മണ്ണ്,വെള്ളം,വായു,മരം,മൃഗം,പക്ഷി,ആകാശം,ഭൂമി, സൂര്യചന്ദ്രന്മാര്‍ തുടങ്ങി എല്ലാം പരസ്പരബന്ധിതമാണെന്നും ഇവയുടെയൊക്കെ സംരക്ഷണവും കരുതലോടെയുള്ള ഉപയോഗവും മനുഷ്യന്‍റെ കടമയാണെന്നും ലോകസമൂഹം അംഗീകരിച്ചതും അതിനുവേണ്ടി നിയമനിര്‍മ്മാണങ്ങളുണ്ടായതും 1970 കളിലാണ്.
1972 ലെ 'സ്റ്റോക്ക്ഹോം മാനവപരിസ്ഥിതിസമ്മേളന'മാണ് ഇത്തരത്തിലുള്ള ആദ്യ ചുവടുവയ്പ്പ്. നമ്മുടെ സാങ്കേതിക,ഭൌതികജീവിതസംസ്കാരത്തില്‍ കടന്നുകൂടിയിട്ടുള്ള അപാകതകളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്ത സമ്മേളനം. അതിനുള്ള പോംവഴിയായി സുസ്ഥിരവികസനം അഥവാ 'സസ്റ്റയിനബിള്‍ ഡവലപ്മെന്‍റ്' എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആ സമ്മേളനത്തില്‍ പങ്കെടുത്തതിന്‍റെ ഫലമാണ്, പിന്നീട് ഇന്ത്യയിലുണ്ടായ ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍.
1977,1980 വര്‍ഷങ്ങളിലാണ് ദേശീയ വനം,വന്യജീവിസംരക്ഷണ നിയമമുണ്ടായത്. ഐക്യരാഷ്ട്രസംഘടനയ്ക്ക് തന്നെ ഒരു പരിസ്ഥിതി വിഭാഗമുണ്ടാകുകയും ( UNEP ) ലോകമൊട്ടാകെയുള്ള പരിസ്ഥിതിപ്രശ്നങ്ങള്‍ ഗൌരവതരമായ പഠനത്തിനു വിധേയമാകുകയും ചെയ്തതിന്‍റെ ഫലമായിരുന്നു 1972 ലെ സ്റ്റോക്ക്ഹോം സമ്മേളനം.
1987 ല്‍ UNEP യുടെ ഗവേണിംഗ് കൌണ്‍സില്‍, 'ജൈവവൈവിധ്യകരാര്‍' എന്ന ആശയത്തിന് രൂപംകൊടുത്തു. തുടര്‍ന്ന്, ഈ ഗവേണിംഗ് കൌണ്‍സില്‍ ജൈവവൈവിധ്യവിദഗ്ധരുടെ ഒരു താല്‍കാലിക കര്‍മസമിതി രൂപീകരിച്ചു. 1988 ല്‍ ഈ സമിതി ഒത്തുകൂടി ചര്‍ച്ച നടത്തി. ഇതിന്‍റെ തുടര്‍ച്ചയായി അന്താരാഷ്‌ട്ര ജൈവവൈവിധ്യതീര്‍പ്പുകമ്മിറ്റി 1991 ല്‍ നിലവില്‍വന്നു. ഈ കമ്മിറ്റി, 'കണ്‍വന്‍ഷന്‍ ഓണ്‍ ബയോഡൈവേഴ്സിറ്റി'യുടെ കരടുരൂപം തയ്യാറാക്കി. 101 രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുടെ പിന്തുണയോടെ 1992 മെയ് മാസത്തില്‍ നയ്റോബിയില്‍ ചേര്‍ന്ന സമ്മേളനം ഈ കരട് ചര്‍ച്ച ചെയ്ത് അന്തിമരൂപം തയ്യാറാക്കി. 1992 ജൂണില്‍ ബ്രസീലിലെ റിയോ ഡി ജെനീറോയില്‍ നടന്ന രാജ്യാന്തര ഭൌമ ഉച്ചകോടിയില്‍ ഈ കരാറി ന്‍റെ വ്യവസ്ഥകള്‍ വായിച്ചവതരിപ്പിച്ച് അന്തിമഅംഗീകാരം സമ്പാദിച്ചു. 1993 ഡിസംബര്‍ 29 ന് പ്രാബല്യത്തില്‍ വന്ന ലോകജൈവവൈവിധ്യകരാറില്‍ ഇപ്പോള്‍ ഇന്ത്യയടക്കം 171 രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്.കരാര്‍, ലോകരാജ്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് നമ്മള്‍ ഭാരതീയര്‍ പണ്ട് പറഞ്ഞ സംഗതി തന്നെ. ഭൂമുഖത്തുള്ള സസ്യങ്ങളും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെട്ട ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് മനുഷ്യന്‍റെ കടമയാണ്. സര്‍ക്കാരുകളുടെ കടമയാണ്.
ഭൂമുഖത്ത് ആകെ ഒരു കോടി SPECIES കള്‍ ഉണ്ടെങ്കിലും ഇതുവരെ നമ്മള്‍ കണ്ടറിഞ്ഞു മനസ്സിലാക്കിയിട്ടുള്ളത് 16 ലക്ഷം മാത്രം. ഇവയില്‍ പലതും വംശനാശഭീഷണിയിലുമാണ്. ഇവയോരോന്നിനെയും സംരക്ഷിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഭൂമി മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത പ്രദേശമായിത്തീരും. കാരണമെന്തെന്നോ, മനുഷ്യന് ആവശ്യമുള്ള ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം, ഔഷധം തുടങ്ങിയവയെല്ലാം തരുന്നത് അപൂര്‍വ്വവും അമൂല്യവുമായ ഈ ജൈവവൈവിധ്യമാണ്. ഇത് ഭൂമിയുടെ മാത്രം പ്രത്യേകതയാണ്. ഇതിനെ സംരക്ഷിച്ചില്ലെങ്കില്‍ നാം നമ്മെത്തന്നെയാണ് കൊല്ലുന്നത്.
ജൈവവൈവിധ്യസംരക്ഷണത്തെപ്പോലെതന്നെ പ്രാധാന്യമുള്ളതാണ് ജലസംരക്ഷണം.വെള്ളം ഉള്ളതുകൊണ്ടാണ് ഭൂമിയില്‍ ജീവന്‍ ഉണ്ടായതും നിലനില്‍ക്കുന്നതും എന്നു നമ്മള്‍ പഠിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സ്ഥിതി
ലോകത്തില്‍ ആകെയുള്ള ജലത്തിന്‍റെ മൂന്നുശതമാനം മാത്രമാണ് ശുദ്ധജലം. ബാക്കി 97 ശതമാനവും സമുദ്രത്തിലുള്ള ഉപ്പുവെള്ളമാണ്. ഉള്ള ശുദ്ധജലത്തിന്‍റെ തന്നെ 77 ശതമാനം മഞ്ഞുമലകളിലും ഹിമാനികളിലുമാണ്. ബാക്കിയുള്ള ശുദ്ധജലത്തിന്‍റെ മുന്തിയഭാഗവും മണ്ണില്‍ കലര്‍ന്ന ഭൂഗര്‍ഭജലമാണ്.കുളങ്ങള്‍,കിണറുകള്‍,തോടുകള്‍,ശുദ്ധജലതടാകങ്ങള്‍,നദികള്‍ എന്നിവയെല്ലാം കൂടി നമുക്ക് നേരിട്ട് എടുത്ത് ഉപയോഗിക്കാന്‍ പാകത്തിലുള്ള ശുദ്ധജലം 0.3 ശതമാനം മാത്രം. അപ്പോള്‍ നമ്മുടെ കയ്യിലുള്ള ശുദ്ധജലത്തിന്‍റെ
മൂല്യം എത്ര വലുതാണെന്ന് നോക്കു.
വെള്ളം സംരക്ഷിക്കുന്നതിനാണ് നമ്മള്‍ കാവും കുളവും സംരക്ഷിച്ചിരുന്നത്. വനം സംരക്ഷിച്ചിരുന്നത്. ഒരു ഹെക്ടര്‍ വനത്തിന് 30000 ഘനമീറ്റര്‍ മഴവെള്ളം സംഭരിച്ചുനിര്‍ത്താനാവും.
ലോകമൊട്ടാകെ 200 കോടി ജനങ്ങള്‍ ( ആകെയുള്ളത് 600 കോടി ) കുടിക്കാനുള്ള ശുദ്ധജലം കിട്ടാതെ വിഷമിക്കുന്നുവെന്നാണ് കണക്ക്. പ്രതിവര്‍ഷം 3000 മില്ലിമീറ്റര്‍ മഴ കിട്ടുന്ന 44 നദികളും 45 ലക്ഷം കിണറുകളും ആയിരക്കണക്കിന് കുളങ്ങളുമുള്ള കേരളം ഏതാനും വര്‍ഷമായി മഴതോര്‍ന്നാലുടന്‍ വറ്റിവരളുന്നത് നമുക്ക് അറിയാവുന്ന വസ്തുതയാണ്. അപ്പോള്‍ എത്ര ശ്രദ്ധയോടെയും മിതമായ അളവിലും വേണം വെള്ളം ഉപയോഗിക്കുവാന്‍ എന്നു മനസ്സിലാക്കുക.
നാം നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ബോധാവാന്മാരാകാന്‍ ഇനി വൈകരുതെന്നു മാത്രം. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭൌതികവശം ( സുഖകരമായ ആഹാര, നീഹാര,മൈഥുന,നിദ്രകള്‍ ) നോക്കിയാലും അതിന്‍റെ ആത്മീയവശം (ലോകസമാധാനം ) നോക്കിയാലും നമുക്ക് ആ ദൌത്യത്തില്‍ നിന്നു പിന്മാറാനാകില്ല. അതു നിത്യജീവിതത്തിന്‍റെ ശൈലിയാക്കേണ്ടിവരുമ്പോള്‍ ലജ്ജയോ പരിഷ്കാരമില്ലായ്മയോ തോന്നാന്‍പാടില്ല. മറിച്ച്, നമ്മുടെ വേരുകളില്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ആ മഹത്തായ ദൌത്യത്തിന്‍റെ നിര്‍വ്വഹണത്തില്‍ നമുക്ക് പങ്കാളികളാകാം.
കടപ്പാട്:കേളികൊട്ട്