অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വന്യജീവികളും ഷഡ്പദങ്ങളും

വന്യജീവികൾ

വനത്തിനും വന്യജീവികൾക്കും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. സഹസ്രാബ്ദങ്ങളിലൂടെയുള്ള നിരന്തര സഹവാസം നിമിത്തം വന്യജീവികളും സസ്യസമൂഹവും പരിസ്ഥിതിപരമായി ഏകത്വം പ്രാപിച്ചിരിക്കുകയാണ്. ഇവർ പരസ്പരാശ്രിതരാണ്. വന്യജീവികൾക്ക് ആഹാരവും അഭയവും കാട് പ്രദാനം ചെയുന്നു. പല സസ്യങ്ങളുടെയും വിത്തു വിതരണത്തിനും തദ്വാരയുള്ള വളർച്ചയ്ക്കും പരാഗണത്തിനും വന്യജീവികളും പങ്കുവഹിക്കുന്നു.

നാശകാരികളായ ഷട്പദങ്ങളുടെ ദ്രോഹപ്രവർത്തനങ്ങൾ നിയന്തണാതീതമാകാതിരിക്കുവാൻ പ്രകൃതി തന്നെ വന്നു പ്രതിവിധികൾആസൂത്രണം ചെയ്തിട്ടുണ്ട് (ഷട്പദങ്ങളെപ്പറ്റി വിവരിക്കുന്ന അധ്യായം കാണുക). എന്നാൽ ആന, കാട്ടുപോത്ത്, പന്നി, കുരങ്ങ് തുടങ്ങിയ വന്യമ്യഗങ്ങൾ ഇപ്പോൾ നമ്മുടെ വനങ്ങൾക്ക് സാരമായ ശല്യം ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ കാരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ വന്നു കൂടിയ മാറ്റം തന്നെ.

ആന

വ്യക്ഷശിഖരങ്ങളും പുല്ല് (ആനപ്പുല്ല്). ഈറയില, മുളയില, ചെറുമരങ്ങൾ, ചെടികൾ എന്നിവയും ആനയുടെ ഭക്ഷ്യവസ്തുക്കളാണ്. വളർച്ചയെത്തിയ ഒരാനയ്ക്ക് ഒരു ദിവസം 500 കി.ഗാമാളം ഭക്ഷണം ആവശ്യമാണ്, ഭക്ഷണം ശേഖരിക്കുന്നതിനായി ആന ദിവസവും അനേകം കി.മീറ്ററുകളോളം സഞ്ചരിക്കും.

ആനകളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ വനങ്ങൾക്ക് നാശം സംഭവിക്കുകതന്നെ ചെയ്യും. അങ്ങനെ, ഗുണമേറിയ വനം വെറും പൂൽമേടുകളും കുറ്റിക്കാടുകളുമായി പരിണമിച്ച ചരിത്രവും ഇല്ലാതില്ല. കിഴക്കൻ ആഫ്രിക്കയിൽ മേന്മയേറിയ വനങ്ങൾ ആനകളുടെ അനിയന്ത്രിതമായ മേച്ചിൽ മൂലം പുൽമേടുകളായി മാറിയ സംഭവം എസ്.പി. സഹായ് തന്റെ 'ബാക്സ് റ്റു ദി വോൾ' എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ ഒരു വനപ്രദേശത്തിന് ആ വനത്തിന്റെ സ്വഭാവഗുണങ്ങൾക്ക് കോട്ടം സംഭവിക്കാത്ത വിധത്തിൽ ഉൾക്കൊള്ളാവുന്ന ആനകളുടെ എണ്ണത്തിന് ഒരു പരിധിയുണ്ടെന്ന് നിഷ്പ്രയാസം മനസ്സിലാക്കാം.

1990- ലെ സെൻസസ് പ്രകാരം ഇവിടെ മൊത്തം 3645 ആനകളാണുളളത്. പ്രായപൂർത്തിയായ കൊമ്പനാന 550, പിടിയാന 1676, പ്രായപൂർത്തിയാകാത്തതിൽ ആൺ 129 പെൺ 361, കുട്ടിയാനകളിൽ ആണ്‍ 48 പെൺ 90, തിരിച്ചറിയാത്തതിൽ പ്രായപൂർത്തിയായവ 224, പ്രായപൂർത്തിയാകാത്തത് 174, കൂട്ടിയാന 393.

ആനകളുടെ ശല്യം തേക്കിൻതോട്ടങ്ങളിൽ കൂടുതലായി അനുഭവപ്പെട്ടുവരികയാണ്. പണ്ടൊക്കെ ചെറുതോട്ടങ്ങളിൽ തെകൾ ചവിട്ടിയും ഒടിച്ചും കളഞ്ഞിരുന്നെങ്കിൽ ഇപ്പോൾ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ തോട്ടങ്ങളിൽ (ഉദാ. പറമ്പിക്കുളം) പത്തും ഇരുപതും വർഷം പ്രായമായ തേക്കുമരങ്ങളുടെ തൊലി തീറ്റയ്ക്കായി ഉരിച്ചെടുക്കുക സാധാരണയാണ്. ഒരുപക്ഷേ വനവിസ്തൃതി ചുരുങ്ങിയതും സ്വാഭാവിക തീറ്റ വസ്തുക്കൾക്ക് നേരിട്ട കുറവുമായിരിക്കണം ആനകളെ തേക്കിൻതോട്ടങ്ങളിലേക്കു ആകർഷിച്ചിരിക്കുന്നത്. ആനകളിൽനിന്നും ഉണ്ടാകുന്ന മറ്റൊരു ശല്യം നേഴ്സറികളിലാണ്. നഴ്സറി ബെഡുകൾ ചവിട്ടിമെതിക്കപ്പെടുക അസാധാരണമല്ല.

പ്രതിവിധികൾ

വനങ്ങളുടെ സ്വഭാവ മേന്മ നിലനിര്‍ത്തിക്കൊണ്ട് വനങ്ങള്‍ക്ക് തീറ്റിപ്പോറ്റുവാന്‍ സാധിക്കുന്ന സംഖ്യാബലത്തെ കാരിയിംഗ് കപ്പാസിറ്റി എന്ന് പറയുന്നു. ആനകളുടെ 'കാരിയിങ് കപ്പാസിറ്റി' തിട്ടപ്പെടുത്തി ആ തോതിനു മീതെ ആനയുടെ സംഖ്യ വർധിച്ചാൽ അധികമുള്ളതിനെ പിടിച്ച് ഇണക്കി നാട്ടിലെ ആവശ്യങ്ങൾക്കുപയോഗിക്കണം. ഇവിടെ ഇപ്പോൾ ആനകളെ ലഭിക്കാനില്ലാത്തതുകൊണ്ട് (ആനപിടിത്തം നിർത്തിയതുമൂലം) ബിഹാറിൽ നിന്നുമാണ് ആവശ്യക്കാർ വാങ്ങിക്കൊണ്ടുവരുന്നത്. നേഴ്സറിക്കും മറ്റും ഉപദ്രവം നേരിടാതിരിക്കുവാനായി ചുറ്റും വേലി നിർമിച്ച് വേലിയരികിൽ കൂർപ്പിച്ച മുള ചരിച്ചു നാട്ടണം. വനത്തിലുള്ള കെട്ടിടങ്ങളും മറ്റും സംരക്ഷിക്കുവാനായി അവയ്ക്ക് ചുറ്റും കിടങ്ങ് നിർമിക്കണം.

കാട്ടുപോത്ത്

ആനകളെപ്പോലെതന്നെ കാട്ടുപോത്തുകളും തീറ്റപ്രിയരാണ്. രാവിലെയും വൈകിട്ടുമാണ് സാധാരണ മേയുന്നത്. കൂട്ടമായിട്ടാണ് സഞ്ചരിക്കുന്നത്. ചില വലിയ കൂട്ടങ്ങളിൽ അൻപതോ അതിൽ കൂടുതലോ എണ്ണം കാണും. പറമ്പിക്കുളം, തേക്കടി എന്നിവിടങ്ങളിലാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്. വയനാട് വന്യജീവി സങ്കേതത്തിലും കുറവല്ല. 1990-ലെ സെൻസസ് പ്രകാരം കേരളത്തിൽ 1288 കാട്ടുപോത്തുകളുണ്ട്. വളർച്ചയൊത്ത ഒരു കാട്ടുപോത്തിന് ഒരു ടണ്ണിനടുത്തു ഭാരമുണ്ടായിരിക്കും. ഒരു ദിവസം ശരാശരി 150 കി. ഗ്രാമിൽ കുറയാത്ത തീറ്റ ആവശ്യമുള്ള ഈ മ്യഗങ്ങളുടെ പ്രധാന തീറ്റവസ്തുക്കൾ പുല്ലും ചെടികളുമാണ്. ഇവയുടെ അംഗസംഖ്യ കൂടുതലുള്ള വനത്തിൽ അടിക്കാടുകളുടെ അഭാവവും പുനരുദ്ഭവ പ്രക്രിയയുടെ ശൂന്യതയും വ്യക്തമാണ്. പ്രായാധിക്യം ചെന്ന ഒരു വനസഞ്ചയം മാത്രമേ അവിടെ ദൃശ്യമാകുകയുള്ളൂ. അതുകൊണ്ട് 'കാരിയിങ് കപ്പാസിറ്റിക്കനുസ്യതമായി ഇതിന്റെ സംഖ്യ നിയന്ത്രിച്ചു നിർത്തേണ്ടതാണ്.

പന്നി

കാട്ടുപന്നിയും മുള്ളൻപന്നിയും നമ്മുടെ വനങ്ങളിൽ ഉണ്ട്. എന്നാൽ ഇവ മൂലമുള്ള ശല്യം വനങ്ങളിൽ അത്ര ശക്തമല്ല.

കിഴങ്ങുവർഗത്തിൽപ്പെട്ട സസ്യങ്ങൾക്കാണ് ഇവ ശല്യം ചെയ്യുന്നത്. നഴ്സറികളിലും ഇവ മണ്ണുതുരന്ന് ശല്യം ഉണ്ടാക്കും.

കേരളത്തിൽ കാട്ടുപന്നികളുടെ ശല്യം, വനങ്ങളുടെ സമീപത്തുള്ള ക്യഷിയിടങ്ങളിൽ വർധിച്ചുവരുന്നതായി രൂക്ഷമായ പരാതി കൃഷിക്കാരിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഇതിന്റെ സംഖ്യ നിയന്ത്രിച്ചു നിർത്തി കൃഷിയിടങ്ങളിലെ ശല്യം ഒഴിവാക്കേണ്ടതാണ്.

കുരങ്ങ്

നാടൻകുരങ്ങ്, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ് എന്നിവയാണ് നമ്മുടെ വനങ്ങളിലെ പ്രധാനയിനം കുരങ്ങുകൾ. കരിങ്കുരങ്ങും സിംഹവാലൻകുരങ്ങും സംഖ്യാപരമായി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു വർഗമായി ചരിത്രത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. മാംസത്തിനും രസായനത്തിനും വേണ്ടിയുള്ള അനിയന്ത്രിതമായ വേട്ട മൂലമാണ് ഇവയുടെ സംഖ്യ ഈ വിധത്തിൽ കുറഞ്ഞത്.

നാടൻകുരങ്ങും (വെള്ളക്കുരങ്ങ്) അടുത്തകാലത്തായി വേട്ടക്കാരുടെ ഭീഷണിക്കു വശംവദരായി തീർന്നിരിക്കുകയാണ്. എങ്കിലും ചില വനഭാഗങ്ങളിൽ പ്രത്യേകിച്ചും ഇവയുടെ ആഹാരവസ്തുക്കളായ കായ്കനികളുൽപ്പാദിപ്പിക്കുന്ന സസ്യങ്ങളുള്ളിടത്ത് ചില്ലറ ശല്യങ്ങൾ ഇവയെക്കൊണ്ട് ഉണ്ടാകാറുണ്ട്. നേഴ്സറികളിലും നിസ്സാരമായ വിക്രിയകൾ ഇവ കാണിക്കും.

പ്ലാവ്, ആഞ്ഞിലി തുടങ്ങിയവ വച്ചുപിടിപ്പിക്കുവാൻ ശ്രമിക്കുന്ന സ്ഥലങ്ങളിൽ ഇവയുടെ ശല്യം സാരമായി അനുഭവപ്പെടുന്നുണ്ട്. വിവിധയിനം മരങ്ങളുടെ വിത്തു വിതച്ച് മിശ്രവനം സൃഷ്ടിക്കുവാൻ നടത്തുന്ന ഗവേഷണ പ്ലോട്ടുകളിൽ ഇവ ശല്യക്കാരായി തുടങ്ങിയിട്ടുണ്ട്. ചുരുങ്ങിവരുന്ന ഇവയുടെ പരിമിതസംഖ്യ പരിഗണിച്ച് ഇവയെ വിരട്ടിയോടിക്കുകയേ നിർവാഹമുള്ളൂ.

ഷട്പടങ്ങള്‍

എണ്ണത്തിലും തരത്തിലും ഏറ്റവും അധികമുള്ള ജീവിവിഭാഗമാണ്

ഷട്പദങ്ങൾ, പത്തുലക്ഷത്തോളം ഷട്പദങ്ങളെ വർഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. സസ്യങ്ങളും ഷട്പദങ്ങളുമായി അഭേദ്യബന്ധമുണ്ട്. സസ്യങ്ങൾ ഷട്പദങ്ങളെ തേനും മറ്റു ഭോജ്യവസ്തുക്കളും നൽകി സ്വീകരിക്കുമ്പോൾ ഷട്പദങ്ങൾ സസ്യങ്ങളിൽ പരാഗണം നിർവഹിക്കുകയും ചെയ്യുന്നു.

ഉഷ്ണമേഖലാപ്രദേശങ്ങളിൽ പ്രയോജനകാരികളും നാശകാരികളുമായ വളരെയധികം ഷട്പദങ്ങളുണ്ട്. ബാഹ്യശല്യങ്ങൾക്ക് വിധേയമാകാത്ത സ്വാഭാവിക വനങ്ങളിൽ കീടശല്യം നിസ്സാരമായിരിക്കും, എന്നാൽ തോട്ടങ്ങളിൽ കീടശല്യം വളരെ കൂടുതലാണ്. ഷട്പദങ്ങൾ വനങ്ങൾക്ക്, പ്രത്യേകിച്ചും തോട്ടങ്ങൾക്ക്, വരുത്തി വയ്ക്കുന്ന ചില നാശനഷ്ടങ്ങൾ താഴെ ചേർക്കുന്നു.

 • നഴ്സറികളുടെയും പറിച്ചുനട്ട തൈകളുടെയും വേരു തിന്ന് പൂർണമായും നശിപ്പിക്കുന്നു. ഉദാ: ചിതൽ, വൈറ്റ് ഗ്രബ്
 • കുരുന്നുതൈകളുടെ ഇലകൾ തിന്നുകയും തണ്ട് വെട്ടിക്കളയുകയും ചെയ്യുന്നു. ഉദാ: വിട്ടിൽ.
 • വലിയ മരങ്ങളുടെ ഇലകൾ വ്യാപകമായ തോതിൽ തിന്നു നശിപ്പിക്കുന്നു. ഉദാ: ഹിബ്ലയാ പ്യൂറാ, ഹപ്പെലിയ മക്കയിറാലിസ്.
 • ചെറുമരങ്ങളുടെ തണ്ടിൽ തുളയുണ്ടാക്കി തടിക്ക് കേടുവരുത്തുന്നു. ഉദാ: സഹ്യാദസസ് മലബാറിക്കസ്.
 • വിവിൾസ് (ധാന്യകീടങ്ങൾ) വിത്തു നശിപ്പിക്കുന്നു.
 • ഉണങ്ങിയ മരങ്ങളും മുറിച്ചിട്ട തടികളും നിരവധി ഷട്പദങ്ങളുടെ ആകമണത്തിനു വിധേയമാകും.

ഷഡ്പദശല്യം നിയന്ത്രിക്കുന്നതിന്, ആദ്യം ചെയ്യേണ്ടത് അവ വരുത്തിവയ്ക്കുന്ന നാശം കണ്ടുപിടിക്കുകയും തന്മൂലമുണ്ടാകാവുന്ന നഷ്ടം നിർണയിക്കുകയുമാണ്. എന്നാൽ നാശം കണ്ടുപിടിക്കുന്നതിന് ശ്രമിക്കാറുണ്ടങ്കിലും നഷ്ടത്തിന്റെ തോത് ശരിയായ വിധത്തിൽ തിട്ടപ്പെടുത്തുവാൻ കാര്യമായ ശ്രമങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. തേക്കിൽ ഇലതീനിപ്പുഴുക്കൾ, തണ്ടുതുരപ്പൻ തുടങ്ങിയവയുടെ ആക്രമണം സാധാരണ സ്ഥലപരിശോധനാവേളയിൽ കണ്ടുപിടിക്കാവുന്നതേയുള്ളു. ഇവ തേക്കിനു വരുത്തിവയ്ക്കുന്ന നാശത്തിന്റെ അളവ് സ്ഥാപനത്തിൽ നടത്തിയിട്ടുണ്ട്. നിർണയിക്കാനുതകുന്ന ചില പഠനങ്ങൾ പീച്ചിയിലെ വന ഗവേഷണ സ്ഥാപനത്തില്‍ നടത്തിയിട്ടുണ്ട്.

യൂക്കാലിപ്റ്റസ് തോട്ടങ്ങളിൽ ആദ്യത്തെ ഒന്നുരണ്ടു വർഷം ചിതലിന്‍റെ ശല്യം മൂലം ധാരാളം തൈകൾ നശിച്ചുപോകാറുണ്ട്. ആൽട്രക്സ്, ആല്‍ഡ്രിന്‍ തുടങ്ങിയ ചിതൽനാശിനികൾ ഉപയോഗിച്ച് ഇതിന്റെ ആക്രമണത്തെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണ്. അമേരിക്കയിലും മറ്റും വായുനിരീക്ഷണത്തിൽ കൂടിയും 'കളർ ഇൻഫ്രാറെഡ്' (CIR) ഫോട്ടോകൾ മുഖാന്തിരവും സസ്യങ്ങൾക്ക് സംഭവിച്ചിട്ടുള്ള നിറംമാറ്റം മനസ്സിലാക്കി രോഗനിർണയം നടത്തുന്നുണ്ട്.

കേരളത്തിലെ തോട്ടങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങൾ കൂടെക്കൂടെ സ്ഥലപരിശോധന നടത്തുമ്പോൾ കണ്ടുപിടിക്കാവുന്നതേയുള്ളൂ. സ്ഥലപരിശാധന ക്രമപ്രകാരം നടത്തണമെന്നുമാത്രം.

നിവാരണ-നിയന്ത്രണ മാർഗങ്ങൾ

ഷട്പടങ്ങള്‍ ത്വരിതഗതിയിൽ വംശവർധന നടത്തുന്നതിനാൽ അവയെ  പൂർണമായി നശിപ്പിക്കാൻ എളുപ്പമല്ല. പക്ഷേ പ്രകൃതിയിലെന്നപോലെ, സന്തുലിതാവസ്ഥ നിലനിർത്തുവാൻ വേണ്ടി അവരുടെ സംഖ്യ ക്രമാതീതമായി വർധിക്കാതിരിക്കുന്നതിന് ഉചിതമായ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

1. വനവിളസംബന്ധമായ മാർഗങ്ങൾ

ശാസ്തീയ വനവൽക്കരണത്തിൽ കൂടി പ്രത്യേക ഇനം കീടങ്ങളുടെ സംഖ്യ നിയന്ത്രിക്കാവുന്നതാണ്. ഇതിനുള്ള മാർഗങ്ങൾ താഴെ ചേർക്കുന്നു.

i. സ്പീഷീസിന്റെ നിർണയം

ii. വനഘടന

iii. ക്രമീകൃത ഇടമുറിക്കൽ

iv. തോട്ടവിസ്തൃതി

v. പുനരുൽപ്പാദനരീതി

vi. അഗ്നി

 • സ്പീഷീസിന്റെ നിർണയം
 • ഏതെങ്കിലും വനവൽക്കരണപരിപാടി നടപ്പിലാക്കുമ്പോൾ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച സ്പീഷീസ് മാത്രമേ തിരഞ്ഞെടുക്കാവൂ, സ്ഥലത്തിനനുയോജ്യമല്ലാത്തവ എളുപ്പത്തിൽ കീടശല്യത്തിനിരയാകുന്നു; പല കീടങ്ങളുടെയും വളർച്ചാകേന്ദ്രവുമായിത്തീരും.

  സ്ഥലത്തിനു യോജിച്ചതാണെങ്കിൽ തന്നെയും ഒരേ സ്പീഷീസ് തന്നെ കൂടുതലായി വച്ചുപിടിപ്പിക്കുമ്പോൾ കീടബാധ സ്വാഭാവികമായും അനുഭവപ്പെടും. ഇവിടെയാണ് വനത്തിന്റെ, തോട്ടത്തിന്റെ ഘടനയുടെ പ്രാധാന്യം ഉദിക്കുന്നത്.

 • വനഘടന
 • ആരോഗ്യമുള്ള ഒരു സസ്യസമൂഹം വളര്‍ത്തിയെടുക്കുന്നതിന് താഴെപ്പറയുന്ന ഘടകങ്ങള്‍ക്കനുയോജ്യമായ വിധത്തിലുള്ള ഘടന വനവിളകള്‍ക്കുണ്ടായിരിക്കണം.

 • കീടങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമായവ എത്രയും കുറഞ്ഞിരിക്കണം.
 • കീടങ്ങളുടെ പരജീവികള്‍ക്കും പരഭോജികള്‍ക്കും വളരുവാനുള്ള സാഹചര്യം ഉണ്ടായിരിക്കണം.
 • കീടങ്ങളെ തിന്നു ജീവിക്കുന്ന പക്ഷികള്‍ക്ക് കൂടുവയ്ക്കുവാനുള്ള സൗകര്യം ആവശ്യമാണ്‌.

ഉച്ചകോടിവനങ്ങളിൽ കീടനാശം മൂലം വൃക്ഷങ്ങൾക്കോ മറ്റു സസ്യങ്ങൾക്കോ യാതൊരു കേടും സാധാരണഗതിയിൽ സംഭവിക്കുന്നില്ല. കാരണം സസ്യസമൂഹവും ജന്തുസമൂഹവും പരസ്പരാശ്രയത്തിലും മമതയിലും എന്നെന്നും കഴിഞ്ഞുകൂടുവാനുള്ള പരിതസ്ഥിതി അവിടെ പ്രകൃത്യാ തന്നെ സംജാതമായിട്ടുണ്ടെന്നുള്ളതാണ്. എപ്പോൾ ആ സസ്യസമൂഹത്തിന് നാശം വരുന്നുവോ അപ്പോൾ പരിസ്ഥിതിയുടെ താളം തെറ്റുമെന്നു കൂടി നാം ഓർത്തിരിക്കണം.

എന്നാൽ പ്രകൃത്യായുണ്ടായിരുന്ന സസ്യസമൂഹത്തെ നശിപ്പിച്ചതിനുശേഷം കൃത്രിമമായി മരങ്ങൾ വച്ചുപിടിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ മുകളിൽ സൂചിപ്പിച്ചിട്ടും മൂന്നുകാര്യങ്ങൾ പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്.

ശുദ്ധവിളകൾ എപ്പോഴും അപകടകാരികളാണ്. കേരളത്തിലെ തേക്കിൻതോട്ടങ്ങൾ തന്നെ ഇതിന് ഉത്തമദ്യഷ്ടാന്തമാണ്. ഇലതീനിപ്പുഴുക്കളും തണ്ടുതുരപ്പൻ പുഴുക്കളും ഇതിനെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരം പുഴുക്കളെ നിയന്ത്രിക്കത്തക്ക വിധത്തിൽ മറ്റുള്ള സസ്യങ്ങളും ചെടികളും അടിത്തട്ടിലെങ്കിലും വളരുന്ന ഒരു ഘടന സ്യഷ്ടിച്ചിരുന്നെങ്കിൽ ശല്യത്തിന്റെ ഉഗ്രത ഒരു പരിധിവര ലഘൂകരിക്കാമായിരുന്നു. ഈ രീതിയിലുള്ള സമീപനം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

തേക്കുമായി ഇടകലർത്തി ഇലവ്, മട്ടി, സിൽവർ ഓക്ക് തുടങ്ങിയ സ്പീഷീസുകൾ മിശ്രവിളകളായി കേരളത്തിൽ വച്ചുപിടിപ്പിക്കുന്നുണ്ട്. എന്നിട്ടും കീടങ്ങൾ തേക്കിനെ ആക്രമിക്കുന്നു. അതിനോടൊപ്പം മറ്റു വിളകള്‍  വളർത്തുന്നതും സാധാരണ ഗതിയില്‍ കീടനിയന്ത്രണത്തിന് സഹായകമല്ലെന്നാണ് ഇതു തെളിയിക്കുന്നത്.

കീടങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മറ്റ് സ്പീഷീസുകള്‍ അടിത്തട്ടിലെങ്കിലും വളരുവാന്‍ ഇടയാക്കണം. തോട്ടങ്ങള്‍ തീ കയറാതെ സംരക്ഷിച്ചാല്‍ ഇത്തരം സ്പീഷീസുകള്‍ അനായാസേന അവിടെ നിലയുറപ്പിച്ചുകൊള്ളും. തോട്ടങ്ങൾക്കു ചുറ്റും പ്രകൃതിദത്ത വനങ്ങൾ നിലനിർത്തണം. ഇവ കീടഭോജികളായ പക്ഷികളെയും മറ്റും പുലർത്തി സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഒരു പരിധിവരെ സഹായിക്കും

 • ക്രമീകൃത ഇടമുറിക്കൽ

   

 • ഇടമുറിക്കലിനുള്ള ഇടവേള കുറഞ്ഞിരിക്കുന്നതാണ് ഉത്തമം. കൂടെക്കുടെ ഇടമുറി നടത്തുന്നത് താരതമ്യേന ഗുണമേന്മയുള്ള തോട്ടങ്ങൾ നിർമിക്കുവാൻ സഹായിക്കും. ചെറുപായത്തിൽ തന്നെ ഇടമുറി നടത്തിയാൽ തണ്ടുതുരപ്പൻ പുഴുക്കളുടെയും മറ്റും ശല്യം കുറയുകയും ചെയ്യും.

ഇടമുറിസമയത്ത് താഴെപ്പറയുന്ന തരത്തിലുള്ള മരങ്ങൾ മുറിച്ചു മാറ്റണം.

 • താമസിയാതെ ഉണങ്ങിയേക്കാവുന്ന മരങ്ങൾ. തൊലിയിലും തടിയിലും തുളയുണ്ടാക്കുന്ന ഷട്പദങ്ങൾ ഇതിൽ കടന്നുകൂടുവാൻസാധ്യതയുണ്ട്.
 • തണ്ടുതുരപ്പൻ പുഴുക്കളുടെ ആക്രമണം തുടങ്ങിയതോ ഉടനെ തുടങ്ങുവാൻ സാധ്യതയുള്ളതോ ആയ ഉണങ്ങിക്കൊണ്ടിരിക്കുന്ന മരങ്ങൾ.
 • മോശപ്പെട്ട മരങ്ങൾ. പ്രതിരോധശേഷി കുറവായതിനാൽ ഇലതീനിപ്പുഴുക്കളും മറ്റും വേഗത്തിൽ ഇവയെ ആക്രമിക്കും.

അതതു സ്പീഷീസിനു യോജിച്ച വിധത്തിലായിരിക്കണം ഇടമുറി സമയത്ത് ഭാവിവിളയുടെ സാന്ദ്രത നിയന്ത്രിക്കേണ്ടത്. സാന്ദ്രത തീരെ കുറഞ്ഞാൽ, തേക്കിന് പ്രകാശം കൂടുതൽ ലഭിക്കുന്നതിനിടയാകുന്നതുമൂലം തണ്ടിലുടനീളം ശിഖരങ്ങൾ ഉണ്ടാകുകയും ഇലതീനികളുടെ ശല്യം വർധിക്കുകയും ചെയ്യും. അതുപോലെ ഇലതീനികളുടെ ശല്യം തണ്ടിലുടനീളം ചെറുശിഖരങ്ങൾ ഉണ്ടാകുവാനും ഇടവരുത്തിയേക്കാം.

 • തോട്ടവിസ്തൃതി

   

 • തോട്ടങ്ങൾ നിർമിക്കുവാൻ വേണ്ടി പ്രകൃതിദത്തവനങ്ങൾ തെളിച്ച് ഉപയോഗപ്രദമായ തടിയും വിറകും മാറ്റിയതിനു ശേഷം ബാക്കിവരുന്ന വൃക്ഷാവശിഷ്ടങ്ങൾ അവിടെ തന്നെയിട്ട് കത്തിച്ചു കളയുകയാണ് പതിവ്. ഈ പ്രവർത്തനം അവിടെയുള്ള ഷട്പദങ്ങളെയും ചെറുജന്തുസമൂഹത്തെയും പാടെ നശിപ്പിച്ചുകളയും. പ്രകാശം, താപം, ഈർപ്പം എന്നീ സൂക്ഷ്മപരിസ്ഥിതിഘടകങ്ങളെ മാറ്റി മറിക്കും. അപകടകാരികളായ ഷട്പദങ്ങൾക്ക് വളരാൻ അനുകൂലമായ ഒരു സ്ഥിതിവിശേഷമാണ്

   

ഇതുമൂലം ഉണ്ടാകുന്നത്.

സസ്യഭോജികളായ ഷട്പദങ്ങൾ പുതുസസ്യങ്ങളുടെ ഉദ്ഭവത്തോടൂകൂടി വർധിക്കുന്നു. എന്നാൽ ഇവയുടെ സ്വാഭാവിക ശത്രുക്കളുടെ തിരിച്ചുവരവിനു കാലതാമസം ഉണ്ടാകുകയും ചെയ്യുന്നു. സ്വാഭാവിക ശത്രുക്കളുടെ പുനപ്രജനനം വാർഷിക കൂപ്പുകളുടെ വിന്യാസത്തെയും ആശ്രയിച്ചിരിക്കും. വാർഷിക കൂപ്പുകൾ അടുത്തടുത്തു സ്ഥിതിചെയ്താൽ സ്വാഭാവിക ശത്രുക്കളുടെ ഉദ്ഭവവും വർധനയും മന്ദഗതിയിലായിരിക്കും. അതുകൊണ്ട് വാർഷിക കൂപ്പുകൾ യാതൊരു കാരണവശാലും തൊട്ടുകിടക്കത്തക്കവിധത്തിൽ ആസൂത്രണം ചെയ്യരുത്.

വാർഷികകൂപ്പിന്റെ ഒരു പ്രത്യേക സ്ഥലത്തെ വിസ്തൃതിയും കഴിവതോളം ചുരുക്കി നിശ്ചയിക്കേണ്ടതാണ്. വിസ്ത്യതി കൂടുന്തോറും ശല്യക്കാരായ ഷട്പദങ്ങളുടെ പ്രവർത്തനവും വർധിക്കും.

 • പുനരുൽപ്പാദനരീതി

പ്രകൃത്യായുള്ള പുനരുൽപ്പാദനവുമായി താരതമ്യപ്പെടുത്തുമ്പോൾ കൃത്രിമ പുനരുല്‍പാദനമാണ് ഷഡ്പദാക്രമണത്തിന് വേഗത്തിലും അധികമായും ഇരയാകുന്നത്. അതുകൊണ്ട് കൃത്രിമ പുനരുൽപ്പാദന മാർഗം നിരുത്സാഹപ്പെടുത്തേണ്ടതാണ്.

ചില സാഹചര്യത്തിൽ വനപരിപോഷണത്തിനായി ചുരുക്കം ചില സ്പീഷിസുകൾ കൃത്രിമ മാർഗത്തിൽ വച്ചുപിടിപ്പിക്കേണ്ടി വരും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിൽ വനം പാടെ തെളിച്ച് തൈ വയ്ക്കുന്നതിനു പകരം സ്വാഭാവിക വനത്തിൽ തന്നെ ഇത്തരം സ്പീഷിസുകൾ അനുയോജ്യമായ രീതിയിൽ വളർത്തിയെടുക്കാൻ ശ്രമിക്കണം.

 1. അഗ്നി

സന്തുലിതാവസ്ഥ സ്ഥിരമായി കാത്തുസൂക്ഷിക്കുവാന്‍ ഒരു ഉച്ചകോടി സസ്യസമൂഹത്തിനേ സാധ്യമാകൂ. അഗ്നി എപ്പോള്‍ പ്രത്യക്ഷപ്പെടുന്നുവോ അപ്പോള്‍ ഉച്ചകോടി സസ്യസമൂഹം, തരംതാഴ്ത്തപ്പെട്ട് മിതോച്ചകോടിയിലാവുകയോ അഗ്നികഠിന സ്പീഷീസുകളുടെയും പുല്ലിന്റെയും ആവാസകേന്ദ്രമാകുകയോ ചെയ്യും. ഷഡ്പദങ്ങളുടെ ശല്യം കൂടുകയും ചെയ്യും.

തീയുടെ ഉഗ്രത അനുസരിച്ച് അതിന്റെ ദൂഷ്യഫലം ഏറിയും കുറഞ്ഞുമിരിക്കും. സാമാന്യം കഠിനമായ ഉപരിതലാഗ്നിയിൽ പറന്നും ഓടിയും രക്ഷപ്പെടുവാൻ സാധിക്കാത്ത ഭൂരിഭാഗം ഷട്പദങ്ങളും മറ്റു ചെറുജീവികളും നശിക്കും. തീ ഉപദ്രവകാരികളായ പ്രാണികളെ നശിപ്പിക്കുമെന്നുള്ളതു വാസ്തവമാണ്. എന്നാൽ അതോടൊപ്പം നിരുപദ്രവകാരികളും ഉപകാരികളുമായ പ്രാണികളെയുമില്ലാതാക്കുന്നു.

തീമൂലം തേക്കിൻതോട്ടങ്ങളിലെ ഭൂതലസസ്യങ്ങൾ പാടെ കരിഞ്ഞുപോകുകയും ഇലതീനിപ്പുഴുക്കളുടെ ശത്രുപ്രാണികളെ ഉൾക്കൊള്ളുന്ന സസ്യങ്ങൾ നാമാവശേഷമാകുകയും ചെയ്യുന്നു. ഇത് ഇലതീനിപ്പുഴുക്കൾക്ക് പെരുകുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു.

തോട്ടങ്ങളും തരംതാഴ്ത്തപ്പെട്ട സ്വാഭാവിക വനങ്ങളും അഗ്നിക്കിരയാകാതെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മേൽപ്പറഞ്ഞതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. തീ ഒഴിവാക്കുമ്പോൾ പ്രാണിസമ്പത്ത് ഇനത്തിലും എണ്ണത്തിലും വർധിക്കുന്നു. പ്രത്യേകിച്ചും നാശകാരികളായ പ്രാണികളുടെ ശത്രുക്കളുടെ. ഇതുമൂലം സന്തുലിതാവസ്ഥ കൈവരുകയും തരംതാഴ്ത്തലിനു വിധേയമായ തോട്ടങ്ങളും സ്വാഭാവികവനങ്ങളും മെച്ചപ്പെടുകയും അനുക്രമ പ്രക്രിയയിലെ വിഘടിച്ചുപോയ കണ്ണികൾ കൂട്ടിയിണക്കപ്പെടുകയും ചെയ്യുന്നു.

2, ജൈവികനിയന്ത്രണം

നാശകാരികളായ പ്രാണികളുടെ സംഖ്യ നിയന്ത്രിതമായി നിലനിർത്തുവാൻ അവയുടെ പ്രക്യത്യായുള്ള ശത്രുക്കളെ ഉപയോഗിക്കാവുന്നതാണ്. ഇതിൽ പരജീവികളും പരഭോജികളും (Predators) ഉൾപ്പെടും.

ജൈവിക നിയന്ത്രണം പ്രധാനമായി രണ്ടു രീതിയിലാണ് ഉറപ്പു വരുത്തുന്നത്.

 1. പരജീവികളെയും പരഭോജികളെയും ഉപയോഗിച്ച്
 2. നാശകാരികളായ പ്രാണിണികൾക്കെതിരെ പരിസ്ഥിതിപരമായ പ്രതിരോധം വിപുലപ്പെടുത്തി.
 3. പരജീവികളെയും പരഭോജികളെയും ഉപയോഗിച്ച്

പരജീവികളെയും പരഭോജികളെയും ഉപയോഗിച്ച് നാശകാരികളായ പ്രാണികളുടെ സംഖ്യ നിയന്ത്രിക്കാവുന്നതാണ്. ധാന്യവിളകളുടെ കാര്യത്തിൽ ഇത് കുറെയൊക്കെ ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും വനവിളകളെ സംബന്ധിച്ചിടത്തോളം പഠനവും ഗവേഷണവും വളരെ ദൂരം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.

അനുയോജ്യമായ പരജീവികളെയോ പരഭോജികളെയോ ഗവേഷണശാലകളിൽ ആവശ്യാനുസരണം ഉൽപ്പാദിപ്പിച്ച് തക്ക സമയത്ത് വനത്തിൽ വിടുകയെന്നുളളതാണ് അടിസ്ഥാനതത്വം. ഇത് അനായാസേന സാധിക്കാവുന്ന കാര്യമല്ല. അർപ്പണബോധത്തോടുകൂടി ദീർഘകാലാടിസ്ഥാനത്തിലുള്ള ഗവേഷണ പരിപാടിക്കു മാത്രമേ ഉദ്ദിഷ്ട ഫലം കണ്ടെത്തുവാൻ സാധിക്കൂ. ചില നാശകാരിപ്രാണികളെ സംബന്ധിച്ചിടത്തോളം ഈ രീതിയിലുള്ള സമീപനം പ്രോൽസാഹജനകമാണ്.

 1. പരിസ്ഥിതിപരമായ പ്രതിരോധം

ദീർഘകാലാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന വനവിളകൾക്ക് പ്രക്യതിക്കനുയോജ്യമായ നിയന്ത്രിത ഘടകങ്ങളുടെ ലഭ്യത പരിസ്ഥിതിപരമായ പ്രതിരോധം വർധിപ്പിക്കുമെന്നുള്ളതിന് സംശയമില്ല.

മനുഷ്യന്റെ ഇടപെടലിനു വിധേയമാകാത്ത സ്വാഭാവിക വനങ്ങളിൽ കീടങ്ങൾക്കെതിരെയുള്ള പ്രതിരോധം സ്വാഭാവികമായിത്തന്നെ നടക്കുന്നുണ്ട്. എന്നാൽ അനിയന്ത്രിത ചൂഷണം, കാലിമേച്ചിൽ, തീ തുടങ്ങിയവ വനത്തിന്റെ സ്വാഭാവിക പ്രകൃതത്തെയും പ്രതിരോധത്തെയും നല്ലതുപോലെ ഉലച്ചിട്ടുണ്ട്. ഈ പ്രതിഭാസം അതിന്റെ മാരകരൂപത്തിൽ ദ്യശ്യമാകുന്നത് തോട്ടങ്ങളിലാണ്. ഇവിടെയാണ് ബുദ്ധിപൂർവമായ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ആവശ്യകത അനുഭവപ്പെടുന്നത്. ഈ പഠനങ്ങളും ഗവേഷണങ്ങളും വനവിളയെ എത്രത്തോളം പ്രകൃതിയോടടുപ്പിച്ച് കൊണ്ടുവരാൻ ഉപകരിക്കുന്നുവോ അത്രത്തോളം വിജയപ്രദമായിരിക്കും.

ജൈവീക നിയന്ത്രണത്തെ അടിസ്ഥാനമാക്കി തോട്ടങ്ങളിലെയും സംരക്ഷിത വനങ്ങളിലെയും സസ്യങ്ങളെ നാലായി തരംതിരിക്കാം.

 1. പ്രധാന വനവിളയ്ക്ക് നാശം വരുത്തുന്ന പ്രാണികൾക്ക് സുഖക്കേടുണ്ടാക്കി നശിപ്പിക്കുന്ന പരജീവികളെ വഹിക്കുന്ന ഷഡ്പദങ്ങളുടെ ആതിഥേയര്‍

ഇങ്ങനെയുള്ള സസ്യങ്ങൾ വളരെ സ്വാഗതാർഹമാണ്. എന്തുകൊണ്ടെന്നാൽ പ്രാണികൾ കുറവായിരിക്കുന്ന കാലത്തും അവയുടെ ശത്രുക്കൾക്ക് ആ സസ്യങ്ങൾ ആതിഥേയത്വം നൽകുകയും കീടങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴേക്കും അതിനെ ആക്രമിക്കാൻ തക്കവിധത്തിൽ തയാറാക്കി നിർത്തുകയും ചെയ്യുന്നു.

 1. പരഭോജികളായ പല്ലികൾ, പക്ഷികൾ, ചിലന്തികൾ തുടങ്ങിയവയ്ക്ക് ജീവിച്ചു പെരുകുവാൻ അഭയം നൽകുന്ന സസ്യങ്ങൾ

ഇവ സ്വാഗതാർഹമാണ്.

 1. പ്രധാന വനവിളയെ നശിപ്പിക്കുന്ന പ്രാണികൾക്ക് ഭക്ഷ്യയോഗ്യമായ മറ്റു സസ്യങ്ങൾ.

ഇവ അനഭിലഷണീയമാണ്, എന്തുകൊണ്ടെന്നാൽ പ്രധാന വിളയിൽ ഇലയില്ലാതിരിക്കുമ്പോഴും ഇലകൾ മൂപ്പെത്തുമ്പോഴും അതിന്റെ ശത്രുവിനെ ഇത്തരം സസ്യങ്ങൾ അഭയം നൽകി രക്ഷിക്കുന്നു. അതുകൊണ്ട് ഇത്തരം സസ്യങ്ങൾ തോട്ടങ്ങൾക്കകത്തും സമീപത്തും വളരാൻ അനുവദിക്കരുത്.

 1. ജൈവികനിയന്ത്രണത്തിന് ഉപകാരപ്രദമല്ലാത്ത സസ്യങ്ങൾ

ഇത്തരം സസ്യങ്ങളെ പ്രോൽസാഹിപ്പിക്കേണ്ട കാര്യമില്ല. അവ കൈവശപ്പെടുത്തിവച്ചിട്ടുള്ള സ്ഥലം പ്രയോജനപ്രദമായ മറ്റു രീതിയിൽ ഉപയോഗിക്കാവുന്നതാണ്.

3, യാന്ത്രിക നിയന്ത്രണം

നാശകാരികളായ പ്രാണികളെ ചില പ്രത്യേക രീതികളിലൂടെ നശിപ്പിക്കുന്നതാണ് യാന്ത്രിക നിയന്ത്രണം കൊണ്ട് ഉദ്ദേശിക്കുന്നത്.

കൈകൊണ്ട് പിടിച്ചു നശിപ്പിക്കുന്നതാണ് ഏറ്റവും ലഘുവായ മാർഗം. നേഴ്സറിത്തൈകൾ നശിപ്പിക്കുന്ന പുഴു, വണ്ട് തുടങ്ങിയ കീടങ്ങളെ രാവിലെ പിടിച്ചുകൊല്ലണം. ഇത് നേഴ്സറി സൂക്ഷിപ്പുകാരന് ചെയ്യാവുന്നതാണ്. ചെറിയ കൈവലയും ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്.

കെണികൾ വച്ചും ചാലുകൾ കീറിയും വ്യക്ഷങ്ങളുടെ തായ്ത്തടിക്കു ചുറ്റും 20-30 സെ.മീറ്റർ വീതിയിൽ തക്കതായ പശ പുരട്ടിയും ചില പ്രാണികളുടെ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാം.

4. രാസനിയന്ത്രണം

രാസവസ്തുക്കൾ ഉപയോഗിച്ച് പ്രാണികളെ നശിപ്പിക്കേണ്ട സാഹചര്യങ്ങളും വനവിളകളുടെ നിർമാണ വേളകളിൽ ഉണ്ടാകാവുന്നതാണ്.

നേഴ്സറികളിലും തോട്ടങ്ങളിലും സ്പർശവിഷം, ഉദരവിഷം, പുകവിഷം എന്നിവയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. രാസവസ്തുക്കൾ പൊടിയായി വിതറിയും ദ്രാവകരൂപത്തിൽ തളിച്ചും വാതകരൂപത്തിൽ വ്യാപിപ്പിച്ചുമാണ് ഈ കൃത്യം നിർവഹിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ വനവിളകളിൽ വിമാനത്തിൽ നിന്നുമുള്ള തളിക്കൽ പ്രചാരത്തിലായിട്ടുണ്ടെങ്കിലും അവികസിത-വികസിത രാജ്യങ്ങളിൽ ഇതിന് കാര്യമായി പ്രചാരം ഉണ്ടായിട്ടില്ല. പ്രധാനകാരണം അധികച്ചെലവു തന്നെ. എന്നാൽ നേഴ്സറിതലത്തിലും തൈവയ്ക്കുന്ന സമയത്തും രാസകീടനാശിനിപ്പൊടി വിതറലും തളിക്കലും ചില സ്പീഷിസുകൾക്ക്, പ്രത്യേകിച്ച് യൂക്കാലിപ്റ്റസിന്, ഗൗരവമായി തന്നെ ചെയ്യുന്നുണ്ട്.

തേക്കിനെ നശിപ്പിക്കുന്ന പ്രധാന ഷട്പദങ്ങൾ

 • ഹിബ്ലയാ പ്യൂറ

ഹിബ്ലയാ പ്യൂറ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഷട്പദം തേക്കിന്റെ ഇല അപ്പാടെ നശിപ്പിക്കുന്നു. ഉഷ്ണകാലത്ത് ഇല കൊഴിഞ്ഞതിനുശേഷം പുതിയ തളിരിലകൾ പ്രത്യക്ഷപ്പെടുമ്പോഴാണ് ഇതിന്റെ ആകമണം കൂടുതൽ. വിസ്തൃതമായ തേക്കിൻതോട്ടങ്ങളിൽ ഒരു ഇലപോലും അവശേഷിപ്പിക്കാതെ എല്ലാം തിന്നു തീർത്തിരിക്കുന്ന കാഴ്ച പലപ്പോഴും കാണാം. ഈ ഷഡ്പദത്തിന്റെ ജീവിതചക്രത്തിലെ രണ്ടാമത്തെ അവസ്ഥയിലുള്ള പുഴുക്കളാണ് ഇല തിന്നുന്നത്.

ജീവിതചക്രം

മുട്ട. ലാർവ, പ്യൂപ്പ, ശലഭം ഇങ്ങനെ നാല് ദശകളാണ് ഈ ഷട്പദത്തിനുള്ളത്.

പകൽസമയത്ത് ശലഭങ്ങൾ അലസരായി ഒളിച്ചിരിക്കും. രാത്രിയിൽ സജീവമാകുകയും കുറെയേറെ ദൂരം പറക്കുകയും ചെയ്യും. ഇണചേരൽ രണ്ടുമൂന്നു ദിവസം പ്രായമുള്ളപ്പോഴാണ്. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ മുട്ടയിടും. തളിരിലകളുടെ മുകളിലോ അടിയിലോ ഒറ്റയായി ഇടുന്ന മുട്ടകൾ അതിൽ ഒട്ടിപ്പിടിച്ചിരിക്കും. മുട്ടയിടീൽ കാലം ശരാശരി ഒരാഴ്ചയാണ്. ഒരു പെൺശലഭം സാധാരണ 500 മുതൽ 600 വരെ മുട്ടകൾ ഇടും. മുട്ട വിരിയാൻ 2 4 ദിവസം വേണ്ടിവരും. അണ്ഡാക്യതിയിലുള്ള വെളുത്ത മുട്ടകൾക്ക് ഒരു മില്ലി മീറ്ററോളം വലിപ്പം കാണും.

മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾക്ക് ലാർവ എന്നു പറയുന്നു. ലാർവകളുടെ ഭക്ഷണം തളിരിലകളാണ് ഇലപ്പരപ്പിൽ ഒരു ചെറിയവൃത്തം അതു കാർന്നു തിന്നും. നൂലിഴകൾകൊണ്ട് സ്വയംസംരക്ഷണം ഉണ്ടാക്കിയിരിക്കുകയും ചെയ്യും. ലാർവയുടെ ഈ ആദ്യഘട്ടം 2-4 ദിവസം നീണ്ടുനിൽക്കും. രണ്ടാംഘട്ടം 1-3 ദിവസം വരെ ഉണ്ടാകും. ഈ അവസ്ഥയിൽ അതിന്റെ ഭക്ഷണരീതിയിൽ കാര്യമായ വ്യത്യാസമില്ല. എങ്കിലും ഇലപ്പരപ്പിൽനിന്നും അടിവശത്തേക്ക് രക്ഷപ്പെടുവാനായി ഒരു ദ്വാരം നിർമിച്ചു കഴിയും. ലാർവയുടെ മൂന്നാമത്തെ അവസ്ഥ ഇലയുടെ അറ്റത്ത് അർധവൃത്താകൃതിയിലോ ദീർഘചതുരാകൃതിയിലോ ഒരു മൂടി ഉണ്ടാക്കി നൂലുകൊണ്ട് ബന്ധിച്ച് അഭയം തേടലാണ്. ലാർവകളുടെ സംഖ്യ ക്രമാതീതമായപ്പോൾ ഈ മൂടി ഇവയുടെ നടുവിലായിരിക്കും ഈ ലാർവകൾ തളിരിലകൾ അപ്പാടെയും മൂപ്പേറിയ ഇലകൾ ഞരമ്പുകളൊഴികെയുള്ള ഭാഗവും ഭക്ഷിക്കും. ഇവയുടെ നാലാമത്തെ അവസ്ഥ 2-4 ദിവസവും അഞ്ചാമത്തെ അവസ്ഥ 3-8 ദിവസവും നിലനിൽക്കും. ഓരോ ദിവസവും ഈ പുഴുക്കൾ ഇലയുടെ ഒരു ഭാഗം മടക്കി നൂലുകൊണ്ട് ബന്ധിച്ച് അഭയം നിർമിക്കും. അപായത്തിൽ നിന്നും രക്ഷനേടുവാനായി ഇലയുടെ മറുവശത്തേക്ക് പിൻവാങ്ങുകയോ നൂലിൽ തൂങ്ങി താഴേക്ക് പതിക്കുകയോ ചെയ്യും. നാലാമത്തെയും അഞ്ചാമത്തെയും അവസ്ഥകളിൽ ഇല ഏതാണ്ട് പൂർണമായി തിന്നു തീർത്തിരിക്കും.

ത്രികോണാകൃതിയിലുള്ള ഒരു ഇലമൂടി പ്രത്യേകം വെട്ടിയുണ്ടാക്കി നൂലുകൊണ്ട് ബലവത്താക്കി അതിനുള്ളില്‍ അഞ്ചാംഘട്ടത്തിലുള്ള ലാർവ സുഷുപ്താവസ്ഥ പ്രാപിക്കും. ഇതാണ് പ്യൂപ്പാഘട്ടം. തേക്കിന്റെ ഇല പൂർണമായി തിന്നു നശിപ്പിച്ചു കഴിഞ്ഞെങ്കിൽ കുറ്റിച്ചെടികളിലോ മറ്റോ സുഷുപ്താവസ്ഥ കഴിച്ചുകൂട്ടുവാനായി നൂലിൽ കൂടി താഴേക്ക് ഇറങ്ങി വരും. ഈ പ്യൂപ്പകൾ പല ഭാഗങ്ങളിലായി സുഷുപ്താവസ്ഥയിൽ കഴിയുന്നതുകൊണ്ട് നശീകരണ ഘടകങ്ങൾക്ക് ഒരുപോലെ വശംവദരാകുന്നില്ല.

ആറേഴു ദിവസത്തെ സുഷുപ്താവസ്ഥയ്ക്കു ശേഷം പ്യൂപ്പകള്‍  മൂടി പൊട്ടിച്ച് ശലഭങ്ങളായി പുറത്തു വരും.

മുട്ട മുതൽ ശലഭം വരെയുള്ള ജീവിതചക്രം എത്രയും വേഗം പൂർത്തിയാകുന്നത് മാർച്ച്-മേയ് മാസങ്ങളിലും മന്ദഗതിയിൽ സംഭവിക്കുന്നത് ജൂലൈ-സെപ്റ്റംബർ വർഷകാലത്തുമാണ്. ഏപ്രിലിൽ ശരാശരി 18 ദിവസവും ആഗസ്റ്റിൽ ശരാശരി 27 ദിവസവും ജീവിത ചക്രം നീണ്ടുനിൽക്കും. ഒരു വർഷത്തിൽ പതിന്നാല് സന്താനപരമ്പരകൾ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഹിബ്ലയാ പ്യൂറ ഒരു മഹാമാരിയായി പരിണമിക്കുക അസാധാരണമല്ല. ഇതിന്റെ വർധന കാലാവസ്ഥ, ഭക്ഷ്യയോഗ്യമായ മറ്റു സസ്യങ്ങളുടെ സാമീപ്യം, സ്വാഭാവിക ശത്രുക്കൾ, രോഗം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇലകൾ പാകമാവുകയും കൊഴിയുകയും ചെയ്യുന്ന കാലങ്ങളിൽ ഇതിന്റെ സംഖ്യ ഏറ്റവും കുറഞ്ഞിരിക്കും. തളിരിലകൾ ധാരാള മായി ഉണ്ടാകുന്ന ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഇത് കണക്കിലധികം പെരുകുന്നത്. ഈ കാലഘട്ടത്തിൽ പല തേക്കിൻതോട്ടങ്ങളും പത്രരഹിതമായിരിക്കും.

ഹപ്പേലിയ മക്കെയിറാലിസ്

ഹിബ്ലെയാ പ്യൂറ തേക്കിന്‍റെ ഇലകള്‍ അപ്പാടെ ഭക്ഷിക്കുമെങ്കില്‍ ഹപ്പേലിയ മക്കെയിറാലിസ് ചെറുഞെരമ്പുകള്‍ പോലും ഒഴിവാക്കി ബാക്കിയുള്ള പത്രഭാഗങ്ങളെ തിന്നുകയുള്ളൂ. അതുകൊണ്ടാണ് ഹിബ്ലെയാ പ്യൂറയെ ‘ഡിഫോളിയെറ്റര്‍’ എന്നും ഹപ്പേലിയ മക്കെയിറാലിസിനെ ‘സ്കെലിറ്റനൈസര്‍’ എന്നും വിവക്ഷിക്കുന്നത്.

തേക്കിന്‍റെ ഇലയാണ് പ്രധാന ഭക്ഷണം. ‘കാലികാര്‍പ്പ’ ജനുസ്സില്‍പ്പെട്ടവയാണ് ആതിഥേയരായ മറ്റു മുഖ്യ സസ്യങ്ങള്‍.

ജീവിതചക്രം

ഈ ഷട്പദവർഗത്തിൽ പെണ്ണിന് ഏതാണ്ട് ആണിന്റെ ഇരട്ടി
വലിപ്പം ഉണ്ടായിരിക്കും.

മുട്ട, ലാർവ, പ്യൂപ്പ, ശലഭം എന്നീ നാല് ദശകൾ ഇതിനുമുണ്ട്.

വെളിച്ചം ഇഷ്ടപ്പെടാത്തതിനാൽ പകൽ സമയത്ത് ശലഭങ്ങൾ കുറ്റിച്ചെടികളുടെ ഇടയിലോ തറയിൽ വീണുകിടക്കുന്ന ഉണങ്ങിയ ഇലകളുടെ അടിയിലോ ഒളിച്ചിരിക്കും. രാതിയിൽ തേക്കിന്റെ തലപ്പുകളിൽ കൂട്ടമായി ചേരുകയോ പുതിയ വാസകേന്ദ്രങ്ങൾ അന്വേഷിച്ച് അതിദൂരം പറക്കുകയോ ചെയ്യും. ഇണചേരൽ മിക്കവാറും ശലഭമായി പ്രത്യക്ഷപ്പെട്ടതിന്റെ പിറ്റെ രാതിയിൽ തന്നെ നടക്കും. അതിന്റെ പിറ്റെ ദിവസമോ രണ്ടുമൂന്നു ദിവസത്തിനുശേഷമോ മുതൽ മുട്ടയിട്ടു തുടങ്ങും. മുട്ടയിടീൽ ഒന്നു രണ്ടാഴ്ച നീണ്ടുനിൽക്കും. ഒരു മുട്ടയിടീൽ കാലഘട്ടത്തിലെ മുട്ടകളെല്ലാം ഉൽപ്പാദനശേഷിയുള്ളതാകുവാൻ ഒരു ഇണചേരൽ മതിയാകും. ഈ കാലത്ത് ഒരു ശലഭം ശരാശരി 250 മുട്ടകളിടും. ഇലയുടെ അടിയിലോ മുകളിലോ ഒറ്റയായിട്ടാണ് മുട്ടകളിടുന്നത്. മുട്ടകൾ വിരിയുവാൻ മൂന്നു ദിവസത്തോളം വേണ്ടിവരും.

മുട്ടവിരിഞ്ഞു പുറത്തുവരുന്ന ലാർവകൾ ഇലയുടെ ഉപരിതലത്തിലുള്ള കോശങ്ങളാണ് തിന്നുന്നത്. സംരക്ഷണത്തിനായി നൂലുകൊണ്ട് ഒരു തുറന്ന മൂടി ഉണ്ടാക്കിയിരിക്കും. ഈ സംരക്ഷണവലയത്തിലെ ഭക്ഷണം തീരുമ്പോൾ വേറൊരു മൂടിയുണ്ടാക്കി തീറ്റ തുടരും. ലാർവയുടെ മൂന്നാമത്തെ അവസ്ഥയ്ക്ക് ഇലയ്ക്ക് കുറുകെയുള്ള കോശങ്ങൾ തിന്നുവാൻ സാധിക്കും. എന്നാൽ ചെറുഞരമ്പുകൾ പോലും അതിന്റെ പ്രാപ്തിക്കതീതമാണ്. മൂന്നാമത്തെയും അതിനുശേഷവുമുള്ള ലാർവാഘട്ടം ഞരമ്പുകൾക്കിടയിലുള്ള കോശങ്ങളെല്ലാം തിന്നുതീർത്ത് ഞരമ്പുകൾ മാത്രം അവശേഷിപ്പിക്കുന്നു.

അടുത്ത ഘട്ടം നൂലുകൊണ്ട് കട്ടിയുള്ള മൂടിയുണ്ടാക്കി തേക്കിലയിലോ കുറ്റിച്ചെടികളിലോ വീണുകിടക്കുന്ന ഇലകളിലോ സുഷുപ്താവസ്ഥ പ്രാപിക്കലാണ്. ഈ മൂടിയുടെ ചുറ്റും 15-20 ചെറുസുഷിരങ്ങൾ ഒരേ അകലത്തിൽ ഉണ്ടായിരിക്കും. കൂടാതെ സുഷുപ്തിയുടെ അവസാനം ശലഭമായി പുറത്തുവരുവാനുള്ള ഒരു ദ്വാരവും മൂടിയുടെ ഒരറ്റത്തുണ്ടാകും. സുഷുപ്താവസ്ഥ ഏറ്റവും കുറവ് മാർച്ച്-മേയ് മാസങ്ങളിലും (അഞ്ച് ദിവസം) കൂടുതൽ ഡിസംബർ മാസത്തിലും (എട്ടു ദിവസം) ആണ്.

ജീവിതചക്രം മാർച്ച്-മേയ് മാസങ്ങളിൽ ശരാശരി 20 ദിവസംകൊണ്ട് പൂർത്തിയാകുമെങ്കിൽ ഡിസംബറിൽ അത് 31 ദിവസം വരെ നീണ്ടുനിന്നേക്കാം. ഒരു വർഷത്തിൽ 14 സന്താനപരമ്പരകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

സാമ്പത്തിക പ്രാധാന്യം

ഹിബ്ലെയാ പ്യൂറയും ഹപ്പേലിയ മക്കെയിറാലിസും തേക്കില തിന്നു നശിപ്പിക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം വേർതിരിച്ചു പരിഗണിക്കുക എളുപ്പമല്ല. ഇവയുടെ സംഖ്യ ക്രമാതീതമായി വർധിച്ച് ചിലപ്പോൾ ഒരു വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ തേക്ക് മരം പത്രരഹിതമാക്കിയെന്നുവരാം. ഒരു പ്രാവശ്യം പത്രരഹിതമാകുന്നതുമൂലം വാർഷികവളർച്ചയിലുണ്ടാകാവുന്ന നഷ്ടം ഏതാണ്ട് മുപ്പതു ശതമാനം വരെ വരുമെന്നാണ് ഇത് സംബന്ധിച്ചുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

നിയന്ത്രണമാർഗങ്ങൾ

 • യാന്ത്രിക രാസനിയന്ത്രണം

ഇപ്പോൾ ചുരുക്കമായി നേഴ്സറികളിൽ മാത്രമേ ഈ മാർഗങ്ങൾ സ്വീകരിച്ചിട്ടുള്ളൂ. വിശാലമേറിയ തേക്കിൻതോട്ടങ്ങളിൽ ഈ മാർഗം പ്രായോഗികവും ആദായകരവുമായിരിക്കുമോ എന്ന് പലർക്കും സംശയമുണ്ട്. എന്തായാലും നഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് തക്കതായ രാസവസ്തുക്കൾ ഉചിതമായ രീതിയിൽ തളിച്ച് ഈ വിപത്തിൽ നിന്നും തേക്കുമരത്തെ രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതു സംബന്ധമായ ഗവേഷണം പീച്ചിയിലെ വനഗവേഷണസ്ഥാപനത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.

 • വനവിള സംബന്ധമായ നിയന്ത്രണം
 • വ്യാപകമായ തോതിൽ തേക്കിൻതോട്ടങ്ങൾ ശുദ്ധവിളയായി നിർമിക്കുമ്പോൾ പലജാതി മരങ്ങൾ അടങ്ങുന്ന മിശ്രവിള മൂലം ചെറുബ്ലോക്കുകളായി തിരിക്കണം. സ്വാഭാവിക വനങ്ങൾ തോട്ടങ്ങളായി രൂപാന്തരപ്പെടുത്തുമ്പോൾ ചെറുബ്ലോക്കുകളുടെ ഇടയിലായി ആദിസസ്യസമൂഹത്തിന്റെ ഒരു നിര അതേപടി നിലനിർത്തണം. പ്രായമായ തേക്കിൻതോട്ടങ്ങൾ മുറിച്ചുമാറ്റി പുതിയവ വച്ചുപിടിപ്പിക്കുമ്പോൾ പ്രയോജനപ്രദമായ

സ്പീഷീസുകൾ ഉണ്ടെങ്കിൽ കുറെയൊക്കെ അരികിലും അവിടവിടെയുമായി നിലനിർത്തി പരിരക്ഷിക്കണം.

തീ കർശനമായും ഒഴിവാക്കണം. തീ ഒഴിവാക്കിയാൽ വിവിധ സസ്യങ്ങളുടെ ഒരു സമൂഹം അടിക്കാടായി വളരും. അത് ഇലതീനിപ്രാണികളുടെ ശത്രുനിരയെ പുലർത്തി അവയുടെ സംഖ്യ നിയന്ത്രണാതീതമാകാതിരിക്കുവാൻ സഹായിക്കും. ഇടമുറിക്കൽ ക്രമീകൃതമായ രീതിയിൽ നിർവഹിക്കണം.

 • അഭിലഷണീയ സസ്യങ്ങള്‍

തേക്കില തിന്നുന്ന പ്രാണികളെ നശിപ്പിക്കുന്ന പരജീവികളെ വഹിക്കുന്ന ഷഡ്പദങ്ങളുടെ ആതിഥേയ സസ്യങ്ങളായിരിക്കണം തേക്കിന്‍തോട്ടങ്ങളിലും ചുറ്റും ഉണ്ടായിരിക്കേണ്ട സസ്യങ്ങള്‍. ഇത്തരം സസ്യങ്ങള്‍ ഇലതീനികള്‍ കുറവായിരിക്കുമ്പോഴും അതിന്‍റെ  ശത്രുനിരയെ സംരക്ഷിച്ച് ആക്രമണവിധേയമാക്കി നിര്‍ത്തും.

ചില സ്പീഷിസുകൾ ശ്രദ്ധിക്കുക:

കണിക്കൊന്ന (കാഷ്യ ഫിസ്റ്റുല)

ചടച്ചി (ഉന്നം) (ഗ്രൂവിയ ടിലിഫോളിയ)

തേമ്പാവ് (കരിമരുത്) (ടെർമിനേലിയ ടൊമന്റോസ)

ഇരുൾ (സൈലിയ സെലോകാർപ്പ)

മഴുക്കാഞ്ഞിരം (വെക്കാലി) (അനൊഗീസസ് ലാറ്റിഫോളിയ)

കൈവൻ (വലംപിരി) (ഹെലിക്ടെറെസ് ഐസോറ)

വക്ക (സ്റ്റെർക്കുലിയ വില്ലോസ)

പേഴ് (കരയ ആർബോറിയ)

മരുതി (ടെർമിനലിയ പാനിക്കുലേറ്റ)

താന്നി (ടെർമിനേലിയ ബെല്ലെറിക്ക)

വെന്തെക്ക് (ലാഗർസ്ട്രോമിയ ലാൻസിയോലേറ്റ)

മണിമരുത് (ലാഗർസ്ട്രോമിയ ഫ്ളോസ്റെജിനെ)

മഹാഗണി (സ്വീറ്റീനിയ മാക്രോഫില)

ഹിബ്ലെയാ പ്യൂറയും ഹപ്പേലിയ മക്കെയിറാലിസും നശിപ്പിക്കുന്ന ആറോ അതിലധികമോ പരജീവികൾ മേൽപ്പറഞ്ഞ അഭിലഷണീയ സസ്യങ്ങളിൽ ഉണ്ടാകാം. ഏറ്റവും മെച്ചമായ സഹകാരികൾ കണിക്കൊന്നയം ഉന്നവും വക്കയുമാണ്.

ഈട്ടി, ഇലവ്, പാല, ഞാവൽ, പാണൽ, മാവ്, പൂവണ്ണ്‍ തുടങ്ങിയ സസ്യങ്ങളിൽ നാലഞ്ചിനം പരജീവികൾ വളരുന്നതുകൊണ്ട് തേക്കിന്‍റെ മിത്രങ്ങളായി ഇവയെയും കണക്കാക്കാവുന്നതാണ്.

 • അനഭിലഷണീയ സസ്യങ്ങൾ

തേക്കിനു പുറമെ ഭക്ഷണത്തിനായി ഹിബ്ലെയാ പ്യൂറയും ഹപ്പേലിയ മക്കെയിറാലിസും  ആശ്രയിക്കുന്ന സസ്യങ്ങളുടെ പേരുകൾ താഴെക്കൊടുക്കുന്നു.

ചെറുതേക്ക് (കാലികാർപ്പ ലനാറ്റാ)

പെരിങ്ങലം (ക്ലീറോഡെൻഡ്രോൺ വിസ്ക്കോസം)

കുമ്പിൾ (മെലൈന അർബോറിയ)

പാതിരി (മില്ലിൻക്ടോണിയ ഹൊർട്ടൻസിസ്)

വട്ട (മാക്കരാങ്ക പെൽറ്റേറ്റ)

പലകപ്പയ്യാനി (ഒറോക്സൈലം ഇന്ഡിക്കം)

തേക്കിന്റെ ഇല കൊഴിയുമ്പോഴും ഇലകൾ മൂപ്പേറിയതായിരിക്കുമ്പോഴും ഈ രണ്ടു ഷട്പദങ്ങളും മേൽപ്പറഞ്ഞ സസ്യങ്ങളിലാണ് വളരുന്നത്. തേക്കിൽ പുതിയ തളിരിലകൾ പ്രത്യക്ഷപ്പെടുന്നതോടുകൂടി ഈ പ്രാണികൾ തേക്കിനെ ഒന്നടങ്കം ആക്രമിക്കും. അതിനാൽ തേക്കിൻ തോട്ടങ്ങളിലും തോട്ടങ്ങളുടെ അടുത്തും സ്വാഭാവികമായി തേക്കു വളരുന്ന വനങ്ങളിലും ഈ സസ്യങ്ങൾ വളരുവാൻ അനുവദിക്കരുത്.

 • സഹ്യാദ്രസസ് മലബാറിക്കസ്

രണ്ടോ മൂന്നോ വർഷം പ്രായമാകുമ്പോൾ മുതൽ തേക്കിൻ തൈകളുടെ തണ്ടു തുരന്നിറങ്ങി വലിയ ശല്യം ചെയ്യുന്ന ഷട്പദമാണ് സഹ്യാദ്രസസ് മലബാറിക്കസ്.

ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഈ ശലഭങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പൊതുവെ വലിപ്പമേറിയതാണ് ഈ ഇനത്തിൽ പെട്ട ഷട്പദങ്ങൾ. വിടർന്നിരിക്കുമ്പോൾ ചിറകുകളുടെ അഗ്രങ്ങൾ തമ്മിൽ 10 സെ.മീറ്ററോളം അകലമുണ്ടായിരിക്കും. ശരീരത്തിന് ശരാശരി 5 സെ. മീറ്റർ നിളവും കാണും.

വിശ്രമിക്കുമ്പോൾ ആദ്യജോടി കാലുകളിൽ ശലഭം ലംബമായി തൂങ്ങിക്കിടക്കും. ഒരു ചെറിയ ഉണങ്ങിയ ഇലയെന്നു തോന്നിക്കത്തക്കവിധം. സന്ധ്യയ്ക്ക് കുറച്ചു സമയം ശലഭം സജീവമായിരിക്കും.

ജീവിതചക്രം

ആയിരക്കണക്കിനു മുട്ടകളിടുന്ന ഒരു ഷട്പദമാണ് ഇത്. 40,000 മുട്ടകൾ വരെ ഒരു പെൺശലഭം ഉൽപ്പാദിപ്പിക്കുമെന്നാണ് ബീസൻ രേഖപ്പെടുത്തിയിട്ടുളളത്. പറക്കുന്ന സമയത്തായിരിക്കും അധികം മുട്ടകളും വിസർജിക്കുന്നത്. ഒരു മുട്ടയ്ക്ക് അര മില്ലിമീറ്ററോളം വ്യാസമുണ്ടായിരിക്കും.

പ്യൂപ്പാഘട്ടത്തിൽ നിന്നും ശലഭമായിട്ടുള്ള രൂപാന്തരണം മേയ് മാസം മധ്യത്തോടുകൂടി മിക്കവാറും അവസാനിക്കുമെങ്കിലും തേക്കിന്‍ തൈകളിൽ ലാർവ കാണപ്പെടുന്നത് ആഗസ്റ്റ് മധ്യത്തോടുകൂടിയേയുളളു. ലാർവകളുടെ പ്രാരംഭാവസ്ഥകളെപ്പറ്റി പൂർണമായ ജ്ഞാനം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും ചില സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നത് ഇവ ആദ്യദശകൾ കഴിച്ചുകൂട്ടുന്നത് കുറ്റിച്ചെടികളിലായിരിക്കുമെന്നാണ്. നിരീക്ഷണങ്ങൾ തെളിയിക്കുന്നത് ലാർവകൾ ആദ്യദശകളിൽ വൻ തോതിൽ നശിക്കുന്നുവെന്നാണ്.

ഒന്നു രണ്ടു സെ. മീറ്റർ നീളമാകുമ്പോഴേക്കും തേക്കിൻതൈകളുടെ തണ്ട് തുരന്ന് പുഴു (ലാർവ) അകത്ത് പ്രവേശിക്കുന്നു. തണ്ടിന്‍റെ മധ്യഭാഗത്ത് പിഥിൽ എത്തിയശേഷം താഴോട്ട് വേരിന്റെ ഭാഗംവരെ വൃത്താകാരത്തിലുള്ള ഒരു ടണൽ നിർമിക്കും. തറനിരപ്പിൽ നിന്നും 50-60 സെ. മീറ്റർ ഉയരത്തിൽ വച്ചായിരിക്കും ലാർവ തണ്ടിൽ പ്രവേശിക്കുന്നത്.

ടണൽ മുകളറ്റം വളഞ്ഞ് പുറത്തേക്കു തുറന്നിരിക്കും. തടിയുടെയും തൊലിയുടെയും പൊടികൊണ്ട് നെയ്തുണ്ടാക്കിയ മൂടി കൊണ്ട് മൂടിയിരിക്കും. ഈ മൂടി അകത്തു  തുരപ്പനുണ്ടെന്നുള്ളതിനു സൂചനയാണ്. ടണൽ പ്രധാനമായും രക്ഷാകേന്ദ്രമായി കണക്കാക്കാം. ടണലിന്റെ വായ്ഭാഗത്തിനു ചുറ്റുമുള്ള തൊലിയിലെ കോശങ്ങളാണ് പുഴു ഭക്ഷിക്കുന്നത്. തല മുകളിലായിട്ടാണ് പുഴു ടണലിൽ സാധാരണ വിശ്രമിക്കുന്നത്. രാത്രിയിലാണ് ഭക്ഷണസമ്പാദനം. മൂടിയുടെ മറവിൽ മൂടിയുടെ ചുറ്റുമുള്ള കോശങ്ങൾ തിന്നുകയും അതോടൊപ്പം ക്രമേണ മൂടി തീറ്റയ്ക്കു വിധേയമായ ഭാഗത്തേക്ക് നീക്കപ്പെടുകയും ചെയ്യും. മൂടി എടുത്തുമാറ്റിയാൽ ഒന്നു രണ്ടു ദിവസത്തിനുള്ളിൽ അതു വീണ്ടും നിർമിക്കപ്പെടും.

ചില സന്ദർഭങ്ങളിൽ, ടണൽവായുടെ നിരപ്പിൽ തണ്ടിനു ചുറ്റുമുള്ള തൊലി മുഴുവനും ഈ പുഴു തിന്നുനശിപ്പിച്ചേക്കാം. അത്തരം തൈകൾ ശക്തിയായ കാറ്റിൽ ടണൽ വായുടെ നിരപ്പുവച്ച് ഒടിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഭൂരിപക്ഷം പുഴുക്കളും അവയുടെ ദ്രോഹപ്രവർത്തനം ടണൽവായിലെ മൂടിയുടെ ചുറ്റുമായി ഒതുക്കിനിർത്തുകയാണു പതിവ്. അതുപോലെ പുതിയ കോശങ്ങൾ വളർന്നു വരാനായി തൊലി മുഴുവനായി തിന്നു തീർക്കാറുമില്ല.

പൂർണവളർച്ചയെത്തിയ ലാർവയ്ക്ക് 6 മുതൽ 10 സെ.മീറ്റർ വരെ നീളം കാണും. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ലാർവകൾ സുഷുപ്താവസ്ഥ(പൂപ്പദശ) പ്രാപിക്കും. സുഷുപ്താവസ്ഥ ടണലിന്റെ അടിഭാഗത്തായിരിക്കും കഴിച്ചുകൂട്ടുന്നത്. ടണലിന്റെ വായ്ഭാഗത്ത് ഒരു സുഷിരം വിട്ട് കൊണ്ട് ടണലുടനീളം നൂലുകൊണ്ട് നെയ്തുപൊതിയും. വായ്ഭാഗത്തുള്ള സുഷിരത്തിൽ കൂടിയാണ് ശലഭം പുറത്തേക്കു വരുന്നത്. സുഷുപ്താവസ്ഥ ഉദ്ദേശം ഒരു മാസം നീണ്ടുനിൽക്കും.

സാമ്പത്തിക പ്രാധാന്യം

കേരളത്തിലുടനീളമുള്ള തേക്കിൻതോട്ടങ്ങളിൽ ഈ ഷട്പദത്തിന്റെ വിവിധതോതിലുള്ള ശല്യം ഉണ്ടാകുന്നുണ്ട്. രണ്ടു മുതൽ നാലുവർഷം വരെ പ്രായമുള്ള തോട്ടങ്ങളിൽ 6 ശതമാനം മുതൽ 60 ശതമാനം വരെ തൈകൾ ആകമണവിധേയമാകുന്നുണ്ട്. ടണൽവായുടെ ചുറ്റും തണ്ടിലെ തൊലി വളയംപോലെ തിന്നു നശിപ്പിക്കുന്നതുമൂലം ഒടിഞ്ഞുവീഴുവാൻ ഇടയാകുന്ന തൈകൾ താരതമ്യേന കുറവാണെങ്കിലും ആക്രമണത്തിന് വിധെയമാകുന്ന തൈകളുടെ വളർച്ച മോശമായിരിക്കും.

തേക്ക് കൂടാതെ യൂക്കാലിപ്റ്റസ്, കുമ്പിൾ എന്നീ സസ്യങ്ങളും ഇതിന്റെ ഉപദ്രവത്തിനു വിധേയമാകുന്നുണ്ട്.

നിയന്ത്രണമാർഗങ്ങൾ

 • വനവിളസംബന്ധമായവ

ലാർവാഘട്ടം അടിക്കാടുകളിലാണ് അഭയം തേടുന്നത്. രണ്ടു മൂന്നു മാസം പ്രായമാകുമ്പോഴാണ് അവ തേക്കുമരത്തിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ട് ആദ്യദശയിലുള്ള പുഴുക്കൾക്ക് വളരുവാനുള്ള സാഹചര്യം ഒഴിവാക്കുവാനായി തൈതോട്ടങ്ങളിൽ ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ കളയെടുപ്പ് ക്യത്യമായി നിർവഹിക്കണം. പെരിങ്ങലം (ക്ലീറോഡെന്‍ഡ്രോണ്‍ വിസ്കോസം), അമി (ട്രിമ ഓറിയെന്റാലിസ്) എന്നീ സസ്യങ്ങള്‍ ഈ തുരപ്പന്‍റെ ഇഷ്ട ആതിഥേയരാണ്. അതുകൊണ്ട് സ.മലബാറിക്കസിന്‍റെ ലാര്‍വകളെ ആകര്‍ഷിക്കുവാനായി ഈ സസ്യങ്ങള്‍ തേക്കിന്‍തോട്ടങ്ങളിലും തോട്ടങ്ങളുടെ സമീപത്തും ഉണ്ടെങ്കില്‍ ഒക്ടോബര്‍-നവംബര്‍ വരെ അവയെ നശിപ്പിക്കാതെ നിര്‍ത്തണം. അതിനുശേഷം ഈ ചെടികള്‍ വെട്ടിക്കളയേണ്ടതാണ്.

 • യാന്ത്രികനിയന്ത്രണം

ടണലിൽക്കൂടി ഒരു കമ്പി കടത്തി സ.മലബാറിക്കസിന്റെ ലാർവകളെയോ പ്യൂപ്പകളെയോ കൊല്ലാവുന്നതാണ്. ഈ മാർഗം വിസ്ത്യതിയേറിയ തോട്ടങ്ങളിൽ പ്രായോഗികമല്ലെങ്കിലും വിത്തുൽപ്പാദനതോട്ടങ്ങളിൽ (സീഡ് ഓർച്ചാർഡ്) സ്വീകരിക്കാവുന്നതാണ്. ടാറു കൊണ്ട് ടണലിന്റെ വായ് അടയ്ക്കുകയാണ് മറ്റൊരു മാർഗം.

 • രാസനിയന്ത്രണം

കീടനാശിനി ടണലിൽ കടത്തിവിട്ട് നശിപ്പിക്കുക പരിപൂർണ വിജയമാകണമെന്നില്ല.

വിഷമേൽപ്പിച്ച് നശിപ്പിക്കുവാൻ ഒരു പുതിയ മാർഗം പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടണൽവായിലെ മൂടി മാറ്റിയശേഷം അവിടെ വിഷദ്രാവകം പുരട്ടണം. മൂടി വീണ്ടും നിർമിക്കുവാനുള്ള ശ്രമവേളയിൽ വിഷവുമായി സമ്പർക്കപ്പെടുമ്പോൾ പുഴുവിന് വിഷബാധ ഏൽക്കുന്നു. ഇതിനായി 0.125% എക്കാലക്സ് എന്ന കീടനാശിനിയാണ് ഏറ്റവും ഫലപ്രദമായി കാണപ്പെട്ടത്.

 • കോസസ് കഡബെ

ഇത് കോസിഡേ കുടുംബത്തിൽ ഉൾപ്പെട്ടതാണ്.

തച്ചൻപുഴു (കാർപ്പെന്റർ വേം) എന്നാണ് ഈ ഇനത്തിൽപ്പെട്ട ഷട്പദങ്ങളെ മൊത്തത്തിൽ പറയുന്നത്. ഇതിന്റെ ലാർവകൾ തടി തുരന്നു തിന്ന് തടിയിൽ ധാരാളം ടണലുകളുണ്ടാക്കുന്നു. ഈ സ്വഭാവ വിശേഷത്താലാണ് ഇതിന് തച്ചൻപുഴു എന്ന പേരു ലഭിച്ചിട്ടുള്ളത്.

ഇന്ത്യയിൽ 1892-ൽ ഹാംപ്സൻ ആണ് ആദ്യം ഇതിന്റെ സാമീപ്യം രേഖപ്പെടുത്തിയിട്ടുള്ളത്. 1941-ൽ ബീസൻ ഇത് തെന്നിന്ത്യയിൽ തേക്കിന് നിസ്സാരദ്രോഹം ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അടുത്ത കാലത്ത് കേരളം, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തേക്കിൻതോട്ടങ്ങളിൽ വമ്പിച്ച ശല്യം ആരംഭിച്ചതോടുകൂടി ഇതിനെ സംബന്ധിച്ച് വിശദമായ പഠനം പീച്ചിയിലെ വനഗവേഷണ സ്ഥാപനം നടത്തിവരികയാണ്.

ജീവിതചക്രം

മുട്ടകൾക്ക് ഇളം തവിട്ടുനിറമാണ്. തേക്കുമരത്തിന്റെ തൊലിയിൽ മുട്ടകൾ കൂട്ടമായാണ് കാണുന്നത്. ഒരു ശലഭം അറുനൂറോളം മുട്ടകൾ ഇട്ടേക്കാം. മുട്ടകൾ വിരിയുവാൻ 17-19 ദിവസം വേണ്ടിവരും.

മുട്ടവിരിഞ്ഞ് പുറത്തു വരുന്ന ലാർവകൾക്ക് ഇളം ചുവപ്പുനിറമാണ്. ഉദ്ദേശം 2 മി.മീറ്റർ നീളം കാണും. ഇവ തൊലിപ്പുറത്തു കൂടി സഞ്ചരിച്ച് വിടവുള്ള ഭാഗങ്ങളിൽ ഒതുങ്ങിയിരുന്ന് തൊലി തിന്നുവാൻ തുടങ്ങും. അധികപക്ഷവും ചെറുശിഖരങ്ങളുടെ കക്ഷത്തിലും തടിയിലുണ്ടായിട്ടുള്ള ക്ഷതങ്ങൾക്കു ചുറ്റുമാണ് ആക്രമണം. തൊലി തിന്നു തുടങ്ങുന്നതോടൊപ്പം അതിന്റെ പൊടിയും വിസർജ്യവും കൊണ്ട് തന്നത്താൻ മൂടപ്പെട്ട് ഒരു രക്ഷാകവചത്തിനുളളിലെന്നപോലെ ഒളിക്കപ്പെടും. രണ്ടു മൂന്നു മാസമാകുമ്പോഴേക്കും ഇവയ്ക്ക് 3 - 4 സെ.മീറ്റർ നീളമുണ്ടാകും. അതോടുകൂടി ഇവ തടി തുരക്കുവാനും തുടങ്ങും. വളർച്ചയെത്തിയ ലാർവയ്ക്ക് 6 സെ.മീറ്ററോളം നീളം കാണും. നിറം ഇളം ചുവപ്പുതന്നെ. ലാർവ തടിയിലുണ്ടാക്കുന്ന ടണലുകൾക്ക് ഏതാണ്ട് ഒരു സെ.മീറ്റർ വ്യാസമുണ്ട്. ടണലുകൾ സാധാരണ തടിയുടെ മധ്യഭാഗം വരെ എത്താറുണ്ട്. ഏതാണ്ട് എട്ടു മാസക്കാലത്തോളം ലാർവകൾ ആ അവസ്ഥയിൽ സ്ഥിതി ചെയ്യും.

കൂടുതൽ കൂടുതൽ ശല്യങ്ങൾക്കു വിധേയമാകുന്ന തടിയുടെ തൊലി ക്രമേണ പൊളിഞ്ഞുപോകുന്നു. ധാരാളം ടണലുകൾ ഉണ്ടാക്കപ്പെടുമ്പോൾ തടി ഉണങ്ങിപ്പോകുന്നതിന് ഇടയാകുകയും ചെയ്യുന്നു.

പ്യൂപ്പ മണ്ണിലാണ് കഴിഞ്ഞുകൂടുന്നത്. ഈ അവസ്ഥയുടെ സമയമാകുമ്പോൾ ഇവ മണ്ണിന്റെ ഉപരിതലത്തിൽ നിന്ന് രണ്ടു മൂന്നു സെ.മീറ്റർ അടിയിലായി നൂലും മൺതരികളും കൊണ്ട് ഒരു കൂടുണ്ടാക്കി അതിൽ കഴിയും. ഈ അവസ്ഥ സാധാരണ പത്തു ദിവസത്തിൽ കൂടുതൽ ദീർഘിക്കാറില്ല.

കൂടുപൊട്ടിച്ച് പുറത്തുവരുന്ന ശലഭത്തിന് തവിട്ടുനിറമായിരിക്കും. തേക്കിന്റെ തൊലിയുടെ നിറവുമായി സാമ്യമുണ്ടായിരിക്കുകയും ചെയ്യും. ചിറകു വിടർത്തിയിരിക്കുമ്പോൾ ഇതിന് നാലഞ്ചു സെ. മീറ്ററോളം വലിപ്പമുണ്ടാകും. വായുടെ ഭാഗങ്ങൾ പൂർണമായും വികസിച്ചിട്ടില്ലാത്ത ഇവ അധികസമയം ജീവിച്ചിരിക്കാറില്ല. വംശം നിലനിർത്താനുള്ള ഉൽപ്പാദനക്രിയയിൽ മാത്രമായി ശലഭങ്ങളുടെ ജീവിതോദ്ദേശ്യം ഒതുങ്ങി നിൽക്കുന്നു. വ്യാപനം കേരളത്തിൽ വയനാട്, പറമ്പിക്കുളം, നെന്മാറ, ത്യശൂർ, ചാലക്കുടി,റാന്നി, കോന്നി, തെന്മല എന്നീ ഡിവിഷനുകളിലെ തേക്കിൻതോട്ടങ്ങളിൽ ഒരു സാമ്പിൾ സർവേ നടത്തിയതിൽ വയനാടും തെന്മലയും ഒഴികെയുള്ള ഡിവിഷനുകളിൽ ഈ പ്രാണിയുടെ ശല്യം ഉളളതായിട്ടാണ് കാണുവാന്‍ കഴിഞ്ഞത്. എറവും അമിതമായ തോതിൽ ദൃശ്യമായത് ചാലക്കുടി ഡിവിഷനിലെ വേലപ്പാടം, പുലിക്കണ്ണി തേക്കിൻതോട്ടങ്ങളിലാണ്. ഇവിടെയുള്ള തേക്കുമരങ്ങളെല്ലാം തന്നെ ഉണങ്ങിപ്പോകുകയാൽ അവ മുറിച്ചെടുത്ത ശേഷം വീണ്ടും വച്ചുപിടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.

ആതിഥേയർ

ഈ വർഗത്തിൽപ്പെട്ട മറ്റു പ്രാണികൾക്ക് വിപുലമായ ഒരു ആതിഥേയവ്യന്ദം ഉണ്ടെങ്കിലും ഇത് തേക്കിൽ മാത്രമായി ദ്രോഹപ്രവർത്തനം ഒതുക്കി നിർത്തിയിരിക്കുകയാണ്. എന്നാൽ തേക്കിൻതോട്ടങ്ങളുടെ അടുത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന ചടച്ചി, താന്നി എന്നീ വൃക്ഷങ്ങളിലും ഈ പ്രാണിയെ  കാണുവാൻ കഴിഞ്ഞിട്ടുണ്ട്.

സ്വാഭാവിക ശത്രുക്കൾ

ഒളിജീവിതം നയിക്കുന്ന ഈ പ്രാണികൾക്ക് സ്വാഭാവികമായും ശത്രുക്കൾ കുറവാണ്. ചില പക്ഷികൾ ഇതിന്റെ ലാർവകളെ തിന്നാറുണ്ട്. ഉദാ:- മരംകൊത്തി.

നിയന്ത്രണ മാർഗങ്ങൾ

പെൺശലഭം ധാരാളം മുട്ടയിടുന്നതു കൊണ്ടും ലാർവകൾ തടിക്കുള്ളിൽ തുരന്നുണ്ടാക്കിയ ടണലുകളിൽ ദീർഘകാലം കഴിയുന്നതുകൊണ്ടും പല തലമുറകൾ തമ്മിൽ ബന്ധപ്പെട്ടിട്ടുളളതിനാലും ഇവയ്ക്ക് താരതമ്യേന അധികരിച്ച ഒരു ജീവിത നിരക്ക് ഉണ്ട്. അതുകൊണ്ട് സാധാരണ രീതിയിലുള്ള നിയന്ത്രണ മാർഗങ്ങൾ ഈ പ്രാണിക്ക് പ്രായോഗികമല്ല. പ്രാരംഭദശയിൽ, ഈ പ്രാണിക്ക് തേക്കുമരവുമായുള്ള സാമീപ്യം അധികവും ആ മരത്തിനുണ്ടായിട്ടുള്ള കേടുപാടുകളെ ആശ്രയിച്ചാണിരിക്കുന്നത്. ചാലക്കുടിയിലെ പോലെ ശിഖരങ്ങൾ മുറിക്കപ്പെട്ടിട്ടുള്ള തേക്കിൻതോട്ടം ഇതിനു മകുടോദാഹരണമാണ്. അതുകൊണ്ട് ഈ പ്രാണികൾക്ക് കയറിപ്പറ്റാൻ സാധിക്കാത്ത വിധത്തിൽ തേക്കുമരങ്ങളെ സംരക്ഷിക്കണം. തടി തീർത്തും ഉപയോഗശൂന്യമാകുന്ന രീതിയിലുള്ള ആക്രമണമാണ് ഈ പ്രാണിയുടേത്. അതുകൊണ്ട് ഇതിനെ നിയന്ത്രിക്കേണ്ട മാർഗങ്ങൾ എത്രയും വേഗം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വനഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരും വനപാലകരും യോജിച്ചു പ്രവർത്തിച്ചാൽ മാത്രമേ നിയന്ത്രണ മാർഗങ്ങൾ എത്രയും വേഗം പ്രയോഗത്തിലാക്കാന്‍ സാധിക്കൂ. മറ്റു രാജ്യങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയന്ത്രണമാർഗങ്ങളും മാർഗദർശകമാക്കാവുന്നതാണ്.

യൂക്കാലിപ്റ്റസിനെ നശിപ്പിക്കുന്ന ചിതലുകൾ

യൂക്കാലിപ്റ്റസ് തൈകൾക്ക് സാധാരണ രണ്ടു വർഷംവരെ പ്രായമുള്ളവയ്ക്ക് കടുത്ത ഭീഷണിയാണ് ചിതൽ. ചിതലിന്റെ വർഗത്തിൽപ്പെട്ട ധാരാളം സ്പീഷീസുകൾ ഉണ്ടെങ്കിലും പ്രധാനമായും നാലെണ്ണമാണ് മാരകമായിട്ടുള്ളത്.

 • മൈക്രോറ്റെര്‍മസ് ഒബസി
 • ഒഡന്റോറ്റർമസ് സിലോണിക്കാസ്
 • ഒഡന്റോറ്റെർമസ് ഗുപ്തൈ
 • ഒഡന്റാറ്റെര്മസ് റൂണ്‍വാലി

ചിതലിന്റെ കോളനിയിൽ നാലുതരത്തിൽപ്പെട്ട ചിതലുകളുണ്ട്.

1, അസ്സൽ രാജാവും റാണിയും

2. രണ്ടാംതരം രാജാവും റാണിയും

3. വേലക്കാർ

4. പടയാളികൾ

ആർദ്രതയും താപവും അനുകൂലമായ സാഹചര്യം ഉണ്ടാകുമ്പോൾ പ്രത്യുൽപ്പാദനശേഷിയുളളവ കൂടുവിട്ട് പറന്നുയരുന്നു. ജോലിക്കാരും ഭടന്മാരും ഈ അവസരത്തിൽ കൂടിന്റെ വാതിൽക്കൽ തിങ്ങിക്കൂടുന്നു. പറന്നുയർന്നവ അൽപ്പസമയം പറന്നശേഷം ചിറകുകൾ നഷ്ടപ്പെട്ട് നിലംപതിക്കുന്നു. ഈ വേളയിൽ അവ ഇണകളെ കണ്ടുപിടിക്കുകയും പുതിയജോടികൾ മണ്ണിനടിയിലേക്ക് തുരന്നിറങ്ങി പുതിയ കൂടുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. അവ ഇണചേരൽ നിർവഹിക്കുകയും തുടർന്ന് പെൺ ചിതലുകൾ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും. ആദ്യമാദ്യം വിരിയുന്നവ അധികവും വേലക്കാരായിരിക്കും; കുറെ പടയാളികളും കാണും. കുറെ മാസങ്ങൾ കൊണ്ട് ശരിയായ അംഗസംഖ്യയുള്ള ഒരു കോളനി ഉണ്ടാകുന്നു. റാണി അസാധാരണമായി വലിപ്പം വയ്ക്കും. കൂടെക്കൂടെ ഇണ ചേരുകയും മുട്ടയിടുകയും ചെയ്യും. ഒരൊറ്റ ദിവസം 30,000 മുട്ടകൾ വരെ ഇട്ടെന്നു വരാം. തുടർച്ചയായുള്ള ഇണചേരലിനെ തുടർന്ന് രാജാവ് അൽപ്പ സ്വൽപ്പം വലിപ്പം വയ്ക്കും. രാജാവും രാജ്ഞിയും സാധാരണ കൂടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന രാജകീയ അറയിലാണ് കഴിയുക.

രാജാവോ രാജ്ഞിയോ ചത്തുകഴിയുമ്പോഴോ കോളനിയുടെ ഒരുഭാഗം വേർപെട്ടുപോകുമ്പോഴോ രണ്ടാം തരം രാജാവും രാജ്ഞിയും അസ്സൽ രാജാവിന്റെയും രാജ്ഞിയുടെയും സ്ഥാനം ഏറ്റെടുക്കും. അങ്ങനെ ഈ പകരക്കാർ ചിതലിന്റെ വംശം നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

കോളനിയിലെ സാമൂഹികസ്ഥിതി നിയന്ത്രിക്കുന്നത് വേലക്കാരാണ്. മുട്ടകളെയും അതു വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെയും പരിചരിക്കുക, രാജകീയ ജോടികളുടെയും പകരക്കാരുടെയും ഭക്ഷണം, ശുചീകരണം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കുക, കൂടിന്‍റെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവ ചെയ്യുക. ഭക്ഷണം ശേഖരിക്കുക തുടങ്ങിയ ജോലികൾ വേലക്കാരുടേതാണ്.

പടയാളികളുടെ പ്രധാന കർത്തവ്യം ശത്രുക്കളിൽനിന്നും കോളനിയെ രക്ഷിക്കുകയെന്നുള്ളതാണ്. കൂടാതെ കോളനി വ്യത്തിയാക്കുന്ന ജോലിയും ഇവരുടെതാണ്.

റാണിയിടുന്ന മുട്ടകൾ വിരിയാൻ മൂന്നുമാസം വരെ വേണം. ലാർവകൾ വളർച്ച പൂർത്തിയാക്കുന്നതും വളരെക്കാലങ്ങൾക്കു ശേഷമാണ്. ലാർവകൾക്ക് നാലു മുതൽ പത്തുവരെ ദശകൾ ഉണ്ട്.

കാണ്ഡത്തിന്റെ അടിഭാഗത്തോ തറനിരപ്പിൽ നിന്നും ഏതാനും സെ.മീറ്റർ താഴെ നാരായവേരിലോ ആണ് ചിതലിന്റെ ആക്രമണം സാധാരണ തുടങ്ങുന്നത്. തുടർച്ചയായ കാർന്നുതീറ്റി ഒരു "ഡംബൽ' ആക്യതി ഉളവാക്കും. വീണ്ടും തീറ്റ തുടർന്നാൽ അവിടെവച്ച് വേരിന്റെ ഭാഗം അറ്റുപോകും. ഇതിനുമുമ്പുതന്നെ ചെടി ഉണങ്ങിപ്പോയിട്ടുണ്ടാകും. ഉണങ്ങിയ സസ്യഭാഗമാണ് ചിതലിനു കൂടുതൽ ഇഷ്ടം. അതുകൊണ്ട്, ചെടി ഉണക്കുവാന്‍ തക്കവിധത്തിലുള്ള ആക്രമണ രീതിയാണ് ചിതൽ അവലംബിച്ചതെന്ന് അനുമാനിക്കാം.

വേറൊരു തരത്തിലുള്ള ആക്രമണം വേരിന്റെ തൊലി മുഴുവൻ തിന്നു തീർക്കുകയെന്നതാണ്. ഇത് താരതമ്യേന പ്രായക്കൂടുതലുള്ള തൈകളിലാണ് ദൃശ്യമാകുന്നത്. രണ്ടു വർഷം പ്രായമുള്ള തോട്ടങ്ങളിൽ പോലും ചില യൂക്കാലിപ്റ്റസ് ചെടികൾ ഈ വിധത്തിൽ ഉണങ്ങിപ്പോകുക സാധാരണയാണ്. തൈ നട്ട സമയത്ത് കീടനാശിനിപ്രയോഗം ഈ ചെടികൾക്ക് വേണ്ട വിധത്തിൽ ലഭിച്ചിരിക്കുകയില്ല.

കീടനാശിനിയുടെ സഹായം കൂടാതെ ഒരു തൈ നടുകയാണെങ്കിൽ ചിതൽശല്യം കൂടുതലുള്ള തോട്ടങ്ങളിൽ ആദ്യത്തെ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ 90 ശതമാനം വരെ തൈകൾ ഉണങ്ങിപ്പോകാനിടയുണ്ട്. ചിതൽശല്യത്തിനുതകുന്ന കീടനാശിനി തക്കരീതിയിൽ ഉപയോഗിച്ചാൽ തൈകളെ പൂർണമായും സംരക്ഷിച്ചെടുക്കാവുന്നതാണ്.

കീടനാശിനികൾ

1959- ൽ ആണ് യൂക്കാലിപ്റ്റസ് തോട്ടങ്ങൾ കേരളത്തിൽ വനംവകുപ്പ് നേരിട്ടു തുടങ്ങിയത്. നഴ്സറികളിലും തോട്ടങ്ങളിലും തൈകൾ വളർന്നു കിട്ടുവാൻ നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ട് ചിതലിന്റെ ശല്യമായിരുന്നു. എന്നാൽ ആദ്യവർഷങ്ങളിൽ തന്നെ ആല്‍ഡ്രിന്‍, ആല്‍ഡ്രക്സ്‌ എന്നീ കീടനാശിനികൾ ഉപയോഗിച്ച് ചിതലിന്റെ ശല്യം ഫലപ്രദമായി നിയന്ത്രിക്കുവാൻ സാധിച്ചു. നേഴ്സറിക്കെടുക്കുന്ന മണ്ണിൽ കീടനാശിനി ചെറിയ തോതിൽ കലർത്തി നേഴ്സറിതലത്തിൽ ചിതൽശല്യം ഒഴിവാക്കാം. കൂടത്തൈകൾ കുഴിയിൽ മാറ്റി വയ്ക്കുന്ന സമയത്ത് തൈയോടുകൂടിയുളള മണ്ണ് കീടനാശിനി കൊണ്ട് നല്ലപോലെ നനച്ചും കുഴിയിൽ കീടനാശിനിപ്പൊടി വിതറുകയോ കീടനാശിനി തളിക്കുകയോ ചെയ്തും തോട്ടങ്ങളിലെ ചിതൽശല്യവും ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്.

പീച്ചിയിലെ വനഗവേഷണ സ്ഥാപനം ശുപാർശ ചെയ്തിരിക്കുന്ന കീടനാശിനികൾ ആല്‍ഡ്രിനും ഹൈപ്റ്റാക്ലോറുമാണ്. ഒരു കുഴിയിൽ വയ്ക്കുന്നതിനു തൊട്ടുമുമ്പായി കൂടയ്ക്കുള്ളിലെ മണ്ണിൽ കീടനാശിനി നല്ലതുപോലെ തളിച്ചാൽ മതിയാകുമെന്നാണ് അവരുടെ നിഗമനം. റോസ്കാൻ ഉപയോഗിച്ച് തുടരെത്തുടരെ രണ്ടുമൂന്നു തവണയായി കീടനാശിനി തളിക്കണം. ഒരു ഹെക്ടറിൽ നടേണ്ട 500 തൈകൾക്ക് ഒരു ലിറ്റർ ആല്‍ഡ്രിന്‍ 30 ഇ സി യോ. 1.5 ലിറ്റർ ഹെപ്റ്റാക്ലോർ 20 ഇ സി യോ മതിയാകും. ഒരു ലിറ്റർ കീടനാശിനി 125 ലിറ്റർ വെള്ളത്തിൽ നേർപ്പിക്കണം. അപ്പോൾ ഒരു തെയ്ക്ക് 50 മി. ലിറ്റർ എന്ന തോതിൽ കീടനാശിനി കലർന്ന വെള്ളം ലഭിക്കും.

ശരിയായ അളവിൽ തക്കതായ രീതിയിൽ കീടനാശിനി ഉപയോഗിച്ചാൽ അതിന്റെ ഫലം രണ്ടുമൂന്നു വർഷത്തേക്ക് ലഭിക്കും. രണ്ടു മൂന്നു വര്‍ഷത്തിനുശേഷം ചിതലിന്റെ ശല്യം യൂക്കാലിപ്റ്റസിന് സാധാരണ കണ്ടുവരാറില്ല.

അൽബീസിയ ഫാൽക്കറ്റെറിയ

ടെറോമ ഫ്ളാജിയൊഫ്ലെപ്സ് എന്ന ശാസ്ത്രനാമത്തില്‍ അറിയുന്ന ‘സഞ്ചിപ്പുഴു’ (ബാഗ് വേം) ആണ് അല്‍ബീസിയ ഫാൽക്കറ്റെറിയ തോട്ടങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്. അതിവേഗത്തില്‍ വളരുന്ന ഈ സ്പീഷീസ് വളരെ പ്രതീക്ഷയോടുകൂടിയാണ് തോട്ടങ്ങളായി വച്ചുപിടിപ്പിച്ചത്. പള്‍പ്പായും ചാളത്തടിയായും വിറകായും ഇത് ഉപയോഗപ്രദമാണ്. എന്നാല്‍ സഞ്ചിപ്പുഴുവിന്‍റെ ആക്രമണം വലിയതോതില്‍ ഇതിന്‍റെ തോട്ടങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്നും വനംവകുപ്പിനെ പിന്തിരിപ്പിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ യൂക്കാലിപ്റ്റസിന് പകരമെന്ന രീതിയില്‍ നിലവിലുള്ള യൂക്കാലിപ്റ്റസ് തോട്ടങ്ങളുടെ ഒരു ഭാഗമെങ്കിലും അല്‍ബീസിയാ തോട്ടങ്ങളായി മാറ്റാമായിരുന്നു.

ഈ ഷഡ്പദം സ്വയം നിർമിതമായ സഞ്ചിയിലാണ് ജീവിക്കുന്നത്. സഞ്ചി മാറ്റിയാൽ ഇത് സാധാരണ പുഴുപോലെ തന്നെയിരിക്കും. ഇലയാണ് പ്രധാന ആഹാരം. തൊലിയും തിന്നും. പ്രായപൂർത്തിയായ അവസ്ഥ ശലഭമാണ്. സാധാരണ ആൺ ശലഭത്തിനേ ചിറകുണ്ടാകുകയുള്ളു. പ്രായമെത്തിയ പെൺഷട്പദം സഞ്ചിയിൽനിന്നും പുറത്തുവരാറേയില്ല. എന്നാൽ സഞ്ചിയിൽനിന്നും പുറത്തുവരുന്ന ആൺശലഭം പെൺസഞ്ചി അന്വേഷിച്ചു കണ്ടുപിടിച്ച് സഞ്ചിയുടെ കീഴ്ഭാഗത്തുള്ള തുറന്ന ഭാഗത്ത് കൂടി ഉദരം അകത്തുകടത്തി ഇണചേരൽ നിർവഹിക്കുന്നു. പെൺഷട്പദം സഞ്ചിക്കുള്ളിൽ മുട്ടയിട്ട ശേഷം ചത്തുപോകും. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവ നൂൽ മുഖാന്തിരം ശിഖരത്തിൽ തൂങ്ങിക്കിടക്കും. കാറ്റ് ഇതിനെ അടുത്ത ശിഖരങ്ങളിലും മരങ്ങളിലും എത്തിക്കും. തുടർന്ന് ഇവ സഞ്ചിയുണ്ടാക്കി ലാർവാഘട്ടം തുടങ്ങുകയും ഇലയും തൊലിയും ഭക്ഷിച്ച് നശീകരണക്രിയ ആവർത്തിക്കുകയും ചെയ്യുന്നു.

പുഴുശല്യം പിടിപെട്ട മരങ്ങളിൽ ആയിരക്കണക്കിന് സഞ്ചികൾ ശിഖരങ്ങളിൽ നിന്നും തൂങ്ങിക്കിടക്കുന്നതു കാണാം. ഇലതീറ്റിയെ തുടർന്ന് ഇലകൾ കൊഴിയുകയും മരം ഇലരഹിതമായിത്തീരുകയും ചെയ്യും. കഠിനമായ ഇലകൊഴിച്ചിൽ മരത്തിന്റെ മേൽഭാഗം ഉണക്കിക്കളയും.

1940- ൽ ആണ് ആദ്യമായി സഞ്ചിപ്പുഴുക്കളെ ഇന്ത്യയിൽ കണ്ടു തുടങ്ങിയത്. അതും വാളൻപുളിമരത്തിൽ. വാളൻപുളിയിൽ ഇപ്പോഴും ഇതൊരു ശല്യക്കാരനാണെങ്കിലും മാരകമായ ദ്രോഹം ഏൽപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അൽബീസിയയിൽ അതല്ല സ്ഥിതി. ഇപ്പോൾ അൽബീസിയയിൽനിന്നും ഇത് ഗുൽമോഹറിലേക്കും വ്യാപിച്ചിരിക്കുകയാണ്.

ഇതിന്‍റെ ശല്യം നിയന്ത്രിക്കാനുള്ള പഠനം പീച്ചി വനഗവേഷണ സ്ഥാപനത്തിൽ നടന്നുവരികയാണ്. തക്കതായ നിവാരണമാർഗങ്ങൾ കണ്ടെത്തുന്നതുവരെ ഈ സ്പീഷീസിന്റെ തോട്ടങ്ങൾ വ്യാപിപ്പിക്കാതിരിക്കുന്നതാണു നന്ന്. ഏഴെട്ടുവർഷമെങ്കിലും പ്രായമായതും കഠിനമായ ശല്യത്തിനു വിധയമായതുമായ തോട്ടങ്ങൾ മുറിച്ച് തടി ശേഖരിക്കണം. അല്ലെങ്കിൽ തടി കൂടുതലായി ഉണങ്ങി ദ്രവിച്ചു നശിച്ചുപോകുവാൻ ഇടയായേക്കും.

കടപ്പാട്: വനസംരക്ഷണം, സി.കെ.കരുണാകരന്‍© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate