অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാട്ടുതീ

ആമുഖം

ഒരുകാലത്ത് കേരളത്തിൽ വനങ്ങൾ സമുദ്രതീരം വരെ തിങ്ങി വളർന്നിരുന്നു. എന്നാൽ ഇന്ന് അവ അവിടവിടെ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. വനത്തിന്‍റെ  യഥാർഥ വിസ്തൃതിയെപ്പറ്റി പൂർണവും വ്യക്തവുമായ കണക്കുകൾ ഇല്ലെന്നു പറയാം. ഔദ്യോഗികരേഖകളനുസരിച്ച് പതിനൊന്നു ലക്ഷത്തിൽപ്പരം ഹെക്ടർ വനങ്ങൾ നിലവിലുള്ളവനനിയമങ്ങൾ പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്. വനേതരാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന വനഭൂമിയുടെ വിസ്തൃതി ശരിയാംവിധം തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ഒൻപതു ലക്ഷത്തിൽപ്പരം ഹെക്ടർ വനമായിട്ടിപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് വനം വകുപ്പിന്‍റെ കണക്ക്. യഥാർഥസ്ഥിതി അറിയുവാൻ വിശദമായ ഒരു സർവേ പുനസർവേ അത്യന്താപേക്ഷിതമാണ്. ഇതുവരെ സർവേ ചെയ്തിട്ടില്ലാത്ത റിസർവുകളും കേരളത്തിലുണ്ട്. റിസർവുകളുടെ പുറമേയുള്ള അതിരുകളും അകത്തുള്ള കൈവശഭൂമികളുടെ അതിരുകളും സര്‍വ്വേ  ചെയ്ത് സ്ഥിരം ജണ്ടകൾ സ്ഥാപിച്ച് ശാസ്ത്രീയമായി ഭൂപടം തയാറാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഈ പ്രക്രിയ വനസംരക്ഷണ പ്രവർത്തനങ്ങളുടെ ആദ്യപടിയായി കണക്കാക്കിയാൽ വന വിസ്ത്യതിയെ സംബന്ധിച്ച് ആധികാരികമായ കണക്കുകളും ലഭ്യമാകുന്നതാണ്.

രാജ്യത്തിന്‍റെ  മൊത്തത്തിലുള്ള പരിസ്ഥിതി സന്തുലനം നിലനിർത്തുന്നതിൽ വനങ്ങൾക്കുള്ള പങ്ക് ഗൗരവപൂർവം പരിഗണിച്ചാണ് 1988-ൽ പ്രഖ്യാപിച്ച ദേശീയ വനനയത്തിൽ ഭൂവിസ്തൃതിയുടെ മൂന്നിലൊന്നു ഭാഗമെങ്കിലും വനങ്ങളായി നിലകൊളേളണ്ടതാണെന്ന് ചേർത്തത്. മണ്ണൊലിപ്പ് തടയുന്നതിനും ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനും പർവതപ്രദേശങ്ങളിൽ 60 ശതമാനത്തോളം ഭൂമി വനമായി നിലനിർത്തണമെന്നും അതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ വനങ്ങളുടെ ആനുപാതിക വിസ്തീർണം മൊത്തം വിസ്തൃതിയുടെ അഞ്ചിലൊന്ന് ആയി താണിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ വളരെ അയഞ്ഞ ഒരു നയസമീപനമാണ് വനസംരക്ഷണത്തിന്റെ കാര്യത്തിൽ സ്വീകരിച്ചുകൊണ്ടിരുന്നത്. ഈ അപകടം ശരിക്കും മനസ്സിലാക്കി ഈ ദുഷിച്ച പ്രവണതയ്ക്ക് കടിഞ്ഞാണിടുവാനായിട്ടാണ് 1980 ൽ കേന്ദ്രസർക്കാർ വനസംരക്ഷണനിയമം പാസ്സാക്കിയത്. വനങ്ങൾ വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ഈനിയമം അനുശാസിക്കുന്നു. ഒഴിച്ചുകൂടാൻ പാടില്ലാത്ത ആവശ്യത്തിന് ഏതെങ്കിലും വനഭാഗം അത്യന്താപേക്ഷിതമെന്നു ബോധ്യപ്പെട്ടാൽ മാത്രമേ കേന്ദ്രസർക്കാർ ആ വനഭാഗം തെളിക്കുവാൻ അനുമതി നൽകുകയുള്ളൂ.

കേരളത്തിലെ ഒൻപതു ലക്ഷത്തിൽപ്പരം ഹെക്ടർ വനങ്ങളിൽ ഏതാണ്ട് മൂന്നിലൊന്ന് ഉഷ്ണമേഖലാ നിത്യ-അർധഹരിതവനങ്ങളും മൂന്നിലൊന്നിൽ കൂടുതൽ നനവാർന്ന ഇലകൊഴിയും വനങ്ങളും ആറിലൊന്നോളം മനുഷ്യനിർമിത വനങ്ങളും ബാക്കിയുള്ളവ വരണ്ട ഉഷ്ണമേഖലാവനങ്ങൾ, പർവത-മിതോഷ്ണ മേഖലാവനങ്ങൾ, പർവത, മിതശീതോഷ്ണ മേഖലാവനങ്ങൾ, പുൽമേടുകൾ എന്നീ ഇനങ്ങളും ആണ്. ഇതിൽ, നിത്യഹരിതവനങ്ങളുടെയും പർവത-മിതോഷ്ണ മേഖലാവനങ്ങളുടെയും പർവത മിതശീതോഷ്ണമേഖലാവനങ്ങളുടെയും ചുരുക്കം ചില ഭാഗങ്ങളൊഴികെ, ബാക്കിയെല്ലാ വനഭാഗങ്ങളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇടപെടലിനു വിധേയമായി അധപതിച്ചുകൊണ്ടിരിക്കുകയാണ്.

നൂറ്റാണ്ടുകളായി സസ്യസമൂഹം അനുക്രമമായി വളർന്നുണ്ടായിട്ടുള്ളവയാണ് നിത്യഹരിതവനങ്ങൾ. സമുദ്രതീരം വരെ വനങ്ങൾ വ്യാപിച്ചിരുന്ന പുരാതനകാലത്ത് കേരളത്തിന്റെ ഭൂരിഭാഗവും ഉത്തമ സ്വഭാവഗുണങ്ങളോടുകൂടിയ മഴക്കാടുകൾ ആയിരുന്നുവെന്നതിന് വിശ്വസിക്കത്തക്ക തെളിവുകളുണ്ട്. എന്നാൽ കുടിപാർപ്പും പിൽക്കാലത്തുണ്ടായ ജനപ്പെരുപ്പവും ഈ വനങ്ങളുടെ വിസ്തൃതി ഗണ്യമായി കുറയുന്നതിനിടയാക്കി. നെല്ലിയാംപതി, ഗുഡ്റിക്കൽ തുടങ്ങിയ ചുരുക്കം ചില റിസർവ് ഭാഗങ്ങളിൽ മാത്രമേ കന്നിവനങ്ങൾ അവശേഷിക്കുന്നുള്ളൂ. മണ്ണിന്റെ ജലസംഭരണശേഷി വർധിപ്പിച്ച് വറ്റാത്ത കാട്ടുറവകൾ സ്യഷ്ടിക്കുന്നത് ഈ കാടുകളാണ്. എന്നാൽ വർഷംതോറും ഉണ്ടായിക്കൊണ്ടിരിക്കുന്ന തീ നിത്യഹരിതവനങ്ങളെ പിൻതള്ളിക്കൊണ്ടിരിക്കുകയാണ്.

ഇലകൊഴിയും വനങ്ങളാണ് കേരളത്തിൽ ഏറ്റവും കൂടുതലുള്ളത്. മാറ്റകൃഷിക്കു വേണ്ടിയുള്ള തെളിക്കൽ, തീ, കാലിമേച്ചിൽ തുടങ്ങിയ ജൈവിക ഘടകങ്ങളാണ് ഇലകൊഴിയും കാടുകളെ ക്ഷണിച്ചുവരുത്തുന്നത്. എന്നാൽ വിലയേറിയതും പ്രയോജനപ്രദവുമായ ഈട്ടി, തേക്ക്, വേങ്ങ തുടങ്ങിയ വൃക്ഷങ്ങൾ ഉള്ളതിനാൽ ഈ വനവിഭാഗത്തിന് മൂല്യാധിഷ്ഠിത സ്ഥാനമുണ്ട്. പ്രധാനമായും, ഉഷ്ണ കാലത്തുണ്ടാകുന്ന തീയാണ് ഈ വനവിഭാഗത്തെ ഈ നിലയിൽ പിടിച്ചുനിർത്തുന്നത്. തീപിടുത്തം ഒഴിവാക്കിയാൽ ഹരിതസസ്യങ്ങൾ പ്രത്യക്ഷപ്പെട്ട് ഉച്ചകോടി സസ്യസമൂഹത്തിലേക്കുള്ള അനുക്രമ പ്രക്രിയ തുടരുന്നതാണ്. എന്നാൽ അനിയന്ത്രിതമായ തീയുടെ ഫലമായി അടിക്കാടുകളും തദ്വാരാ വളമണ്ണും (ഹ്യൂമസ്) നഷ്ടപ്പെട്ട ഒരു വനവിഭാഗമായി തീർന്നിരിക്കുകയാണിത്. കാലിമേച്ചിലും ഭൂമിയുടെ സ്വതേയുള്ള ചരിവും ഈ പ്രക്രിയയുടെആക്കം വർധിപ്പിക്കുന്നു. വളമണ്ണിന്റെ അഭാവം മണ്ണിന്റെ ജലാഗിരണശേഷി നഷ്ടപ്പെടുത്തുന്നതിനാൽ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് ഒഴുകിപ്പോകാനിടയാകുന്നു. ഈ വനങ്ങളിൽ ഇപ്പോഴത്തെ രീതിയിലുള്ള ജൈവിക ഘടകങ്ങളുടെ ഇടപെടൽ വേണ്ടവിധം നിയന്ത്രിച്ചില്ലെങ്കിൽ ഭവിഷ്യത്ത് ഭയങ്കരമായിരിക്കും.

ഈ വിപത്തുകൾ നിയന്ത്രിച്ച് ഈ വനഭാഗത്തെ സംരക്ഷിച്ചേ മതിയാകൂ. തീയും കാലിമേച്ചിലും വരണ്ട ഉഷ്ണമേഖലാവനങ്ങളെയും അത്യധികം അധപതിപ്പിച്ചിട്ടുണ്ട്. മനുഷ്യരുടെ ഇടപെടൽ മൂലമുണ്ടാകുന്ന ഈ വിപത്തുകള്‍ നിയന്ത്രിച്ചു ഈ വനഭാഗത്തെ സംരക്ഷിച്ചേ മതിയാകൂ.

ആകെ വനവിസ്തൃതിയുടെ ആറിലൊന്നോളം തോട്ടങ്ങളാക്കിക്കഴിഞ്ഞു. ഇതിൽ പകുതിയോളം തേക്കിൻതോട്ടങ്ങളാണ്. 1842- ൽ നിലമ്പൂരിലാണ് തേക്കിൻതോട്ടം വച്ചുപിടിപ്പിക്കുന്ന പരിപാടി ആരംഭിച്ചത്. ആദ്യകാലങ്ങളിൽ വളരെ ബുദ്ധിമുട്ടി പല പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമാണ്, വിജയപ്രദമായി തേക്കിൻതോട്ടം നിർമിക്കുവാനുള്ള രീതി സ്വീകരിച്ചത്. ആദ്യകാല തോട്ടങ്ങളുടെ വാര്‍ഷിക വിസ്തൃതി താരതമ്യേന കുറവായിരുന്നു. അവയുടെ സ്ഥലനിര്‍ണ്ണയമാകട്ടെ മേന്മയേറിയ മണ്ണില്‍ മാത്രമായി ഒതുങ്ങിനിന്നു. പഞ്ചവത്സരപദ്ധതികളുടെ ആവിര്‍ഭാവത്തോടുകൂടി വാര്‍ഷിക അടങ്കല്‍ തികയ്ക്കുവാനുള്ള തിടുക്കത്തില്‍ ആറ്റരികുകളിലും മലഞ്ചെരിവുകളിലുമുള്ള സ്വാഭാവിക വനങ്ങള്‍ യഥേഷ്ടം തെളിച്ചുതുടങ്ങി. തോട്ടവിസ്തൃതി ക്രമാതീതമായി വര്‍ദ്ധിച്ചതോടുകൂടി പരിപാലന പരിപാടികള്‍ക്ക് കോട്ടം സംഭവിച്ചു. ടോങ്ക്യാകൃഷി-പ്രത്യേകിച്ചും മരച്ചീനികൃഷി-മണ്ണൊലിപ്പിന്റെ ആക്കം വര്‍ധിപ്പിക്കുകയും മണ്ണിനെ നിര്‍വീര്യമാക്കുകയും ചെയ്തു. ഇലതീനിപ്പുഴുകളുടെയും തണ്ടുതുരപ്പന്‍പുഴുക്കളുടെയും മറ്റും ശല്യം സാര്‍വ്വത്രികമായി. ഇത്തിക്കണ്ണി വെട്ടിമാറ്റുന്നതില്‍ വരുത്തിയ അനാസ്ഥ ചില തോട്ടങ്ങളിലെ മരങ്ങള്‍ പൂര്‍ണ്ണമായി ഉണങ്ങുവാന്‍ തന്നെ ഇടയാക്കി. ഫലത്തില്‍ തേക്കിന്‍തോട്ടങ്ങളിലെ ഉല്‍പ്പാദനം പൊതുവേ കുറയുകയും സ്ഥലമേന്മ ഇടിയുകയും ചെയ്തിട്ടുണ്ട്.

തീപ്പെട്ടിമരങ്ങളുടെ ദൌര്‍ലഭ്യം പരിഗണിച്ചു അവ വച്ചുപിടിപ്പിക്കുവാനായി രണ്ടാം പഞ്ചവത്സരപദ്ധതിയോടുകൂടി ശ്രമങ്ങള്‍ ആരംഭിച്ചു. ഇലവ്, മട്ടി എന്നിവയാണ് പ്രധാനമായും തേക്കിന്‍റെ കൂടെ ഒരു മിശ്രവിളയെന്ന രീതിയില്‍ നട്ടുവളര്‍ത്തിയത്. ഇലവ് മിക്കവാറും സ്ഥലങ്ങളില്‍ തികഞ്ഞ പരാജയമായിരുന്നു. ഇലവുതൈകള്‍ തക്കസമയത്ത് നടുക, അവയ്ക്ക് വേണ്ടത്ര പരിചരണം നല്‍കുക, തേക്കിന്‍റെ തള്ളിക്കയറ്റത്തില്‍ നിന്നും അവയെ വിമുക്തമാക്കുക തുടങ്ങിയ വനവിളസംബന്ധമായ കാര്യങ്ങളില്‍ നേരിട്ട വീഴ്ചയാണ് പരാജയകാരണങ്ങള്‍.

തേക്ക് കഴിഞ്ഞാല്‍ വിസ്തൃതിയില്‍ ഏറ്റവും കൂടുതലുള്ളത് യൂക്കാലിപ്റ്റസ് തോട്ടങ്ങളാണ്. 15,000 ഹെക്ടറോളം യൂക്കാലിപ്റ്റസ് ഗ്രാന്‍ഡിസും 25,000 ഹെക്ടറോളം യൂക്കാലിപ്റ്റസ് ഹൈബ്രിഡും. ഇതില്‍ 10,000 ഹെക്ടറോളം പുല്‍മേടുകള്‍ ഒഴിച്ചാല്‍ ബാക്കി 30,000 ഹെക്ടറോളം തോട്ടങ്ങള്‍ സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ചു നിര്‍മിച്ചവയാണ്. രോഗങ്ങളും പരിചരണ മാന്ദ്യതയും ഈ വിളയെ ഭയങ്കരമായി ബാധിച്ച് ഇതിന്‍റെ വാര്‍ഷിക ഉത്പാദനം ഹെക്ടറൊന്നിന് നാല് മെട്രിക് ടണ്ണിനു താഴെ നിര്‍ത്തിയിരിക്കുകയാണ്. മെച്ചപ്പെട്ട രീതിയില്‍ കൃഷി ചെയ്‌താല്‍ ഏഴെട്ട് മെട്രിക് ടണ്‍ എങ്കിലും ലഭിക്കുമായിരുന്നു. താഴ്ന്ന വിളവ്‌ ഇതിനാധാരമായ വ്യവസായ സ്ഥാപനങ്ങളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇപ്രകാരം ഏതുരീതിയില്‍ നോക്കിയാലും നമ്മുടെ വനങ്ങള്‍ അത്യന്തം ഗൗരവതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി പുനസ്ഥാപനം, പരിസ്ഥിതി വികസനം എന്നീ ലക്ഷ്യങ്ങളോട് കൂടി വനങ്ങള്‍ സംരക്ഷിക്കുവാനും വനവല്‍ക്കരണം വ്യാപകമാക്കുവാനുമുള്ള തീവ്രയത്ന പരിപാടികള്‍ തയ്യാറാക്കി ബോധപൂര്‍വ്വം നടപ്പിലാക്കിയെങ്കില്‍ മാത്രമേ ഇന്നത്തെ ദുസ്ഥിതിക്ക് പരിഹാരമാകുകയുള്ളൂ.

കാട്ടുതീ

ആദിവാസികൾ തണുപ്പ് അകറ്റുന്നതിനും മാംസം ചുടുന്നതിനുംതീ ഉപയോഗിച്ചിരുന്നെങ്കിലും ഇത് വനങ്ങളെ ഒരുതരത്തിലും പ്രതികൂലമായി ബാധിച്ചിരുന്നില്ല. എന്നാൽ പരിഷ്കൃത മനുഷ്യൻ കൃഷിചെയ്യുവാനും ഭക്ഷണം പാകം ചെയ്യുവാനും സാമൂഹികജീവിതം നയിക്കുവാനും തുടങ്ങിയതോടുകൂടി തീയുടെ ഉപയോഗക്രമം വർധിച്ചു. അത് ക്രമേണ വനങ്ങളെ നശിപ്പിക്കാൻ തുടങ്ങി. ആദിവാസികൾ മാത്രമല്ല മറ്റുവിഭാഗക്കാരും രാഷ്ട്രീയ അസ്ഥിരത മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ തരണം ചെയ്യുവാൻ വനാന്തർഭാഗങ്ങളിൽ അഭയം തേടുക സാധാരണയായിരുന്നു. ഈ പ്രക്രിയ തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മ രാജാവിന്റെ ഭരണകാലം വരെയും (1729-1758) കൊച്ചിയിൽ ശക്തൻ തമ്പുരാന്റെ ഭരണകാലം വരെയും (1790-1805) ബ്രിട്ടീഷ് മലബാറിൽ ബ്രിട്ടീഷുകാരുടെ ഭരണം ശക്തിപ്പെടുന്നതുവരെയും നിലനിന്നു. പത്തൊൻപതാം നൂറ്റാണ്ട് മലകൃഷിയുടെ കാലമായിരുന്നുവെന്നുതന്നെ പറയാം. ഈ നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ തിരുവിതാംകൂർ ഭാഗം തന്നെ വർഷംതോറും ഏകദേശം 20,000 ഹെക്ടറോളം വനങ്ങൾകൃഷിക്ക് വിധേയമാക്കപ്പെട്ടിരുന്നതായി ബോർഡിലോൺ രേഖപ്പെടുത്തിയിട്ടുണ്ട്. മരങ്ങളെല്ലാം മുറിച്ചിട്ട് ഉണക്കി തീ വച്ചു നശിപ്പിച്ചാണ് കൃഷിക്കുവേണ്ടി ഭൂമി തയാറാക്കിയിരുന്നത്. ഈ കൃഷിസമ്പ്രദായവും നിയന്ത്രണാതീതമായുണ്ടായിക്കൊണ്ടിരുന്ന കാട്ടുതീയും ആയിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിൽ വനങ്ങളുടെ മൂല്യശോഷണത്തിന് മുഖ്യഹേതു. ഇതിൽനിന്നും വനങ്ങളെ രക്ഷിക്കുവാൻ വേണ്ടി അവ 'റിസർവ് ചെയ്ത് സർക്കാരിന്റെ പരിപൂർണ ഉടമസ്ഥതയിലാക്കി സംരക്ഷിക്കുവാൻ തീരുമാനമെടുക്കുകയും ക്രമേണ വനഭാഗങ്ങൾ ഓരോന്നായി 'റിസർവ് ചെയ്യുവാൻ തുടങ്ങുകയും ചെയ്തു.

ഇതേ തുടർന്ന് 20-)൦ നൂറ്റാണ്ടിന്റെ നാലാം ദശകം വരെ വനങ്ങളിൽ തീപിടുത്തം ഉണ്ടാകാതിരിക്കാൻ ആത്മാർഥശ്രമം നടത്തിയിട്ടുള്ളതായി കാണാം. എന്നാൽ വീണ്ടും ഭക്ഷ്യോൽപ്പാദനത്തിനുവേണ്ടി വനഭൂമി നൽകാൻ തുടങ്ങിയതോടുകൂടി വനംകയ്യേറ്റം സാർവത്രികമായി. ഹരിതവനങ്ങളൊഴികെയുള്ള സ്വാഭാവിക വനങ്ങളിലെല്ലാം ഡിസംബർ മുതൽ മേയ് വരെ നീണ്ടുനിൽക്കുന്ന വേനൽക്കാലത്ത് അടിക്കാടുകളെങ്കിലും കത്തുക സാധാരണയാണ്. തോട്ടങ്ങളെ സംബന്ധിച്ചിടത്തോളം ചെറുതോട്ടങ്ങളിൽ മാത്രമേ അഗ്നിനിവാരണ പ്രവർത്തനങ്ങൾ ചെയ്യുന്നുള്ളൂ. ഈ പ്രവർത്തനങ്ങൾ തക്കസമയത്ത് ഉചിതമായ രീതിയിൽ ചെയ്യാത്തതുമൂലം പല തോട്ടങ്ങളും, പ്രത്യേകിച്ച് യൂക്കാലിപ്റ്റസ് തോട്ടങ്ങൾ, ഒന്നാകെ കത്തി നശിച്ചുപോയിട്ടുള്ള സംഭവങ്ങളും ഉണ്ട്. വിശദാംശങ്ങൾ പിന്നാലെ പ്രതിപാദിക്കുന്നതാണ്.

ജ്വലനം

ജീവന്റെ നിലനിൽപ്പ് സസ്യങ്ങളിൽ നടക്കുന്ന പ്രകാശസംശ്ലേഷണം എന്ന രാസപ്രവർത്തനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ രാസപ്രവർത്തനത്തിൽ ചെടികൾ അന്തരീക്ഷത്തിൽ നിന്നും കാർബൺഡൈഓക്സൈഡും മണ്ണിൽ നിന്നും ജലവും വലിച്ചെടുത്ത് സൗരോർജത്തിന്റെ സഹായത്താൽ സെല്ലുലോസും മറ്റു കാർബോഹൈഡ്രേറ്റുകളും നിർമിക്കുന്നു.

തീ എന്ന രാസത്വരകമാധ്യമത്തിൽ പ്രകാശസംശ്ലേഷണത്തിന്റെ നേരേ എതിർക്രിയയാണു സംഭവിക്കുന്നത്. പ്രകാശസംശ്ലേഷണം വഴി സംഭരിച്ചു വച്ചിരുന്ന താപോർജം വിടുതൽ ചെയ്യപ്പെടുന്നു.

കാട്ടുതീ-പലതരം

വനത്തിനുള്ളിൽ നിയന്ത്രണവിധേയമല്ലാതെ പടർന്നു കത്തി തറയിൽ കിടക്കുന്ന ഇല കമ്പ് കായ് തുടങ്ങിയ സസ്യഭാഗങ്ങൾ, പുല്ല്, കളകൾ, അടിക്കാട്, തൈകൾ, വൃക്ഷത്തലപ്പ് എന്നിവ നശിപ്പിക്കുന്ന തീയെ കാട്ടുതീയായി നിർവചിക്കാം. പരിസ്ഥിതിയുമായി പ്രതികരിച്ചുകൊണ്ട് സീമാതീതം പടർന്നുകയറുവാൻ സാധിക്കുമെന്നുള്ളതാണ്
കാട്ടുതീയുടെ പ്രത്യേകത.

നശീകരണ സ്വഭാവവും ചരിക്കുന്ന സ്ഥാനവും കണക്കിലെടുത്ത് കാട്ടുതീയെ പൊതുവെ മൂന്നായി തിരിക്കാം.

ഭൂതലാഗ്നി (ഗ്രൗണ്ട് ഫയർ)

തറയിൽ വീഴുന്ന ഇലകൾ, കമ്പുകൾ, കായ്കനികൾ തുടങ്ങിയവ വളരെക്കാലം കൊണ്ടാണ് ദ്രവിച്ച് മണ്ണിൽ ചേരുന്നത്. ശല്യങ്ങൾക്ക് വിധേയമാകാത്ത വനത്തിൽ തന്നാണ്ടിൽ പൊഴിഞ്ഞു വീണുകിടക്കുന്ന ഇലകളുടെ അടിയിൽ ദ്രവീകരണത്തിന്റെ വിവിധ ദശയിലുള്ള ജൈവാംശങ്ങളുടെ ഒരു തട്ടുണ്ടായിരിക്കും. ഈ തട്ടിനുണ്ടാകുന്ന തീപിടുത്തത്തെയാണ് ഭൂതലാഗ്നി എന്നു വിശേഷിപ്പിക്കുന്നത്. ജൈവത്തട്ടിന്‍റെ (ഓർഗാനിക്ക് ലെയർ) ആഴവും വ്യാപ്തിയും അനുസരിച്ച് ഭൂതലാഗ്നിയുടെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും. ജ്വാലയോ പുകയോ വമിക്കാതെ നീറിക്കത്തിക്കൊണ്ടിരിക്കുന്ന ഈ തീ ഏറ്റവും വിനാശകരമായിട്ടുള്ളതാണ്. കാരണം ഭൂതലാഗ്നി സസ്യങ്ങളുടെ മൂലവ്യൂഹത്തിന് കനത്ത ആഘാതം ഏൽപ്പിക്കും.

ഭൂതലാഗ്നിക്ക് 'സബ്-സർഫസ് ഫയർ' എന്നും 'പിറ്റ് സോയില്‍ ഫയർ' എന്നും പറയാറുണ്ട്.

കേരളത്തിൽ ഭൂതലാഗ്നി വിരളമാണ്. കാരണം അഗ്നിക്കിരയാകുന്ന ഇലകൊഴിയും വനങ്ങളിലും തോട്ടങ്ങളിലും ജൈവത്തട്ട് ഇല്ല എന്നുള്ളതാണ്.

ഉപരിതലാഗ്നി (സർഫസ് ഫയർ)

തറയിൽ വീണുകിടക്കുന്ന സസ്യഭാഗങ്ങൾ, ചെറുതൈകൾ, പുല്ല് തുടങ്ങിയവ ഉപരിതലാഗ്നിക്കിരയാകുന്നു. വനങ്ങളിൽ സർവസാധാരണമായി കണ്ടുവരുന്നത് ഇത്തരം തീയാണ്. ഇതിന്റെ ഉഗ്രത കത്തുവാനുള്ള പദാർഥങ്ങളെ ആശ്രയിച്ചിരിക്കും.

കേരളത്തിലെ ഇലകൊഴിയും വനങ്ങളെല്ലാം തന്നെ ഉപരിതലാഗ്നിക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ പുൽമേടുകളും തോട്ടങ്ങളും.

ശിഖരാഗ്നി (ക്രൗൺ ഫയർ)

ഉപരിതലാഗ്നിയുമായി കാര്യമായി ബന്ധപ്പെടാതെ വ്യക്ഷങ്ങളുടെ തലപ്പുകളിൽ നിന്നും തലപ്പുകളിലേക്ക് വ്യാപിക്കുന്നതാണ് ശിഖരാഗ്നി. കോണിഫെർ വനങ്ങൾക്കാണ് ഇത് ഏറ്റവും കൂടുതൽ നാശങ്ങൾ വരുത്തുന്നത്. മലഞ്ചരിവിലുള്ള കോണിഫെർ വനങ്ങളിൽ ഉപരിതലാഗ്നിയെക്കാൾ വേഗത്തിൽ കാറ്റിന്റെ സഹായത്താൽ ശിഖരാഗ്നി പടർന്നു പിടിക്കും.

കേരളത്തിൽ ശിഖരാഗ്നി യൂക്കാലിപ്റ്റസ് തോട്ടങ്ങൾക്ക് വമ്പിച്ച നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

അഗ്നിസംയോഗം

വിവിധ തരത്തിലുളള അഗ്നികൾ ഒരേ സമയത്തുണ്ടാകുകയോ പലതരത്തിൽ സംയോഗപ്പെടുകയോ ചെയ്യാം. ഉപരിതലാഗ്നിയാണ് ഏറ്റവും സാധാരണയായിട്ടുള്ളത്. ഇത് ശിഖരങ്ങളിലേക്ക് വ്യാപിച്ച് ശിഖരാഗ്നിയായിത്തീരാവുന്നതാണ്. പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ശിഖരാഗ്നിയിൽ നിന്നും തീപ്പൊരികൾ വീണ് ഉപരിതലാഗ്നിയുമുണ്ടാകാം. ഉപരിതലാഗ്നിയിൽ നിന്ന് ഭൂതലാഗ്നിയും ഭൂതലാഗ്നിയിൽ നിന്ന് ഉപരിതലാഗ്നിയും ഉണ്ടാകും.

കാട്ടുതീ-സ്വഭാവം

തീയുടെ സ്വഭാവം അല്ലെങ്കിൽ പടർന്നുപിടിച്ച് പരസ്പരം ബന്ധപ്പെട്ട പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇന്ധനം, കാലാവസ്ഥ, ഋതു, സമയം, സ്ഥലത്തിന്റെ കിടപ്പ് എന്നിവയാണ് പ്രധാന  പ്രധാന ഘടകങ്ങള്‍. ഈ ഘടകങ്ങളെക്കുറിച്ച് ശരിയായ ജ്ഞാനമുണ്ടായിരുന്നാൽ മാത്രമേ അഗ്നിശമനപ്രവർത്തനങ്ങൾ ഫലവത്താകൂ.

1, ഇന്ധനം

സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളും ഇന്ധനവസ്തുക്കളാണ്. ഇന്ധന വസ്തുവിലുള്ള ജലാംശം, ഇന്ധന വസ്തുവിന്റെ വലിപ്പം, വിന്യാസം. അളവ്, ക്രമീകരണം തുടങ്ങിയവ അതിന്റെ ജ്വലനത്തെ സാരമായി ബാധിക്കും.

i. ജലാംശം

വനത്തിലുള്ള ഇന്ധനവസ്തുക്കളിൽ ജലാംശം പല തോതിലായിരിക്കും. ജലാംശം കുറയുന്തോറും തീപിടിക്കുവാനും ത്വരിതഗതിയിൽ കത്തിയെരിഞ്ഞുപോകുവാനുമുള്ള സാധ്യത വർധിക്കും. ജലാംശവും വരൾച്ചയുമായി അഭേദ്യമായ ബന്ധമുണ്ട്. നീണ്ടുനിൽക്കുന്ന വരൾച്ച ഇന്ധനവസ്തുക്കളിലെ ജലാംശം തീരെ താഴ്ത്തുന്നതിനാൽ അവ വേഗം. കത്തിയെരിഞ്ഞുപോകും.

ഇലകൾ കൂടുതൽ കൊഴിയുവാനും, മരത്തിന്റെ ശിഖരങ്ങളും ചെടികളും ചെറുമരങ്ങളും വരെ ഉണങ്ങുവാനും നീണ്ട വരൾച്ച ഇടയാക്കും.

ഉണങ്ങിയ ഇലയും തടിയും മറ്റും പെട്ടെന്നു തീപിടിച്ച് കത്തി ചാമ്പലാകുന്നത് ജലാംശത്തിന്റെ അളവു കുറവായതുകൊണ്ടാണ്.

ii. ഇന്ധനത്തിന്റെ വലിപ്പം

ജ്വലനത്തിന്റെ തോത് നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണ് ഇന്ധനവസ്തുവിന്റെ വലിപ്പം. വലിപ്പം കൂടുതലാകുന്തോറും ഒരേ യൂണിറ്റളവ് ഇന്ധനത്തിന്റെ ഉപരിതലവിസ്തൃതി കുറഞ്ഞു വരുകയും ബാഷ്പീകരണ പ്രക്രിയ താരതമ്യന മന്ദഗതിയിലാകുകയും ചെയ്യുന്നു. മറിച്ച് വലിപ്പം കുറയുന്തോറും ബാഷ്പീകരണം ത്വരിതപ്പെട്ട് ഇന്ധനവസ്തു ഉണങ്ങി ജ്വലനത്തിന് വേഗത്തിൽ തയാറാകുന്നു. ഒരു നിശ്ചിത അളവ് സ്ഥൂല ഇന്ധനവസ്തുവിന്റെ ജ്വലനത്തിന് അതേ അളവിലുള്ള സൂക്ഷ്മ ഇന്ധനത്തെക്കാൾ തീവ്രത കുറഞ്ഞിരിക്കും. അതുപോലെ വേഗത്തിൽ കത്തി തീരുന്നതും സൂക്ഷ്മവസ്തുക്കൾ ആയിരിക്കും.

iii. വിന്യാസം

തറനിരപ്പിൽ നിന്ന് വൃക്ഷങ്ങളുടെ തലപ്പു വരെ സമാന്തര-ലംബ തലങ്ങളിലുള്ള ഇന്ധനവസ്തുക്കളുടെ പരസ്പര ബന്ധത്തെയാണ് വിന്യാസം സൂചിപ്പിക്കുന്നത്. ഇന്ധനത്തിന്റെ വിന്യാസരീതി അതിനു ചുറ്റുമുള്ള വായുസഞ്ചാരം നിയന്ത്രിക്കും. അയഞ്ഞ-അകന്ന വിന്യാസം വായുസഞ്ചാരം സുഗമമാക്കുകയും ഇന്ധനം വേഗത്തിൽ ഉണങ്ങുന്നതിനും കത്തുന്നതിനും ഇടയാക്കുകയും ചെയ്യും.

സമാന്തര വിന്യാസത്തിൽ ഇന്ധനവസ്തുക്കൾ തമ്മിൽത്തമ്മിൽ വളരെ അകന്നുകിടക്കുകയാണെങ്കിൽ ജ്വലനം സാവകാശത്തിലായിരിക്കും. വിന്യാസം ലംബമായിട്ടാണെങ്കിൽ, അതായത് തറനിരപ്പു മുതൽ വൃക്ഷങ്ങളുടെ തലപ്പു വരെ ജ്വലനവസ്തുക്കൾ ഉണ്ടെങ്കിൽ, വൃക്ഷങ്ങൾത്തന്നെ കത്തിക്കരിഞ്ഞു പോകുവാൻ സാധ്യതയുണ്ട്. തലപ്പുകൾ അടുത്തടുത്താണെങ്കിൽ ശിഖരാഗ്നി ഉണ്ടാകാവുന്നതാണ്. ഹൈറേഞ്ചിലെ പുൽമേടുകളിൽ വച്ചുപിടിപ്പിച്ചിട്ടുള്ള യൂക്കാലിപ്റ്റസ് തോട്ടങ്ങളിൽ വേനൽക്കാലത്ത് ഉണങ്ങിക്കിടക്കുന്ന പുല്ലിന് ഏതെങ്കിലും വിധത്തിൽ തീ പിടിക്കുമ്പോൾ അതിൽ നിന്നും യൂക്കാലിപ്റ്റസ് മരങ്ങൾക്കും തീ പിടിച്ച് വ്യാപകമായ തോതിൽ ശിഖരാഗ്നി ഉണ്ടാകാറുണ്ട്. ഈ ശിഖിരാഗ്നി ഹൈറേഞ്ചിലെ യൂക്കാലിപ്റ്റസ് തോട്ടങ്ങൾക്കു വമ്പിച്ച നാശനഷ്ടമാണ് വരുത്തിവച്ചിട്ടുള്ളത്.

iv. അളവ്

ഒരു നിശ്ചിത വിസ്ത്യതിയിൽ മൊത്തത്തിലുള്ള ഇന്ധന വസ്തുവിന്റെ അളവ് അഗ്നിയുടെ സ്വഭാവത്തെ സാരമായി ബാധിക്കും. ഇന്ധനം കൂടുന്തോറും അഗ്നിമൂലമുളവാകുന്ന ചൂട് കൂടുകയും ഇന്ധനവസ്തുക്കൾക്ക് നേരത്തെ തന്നെ ചൂടുപിടിച്ച് ജ്വലിക്കുവാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും. ഇത്തരം അഗ്നി നിയന്ത്രിക്കുവാൻ വൈഷമ്യമാണ്. അഗ്നിനിയന്ത്രണ രേഖകൾ സൃഷ്ടിക്കുവാൻ കൂടുതൽ ഇന്ധനവസ്തുക്കൾ മാറ്റേണ്ടി വരികയും ചെയ്യും.

v. ക്രമീകരണം

ഓരോ സ്ഥലത്തെയും ഇന്ധനവസ്തുക്കളും സ്വാഭാവികവും മനുഷ്യനിർമിതവുമായ നിയന്ത്രണമാർഗവും തമ്മിലുള്ള ബന്ധമാണ് ക്രമീകരണം കൊണ്ടുദ്ദേശിക്കുന്നത്. ചിലതരം വനങ്ങളിൽ യഥേഷ്ടം തീ പടർന്നു പിടിക്കുന്നു. ഇതിനൊരു ഉത്തമോദാഹരണമാണ് യൂക്കാലിപ്റ്റസ് തോട്ടങ്ങളിലുണ്ടാകുന്ന ശിഖരാഗ്നി. എന്നാൽ ശിഖരാഗ്നി നമ്മുടെ തേക്കിൻതോട്ടങ്ങളിലോ സ്വാഭാവിക വനങ്ങളിലോ ഇല്ലെന്നു തന്നെ പറയാം. യൂക്കാലിപ്റ്റസ് തോട്ടങ്ങളിൽ അഗ്നിനിയന്ത്രണത്തിന്റെ ഭാഗമായി അഗ്നികഠിന (എളുപ്പത്തിൽ തീപിടിക്കാത്ത) മരങ്ങളുടെ ബെൽറ്റ് ഇടവിട്ടിടവിട്ട് നിർമിക്കുന്നത് ഉത്തമമായിരിക്കും. പ്രകൃതിദത്ത വനങ്ങളിൽ അഗ്നികഠിന സ്പീഷീസുകളും അഗ്നിമൃദുല (എളുപ്പത്തിൽ തീ പിടിക്കുന്ന) സ്പീഷീസുകളും ഇടകലർന്നു വളരുന്നതു കൊണ്ട് മനുഷ്യനിർമിത വനങ്ങളിലെപ്പോലെ വ്യാപകമായ തോതിലുള്ള അഗ്നിബാധ താരതമ്യേന കുറവാണ്.

2. കാലാവസ്ഥ

ഈർപ്പം, ചൂട്, ആപേക്ഷിക ആർദ്രത, കാറ്റ്, മിന്നൽ എന്നിവയാണ് അഗ്നിയുമായി ബന്ധപ്പെട്ട പ്രധാന കാലാവസ്ഥാഘടകങ്ങൾ.

i.ഈർപ്പം

ഈർപ്പം ലഭിക്കുന്നത് മഴ, തുഷാരം, മഞ്ഞ് എന്നിവ മൂലമാണ്. മഴക്കാലത്ത് കാട്ടുതീ ഉണ്ടാകാറില്ല. കാരണം കാട്ടിലെ ഇന്ധനവസ്തുക്കളിൽ ധാരാളം ജലാംശം കാണുമെന്നതുതന്നെ. ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ സാധാരണ മഴ ലഭിക്കാറുളളതിനാൽ ഈ കാലഘട്ടം തീർത്തും അഗ്നിരഹിതമാണെന്നു പറയാം.

ii.ചൂട്

കൂടിയ ചൂട് ഇന്ധനത്തിന്റെ ഉപരിതലതാപം വർധിപ്പിച്ച് ജലാംശം നീക്കം ചെയ്യുന്നതിനാൽ ജ്വലനക്രിയ ത്വരിതഗതിയിലാകും. അതുകൊണ്ട് അഗ്നിനിവാരണപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടത് അന്തരീക്ഷ താപനില കൂടിയിരിക്കുന്ന പകൽസമയത്താണ്.

iii.ആപേക്ഷിക ആര്‍ദ്രത

വായുവിന് സ്പോഞ്ചുപോലെ ജലാംശം ഉൾക്കൊള്ളുവാൻ സാധിക്കും.. പൂർണപൂരിതാവസ്ഥയിൽ ആപേക്ഷിക ആർദ്രത 100 ശതമാനമായിരിക്കും. ആപേക്ഷിക ആർദ്രതയ്ക്ക് വ്യത്യാസം സംഭവിക്കുന്നത് താപനിലയിലുള്ള മാറ്റം കൊണ്ടോ വായുവിലെ ജലാംശത്തിന്റെ അളവിലുള്ള മാറ്റം കൊണ്ടോ ആണ്. ചൂടുവായുവിന് തണുത്ത വായുവിനെക്കാൾ കൂടുതൽ ജലാംശം ഉൾക്കൊള്ളുവാൻ കഴിയും. താപം ഉദ്ദേശം 10°C കൂടുമ്പോൾ ആപേക്ഷിക ആർദ്രത പകുതിയായി ചുരുങ്ങും. താപം കൂടുന്തോറും ആപേക്ഷിക ആർദ്രത കുറയുകയും സ്പോഞ്ചുപോലെ വർത്തിക്കുന്ന വായു ഇന്ധനത്തിൽ നിന്നും ഭൂമിയിൽ നിന്നും ജലാംശം ആഗിരണം ചെയ്യുകയും ചെയ്യുന്നു. അങ്ങനെ ആപേക്ഷിക ആർദ്രത കുറഞ്ഞിരിക്കുമ്പോൾ ജ്വലനത്തിനുള്ള സാധ്യത ഏറിയിരിക്കും.

iv.കാറ്റ്

തീയുടെ പെരുമാറ്റത്തെ ബാധിക്കുന്ന ഒരു സുപ്രധാന ഘടകമാണ് കാറ്റ്. ഇന്ധനം വേഗത്തിൽ ഉണങ്ങുന്നതിന് കാറ്റ് സഹായകരമാണ്. ഓക്സിജൻ സപ്ലൈ വർധിപ്പിക്കും. തീക്കനൽ പറത്തിക്കൊണ്ടുപോയി മറ്റു സ്ഥലത്തു നിക്ഷേപിച്ച് അഗ്നി വ്യാപിപ്പിക്കുവാൻ ശക്തിയേറിയ കാറ്റിന് കഴിയും. തീ കത്തുന്നത് പുൽമേടിനാണെങ്കിൽ പത്തു കി. മീറ്റർ വേഗത്തിലുള്ള കാറ്റിന് കാറ്റില്ലാത്ത സമയത്തേക്കാൾ പത്തിരട്ടി വേഗത്തിൽ തീ പടർത്താൻ സാധിക്കും.

v.മിന്നൽ

പ്രകൃതിയിലെ ഒരു പ്രതിഭാസമായ മിന്നൽ ആണ് സ്വാഭാവികമായി തീ കത്തുവാൻ ഇടയാക്കുന്ന മുഖ്യഘടകം. എന്നാൽ ഇതുമൂലമുള്ള നാശനഷ്ടം കുറവാണ്. അവിടവിടെയായി ചുരുക്കം ചില വൃക്ഷങ്ങൾ മിന്നലേറ്റ് ഉണങ്ങിപ്പോകുമെന്നല്ലാതെ വമ്പിച്ച തോതിൽ തീപിടിച്ച് വനം നശിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. 1983- ൽ, ആര്യങ്കാവിലുള്ള ബോർഡിലോൺ സ്ഥിര സംരക്ഷണ പ്ലോട്ടിലെ നാലഞ്ചു തേക്കുമരങ്ങൾ മിന്നലേറ്റുണങ്ങിപ്പോകുകയുണ്ടായി.

3.ഋതു

നമ്മെ സംബന്ധിച്ചിടത്തോളം ഡിസംബർ മുതൽ മേയ് വരെയുള്ള വേനൽക്കാലമാണ് അഗ്നിശല്യം ഉള്ള കാലം. ജൂൺ മുതൽ നവംബർ വരെ നീണ്ടുനിൽക്കുന്ന മഴക്കാലത്ത് വനങ്ങളിൽ തീ ഉണ്ടാകാറേയില്ല. വേനൽക്കാലത്ത് ഇലകൊഴിയും വനങ്ങളിലെ വൃക്ഷങ്ങൾ ഇലകൊഴിക്കുന്നതിനാൽ കൂടുതൽ ഇന്ധനവസ്തുക്കൾ തറയിൽ കുമിഞ്ഞു കൂടുകയും അവയിൽ സൂര്യരശ്മികൾ നേരിട്ടു പതിച്ച് ജലാംശം വലിഞ്ഞ് ജ്വലനവിധേയമായിത്തീരുകയും ചെയ്യും. എന്നാൽ നിത്യഹരിതവനങ്ങളിൽ, സൂര്യരശ്മികൾ നിലത്തു പതിക്കാത്തതുകൊണ്ട് മണ്ണിനോ വളമണ്ണിനോ ചൂടേൽക്കുന്നില്ല. ഇന്ധനവസ്തുക്കളിൽ ജലാംശം നിലനിൽക്കുകയും ചെയ്യും. അതിനാൽ തീ കത്താനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം. ശല്യങ്ങൾക്കു വിധേയമാകാത്ത നിത്യഹരിതവനങ്ങളിൽ അഗ്നിബാധയുണ്ടാകുന്ന പ്രശ്നമേ ഉദിക്കുന്നില്ല.

4. സമയം

ഇന്ധനവസ്തുക്കൾ ജ്വലനവിധേയമാക്കുന്ന ഘടകങ്ങളായ ചൂട്, ആപേക്ഷിക ആർദ്രത, കാറ്റ് എന്നിവയുടെ പ്രവർത്തനം പകൽക്കാലത്തെ പ്രത്യേക സമയത്തെ ആശ്രയിച്ചിരിക്കും. ഇന്ധനം ഉണങ്ങുന്നതും കത്തുന്നതും പകൽസമയത്ത് താരതമ്യേന ദ്രുതഗതിയിലായിരിക്കും. അതുകൊണ്ട് അഗ്നിനിയന്ത്രണപ്രവർത്തനങ്ങൾ ചെയ്യുന്നതിന് പകൽക്കാലത്തെ സമയം ഒരു പ്രധാന ഘടകമായി മാറുന്നു. ഈ പ്രവർത്തനങ്ങൾക്ക് ഉചിതമായ സമയം രാത്രിയും അതിരാവിലെയുമാണ്. അഗ്നിനിയന്ത്രണത്തിനു വേണ്ടി നിർമിക്കുന്ന അഗ്നിരേഖകളിലെ ഇന്ധനവസ്തുക്കൾ രേഖാമധ്യത്തിൽ ഒതുക്കികൂട്ടി സന്ധ്യയ്ക്കോ രാവിലെയോ മാത്രം കത്തിക്കുന്നതിന്റെ പിന്നിലുള്ള തത്ത്വം വ്യക്തമാണല്ലോ.

5. സ്ഥലത്തിന്റെ കിടപ്പ്

  • ചരിവ്
  • ചരിവേറിയ സ്ഥലങ്ങളിൽ തീജ്വാല താരതമ്യേന ഭൂതലത്തോടടുത്തായിരിക്കുമെന്നതിനാൽ ഇന്ധനവസ്തുക്കൾ മുൻകൂട്ടി ചൂടുപിടിച്ചുണങ്ങി ജ്വലനവിധേയമായിത്തീരുന്നു. ചരിവ് കൂടിയ മലകളിൽ തീജ്വാല യഥാർഥത്തിൽ മുകളിലുള്ള ഇന്ധനവസ്തുക്കളെ സ്പർശിച്ചുകൊണ്ടായിരിക്കും കത്തുക.

    കുത്തനെയുള്ള ചരിവിന്റെ വേറൊരു പ്രത്യേകത അവിടെയുണ്ടാകുന്ന കാറ്റ് പകൽസമയത്ത് നിരന്തരം മുകളിലേക്കടിച്ച് വിശറിപോലെ പ്രവർത്തിച്ച് അഗ്നി ശക്തിപ്പെടുവാനുള്ള പരിതസ്ഥിതി സൃഷ്ടിക്കും.

    പശ്ചിമഘട്ടത്തിൽ ചരിവുകളിലുള്ള വനങ്ങളിൽ തീ പടർന്നു പിടിക്കുവാനുള്ള സാധ്യത ഏറെയാണ്.

    • ദർശനം

    സൂര്യരശ്മി നേരെ പതിക്കുന്ന വനഭൂമിയിലെ ഇന്ധന വസ്തുക്കൾ സൂര്യരശ്മി ചരിഞ്ഞു പതിക്കുന്ന വനഭൂമിയിലെ ഇന്ധനവസ്തുക്കളെക്കാൾ നേരത്തെ ചൂടുപിടിച്ചുണങ്ങും. വേനൽക്കാലത്ത് സൂര്യൻ അധികപക്ഷവും ദക്ഷിണ അക്ഷാംശത്തിൽ ആയതിനാൽ തെക്കോട്ട് ചരിഞ്ഞുകിടക്കുന്ന ഭാഗങ്ങൾ വടക്കോട്ട് ചരിഞ്ഞുകിടക്കുന്ന ഭാഗത്തെക്കാൾ കൂടുതൽ അഗ്നിബാധയ്ക്കിരയാകുവാൻ സാധ്യതയുണ്ട്. കൂടാതെ അഗ്നി കൂടുതൽ ശക്തിയായി പടർന്നു പിടിക്കുന്നതും ദക്ഷിണ ദർശന ചരിവുകളിലായിരിക്കും.

    ഈർപ്പം കൂടുതൽ സംരക്ഷിക്കപ്പെടുന്നത് വടക്കൻ ചരിവുകളിലായതിനാലാണ് വടക്കോട്ട് ദർശനമുള്ള ചരിവുകളിലെ വനങ്ങൾ കൂടുതൽ പുഷ്ടി പ്രാപിച്ചു കാണുന്നത്.

    വനഇന്ധനങ്ങൾ

    വനങ്ങളുടെ തരവും സ്വഭാവവും അനുസരിച്ച് ഇന്ധനവസ്തുക്കളുടെ അളവ്, ജ്വലനവിധേയത്വം, അഗ്നിയുടെ പടരൽ തുടങ്ങിയവ വ്യത്യാസപ്പെട്ടിരിക്കും.

    1. ഹരിതവനങ്ങൾ

    ശല്യങ്ങൾക്കു വിധേയമാകാത്ത നിത്യഹരിത വനങ്ങളിൽ വ്യക്ഷാവശിഷ്ടങ്ങൾ തറയിൽ നല്ല കനത്തിൽ ഉണ്ടായിരിക്കും. എന്നാൽ എപ്പോഴും ഈർപ്പപൂരിതമായിരിക്കുന്നതിനാൽ ജ്വലനം സംഭവിക്കുന്നില്ലെന്നേയുള്ളൂ. എപ്പോൾ മരങ്ങൾ മുറിക്കപ്പെട്ട് ഈ ഇന്ധനവസ്തുക്കൾ സൂര്യതാപമേറ്റ് ഉണങ്ങുവാൻ ഇടയാകുന്നുവോ അപ്പോൾ അവ ജ്വലനസജ്ജമാകുകയും അഗ്നിയുടെ സാമീപ്യത്തിൽ കത്തിയെരിയുകയും
    ചെയ്യും. ഇന്ധനത്തിന്റെ അളവ് താരതമ്യേന കൂടിയിരിക്കുന്നതുകൊണ്ട് അഗ്നിബാധ ശക്തിയേറിയതുമായിരിക്കും. നിത്യഹരിതവൃക്ഷങ്ങളുടെ ഇലയിൽ ബാഷ്പശീല തൈലം കൂടുതൽ കാണും. കൂടാതെ ഇലകൊഴിയും വൃക്ഷങ്ങളുടെതിനെക്കാൾ ജലാംശം കുറഞ്ഞിരിക്കുകയും ചെയ്യും. അതുകൊണ്ട് തീപിടിക്കുവാനുള്ള സാധ്യത ഹരിതവൃക്ഷങ്ങൾക്ക് ഏറിയിരിക്കും.

    ഹരിതവനങ്ങൾ തീയുടെയും മറ്റും ശല്യത്തിനു നിരന്തരം വിധേയമാകുമ്പോൾ പുൽമേടുകളായോ അഗ്നി കഠിന വൃക്ഷങ്ങൾ കൂടുതലുള്ള ഇലകൊഴിയുംവനങ്ങളായോ മാറും. സൈലന്റ് വാലിയിൽ പോലും ഈപ്രകിയ ദർശിക്കാവുന്നതാണ്.

    2. ഇലകൊഴിയും വനങ്ങൾ

    കേരളത്തിലെ വനങ്ങളിൽ ഭൂരിഭാഗവും ഈ വിഭാഗത്തിൽ പെടുന്നവയാണ്. എല്ലാവർഷവും ഇത്തരം വനങ്ങളിൽ തീ കയറിയിറങ്ങുന്നതിനാൽ അവിടെ തറയിൽ തന്നാണ്ടിൽ കൊഴിഞ്ഞു വീഴുന്ന ഇലകളും മറ്റുംവൃക്ഷാവശിഷ്ടങ്ങളുമേ കാണുകയുള്ളൂ. മിക്കവാറും ഡിസംബർ-ജനുവരിയിൽ മരങ്ങൾ ഇലകൊഴിക്കുന്നതിനു പുറകേ എത്തുന്ന തീ അവയെല്ലാം കത്തിച്ചു ചാമ്പലാക്കുകയും ചെയ്യും. ഉണങ്ങിയ മരങ്ങൾ അല്ലാതെ പച്ചമരങ്ങൾ സാധാരണ കത്താറില്ല. എന്നാൽ പച്ചമരങ്ങൾ തീയുടെ ആഘാതമേറ്റ് കാലക്രമേണ ഉണങ്ങിപ്പോകുക സാധാരണയാണ്. അങ്ങനെ ഇടതൂർന്നു വളർന്നിരുന്ന വനങ്ങൾ സാന്ദ്രത കുറഞ്ഞ് തുറസ്സായ വനങ്ങളായി പരിണമിക്കുകയും അഗ്നികഠിന സസ്യങ്ങളായ നെല്ലി, പേഴ്, ഫീനിക്സ് തുടങ്ങിയവ മാത്രമടങ്ങുന്ന പുൽമേടുകളായി(സാവന്ന) തീരുകയും ചെയ്യുന്നു.

    3. തേക്കിൻതോട്ടങ്ങൾ

    ടോങ്ക്യാക്ക്യഷിയുള്ള തൈത്തോട്ടങ്ങളൊഴികെ ബാക്കിയുള്ളവയിലെല്ലാം വേനൽക്കാലത്ത് തീ കയറും. തേക്ക് ഇലകൊഴിക്കുന്ന വൃക്ഷമായതിനാൽ കൊഴിഞ്ഞുവീഴുന്ന ഇലകളെല്ലാം അടിക്കാടുകളുണ്ടെങ്കിൽ അവയോടൊപ്പം കത്തി ചാമ്പലാകും. തേക്ക് പൊതുവെ അഗ്നികഠിന സ്പീഷീസാണെങ്കിലും തീ തേക്കുതടിയുടെ ഗുണത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും.

    4. യൂക്കാലിപ്റ്റസ് തോട്ടങ്ങൾ

    യൂക്കാലിപ്റ്റസ് ഗ്രാൻഡിസ്, യൂക്കാലിപ്റ്റസ് ടെറിറ്റിക്കോർണിസ് എന്നീ രണ്ടിനങ്ങളാണ് പ്രധാനമായും തോട്ടമടിസ്ഥാനത്തിൽ വച്ചുപിടിപ്പിച്ചിട്ടുള്ളത്. യൂക്കാലിപ്റ്റസ് ഗ്രാൻഡിസ് ഹൈറേഞ്ചിലെ പുൽമേടുകളിലാണ് കൂടുതലും നട്ടിട്ടുള്ളത്. ഇടതൂർന്നു വളരുന്ന യൂക്കാലിപ്റ്റസ് തോട്ടങ്ങളിൽ പുല്ലുൾപ്പെടെയുള്ള മറ്റു സസ്യങ്ങൾ വളർന്നു പുഷ്ടി പ്രാപിക്കുകയില്ല. എന്നാൽ യൂക്കാലിപ്റ്റസ് വൃക്ഷങ്ങൾ കുറവാണെങ്കിൽ പുല്ലിന്റെ ആധിക്യം വർധിക്കും. ആനപ്പുല്ല് (എലിഫന്റ് ഗ്രാസ്സ്) ആണ് അധികം. ഒക്റ്റോബർ-നവംബർ മാസങ്ങളിൽ പുല്ല് പൂക്കുന്നതിനെ തുടർന്ന് ഉണങ്ങുന്നു. തീയുടെ സാമീപ്യത്തിൽ രണ്ടു മീറ്ററോളം ഉയരമുള്ള ആനപ്പുല്ല് കത്തുമ്പോൾ അഞ്ചാറുമീറ്റർ ഉയരത്തിൽ തീജ്വാല വരും. ഹരിതവൃക്ഷമായ യൂക്കാലിപ്റ്റസിന്റെ ഇലയിൽ ബാഷ്പശീല എണ്ണ ധാരാളമുള്ളതുകൊണ്ട് പച്ചയായിരിക്കുമ്പോൾ തന്നെ ഈ തീജ്വാലയിൽ അവ കത്തിത്തുടങ്ങും. തുടർന്നുണ്ടാകുന്ന ശിഖരാഗ്നിയുടെയും തൽഫലമായുണ്ടാകുന്ന നാശനഷ്ടങ്ങളുടെയും തോത് ഊഹിക്കാവുന്നതേയുള്ളൂ.

    യൂക്കാലിപ്റ്റസ് ടെറിറ്റിക്കോർണിസ് തോട്ടങ്ങൾ അധികവും സ്വാഭാവിക വനങ്ങൾ തെളിച്ചാണ് നിർമിച്ചിട്ടുളളത്. ഇവിടെ പുല്ലിന്റെ ആധിക്യം യു. ഗ്രാൻഡിസ് തോട്ടങ്ങളിലെ അപേക്ഷിച്ച് കുറവാണ്. എന്നാൽ അടുത്തുള്ള വനങ്ങളിലോ ഇതിന്റെ തോട്ടങ്ങളിൽ തന്നെയോ ഉണ്ടാകുന്ന തീ പടർന്നുപിടിച്ച് ശിഖരാഗ്നിയായി മാറുവാൻ സാധ്യതയുണ്ട്.

    അങ്ങനെ 15000 ഹെക്ടറോളം വരുന്ന യു. ഗ്രാൻഡിസ് തോട്ടങ്ങളും 25000 ഹെക്ടറോളമുള്ള യൂ. ടെറിറ്റിക്കോർണിസ് തോട്ടങ്ങളും അഗ്നിഭീതിയുടെ വക്കത്താണ് സ്ഥിതിചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്.

    5. മറ്റു തോട്ടങ്ങൾ

    മട്ടി, ഇലവ്, സിൽവർ, ഓക്ക്, വാക, വാറ്റിൽ, മഹാഗണി, കുമ്പിൾ, കശുമാവ്, കാറ്റാടി തോട്ടങ്ങളിൽ എല്ലാ വർഷവും ഉപരിതലാഗ്നി ഉണ്ടാകാറുണ്ട്. ശിഖരാഗ്നി ചുരുക്കമായി വാറ്റിൽ തോട്ടങ്ങളിലും കാറ്റാടിത്തോട്ടങ്ങളിലും ഉണ്ടാകാറുണ്ടെങ്കിലും യൂക്കാലിപ്റ്റസ് തോട്ടങ്ങളിലെപ്പോലെ നഷ്ടം വ്യാപകമല്ല.

    അഗ്നിബാധ-ദോഷങ്ങൾ

    • വസ്തുനാശം

    6000 ച. കി. മീറ്ററോളം വനഭൂമിയിൽ എല്ലാ വർഷവും ഉപരിതലാഗ്നി ഉണ്ടാകാറുണ്ട്. ഒരു ച. കി. മീറ്ററിൽ ഏകദേശം 500 മെ. ടൺ ഇന്ധനവസ്തുക്കൾ ഉണ്ടായിരിക്കും. ഈ വസ്തുക്കളെല്ലാം കത്തി ചാമ്പലാകും. പുതുമഴയോടുകൂടി ഈ ചാമ്പൽ ഒഴുകിപ്പോകുകയും ചെയ്യും. അതേസമയം തീയ്ക്കിരയാകാതെ ഈ ജൈവ വസ്തുക്കൾ തറയിൽ കിടന്നിരുന്നെങ്കിൽ അവ ക്രമേണ ചീഞ്ഞഴുകി ഹ്യൂമസാകുമായിരുന്നു. ഹ്യൂമസ് മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇങ്ങനെ വർഷംതോറും കത്തി നശിച്ചുപോകുന്ന വൃക്ഷാവശിഷ്ടങ്ങൾ ഏകദേശം 30,00,000 മെട്രിക് ടൺ വരും.

    ഹൈറേഞ്ചിൽ വള്ളക്കടവ്-പമ്പ മേഖലയിലുള്ള 8000 ഹെക്ടറോളം വരുന്ന യു. ഗ്രാൻഡിസ് തോട്ടങ്ങളിൽ പകുതിയോളം തീ മൂലം അപ്രത്യക്ഷമായിട്ടുണ്ട്. 1959-1967 കാലഘട്ടത്തിൽ വച്ചുപിടിപ്പിച്ച ഈ തോട്ടങ്ങളിൽ 1967 വരെ അഗ്നിനിവാരണപ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കിയിരുന്നു. എന്നാൽ 1967 നു ശേഷം വിവിധ കാരണങ്ങളാൽ അഗ്നിനിവാരണ പ്രവർത്തനങ്ങൾ വേണ്ട വിധം നടന്നില്ല. അതിന്റെ ഫലം തോട്ടങ്ങളിൽ ദ്യശ്യമാകുകയും ചെയ്തു. 1977 -78ല്‍ ഈ തോട്ടങ്ങളിൽ നടത്തിയ സർവേയിൽ മൂന്നിൽ രണ്ടു ഭാഗം യൂക്കാലിപ്റ്റസ് മരങ്ങളും മൊത്തത്തിൽ നഷ്ടപ്പെട്ടതായി മനസ്സിലാക്കാൻ സാധിച്ചു. മൗണ്ട് പ്ലാറ്റോ എന്ന ഭാഗത്ത് തുടർച്ചയായി വച്ചുപിടിപ്പിച്ചിരുന്ന 2000 ഹെക്ടറിനടുത്തു തോട്ടങ്ങൾ അപ്പാടെ കത്തി നശിച്ചു. അവിടെ അവശേഷിച്ചിരുന്നത്, അവിടവിടെ നിൽക്കുന്ന ഉണക്കമരങ്ങളും കരിഞ്ഞ മരക്കുറ്റികളും മാത്രമായിരുന്നു. ഇവിടെനിന്നു കിട്ടുന്ന യൂക്കാലിപ്റ്റസ് തടിയായിരുന്നു വൈക്കത്തിനടുത്ത് വെള്ളൂരിൽ സ്ഥാപിച്ചിട്ടുള്ള ന്യൂസ്പ്രിന്റ് ഫാക്ടറിക്ക് ആണ്ടുതോറും (ഒരു ലക്ഷം മെ. ടൺ വീതം) സപ്ലെ ചെയ്തിരുന്നത്. അസംസ്കൃത വസ്തുവിന്റെ കുറവുമൂലം ഉണ്ടായേക്കാവുന്ന വൈഷമ്യങ്ങളും മറ്റു നഷ്ടങ്ങളും ദേശീയതാൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നെടുത്തു പറയേണ്ടതില്ലല്ലോ.

    തേക്കിൻതോട്ടങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വാർഷിക തീ, തേക്കുമരങ്ങളെ നിർജീവമാക്കുന്നില്ലെങ്കിൽ തന്നെ, തടിയുടെ ഗുണത്തെ സാരമായി ഹനിക്കുന്നുണ്ട്. തടിയിൽ സൂക്ഷ്മ സുഷിരങ്ങൾ പ്രത്യക്ഷപ്പെട്ട് അതിന്റെ ബലത്തിലും നിലനിൽപ്പിലും കോട്ടമുണ്ടാകുന്നു. നിരന്തരമായ തീകത്തലും വളമണ്ണ് (ഹ്യൂമസ്) ഒഴുകിപ്പോകലും മണ്ണിന്റെ വീര്യം കെടുത്തുന്നതിനാൽ ഉപരിതലവ്യാപിയായ (സർഫസ് ഫീഡർ) തേക്കിന്റെ വളർച്ച മുരടിക്കുന്നു. ഈ പ്രക്രിയ പ്രത്യക്ഷമായി ദർശിക്കാവുന്നത് ചരിവുകളിലുള്ള തോട്ടങ്ങളിലാണ്, എന്നാൽ തീ കയറാത്ത സ്വാഭാവിക വനങ്ങളിൽ കുന്നുകളുടെ ചരിവിലും മരങ്ങൾ ഒരേപോലെ വളർന്നു പുഷ്ടിപ്രാപിക്കുന്നതായി കാണാം.

    • പുനരുദ്ഭവത്തിന് തടസ്സം

    ഇലകൊഴിയും വനങ്ങളിലെ പ്രധാനപ്പെട്ട പല സ്പീഷീസുകളും പുഷ്പിച്ച് കായ്കൾ പാകമാകുന്നത് വേനൽക്കാലത്താണ്. ഉദാ:- തേക്ക്, തമ്പാവ്, വേങ്ങ, മരുതി. തറയിൽ വീണുകിടക്കുന്ന കായകൾ ഉപരിതലാഗ്നിയിൽ കത്തിനശിക്കുന്നതിനാൽ സ്വാഭാവിക പുനരുദ്ഭവം ഗണ്യമായ തോതിൽ കുറയുന്നു. തീയിൽ നിന്ന് രക്ഷപ്പെട്ട് കിളിർത്താൽ തന്നെഅടുത്ത വർഷത്തെ തിയിൽപ്പെട്ട് അവ കരിഞ്ഞുപോകുകയും ചെയ്യും. ഉപരിതലാഗ്നിയുടെ ഉഗ്രതയനുസരിച്ച് ഭൂതലസസ്യങ്ങൾ മൊത്തമായോ ഭാഗികമായോ കരിഞ്ഞുപോകുന്നു.

    തീ കയറിയ ഇലകൊഴിയുംവനങ്ങൾ പൊതുവെ വിലയേറിയ വൃക്ഷങ്ങളുടെ തൈകളും ചെറുമരങ്ങളും നഷ്ടപ്പെട്ട് പ്രായമേറിയതും ഇടത്തരത്തില്‍പ്പെട്ടതുമായ മരങ്ങള്‍ മാത്രം പ്രമുഖമായി നില്‍ക്കുന്ന ഒരു തുറന്ന വനത്തിന്‍റെ പ്രതീതിയാണ് നല്‍കുന്നത്. ഇത് സംബന്ധിച്ച പഠനവും ഗവേഷണവും നടത്തുവാനായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 1983-ല്‍ അഞ്ച് റിസര്‍ച്ച് പ്ലോട്ടുകള്‍ എടുത്തിട്ടുണ്ട്. ഇവിടെ രണ്ടുവര്‍ഷംകൊണ്ട് അഗ്നിയുടെ അഭാവം നിമിത്തം, പ്രകടമായ മാറ്റം കാണാനുണ്ട്. പുനരുദ്ഭവം ആശാവഹമായ തോതില്‍ പുരോഗമിക്കുന്നു. അടിത്തട്ടിലെ സസ്യങ്ങള്‍ ഓജസ്സ് വീണ്ടെടുത്തിട്ടുണ്ട്. തറയില്‍ ഇലയും മറ്റും അടിഞ്ഞുകിടന്ന് വളമണ്ണിന്‍റെ രൂപീകരണം ദ്രുതഗതിയിലായിട്ടുമുണ്ട്.

    • പരിസ്ഥിതിപരമായ സ്ഥാനം

    സമ്പന്നവനത്തിന്‍റെ സന്തുലിതാവസ്ഥ നശിപ്പിക്കുന്ന മുഖ്യഘടകം തീയാണ്. നിരന്തരമായുണ്ടാകുന്ന കാട്ടുതീ മൂലം സമ്പന്നമായ വനങ്ങള്‍ ക്ഷയിക്കുകയും തീയും വരള്‍ച്ചയും സഹിക്കുന്ന ദരിദ്രസമൂഹം അവശേഷിക്കുകയും ചെയ്യും. ഹൈറേഞ്ചുകളില്‍ ഏതാണ്ട് 25000 ഹെക്ടര്‍ വനഭൂമിയാണ് ശുദ്ധ പുല്‍മേടുകളായിട്ടുള്ളത്. ഇതില്‍ 10000 ഹെക്ടറോളം ഭൂമിയില്‍ യൂക്കാലിപ്റ്റസ് ഗ്രാന്‍ഡിസ് വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ വള്ളക്കടവ്, കോഴിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ തീയില്‍നിന്നും പൂര്‍ണ്ണ സംരക്ഷണം ലഭിച്ച ഭാഗങ്ങളില്‍ യൂക്കാലിപ്റ്റസിനോടൊപ്പം കനല തുടങ്ങിയ ഹരിതവൃക്ഷങ്ങള്‍ വളരുന്നുണ്ട്. വള്ളക്കടവില്‍ ഈ പരിസ്ഥിതിവിശേഷം പഠിക്കാനായി 6 ഹെക്ടര്‍ വരുന്ന റിസര്‍ച്ച് പ്ലോട്ട് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

    • മണ്ണൊലിപ്പ്

    കാടിന്‍റെ സഹജസിദ്ധികളിലൊന്നാണ് മണ്ണ്സംരക്ഷണം. എന്നാല്‍ അടിത്തട്ടിലെ സസ്യങ്ങളും വൃക്ഷാവശിഷ്ടങ്ങളും അഗ്നിക്കിരയാകുന്നതിന്‍റെ ഫലമായി മേല്‍മണ്ണ് നഗ്നമാകുന്നു. തീയുടെ കടുത്ത ചൂട് മണ്ണിലെ താപനില ക്രമാതീതമായി ഉയര്‍ത്തുന്നതിനാല്‍ മണ്ണിന്‍റെ ഘടനയിലും സാരമായ വ്യത്യാസം സംഭവിക്കുന്നു. ഇങ്ങനെ ഘടന നഷ്ടപ്പെട്ട് നഗ്നമാക്കപ്പെട്ട മേല്‍മണ്ണ് കാറ്റിലും മഴയിലും ഒഴുകിപ്പോകും.

    ഈ പ്രതിഭാസം നമ്മുടെ ഇലകൊഴിയുംവനങ്ങളിലും മിക്കവാറും തോട്ടങ്ങളിലും ദര്‍ശിക്കാവുന്നതാണ്. മേല്‍മണ്ണ് മുഴുവന്‍ ഒലിച്ചുപോയതിനാല്‍ പാറക്കല്ലുകള്‍ തെളിഞ്ഞുനില്‍ക്കുന്ന തറയാണ്‌ മിക്ക വനഭാഗങ്ങളിലും. പ്രത്യേകിച്ച് ചരിവുകളില്‍, ദൃശ്യമാകുന്നത്. പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാറെ ചരിവിൽ സ്ഥിതിചെയ്യുന്ന വനങ്ങൾ അധികവും ഈ ദുർവിധി നേരിടുകയാണ്.

    • ഈർപ്പനഷ്ടം

    കാട്ടിലെ സസ്യസാന്ദ്രത നിർണയിക്കുന്ന ഒരു ഘടകമാണ് ഈർപ്പം. ജ്വലനസമയത്ത് ഉണ്ടാകുന്ന താപം കടന്നുപോകുന്നത് മൂന്നു രീതിയിലാണ്.

    i. തരംഗങ്ങൾ വഴിയുള്ള താപസംവഹനം (കൺവെക്ഷൻ)

    ii. ശൂന്യപദേശത്തിലൂടെയുള്ള താപപസരണം (റേഡിയേഷൻ)

    iii. താപവഹനം (കൺഡക്ഷൻ)

    ജ്വലനസമയത്തുണ്ടാകുന്ന 70-80 ശതമാനം താപവും താപസംവഹനം വഴി മേൽപ്പോട്ടു പോകും. താപ്രപ്രസരണവും താപവഹനവും മൂലമുള്ള ചൂടാണ് പ്രധാനമായും ഭൂതലത്തിൽ പതിക്കുന്നത്. ഭൂതലത്തോടു തൊട്ടുള്ള ഭാഗത്ത് 1200°C വരെ ചൂടുയരുമ്പോൾ ഭൂതലത്തിലെ ചൂട് ഏതാണ്ട് 225°C ന് അടുത്തായിരിക്കും. ഭൂതലത്തിനു താഴോട്ടുള്ള ചൂട് താപവഹനത്തെ ആശ്രയിച്ചിരിക്കും. താഴോട്ട് പോകുന്തോറും ചൂട് അതിവേഗത്തിൽ കുറഞ്ഞുവരും.

    മണ്ണിനുണ്ടാകുന്ന ചൂട് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.

    i. അഗ്നിയുടെ ഉഗ്രതയും ദൈർഘ്യവും

    ii. മണ്ണിന്റെ സ്വഭാവം

    iii. ഇന്ധനത്തിന്റെ സ്വഭാവം

    iv. കാറ്റിന്റെ ഗതി

    കട്ടിയുള്ള ഇന്ധനവസ്തുക്കൾ കാറ്റിനെതിരെ കൂടുതൽ സമയം കത്തിനിൽക്കുമ്പോഴാണ് മണ്ണിന് ഏറ്റവും കൂടുതൽ ചൂട് ഉണ്ടാകുന്നത്. ഇലകൊഴിയും വനങ്ങളിൽ ധാരാളം ഇന്ധനവസ്തുക്കൾ ജനുവരി-ഫെബ്രുവരിയോടുകൂടി ഉണ്ടായിരിക്കും. തന്മൂലം തീ ശക്തിയായി പടർന്നുപിടിച്ച് മണ്ണിലെ ഈർപ്പം നീരാവിയാക്കി വരൾച്ചയുടെ കാഠിന്യം രൂക്ഷമാക്കുന്നു. തീയോടുകൂടി തുറസ്സായിത്തീർന്ന ഭൂതലത്തിൽ സൂര്യതാപം നേരിട്ട് പതിക്കുന്നതിനാൽ കേശികാകർഷണം മൂലം മേൽമണ്ണിലെത്തിയേക്കാവുന്ന ഈർപ്പം അപ്പോൾത്തന്നെ ബാഷ്പീകരണത്തിന് വിധേയമാകുന്നു.

    • കീടബാധ

    വർഷംതോറുമുണ്ടാകുന്ന തീ വൃക്ഷങ്ങളിൽ രോഗബാധയ്ക്കും കീടബാധയ്ക്കും സാധ്യത വർധിപ്പിക്കുന്നു. ചില മരങ്ങളിൽ അഗ്നിബാധയുണ്ടായതിന്റെ ദോഷഫലങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടുതുടങ്ങും; മറ്റു ചിലവയിൽ കുറേക്കാലം കഴിഞ്ഞതിനു ശേഷവും.

    ഏറ്റവും സാധാരണവും അതേസമയം വിനാശകരവുമായ രോഗബാധ വേരിലും വ്യക്ഷച്ചുവട്ടിലും കാണുന്ന ചീയലാണ്. അഗ്നിവടുവിൽ ആണ് ചീയൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പാലോടു റെയിഞ്ചിൽ വച്ചു പിടിപ്പിച്ചിട്ടുള്ള ആഞ്ഞിലിയിൽ ഈ രോഗം രൂക്ഷമായിത്തീർന്നിട്ടുണ്ട്.

    • വന്യജീവികൾ

    കേരളത്തിൽ വേനൽക്കാലത്ത് കത്തിയെരിയുന്ന മൂന്നിൽ രണ്ടുഭാഗം വനങ്ങളും വന്യജീവികൾക്കു ഭീഷണിയാണ്. പുൽമേടുകൾക്ക് തീപിടിച്ചാൽ തീറ്റയ്ക്കുതകുന്ന ഇളംപുല്ല് ഉണ്ടാകുമെന്നും അത് ചിലയിനം വന്യമൃഗങ്ങൾക്ക് പ്രയോജനകരമാണെന്നും വാദിക്കുന്നവരുണ്ട്. ഈ വാദഗതിക്ക് വലിയ കഴമ്പില്ല. എന്തുകൊണ്ടെന്നാൽ വാർഷിക സസ്യമായി പുല്ല് വേനൽക്കാലാരംഭത്തോടുകൂടി പൂക്കുകയും കായ് വിളയുന്നതിനൊപ്പം ഉണങ്ങിപ്പോകുകയും ചെയ്യുന്നു. പിറ്റേവർഷത്തെ പുതുമഴയോടുകൂടി വീണ്ടും കിളിർക്കും. പക്ഷേ തീമൂലം തുറസ്സായിത്തീർന്ന പ്രദേശത്ത് ഒരേ പോലെ കിളിർത്തു വരുന്നതിനു തുല്യമായിരിക്കില്ലെന്നു മാത്രം. വന്യജീവികൾക്ക് വേണ്ടതും ഇതുപോലെ തുറസ്സായ പ്രദേശങ്ങളല്ല. കേരളത്തിലെ പുൽമേടുകളിലും മറ്റും ഏറ്റവും കൂടുതൽ വേട്ടയാടൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് തീയ്ക്കുശേഷമുണ്ടാകുന്ന ഇളം പുല്ല് തിന്നുവാൻ സസ്യഭോജികൾ കൂട്ടമായി എത്തുമ്പോഴാണ്.

    ചിലയിനം വന്യജീവികൾക്ക് നിലനിൽക്കുവാൻ പുൽമേടുകളും പുൽമേടുകൾക്ക് നിലനിൽക്കുവാൻ തീയും അനിവാര്യമാണെന്നുള്ള ചിന്താഗതിയും ഇല്ലാതില്ല. അഗ്നി പൂർണമായി ഒഴിവാക്കിയാൽ പുൽമേടുകൾ പരിസ്ഥിതിപരമായി വികസിച്ച് കാലക്രമേണ മറ്റു സസ്യസമൂഹത്തിനു വഴി മാറിക്കൊടുക്കും. സസ്യഭോജികളിൽ പുല്ലുമാത്രം ഭക്ഷിച്ചു ജീവിക്കുന്നവ ചുരുക്കവുമാണ്.

    • സൗന്ദര്യശോഷണം

    കാനനഭംഗി നേരിൽ കണ്ട് ആസ്വദിക്കേണ്ടതാണ്. എത്ര വർണിച്ചാലും ആ ദൃശ്യസുഖം ലഭിക്കുകയില്ല. ഇത് ഹൃദയഹാരിയായ വനങ്ങൾ അഗ്നിബാധയേറ്റ് അടിക്കാടുകൾ കരിഞ്ഞു തെളിഞ്ഞ്, പൊള്ളലേറ്റു കറുത്തു കരിവാളിച്ച വൃക്ഷങ്ങളുമായി നിൽക്കുന്നതും കണ്ടുതന്നെ മനസ്സിലാക്കേണ്ടതാണ്.

    കാട്ടുതീ-കാരണങ്ങൾ

    1. സ്വാഭാവികാഗ്നി

    ഇടിമിന്നൽ, പാറകൾ തമ്മിലുള്ള ഉരസൽ എന്നീ സ്വാഭാവിക കാരണങ്ങൾ മൂലം വളരെ വിരളമായി തീപിടിത്തമുണ്ടാകാം.

    മിന്നൽ മൂലം മരങ്ങൾ ഉണങ്ങിപ്പോകാറുണ്ട്. ഉദാഹരണത്തിന് ആര്യങ്കാവിലെ ബോർഡിലോൺ സ്ഥിരപ്ലോട്ടിലെ ചില തേക്കുമരങ്ങൾ 1983-ൽ ഇടിവെട്ടേറ്റ് ഉണങ്ങിപ്പോയിട്ടുണ്ട്.

    2. മനുഷ്യകാരകം

    മനുഷ്യന്റെ അറിവോടും അനവധാനത മൂലവുമാണ് കാട്ടുതീ കൂടുതലായുമുണ്ടാകുന്നത്.

    തീവയ്പ്

    തന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഇല്ലാത്ത വസ്തുവകയ്ക്ക് കരുതിക്കൂട്ടി തീവയ്ക്കുന്നതിനെയാണ് തീവയ്പ് (ഇൻസെൻഡിയറി) എന്നു പറയുന്നത്. തീവയ്പ്പ് താഴെ പറയുന്ന ഏതെങ്കിലും കാരണങ്ങളാലാവാം.

    • സ്വന്തം വസ്തുവകകളുടെ സംരക്ഷണത്തിന്

    നമ്മുടെ വനങ്ങൾക്കുള്ളിലും സമീപത്തും താമസസ്ഥലങ്ങളും സ്വകാര്യതോട്ടങ്ങളും ഉണ്ട്. വനത്തിനു തീപിടിത്തമുണ്ടായാൽ തങ്ങളുടെ വസ്തുവകകൾക്കും നാശം സംഭവിച്ചേക്കാമെന്നു ഭയന്ന്, സ്വന്തം തോട്ടത്തിനോടോ വസ്തുവിനോടോ ചേർന്നുകിടക്കുന്ന വനഭാഗം തീവച്ചുവിടുക സാധാരണയാണ്. ഈ തീ നിയന്ത്രണാതീതമായി മറ്റു വനഭാഗങ്ങളിലേക്ക് പടരുന്നതുമൂലം സ്വകാര്യ സ്വത്തിന് തീയിൽ നിന്നും സംരക്ഷണം ലഭിക്കുകയും പൊതുസ്വത്തായ വനം തീയ്ക്കിരയായിത്തീരുകയും ചെയ്യുന്നു.

  • മേച്ചിൽ മെച്ചപ്പെടുത്തുന്നതിന്
  • ഇടതൂർന്ന അടിക്കാടുകളും വളർന്നു നിൽക്കുന്ന പുല്ലുകളും കാലിമേച്ചിലിന് തടസ്സം സൃഷ്ടിക്കുന്നു. പുല്ലുകൾക്കും അടിക്കാടുകൾക്കും തീയിട്ടാൽ, തുറസ്സായ മേച്ചിൽപ്രദേശം ലഭ്യമാകുകയും പിന്നീട് കിളിർത്തു വരുന്ന ഇളം പുല്ലും മറ്റു പച്ചിലകളും കന്നുകാലികൾക്ക് യഥേഷ്ടം തിന്നുവാൻ സൗകര്യം ലഭിക്കുകയും ചെയ്യും. അങ്ങനെ കാലിമേച്ചിലിനുവേണ്ടി സൗകര്യമൊരുക്കുവാൻ കാടിനു തീവയ്ക്കുന്നു. വനങ്ങളുടെ സമീപത്തുള്ള എസ്റ്റേറ്റുകളിൽ നിന്നും നൂറുകണക്കിനു കന്നുകാലികളെ ഒന്നിച്ച് ഒന്നോ രണ്ടോ ഇടയന്മാർ മുഖേന വനത്തിൽ വിട്ടാണ് മേയ്ക്കുന്നത്. ഇവരാണ് ഈ രീതിയിലുള്ള ശല്യങ്ങൾ വരുത്തിവയ്ക്കുന്നത്.

    • വേട്ടയാടുന്നതിന്

    കാട്ടുപോത്ത്, മാൻ, പന്നി തുടങ്ങിയ മൃഗങ്ങളെ വേട്ടയാടുവാൻ ഒറ്റയ്ക്കും സംഘമായും ദിവസങ്ങളോളം കാട്ടിനുള്ളിൽ താമസിക്കേണ്ടി വരുമ്പോൾ, പ്രത്യേകിച്ചും വേനൽക്കാലത്ത്, രാത്രിയിൽ ആന, പുലി തുടങ്ങിയ വന്യമൃഗങ്ങളിൽ നിന്നും രക്ഷനേടുന്നതിനു വേണ്ടി വലിയ ആഴി ഉണ്ടാക്കുക പതിവാണ്. ഇതിന്റെ ആവശ്യം കഴിഞ്ഞാൽ പുലർക്കാലത്ത് ഇതണയ്ക്കുവാൻ അവർ മെനക്കെടാറില്ല. കാട്ടുതീയുടെ ഉദ്ഭവത്തിന് ഇത് ഒരു കാരണമായിത്തീരുന്നു.

    വേട്ടയാടിക്കിട്ടുന്ന മാംസം ചുട്ടുതിന്നുവാൻ വേണ്ടിയും ഇവർ തീ കത്തിക്കും. ഈ തീയുടെയും ഗതി മേൽപ്പറഞ്ഞതുതന്നെ.

    വേട്ടസംഘത്തിന്റെ പ്രവർത്തനമേഖല അധികൃതരിൽ നിന്നു മറച്ചുവയ്ക്കുവാനും മൃഗങ്ങളെ വെരുട്ടി ഭീതിപ്പെടുത്തി കുരുക്കുവാനും വിശാലമായ വനപ്രദേശത്തിന് കരുതിക്കൂട്ടി തീവയ്ക്കുന്നു.

    • വിറകുശേഖരണത്തിന്

    വനത്തിൽ നിന്നും വിറകു ശേഖരിച്ച് കമ്പോളത്തിൽ വിറ്റഴിച്ച് നിത്യവൃത്തി കഴിക്കുന്ന ഒരു നല്ലഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. കേരളത്തിലെ മിക്കവാറും വനം ഡിവിഷനുകളിൽ ഈ രീതിയിലുള്ള വനവിഭവശോഷണം നിത്യസംഭവമാണ്. ഉണക്കവിറകാണ് ഇവർക്കു വേണ്ടത്. കാരണം ഉണക്കവിറകിന് ഭാരം കുറവായതുകൊണ്ട് കൂടുതലളവ് ചുമന്നുകൊണ്ടുപോകാൻ സാധിക്കുമെന്നു മാത്രമല്ല, വാങ്ങിക്കുന്നവർക്ക് ഉടൻതന്നെ ഉപയോഗിക്കാമെന്നതിനാൽ വിൽപ്പന ഒരു പ്രശ്നമാകുന്നുമില്ല. നിത്യേന ഉണക്കവിറക് ലഭിക്കുവാൻ അവലംബിക്കുന്ന ഹീനമാർഗങ്ങളിൽ ഒന്ന് തീവയ്ക്കലാണ്. ഇതിന്റെ ഫലമായി ഉണങ്ങിയ വിറക് ലഭിക്കുമെന്നതിനു പുറമേ, തീമൂലം തുറസ്സായ വനഭാഗങ്ങളിൽ വന്യമൃഗങ്ങളെയും മറ്റും ഭയപ്പെടാതെ സൗകര്യപ്രദമായി ചുറ്റി സഞ്ചരിച്ച് വിറകു ശേഖരിക്കുവാനും സാധിക്കുന്നു.

    • ചെറുകിട വനവിഭവശേഖരണത്തിന്

    ചെറുകിടവനവിഭവങ്ങൾ ശേഖരിക്കുന്നതിന് ദിവസങ്ങളോളം വനാന്തർഭാഗങ്ങളിൽ താമസിക്കേണ്ടിവരും. അതിനുവേണ്ടി വനത്തിനുള്ളിൽ സഞ്ചാരം സുഗമമാക്കുവാനും രാത്രിയിൽ ഹിംസ്രജന്തുക്കളിൽ നിന്നു രക്ഷനേടുവാനുമായി വനത്തിന് തീവയ്ക്കുക സാധാരണയാണ്. കൂടാതെ കുന്തിരിക്കം ശേഖരിക്കുന്നത് കുന്തിരിക്ക പൈനിന്റെ ചുവട്ടിൽ തീയിട്ട് വാട്ടലേൽപ്പിച്ചാണ്. തേൻ ശേഖരിക്കുന്നവർ തേനീച്ചയെ മാറ്റിനിർത്തുവാനും തീ ഉപയോഗിക്കുന്നു. മുളവെട്ടുകാർ മുളയുടെ ശേഖരണം അനായാസമാക്കുവാൻ അതിന്റെ മുള്ളാടുകൂടിയ ചില്ലകൾ കത്തിക്കുവാനായി മുളങ്കൂട്ടത്തിന് അപ്പാടെ തീ കൊടുക്കാറുണ്ട്. ഇപ്രകാരം മുള വെട്ടിയെടുക്കുവാൻ ഒരു പ്രത്യേക വർഷം ഏൽപ്പിച്ചിട്ടുള്ള കൂപ്പ് ഒന്നടങ്കം അഗ്നിക്കിരയാക്കിയിട്ടുള്ള കാഴ്ച ഈ ഗ്രന്ഥകാരന് കാണേണ്ടിവന്നിട്ടുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പാകമാകുന്ന ചീവയ്ക്ക നിഷ്പ്രയാസം ശേഖരിക്കുന്നത് മരങ്ങളിൽ പടർന്നുകയറിക്കിടക്കുന്ന ചീവവള്ളിക്ക് തീ കൊടുത്തിട്ടാണ്. ഇവയെല്ലാം വൻ നാശമാണ് വനങ്ങൾക്കുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

    • തെളിവ് നശിപ്പിക്കുന്നതിന്

    തടിമോഷണക്കാർ, അനധികൃതമായി മുറിച്ച വൃക്ഷത്തിന്റെ കുറ്റി നശിപ്പിക്കുവാൻ വേണ്ടി കുറ്റിയുടെ മുകളിൽ ഇന്ധനവസ്തുക്കൾ കൂട്ടി തീവയ്ക്കാറുണ്ട്. കുറ്റി നശിപ്പിച്ചുകഴിഞ്ഞാൽ കേസിന് തക്ക തെളിവില്ലാതാകും. ഈ അഗ്നി മോഷ്ടിക്കപ്പെട്ട വൃക്ഷത്തിന്റെ കുറ്റിയിൽ ഒതുങ്ങി നിൽക്കാതെ പടർന്നു പരക്കുകതന്നെ ചെയ്യും.

    • വനം കയ്യേറുന്നതിന്

    കേരളത്തിലെ വനങ്ങളെ ഗ്രസിച്ചിട്ടുള്ള ഏറ്റവും വലിയ വിപത്ത് കയ്യേറ്റമാണ്. അനധികൃതമായി വനഭാഗം കൈവശപ്പെടുത്തി കൃഷി ചെയ്യുന്നവരുണ്ട്. മരങ്ങൾ മുറിച്ചിട്ട് കത്തിച്ചു നശിപ്പിച്ച് ഭൂമി തുണ്ടുതുണ്ടായി വിറ്റു കാശാക്കുന്നവരുമുണ്ട്. ആയിരക്കണക്കിന് ഹെക്ടർ വനഭൂമിയാണ് ഈ രീതിയിൽ വനരഹിതമായി തീർന്നിട്ടുള്ളത്. കൂട്ടത്തിൽ എടുത്തു പറയുവാനുള്ളത് 'കാർഡമം ഹിൽ' റിസർവിനെ സംബന്ധിച്ചാണ്. 80000-ത്തിലധികം ഹെക്ടർ വിസ്തൃതിയിൽ വൻവ്യക്ഷങ്ങൾ നിറഞ്ഞിരുന്ന കേരളത്തിലെ വനങ്ങളുടെ നെടുംകോട്ടയാണ് ഇത്ര ഹീനമായ രീതിയിൽ നശിപ്പിക്കപ്പെട്ടത്.

    തങ്ങളുടെ വസ്തു വിസ്താരപ്പെടുത്തുവാൻ വനങ്ങളുടെ ഓരത്തു താമസിക്കുന്നവർ ആദ്യപടിയായി ചെയ്യുന്നത് അടിക്കാടുകൾക്ക് തീകൊടുക്കുകയാണ്. ക്രമേണ ഈ പ്രക്രിയ മരങ്ങളിലേക്കും വ്യാപിക്കും. ഈ ക്രിയ ത്വരിതപ്പെടുത്തുവാൻ വൃക്ഷങ്ങളുടെ ചുവടുഭാഗത്ത് ചുറ്റും വരഞ്ഞ് ഉണക്കുന്നതും സാധാരണമാണ്.

    • അശ്രദ്ധ

    വനത്തിനുള്ളിൽ ധാരാളം നടപ്പാതകളും റോഡുകളും ഉണ്ട്. ഈ പാതകളിൽക്കൂടി നിത്യേന സഞ്ചരിക്കുന്നവരിൽ പുകവലി ശീലമാക്കിയിട്ടുള്ളവർ പുകവലിച്ചശേഷം ബീഡിക്കുറ്റിയും സിഗററ്റുകുറ്റിയും കാട്ടിലേക്കു വലിച്ചെറിയുക സാധാരണയാണ്, ഉണങ്ങിക്കിടക്കുന്ന ഇന്ധനവസ്തുക്കളിൽ ഈ കുറ്റികൾ വീണു തീപിടിത്തമുണ്ടാകാറുണ്ട്.

    വിനോദസഞ്ചാരികൾ തങ്ങളുടെ താവളങ്ങളിൽ നിർമിക്കുന്ന ആഴി (ക്യാമ്പ് ഫയർ) ശരിയാംവണ്ണം അണയ്ക്കാതിരുന്നാലും തീ പടർന്നുപിടിക്കും. ഇത്തരത്തിലുള്ള വിനോദസഞ്ചാരം നമ്മുടെ നാട്ടിൽ കാര്യമായ രീതിയിൽ അഭിവ്യദ്ധിപ്പെട്ടിട്ടില്ലാത്തതിനാൽ ക്യാമ്പുഫയറും തന്മൂലം ഉളവാകുന്ന കാട്ടുതീയും ചുരുക്കമാണ്.

    ഡിസംബർ-ജനുവരിയിലെ ശൈത്യമേറിയ പ്രഭാതങ്ങളിൽ കുളിരകറ്റുവാൻ വനാതിർത്തിയിൽ കരിയിലയും മറ്റും കൂട്ടി കത്തിച്ച് തീ കായുക സാധാരണമാണ്. ആവശ്യം കഴിഞ്ഞശേഷം തീയണച്ചുകളയുവാൻ ഉപേക്ഷ വിചാരിക്കുന്നതുകൊണ്ടും കാട്ടുതീ ഉണ്ടാകാറുണ്ട്.

    അഗ്നിനിവാരണ പ്രവർത്തനങ്ങൾ

    1. പരോക്ഷ മാർഗങ്ങൾ

    മനുഷ്യന്റെ ഇടപെടലാണ് കാട്ടുതീയ്ക്ക് പ്രധാന കാരണം. കാട്ടുതീ ഒഴിവാക്കാനുള്ള മാർഗങ്ങളിലൊന്ന് തീവയ്ക്കുവാനുള്ള ഉദ്ദേശ്യത്തിൽ നിന്നും മനുഷ്യനെ പിന്തിരിപ്പിക്കുവാൻ വേണ്ട സാഹചര്യം സൃഷ്ടിക്കുക എന്നതാണ്. ഇതിനുവേണ്ടി താഴെപ്പറയുന്ന മൂന്നു രീതികൾ അവലംബിക്കാവുന്നതാണ്.

    • ബോധവൽക്കരണം

    കാട്ടുതി മൂലം ഉളവായിക്കൊണ്ടിരിക്കുന്ന വമ്പിച്ച നാശനഷ്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും വിവിധ തരത്തിലുള്ള തീവയ്പുകളിൽ നിന്നും അവരെ പിൻതിരിപ്പിക്കുവാൻ സാധിക്കത്തക്ക വിധം സാമൂഹ്യസമ്പദ്ഘടന കെട്ടിപ്പടുക്കുകയും ചെയ്താൽ കാട്ടുതീ ഒരു കെട്ടുകഥയായി മാറുമെന്നുള്ളതിനു സംശയമില്ല. ഇതിന്റെ ആദ്യപടിയായി ചെയ്യാവുന്നത് റേഡിയോ, ടെലിവിഷൻ, സിനിമ, പ്രസംഗങ്ങൾ, ലഘുലേഖകൾ, പുസ്തകങ്ങൾ, വർത്തമാനപത്രങ്ങൾ തുടങ്ങി നിലവിലുള്ള വിനിമയ മാധ്യമങ്ങളിൽക്കൂടി പൊതുജനങ്ങൾക്ക് കാട്ടുതീ കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ ഗൗരവപൂർവം മനസ്സിലാക്കിക്കൊടുക്കുകയെന്നുളളതാണ്. നിലവിലുള്ള വിനിമയ മാർഗങ്ങളെല്ലാം ഓരോതരം വ്യക്തിയെയും സമൂഹത്തെയും ബാധവാന്മാരാക്കാനുതകുന്നതാണ്. സമയം, സ്ഥലം, വ്യക്തികൾ തുടങ്ങിയ ബന്ധപ്പെട്ട ഘടകങ്ങൾക്കനുയോജ്യമായി ബുദ്ധിപൂർവം മാധ്യമനിർണയം നടത്തണമെന്നേയുള്ളൂ.

    • ഉപയോഗ നിയന്ത്രണം

    വേനൽക്കാലത്ത് വനത്തിൽക്കൂടിയുള്ള സഞ്ചാരവും മറ്റും നിയന്ത്രിക്കുകയെന്നുളളതാണ് മറ്റൊരു രീതി. വനങ്ങളുടെ ഉള്ളിൽ തന്നെ ആൾതാമസമുള്ളതിനാൽ ഈ രീതി പ്രായോഗികമാക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. എന്നാൽ കുടിപാർപ്പില്ലാതെ വിശാലമായി കിടക്കുന്ന വനപ്രദേശങ്ങളിൽ ഈ രീതി നടപ്പാക്കാവുന്നതാണ് . വനത്തിലേക്കുള്ള റോഡുകള്‍ താൽക്കാലികമായി അടച്ചുകൊണ്ട്. കൂടാതെ വനത്തിലേക്കുള്ളപ്രവേശന മാർഗത്തിൽ പരിശോധന കർശനമാക്കി ബീഡി, സിഗററ്റ് തുടങ്ങിയ അഗ്നിമയ വസ്തുക്കൾ ഉളളിലേക്ക് കൊണ്ടുപോകുന്നത് തടയണം. ഇത്തരം നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുവാൻ ബോധവൽക്കരണത്തിനുള്ള മാധ്യമങ്ങളും തക്കതായ നിയമങ്ങളും സഹായിയായി ഉണ്ടായിരിക്കേണ്ടതാണ്.

    • നിയമം നടപ്പിലാക്കൽ

    കുറ്റവാസനകൾ വർധിച്ചുവരുന്ന ഇക്കാലത്ത് എത്രതന്നെ ശ്രമിച്ചാലും അതിലൊതുങ്ങാത്ത വ്യക്തികൾ ഉണ്ടായിക്കൂടെന്നില്ല, അവശക്തമായ നിയമങ്ങളും അവയുടെ ഫലപ്രദമായി നടപ്പിലാക്കലും മുഖേനയേ അടിപ്പെടുത്തുവാൻ സാധിക്കൂ. 1961 -ലെ കേരള വനനിയമത്തിൽ 27-മത്തെ ഖണ്ഡികയിൽ തീവയ്പിനെ നിരോധിച്ചുകൊണ്ടും അത് ലംഘിച്ചാൽ കുറ്റവാളിക്ക് നൽകാവുന്ന പരമാവധി ശിക്ഷ വ്യക്തമാക്കികൊണ്ടും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. റിസർവ് വനങ്ങളിലും റിസർവ് ചെയ്യുവാൻ നിർദേശിക്കപ്പെട്ട വനങ്ങളിലും തീ കത്തിക്കുന്നതും അപകടമായ രീതിയിൽ കത്തുന്ന തി ഉപേക്ഷിച്ചുപോകുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവും അയ്യായിരം രൂപ വരെ പിഴയുമാണ് ശിക്ഷ. കൂടാതെ വിധി കൽപ്പിക്കുന്ന കോടതിയുടെ തീരുമാനമനുസരിച്ച്വ നത്തിനുണ്ടായ നഷ്ടവും പരിഹാരമായി ഈടാക്കണമെന്നുമുണ്ട്. നിയമത്തിൽ ഈ വ്യവസ്ഥ അർഥശങ്കയ്ക്കിടയില്ലാത്തവിധം എഴുതിവച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ഇത് സംബന്ധിച്ച് കാര്യമായ കേസുകൾ രജിസ്റ്റർ ചെയ്യുകയോ കുറ്റവാളികളെ കോടതി മുമ്പാകെ ഹാജരാക്കുകയോ ചെയ്തിട്ടില്ല എന്ന വസ്തുത സങ്കോചത്തോടുകൂടെ മാത്രമേ രേഖപ്പെടുത്തുവാൻ കഴിയൂ. ഇതിന് പല കാരണങ്ങളും ഉണ്ട്

    • വനപാലകരുടെ അലസത

    അഗ്നിമൂലം വനത്തിലാകുന്ന അതിഭയങ്കര കേടുപാടുകളെ സംബന്ധിച്ച് വനസംരക്ഷണ ഉദ്യോഗസ്ഥൻമാർ തന്നെ വേണ്ടവിധം ബോധവാന്മാരാണോ? ആകെയുള്ള വനഭാഗങ്ങളുടെ മൂന്നിൽ രണ്ടുഭാഗവും ആണ്ടുതോറും കത്തിക്കരിയുന്നുണ്ടെങ്കിലും എന്തുകൊണ്ട് നിയമത്തിലെ വ്യവസ്ഥകൾ അതിനെതിരെ ഉപയോഗിക്കുന്നില്ല?  ഉത്തരമില്ലാത്ത ഇത്തരം നിരവധി ചോദ്യങ്ങൾ മൊത്തത്തിലുള്ള അലസതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

    • കുറ്റവാളികളെ കണ്ടുപിടിക്കൽ

    അഗ്നിബാധയ്ക്ക് കാരണക്കാരായവരെ കണ്ടുപിടിക്കുക അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും ആത്മാർഥമായി ശ്രമിച്ചാൽ അവരിൽ അധികമാളുകളെയും സംശയാതീതമായി മനസ്സിലാക്കാവുന്നതേയുളളു.

    2. പ്രത്യക്ഷമാർഗങ്ങൾ

    കാട്ടുതീ ഒഴിവാക്കുവാൻ ചില പ്രത്യക്ഷ മാർഗങ്ങളും സ്വീകരിക്കേണ്ടതാണ്.

    • അഗ്നിബാധയ്ക്കുള്ള സാഹചര്യം ഒഴിവാക്കുക
    • അഗ്നിരേഖകൾ നിർമിക്കുക.
    • അഗ്നി നിയന്ത്രണത്തിനായി വ്യക്തികളെ നിയമിക്കുക

    അഗ്നിബാധയ്ക്കുള്ള സാഹചര്യം ഒഴിവാക്കൽ

    ആപത്ശങ്ക ഉള്ള സ്ഥാനങ്ങളിൽ നിന്ന് ജ്വലനസാധ്യതയുള്ള ഇന്ധനവസ്തുക്കൾ നീക്കം ചെയ്യണം. ഉദാഹരണമായി റെയിൽപാതയുടെ വശങ്ങൾ. ഇവിടെ എട്ടുപത് മീറ്റർ വീതിയിൽ രണ്ടു വശങ്ങളിലുമുള്ള ഇന്ധന വസ്തുക്കൾ നിശ്ശേഷം മാറ്റി വ്യത്തിയാക്കണം. ഇതുപോലെ റോഡരികിൽ അഞ്ചെട്ടു മീറ്റർ വീതിയിൽ ഇന്ധന വസ്തുക്കൾ നീക്കം ചെയ്യണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പ്രവർത്തി ജ്വലനസാധ്യത ഒഴിവാക്കുന്നത് കൂടാതെ തീയുണ്ടാകുകയാണെങ്കില്‍ത്തന്നെ അതിനെ സ്ഥാനികമായി ഒതുക്കി നിർത്തുവാനും സഹായിക്കും. അപകടസാധ്യതയുള്ള ഭാഗങ്ങൾക്കു ചുറ്റും അഞ്ചെട്ടു മീറ്റർ വീതിയിൽ ഒരു സ്ട്രിപ് തെളിച്ചു സൂക്ഷിക്കണം. തോട്ടങ്ങളുടെയും തടി ഡിപ്പോകളുടെയും മറ്റും പരിസരം ഇപ്രകാരം സംരക്ഷിക്കേണ്ടതാണ്. കണ്ണൂത്ത്, ബാംവലി, കാടി തുടങ്ങിയ ഡിപ്പോകൾ വനങ്ങളോടു ചേർന്നുകിടക്കുന്നതുകൊണ്ട് തീയൊഴിവാക്കുവാൻ ഈ രീതിയാണ് സ്വീകരിച്ചു വരുന്നത്. ലംബമായും സമാന്തരമായും തുടർച്ചയായി ഇന്ധനവസ്തുക്കൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. തീ ഉണ്ടാകാൻ സാധ്യതയുള്ള കാലത്തിനു നന്നേ മുമ്പായി തോട്ടങ്ങളിലെ അടിക്കാടുകളും പുല്ലും (പ്രത്യേകിച്ചും യൂകാലിപ്റ്റസ് തോട്ടങ്ങളിലെ) മുറിച്ചിടണം. ഇവ മണ്ണിന്‍റെ മുകളിൽ ഒരു ആവരണം സൃഷ്ടിച്ച് ഈര്‍പ്പം നിലനിര്‍ത്തും. യൂക്കാലിപ്റ്റസ് തോട്ടങ്ങളുടെയും പൈന്‍ തോട്ടങ്ങളുടെയും ഇടയില്‍ അഗ്നികഠിന സ്പീഷീസുകള്‍ അവിടവിടെ വരിയായി വച്ചുപിടിപ്പിച്ച് ശിഖരാഗ്നിയുടെ ആക്രമണം ഒഴിവാക്കേണ്ടതാണ്. ഉഷ്ണമേഖലാ പൈനുകൾ (പൈനസ് കരീബിയ, പൈനസ് ഊക്കാർപ്പ തുടങ്ങിയവ) വച്ചുപിടിപ്പിക്കുവാൻ ഒരു സ്കീം ഏഴാം പഞ്ചവത്സരപദ്ധതിക്കാലത്ത് പശ്ചിമഘട്ട വികസന പരിപാടിയുടെ ഭാഗമായി ഉൾക്കൊള്ളിച്ചിരുന്നു. സിൽവർ ഓക്കിന്റെ സ്ട്രിപ്പുകൾ പൈനിന്‍റെ പ്ലോട്ടുകളെ വേർതിരിച്ചുനിർത്തി ശിഖരാഗ്നിയിൽ നിന്നും മോചിപ്പിക്കത്തക്കവിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഉണങ്ങിനിൽക്കുന്ന മരങ്ങൾ, തടിശേഖരണക്കൂപ്പുകളിൽ അവശേഷിക്കുന്ന തലപ്പുകൾ തുടങ്ങിയവ തീ ഉണ്ടാകാൻ സാധ്യത കൂടുതലുള്ള കാലത്തിനു മുമ്പായി നീക്കം ചെയ്യണം.

    അഗ്നിരേഖ (ഫയർലൈൻ)

    തീ ഒഴിവാക്കാനും തീയുണ്ടായാൽ പടരാതിരിക്കുവാനും വനത്തില്‍ ആവശ്യാനുസരണം ഒരു നിശ്ചിത വീതിയിൽ തെളിച്ചു സൂക്ഷിക്കുന്ന സ്ട്രിപ്പുകളെയാണ് അഗ്നിരേഖകൾ എന്നു പറയുന്നത്. ഇത്തരം  ഫയർലൈനുകൾ ചില രാജ്യങ്ങളിൽ ഫയർ ബ്രേക്കുകൾ എന്നാണ്അ റിയപ്പെടുന്നത്. ഫയർ ലൈനുകൾ ഇവിടെ നിർമിക്കുന്നത് സ്ട്രിപ്പിന്‍റെ ഇരു വശങ്ങളിലുമുള്ള ഇന്ധനവസ്തുക്കൾ തെളിച്ചും ചുരണ്ടിയും അതിന്‍റെ നടുവിലിട്ടു കത്തിച്ചാണ്. ചില രാജ്യങ്ങളിൽ, ഈ സ്ട്രിപ്പിലെ ഇന്ധനങ്ങൾ നീക്കം ചെയ്ത് മണ്ണ് അനാവരണമാക്കുക സാധാരണയാണ്.
    രണ്ടു തരത്തിലുള്ള ഫയർലൈനുകളെയാണ് നാം ആശ്രയിക്കുന്നത്.

    ü  ബാഹ്യ അഗ്നിരേഖകള്‍

    ü  ആന്തര അഗ്നിരേഖകള്‍

    ബാഹ്യ അഗ്നിരേഖകള്‍

    ഇതിനു സാധാരണ 5.2 മീറ്റര്‍ വീതിയുണ്ട്. റിസര്‍വിന്‍റെ ചുറ്റതിരുകള്‍, താമസസ്ഥലങ്ങളും റിസര്‍വുമായി ചേരുന്ന ഭാഗങ്ങള്‍, റോഡരികുകള്‍, തോട്ടാതിര്‍ത്തികള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ബാഹ്യ അഗ്നിരേഖകള്‍ നിര്‍മിക്കുന്നത്. നവംബര്‍- ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് ഇതിന്‍റെ നിര്‍മ്മാണം. എന്നാല്‍ പണത്തിന്‍റെ ദൌര്‍ലഭ്യം നിമിത്തം ആവശ്യമുള്ളിടത്തെല്ലാം ഈ അഗ്നിരേഖകൾ നിർമിക്കപ്പെടുന്നില്ല. ഒരു കിലോമീറ്റർ അഗ്നിരേഖ നിർമിക്കുവാൻ 40 തൊഴിലാളികളുടെ പ്രവ്യത്തിദിന
    ങ്ങൾ ആവശ്യമാണ്. അതായത്, ഇരുപതുപേർ ഈ ലൈനിലെ ഇന്ധന വസ്തുക്കൾ മുറിച്ചും ചുരണ്ടിയും സ്ട്രിപ്പിന്റെ മധ്യഭാഗത്ത് ഒതുക്കിയിടുവാനും ഇരുപതുപേർ ഇന്ധനങ്ങൾ ഉണങ്ങുന്ന മുറയ്ക്ക് കത്തിച്ചു ചാമ്പലാക്കുവാനും. കാറ്റില്ലാത്ത സമയം നോക്കി വകുപ്പുദ്യോഗസ്ഥന്മാരുടെ മേൽനോട്ടത്തിൽ വേണം ഫയർലൈൻ കത്തിക്കേണ്ടത്. ചില രാജ്യങ്ങളിൽ 30 മീറ്റർ വരെ വീതിയുള്ള ബാഹ്യ അഗ്നിരേഖകൾ ഉണ്ടാക്കാറുണ്ട്.

    ആന്തര അഗ്നിരേഖകള്

    ഏതെങ്കിലും വിധത്തിൽ ഉണ്ടാകുന്ന തീ ആ പ്രത്യേക സ്ഥലത്ത് ഒതുക്കിനിർത്തുവാൻ വേണ്ടി നിർമിക്കുന്നതാണ് ആന്തര അഗ്നിരേഖകൾ. അഗ്നിശമന പ്രവർത്തനങ്ങൾക്കാവശ്യമായ സാധന സാമഗ്രികൾ വേഗത്തിൽ എത്തിക്കുവാനും ഈ അഗ്നിരേഖകൾ ഉപയോഗപ്പെടുത്താവുന്നതാണ്. വനത്തില്‍ക്കൂടിയുള്ള റോഡുകൾ, നടപ്പാതകൾ എന്നിവയെ സ്വാഭാവിക ആന്തര അഗ്നിരേഖകളായി പരിഗണിക്കാം. അഗ്നിബാധയ്ക്കുണ്ടാകാവുന്ന തീക്ഷ്ണത കണക്കിലെടുത്ത് ആന്തര അഗ്നിരേഖകളുടെ വീതിയും അവ തമ്മിലുള്ള  അകലവും ക്രമപ്പെടുത്തേണ്ടതാണ്. ഇന്ധനവസ്തുക്കള്‍ കൂടുതലുള്ള വനഭാഗങ്ങളിൽ കഴിവതോളം  അടുത്തടുത്ത്, വീതിയില്‍ ആന്തര അഗ്നിരേഖകള്‍ നിര്‍മിക്കണം. കാറ്റിന്‍റെ  ഗതിക്ക് ലംബമായി വേണം ഈ രേഖകൾ നിർമിക്കുവാന്‍.
    കേരളത്തില്‍ ഈ അഗ്നിരേഖകള്‍ക്ക് ഏകദേശം രണ്ടു മീറ്റർ വീതിയാണുള്ളത്. പണത്തിന്റെ കുറവു മൂലം ആവശ്യമുള്ളത്ര അഗ്നിരേഖകൾ നിർമിക്കാറുമില്ല.

    അഗ്നി നിയന്ത്രണ വ്യക്തികള്‍

    തീശല്യമുണ്ടാകാനിടയുള്ള സ്ഥലങ്ങളിൽ തീ ഒഴിവാക്കാനായി പ്രത്യേക ജോലിക്കാരെ ആവശ്യാനുസരണം നിയമിക്കണം. ഇവരെ ഫയർ മസ്ദൂർ എന്നാണ് സാധാരണ വിളിക്കുക. ഫയർ വാച്ചർ എന്നും പറയാറുണ്ട്. എങ്കിലും താൽക്കാലിക ജോലിക്കാർ എന്ന നിലയിൽ വാച്ചർ എന്ന പദപ്രയോഗം ഒഴിവാക്കേണ്ടതാണ്

    ഇവർക്ക് പ്രവർത്തിക്കുന്നതിനായി പ്രത്യേകം മേഖലകളായി തിരിച്ചു കൊടുക്കുന്നു. പ്രവർത്തന മേഖലയുടെ വിസ്തൃതി തീരുമാനിക്കേണ്ടത് ഇന്ധന വസ്തുക്കളുടെ അളവ്, സ്ഥലത്തിന്‍റെ കിടപ്പ് തുടങ്ങിയ വിവിധ ഘടകങ്ങൾ കണക്കിലെടുത്തു വേണം. വനത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന തടി ഡിപ്പോകളിലും ആവശ്യാനുസരണം മസ്ദൂർമാർ ഉണ്ടായിരിക്കണം. അതിവിസ്ത്യതമായ ഇലകൊഴിയും വനങ്ങളിൽ തോട്ടങ്ങളിൽ വേണ്ടതിന്റെയത്ര മസ്ദൂർമാരുടെ ആവശ്യമില്ല. കാട്ടുതീ ഉണ്ടാകാനിടയുള്ള കാലമത്രയും അഗ്നിരേഖകൾ ഇന്ധന രഹിതമായി സൂക്ഷിക്കുക, വഴിയാത്രക്കാർ മുഖേന തീയുണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കുക, അവിചാരിത കാരണങ്ങളാലുണ്ടാകുന്ന തീ പടർന്നു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക, അവരവരുടെ ചുമതലയിലുള്ള വനഭാഗത്തു ചുറ്റിനടന്ന് തീ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുക, എന്നിവയാണ് മസ്ദൂറിന്‍റെ ചുമതല.

    അഗ്നിശമനപ്രവർത്തനങ്ങൾ

    അഗ്നിനിവാരണ പ്രവർത്തനങ്ങൾ എത്രതന്നെ കാര്യക്ഷമമാക്കിയാലും യാദ്യശ്ചികമായി തീയുണ്ടാകാറുണ്ട്. അതിനാൽ അഗ്നിശമന പ്രവർത്തനങ്ങൾക്കുവേണ്ട തയാറെടുപ്പ് അത്യന്താപേക്ഷിതമാണ്. അഗ്നിശമന പ്രവർത്തനങ്ങൾ രണ്ടു ഘട്ടമായാണ്.

    1. പ്രാഥമിക പ്രവർത്തനങ്ങൾ

    2. തീകെടുത്തൽ

    1. പ്രാഥമിക പ്രവർത്തനങ്ങൾ

    • ആസൂത്രണവും പരിശീലനവും

    ഒരു പ്രത്യേക വനഭാഗത്തിലെ അഗ്നിശമന പ്രവർത്തനങ്ങൾക്ക് ആവശ്യമായി വന്നേക്കാവുന്ന എല്ലാ നടപടികളും മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കണം. ഒരു റേഞ്ചോ ഡിവിഷനോ ഒറ്റ ആസൂത്രണ യൂണിറ്റായി കണക്കാക്കി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവുന്നതാണ്. അഗ്നിബാധയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചു പഠിച്ച് പടങ്ങളും മറ്റും തയാറാക്കി വയ്ക്കുക, അഗ്നിശമന പ്രവർത്തനങ്ങളിൽ മതിയായ പരിശീലനം സിദ്ധിച്ചിട്ടുള്ളവരുടെ സേവനം ലഭ്യമാക്കുക, ആവശ്യാനുസരണം ഉപകരണങ്ങളും ആയുധങ്ങളും സജ്ജമാക്കിവയ്ക്കുക തുടങ്ങിയവയല്ലാം ആസൂത്രണ പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കണം. കൂടാതെ തീ ഉണ്ടാകാൻ സാധ്യതയുള്ള കാലങ്ങളിൽ ദൈനംദിന പുനരവലോകനത്തില്‍ക്കൂടി ആസൂത്രണ പരിപാടികൾ കുറ്റമറ്റതാക്കി തീർക്കുകയും വേണം.

    • കണ്ടുപിടിക്കൽ

    ഫയർ മസ്ദൂർ അഗ്നിബാധയുടെ വിവരം എത്രയും പെട്ടെന്ന് യഥാസ്ഥാനങ്ങളിൽ അറിയിക്കേണ്ടതാണ്. ഉയർന്ന ഏതെങ്കിലും സ്ഥലങ്ങളിൽ ആവശ്യാനുസരണം 20-30 മീറ്റർ ഉയരമുള്ള അഗ്നിനിരീക്ഷണ ടവറുകൾ സ്ഥാപിച്ചാൽ അവിടെ നിന്നും അഗ്നിശമന ആസ്ഥാനങ്ങളുമായി ടെലിഫോൺ-വയർലസ് ബന്ധങ്ങൾ സന്നദ്ധമാക്കി, തീ തുടങ്ങുമ്പോൾ തന്നെ വിവരം അറിയിക്കുവാൻ സാധിക്കും. ഇത്തരത്തിലുള്ള ആദ്യത്ത ടവർ കേരളത്തിൽ സ്ഥാപിച്ചത് 1991-ൽ വയനാട് വന്യജീവിസങ്കേതത്തിൽ കൂപ്പാടി എന്ന സ്ഥലത്താണ്.
    കാനഡ തുടങ്ങിയ ചില വികസിത രാജ്യങ്ങളിൽ, അഗ്നിനിരീക്ഷണത്തിനായി വിമാനങ്ങൾ ഉപയോഗിക്കാറുണ്ട്. തീ ഉണ്ടാകാൻ സാധ്യതയുള്ള സമയങ്ങളിൽ വ്യോമനിരീക്ഷണം നടത്തി വനാന്തർഭാഗങ്ങളിൽ എവിടെയെങ്കിലും തീയുണ്ടെങ്കിൽ വയർലസ് മുഖാന്തിരം കേന്ദ്ര സ്ഥാനങ്ങളിൽ അറിയിക്കും.

    • വിവരം അറിയിക്കൽ
    അഗ്നിനിരീക്ഷണത്തിന് നമുക്കുള്ള മുഖ്യ മാർഗം ഫയർ മസ്ദൂർമാരാണ്. ചുരുക്കം ചില സ്ഥലങ്ങളിൽ വയർലസ് ഉപകരിക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകൾ പുരോഗമിച്ചിട്ടും, മറ്റു പല മേഖലകളിലും വിനിമയമാർഗം അദ്ഭുതകരമാംവിധം നൂതന രീതിയിൽ കെട്ടിപ്പടുത്തിയിട്ടും വനംവകുപ്പ് മാത്രം ഇക്കാര്യത്തിൽ അറച്ചു നിൽക്കുന്നതിന്റെ കാരണങ്ങൾ കാട്ടുതീ വിതയ്ക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ചുള്ള അജ്ഞ തയോ അവ മനസ്സിലാക്കിയാൽ തന്നെ അധികാര സ്ഥാനങ്ങളിൽ വേണ്ടവിധം അവതരിപ്പിച്ച് ഭരണാനുമതി വാങ്ങി പ്രാവർത്തികമാക്കുവാനുള്ള കഴിവുകേടോ ആണ്.
    • ഉപകരണങ്ങൾ

    കോടാലി, വാൾ, തൂമ്പ, കൂന്താലി, ക്രോബാർ, അരിവാൾ (കത്തി), ചൂൽ, തൊട്ടി. വെള്ളം ചീറ്റിക്കുന്നതിനുളള പമ്പ് തുടങ്ങിയ ഉപകരണങ്ങൾ ഓരോ അഗ്നിനിയന്ത്രണ കേന്ദ്രങ്ങളിലും ആവശ്യം ഉണ്ടായിരിക്കണം.

    ഇത്തരം അത്യാവശ്യ ഉപകരണങ്ങൾ പോലും എല്ലായിടത്തും സമാഹരിച്ചു വയ്ക്കുവാൻ വനംവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.

    • ഭക്ഷണം

    അഗ്നിശമനപ്രവർത്തനങ്ങൾ തുടങ്ങിയാൽ, അത് മണിക്കൂറുകളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മെച്ചപ്പെട്ട ഭക്ഷണം നൽകേണ്ടതാണ്. കുടിക്കുവാൻ ധാരാളം ശുദ്ധജലവും കൊടുക്കേണ്ടിവരും.

    • ഗതാഗതസൗകര്യം
    അഗ്നിശമന പ്രവർത്തനങ്ങൾക്കാവശ്യമായ ആളുകളും ഉപകരണങ്ങളും അഗ്നിബാധിത സ്ഥലത്തെത്തിച്ചേരുന്നതിന് താഴെപ്പറയുന്ന കാര്യങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.

    i. ജീപ്പുകളും ട്രക്കുകളും ഓടിച്ചുകൊണ്ടുപോകുവാൻ തക്ക റോഡുകൾ.

    ii. അത്യാവശ്യത്തിനുവേണ്ട ജീപ്പുകൾ, ട്രക്കുകൾ.

    iii. സ്ഥലവാസികളായ തൊഴിലാളികളെ വേഗത്തില്‍ സംഘടിപ്പിച്ചു കൊണ്ടുപോകുവാനുള്ള സംവിധാനം.

    2. തീകെടുത്തൽ

    • വെള്ളം ഉപയോഗിച്ച്

    വെള്ളമുപയോഗിച്ചുള്ള തീകെടുത്തൽ ഫലപ്രദമായ ഒരു മാർഗമാണ്. സമീപപ്രദേശത്ത് വെള്ളമുണ്ടെങ്കിൽ ചെറിയ തീ ഈ രീതിയിൽ കൈകാര്യം ചെയ്യാം. എന്നാൽ അഗ്നിബാധയുടെ വ്യാപ്തി വർധിക്കുന്തോറും ഈ മാർഗം അപ്രായോഗികമാകും. കാരണം വേനൽക്കാലത്ത് ആവശ്യാനുസരണം വെള്ളം സമീപപ്രദേശങ്ങളിൽ നിന്നും ലഭിക്കുവാൻ ബുദ്ധിമുട്ടായിരിക്കും. ആറ്റിലോ തടാകങ്ങളിലോ എത്രതന്നെ വെള്ളമുണ്ടെങ്കില്‍ തന്നെയും പമ്പുപയോഗിച്ചു അത് തളിക്കുവാനുള്ള പരിധി പരിമിതമാണ്.

    • മണ്ണ് ഉപയോഗിച്ച്

    കത്തിക്കൊണ്ടിരിക്കുന്ന ഇന്ധനത്തിനുമേല്‍ മണ്ണ് വിതറിയാല്‍ തീ പെട്ടെന്ന് അണയുന്നതാണ്. വനത്തില്‍ ഇതിന്‍റെ ലഭ്യതയ്ക്ക് ലോഭമില്ലതാനും. മമ്മട്ടി, കൂന്താലി, കുട്ടാ തുടങ്ങിയ ഉപകരണങ്ങള്‍ ഈ പ്രവര്‍ത്തനത്തിന് മതിയാകും. എന്നാല്‍ വമ്പിച്ച കാട്ടുതീ കെടുത്തുവാന്‍ ഈ മാര്‍ഗം മാത്രം മതിയാവുകയില്ല.

    • അടിച്ചു കെടുത്തൽ

    ഉപരിതലാഗ്നി അണയ്ക്കുവാൻ ഏറ്റവും ഉത്തമമായ മാർഗം അടിച്ചുകെടുത്തലാണ്. അടിക്കുവാനായി ചെടികളുടെയും ചെറു വ്യക്ഷങ്ങളുടെയും ശിഖരങ്ങൾ ഉപയോഗിക്കാം. ഈ തൂപ്പുകളുമായി ആളുകൾ നിരന്നുനിന്നു തീ അടിച്ചുകടത്തും. ഒരു ഭാഗത്തെ തീ അടിച്ചു കെടുത്തിയതിനു ശേഷം അതിന്റെയടുത്ത ഭാഗത്തേക്ക് മാറും. തീ പിടിക്കാത്ത സ്ഥലത്തേക്ക് അഗ്നി വ്യാപിക്കാത്ത വിധത്തിൽ വേണം തൂപ്പുകൊണ്ടടിക്കേണ്ടത്. ഉപരിതലാഗ്നി വളരെ നീളത്തിൽ കത്തിക്കൊണ്ടിരിക്കുകയാണെങ്കിൽ ഒന്നിൽ കൂടുതൽ സംഘങ്ങളെ ഈ പ്രവര്‍ത്തിക്ക് നിയോഗിക്കണം. ഓരോ സംഘത്തിലും ഏഴെട്ടു പേർക്ക് വിതം പ്രവർത്തിക്കാവുന്നതാണ്. ഒന്നു രണ്ടു പേർ സഹായികളായി ഉണ്ടായിരിക്കുകയും വേണം ഈ സഹായികൾ അടിച്ചു കെടുത്തുന്നവർക്ക് വെള്ളം കൊടുക്കുക, കെടുത്തലിനു വിധേയമായിക്കഴിഞ്ഞ സ്ഥലത്ത് പുകയുന്ന ഇന്ധനവസ്തുക്കള്‍ ഉണ്ടെങ്കിൽ അതു കെടുത്തിക്കളയുക തുടങ്ങിയ ജോലിയിൽ വ്യാപ്യതരായിരിക്കും. ക്ഷീണിതരായവർക്ക് പകരമായി ഈ സഹായികളെ ഉൾപ്പെകയും ചെയ്യാവുന്നതാണ്.

    • പ്രത്യാഗ്നി (കൗണ്ടർ ഫയർ)

    വിനാശകരമായ, വമ്പിച്ച അഗ്നിബാധ പ്രത്യാഗ്നി മുഖാന്തിരമാണ് നിയന്ത്രിക്കേണ്ടത്. ഇതിനുവേണ്ടി കത്തിപ്പടർന്നുകൊണ്ടിരിക്കുന്ന കാട്ടുതീയുടെ എതിർവശത്ത് കഴിവതോളം സമാന്തരമായി ഒരു സ്ട്രിപ് തെളിച്ച് അവിടെനിന്നും തീ കത്തുന്ന ദിശയിലേക്കുള്ള ഇന്ധനവസ്തുക്കൾക്ക് തീ കൊടുക്കാം. രണ്ടുവശത്തുനിന്നും വരുന്ന തീ തമ്മിൽ കൂട്ടമുട്ടുന്നതോടുകൂടി, കത്തലവസാനിക്കുകയും ചെയ്യും.

    കാറ്റുള്ള സമയത്ത്, കാറ്റിന്റെ ഗതി കണക്കിലെടുത്ത് വേണം പ്രത്യാഗ്നിപ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്. റോഡുകൾ, തോടുകൾ നടപ്പാതകൾ തുടങ്ങി സ്വാഭാവികമായി ഇന്ധനരഹിതമായ സ്ട്രിപ്പുകൾ പ്രത്യാഗ്നിപ്രവർത്തനം തുടങ്ങുവാൻ ഉപയോഗിക്കാം. ഇത്തരം ഇന്ധനരഹിത സ്ട്രിപ്പുകൾ ഇല്ലെങ്കിൽ അഗ്നിക്കു സമാന്തരമായി ഒരു സ്ട്രിപ്പ് ഇന്ധനരഹിതമാക്കിയെടുക്കണം, ഈ സ്ട്രിപ്പിലുണ്ടായിരുന്ന ഇന്ധന വസ്തുക്കൾ തീ കത്തിവരുന്ന ദിശയിലേക്കേ നിക്ഷേപിക്കാവൂ.

    പ്രത്യാഗ്നിക്കു തയാറാക്കുന്ന സ്ട്രിപ്പിന് അകലം താഴെപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കണം.

    i. കാറ്റിന്റെ ദിശയിൽ അതിവേഗത്തിൽ തീ കത്തുകയാണെങ്കിൽ, സ്ട്രിപ്പിന്റെ അകലം കൂടിയിരിക്കണം.

    ii. കാട്ടുതീ വളരെ നീളത്തിൽ കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണെങ്കില്‍ ,പ്രത്യാഗ്നിരേഖയ്ക്കും അതനുസരിച്ച് നീളമുണ്ടായിരിക്കണം. ചില അവസരങ്ങളിൽ മലയുടെ ചരിവുകളിലും മറ്റും കിലോമീറ്ററുകളോളം നീളത്തിൽ തീ കത്തുന്നത് കാണാവുന്നതാണ് ഇങ്ങനെയുള്ള അവസരങ്ങളിൽ പ്രത്യാഗ്നിരേഖ കുറെ അകലത്തിൽ നിർമിക്കേണ്ടിവരും.

    iii. നിരപ്പുള്ള വനഭൂമിയിൽ തീകത്തലിന്റെ വേഗത ചരിവുള്ളതിന്റെ അത്ര ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് പ്രത്യാഗ്നിരേഖയുടെ അകലം നിരപ്പുള്ളിടത്ത് താരതമ്യേന കുറവായിരുന്നാൽ മതി. അതുപോലെ ചരിവിന്റെ ഗൗരവമനുസരിച്ചും അകലം നിയന്ത്രിക്കേണ്ടതാണ്.

    അഗ്നിബാധാനന്തര പ്രവർത്തനങ്ങൾ

    കത്തിയെരിയുന്ന തീ കെടുത്തിക്കഴിഞ്ഞാൽ അഗ്നിസംബന്ധമായ പ്രവർത്തനങ്ങൾ കഴിഞ്ഞുവെന്ന് കരുതരുത്. അനന്തരപ്രവർത്തനങ്ങൾ അനവധിയാണ്. അവ വളരെ ആത്മാർഥമായി, ശുഷ്കാന്തിയോടുകൂടി ചെയ്തുതീർക്കുകയും വേണം.

    i. പുകഞ്ഞു കൊണ്ടിരിക്കുന്ന തടികൾ, കുറ്റികൾ തുടങ്ങിയവ കണ്ടുപിടിച്ച് അവയിൽ നിന്നും തി പൂർണമായി അണയ്ക്കണം.

    ii. ഏതെങ്കിലും വൃക്ഷം കത്തിക്കരിയുന്നുണ്ടെങ്കിൽ മുറിച്ചു മാറ്റണം.

    iii. തീകത്തലിനു വിധേയമായ വനഭാഗം സർവ്വേ ചെയ്ത് ഭൂപടം തയ്യാറാക്കണം.

    iv. അഗ്നിയുണ്ടാകാനുള്ള കാരണങ്ങൾ സമഗ്രമായി അന്വേഷിച്ചു കണ്ടുപിടിക്കണം.

    v. തീ മൂലമുണ്ടായ നഷ്ടം തിട്ടപ്പെടുത്തണം.

    vi. വിശദവിവരങ്ങളെല്ലാം കാണിച്ച് മേലുദ്യോഗസ്ഥന്മാർക്ക് റിപ്പോർട്ട് സമർപ്പിക്കണം.

    vii. തീയ്ക്കു കാരണക്കാരായ കുറ്റവാളികളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് മാതൃകാപരമായി ശിക്ഷിക്കാൻ ശ്രമിക്കണം.

    പരിഹാരമാർഗങ്ങൾ

    വളരെ ചുരുങ്ങിയ തോതിലുള്ള പരിഹാരമാർഗങ്ങളെ തീ കത്തിയ സ്ഥലത്തു ചെയ്യുവാൻ സാധിക്കുകയുളളു, യൂക്കാലിപ്റ്റസ് പോലെ കോപ്പിസ് ചെയ്യുന്ന സ്പീഷീസിന്റെ തോട്ടത്തിലാണ് തീ പിടിച്ചതെങ്കിൽ കരിഞ്ഞ തൈകളും മരങ്ങളും മുറിച്ചുമാറ്റണം. വീണ്ടും കുറ്റിയിൽ നിന്നു കിളിർത്തു വന്നില്ലെങ്കിൽ, പുതുതായി തോട്ടം വച്ചുപിടിപ്പിക്കണം, സ്വാഭാവിക വനങ്ങളിൽ, മഴയ്ക്കു മുമ്പായി ഭൂമിയിലുള്ള വ്യക്ഷാവശിഷ്ടങ്ങൾ കോണ്ടൂർ രേഖകളിൽ ഒതുക്കിവച്ച് ചാരവും മണ്ണും ഒലിച്ചുപോകുവാനുള്ള സാധ്യത ലഘൂകരിക്കണം.

    ചെലവ്

    അഗ്നിസംരക്ഷണത്തിന് 14 വര്‍ഷം  ചെലവാക്കിയ കണക്കാണ് താഴെ കൊടുത്തിട്ടുള്ളത്.


    അഗ്നിസംരക്ഷണ പ്രവർത്തനം ചെലവ്

    ക്രമനമ്പർ

    വർഷം


    ചെലവ് (ലക്ഷം രൂപ)

     

    1

    1983- 84

    19.96

    2

    1984- 85

    15.87

    3

    1985-86

    7.71

    4

    1986-87

    14.23

    5

    1987-88

    52.27

    6

    1988-89

    56.50

    7

    1989-1990

    61.42

    8

    1990-'91

    80.46

    9

    1991-92

     

    114.41

    10

    1992-93

    81.94

    11

    1993-1994

    99.64

    12

    1994-95

    127.08

    13

    1995-96

    82.94

    14

    1996-97

    178.69



    1987-88 നുശേഷം മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ തുക ചെലവാക്കിയിട്ടുള്ളതായി കാണാം. പശ്ചിമഘട്ട വികസനപദ്ധതിയിലും മറ്റും അഗ്നിസംരക്ഷണത്തിന് കൂടുതൽ പണം അനുവദിച്ച് നൽകിയതു കൊണ്ടാണ് ഇതു സാധിച്ചത്.

    കടപ്പാട്: വനസംരക്ഷണം, സി.കെ. കരുണാകരന്‍

    അവസാനം പരിഷ്കരിച്ചത് : 7/12/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate