অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രകൃതിയെ സംരക്ഷിക്കാൻ ചെയ്യേണ്ട 12 കാര്യങ്ങൾ

പ്രകൃതിയെ സംരക്ഷിക്കാൻ ചെയ്യേണ്ട 12 കാര്യങ്ങൾ

ഒരാൾ വിചാരിച്ചാൽ ലോകം നന്നാവില്ലെന്ന മുട്ടാപോക്ക് ന്യായം നിരത്താൻ വരട്ടെ. ഒരാളിൽ തുടങ്ങുന്ന മാറ്റം സമൂഹം ഏറ്റെടുക്കുമ്പോൾ അത് വഴിതുറക്കുന്നത് ഒരു വലിയ മാറ്റത്തിലേക്കാണ്.
പ്രകൃതി മലിനമാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമ്മ ഭൂമി മലിനമാകാതെ കാക്കാം...
1. കംപോസ്റ്റ് കുഴികൾ നിർമിക്കുക
മാലിന്യ നിർമ്മാർജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നമ്മൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വളമായി മാറുന്നതിലൂടെ അത് മണ്ണിനെ സമ്പുഷ്ടമാക്കുന്നു.വളക്കൂറുള്ള മണ്ണ് നല്ല ഫലം തരുമെന്നും ഓർക്കാം.
പച്ചക്കറി മാലിന്യങ്ങൾ മാത്രമല്ല. കാപ്പിക്കുരു, ടീ ബാഗുകൾ മുട്ടത്തോടുകൾ തുടങ്ങിയവയെല്ലാം കമ്പോസ്റ്റിൽ നിക്ഷേപിക്കാം. ഇതുവഴി മാലിന്യം കുറച്ച് മണ്ണിനെ ഫലഭൂയിഷ്ടമാക്കി ഭൂമിയെ സംരക്ഷിക്കാം.
2. പ്ലാസ്റ്റിക് കൂടുകൾ ഉപേക്ഷിക്കുക
സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വസ്തുക്കൾ കഴിവതും ഒഴിവാക്കുക. പായ്ക്കറ്റിൽ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങണമെന്ന് നിർബന്ധമാണെങ്കിൽ അത് റീ സൈക്കിൾ ചെയ്യാവുന്നതാണെന്ന് ഉറപ്പാക്കുക. ഉപയോഗശേഷം അത് മണ്ണിൽ വലിച്ചെറിയാതിരിക്കുക.
3. പുറത്തുപോകുമ്പോൾ കടലാസ് ബാഗുകൾ കൈയ്യിൽ കരുതുക
സ്വന്തം ബാഗുകളോ കടലാസ് ബാഗുകളോ ഷോപ്പിങ് സമയത്ത് കൈയ്യിൽ കരുതുകയാണെങ്കിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാം.
4. വീട്ടിലെ ബൾബുകൾ മാറ്റിയിടുക
വീട്ടിലെ ഇലക്ട്രിസിറ്റി ബില്ലുകൾ കുറക്കാൻ മാത്രമല്ല, കനത്ത ഊർജനഷ്ടം തടയാനും ഇത് സഹായിക്കും. ആനാവശ്യമായ ലൈറ്റുകൾ ഒഴിവാക്കിയും. കൂടുതൽ വെളിച്ചവും കുറഞ്ഞ വൈദ്യുതി ഉപയോഗവും മതിയാകുന്ന ബൾബുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
5. സ്വകാര്യ വാഹനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക.
അന്തരീക്ഷ മലിനീകരണത്തിനുള്ള പ്രധാന കാരണം വർദ്ധിച്ചുവരുന്ന വാഹനഉപയോഗം തന്നെയാണ്. കഴിയുമെങ്കിൽ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും സ്വന്തം വാഹനം ഒഴിവാക്കുക. നടക്കുക, സൈക്കിൾ ഉപയോഗിക്കുക, പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുക എന്നിവ ചെയ്താൽ ഒരു പരിധിവരെ നമ്മളലാവും വിധം അന്തരീക്ഷ മലിനീകരണം തടയാം.
6. രാത്രിയിൽ കംപ്യൂട്ടറുകൾ ഓഫ് ചെയ്യുക
കംപ്യൂട്ടർ, ടിവി മുതലായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം രാത്രികാലങ്ങളിൽ കുറക്കുകയാണെങ്കിൽ പണവും ഊർജവും ഒരുപോലെ സംരക്ഷിക്കാം.
7. ഉപയോഗശൂന്യമായ മൊബൈൽ ഫോണുകൾ പുനരുപയോഗിക്കുക
പുതിയ മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ പഴയവ വലിച്ചെറിഞ്ഞു കളയാതെ ഏതെങ്കിലും റീസൈക്കളിങ് കമ്പനിക്ക് അത് നൽകുക. ഇ-വേസ്റ്റുകൾ പേടിപ്പെടുത്തുന്ന തരത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനൊരു പരിഹാരമാവാൻ ഈ തീരുമാനം സഹായിക്കും.
8. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുക
ഫ്രിഡ്ജിൻെറ അകവും പുറവും വൃത്തിയായി സൂക്ഷിക്കുക. ഫ്രിഡ്ജിൻെറ പുറകിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.മലിന ജലം കെട്ടിനിൽക്കുന്നത് കോയിലുകൾ കേടാക്കാൻ ഇടയാകും ഇത് ഊർജ്ജത്തിൻെറ ഉപയോഗം 30 ഇരട്ടിയായി വർദ്ധിപ്പിക്കും.
9. ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൗശല നിർമാണം പേപ്പറുകളും മറ്റ് ഉപയോഗശൂന്യവസ്തുക്കളും വലിച്ചെറിഞ്ഞു കളയാതെ അതുപയോഗിച്ച് ക്രിയാത്മകമായ കരകൗശല വസ്തുക്കൾ നിർമിക്കുക. ഒരു മാനസികോല്ലാസത്തിനപ്പുറം അത് പ്രകൃതിയെ സംരക്ഷിക്കാനും ഉതകും.
10. റീസൈക്കിൾ
പുനരുപയോഗിക്കാവുന്ന സാധനങ്ങൾ ശേഖരിച്ച് അവ റീസൈക്കിളിങ് കേന്ദ്രങ്ങൾക്ക് നൽകുക, പേപ്പർ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ, പഴയ തുണികൾ എന്നിങ്ങനെ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നതെല്ലാം വീട്ടിൽ നിന്നും പരിസരത്തു നിന്നും ശേഖരിച്ച് ഇത്തരം സ്ഥാപനങ്ങൾക്ക് നൽകുക.
11. സസ്യാഹാരം ശീലമാക്കുക
മാംസം ഉപയോഗിച്ചുള്ള ചെറിയ വിഭവങ്ങൾ തയാറാക്കണമെങ്കിൽ പോലും കൂടിയ അളവിൽ ശുദ്ധജലം പാഴാക്കേണ്ടിവരും, മാംസം വൃത്തിയാക്കാനും പാകം ചെയ്യാനുമൊക്കെ ആവശ്യമായ ജലത്തിൻെറ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് മാംസാഹാരം നിർബന്ധമാണെങ്കിൽ ആഴ്ചയിൽ ഒന്നായി ചുരുക്കുകയെങ്കിലും ചെയ്താൽ അത് അനാവശ്യമായ ജലനഷ്ടം തടയും.
12. ജലസംരക്ഷണം
പാത്രം കഴുകുമ്പോഴും പല്ലുതേയ്ക്കുമ്പോഴുമെല്ലാം വെറുതെ പൈപ്പ് തുറന്നിടുന്നത് ചിലരുടെ ശീലമാണ്. ഇത് ഒഴിവാക്കിയാൽ ജലനഷ്ടം പരിഹരിക്കുന്നതിനോടൊപ്പം വീടും പരിസരവും വൃത്തിയായിരിക്കാനും ഉപകരിക്കും.
കടപ്പാട്:manorama

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate