অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തിരിച്ചറിയുക, ഇടുക്കിയിലെ ജൈവതേനിന്‍റെ ഉറവിടം

ആമുഖം

പശ്ചിമഘട്ടത്തിലെ ഏറ്റവും സുന്ദരമായ പ്രദേശമാണ് ഇടുക്കി. മലനിരകളാലും ജൈവവൈവിധ്യത്താലും സമ്പുഷ്ടമായ ഈ പ്രദേശം വൈവിധ്യമാർന്ന സസ്യങ്ങളാൽ സമ്പന്നമാണ്. ഇവ തേനീച്ചക്കൾക്ക് പൂമ്പൊടിയും പൂന്തേനും പ്രദാനം ചെയ്യുന്നു. ഓഗസ്റ്റ് മുതൽ മേയ് വരെയുള്ള കാലയളവിൽ വിവിധ സസ്യങ്ങളിൽ നിന്നും തേൻ ലഭിക്കുന്നതുകൊണ്ടുതന്നെ മൾട്ടി ഫ്ളോറൽ (പല പുഷ്പങ്ങളിൽ നിന്നുലഭിക്കുന്ന) തേനിന്റെ യഥാർഥ ഉറവിടമാണ് ഈ പ്രദേശം. വർഷം മുഴുവൻ പൂമ്പൊടിയും പൂന്തേനും പ്രദാനം ചെയ്യുന്ന ധാരാളം മരങ്ങളും സസ്യങ്ങളും ഈ മേഖലയിലുള്ളതിനാൽ തേനീച്ചക്കർഷകർക്ക് ദേശാടന തേനീച്ച വളർത്തൽ ആവശ്യമില്ല. പുതിയ തേൻ സംരംഭങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ഇടുക്കി.

ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി വിജയം കണ്ടത്തിയ തേനീച്ച കർഷകനാണ് ഇടുക്കി വണ്ടൻമേട് സ്വദേശി എം.എസ്.മണിവാസൻ. “വണ്ടൻമേട് ഹണിബൈപ്രൊഡക്ട്സ് ആൻഡ് ഹണി വാക്സസ് പ്രൊഡക്ട്സ് എന്ന ബ്രാൻഡിൽ ഈ കർഷകൻ വിവിധതരം തേനുകളും തേൻ മെഴുകുപയോഗിച്ചുള്ള ഉപ ഉത്പന്നങ്ങളും നിർമിക്കുന്നു. വെള്ളായണി കാർഷിക കോളജിലെ തേനീച്ച പരാഗണ ഗവേഷണകേന്ദ്രത്തിൽ നിന്ന് ഇരുപതു വർഷം മുമ്പ് തേനീച്ച കൃഷിയിൽ പരിശീലനം ലഭിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം. ഇപ്പോൾ ഹണിടൂറിസം പദ്ധതിയിയിലൂടെ തേനും തേനുത്പന്നങ്ങളും കർഷകർക്ക് തേനീച്ചകോളനികളും വിതരണം ചെയ്യുന്നു. ഇടുക്കിയിൽ നിന്ന് പ്രത്യേകതയുള്ള 16 തരം തേൻ ഇദ്ദേഹം ശേഖരിച്ചിട്ടുണ്ട്. തേനീച്ചയ്ക്ക് പൂമ്പൊടിയും പൂന്തേനും നൽകുന്ന ഇവിടെയുള്ള സസ്യങ്ങളിൽ ചിലതിനെ പരിചയപ്പെടാം.

കാട്ടു സൂര്യകാന്തി

ഇടുക്കി ജില്ലയിലെ തരിശുപ്രദേശങ്ങളിൽ ധാരാളമായി കാണുന്ന ഒരു കളച്ചെടിയാണ് കാട്ടുസൂര്യകാന്തി അഥവാ കയ്പു ചെടി. മെക്സിക്കോ ജന്മദേശമായുള്ള ഈ ചെടി നമ്മുടെ വഴിയോരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിലുള്ള, സൂര്യകാന്തി പൂക്കളോട് സാദൃശ്യം തോന്നിപ്പിക്കുന്ന ഈ പൂക്കൾ കാണാത്തവരായി ആരുമുണ്ടാവില്ല. 'Tithonia diversifolia' എന്ന് ശാസ്ത്ര നാമം. വർഷം മുഴുവൻ പുഷ്പിക്കുന്ന സസ്യങ്ങളാണിവ. പൂമ്പൊടിയുടെയും പൂന്തേനിന്റെയും കലവറയായതു കൊണ്ട് എല്ലാതരം തേനീച്ചകളും ആകർഷിക്കപ്പെടുന്നു. തേനീച്ചയുടെ ഭക്ഷണം എന്നതിലുപരി മികച്ച ഒരു ജൈവവളം കൂടിയാണ് ഈ സസ്യം. മണ്ണിര കമ്പോസ്റ്റിലെ മണ്ണിരകൾക്ക് വളരെ പ്രീയപ്പെട്ടതാണ് കാട്ടു സൂര്യകാന്തിയുടെ ഇലകൾ. ഏലം കൃഷിയിൽ പുതയിടീലിനും അടിവളമായും കമ്പോസ്റ്റായും ഈ സസ്യത്തെ ഉപയോഗപ്പെടുത്താം. ഏലച്ചെടിയുടെ വേരിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങളിലൊന്നായ നിമവിരയെ തുരത്താൻ കാട്ടു സൂര്യകാന്തി ഇലയുടെ സത്ത് ഉപയോഗിക്കാറുണ്ട്.

ഉമ്മം

ഇടുക്കി ജില്ലയിലെ വഴിയോരത്തും വേലിയിടങ്ങളിലും വളരെ സുലഭമായി കാണപ്പെടുന്ന ചെടിയാണ് ഉമ്മം. നീണ്ട കോളാമ്പി രൂപത്തിലുള്ള പൂക്കൾ, ഗ്രീൻതോൺ ആപ്പിൾ എന്നറിയപ്പെടുന്നു. വെള്ള, റോസ്, നീല നിറങ്ങളിൽ പൂക്കളുണ്ടാകുന്ന മൂന്നിനം ഉമ്മം ചെടികളെയാണ് പൊതുവെ കാണുന്നത്. നീല ഉമ്മം ആയൂർവേദത്തിലെ പ്രധാന ഔഷധമാണ് . Datura metel എന്ന് ശാസ്ത്ര നാമം. DaturaStramonium എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന വെള്ള ഉമ്മം തേനിന്റെ ഒരു പ്രധാന ഉറവിടമാണ്. ധാരാളം പൂമ്പൊടിയും കോളാമ്പി പോലെ നീണ്ടുനിൽക്കുന്ന പൂവിന്റെ ഘടനയും ധാരാളം തേനീച്ചകളെ പൂവിനുള്ളിലേക്ക് ആകർഷിക്കുന്നു. മഞ്ഞുകിട്ടിയാലുടൻ ഇവ പൂത്തുതുടങ്ങും.

ഡിസംബർ മുതൽ മാർച്ച് വരെയാണ് പുഷ്പകാലം. അതിരാവിലെയാണ് ഈ സസ്യം ധാരാളമായി തേൻ ചൊരിയുന്നത്. പൂവിനുള്ളിൽ ഗോളാകൃതിയിലാണ് തേൻ കാണപ്പെടുന്നത്. ഹൈറേഞ്ചിൽ ദിവസവും മഴ ലഭിക്കുന്ന സമയത്തും തേൻ നഷ്ടപ്പെടാതെ പൂവിനുള്ളിൽ തന്നെ സൂക്ഷിക്കാൻ പൂവിന്റെ കുഴലു പോലെ നീണ്ട ഭാഗം സഹായിക്കുന്നു. മഴ ശമിക്കുമ്പോൾ സൂക്ഷിച്ചുവച്ചിരിക്കുന്ന തേൻ ശേഖരിക്കാൻ തേനീച്ചകളെത്തും.

പൊരിവട്ട

വർഷത്തിൽ പന്ത്രണ്ടു മാസവും പൂക്കുകയും ധാരാളമായി പൂമ്പൊടി പ്രദാനം ചെയ്യുകയും ചെയ്യുന്ന മരമാണ് പൊരിവട്ട. തേനിന്റെയും പൂമ്പൊടിയുടെയും മുഖ്യസ്രോതസാണ് ഈ സസ്യം. ചെറിയ പൂക്കളാണിവയ്ക്ക്. ഇലയുടെ അടിഭാഗം പച്ച നിറത്തിലും മുകൾഭാഗം മണ്ണിന്റെ നിറത്തിലും കാണപ്പെടുന്നു.

കരിമരം

നിറയെ കറുത്ത കുത്തുകളുള്ള ഇലകളും നല്ല ഈടും മിനുസവും ഉറപ്പും കരിപോലെയുള്ള കറുത്ത നിറവുമാണ് കരിമരത്തിന്റെ പ്രത്യേകത. പച്ചകലർന്ന്മഞ്ഞനിറത്തിലുള്ള പൂക്കളാണ് കരിമരത്തിനുള്ളത്. കരിമരത്തിന്റെ പൂക്കാലത്തിന് കൃത്യമായ ഒരു സമയമില്ല. ഓരോവർഷവും പൂക്കാലം മാറിവരും. എബണി എന്നാണ് ഈ മരം അറിയപ്പെടുന്നത്. Diospyrosebernum എന്നാണ് ഇതിന്റെ ശാസ്ത്രനാമം. കരിമരത്തിൻന്‍റെ പൂക്കൾ തേനിന്റെ ഉറവിടമാണ്.

കരുണമരം

ഇടുക്കി ജില്ലയിലെ ഏലക്കാടുകളിൽ ധാരാളമായി കാണപ്പെടുന്ന തണൽ വൃക്ഷമാണ് കരുണമരം. Vernonia arboreą ശാസ്ത്രനാമം. ഡിസംബർ - മാർച്ച് ആണ് ഇവയുടെ പുഷ്പകാലം. ചെറു തേനീച്ചകളെ കൂടുതൽ ആകർഷിക്കുന്നതാണ് കരുണമരത്തിന്റെ പൂക്കൾ. 30 ദിവസവും തുടർച്ചയായി പുഷ്പിക്കുന്നവയാണിവ.

കുളമാവ്

ഊറാവ് എന്ന പേരിലും ഈ മരം അറിയപ്പെടുന്നു. കുളമാവിന്റെ ഇലകൾക്ക് ഏകദേശം ദീർഘവൃത്താകൃതിയാണുള്ളത്. ഡിസംബർ-ജനുവരി മാസങ്ങളിലാണ് കുളമാവ് പൂക്കുന്നത്. തീരെ വലിപ്പം കുറഞ്ഞ പൂക്കൾക്ക് മഞ്ഞനിറമാണ്. Perseamacrantha എന്നാണ് ശാസ്ത്രനാമം.

പൂവരശ്

ചീലാന്തി, പൂപ്പരത്തി എന്നീ പേരുകൾ കൂടി ഈ മരത്തിനുണ്ട്. അംബ്രല്ല ടീ എന്നാണ് ഇവ അറിയപ്പെടുന്നത്. കാഴ്ചയിൽ ചെമ്പരത്തിപ്പൂവിന് സമാനമായ ഇവയുടെ പൂക്കൾക്ക് മൂന്ന് ഇഞ്ചിലേറെ വലിപ്പമുണ്ട്. Thespesiapoplnea എന്നാണ് ശാസ്ത്രനാമം. വെളുത്ത നിറത്തിലുള്ള പൂക്കൾ ജൂൺ-ജൂലൈ മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്. പൂമ്പൊടി ധാരാളമുള്ളതിനാൽ തേനീച്ചകളെ ആകർഷിക്കുന്നു. കാട്ടുമുല്ല- കാഴ്ചയിൽ കാപ്പിച്ചെടിയോട് സാമ്യമുള്ള സസ്യമാണ് കാട്ടുമുല്ല. പുഷ്കരമുല്ല എന്ന പേരുകൂടി ഇവയ്ക്കുണ്ട്. വെളുത്ത നിറത്തിൽ സുഗന്ധമുള്ള പൂക്കളാണ് ഇവയുടേത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് പുഷ്പകാലം. Psilanthus travencorensis  എന്നാണ് ശാസ്ത്രനാമം.

ഇലവ്

ഇടുക്കിയിലെ മലനിരകളിൽ സമൃദ്ധമായി കാണപ്പെടുന്ന മരമാണ് ഇലവ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്. കടുംചുവപ്പ് നിറത്തിലുള്ള പൂക്കൾ വലുതും ഇതളുകൾ കനമുള്ളവയുമാണ്. പൂവിലെ തേൻ കുടിക്കാനെത്തുന്ന തേനീച്ചകൾ വഴിയാണ് പ്രധാനമായും പരാഗണം നടത്തുന്നത്. ഏറെ ആയുസുള്ള മരമാണ് ഇലവ്. റെഡ് കോട്ടൺ ടീ എന്നാണ് അറിയപ്പെടുന്നത്.

കൊരങ്ങാട്ടി

നവംബറിൽ തളിർത്ത് ഡിസംബറിൽ പൂക്കുന്ന മരമാണ് കൊരങ്ങാട്ടി. ഏലക്കാടുകളിൽ ധാരാളമായി കാണുന്ന മരമാണിത്. ധാരാളം തേൻ നൽകുന്ന പൂക്കളാണ് ഈ മരത്തിന്റെ പ്രത്യേകത.

നാങ്കിൽ മരം

മേയ് - ജൂൺ മാസങ്ങളിൽ പുഷ്പിക്കുന്ന മരമാണ് നാങ്കിൽമരം. മഞ്ഞ നിറത്തിലുള്ള തേനാണ് ഈ മരത്തിന്റെ പ്രത്യേകത.

ഏലം

ഇടുക്കി ജില്ലയിൽ ധാരാളമായി വളരുന്ന സുഗന്ധവ്യഞ്ജനമാണ് ഏലം. തേനീച്ചകൾ വഴിയാണ് ഏലത്തിൽ പരാഗണം നടക്കുന്നത്. അതുകൊണ്ടുതന്നെ തേനീച്ച കർഷകർക്ക് ഏറ്റവും കൂടുതൽസാധ്യതയുള്ള സസ്യമാണ് ഏലം. Elateria cardamom എന്നാണ് ശാസ്ത്രനാമം. 45 ദിവസത്തിൽ ഒരിക്കൽ വിളവെടുക്കുന്ന സസ്യമായതിനാൽ വർഷത്തിൽ ഭൂരിഭാഗവും പൂവും പൂമ്പൊടിയും പൂന്തേനും നൽകാൻ കഴിയുന്ന സസ്യമാണ് ഏലം. രാജ്യാന്തര മാർക്കറ്റിൽ വളരെയധികം വിപണന സാധ്യതയുള്ള ഒന്നാണ് കാർഡമം ഹണി.

കാട്ടുപത്രി

ചായം എടുക്കാൻ ഉപയോഗിക്കുന്ന മരമാണ് കാട്ടുപത്രി. പത്രിമരമെന്നും ഇതറിയപ്പെടുന്നു. ഹൈറേഞ്ചിന്റെ കാലാവസ്ഥയിൽ ധാരാളമായി കാണപ്പെടുന്ന ഒരു മരമാണിത്. സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ പുഷ്പിക്കുന്ന ഇവ തേനിന്റെ തനതായ ഉറവിടമാണ്.

തൊട്ടാവാടി

ഏവർക്കും സുപരിചിതമായ വഴിയോര സസ്യമാണ് തൊട്ടാവാടി. വീതികൂടിയ ഇലകളുള്ള കാട്ടുതൊട്ടാവാടി തേനിന്റെ ഉറവിടമാണ്. Mimosa spp. എന്നാണ്ശാസ്ത്രനാമം. ഇതിന്റെ പൂമ്പൊടിയും പൂന്തേനും ചെറുതേനീച്ചകളെ ആകർഷിക്കുന്നു. ആയതിനാൽ ചെറുതേൻ ഉത്പാദനത്തിന് ഏറെ ഉപകരിക്കുന്ന സസ്യമാണ് തൊട്ടാവാടി.

ഇവകൂടാതെ മുളക് ചെമ്പരത്തി, ആനവട്ട, മുളക് നാറി, പൊട്ടാമ, ഇരുമ്പിറക്കി, ആവണ്ക്ക്, കാഞ്ഞിരം, അമ്പിലക്കണ്ണി, വെള്ളിലാവ്, ആറ്റുവഞ്ചി, മരുത്, കമ്മ്യൂണിസ്റ്റ് പച്ച തുടങ്ങിയസസ്യങ്ങളിൽ നിന്നെല്ലാം വ്യത്യസ്ത്ര ഗുണനിലവാരത്തിലും രുചിയിലുമുള്ള തേൻ ഉത്പാദിപ്പിക്കാൻ കഴിയും. ഇവ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ തേനീച്ചകോളനികൾ സ്ഥാപിച്ച് വർഷത്തിൽ എല്ലാ സമയത്തും തേൻ ഉദ്പാദനം സാധ്യമായ ഒരു പ്രദേശമാണ് ഇടുക്കി.

കേരളത്തിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് എല്ലാ കാലാവസ്ഥയിലും പൂക്കൾ ഇവിടെയുണ്ടാകുന്നതിനാൽ ക്ഷാമകാലത്ത് തേനീച്ചകൾക്ക് നൽകുന്ന കൃത്രിമ തീറ്റ ഒഴിവാക്കി, മേൽത്തരം ഗുണനിലവാരമുള്ള തേൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്നതും ഇടുക്കി ജില്ലയുടെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ഈ സാധ്യതകൾ എല്ലാ കർഷകരും പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ള മൾട്ടി ഫ്ളോറൽ തേനിന്റെ ഉറവിടമായി ഇടുക്കിയെ രൂപാന്തരപ്പെടുത്താം. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് എല്ലാ കാലാവസ്ഥയിലും പൂക്കൾ ഇവിടെയുണ്ടാകുന്നതിനാൽ ക്ഷാമകാലത്ത് തേനീച്ചകൾക്ക് നൽകുന്ന കൃത്രിമ തീറ്റ ഒഴിവാക്കി, മേൽത്തരം ഗുണനിലവാരമുള്ള തേൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്നതും ഇടുക്കി ജില്ലയുടെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ഈ സാധ്യതകൾ എല്ലാ കർഷകരും പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ള മൾട്ടി ഫ്ളോറൽ തേനിന്റെ ഉറവിടമായി ഇടുക്കിയെ രൂപാന്തരപ്പെടുത്താം.

ഡോ.സ്റ്റീഫന്‍ ദേവനേശന്‍

മുന്‍ ഡീന്‍, തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം മേധാവി

കേരള കാര്‍ഷിക സര്‍വ്വകലാശാല

കടപ്പാട്: കര്‍ഷകന്‍ മാഗസിന്‍

അവസാനം പരിഷ്കരിച്ചത് : 5/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate