অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശത്രുസസ്യങ്ങള്‍

ആമുഖം

വനങ്ങളുടെയും വനവിളകളുടെയും വളർച്ചയ്ക്ക് വിഘാതമായി നിൽക്കുന്ന സസ്യങ്ങളെയാണ് ശത്രുസസ്യങ്ങൾ എന്നു വിവക്ഷിച്ചിരിക്കുന്നത്. ആസ്സാംപച്ച, പൂച്ചെടി തുടങ്ങിയ കുറ്റിച്ചെടികളും ഇഞ്ച, ചങ്ങലംപരണ്ട, പാൽമുതുക്ക് മുതലായ വള്ളിച്ചെടികളും ആൽവർഗത്തിൽ പെട്ടവയും ഇത്തിൾ തുടങ്ങിയ പരജീവിസസ്യങ്ങളും ശത്രുസസ്യങ്ങളാണ്; കൂടാതെ ചില ഫംഗസുകളും.

ആസാംപച്ച

തോട്ടങ്ങളിലെ ഏറ്റവും ഉപദ്രവകാരിയായ കളയാണ് ആസ്സാംപച്ച (യുപ്പറ്റൊറിയം). സാന്ദ്രത കുറവുള്ള ഇലകാഴിയുംവനങ്ങളും ഇതിന്‍റെ ആക്രമണത്തിനു കീഴടങ്ങിയിരിക്കുകയാണ്. പ്രകാശാർഥിയായ ഈ ഏകവർഷി കുറ്റിച്ചെടി രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ നിന്നും തിരിച്ചെത്തിയ ഭടന്മാരാണ് കേരളത്തിലെത്തിച്ചത്. നാട്ടിൻപ്രദേശങ്ങളിലാണ് ആദ്യം ഇവ പ്രത്യക്ഷപ്പെട്ടത്. ധാരാളമായി ഉണ്ടാകുന്ന വിത്ത് കാറ്റുമൂലം വിതരണം ചെയ്യപ്പെടുന്നതിനാല്‍ തോട്ടങ്ങളോ സ്വാഭാവിക വനങ്ങളോ എന്ന വ്യത്യാസം കൂടാതെ ഇവ അങ്ങോളമിങ്ങോളം വ്യാപിക്കാൻ തുടങ്ങി.

ശരാശരി നാലു മീറ്റർ ഉയരത്തിൽ വളരും. എന്നാൽ അനുകൂല പരിതസ്ഥിതിയിൽ ഏഴെട്ടു മീറ്റർ വരെ ഉയരം വയ്ക്കും. ഇടതിങ്ങി വളരുകയും ചെയ്യും.

നവംബർ-ഡിസംബർ മാസങ്ങളിലാണു പൂക്കുന്നത്. ജനുവരി-ഫെബ്രുവരിയിൽ വിത്തു വിളയുന്നതോടുകൂടി ഈ ചെടി ഉണങ്ങും. മാർച്ച്-ഏപ്രിലിൽ പുതുമഴയോടൊപ്പം വിത്തു മുളയ്ക്കുകയും വേരിൽനിന്ന് പൊട്ടിക്കിളിർക്കുകയും ചെയ്യും. ആണ്ടുതോറും ഉണ്ടാകുന്ന തീ മറ്റു സസ്യങ്ങളെ പിൻതള്ളിക്കൊണ്ട് ഇതിനു വളരുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു.

തേക്ക്, മിശ്രവിളകൾ, യൂക്കാലിപ്റ്റസ് തുടങ്ങിയവയുടെ ചെറുതോട്ടങ്ങളിൽ ഈ കളയുടെ ദ്രുതഗതിയിലുള്ള വളർച്ച കാരണം തോട്ടവിളകളുടെ വളർച്ച മുരടിച്ചുപോകുന്നു.

ഇലകൊഴിയും വനങ്ങളിൽ കുറ്റിക്കാടായി വളർന്നു പന്തലിച്ച് മറ്റു വനസസ്യങ്ങളുടെ പുനരുദ്ഭവം മിക്കവാറും അസാധ്യമാക്കിത്തീർക്കും.

നിവാരണമാർഗങ്ങൾ

സ്വാഭാവിക വനങ്ങളിൽ നിന്നും ഇതിനെ നിർമാർജനം ചെയ്യുവാനുള്ള ഏക മാർഗം വനസാന്ദ്രത വർധിപ്പിക്കുകയെന്നുള്ളതാണ്. തീയും കാലിമേച്ചിലും മാറ്റി നിർത്തിയാൽ മറ്റു വനസസ്യങ്ങൾ വളർന്നു പുഷ്ടിപ്പെട്ട് യുപ്പറ്റോറിയത്തെ പിൻതള്ളുകതന്നെ ചെയ്യും. ഇപ്രകാരം സംരക്ഷണം ഉറപ്പുവരുത്തിയ ഗവേഷണ പ്ലോട്ടുകളിൽ മൂന്നു-നാലു വർഷത്തിനുള്ളിൽ തന്നെ ഇതു ബലഹീനമായിക്കൊണ്ടിരിക്കുന്ന അവസ്ഥ പഠന വിഷയമാക്കിയിരിക്കുകയാണ്. ഇതുവരെയുള്ള നിരീക്ഷണങ്ങൾ തെളിയിക്കുന്നത് യുപ്പറ്റോറിയം പൂർണമായും തുടച്ചുമാറ്റപ്പെടുമെന്നാണ്.

ചെറുതോട്ടങ്ങളിൽ നിന്നും ഇതിനെ പൂർണമായി മാറ്റി നിർത്തുക എളുപ്പമല്ല. വേരോടുകൂടി ഇളക്കിമറിച്ചാൽ തന്നെ മണ്ണിൽ അവശേഷിക്കുന്ന വേരിന്റെ ഭാഗങ്ങളിൽനിന്നും പൊട്ടിക്കിളിർത്ത് വീണ്ടും വളരും. പക്ഷേ സാന്ദ്രതയും ശക്തിയും കുറഞ്ഞിരിക്കും.

മൂന്ന് നാല് വർഷം പ്രായമാകുന്നതുവരെ ചെറുതോട്ടങ്ങളിൽ ആവശ്യാനുസരണം കളയെടുപ്പ് നടത്തി തൈകളെ യുപ്പറ്റോറിയത്തിന്‍റെ ശല്യത്തില്‍നിന്നും വിമുക്തമാക്കണം. സാധാരണ കത്തിവീഡിങ്ങാണ് നടത്താറുള്ളത്. വർഷത്തിൽ അവസാനത്തെ കളയെടുപ്പ് യുപ്പറ്റോറിയം പൂക്കുന്നതിനു തൊട്ടുമുമ്പായി ചെയ്യേണ്ടതാണ്.

പ്രായമായ തോട്ടങ്ങളിലും ഇതിന്റെ ഉപദ്രവം ക്രമാതീതമാകുമ്പോൾ കളയെടുപ്പ് നടത്തി നിയന്ത്രിക്കണം.

പൂച്ചെടി

യൂപ്പറ്റോറിയം കഴിഞ്ഞാൽ വനവിളകൾക്ക് ഏറ്റവും ഉപദ്രവകാരിയായ സസ്യമാണ് പൂച്ചെടി (ലന്റാന). തണ്ടിൽ മുളളും ഇലയിൽ വിഷാംശവും ഉള്ളതുകൊണ്ട് കന്നുകാലികൾ ഈ ചെടി സാധാരണ തിന്നാറില്ല.

വിത്തുവിതരണം പക്ഷികൾ മുഖേനയാണ്. തീയിൽ തണ്ടു കരിഞ്ഞുപോകുമെങ്കിലും കുറ്റിയിൽ നിന്ന് വീണ്ടും കിളിർത്തുവരും.

വളപ്പിലും പൂന്തോട്ടങ്ങളിലും അലങ്കാരത്തിനു വച്ചുപിടിപ്പിക്കുവാൻ മെക്സിക്കോയിൽ നിന്നും കൊണ്ടുവന്നതാണ് ഈ പ്രകാശാർഥി സസ്യം. 3 - 4 മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെടി പ്രധാന കളകളിലൊന്നായി തീർന്നിരിക്കുകയാണ്. ഇപ്പോൾ ഉഷ്ണമേഖലാകാലാവസ്ഥയുള്ള എല്ലാ ഭാരതീയ വനങ്ങളിലുമുണ്ട്.

നിവാരണമാർഗങ്ങൾ

പ്രകാശാർഥി സസ്യമായതുകൊണ്ട് വനസാന്ദ്രത വർധിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിച്ചാൽ സ്വാഭാവിക വനങ്ങളിൽ നിന്നും ഇതിനെ ക്രമേണ നിർമാർജനം ചെയ്യാൻ സാധിക്കും.

ചെറുതോട്ടങ്ങളില്‍ കളവെട്ടുസമയത്ത് ഇതിനെ തറനിരപ്പിനടുത്ത് വച്ച് വെട്ടിക്കളയണം. ശല്യക്കൂടുതലെങ്കില്‍ വര്‍ഷകാലത്ത് പിഴുതും നശിപ്പിക്കാം.

പ്രായമേറിയ തോട്ടങ്ങളിലും ഇതിന്‍റെ ശല്യം വര്‍ധിക്കാതിരിക്കുവാന്‍ തക്കസമയത്ത് കളവെട്ടു നടത്തി തോട്ടപരിചരണം ഫലപ്രദമായി നിര്‍വഹിക്കണം.

മൈക്കീനിയ

മൈക്കീനിയ (മൈക്കീനിയ സ്പീ.) വള്ളി സമീപകാലത്ത് പല വനഭാഗങ്ങളിലും പ്രത്യേകിച്ച് കോട്ടയം-തൃശ്ശൂര്‍ മേഖലകളില്‍ നാശം വരുത്തുന്നുണ്ട്. തോട്ടങ്ങളിലും സാന്ദ്രത കുറഞ്ഞ വനങ്ങളിലുമാണ് ഇതിന്റെ തേർവാഴ്ച്ച കൂടുതൽ. പെട്ടെന്നു വളർന്നുയർന്ന് വനസസ്യങ്ങളുടെ തലപ്പത്തെത്തി അതിനെ ഞെക്കിഞെരുക്കുന്ന കാഴ്ച ദുസ്സഹമാണ്. ഇതിന്റെ അമിതമായ ഇടതതൂർന്ന വളർച്ച മുള, ഈറ, ചൂരൽ തുടങ്ങിയവയുടെ വളർച്ചയെയും പുനരുത്ഭവത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മൈക്കീനിയയുടെ ശല്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ അതിനെ ഫലപ്രദമായ രീതിയിൽ നിയന്ത്രിച്ചു നിർത്തുകയും മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.

മറ്റു സസ്യങ്ങൾ

കൂവ (കുർക്കുമ സ്പീ.) ഇലകൊഴിയും വനങ്ങളിൽ ഈർപ്പമേറിയ ഭാഗങ്ങളിലെ ഉപദ്രവകാരിയായ കളയാണ്. വനഭാഗത്തിന്റെ സാന്ദ്രതക്കുറവ് ഇതിന് കൂടുതൽ സ്ഥാനം കയ്യടക്കാനിടയാക്കി. ഇതിന്റെ വളർച്ച വനപുനരുദ്ഭവത്തെ നിർണായകമായ തോതിൽ പ്രതികൂലമായി ബാധിക്കും. ഇതിനെ നശിപ്പിക്കുവാനുള്ള പ്രധാന മാർഗം തീ തുടങ്ങിയ ശല്യങ്ങളിൽനിന്നും വനത്തിന് സംരക്ഷണം നൽകി വനസാന്ദ്രത വർധിപ്പിക്കുകയെന്നുള്ളതാണ്.

സാന്ദ്രത കുറഞ്ഞ ഹരിതവനങ്ങളിൽ തിങ്ങിവളരുന്ന ഒരു ഏകവർഷി ചെടിയാണ് കരിംകുറിഞ്ഞി (സ്ട്രോബിലാന്തസ് സ്പി.). സ്വഭാവഗുണങ്ങളെല്ലാം തികഞ്ഞ ലക്ഷണമൊത്ത നിത്യഹരിതവനങ്ങളിൽ അടിക്കാടുകൾ ഉണ്ടായിരിക്കുകയില്ല. എന്നാൽ എപ്പോൾ വൃക്ഷത്തലപ്പുകൾ തമ്മിൽ വിടവ് ഉണ്ടാകുന്നുവോ അപ്പോൾ കുറിഞ്ഞി നിലം അടക്കിവാഴുവാൻ തുടങ്ങും. ഇതിന്റെ അതിപ്രസരം പുനരുദ്ഭവത്തെ ദോഷമായി ബാധിക്കും. തിരഞ്ഞുമുറിക്കലിനു വിധേയമാകുന്ന കൂപ്പുകളിൽ ആവശ്യാനുസരണം കളയെടുപ്പു നടത്തി ഇതിനെ നിയന്ത്രിക്കേണ്ടതാണ്.

വളരെ ഉപകാരപ്രദമായ ഒരു സസ്യമെങ്കിലും തേക്കിൻതോട്ടങ്ങളിൽ തേക്കിൻതൈകൾക്ക് ശല്യമുണ്ടാക്കുന്ന ഒന്നാണ് മുള (ബാംബുസ ബാംബോസ്. ഇതു മുറിച്ചും ചുവടോടെ ഇളക്കി മറിച്ചും നിയന്ത്രിക്കണം.

തേക്കുമരങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ചില വ്യക്ഷങ്ങളുണ്ട്. ഇവ അതിവേഗം വളർന്ന് തേക്കുമരങ്ങളുടെ തലപ്പിനു മീതെ ഉയര്‍ന്നു വളർച്ചയ്ക്ക് വിഘാതമാകും.ആമത്താളി (ട്രീമ ഒറിയന്റാലിസ്), മലവേപ്പ് (മീലിയ അസെഡിറാക്) എന്നിവ ഉദാഹരണങ്ങളാണ്. ഇടമുറിക്കലിന്റെ അവസരത്തിൽ ഇത്തരം മരങ്ങൾ നിഷ്ക്കരുണം മുറിച്ചുകളഞ്ഞ് തേക്കുമരങ്ങളെ സ്വതന്ത്രമാക്കണം.

ഹരിതവനങ്ങളിലെ ഒരു അധിനിവേശസസ്യമാണ് വട്ട (മാക്കരാങ്ക സ്പീ.). തീപ്പെട്ടിക്കും പൾപ്പിനും കൊള്ളാമെങ്കിലും ഹരിതവനങ്ങളിൽ ഇത് അധികപ്പറ്റാണ്. തിരഞ്ഞുമുറിക്കലിനു വിധേയമായ കൂപ്പുകളിൽ ഇതിനെ യഥോചിതം മുറിച്ചുകളഞ്ഞ് വിലയേറിയ സസ്യങ്ങൾക്ക് വളരുവാനുള്ള സാഹചര്യം ഒരുക്കണം.

വള്ളിച്ചെടികൾ

നമ്മുടെ സ്വാഭാവിക വനങ്ങളിൽ കണ്ടുവരുന്ന വള്ളിച്ചെടികൾ ഇനി പറയുന്നവയാണ്.

ക്രമ നമ്പര്‍

മലയാളനാമം

ശാസ്ത്രനാമം

സ്വഭാവം

1

വള്ളിപ്ലാശ്

ബ്യൂട്ടിയ സുപെര്‍ബ

അസാധാരണ
വലിപ്പം വയ്ക്കും

2

പരണ്ടവളളി

(കാക്കവള്ളി)

എന്ടാഡ സ്കാന്‍ടെന്‍സ്

3

ആരമ്പുവള്ളി

ബൊഹീനിയ വാലൈ

4

വള്ളിമന്ദാരം

ബൊഹീനിയ ഫോയന്‍സിയ

വലിപ്പമേറിയത്

5

ആതമ്പുവളളി

സ്പാഥലോബസ് റോക്സ്ബര്‍ഗൈ

6

ആതാമ്പ്

സ്പാഥലോബസ് പര്‍പ്യൂറിയ

7

വള്ളിക്കാഞ്ഞിരം

സ്ട്രിക്നോസ് സിന്നമോമിഫോളിയ

തടിയന്‍ വള്ളി

8

വലിയ കാക്കത്തൊണ്ടി

ജിമ്നിമ സില്‍വെസ്ട്രെ

9

ചൂണ്ടമുള (കാരീന്ത്)

റെററെലോബിയം ഇൻഡിക്കം

10

ചീവക്ക

അക്കേഷ്യ കോൻസീന്ന

11

വളളിച്ചൊറിയണം

വൈറ്റിസ് പെഡേറ്റ

12

ചുവന്ന കുന്നി

അബ്രസ് പിക്കറ്റോറിയസ്

13

പാൽമുതുക്ക്

ഐപോമിയ ഡിജിറ്റേറ്റ

വലിയ വള്ളി

14

തികോല്പക്കൊന്ന

ഐപോമിയ ടുര്‍പ്പെഥം

15

കൽത്താമര

സ്മെലാക്സ് മാക്രോഫില

16

ഇഞ്ച

അക്കേഷ്യ ഇൻസിയ

17

ചെമ്പരവള്ളി

വൈറ്റിസ് ഇൻഡിക്ക

സാധാരണ വള്ളി

18

ചങ്ങലംപരണ്ട

വൈറ്റിസ് ക്വാട്രാന്‍ഗുലാരിസ്

19

നീല ചുണ്ണാമ്പു

വള്ളി

വൈറ്റിസ് റീഡൈ

20

വലിയ കണ്ണി

സ്മൈലാക്സ് സിലോണിക്ക

 

തേക്കിൻതോട്ടങ്ങളിലും മിശ്രവിളത്തോട്ടങ്ങളിലുമാണ് വള്ളിച്ചെടികളുടെ ഉപദ്രവം താരതമ്യേന കൂടുതലായിട്ടുള്ളത്. ഇഞ്ച, കാരിഞ്ച, പാൽമുതുക്ക്, ചെമ്പരവളളി, നായ്ക്കുരണ (മുക്കുണ പ്രൂറിയൻസ്), ചെറുപാൽവള്ളി (ക്രിപ്റ്റോലെപ്പിസ് ബുക്കനാനൈ), എലിപ്പയർ (കപ്പാരിസ് ഫൊറിഡ) തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്നത്.

വലിയ തടിയൻവള്ളികളും മറ്റും വൻവ്യക്ഷങ്ങളിൽ ചുറ്റിക്കയറി അവയെ ഞെരിച്ചുകൊല്ലും; മുകളിലെത്തി നിഴൽ വിരിച്ച് പ്രകാശം പോലും വൃക്ഷത്തലപ്പിലെത്തുവാൻ തടസ്സമുണ്ടാക്കുകയും ചെയ്യും; ചെറുപ്രായത്തിലുള്ളവയുടെ കാണ്ഡാഗ്രവും ശിഖരങ്ങളും വളയുന്നതിനും ഒടിയുന്നതിനുമിടയാകും.

നിവാരണ മാർഗങ്ങൾ

വള്ളികൾ വനത്തിൽ നിന്നു പൂർണമായി ഉന്മൂലനം ചെയ്യുക അസാധ്യമാണ്. എന്നാൽ ഇടയ്ക്കിടെ മുറിച്ചുകളഞ്ഞാൽ ഇതുമൂലമുണ്ടാകുന്ന ദോഷങ്ങൾ ലഘൂകരിക്കാവുന്നതാണ്.

സ്വാഭാവിക വനങ്ങളിൽ പ്രത്യേകിച്ചും ഇലകൊഴിയും കാടുകളിലും അർധഹരിത വനങ്ങളിലും ഇടപെടലിനു വിധേയമായ നിത്യഹരിതവനങ്ങളിലും വള്ളികൾ കനത്ത നാശങ്ങൾ വരുത്തിവയ്ക്കുന്നുണ്ട്. ഇതിൽ തിരഞ്ഞുമുറിക്കലിന് കീഴ്പെട്ടവയും സംരക്ഷണവനങ്ങളായി സൂക്ഷിക്കുന്നവയും ഉണ്ട്. തിരഞ്ഞുമൂറിക്കലിന് വിധിക്കപ്പെട്ട വനഭാഗങ്ങളിൽ രണ്ടോ മൂന്നോ വർഷത്തിലൊരിക്കലെങ്കിലും ആവശ്യാനുസരണം വള്ളിവെട്ട് നടത്തേണ്ടതാണ്. ബാക്കിയുളള വനഭാഗങ്ങളിൽ അഞ്ചാം വർഷത്തിലൊരിക്കൽ വള്ളിവെട്ട് മതിയാകും. ഇപ്പോൾ ഈ രീതിയിലുള്ള ഒരു സമീപനം ഇല്ലാത്തതുകൊണ്ട് വള്ളിവെട്ടു ഒരു അധിക ജോലിയാണെന്നും വള്ളിവെട്ട് നടത്തിയാൽ പാഴ്ചെലവ് കൂടുമെന്നുമുള്ള വാദഗതി പൊന്തിവന്നേക്കാം. എന്നാൽ പ്രക്യതിദത്തവനങ്ങളിലിറങ്ങിനടന്ന് അതിന്റെ ദുരവസ്ഥ നേരിൽക്കണ്ട് മനസ്സിലാക്കിയാൽ ഇത്തരം ചിന്താഗതി താനെ മാറിക്കൊള്ളും.

തക്ക സമയത്തു വേണ്ട പരിചരണങ്ങളുടെ പോരായ്മ മൂലം തോട്ടങ്ങളിൽ വളളികൾ നാശനഷ്ടങ്ങൾ ഉണ്ടാക്കുക സാധാരണയാണ്. അതുകൊണ്ട് ചെറുതോട്ടങ്ങളിൽ കളയെടുക്കുമ്പോഴും പ്രായമേറിയ തോട്ടങ്ങളിൽ ഇടമുറി നടത്തുമ്പോഴും വളളിവെട്ട് ക്യത്യമായി നിർവഹിക്കണം.കൂടാതെ മറ്റവസരങ്ങളിൽ എപ്പോഴെങ്കിലും വള്ളികളുടെ ശല്യം അനുഭവപ്പെട്ടാൽ അപ്പോഴും അവ മുറിച്ചുകളയുവാൻ അമാന്തം കാണിക്കരുത്.

വലിയ വള്ളികൾ മുറിക്കുമ്പോൾ തറനിരപ്പിൽ വച്ചും കൈയെത്തുന്നത്ര മുകളിൽ വച്ചും രണ്ട് മുറി മുറിച്ച് നിലത്തു നിന്നും വള്ളികൾ വീണ്ടും കയറിപ്പിടിക്കുവാനുള്ള സാഹചര്യം ഒഴിവാക്കണം.

അധിജീവിസസ്യങ്ങൾ

ഭക്ഷണം ചൂഷണം ചെയ്യാതെ മറ്റു മരങ്ങളിൽ വളരുന്നവയാണ് അധിജീവിസസ്യങ്ങൾ. ഇതിൽ ഫംഗസുകൾ, ഫേണുകൾ, ലൈക്കൻ, മരവാഴ വർഗച്ചെടികൾ (ഓർക്കിഡ്), അരോയിഡുകൾ, ആൽവർഗത്തിൽപ്പെട്ടവ എന്നിവ ഉൾപ്പെടും. പൊതുവെ അധിജീവിസസ്യങ്ങൾ നിർദോഷികളാണെങ്കിലും ആൽവർഗത്തിൽപ്പെട്ട ചില അധിജീവിസസ്യങ്ങൾ വ്യക്ഷങ്ങൾക്ക് ഭീഷണിയായി തീരാറുണ്ട്. പക്ഷികൾ മുഖേന അവയുടെ വിത്തുകൾ മറ്റു മരങ്ങളിലെത്തി മുളയ്ക്കുകയും വേരുകൾ താഴോട്ടു വളർന്ന് മണ്ണിലെത്തുകയും ചെയ്യും. ക്രമേണ ഈ വേരുകൾ വളർന്ന് വലിപ്പമാര്‍ജ്ജിച്ചു മരത്തെ പൂര്‍ണ്ണമായി പൊതിഞ്ഞു അതിന്‍റെ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുകയും മരം ഉണങ്ങിപ്പോകുവാന്‍ ഇടയാക്കുകയും ചെയ്യും. കാട്ടിലെ ശക്തന്മാരായ തേക്കിനെയും ഈട്ടിയെയും പോലും ആല്‍ ഇമ്മാതിരി അടിയറവു പറയിച്ചിട്ടുണ്ട്.

നിവാരണ മാർഗങ്ങൾ

ആലിന്‍റെ വളർച്ച ഉപയോഗപ്രദമായ സസ്യങ്ങളിൽ ദ്യശ്യമാകുമ്പോൾ മുറിച്ചുകളയണം. വള്ളിവെട്ടിന്‍റെയും മറ്റും കൂട്ടത്തിൽ ഇതും നിർവഹിക്കാവുന്നതാണ്.

പരജീവിസസ്യങ്ങൾ

മറ്റു സസ്യങ്ങളിൽ വളർന്ന് അവയുടെ ആഹാരം കവർന്നെടുക്കുന്ന നിരവധി സസ്യങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രധാനി ഇത്തിളാണ്.

ഇത്തിൾ (ഡെൻഡ്രോഫ്ത്തെ ഫാൾക്കേറ്റ) ഒരു ഹരിത സസ്യമാണ്. ഇതിന് ധാരാളം ശിഖരങ്ങളുണ്ടാകും. ശിഖരങ്ങൾക്ക് മൂന്നു മീറ്റർവരെ നീളം കാണും. കായ് ചുവപ്പോ ചുവപ്പു കലർന്ന കറുപ്പോ നിറമുള്ള ബെറിയാണ്. പക്ഷികളാണ് വിത്തു വിതരണം ചെയ്യുന്നത്. ഏതെങ്കിലും ആതിഥേയ മരത്തിൽ മുളയ്ക്കുന്ന വിത്തിന്റെ ബീജമൂലം
മരത്തിന്റെ തൊലി തുളച്ച് അകത്തു കടന്ന് ആതിഥേയ സസ്യം മണ്ണിൽനിന്ന് വലിച്ചെടുത്ത് ഇലകളിലേക്ക് അയയ്ക്കുന്ന വെള്ളവും ലവണങ്ങളും ഇടയ്ക്ക് വച്ച് അപഹരിച്ചെടുക്കും. ആതിഥേയന്റെ ശിഖരത്തിലാണ് ഇത്തിൾ പിടിപെട്ടതെങ്കിൽ ആ ശിഖരം താമസിയാതെ ഉണങ്ങിപ്പോകാനിടയുണ്ട്. കാണ്ഡാഗ്രത്തോടടുത്താണെങ്കിൽ കാണ്ഡാഗ്രാം ഉണങ്ങി വളർച്ച നിലയ്ക്കും. ഇങ്ങനെ വിവിധ ശിഖരങ്ങളിലും കാണ്ഡാഗ്രത്തിലും ഇത്തിക്കണ്ണി പിടിപെട്ടാൽ ആ ആതിഥേയവ്യക്ഷം വർഷങ്ങൾക്കുള്ളിൽ ഉണങ്ങിപ്പോകുക സാധാരണയാണ്.

നാശനഷ്ടങ്ങൾ

അഞ്ചാറു ദശാബ്ദങ്ങൾക്കു മുമ്പ് ഇത്തിളിന്‍റെ ശല്യം നിലമ്പൂർ തേക്കിൻതോട്ടങ്ങളിൽ ഉണ്ടായിരുന്നു. അന്നെഴുതിയിട്ടുള്ള വർക്കിങ് പ്ലാനുകളിൽ ഇത്തിൾ മുറിച്ചുമാറ്റി തേക്കിൻതോട്ടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. 1970- വരെ ഈ ക്യത്യം ശരിയാംവിധം നിർവഹിച്ചിരുന്നു. അതിനു ശേഷം പൊതുവെ ഉണ്ടായ പരിചരണ മാന്ദ്യത്തിന്റെ കൂട്ടത്തിൽ ഇത്തിക്കണ്ണിവെട്ടൽ നിശ്ശേഷം അവഗണിക്കപ്പെട്ടു. ഇത്തിക്കണ്ണി ക്രമാതീതമായി തേക്കിൻതോട്ടങ്ങളിൽ വ്യാപിക്കുവാൻ തുടങ്ങി. നിലമ്പൂർ മാത്രമല്ല മറ്റു പല ഡിവിഷനുകളും ഇതിന്റെ ആക്രമണത്തിനിരയായി. ഏറ്റവും രൂക്ഷമായത് കോഴിക്കോട്ടും ത്യശൂരും വനം ഡിവിഷനുകളിലാണ്.

1978-ൽ ഈ ലേഖകൻ കോഴിക്കോട് വനമേഖലയിൽ ചാർജെടുത്തപ്പോൾ ഈ ദുരന്തത്തെക്കുറിച്ച് പഠിക്കുവാൻ ഇടയാകുകയും അടിയന്തിരമായി ഇത്തിൾ വെട്ടിമാറ്റി തേക്കിൻതോട്ടങ്ങൾ സംരക്ഷിക്കണ്ടതിന്റെ അവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് സർക്കാരിൽനിന്നും ഇത്തിൾ വെട്ടിമാറ്റുവാനുള്ള നിരക്ക് പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവായി. പുതുക്കിയ നിരക്കനുസരിച്ച് 1980 മുതൽ ഇത്തിൾ വെട്ടിമാറ്റിവരികയാണ്.

പീച്ചിയിലെ വന ഗവേഷണ സ്ഥാപനം ഇതിനെ സംബന്ധിച്ച് ഒരു പഠനം 1980-83 കാലഘട്ടത്തിൽ നടത്തുകയുണ്ടായി. ഗവേഷണ ഫലങ്ങൾ അവരുടെ 21-ാമത്തെ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ നിലമ്പൂരിലെ എല്ലാ തേക്കിൻതോട്ടങ്ങളിലും (ആറേഴു വർഷംവരെ പ്രായമുള്ളതൊഴിച്ച്) ഇത്തിൾബാധ ഉണ്ടെന്നാണു കാണുന്നത്. ചില തോട്ടങ്ങളിൽ 85 ശതമാനം വരെ തേക്കുമരങ്ങൾ ഇത്തിക്കണ്ണി ബാധിച്ചതായിട്ടുണ്ട്.

ഇത്തിളിന്റെ ആക്രമണം തേക്കിന്റെ വളർച്ചയെ കാര്യമായി ബാധിക്കുമെന്നും പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 12 വർഷം പ്രായമായ ഒരു തോട്ടത്തിൽ വാർഷിക വളർച്ചയിലുണ്ടായ കുറവ് 41.64 ശതമാനമായിരുന്നു. 34 വർഷം പ്രായമുള്ള തോട്ടത്തിൽ ഇത് 37.18 ശതമാനവും.

നിവാരണ മാർഗങ്ങൾ

ഇത്തിളിനെ തേക്കിൻതോട്ടങ്ങളിൽനിന്നും പൂർണമായി ഒഴിവാക്കുക പ്രയാസമാണ്. എന്നാൽ ഒരു സമയബന്ധിത പരിപാടിയായി ഓരോ തേക്കിൻതോട്ടത്തിലും കാണുന്ന ഇത്തിക്കണ്ണി അപ്പപ്പോൾ മുറിച്ചു മാറ്റിയാൽ ഇതുമൂലമുണ്ടാകാവുന്ന നാശനഷ്ടങ്ങൾ ലഘൂകരിച്ച് ഇതിന്റെ വ്യാപ്തി നിയന്ത്രിക്കാവുന്നതാണ്.

ഇത്തിക്കണി ബാധിച്ചിട്ടുള്ള ശിഖരങ്ങൾ മുറിച്ചു കളയുക എന്നതാണ് ഇതുവരെ ഫലപ്രദമായി കണ്ടിട്ടുള്ള മാർഗം. ഇത്തിക്കണ്ണി ബാധിച്ചിട്ടുള്ള തേക്കുശിഖരം ഇത്തിക്കണ്ണിയുള്ളിടത്തുനിന്നും 30 സെ. മീറ്ററോളം ഉൾഭാഗത്തേക്കു കയറ്റി വേണം മുറിക്കാൻ. ഇത്തിളിന്റെ വേരുകൾ കൂടി ആതിഥേയ വ്യക്ഷത്തിൽ നിന്നും നശിപ്പിച്ചുകളയുവാനാണ് ഇപ്രകാരം മുറിക്കുന്നത്.

രാസദ്രവ്യങ്ങൾ ഇത്തിളിൽ തളിക്കുകയോ ആതിഥേയ സസ്യത്തിൽ കുത്തിവയ്ക്കുകയോ ചെയ്തും ഇത്തിളിനെ നശിപ്പിക്കാം. ഇതിൽ രണ്ടാമത്തെ മാർഗം വികസിപ്പിച്ചെടുത്തുവെന്നാണ് പീച്ചി വനഗവേഷണ സ്ഥാപനം അവകാശപ്പെടുന്നത്. എന്നാൽ വനംവകുപ്പ് തോട്ടങ്ങളിൽ ഈ മാർഗം ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

ഏഴാം പഞ്ചവത്സരപദ്ധതിക്കാലത്ത് ഇത്തിക്കണ്ണി മുറിച്ചു മാറ്റുവാൻ 135 ലക്ഷം രൂപയുടെ ഒരു പദ്ധതി പശ്ചിമഘട്ട വികസന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. കാലാകാലങ്ങളിൽ, ക്യത്യവിലോപം കാണിക്കാതെ വർക്കിങ് പ്ലാനുകളിൽ നിർദേശിച്ചിരുന്നതുപോലെ ഇതു നശിപ്പിച്ചിരുന്നെങ്കിൽ തേക്കിൻതോട്ടങ്ങൾക്കു സംഭവിച്ചിട്ടുള്ള വമ്പിച്ച നാശനഷ്ടം ഒഴിവാക്കാമായിരുന്നു. കൂടാതെ പിൽക്കാലങ്ങളിൽ വൻതുകകൾ ചെലവാക്കി പരിഹാരമാർഗം തേടുന്നതിൽനിന്നും ഒഴിവാകുകയും ചെയ്യാമായിരുന്നു.

ഫംഗസുകൾ

ഫംഗസുകളുടെ ഉപദ്രവത്തിന് ഏറ്റവും അടിമപ്പെട്ടിട്ടുള്ളത് യൂക്കാലിപ്റ്റസ് തോട്ടങ്ങളാണ്, പ്രത്യേകിച്ച് യൂക്കാലിപ്സ് ടെറിറ്റികോർണിസ് തോട്ടങ്ങൾ. രണ്ടുതരം ഫംഗസുകളാണ് കാര്യമായി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്. നേഴ്സറി തൈകൾക്ക് സീഡിലിങ് ബ്ലൈറ്റ് എന്ന രോഗം ഉണ്ടാക്കുന്ന സിലിണ്ടറോക്ലാഡിയം ക്വിൻകിസെപ്റ്റെറ്റം, മരങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന പാടലരോഗം (പിങ്ക്ഡിസീസ്) പരന്ന കോർട്ടിസിയം സാൽമോണിക്കളർ എന്നിവയാണ് ഈ രണ്ടു ഫംഗസുകൾ.

സിലിണ്ടറോക്ലാഡിയം

സാംക്രമിക രോഗമുണ്ടാക്കുന്ന ഫംഗസാണിത്. തെക്കു പടിഞ്ഞാറന്‍ കാലവർഷം ശക്തിപ്പെടുമ്പോഴാണ് ഇതിന്റെ പകർച്ച ഭയാനകമായ തോതിൽ ഉണ്ടാകുന്നത്. രോഗം കൊണ്ട് സംഭവിക്കുന്ന അംഗവൈക്യതം പടിപടിയായി ആദ്യം ഇലകളിലും ഇളം ശാഖകളുടെ തണ്ടിലും പ്രത്യക്ഷപ്പെടും. ശീഘ്രഗതിയിൽ ഇവ സംക്രമിച്ച് ഇലകൾ ചീഞ്ഞുപൊഴിയുന്നതിനും ചെടി നശിച്ചുപോകുന്നതിനും ഇടയാകും.

ഫംഗസിന്റെ മൈക്രോസ്ക്ലീറോഷ്യം മണ്ണിലാണ് ജീവിക്കുന്നത്. മഴ പെയ്യുമ്പോള്‍  ഇവ തെറിച്ച് യൂക്കാലിപ്റ്റസ് ചെടിയിൽ പതിക്കുവാൻ ഇടയാകും. ഇതാണ് രോഗബാധയുടെ ആദ്യത്തെ പടി. ഇതിനുശേഷം രോഗം മൂർച്ചിക്കുന്നത് അതിവേഗത്തിലാണ്. തക്കസമയത്ത് പ്രതിരോധനടപടികൾ ഫലപ്രദമായി സ്വീകരിച്ചില്ലെങ്കിൽ നഴ്സറിബെഡിലെയും മറ്റും നൂറുശതമാനം തൈകളും ചീഞ്ഞളിഞ്ഞുപോകാനിടയാകും.

രണ്ടു വർഷത്തിൽ താഴെ പ്രായമുള്ള ചെടികൾക്കാണ് ഈ രോഗംമൂലം കൂടുതൽ നാശം ഉണ്ടാകുന്നത്. അതിൽ കൂടുതൽ പ്രായമുള്ളവയിൽ ഇല പൊഴിയുമെന്നല്ലാതെ സസ്യം പൂർണമായി നശിക്കാറില്ല. ആരോഗ്യക്കുറവുള്ള തൈകളിൽ രോഗം അതിവേഗം വ്യാപിക്കുന്നു.

ആദ്യത്തെ ഒന്നു രണ്ടു വർഷം തോട്ടങ്ങളിൽ സിലിണ്ടറോക്ലാഡിയം പടർന്നു പിടിക്കുവാനുള്ള പ്രധാന ഹേതു യാതൊരു തത്വദീക്ഷയുമില്ലാതെയുള്ള ടോങ്കിയാ (മരച്ചീനി) ക്യഷിയാണ്. മരച്ചീനി വളർന്ന് യൂക്കാലിപ്റ്റസ് തെകളുടെ മുകളിലെത്തി ഒരു 'ഗ്രീൻഹൗസ്' പ്രതീതി ഉളവാക്കി കുമിളിനു വളരുവാനുള്ള സാഹചര്യം ഉണ്ടാക്കും. മരച്ചീനിത്തലപ്പുകളുടെ മുകളിൽ വളർന്നെത്തുന്ന തൈകൾ മാത്രമേ രോഗത്തിൽനിന്നും
രക്ഷപ്പെടുകയുള്ളൂ.

പ്രതിവിധികൾ

നേഴ്സറിയിൽ നല്ല കരുത്തോടുകൂടി തൈകൾ വളരുവാനുള്ള സാഹചര്യം ഉണ്ടായിരിക്കണം. സീഡ്ബഡ് നേഴ്സറിയിലും കൂടകളിലേക്കു മാറ്റിവച്ചതിനുശേഷവും ഈ ആരോഗ്യാവസ്ഥ ഉറപ്പു വരുത്തണം. നല്ല കരുത്തുള്ള തൈകളേ തോട്ടങ്ങളിൽ വച്ചുപിടിപ്പിക്കുവാൻ ഉപയോഗിക്കാവൂ. മരച്ചീനികൃഷി ഒഴിവാക്കുന്നത് ഉത്തമമാണ്.

രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ ഡൈത്തേൻ തുടങ്ങിയ കുമിൾനാശിനികൾ തളിച്ച് രോഗം ശമിപ്പിക്കണം.

കോർട്ടീസിയം സാൽമോണിക്കളർ

യൂക്കാലിപ്റ്റസിന് പ്രത്യേകിച്ച് യൂക്കാലിപ്റ്റസ് ടെറിറ്റിക്കോര്ണിസിന് പാടലരോഗം (പിങ്ക് ഡിസീസ്) പരത്തുന്ന ഫംഗസാണ് ഇത്. ഉഷ്ണമേഖലയിലും മിതോഷ്ണ മേഖലയിലുമുള്ള യൂക്കാലിപ്റ്റസ് മരങ്ങളിൽ ഈ ഫംഗസ് രോഗം സാധാരണമാണ്. നൂറ്റിഅമ്പതോളം സ്പീഷീസുകൾ ഈ ഫംഗസിന്റെ ആക്രമണത്തിനിരയാകാറുണ്ട്.

ഇന്ത്യയിൽ കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഈ ഫംഗസ് യു, ടെറിറ്റിക്കോർണിസ് തോട്ടങ്ങളിൽ വമ്പിച്ച നാശനഷ്ടങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ രണ്ടുവർഷത്തിനുമേൽ പ്രായമുള്ള തോട്ടങ്ങളിൽ 55 മുതൽ 95% വരെ മരങ്ങളും ഈ രോഗത്തിനടിമപ്പെട്ടിരിക്കുന്നതായാണ് നിരീക്ഷണങ്ങൾ തെളിയിക്കുന്നത്.

ജൂൺ മുതൽ സെപ്തംബർ വരെയുള്ള ആർദ്രതയേറിയ മൺസൂൺ കാലത്ത് ഈ ഫംഗസ് ഉത്പാദിപ്പിക്കുന്ന ബസിഡിയോസ്പോറുകളാണ് പ്രാഥമിക രോഗഹേതു. ഈ സ്പോറുകൾ ആതിഥേയ സസ്യവുമായി ബന്ധപ്പെടുമ്പോൾ മുളയ്ക്കുന്നു.

യൂക്കാലിപ്റ്റസിൽ ഇത് നാലുതരം വളർച്ചാഘട്ടങ്ങളിൽ കണ്ടുവരുന്നു. സില്‍ക്ക് മാതിരിയുള്ള തന്തുരുപഹൈഫകൾ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യത്തെ ഘട്ടം. ഈ രോഗബാധിത ഭാഗത്തുണ്ടാകുന്ന നെടുകെയുള്ള വിള്ളലില്‍  വന്ധ്യഹൈഫകളില്‍നിന്ന് സ്രവിക്കുന്ന, ചലം നിറഞ്ഞ മൊട്ടുസൂചിമൊട്ടുകൾ പോലെയുള്ള കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് അടുത്ത ഘട്ടം. മൂന്നാം ഘട്ടത്തിൽ ധാരാളം കൊണീഡിയ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് ഓറഞ്ച്- ചുവപ്പ് നിറത്തോടുകൂടിയതാണ്. നാലാമത്തെ ഘട്ടത്തിലാണ് ബസിഡിയോകാർപ്പും ബസിഡിയോസ്പോറുകളും ഉണ്ടാകുന്നത്.

തന്തുജാലങ്ങൾ (മൈസീലിയം) സ്വയം ആതിഥേയ സസ്യത്തിൽ തുളച്ചുകയറുകയാണോ ആതിഥേയനിലുള്ള വ്രണങ്ങളിൽ കൂടി ബന്ധം സ്ഥാപിക്കുകയാണോ എന്നതിനെ സംബന്ധിച്ച് സംശയാതീതമായ വിവരമില്ല. എന്തായാലും കാലക്രമേണ ആതിഥേയ വ്യക്ഷത്തിന്‍റെ തൊലിയിൽ പൊട്ടലുകൾ പ്രത്യക്ഷപ്പെടുകയും ഒടുവിൽ അവ വ്രണങ്ങളായിത്തീരുകയും ചെയ്യും.

ഈ വ്രണങ്ങൾ (പധാന തടിയിലും ശിഖരങ്ങളിലും വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. നിലവിലുള്ള പരിതസ്ഥിതിയുടെയും ഫംഗസിന്റെയും പരസ്പരപ്രവർത്തനത്തിൽ ഒരുപക്ഷേ ആതിഥേയ സസ്യം
വ്രണത്തിനു ചുറ്റും കാലസ് കോശങ്ങൾ വികസിപ്പിച്ച് വ്രണത്തിന്‍റെ വ്യാപ്തി നിയന്ത്രിച്ചുവെന്നു വരാം. ഇത് അനുകൂല സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. എന്നാൽ വ്യക്ഷത്തിന്റെ പ്രതിരോധ കോശങ്ങളെക്കാൾ വേഗത്തിലാണ് ഫംഗസ് വളരുന്നതെങ്കിൽ കാണ്ഡത്തിലെ വ്രണങ്ങൾ മീറ്ററുകളോളം നീളത്തിൽ വ്യാപിച്ചെന്നുവരും. ഇതിന്റെ വീതി പ്രാരംഭത്തിൽ കാണ്ഡത്തിന്റെ ഒരു ഭാഗത്തായി ഒതുങ്ങിയിരിക്കുമെങ്കിലും അനുകൂല സാഹചര്യത്തിൽ ക്രമേണ അത് ചുറ്റും വ്യാപിച്ച് കാമ്പിയത്തെ നിശ്ശേഷം നശിപ്പിച്ച് ഈ വ്രണബാധിത ഭാഗത്തിന്റെ മുകൾഭാഗം ആദ്യവും ഒടുവിൽ വ്യക്ഷം ഒന്നാകെയും ഉണക്കിക്കളയും.

നാശനഷ്ടങ്ങൾ

ഈ രോഗത്തിന്റെ തീവ്രത അനുസരിച്ച് വിളവിന്റെ തോതിലും വ്യത്യാസമുണ്ടാകും. ഹെക്ടറൊന്നിന് ശരാശരി 50 മെ. ടണ്ണെങ്കിലും വിളവ് ലഭിക്കേണ്ട സ്ഥാനത്ത് ശരാശരി 30 മെ. ടൺ മാത്രമാണ് നമുക്ക് ലഭിക്കുന്നത്.

പ്രതിവിധികൾ

വൃക്ഷങ്ങള്‍  കരുത്തോടെ വളരുവാൻ തക്ക സാഹചര്യം സ്യഷ്ടിക്കണം. കളവെട്ട്, വളംചേർക്കൽ, മരച്ചീനികൃഷി ഒഴിവാക്കൽ തുടങ്ങിയവ നടപ്പിലാക്കണം.

രോഗപ്രതിരോധശേഷിയുള്ള യൂക്കാലിപ്റ്റസ് ഇനങ്ങൾ ഗവേഷണ പ്രവർത്തനങ്ങളിലൂടെ കണ്ടുപിടിക്കേണ്ടതാണ്. യൂക്കാലിപ്റ്റസിന്റെ കൂട്ടത്തിൽ യു. കമാൽഡുലന്സിസ് ഒരു പരിധിവരെ ഇതിനുതകുമെന്നാണ് ഇതുവരെയുള്ള പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.

ഫംഗസ് രോഗം പ്രത്യക്ഷപ്പെട്ടാലുടൻ തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതാണ്. എന്നാൽ ഇപ്രകാരമൊരു സമീപനം ഇതുവരെ വനംവകുപ്പ് സ്വീകരിച്ചിട്ടില്ല. ബോർഡോ മിശ്രിതമോ മറ്റേതെങ്കിലും കുമിൾനാശിനികളോ തളിച്ച് രോഗബാധ നിയന്ത്രിക്കാവുന്നതേയുള്ളൂ. രോഗബാധ നിയന്ത്രിക്കാൻ വേണ്ടിവരുന്ന ചെലവ് ലഭ്യമായേക്കാവുന്ന അധികവിളവിൽ നിന്ന് ഈടാക്കുകയും ചെയ്യാം. മാത്രമല്ല ഏറ്റവും നല്ല പൾപ്പുതടി വ്യാവസായികാവശ്യങ്ങൾക്ക് ലഭിക്കുകയും ചെയ്യും.

കടപ്പാട്: വനസംരക്ഷണം, സി.കെ.കരുണാകരന്‍© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate