অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഊർജ്ജ പ്രതിസന്ധി

ഊർജ്ജ പ്രതിസന്ധി

ഊര്‍ജ്ജ പ്രതിസന്ധി- വിവരങ്ങൾ

മനുഷ്യ ചരിത്രത്തിൽ ഏറ്റവും സുഖലോലുപരായി ജീവിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണു നമ്മൾ,  പൂർവ്വീകരെ  അപേക്ഷിച്ച് ഹിമാലയൻ തണുപ്പുമുതൽ സഹാറൻ ചൂട് വരെ ഏത് കാലവസ്ഥയേയും നമുക്ക് എളുപ്പം അതിജീവിക്കാം, അറ്റ്ലാന്റിക്കിനു അടിത്തട്ട് മുതൽ മച്ചുപിച്ചുവിന്റെ കൊടുമുടി വരെ വലിയ ബുദ്ധിമുട്ടില്ലാതെ എത്തി ജീവിക്കാം,. ഇവയെല്ലാം ഇല്ലാതാവുന്ന ഒരു ദിവസം നിങ്ങൾക്ക് സങ്കല്പിക്കാമോ? സഞ്ചരിക്കൻ വാഹനങ്ങളില്ലാത്ത, ഇന്റർനെറ്റും കമ്പ്യൂട്ടറുമില്ലാത്ത, ഗ്യാസടുപ്പില്ലാത്ത, കറന്റില്ലാത്ത, ശുദ്ധവായു ഇല്ലാത്ത ഒരു നാളെയെ ഒന്ന് സങ്കല്പിക്കൂ. അത്തരമൊരു അവസ്ഥയിലേക്ക് നമ്മെ എത്തിക്കാൻ സാധ്യതയുള്ള കാര്യ കാരണങ്ങളെ കുറിച്ച് ഒരു ചിന്തയാണു ഈ കുറിപ്പ് (കഴിവതും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇത്തിരി അതിശയോക്തികൾ കടന്നു വരാൻ സാധ്യതയുണ്ട് അത് കൊണ്ട് ഒത്തിരി ഉപ്പ് ചേർത്ത് വിഴുങ്ങുക).

നമ്മുടെ ഇന്നത്തെ ഉയർന്ന ജീവിത നിലവാരത്തിനു പല ഘടഘങ്ങളോട് നന്ദി പറയണം, അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണു ഫോസിൽ ഫ്യുവൽ എന്ന് പൊതുവെ അറിയപ്പെടുന്ന, ദശലക്ഷക്കണക്കിനു വർഷങ്ങൾ കൊണ്ട് പ്രക്രുതി ശേഖരിച്ചുവച്ച അമൂല്യ നിധി, ക്രൂഡ് ഓയിൽ. ലിറ്ററിനു എൺപത്/നൂറ് രൂപ കൊടുത്ത് വാങ്ങിക്കുന്ന പെട്രോൾ മുതൽ ടൂത് പേസ്റ്റ്, ഷേവിങ് ക്രീം, ചീപ്പ് -സോപ്പ്- ഷാമ്പൂ വരെ   ഏകദേശം ആറായിരത്തിൽ പരം ഉല്പന്നങ്ങൾ നമ്മൾ അതിൽ നിന്നും ഉണ്ടാക്കിയുപയോഗിക്കുന്നു. നമ്മുടെ സാമ്പത്തിക- സാമൂഹ്യ ജീവിതത്തിന്റെ നട്ടെല്ല് ആയി മാറിയ ഈ  എണ്ണയില്ലെങ്കിൽ നാമില്ല എന്നതാണു കാര്യം. നമ്മിൽ പലർക്കും അറിയാത്ത/അറിഞാലും പ്രാധാന്യം കൊടുക്കാത്ത ഒന്നുണ്ട്, എത്രനാളത്തേക്ക് നാമിങ്ങനെ എണ്ണ വറ്റിച്ച് സുഖിച്ച് ജീവിക്കും?   ഭൂമിയിലെ പെട്രോളിയം നിക്ഷേപം വളരെ വേഗത്തിൽ ചുരുങ്ങി വരുകയാണു,  പല പഠനങ്ങളും പറയുന്നത് വിശ്വസിക്കാമെങ്കിൽ അടുത്ത അമ്പത് വർഷത്തിനുള്ളിൽ എണ്ണയുടെ ലഭ്യത വളരെ കുറയുമെന്നാണു, എന്ന് വെച്ചാൽ പെട്രോളിയത്തിനു അസമാന്യ വില വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കും അതിസമ്പന്നർക്ക് മാത്രം ഇവ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ കാര്യങ്ങൾ നീങ്ങുമെന്ന് സാരം. പത്തിരുന്നൂറ് വർഷങ്ങൾക്ക് ശേഷം  അവസാന തുള്ളി എണ്ണയും വറ്റി കഴിയുമ്പോൾ നമ്മുടെ ഭാവി തലമുറ എന്ത് ചെയ്യും, മുകളിൽ പറഞ ആ സങ്കല്പം അന്ന് ഒരു പക്ഷെ സത്യമാവും.

പ്രശ്നം അത് മാത്രമല്ല, ഈ കാർബണികവസ്തുക്കൾ നാം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ഓരോലിറ്റർ പെട്രോൾ കത്തിക്കുമ്പോഴും 2കിലോയിലധികം കാർബൺ ഡയോക്സൈഡ് ആണു നാം അന്തരീക്ഷത്തിലേക്ക് തള്ളുന്നത് (മറ്റ് ഇന്ധനങ്ങളുടെ കണക്ക് അറിയാൻ ടേബിൾ കാണുക), അതിനു കൂടെ മറ്റ് പല മാലിന്യവാതകങ്ങളും. ഈ പുറന്തള്ളപ്പെടുന്ന വാതകങ്ങളെല്ലാം കൂടി ഭൂമിയുടെ അന്തരീക്ഷത്തെ മലിനപ്പെടുത്തുക മാത്രമല്ലാതെ, ഹരിതഗ്രഹ പ്രഭാവത്തിലൂടെ ഭൂമിയിലെ താപനില വർദ്ധിക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു.

അങ്ങനെ താപനില വർദ്ധിക്കുന്നത് മൂലം കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ആക്കം കൂടുന്നു (ഭൂമിയുടെ ചൂട് വർദ്ധിക്കുന്നത് ഒരു ചാക്രിക പ്രതിഭാസമാണെന്നും, Solar activity ആണു ഇതിനു മുഖ്യ കാരണം എന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ വാദിക്കുന്നുണ്ട്  ഒരു വശത്ത് വന നശീകരണത്തിലൂടെ കാർബണ്ഡൈ ഓക്സൈഡ് നിർമ്മാണോപയോഗ ചക്രത്തെ പരിപാലിച്ചിരുന്ന മരങ്ങൾ ഇല്ലാതാവുന്നതും, മറുവശത്ത് വാഹനങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വർദ്ധനയും, മറ്റ് ഉപഭോഗങ്ങളിലൂടെയുള്ള അധിക വാതക ഉല്പാദനവുമൊക്കെ ചേർന്ന്   ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാവുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്ത് ചെയ്യണം‌/ചെയ്യരുത്  എന്ന ചോദ്യം നമുക്ക് മുന്നിൽ ഉയർന്ന് വരുന്നു. ഈ പ്രശ്നത്തെ നമുക്ക് രണ്ട് രീതിയിൽ പ്രതിരോധിക്കാം

  1. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തുക
  2. ഊർജ്ജോപഭോഗം നിയന്ത്രിക്കുക

പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തുക

നാം ഉപയോഗിക്കുന്ന ഊർജ്ജ സ്രോതസ്സുകളിൽ മുഖ്യമായത് ക്രൂഡ് ഓയിലും കൽക്കരിയുമടങ്ങിയ ഫോസിൽ ഇന്ധനങ്ങളാണെങ്കിലും, ഭൂമിയുടെ പരിസ്ഥിതിക്ക് അധികം കോട്ടം തട്ടിക്കാത്ത മറ്റ് ചില പാരമ്പര്യേതര സ്രോതസ്സുകളും നമുക്കുണ്ട്.  ജല വൈദ്ധ്യുത പദ്ധതികൾ, പവനോർജ്ജം ശേഖരിക്കുന്ന കാ‍റ്റാടികൾ, ജൈവാവശിഷ്ടങ്ങൾ(ബയോ മാസ്സ്) സൌരോർജ്ജം ശേഖരിക്കുന്ന സോളാർ പാനലുകൾ, തിരമാലകളിൽ നിന്നും ഉല്പാദിപ്പിക്കുന്ന ടൈഡൽ എനർജി, ഭൂഗർഭത്തിൽ നിന്നുമുള്ള ചൂട് നീരുറവകൾ, എന്നിങ്ങനെ അവ എണ്ണത്തിൽ ഒട്ടേറെ ഉണ്ടെങ്കിലും മൊത്ത ഊർജ്ജോപഭോഗത്തിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമേ ഇവ മൂലം ഇന്ന് നിർവ്വഹിക്കപ്പെടുന്നുള്ളൂ, പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ  ചിലവേറിയതാണു എന്നതാണു അവയുടെ ഉപയോഗം കുറക്കുന്നത്.

സോളാർ പാനൽ, കാറ്റാടിയന്ത്രം എന്നിവയുടെ എഫിഷ്യൻസി വളരെ താഴ്ന്നതാണു അത്  മെച്ചപ്പെടുത്തുക വഴിയും, ഇവയുടെ കൂടുതൽ ഉല്പാദനം നടത്തുക വഴിയും (ഗവണ്മെന്റ് സബ്സിഡി) വില ഒരളവ് വരെ കുറയ്ക്കാം.  സൂര്യ താപം, കാറ്റ്, വെള്ളം ഇവ  ഭൂമിയിൽ എവിടെയും ലഭ്യമാണു, ഇവയെ നാമെങ്ങനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നു എന്നതിലാണു കാര്യം ഇത്രയും നാൾ നാമിതെല്ലാം വെറുതെ കളയുകയായിരുന്നു  ഇനിയങ്ങോട്ട് അത് സാദ്ധ്യമല്ല.

ഫോസിൽ ഫ്യുവലിൽ നിന്നുമുള്ള മോചനത്തിനു ചിലർ ന്യൂക്ലിയർ ഇന്ധനങ്ങളെ രക്ഷയായി കാണുന്നു, ഫ്യൂഷനിലൂടെയും ഫിഷനിലൂടെയും വളരെ ഉയർന്ന തോതിൽ താപോർജ്ജമുണ്ടാക്കി അതിൽ നിന്നും വൈദ്യുതി ലഭ്യമാക്കുകയാണു ന്യൂക്ലിയർ റിയാക്റ്ററുകൾ ചെയ്യുന്നത്. പക്ഷെ അവ പുറന്തള്ളുന്ന ന്യൂക്ലിയർ ചവറുകൾ കാര്യക്ഷമമായി ഡിസ്പോസ് ചെയ്യൽ വളരെ പ്രാധാന്യമേറിയതാണു. കോൺക്രീറ്റിനുള്ളിൽ അടക്കം ചെയ്ത് കടലിൽ തള്ളുന്നത് മുതൽ വികസ്വര രാജ്യങ്ങളിലേക്ക് കൊണ്ട് കളയുന്നത് വരെ പല തരം ആരോപണങ്ങൾ ഗ്രീൻ പീസ് ന്യൂക്ലിയർ സെക്റ്ററിനെതിരെ ഉന്നയിക്കുന്നു. മാത്രമല്ല റിയാക്ടർ പ്രദേശത്തുണ്ടാകുന്ന ഭൂചലനം മറ്റ് പ്രക്രുതി ദുരന്തങ്ങൾ മുതലായവ വൻ പാരിസ്ഥിതിക ആഘാതമുണ്ടാക്കാം. എന്റെ അഭിപ്രായത്തിൽ  പാരമ്പര്യേതര ഊർജ്ജം കാര്യക്ഷമമായി ചിലവ് കുറച്ച് ഉല്പാദനം തുടങ്ങും വരെ, ന്യൂക്ലിയർ ഇന്ധനങ്ങളുടെ ഉപയോഗം വേണ്ടിവരും എന്നാണു.

ഊർജ്ജോപഭോഗം നിയന്ത്രിക്കുക

ചരിത്രകാരന്മാർ സംസ്കാരങ്ങളുടെ ജീവിത നിലവാരം താരതമ്യം ചെയ്യാൻ പല മാപിനികൾ ഉപയോഗിച്ച് കണ്ടിട്ടുണ്ട്, അവയിലൊന്നാണു ഒരാളുടെ ശരാശരി ഊർജ്ജോപയോഗം എത്രയാണെന്ന് നോക്കി അത് ഏറ്റവും കൂടുതലുള്ള സംസ്കാരം ബാക്കിയുള്ളവയേക്കാൾ വികസിച്ചതായിരൂന്നു എന്നുള്ള അനുമാനം., ഇത്തരമൊരു നാഴി വെച്ചളക്കുമ്പോൾ ഏറ്റവും പുരോഗമിച്ച് ജീവിക്കുന്നവരാണു നമ്മുടെ തലമുറ

ആദികാലത്ത് ഭക്ഷണവും താമസവും മാത്രമായിരുന്നു മനുഷ്യന്റെ ഊർജ്ജോപഭോഗം നിയന്ത്രിച്ചിരുന്നത്, പിന്നിട് കുടിലുകെട്ടി കുടുംബമായി ജീവിക്കാൻ തുടങ്ങിയത് മുതൽ അവർക്ക് വീട്ടുപയോഗത്തിനുള്ള ഊർജ്ജം കണ്ടെത്തേണ്ടി വന്നു, കാലക്രമേണ വ്യവസായം, ഗതാഗതം മറ്റ് സേവനങ്ങൾ എന്നിവ സംസ്കാരത്തിന്റെ ഭാഗമായി, അവയെല്ലാം ഊർജ്ജപരമായി മനുഷ്യനു വൻ ബാദ്ധ്യതകളാണു ഉണ്ടാക്കിയത്(അവ മൂലമുണ്ടായ സാമൂഹ്യ നേട്ടങ്ങളെ നമുക്ക് മറക്കാതിരിക്കാം). ആധുനിക മനുഷ്യന്റെ ഊർജ്ജാവശ്യത്തിന്റെ സിംഹഭാഗം ഗതാഗതം, വീട്ടുപയോഗം, വ്യവസായം എന്നീ മേഖലകളിലാണു വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്ന് ചിത്രത്തിൽ നിന്നും മനസ്സിലാക്കാം. ഭൂമിയെ അധികം പരിക്കേല്പിക്കാതെ, ആവാസ വ്യവസ്ഥിതി നശിപ്പിക്കാതെ നമുക്ക് എങ്ങനെ ജീവിക്കാം ? ഇവിടെ നമുക്ക് പലതും ചെയ്യാനുണ്ട് നമ്മുടെ ദിനസരി ഊർജ്ജോപഭോഗം എങ്ങനെ നിയന്ത്രിക്കാം

  • യാത്രകൾക്ക് കഴിവതും പബ്ലിക് ട്രാൻസ്പോർട്ടുകൾ ഉപയോഗിക്കുക തന്മൂലം വലിയൊരളവ് ഇന്ധനം ലാഭിക്കാം (ഇതിനായി കാര്യക്ഷമമായ ഒരു സംവിധാനം ഏർപ്പെടുത്താൻ സർക്കാർ മുൻ കൈ എടുക്കണം)
  • ഒരു നിശ്ചിത ദൂരത്തിൽ കുറഞ സ്ഥലത്തേക്ക് സൈക്കിളിലോ, കാൽ നടയായോ മാത്രമേ സഞ്ചരിക്കൂ എന്ന് തീരുമാനിക്കുക, അത് നടപ്പാക്കുക. കാശ് മാത്രമല്ല ആരോഗ്യവും ലാഭിക്കാം
  • വീട്ടിൽ കഴിവതും ഊർജ്ജ ക്ഷമതയുള്ള ഉപകരണങ്ങൾ വാങ്ങിക്കുക
  • വാഷിംഗ് മെഷിൻ കാര്യക്ഷമമായി ഉപയോഗിക്കുക,  തേപ്പ് പെട്ടി ഉപയോഗം കഴിവതും കുറക്കുക
  • പകൽ സമയങ്ങളിൽ കഴിവതും ഇലക്ട്രിക് ബൾബുകൾ ഉപയോഗിക്കാതിരിക്കുക
  • ഒരു പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് വീട്ടിൽ സജ്ജമാക്കുക (ബയോ മാസ്, ചിലവ് കുറഞ സോളാർ ലാമ്പ് മുതലായവയെങ്കിലും) അത്തരം സംഭവങ്ങൾക്ക് പ്രചാരണം കൊടുക്കുക, ചുറ്റുവട്ടത്തുള്ളവരെ ഊർജ്ജത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ് മനസ്സിലാക്കുക

ഇത്രയുമൊക്കെ ചെയ്താൽ വീട്ടുപയോഗത്തിനുള്ള വൈദ്യുതിയുടെ അളവ് കാര്യമായി കുറയും, കറന്റ് ബില്ല് കുറയും കെ.എസ്.ഇ.ബീടെ കടം കുറയും.

അവസാനം പരിഷ്കരിച്ചത് : 2/15/2020© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate