Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / പരിസ്ഥിതി / പ്രകൃതിക്കൊരു പച്ചപ്പ്‌
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രകൃതിക്കൊരു പച്ചപ്പ്‌

കൂടുതല്‍ വിവരങ്ങള്‍

വിത്ത് മുളപ്പിക്കൽ

പാകുന്ന വിത്തുകൾ മുളക്കുന്നില്ല. ഇത് വളരെ അധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം ആണ്. കാര്യം നിസ്സാരം എന്ന് തോന്നാമെങ്കിലും ഒരു കർഷകനെ സംബന്ധിച്ചിടത്തോളം പ്രശ്നം ഗുരുതരമാണ്. പലരും നെഴ്സറികളിൽ വിൽക്കാൻ വെച്ചിരിക്കുന്ന തൈകളെ ആശ്രയിക്കുന്നു.


ഇത് വളരെ അധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം ആണ്. കാര്യം നിസ്സാരം എന്ന് തോന്നാമെങ്കിലും ഒരു കർഷകനെ സംബന്ധിച്ചിടത്തോളം പ്രശ്നം ഗുരുതരമാണ്. പലരും നെഴ്സറികളിൽ വിൽക്കാൻ വെച്ചിരിക്കുന്ന തൈകളെ ആശ്രയിക്കുന്നു. സർവസാധാരണമായ ചില നാടൻ ഇനങ്ങൾ മാത്രമേ നെഴ്സറികളിൽ ലഭിക്കത്തൊള്ളൂ. നമ്മൾ ആഗ്രഹിക്കുന്ന ചെടികൾ നട്ടു വളർത്താൻ പറ്റാത്ത അവസ്ഥ. ഒരു തൈക്കു 10-15 രൂപ കൊടുക്കേണ്ടതായും വരും. ഒന്ന് രണ്ട് അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. അത് എന്താണെന്നു നോക്കാം

1) വിത്ത് ഗുണം പത്തു ഗുണം. ഗുണനിലവാരമുള്ള വിത്തുകൾ മാത്രമേ ഉപയോഗിക്കാവൂ. VFPC (Vegetable and Fruit Promotion Council) വിത്തുകൾ നല്ല ഗുണ നിലവാരം ഉള്ളവയാണ്. ഇതാണ് സർക്കാർ വിതരണം ചെയ്യുന്നത്. കഴിവതും നാടൻ ഹൈബ്രിഡ് വിത്തുകൾ ഉപയോഗിക്കുക. പഴക്കം ചെന്ന വിത്തുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.

2) വിത്തുകൾ പാകുന്നതിനു മുൻപായി 5 മിനിട്ടു വെയിലു കൊള്ളിച്ച ശേഷം 4 മണിക്കൂർ വെള്ളത്തിൽ ഇടുക.

3) വിത്ത് പാകാൻ ഉപയോഗിക്കുന്ന പാത്രം/ട്രേ.
98 കളികളും, 50 കള്ളികളുമുള്ള (Rs 20) പ്ലാന്റിങ് ട്രേകളാണ് മാർകെറ്റിൽ ഉള്ളത്. 98 കള്ളികൾ ഉള്ളവ ഉപയോഗിക്കരുത്. 50 കള്ളികൾ ഉള്ളവയും ഉപയോഗിച്ചാൽ തന്നെ കൃത്യ സമയത്തു പറിച്ചു നടണം. വലിയ വിത്തുകൾ പാകാൻ പേപ്പർ കപ്പുകളോ ഇതിനായി ലഭിക്കുന്ന പ്ലാസ്റ്റിക് കപ്പുകളോ ഉപയോഗിക്കുക.

4) വിത്ത് പാകാൻ ഉപയോഗിക്കുന്ന മീഡിയം പലതും ആകാം.

50% മണ്ണിര കമ്പോസ്റ്റും 50% ചകിരിച്ചോർ കമ്പോസ്റ്റും ആയാൽ ഏറ്റവും നന്ന്. 50% ചകിരിച്ചോർ കമ്പോസ്റ്റും 50% ചാണകപ്പൊടിയും ആകാം. ചകിരിച്ചോർ കമ്പോസ്റ്റു മാത്രമായാലും കുഴപ്പമില്ല.പക്ഷെ ചാണകത്തെളി തളിച്ച് കൊടുത്തു ഈ ചകിരിച്ചോർ നനക്കണം. മീഡിയം എന്ത് തന്നെ ആയാലും ഒരൽപം ട്രൈക്കോഡെർമയോ സ്യൂഡോമോണസോ ചേർക്കവുന്നതാണ്. ഏതെങ്കിലും ഒന്നേ ചേർക്കാവൂ. ട്രേയുടെ കള്ളികൾ 3/4 ഭാഗം മാത്രമേ നിറക്കാൻ പാടുള്ളൂ. വിത്ത് മുളച്ച ശേഷം ബാക്കി ഫിൽ ചെയ്യണം. വിത്തിന്റെ വലിപ്പം അനുസരിച്ചു വേണം മീഡിയത്തിൽ അത് എത്ര താഴ്ത്തി നടണം എന്ന് തീരുമാനിക്കേണ്ടത്. ഒന്നേകാൽ സെന്റീമീറ്റർ നീളമുള്ള ഒരു പാവലിന്റെ വിത്താണ് നടുന്നത് എങ്കിൽ അത് ഒന്നേകാൽ സെന്റീമീറ്റർ താഴ്ത്തി നടുക. കൂർത്ത വശം മുകളിൽ ആക്കി വേണം നടാൻ.

5) വിത്തുപാകുന്ന മീഡിയത്തിൽ ഈർപ്പം അധികമാകാൻ പാടില്ല.

വിത്ത് മുളക്കാതിരിക്കാൻ പ്രധാന കാരണവും ഇത് തന്നെ ആണ്. വിത്ത് പാകുന്ന മീഡിയം കയ്യിൽ എടുത്തു ഞെക്കിയാൽ വെള്ളം വരാൻ പാടില്ല. ഈർപ്പത്തിന്റെ ഈ ലെവൽ വിത്ത് മുളക്കുന്ന വരെയും നില നിർത്തണം. ഇതിനു ഒരു എളുപ്പ മാർഗ്ഗമുണ്ട്. ട്രേ ഒരു സുതാര്യമായ പ്ലാസ്റ്റിക്ക് കൊണ്ട് കവർ ചെയ്തു പ്ലാസ്റ്റിക്ക് ഷീറ്റിന്റെ 4 തുമ്പും ട്രേയുടെ അടിയിൽ ചേടി വെയ്ക്കുക. വിത്ത് മുളക്കുന്ന വരെ ഇനി ഒന്നും ചെയ്യണ്ട. വെള്ളം ഒഴിക്കണ്ട എന്ന് പ്രത്യകം പറയുന്നു. തണലത്തു സൂക്ഷിച്ചാൽ മാത്രം മതി. വിത്തുകൾ മുളക്കുമ്പോൾ പ്ലാസ്റ്റിക്ക് മാറ്റി ട്രേ വെയിലത്ത് വെക്കുക. പ്ലാസ്റ്റിക്ക് ഷീറ്റ് ഇല്ലെങ്കിൽ ഒരു നനഞ്ഞ കോട്ടൺ തുണി കൊണ്ട് ട്രേ കവർ ചെയ്യുക. തുണി ഉണങ്ങാതിരിക്കാൻ ഹാൻഡ് സ്‌പ്രെയർ കൊണ്ട് ഒരു മിസ്ററ് സ്പ്രേ ആവശ്യമുള്ളപ്പോൾ മാത്രം കൊടുക്കുക.

6) വിത്ത് മുളച്ചു കഴിഞ്ഞാൽ 50% വെയിലു കിട്ടിയിരിക്കണം.

ട്രേ വെയിലത്ത് വെയ്ക്കുമ്പോൾ ഉമിയോ നന്നായി പൊടിച്ച കരിയിലയോ കൊണ്ട് പുത ഇട്ടു കൊടുക്കണം. നന അധികമാകരുത്.

7) കൃത്യ സമയത്തു തന്നെ തൈകൾ എടുത്തു നടണം.

ട്രേ നനക്കാതെ വേണം തൈകൾ പൊക്കി എടുക്കാൻ. ഗ്രോ ബാഗിലേക്കു മാറ്റി നടുമ്പോൾ വേരുകൾക്കും അതിനു ചുറ്റുമുള്ള മീഡിയത്തിനും ഒരു ക്ഷതവും സംഭവിക്കാൻ പാടില്ല. മാറ്റി നടുമ്പോൾ ഒന്ന് രണ്ടു ദിവസം ഗ്രോ ബാഗ് തണലത്തു വെക്കുന്നത് നല്ലതാണ്‌.

8) നഴ്‌സറിയിൽ നിന്നും തൈകൾ വാങ്ങുമ്പോൾ മീഡിയത്തിൽ ധാരാളമായി ഒരു വെളുത്ത വസ്തു കാണപ്പെടും. ഇത് കുമ്മായമാണ് എന്ന് തെറ്റിദ്ധരിച്ചു പലരും മീഡിയത്തിൽ കുമ്മായം ചേർക്കാറുണ്ട്. കുമ്മായം പോലെ തോന്നുന്ന വസ്തു പെർലൈറ്റ് ആണ്. നമുക്ക് അത് ആവശ്യമില്ല. അതുപോലെ തന്നെ തിളങ്ങുന്ന മെറ്റാലിക് തരികളും കാണപ്പെടും അത് വെർമികുലൈറ് ആണ്. അതും നമുക്ക് ആവശ്യമില്ല. ഒന്ന് ഈർപ്പം നിലനിർത്താനും മറ്റത് തൈ ട്രേയിൽ നിന്നും അനായാസം പൊക്കി എടുക്കാനും ആണ്.

കടപ്പാട് :Chandrasekharan Nair

മഴക്കുഴികള്‍ നിര്‍മ്മിക്കാം, ഭൂഗര്‍ഭ ജലനിരപ്പ്‌ കൂട്ടാം

" പറമ്പുകളില്‍ വീഴുന്ന മഴ ഒരു പ്രത്യേക ചാലുനിര്‍മ്മിച്ച് ഈ കുഴികളില്‍ സംഭരിക്കുന്നു. കിണറുകള്‍, കുളങ്ങള്‍ എന്നിവയ്ക്കു മുകളിലായാണ് മഴക്കുഴികള്‍ ഉണ്ടാക്കുക. ഇതുവഴി ഭൂമിയില്‍ സംഭരിക്കുന്ന വെള്ളം വേനല്‍കാലങ്ങളില്‍ ഗുണം ചെയ്യാനാണിത്. "

മഴവെള്ളം അമൂല്യമാണ്‌, അതിന്റെ വില അറിഞ്ഞവര്‍ തന്നെയാണ് നമ്മള്‍. അതുകൊണ്ട് തന്നെ മഴ സമൃദ്ധമായി പെയ്യുമ്പോള്‍ തന്നെ മഴയെ എങ്ങനെ ഭൂഗര്‍ഭ ജലം ആക്കി മാറ്റാമെന്നും നാം ആലോചിക്കേണ്ടതുണ്ട്..

അവിടെയാണ് മഴക്കുഴിയുടെ പ്രസക്തി,
മഴവെള്ള സംഭരണി ഒരു പക്ഷെ ഒരല്‍പം പണച്ചിലവുള്ളതായി തോന്നാമെങ്കിലും (പക്ഷെ അതിന്റെ ഗുണം തികച്ചും നാം കണക്കാക്കുന മൂല്യത്തിനപ്പുറം ആണ്) മഴക്കുഴി ലളിതവും ഏറ്റവും ഗുണപ്രദവും ആണ്.

എന്തെന്നാല്‍ മഴക്കുഴി നിര്‍മ്മിക്കുക വഴി മഴ വെള്ളത്തെ ഏറ്റവും നേരിട്ട് മണ്ണിലേക്ക് ഇറക്കി ഒപ്പംഅതാതു പ്രദേശങ്ങളിലെഭൂഗര്‍ഭ ജല നിരപ്പ് വര്‍ദ്ധിപ്പിക്കുക എന്നകര്‍ത്തവ്യംആണ്ചെയ്യുന്നത്.

ചരിവു കുറഞ്ഞ പ്രദേശങ്ങളും പറമ്പുകളുമാണ് മഴക്കുഴി നിര്‍മ്മിക്കാന്‍ അനുയോജ-്യമായ സ്ഥലം. പന്ത്രണ്ട് ശതമാനം വരെ ചരിവുള്ള പ്രദേശങ്ങള്‍ മഴക്കുഴികള്‍ നിര്‍മ്മിക്കാവുന്നവയാണ്. പന്ത്രണ്ട് മുതല്‍ ഇരുപത് ശതമാനം വരെ ചരിവുള്ള പ്രദേശത്ത് മഴക്കുഴികള്‍ ഗുണം ചെയ്യില്ല. ഇവിടെ മരങ്ങളും ചെടികളുമെല്ലാം വച്ചുപിടിപ്പിച്ചും മഴവെള്ളം ഭൂമിയില്‍ താഴാന്‍ അനുവദിക്കുകയാണ് വേണ്ടത്. 

സംസ്ഥാനത്തിപ്പോള്‍ 2- 2- 2 അടി വിസ്തൃതിയുള്ള കുഴികളാണ് മഴവെള്ളസംഭരണത്തിന് നിര്‍മ്മിക്കുന്നത്. പറമ്പുകളില്‍ വീഴുന്ന മഴ ഒരു പ്രത്യേക ചാലുനിര്‍മ്മിച്ച് ഈ കുഴികളില്‍ സംഭരിക്കുന്നു. കിണറുകള്‍, കുളങ്ങള്‍ എന്നിവയ്ക്കു മുകളിലായാണ് മഴക്കുഴികള്‍ ഉണ്ടാക്കുക. ഇതുവഴി ഭൂമിയില്‍ സംഭരിക്കുന്ന വെള്ളം വേനല്‍കാലങ്ങളില്‍ ഗുണം ചെയ്യാനാണിത്. 

നഗരപ്രദേശങ്ങളില്‍ മഴക്കുഴികള്‍ മറ്റൊരു രീതിയിലാണ് ഉപയോഗിക്കുന്നത്. ഇവിടെ വെള്ളം താഴ്ന്നുപോകാന്‍ അനുവദിക്കുന്നില്ല. മറിച്ച് മഴയിലൂടെ ലഭിക്കുന്ന ജ-ലം നിത്യോപയോഗ ജീവിതത്തില്‍ പ്രയോജ-നപ്പെടുത്തുകയാണ് ലക്ഷ്യം. മഴയത്ത് ലഭിക്കുന്ന വെള്ളം ടാങ്കുകളില്‍ ശേഖരിച്ച് ശുദ്ധീകരിച്ച് വീണ്ടുമുപയോഗിക്കുന്നു. 

മഴക്കുഴികളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്. അതുപോലെ കുഴികളില്‍ മണ്ണുനിറയുമ്പോള്‍ കോരിമാറ്റുകയും വേണം. ഇവിടെ വെള്ളം കെട്ടിക്കിടന്ന് കൊതുകുണ്ടാവുകയുമില്ല. കുറഞ്ഞത് ആറു ദിവസമെങ്കിലും ജ-ലം കെട്ടിക്കിടന്നാല്‍ മാത്രമേ കൊതുകുണ്ടാവുകയുള്ളൂ. എന്നാല്‍ മഴക്കുഴിയില്‍ വീഴുന്ന വെള്ളം പരമാവധി രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ വറ്റിപ്പോകും.

മഴപിറക്കുന്ന നാട്ടിൽ കുഴൽക്കിണർ കുഴിച്ച് മറ്റുള്ളവരുടെ കിണറ്റിൽ കൂടി വെള്ളം കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർ ഈ മഴക്കുഴികൾ ഒന്ന് പരീക്ഷിയ്ക്കുന്നത് നല്ലതായിരിയ്ക്കും. കാരണം മഴക്കുഴികളിലൂടെ പാറയുള്ള കിണറുകളിൽ വരെ ജലനിരപ്പ് ഉയർന്ന് വരുന്നതായി കണ്ടിട്ടുണ്ട്. അതെ ഭൂമിയ്ക്ക് നമ്മൾ കൊടുക്കേണ്ടത് സ്വാതന്ത്ര്യം ആണ്. അതിനൊപ്പം സ്വയം മുറിവുകളുണക്കാനുള്ള സമയവും.

മരം നടുന്നവരോട്

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യക്തികളും സംഘടനകളും നിരവധി മരങ്ങള്‍ നടാനുള്ള തയാറെടുപ്പിലാണ്. തെരഞ്ഞെടുപ്പ് കാലത്തുതന്നെ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ പ്ലാവിന്‍ തൈകള്‍ നട്ടുകഴിഞ്ഞു. തന്റെ ഭൂരിപക്ഷമായ 31000ത്തോളം വൃക്ഷതൈകള്‍ നടുമെന്ന ഉറപ്പ് പാലിക്കാനായി അദ്ദേഹം ഇനിയും ഇരുപതിനായിരത്തിലേറെ തൈകള്‍ നടാനുള്ള ശ്രമത്തിലാണ്. നിലമ്പൂരില്‍ 'ഒടു കുടയും കുഞ്ഞു മരവും' എന്ന പേരില്‍ സ്‌കൂള്‍ തുറന്നെത്തുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മരം നടല്‍ തുടങ്ങാനിരിക്കുന്നു. ഇനിയും നിരവധി സ്ഥലങ്ങളില്‍ സംഘടനകള്‍ കാലവര്‍ഷം തുടങ്ങുന്നതിനോടൊപ്പം മരം നടാന്‍ സജ്ജമായി കഴിഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് മരങ്ങള്‍ നടാന്‍ പോകുന്ന ഈ സമയത്ത് അതിനു തയ്യാറെടുക്കുന്നവര്‍ക്കായാണ് ഈ കുറിപ്പ്.
ഒരു മരത്തൈ നടുന്നയാളുടെ മനസില്‍ ആ മരം പൂര്‍ണ വളര്‍ച്ചയെത്തുമ്പോഴുള്ള അതിന്റെ ആര്‍ക്കിടെക്ച്ചര്‍ സങ്കല്പിക്കാനാകണം. ശിഖരങ്ങളുടെയും തായ്‌വേരിന്റെയും പാര്‍ശ്വവേരുകളുടെയും വിന്യാസം മനസില്‍ തെളിയണം. അങ്ങനെയായാല്‍ മുകളില്‍ വൈദ്യുത കമ്പികളുണ്ടോ എന്നതും താഴെ പൈപ്പുകള്‍ പോകുന്നുണ്ടോ എന്നതുമൊക്കെ കണക്കാക്കപ്പെടും. പൊതുനിരത്തുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നുമുള്ള അകലവും ശ്രദ്ധിക്കപ്പെടും. ഏതു മരമാണ് നടുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആയിരക്കണക്കിന് മരങ്ങള്‍ നടുമ്പോള്‍ അവയെല്ലാം ഒരേതരം മരങ്ങളാകുന്നത് അത്ര നന്നല്ല. പല കാരണങ്ങളുണ്ട്. ഒന്നാമതായി ഏക വിള തോട്ടങ്ങളിലെപ്പോലെതന്നെ ആ മരത്തിന്റെ കീടങ്ങളും സൂഷ്മ ജീവികള്‍ ഉണ്ടാക്കുന്ന അസുഖങ്ങളും ക്രമാതീതമായി വര്‍ധിക്കും.

തിരുവനന്തപുരം ജില്ലയിലെ ചില ആഞ്ഞിലി തോട്ടങ്ങളില്‍ സംഭവിച്ചപോലെ ഒരസുഖം പടര്‍ന്ന് പിടിച്ച് എല്ലാ മരങ്ങളും ഒരുമിച്ച് മരിച്ചുപോകുന്ന അവസ്ഥയുണ്ടാകും. രണ്ടാമതായി, പരിസ്ഥിതി ശാസ്ത്രത്തിലെ പ്രധാനപ്പെട്ട നിയമം വൈവിധ്യമാണ് സ്ഥിരതയ്ക്ക് അടിസ്ഥാനം എന്നതാണ്. അതനുസരിച്ച് എത്രമാത്രം വൈവിധ്യമാര്‍ന്ന മരങ്ങളാണോ നടാനാകുമോ അത്രത്തോളമായിരിക്കും ആ ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്ക് അടിസ്ഥാനം. മരങ്ങളുടെ വൈവിധ്യമാണ് മറ്റ് ജീവജാലങ്ങളുടെ വൈവിധ്യത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. കൃഷിയിടങ്ങളിലെ പരാഗണം അടക്കമുള്ള നിരവധി പാരിസ്ഥിതിക സേവനങ്ങള്‍ നല്‍കുന്ന ചിത്രശലഭങ്ങളും വണ്ടുകളും തേനീച്ചകളും അണ്ണാര്‍ക്കണ്ണന്മാരും കിളികളും തവളകളും പാമ്പുകളുമൊക്കെ ജീവസന്ധാരണത്തിന് ആശ്രയിക്കുന്നത് പല സമയത്തായി ഭക്ഷണം നല്‍കുന്ന വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളെയാണ്. ഒരു മരത്തിന്റെ ആയിരക്കണക്കിന് തൈകളല്ല മറിച്ച് നിരവധി മരങ്ങള്‍ നടാനാവണം.

''ആഗോളതാപനം: മരമാണ് മറുപടി'' എന്നത് ഒത്തിരി പതിരുകളുള്ള പുതുമൊഴിയാണ്. അന്തരീക്ഷതാപത്തിലെ ഉയര്‍ച്ചയെ നേരിടാന്‍ നമുക്ക് വേണ്ടത് ഒറ്റയ്‌ക്കൊറ്റയ്ക്ക് നില്‍ക്കുന്ന മരങ്ങളല്ല മറിച്ച് മരക്കൂട്ടങ്ങളാണ്. പലതരത്തിലുള്ള മരങ്ങള്‍ ഇടകലര്‍ന്ന് വളരുന്ന, വള്ളിപ്പടര്‍പ്പുകളുള്ള മണ്ണില്‍നിന്ന് നിറയെ പുതുനാമ്പുകള്‍ ഉയര്‍ന്നുവരുന്ന മരക്കൂട്ടങ്ങള്‍ക്കാണ് ഈ പ്രദേശത്തെ സൂഷ്മകാലാവസ്ഥയെ സ്വാധീനിക്കാനാവുക. കഴിയുന്ന ഇടങ്ങളില്‍ സ്‌കൂളുകളുടെയോ കോളജുകളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ സ്ഥലങ്ങളില്‍, പുറമ്പോക്കുകളില്‍ ഒരു മരക്കൂട്ടത്തെ നിര്‍മിക്കാനായാല്‍ അത് നിരവധി ജീവജാലങ്ങള്‍ക്ക് അഭയസ്ഥാനമായി മാറും. ഈ ധര്‍മം നിര്‍വഹിച്ചിരുന്ന കാവുകളും കാണങ്ങളും കേരളത്തില്‍ അതിവേഗം ഇല്ലാതാവുകയാണ്. മഴവെള്ളത്തെ, അതിന്റെ വേഗതകുറച്ച് മണ്ണിലേക്കിറങ്ങുവാന്‍ സമയംകൊടുത്ത് ഭൂഗര്‍ഭ ജല അറകളെ നിറയ്ക്കാന്‍ കഴിഞ്ഞിരുന്ന ഇത്തരം മരക്കൂട്ടങ്ങള്‍ ഇല്ലാതായതാണ് കേരളത്തെ മഴക്കാലം കഴിഞ്ഞാല്‍ അതിവേഗം വരള്‍ച്ചയിലേക്കും കുടിവെള്ളക്ഷാമത്തിലേക്കും നയിക്കുന്നത്.
ഇത്തരം മരക്കൂട്ടങ്ങള്‍ നില്‍ക്കാനുള്ള കേരളത്തിലെ ഇടങ്ങള്‍ അപഹരിച്ചത് സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിക്കപ്പെട്ട, രണ്ട് ഇനത്തില്‍പ്പെട്ട അക്കേഷ്യ മരങ്ങളാണ് അക്കേഷ്യ ഓറിക്കുലി ഫോര്‍മിസും അക്കേഷ്യ മാഞ്ചിയവും. ഈ വൈദേശിക വൃക്ഷങ്ങള്‍ ധാരാളമായി ജലം ആവശ്യമുള്ളതും തദ്ദേശീയ ജീവജാലങ്ങള്‍ക്ക് ഭക്ഷിക്കുവാനോ ജീവിക്കുവാനോ തക്ക ആവാസവ്യവസ്ഥ ഒരുക്കുന്നവയോ അല്ല. കേരളത്തില്‍ നടക്കുന്ന വലിയതോതിലുള്ള മരം നടല്‍ പരിപാടികള്‍ മുഖ്യലക്ഷ്യമാക്കേണ്ടത് ഈ വൈദേശിക വൃക്ഷങ്ങള്‍ നില്‍ക്കുന്ന ഇടങ്ങള്‍ തദ്ദേശീയ വൃക്ഷങ്ങളെ നട്ടുകൊണ്ട് തിരിച്ചുപിടിക്കുക എന്നതാണ്.

നടുന്ന മരം ഏതെന്ന് അറിയാതെ മരം നടരുത്. പല വൃക്ഷങ്ങളും തൈയ്യായിരിക്കുമ്പോള്‍ ഉള്ള ഇലകള്‍ അത് മുതിര്‍ന്നു കഴിഞ്ഞാലുള്ള ഇലകളെപ്പോലെയാകില്ല. ചിലപ്പോഴെങ്കിലും ഇത് വലിയ കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വയനാടന്‍ നിരത്തുകളോടു ചേര്‍ന്ന് നിറയെ കണിക്കൊന്ന മരങ്ങള്‍ നടാനുള്ള പദ്ധതിയുണ്ടായിരുന്നു. നൂറുകണക്കിന് തൈകള്‍ കര്‍ണാടകത്തില്‍നിന്ന് കൊണ്ടുവരികയും നടുകയും ചെയ്തു. കുറച്ചു തൈകള്‍ മുത്തങ്ങ വന്യജീവി സങ്കേതത്തിനകത്തും നട്ടു. വളര്‍ന്നുവന്നപ്പോഴാണ് ഇവയത്രയും കണിക്കൊന്ന അല്ലെന്നും പകരം മണ്ണൂക്കൊന്ന എന്നു വിളിക്കുന്ന ഡെണ്ണ സ്‌പെക്റ്റാബിലിസ് ആണെന്നും മനസിലായത്. മണ്ണൂക്കൊന്ന ഒരു അധിനിവേശ സസ്യമാണ്. വളരെ വേഗം ഒരു പ്രദേശമാകെ പടര്‍ന്ന് പിടിക്കുന്ന, അടുത്ത് മറ്റൊരു ചെടിയും വളരാന്‍ സമ്മതിക്കാത്ത മണ്ണൂക്കൊന്ന ഇന്ന് വന്യജീവികളുടെ ഭക്ഷ്യയോഗ്യമായ സസ്യങ്ങളെ നിഷ്‌കാസനം ചെയ്തുകൊണ്ട് കാട്ടിലേക്കടക്കം പടരുകയാണ്. ഇത് നാട്ടിലും സംഭവിക്കാം എന്നതുകൊണ്ടാണ് നടുന്ന മരം ഏതെന്ന് കൃത്യമായി അറിയുക എന്നത് പ്രധാനമാകുന്നത്.
കേരളത്തിലെ പല സ്‌കൂളുകളിലും കാണുന്ന ഒരു പ്രവൃത്തി നക്ഷത്രവനം നിര്‍മിക്കുക എന്നതാണ്. എല്ലാ നാളിനോടും ചേര്‍ന്ന് പറയപ്പെടുന്ന മരങ്ങളെല്ലാം ഒരുമിച്ച് ഒരിടത്ത് നടുക എന്നതാണിത്. പരസ്പരം ഒരു ചേര്‍ച്ചയുമില്ലാത്ത, സ്വാഭാവികമായി പ്രകൃതിയില്‍ ഒരിക്കലും ഒരുമിച്ച് വളരാത്ത മരങ്ങളുടെ കൂട്ടമാണിത്. ഒരുമിച്ച് വളരാന്‍ കഴിയുന്ന മരങ്ങള്‍ നടുകയും അവ വളര്‍ന്ന് തുടങ്ങിയാല്‍ അവിടെ സ്വാഭാവികമായി മുളയ്ക്കുന്ന സസ്യങ്ങള്‍ക്ക് സംരക്ഷണം

ഫെറോസിമന്റ് മഴവെള്ള സംഭരണി

ഫെറോസിമന്റ്, RCC ടാങ്കുകള്‍, ഫൈബര്‍ ഗ്ലാസ്സ്, PVC തുടങ്ങി പലതരം സംഭരണികളുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞ ഒന്നാണ് ഫെറോസിമന്റ് ടാങ്കുകള്‍. ഇത് മണ്ണിനടിയിലോ, മുകളിലോ നിര്‍മ്മിക്കാം. സംഭരണി മണ്ണിനടിയില്‍ നിര്‍മ്മിക്കുന്നതാണ് നല്ലത്. സ്ഥലനഷ്ടം ഒഴിവാകും. ബാഷ്പീകരണം കുറയ്ക്കാനുമാകും. ടാങ്കിലേക്ക് സൂര്യപ്രകാശം കടക്കുന്നത് ഒഴിവാക്കാനും കഴിയും. സൂര്യപ്രകാശം വെള്ളത്തില്‍ പതിക്കുന്നത് നല്ലതല്ല; പായലുകള്‍ വളരാന്‍ സാധ്യത കൂടും. സംഭരണി മണ്ണിനടിയിലായാല്‍ വെള്ളം പമ്പ്‌ചെയ്ത് പുറത്തേക്കെടുക്കേണ്ടി വരുമെന്നൊരു ദോഷമുണ്ട്. സംഭരണിയുടെ ചെലവ് കണക്കാക്കുന്നത് വലുപ്പമനുസരിച്ചാണ്. ഫെറോസിമന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇപ്പോള്‍ പല സ്ഥാപനങ്ങളും ടാങ്കുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. ഒരു ലിറ്ററിന് 85 പൈസ മുതല്‍ 1 രൂപവരെ ചെലവ് പ്രതീക്ഷിക്കാം. (ഈ ലേഖകന്റെ വീട്ടില്‍ 12,000 ലിറ്റര്‍ ശേഷിയുള്ള ഒരു ഫെറോസിമന്റ് ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. പാലക്കാട്ടെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ എന്ന സ്ഥാപനമാണ് ഇത് ചെയ്തത്. ചിലവ് 12,000 രൂപ.
മേല്‍ക്കുരയില്‍ നിന്ന് വീഴുന്ന മഴവെള്ളത്തെ കുഴലുകളിലൂടെ സംഭരണിയിലെത്തിക്കുന്നു. നല്ല വെള്ളം ലഭിക്കാന്‍ മേല്‍ക്കൂര/ടെറസ്സ് വൃത്തിയാക്കിവെക്കണം. സീസണില്‍ ആദ്യം ലഭിക്കുന്ന മഴവെള്ളം അഴുക്കുനിറഞ്ഞതായിരിക്കുമെന്നതിനാല്‍ ശേഖരിക്കാതെ വിടുക. കേരളത്തെ സംബന്ധിച്ചിടത്തോളം 'പുതുമഴ' എന്നു നാം വിളിക്കുന്ന മഴയാണ് ഇങ്ങനെ ശേഖരിക്കാതെ വിടേണ്ടത്. വെള്ളം അകത്തേക്ക് കടത്താനും പുറത്തേക്കെടുക്കാനും, നിറഞ്ഞാല്‍ കവിഞ്ഞുപോകാനുമുള്ള സംവിധാനങ്ങള്‍ നിര്‍വഹണദശയില്‍ തന്നെ ചെയ്തിരിക്കും.
വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു നിര്‍മാണരീതിയാണ് ഫെറോസിമന്റ് ടാങ്കുകളുടേത്. കട്ടികുറഞ്ഞ ഇരുമ്പ് വയര്‍മെഷും (ചിക്കന്‍ മെഷ്), സിമന്റ് പരുക്കനും കൂട്ടി വാര്‍ക്കുന്നതിനെയാണ് ഫെറോസിമന്റ് എന്നുപറയുന്നത്. കനം കൂടിയ ഇരുമ്പുകമ്പികളോ, ചല്ലിയോ ഉപയോഗിക്കില്ല (കോണ്‍ക്രീറ്റ് അല്ലെന്ന് സാരം) ഒരു ഫ്രെയിം പോലൊന്ന് ഉണ്ടാക്കി അതില്‍ ചിക്കന്‍മെഷു പിടിപ്പിച്ച് 1:3 അനുപാതത്തിലെടുക്കുന്ന സിമന്റ്: മണല്‍മിശ്രിതം ചെറിയ കനത്തില്‍ തേച്ച് ഉറപ്പിച്ചെടുക്കുകയാണ് സാധാരണ രീതി. മഴവെള്ള സംഭരണികള്‍ക്ക് സാധാരണ 4 സെ.മീ. ഘനമാണ് നല്‍കാറുള്ളത്. ടാങ്കിന്റെ മൂടിയും ഫെറോസിമന്റ് കൊണ്ടുതന്നെ ശരിയാക്കാം. മഴവെള്ള സംഭരണികള്‍ വൃത്താകൃതിയിലാണ് നിര്‍മിക്കുക. ചിക്കന്‍മെഷ് ടാങ്കിന്റെ വശങ്ങളില്‍ ജലം ഏല്‍പ്പിക്കുന്ന സമ്മര്‍ദത്തെ എല്ലാഭാഗത്തേക്കുമായി വിതരണം ചെയ്യുകയും അങ്ങനെ ഭിത്തിയിന്മേലുള്ള ഭാരം ലഘൂകരിക്കുകയും ചെയ്യുന്നു. ലോകത്തെമ്പാടും ഫെറോസിമന്റ് വെള്ള സംഭരണികള്‍ പ്രചാരം നേടിക്കഴിഞ്ഞു.

ഒരു മേല്‍ക്കൂര മഴവെള്ളസംഭരണ യൂണിറ്റിന്റെ (ഫെറോസിമന്റ് ഉപയോഗിച്ചുള്ളത്) രേഖാ ചിത്രം ചിത്രം 1-ല്‍ കൊടുത്തിരിക്കുന്നു. സംഭരണി മണ്ണിനടിയിലാണുള്ളത്. പക്ഷേ, 30 സെ.മീ എങ്കിലും മണ്ണിന് മുകളിലുണ്ടാവണം. കെട്ടിടത്തിന്റെ ടെറസ്സ് അഥവാ മേല്‍ക്കൂര, മഴവെള്ളത്തെ ജലസംഭരണിയില്‍ എത്തിക്കാനുള്ള പാത്തികളും, പൈപ്പുകളും, വെള്ളം ടാങ്കിലെത്തുന്നതിനുമമ്പ് അരിച്ചെടുക്കാനുള്ള ചാര്‍ക്കോള്‍ ഫില്‍റ്റര്‍, ഫെറോ സിമന്റ് സംഭരണി, ആദ്യമഴയിലെ വെള്ളം ഫ്‌ളഷ് ചെയ്തുകളയാനുള്ള ഫ്‌ളഷ് സംവിധാനം, വെള്ളം ടാങ്കില്‍ നിന്ന് പുറത്തേക്കെടുക്കാനുള്ള കുഴലുകളും, ടാപ്പുകളും - ഇവയൊക്കെയാണ് ഒരു സാധാരണ മഴവെള്ളസംഭരണിയുടെ ഭാഗങ്ങള്‍.
സംഭരണിയില്‍ ശേഖരിക്കുന്നത് ശുദ്ധജലമായിരിക്കണം. ഇലകളും മറ്റും ഇതില്‍ വീഴുന്നതു തടയാന്‍ അരിപ്പ് വെക്കണം. ഇങ്ങനെ വരുന്ന വെള്ളം വീണ്ടും ഒരു അരിക്കല്‍ സംവിധാനത്തിലൂടെ കടത്തിവിടണം. വീപ്പയിലോ, വലിയ കലത്തിലോ, ബക്കറ്റിലോ, അതുമല്ലെങ്കില്‍ ഇഷ്ടിക ടാങ്കിലോ ഇത് സജ്ജീകരിക്കാം. (ചിത്രം 2) ഏറ്റവും മുകളിലായി 10 സെന്റീമീറ്റര്‍ ചരല്‍, 10 സെന്റീമീറ്റര്‍ കരി, 20 സെന്റീമീറ്റര്‍ മണല്‍, വീണ്ടും 20 സെന്റീമീറ്റര്‍ ചരല്‍ എന്നിങ്ങനെ ക്രമീകരിച്ചിട്ടുള്ള 'ചാര്‍ക്കോള്‍ ഫില്‍റ്ററിലൂടെ' കടത്തിവിട്ട് വെള്ളം അരിച്ചെടുക്കാം. ഇതുകൊണ്ട് ഒരുവിധം കലങ്ങിയ അംശങ്ങളെല്ലാം ഇല്ലാതാവും. വെള്ളത്തിന്റെ പരിശുദ്ധിയെപ്പറ്റി വീണ്ടും സംശയമുണ്ടങ്കില്‍ 10 മിനിറ്റ് നേരം തിളപ്പിക്കുകയോ, ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ക്കുകയോ ചെയ്യാം. ബ്ലീച്ചിംഗ് പൗഡര്‍ 200 ലിറ്റര്‍ വെള്ളത്തിന് ഒരു ഗ്രാം (കാല്‍ ടീ സ്പൂണ്‍) ക്രമത്തില്‍ മതിയാകും. ക്ലോറിന്‍ ഗുളികയാണെങ്കില്‍ 20 ലിറ്ററിന് (ഒരു സാധാരണ ബക്കറ്റ്) അരഗ്രാം ക്രമത്തില്‍ ചേര്‍ക്കുക.

പരിസ്ഥിതി മാറ്റങ്ങള്‍ക്കനുസൃതമായ നടപടികള്‍

വരള്‍ച്ച

വരള്‍ച്ച കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍: സംഭരിച്ചു വച്ചിരിക്കുന്ന വെള്ളം ഉപയോഗിച്ചു തീരും.. 
പ്രശ്‌നങ്ങള്‍ക്ക് കാരണം: മഴക്കുറവ്‌; നിലവാരമില്ലാത്ത നിര്‍മ്മാണം കാരണം ചോര്‍ന്നൊലിക്കുന്ന ലൈനിംഗുകള്‍; സംഭരണശേഷി ആവശ്യത്തിനനുയോജ്യമല്ലാതിരിക്കല്‍ - ദീര്‍ഘകാലം തുടരുന്ന വേനലില്‍ ആവശ്യമായത്ര വെള്ളം സംഭരിക്കാന്‍ പോന്ന ടാങ്കുകള്‍ക്ക് വേണ്ടി വരുന്ന അധിക ചെലവ്..

To increase resiliency of WASH system: നിര്‍മ്മിക്കാനും, മൂടി വെക്കാനും എളുപ്പമായ ചെറിയ ടാങ്കുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക, അതേ സമയം അത് കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന പരിധിയിലായിരിക്കയും വേണം.; മോശമായ നിര്‍മ്മാണ രീതികൊണ്ടുണ്ടായേക്കാവുന്ന ചോര്‍ച്ചയും, കിനിവും കുറയ്ക്കുക, ശരിയായ കോണ്‍ക്രീറ്റ് മിശ്രിത അനുപാതം അവലംബിക്കുക (വരള്‍ച്ച കൊണ്ട് സിമന്റിനുണ്ടാകുന്ന കേടുപാടുകളെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്നത് വായിക്കുക) ; വിലകുറഞ്ഞ സുലഭമായ സാമഗ്രികള്‍ കൊണ്ട് ടാങ്കുകള്‍ നിര്‍മ്മിച്ച് പലപ്പോഴായി കേടുപാടുകള്‍ തീര്‍ക്കുക; ടാങ്കില്‍ നിന്നും പുറത്തേക്കുള്ള ചാല് നിര്‍മ്മിക്കാമെങ്കില്‍ കെട്ടിക്കിടക്കുന്ന സംഭരണം ഒഴിവാക്കാം; വെള്ളം പിടിക്കുന്ന രീതി കാര്യക്ഷമമാണെന്നുറപ്പു വരുത്തുക (ഉദാ. പാത്തികളും ചാലുകളും); മൈക്രോ ഫിനാന്‍സിംഗിനുള്ള സാധ്യത മെച്ചപ്പെടുത്തുക; സംഭരണ പദ്ധതിക്കായി സര്‍ക്കാരില്‍ നിന്നോ, സ്വകാര്യ മേഖലയില്‍ നിന്നോ ലഭിച്ചേക്കാവുന്ന പിന്തുണകള്‍ക്ക് പരമാവധി സഹകരണം നല്‍കുക.

സിമന്റ് ടാങ്കുകളില്‍ വരള്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍

വരള്‍ച്ച കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍: മോശപ്പെട്ട കോണ്‍ക്രീറ്റ് മിശ്രണവും, പൊട്ടിയ ലൈനിംഗുകളും (ഉദാ. ടാങ്കുകള്‍, അണക്കെട്ടുകള്‍, വെള്ളച്ചാലുകള്‍, കിണറുകള്‍ തുടങ്ങിയ നിര്‍മ്മിതികള്‍).

പ്രശ്‌നങ്ങള്‍ക്ക് കാരണം: പതപ്പെടുത്താന്‍ വേണ്ടത്ര വെള്ളം ഉപയോഗിക്കാതിരിക്കുന്നതും മിശ്രണത്തിന് അശുദ്ധമായ വെള്ളം ഉപയോഗിക്കുന്നതും.

To increase resiliency of WASH system: മിശ്രിതം തയ്യാറാക്കുന്നതിന് നല്ല സിമന്റും മണലും ശരിയായ അനുപാതത്തില്‍ ഉപയോഗിക്കുന്നുവെന്നുറപ്പു വരുത്തുക. മിശ്രിതത്തില്‍ കൂടുതല്‍ വെള്ളം ഒഴിക്കാതിരിക്കുക, സിമന്റ് ശരിയായ രീതിയില്‍ സെറ്റ് ആകുന്നുവെന്ന് ഉറപ്പുവരുത്തുക.

നിര്‍മ്മാണം


സംഭരണ ടാങ്കുകള്‍

വെള്ളത്തിന്റെ ഒഴുക്ക് തടുത്തു നിര്‍ത്താനായി വിവിധ രീതികള്‍ അവലംബിക്കാവുന്നതാണ്. മേല്‍ക്കൂരയില്‍ നിന്നും, കല്ലുപാവിയ ഉപരിതലത്തില്‍ നിന്നും, നദീതടങ്ങളില്‍ നിന്നുമെല്ലാം വെള്ളം തടുത്തു നിര്‍ത്തി സംഭരിക്കാവുന്നതാണ്. ജലസംഭരണത്തിന് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗം തറയില്‍ തന്നെ നിര്‍മ്മിക്കുന്ന സംഭരണികളാണ്, ഈ സംവിധാനം ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ് എന്നറിയപ്പെടുന്നു. മഴവെള്ളം ഭൂമിക്കടിയിലേക്ക് അരിച്ചിറങ്ങാന്‍ വഴിയൊരുക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇത് ജലലഭ്യത വര്‍ധിപ്പിക്കുകയും, പിന്നീട് ആവശ്യമുള്ളപ്പോള്‍ പമ്പ് ചെയ്‌തെടുക്കാന്‍ വഴിയൊരുക്കുകയും ചെയ്യും. ഭൂമിയിലേക്ക് അരിച്ചിറങ്ങുന്ന വെള്ളം ഒരു പ്രദേശത്തെ വാട്ടര്‍ ടേബിള്‍ ഉയരാന്‍ സഹായിക്കുമോ അതോ വെള്ളം കൂടുതല്‍ വിസ്തൃതമായ പ്രദേശത്തേക്ക് പരക്കുമോ എന്നത് അതതു പ്രദേശത്തെ മണ്ണിന്റെ സവിശേഷതകള്‍ക്കനുസരിച്ച് വ്യത്യസ്തമായേക്കാം. 
സംഭരണ ടാങ്കുകള്‍ ഉപയോഗിക്കുന്നപക്ഷം, അവ ഫെറോ സിമന്റ് അല്ലെങ്കില്‍ ബ്രിക്ക് സിമന്റ് കൊണ്ടു നിര്‍മ്മിക്കുന്നത് ചെലവു ചുരുക്കാന്‍ സഹായകമായിരിക്കും, മാത്രമല്ല അവ പ്രാദേശികമായി തന്നെ നിര്‍മ്മിക്കാനും എളുപ്പമായിരിക്കും. ഭൂമിക്കടിയില്‍ നിര്‍മ്മിക്കുന്ന നീര്‍ത്തൊട്ടി സിസ്റ്റേണ്‍ (cistern) എന്നറിയപ്പെടുന്നു. ഭൂഗര്‍ഭ ടാങ്ക്‌, ഫെറോ സിമന്റ് ടാങ്ക്‌, പ്ലാസ്റ്റിക് ലൈന്‍ഡ് ടാങ്ക്‌, മുതലായവയാണ് സാധാരണയായി കണ്ടു വരുന്ന ജലസംഭരണ ടാങ്കുകള്‍. വരള്‍ച്ചക്കാലത്തിന്റെ ദൈര്‍ഘ്യം, ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്, ചെലവ് എന്നീ ഘടകങ്ങളാണ് ടാങ്കിന്റെ വലിപ്പം നിര്‍ണ്ണയിക്കുക. വലിയ ടാങ്ക് നിര്‍മ്മിക്കുന്നതിനും മുമ്പ് ആദ്യമേ ഒരു ചെറിയ ടാങ്ക് നിര്‍മ്മിച്ച് ഉപയോഗിക്കുന്നത് അഭികാമ്യമായിരിക്കും. സംഭരണ ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് നിറക്കുകയുമാകാം. ഭൂമിക്കടിയിലെ നീര്‍ത്തൊട്ടികളില്‍ നിന്നും വെള്ളം ഉയര്‍ത്തിയെടുക്കാനായി വിവിധ തരം പമ്പുകള്‍ നിലവിലുണ്ട്. ഉദാഹരണത്തിന്‌ റോപ്പ് പമ്പ്‌ അല്ലെങ്കില്‍ ഡീപ് വെല്‍ പമ്പ്‌, എന്നിവ 30 മീറ്റര്‍ ഉയരം വരെ വെള്ളം ഉയര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നവയാണ്.

വെള്ളം ശുദ്ധമായി സൂക്ഷിക്കല്‍

വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം പൊതുവേ ശുദ്ധമായിരിക്കും എന്നതിനാല്‍ തന്നെ അത് ഉപയോഗിക്കുന്നതിനു മുമ്പായി പ്രത്യേകിച്ച് ശുദ്ധീകരണം ചെയ്യേണ്ടതില്ല. എന്നിരുന്നാലും, മേല്‍ക്കൂരയില്‍ പുകക്കുഴല്‍ ഉണ്ടെങ്കില്‍ വെള്ളത്തില്‍ പുകയുടെ അംശം ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുകക്കുഴലിന്റെ ഉയരം വര്‍ദ്ധിപ്പിക്കുക. മേല്‍ക്കൂരയില്‍ പി.വി.സി., മുള മുതലായവ കൊണ്ടുള്ള ചാലുകള്‍ ഉണ്ടാക്കിയാണ് വെള്ളം സംഭരിക്കുന്നത്. പൊടിപടലവും, പ്രാണികളും വെള്ളത്തില്‍ വീഴാതിരിക്കാന്‍ തരത്തിലുള്ള മൂടിയും, കരടുകള്‍ അരിച്ചെടുക്കാന്‍ പോന്ന ഒരു ഫില്‍ട്ടറും ഉണ്ടായിരിക്കണം. കോണ്‍ക്രീറ്റ് കൊണ്ടുള്ള മൂടി മലിനീകരണം തടുക്കാന്‍ സഹായിക്കും. വെള്ളത്തിലെ ചെറിയ പ്രാണികളെ നിയന്ത്രിക്കാനായി ചെറിയ മീനുകളെ ടാങ്കിലിടുന്നതും നന്നായിരിക്കും. 
പുതുമഴയുടെ സമയത്ത് ആദ്യത്തെ 20 ലിറ്റര്‍ വെള്ളം സംഭരണ ടാങ്കിലെത്താതെ നോക്കുന്ന തരത്തിലുള്ള ഫൗള്‍ ഫ്‌ളഷ് ഉപകരണമോ അല്ലെങ്കില്‍ ഡൗണ്‍ പൈപ്പോ ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒഴുകിയെത്തുന്ന വെള്ളത്തില്‍ പൊടിപടലവും, ഇലകളും, പ്രാണികളും പക്ഷി കാഷ്ഠവുമൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അഴുക്കുവെള്ളം ഉപയോഗിക്കാനിട വരാത്ത വിധം, ഒഴുകി വരുന്ന വെള്ളം ചരല്‍ക്കല്ല്, മണല്‍, ചാര്‍ക്കോള്‍ പോലുള്ള വസ്തുക്കള്‍ കൊണ്ട് തീര്‍ത്തിരിക്കുന്ന ഫില്‍ട്ടറിലൂടെ സംഭരണ ടാങ്കിലേക്ക് എത്താനുള്ള സംവിധാനം ഒരുക്കുക. വെള്ളം പിടിക്കുന്ന സ്ഥലത്തിനും സംഭരണ ടാങ്കിനും ഇടയ്ക്കായിരിക്കണം ഫില്‍ട്ടര്‍ സംവിധാനം. ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെങ്കില്‍ ഓരോ തവണ മഴ തുടങ്ങുമ്പോഴും ശ്രദ്ധാപൂര്‍വം ആദ്യത്തെ പത്തിരുപതു ലിറ്റര്‍ വെള്ളം സംഭരണ ടാങ്കിലെത്താതെ തടുക്കേണ്ടതാണ്.

മേല്‍ക്കൂരയില്‍ നിന്നും മഴവെള്ള സംഭരണം

വീടുകളുടേയും മറ്റു കെട്ടിടങ്ങളുടേയും മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം ഭൂമിക്കടിയിലോ, അല്ലെങ്കില്‍ ഉപരിതലത്തിനു മുകളിലോ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളില്‍ സംഭരിച്ച് പിന്നീട് ജലക്ഷാമം അനുഭവപ്പെടുന്ന സമയത്ത് ഉപയോഗിക്കാനുള്ള സംവിധാനത്തെയാണ് മഴവെള്ള സംഭരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം സംഭരിക്കുന്നതാണ് ഈ സംവിധാനത്തിലെ ഒരു രീതി. മേല്‍ക്കൂരിയില്‍ പതിക്കുന്ന ശുദ്ധമായ മഴവെള്ളത്തെ പ്ലാസ്റ്റിക്, ഓട് അഥവാ പുല്ലും ഇലയും ഒഴിച്ച് മറ്റെന്തെങ്കിലും കൊണ്ട് തടഞ്ഞു നിര്‍ത്തി പി.വി.സി., മുള അല്ലെങ്കില്‍ ഇരുമ്പു പൈപ്പുകളിലൂടെ സംഭരണ ടാങ്കിലേക്കെത്തിച്ച് വീടുകള്‍ക്കാവശ്യമായ ശുദ്ധജലം സംഭരിച്ചു വെക്കാവുന്നതാണ്. മേല്‍ക്കൂരയില്‍ നിന്നും സംഭരിക്കുന്ന മഴവെള്ളത്തെ താഴെ വച്ചിരിക്കുന്ന തൊട്ടിയിലേക്കോ അല്ലെങ്കില്‍ പരമാവധി 500 ഘന മീറ്റര്‍ വ്യാപ്തമുള്ള ഭൂഗര്‍ഭ സംഭരണിയിലേക്കോ തിരിച്ചുവിടാവുന്നതാണ്. പല നൂറ്റാണ്ടുകളായി വിവിധ തരം മഴവെള്ള സംഭരണ സംവിധാനങ്ങള്‍ നിലവിലുണ്ടായിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നു.

പലയിടത്തും കുടിവെള്ളത്തിന്റെ ആവശ്യത്തിനായി ഭൂഗര്‍ഭജലമോ, ഉപരിതല ജലമോ ലഭ്യമല്ലായിരിക്കാം. ഭൂഗര്‍ഭജലനിരപ്പ് വളരെ ആഴത്തിലായിരുന്നാലും, ഭൂഗര്‍ഭജലം പല ലവണങ്ങളും കലര്‍ന്ന് കുടിക്കാന്‍ കൊള്ളാത്ത ഉപ്പുവെള്ളമായിരുന്നാലും ഇതായിരിക്കും സ്ഥിതി. ഉപരിതല ജലവുമ മലീമസമായിരിക്കുമ്പോള്‍ പിന്നെ കുറഞ്ഞ ചെലവില്‍ കൈക്കൊള്ളാവുന്ന ഉചിതമായ രീതി മഴവെള്ള സംഭരണം ആയിരിക്കും. 
ഏറ്റവും ശുദ്ധമായ കുടിവെള്ളമാണ് മഴവെള്ളം. അത് നേരിട്ട് മേല്‍ക്കൂരയില്‍ വന്നു പതിക്കുകയും ചെയ്യുന്നു. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന, ശരിയായ രീതിയില്‍ മൂടി സംരക്ഷിച്ചിരിക്കുന്ന സംഭരണ ടാങ്കുകളിലെ വെള്ളം നല്ല ഗുണമേന്മയുള്ളതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീടുകളിലും, സ്‌കൂളുകള്‍, ആശുപത്രികള്‍ പോലുള്ള പൊതുവായ കെട്ടിടങ്ങളിലും മഴവെള്ള സംഭരണം അവലംബിക്കുക വഴി സ്വന്തം ആവശ്യങ്ങള്‍ക്കുള്ള കുടിവെള്ളം കണ്ടെത്താനാകും, കൂടാതെ വരുമാന മാര്‍ഗ്ഗങ്ങള്‍ക്കും സാധ്യതകള്‍ ഉണ്ട്. 
വെള്ളമന്വേഷിച്ച് അലഞ്ഞു തിരിയേണ്ട ഗതികേട് ഇതിനാല്‍ ഒഴിവായി കിട്ടും. അതോടെ സ്ത്രീകളും കുട്ടികളും ദൂരെ നിന്നും വെള്ളം നിറച്ച കുടങ്ങളും തലയിലേന്തി നടക്കേണ്ട ആവശ്യം വരില്ല. സംഭരിക്കുന്ന ഓരോ 20 ലിറ്റര്‍ വെള്ളവും, ശുദ്ധജലവുമേന്തി ഒരു കിലോ മീറ്റര്‍ ദൂരം നടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കും. വിപരീത കാലാവസ്ഥയില്‍ വെള്ളവുമേന്തി നടക്കുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോള്‍ ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന ചെറിയ ആദായം പോലും വളരെ വിലപ്പെട്ടതാണെന്നു കാണാം. ശ്രീലങ്കയിലും, ആഫ്രിക്കയിലെ ഉഗാണ്ടയിലും സാധാരണയായി വൃക്ഷങ്ങള്‍ക്കു മുകളില്‍ വാഴയിലയും മറ്റു താല്‍ക്കാലിക വെള്ളച്ചാലുകളും കൊണ്ടാണ് വെള്ളം സംഭരിക്കുക പതിവ്. വര്‍ഷപാതം ഏല്‍ക്കുന്ന ഏതൊരു വീടിന്റെ മുകളിലും, ആ വീട് സ്ഥിതി ചെയ്യുന്നത് മലമുകളിലോ അല്ലെങ്കില്‍ നടുക്കടലില്‍ ഉള്ള ചെറിയ ദ്വീപിലായിരുന്നാലും ഈ സൗകര്യം പ്രയോജനകരമായി ഏര്‍പ്പെടുത്താവുന്നതാണ്. 
വിവിധ സ്രോതസ്സുകളില്‍ നിന്നും വെള്ളം കണ്ടെത്തലാണ് മറ്റൊരു രീതി. ഉപ്പുവെള്ളം പോലും ശുചീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകും. ഗുണമേന്‍മയുള്ള മഴവെള്ളം ടാങ്കില്‍ സംഭരിക്കുക വഴി പാചകത്തിനും, കുടിവെള്ളത്തിനും അത് ഉപയോഗിക്കുകയുമാകാം.

അനുയോജ്യമായ പരിതസ്ഥിതികള്‍

മഴവെള്ള സംഭരണം കാര്യക്ഷമമാകണമെങ്കില്‍ ശരാശരി വാര്‍ഷിക മഴലഭ്യത 100 മുതല്‍ 200 മി.മീ. വരെയെങ്കിലും ഉണ്ടായിരിക്കണം. ലാറ്റിനമേരിക്കയിലെ മിക്ക നാടുകളിലും പെയ്യുന്ന മഴയുടെ തോത് പ്രതിവര്‍ഷം 500 മി.മീ. വരെയാണ്. 
മേല്‍ക്കൂരയുടെ വിസ്തൃതി കുറവായിരുന്നാല്‍ പോലും ഈ രീതി അനുയോജ്യമായിരിക്കും. ഉദാഹരണത്തിന് (56) മീറ്റര്‍ (അതായത് 30 ചതുര മീറ്റര്‍) വിസ്തൃതിയുള്ള മേല്‍്ക്കൂരയോടു കൂടിയ ഒരു വീട്, വാര്‍ഷിക വര്‍ഷപാതം 500 മി.മീ. ആണെങ്കില്‍ ഏകദേശം 15,000 ലിറ്റര്‍ വെള്ളമാണ് ആ വീടിന്റെ മേല്‍ക്കൂരയില്‍ പതിക്കുക. സാധാരണ ഗതിയില്‍ 5 അംഗങ്ങള്‍ വരെയുള്ള ഒരു കുടുംബത്തിന് ഇത്രയും വെള്ളം ധാരാളമാണ്.

വരൂ, നമുക്ക് പച്ചപ്പ്‌ തീര്‍ക്കാം

ഒടുവില്‍ നാം വെന്തുരുകുമ്പോള്‍, നമ്മില്‍ പെട്ടവര്‍ ചൂടുകാരണം മരണമടയുമ്പോള്‍ നിസ്സംഗതയോടെ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു..

അതെ,നാം വളരെ വൈകിയിപ്പോയിരിക്കുന്നു, നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ നിന്നും വ്യതിചലിച്ചില്ല.. ഒരുപാട് തവണ മുന്നറിയിപ്പ് തന്നു നാം നോക്കിനില്‍ക്കെ പൊട്ടി കരഞ്ഞ പ്രകൃതി ഒരു ചെറിയ മറുപടി നല്‍കുന്നത് അതിന്റെ ക്ഷമയുടെ ഏറ്റവും താഴ്ന്ന അവസ്ഥ പോലും കഴിഞ്ഞതിനു ശേഷമാണ്..

നാം കുന്നിടിച്ചു, മലതുരന്നു, മരം മുറിച്ചു, കാട് നശിപ്പിച്ചു, ജലം ചോഷണം ചെയ്തു, മഴയെ തടഞ്ഞു നിര്‍ത്താതെ മണ്ണിലേക്ക് ഒഴുക്കാതെ നിന്നു, ചെറിയ ചൂട് കൂടിയപ്പോള്‍ നാം തണുപ്പ് കൂട്ടുവാനായി വച്ച ശീതീകരണികള്‍ വീണ്ടും ചൂട് കൂട്ടി, പ്ലാസ്റ്റിക്ക് മണ്ണില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞു, വാഹനങ്ങളെ ആടംഭരമായി കണ്ടു, കാര്‍ഷിക സംസ്ക്കാരത്തെ തുടച്ചെറിഞ്ഞു, വയലേലകളില്‍ കോണ്ക്രീറ്റ് സൗധങ്ങള്‍ തീര്‍ത്തു...
ഒടുവില്‍ നാം വെന്തുരുകുമ്പോള്‍, നമ്മില്‍ പെട്ടവര്‍ ചൂടുകാരണം മരണമടയുമ്പോള്‍ നിസ്സംഗതയോടെ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു..

ഈ ഒരു മുന്നറിയിപ്പ് കൂടി നാം തള്ളി കളഞ്ഞാല്‍ പരിണിതഫലം പ്രവചനാതീതം ആയിരിക്കും..
ഇനി നമുക്ക് ആരംഭിക്കാം പച്ചപ്പിനായുള്ള പോരാട്ടം, ആരും മാറി നില്‍ക്കേണ്ടതില്ല നമ്മള്‍ക്ക് വേണ്ടിയാണ്, നാടിനു വേണ്ടിയാണ്..

വരൂ, നമ്മുക്കും പങ്കാളികളാകാം..

കടപ്പാട്: www.myggc.in

3.03571428571
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top