অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പരിസ്ഥിതിയെ രക്ഷിക്കുന്നതിൽ നാം വിജയിച്ചോ..

പരിസ്ഥിതിയെ രക്ഷിക്കുന്നതിൽ നാം വിജയിച്ചോ..

പരിസ്ഥിതിയെ രക്ഷിക്കുന്നതിൽ നാം എത്രത്തോളം വിജയിച്ചിരിക്കുന്നു!
ചെർണോബിൽ, ഭോപ്പാൽ, വാൽഡിസ്‌, ത്രീ മൈൽ ദ്വീപ്‌. ഇത്തരം പേരുകൾ കേൾക്കുമ്പോൾ ലോകത്തിന്‍റെ വ്യത്യസ്‌ത ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള പാരിസ്ഥിതിക ദുരന്തങ്ങളുടെ ബീഭത്സ ചിത്രങ്ങൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തിയേക്കാം. ഭൗമപരിസ്ഥിതി കടന്നാക്രമണത്തിനു വിധേയമാകുകയാണെന്ന് ഈ ദുരന്തങ്ങൾ ഓരോന്നും നമ്മുടെ ശ്രദ്ധയിൽ പെടുത്തി.
പരിസ്ഥിതി വിദഗ്‌ധരും വ്യക്തികളുമായി അനേകംപേർ മുന്നറിയിപ്പുകൾ മുഴക്കിയിട്ടുണ്ട്. തങ്ങളുടെ വീക്ഷണങ്ങൾ ഉറക്കെ പ്രഖ്യാപിക്കാൻ ചിലർ പരസ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിലോലമായ ഒരു ആവാസവ്യവസ്ഥ സ്ഥിതിചെയ്യുന്ന ഒരു പ്രദേശത്തുകൂടി റോഡ്‌ നിർമിക്കാനുള്ള ശ്രമത്തെ എതിർത്തുകൊണ്ട് ഇംഗ്ലീഷുകാരിയായ ഒരു ലൈബ്രേറിയൻ ഒരു ബുൾഡോസറിനോടു ചേർത്ത്‌ തന്നെത്തന്നെ ചങ്ങലയ്‌ക്കിട്ടു. ഓസ്‌ട്രേലിയയിൽ, ഒരു ദേശീയ പാർക്കിനുള്ളിലെ യുറേനിയം ഖനനത്തിനെതിരെ രണ്ട് ആദിവാസി സ്‌ത്രീകൾ പ്രക്ഷോഭം നയിച്ചു. ഖനനം നിറുത്തിവെച്ചു. സദുദ്ദേശ്യപരമെങ്കിലും ഇത്തരം പരിശ്രമങ്ങൾ എല്ലായ്‌പോഴും അനൂകൂല പ്രതികരണം നേടിയിട്ടില്ല. ദൃഷ്ടാന്തത്തിന്‌, മുങ്ങിപ്പോയ അന്തർവാഹിനികളിലെ ആണവ റിയാകടറുകളിൽനിന്നുള്ള അണുപ്രസരണത്തെ കുറിച്ച് സോവിയറ്റ്‌ ഭരണകാലത്ത്‌ ഒരു നാവിക മേധാവി ഉത്‌കണ്‌ഠ പ്രകടിപ്പിച്ചു. ഇവയുടെ സ്ഥാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന്‍റെ ഫലമായി അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു.
പരിസ്ഥിതി നേരിടുന്ന ഭീഷണികളെ കുറിച്ച് നിരവധി സംഘടനകളും അപായമണി മുഴക്കുന്നുണ്ട്. യുനെസ്‌കോ എന്ന് അറിയപ്പെടുന്ന ഐക്യരാഷ്‌ട്ര വിദ്യാഭ്യാസ ശാസ്‌ത്രീയ സാംസ്‌കാരിക സംഘടന, ഐക്യരാഷ്‌ട്ര പരിസ്ഥിതി പരിപാടി, ഗ്രീൻപീസ്‌ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ചില സംഘടനകളും വ്യക്തികളും, പരിസ്ഥിതി പ്രശ്‌നങ്ങൾ തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ടു വരുന്ന സന്ദർഭങ്ങളിൽ അവ കേവലം റിപ്പോർട്ടു ചെയ്യുന്നു. മറ്റുള്ളവരാകട്ടെ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ ജനശ്രദ്ധയിലേക്കു കൊണ്ടുവരാനുള്ള ഉദ്യമങ്ങൾക്കായി സ്വയം അർപ്പിച്ചിരിക്കുന്നു. പരിസ്ഥിതി വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്ന സ്ഥലങ്ങളിലേക്ക് പ്രവർത്തകരെ അയയ്‌ക്കുന്നതിലും, ആഗോളതപനം, വംശനാശഭീഷണി നേരിടുന്ന ജൈവജാതികൾ, ജന്തുക്കളിലും സസ്യങ്ങളിലും ജനിതക വ്യതിയാനം വരുത്തുന്നതിന്‍റെ അപകടങ്ങൾ എന്നിവ പോലുള്ള പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധ ആകർഷിക്കുന്നതിലും കേൾവികേട്ടതാണ്‌ ഗ്രീൻപീസ്‌ എന്ന സംഘടന.
“ആഗോള പരിസ്ഥിതി പ്രശ്‌നങ്ങളെ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തിൽ [തങ്ങൾ] സർഗാത്മക ഏറ്റുമുട്ടൽ രീതികൾ” അവലംബിക്കുന്നതായി ചില പരിസ്ഥിതിപ്രവർത്തകർ പറയുന്നു. അങ്ങനെ, കാലങ്ങളായി നിലനിന്നുപോരുന്ന വനങ്ങൾ വെട്ടിനശിപ്പിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് തടിമില്ലുകളുടെ ഗേറ്റുകളോടു ചേർത്ത്‌ തങ്ങളെത്തന്നെ ചങ്ങലയ്‌ക്കിടുന്നതുപോലുള്ള സമരതന്ത്രങ്ങൾ അവർ പ്രയോഗിക്കുന്നു. തിമിംഗിലവേട്ട നിരോധന കാലയളവ്‌ ഒരു രാജ്യം ലംഘിച്ചപ്പോൾ, ആ നടപടി തങ്ങൾ സുസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് എന്നതിന്‍റെ സൂചനയായി, വലിയ കണ്ണുകൾ വെച്ചുകെട്ടി ആ രാജ്യത്തിന്‍റെ സ്ഥാനപതി കാര്യാലയത്തിനു മുന്നിൽ പ്രകടനം നടത്തിക്കൊണ്ടാണ്‌ പരിസ്ഥിതിവാദികൾ പ്രതിഷേധിച്ചത്‌.
പരിസ്ഥിതിവാദികൾക്കു സമരംചെയ്യാൻ പ്രശ്‌നങ്ങൾക്കു യാതൊരു കുറവുമില്ല. ഉദാഹരണത്തിന്‌, ജലമലിനീകരണത്തിന്‍റെ ഭവിഷ്യത്തുകളെ കുറിച്ച് വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും ആവർത്തിച്ച് മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്. എന്നിട്ടും സാഹചര്യം തികച്ചും ഖേദകരമാണ്‌. നൂറുകോടി ആളുകൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല. ടൈം മാസിക പറയുന്ന പ്രകാരം, “34 ലക്ഷം പേർ ജലജന്യ രോഗങ്ങൾ നിമിത്തം ഓരോ വർഷവും മരിക്കുന്നു.” വായു മലിനീകരണവും സമാനമായ ഒരു പ്രശ്‌നമാണ്‌. “വായു മലിനീകരണം, പ്രതിവർഷം 27 ലക്ഷം മുതൽ 30 ലക്ഷം വരെ ആളുകളുടെ ജീവൻ അപഹരിക്കുന്നതായി കണക്കാക്കപ്പെടുന്നു” എന്നാണ്‌ 2001-ലെ ലോകജനസംഖ്യാനില (ഇംഗ്ലീഷ്‌) റിപ്പോർട്ടു ചെയ്യുന്നത്‌. തുടർന്ന്, അത്‌ ഇങ്ങനെ പറയുന്നു: “വീടിനു പുറത്തുള്ള വായു മലിനീകരണം 110 കോടിയിലധികം ആളുകളെ ഹാനികരമായി ബാധിക്കുന്നു.” ദൃഷ്ടാന്തമായി അത്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “യൂറോപ്പിൽ കുട്ടികൾക്കുണ്ടാകുന്ന ശ്വാസകോശ രോഗബാധകളിൽ 10 ശതമാനത്തിന്‍റെയും കാരണം വായുവിൽ തങ്ങിനിൽക്കുന്ന സൂക്ഷ്മ കണങ്ങൾമൂലമുള്ള മലിനീകരണമാണ്‌.”
പലർക്കും ഇതൊരു വൈരുദ്ധ്യമായി തോന്നുന്നു. പരിസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ മുമ്പെന്നത്തെക്കാൾ ഇന്നു ലഭ്യമാണ്‌. പരിസ്ഥിതി ശുചീകരണത്തിൽ എന്നത്തെക്കാളധികം ആളുകളും സംഘടനകളും താത്‌പര്യം പ്രകടിപ്പിക്കുന്നു. പ്രശ്‌നപരിഹാരത്തിൽ സഹായിക്കാൻ ഗവൺമെന്‍റുകൾ പ്രത്യേക ഡിപ്പാർട്ടുമെന്‍റുകൾതന്നെ രൂപവത്‌കരിച്ചിരിക്കുന്നു. പ്രശ്‌നങ്ങൾ കൈകാര്യംചെയ്യാൻ മുമ്പില്ലാതിരുന്ന അത്യാധുനിക സാങ്കേതികവിദ്യ ഇന്നു നമുക്കുണ്ട്. എന്നിട്ടും കാര്യങ്ങൾ മെച്ചപ്പെടുന്നതായി കാണുന്നില്ല. എന്തുകൊണ്ട്?
വ്യാവസായിക പുരോഗതിയുടെ ഉദ്ദേശ്യം ജീവിതം കൂടുതൽ സുഗമമാക്കുക എന്നതായിരുന്നു. ഈ ഉദ്ദേശ്യം സാധിക്കുന്നതിൽ ഒരളവുവരെ അതു വിജയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ “പുരോഗതി” തന്നെയാണ്‌ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നത്‌. വ്യവസായം നമുക്കു കരഗതമാക്കിയിരിക്കുന്ന നൂതന കണ്ടുപിടിത്തങ്ങളെയും പുരോഗതികളെയും നാം വിലമതിക്കുന്നു. എന്നാൽ, ഇവയുടെ ഉത്‌പാദനവും ഉപഭോഗവുംതന്നെ മിക്കപ്പോഴും ലോകത്തിന്‍റെ പല ഭാഗങ്ങളുടെ നാശത്തിനു കാരണമാകുന്നു.
ഇതിന്‌ ഉദാഹരണമാണ്‌ മോട്ടോർ വാഹനങ്ങൾ. അവ യാത്ര ശീഘ്രവും സുകരവും ആക്കിയിരിക്കുന്നു. കുതിരയുടെയും കുതിരവണ്ടിയുടെയും യുഗത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർ ചുരുങ്ങും. എന്നിരുന്നാലും, ആധുനിക ഗതാഗതം ഒട്ടനവധി പ്രശ്‌നങ്ങൾക്കു വഴിമരുന്നിട്ടിരിക്കുന്നു. അവയിൽ ഒന്നാണ്‌ ആഗോളതപനം. കോടിക്കണക്കിന്‌ ടൺ വാതകങ്ങൾ പുറന്തള്ളുന്ന കണ്ടുപിടിത്തങ്ങൾമൂലം മനുഷ്യർ അന്തരീക്ഷത്തിന്‍റെ രാസഘടനയെ തകിടം മറിച്ചിരിക്കുന്നു. ഈ വാതകങ്ങൾ ഹരിതഗൃഹ പ്രഭാവം എന്നറിയപ്പെടുന്ന പ്രതിഭാസത്തിനു കാരണമാകുന്നതായി പറയപ്പെടുന്നു. ഇത്‌ അന്തരീക്ഷത്തിന്‍റെ താപനില വർധിക്കാൻ ഇടയാക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഉടനീളം അന്തരീക്ഷ ഊഷ്‌മാവ്‌ വർധിക്കുകയുണ്ടായി. “20-‍ാ‍ം നൂറ്റാണ്ടിലെ ഏറ്റവും ചൂടുകൂടിയ പത്തുവർഷങ്ങൾ നൂറ്റാണ്ടിന്‍റെ അവസാന 15 വർഷങ്ങളിലാണ്‌ ഉണ്ടായത്‌” എന്ന് യു.എ⁠സ്‌. പരിസ്ഥിതി സംരക്ഷണ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. 21-‍ാ‍ം നൂറ്റാണ്ടിൽ, ശരാശരി ആഗോള അന്തരീക്ഷ ഊഷ്‌മാവ്‌ 1.4 മുതൽ 5.8 വരെ ഡിഗ്രി സെൽഷ്യസ്‌ വർധിച്ചേക്കുമെന്ന് ചില ശാസ്‌ത്രജ്ഞന്മാർ കരുതുന്നു.
ചൂടുകൂടുന്നത്‌ മറ്റു പ്രശ്‌നങ്ങൾ വിളിച്ചുവരുത്തിയേക്കാം. ഉത്തരാർധ ഗോളത്തിൽ മഞ്ഞുമൂടിയ പ്രദേശങ്ങൾ കുറഞ്ഞു വരുന്നു. 2002-ന്‍റെ ആരംഭത്തിൽ, അന്‍റാർട്ടിക്കയിലെ 3,250 ചതുരശ്ര കിലോമീറ്റർ വരുന്ന ഒരു ഹിമപാളി ഉടഞ്ഞുപോയി. ഈ നൂറ്റാണ്ടിൽ സമുദ്രനിരപ്പ് ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് തീരദേശങ്ങളിൽ ജീവിക്കുന്നതിനാൽ അത്‌ ഒടുവിൽ ഭവനങ്ങളും കൃഷിസ്ഥലങ്ങളും നഷ്ടപ്പെടുന്നതിന്‌ ഇടയാക്കിയേക്കാം. സമുദ്രതീരത്തുള്ള നഗരങ്ങൾക്കും അത്‌ ഗുരുതരമായ പ്രശ്‌നങ്ങൾ വരുത്തിവെച്ചേക്കാം.
ഉയരുന്ന ഊഷ്‌മാവ്‌, വർധിച്ച ഹിമ-വർഷപാതത്തിനും ആവർത്തിച്ചുള്ള കടുത്ത കാലാവസ്ഥയ്‌ക്കും ഇടയാക്കുമെന്ന് ശാസ്‌ത്രജ്ഞന്മാർ വിശ്വസിക്കുന്നു. 90 പേരുടെ ജീവനെടുക്കുകയും 27 കോടി വൃക്ഷങ്ങൾ നശിപ്പിക്കുകയും ചെയ്‌തുകൊണ്ട് 1999-ൽ ഫ്രാൻസിൽ ആഞ്ഞടിച്ച കൊടുങ്കാറ്റുപോലുള്ള പ്രകൃതിക്ഷോഭങ്ങൾ വരാനിരിക്കുന്നവയുടെ മുന്നോടി മാത്രമാണെന്ന് ചിലർ കരുതുന്നു.
സാങ്കേതികവിദ്യയുടെ പരിണതികൾ എത്ര സങ്കീർണമാണെന്ന് മോട്ടോർ വാഹനത്തിന്‍റെ ഉദാഹരണം തെളിയിക്കുന്നു. ഈ കണ്ടുപിടിത്തങ്ങൾ പൊതുവിൽ ജനത്തിനു പ്രയോജനം ചെയ്യുന്നവയാണെങ്കിലും ജീവിതത്തിന്‍റെ നാനാ മണ്ഡലങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ അവമൂലം ഉരുത്തിരിഞ്ഞേക്കാം. 2001-ലെ മാനവ വികസന റിപ്പോർട്ട് (ഇംഗ്ലീഷ്‌) നടത്തിയ പിൻവരുന്ന പ്രസ്‌താവന അർഥവത്താണ്‌: “സാങ്കേതികവിദ്യയുടെ ഏതൊരു കാൽവെപ്പും സാധ്യതയുള്ള നേട്ടങ്ങളോടൊപ്പം കോട്ടവും കൈവരുത്തുന്നു, അവയിൽ ചിലത്‌ മൂൻകൂട്ടിക്കാണുക അത്ര എളുപ്പമല്ല.”
പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ സാങ്കേതികവിദ്യയിലേക്കു തന്നെയാണ്‌ ആളുകൾ മിക്കപ്പോഴും നോക്കുന്നത്‌. ഉദാഹരണത്തിന്‌, കീടനാശിനികളുടെ ഉപയോഗത്തിനെതിരെ പരിസ്ഥിതിവാദികൾ കാലങ്ങളായി മുറവിളികൂട്ടിയിട്ടുണ്ട്. കീടനാശിനികളുടെ ഉപയോഗം കുറയ്‌ക്കുകയോ അവയുടെ ആവശ്യമേ ഇല്ലാതാക്കുകയോ ചെയ്യുമായിരുന്ന ജനിതക വ്യതിയാനം വരുത്തിയ സസ്യങ്ങൾ ഉത്‌പാദിപ്പിക്കപ്പെട്ടപ്പോൾ സാങ്കേതികവിദ്യ ഉചിതമായ ഒരു പരിഹാരമാർഗം പ്രദാനം ചെയ്‌തതായി ആളുകൾക്കു തോന്നി. എന്നിരുന്നാലും, കീടനാശിനി കൂടാതെ തണ്ടുതുരപ്പനെ നിയന്ത്രിക്കത്തക്കവിധത്തിൽ രൂപപ്പെടുത്തിയെടുത്ത ബിറ്റി ചോളത്തിന്‌ മൊണാർക്ക് ചിത്രശലഭങ്ങളെയും കൊല്ലാൻ കഴിയും എന്ന് പരീക്ഷണങ്ങളിൽ വെളിപ്പെട്ടു. അങ്ങനെ “പ്രശ്‌നപരിഹാര”ത്തിൽനിന്നുതന്നെ ചിലപ്പോൾ അപ്രതീക്ഷിതമായ തിരിച്ചടികൾ നേരിടുന്നു. അവ കൂടുതലായ പ്രശ്‌നങ്ങൾക്കു കളമൊരുക്കിയേക്കാം.
ഗവൺമെന്‍റുകൾക്ക് സഹായിക്കാൻ കഴിയുമോ?
പരിസ്ഥിതി നാശം ബൃഹത്തായ ഒരു പ്രശ്‌നമായിരിക്കുന്നതിനാൽ, വിജയപ്രദമായ ഒരു നീക്കുപോക്കുണ്ടാക്കുന്നതിന്‌ ലോക ഗവൺമെന്‍റുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമായിരിക്കും. ചിലപ്പോഴെങ്കിലും ഗവൺമെന്‍റ് പ്രതിനിധികൾ, പരിസ്ഥിതിക്കു ഗുണകരമായ ക്രിയാത്മക പരിവർത്തനങ്ങൾ മുന്നോട്ടുവെക്കാൻ ധൈര്യംകാട്ടിയിരിക്കുന്നത്‌ ശ്ലാഘനീയമാണ്‌. എന്നിരുന്നാലും, യഥാർഥ വിജയങ്ങൾ എന്നും വിരളമായിരുന്നു.
ഇതിന്‌ ഒരു ഉദാഹരണമാണ്‌ 1997-ൽ ജപ്പാനിൽ നടന്ന അന്താരാഷ്‌ട്ര ഉച്ചകോടി. ആഗോളതപനത്തിന്‌ ആധാരമായി പറയപ്പെടുന്ന, മാലിന്യ ഉത്സർജനത്തിന്‍റെ തോതു കുറയ്‌ക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കരാറിന്‍റെ ഉപാധികളും വ്യവസ്ഥകളും നിശ്ചയിക്കുന്നതിന്‌ രാഷ്‌ട്രങ്ങൾ തർക്കവിതർക്കങ്ങളും സംവാദങ്ങളും നടത്തി. ഒടുവിൽ പലരെയും അതിശയിപ്പിച്ചുകൊണ്ട് അവർ ഒരു ഉടമ്പടിയിൽ എത്തിച്ചേർന്നു. ക്യോട്ടോ പ്രോട്ടോകോൾ എന്നാണ്‌ ഈ കരാർ അറിയപ്പെടുന്നത്‌. തങ്ങൾ ക്യോട്ടോ പ്രോട്ടോകോൾ ഉപേക്ഷിക്കുകയാണെന്ന് 2001-ന്‍റെ ആരംഭത്തിൽ യു.എ⁠സ്‌. ഗവൺമെന്‍റ് സൂചന നൽകി. ഇത്‌ ആളുകളെ ആശ്ചര്യപ്പെടുത്തി. കാരണം ലോക ജനസംഖ്യയുടെ 5 ശതമാനത്തിൽ കുറവുമാത്രമുള്ള ഐക്യനാടുകളാണ്‌ വിഷമാലിന്യങ്ങളുടെ ഏതാണ്ട് നാലിൽ ഒരു ഭാഗവും ഉത്സർജിക്കുന്നത്‌. കൂടാതെ, ഈ ഉടമ്പടിയിൽ ഒപ്പുവെക്കുന്നതു സംബന്ധിച്ച് മറ്റു ഗവൺമെന്‍റുകൾ മെല്ലെപ്പോക്കു നയമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.
അർഥവത്തായ നിവാരണമാർഗങ്ങൾ ആവിഷ്‌കരിക്കുക എന്നത്‌ ഗവൺമെന്‍റുകളെ സംബന്ധിച്ചിടത്തോളം എത്ര ബുദ്ധിമുട്ടാണെന്ന് മേൽപ്പറഞ്ഞ ദൃഷ്ടാന്തം വ്യക്തമാക്കുന്നു. പരിസ്ഥിതി പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് ഒരു യോജിപ്പിലെത്തുന്നത്‌ അതിനെക്കാൾ ദുഷ്‌കരവും. ഉടമ്പടികൾ ഒപ്പിട്ടാൽപ്പോലും ചില കക്ഷികൾ പിന്നീട്‌ കാലുമാറാറുണ്ട്. മറ്റു ഗവൺമെന്‍റുകളാകട്ടെ, ഉടമ്പടി വ്യവസ്ഥകൾ നടപ്പിൽ വരുത്തുക ബുദ്ധിമുട്ടാണെന്നു കണ്ടെത്തുന്നു. ഇനിയും ചില ഗവൺമെന്‍റുകളും കോർപ്പറേഷനുകളും, പരിസ്ഥിതി ശുചീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ചെലവുകൾ തങ്ങൾക്കു താങ്ങാൻ കഴിയില്ലെന്നു കരുതുന്നു. ചില സ്ഥലങ്ങളിൽ ലാഭക്കൊതിയാണ്‌ കാര്യങ്ങളെ നയിക്കുന്നത്‌. വ്യവസായരംഗത്തെ അതികായന്മാർ, തങ്ങളുടെ ലാഭം ചോർത്തിക്കളയുന്ന നടപടികൾ നടപ്പാക്കാതിരിക്കാൻ ഗവൺമെന്‍റുകളുടെമേൽ ശക്തമായ സമ്മർദം ചെലുത്തുന്നു. വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, ഭവിഷ്യത്തുകൾ ഗണ്യമാക്കാതെ പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുന്നു എന്ന കുപ്രസിദ്ധി ആർജിച്ചിരിക്കുന്നു.
ഭൂമിയുടെ മലിനീകരണത്തിന്‍റെ പരിണതഫലങ്ങൾ എത്ര വിപത്‌കരമായിരിക്കും എന്നതിനെ കുറിച്ച് ശാസ്‌ത്രജ്ഞന്മാർക്കുതന്നെ അഭിപ്രായൈക്യം ഇല്ലാത്തത്‌ കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. തന്നിമിത്തം, ചിലർ വിചാരിക്കുന്നത്ര ഗൗരവമുള്ളതോ ഇല്ലാത്തതോ ആയിരുന്നേക്കാവുന്ന ഒരു പ്രശ്‌നത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ സാമ്പത്തിക വളർച്ചയുടെമേൽ എത്രത്തോളം പരിമിതികൾ കെട്ടിവെക്കണം എന്നതു സംബന്ധിച്ച് ഗവൺമെന്‍റ് നയരൂപവത്‌കരണ വിദഗ്‌ധന്മാർക്ക് ഒരു തീരുമാനത്തിലെത്താൻ കഴിയാതെ വന്നേക്കാം.
പരിസ്ഥിതി പ്രശ്‌നങ്ങളിൽ മിക്കതുംതന്നെ കൂടുതൽ വഷളാവുകയാണ്‌.
ശബ്ദ മലിനീകരണം
കാണാൻ കഴിയാത്ത ഒരു മലിനീകരണമുണ്ട്, അതു കേൾക്കാനേ കഴിയൂ​—⁠ശബ്ദ മലിനീകരണം തന്നെ. കേൾവിക്കുറവ്‌, സമ്മർദം, ഉയർന്ന രക്തസമ്മർദം, നിദ്രാനഷ്ടം, ഉത്‌പാദനക്ഷമതയുടെ കുറവ്‌ എന്നിവയ്‌ക്കു കാരണമാകുന്നതിനാൽ ഇതും ഉത്‌കണ്‌ഠയ്‌ക്കു വകനൽകുന്നു എന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
വനനശീകരണം മൂലം മൂഷികബാധ
ഫിലിപ്പീൻസിലെ സാമാർ ദ്വീപിൽ, എലിപ്പട 15 പട്ടണങ്ങളെ ആക്രമിച്ചപ്പോൾ, പ്രദേശത്തെ വനനശീകരണമാണ്‌ അതിന്‌ ആധാരമെന്ന് ഒരു ഗവൺമെന്‍റ് റിപ്പോർട്ട് കുറ്റപ്പെടുത്തി. വനനശീകരണം നിമിത്തം എലികളെ ഭക്ഷിക്കുന്ന ജീവികളുടെ എണ്ണം കുറഞ്ഞുപോയി. എലികൾക്കും തീറ്റ കിട്ടാതായി. അങ്ങനെ അവ തീറ്റതേടി ജനവാസമുള്ള പ്രദേശത്തേക്കു കുടിയേറി.
വിഷലിപ്‌തമായ രാസപദാർഥങ്ങൾ
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1,20,000 ടൺ വിഷവസ്‌തുക്കൾ,​—⁠അതിലേറെയും ഫോസ്‌ജീനും മസ്റ്റർഡ്‌ ഗ്യാസുമാണ്‌​—⁠കപ്പലിൽ അടച്ച് സമുദ്രത്തിൽ താഴ്‌ത്തുകയുണ്ടായി. ചിലത്‌ ഉത്തര അയർലൻഡിനു വടക്കുപടിഞ്ഞാറ്‌ മാറിയാണ്‌ തള്ളിയിരിക്കുന്നത്‌.
വായു മലിനീകരണം എന്ന കൊലയാളി
ആഗോളമായി വർഷംതോറും 5 മുതൽ 6 വരെ ശതമാനം മരണത്തിനു കാരണം വായു മലിനീകരണമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കാനഡയിലെ ഒൺടേറിയോ പ്രവിശ്യയിൽ മാത്രം, വായു മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങൾക്കായുള്ള ചികിത്സാ ചെലവും രോഗബാധ നിമിത്തം ആളുകൾ ജോലിക്കു ഹാജരാകാതിരിക്കുന്നതിനാൽ ഉണ്ടാകുന്ന നഷ്ടവും നൂറുകോടി ഡോളറിലധികമാണ്‌ എന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നു.
നശിക്കുന്ന പവിഴപ്പുറ്റുകൾ
ദക്ഷിണപൂർവേഷ്യയിൽ നഞ്ചുകലക്കി മീൻപിടിക്കുന്ന മുക്കുവരിൽ ചിലർ കടലിൽ വിഷ ലായനി ഒഴിക്കുന്നു. മത്സ്യത്തിന്‍റെ ശരീരത്തിൽ വിഷം തങ്ങിനിൽക്കാത്തതുകൊണ്ട് അതു ഭക്ഷ്യയോഗ്യമാണ്‌. എന്നിരുന്നാലും, വിഷം കടൽജലത്തിൽ വ്യാപിച്ച് പവിഴപ്പുറ്റുകളെ നശിപ്പിക്കുന്നു.
ശസ്‌ത്രകിയാ മാസ്‌ക്കുകൾ ഉപയോഗിക്കുന്നതിൽ കാര്യമുണ്ടോ?
ഏഷ്യൻ നഗരങ്ങളിൽ, വായു മലിനീകരണത്തിന്‍റെ മുഖ്യനിദാനം പുകതുപ്പുന്ന വാഹനങ്ങളാണ്‌ എന്ന് ഏഷ്യാവീക്ക് മാസിക റിപ്പോർട്ടു ചെയ്യുന്നു. ട്രക്കും മോട്ടോർസൈക്കിളുമാണ്‌ ഇതിൽ പ്രദൂഷണവീരന്മാർ. അതിസൂക്ഷ്മ കണങ്ങൾ വലിയൊരളവിൽ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ ഇവ ഇടയാക്കുന്നു. ഇത്‌ ഒട്ടനവധി ആരോഗ്യപ്രശ്‌നങ്ങൾക്കു വഴിവെക്കുന്നു. ആ മാസിക തുടർന്ന് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ഡീസൽ പുക കാൻസറിന്‌ കാരണമാകുന്നു എന്ന് മലിനീകരണത്തിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചു പഠിക്കുന്ന തായ്‌വാനിലെ പ്രമുഖ വിദഗ്‌ധനായ, ഡോകടർ ചാൻ ചാങ്‌ ച്വാൻ പറയുന്നു.” ഏഷ്യൻ നഗരങ്ങളിൽ ചിലർ ആത്മസംരക്ഷണാർഥം ശസ്‌ത്രക്രിയാ മാസ്‌ക്കുകൾ ധരിക്കുന്നു. ഈ മുഖംമൂടികൾ എന്തെങ്കിലും ഗുണം ചെയ്യുമോ? ഡോകടർ ചാൻ ഇങ്ങനെ മറുപടി പറയുന്നു: “ഈ മാസ്‌ക്കുകൾ ധരിക്കുന്നതുകൊണ്ട് പറയത്തക്ക പ്രയോജനം ഒന്നുമില്ല. മലിന വാതകങ്ങളും അതിസൂക്ഷ്മ കണങ്ങളും നിമിത്തമാണ്‌ മലിനീകരണത്തിൽ അധികവും ഉണ്ടാകുന്നത്‌. വെറുമൊരു മാസ്‌ക്കിന്‌ അതിനെയൊന്നും അരിച്ചുവിടാൻ കഴിയില്ല. മാത്രവുമല്ല, അവ പൂർണമായി വായുരോധകമല്ലതാനും. പിന്നെ, ധരിക്കുന്ന ആളിന്‌ ഒരു സുരക്ഷിതത്വം തോന്നുന്നു, അത്രമാത്രം.”
കടപ്പാട്:wol.jw.org/

അവസാനം പരിഷ്കരിച്ചത് : 8/29/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate