অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മണ്ണൊലിപ്പും മനുഷ്യനും

മണ്ണൊലിപ്പ്

മണ്ണൊലിപ്പുണ്ടാകുന്നത് പ്രധാനമായും രണ്ടു കാലാവസ്ഥാഘടകങ്ങൾ മൂലമാണ്. കാറ്റും വെളളവും. കാറ്റു മൂലമുള്ള മണ്ണൊലിപ്പ് (വിൻഡ്ഇ റോഷൻ) കേരളത്തിൽ നിസ്സാരമാണ്; എന്നാൽ വെള്ളം മൂലമുള്ള മണ്ണൊലിപ്പ് (വാട്ടർ ഇറോഷൻ) കൂടുതലാണ്.

മണ്ണൊലിപ്പിന്റെ സ്ഥിതി

മണ്ണൊലിപ്പിന് ഏറ്റവും അടിമപ്പെട്ടിട്ടുള്ളത് തോട്ടങ്ങളും ഇലകൊഴിയും വനങ്ങളുമാണ്.

തോട്ടങ്ങൾ

കേരളത്തിൽ ഒന്നരലക്ഷത്തോളം ഹെക്ടർ വനഭൂമി തോട്ടങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇതിൽ പതിനായിരത്തോളം ഹെക്ടർ വരുന്ന പുൽമേടുകൾ ഒഴികെ ബാക്കിയുള്ളവയെല്ലാം സ്വാഭാവികവനങ്ങൾ വെട്ടിത്തെളിച്ച് തോട്ടങ്ങളാക്കിയിട്ടുള്ളതാണ്. ഇവയെല്ലാം സഹ്യന്റെ പടിഞ്ഞാറെ ചരിവിലാണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ നാം തോട്ടങ്ങൾ വച്ചുപിടിപ്പിച്ചു തുടങ്ങി. ആദ്യകാല തോട്ടങ്ങൾ വാർഷിക വിസ്ത്യതിയിൽ ചുരുങ്ങിയതാണെന്നു മാത്രമല്ല താരതമ്യേന നിരപ്പേറിയ ഭൂമിയിലാണ് വച്ചുപിടിപ്പിച്ചിരുന്നതും. പിന്നീട് പ്രത്യകിച്ച് പഞ്ചവൽസരപദ്ധതികളുടെ ആവിർഭാവത്തോടുകൂടി അധികരിച്ച അടങ്കൽ നേടുവാനുള്ള ആകാംക്ഷയിൽ വാർഷിക വനം തെളിക്കൽ ഏതാണ്ട് 4000 ഹെക്ടർ വരെ എത്തുകയുണ്ടായി. ഇതിനുവേണ്ടി ചരിവേറിയ മലകളും നഗ്നമാക്കി തേക്ക്, യൂക്കാലിപ്റ്റസ് തുടങ്ങിയവ വച്ചുപിടിപ്പിച്ചു. നൂറ്റാണ്ടുകളായി വൈവിധ്യമാർന്ന വനസസ്യങ്ങൾ വളർന്നമർന്നു നിന്നുകൊണ്ട് സംരക്ഷിക്കപ്പെട്ടിരുന്ന വനമണ്ണിന്റെ സ്ഥിരതയ്ക്ക് താളംതെറ്റലുണ്ടായി. തോട്ടം വച്ചുപിടിപ്പിക്കുന്നതിന്റെ പ്രാരംഭ നടപടിയായി ചെയ്യുന്ന തീവെയ്പ്, വനസസ്യത്തോടുകൂടി അനുവദിക്കുന്ന ടോങ്കിയാക്യഷി തുടങ്ങിയവ ആ സ്ഥലത്തെ മേൽമണ്ണിനെ മുഴുവൻ സ്ഥാനഭ്രഷ്ടമാക്കുക തന്നെ ചെയ്തു. കുന്നിന്റെ അടിവാരത്തിൽനിന്നും മുകളിലേക്ക് പോകുന്തോറും ഈ വിപത്തിന്റെ ഉഗ്രത കൂടിക്കൂടി വരുന്നു. ഈ പ്രതിഭാസം ശരിയായി മനസ്സിലാക്കുവാൻ ഒരു നിരീക്ഷണം ഇവിടെ ഉദാഹരിക്കാം. കേരളത്തിലെ കുന്നിൻചരിവിൽ നിർമിച്ചിട്ടുള്ള ഏതെങ്കിലും തേക്കിൻതോട്ടം പരിശോധിക്കുക. ഇവിടെ സ്വാഭാവിക വനം നിലനിൽക്കുമ്പോൾ കുന്നിന്റെ അടിവാരത്തിലും ചരിവിലും മുകളിലുമെല്ലാം തന്നെ ഉള്ള മരങ്ങൾ ഒരുപോലെ വളർന്നു പുഷ്ടിപ്രാപിക്കുന്നു. അവയുടെ വളർച്ചയിൽ വലിയ അന്തരം ദൃശ്യമാകുന്നില്ല. എന്നാൽ അതേ സ്ഥലത്തെ തേക്കിൻതോട്ടങ്ങൾക്ക് അടിവാരത്തിൽ നിന്നും മുകളിലേക്കെത്തുന്തോറും ഗുണമേന്മ കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാവുന്നതാണ്. കുന്നിന്റെ അടിവാരത്ത് ഒന്നാമത്തെയോ രണ്ടാമത്തെയോ സൈറ്റ് ക്വാളിറ്റി തോട്ടമാണെങ്കിൽ മുകൾഭാഗത്ത് നാലാമത്തെയോ അഞ്ചാമത്തെയോ ആയിരിക്കാനാണ് സാധ്യത. കുന്നിൻചരിവ് നഗ്നമായപ്പോഴേക്കും മേൽമണ്ണ് ഏറ്റവുമധികം നഷ്ടപ്പെട്ടത് ഉന്നത തലങ്ങളിലായതിനാലാണ് ഈ അന്തരം ദൃശ്യമായത്.

മേൽമണ്ണ് വളമണ്ണാണ്. ഈ മണ്ണ് നഷ്ടപ്പെടുന്നതുമൂലം ഉൽപ്പാദനത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടും.

പ്രതിവിധികൾ

ചരിവുള്ള ഭൂമിയിൽ ഒരു കാരണവശാലും അടമുറിക്കൽ അനുവദിക്കരുത് (1984-മുതൽ കേരളത്തിൽ അടച്ചുമുറിക്കൽ നിറുത്തിവച്ചിരിക്കുകയാണ്). ടോങ്കിയാക്യഷി കഴിവതോളം ഒഴിവാക്കണം. പ്രത്യേകിച്ച് മരച്ചീനിക്ക്യഷി.

വ്യക്ഷാവശിഷ്ടങ്ങൾ കൂപ്പിലിട്ടു ചുടുന്ന രീതി അവസാനിപ്പിക്കണം. ഈ അവശിഷ്ടങ്ങൾ ഇടവിട്ടിടവിട്ട് കോണ്ടൂർ രേഖകളിൽ അടുക്കിയിട്ടാൽ മണ്ണൊലിപ്പ് നിയന്ത്രിക്കാവുന്നതാണ്.

അടച്ചുമുറി നിർത്തിവച്ചെങ്കിലും ഫൈനൽ ഫെല്ലിങ്ങും കോപ്പിസ് ഫെല്ലിങ്ങും നിലവിലുണ്ട്. വർഷം തോറും തേക്കിൻതോട്ടങ്ങളിൽ ഫൈനൽ ഫെല്ലിങ് ഉദ്ദേശം 800 ഹെക്ടറിലും യൂക്കാലിപ്റ്റസ് തോട്ടങ്ങളിൽ കോപ്പിസ് ഫെല്ലിങ് ഉദ്ദേശം 4000 ഹെക്ടറിലും നടത്താറുണ്ട്. രണ്ടു ദശാബ്ദം കഴിയുമ്പോഴേക്കും തേക്കിൻതോട്ടങ്ങളിലെ ഫൈനൽ ഫെല്ലിങ്ങിന്റെ തോത് 2000 ഹെക്ടറോളമായി ഉയരുകയും ചെയ്യും. രണ്ടും മൂന്നും റൊട്ടേഷൻ ആയപ്പോഴേക്കും തേക്കിന്റെ സൈറ്റ് ക്വാളിറ്റി കുറഞ്ഞുവരുന്നതായാണ് നിരീക്ഷണങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് മണ്ണൊലിപ്പ് തടയേണ്ട എല്ലാ സ്വാഭാവിക -ക്യതിമമാർഗങ്ങളും സത്വരം സ്വീകരിക്കേണ്ടതാണ്. പണത്തിന്റെ കുറവ് ഈ പ്രവ്യത്തിക്ക് വിഘാതമായി നിന്നുകൂടാ.

ഇലകൊഴിയും വനങ്ങൾ

ശല്യങ്ങൾക്ക് വിധേയമാകാത്ത സ്വാഭാവിക വനങ്ങളിൽ മണ്ണൊലിപ്പ് ഇല്ലെന്നുതന്നെ പറയാം. എന്നാൽ ഇടപെടലിന്റെ അല്ലെങ്കിൽ ശല്യത്തിന്റെ തോതനുസരിച്ച് മണ്ണൊലിപ്പ് ഉൾപ്പെടെയുള്ള ദോഷങ്ങളുടെ തോതും വ്യത്യസ്തമായിരിക്കും.

ഇലകൊഴിയും വനങ്ങൾ തീ, കാലിമേച്ചിൽ തുടങ്ങിയ ശല്യങ്ങൾക്ക് എത്രമാത്രം വിധേയമായി കഴിഞ്ഞിട്ടുണ്ടെന്ന് അവയെ സംബന്ധിച്ചുള്ള അധ്യായങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. വർഷംതോറും സാധാരണ ജനുവരി-മാർച്ച് വരെയുള്ള വേനൽക്കാലത്ത് കത്തുന്ന തീ ഇലകൊഴിയും വനങ്ങളിലെ മേൽമണ്ണിനെ നഗ്നമാക്കുക മാത്രമല്ല അതിന്റെ ഘടനയെത്തന്നെ നശിപ്പിച്ചുകളയുന്നു. അനാവൃതമാക്കപ്പെട്ട മേൽമണ്ണ് മൺസൂണിനു മുന്നോടിയായി പെയ്യുന്ന പുതുമഴയോടുകൂടി ഒഴുകി അരുവികളിലും തടാകങ്ങളിലും എത്തും. ഇലകൊഴിയും വനങ്ങളിൽ പരിശോധന നടത്തിയാൽ മേൽമണ്ണിന്റെ അഭാവം തീർത്തും മനസ്സിലാക്കാവുന്നതാണ്.

പ്രതിവിധികൾ

ഇലകൊഴിയും വനങ്ങളിൽ നിന്നും കാട്ടുതീയും കാലിമേച്ചിലും ഒഴിവാക്കണം. ഗവേഷണ വിഭാഗത്തിന്റെ കീഴിൽ പരീക്ഷണാർഥം നാലഞ്ച് സ്ഥലങ്ങളിൽ ഓരോ പ്ലോട്ടുകൾ ഇതേ രീതിയിൽ സംരക്ഷിച്ചു വരികയാണ്. ഈ സംരക്ഷണ പ്ലോട്ടുകളിൽ മണ്ണൊലിപ്പ് മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നിസ്സാരമെന്നു തന്നെ പറയാം. അതുകൊണ്ട് ഒരു ആസൂത്രിത പദ്ധതിയനുസരിച്ചുതന്നെ നമ്മുടെ സ്വാഭാവിക വനങ്ങളെല്ലാം തീയിൽ നിന്നും കാലിമേച്ചിലിൽ നിന്നും സംരക്ഷിക്കപ്പെടണം. അല്ലെങ്കിൽ വനത്തിലെ വളമണ്ണ് മുഴുവൻ ഇല്ലാതായി വനം തന്നെ ക്രമേണ ഇല്ലാതാകുമെന്നു മാത്രമല്ല അനേക കോടി രൂപ മുടക്കി പണികഴിപ്പിച്ചിട്ടുളള ജലവൈദ്യുതപദ്ധതികളെല്ലാം മണ്ണടിഞ്ഞ് ജലസംഭരണ ശേഷി ശോഷിച്ച് പ്രവർത്തനരഹിതമാകുകയും ചെയ്യും.

ജലവൈദ്യുതപദ്ധതികളുടെ ജലസംഭരണികൾക്കു ചുറ്റും ഇടതൂർന്ന ഒരു ബെൽറ്റ് വനം വച്ചുപിടിപ്പിക്കണം. ഇതിന്റെ വീതി കുറഞ്ഞത് എഫ് ആർ എൽ -ൽ നിന്നും അരകിലോമീറ്ററെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. സ്വാഭാവിക വനങ്ങളുണ്ടെങ്കിൽ തന്നെ, നിബിഡമായ നിത്യഹരിതവനമല്ലെങ്കിൽ (പമ്പയിലെപ്പോലെ) മുള, ഈറ തുടങ്ങിയവ അനുയോജ്യമായ മറ്റു മരങ്ങളോടൊപ്പം വച്ചുപിടിപ്പിച്ച് മണ്ണ് ഒട്ടുംതന്നെ ഇളകാനിടയാകാത്ത ഒരു പരിതസ്ഥിതി സ്യഷ്ടിക്കണം.

മണ്ണാലിപ്പു മൂലം ഉളവായിട്ടുള്ള ഒഴുക്കുചാലുകൾ വേണ്ടവിധത്തിൽ കൈകാര്യം ചെയ്ത് പൂർവസ്ഥിതിയിലെത്തിക്കുവാൻ ശ്രമിക്കണം.

നദികളും തോടുകളും

നമ്മുടെ വനഭാഗങ്ങളിൽ കൂടി 44 പ്രധാന നദികളും ശതക്കണക്കിന് ഉപനദികളും സഹസ്രക്കണക്കിന് അരുവികളും ഒഴുകുന്നുണ്ട്. ഇതിന്റെ തിട്ടകൾ സസ്യാവ്യതമല്ലെങ്കിൽ വർഷകാലത്ത് വെളളപ്പാച്ചിലിൽ തിട്ടകൾ ഇടിഞ്ഞ് മണ്ണൊലിപ്പുണ്ടാകുകയും തിട്ടയിൽ നിൽക്കുന്ന മരങ്ങൾ കടപുഴകി നദിയിലേക്കു മറിയുകയും ചെയ്യും. തിട്ടകൾ ഇടിഞ്ഞു വീഴുന്നതിനാൽ നദികൾക്ക് വീതി കൂടി ആഴം കുറയുന്നു. അങ്ങനെ വെള്ളപ്പൊക്കത്തിനുള്ള സാധ്യത വർധിക്കുന്നു.

പ്രതിവിധികൾ

തോട്ടങ്ങൾ നിർമിക്കുവാൻ വേണ്ടി അടച്ചുമുറിക്കൽ നടത്തുമ്പോൾ നദികളുടെയും അരുവികളുടെയും അരികു ചേർന്ന് രണ്ടു ചെയിൻ ബൽറ്റ് സ്വാഭാവിക വനങ്ങൾ നിലനിർത്തണമെന്നായിരുന്നു പൊതുവെയുള്ള നിർദേശം. എന്നാൽ പല ഡിവിഷനുകളിലും ഈ നിർദേശം വകവയ്ക്കാതെയാണ് തോട്ടനിർമാണം നടത്തിയിട്ടുളളത്. തിട്ടയിടിഞ്ഞ് മണ്ണൊലിപ്പുണ്ടാകുക അവിടെയെല്ലാം സാധാരണയാണ്. ഈവിധത്തിൽ പ്രവർത്തിച്ചിട്ടുള്ള വനഭാഗങ്ങൾ തിട്ടപ്പെടുത്തി അവിടെയെല്ലാം നദീകരകൾ സസ്യാവ്യതമാക്കുവാനുള്ള പരിപാടി ആവിഷ്കരിക്കേണ്ടതാണ്. മുള, ഈറ തുടങ്ങി മണ്ണിനെ സ്ഥിരീകരിച്ചു നിർത്തുവാൻ കഴിവുളള സസ്യങ്ങൾക്ക് മുൻഗണന നൽകണം.

ഫൈനൽ ഫെല്ലിങ്ങിനും കോപ്പിസ് ഫെല്ലിങ്ങിനും വിധേയമാകുന്ന തോട്ടങ്ങളിൽ നദിയരികുചേർന്നു നിൽക്കുന്ന മരങ്ങൾ മറ്റു സസ്യങ്ങൾ വച്ചുപിടിപ്പിച്ചുകൊണ്ടുവരുന്നതുവരെ മുറിച്ചുമാറ്റരുത്.

നദികൾ വളഞ്ഞൊഴുകുന്ന ഭാഗങ്ങളിലും മറ്റു നദികളോ ഉപനദികളോ ചേരുന്ന ഭാഗങ്ങളിലും ഒഴുക്കിന്റെ ശക്തി നിമിത്തം തിട്ടയിടിയൽ സംഭവിക്കാവുന്നതാണ്, ഒഴുക്കിന്റെ ശക്തി ലഘൂകരിക്കുവാനായി ഇത്തരം ഭാഗങ്ങളിൽ 'റിവർട്രെയിനിങ് ജോലികൾ ആവശ്യാനുസരണം ചെയ്യണം. പുലിമുട്ടുകൾ നിർമിച്ച് ഒഴുക്കിന്റെ ശക്തി ക്രമീകരിച്ച് തിട്ടകളിടിയാൻ ഇടയാകാതെ സൂക്ഷിക്കേണ്ടതാണ്.

മലയിടിച്ചിൽ

മലഞ്ചരിവുകളിൽകൂടി നിർമിച്ചിട്ടുള്ള റോഡുകളുടെ അരികിൽ മണ്ണിടിച്ചിൽ ഉണ്ടാകുക മഴക്കാലത്ത് സാധാരണയാണ്. നല്ല മരക്കെട്ടില്ലാത്ത ഭാഗങ്ങളിലാണ് ഇത് അധികപക്ഷവും സംഭവിക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴ മണ്ണിനെ ജലപൂരിതമാക്കുന്നതിനാൽ ഇടിഞ്ഞു വീഴുന്നു. ഇത്തരം മലയിടിച്ചിൽ മൂലം താമരശ്ശേരിയിൽനിന്നും വയനാട്ടിലേക്കുള്ള റോഡ് ദിവസങ്ങളോളം സഞ്ചാരയോഗ്യമല്ലാതാകുക വർഷകാലത്തു പതിവാണ്. ഇതിനുള്ള പ്രധാന പ്രതിവിധി മലഞ്ചരിവിൽ കൂടിയുള്ള റോഡരികുകൾ സസ്യനിബിഡമാക്കുകയെന്നുള്ളതാണ്. ചില ഭാഗങ്ങളിൽ മണ്ണിനെ നിയന്ത്രിച്ചു നിർത്തുവാൻ വേണ്ടി കൽഭിത്തികളും (റീറ്റെയിനിങ് വോൾ) നിർമിക്കേണ്ടി വരും.

ഉരുൾപൊട്ടൽ

ഉരുൾപൊട്ടലിന്റെ യഥാർഥ കാരണങ്ങൾ ഇനിയും ദീർഘനാളത്തെ ഗവേഷണഫലങ്ങൾക്കേ വെളിച്ചത്തു കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂവെന്നാണ് ഇതിനെ സംബന്ധിച്ച് പ്രാഥമികപഠനം നടത്തിയിട്ടുള്ള ശാസ്ത്രജ്ഞന്മാരുടെയും വ്യക്തിപരമായി നിരീക്ഷണങ്ങൾ നടത്തുന്ന മറ്റു വിജ്ഞാന കുതുകികളുടെയും പഠന റിപ്പോർട്ടുകളും ലേഖനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

ബ്രിട്ടാനിക്ക എന്ന വിജ്ഞാനകോശത്തിൽ ഈ പ്രതിഭാസത്തെ വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

"ഭൂമിയുടെ ഉപരിതലത്തിൽ ക്രമാതീതമായി മഴവെള്ളം ചില പ്രത്യേകഭാഗത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ പതിക്കുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. മിക്കവാറും ഉരുൾപൊട്ടൽ മിന്നലും കൊടുങ്കാറ്റും ചേർന്ന അതിവ്യഷ്ടിസമയത്താണുണ്ടാകുന്നത്. അങ്ങനെയുള്ള അവസരങ്ങളിൽ മുകളിലേക്കുള്ള ശക്തമായ വായുപ്രവാഹം മഴത്തുള്ളികൾ താഴേക്കു വീഴാതെ തടഞ്ഞുനിർത്തുന്നു. അങ്ങനെ അന്തരീക്ഷത്തിൽ ഒരുമിച്ചു കൂടുന്ന ജലം വായുപ്രവാഹത്തിന്റെ ശക്തി ക്ഷയിക്കുമ്പോൾ ഒന്നിച്ചു താഴേക്കു പതിക്കും.”

'എന്നാൽ മുകളിൽ സൂചിപ്പിച്ച അഭിപ്രായത്തോട്, പ്രത്യേകിച്ച് അതിൽ വിവരിച്ചിട്ടുള്ള കാരണങ്ങളോട് വിയോജിപ്പുളളവരുമുണ്ട്.

ശാസ്ത്രീയമായ മറ്റൊരു നിഗമനം പരിശോധിക്കാം. ഉരുൾ പൊട്ടലിന്റെ അടിസ്ഥാന കാരണം മലഞ്ചരിവിലെ ഭൂഗർഭജലത്തിന്റെ അളവിലുള്ള വ്യതിയാനവും മർദവും മണ്ണിനും പാറയ്ക്കും ഇടയിലുള്ള അടിയൊഴുക്കിന്റെ തോതുമാണ്. ചില ഭാഗങ്ങളിൽ ഈ അടിയൊഴുക്കുകൾ കൂടുതലായി കാണുന്നു. പാറയുടെ ഘടനാവ്യത്യാസമനുസരിച്ച് ഇത്തരം പ്രദേശങ്ങളില്‍ പുറംമണ്ണിന്‍റെയും ഭൂഗര്‍ഭജലത്തിന്‍റെയും ലഘുവായി ആരംഭിക്കുന്ന തള്ളല്‍ ബലഹീനതലങ്ങളില്‍ കൂടി താഴേക്ക് കുത്തിയൊലിച്ചിറങ്ങുന്ന വെള്ളത്തിന്‍റെ അളവും വേഗതയും വര്‍ധിപ്പിക്കും. വളരെ ചെറുതായി ആരംഭിക്കുന്ന കുത്തിയൊലിപ്പ് താഴേക്ക് വരുന്തോറും വലിയ വിള്ളലായി മാറുന്നു. ഈ ഭാഗത്തുള്ള മണ്ണ്, പാറകള്‍, വൃക്ഷങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ സമൂലനാശം സംഭവിക്കും.

പരേതനായ ഐ.സി ചാക്കോയുടെ അഭിപ്രായം രേഖപ്പെടുത്തട്ടെ: “മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ ചുഴലികാറ്റ് അടിക്കുവാന്‍ ഇടയായാല്‍ പെയ്തുകൊണ്ടിരിക്കുന്ന മഴവെള്ളത്തില്‍ ഭൂരിഭാഗവും ആ ചുഴലിയില്‍ അകപ്പെട്ട് അതിവേഗത്തില്‍ ഭ്രമണം ചെയ്യുന്ന സ്തംഭത്തിന്‍റെ രൂപത്തില്‍ ശക്തിയോടുകൂടി ഭൂതലത്തില്‍ ഒരു ചെറിയ വട്ടത്തില്‍ പതിക്കുന്നു. അവിടെനിന്നും അത് ഒരു വലിയ ജലപ്രവാഹമായി താഴോട്ടു ഒഴുകും. പതിച്ച സ്ഥാനത്ത് ഒരു ഗര്‍ത്തം ഉണ്ടാകുന്നു. അത് മലപൊട്ടിയതാണെന്നുള്ള ധാരണയിലാണ് ഈ പ്രതിഭാസത്തെ ഉരുള്‍പൊട്ടല്‍ എന്ന പേരില്‍ വിശേഷിപ്പിക്കുന്നത്.”

മറ്റൊരു അഭിപ്രായം ഉരുള്‍പൊട്ടുന്നതിനു കാരണം ആലക്തിക മേഘങ്ങളാണെന്നാണ്. പ്രസ്തുത മേഘങ്ങള്‍ മഴയായിട്ടു പതിക്കുവാന്‍ തയ്യാറായിട്ടിരിക്കുമ്പോള്‍ ഒരു പരിധിക്കപ്പുറം ഭൂമിയോട് അടുത്തുവന്നാല്‍ അവയില്‍ വിദ്യുത്പ്രകമ്പനം ഉണ്ടാകുകയും അവയുടെ അടിയില്‍നിന്നും ഒന്നോ അതിലധികമോ ‘മുളകള്‍’ അങ്കുരിച്ചു അതിവേഗത്തില്‍ കറങ്ങുന്ന സ്തംഭങ്ങളുടെ രൂപത്തില്‍ താഴോട്ടു ഇറങ്ങുകയും ഇടിവെട്ടുന്ന ശബ്ദത്തോടുകൂടി ഭൂമിയില്‍ സ്പര്‍ശിച്ചു ഒരു ഡ്രില്‍ പോലെ തുളച്ചിറങ്ങുകയും ചെയ്യുന്നു.

കാലാകാലങ്ങളില്‍ വര്‍ഷകാലത്ത് ഇടുക്കിജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുക സാധാരണമാണ്. ദൃക്സാക്ഷികള്‍ ഈ വിചിത്ര പ്രതിഭാസത്തെ വിവരിക്കുന്നത് കേട്ടാല്‍ അവിശ്വസനീയമായി ആര്‍ക്കും തോന്നാവുന്നതാണ്. നോക്കിനില്‍ക്കെ മലഞ്ചെരിവില്‍ ഒരിടത്ത് കാര്‍മേഘങ്ങള്‍ ഒന്നുചേരുന്നു. അങ്ങനെ കേന്ദ്രീകരിച്ച മേഘങ്ങള്‍ ഒരു മേഘത്തൂണായി മാറുന്നു. ഭയങ്കരമായ ശബ്ദത്തോടെ ആ മേഘസ്തംഭം മലയില്‍ മുറിഞ്ഞുവീഴും. പിന്നീട് വലിയ പാറയും മണ്ണും മരങ്ങളുമായി വെള്ളം കുത്തിയൊലിച്ചു താഴേക്ക് പോകും.

വനങ്ങൾ നശിപ്പിച്ചതുകൊണ്ടാണ് ഉരുൾപൊട്ടൽ അധികമായി ഉണ്ടാകുന്നതെന്നൊരു വിശ്വാസം നിലവിലുണ്ട്. വനനശീകരണവും ഉരുൾപൊട്ടലുമായി ബന്ധമൊന്നുമില്ലെന്നു വാദിക്കുന്നവരും ഉണ്ട്. പാറപൊട്ടിക്കൽ, തുരങ്കനിർമാണം, ഡാമിൽനിന്നുള്ള ടെക്ടോണികമർദം തുടങ്ങിയവയും ഉരുൾപൊട്ടലിനു കാരണമായി പറയുന്നുണ്ട്. എന്തായാലും ഒരു കാര്യം വ്യക്തമാണ്. വനാന്തരങ്ങളിൽ ഉരുൾപൊട്ടൽ വളരെ വിരളമായേ ഉണ്ടാകാറുള്ളൂ. ഇടുക്കി ജില്ലയിൽ വനം വെട്ടിത്തെളിച്ച് കുടിയേറ്റത്തിനു വിധെയമായ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലും തന്മൂലമുള്ള നാശങ്ങളും അധികമായി കാണപ്പെടുന്നത്, വനം തെളിക്കൽ അഥവാ വനനിബിഡതയിലുണ്ടാകുന്ന അയവ് ഈ പ്രതിഭാസത്തിന് വഴിതെളിച്ചേക്കാമെന്ന് ന്യായമായും വിശ്വസിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ചരിവേറിയ ഭൂമികളിൽ ധാരാളം വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുവാൻ മലയോര കർഷകർ ശ്രമിക്കേണ്ടതാണ്. സർക്കാർ ഇതിനുവേണ്ട നിയമനിർമാണങ്ങൾ തന്നെ ഉണ്ടാക്കേണ്ടതും ആവശ്യമായ എല്ലാ ഒത്താശകളും കർഷകർക്ക് ചെയ്തു കൊടുക്കേണ്ടതുമാണ്.

(2001 നവംബർ ഒമ്പതിന്) തിരുവനന്തപുരത്തിനടുത്ത് അമ്പൂരിയിലെ കുരിശുമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ അപഹരിച്ചത് 38 പേരുടെ ജീവനാണ്. രാത്രി എട്ടുമണിയാകാറായപ്പോൾ കനത്ത മഴയത്ത് ഒരു ഇടിവെട്ടോടുകൂടിയാണ് ആ ദുരന്തം സംഭവിച്ചത്. മണിയൻ എന്ന ആളിന്റെ വീടിനു പിന്നിൽ തുടങ്ങിയ മണ്ണിടിച്ചിൽ അടുത്തു താമസിച്ചിരുന്ന അശോകന്റെ സ്ഥലവും വീടും തൂത്തുവാരി താഴെയുണ്ടായിരുന്ന റബർ വ്യാപാരിയായ സി.ഡി. തോമസിന്റെ ടെറസ് കെട്ടിടത്തെ തകർത്തു കൊണ്ടാണ് താണ്ഡവമാടിയത്. അശോകന്റെ ഭാര്യയും മൂന്നു മക്കളും അമ്മയും കുഞ്ഞമ്മയും മരണത്തിലേക്ക് ഒഴുകിപ്പോയി; അതുപോലെ സി.ഡി. തോമസിന്റെ വീട്ടിൽ അടുത്ത ദിവസം നടത്തേണ്ട മകൻ ബിനുവിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കുവാൻ എത്തിയിരുന്ന ബന്ധുക്കളുൾപ്പെടെയുള്ളവരും (സി.ഡി, തോമസ് മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്). കുറെ വർഷങ്ങൾക്ക് മുമ്പ് ഈ ഭാഗം വനപ്രദേശമായിരുന്നു; തെളിച്ച് കൃഷിയിടമാക്കിയിട്ട് അധികാലമായിട്ടില്ല. തലസ്ഥാന നഗരിയുടെ അടുത്തായതുകൊണ്ട് കുറെ ദിവസം ഈ അത്യാഹിതത്തെ സംബന്ധിച്ച് ഒച്ചപ്പാടുണ്ടായെങ്കിലും ഇപ്പോൾ എല്ലാവരും എല്ലാം മറന്ന മട്ടാണ്.

വെട്ടുകൽരൂപീകരണം

കേരളത്തിലെപ്പോലെ നനവാർന്ന ഉഷ്ണമേഖലയിൽ സർവ സാധാണമായി കണ്ടുവരുന്ന മണ്ണാണ് വെട്ടുകൽമണ്ണ്. ഭൂമിക്കടിയിൽ സ്ഥിതിചെയ്യുമ്പോൾ മൺവെട്ടി കൊണ്ട് മുറിച്ചെടുക്കത്തക്കവണ്ണമുള്ള കടുപ്പമേ ഇതിനുണ്ടായിരിക്കുകയുള്ളൂ. എന്നാൽ ഇത് അനാവരണം ചെയ്യപ്പെട്ടാൽ കടുപ്പവും ഉറപ്പും വർധിച്ച് കെട്ടിടനിർമാണത്തിന് ഉപയോഗപ്രദമായിത്തീരുന്നു. ഇങ്ങനെ നഗ്നമാക്കൽ മൂലം കടുപ്പമേറിപ്പോയ വെട്ടുകല്ലിൽ സസ്യങ്ങൾക്കു വളരുവാൻ പ്രയാസമേറുന്നു.

വെട്ടുകൽമണ്ണിന്റെ രൂപീകരണരീതി പരിശോധിച്ചു നോക്കാം. നനവാർന്ന ഉഷ്ണാവസ്ഥയിൽ രാസവിയോജനം അതിവേഗത്തിലായിരിക്കും. പൊട്ടാഷ്, ലൈം എന്നിവ ധാതുക്കളിൽ നിന്നു വേർതിരിഞ്ഞ് വെള്ളത്തിൽ ലയിച്ച് ഭൂഗുരുത്വ ജലത്തോടൊപ്പം അടിയിലേക്ക് ഊർന്നിറങ്ങും. അവശേഷിക്കുന്ന മണ്ണ് സിലിക്കയും ഇരുമ്പിന്റെയും അലുമിനിയത്തിന്റെയും ഓക്സൈഡുകളും ആയി വിഘടിക്കും. ക്ഷാരമാധ്യമത്തിൽ സിലിക്ക ഹ്യൂമസിന്റെ കുറവുളളിടത്ത് മാറ്റപ്പെടും. അവശേഷിക്കുന്നത് പ്രധാനമായും ഇരുമ്പിന്റെയും അലൂമിനിയത്തിന്റെയും ഓക്സൈഡുകളായിരിക്കും. വനസാന്ദ്രത കുറയുന്തോറും മണ്ണൊലിപ്പിന്റെ തോത് വർധിക്കുകയും വെട്ടുകൽനിര അനാവരണം ചെയ്യപ്പെടുകയും ചെയ്യുന്നു. അനാവ്യതമായ ചെങ്കല്ല് ഉറച്ച് കടുപ്പമേറി വ്യക്ഷവാസയോഗ്യമല്ലാതാകും. വെട്ടുകല്ലിന്റെ രൂപീകരണം അതിതീവ്രഘട്ടത്തിലെത്തിയിട്ടില്ലെങ്കിൽ കശുമാവ്, ഇരുൾ, നെല്ലി തുടങ്ങിയ സസ്യങ്ങൾ വളരും.

വനസാന്ദ്രത വർധിപ്പിച്ച് ഈ ദൂഷ്യങ്ങളെല്ലാം പരിഹരിക്കാവുന്നതാണ്. വനസാന്ദ്രത വർധിപ്പിക്കുന്നതോടുകൂടി ഹ്യൂമസി (വളമണ്ണ്) ന്‍റെ തോത് തൃപ്തികരമാകുന്നു. വെട്ടുകൽരൂപീകരണത്തിന്റെ തീവ്രത കുറയുന്നു. മണ്ണൊലിപ്പും പ്രശ്നമല്ലാതായിത്തീരുന്നു.

മനുഷ്യൻ

മനുഷ്യൻ പരോക്ഷമായി വനത്തിനുണ്ടാക്കുന്ന ദൂഷ്യങ്ങളെ സംബന്ധിച്ച് തീ, കാലിമേച്ചിൽ തുടങ്ങിയ പേജുകളിൽ വിവരിച്ചുകഴിഞ്ഞു. മനുഷ്യന്റെ പ്രത്യക്ഷത്തിലുള്ള പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന വൈകല്യങ്ങളാണ് ഈ അധ്യായത്തിലെ പ്രതിപാദ്യ വിഷയം. ഇവ താഴെപ്പറയുന്നു.

  1. വനം കയ്യേറ്റം
  2. തടി മോഷണം
  3. വിറകുശേഖരണം
  4. കരി ശേഖരണം
  5. മാനേജ്മെന്റിലെ പാകപ്പിഴകൾ

വനം കയ്യേറ്റം

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ കേരളത്തിലെ വനവിസ്തൃതി നാലിൽ മൂന്നായിരുന്നു. ഈ വിസ്ത്യതി 19-)൦ നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി രണ്ടിലൊന്നായി ചുരുങ്ങി. ഇതിനുള്ള പ്രധാന കാരണം 19-)൦ നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ വ്യാപകമായ തോതില്‍ നിലവിൽ വന്ന മലകൃഷിയാണ്. ബോർഡിലോണ്‍ തന്‍റെ “റിപ്പോർട്ട് ഓൺ ദി ഫോറസ്റ്റ് ഓഫ് ട്രാവൻകൂർ” എന്ന ഗ്രന്ഥത്തിൽ അക്കാലത്തെ മലകൃഷി സമ്പ്രദായം വിവരിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.

"മഴ മാറി വേനൽക്കാലം ആരംഭിക്കുമ്പോൾ കർഷകൻ വനത്തിൽ പോയി കൃഷിക്കുവേണ്ട ഭൂമി തിരഞ്ഞെടുക്കുന്നു. ഒരു സാധു കർഷകനാണെങ്കിൽ തന്റെ കുടുംബത്തിന് ഒരു വർഷത്തേക്കു വേണ്ട നെല്ലു വിളയിക്കാൻ മാത്രമുള്ള ഭൂമികൊണ്ടു തൃപ്തിപ്പെടുന്നു. എന്നാൽ സമ്പന്നനെങ്കിൽ ദശക്കണക്കിന് ഹെക്ടർ വിസ്തീർണം വരുന്ന കന്നിവനവിഭാഗംതന്നെ കൃഷിക്കു തിരഞ്ഞെടുക്കും. മുമ്പ് കൃഷിക്കുപയോഗിച്ച പ്രദേശത്തേക്കാൾ കൂടുതൽ വിളവ് കന്നിവന ഭൂമിയിൽനിന്നും ലഭിക്കും. കന്നിവനഭാഗം ആവശ്യാനുസരണം ലഭ്യമല്ലെങ്കിൽ ദ്വിതീയ വനഭാഗം അതായത് മുമ്പ് കൃഷിചെയ്തുപേക്ഷിച്ചിട്ടു വർഷങ്ങളായത് തിരഞ്ഞെടുക്കും. ഈ ദ്വിതീയ വനഭാഗം തന്നെ പത്തു പതിനഞ്ചു വർഷങ്ങൾക്കകം ക്യഷിചെയ്യാത്തതും നല്ല മരക്കെട്ടുള്ളതും ആയിരിക്കും.

വനഭൂമി തിരഞ്ഞെടുത്തശേഷം അവിടെയുള്ള അടിക്കാടുകളും മരങ്ങളും മുറിച്ചുതള്ളും. വളരെ വലിപ്പം കൂടിയ മരങ്ങളുണ്ടെങ്കിൽ ഒരുപക്ഷേ മുറിച്ചില്ലെന്നു വരാം. എങ്കിലും തണലൊഴിവാക്കുവാനും ഇലയിൽനിന്നും വെള്ളം തുള്ളി തുള്ളിയായി വീണ് ക്യഷിക്കു ശല്യം ഉണ്ടാകാതിരിക്കുവാനും ഇത്തരം വൻമരങ്ങൾ വരഞ്ഞുണക്കുക സാധാരണയാണ്. രണ്ടു മൂന്നു മാസം കൊണ്ട് മുറിച്ചിട്ടതെല്ലാം നല്ലവണ്ണം ഉണങ്ങും. അപ്പോൾ അവ കത്തിച്ച് ചാരമാക്കും. ചൂടു മാറിക്കഴിയുമ്പോൾ കിളച്ച് മണ്ണിളക്കി ചാരം മണ്ണുമായി ചേർക്കും. ഭൂമി അങ്ങനെ വിത്തിടുവാൻ തയാറാക്കി കഴിഞ്ഞു. മഴ പെയ്ത് ആവശ്യാനുസരണം മണ്ണു കുതിരുമ്പോൾ വിത്തു വിതയ്ക്കും. വിതച്ചു മൂന്നു മാസത്തോളം കഴിയുമ്പോൾ നെല്ല് കൊയ്യാറാകും. കൃഷിയെടുത്തതിനുശേഷം ഈ ഭൂമി ഉപേക്ഷിക്കുകയാണു പതിവ്. ചുരുക്കം ചില സന്ദർഭങ്ങളിൽ ആദ്യവിളയ്ക്ക് ശേഷം മുതിരയോ ചാമയോ കപ്പയോ കൃഷി ചെയ്തെന്നു വരാം. വീണ്ടും ഈ ഭൂമി ഉപയോഗിക്കുക പത്തിരുപത് വര്‍ഷം കഴിഞ്ഞ് അവിടെ ചെടികളും മരങ്ങളും കൊണ്ട് നിബിഡമാകുമ്പോഴാണ്”.

വനങ്ങളുടെ മാനേജ്മെന്റിനെ സംബന്ധിച്ചും അതു കൈകാര്യം ചെയ്യുന്നവിധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാനായി 1881- ഏപ്രിലിൽ ബോർഡിലോൺ ഉൾപ്പെടെയുള്ള ഒരു സ്പെഷ്യൽ കമ്മിറ്റി രൂപം കൊണ്ടു. ഈ കമ്മിറ്റി മലബാർ പ്രദേശത്തിനുകൂടി ബാധകമായിരുന്ന മദ്രാസ് ഫോറസ്റ്റ് ആക്ടിന്റെ മാതൃകയിൽ ഒരു നിയമം അടിയന്തിരമായി നടപ്പിൽ വരുത്തുവാൻ ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പഴയ തിരുവിതാംകൂറിൽ 1887-ൽ ആദ്യത്തെ വനനിയമം നിലവിൽവന്നു. 1905 - ൽ മാത്രമാണ് കൊച്ചി ഫോറസ്റ്റ് ആക്ട് പാസായത്.

വനനിയമങ്ങൾ പാസായതോടു കൂടി വനഭാഗങ്ങൾ ‘റിസർവ്' ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. റിസർവ് വനങ്ങൾ യാതൊരു ബാധ്യതയും കൂടാതെ പൂർണമായും സർക്കാർ ഉടമയിലുള്ള വനങ്ങളാക്കി സംരക്ഷണം ഉറപ്പുവരുത്തുവാനാണ് ഈ നിയമങ്ങളും ബന്ധപ്പെട്ട ചട്ടങ്ങളും മുഖേന സർക്കാർ അധികാരം ഏറ്റെടുത്തത്. തദനുസരണം പല വിഭാഗങ്ങളും കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ 'റിസർവ്വന'ങ്ങളായി പ്രഖ്യാപിക്കപ്പെട്ടു.

മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന ബ്രിട്ടീഷ് മലബാറിൽ വനങ്ങൾ റിസർവ് ചെയ്യുവാൻ ചില ബുദ്ധിമുട്ടുകൾ നേരിട്ടു. സെറ്റിൽമെന്റെ സമയത്ത് നിർദിഷ്ട റിസർവിനെ സംബന്ധിച്ച് സ്വകാര്യവ്യക്തികളുടെ അവകാശം തെളിയിക്കേണ്ട ബാധ്യത തിരുവിതാംകൂറിലും കൊച്ചിയിലും ആ വ്യക്തികളിലാണ് നിക്ഷിപ്തമായിരുന്നതെങ്കിൽ ബ്രിട്ടീഷ് മലബാറിൽ അതു സർക്കാരിന്റെ ചുമതലയായി നിലകൊണ്ടു. സിവിൽ കോടതികൾ അപ്പീൽ കൈകാര്യം ചെയ്യുമ്പോൾ താഴെപ്പറയുന്ന സമീപനം ഒരു വഴക്കമായി സ്വീകരിച്ചുപോന്നു.

  1. എസ്ചീറ്റോ കരാറോ അനുസരിച്ച് സർക്കാർ കൈവശമില്ലാത്ത വനങ്ങളൊന്നും സർക്കാരിന്റെ പൂർണ അധീനതയിലല്ല.
  2. എസ്ചീറ്റോ കരാറോ മൂലം സർക്കാർ കൈവശമല്ലാത്ത ഭൂമികൾ ജന്മികളുടെ  പൂർണസ്വത്തായിരിക്കും.

ബ്രിട്ടീഷ് ഭരണകൂടം ഈ നിലപാട് കൈക്കൊള്ളുവാൻ കാരണം അവർക്ക് മലബാർ പ്രദേശത്ത് വൈഷമ്യമേറിയ പല രാഷ്ട്രീയ എതിര്‍പ്പുകളെയും ചെറുക്കേണ്ടിയിരുന്നതുകൊണ്ട് കൂട്ടത്തില്‍ കൂടുതല്‍ ഭൂമികള്‍ റിസര്‍വ്വാക്കി സംരക്ഷിക്കുവാനുള്ള ബാധ്യത കൂടി ഏറ്റെടുക്കേണ്ട എന്ന നയപരമായ സമീപനം മൂലമാണ്. പരിണതഫലം പൊതുമുതലാകേണ്ടിയിരുന്ന ഗുണമേന്മയൊത്ത വനങ്ങള്‍ സ്വകാര്യവ്യക്തികളുടെ കൈവശമായി നിലനിന്നു. ഇക്കാരണത്താലാണ് ബ്രിട്ടീഷ് മലബാറില്‍ റിസര്‍വ് വനങ്ങളെക്കാൾ കൂടുതൽ സ്വകാര്യവനങ്ങൾ ഉണ്ടായിരുന്നത്. രണ്ടായിരത്തോളം ഹെക്ടർ വനങ്ങൾ റിസർവ് ചെയ്യപ്പെട്ടപ്പോൾ ഉദേശം 4,00,000 ഹെക്ടര്‍ വനങ്ങൾ സ്വകാര്യസ്വത്തായി നിലനിന്നു.

രണ്ടാം ലോക മഹായുദ്ധത്തോടു കൂടി ഭക്ഷണസാധനങ്ങൾക്ക് വമ്പിച്ച ദാരിദ്യം നേരിട്ടു. ഈ ദുസ്ഥിതി തരണം ചെയ്യാനായി തിരുവിതാംകൂറിലെയും കൊച്ചിയിലെയും സർക്കാരുകൾ സർവേയോ അതിരുനിർണയമോ ചെയ്യാതെ റിസർവ് വനഭാഗങ്ങൾ കൃഷിചെയ്യാനായി പാട്ടത്തിന് നൽകി. ദ്രുതഗതിയിലുള്ള ഈ വിതരണ സമ്പ്രദായം കയ്യേറ്റക്കാരെ ഹഠാദാകർഷിച്ചു. അവർ കയ്യേറാവുന്നിടത്തോളം വനഭൂമികൾ കൈക്കലാക്കി. 1949 അവസാനത്തോടുകൂടി കുത്തകപ്പാട്ടക്കാരിൽ നിന്നും അതോടൊപ്പം കയ്യേറ്റക്കാരിൽ നിന്നും സ്ഥിരംപട്ടയത്തിനു വേണ്ടിയുള്ള മുറവിളി ശക്തിപ്രാപിച്ചു. കൈവശസ്ഥലങ്ങൾ പരിശോധിച്ച് വിശദമായ റിപ്പോർട്ടു സമർപ്പിക്കുവാനായി അന്നത്തെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റ്റി.വി. വെങ്കടേശ്വരഅയ്യർ അധ്യക്ഷനായി ഒരു 'മണ്ണൊലിപ്പുവിരുദ്ധ കമ്മിറ്റി', 1950-ൽ സർക്കാർ രൂപീകരിച്ചു. ഈ കമ്മിറ്റി മിക്കവാറും എല്ലാ ഭക്ഷ്യാൽപ്പാദനമേഖലകളും സന്ദർശിച്ച് വിശദമായ ഒരു റിപ്പോർട്ട് സർക്കാരിനു നൽകി. ചില കൈവശഭൂമികളെ സംബന്ധിച്ച് ദീർഘവീക്ഷണത്തോടുകൂടിതന്നെ ഈ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സി.എച്ച് റിസർവിലെ മേഖലയെപ്പറ്റിയുള്ള പരാമർശം നോക്കാം.

“അയ്യപ്പൻ കോവിലിനടുത്ത് സി. എച്ച്. റിസർവിൽ നിന്നും ഭക്ഷ്യോൽപോദനത്തിനു വിട്ടുകൊടുത്തിട്ടുള്ള ഭൂമി കമ്മിറ്റി സന്ദർശിച്ചു. തേക്ക്, ഈട്ടി, ആഞ്ഞിലി തുടങ്ങിയ വിലപിടിപ്പുള്ള വൻമരങ്ങൾ നിറഞ്ഞ ഈ നിബിഡവനങ്ങളെ സ്ഥിരംക്യഷി നാമാവശേഷമാക്കുമെന്നു മാത്രമല്ല, പെരിയാറിന്റെ ജലശേഖരണമേഖലയില്‍  മണ്ണൊലിപ്പിന്റെ ഭീഷണി ഉയർത്തുകയും ചെയ്യും. ഇടുക്കിയിൽ നിന്നും 20-25 കി.മീറ്റർ മുകളിൽ സ്ഥിതിചെയ്യുന്ന അയ്യപ്പൻകോവിൽ ഭാഗത്ത് മണ്ണൊലിപ്പിനിടെ നല്‍കിയാല്‍ വമ്പിച്ച വികസനസാധ്യതയുള്ള ഇടുക്കി പദ്ധതി അവതാളത്തിലാകും. ഇടുക്കിയില്‍നിന്നും ഉത്പാദിപ്പിക്കാവുന്ന വിദ്യുത്ശക്തി തിരു-കൊച്ചിക്ക്‌ മാത്രമല്ല, അയല്‍ പ്രവിശ്യയായ മദ്രാസിനും (ഇപ്പോള്‍ തമിഴ്നാട്) പ്രയോജനപ്പെടും. അതുകൊണ്ട് പെരിയാറിന്‍റെ കരകളിലുള്ള സി.എച്ച്. റിസര്‍വ്വിന്‍റെ ഭാഗങ്ങളില്‍ സ്ഥിരമായ കൃഷി യാതൊരു കാരണവശാലും അനുവദിക്കരുത്. എന്നാല്‍ നിഷ്കൃഷ്ടമായ ബണ്ടുകളുടെയും മറ്റും സഹായത്തോടുകൂടി ചതുപ്പുകളിൽ നെൽക്ക്യഷി ചെയ്യുന്നതിന് കമ്മിറ്റി എതിരല്ല”.

എന്നാൽ സ്ഥിര അധിവാസത്തിനായി, ഭൂമി കൈമാറുവാൻ തീരുമാനിച്ച സർക്കാർ, മണ്ണൊലിപ്പ് വിരുദ്ധ കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ തന്നെ തിരു-കൊച്ചിയിൽ വിവിധ ഡിവിഷനുകളിൽ നിന്നായി 12285 ഹെക്ടർ ഭൂമി റവന്യൂവകുപ്പിനു വിട്ടുകൊടുക്കുവാൻ ഉത്തരവു പുറപ്പെടുവിച്ചു.

കുത്തകപ്പാട്ടനയം സർക്കാർ തുടർന്നു. എന്നാൽ തത്വദീക്ഷയില്ലാത്ത ഈ നയം വനങ്ങൾക്കു വരുത്തിവയ്ക്കുന്ന അപകടം മനസ്സിലാക്കിയ സർക്കാർ റിസർവ് വനങ്ങളിൽ നിന്നും പാട്ടത്തിനുള്ള അപേക്ഷകൾ മേലാൽ പരിഗണിക്കുന്നതല്ലെന്നു കാണിച്ച് 1952-ൽ പുതിയ നയം പ്രഖ്യാപനം ചെയ്തു. ഭക്ഷ്യാൽപ്പാദനമേഖലകളുടെ അതിർത്തികൾ സർവേ ചെയ്യുവാനായി തിരുവനന്തപുരം, കോന്നി, കോട്ടയം, മലയാറ്റൂർ ഡിവിഷനുകളിൽ സർവേ സ്റ്റാഫിനെ നിയമിച്ചു. വ്യക്തിഗത കൈവശഭൂമി പ്രത്യേകം സർവേ ചെയ്തില്ല. സർവേ റിക്കാർഡുകൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ സർവേ ഡയറക്ടർക്ക് അയച്ചുകൊടുത്തു. എന്നാൽ പിന്നീടുണ്ടായ സംഭവവികാസങ്ങൾ മൂലം ഈ സർവേ അനുസരിച്ചുള്ള ഭൂപടങ്ങൾ തയാറാക്കുവാനോ വിസ്ത്യതി തിട്ടപ്പെടുത്തുവാനോ ആരും മുതിർന്നില്ല.

1954 -ൽ ഒരു പുതിയ നയം ആവിഷ്കരിച്ചു. ഇതനുസരിച്ച്, ഭക്ഷ്യോൽപ്പാദനപരിപാടികൾക്കായി വ്യക്തികൾക്കു പുതുതായി ഭൂമി നൽകേണ്ടതില്ലെന്നും കോളനിയടിസ്ഥാനത്തിൽ കുടിപാർപ്പിനായി മാത്രമേ ഭൂമി വിതരണം ചെയ്യേണ്ടതുള്ളൂവെന്നും തീരുമാനിച്ചു. കൂടാതെ കൈവശഭൂമികളെല്ലാം റിവർട്ടിബിൾ (തിരിച്ചെടുത്തു വനത്തോടുൾപ്പെടുത്തേണ്ടത്) എന്നും നോൺറിവർട്ടിബിൾ (വനത്തിൽ നിന്നും എന്നന്നേക്കുമായി വിടുതൽ ചെയ്യാവുന്നത്) എന്നും രണ്ടായി തരംതിരിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതു പുതിയ സമരമുറകൾക്ക് അരങ്ങൊരുക്കി. കോട്ടയത്തുവച്ച് ഒരു കോൺഫറൻസ് കൂടി എതിർപ്പില്ലാത്ത റിവര്‍ട്ടിബിള്‍ ഭൂമികൾ (നോൺ ഒബ്ജക്ഷണബിൾ റിവർട്ടിബിള്‍ ലാന്‍ഡ്) കൂടി റവന്യൂവിലേക്ക് കൈമാറണമെന്ന് തീരുമാനിച്ചു. അങ്ങനെ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ടു ഡിവിഷനുകളിലായി 10250 ഓളം ഹെക്ടർ വനഭൂമി റവന്യൂവിലേക്ക് വിട്ടുകൊടുക്കുവാനായി 1956- ൽ ഉത്തരവായി.

റിസർവ് വനങ്ങളിൽ കയ്യേറ്റങ്ങൾ നടക്കുന്നതായി സർക്കാരിനു റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും താമസത്തിനും കൃഷിക്കും വേണ്ടി നൽകാവുന്നിടത്തോളം വനഭൂമികൾ വിതരണം ചെയ്തു കഴിഞ്ഞുവെന്നും ഇനിയും വനഭൂമികൾ തെളിക്കേണ്ടിവന്നാൽ അത് ദേശീയ താൽപ്പര്യത്തിനുതന്നെ ഹാനികരമായിരിക്കുമെന്നും 1-4-1957-നു ശേഷമുള്ള കയ്യേറ്റങ്ങൾ വളരെ ഗൗരവമായി സർക്കാർ വീക്ഷിക്കമെന്നും ഭാവിയിൽ ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കുമ്പോൾ അക്കൂട്ടരെ അയോഗ്യരായി കണക്കാക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് 1957 ജൂണിൽ സർക്കാർ നയം പ്രഖ്യാപിച്ചു. എന്നാൽ ഈ സമീപനം1-4-1957 വരെ ഉണ്ടായിട്ടുള്ള കയ്യേറ്റങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകുന്നതിനു തുല്യമായിരുന്നു. 1-4-1957 വരെ ഉണ്ടായിട്ടുളള കയ്യേറ്റങ്ങൾ സാധൂകരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിക്ഷിപ്ത താൽപ്പര്യക്കാർ പൂർവാധികം ശക്തിയോടെ ആഞ്ഞടിക്കുക തന്നെ ചെയ്തു. ഉടുമ്പൻചോല താലൂക്കിൽപ്പെട്ട സി. എച്ച്. റിസർവിലും മറ്റും ഈ സാമൂഹ്യവിരുദ്ധർ സംഘടിതമായി കയ്യേറ്റങ്ങൾ അഴിച്ചുവിട്ടു. വൻമരങ്ങൾ പോലും വെട്ടി തീയിടുകയും വിലപിടിച്ചവ അനധിക്യതമായി കടത്തുകയും ചെയ്തു.

1957-ജൂലൈയിൽ റെയിഞ്ചാഫീസർ കൺവീനറും ബന്ധപ്പെട്ട തഹസീൽദാർ ചെയർമാനുമായി വനങ്ങളുടെ അതിരു സ്ഥിരമായി തിട്ടപ്പെടുത്തുവാൻ പോപ്പുലർ കമ്മിറ്റികൾ റെയിഞ്ചടിസ്ഥാനത്തിൽ രൂപീകരിച്ചു. അതിരുകൾ നിശ്ചയിക്കുമ്പോൾ 1-4-1957 -നു മുമ്പ് വനഭൂമി കൈവശം വച്ച് കൃഷിചെയ്തിരുന്നവരെ ശല്യപ്പെടുത്തരുതെന്നും സർക്കാർ നിർദേശിച്ചിരുന്നു. 15510 ഹെക്ടർ വനഭൂമികൂടി റവന്യൂവിലേക്ക് കൈമാറുവാന്‍ 1957 - ആഗസ്റ്റില്‍ ഉത്തരവായി. വനമായി തിരിച്ചെടുക്കേണ്ടതും വനംവകുപ്പിന്, സ്ഥിരം കൃഷിക്കായി വിട്ടുകൊടുക്കുവാന്‍ എതിര്‍പ്പുള്ളതുമായ ഭൂമികളുടെ വിവരങ്ങൾ മാത്രം പോപ്പുലർ കമ്മിറ്റി അന്വേഷിച്ചാൽ മതിയെന്ന് സർക്കാർ നിർദേശിച്ചു. ഇതുമൂലം പോപ്പുലർ കമ്മിറ്റിയുടെ പ്രവർത്തനപരിധി ചുരുങ്ങി. പോപ്പുലർ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതായി രേഖകളൊന്നുമില്ല.

വനഭൂമിയിലെ പാട്ടക്കാരും വനഭൂമി കയ്യേറിയവരും പ്രശ്നങ്ങൾ പഠിച്ച് വനത്തിന്റെ സ്ഥിര അതിര്‍ത്തികള്‍ സൂചിപ്പിച്ചുകൊണ്ട് വിശധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനായി 1962 ജനുവരിയില്‍ ശ്രീ. കെ.പി. രാധാകൃഷ്ണമേനോന്‍ ചെയര്‍മാനായി ഒരു കമ്മിറ്റിയെ സർക്കാർ നിയമിച്ചു. ഏതാണ്ട് 95000 ഹെക്ടർ വനഭൂമി പലവിധ കൃഷിക്കടിമപ്പെട്ടു കഴിഞ്ഞതായും ഇതിൽ സർക്കാർ നേരിട്ട് വിതരണം ചെയ്തുകൊടുത്തത് 22,776 ഹെക്ടർ മാത്രമാണെന്നും മൂന്നാർ ഡിവിഷനിൽപ്പെട്ട സി.എച്ച് റിസർവ് ഭാഗം ഒഴികെത്തന്നെ 32100 ഹെക്ടർ സ്ഥലത്തുനിന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നും കമ്മിറ്റി 1962-ൽ തന്നെ റിപ്പോർട്ടു ചെയ്തു. സർക്കാർ 1963 ജനുവരിയിൽ കമ്മിറ്റി ശുപാർശകളിൻമേൽ ഉത്തരവുകൾ പുറപ്പെടുവിച്ചപ്പോൾ 1-1-1960-നുശേഷം കയ്യേറിയവരെ ഇറക്കിവിടണമെന്നും അവർക്ക് നഷ്ടപരിഹാരത്തിനോ പകരം ഭൂമിക്കോ അർഹതയുണ്ടായിരിക്കുകയില്ലെന്നും വ്യക്തമാക്കിയിരുന്നു. അങ്ങനെ 1 -4 1957 -നും 1-1 -1960-നും ഇടയ്ക്കുണ്ടായ കയ്യേറ്റങ്ങൾ (കമവൽക്കരിക്കപ്പെട്ടു.

ഈ കാലയളവിൽ മലബാർ പ്രദേശത്ത് സ്വകാര്യവനങ്ങൾ വൻതോതിൽ ജന്മികളുടെ ഒത്താശയോടുകൂടി തുണ്ടുതുണ്ടായ ക്യഷിയിടങ്ങളായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. സ്വകാര്യ വനസംരക്ഷണത്തിന് 'മദ്രാസ് പ്രിസർവേഷൻ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് നിലവിലുണ്ടായിരുന്നെങ്കിലും അതിലെ സംരക്ഷണ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പിലാക്കുവാൻ സാധിച്ചിരുന്നില്ല. 1941 -1962 കാലഘട്ടത്തിൽ അങ്ങനെ ഉദ്ദേശം 155000 ഹെക്ടർ സ്വകാര്യവനങ്ങൾ കൃഷിക്ക് വിധേയമായി.

1940-ൽ 35 ശതമാനത്തോളം ഉണ്ടായിരുന്ന വനങ്ങൾ 1962-ഓടുകൂടി 28 ശതമാനമായി ചുരുങ്ങി.

1964 സെപ്റ്റംബറിൽ പ്രസിഡന്റ് ഭരണം കേരളത്തിൽ നിലവിൽവന്നു. രാധാകൃഷ്ണമേനോൻ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾക്ക് വിധേയമായി വനഭൂമികളുടെ സ്ഥിര അതിരുകൾ തിട്ടപ്പെടുത്തുന്ന നടപടി ഊർജിതപ്പെടുത്തുകയുണ്ടായി. മലനാട് കർഷകയുണിയനും മറ്റും ഈ നടപടികൾക്കെതിരായി മലയോര പ്രദേശങ്ങളിലെല്ലാം പ്രക്ഷോഭണങ്ങൾ സംഘടിപ്പിച്ചു. കുടിയൊഴിപ്പിക്കലിനെപ്പറ്റി പത്രറിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പ്രശ്നം കേരള ലജിസ്ലെഷനെ സംബന്ധിക്കുന്ന കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ മുമ്പാകെയും എത്തി. തുടർന്ന് ഈ പ്രശ്നങ്ങൾ പഠിച്ച് ഹ്രസ്വകാല ദീർഘകാല നിർദേശങ്ങൾ സമർപ്പിക്കുവാനായി ഏഴ് പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു സബ് കമ്മിറ്റി (മണിയങ്ങാടൻകമ്മിറ്റി) നിയോഗിക്കപ്പെട്ടു. മാനുഷികവും സാമൂഹികവുമായ വീക്ഷണഗതികൾ കൂടി കണക്കിലെടുത്തുകൊണ്ട് ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം പരമാവധി ചുരുക്കണമെന്നും അത് അത്യന്താപേക്ഷിതമായ പദ്ധതിയാവശ്യത്തിനു മാത്രമായി ഒതുക്കിനിർത്തണമെന്നും ആയിരുന്നു സബ് കമ്മിറ്റിയുടെ പ്രധാന നിർദേശം. ഈ നിർദേശങ്ങളിൻമേൽ സംസ്ഥാന സർക്കാർ 1968-ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് 1-1-1968 വരെയുള്ള കയ്യേറ്റങ്ങളെല്ലാം പൊതുവെ അംഗീകരിക്കപ്പെട്ടു. അങ്ങനെ 1968-വരെയുള്ള എല്ലാ കയ്യേറ്റങ്ങൾക്കും ഭരണപരമായ സാധുത ലഭിക്കുകയും ചെയ്തു. വനഭാഗം പുതിയതായി കയ്യേറിയതിനുശേഷം അത് 1-1-1968 നു മുമ്പുള്ള കയ്യേറ്റമാണെന്ന് സ്ഥാപിച്ചുകിട്ടുവാൻ കയ്യേറ്റക്കാർ പല അടവുകളും പ്രയോഗിച്ചു. കയ്യേറ്റത്തിന് പഴക്കം തോന്നിക്കുവാൻ തക്കവിധം പ്രായമായ തെങ്ങും കമുകും പറിച്ചു നടുവാൻ വരെ അവർ മടിച്ചില്ല. മറ്റൊരു മാർഗം കോടതിയിൽ നിന്നും സ്റ്റേ ഉത്തരവുകൾ സമ്പാദിക്കുകയായിരുന്നു. കൈവശസ്ഥലത്തിന് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്ന എലുകുകൾ അവ്യക്തമായിരിക്കുമെങ്കിലും സ്റ്റേ ഉത്തരവ് ലഭിക്കുക സാധാരണമായിരുന്നു. ഈ സ്റ്റേയുടെ പിൻബലത്തോടു കൂടി സ്ഥലം കയ്യേറുകയും അത് അഭിവൃദ്ധിപ്പെടുത്തി സ്ഥിരതാമസമാക്കുകയും ചെയ്തു. എന്നാൽ അറിഞ്ഞോ അറിയാതെയോ വനംവകുപ്പ് ഈ സ്റ്റേ ഉത്തരവുകൾ അസ്ഥിരപ്പെടുത്തി വാങ്ങുന്നതിനെതിരെ കണ്ണടയ്ക്കുന്ന സമീപനമാണ് പാലിച്ചുപോന്നത്. അങ്ങനെ 1-1-1968 എന്ന അടിസ്ഥാന തീയതിയുടെ തണലിൽ പിൽക്കാലത്ത് കയ്യേറ്റങ്ങൾ നിത്യസംഭവങ്ങളായിത്തീർന്നു.

പഴയ തിരു-കൊച്ചി മേഖലയിലെ മിക്കവാറും ഡിവിഷനുകളിലുണ്ടായിരുന്ന കയ്യേറ്റക്കാരുടെ സംഘടനകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി 27-6-1977-ൽ ഇതിനെ സംബന്ധിച്ച് നയപരമായ ഒരു തീരുമാനം കൈക്കൊളളുവാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു ഉന്നതതല സമ്മേളനം കൂടുകയുണ്ടായി. ആ സമ്മേളനത്തിനു വേണ്ടി തയാറാക്കിയ കുറിപ്പുകൾ അനുസരിച്ച് 1-1 -1968-നു ശേഷം മാത്രം ഉദ്ദേശം 1000 ഹെക്ടര്‍ വനപ്രദേശത്ത് അനധികൃത കയ്യേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 1-1-1977-നുശേഷം ഉണ്ടായിട്ടുളള വനംകയറ്റങ്ങൾ കർശനമായും ഒഴിപ്പിക്കണമെന്നുള്ള തീരുമാനമാണ് പുറത്തുവന്നത്. 1-1-1977-നു മുമ്പുള്ള കയ്യേറ്റങ്ങളെ സംബന്ധിച്ച് അവ്യക്തത നിറഞ്ഞു നിന്ന ഈ തീരുമാനം ഫലത്തിൽ അതുവരെയുള്ള കയ്യേറ്റങ്ങൾക്ക് പച്ചക്കൊടി കാണിക്കുന്നതിന് തുല്യമായിരുന്നു.

1-1-1977-നു ശേഷം ഉണ്ടായിട്ടുളളതും അതിനു മുമ്പുണ്ടായിരുന്നതുമായ കയ്യേറ്റങ്ങൾ നടന്ന സ്ഥലത്ത് അവ തമ്മിൽ സുവ്യക്തമായി തിരിച്ചറിയുവാൻ അതിർത്തിയുടെ അഭാവം മൂലം ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്നുള്ള വസ്തുത വിസ്മരിക്കുവാൻ സാധ്യമല്ല. 1980 –ഓടുകൂടി കയ്യേറ്റങ്ങൾക്കും അടച്ചു മുറിക്കലിനും എതിരെ പൊതുജനശബ്ദം ഉയർന്നു. അവർ വനംവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുവാൻ മടിച്ചില്ല. റവന്യൂ വകുപ്പിന് 1-1-1977-നു മുമ്പുള്ള കൈവശഭൂമികൾക്ക് പട്ടയം കൊടുക്കുവാനുള്ള സമ്മർദവും നേരിട്ടു. കേന്ദ്ര വന സംരക്ഷണനിയമം 1980-ൽ പാസാക്കിയതോടുകൂടി സംസ്ഥാനങ്ങൾക്ക് വനഭൂമികൾ വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനുള്ള അധികാരം ഇല്ലാതായി. ഈ പശ്ചാത്തലത്തിൽ 27-10-1982-ൽ റവന്യൂ-വനംവകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ റവന്യൂ-വനം ഉദ്യോഗസ്ഥന്മാരുടെ ഒരു ഉന്നതതല സമ്മേളനം കൂടുകയുണ്ടായി. ഈ സമ്മേളനത്തിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ സ്വീകരിച്ചു.

  1. അടിസ്ഥാനതീയതി 1-1-1977 ആയി നിലനിർത്തുകയും അതിനുമുമ്പുള്ള കൈവശഭൂമിക്കു മാത്രം പട്ടയം നൽകുകയും ചെയ്യുക.
  2. കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമുള്ളതുകൊണ്ട് 1-1-1977നു മുമ്പും ശേഷവുമുള്ള കൈവശഭൂമി തിരിച്ചറിഞ്ഞ് ലിസ്റ്റ് തയാറാക്കുവാൻ താലൂക്കടിസ്ഥാനത്തിൽ തഹസിൽദാരും റെയിഞ്ചാഫീസറും സംയുക്തമായി പ്രവർത്തിക്കുക
  3. ജില്ലാടിസ്ഥാനത്തിൽ ജില്ലാകളക്ടർ തലവനായി ഡിവിഷണൽ ഫോറസ്റ്റോഫീസറും റവന്യൂ ഡിവിഷണൽ ഓഫീസറും അടങ്ങുന്ന കമ്മിറ്റി, താലൂക്കടിസ്ഥാനത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം അവലോകനം ചെയ്യേണ്ടതാണ്.
  4. വേണ്ടിവന്നാൽ ഫോറസ്റ്റ് കൺസർവേറ്ററെയും ജില്ലാ കമ്മിറ്റിയുടെ പുനരവലോകനവുമായി ബന്ധപ്പെടുത്താവുന്നതാണ്.

ഈ ലിസ്റ്റ് തയാറാക്കാനായി സ്പെഷ്യൽ റെയിഞ്ചർമാരെ പ്രശ്നമേറിയ റെയിഞ്ചുകളിൽ പ്രത്യേകം നിയമിക്കുകയുണ്ടായി. എന്നാൽ ഈ പ്രവ്യത്തി ഇതുവരെ പൂർത്തിയാക്കിയിട്ടില്ല 1-1-1977 വരെയുള്ള കയ്യേറ്റങ്ങൾക്ക് പട്ടയം നൽകുവാൻ കേന്ദ്രം തത്വത്തിൽ യോജിച്ചിട്ടുണ്ടെങ്കിലും ഫോറസ്റ്റ് കൺസർവേഷൻ നിയമം അനുശാസിക്കുന്ന രീതിയിലുള്ള ഒരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല. പട്ടയം നൽകുന്നതിനെതിരെ കോടതി ഉത്തരവും (സ്റ്റേ) നിലവിലുണ്ട്.

പ്രതിവിധികൾ

  1. ബഹുജനബോധനം

വളരെ സംക്ഷിപ്തമായി വിവരിച്ചിട്ടുള്ള കയ്യേറ്റത്തിന്റെ ചരിത്രം വായിച്ചുനോക്കിയാൽ ഒരു പ്രത്യേക സാഹചര്യത്തിൽ സർക്കാരിനു പറ്റിയ ചെറിയ അമളിയാണ് (പാട്ടത്തിന് വനഭൂമികൾ വിതരണം ചെയ്തത്) സംസ്ഥാനത്തുടനീളം നിയന്ത്രണാതീതമായ വനംകയ്യേറ്റത്തിന് കാരണമായിത്തീർന്നത് എന്നു കാണാം. കാലാകാലങ്ങളിൽ ഭരണമേറ്റ സർക്കാരുകൾക്ക് സമ്മർദത്തിനു വഴങ്ങേണ്ടിവന്ന് മാനുഷിക പ്രശ്ന പ്രചോദിതമെന്ന ആയുധത്താൽ ഈ കയ്യേറ്റങ്ങൾ ക്രമീകരിക്കേണ്ടതായും വന്നു. ഈ നില തുടരുവാൻ പാടില്ല. സർക്കാർ അർഥശങ്കയ്ക്കിടയില്ലാത്തവിധം തങ്ങളുടെ അയവില്ലാത്ത കയ്യേറ്റ വിരുദ്ധനയം പ്രഖ്യാപിച്ചിരുന്നതുമാണ്. വനത്തിന്റെ നിലനിൽപ്പ് (വിസ്ത്യതിയിലും ഗുണമേൻമയിലും) ഉറപ്പു വരുത്തേണ്ടത് നമുക്കും വരുംതലമുറകൾക്കും അത്യന്താപേക്ഷിതമാണ്. വനങ്ങൾ കൊണ്ടുള്ള പ്രയോജനങ്ങളും അതു ശോഷിച്ചാലുള്ള അപകടങ്ങളും വേണ്ട രീതിയിൽ പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയാൽ ഒരളവുവരെയെങ്കിലും അവർ ഈ തിന്മയിൽ നിന്നകന്നു നിൽക്കുകയില്ലേ? ഈ ബഹുജന ബോധവൽക്കരണത്തിന് ഉത്തമമാർഗം നിസ്വാർഥ സന്നദ്ധ സംഘടനകൾ സംസ്ഥാനത്തുടനീളം രൂപീകരിക്കുകയെന്നുള്ളതാണ്. ഈ രീതിയിലുള്ള ആശാവഹമായ ഒരു സമീപനത്തിന്റെ ഫലമാണ് ഫോറസ്ട്രി ക്ലബ്ബുകളുടെയും മറ്റും ഉദ്ഭവം. വനനശീകരണത്തിനു ബാധകമാകുന്ന എന്തു പ്രവൃത്തികളും വെളിച്ചത്തുകൊണ്ടുവരികയും അവ ആവർത്തിക്കുവാൻ ഇടനൽകാത്ത വിധത്തിൽ ഒരു സന്നദ്ധസേനയെന്നപോലെ സദാ ജാഗരൂകരായി, കർമനിരതരായി നിലകൊള്ളുകയും ചെയ്താൽ സംഘടിത വനംകയ്യേറ്റങ്ങളും മറ്റു വനവിഭവ ചൂഷണങ്ങളും തുടച്ചു മാറ്റാവുന്നതാണ്.

വനം വകുപ്പിൽ നിന്നും തക്കതായ സഹായ സഹകരണങ്ങൾ ഇത്തരം സംഘടനകൾക്ക് ലഭിക്കേണ്ടതാണ്. വനംവകുപ്പിലെ അംഗങ്ങളും പ്രത്യേകിച്ച് അതിന്റെ പബ്ലിസിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരും ഈ സംഘടനകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ വനനശീകരണത്തെ ഒരു കടങ്കഥയാക്കി മാറ്റാം. പബ്ലിസിറ്റി വിഭാഗം കാലോചിതമായി പുനഃസംഘടിപ്പിക്കണ്ടതും ആവശ്യമായ സൗകര്യങ്ങൾ സംഘടനകൾക്ക് ലഭ്യമാക്കേണ്ടതുമാണ്.

  1. സ്ഥിര അതിരും സർവേയും

1961 -ൽ അതിർത്തിനിർണയത്തിനും സർവേയ്ക്കും ഒരു പദ്ധതി സർക്കാർ അംഗീകരിച്ചു. വനംവകുപ്പിനെ സഹായിക്കുവാനായി ത്യശൂർ, അയ്യപ്പൻകോവിൽ, കോന്നി എന്നീ സ്ഥലങ്ങൾ ആസ്ഥാനമാക്കി മൂന്ന് സ്പെഷ്യൽ ഡപ്യൂട്ടി കളക്ടർമാരെയും നിയമിച്ചു.

1963-ൽ വനസംരക്ഷണ കമ്മിറ്റിയുടെ ശുപാർശകളിന്മേൽ ഉത്തരവുകൾ പുറപ്പെടുവിച്ചപ്പോഴും സർക്കാർ ഈ നയം ആവർത്തിച്ചു പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് ആ ഉത്തരവിലുള്ള പ്രസക്തഭാഗങ്ങൾ താഴെ ചേർക്കുന്നു.

  • വന സംരക്ഷണത്തിനത്യന്താപേക്ഷിതമായ പ്രദേശങ്ങളുടെ
    അതിർത്തി വനംവകുപ്പു നിർണയിക്കണം. അതിർത്തിനിർണയം ഡി.എഫ്.ഒ. സ്പെഷ്യൽ ഡപ്യൂട്ടി കളക്ടറുമൊന്നിച്ച് അടിയന്തിരമായി ചെയ്തുതീർക്കണം.
  • ഭാവിയിൽ വനങ്ങളായി സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങളുടെ അതിർത്തിനിർണയം കഴിഞ്ഞാലുടനെ തന്നെ അവയുടെ തുടർന്നുള്ള സുരക്ഷയ്ക്കും സുസ്ഥിരമായ സമീകരണത്തിനും ഉതകുന്ന നിർദേശങ്ങൾ മുഖ്യവനപാലകൻ സർക്കാരിനു സമർപ്പിക്കണം.

തൃശ്ശൂര്‍, റാന്നി തുടങ്ങി ചില ഡിവിഷനുകളിൽ അതിർത്തി നിർണയം 1963-65 കാലഘട്ടത്തിൽ മിക്കവാറും പൂർത്തീകരിക്കുകയുണ്ടായി. അതിർത്തി തിരിച്ചറിയുവാനായി 1.20 മീറ്റർ ഉയരത്തിൽ താഴെ 1.20x1.20 മീറ്റർ വിസ്തീർണവും മുകളിൽ 0.60x0.60 മീറ്റർ വിസ്തീർണവും ഉള്ള കൽക്കൂനകളാണ് നിർമിച്ചത്. ഈ കൽക്കൂനകൾ പൊളിച്ചുമാറ്റി സ്ഥാപിക്കുവാൻ കയ്യേറ്റ വിദഗ്ധർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം ജണ്ടകളെ പിൽക്കാലത്ത് ഫലിതരൂപേണ പരാമർശിച്ചിരുന്നത് ചലിക്കുന്ന ജണ്ടകൾ (മൂവിങ് കയൺസ്) എന്നാണ്. ഏതാനും വർഷങ്ങൾ കൊണ്ട് ഈ ജണ്ടകൾക്കെല്ലാം സ്ഥാനമാറ്റം ലഭിക്കുകയോ അവ ഇടിഞ്ഞുപോവുകയോ ചെയ്തു. അതിർത്തി നിർണയത്തോടൊപ്പം സർവേ ചെയ്ത് മാപ്പു തയാറാക്കുവാനുള്ള ഫലപ്രദമായ ശുഷ്കാന്തിയും ആരും കാണിച്ചില്ല.

സ്ഥിരജണ്ടകളും (സിമന്റ് ചാന്തുപയോഗിച്ച് 120 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കൽക്കെട്ടുകൾ) കയ്യാലകളും ജണ്ടകൾ ബന്ധിപ്പിച്ചു കൊണ്ടു നിർമിക്കുന്ന ഒരു മീറ്ററോളം ഉയരമുള്ള സാധാരണ കല്‍ക്കെട്ടുകൾ) കഴിഞ്ഞ കുറെ വർഷങ്ങളായി നിർമിക്കുന്നുണ്ടെങ്കിലും അതിന്റെ പുരോഗതി ആശാവഹമല്ല.

കഴിഞ്ഞകാല വീഴ്ചകൾ ശരിയാംവണ്ണം വിലയിരുത്തി താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തിരമായി ചെയ്തുതീർക്കേണ്ടതാണ്

  • വനത്തിന്റെ ഭാവി അതിർത്തികൾ സ്ഥിരജണ്ടകൾ നിർമിച്ച് എത്രയുംവേഗം തിട്ടപ്പെടുത്തണം. കയ്യേറ്റഭീഷണി രൂക്ഷമായിട്ടുള്ള ഭാഗങ്ങളിൽ കൽഭിത്തിതന്നെ നിർമിക്കേണ്ടതാണ് (കന്നുകാലികളെ അകറ്റി നിർത്തുവാനും ഇത് സഹായിക്കും).
  • സ്പെഷ്യൽ സർവേ സ്റ്റാഫിനെ നിയമിച്ച് ഈ അതിർത്തികളെല്ലാം പുതുതായി സർവേ ചെയ്യണം. അസൽ അതിർത്തികൾക്കു മാറ്റമില്ലാത്തിടത്ത് നിജസ്ഥിതി പരിശോധന മതിയാകും.
  • സർവേ രേഖകൾ പൂർത്തീകരിച്ചതിനു ശേഷം ഓരോ റിസർവിന്റെയും അതിർത്തികൾ പുനഃപ്രഖ്യാപനം ചെയ്യണം.
  • ഓരോ റിസർവിന്റെയും ചിത്രം ബന്ധപ്പെട്ട എല്ലാ ഫോറസ്റ്റ് ഓഫീസുകളിലും നൽകണം. കൂടാതെ റിസർവ് സ്ഥിതിചെയ്യുന്ന ഭാഗത്തെ പഞ്ചായത്ത്, റവന്യൂ, പൊതുമരാമത്ത് തുടങ്ങിയ ഓഫിസുകളിലും നൽകിയാൽ നന്നാണ്.
  • അതിർത്തികൾക്കുള്ള അറ്റകുറ്റപ്പണികൾ ആണ്ടുതോറും കൃത്യനിഷ്ഠയോടെ നിർവഹിക്കണം.
  • റോന്തുചുറ്റൽ കൂടുതൽ കാര്യക്ഷമവും കർക്കശവുമായ രീതിയിൽ ആവിഷ്കരിക്കേണ്ടതാണ്. ഇതു ഫലപ്രദമായ തോതിൽ സംഘടിപ്പിക്കുവാൻ സംരക്ഷണ വിഭാഗത്തിൽ കൂടുതൽ ആളുകളെ നിയമിക്കേണ്ടതാണ്.
  • അതിർത്തിയിൽ ഏതാനും നിര സസ്യങ്ങൾ അടുപ്പിച്ച് വച്ചുപിടിപ്പിച്ച് ഒരു ജൈവ അതിരു തന്നെ സ്യഷ്ടിക്കാവുന്നതാണ്.

തടിമോഷണം

തടികൾ അനധികൃതമായി മുറിച്ച് കടത്തിക്കൊണ്ടുപോകുന്നതു തടയേണ്ടത് വനസംരക്ഷണത്തിന് അത്യന്താപേക്ഷിതമായ ഒരു അടിസ്ഥാനഘടകമാണ്. മുറിച്ചു കൊണ്ടുപോകുന്ന തടിയുടെ വില സർക്കാരിനു നഷ്ടപ്പെട്ടുപോകുന്നതിലുപരി ഈ ദുഷ്കൃത്യം വനത്തിന് അപരിഹാര്യമായ ക്ഷതമാണ് ഏൽപ്പിക്കുന്നത്. ഓരോ വനഭാഗങ്ങളിലുമുണ്ടാകുന്ന തടിമോഷണത്തിന്റെ രീതി പരിശോധിച്ചാൽ ചില പ്രത്യേകഇനത്തിൽപ്പെട്ട മരങ്ങളാണ് മോഷണം പോകുന്നതെന്ന് മനസ്സിലാക്കാം. ചില സ്ഥലങ്ങളിൽ ഈട്ടി ഫർണിച്ചറിനും കൗതുക വസ്തുനിർമാണത്തിനും വേണ്ടിയാണെങ്കിൽ (ഉദാ: തിരുവനന്തപുരം) മറ്റു ചില സ്ഥലങ്ങളിൽ തേക്ക് മുഖ്യമായി ഫർണിച്ചറിനുവേണ്ടിയാണ് (ഉദാ: പുനലൂർ, റാന്നി, കോന്നി, കോട്ടയം, തൃശൂർ). ചില സ്ഥലങ്ങളിൽ ഇലവി, കനല തുടങ്ങിയവ തീപ്പെട്ടിനിർമാണത്തിനു വേണ്ടിയും (ഉദാ: കോട്ടയം, ചാലക്കുടി, ത്യശൂർ, നിലമ്പൂർ) മുറിച്ചുകൊണ്ടുപോകുക സാധാരണയാണ്. സംഘടിത രീതിയിലുള്ള തടി മോഷണവും അസാധാരണമല്ല. മോഷണക്കാർ ലക്ഷണമൊത്ത മരങ്ങൾ മുറിച്ചുകൊണ്ടുപോകുന്നതിനാൽ പുനരുദ്ഭവത്തിന് തടസ്സം നേരിടും. എന്നാൽ ചില സസ്യങ്ങൾ മൂലപ്രസാരകങ്ങൾ ഉൽപ്പാദിപ്പിക്കുന്നതുകൊണ്ട് ഒരു പരിധിവരെ ഈ പ്രതിസന്ധിയിൽനിന്നും രക്ഷപ്പെട്ടേക്കാം. ഉദാ: ഈട്ടി. പക്ഷേ ഈ മൂലപ്രസാരകങ്ങൾക്ക് സ്വാഭാവികമായും വളർന്നു വികസിക്കുവാനുള്ള സാഹചര്യം നമ്മുടെ വനങ്ങളിലില്ല.

വനനിയമം അനുസരിച്ച് അനധിക്യതമായ മരം മുറിക്കൽ നിരോധിച്ചിട്ടുണ്ട്. 1961 -ലെ കേരളവനനിയമം 100 രൂപയിൽ താഴെ വില വരുന്ന മരങ്ങൾ മുറിക്കുന്നതിനെ മൈനർ കുറ്റങ്ങളായും അതിനുമേൽ വിലവരുന്ന മരങ്ങൾ മുറിക്കുന്നതിനെ മേജര്‍ കുറ്റങ്ങളായും തരംതിരിച്ചിട്ടുണ്ട്. കൂടാതെ ഈ കുറ്റക്യത്യങ്ങൾക്ക് നൽകാവുന്ന ശിക്ഷയും (പിഴയും തടവും) വ്യവസ്ഥ ചെയ്തിട്ടുണ്ട്. പക്ഷ സംഘടിതമായ മരം മുറിക്കലിനെതിരെ വനംവകുപ്പിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഉടുമ്പൻചോല താലൂക്കിലെ കാർഡമംഹിൽ റിസർവിൽ നിന്നം ആയിരക്കണക്കിനു ഹെക്ടർ ഭൂമിയിലുണ്ടായിരുന്ന വൻമരങ്ങൾ പോലും മുറിച്ചുകൊണ്ടുപോകുകയും തീയിട്ട് ചുട്ട് നശിപ്പിക്കുകയും ചെയ്തു. കുറെ മഹസർ എഴുതിയതിലുപരി ക്രിയാത്മകമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. സി.എച്ച്. റിസര്‍വ്വിലെ ദ്വിനിയന്ത്രണം (ഇവിടെ ഭൂമി റവന്യൂ വകുപ്പിന്‍റെ നിയന്ത്രണത്തിലും മരങ്ങള്‍ വനംവകുപ്പിന്‍റെ നിയന്ത്രണത്തിലുമാണ്) രാധാകൃഷ്ണമേനോൻ തന്റെ കമ്മിറ്റി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നതുപോലെ റവന്യൂ വകുപ്പിനെയും വനംവകുപ്പിനെയും നിഷ്ക്രിയരാക്കി. കേരളത്തിലെ 87000 ഹെക്ടറോളം വിസ്ത്യതിയുണ്ടായിരുന്ന ഏറ്റവും ഇടതൂർന്ന ഈ വനങ്ങളിൽ 90 ശതമാനത്തിലധികവും നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നുപറഞ്ഞാൽ വനശോഷണത്തിന്റെ ഏകദേശരൂപം വ്യക്തമാകുമല്ലോ.

തടിക്കള്ളന്മാരെ പേടിച്ച് ചില റിസർവുകളിൽ നിന്നും തേക്കും ഈട്ടിയും പൂർണമായും സർക്കാർ മുറിച്ചെടുത്തിട്ടുള്ള സംഭവങ്ങളും ഉണ്ട്. കോട്ടയം ഡിവിഷനിലെ 'ആലപ്ര' നിർദിഷ്ട റിസർവ്, റാന്നി ഡിവിഷനിലെ ചേത്തക്കൽ റിസർവ് തുടങ്ങിയവ ഇപ്രകാരമുള്ള പ്രവർത്തനത്തിന് വിധേയമായതാണ്. തേക്കും ഈട്ടിയും ലഭ്യമല്ലാതെ വന്നപ്പോൾ മോഷ്ടാക്കളുടെ കണ്ണ് തീപ്പെട്ടിനിർമാണത്തിനുതകിയ വെള്ളമരത്തിലേക്കും കരിയാവശ്യത്തിനുള്ള ഘനമരങ്ങളിലേക്കും തിരിഞ്ഞു.

മോഷണം തടയുവാനുള്ള നടപടി എന്ന വിധം 1975-ൽ കേരള വനനിയമത്തിൽ '61 -എ' ആയി ഒരു പുതിയ സെക്ഷൻ എഴുതിച്ചേർത്തു. ഇതനുസരിച്ച് വനങ്ങളിൽ നിന്നും തടിയും വിറകും അനധിക്യതമായി കടത്തിക്കൊണ്ടുപോകുവാനുപയോഗിക്കുന്ന വാഹനം കണ്ടുകെട്ടുവാനുള്ള അധികാരം ഉദ്യോഗസ്ഥന്മാർക്ക് നൽകി. താൽക്കാലികമായി അൽപ്പം ശമനമുണ്ടായെങ്കിലും സ്ഥായിയായ ഒരു ചലനവും ഇതു സ്യഷ്ടിച്ചിട്ടില്ലെന്ന് കേസുകളുടെ വിവരങ്ങൾ സ്ഥിരീകരിക്കും.

പ്രതിവിധികൾ

അനധികൃത നടപടികൾ രൂക്ഷമായിട്ടുള്ള ഭാഗങ്ങളിൽ സംരക്ഷണ നടപടികൾ ബലപ്പെടുത്തി കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ള പ്രവണതയ്ക്ക് വിരാമമിടണം. പല ഘടകങ്ങൾ ഉൾപ്പെട്ടതാണ് ഈ സമീപനം. വനവിഭവങ്ങൾ അനധിക്യതമായി ശേഖരിക്കുന്നതു തടയുവാനായി സംരക്ഷണവിഭാഗത്തിലെ അംഗങ്ങളുടെ റോന്തുചുറ്റൽ ചിട്ടയനുസരിച്ച് നടത്തിക്കുക (അവർക്ക് അതിനുവേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ആവശ്യാനുസരണം അവരുടെ സംഖ്യ വർധിപ്പിക്കുകയും വേണം), അവരുടെ പ്രവർത്തനം കാര്യക്ഷമമാക്കുവാൻ ഫലപ്രദമായ പരിശോധന ഏർപ്പെടുത്തുക, കേസുകൾ കണ്ടുപിടിച്ചാൽ അവയുടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കോടതിയിൽ എത്തിക്കുക, കേസുകൾ കോടതിയിൽ ശുഷ്കാന്തിയോടുകൂടി നടത്തി പ്രതികൾക്കു ശിക്ഷ ഉറപ്പുവരുത്തുക, കീഴ്ക്കോടതികളിൽ വെറുതെവിടുന്ന കേസുകളുടെ മേൽ തക്കസമയത്ത് അപ്പീൽ സമർപ്പിക്കുക (ഇപ്പോൾ തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പട്ടികയിൽനിന്നും മനസിലാക്കാവുന്നതാണ്). അവയുടെ നടത്തിപ്പിന് വേണ്ട സംവിധാനം ഉണ്ടാക്കുക, തൊണ്ടിത്തടികളുടെ സൂക്ഷിക്കലും വിൽപ്പനയും കുറ്റമറ്റതാക്കുക, മുകളിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളെല്ലാം സ്ഥിരമായും ക്രമമായും മേഖലാ വനപാലകരുടെ ഓഫീസുകളിലോ മുഖ്യവനപാലകന്റെ ഓഫീസിലോ പുനരവലോകനം ചെയ്ത് വീഴ്ചകൾ കണ്ടുപിടിച്ച് പരിഹാര-നിവാരണമാർഗങ്ങൾക്ക് രൂപം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമായി സ്വീകരിച്ചാൽ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് ഒരു പരിധിവരെയെങ്കിലും പോംവഴി കണ്ടെത്താവുന്നതാണ്.

കുറ്റകൃത്യം തെളിഞ്ഞാൽ പ്രതികൾക്കു നൽകേണ്ട ശിക്ഷ വനനിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നേരത്തെതന്നെ തടവുശിക്ഷ വ്യവസ്ഥ ചെയ്തിരുന്നെങ്കിലും തടവോ പിഴയോ രണ്ടുംകൂടി കൂടിയിതിന്റെ പരമാവധിയോ മാത്രം എന്ന് ഊന്നിപ്പറഞ്ഞിരുന്നതുകൊണ്ട്, ഒരു ചെറിയ പിഴ ശിക്ഷിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ തടവ് നിർബന്ധമാക്കിയാൽ കുറ്റകൃത്യങ്ങൾക്ക് കാര്യമായ കുറവു സംഭവിക്കുമെന്നുള്ള ചിന്താഗതി പ്രബലപ്പെടുകയും 1993-ൽ അതനുസരിച്ച് നിയമത്തിലെ ബന്ധപ്പെട്ട സെക്ഷൻ ഭേദഗതി ചെയുകയും ചെയ്തു. അഞ്ചുവർഷം വരെ നീളാവുന്ന തടവും 5000 രൂപ വരെ നൽകാവുന്ന ശിക്ഷയും വ്യവസ്ഥ ചെയ്തതിനോടൊപ്പം ഏറവും കുറവ് വിധിക്കേണ്ട ശിക്ഷ ഒരു വർഷം തടവും 1000 രൂപ പിഴയും എന്ന് വ്യക്തമാക്കി. എന്നാൽ ഈ നടപടി, കുറ്റകൃത്യങ്ങൾക്ക് പ്രതീക്ഷിച്ച രീതിയിലുള്ള കുറവുണ്ടാക്കിയില്ല. ശിക്ഷ നിർബന്ധമാക്കിയതുകൊണ്ട് ശിക്ഷിക്കാതെ വെറുതെ വിടുന്ന കേസുകളുടെ എണ്ണം താരതമ്യേന വർധിക്കുകയാണുണ്ടായത്. കേസുകൾ പിഴയില്ലാതെ ശുഷ്കാന്തിയോടു കൂടി നടത്തി ശിക്ഷയിലെത്തിക്കുന്നതിന് വനംവകുപ്പിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച പ്രകടമാണ്. വകുപ്പു തലത്തിൽ തന്നെ ഇത് അവലോകനം ചെയ്ത്, കോടതിയിൽ കേസുകൾ ഫലപ്രദമായി നടത്തുന്നതിനു മാർഗങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണ്.

മോഷണതടികൾ കൈമാറി രൂപഭേദം വരുത്തുവാനും ഈർച്ചമില്ലുകളുടെയും ഫർണിച്ചർ കടകളുടെയും സാമീപ്യവും തൊഴിലില്ലായ്മയും കുറ്റക്യത്യങ്ങൾ അധികമാകുവാൻ ഇടയാകുന്നുണ്ട്. നിലവിലുള്ള ഈര്‍ച്ചമില്ലുകളും ഫർണിച്ചർ കടകളും വനങ്ങളുടെ അടുത്തുനിന്നും മാറ്റി സ്ഥാപിക്കുവാൻ നിയമപരമായും മറ്റും ബുദ്ധിമുട്ടുള്ളത് കൊണ്ട് അവയുടെ പ്രവർത്തനത്തിൽ വേണ്ട നിയന്ത്രണം ഏർപ്പെടുത്തി കൂടെക്കൂടെ പരിശോധന കർശനമാക്കി കള്ളത്തടി കൈകാര്യം ചെയ്യുവാനുള്ള പഴുതടയ്ക്കണം. തടിമോഷണത്തിലേർപ്പെടുന്ന തൊഴിൽരഹിതർക്ക് മറ്റ് ജീവിതമാർഗങ്ങൾക്കുള്ള വഴിയൊരുക്കിക്കൊടുക്കേണ്ടതാണ്. നേരത്തെ സൂചിപ്പിച്ചിട്ടുള്ള സന്നദ്ധ സംഘടനകൾ ഒറ്റയ്ക്കും വനഉദ്യോഗസ്ഥന്മാരോട് സഹകരിച്ചും സമൂഹത്തിലെ ഈ ദുഷിച്ച പ്രവണത തുടച്ചുമാറ്റുവാൻ ശ്രമിക്കേണ്ടതാണ്.

വിറകുശേഖരണം

സംസ്ഥാനത്തുടനീളം വനത്തിൽ നിന്നും അനധികൃതമായി വിറക് ശേഖരിച്ചു കൊണ്ടുപോകുക നിത്യസംഭവമായി മാറിയിട്ടുണ്ട്. തൊഴിൽരഹിതരായ സാധുസ്ത്രീകളാണ് അധികവും ഇതിലേർപ്പെട്ടിട്ടുള്ളത്. ഇവർ സംഘമായി വനത്തിൽ പോയി വിറകു ശേഖരിച്ച് തലച്ചുമടായി പുറത്തു കൊണ്ടുവന്ന് വിറ്റ് ഉപജീവനമാർഗം കണ്ടെത്തുന്നു. ഉണങ്ങിയ വിറക് കിട്ടുവാൻ വേണ്ടി ചെറുമരങ്ങൾ വരഞ്ഞോ മുറിച്ചോ പച്ച കെടുത്തുക പതിവാണ്. സംസ്ഥാനമൊട്ടുക്ക് ഉദ്ദേശം 5000 സ്ത്രീകളെങ്കിലും നിത്യേന ഈ പ്രവ്യത്തിയിൽ ഏർപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഒരുകെട്ട് വിറക് 20-25 കി. ഗ്രാമെങ്കിലും കാണും. അങ്ങനെ കുറഞ്ഞത് 100 ടണ് വിറകെങ്കിലും ദിനംപ്രതി വനത്തിൽ നിന്നും നഷ്ടപ്പെടുന്നുണ്ട്. തൈമരങ്ങളും കമ്പും കവരങ്ങളും മറ്റും മുറിച്ചുകൊണ്ടുപോകുന്നതു മൂലം ഇത്തരം വനഭാഗങ്ങൾ ശുഷ്കിച്ച് പുനരുൽപ്പാദനം ഇല്ലാതെയായി നശിക്കുന്ന കാഴ്ചയാണു കണ്ടുവരുന്നത്. ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു സാമൂഹിക ദ്രോഹമായാണ് ഇതിനെ പലരും വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെയായിരിക്കണം അവരുടെ പേരിൽ കുറ്റകൃത്യങ്ങൾക്ക് കേസ് എടുക്കുകയോ അവരെ ഈ ക്യത്യങ്ങളിൽ നിന്നും തടയുകയോ ചെയ്യാത്തത്.

പ്രതിവിധികൾ

ഈ ദുഷ്പ്രവൃത്തി വനഭാഗങ്ങള്‍ക്ക് വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട് ഇവ ഒരു കാരണവശാലും അനുവദിക്കരുത്. വളരെക്കാലമായി നിലവിലിരുന്ന ഈ പ്രവണതയ്ക്ക് കടിഞ്ഞാണിടാൻ തുടങ്ങുമ്പോള്‍ സ്വാഭാവികമായും എതിർപ്പുകൾ ഉണ്ടാകും. എന്നാൽ സാധുക്കളായ ഈ സ്ത്രീകൾക്ക് മറ്റെന്തെങ്കിലും തൊഴിൽ നൽകുകയും അവരുടെ ദുഷ്പ്രവ്യത്തിയുടെ ഭവിഷ്യത്ത് സന്നദ്ധസംഘടനകളും മറ്റും അവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്താൽ അനിവാര്യമെന്നു കണക്കാക്കി മൗനാനുവാദം നൽകിയിട്ടുള്ള വനനാശപരമായ ഈ തൊഴിലിൽ നിന്നും ഇവരെ പിന്തിരിപ്പിക്കാവുന്നതാണ്.

കരിശേഖരണം

പല വിഭാഗങ്ങളിലും അനധികൃതമായുളള കരികരിക്കൽ സ്വാഭാവിക വനങ്ങൾക്ക് ഭീഷണിയായിത്തീർന്നിട്ടുണ്ട്. മരുതി, തേമ്പാവ്, വെന്തക്ക്, വെക്കാലി, പുന്ന, പേഴ് തുടങ്ങിയ മരങ്ങളും അവയുടെ കൊമ്പുകളും മുറിച്ച് കഷണങ്ങളാക്കിയാണ് ഈ ക്രിയ നിർവഹിക്കുന്നത്. അര മീറ്ററോളം താഴ്ചയിൽ കുഴി കുഴിച്ച് അതിൽ തടിക്കഷണങ്ങൾ അടുക്കിവയ്ക്കും. കരിക്കുന്നതിനു ശേഖരിച്ച തടിയുടെ അളവിനനുസരണമായിരിക്കും കുഴിയുടെ വിസ്തൃതി. ഭൂനിരപ്പിൽ നിന്നും ഒന്നരമീറ്ററോളം ഉയരത്തിൽ വരെ ഈ അടുക്ക് ഉണ്ടായിരിക്കും. അടുക്കിനു ചുറ്റും ഇലകളും അതിനുശേഷം മണ്ണും കൊണ്ട് അത് പൊതിയും. ഒരു വശത്തുനിന്നും തീ കത്തിക്കുന്ന ഈ കൂന നീറിനീറി പുകഞ്ഞ് ഒന്നുരണ്ടു ദിവസം കൊണ്ട് കരിയാകും. ഒരേ സ്ഥലത്തുതന്നെ പല കരിക്കൂനകൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കരിച്ചെടുക്കും. കരി ചാക്കിലാക്കി വനത്തിനു പുറത്തുകൊണ്ടു വന്ന് സൗകര്യം പോലെ അതിന്റെ വിപണന കേന്ദ്രങ്ങളിലെത്തിക്കുന്നു. ഒരു ചാക്കു കരിക്ക് ഉദ്ദേശം 35-45 കി.ഗ്രാം തൂക്കം ഉണ്ടാകും. ഒരു ടൺ തടിക്കഷണങ്ങളിൽനിന്നും അഞ്ചോ ആറോ ചാക്ക് കരി ലഭിക്കും. വർഷംതോറും ഇപ്രകാരം ആയിരക്കണക്കിനു ചാക്ക് കരിയാണ് വനത്തിൽ നിന്നും അനധികൃതമായി കരിച്ചുകൊണ്ടുപോകുന്നത്. ഇതിൽ നല്ല ഒരു പങ്ക് അയൽസംസ്ഥാനങ്ങളിലേക്കും കടത്തുന്നുണ്ട്.

കരികരിക്കൽ പ്രകൃതിദത്ത വനങ്ങൾക്ക് വമ്പിച്ച ആഘാതമാണ് ഏൽപ്പിക്കുന്നത്. ഇടത്തരത്തിൽപ്പെട്ട മരങ്ങളെല്ലാം വെട്ടി കരിയാക്കുന്നതു മൂലം വനത്തിന്റെ സ്വഭാവത്തിനുതന്നെ മാറ്റം സംഭവിക്കുന്നു. പ്രായമറിയ മരങ്ങൾ തുടക്കത്തിൽ അവശേഷിക്കുമെങ്കിലും ക്രമേണ ഇവയും ഉണക്കിയോ വീഴ്ത്തിയോ കരികരിക്കലിനു വിധേയമാക്കുന്നു. ഈ ദുഷിച്ച നടപടി വേണ്ട രീതിയിൽ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ ചില വിഭാഗങ്ങൾ പൂർണമായും നശിച്ചുപോകുമെന്നുള്ളതിനു സംശയമില്ല.

പ്രതിവിധികൾ

കരികരിക്കൽ വനത്തിൽ നിന്നും പാടെ നിഷ്കാസനം ചെയ്യുവാനുള്ള മാർഗങ്ങൾ നടപ്പിലാക്കണം. അതിനുവേണ്ടി ഈ ദുഷ്പ്രവ്യത്തിക്കു വിധേയമാകുന്ന വനഭാഗങ്ങളിൽ റോന്തുചാൽ കാര്യക്ഷമമായി ക്രമപ്പെടുത്തണം. അനധിക്യതമായി കരിച്ചുകൊണ്ടുവരുന്ന ഈ വനവിഭവം വിപണനം ചെയ്യുവാനുള്ള സ്ഥിതിവിശേഷം ഇല്ലാതാക്കണം. വിപണന സ്ഥലങ്ങളിൽ രഹസ്യാന്വേഷണങ്ങൾ നടത്തി ഇതിൽ വ്യാപൃതരായിട്ടുള്ളവരെ മനസ്സിലാക്കി കരികരിക്കുവാനും പുറത്തുകൊണ്ടുവരുവാനുമുള്ള സാഹചര്യം ഇല്ലാതാക്കണം.

തൊഴിലില്ലായ്മ മൂലമായിരിക്കാം ചിലർ ഈ പ്രവ്യത്തിയിൽ മുഴുകുവാൻ നിർബന്ധിതരായിരിക്കുന്നത്. അങ്ങനെയുളളവർക്ക് എന്തെങ്കിലും ജീവിതമാർഗം കാണിച്ചുകൊടുക്കേണ്ടതാണ്.

ഇരുമ്പുപണിയിൽ ഏർപ്പെട്ടിട്ടുള്ള ഇരുമ്പാശാരിമാർക്ക് അവരുടെ തൊഴിലിന് തടിക്കരി ആവശ്യമാണ്. അങ്ങനെയുള്ളവർക്ക് മറ്റെന്തെങ്കിലും ഇന്ധനം ലഭ്യമാക്കി തടിക്കരി ഉപയോഗിക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കേണ്ടതാണ്.

മാനേജ്മെന്റിലെ പാകപ്പിഴകൾ

  • തേക്കിൻതോട്ടങ്ങൾ

ബ്രിട്ടീഷുകാർക്ക് കപ്പൽനിർമാണത്തിന് സ്വാഭാവിക വനങ്ങളിൽ നിന്നും ലഭിക്കാവുന്ന തേക്കിന്റെ അളവ് കുറഞ്ഞുവന്നപ്പോൾ ഒരു പരിഹാരമെന്നോണം 1842-ൽ അന്നത്തെ മലബാർ കളക്ടറായിരുന്ന കണ്ണോളി മുൻകൈയെടുത്ത് തുടങ്ങിയതാണ് തേക്കിൻതോട്ടനിർമാണം. ഭൂമി പാട്ടത്തിനെടുത്താണ് അന്ന് തേക്ക് കൃഷി ചെയ്തത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി വനനിയമം നടപ്പിലാക്കി വനങ്ങൾ റിസർവു ചെയ്യാൻ തുടങ്ങിയതോടെ തേക്കിൻതോട്ടനിർമാണം പല ഡിവിഷനുകളിലേക്കും വ്യാപിച്ചു. എങ്കിലും വാർഷിക പരിധി മുൻകൂർ തയാറാക്കി അംഗീകരിച്ചിട്ടുള്ള പ്രവർത്തനപദ്ധതിയുടേതിനനുസരണമായി നിയന്ത്രിച്ചു പോന്നിരുന്നു. ഈ പരിധി തേക്കിൻതോട്ടത്തിനു യോജിച്ച ഡിവിഷനുകളിൽ അതിന് അനുയോജ്യമായ വനഭാഗങ്ങളിൽ ഏതാനും ഹെക്ടറുകളായി ഒതുങ്ങിനിന്നിരുന്നു. എന്നാൽ പഞ്ചവത്സരപദ്ധതികളുടെ ആവിർഭാവത്തോടുകൂടി തെറ്റായ ചില ധാരണകളുടെ അടിസ്ഥാനത്തില്‍ വാർഷിക അടങ്കൽ ആയിരക്കണക്കിനു ഹെക്റുകളായി നിജപ്പെടുത്തുകയും ഈ അടങ്കൽ നേടുവാനായി പ്രവർത്തന പദ്ധതികളെ മറികടന്നുകൊണ്ട് തേക്കിൻതോട്ട നിർമാണത്തിന് അനുയോജ്യമായതും അല്ലാത്തതുമായ വനങ്ങൾ വെട്ടിത്തെളിക്കപ്പെടുകയും ചെയ്തു. അങ്ങനെ 1960 വരെ ഒരു ശതാബ്ദത്തിനു മേലുള്ള കാലഘട്ടത്തിൽ 32700 ഹെക്ടർ വനഭൂമിയിലാണ് തേക്ക് കൃഷി ചെയ്തിരുന്നതെങ്കിൽ 1980 -ഓടുകൂടി ഇത് 75000 ഹെക്ടർ ആയി ഉയർന്നു. തുക്കനെയുള്ള പല മലകളും നഗ്നമാക്കി മണ്ണൊലിപ്പിനിരയാക്കി. എന്നാൽ മറ്റു സംരക്ഷണപ്രവർത്തനങ്ങൾ നടപ്പാക്കിയതുമില്ല. ടോങ്കിയാക്യഷി, പ്രത്യേകിച്ചും കപ്പകൃഷി, മേൽമണ്ണിനു സ്ഥാനചലനം സ്യഷ്ടിച്ച് മണ്ണിന്റെ വീര്യം കെടുത്തി. തേക്കിൻതോട്ടങ്ങളുടെ വിസ്തൃതി അനുപാതരഹിതമായി വർധിച്ചതോടുകൂടി തോട്ടസംരക്ഷണ പ്രവർത്തനങ്ങളിലും അശ്രദ്ധയായി.

ആസൂത്രണരഹിതമായി, വിസ്തൃതിയേറിയ സ്വാഭാവിക വനങ്ങൾ വെട്ടിത്തെളിച്ചു നടത്തിയ ചില തോട്ടങ്ങളുടെ നിർമാണം ആദ്യം പരാജയപ്പെടുക തന്നെ ചെയ്തു. ഉദാ: പറമ്പിക്കുളം. ആവശ്യത്തിനു നേഴ്സറിത്തൈകളില്ലാതെ, ഉദ്യോഗസ്ഥൻമാർക്ക് താമസിക്കുവാൻ സൗകര്യങ്ങളില്ലാതെ, കളയെടുപ്പിനു പോലും വേണ്ട പണം ലഭിക്കുമെന്നുറപ്പില്ലാതെ ആയിരക്കണക്കിനു ഹെക്ടർ വനം തെളിച്ച് തേക്കിൻതോട്ടനിർമാണമെന്ന പ്രഹസനം നടത്തുകയാണുണ്ടായത്. ഈ തോട്ടങ്ങൾ പൂർണമായും പരാജയപ്പെട്ടിട്ട് രണ്ടാമതു വച്ചുപിടിപ്പിക്കേണ്ടിവന്നു. പരാജയപ്പെട്ട സ്ഥലത്ത് സാമാന്യം മെച്ചമായ തോട്ടങ്ങൾ പിന്നീട് വച്ചുപിടിപ്പിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ, അവിടത്തെ പ്രഥമശ്രമം ആസൂത്രിതമായി ശാസ്ത്രീയ രീതിയിൽ ആയിരുന്നെങ്കിൽ എത്രകണ്ടു മെച്ചമേറിയ തോട്ടങ്ങൾ നിർമിക്കാമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വർഷംതോറുമുള്ള തീയും കാലിമേച്ചിലും തോട്ടങ്ങളുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇത്തിക്കണ്ണി തേക്കിന്‍തോട്ടങ്ങളെ പ്രത്യേകിച്ചും ഉത്തരമേഖലയിലും മധ്യമേഖലയിലുമുള്ള തോട്ടങ്ങളെ ആക്രമിച്ച് തോട്ടങ്ങളുടെ ഉത്പാദനശേഷി സങ്കല്‍പ്പാതീതമായി താഴ്ത്തിയിരിക്കുകയാണ്.

തേക്കിന്‍തോട്ടങ്ങളില്‍ അവസാനവിളവെടുപ്പ് സാധാരണ 60-)൦ വര്‍ഷത്തിലാണ്. ഈ പ്രായത്തില്‍ ഹെക്ടറൊന്നിന് ശരാശരി 200 ഘനമീറ്ററിലധികം തേക്കുതടി കിട്ടേണ്ട സ്ഥാനത്ത് നമുക്കു ലഭിക്കുന്നത് 100 ഘനമീറ്ററിനടുത്തു മാത്രമാണ്. വിവിധ ഘട്ടങ്ങളിലാവശ്യമായ പരിചരണത്തിൽ സംഭവിച്ച തകരാറാണ് ഇതിനു കാരണം. ആദ്യകാല തോട്ടങ്ങൾ ഒന്നും രണ്ടും വിളവെടുത്ത് പുനഃകൃഷിക്ക് വിധേയമാക്കിയിട്ടുള്ളവയും ഉണ്ട്. പിന്നീടുള്ള തോട്ടങ്ങൾ മുമ്പുണ്ടായിരുന്നതിനേക്കാൾ താരതമ്യേന മോശമാണെന്നാണ് പഠനം തെളിയിക്കുന്നത്. ഇതു തീർത്തും അപകടകരമായ ഒരു അവസ്ഥാവിശേഷമാണ്. ശാസ്ത്രജ്ഞാനം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തോട്ടങ്ങളുടെ പൊതുവെയുളള വളർച്ചയും വിളവും പഴയതുപോലെയെങ്കിലും നിലനിർത്തുവാൻ കഴിയേണ്ടതാണ്.

പഞ്ചവത്സരപദ്ധതിക്കാലത്തു വച്ചുപിടിപ്പിച്ചിട്ടുള്ള തോട്ടങ്ങൾ പ്രായമാകുമ്പോഴേക്കും, വിളവെടുപ്പ് ക്രമവൽക്കരിക്കുവാൻ ബുദ്ധിമുട്ട് നേരിടും. വിളവെടുപ്പ് ക്രമീകരിക്കുന്നത് ഏകദേശം സമാനവിളവു കിട്ടുന്ന വിളവിസ്ത്യതിയുടെ അടിസ്ഥാനത്തിലാണ്. തേക്കിൻതോട്ടങ്ങളുടെ കാര്യത്തിൽ ഈ വിസ്തൃതി ഇപ്പോൾ 500 ഹെക്ടറിനടുത്താണ്. എന്നാൽ 60 വർഷമെന്ന റൊട്ടേഷൻ മുറുകെ പിടിച്ചാൽ 2020-)൦ ആണ്ടുമുതൽ രണ്ടു ദശാബ്ദക്കാലം വർഷംതോറും 2000 ഹെക്ടറിനടുത്തു തോട്ടങ്ങൾ മുറിച്ച് പുന:കൃഷി ചെയ്യേണ്ടിവരും. ഈ സ്ഥിതിവിശേഷം സംജാതമായത് 1960-80 കാലഘട്ടത്തിൽ വനശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾക്കു വിപരീതമായി വമ്പിച്ച തോതിൽ സ്വാഭാവിക വനങ്ങൾ മുറിച്ച് തോട്ടങ്ങളാക്കി മാറ്റിയതുകൊണ്ടാണ്. ഒരു റൊട്ടേഷൻകാലത്തു ചെയ്തുതീർക്കേണ്ട പ്രവൃത്തി അതിന്റെ മൂന്നിലൊന്നുകാലം കൊണ്ടു ചെയ്യുവാനുള്ള പ്രയാണത്തിൽ തോട്ടങ്ങൾ മോശമായിപ്പോയെന്നു മാത്രമല്ല അതിന്റെ വിളവെടുപ്പ് നിയന്ത്രിക്കുന്നതിലും ബുദ്ധിമുട്ടുകൾ സ്യഷ്ടിച്ചിരിക്കുകയാണ്.

പ്രതിവിധികൾ

ഗുണമേന്മയുളള തേക്കിൻതോട്ടം നിർമിക്കാൻ നിരന്തരമായി മോണിറ്ററിംഗ് തോട്ടമടിസ്ഥാനത്തിൽ ആവശ്യമാണ്. തോട്ടത്തിന്റെ ഗുണനിലവാരം, മണ്ണിന്റെ സ്വഭാവം ഇവ ഇടവിട്ടിടവിട്ട് പരിശോധിച്ച് ആവശ്യമായ പരിഹാരമാർഗങ്ങൾ സ്വീകരിക്കണം. മണ്ണിന്റെ സ്വഭാവഗുണങ്ങൾക്ക് ഒട്ടും ദോഷം സംഭവിക്കാതെ പ്രത്യുത അതിന്റെ വീര്യം വർധിപ്പിച്ചുകൊണ്ട് ഏറ്റവും മെച്ചമായ വിള ഓരോ തോട്ടത്തിൽ നിന്നും ഉല്‍പ്പാദിപ്പിക്കണമെന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം.

1963-80 കാലഘട്ടത്തിൽ വച്ചുപിടിപ്പിച്ചിട്ടുള്ള തോട്ടങ്ങൾ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തിനു മൊത്തത്തിൽ ഒരു വിള ക്രമവൽക്കരണ രീതി 2000-2040 കാലഘട്ടത്തേക്ക് തയാറാക്കി നടപ്പിലാക്കണം. അങ്ങനെ ഇരുപതുവർഷമെന്നത് 40 വർഷത്തേക്കു നീട്ടി ഈ വിളവെടുപ്പു കാലത്തും അതു വീണ്ടും 50-60 വർഷത്തേക്കു നീട്ടി അടുത്ത വിളവെടുപ്പുകാലത്തുമായി സമാന വിളവിസ്തൃതി (Equi-productive area) എന്ന തത്വം പ്രയോഗത്തിൽ കൊണ്ടുവരാവുന്നതാണ്.

    മിശ്രതോട്ടങ്ങൾ

മൂന്നാം പഞ്ചവത്സരപദ്ധതിയോടു കൂടി തീപ്പെട്ടിമരങ്ങൾ വച്ചുപിടിപ്പിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തിരുകൊച്ചി ഭാഗത്ത് ഇലവും കണ്ണുത്ത് മട്ടിയും വയനാട്ടിൽ കനലയുമാണ് തേക്കുമായി ചേർത്ത് മിശ്രവിളകളായി നട്ടുവളർത്തിയത്. അച്ചൻകോവിൽ, തുലാപ്പളളി, വാഴച്ചാൽ തുടങ്ങി ചുരുക്കം ചില സ്ഥലങ്ങളിൽ ഇലവും കണ്ണുത്ത് മട്ടിയും ഒഴികെ ബാക്കിയുള്ള മിശ്രവിളകളെല്ലാം തീപ്പെട്ടിമരത്തിന്റെ കാര്യത്തിൽ പരാജയമാണ്. അധികം തോട്ടങ്ങളും വെള്ളമരത്തിന്റെ അഭാവമോ കുറവോ നിമിത്തം തേക്കിൻതോട്ടങ്ങളായി കണക്കാക്കാവുന്നതാണ്.

വെള്ളമരത്തൈകൾ തക്ക സമയത്ത് ശരിയായ രീതിയിൽ വച്ചുപിടിപ്പിക്കാതിരുന്നതും ആവശ്യാനുസരണം ഇടമുറിക്കൽ നടത്തി അതിനു വളരുവാനുള്ള സാഹചര്യം സൃഷ്ടിക്കാതിരുന്നതുമാണ് പരാജയത്തിനുള്ള പ്രധാനകാരണങ്ങൾ.

പ്രതിവിധികൾ

ഇത്തരം തോട്ടങ്ങളിലെ ഇടമുറിക്കൽ, വിളവെടുപ്പ് തുടങ്ങിയ മാനേജ്മെന്റ് പഠനങ്ങൾ സങ്കീർണങ്ങളാണ്. എങ്കിലും വേണ്ടവിധം പരിപാലിച്ച് രക്ഷിക്കുന്നതിനു വേണ്ടി ഈ തോട്ടങ്ങളുടെ 'സ്റ്റോക്ക് മാപ്പ്’ തയാറാക്കി തോട്ടത്തിലുള്ള തേക്കിന്റെയും വെള്ളമരത്തിന്റെയും യഥാർഥ സ്ഥിതിവിവരക്കണക്ക് ശേഖരിക്കണം. തോട്ടസ്ഥലത്തിന്റെ മേൻമയും പരിഗണനയ്ക്ക് വിധേയമാക്കണം. വലിയ ചരിവില്ലാത്തതും വെള്ളമരത്തിന്റെ ശതമാനം തൃപ്തികരവുമായിട്ടുള്ള തോട്ടങ്ങൾ വെളളമര ഉൽപ്പാദനത്തിനുവേണ്ടി നീക്കിവയ്ക്കാം. ഇവിടെ ഇടമുറിക്കൽ മുഖേന തേക്ക് ക്രമേണ മുറിച്ചു മാറ്റി വെള്ളമരങ്ങൾക്കു വളരുവാനുള്ള എല്ലാ സാഹചര്യങ്ങളും സ്യഷ്ടിക്കണം. വെള്ളമരത്തിന്റെ റൊട്ടേഷൻ സാധാരണ 40 വർഷമായാണ് നിജപ്പെടുത്തി വരുന്നത്. അങ്ങനെ പ്രായമാകുമ്പോൾ വെള്ളമരത്തിന്റെ വിളവെടുത്തതിനുശേഷം ആവശ്യമെന്നു കണ്ടാൽ വീണ്ടും വെള്ളമരത്തിനോ യുക്തമെന്നു തോന്നുന്ന മറ്റു തോട്ടത്തിനോ ഈ സ്ഥലം ഉപയോഗിക്കാം. ചരിവുള്ളതും വെള്ളമരത്തിന്റെ ശതമാനം താരതമ്യേന കുറവുള്ളതുമായ തോട്ടങ്ങൾ തേക്കിൻതോട്ടങ്ങളായി പരിഗണിച്ച് തേക്ക് വളരുവാനനുയോജ്യമായ പരിചരണ നടപടികൾ കൈക്കൊള്ളേണ്ടതാണ്.

    യൂക്കാലിപ്റ്റസ്

23000-ത്തോളം ഹെക്ടർ യൂക്കാലിപ്റ്റസ് ഹൈബ്രിഡ് തോട്ടവും 15000-ത്തോളം ഹെക്ടർ യു. ഗ്രാൻഡിസ് തോട്ടവും ആണ് കേരളത്തിലുള്ളത്. യു. ഹൈബ്രിഡ് താരതമ്യേന മെച്ചപ്പെട്ട ഇലകൊഴിയുംവനങ്ങൾ അടച്ചുമുറിച്ചിട്ടാണ് വച്ചുപിടിപ്പിച്ചത്. ശരാശരി ലഭിക്കുന്ന വിളവ് ഹെക്ടറൊന്നിന് ഏകദേശം 30 ടൺ ആണ്. വേണ്ടവിധത്തിലുള്ള സസ്യപോഷണ-സംരക്ഷണ നടപടികൾ തക്കസമയത്ത് സ്വീകരിക്കാതിരുന്നതു കൊണ്ടാണ് ഇത്രകുറഞ്ഞ വിളവ് ലഭിക്കാനിടയായത്. ഇലകൊഴിയുംവനങ്ങളിലെ വാർഷിക ഉൽപ്പാദനം ഹെക്ടറൊന്നിന് 7-8 ടൺ ഉണ്ടാകും. ആ തോതുവച്ച് കണക്കാക്കിയാൽ തന്നെ വേഗത്തിലുള്ള വളർച്ചയ്ക്കു പര്യാപ്തമായ യൂക്കാലിപ്റ്റസ് 8 വർഷം പ്രായമാകുമ്പോൾ കുറഞ്ഞത് 60 ടണെങ്കിലും തടി നൽകേണ്ടതാണ്. പക്ഷേ കൃഷിയിലുള്ള പാകപ്പിഴയും പാടല രോഗവും ഇതിന്റെ വിളവ് നന്നേ താഴ്ത്തിയിരിക്കുകയാണ്.

കേരളത്തിൽ യൂക്കാലിപ്റ്റസ് തടി പൾപ്പിനുപയോഗിക്കുന്ന മൂന്ന് വ്യവസായസ്ഥാപനങ്ങൾ (വെള്ളൂരിലെ ന്യൂസ്പ്രിന്‍റ്, മാവൂരിലെ ഗ്വാളിയർ റയോൺസ്, പുനലൂരിലെ പേപ്പർ മിൽസ്) ആണ് ഉണ്ടായിരുന്നത്. ഇവയ്ക്ക് മൂന്നിനും കൂടി മൂന്നു ലക്ഷം ടൺ യൂക്കാലിപ്റ്റസ് തടി നൽകാൻ സർക്കാർ ബാധ്യസ്ഥമായിരുന്നു. ഇവയിൽ പുനലൂര്‍ പേപ്പര്‍ മില്‍സും ഗ്വാളിയർ റയോൺസും പ്രവർത്തനരഹിതമായതോടുകൂടി വെള്ളൂർ ന്യൂസ് പ്രിന്റിനു മാത്രമാണ് യൂക്കാലിപ്റ്റസ് നൽകിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വെള്ളൂര്‍ ന്യൂസ്പ്രിന്റിന് 5600 ഹെക്ടര്‍ സർക്കാർ യൂക്കാലിപ്റ്റസ് തോട്ടങ്ങളിൽ, യൂക്കാലിപ്റ്റസ് വളര്‍ത്തുവാനുള്ള അവകാശം നൽകുകയും തന്മൂലം ആ തോട്ടങ്ങളിൽ നിന്നും 2006-)൦ ആണ്ടോടുകൂടി പൂർണതോതിൽ ഉൽപ്പാദനം ലഭിക്കുമെന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതോടുകൂടി സർക്കാരിന്റെ അവരോടുള്ള ബാധ്യത തീരുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ, സർക്കാർ ഉൽപ്പാദിപ്പിക്കുന്ന തടി, ലേലം ചെയ്തത് വിപണിവിലയ്ക്ക് വിറ്റ് കൂടുതൽ വരുമാനം ഉണ്ടാക്കുവാനും സാധിക്കും.

പ്രതിവിധികൾ

യൂക്കാലിപ്റ്റസിന്റെ വിളവ് വർധിപ്പിക്കുവാനായി ഒരു തീവ്രയജ്ഞ പരിപാടി ആസൂത്രണം ചെയ്യണം. കപ്പക്ക്യഷി ഒഴിവാക്കിക്കൊണ്ട്, തക്കസമയത്ത് കളയെടുപ്പു നടത്തി മണ്ണിന്റെ പോരായ്മയ്ക്കനുസരിച്ച് വളം ചേർത്ത് തികച്ചും ശാസ്ത്രീയ രീതിയിൽ പരിപോഷണ നടപടികൾ സ്വീകരിക്കണം. 90 ശതമാനം തൈകളെങ്കിലും വളർന്നു പുഷ്ടി പ്രാപിക്കണം. കുമിൾരോഗത്തിനെതിരെ പ്രതിരോധ നടപടികൾ കൈക്കൊള്ളണം. കൂടുതൽ വിളവു ലഭിക്കാവുന്നതും പെട്ടെന്ന് രോഗബാധയ്ക്കടിമപ്പെടാത്തതുമായ പൾപ്പുമരങ്ങളും പകരം വച്ചുപിടിപ്പിക്കുവാൻ ശ്രമിക്കണം.

പരിസ്ഥിതിപ്രശ്നങ്ങൾ കണക്കിലെടുത്ത് കഴിവതോളം യൂക്കാലിപ്റ്റസ് തോട്ടങ്ങൾ തിരികെ സ്വാഭാവിക വനങ്ങളായി മാറ്റിയെടുക്കുവാനും ശ്രമിക്കണം.

    അടച്ചു മുറിക്കൽ

വനങ്ങൾ വെട്ടിത്തെളിച്ച് തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്ന സമ്പ്രദായം തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. എന്നാൽ പഞ്ചവത്സര പദ്ധതികൾ തുടങ്ങുന്നതുവരെ ആണ്ടുതോറുമുള്ള വിസ്തൃതി താരതമ്യേന കുറവായിരുന്നു. 1960 -80 കാലഘട്ടത്തിൽ വാര്‍ഷിക അടങ്കല്‍ 4000 ഹെക്ടറോളമായി ഉയര്‍ന്നു. വര്‍ക്കിംഗ് പ്ലാനുകളെ പുറന്തള്ളിക്കൊണ്ട്‌ പ്ലാന്‍ ടാര്‍ജറ്റ് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുവാനായി വനഭാഗത്തിന്‍റെ പരിസ്ഥിതിപരമായ പ്രാധാന്യങ്ങള്‍ക്ക് കാര്യമായ വിലകല്‍പ്പിക്കാതെ ചരിവേറിയ സ്ഥലങ്ങള്‍ വരെ തെളിച്ചു തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചു. 1981 ഓടുകൂടി അടച്ചുമുറിക്കലിനെതിരെ പല കോണുകളില്‍ നിന്നും ശബ്ദം ഉയര്‍ന്നു. സര്‍ക്കാര്‍നയം പുന:പരിശോധിക്കേണ്ട സ്ഥിതിവിശേഷം സംജാതമായി. ആദ്യം വാര്‍ഷിക ടാര്‍ജറ്റ് 1500 ഹെക്ടറായി കുറയ്ക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ കുറച്ച ടാര്‍ജറ്റിനോടും യോജിക്കുവാൻ പലരും വൈമുഖ്യം പ്രകടിപ്പിച്ചു. തൽഫലമായി 1983 ൽ അടച്ചുമുറിക്കൽ സമ്പ്രദായം തൽക്കാലം നിർത്തിവയ്ക്കുവാൻ തന്നെ തീരുമാനിച്ചു. അതിപ്പോഴും തുടരുകയാണ്.

അടച്ചുമുറിക്കലിന്റെ പ്രധാന ദൂഷ്യം മരങ്ങൾ മുറിച്ചു മാറ്റുമ്പോഴും തൈവയ്ക്കുവാൻ ഭൂമി തയാറാക്കുമ്പോഴും പരിസ്ഥിതിപരമായി വലിയ മാറ്റം സംഭവിക്കുന്നു എന്നുള്ളതാണ്. നൂറ്റാണ്ടുകളായി പലവിധ മരങ്ങളുടെയും ചെടികളുടെയും ലാളനയിൽ സമ്യദ്ധിയിലും സമ്പുഷ്ടിയിലും കഴിഞ്ഞിരുന്ന മണ്ണ് അനാവരണം ചെയ്യപ്പെട്ട് നിരാലംബമായി തീരുന്നു. മേൽമണ്ണിന് (വളമണ്ണ്) സ്ഥാനഭ്രംശം നേരിടുക സാധാരണമാണ്. വനസസ്യങ്ങൾക്കൊപ്പമുള്ള ടോങ്ക്യാ കൃഷി മണ്ണിന്റെ വീര്യം കെടുത്തുകയും അതിനു സ്ഥാനഭ്രംശം സംഭവിക്കുവാൻ കളമൊരുക്കുകയും ചെയ്യുന്നു. സ്വാഭാവിക വനങ്ങളിൽ പലതരം രോഗങ്ങൾക്ക് തോട്ടവിള കീഴ്പ്പെടുകയും ഉൽപ്പാദനം താരതമ്യേന താഴുകയും ചെയ്യുന്നു.

പ്രതിവിധികൾ

“അടച്ചുമുറിക്കൽ' സ്ഥിരമായി നിർത്തൽ ചെയ്യുകയും "അടച്ചുമുറിക്കൽ' നടത്തി വച്ചുപിടിപ്പിച്ചിട്ടുള്ള തോട്ടങ്ങൾക്ക് അനുഭവപ്പെടുന്ന ദോഷങ്ങൾക്ക് വിവിധ അധ്യായങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള സംരക്ഷണ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

  • തിരഞ്ഞു മുറിക്കൽ

അടച്ചുമുറിക്കൽ മൂലം ധാരാളം തടി വിപണിയിൽ എത്തിയിരുന്നതുകൊണ്ട് വർക്കിങ് പ്ലാനുകളിൽ വ്യവസ്ഥ ചെയ്തിരുന്ന തിരഞ്ഞു മുറിക്കൽ അധികവും പ്രയോഗത്തിൽ കൊണ്ടുവന്നിരുന്നില്ല. പ്ലൈവുഡിനും മറ്റും വേണ്ടി വ്യവസ്ഥ ചെയ്തിരുന്ന കൂപ്പുകൾ മാത്രമാണ് തിരഞ്ഞുമുറിക്കലിന് വിധേയമാക്കിയിരുന്നത്. എന്നാൽ അടച്ചുമുറിക്കൽ നിർത്തിയതോടുകൂടി തിരഞ്ഞുമുറിക്കൽ പുനർജീവിപ്പിക്കുവാൻ ശ്രമങ്ങളുണ്ടായി. തുടക്കമെന്നാണം കാറ്റിൽ വീണതും ഉണങ്ങിയതും ഉണങ്ങിക്കൊണ്ടിരിക്കുന്നതുമായ മരങ്ങൾ കൂപ്പടിസ്ഥാനത്തിൽ കരാറുകാരെക്കൊണ്ട് ശേഖരിപ്പിക്കുകയായിരുന്നു ചെയ്തത്. എന്നാൽ ഈ സമ്പ്രദായം പല അഴിമതികൾക്കും ഇടനൽകി. ഉണങ്ങിക്കൊണ്ടിക്കുന്ന മരങ്ങൾ പലതും റോഡരുകിൽ ആരോഗ്യത്തോടുകൂടി നിൽക്കുന്നവയായി മാറി. ആരോപണങ്ങൾ ശക്തിപ്രാപിച്ചതിനെ തുടർന്ന് തിരഞ്ഞുമുറിക്കൽ കാറ്റിൽ വീണ മരങ്ങളിൽ മാത്രമായി ഇപ്പോൾ ഒതുക്കിനിർത്തിയിരിക്കുകയാണ്.

തിരഞ്ഞുമുറിക്കൽ സമ്പദായത്തിൽ വിളവെടുപ്പു നടത്തിയ കൂപ്പുകളിൽ, ചില ഭാഗങ്ങളിൽ ശേഖരിക്കാവുന്നതിൽ കൂടുതൽ മരങ്ങൾ മുറിച്ചു മാറ്റിയിട്ടുള്ളതായും കൂടാതെ അവശ്യാനുസരണം വേണ്ട പരിപോഷണ നടപടികൾ സ്വീകരിക്കാതിരുന്നതായും ആക്ഷേപം ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഇപ്പോൾ വർക്കിങ് പ്ലാനുകൾ തയാറാക്കുന്നത്.

പ്രതിവിധികൾ

മുറിച്ചെടുക്കുന്നതിനുവേണ്ട മരങ്ങൾ അടയാളപ്പെടുത്തുമ്പോൾ പ്രവർത്തന പദ്ധതിയിൽ നിഷ്കർഷിച്ചിട്ടുളള ചട്ടങ്ങൾ അതേപടി പാലിക്കണം.

ചില വനഭാഗങ്ങളിൽ മരങ്ങളില്ലാതെ വിടവുകൾ ഉണ്ടായെന്നുവരും. ഇങ്ങനെയുള്ള പരിതസ്ഥിതിയിൽ പരിപാലന നടപടികൾ വർക്കിങ് പ്ലാനുകളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ സ്വീകരിക്കണം.

മുള, ഈറ, ചൂരൽ എന്നിവയും തിരഞ്ഞുമുറിക്കൽ ചട്ടങ്ങൾ പാലിക്കാത്തതു നിമിത്തം അധോഗതിയിലെത്തിയിരിക്കുകയാണ്. ചൂരൽ പാകമായവ ശേഖരിക്കുവാനില്ലെന്നുതന്നെ പറയാം. മുള, ഈറ എന്നിവയുടെ ശേഖരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചട്ടങ്ങൾക്കനുസരണമായിത്തന്നെ ശേഖരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇവ അധികവും വ്യവസായ സ്ഥാപനങ്ങൾക്ക് നീക്കിവച്ചിട്ടുള്ളതുകൊണ്ട് ചട്ട ലംഘനത്തിന് ഈ സ്ഥാപനങ്ങളുടെമേൽ മാത്യകാപരമായ നടപടികൾ കൈക്കൊണ്ട് ഇതിന്റെ ആവർത്തനം ഒഴിവാക്കുവാൻ വേണ്ട എല്ലാ മാർഗങ്ങളും സ്വീകരിക്കണം.

ചൂരലിന്റെ ശേഖരണം ഏതാനും വർഷത്തേക്കു കൂടിയെങ്കിലും അനുവദിക്കരുത്. അതിനുശേഷം ഇതിന്റെ സ്ഥിതി പഠിച്ച് ശേഖരണ വിധേയമാക്കാവുന്ന വനഭാഗങ്ങളിൽ നിന്നും വേണ്ടിവന്നാൽ നേരിട്ട് ശേഖരണം നടത്തി ഉപഭോക്താക്കൾക്ക് എത്തിച്ചുകൊടുക്കുന്നതായിരിക്കും ഉത്തമം. ഒരു കാരണവശാലും മുൻകാല രീതിയിലുള്ള അനിയന്ത്രിതശേഖരണത്തിനു വിധേയമാക്കി ഇതിന്റെ വംശം നശിക്കുവാൻ ഇടയാക്കിക്കൂടാ.

വനവിസ്തൃതി

വനംവകുപ്പിലെ ഔദ്യോഗിക രേഖകളനുസരിച്ച് 31.3.1997-ലെ വനവിസ്തൃതി താഴെ ചേർക്കുന്നു.

റിസർവ് വനം 9,15715:870 ഹെക്ടർ

റിസർവ് വനമാക്കാനുദ്ദേശിക്കുന്ന വനഭൂമി 21 395,420

നിക്ഷിപ്തവനം 1,75533.730

ആകെ 11,12,645.020

റിസർവ് വനത്തിന്റെ വിസ്ത്യതിയിൽ ഒരിക്കൽ റിസർവായി വിജ്ഞാപനം ചെയ്തതും പിൽക്കാലത്ത് വനേതരാവശ്യത്തിനു വിട്ടുകൊടുത്തതും എന്നാൽ റിസർവിൽ നിന്നും ഒഴിവാക്കി വിജ്ഞാപനം ചെയ്യാത്തതുമായ ഭൂമിയും ഉൾപ്പെടും.

വനേതരാവശ്യങ്ങൾക്കു വിട്ടുകൊടുത്ത ഭൂമി ഒഴിവാക്കിയശേഷം, 9,40,000 ഹെക്ടര്‍ വനം യഥാർഥത്തിൽ ഉളളതായിട്ടാണ് 1983-84 മുതല്‍ കണക്കാക്കി വരുന്നത്. പക്ഷേ, 1983-നു ശേഷവും വനഭൂമികൾ വിവിധ കാര്യങ്ങൾക്കായി കൈവിട്ടു പോയിട്ടുണ്ട്. അതിനു തക്കതായ പരിഗണന നല്‍കാതെയാണ്, യഥാർഥ വനവിസ്തൃതി വനംവകുപ്പിന്റെ വിവിധ ഡോക്കുമെന്റുകളിൽ 9.40,000 ഹെക്ടറായി രേഖപ്പെടുത്തിവരുന്നത്.

കടപ്പാട്: വനസംരക്ഷണം, സി.കെ.കരുണാകരന്‍

അവസാനം പരിഷ്കരിച്ചത് : 6/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate