অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പരിസ്ഥിതി -വിവിധ ഇനം ജീവികളും സസ്യങ്ങളും

പരിസ്ഥിതി -വിവിധ ഇനം ജീവികളും സസ്യങ്ങളും

വാനരവംശത്തിലെ മാംസഭോജികൾ

മനുഷ്യൻ ഉൾപ്പെടുന്ന വാനരവംശത്തിലാണ് ജന്മം. എങ്കിലും മനുഷ്യൻ എന്ന ബന്ധുവിന്റെ കയ്യിലിരിപ്പുമൂലം ഇന്ന് വംശനാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ജീവിയാണ് ടാർസിയെർ. തെക്കുകിഴക്കനേഷ്യയിലെ ദ്വീപുകളിൽ മാത്രം കണ്ടുവരുന്ന അത്യപൂർവജീവി.

ചെറിയ ശരീരത്തിനും മുഖത്തിനും ചേരാത്തവിധം വലിപ്പമുള്ള ഉണ്ടക്കണ്ണുകൾ, താരതമ്യേന വലിയ പാദങ്ങളോടുകൂടിയ നീണ്ട പിൻകാലുകൾ, മെലിഞ്ഞു നീണ്ട വാൽ, നീണ്ട വിരലുകൾ, എന്നിവയൊക്കെയാണ് ടാർസിയെറുടെ പ്രത്യേകതകൾ. വാൽ ഒഴിച്ചു നിർത്തിയാൽ വെറും മൂന്നര മുതൽ ആറിഞ്ചുവരെ നീളമേ ഇവയ്ക്കുള്ളൂ. ശരീരത്തിന്റെ ഇരട്ടിയോളം നീളം വാലിനുണ്ടാകും. ഏതു നേരവും മരങ്ങളിൽ മാത്രം കഴിച്ചു കൂട്ടുന്ന രാത്രിഞ്ചരന്മാരായ ജീവികളാണിവ. പൊതുവേ നാണം കുണുങ്ങികളായ ഇവ മനുഷ്യന്റെ കൺവെട്ടത്തുവരില്ല. ലോകത്തിൽ എത്രതരം ടാർസിയെറുകളുണ്ടെന്നും ഇനി എത്ര തരത്തിനെ കണ്ടെത്താനുണ്ടെന്നും കൃത്യമായി പറയാൻ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

വാനരവംശത്തിൽ ലെമുറുകൾക്കും കുരങ്ങുകൾക്കുമിടിയിലുള്ള ജീവവർഗമായി ശാസ്ത്രജ്ഞർ ടാർസിയെറുകളെ കണക്കാക്കുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തിലിന്ന് മൂന്നുതരം ടാർസിയെറുകളാണുള്ളത്. വെസ്റ്റേൺ, ഈസ്റ്റേൺ, ഫിലിപ്പിയൻ എന്നിവയാണവ. ഇവയിൽത്തന്നെ പതിനെട്ടോളം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. പല സ്പീഷീസുകളിലും കണ്ണിന്റെയും ചെവിയുടെയും വലിപ്പം, സ്വഭാവം, ശബ്ദം തുടങ്ങിയവയിൽ വലിയ വ്യത്യാസങ്ങൾ കണ്ടുവരുന്നു.

വാനരവംശത്തിൽ പൂർണമായും മാംസഭോജികളായ ഒരേയൊരു ജീവി ടാർസിയെറാണ്. മരങ്ങളിൽ കാണുന്ന കീടങ്ങൾ, പല്ലികൾ, ചെറുപാമ്പുകൾ തുടങ്ങിയ ജീവികളെ ഇവ ഭക്ഷണമാക്കുന്നു. മരച്ചില്ലകളിലൂടെ ചാടിച്ചാടിയാണ് ഇവയുടെ സഞ്ചാരം. മരങ്ങളിൽ അള്ളിപ്പിടിക്കാനുള്ള ഗ്രിപ്പ് നൽകുംവിധമാണ് കാൽവിരലുകളുടെ അറ്റം. മരങ്ങളിലൂടെയുള്ള സഞ്ചാരത്തിന് നീണ്ട വാലും വേണ്ടവിധം സപ്പോർട്ട് ചെയ്യുന്നു. ടാർസിയെറുകളിലെ  ചില വിഭാഗക്കാർ കൂട്ടുകുടുംബമായും ചിലവ തീർത്തും ഏകാകികളായും കഴിയാനിഷ്ടപ്പെടുന്നു. മുതിർന്നവരെപ്പോലെ കട്ടിയുള്ള രോമക്കുപ്പായവും തുറന്ന കണ്ണുകളും ജനിച്ചുവീഴുന്ന ടാർസിയെർ കുഞ്ഞുങ്ങൾക്കുണ്ടാകും. ജനിച്ച് ഒരു മണിക്കൂറിനകം കുഞ്ഞുങ്ങൾ മരം കയറുകയും ചെയ്യും.

ഏതാണ്ടെല്ലാ വിഭാഗം ടാർസിയറുകളും ഇന്ന് കടുത്ത വംശനാശഭീഷണിയിലാണ് വനനശീകരണം, വേട്ടയാടൽ തുടങ്ങി മനുഷ്യന്റെ നാനാവിധമായ ശല്യപ്പെടുത്തലുകളാണ് പ്രധാന കാരണം.. വളർത്താനായും മനുഷ്യൻ ടാർസിയെറുകളെ പിടികൂടാറുണ്ടെങ്കിലും പാവങ്ങൾ അധികവും ചത്തുപോവുകയാണ് പതിവ്.

ഞാൻ ശരിക്കും നോൺ വെജ് ആണു കേട്ടോ...

 

പിച്ചർ പ്ലാന്റ്

ചെടികൾക്കിടയിലും ഉണ്ട് പക്കാ മാംസഭുക്കുകൾ .ഈ പ്രാണി പിടിയൻ വള്ളിച്ചെടിയുടെ പേരാണ് പിച്ചർ പ്ലാൻറ് , ചൈന ,തായ്‌ലൻഡ് ,മലേഷ്യ സിങ്കപ്പൂർ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ ഇത് കാണപ്പെടുന്നു. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഈ ചെടി കാണാനാകും.

പ്രാണികളുടെ മുഖ്യ ശത്രുവാണ് ഈ സസ്യം.ഈ ചെടിയുടെ ഇലകളുടെ അറ്റത്തു നീളത്തിലുള്ള കുടം പോലെ ഒരു ഭാഗമുണ്ട് അതിനൊരു അടപ്പും.ഈ കുടത്തിന്റെ ഉള്ളിൽ ഉള്ള ദ്രാവകത്തിനു നല്ല മധുരമുണ്ട്. ഈ ദ്രാവകമാണ് പ്രാണികളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഈ ദ്രാവകം കുടിക്കാനെത്തുന്ന കൊതുകും ഈച്ചയും മറ്റു പ്രാണികളുമെല്ലാം വിശപ്പടക്കിയ ശേഷം പുറത്തുകടക്കാൻ ശ്രമിക്കുമ്പോഴാണ് കുടുങ്ങിയെന്ന് തിരിച്ചറിയുന്നത്.

ഇതിനുള്ളിൽപ്പെട്ടാൽ പിന്നെ പുറത്തുപോകാനാവില്ല. കുടത്തിന്റെ ഉള്ളിലും വശങ്ങളിലുമുള്ള കൊഴുപ്പുള്ള ദ്രാവകത്തിൽ വഴുക്കി അവ തെന്നി കുടത്തിനുള്ളിലേക്കു തന്നെ വീഴുന്നു. ഈ പ്രാണികളെ ഈ ചെടി ആഹാരമാക്കുന്നു .കുടത്തിനുള്ളിൽ വീഴുന്ന ഇരയെ ദഹിപ്പിച്ചു അതിന്റെ പോഷണം വലിച്ചെടുത്താണ് ഈ ചെടി വളരുന്നത്. വള്ളിച്ചെടിയായതു കൊണ്ട് എവിടെയെങ്കിലും പറ്റിപിടിച്ചു വളരാൻ സാഹചര്യമുണ്ടങ്കിൽ മാത്രമേ ഇലയുടെ അറ്റത്തു കുടം രൂപപ്പെടുകയുള്ളൂ.

മണ്ണിൽ ഇവ വളർന്നാലും ഈ ചെടിയുടെ ഇലകളുടെ അറ്റത്തു കുടം രൂപപ്പെടണമെന്നില്ല. നല്ല വളർച്ചയെത്തിയ ചെടിയുടെ ഇരപിടിയൻ കുടങ്ങൾക്കു ഏകദേശം അരയടി വരെ നീളമുണ്ടാകും. വിദേശ രാജ്യങ്ങളിൽ കാണപ്പെടുന്ന ചിലയിനം പിച്ചർ പ്ലാന്റുകൾ തവളെയും എലിയെയും പാമ്പിനെയുമൊക്കെ ആഹാരമാക്കാറുണ്ടത്രെ .നമ്മുടെ നാട്ടിലെ കൊതുകു ശല്യം കുറയ്ക്കാനായി ഈ ചെടിയൊരെണ്ണം വാങ്ങി വളർത്തി പരീക്ഷിച്ചു നോക്കാവുന്നതാണ് .

തൊട്ടാൽ മരണം ഉറപ്പ്; പേടിക്കണം ഈ ജീവികളെ

ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി ഏതാണ്?, സിംഹം, കടുവ എന്നൊക്കെയാവും നമ്മുടെ ഉത്തരം. എന്നാൽ ഇവയൊന്നുമല്ല ഒറ്റ നോട്ടത്തിൽ സുന്ദരൻമാരായ ചില ജീവികളാണ് ഏറ്റവും അപകടകാരികൾ. കടിയേറ്റാൽ നിമിഷങ്ങൾക്കകം തന്നെ മരണം സംഭവിക്കുന്ന ജീവികളും ഈ ഗണത്തിലുണ്ട്. അവയിൽ ചിലതിനെ അടുത്തറിയാം.

ഡാര്‍ട്ട് ഫ്രോഗ്

സ്വർണ്ണനിറത്തിലും കടുത്ത നീല, മഞ്ഞ നിറങ്ങളിലും ആരെയും ആകർഷിക്കുന്ന ജീവിയാണിത്. തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും മഴക്കാടുകളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. പ്രാചീനഗോത്രവര്‍ഗക്കാര്‍ അമ്പുകളില്‍ പുരട്ടാനുപയോഗിക്കുന്ന വിഷം ഈ തവളകളുടെ ത്വക്കില്‍നിന്നാണെടുത്തിരുന്നത്. ഇവയുടെ ത്വക്കിലാണ് കൊടുംവിഷം ഉള്ളത്.സിരാവ്യൂഹം, ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിക്കുന്നതാണ് ഇതിന്റെ വിഷം.

ബ്ലാക്ക് മാംബ

ലോകത്തിലെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് ആഫ്രിക്കയിൽ കാണപ്പെടുന്ന വിഷപ്പാമ്പായ ബ്ലാക്ക് മാംബ. പ്രകോപനമില്ലാതെ ഇങ്ങോട്ട് വന്ന് ആക്രമിക്കുന്ന ഒരേയൊരു പാമ്പെന്ന വിശേഷണവും ബ്ലാക്ക് മാംബയ്ക്ക് മാത്രമാണുള്ളത്.

ബോക്സ് ജല്ലിഫിഷ്

ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളിലൊന്നാണ് നമ്മുടെ കടൽത്തീരങ്ങളിലെ കടൽച്ചൊറി അഥവാ ജെല്ലിഫിഷ് ഗണത്തിൽ പെട്ട ബോക്സ് ജല്ലി ഫിഷ്. നിരവധിപ്പേർ ഇതിന്റെ ആക്രമണത്തിന് ഇരയാകാറുണ്ട്.

കഴുതപ്പുലി

ഇരയെ ആക്രമിക്കുന്ന കാര്യത്തിലും ഭക്ഷണകാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ജീവികളാണിവ. ബലമുള്ള പല്ലും കീഴ്ത്താടിയെല്ലും ഇരയുടെ എല്ലുവരെ കടിച്ചുപൊട്ടിക്കാൻ ഇവരെ പ്രാപ്തരാക്കുന്നു. പതുങ്ങിയിരുന്നുള്ള ആക്രമണമല്ല പിന്തുടർന്ന് കീഴ്പ്പെടുത്തിയാണ് ഇരകളെ പിടിക്കുന്നത്. വേട്ടയാടുന്ന ഇരകളുടെ വയറിനാണ് കടിക്കുക. ആന്തരാവയവങ്ങൾ പുറത്തുചാടി ഓടാനാവാത്ത മൃഗത്തെ ജീവനോടെയാണ് തിന്നുന്നത്. ഒറ്റപ്പെട്ട് ഇരിക്കുന്ന സിംഹത്തെവരെ ഇവ കൂട്ടമായി ആക്രമിക്കും.

ബ്രസീലിയൻ വാണ്ടറിംഗ് സ്പൈഡർ

മൂർഖനേക്കാൾ വിഷമുള്ളതാണ് ദക്ഷിണാഫ്രിക്കയില്‍ മാത്രം കണ്ടുവരുന്ന ബ്രസീലിയന്‍ വാന്‍ഡറിംഗ് സ്‌പൈഡർ. ലോകത്തിലെ ഏറ്റവും വിഷമുള്ള എട്ടുകാലി എന്ന നിലയിൽ ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ചിട്ടുണ്ട്. വീടുകളിലും കാറുകളിലുമൊക്കെ ഒളിച്ച് കഴിയാനിഷ്ടമുള്ളതുകൊണ്ടാണ് വാണ്ടറിംഗ് സ്പൈഡർ എന്ന പേര് ലഭിച്ചത്.

കൊതുക്

ഊതിയാല്‍ തെറിക്കുന്ന ഒരു ജീവി പക്ഷേ മനുഷ്യരാശിക്ക് ഏറ്റവും അപകടകാരിയായ ജീവിയാണിത്. ഓരോ വര്‍ഷവും 70 കോടിയിലേറെ ജനങ്ങൾക്ക് വിവിധ തരത്തിലുള്ള കൊതുകുജന്യ രോഗങ്ങള്‍ ബാധിക്കുന്നുണ്ട്. കൊതുകുജന്യരോഗങ്ങള്‍മൂലം 30 ലക്ഷംപേരാണ് ഓരോ വർഷവും മരിക്കുന്നത്. ഇത്രയധികം മരണത്തിന് വഴിയൊരുക്കുന്ന ഏക ജീവിയും കൊതുകുതന്നെ.

കണ്ടാമൃഗം

രസകരമായ രൂപവും സാധാരണഗതിയിൽ പശുവിനെപ്പോലെ ശാന്തസ്വഭാവവുമെക്കെയാണ് പക്ഷേ കക്ഷിക്ക് എപ്പോള്‍ ദേഷ്യം വരുമെന്ന് പറയാന്‍ കഴിയില്ല. ദേഷ്യം വന്നാൽ പിന്നാലെകൂടി എല്ലാം തകർത്തിട്ടേ പോകൂ.

കോണ്‍ ഒച്ചുകൾ

20 ആളുകളെ കൊല്ലാൻ ഒരു തുള്ളി വിഷം മതിയത്രെ. സിഗരറ്റ് ഒച്ചെന്നും വിളിക്കാറുണ്ട് . ഈ ഒച്ച് വിഷത്തിന് പ്രതിമരുന്നും ലഭ്യമല്ല.

സ്റ്റോണ്‍ ഫിഷ്

കടല്‍ ജീവികളിലെ ഏറ്റവും വിഷകാരിയായ മത്സ്യമാണ് സ്റ്റോണ്‍ ഫിഷ്‌. ഇവയുടെ തൊലിപ്പുറമേയുള്ള ശല്‍ക്കങ്ങളില്‍ വിഷമയമാര്‍ന്ന ദ്രവം സൂക്ഷിച്ചിരിക്കുന്നു. പസഫിക് സമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് ഇവ കൂടുതലായും കണ്ടുവരുന്നത് . .015 സെക്കൻഡ് കൊണ്ട് ഇരയുടെ കാര്യത്തിൽ തീരുമാനമാകും.

സൂക്ഷിച്ചോ തീപ്പല്ലി വരുന്നേ

 

കടുത്ത നിറമുള്ള ഒറ്റനോട്ടത്തിൽ പല്ലിയെപ്പോലിരിക്കുന്ന ഉഭയജീവി. അതാണ് സാലമാൻഡർ. തീയിൽ ജീവിക്കുന്ന ജീവികളായി കഥകളിലും മറ്റും ഇവയെ ചിത്രീകരിക്കാറുണ്ട്. ഇവയ്ക്ക് തീയെ ചെറുക്കാനാകുമെന്ന് ഏറെക്കാലം ലോകം വിശ്വസിക്കുകയും ചെയ്തു. എന്നാൽ അതൊന്നും സത്യമല്ല

നാലു കുടുംബങ്ങളിലായി വിവിധയിനങ്ങൾ സാലമാൻഡറുകൾ ലോകത്തിലുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഫ്രീക്കന്മാരാണ് ഫയർ സാലമാൻഡർ എന്ന വിഭാഗക്കാർ. തിളങ്ങുന്ന കറുപ്പുനിറത്തിൽ കടുംമഞ്ഞ വരകളും പുള്ളികളുമുള്ള ഇവ കണ്ടാൽ മാത്രമല്ല, കൊണ്ടാലും ഭയങ്കരന്മാരാണ്. കാരണം ഇവയ്ക്കു വിഷമുണ്ട്. ആറടി ദൂരെയുള്ള ശത്രുവിന്റെ ദേഹത്തേക്ക് വിഷം തെറിപ്പിക്കാൻ ഈ വീരന്മാർക്കു കഴിയും.

വാൽഭാഗത്തുള്ള വിഷഗ്രന്ഥിയിൽ നിന്നാണ് വിഷം ചീറ്റുക. അതിലൊരു തുള്ളി മുഖത്തുവീണാൽ മതി ചെറിയ ജീവികളുടെ കഥ അതോടെ തീരും. വിഷമേറ്റ് ശ്വാസം മുട്ടിവീഴുന്ന ചെറുജീവികളാണ് ഫയർ സാലമാൻഡറുകളുടെ ഭക്ഷണം. ശത്രുക്കളായ വലിയ ജീവികൾക്കാവട്ടെ വിഷം വീഴുന്നിടത്ത് ചൊറിച്ചിലും വേദനയുമുണ്ടാവുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ ഇരപിടിക്കാനും ശത്രുവിനെ പേടിപ്പിക്കാനും ഒരേ ആയുധമുപയോഗിക്കുന്ന ജീവിയാണ് ഫയർ സാലമാൻഡർ.

തുമ്പികളുടെ പറുദീസ

 

തുമ്പികൾക്ക് ഏറ്റവും അനുയോജ്യമായ ആവാസ വ്യവസ്ഥകളിലൊന്നാണ് വയനാട് ഉൾപ്പെടുന്ന പശ്ചിമഘട്ടം‌ ‌‌വന മേഖലകൾ. കേരളത്തിൽ കാണപ്പെടുന്ന 160 ഓളം ഇനം തുമ്പികളിൽ പകുതിയിലധികവും ഇനങ്ങളെ വയനാട്ടിലും കണ്ടെത്തിയിട്ടുണ്ട്. ചെറുപ്രാണികളെ ഭക്ഷിച്ച്, കൊതുകുകളുടെ ലാർവകളെ തിന്നൊടുക്കി മൂന്നു നാല് മാസത്തോളം ജീവിക്കുന്ന തുമ്പികളുടെ പറുദീസ തന്നെയാണ് വയനാട് വന്യജീവി സങ്കേതം.

വയനാട് വന്യജീവി സങ്കേതത്തിൽ തുമ്പി സർവേ

കഴിഞ്ഞ 27 മുതൽ 29 വരെ വയനാട് വന്യജീവി സങ്കേതത്തിൽ തുമ്പികളുടെ സർവേ നടത്തി. വനം വന്യജീവി വകുപ്പും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നാണ് സർവേ നടത്തിയത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ജാഫർ പാലോട്ടായിരുന്നു കോഓർഡിനേറ്റർ.

സർവേയിൽ 75 ഇനം തുമ്പികളെ കണ്ടെത്തി

വയനാട് വന്യജീവി സങ്കേതത്തിലെ നാലു റേഞ്ചുകളിലായി നടത്തിയ സർവേയിൽ 75 ഇനം തുമ്പികളെയാണ് കണ്ടെത്തിയത്. കല്ലൻ തുമ്പി വർഗത്തിൽപ്പെട്ട 44 ഇനങ്ങളും സൂചിത്തുമ്പി വർഗത്തിൽപ്പെ ട്ട 31 ഇനങ്ങളുമാണ് സർവേയിൽ രേഖപ്പെടുത്തപ്പെട്ടത്. സങ്കേതത്തിലെ മുത്തങ്ങ, മുതുമലക്കല്ല്, കല്ലുമുക്ക്, പാൽപത്തൂർ, ഗോളൂർ വയൽ, നരിമാന്തിക്കൊല്ലി, ഒട്ടിപ്പാറ, ചെതലയം, ഒട്ടിപ്പാറ, ദോഡ്ഡാടി, പുഞ്ചവയൽ, ബേഗൂർ എന്നീ വനമേഖലകളാണ് സർവേയ്ക്കായി ഉപയോഗിച്ചത്. മുത്തങ്ങ, ചെതലയം, തോൽപെട്ടി ബത്തേരി എന്നീ റേഞ്ചുകളിൽപ്പെട്ടതാണ് ഈ മേഖലകളെല്ലാം.

കാട്ടുവിരിച്ചിറകനെ കണ്ടെത്തി

വയനാട് വന്യജീവി സങ്കേതത്തിൽ ഇതാദ്യമായി കാട്ടുവിരിച്ചിറകൻ എന്ന തുമ്പിയെ കണ്ടെത്തി. തോൽപെട്ടി റേഞ്ചിൽപ്പെട്ട വനത്തിലാണ് ഈ തുമ്പിയെ കണ്ടത്. പുഞ്ചവയൽ എന്ന മേഖലയിൽ മാത്രം 50 ഇനം തുമ്പികളെയും മുത്തങ്ങയിൽ 41 ഇനം തുമ്പികളെയും കണ്ടെത്തി.

സർവേ നടത്തിയത് 49 അംഗ സംഘം

തുമ്പി സ്നേഹികളും പരിസ്ഥിതി പ്രവർത്തകരും ഫൊട്ടോഗ്രഫർമാരുമടക്കം 49 പേരാണ് സർവേ സംഘത്തിലുണ്ടായിരുന്നത്. സി.ജി.കിരൺ, അബ്ദുൾ റിയാസ്, കെ.ബാലചന്ദ്രൻ, പി.മനോജ്, ബാലകൃഷ്ണൻ വളപ്പിൽ, ഡോ. പി.രാജൻ എന്നിവരാണ് വിവിധ സർവേ സംഘങ്ങൾക്ക് നേതൃത്വം നൽകിയത്. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ പി.ധനേഷ്കുമാറാണ് സർവേ ഉദ്ഘാടനം ചെയ്തത്. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻമാരായ അജിത്. കെ.രാമൻ, കൃഷ്ണപ്രസാദ് എന്നിവരും നേതൃത്വം നൽകി. വയനാടൻ മുളവാലൻ, കൂട്ടു മുളവാലൻ, പുള്ളിവാലൻ, ചോലക്കടുവ, പെരുവാലൻകടുവ, പുഴക്കടുവ, നീല നീർതോഴൻ തുടങ്ങി വംശനാശം നേരിടുന്നതടക്കമുള്ള തുമ്പികൾ സർവേയിൽ കണ്ടെത്തിയവയിൽ പെടുന്നു.

കൊതുകിനെ പിടിക്കും ജപ്പാൻ തുമ്പികൾ

കൊതുകിന്റെ കൂത്താടികളെ തുമ്പികൾ കൊന്നൊടുക്കുന്നതിനാൽ ജപ്പാനിൽ തുമ്പികൾക്ക് വലിയ ഡിമാന്റാണ്. തുമ്പികളെ വളർത്തി ഇതിനായി വിൽക്കുന്ന കേന്ദ്രങ്ങളും അവിടെയുണ്ട്.

∙വയനാട്ടിലെ തുമ്പികൾ പഠനവിഷയമായത് ബ്രിട്ടിഷ് എൻജിനീയറിലൂടെ 1920 ൽ

∙ ബ്രിട്ടിഷ് ഭരണകാലത്ത് പാലങ്ങളും മറ്റും നിർമിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരുന്ന ഫ്രേയ്സസ് എന്ന ഇംഗ്ലിഷുകാരനാണ് വയനാടൻ കാടുകളിലെ തുമ്പികളെ ആദ്യം ഗൗരവത്തോടെ നിരീക്ഷിച്ചതും പഠനവിധേയമാക്കിയതും. അദ്ദേഹം മൂന്നു വാള്യങ്ങളിലായി തുമ്പികളെക്കുറിച്ചുള്ള പുസ്തകവും എഴുതി. ഇന്നും ഈ പുസ്തമാണ് പലരും അവലംബമാക്കാറ്. പ്രാണികളാണ് തുമ്പികളുടെ ഇരജീവികളെങ്കിൽ തുമ്പികളെ കൂടുതലായു ഇരകളാക്കുന്നത് വേലിത്തത്തകളാണ്.

മഴയെ പിടിച്ചുനിർത്തിയും വരൾച്ച അകറ്റാം

 

സ്കൂളിനു ചുറ്റും മഴക്കുഴികളിലും കയ്യാലക്കെട്ടുകളിലും സംഭരിച്ച മഴവെള്ളം ഭൂമിയിലേക്ക് ഇറക്കിവിട്ടു പ്രദേശമാകെ ജലസമൃദ്ധമാക്കിയ വിജയഗാഥയാണു സുള്ള്യയിലെ സ്നേഹ സ്കൂളിനു പറയാനുള്ളത്. മഴവെള്ളം സംഭരിച്ച് ഭൂമിക്കു നൽകുന്നതു കാരണം കൊടും വരൾച്ചയിലും വറ്റാത്ത ഉറവ യഥേഷ്ടം ദാഹജലം പകർന്നു നൽകുന്നു.

അതുകൊണ്ടു തന്നെ ജലക്ഷാമം ഇവിടെ ഉണ്ടാവുന്നില്ല. കഴിഞ്ഞ 20 വർഷമായി നടത്തുന്ന മഴവെള്ളക്കൊയ്ത്തിലൂടെ നേടിയ വിജയപാഠമാണു സ്നേഹ സ്കൂളിന്റെ പ്രസിഡന്റ് ഡോ. ചന്ദ്രശേഖര ദാംലെയ്ക്കും സ്കൂളിലെ കുട്ടികൾക്കും ലോകത്തോടു പറയാനുള്ളത്. 1996 ൽ സുള്ള്യ പരിവാരകാനയിലെ സ്ഥലം വാങ്ങിയപ്പോൾ ഇവിടുത്തെ കിണറ്റിൽ വേനലിൽ ദിവസവും പത്തുകുടം വെള്ളം തികച്ചു ലഭിച്ചിരുന്നില്ല. അന്നു കുടിവെള്ളക്ഷാമം വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരം കാണാനാണു ഡോ. ദാംലെ മഴക്കുഴികൾ നിർമിച്ച് മഴവെള്ള സംഭരണ യജ്ഞം തുടങ്ങിയത്. വർഷങ്ങൾക്കകം അതിന്റെ ഗുണം ലഭിച്ചു തുടങ്ങി.

മണ്ണിലെ ജലാശം വർധിച്ചു. ഉറവ വറ്റാതെയായി. പിന്നീട് ഒരിക്കലും ജലക്ഷാമം അനുഭവപെട്ടിട്ടില്ല. മൂന്ന് ഏക്കർ കുന്നിൻചെരുവിൽ കയ്യാലക്കെട്ടുകൾ നിർമിച്ച് വെള്ളം ശേഖരിക്കും, അതിനു താഴെയായി മൂന്ന് അടി താഴ്ചയിൽ 20 അടി നീളത്തിൽ മഴക്കുഴികളും നിർമിച്ചിട്ടുണ്ട്. കയ്യാലക്കെട്ടുകളിൽ നിറഞ്ഞുകവിഞ്ഞ് ഒഴുകുന്ന വെള്ളം മഴക്കുഴികളിൽ നിറയും. ഇങ്ങനെ പലയിടത്തായി നിർമിച്ച കയ്യാലക്കെട്ടുകളിലും മഴക്കുഴികളിലും നിറഞ്ഞ് യഥേഷ്ടം വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നു. കൂടാതെ മൂന്ന് ഏക്കർ സ്ഥലത്തിനു ചുറ്റും വെള്ളമൊഴുകാൻ ഓവുചാൽ നിർമിച്ചിട്ടുണ്ട്. ഓവുചാലിൽ വെള്ളമൊഴുകുമ്പോൾ പലയിടത്തായി വെള്ളം കെട്ടി നിന്നു ഭൂമിയിലേക്ക് ഇറങ്ങാനുള്ള സംവിധാനവും ഏർപെടുത്തിയിട്ടുണ്ട്. ഇവിടുത്തെ സ്ഥലത്തു മുഴുവനും മരങ്ങളും ചെടികളും പുല്ലുകളും ഔഷധ സസ്യങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇതും മഴവെള്ളം ഭൂമിയിലേക്കിറങ്ങാൻ സഹായിക്കുന്നു.

രണ്ടു ദശകത്തിലേറെയായി നടത്തുന്ന മഴവെള്ളക്കൊയ്ത്തു മൂലം കടുത്ത വേനലിലും ഇവിടുത്തെ രണ്ടു കിണറുകളിലും നല്ല വെള്ളം ലഭിക്കുന്നു എന്നതിനൊപ്പം സ്കൂൾ പരിസരമാകെ പച്ചപുതച്ചു നിൽക്കുന്നു. ഈ വർഷത്തെ കടുത്ത വേനലിൽ സുള്ള്യ താലൂക്കിലെങ്ങും വെള്ളം വറ്റിയെങ്കിലും ഇവിടുത്തെ കിണറുകളിൽ വെള്ളം തെളിഞ്ഞു നിൽക്കുന്നു. ദിവസവും അയ്യായിരത്തിലേറെ ലീറ്റർ പമ്പു ചെയ്താലും രണ്ടു കിണറുകളിലെയും വെള്ളം കുറയുന്നില്ല. സ്കൂളിലെയും വീട്ടിലെയും ആവശ്യത്തിനു ചെടികൾ നനയ്ക്കാനും, കൃഷിക്കു ജലസേചനം നടത്താനും മറ്റും വെള്ളത്തിനു ദൗർലഭ്യം നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് ഇവിടെ കുഴൽക്കിണർ കുഴിക്കേണ്ടി വന്നിട്ടില്ല. ഒരിക്കലും മറ്റു ജലസ്രോതസ്സുകളെ തേടി പോകേണ്ടിയും വന്നില്ല എന്ന് ഡോ. ദാംലെ പറയുന്നു.

സ്കൂളിലെ കുട്ടികൾക്കു മറ്റു പാഠങ്ങളോടൊപ്പം ഇവിടെ ജലസംരക്ഷണത്തിന്റെ പാഠവും നിർബന്ധമാണ്. സ്കൂൾമുറ്റത്തു തന്നെ കൊയ്തെടുത്ത ഈ ജലസംരക്ഷണത്തിന്റെ പാഠം കുട്ടികൾക്കും വറ്റാത്ത അറിവിന്റെ ഉറവയാകുന്നു. ഈ അനുഭവപാഠം ഏതു വരൾച്ചയെയും നേരിടാനുള്ള ആത്‌മവിശ്വാസവും അവർക്കു പകർന്നു നൽകുന്നു.

സസ്യങ്ങളില്‍ അഞ്ചിലൊന്നും വംശനാശഭീഷണിയില്‍

മനുഷ്യജീവിതത്തിൽ ഒഴിവാക്കാനാകാത്തവയാണ് സസ്യങ്ങള്‍. മരുന്നും ആഹാരവും മുതല്‍ നാം ഉപയോഗിക്കുന്ന ഒരോ വസ്തുക്കളുടെയും നിര്‍മ്മാണത്തിലും സസ്യങ്ങളുടെ സാന്നിധ്യം അടങ്ങിയിരിക്കും. എന്നാല്‍ മനുഷ്യര്‍ തിരിച്ചറിഞ്ഞിട്ടുള്ള സസ്യങ്ങളില്‍ അഞ്ചിലൊന്നും വംശനാശത്തെ നേരിടുകയാണെന്ന് ബ്രിട്ടനിലെ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകര്‍ പറയുന്നു. അതേസമയം എല്ലാ വര്‍ഷവും നൂറ് മുതല്‍ 200 വരെ പുതിയ സസ്യങ്ങളെ തിരിച്ചറിയുന്നുണ്ടെന്ന നല്ല വാര്‍ത്തയും ഗവേഷകര്‍ക്ക് നല്‍കാനുണ്ട്.

ഇന്ന് മനുഷ്യന്‍ ഉപയോഗിക്കുന്ന ഓരോ സസ്യവും അത് നെല്ലും ഗോതമ്പും മുതല്‍ വന്‍ വൃക്ഷങ്ങള്‍ വരെ വര്‍ഷങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ട് ഉപയോഗപ്രദമാക്കി മാറ്റിയവയാണ്. പുതുതായി കണ്ടെത്തുന്ന സസ്യങ്ങളെയും ഇത്തരത്തില്‍ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ ഉപയോഗകരമായ കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ നിലവിലുള്ള സസ്യവൈവിദ്ധ്യത്തെ സംരക്ഷിക്കുക ഇതിലും അനിവാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മരുന്നിന് വേണ്ടിയാണ് ലോകത്ത് ഏറ്റവുമധികം സസ്യങ്ങള്‍ ഉപയോഗിക്കപ്പെടുന്നതെന്ന് പഠനങ്ങൾ പറയുന്നു. വിവിധ ഉൽപന്നങ്ങള്‍ നിര്‍മ്മിക്കാനായുള്ള ഉപയോഗമാണ് സസ്യങ്ങളുടെ ചൂഷണത്തില്‍ രണ്ടാമത്. പരിസ്ഥിതി പ്രശ്നങ്ങള്‍ ഈ പട്ടികയില്‍ മൂന്നാമതും മനുഷ്യ ആഹാരം നാലാമതുമാണ്. മൃഗങ്ങള്‍ ഭക്ഷണമാക്കുന്നത് മൂലം ലോകത്ത് നശിക്കുന്ന സസ്യങ്ങള്‍ എട്ടാം സ്ഥാനത്ത് മാത്രമാണ് വരുന്നത്.

വ്യത്യസ്ഥ സസ്യങ്ങള്‍ വളരുന്ന മേഖലകൾ നശിപ്പിക്കുന്നതില്‍ ആദ്യസ്ഥാനം കൃഷിക്കാണ്. പ്രത്യേകിച്ചും എണ്ണപ്പന കൃഷിക്ക് വേണ്ടി. മരങ്ങളുടെ ഉപയോഗത്തിനായി വെട്ടിത്തെളിക്കുന്ന പ്രദേശം രണ്ടാം സ്ഥാനത്തും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നവ മൂന്നാം സ്ഥാനത്തുമാണ്.കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സ്ഥാനം ഇപ്പോള്‍ ഏറെ താഴെയാണെങ്കിലും വൈകാതെ ഇത് രണ്ടോ മൂന്നോ സ്ഥാനത്ത് എത്തിയേക്കാമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നല്‍കുന്നു

മുതലയുടെ പൂർവികർ വെജിറ്റേറിയനോ?

 

വിശന്നിരിക്കുമ്പോള്‍ കണ്ണിന്‍മുന്നില്‍ കാണുന്ന എന്തിനെയും കടിച്ച് കീറുന്ന ജീവിയാണ് മുതല.അത് കൊണ്ട് തന്നെ മുതലയുടെ പൂര്‍വ്വികരില്‍ ചിലര്‍ വെജിറ്റേറിയന്‍ ആയിരുന്നുവെന്ന പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഏതായാലും ഇനി വിശ്വസിച്ചേ തീരു. കാരണം സസ്യാഹാരം മാത്രം കഴിച്ച് കടലില്‍ ജീവിച്ചിരുന്ന മുതലയുടെ പൂര്‍വ്വികരെ തെക്കന്‍ ചൈനാക്കടലില്‍ കണ്ടെത്തി.

ചുറ്റികയുടെ ആകൃതിയില്‍ തലയുടെ അറ്റം, കൂര്‍ത്ത പല്ലുകള്‍ മുന്‍ വശത്ത് മാത്രം. ബാക്കി ചവച്ചരക്കാന്‍ പാകത്തിന് മനുഷ്യരുടേതിന് സമാനമായ പല്ലുകള്‍. ഏറെ നേരം വെള്ളത്തിനടയില്‍ കഴിയാന്‍ സഹായിക്കുന്ന തരത്തിലുള്ള ശ്വാസകോശം. ശരീരവും വാലുമെല്ലാം ഏതാനണ്ട് മുതലയുടേതിന് സമാനം. ആദ്യം ചുറ്റികത്തലയന്‍ സ്രാവിന്‍റെ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തിന്‍റെ അവശേഷിപ്പാണെന്ന് കരുതിയെങ്കിലും പിന്നീട് കാലുകളുടെ തെളിവുകള്‍ കണ്ടെത്തിയതോടെ മുതലയുടെ ഇനത്തില്‍ പെട്ട ഇഴജന്തു ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

2420 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നവയാണ് ഈ ജീവികള്‍. എന്നാല്‍ ഇവക്ക് ഇന്ന് ഭൂമിയിലുള്ള മുതലകളുമായി ബന്ധമുണ്ടാകാനിടയില്ലെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. സസ്യാഹാരം കഴിക്കുന്നതും അല്ലാത്തതുമായ ഡൈനോസറുകളെപ്പോലെ അന്നും രണ്ട് തരത്തിലുള്ള ഇഴജന്തുക്കള്‍ ഉണ്ടായിരുന്നിരിക്കാം.ഇതില്‍ മാംസാഹാരം കഴിക്കുന്നവ അതിജീവിക്കുകയും പിന്നീട് ഇന്ന് കാണുന്ന മുതലകളായ പരിണമിക്കുകയും ചെയ്തതായിരിക്കാം എന്നും ഗവേഷകര്‍ കണക്ക് കൂട്ടുന്നു

3 കോടി വർഷം പഴക്കമുള്ള പൂവ്, ഒരു കേടും പറ്റാതെ!

മരത്തിൽ നിന്നു പൊഴിഞ്ഞു വീഴുന്ന ഒരു കുഞ്ഞുപൂവ്. അത് നേരെ ചെന്നുവീണത് മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം കറയിലാണ്. കുന്തിരിക്കത്തിനു സമാനമായ മരക്കറ. ആ പൂവ് പിന്നീട് അതിൽ ‘പുതച്ചുമൂടി’ കിടന്നുറങ്ങും. വർഷങ്ങളോളം അവിടെ ഒരു കേടും പറ്റാതെ അങ്ങനെയിരിക്കും. പറഞ്ഞുവരുന്നത് പത്തോ ഇരുപതോ വർഷങ്ങളെപ്പറ്റിയല്ല ഇത്തരത്തിൽ 2–3 കോടി വരെ വർഷങ്ങൾ യാതൊരു കുഴപ്പവും പറ്റാതെ സംരക്ഷിക്കപ്പെട്ട പൂവിനെപ്പറ്റിയാണ്. പ്രകൃതിയുടെ കരുതിവയ്പ്പുകാരനായ ആംബെർ(amber) എന്ന മരക്കറയിൽ ഇത്തരത്തിൽ സംരക്ഷിക്കപ്പെട്ട ഒരു പൂവാണ് ഇപ്പോൾ ശാസ്ത്രലോകത്തെ താരം. വെറും ഒരു സെന്റിമീറ്ററോളം പോന്ന സ്ട്രിക്ക്നോസ് ഇലക്ട്രി (Strychnos electri) എന്ന ആ പൂവ് ഇന്ന് ലോകത്തിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കം ചെന്നതാണ്. അതാകട്ടെ ഇപ്പോൾ പൊഴിഞ്ഞുവീണതേയുള്ളൂ എന്ന അവസ്ഥയിലും. കാണാൻ സുന്ദരിയാണെങ്കിലും ഈ പൂവിനെ അടുപ്പിക്കാൻ പറ്റില്ല, അത്രയ്ക്ക് മാരകവിഷമാണ്.

നിലത്തു വീണ് മണ്ണും മറ്റുമടിഞ്ഞ് ഫോസിലുകളായി മാറുന്ന പൂക്കളും പലപ്പോഴായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കാലങ്ങളോളം കനത്ത ചൂടും മഞ്ഞുമെല്ലാം ഏറ്റ് മിക്കതിന്റെയും യഥാർഥ രൂപം നഷ്ടപ്പെട്ടിട്ടുണ്ടാകും. പൊടിഞ്ഞ രൂപത്തിലും ചതഞ്ഞ് വികൃതമായിട്ടുമെല്ലാമാണ് അത്തരം പൂക്കളുടെ ഫോസിലുകൾ പലപ്പോഴും ലഭിച്ചിട്ടുള്ളത്. ആംബെറാകട്ടെ പാലിയന്റോളജിസ്റ്റുകളുടെ ഭാഷയിൽ പറഞ്ഞാൽ രത്നത്തോളം മൂല്യമുള്ള മരക്കറയാണ്. ചരിത്രം, അല്ലെങ്കിൽ പരിണാമത്തിലെ ഒരു കണ്ണി, അത്രമാത്രം സൂക്ഷ്മതയോടെയായിരിക്കും അതിൽ അടക്കം ചെയ്യപ്പെട്ടിട്ടുണ്ടാവുക. ജുറാസിക് പാർക്ക് എന്ന ചിത്രത്തിന്റെ കഥയുണ്ടാകാൻ പോലും കാരണം ഈ മരക്കറയാണ്. ആംബെറിൽ കുടുങ്ങുന്ന ചരിത്രാതീത കാലത്തെ കൊതുകിന്റെ ഡിഎൻഎ എടുത്താണ് ചിത്രത്തിൽ ദിനോസറിനെ സൃഷ്ടിക്കുന്നതു തന്നെ. സ്ട്രിക്ക്നോസ് ജീനസിൽ പെട്ടതാണ് ഈ പുതിയ പൂവ്. ഇലക്ട്രോൺ എന്നാൽ ആംബെറിന്റെ ഗ്രീക്ക് പേരാണ്. അതിൽ നിന്നാണ് ‘ഇലക്ട്രി’ വന്നത്.

1986ൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരു മലയടിവാരത്തിൽ നിന്നു ലഭിച്ചതാണെങ്കിലും ഇപ്പോഴാണ് ഗവേഷകർ ഈ പൂവിന്റെ ഗുണഗണങ്ങൾ തിരിച്ചറിഞ്ഞ് അതിനു പേരുമിട്ട് തരംതിരിച്ചത്. ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ള strychnine, curare തുടങ്ങിയ മാരകവിഷങ്ങളുണ്ടാക്കുന്ന ചെടിയുടെ പൂർവികരാണ് സ്ട്രിക്ക്നോസ് ഇലക്ട്രി. ഡയഫ്രത്തെ തളർത്തി ശ്വാസംമുട്ടിച്ച് ആളെക്കൊല്ലുന്ന വിഷമാണ് ഇവ രണ്ടും. കുറച്ചുനേരം ഈ പൂവ് മണപ്പിച്ചാൽ മതി പേശികളെല്ലാം തളർന്ന് ആളു ശ്വാസംമുട്ടി മരിക്കാൻ. ‘പേരക്കുട്ടികൾ’ക്ക് ഇത്രയ്ക്കും വിഷമുണ്ടെങ്കിൽ കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ്, പരിണാമത്തിന്റെ ആദ്യഘട്ടത്തിൽ എത്രത്തോളം അപകടകാരിയായിരുന്നു സ്ട്രിക്ക്നോസ് ഇലക്ട്രി എന്ന മുതുമുത്തശ്ശിയെന്നത് ഊഹിക്കാവുന്നതേയുള്ളൂ. പൂക്കളുടെ കൂട്ടത്തിൽ ആസ്റ്ററിഡ്സ് വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സൂര്യകാന്തിച്ചെടി, ഉരുളക്കിഴങ്ങ്, കാപ്പി തുടങ്ങിയവയുടെ പൂക്കളെല്ലാം ഈ വിഭാഗത്തിലാണു പെടുക.

ആംബെറിൽ സംരക്ഷിക്കപ്പെട്ട നിലയിൽ നേരത്തെ പലതരം ജീവികളുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ട്. കൊതുകുകൾ, പല്ലികൾ, തവളകൾ, പ്രാണികൾ, എട്ടുകാലികൾ തുടങ്ങിയവയുടെ ഇത്തരം ‘ജീവനുള്ള’ ഫോസിലുകളിൽ 13 കോടി വർഷം പഴക്കമുള്ളവ വരെയുണ്ട്. പക്ഷേ പൂക്കളിൽ ഇത്തരത്തിലൊന്ന് ഇതാദ്യം. ഫോസിലുകൾ ലഭ്യമാകാത്തതിനാൽ പലപ്പോഴും പാതിവഴിയിലെത്തി നിൽക്കുന്ന സസ്യങ്ങളുടെ പരിണാമപാതയിൽ നിർണായക കണ്ണിയായി ചേർക്കപ്പെട്ടിരിക്കുകയാണിപ്പോൾ സ്ട്രിക്ക്നോസ് ഇലക്ട്രി

ഭൂതത്താൻകെട്ടിൽനിന്നു പുതിയ ഒരു സസ്യം: ജസ്ടീഷ്യ ശിവദാസാനി

പരിസ്ഥിതി -വിവിധ ഇനം ജീവികളും സസ്യങ്ങളും

ഭൂതത്താൻകെട്ടിൽ പുതിയ സസ്യത്തെ കണ്ടെത്തി. മാല്യങ്കര എസ്എൻഎം കോളജിലെ സസ്യശാസ്ത്ര വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ.സി.എസ്. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ‘ജസ്ടീഷ്യ ശിവദാസാനി’ എന്ന കുറ്റിച്ചെടി കണ്ടെത്തിയത്. ആടലോടകം, കനകാംബരം തുടങ്ങിയ സസ്യങ്ങൾ ഉൾപ്പെടുന്ന അക്കന്തേസി കുടുംബത്തിൽപ്പെട്ടതാണിത്.

മറ്റുള്ളവയിൽനിന്നു വ്യത്യസ്തമായി ‘ജസ്ടീഷ്യ ശിവദാസാനി’ യുടേതു നേരിയ പൂങ്കുലയാണ്. ഒരു കുലയിൽ 10 മുതൽ 15 വരെ പൂക്കൾ കാണപ്പെടും. ദളങ്ങൾക്കു പർപ്പിൾ നിറത്തിൽ പുള്ളികളുണ്ട്. കേസരങ്ങൾ പർപ്പിൾ നിറമാണ്.

കാലിക്കറ്റ് സർവകലാശാല സസ്യശാസ്ത്ര വിഭാഗം മുൻ അധ്യാപകനും ഇപ്പോൾ സൗദി അറേബ്യയിലെ കിങ് സൗദി സർവകലാശാലയിലെ പ്രഫസറുമായ ഡോ. എം. ശിവദാസിനോടുള്ള ബഹുമാന സൂചകമായാണു കുറ്റിച്ചെടിക്കു ‘ജസ്ടീഷ്യ ശിവദാസാനി’ എന്നു പേരിട്ടത്. ഈ സസ്യത്തിന് അംഗീകാരം നൽകി ഇംഗ്ലണ്ടിൽനിന്നു പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ക്യൂ ബുള്ളറ്റിനിൽ പ്രതിപാദിച്ചിരുന്നു. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനമേഖലയിൽപെടുന്ന ഭൂതത്താൻകെട്ട് വിനോദസഞ്ചാര മേഖലയിലായതിനാൽ ഈ സസ്യത്തിന്റെ ഭാവി ആശങ്കാജനകമാണെന്നു ഡോ.സി.എസ്. സുനിൽ പറഞ്ഞു.

മാല്യങ്കര എസ്എൻഎം കോളജിലെ അസി. പ്രഫസർ ഡോ.ഇ.സി. ബൈജു, ഗവേഷണ വിദ്യാർഥി വി.വി. നവീൻകുമാർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞൻ ഡോ.കെ.എം. പ്രഭുകുമാർ, കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥി വി.എസ്. ഹാരിഷ് എന്നിവർ സസ്യത്തെ കണ്ടെത്തുന്നതിൽ പങ്കാളികളായി. യുജിസിയുടെ ധനസഹായത്തോടെയാണു ഗവേഷണം നടത്തിയത്.

മരങ്ങളെ 'തിന്നുന്ന' ഫംഗസ് പരിസ്ഥിതിക്ക് ഭീഷണി

 

അമേരിക്കയിലെ ഹവായില്‍ പതിനായിരക്കണക്കിന് മരങ്ങളെ നശിപ്പിച്ച ഫംഗസ് കൂടുതല്‍ അപകടകാരിയാകുന്നു. ഹവായിലെ മരങ്ങള്‍ക്കൊപ്പം ജലസമ്പത്തും പക്ഷികളുമെല്ലാം ഫംഗസിന്റെ ആക്രമണത്തെ തുടര്‍ന്ന് അപകടത്തിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. റാപിഡ് ഒഹിയ ഡെത്ത് എന്ന് വിളിപ്പേരുള്ള ഫംഗസാണ് മേഖലയില്‍ നാശം വിതയ്ക്കുന്നത്.

ഹവായ് ദ്വീപില്‍ കണ്ടുവരുന്ന ഒഹിയ ലെഹോവ മരങ്ങളെയാണ് കൂടുതലായും ഫംഗസ് ബാധിച്ചിരിക്കുന്നത്. ഹവായിലെ പകുതിയോളം ഒഹിയ ലെഹോവ മരങ്ങളെ ഫംഗസ് ബാധിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം കണക്കാക്കിയിരുന്നത്. അന്ന് ഏകദേശം ആറായിരത്തിലേറെ ഏക്കര്‍ വനഭൂമിയിലാണ് ഫംഗസിന്റെ ആക്രമണം നടന്നിരിക്കുന്നതെന്നാണ് കണക്കാക്കിയത്. അത് ഇപ്പോള്‍ വളരെയേറെ വര്‍ധിച്ചിട്ടുണ്ടെന്നാണ് ആശങ്ക. ഹവായില്‍ മാത്രമല്ല മറ്റു പ്രദേശങ്ങളിലേക്കും ഫംഗസ് പടര്‍ന്നു പിടിക്കാമെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

വനപ്രദേശങ്ങളില്‍ എത്രത്തോളം മാരകമാണ് ഫംഗസ് ബാധയെന്ന് കണക്കാക്കാന്‍ ആകാശമാര്‍ഗ്ഗത്തിലൂടെയുള്ള സര്‍വ്വേക്കും ഹവായ് ഫോറസ്റ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനമെടുത്തുകഴിഞ്ഞു. ഇത് അടുത്തമാസം മുതല്‍ ആരംഭിക്കും. ആഗോള വിദഗ്ധരെ മേഖലയിലെത്തിച്ച് പ്രശ്‌നപരിഹാരം തേടാനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഫംഗസ് ബാധ നിയന്ത്രണ വിധേയമായിട്ടില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

മേഖലയുടെ പ്രകൃതിയുടെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന ഒഹിയ ലെഹോവ മരങ്ങളുടെ നാശം ജലദൗര്‍ലഭ്യത്തിനും കാരണമാകുന്നുണ്ട്. ഒഹിയ മരങ്ങളിലെ പൂക്കളുടെ തേന്‍ കുടിച്ച് കഴിയുന്ന നിരവധി പക്ഷികളും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. വനത്തിന്റെ മേല്‍ക്കൂര പോലെ കഴിഞ്ഞിരുന്ന ഒഹിയ മരങ്ങളുടെ നാശം അടിക്കാടുകള്‍ക്കും നാശം വരുത്തുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്തിരിക്കുന്നു.

ഒഹിയ മരങ്ങള്‍ വെട്ടുകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്യുന്നതിന് ഹവായ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഹിയ മരങ്ങളില്‍ പണി ചെയ്യുന്നവര്‍ ആയുധങ്ങളും ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഷൂവുമെല്ലാം വൃത്തിയായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയുധങ്ങളും കരകൗശലവസ്തുക്കളും വീട്ടുപകരണങ്ങളുമെല്ലാം നിര്‍മ്മിക്കുന്നതിന് ഒഹിയ മരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും പുറമേക്ക് കാണിക്കാതെ മാസങ്ങളോളം മരത്തില്‍ കഴിയാന്‍ റാപിഡ് ഒഹിയ ഡെത്ത് ഫംഗസിനാകും. നാശത്തിന്റെ അവസാന ഘട്ടത്തിലായിരിക്കും മരങ്ങള്‍ ലക്ഷണങ്ങള്‍ പുറത്തുകാണിക്കുക. അതുകൊണ്ടുതന്നെ ആരോഗ്യമുള്ള മരമെന്ന നിലയില്‍ വെട്ടിയെടുക്കുകയോ മറ്റോ ചെയ്യുന്നവര്‍ ഈ ഫംഗസിനെ പടര്‍ത്തുകയാണ് ചെയ്യുന്നതെന്നാണ് മുന്നറിയിപ്പ്.

കടപ്പാട്- മനോരമ ഓണ്‍ലൈന്‍.കോം

 © 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate