കന്നുകാലികൾ വനത്തിനേൽപ്പിക്കുന്ന ആഘാതം കുറച്ചൊന്നുമല്ല. വനത്തിന്റെ സമീപപ്രദേശങ്ങളിലുള്ള ഭൂരിഭാഗം കന്നുകാലികളും മേയുന്നത് വനങ്ങളിലാണ്. സ്വകാര്യതോട്ടങ്ങളിലെ കന്നുകാലികളെ കൂട്ടമായിട്ടായിരിക്കും തീറ്റുവാൻ കൊണ്ടുപോകുന്നത്. മലബാർ പ്രദേശത്തുള്ളചില കൂട്ടരും പ്രത്യകിച്ച് ചെട്ടികൾ തങ്ങളുടെ കന്നുകാലികളെ കൂട്ടമായിട്ടാണ് വനത്തിൽ വിടുന്നത്.
ഇന്ത്യയിലെ കന്നുകാലി സമ്പത്ത് മറ്റു രാജ്യങ്ങളിലേതുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഗുണത്തിൽ പിന്നിലാണെങ്കിലും എണ്ണത്തില്‍ മുന്നിലാണ്. 1996-ൽ കേരളത്തിലെ കന്നുകാലികളുടെ എണ്ണം താഴെ ചേർത്തിരിക്കുന്ന പ്രകാരമായിരുന്നു.
പശു, കാള (സങ്കരം) - 22,76,876
പശു, കാള (നാടൻ) - 11,09,451
എരുമ - 165,125
ചെമ്മരിയാട് - 6,058
കോലാട് - 18,60501
വനങ്ങൾക്കുള്ളിലും ധാരാളം കുടിപാർപ്പുള്ളതിനാൽ, വനത്തിൽമേയുന്ന കന്നുകാലികളുടെ തോത് കേരളത്തിൽ കൂടുതലാണ്. ഉദ്ദേശം. ഇരുപത് ശതമാനമെങ്കിലും മേച്ചിലിന് വനത്തെ ആശ്രയിക്കുന്നതായി കരുതാം. ഒരു ദിവസം ഒരെണ്ണം ശരാശരി പത്തുകിലോഗ്രാം പുല്ലും പച്ചിലകളും ഭക്ഷിച്ചാൽ തന്നെ ദിനംപ്രതി 11000 മെ.ടണ്ണോളം സസ്യഭാഗങ്ങളാണ് വനത്തിന് നഷ്ടപ്പെടുന്നത്. ഭക്ഷ്യരീതിയനുസരിച്ച് കന്നുകാലികളെ രണ്ടായി തിരിക്കാം
ആദ്യത്തെയിനത്തിന് ഇംഗ്ലീഷിൽ ഗ്രേസിയേഴ്സ് എന്നും രണ്ടാമത്തേതിന് ബ്രൌസിയേഴ്സ് എന്നുമാണ് പറയുന്നത്. രണ്ടാമത്തെ ഇനത്തിൽപ്പെടുന്ന മ്യഗങ്ങളാണ് വനത്തിന് കൂടുതൽ വിനാശകരമായിട്ടുള്ളത്.
i. തൈകൾക്ക് നാശം
മേച്ചിലിനിടയിൽ പുല്ലും മറ്റുള്ള ചെറുസസ്യങ്ങളും ഭക്ഷിക്കുന്ന കൂട്ടത്തിൽ മേല്‍ത്തരം വ്യക്ഷങ്ങളുടെ തൈകളും കന്നുകാലികൾ തിന്നുക സാധാരണമാണ്. ഈ പ്രക്രിയ വനത്തിന്റെ പുനരുദ്ഭവത്തെ അത്യധികം പ്രതികൂലമായി ബാധിക്കുന്നു. ഈട്ടിയുടെ തൈകൾ പോലും ഈവിധത്തിൽ വനത്തിന് നഷ്ടപ്പെടുന്നുണ്ട്. വേനല്‍ക്കാലത്ത് പുല്ല് ഉണങ്ങിയില്ലാതാകുമ്പോഴാണ് വ്യക്ഷത്തൈകൾക്ക് ഏറ്റവും കൂടുതൽ നാശമുണ്ടാകുന്നത്. തൽഫലമായി അമിതമായ മേച്ചിലിന് വിധേയമാകുന്ന വനഭാഗങ്ങളിൽ പുനരുദ്ഭവം തീരെ കാണുകയില്ല. പ്രായമേറിയ മരങ്ങള്‍ മാത്രമുള്ള ഇത്തരം വനഭാഗങ്ങളുടെ ഭാവി ഊഹിക്കാവുന്നതേയുള്ളൂ.
ii. ചവിട്ടിമെതിക്കൽ
വൃക്ഷത്തൈകള്‍ തിന്നുനശിപ്പിക്കുന്നതു കൂടാതെ ചവിട്ടി മെതിച്ചു കളയുന്നതും സാധാരണയാണ്. മഴക്കാലത്ത് ഭൂതലം ജലസാന്ദ്രമായിരിക്കുമ്പോഴും വിത്തുകൾ മുളച്ച് ചെറുതൈകൾ വളരാൻ തുടങ്ങുമ്പോഴുമാണ് ഈ ശല്യം അതിന്റെ പാരമ്യത്തിലെത്തുന്നത്. കന്നുകാലികൾ കൂട്ടമായി മേയുന്ന ഭാഗങ്ങളിൽ കുളമ്പിനടിയിൽപ്പെട്ട് അമർന്നു പോകാത്ത ചെടിക്കുറ്റികൾ പോലും അവശേഷിക്കുമെന്നു തോന്നുന്നില്ല.
iii. മണ്ണിനെ ബാധിക്കൽ
മേച്ചിൽ മണ്ണിന് പലവിധത്തിലുള്ള ദോഷങ്ങൾ വരുത്തിവയ്ക്കും. മണ്ണ് ചവിട്ടി ഉറപ്പിക്കപ്പെടുന്നതിനാൽ മണ്ണിലെ രന്ധ്രനിബിഡതയ്ക്ക് ഭംഗമുണ്ടായി വായുസഞ്ചാരം കുറയും. അത്തരം മണ്ണിൽ വീഴുന്ന വിത്ത് മുളയ്ക്കാൻ പ്രയാസമാണ്. കൂടാതെ ചെടികളുടെ വേരിന്റെ വളർച്ചയ്ക്കും തടസ്സം നേരിടുന്നു. ചവിട്ടിയുറച്ച മണ്ണിന് ജലം ഉൾക്കൊള്ളുവാനുള്ള കഴിവ് കുറയും. അതുകൊണ്ട് വെള്ളം ഒഴുകിപ്പോകുവാനുള്ള പ്രവണത വർധിക്കും. അവിടെ വീണുകിടക്കുന്ന കായോ വിത്തോ ഉരുണ്ടതാണെങ്കിൽ മഴവെള്ളത്തില്‍പ്പെട്ട് ഒഴുകിപ്പോകുകയും ചെയ്യും. തന്മൂലം പുനരുദ്ഭവത്തിന് തടസ്സം നേരിടും.
iv. തീവയ്പ്
കാലികൾക്ക് പ്രിയമേറിയ ഇളംപുല്ല് വളർന്നു കിട്ടുവാനായി വനഭാഗങ്ങൾക്ക് തീവയ്ക്കാറുണ്ട്. വനങ്ങൾ അഗ്നിക്കിരയാകുന്നതിന്റെ മൂലകാരണങ്ങളിൽ ഒന്ന് മേച്ചിൽ ഫലപ്രദമായി നിയന്ത്രിക്കാത്തതും ഒഴിവാക്കാത്തതുമാണ്.
v. സസ്യസമൂഹത്തിന്റെ പരിസ്ഥിതിപരമായ സ്ഥാനം
തീയൊഴിച്ചാൽ, വനഘടനയെ സ്വാധീനിച്ചു നിയന്ത്രിക്കുന്ന മുഖ്യഘടകം കാലിമേച്ചിലാണ്. മുള്ളും കറയുമില്ലാത്ത മിക്ക ചെടികളും കന്നുകാലികൾക്കു പ്രിയമാണ്. അതിനാൽ ടാനിന്‍റെ അംശം ഉള്ള തേക്ക് അമ്ലാംശമുള്ള കൂവളം, മുള്ളുകളുള്ള കാര, നാറ്റമുള്ള കുടകപ്പാല തുടങ്ങിയവ പോലെയുള്ള സസ്യങ്ങളും കൂടുതൽ വരണ്ട അവസ്ഥയില്‍ വളരാൻ കഴിവുള്ള ചെടികളും മാത്രമേ അവശേഷിക്കുകയുള്ളൂ. അങ്ങനെ നിരന്തരമായ കന്നുകാലി മേച്ചിൽ സസ്യസമൂഹത്തിന്റെ ഘടനയെ തീർത്തും വികലമാക്കി വളരെ താണതരത്തിലുള്ള ഒരു മിതോച്ചകോടി വനത്തിന്റെ ആവിർഭാവത്തിനു കാരണമാക്കുന്നു. പരിസ്ഥിതിക്ക് സംഭവിക്കുന്ന ഈ വമ്പിച്ച ആഘാതം സങ്കൽപ്പാതീതമാണ്.
vi. വന്യജീവികൾ
വന്യമ്യഗങ്ങളുടെ സംരക്ഷണത്തിന് കാലിമേച്ചിൽ മൂലം ഹാനി സംഭവിക്കുന്നുണ്ട്. സസ്യഭുക്കുകളായ വന്യമൃഗങ്ങൾക്ക് ആഹാരത്തിനും വെള്ളത്തിനും കന്നുകാലികളുമായി മത്സരിക്കേണ്ടിവരും. റിൻഡർപെസ്റ്റ്, ആന്ത്രാക്സ്, ഹിമറാജിക്ക് സെപ്റ്റിസീമിയ തുടങ്ങിയ രോഗങ്ങൾ വന്യമ്യഗങ്ങൾക്കു പകരുവാൻ കാലിമേച്ചിലിടയാക്കും. കാട്ടുപോത്ത്, മാൻ എന്നീ മ്യഗങ്ങളാണ് സാധാരണ ഈ രോഗങ്ങൾക്കടിമപ്പെടുന്നത്. തേക്കടിവന്യജീവിസങ്കേതത്തിൽ കാട്ടുപോത്തുകൾ ഇങ്ങനെ പലതവണ വൻതോതിൽ രോഗങ്ങൾക്കടിപ്പെട്ട് ചത്തുപോയിട്ടുണ്ട്.
നിയന്ത്രിത തോതിലുള്ള മേച്ചിൽ വനപോഷണത്തിന് ഉപകരിക്കുമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം വനശാസ്ത്രജ്ഞർ ഇല്ലാതില്ല. പുല്ലിന്റെ ആധിക്യം ലഘൂകരിച്ച് തീയുടെ കാഠിന്യം കുറയ്ക്കുമെന്നും, വിലകുറഞ്ഞ സസ്യങ്ങൾ കഴിക്കുന്നതിനാല്‍ തേക്കുപോലുള്ള വിലയേറിയ സസ്യങ്ങൾക്ക് പ്രോൽസാഹനം ലഭിക്കുമെന്നും വിത്ത് വിതരണത്തെ സഹായിക്കുന്നതുമൂലം സ്വാഭാവിക പുനരുദ്ഭവം വർധിക്കുമെന്നുമാണ് അവരുടെ പ്രധാന വാദഗതികൾ. എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം നിയന്ത്രിത രീതിയിലും കാലിമേച്ചിൽ നടപ്പിലാക്കുക സാധ്യമല്ലെന്നു മാത്രമല്ല മേൽ വിവരിച്ച പ്രയോജനങ്ങൾ ലഭ്യമാകുമെന്നും തോന്നുന്നില്ല. അതുകൊണ്ട് കാലിമേച്ചിൽ പൂർണമായും ഒഴിവാക്കുകയാണ് അഭികാമ്യം. ഇങ്ങനെ കാലിമേച്ചിൽ ഒഴിവാക്കിയിട്ടുള്ള ചില പരീക്ഷണ പ്ലോട്ടുകളിൽ വനംവകുപ്പിലെ ഗവേഷണ വിഭാഗം നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഈ നിരീക്ഷണഫലങ്ങൾ സൂചിപ്പിക്കുന്നത് മേച്ചില്‍രഹിതമായ വനഭാഗം എന്തുകാണും മേച്ചിലിനു വിധേയമായതിനെക്കാൾ വളരെ മെച്ചപ്പെട്ടതാണെന്നാണ്.
1. പൊതുജനബോധവൽക്കരണം
കന്നുകാലികൾക്ക് യഥേഷ്ടം മേയുവാനിടയാകുന്ന സാഹചര്യം ആണ് ഇപ്പോൾ വനങ്ങളിൽ നിലവിലുള്ളത്. ഈ സാഹചര്യം സംജാതമാകുവാനുള്ള കാരണങ്ങൾ പലതാണ്. മേച്ചിലിനു പറ്റിയ തുറസ്സായ വനപ്രദേശത്തിന്റെ ലഭ്യത, മേച്ചിൽ ഫലപ്രദമായി നിരോധിക്കുവാനോ നിയന്ത്രിക്കുവാനോ ഉളള സംവിധാനങ്ങളുടെ അഭാവം, കുറഞ്ഞ ചെലവിൽ കന്നുകാലികളെ വളർത്താവുന്നതുകൊണ്ട് അവയുടെ ഗുണമേന്മ ശ്രദ്ധിക്കാതെ കൂടുതൽ നാടൻകാലികളെ വളർത്തുവാനുള്ള പ്രവണത, മേച്ചിൽ വനത്തിനേൽപ്പിക്കുന്ന ആഘാതത്തക്കുറിച്ച് സാധാരണക്കാരനുള്ള അജ്ഞത, പൊതുമുതലിന്റെ ശോഷണത്തിനുള്ള നിസ്സംഗത തുടങ്ങിയവ. ഇങ്ങനെ അനവധി കാരണങ്ങൾ മൂലം സംജാതമായിട്ടുള്ള ഈ ദുഷിച്ച അവസ്ഥ മാറിക്കിട്ടണമെങ്കിൽ സർക്കാരും (വനംവകുപ്പും) പൊതുജനങ്ങളും ഒരുപോലെ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നാടൻ പശുക്കൾക്കും എരുമകൾക്കും പകരം സങ്കരവർഗങ്ങളെ വളർത്തിയാൽ കാലികളുടെ എണ്ണത്തിൽ കുറവുവരുത്താമെന്നു മാത്രമല്ല പാലിന്റെയും വെണ്ണയുടെയും മൊത്തം ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യാം. സങ്കരവർഗ പശുക്കളെ തൊഴുത്തിൽ നിർത്തിതന്നെ കൃത്രിമ കാലിത്തീറ്റ, വയ്ക്കോൽ, വെട്ടുപുല്ല് തുടങ്ങിയവ നൽകി പരിരക്ഷിക്കാം. അതിനാൽ സങ്കരയിനം കാലികളെ വളർത്തിയാൽ അഴിച്ചുവിട്ടുള്ള മേയൽ ഒഴിവാക്കാം. വളർത്തുവാൻ വരുന്ന അധികച്ചെലവ് പാലും വെണ്ണയും വിറ്റ് ഈടാക്കാവുന്നതേയുള്ളൂ. സങ്കരപ്പശുക്കളെ ലഭിക്കുവാനും സ്വന്താവശ്യത്തിൽ കവിഞ്ഞ പാലും വെണ്ണയും അനായാസം വിപണനം ചെയ്യുവാനുമുള്ള സംവിധാനം ആശാവഹമായി പുരോഗമിച്ചാൽ കേരളത്തിലെ ജനങ്ങൾ കൂടുതൽ പ്രയോജനകരമായ ഈ മാർഗംസ്വീകരിക്കുമെന്നുള്ളതിനു സംശയമില്ല. അങ്ങനെ, നാടൻ കന്നുകാലികളുടെ എണ്ണം (കമാനുഗതമായി കുറച്ചു കൊണ്ടുവന്ന് മേച്ചിൽഭീഷണി ഒരു പരിധിവരെ പരിഹരിക്കാം.
മേച്ചിൽ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം വനസമീപവാസികളെ ബോധ്യപ്പെടുത്തുവാൻ വനസംരക്ഷണത്തിന്റെ പേരിൽ മുറവിളി കൂട്ടുന്ന സന്നദ്ധ സംഘടനകളും തൽപ്പരരാകേണ്ടതാണ്.
2. സ്റ്റോൾ ഫീഡിങ്
തൊഴുത്തിൽ നിർത്തി തീറ്റ നൽകുന്നതിനാണ് സ്റ്റോൾ ഫീഡിങ് എന്നുപറയുന്നത്. പച്ചപ്പുല്ല്, മറ്റു പച്ചിലകൾ, വയ്ക്കോൽ, സൈലേജ് (പച്ചയായി സൂക്ഷിച്ചിരുന്നവ), കൃത്രിമ കാലിത്തീറ്റകൾ തുടങ്ങിയവ കൊടുത്ത് കന്നുകാലികളെ വളർത്താവുന്നതാണ്. പുല്ലും പച്ചിലസസ്യങ്ങളും കഴിയുന്നത്ര അവരവരുടെ തൊടികളിൽ തന്നെ വച്ചുപിടിപ്പിക്കണം.
വയ്ക്കാൽ കന്നുകാലികൾക്ക് നല്‍കുക നമ്മുടെ നാട്ടിൽ സർവസാധാരണയാണ്. എന്നാൽ പുല്ല് ഉണക്കി സൂക്ഷിക്കുന്ന പതിവില്ലെന്നു തന്നെ പറയാം. കാരണം പുല്ല് സുലഭമായി ലഭ്യമല്ലാത്തതാകാം.
വയ്ക്കോൽ ഉണക്കുന്നതുപോലെ പുല്ലും ഉണക്കി സംഭരിച്ച് ദുർലഭമായ കാലഘട്ടം തരണം ചെയ്യാവുന്നതാണ്. പൂക്കുന്നതോടുകൂടി ശേഖരിക്കുന്ന പുല്ലാണ് ഏറ്റവും ഉത്തമം.
തീറ്റ (ഇലകളും പുല്ലും) പച്ചയ്ക്ക് വായുനിബദ്ധമായ അറയിൽ കുഴിമാതിരിയുള്ളതോ ടൗവർ മാതിരിയായോ ശേഖരിച്ച് സൂക്ഷിക്കുന്നതിനാണ് സൈലേജ് എന്നു പറയുന്നത്. കേരളത്തിൽ ഈ രീതി സാധാരണയല്ല. പുല്ലിലും പച്ചിലകളിലും ഉള്ള വിറ്റാമിനും നീരും അതേമാതിരി സൂക്ഷിക്കപ്പെടുന്നുവെന്നുള്ളതാണ് ഈ രീതിക്കുള്ള മെച്ചം.
3, സാമൂഹ്യവനവൽക്കരണം
സാമൂഹ്യവനവൽക്കരണ പരിപാടി കേരളത്തിൽ വനേതര ഭൂമികളിലാണ് കൂടുതലും നടപ്പിലാക്കിയത്. വ്യക്തികൾക്ക് തൈകൾ വിതരണം ചെയ്തതു കൂടാതെ, സർക്കാർ അധീനതയിലും അർധസർക്കാർ അധീനതയിലുമുള്ള ഭൂമികളിൽ തോട്ടങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. എന്നാൽ കാലിത്തീറ്റ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിൽ ഈ പരിപാടി വിജയം കൈവരിച്ചതായി തോന്നുന്നില്ല. കന്നുകാലിത്തീറ്റയ്ക്ക് പറ്റിയ സസ്യങ്ങൾ വളർത്തുന്നതും ഇപ്രകാരമുള്ള പദ്ധതികളിൽ ഉൾക്കൊള്ളിക്കേണ്ടതാണ്. വിറക്, തടി, പച്ചിലകൾ എന്നിവ ലഭ്യമാക്കുന്ന സസ്യങ്ങൾ വിതരണം ചെയ്തും പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാവുന്നതാണ്. വിറകിനും മേച്ചിലിനും വേണ്ടി വനങ്ങൾ നശിപ്പിക്കപ്പെടുന്നത് ഒരു പരിധിവരെയെങ്കിലും തടഞ്ഞുനിർത്തുവാൻ ഇതുമൂലം സാധിക്കും.
i. സുബാബുൾ
ശാസ്ത്രനാമം: ലൂസിയാന ലൂക്കോസെഫാല
അമേരിക്കക്കാർ ഹരിതസ്വർണമെന്ന് വിശേഷിപ്പിക്കുന്ന സുബാബുലിന്‍റെ നാട് മെക്സിക്കോ ആണ്. കന്നുകാലിത്തീറ്റ, വിറക്, തടി തുടങ്ങിയവയ്ക്ക് പറ്റിയ സസ്യമായതുകൊണ്ട് ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പെൻസ്, ചൈന എന്നീ രാജ്യങ്ങളിൽ ഇപ്പോൾ ധാരാളമായി കൃഷി ചെയ്തുവരുന്നു.
ഈ സസ്യത്തിന് തലപ്പിനു മീതെ വെളിച്ചം നിർബന്ധമാണ്. ഇടതൂർന്നു വളരുന്ന സുബാബുൾ ഹെക്ടറൊന്നിൽ പ്രതിവർഷം 500 കി.ഗ്രാമോളം നൈട്രജൻ ബന്ധിച്ചു നിർത്തി മണ്ണ് ഫലഭൂയിഷ്ഠമാക്കുമെന്നാണ് ഗവേഷകരുടെ നിഗമനം. വീട്ടുവളപ്പിലും വയൽവരമ്പിലുമെന്നുവേണ്ട പ്രകാശം ലഭിക്കുന്ന ഏതു സ്ഥലത്തും ഇത് വളർത്താവുന്നതാണ്. കാലിത്തീറ്റയ്ക്കും വിറകിനും വേണ്ടിയാണെങ്കിൽ തൈകൾ 1 1/2 - 2 മീറ്റർ അകലത്തിൽ വച്ചാൽ മതിയാകും.
ഇതിന്റെ ഇലയും ഇളന്തണ്ടും നല്ല കന്നുകാലിത്തീറ്റയാണ്. ഇലയിൽ 23% സംസ്ക്യത മാംസ്യമുണ്ട്. ഇതു തീർത്തും ദോഷരഹിതമായ കാലിത്തീറ്റയല്ല. ഇതിലെ മൈമോസയിൻ എന്ന അമിനോഅമ്ലം ഒരു വിഷവസ്തുവാണ്. കന്നുകാലികളുടെ ആമാശയത്തിലെ ആദ്യ അറയിൽ വച്ച് രാസക്രിയയ്ക്കു വിധേയമായി 3-ഹൈഡ്രോക്സി-4(1) പൈറിഡോൺ എന്ന വിഷവസ്തുവായി മാറും. ഇത് കന്നുകാലികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എന്നാൽ മിക്ക ഉഷ്ണമേഖലാ രാജ്യങ്ങളിലുമുള്ള കന്നുകാലികളുടെ ആമാശയത്തിലെ ചില ബാകടീരിയങ്ങൾ ഇതിനെ ദോഷരഹിത വസ്തുവായി വിഘടിപ്പിക്കാറുണ്ട്. അതുകൊണ്ട് നമ്മുടെ കന്നുകാലികൾക്കു സുബാബുൾ അപകടശങ്ക കൂടാതെ നൽകാമെന്നാണ് വിദഗ്ധാഭിപ്രായം.
കാലിത്തീറ്റയ്ക്ക് വേണ്ടിയുള്ള തോട്ടത്തില്‍ തൈകള്‍ നട്ട് ആറുമാസത്തോളം കഴിഞ്ഞാല്‍ തറനിരപ്പിൽനിന്നും 0.75-1.50 മീറ്റര്‍ പൊക്കത്തില്‍വച്ച് തലപ്പുവെട്ടിയെടുക്കാം. തുടര്‍ന്ന് ഒന്നുരണ്ട് വര്‍ഷത്തേക്ക് 11/2-2 മാസം കൂടുമ്പോൾ തലപ്പ് ശേഖരിക്കാവുന്നതാണ്. നേരത്തേയുള്ള മുറിപ്പാടിൽ നിന്നും 2-3 സെ.മീ. വിട്ടായിരിക്കണം പിന്നീടുള്ള മുറിക്കൽ. മൂന്നാം വർഷം മുതൽ ആണ്ടിൽ മൂന്നുനാലു പ്രാവശ്യമേ വിളവെടുപ്പ് സാധ്യമാകുകയുള്ളൂ. മെച്ചപ്പെട്ട തോട്ടത്തിൽ നിന്ന് ഹെക്ടറൊന്നിന് ആണ്ടില്‍ 100 മെ.ടണ്ണോളം പച്ചിലയും കൊമ്പുകളും ലഭിക്കുന്നതാണ്. സുബാബുള്‍ മറ്റ് പച്ചിലത്തീറ്റകൾ (പുല്ലുൾപ്പെടെ) കലര്‍ത്തി നല്‍കുന്നതാണ് നന്ന്. കഴിയുമെങ്കില്‍ 1:3 എന്ന അനുപാതത്തിൽ സൈലേജ് നിർമാണത്തിനും സുബാബുൾ ഉപയോഗിക്കാവുന്നതാണ്.
ii. മുരിക്ക്
ശാസ്ത്രനാമം: എറിത്രൈന വേരിഗേറ്റ
ഇടത്തരം വ്യക്ഷമാണ്. ഇല കന്നുകാലികൾക്കിഷ്ടമാണ്. പ്രത്യേകിച്ച് ആടിന്. കമ്പുകൾ വെട്ടി നട്ട് ഇതിന്റെ പുനരുദ്ഭവം അനായാസേന ഉറപ്പുവരുത്താവുന്നതാണ്. കുരുമുളകുചെടിക്ക് ഉത്തമമായ താങ്ങുവൃക്ഷമാണ് മുരിക്ക്. അഞ്ചാറു മീറ്റർ ഉയരത്തിൽ വച്ച് ഇതിന്റെ പ്രധാന ശിഖരം മുറിച്ചുനിർത്തണം. അവിടെനിന്നും കിളിർക്കുന്ന ശിഖരങ്ങൾ കൂടെക്കൂടെ മുറിച്ച് കാലിത്തീറ്റയ്ക്കായി ഉപയോഗിക്കാം. തടിയിൽ കുരുമുളകുപൊടി വളർത്തുകയും ചെയ്യാം. മറ്റു കൃഷികൾക്കു ദോഷമുണ്ടാകാത്ത വിധത്തിൽ പറമ്പിന്റെ അതിർത്തിക്കരുകിലായി ഇതു വയ്ക്കാവുന്നതാണ്.
iii. പ്യൂറേറിയ
ശാസ്ത്രനാമം - പ്യൂറേറിയ സ്പീ.
റബർതോട്ടങ്ങളിലും മറ്റും മണ്ണുമറയായി ഉപയോഗിക്കുന്ന ഒരു പടർപ്പുവള്ളിയാണ് പ്യൂറേറിയ. ഇത് വളർത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യം മണ്ണുസംരക്ഷണമാണെങ്കിലും ഒരു ഭാഗം ശേഖരിച്ച് കാലിത്തീറ്റയ്ക്കായി പ്രയോജനപ്പെടുത്താവുന്നതാണ്. തെങ്ങിൻതോട്ടങ്ങൾ ഉൾപ്പടെ മണ്ണുമറ വേണ്ട സ്ഥലങ്ങളിലെല്ലാം ഇത് വളര്‍ത്തേണ്ടതാണ്.
iv. തുവര
ശാസ്ത്രനാമം: കജാനസ് കജാൻ
ധാരാളം ശിഖരങ്ങളോടുകൂടി 3-7 മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് തുവര വ്യക്ഷങ്ങളുടെയിടയിലും കൃഷിസ്ഥലങ്ങളില്‍ അങ്ങിങ്ങായും ഇത് വച്ചുപിടിപ്പിക്കാം. ജൂണ്‍-ജൂലൈ മാസത്തില്‍ കൃഷി ചെയ്താൽ ഒക്ടോബർ - നവംബറിൽ പൂക്കുകയും ഫെബ്രുവരി - മാർച്ചിൽ കായ് പാകമാകുകയും ചെയ്യും.
കാലിത്തീറ്റയ്ക്കായി ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പൂക്കുവാനിട നൽകാതെ ഇടയ്ക്കിടയ്ക്ക് ശിഖരങ്ങൾ മുറിച്ചെടുക്കണം. മൂന്നു നാല് വർഷത്തേക്ക് ഈ രീതിയിൽ കാലിത്തീറ്റ ഒരേ ചെടിയിൽ നിന്നും ലഭിക്കും.
v. വാക വർഗം
ശാസ്ത്രനാമം. അല്‍ബീസിയ സ്പീ
അല്‍ബീസിയ അമറ, അൽബീസിയ ലെബക്ക്, അൽബീസിയ മാര്‍ജിനേറ്റ, അല്‍ബീസിയ ഡോറാറ്റിസിമ, അൽബീസിയ സ്റ്റിപ്പുലെറ്റ എന്നീ സ്പീഷീസുകളെല്ലാം കാലിത്തീറ്റയ്ക്കുപയോഗപ്രദമാണ്. തടി, തീപ്പെട്ടി, പാക്കിങ്ങ് പെട്ടി, വിറക് തുടങ്ങിയതിനുപയോഗിക്കുകയും ചെയ്യാം. പറമ്പിന്റെ അതിർത്തികളിലും വയല്‍ വരമ്പുകളിലും വച്ചുപിടിപിക്കാവുന്നതാണ്. തോട്ടങ്ങളിലും റോഡുവക്കിലും തണൽമരമായും വച്ചു പിടിപ്പിക്കാം.
vi. ആരമ്പുളി
ശാസ്ത്രനാമം: ബൊഹിനിയ മലബാറിക്ക
ഇടത്തരം വ്യക്ഷം. ഇലയും ഇളംതണ്ടുകളും നല്ല കാലിത്തീറ്റയാണ്.
vii. തകര
ശാസ്ത്രനാമം: കാഷ്യ ടോറ
മഴക്കാലത്ത് ധാരാളമായി കിളിർത്തുവരുന്ന ഈ വാർഷികച്ചെടി ദുര്‍ഗന്ധം നിമിത്തം കന്നുകാലികൾ സാധാരണ തിന്നാറില്ല. എന്നാല്‍ സൈലേജ് ആക്കിയാല്‍ ഇത് ഭേദപ്പെട്ട ഒരു കാലിത്തീറ്റയാണ്. പൂക്കുന്നതിനു മുമ്പാണ് സൈലേജ് നിര്‍മിക്കേണ്ടത്.
കാലിത്തീറ്റയ്ക്കായി ഉപയോഗിക്കാന്‍ പറ്റിയ മറ്റു ചില സസ്യങ്ങളുടെ പേരും സ്വഭാവവും തീറ്റയ്ക്ക് യോജിച്ച സസ്യഭാഗവും തുടര്‍ന്ന് കാണാവുന്നതാണ്.
കാലിത്തീറ്റയ്ക്ക് ഉപയോഗിക്കാവുന്ന ചില സസ്യങ്ങൾ
സസ്യം |
സ്വഭാവം |
കാലിത്തീറ്റയ്ക്ക് യോജിച്ച സസ്യഭാഗം |
പ്ലാവ് (ആർട്ടാകാർപസ് ഹെറ്ററോഫിലസ്) |
വൃക്ഷം |
ഇലകള്‍ |
കൂവളം (ഈഗിൾ മാർമെലോസ്) |
ഇടത്തരം വൃക്ഷം |
“ |
മഞ്ഞക്കടമ്പ് (അഡൈന കോർഡിഫോളിയ)
|
വൃക്ഷം |
“ |
വെക്കാലി (മഴുക്കാഞ്ഞിരം) (അനോഗീസസ് ലാറ്റിഫോളിയ) |
“ |
“ |
മുള്ളന്‍വേങ്ങ (ബ്രൈഡീലിയ റെറ്റ്യൂസ) |
“ |
“ |
കണിക്കൊന്ന (കാഷ്യാ ഫിസ്റ്റുല) |
“ |
“ |
മതഗിരിവെമ്പ് (സെഡ്രില ടൂണ) |
“ |
“ |
പേരാല്‍ (ഫൈക്കസ് ഇന്ഫെക്ടോറിയ) |
“ |
“ |
കല്ലത്തി (ഫൈക്കസ് റെറ്റ്യൂസ) |
“ |
“ |
അത്തി (ഫൈക്കസ് ഗ്ലോമാറേറ്റ) |
“ |
“ |
ചടച്ചി (ഉന്നം) (ഗ്രൂവിയ ടിലിഫോളിയ) |
“ |
“ |
കാട്ടുനെല്ലി (ഗാരുഗ പിന്നേറ്റ) |
“ |
“ |
അച്ച (ഹാര്‍ഡ്വിക്കിയ ബൈനേറ്റ) |
“ |
“ |
മരുതി (ടെര്‍മിനേലിയ പാനിക്കുലേറ്റ) |
“ |
“ |
തെമ്പാവ് (കരിമരുത്) (ടെര്‍മിനേലിയ ടോമന്റൊസ) |
“ |
“ |
അടമരം (ബദാം) (ടെര്‍മിനേലിയ കടാപ്പ) |
“ |
“ |
താന്നി (ടെര്‍മിനേലിയ ബെല്ലെറിക്ക) |
“ |
“ |
പൂവണ്ണ്‍ (സ്ലൈചിറ ഒലിയോസ) |
“ |
ഇലകളും ചെറുകമ്പുകളും |
അമ്പഴം (സ്പോണ്‍ഡിയാസ് മാഞ്ചിഫെറ) |
“ |
ഇലകള്‍ |
രുദ്രമന്ദാരം (അകത്തി) (സെസ്ബാനിയ ഗ്രാന്‍ഡിഫ്ലോറ) |
ചെറുവൃക്ഷം |
“ |
ഉദി (കലസം) ഒഡൈന വോഡിയര്‍) |
വൃക്ഷം |
“ |
നീര്‍ക്കടമ്പു (മിത്രഗൈന പാര്‍വിഫ്ലോറ) |
“ |
“ |
ചമ്പകം (മൈക്കീലിയ ചമ്പക) |
“ |
“ |
വീമ്പ് (കാട്ടാവണക്ക്) (കിഡിയ കാലിസിന) |
“ |
“ |
ആവല്‍ (ഹോളോപ്ട്ടീലിയ ഇന്‍റെഗ്രിഫോളിയ) |
“ |
“ |
പൂച്ചക്കടമ്പ് (ഹൈമനൊഡിക്ടോന്‍ എക്സെല്‍സം) |
“ |
“ |
നിലപ്പാല (മഞ്ഞളാച്ചി) (റൈറ്റിയ ടിങ്ങ്ടോറിയ) |
“ |
“ |
വെള്ള ദേവദാരം (എറിത്രോക്സിലോണ്‍ മോണോഗൈനം) |
“ |
“ |
കരുവാളി (എലയോഡെന്‍ട്രോണ്‍ ഗ്ലോക്കം) |
“ |
“ |
വലമ്പിരി (കൈവന്‍) (ഹെലിക്ടെറസ് ഐസോറ) |
വലിയ കുറ്റിച്ചെടി |
ഇലകളും തണ്ടും |
പുല്ലുകൾ
i. ഗിനിപ്പുല്ല്
ശാസ്ത്രനാമം: പാനിക്കം മാക്സിമം
ഗിനിപ്പുല്ലിന്റെ ഉദ്ഭവം ആഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെങ്കിലും ആസ്ട്രേലിയ, ഫിലിപ്പെൻസ്, അമേരിക്കൻ ഐക്യനാടിന്റെ തെക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ 1793-ൽ ആണ് ഇത് ആദ്യമായി കൊണ്ടുവന്നു കൃഷി തുടങ്ങിയത്. അനുകൂല സാഹചര്യത്തിൽ 1.5-2.5 മീറ്റർ ഉയരം വയ്ക്കും. ധാരാളം ഇലകളോടുകൂടി ഇടതൂർന്നു കറ്റകളായി വളരും. കുറച്ചൊക്കെ തണൽ സഹിക്കുവാനുള്ള ത്രാണിയുള്ളതുകൊണ്ട് മരങ്ങളുടെ ഇടയിലും അടുത്തും വളർത്താവുന്നതാണ്. സമുദ്രനിരപ്പിലുള്ള സ്ഥലങ്ങൾ തുടങ്ങി 1500 മീറ്റർ വരെ ഉയരമുള്ളിടത്ത് ഇത് വളരും. പുനരുദ്ഭവത്തിന് പറ്റിയ രീതി വേരോടുകൂടിയ ശിഖരങ്ങൾ ഉദ്ദേശം ഒരു മീറ്റർ അകലത്തിൽ വച്ചുപിടിപ്പിക്കുകയാണ്. കള നീക്കം ചെയ്തതും വളം ചേർത്തും പരിചരിച്ചാൽ പുല്ലിന്റെ വളർച്ചയും ലഭ്യതയും വർധിക്കുന്നതാണ്. ഒന്നൊന്നരമാസത്തിനുളളിൽ തന്നെ ആദ്യത്തെ വിളവെടുപ്പ് നടത്താം. വർഷത്തിൽ അഞ്ചാറു തവണയെങ്കിലും വിളവെടുക്കാം. ഉദേശം 50 ടൺ പുല്ല് ഒരു വർഷം ഒരു ഹെക്ടറിൽ നിന്ന് ലഭിക്കും. സൈലേജ് നിർമാണത്തിനും കൊള്ളാം, പറമ്പുകളിൽ മരങ്ങളുടെ കീഴിലും അതിർത്തിക്കരികിലും ജലസേചന ബണ്ടുകൾ, റെയിൽവേ ലൈനിന്റെ ഇരുവശങ്ങൾ തുടങ്ങിയ ഭാഗങ്ങളിലും ഈ പുല്ല് വച്ചുപിടിപ്പിക്കാവുന്നതാണ്.
ii. പാര
ശാസ്ത്രനാമം: ബ്രാക്കിയറിയ മുടിക്ക (പാനിക്കം പര്‍പ്പൂരസെന്‍സ്)
ബ്രസീലാണ് ജന്മദേശമെങ്കിലും മിക്കവാറും ഉഷ്ണമേഖലാരാജ്യങ്ങളിൽ ഇത് വളർത്തുന്നുണ്ട്. ഈർപ്പമേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ചതുപ്പുകളോടു ചേർന്ന്, ഈ പുല്ല് വളർന്നു പുഷ്ടി പ്രാപിക്കും. നിലത്തു പടർന്നു വളരുന്ന ഈ പുല്ലിന്‍റെ പർവങ്ങളിൽ മുളകൾ പൊട്ടി 1.5-2 മീറ്റർ ഉയരത്തിലുള്ള ശാഖകളായിത്തീരും. ഇലകൾക്ക് 25-30 സെ.മീ. നീളവും 1.50-2 സെ.മീ. വീതിയും കാണും.
പുല്ലിന്‍റെ രണ്ടു മൂന്നു മുട്ടുകളടങ്ങുന്ന ഭാഗം 50-60 സെ. മീ. അകലത്തിൽ നട്ടുപിടിപ്പിക്കാവുന്നതാണ്. വളം ചേർത്തുള്ള പരിചരണം ഇതിന്റെ ആദായം വർധിപ്പിക്കും. മൂന്നു മാസം കഴിയുമ്പോൾ ആദ്യത്തെ വിളവെടുപ്പ് നടത്താം. പിന്നീട് 30-35 ദിവസം കൂടുമ്പോൾ മുറിച്ചെടുക്കാം. 70 മുതൽ 150 ടൺ വരെ ഒരു ഹെക്ടറിൽ നിന്നും ഒരു വർഷത്തിൽ ലഭിക്കും. ഒരിക്കൽ വച്ചുപിടിപ്പിച്ചാൽ പരിചരണമനുസരിച്ച് അഞ്ചാറു വർഷംവരെ നിലനിൽക്കും. ക്യഷിക്കായി സ്ഥിരം ഉപയോഗിക്കുന്ന ഭൂമികളൊഴികെയുള്ള സ്ഥലങ്ങളിൽ വച്ചുപിടിപ്പിക്കുന്നതായിരിക്കും നന്ന്. കൃഷിയിടങ്ങളിൽ ഇത് കളയായി കണക്കാക്കാൻ സാധ്യതയുണ്ട്.
iii. നേപ്പിയർ
ശാസ്ത്രനാമം: പനിസെറ്റം പർപ്പൂറിയം
ജന്മദേശം ആഫിക്കയാണ്. മിക്ക ഉഷ്ണമേഖലാരാജ്യങ്ങളിലും ഇപ്പോള്‍ ഇത് വളര്‍ത്തുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് ഇന്ത്യയിലെത്തിയത്. ഇതിന്റെ സങ്കരയിനങ്ങള്‍ ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഇപ്പോഴുമുണ്ട്.
ബലിഷ്ഠമേറിയ ഈ പുല്ല് കറ്റകളായിട്ടാണ് വളരുന്നത്. ഒരു ചുവട്ടില്‍ 20-25 എണ്ണം കാണും. ഒരെണ്ണത്തിന് 2-2.50 സെ.മീ. വ്യാസവും ഉണ്ടായിരിക്കും. ഇലയ്ക്ക് 2-3 സെ.മീ. വീതിയും 70-90 സെ.മീ. നീളവും കാണും. ഈ പുല്ലിന് മൂന്നു മീറ്റര്‍ വരെ ഉയരം വയ്ക്കും. സങ്കരയിനങ്ങള്‍ കുറേക്കൂടി മാര്‍ദവമുള്ളതും വേഗത്തില്‍ വളരുന്നതുമാണ്.
കേരളത്തില്‍ ചതുപ്പുകളൊഴികെയുള്ള മിക്കവാറും എല്ലാത്തരം മണ്ണിലും വളരും. വേരോടുകൂടിയ ശിഖരങ്ങളും തണ്ടിന്‍റെ ഭാഗവുമാണ് നടാന്‍ ഉപയോഗിക്കുന്നത്. മണ്ണിന്‍റെ ഗുണവ്യത്യാസത്തിനനുസൃതമായി 30 മുതല്‍ 60 സെ.മീ. വരെ അകലത്തില്‍ നടണം. കള നീക്കം ചെയ്തും വളം ആവശ്യാനുസരണം ചേര്‍ത്തും ഈ പുല്ലിന്‍റെ വിളവ് വര്‍ദ്ധിപ്പിക്കാം.
നടീല്‍ കഴിഞ്ഞ് മൂന്നു മാസമാകുമ്പോള്‍ ആദ്യത്തെ മുറിക്കലിന് പാകമാകും. പിന്നീട് 11/2-2 മാസം ഇടവിട്ട് മുറിക്കാവുന്നതാണ്. ശാസ്ത്രീയ കൃഷിയിടങ്ങളില്‍നിന്നും ഹെക്ടര്‍ ഒന്നിന് ആണ്ടില്‍ 150-250 ടണ്ണോളം പുല്ല് ലഭിക്കും.
iv. അഞ്ചൽ
ശാസ്ത്രനാമം:- സെൻക്രസ് സിലിയാരിസ്
തമിഴ്നാട്ടിൽ ഇതിന് കൊളുക്കട്ടെ എന്നു പറയും. അവിടെ കങ്കയം വർഗത്തിൽപ്പെട്ട പശുക്കൾ ഈ പുല്ലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് സ്വദേശിയാണ്. അതുപോലെ ആഫിക്കയും ഇന്തോനേഷ്യയും കൂടി സ്വദേശങ്ങളിൽപ്പെടും. വരണ്ട കാലാവസ്ഥ സഹിക്കുവാനുള്ള കഴിവ് ഈ പുല്ലിനുള്ളതുകൊണ്ട് കേരളത്തിലെ അഗളി തുടങ്ങിയ പ്രദേശങ്ങളിൽ വച്ചുപിടിപ്പിക്കാവുന്നതാണ്. കറ്റ മാതിരിയാണ് വളരുന്നത്. ഫലഭൂയിഷ്ഠമായ മണ്ണിൽ 1-1.25 മീറ്റർ ഉയരം ഉണ്ടാകും. അര സെ.മീറ്ററോളം വീതിയുള്ള ഇലകൾക്ക് 10-20 സെ.മീറ്റർ നീളം കാണും. വിത്തു മുഖാന്തിരമോ വേരോടു കൂടിയ ശാഖകൾ നട്ടോ ഇതിന്റെ പുനരുൽപ്പാദനം ഉറപ്പുവരുത്താം. തൈകൾ തമ്മിലുള്ള അകലം 60-70 സെ.മീറ്റർ മതിയാകും. കളയെടുപ്പും വളംചേർക്കലും ആവശ്യാനുസരണം നിർവഹിക്കണം. ഈ പുല്ല് പൂർണവളർച്ചയെത്താൻ രണ്ടു വർഷത്തോളം വേണ്ടിവരുന്നതുകൊണ്ട് ആദ്യത്തെ വർഷം ഒരു തവണയും രണ്ടാമത്തെ വർഷം രണ്ടോ മൂന്നോ തവണയും മാത്രമേ മുറിക്കാവു. മൂന്നാം വർഷം മുതൽ ആറുതവണ വരെ മുറിക്കാവുന്നതാണ്.
v. കിക്കുയു
ശാസ്ത്രനാമം: പെനിസെറ്റം ക്ലാൻഡസ്റ്റെനം
തെക്കെ ആഫിക്കയാണ് ഇതിന്റെ ജന്മദേശം. 1921-ൽ ഇത് നീലഗിരിയിലെ വെല്ലിങ്ടണ്‍ മിലിട്ടറി ഫാമിൽ വച്ചുപിടിപ്പിക്കുവാൻ തുടങ്ങി. പെട്ടെന്ന് നീലഗിരി മുഴുവൻ ഇതു പടർന്ന് പിടിച്ചെന്നു മാത്രമല്ല ഉരുളക്കിഴങ്ങു കൃഷിക്ക് ഒരു കളയന്ന നിലയിൽ വൻഭീഷണിയായിത്തീരുകയും ചെയ്തു.
നിലത്തു പടർന്നുവളരുന്ന ഈ പുല്ലിന് അടുത്തടുത്തുള്ള മുട്ടുകളിൽ നിന്നും 90 സെ. മീറ്റർ വരെ ഉയരമുള്ള ശിഖരങ്ങൾ ഉണ്ടാകും. ഇലകൾക്ക് നീളക്കുറവാണ്, 5-10 സെ.മീറ്റർ.
ഈ പുല്ലിന്റെ വേരോടുകൂടിയ കാണ്ഡഭാഗം 90 സെ.മീറ്റർ അകലത്തിൽ നട്ടാണ് പുനരുൽപ്പാദനം നടത്തുന്നത്. പെട്ടെന്ന് പടർന്നു പിടിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ ഇടതിങ്ങി വളരുന്നു. ശരിയായ പരിചരണം നൽകിയാൽ മൂന്നു മാസമാകുമ്പോൾ ആദ്യത്തെ മുറിക്കൽ നടത്താം. പിന്നീട് ആറാഴ്ചക്കാലം ഇടവിട്ടു മുറിക്കാവുന്നതാണ്. ഒരു ഹെക്ടറിൽ നിന്നും ആണ്ടിൽ 30 ടൺ വരെ പുല്ല് ലഭിക്കും. കേരളത്തിലെ ഹൈറേഞ്ചുകളിൽ ഈ പുല്ല് വളർത്തി കന്നുകാലികളുടെ വനമേഖലയിലെ മേച്ചിലിന് ഒരുപരിധിവരെ പരിഹാരം ഉണ്ടാക്കാം.
4. വേലി
i. ചെടികൾകൊണ്ടുള്ള വേലി (ലൈവ് ഹെഡ്ജ്)
അതിർത്തികളിൽ ചെടികൾ അടുപ്പിച്ച് വളർത്തി കന്നുകാലികൾ കയറാത്ത വിധത്തിൽ ഒരു സസ്യവേലി നിർമിക്കാവുന്നതാണ്. ഇതിന് തിരഞ്ഞെടുക്കുന്ന സസ്യങ്ങൾ കന്നുകാലികൾ തിന്നാത്തതും വേഗം വളരുന്നതും മുറിച്ചാൽ വീണ്ടും പൊട്ടിക്കിളിർക്കുന്നതും (കോപ്പിസർ) ആയിരിക്കണം. മുള്ളുള്ളതാണെങ്കിൽ നന്ന്.
വേലിക്കു പറ്റിയ ചില ചെടികൾ താഴെ പറയുന്നവയാണ്.
അഗവ് (അഗേവ് സ്പീ.)
നാഗത്താളി (പെന്ഷ്യ ഡില്ലെനൈ)
ഗ്ലൈറിസീഡിയ (ഗറിസീഡിയ സ്പീ.)
ഇലക്കള്ളി (യൂഫോർബിയ നിവുലിയ)
കള്ളിപ്പാല (യൂഫോർബിയ നെരിഫോളിയ)
കുടവേലം (അക്കേഷ്യ പ്ലാനിഫ്രോന്‍സ്)
മുരിങ്ങ (മൊരിങ്ങ റ്റെരിഗോസ്പെർമ)
ഇത്തരം സസ്യങ്ങൾ ഒറ്റയ്ക്കോ ഇടകലർത്തിയോ ഒറ്റ ലൈനായോ ബെല്‍റ്റായോ വച്ചുപിടിപ്പിക്കാവുന്നതാണ്. ഈ സസ്യവേലികള്‍ കന്നുകാലികളുടെ പ്രവേശനം തടയുന്നതിനും അതിര്‍ത്തികളിലുള്ള കയ്യേറ്റശ്രമങ്ങള്‍ ഏറെക്കൂറെ പരിഹരിക്കുന്നതിനും സഹായിക്കും.
ii. താൽക്കാലിക വേലി
നഴ്സറികളുടെ സംരക്ഷണത്തിനായി സാധാരണ മുള, ഈറ, കാട്ടുകമ്പ്, മുളംചില്ലകൾ തുടങ്ങിയവ ഉപയോഗിച്ച് താൽക്കാലിക വേലികൾ നിർമിക്കുകയാണു പതിവ്. രണ്ടു മീറ്റർ വരെ ഉയരമുള്ള മുളയോ കാട്ടുകമ്പുകളോ ഒരു മീറ്ററോളം അകലത്തിൽ നാട്ടി കീറിയ മുളയോ ഈറയോ കനംകുറഞ്ഞ കാട്ടുകമ്പുകളോ കൂറുകെ അഞ്ചാറുവരിയായി അതിൽ കെട്ടിവയ്ക്കുകയോ ആണിവച്ച് പിടിപ്പിക്കുകയോ ചെയ്യും. കേടു സംഭവിക്കുന്ന ഭാഗങ്ങൾ അപ്പപ്പോൾ പുതുക്കിയാൽ ഇത്തരം വേലികള്‍ രണ്ടു മൂന്നു വർഷം നിലനിൽക്കും.
ആടുകളുടെ ശല്യം കൂടുതലുള്ളിടത്ത് മുളം ചില്ലകൾ കൂടി വച്ചു കെട്ടുന്നത് നന്ന്.
iii. കമ്പിവേലി
കന്നുകാലികളെ സ്ഥിരമായി ഒഴിവാക്കി സൂക്ഷിക്കേണ്ട ഗവേഷണ/പരീക്ഷണ പ്ലോട്ടുകൾ കമ്പിവേലിയിട്ട് സംരക്ഷിക്കേണ്ടതാണ്. രണ്ടേകാൽ മീറ്ററോളം നീളമുള്ള കരിങ്കൽത്തൂണുകൾ 3 മീറ്ററോളം അകലത്തിൽ സ്ഥാപിക്കണം. തൂണുകൾ 60-75 സെ.മീറ്റർ വരെ മണ്ണിൽ താഴ്ത്തി ഉറപ്പിക്കണം. അവ ഒന്നര മീറ്ററെങ്കിലും തറനിരപ്പിൽ നിന്നും ഉയർന്നു നിൽക്കണം. സാധാരണ നാലുവരി മുള്ള്കമ്പികൾ മതിയാകും. കരിങ്കൽ തൂണുകൾക്കു പകരം കോൺക്രീറ്റ് തൂണുകളും ഉപയോഗിക്കാം.
iv. കൽഭിത്തി
ചെലവ് കൂടുമെങ്കിലും അതിർത്തിയിൽ കൽഭിത്തി നിർമിക്കുന്നത് ഏറ്റവും ഫലപ്രദമായ ഒരു മാർഗമാണ്. ഒരു മീറ്ററോളം ഉയരവും താഴെയും മുകളിലും യഥാക്രമം 100 സെ.മി, 50 സെ.മീ. വീതിയും മതിയാകും, സിമന്റ് ചാന്തുപയോഗിച്ച് കെട്ടിയാൽ ഉത്തമം. കന്നുകാലികളെ പൂർണമായും ഒഴിച്ചുനിർത്തുന്നതിനുപരി അതിർത്തി സ്ഥിരപ്പെടുത്തുന്നതിനും തദ്വാര കയ്യേറ്റങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനും അത്യാവശ്യമില്ലാതെ വനത്തിലേക്ക് കടക്കുവാനുള്ള ആളുകളുടെ പ്രവണത കുറയ്ക്കുന്നതിനും ഈ നടപടി സഹായിക്കും. മണ്ണൊലിപ്പിനും കുറെയൊക്കെ പരിഹാരം ഉണ്ടാകും.
v. നിയന്ത്രിതമേച്ചിൽ
പല സംസ്ഥാനങ്ങളിലും വനഭാഗങ്ങളിൽ നിയന്ത്രിത രീതിയിൽ മേച്ചിൽ അനുവദിക്കുന്നുണ്ട്.
നിശ്ചിത മാസങ്ങളോ വർഷങ്ങളോ നിയന്ത്രിത എണ്ണം കന്നുകാലികളെ ഒരു പ്രത്യേക സ്ഥലത്ത് മേയിച്ചതിനുശേഷം ക്ലിപ്തകാലത്തേക്ക് അടച്ചിടുന്നതാണ് ഈ രീതി.
മൊത്തത്തിൽ മേച്ചിലിനു ലഭ്യമായിട്ടുള്ള സ്ഥലത്തിന്റെ ഒരു ഭാഗത്ത് ഒരു സമയം മാത്രം മേച്ചിൽ ഒതുക്കിനിർത്തുന്നു. അതിനാൽ ഒന്നോ രണ്ടോ ആഴ്ചകൾക്കിടയിൽ ഒരിക്കൽ മാത്രമേ ഒരേ സ്ഥലത്ത് കന്നുകാലികൾ പ്രവേശിക്കുകയുള്ളൂ. ഇതിനുവേണ്ടി മേച്ചിൽസ്ഥലത്തെ പല ഉപഭാഗങ്ങളായി തിരിക്കും.
പുല്ലുകളുടെ വിത്തുൽപ്പാദനത്തിനുശേഷം മാത്രം മേയാൻ അനുവദിക്കുന്ന രീതിയാണിത്. മുകളിൽ സൂചിപ്പിച്ച മൂന്നു നിയന്ത്രിതമേച്ചിൽ രീതികളും കേരളത്തിലെ വനഭാഗങ്ങളിൽ പ്രാവർത്തികമാക്കുക സാധ്യമല്ലാത്തതുകൊണ്ട് അവയുടെ വിശദാംശങ്ങൾ ഇവിടെ പ്രതിപാദിക്കുന്നില്ല.
കടപ്പാട്: വനസംരക്ഷണം, സി.കെ.കരുണാകരന്‍