অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രകൃതി സംരക്ഷണം

പ്രകൃതി സംരക്ഷണവും മാലിന്യ നിര്‍മ്മാര്‍ജനവും

ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്. നിയമങ്ങള്‍ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ടോ എന്നതാണു പ്രശ്നം. പലപ്പോഴും വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണു നാം കാണുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തെന്പാടും അതിന്‍റെ അലയൊലികള്‍ ദൃശ്യമാണ്.

വൈവിധ്യമാര്‍ന്ന ജീവിഘടകങ്ങള്‍ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികള്‍ക്കു നിലനില്ക്കാനാവില്ല. സസ്യ, ജന്തു ജാലങ്ങള്‍ അടങ്ങിയ പരിസ്ഥിതിയില്‍ ജീവന്‍റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കില്‍ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടംതട്ടും.

എന്നാല്‍ ഇന്നു നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്. നഷ്ടപ്പെട്ടു പോയ ഭൂതകാല നന്മകള്‍ ഓര്‍ത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഉതകുന്ന പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. പരിസ്ഥിതി മലിനീകരണത്തിന്‍റെ ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂന്പാരമാണ്. മാലിന്യങ്ങളും വിസര്‍ജ്യങ്ങളും നാട്ടില്‍ ഉണ്ടാകുക സ്വാഭാവികം. എന്നാല്‍ അവയെ വേണ്ടവിധത്തില്‍ സംസ്കരിക്കുകയാണു വേസ്റ്റ് മാനേജ്മെന്‍റ്. യൂറോപ്പിലും മറ്റു വിദേശ രാജ്യങ്ങളിലും അറേബ്യന്‍ നാടുകളിലും ഇത്തരത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം ഫലപ്രദമായും വിജയപ്രദമായും നിര്‍വഹിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ മാത്രം അതു ഫലപ്രദമാകുന്നില്ല. മാലിന്യം സംസ്കരിച്ച് അതിലൂടെ ഊര്‍ജ്ജവും വളവും ഉത്പാദിപ്പിക്കാവുന്ന ആധുനിക സാങ്കേതികവിദ്യ ഇന്നുണ്ട്. എന്നാല്‍ അതെല്ലാം നടപ്പിലാക്കാന്‍ രാഷ്ട്രീയമായ ഇച്ഛാശക്തിയും താത്പര്യവും ആവശ്യമാണ്. യഥാവിധി മാലിന്യം സംസ്കരിക്കാനും അതില്‍നിന്ന് ഉപോത്പന്നങ്ങളായി ഊര്‍ജ്ജവും ജൈവവ ളവും ഉത്പാദിപ്പിക്കാനും നമുക്കു കഴിഞ്ഞാല്‍ അതു വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിതെളിക്കും. 10 വര്‍ഷം സൌദി അറേബ്യയില്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അവിടെ തൈപില്‍ ഇത്തരത്തില്‍ ജൈവവളം ഉപയോഗിച്ചു കൃഷി ചെയ്യുകയും വിജയപ്രദമായി അതു പൂര്‍ത്തിയാക്കുകയും ചെയ്തു. അന്ന് അതിന്‍റെ സാങ്കേതിക വിദ്യ കൊണ്ടു വന്നതും അതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതും ജര്‍മ്മനിയില്‍ നിന്നാണ്. സൌദി സര്‍ക്കാര്‍ അതിന് എന്നെ ജര്‍മ്മനിയിലേക്കു അയയ്ക്കുകയായിരുന്നു. അവിടെ സ്റ്റുഡ്ഹാര്‍ഡിലുള്ള കുക്ക എന്ന കന്പനിയി ലാണ് ഇതു സംബന്ധിച്ച വിവരങ്ങളും അറിവുകളും ലഭ്യമായത്. ജര്‍മ്മനിയിലെ ബെന്‍സ് കന്പനിയുടെ പാര്‍ട്ണേഴ്സാണു കുക്ക. ബെന്‍സിന്‍റെ മാലിന്യങ്ങളും വിസര്‍ജ്യങ്ങളും കുക്കയിലൂടെയാണു സംസ്കരിച്ചിരുന്നത്.

മാലിന്യങ്ങളെല്ലാം കുന്നുകൂടി ഒരുമിച്ചായിരിക്കുമല്ലോ കിടക്കുന്നത്. കുക്ക കന്പനിയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനവും അതിന്‍റെ രീതികളുമാണ് ഞാന്‍ കണ്ടുപഠിച്ചത്. കണ്ടെയ്നര്‍ ബെല്റ്റിലൂടെ മാലിന്യങ്ങള്‍ കയറ്റി വിടുന്നതാണ് ആദ്യപടി. ബെല്റ്റിലൂടെ മാലിന്യങ്ങള്‍ കടന്നുവരുന്പോള്‍ ആദ്യം ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന വിന്‍ഡ് ഫാനിന്‍റെ ശക്തി വഴി പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കപ്പെടും. അവ താഴെ വലിയ കുഴിയിലേക്കാണു വീഴുന്നത്. പിന്നീട് കണ്‍വെയറിന്‍റെ ഇരു വശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന കാന്തങ്ങളിലേക്ക് ഇരുന്പും മറ്റതുപോലുള്ള വസ്തുക്കളും പിടിച്ചെടുക്കപ്പെടുന്നു. തുടര്‍ന്ന് ബാക്കിയുള്ള ജൈവമാലിന്യം വലിയ കുഴിയില്‍ സംസ്കരിക്കുന്നു. 14 ദിവസം അതവിടെ ഇട്ടശേഷമാണ് പുറത്തെടുക്കുന്നത്. ഈ ഗ്യാസ് കൊണ്ട് ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കാനാകും. ശേഷിക്കുന്ന കറുത്ത മണല്‍പോലുള്ള ജൈവവളം ട്രക്കിലൂടെ വിവിധ കൃഷിയിടങ്ങളിലേക്കും മറ്റും എത്തിക്കുന്നു.
ഈ സാങ്കേതിക വിദ്യ നൂറു ശതമാനവും വിജയപ്രദവും ഫലപ്രദവുമാണ്. ഇതിനു വളരെ കുറച്ചു സ്ഥലം മാത്രം മതി എന്ന സവിശേഷതയുണ്ട്. അതുപോലെ കുറച്ചു പേരുടെ അദ്ധ്വാനം മാത്രം മതി. പൂര്‍ണമായും കന്പ്യൂട്ടറിന്‍റെ സഹായത്താലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ലാഭകരമായി ചെയ്യാവുന്ന ഒരു ബിസിനസ്സാക്കി ഇതു മാറ്റാവുന്നതാണെങ്കിലും നമ്മുടെ നാട്ടിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം വലിയൊരു തലവേദനയും അപരിഹാര്യമായ പ്രശ്നവുമായി മാറിക്കൊണ്ടിരിക്കേ ഭരണകൂടങ്ങള്‍ക്കും കത്തോലിക്കാ സഭ പോലുള്ള സഭാസംവിധാനങ്ങള്‍ക്കുമെല്ലാം ഇക്കാര്യം പരീക്ഷിക്കാവുന്നതാണ്. ചെലവു കൂടുതലാകുമെങ്കിലും ഫലപ്രദമായ വിധത്തില്‍ മാലിന്യം സംസ്കരിക്കാനാകുന്നത് രാജ്യത്തിനും ജനങ്ങള്‍ക്കും ഏറെ ഗുണകരമാകും.
ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്. നിയമങ്ങള്‍ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ടോ എന്നതാണു പ്രശ്നം. പലപ്പോഴും വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണു നാം കാണുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തെന്പാടും അതിന്‍റെ അലയൊലികള്‍ ദൃശ്യമാണ്. ജലം, വായു, മണ്ണ് എന്നിവയിലൂടെ പ്രകൃതി മലിനമാക്കുന്നതു തടയുക എന്നതാണ് പ്രകൃതി സംരക്ഷണത്തിന്‍റെ ഏറ്റവും വലിയ പോംവഴി. ദിനംതോറും വര്‍ദ്ധിച്ചു വരുന്ന വാഹനങ്ങളില്‍ നിന്നും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു. കാര്‍ബണിന്‍റെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നത് ആഗോളതാപനത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ പാരിസ്ഥിതിക വിഷയങ്ങളില്‍ വേണ്ടത്ര പ്രതിബദ്ധത പുലര്‍ത്തുന്നുണ്ടോ എന്നു സംശയമാണ്. താഴെത്തട്ടിലുള്ളവരും ഈ വിഷയത്തില്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല. പലര്‍ക്കും ഇതിന്‍റെ ഗൌരവം മനസ്സിലാകുന്നില്ല എന്നു വേണം അനുമാനിക്കാന്‍. നമ്മുടെ പഞ്ചായത്തുകളെയെല്ലാം ഏതെങ്കിലും തരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. വനനശീകരണവും കൃഷിഭൂമി നികത്തലുമൊക്കെയായി നമ്മുടെ പരിസ്ഥിതി ദുര്‍ബലപ്പെടുകയാണ്. പരിസ്ഥിതിയെ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള അവബോധവും പരിശീലനവുമാണ് നമുക്കിന്നു വേണ്ടത്. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണം സമൂഹത്തിന്‍റെ താഴേക്കിടയില്‍ നിന്നും ആരംഭിക്കണം. ബോധവത്കരണ പരിപാടികളിലൂടെയും മറ്റും പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കേണ്ടതാണ്.
പരിസ്ഥിതി സംരക്ഷണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും ഇന്നത്തെ പ്രധാന വെല്ലുവിളികളാണ്. നാളയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നാം മെനയുന്പോള്‍ ഇന്നത്തെ അടിയന്തിര പ്രശ്നങ്ങള്‍ പരിഹരിച്ചു വേണം മുന്നോട്ടു പോകാന്‍. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ നവീന സ്രോതസ്സുകള്‍ ഉപയോഗ പ്പെടുത്തി, പരിസ്ഥിതി സംരക്ഷണം ത്വരിതപ്പെടുത്തി പ്രകൃതി സംരക്ഷണം നിലനില്പിന്‍റെ പ്രശ്ന മായിക്കണ്ടു പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകണം. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും സഭയുമെല്ലാം അതീവ താത്പര്യത്തോടും ജാഗ്രതയോടും സമീപിക്കേണ്ട ഒരു മേഖലയാണ് പ്രകൃതി സംരക്ഷണത്തിന്‍റെയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെയും തലം.

ഹരിത ഭൂമിയ്ക്കായി ഒരു ദിനം

മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഭൂമി എത്രയോ മനോഹരിയാണ്.  കോടാനുകോടി സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന ഭൂമി എത്ര സുന്ദരി.  പുഴകളും പൂക്കളും  പൂമ്പാറ്റകളും നീല ജലാശയവും മഞ്ഞണിഞ്ഞ് മരതകപ്പട്ടുടുത്ത മലനിരകളും മഴയുമെല്ലാമുളള സുന്ദരഭൂമി.  കാടും കാട്ടാറുകളും  കാട്ടാനകളും താഴ്‌വരകളും മരുഭൂമിയുമൊക്കെയുളള അനുഗൃഹീത ഭൂപ്രദേശം.  സ്ഥലത്തിന്റെയും കാലത്തിന്റെയും അനന്തതയില്‍ സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി കോടാനുകോടി വര്‍ഷങ്ങളായി കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയെന്ന അത്ഭുത ഗ്രഹം.  ജീവന്റെ അറിയപ്പെടുന്ന ഏക ഗോളം.  മനുഷ്യന് ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്.  എന്നാല്‍ അവന്റെ അത്യാഗ്രഹത്തിനുളള വക മാത്രം ഇല്ല.നമുക്ക് വേണ്ടതെല്ലാം തരുന്ന ഭൂമിയേയും അവളുടെ സുന്ദര പ്രകൃതിയേയും നാം ചൂഷണം ചെയ്യുമ്പോള്‍ ഭൂമിയുടെ നിലനില്‍പിനേയും വരുന്ന തലമുറയ്ക്ക് ഉപയോഗിക്കുവാനുളള സ്വാതന്ത്ര്യത്തെയും നാമറിയാതെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓര്‍ക്കുക ഈ ഭൂമിയില്‍ മനുഷ്യര്‍ക്ക് മാത്രമായി നിലനില്‍ക്കാനാവില്ല.  നമ്മുടെ ആവാസ വ്യവസ്ഥയിലെ കണ്ണികള്‍ മുറിയാതെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു.  മനുഷ്യരും പ്രകൃതിയും ജന്തുക്കളും സസ്യങ്ങളും അന്തരീക്ഷത്തിലെ ഓരോ ഘടകവും അതിലെ കണ്ണികളാണ്.  പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ് വന സംരക്ഷണം, മൃഗസംരക്ഷണം, നദീജല സംരക്ഷണം എന്നിവ. ആധുനിക മനുഷ്യന്റെ അതിരറ്റ ഉപഭോഗാസക്തിമൂലം ഒട്ടനവധി ജീവജാലങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.  ഭൂഗര്‍ഭശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ ഭൂമിയിലുളള സസ്യങ്ങളും ജന്തുക്കളും അടുത്ത നൂറ്റാണ്ടില്‍ പകുതിയായി കുറയുമെന്ന് പറയുന്നു.  ഇക്കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ കൊണ്ട് മുന്‍കാല ചരിത്രത്തിലൊന്നും പ്രകടമാകാത്തത്ര പ്രത്യക്ഷമായ മാറ്റങ്ങളാണ് ഭൂമിയില്‍ ഉണ്ടായത്.  ഭൂമിയുടെ അതിജീവനത്തെപ്പോലും അസാധ്യമാക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക് നാം കാരണക്കാരായി.  പരിസ്ഥിതി സംരക്ഷണത്തിന് ലോകജനത ഒന്നിച്ചു നിന്നില്ലെങ്കില്‍ ഭൂമിയില്‍ നമുക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഭാവിയിലുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായി.1972 ജൂണ്‍ 5 മുതല്‍ 16 വരെ “മനുഷ്യനും പരിസ്ഥിതിയും” എന്ന വിഷയത്തില്‍ സ്റ്റോക്‌ഹോമില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി രാഷ്ട്രത്തലവന്‍മാര്‍ക്കായി നടത്തിയ സമ്മേളനത്തിലാണ് പരിസ്ഥീതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ വര്‍ഷത്തില്‍ ഒരു ദിവസം പരിസ്ഥിതി ദിനമായി ആചരിക്കാന്‍ തീരുമാനിക്കുന്നത്.  അതേത്തുടര്‍ന്ന് 1973 ജൂണ്‍ 5-ന്  ആദ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചു.  1972-ല്‍ സ്റ്റോക്ക് ഹോമില്‍ നടന്ന ആഗോള പരിസ്ഥിതി സമ്മേളനം 1992-ല്‍ ബ്രസീലിലെ റിയോ ഡിജനിറോയില്‍ നടന്ന സമ്മേളനം 2002-ല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ നടന്ന സമ്മേളനം എന്നിവ എടുത്തു പറയേണ്ട സംഭവങ്ങളാണ്.  ഈ സമ്മേളനങ്ങളിലെ പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ആഗോള തലത്തില്‍ ചിന്തിക്കാനും പ്രകൃതി സ്‌നേഹികള്‍ക്ക് ഒന്നിച്ചുകൂടി ആശയവിനിമയം നടത്താനും കഴിഞ്ഞത് വലിയൊരു നേട്ടമാണ്.  യൂറോപ്പിലെ ഗ്രീന്‍പീസ് പ്രസ്ഥാനം, അമേരിക്കയിലെ ഫ്രണ്ട്‌സ് ഓഫ് എര്‍ത്ത് പ്രസ്ഥാനം, ഇന്‍ഡ്യയിലെ മേധാപട്ക്കര്‍, അരുന്ധതി റോയ് എന്നിവരുടെ നേതൃത്വത്തിലുളള നര്‍മ്മദ ബച്ചാവോ ആന്തോളന്‍, സുന്ദര്‍ലാല്‍ ബഹുഗുണയുടെ മരംകെട്ടിപ്പിടിക്കല്‍ സമരം, എന്‍.വി. കൃഷ്ണവാര്യരുടെയും, സുഗതകുമാരിയുടെയും നേതൃത്ത്വത്തില്‍ സാഹിത്യനായകന്‍മാര്‍ രൂപീകരിച്ച പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സൈലന്റ്‌വാലി പ്രസ്ഥാനം, ഗ്വാളിയര്‍ റയോണ്‍സ് നടത്തുന്ന മലിനീകരണത്തിനെതിരെ, ചാലിയാര്‍ പുഴ സംരക്ഷണ സമിതി നടത്തിവരുന്ന സമരം, പ്ലാച്ചിമടയിലെ കോളാ വിരുദ്ധസമരം, ആറന്മുള സമരം തുടങ്ങി ഒട്ടനവധി പ്രസ്ഥാനങ്ങള്‍ പ്രകൃതി സംരക്ഷണത്തിനായി ഇന്ന് പ്രവര്‍ത്തിക്കുന്നു.പരിസ്ഥിതി സന്ദേശമായി ഓരോ വര്‍ഷവും ഓരോ പ്രമേയം ആഘോഷത്തിനായി തെരഞ്ഞെടുക്കാറുണ്ട്. ഈ വര്‍ഷത്തെ മുഖ്യ വിഷയം ”വികസ്വര രാജ്യങ്ങളായ ചെറു ദ്വീപുകളും കാലാവസ്ഥാ മാറ്റവും” എന്നതാണ്. ”ശബ്ദമാണ് ഉയര്‍ത്തേണ്ടത് സമുദ്രനിരപ്പല്ല” എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ദിനാഘോഷത്തിന്റെ മുഖ്യ വേദിയായി ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ആതിഥേയ രാജ്യം ബാര്‍ബദോസ് ദ്വീപസമൂഹമാണ്. കരീബിയന്‍ ദ്വീപില്‍ ഉള്‍പ്പെട്ട 430 ചതു.ശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്ത ഫലങ്ങള്‍ ഏറെ ബാധിച്ച മേഖലയാണ്. ഒപ്പം പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളും.21-ാം നൂറ്റാണ്ടില്‍ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി  വിപത്തുകളുണ്ട്.  മലിനീകരണപ്പെടുന്ന ജലം, വന നശീകരണം, ആഗോള താപനം, മണ്ണിനുണ്ടാകുന്ന മലിനീകരണം, റേഡിയോ-ആക്ടീവ് മലിനീകരണം, വായു മലിനീകരണം, അമഌമഴ, അമിതമായ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ വ്യാപനം തുടങ്ങി അനേകം ഘടകങ്ങള്‍ വെല്ലുവിളിയായിട്ടുണ്ട്. വനനശീകരണം: – ജനപ്പെരുപ്പത്തിന്റെയും വ്യാവസായിക വളര്‍ച്ചയുടെയും പരിണതഫലമായി ഇന്ന് കാടുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.  ഓരോ മിനിട്ടിലും 22 ഹെക്ടര്‍ വനഭൂമി ലോകമെമ്പാടും നശിക്കുന്നതായി കരുതുന്നു.  ആഗോള താപനത്തിന്റെയും ഹരിത ഗൃഹപ്രഭാവത്തിന്റെയും പരിണത ഫലമായി ഭൂമിയില്‍ എത്തുന്ന സൂര്യപ്രകാശവും ചൂടും ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. സൂര്യപ്രകാശത്തിനുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളെ അന്തരീക്ഷത്തിലുള്ള ഹരിത ഗൃഹവാതകങ്ങളില്‍ പ്രധാനമായ കാര്‍ബണ്‍ഡൈയോക്‌സൈഡ്, ഓസോണ്‍, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവ ആഗിരണം ചെയ്യുന്നതിനാല്‍ അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നു. പെട്രോളിയം, കല്‍ക്കരി, പ്രകൃതി വാതകം, എണ്ണ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗമാണ് കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ വര്‍ദ്ധനയ്ക്ക് പ്രധാന കാരണം. വ്യവസായ വല്‍ക്കരണത്തിന്റെ ഫലമായി ഉണ്ടായ നഗര വത്ക്കരണവും, ജനസംഖ്യാ വര്‍ദ്ധനവും, വനനശീകരണവും കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ പുറംതള്ളല്‍ ഏറെ വര്‍ദ്ധിച്ചിരിക്കുകയാണ്. ആഗോള താപനത്തിന്റെ ഫലമായി ധ്രുവങ്ങളില്‍ മഞ്ഞുരുകുന്നു. കടല്‍ വെള്ളം പൊങ്ങുന്നു. ദ്വീപുകള്‍ മുങ്ങുന്നു. ഈ വര്‍ഷത്തെ പരിസ്ഥിതി പ്രമേയം തന്നെ ഈ പ്രശ്‌നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ലോകം കടുത്ത ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലമരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ന് ഭൂമിയില്‍ 50 കോടിയിലേറെ ജനങ്ങള്‍ ജല ദൗര്‍ലഭ്യത്തിന്റെ പിടിയിലാണ്. 2030 ആകുമ്പോഴേക്കും അത് 300 കോടി കവിയും. 2050 ആകുമ്പോഴേക്കും ഏഷ്യയിലെ 100 കോടിയിലേറെ ജനങ്ങള്‍ക്ക് കടുത്ത ശുദ്ധജല ദൗര്‍ലഭ്യം നേരിടും. ഇത് കാര്‍ഷിക വിളകളുടേയും ജൈവ വൈവിധ്യമേഖലകളുടേയും നാശത്തിന് സംഗതിയാകും. തന്മൂലം ഭക്ഷ്യക്ഷാമവും പട്ടിണിയും ഉണ്ടാകും. കാലാവസ്ഥയിലുണ്ടാകുന്ന താളപ്പിഴകള്‍ മണ്ണിനങ്ങളെയും അതിനെ ആശ്രയിക്കുന്ന മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെയും അപകടത്തിലാക്കും. ഇതിലും പുറമെ ഇന്ന് ലഭ്യമാകുന്ന ജലസ്രോതസ്സുകളില്‍ 60 ശതമാനവും മലിനമാണെന്ന് നാം ഓര്‍ക്കണം. ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 400 കോടി ആശുപത്രി കേസുകളില്‍ 80 ശതമാനവും ജലമലീനീകരണ ജന്യമായ രോഗങ്ങള്‍ കാരണമാണ്. ഇതിനെല്ലാം പുറമെ ഉപഭോഗസംസ്‌കാരം അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ വ്യവസായ ശാലകളില്‍നിന്നും വാഹനങ്ങളില്‍ നിന്നും പുറത്തു വരുന്ന വിഷവാതകങ്ങളും പുകയും, അമഌമഴയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അണകെട്ടുകളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ആവാസ വ്യവസ്ഥയുടെ സന്തുലിത അവസ്ഥയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു. ഇന്ന് കേരളത്തിലെ അണകെട്ടുകള്‍ പലതും വളരെ കാലപ്പഴക്കമുള്ളവയും ബലക്ഷയം നേരിടുന്നവയും ആണ്. ഇതിന് പുറമേ അണക്കെട്ടുകളുടെ ഉയരം വര്‍ദ്ധിപ്പിക്കാനുള്ള രാഷ്ട്രീയക്കാരുടെ തിരക്കു കൂട്ടല്‍ അപകട സാദ്ധ്യത ഏറെ വര്‍ദ്ധിപ്പിക്കും.പരിസ്ഥിതിയെക്കുറിച്ചുളള ചിന്തകള്‍ കേവലം ദിനാചരണത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ മതിയോ?  ഇക്കാര്യത്തില്‍ സര്‍ക്കാരും സര്‍ക്കാരിതര സംഘടനകളും ശക്തമായി ഇടപെടേണ്ടതുണ്ട്.  വര്‍ദ്ധിച്ചുവരുന്ന ഉപഭോഗാസക്തി മൂലം പ്രകൃതിയെ വിവേചനരഹിതമായി ചൂഷണം ചെയ്യുന്ന കാട്ടാളന്മാരെ  കണ്ടെത്തി നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം.  പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തി അവയ്ക്ക് വ്യക്തിപരമായും സംഘടിതമായും ചെയ്യാന്‍ കഴിയുന്ന പരിഹാരപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.

വനപര്‍വം: പ്രകൃതി പാഠം

ഊഷരമായിക്കൊണ്ടിരിക്കുന്ന നമ്മുടെ മനസ്സുകളില്‍ പതുക്കെപ്പതുക്കെ സ്ഥാനം പിടിക്കുന്ന പച്ചപ്പും പ്രത്യാശാകിരണവുമാണ് വനപര്‍വം- എം.ടി.

പൂക്കളോടും ചെടികളോടും ചങ്ങാത്തം കൂടുന്ന ശലഭക്കൂട്ടങ്ങള്‍. കിളിക്കൊഞ്ചലുകള്‍. അറിഞ്ഞതും അല്ലാത്തതുമായ അനേകം ഒൗഷധ സസ്യങ്ങള്‍, ചെടികള്‍, മരങ്ങള്‍. കളകളം പാടിയൊഴുകുന്ന കാട്ടുചോലകള്‍... കൈവിട്ടു പോയെന്ന് നാം കരുതിയ പ്രകൃതി ഇവിടെ പുനര്‍ജനിക്കുന്നു. അതാണ് വനപര്‍വം. പ്രകൃതിസ്നേഹികളുടെ മനസ്സില്‍ ആനന്ദം കോരിയിടുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ ജൈവവൈവിധ്യ ഉദ്യാനം  ഈങ്ങാപ്പുഴക്കടുത്ത·  കാക്കവയലിലാണ്. സസ്യ-ജന്തുജാലങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍ തന്നെ സംരക്ഷിക്കാന്‍ വനംവകുപ്പാണ് ഈ ജൈവവൈവിധ്യ പാര്‍ക്ക് ആരംഭിച്ചത്. ഇവിടെ നമുക്ക് കാടിനെയറിയാം. പഠിക്കാം. ട്രക്കിങ് നടത്താം. കാട്ടുചോലയില്‍ നീരാടാം.
താമരശ്ശേരി വനം റേഞ്ചിന്‍െറ പരിധിയില്‍ 111 ഹെക്ടര്‍ നിക്ഷിപ്ത വനത്തിലാണ് ജൈവവൈവിധ്യസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഉദ്യാനം. കോഴിക്കോടിന്‍െറ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന ഇടമായി മാറുകയാണിവിടം.
നക്ഷത്രവനം, ഓര്‍ക്കിഡ് ഹൗസ്, ജലവൈദ്യുതി പദ്ധതി മാതൃക, ചിത്രശലഭ ഉദ്യാനം, ഒൗഷധത്തോട്ടം, നഴ്സറി, മുളങ്കാട്, കള്ളിച്ചെടി തോട്ടം, പാത്തിപ്പാറ തടാകം, പാത്തിപ്പാറ, മുയല്‍പാറ വെള്ളച്ചാട്ടങ്ങള്‍,  ചതുപ്പ് നിലം തുടങ്ങിയവ അടങ്ങിയതാണ് വനപര്‍വം.


മടങ്ങാം പച്ചപ്പിലേക്ക്
പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം അടങ്ങുന്ന മഹാശൃംഖലയുടെ കണ്ണികള്‍ അഴിഞ്ഞഴിഞ്ഞ്  മഹാനാശ·ിലേക്ക് നീങ്ങുകയാണ്.  പ്രകൃതി നശീകരണം, ഉപഭോഗ സംസ്കാരം എന്നിവ കാരണമായുണ്ടായ ഭീഷണികളില്‍ നിന്ന് മോചനം ലഭിക്കാന്‍ പച്ചപ്പിലേക്ക് മടങ്ങാമെന്ന ആഹ്വാനമാണ് വനപര്‍വം നല്‍കുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ നിലനില്‍പിന് അത്യാവശ്യമാണെന്ന് ലോകാടിസ്ഥാനത്തില്‍ തന്നെ ഉണര്‍ന്നിരിക്കുന്ന നവബോധം ഈ ഉദ്യാനക്കാഴ്ചകള്‍ നമുക്ക് പകര്‍ന്നു തരും.
കവാടത്തിനടുത്തു തന്നെ ഒരുക്കിയ നഴ്സറിയില്‍ നിന്ന് വൃക്ഷത്തൈകള്‍ വാങ്ങാം. ജൂണ്‍,ജൂലൈ മാസങ്ങളിലാണ് വില്‍പന. വനപര്‍വത്തിന്‍െറ പ്രധാന ആകര്‍ഷണമായ ശലഭോദ്യാനം നീലക്കടുവ, ഗരുഡന്‍, നീലക്കുടുക്ക, നവാബ്, വരയന്‍ ചാത്തന്‍, തവിടന്‍, വിലാസിനി, മയൂരി തുടങ്ങി 140 ഇനം ശലഭങ്ങളുടെ വിഹാരഭൂമിയാണ്. അവക്ക് വളരാനും വംശവര്‍ധനക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ നിന്നെല്ലാം അപ്രത്യക്ഷമായ ശലഭങ്ങളെ നമുക്കിവിടെ കണ്‍കുളിര്‍ക്കെ കാണാം.
മുന്നൂറോളം ഒൗഷധസസ്യങ്ങളുണ്ടിവിടെ. പേര്, ശാസ്ത്രീയനാമം, ഉപയോഗം തുടങ്ങിയ വിവരങ്ങളും അറിയാം. യാത്രികര്‍ക്ക്  മുളങ്കൂട്ടങ്ങളുടെ ശീതളിമയില്‍ അലസം വിശ്രമിക്കാം. പ്രകൃതിയൊരുക്കുന്ന കൂളിങ് അനുഭവിച്ചറിയാം. കൊടുംവേനലിന്‍െറ അസ്വസ്ഥതകളില്‍ നിന്ന് രക്ഷതേടുന്നവരെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുത്തും ഈ വനപര്‍വം. വഴിനടത്താന്‍ കരിങ്കല്‍ പാതകളും തൂക്കുപാലങ്ങളുമുണ്ട്. ഇടക്ക് വിശ്രമിക്കാന്‍ വള്ളിക്കുടിലുകളും ഇരിപ്പിടങ്ങളും. പ്രകൃതിയുടെ കരുതല്‍ പാഠങ്ങള്‍ അറിഞ്ഞും ആസ്വദിച്ചും നവ്യമായൊരു ഉദ്യാനാനുഭവം അങ്ങനെ ആര്‍ജിച്ചെടുക്കാം. നേരത്തേ· ബുക്ക് ചെയ്താല്‍ സഞ്ചാരികള്‍ക്ക് ഭക്ഷണം പാകം ചെയ്തു തരാനും സംവിധാനമുണ്ട്. ഫോണ്‍: 9446886926.

പ്രകൃതിയെ അറിയാം പഠിക്കാം
പുനര്‍ജനി തേടുന്ന പ്രകൃതിയെ അറിയാനും പഠിക്കാനും വനപര്‍വം അവസരമൊരുക്കുന്നുണ്ട്. ഇന്‍റര്‍പ്രട്ടേഷന്‍ സെന്‍റര്‍ വിദ്യാര്‍ഥികള്‍ക്ക് ജൈവവൈവിധ്യ പഠനത്തിന് സൗകര്യമൊരുക്കുന്നു. ഗവേഷകര്‍ക്കും സഞ്ചാരികള്‍ക്കുമെല്ലാം പ്രകൃതി പഠന ക്യാമ്പും വനപര്‍വത്തില്‍ നടത്താം. വനം അധികൃതരാണ് ഇത് സംഘടിപ്പിക്കുന്നത്. കോഴിക്കോട് മാത്തോട്ടത്തുള്ള വനശ്രീയില്‍ അപേക്ഷ നല്‍കണം. ഒരു സംഘത്തില്‍ 40 പേര്‍ക്ക് വരെ അംഗമാകാം. രാവിലെ 10 മുതല്‍ തുടങ്ങുന്ന ക്യാമ്പില്‍ പ്രകൃതിപഠനം, ട്രക്കിങ് എന്നിവക്ക് അവസരം ലഭിക്കും. ക്യാമ്പംഗങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഭക്ഷണവും നല്‍കും. നമ്മുടെ ഭൂമിക്കു വേണ്ടി, നാളേക്കു വേണ്ടി ആവുന്നത് ചെയ്യണമെന്ന മോഹം ജനിപ്പിക്കും ഈ വനപര്‍വം. അറിവും വിനോദവും സമന്വയിച്ചൊരു അനുഭവം സമ്മാനിച്ചാകും ഈ ഉദ്യാനം നമ്മെ യാത്രയാക്കുക.

യാത്രാമാര്‍ഗം:

കോഴിക്കോട്- വയനാട് ദേശീയപാതയില്‍ താമരശ്ശേരി കഴിഞ്ഞാണ് ഈങ്ങാപ്പുഴ. കോഴിക്കോട് നിന്ന് 40  കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് മൂന്നു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലായി.


പഠനക്യാമ്പിന് അപേക്ഷിക്കേണ്ടത്:
പഠനക്യാമ്പിന്‍െറ അപേക്ഷാഫോറവും മറ്റു വിവരങ്ങളും www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

കടപ്പാട്-sathyadeepam.org

അവസാനം പരിഷ്കരിച്ചത് : 7/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate