോ ലാറ്ററല്‍ പൈപ്പുകളിലെയും ഡ്രിപ്പറുകളുടെ എണ്ണം, നിര്‍ഗമന ശേഷി എന്നീ ഘടകങ്ങള്‍ കണക്കിലെടുത്താവണം ലാറ്ററല്‍ പൈപ്പിന്‍റെ വ്യാസവും നീളവും തീരുമാനിക്കേണ്ടത്. കണിക ജലസേചന പദ്ധതിയുടെ 30 – 40 ശതമാനത്തോളം ലാറ്ററുകളുടെ വിലയായതിനാല്‍ ഇവയുടെ തെരഞ്ഞെടുപ്പില്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണം.
പ്രധാന പൈപ്പുകളും ഉപ പൈപ്പുകളും (Mains & Sub Mains)
പി.വി.സി. അല്ലെങ്കില്‍ ഹൈ ഡെന്‍സിറ്റി പൊളി എഥിലിന്‍ (HDPE) പൈപ്പുകളില്‍ (40-110 മി.മീ. വരെ വ്യാസമുല്ലത്) പ്രധാന പൈപ്പുകളും ഉപ പൈപ്പുകലുമായി ഉപയോഗിക്കുന്നു. ഇവയുടെ നീളം, വ്യാസം എന്നിവ തീരുമാനിക്കുന്നത് താഴെ കാണിച്ചിട്ടുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.
പ്രധാന പൈപ്പുകളില്‍ നിന്നും വെള്ളം ശാഖാ കുഴലുകളിലും അതുവഴി ലാറ്ററല്‍ പൈപ്പുകളിലും എത്തി ഡ്രിപ്പറുകളിലൂടെ ചെടികളുടെ ചുവട്ടിലെത്തുന്നു.
അരിപ്പകള്‍
വളരെ സുക്ഷ്മമങ്ങളായ സുഷിരങ്ങളാണ് ഡ്രിപ്പറുകളിലുള്ളത് എന്നതിനാല്‍ വെള്ളത്തിലുള്ള കരടുകളും മറ്റു മാലിന്യങ്ങളും ഒഴിവാക്കുന്നതിന് അരിപ്പകള്‍ അഥവാ ഫില്‍റ്ററുകള്‍ സ്ഥാപിക്കേണ്ടതായിട്ടുണ്ട്. ലഭ്യമായ ജലത്തിന്റെ ഗുണനിലവാരം നോക്കിയാണ് ഫില്‍റ്ററുകള്‍ തെരഞ്ഞെടുക്കേണ്ടത്.
മണലരിപ്പ (Sand Filter) / ഗ്രാവല്‍ ഫില്‍റ്റര്‍ :
തോടുകളില്‍ നിന്നോ പുഴകളില്‍ നിന്നോ വെള്ളം പമ്പു ചെയ്യുമ്പോഴും പായലുള്ള വെള്ളം ഉപയോഗിക്കേണ്ടി വരുമ്പോഴും ഇവ ആവശ്യമായി വരുന്നു. സുക്ഷ്മമങ്ങളായ മാലിന്യങ്ങളെ അരിച്ചെടുക്കാന്‍ സ്ക്രീന്‍ ഫില്‍റ്റര്‍ കൂടി ഇതിനോട് ഘടിപ്പിക്കണം.
സ്ക്രീന്‍ ഫില്‍റ്റര്‍
പി.വി.സി. / സ്റ്റെയ്ന്‍ ലസ് സ്റ്റീല്‍ / ഗാല്‍വനൈസ്ഡ് അയേണ്‍ ഉപയോഗിച്ചുള്ള ഒരു പുറം കവചവും വെള്ളം അരിച്ചെടുക്കുന്നതിന് സുഷിരങ്ങളുള്ളതും വലകളോടുകൂടിയതുമായ അകത്തെ പൈപ്പുകളാണ് പ്രധാന ഭാഗങ്ങള്‍. ഫില്‍റ്ററുകള്‍ വൃത്തിയാക്കാനായി ഒരു ബാക്ക് വാഷ് സിസ്റ്റവുമുണ്ടയിരിക്കും. പമ്പ് അല്ലെങ്കില്‍ ടാങ്കില്‍ നിന്നും വരുന്ന പ്രധാന പൈപ്പിന്റെ തുടക്കത്തിലാണ് ഫില്‍റ്റര്‍ ഘടിപ്പിക്കുന്നത്. മര്‍ദ്ദ വ്യതിയാനങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പ്രഷര്‍ഗേജ്, എയര്‍ റിലീസ് വാല്‍വ് എന്നിവയും ഫില്‍ട്ടറിനൊപ്പം ഉണ്ടാവാറുണ്ട്.
സെന്‍ട്രഫ്യൂഗല്‍ ഫില്‍റ്റര്‍ :
ജലത്തില്‍ നിന്നും മണ്‍തരികള്‍ പോലുള്ള ഖരവസ്തുക്കള്‍ നീക്കം ചെയ്യാനുള്ള അരിപ്പയാണിത്. ഇതിലൂടെ വെള്ളം ഒഴുകുമ്പോള്‍ സെന്‍ട്രി ഫ്യൂഗല്‍ പ്രവര്‍ത്തനം മൂലം മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു. സര്‍പ്പിള രീതിയില്‍ ജലം ഇതിലൂടെ കടന്നുപോകുമ്പോള്‍ ഭാരക്കൂടുതലുള്ള വസ്തുക്കള്‍ പാര്‍ശ്വങ്ങളിലേക്ക് തള്ളപ്പെടുകയും അതിനുള്ള സംഭണിയിലെയ്ക്ക് വീഴുകയും ചെയ്യും. മാലിന്യമുക്തമായ ജലം മുകലിലൂടെ പുറത്തേയ്ക്ക് പോകും.
ഡിസ്ക് ഫില്‍റ്റര്‍ :
പോളി പ്രോപ്പലൈന്‍ കൊണ്ട് നിര്‍മ്മിച്ച ഡിസ്കുകള്‍ ചേര്‍ത്ത് അടുക്കുകളായി വച്ചതാണ് ഈ അരിപ്പ. ഡിസ്കുകള്‍ കുറുകെ വരഞ്ഞ് അതില്‍ ചെറിയ ചാലുകള്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഡിസ്കുകളിലെ ചെറിയ ചാലുകള്‍ എതിര്‍ ദിശയിലേക്ക് തിരിയുന്ന വിധത്തിലായതിനാല്‍ ജലം ഇതിലൂടെ കടന്നുപോകുമ്പോള്‍ ഒരു അരിപ്പയിലെന്നോണം വൃത്തിയാക്കപ്പെടുന്നു. കൂടാതെ ഇവ സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് അമര്‍ത്തി വച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. 400 മൈക്രോണ്‍ മുതല്‍ 20 മൈക്രോണ്‍ വരെയുള്ള അരിപ്പകള്‍ ലഭ്യമാണ്.
മണ്ണിന്റെ ഘടനയ്ക്കും വിളകളുടെ ആവശ്യത്തിനും യോജിച്ച രീതില്‍ വളങ്ങളും സസ്യ പോഷന്ങ്ങളും ജലസെച്ചനതോടൊപ്പം നല്‍കുന്ന രീതിയാണ് ഫെര്‍ടിലൈസര്‍ ഇറിഗേഷന്‍/ ഫെര്‍ടിഗേഷന്‍ . നനയോടൊപ്പം തന്നെ കുറഞ്ഞ അളവിലും കൂടുതല്‍ തവണകളായും രാസവളങ്ങള്‍ , സസ്യവളര്‍ച്ച ത്വരിതപെടുതുന്ന പോഷകങ്ങള്‍ , രാസ ലായനികള്‍ തുടങ്ങിയവ നല്‍കുവാന്‍ കഴിയുന്നു എന്നുള്ളതാണ് ഇതിന്റെ മേന്മ . കൂളിചെല്വ് ഗണ്യമായി കുറയ്ക്കുവാന്‍ കഴിയുന്നതും ഉത്പാദന ക്ഷമത കൂട്ടുന്നതുമായ ഈ സംവിധാനം അധിക ചെലവില്ലാതെ തുള്ളി നന്ക്കൊപ്പം സ്ഥാപിക്കുകയും ചെയ്യാം. വെന്‍ചുറി, ഫെര്‍ടി ലൈസര്‍ ടാങ്ക് എന്നീ സംവിധാനങ്ങളാണ് ഫെര്‍ടിഗെഷന് ഉപയോഗിക്കുന്നത് .
കടപ്പാട് : കാർഷിക വിവരസങ്കേതം ഒരു വിരൽ തുമ്പിൽ
അവസാനം പരിഷ്കരിച്ചത് : 6/21/2020