പ്രാചീന കാലം മുതല്‍ നമ്മുടെ പൂര്‍വികര്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന്‍ നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകള്‍ വ്യെക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ആരോഗ്യം പോലെ തന്നെ വ്യെക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവസ്തയുമായി അഭേദ്യമായി ബന്ധപെട്ടുകിടക്കുന്നു.
ആരോഗ്യ-വിദ്യാഭാസ മേഖലകളില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന്‍ അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തില്‍ നാം ഏറെ പുറകിലാണെന്ന്‍ കണ്‍തുറന്നു നോക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതാണ്. എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു? വ്യെക്തി ശുചിത്വത്തില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന മലയാളി പരിസരശുചിത്വതിലും പോതുശുചിത്വതിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്ത് വക്കില്‍ ഇടുന്ന , സ്വന്തം വീട്ടിലെ മാലിന്യം അയല്‍കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലെക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാമ്സ്കാരികമൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടര്‍ന്നാല്‍ ‘മാലിന്യ കേരളം’ എന്ന ബഹുമതിക്ക് നാം അര്‍ഹാരാകുകയില്ലേ? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ.
ആവര്‍ത്തിച്ചു വരുന്ന പകര്‍ച്ചവ്യാദികള്‍ നമ്മുടെ ശുചിത്തമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഭലമാണെന്ന്‍ നാം തിരിച്ചറിയുന്നില്ല. മാളിന്യകൂമ്പരങ്ങളും ദുര്‍ഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങള്‍ എന്ത് ചെയ്യണമെന്ന്‍ അറിയാതെ അധികൃതര്‍ നട്ടം തിരിയുന്നു. മാലിന്യത്തിന്റെ പേരില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു. കോടതി ഇടപെടുന്നിടത്ത് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായിത്തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.
വ്യെക്തികളും അവര്‍ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യെക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസര്‍ജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതില്‍ ഉള്‍പ്പെടുന്നു. വ്യെക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പോതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേര്തിരിച് പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം കൂടി ചേര്‍ന്ന ആകത്തുകയാണ് ശുചിത്വം.
ശുചിത്വമില്ലായ്മ എവിടെയെല്ലാം?എവിടെയെല്ലാം നാം ശ്രേദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാന്‍ കഴിയുന്നതാണ്. വീടുകള്‍, സ്കൂളുകള്‍, ഹോട്ടലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ലോഡ്ജുകള്‍ ഹോസ്റ്റലുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വ്യവസായ ശാലകള്‍, ബസ്സ് സ്റ്റാന്റുകള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്സ്റ്റെഷനുകള്‍, റോഡുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി മനുഷന്‍ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുച്ചിത്വമില്ലായ്മയുമുണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ നമ്മെ പ്രേരിപ്പിക്കുനന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൌരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കില്‍ അല്ലെ പരിഹാരത്തിന് ശ്രേമിക്കുകയുള്ളൂ. ഇത് ഇങ്ങനെയൊക്കെഉണ്ടാവും എന്ന നിസ്സംഗതാമാനോഭാവം അപകടകരമാണ്.
പൌരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തില്‍ മാത്രമേ ശുചിത്വം സാദ്യമാവുകയുള്ളു. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാല്‍ ശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്‍റെ ഉത്തരവാദിത്വമാണെന്ന്‍ ഓരോരുത്തരും കരുതിയാല്‍ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാന്‍ ചെല്ലുന്നിടമെല്ലാം ശുചിത്വമുല്ലതായിരിക്കനമെന്ന ചിന്ത ഉണ്ടെങ്കില്‍ ശുചിത്വമില്ലായ്മക്കെതിരെ പ്രവര്‍ത്തിക്കും, പ്രതികരിക്കും. സാമൂഹ്യബോധമുള്ള ഒരു വ്യെക്തി തന്‍റെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കുകയില്ല. (അയല്‍ക്കാരന്റെ പറമ്പിലേക്ക് മാലിന്യം വലിചെറിയുന്നവര്‍ അയല്‍ക്കാരുടെ ശുചിത്വത്തിനുള്ള അവകാശത്തിന്മേല്‍ കയ്യേറ്റം നടത്തുകയാണ്.)
ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൌലികാവകാശമാണ്. ജീവിക്കാന്‍ ഉള്ള അവകാശമെന്നാല്‍ ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണര്‍ത്ഥം. ശുചിത്വലുള്ള ചുറ്റുപാടിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ്, അഭിമാനമാണ്. അതായത് ശുചിത്വം അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്നമാണ്. ശുചിത്തമില്ലാത്ത ചുറ്റുപാടില്‍ ജീവിക്കുമ്പോള്‍ അന്തസ്സും അഭിമാനവും ഇല്ലാത്തവരായി മാറുന്നു. ജീവിതഗുനനിലവാരതിന്‍റെ സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടില്‍ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുനനിലവാരവും ഉയര്‍ത്തപ്പെടും.
വ്യക്തിശുചിത്വബോധാമുള്ളതുകൊണ്ടാണല്ലോ നാം പല്ല് തേച്ച് കുളിച്ച് വൃത്തിയായി നടക്കുന്നത്; ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകഴുകുന്നത്; അത് പോലെ വ്യെക്തിഗതമായി ആവശ്യമുള്ള എല്ലാ ശുചിത്വകര്‍മങ്ങളും ചെയ്യുന്നത്. വ്യെക്തിശുചിത്വം സാദ്യമാണെങ്കില്‍ സാമൂഹ്യശുചിത്വവും സാദ്യമല്ലേ. അതിനു സാമൂഹ്യശുചിത്വബോധം വ്യക്തികല്‍ക്കുണ്ടാകണം.അതുണ്ടായാല്‍ ഒരു വ്യെക്തിയും വ്യക്തിശുചിത്വത്തിനോ ഗാര്‍ഹിക ശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കില്ല.അവരവരുണ്ടാകുകുന്ന മാലിന്യം അവരവര്‍ തന്നെ സംസ്കരിക്കുകയും അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും പോതുസ്തലങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കും പ്രവര്‍ത്തിക്കും.അങ്ങനെ വന്നാല്‍ ഒരു സ്ഥാപനവും ഒരു ഓഫീസും ഒരു വ്യവസായശാലയും ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുകയില്ല. മാലിന്യങ്ങള്‍ പോതുസ്ഥലങ്ങളിലേക്കും ജാലാശയങ്ങളിലേക്കും തള്ളുകയില്ല.
ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. എന്നാല്‍ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അവസ്ഥയുമാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലളിതമായി പറഞ്ഞാല്‍ മലിനീകരണം.ഇത്തരം വസ്തുക്കളാല്‍ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങള്‍ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു. ഏത് തരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നു.
ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം (പാഴ്വസ്തുക്കള്‍) മാലിന്യങ്ങളല്ല. അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. മിക്കവാറും പാഴ്വസ്തുക്കള്‍ പാഴ്വസ്തുക്കളാകുന്നത് അസ്ഥാനത്തിരിക്കുമ്പോഴും അവസ്ഥാന്തരം സംഭവിക്കുമ്പോഴുമാണ്. അവയെ അവസ്ഥാന്തരം സംഭവിക്കുന്നതിന് മുമ്പ് എത്തേണ്ട സ്ഥാനത്ത് എത്തിച്ചാല്‍ അവ ഉപയോഗശൂന്യമായ വിഭവങ്ങള്‍ ആയി മാറും. വീട്ടുമുറ്റത്ത് കിടക്കുമ്പോള്‍ ചാണകം ഒരു മാലിന്യമാണ്. അത് ചെടിയുടെ ചുവട്ടില്‍ എത്തുമ്പോഴോ , ഏറെ അത്യാവശ്യമായ വളമായി മാറുന്നു. പാഴ്വസ്തുക്കളെന്നു നാം കരുതുന്ന മിക്കവയുടെയും സ്ഥിതി ഇതാണ്. ഈ തിരിച്ചറിവുണ്ടായാല്‍ മലിനീകരണം ഒരു പരിധി വരെ തടയാന്‍ കഴിയുന്നതാണ്.
മലിനീകരണം എവിടെയെല്ലാംമാലിന്യവിമുക്തമായ ഒരു ചുറ്റുപാടില്‍ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം ശബ്ദമലിനീകരണത്തിലൂടെ നഷ്ടമാകുന്നു. വാഹങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദവും അവയുടെ ഹോണുകളും ഉച്ചഭാഷിണികളുമാണ് ശബ്ദമലിനീകരണത്തിന്റെ പ്രധാന ഉത്തരവാദികള്‍. ഇവയുടെ വിവേകപൂര്‍വ്വമായ ഉപയോഗം നമുക്ക് അജ്ഞാതമാണ്. രോഗികള്‍ വയോജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ശബ്ദമലിനീകരണം മറ്റുള്ളവരേക്കാള്‍ പ്രശ്നമുണ്ടാക്കുന്നു.
രാവും പകലും എന്നത് പ്രകൃതി നിയമമാണ്. പ്രകൃതി അതിലെ എല്ലാ ജീവജാലങ്ങളെയും സജ്ജീകരിച്ചിരിക്കുന്നത് ഈ നിയമ വ്യവസ്ഥക്ക് വിധേയമായി നിലനില്‍ക്കാനാണ്. രാത്രികളില്ലാതായാല്‍ ജീവജാലങ്ങളുടെ ഈ സ്വാഭാവികെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കും. അത് കൊണ്ട് തന്നെ തീവ്ര പ്രകാശവും ഒരുതരം മലിനീകരനമാണ്. നഗരങ്ങളില്‍ രാവും പകലും വ്യത്യാസമില്ലാതായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഗ്രാമങ്ങളും ആ വഴിക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ട് പോലും ഹൈമാസ് ലാമ്പുകളും ദീപാലങ്കാരങ്ങളും നാള്‍ക്ക്നാള്‍ കൂടി വരുന്നു. വാഹനങ്ങള്‍ രാത്രികളില്‍ തീവ്രപ്രകാശം പരത്തി ചീറിപ്പായുന്നു. രാവുകള്‍ നഷ്ടപ്പെടുന്ന ഒരു സമൂഹമായി നാം മാറുന്നു.
പാഴ്വസ്തുക്കലെല്ലാം മാലിന്യമാല്ലെങ്കിലും പാഴ്വസ്തുക്കള്‍ മാലിന്യമായി മാറി നമ്മുടെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുന്നു. അത് പോലെ വ്യവസായശാലകളില്‍ നിന്ന്‍ ആശുപത്രികളില്‍ നിന്ന്‍, ഫ്ലാറ്റുകളില്‍ നിന്ന്‍, ആട്-കോഴി-പന്നി ഫാമുകളില്‍ നിന്ന്‍ തുടങ്ങി നിരവധിയിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നമുക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. മാലിന്യങ്ങളെ പല രീതിയില്‍ വര്‍ഗീകരിക്കാവുന്നതാണ്.
മാലിന്യങ്ങളെ ജൈവം-അജൈവം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്.ജൈവമാലിന്യങ്ങളെ തന്നെ രണ്ടായി തിരിക്കാവുന്നതാണ്.
അജൈവമാലിന്യങ്ങള്‍- സ്വാഭാവിക രീതിയില്‍ മണ്ണില്‍ ലയിച്ച് ചേരാത്തവായാണിവ. ഇവയെ താഴെ പറയുന്ന പ്രകാരം 4 വിഭാവങ്ങളായി തരംതിരിക്കാവുന്നതാണ്.
ഖരം-ദ്രാവകം-വാതകം.
മാലിന്യങ്ങളെ ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. അവയുടെ സവിശേഷതകളും അപകടത്തിന്‍റെ രൂക്ഷതയും മനസ്സിലാക്കുന്നതിനും പരിപാലന രീതികള്‍ കണ്ടെത്തുന്നതിനും ഈ തരം തിരിവ് സഹായകരമാണ്.
വീടുകള്‍, ചന്തകള്‍, കൃഷിയിടങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍, വ്യവസായ ഇതര സ്ഥാപങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‍ പുറം തള്ളപ്പെടുന്ന ഉപയോഗാനന്തര വസ്തുക്കളാണിവ.
വ്യവസായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പുറംതള്ളപ്പെടുന്ന ഖര-ദ്രാവക രൂപങ്ങളില്‍ ഉള്ള മാരകമായ രാസമാലിന്യങ്ങളും പുക, വിഷവാതകങ്ങള്‍, ശബ്ദം മുതലായവയും ഉള്‍പ്പെടുന്നതാണ് ഇവ.
മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടിയുള്ള ലാബുകള്‍, ഗവേഷണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പുറംതള്ളപ്പെടുന്ന മാലിന്യങ്ങലാണിവ. താഴെ പറയുന്നവ ഇതില്‍ ഉള്‍പ്പെടുന്നു.
ന്യൂക്ലിയര്‍ പവര്‍ സ്റ്റെഷനുകളില്‍ നിന്നും പരീക്ഷണ ശാലകളില്‍ നിന്നും ആയുധനിര്‍മാണ ശാലകളില്‍ നിന്നും ഖനികളില്‍ നിന്നും വികരണവസ്തുക്കള്‍ ഉപയോഗിക്കുന്ന വ്യവസായ ശാലകില്‍ നിന്നും പുറന്തള്ളപ്പെടുന്ന ആണവ വികിരണ സ്വഭാവമുള്ള വസ്തുക്കളാണ് ആണവ മാലിന്യങ്ങള്‍.
അമിതമായ ശബ്ദം മനുഷ്യര്‍ക്കും മറ്റ് ജന്തുജാലങ്ങള്‍ക്കും ഒരുപോലെ പ്രശ്നമാണ്. അമിത ശബ്ദം ശ്രവണവൈകല്യം ഉണ്ടാക്കും എന്ന്‍ മാത്രമല്ല മനുഷ്യരിലും മറ്റ് ജീവികളിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും മനുഷ്യരില്‍ മാനസികരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
അനവസരത്തില്‍ പ്രസരിക്കപ്പെടുന്ന പ്രകാശം സസ്യജന്തുജാലങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പാരിസ്ഥികാരോഗ്യം നശിക്കുന്നു.
പക്ഷികളെയും മൃഗങ്ങളെയും കശാപ്പ് ചെയ്യുന്ന അറവ്ശാലകളില്‍ നിന്നും കൊഴിക്കടകളില്‍ നിന്നും വളരെയധികം മൃഗാവശിഷ്ടങ്ങള്‍ പുറത്ത് തള്ളുന്നുണ്ട്. പലപ്പോഴും ഇവ റോഡുകളുടെ അരുകുകളിലും ജലാശയങ്ങള്‍ക്ക് സമീപവും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കപ്പെടുന്നു.
വ്യാവസായികാടിസ്ഥാനത്തില്‍ നടത്തുന്ന കോഴി-പന്നി ഫാമുകള്‍ വന്‍തോതില്‍ മാലിന്യം സൃഷ്ടിക്കുന്നു ഇവിടങ്ങളില്‍ ശാസ്ത്രീയ മാലിന്യപരിപാലന രീതികള്‍ അവലംബിചില്ലെങ്കില്‍ ഇവ വലിയ പാരിസ്ഥിതിക മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും.
ശാസ്ത്രീയമായ ശവ സംസ്കരണ രീതികള്‍ അവലംബിക്കാതെയുള്ള ശ്മശാനങ്ങള്‍ വായുവും വെള്ളവും മലിനമാക്കുന്നു.
പ്ലാസ്റ്റിക് എന്ന വില്ലന്‍
മാലിന്യങ്ങളെ തരം തിരിച്ച് ഓരോതരം മാലിന്യത്തെയും ഏറ്റവും അനുയോജ്യവും അപകടരഹിതവുമായ രീതിയില്‍ ഉപയോഗപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യലാണ് മാലിന്യപരിപാലനം. വ്യവസായശാലകള്‍, ആശുപത്രികള്‍, അറവ്ശാലകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളുടെയും പൊതുവായി ശേഖരിക്കപ്പെടുന്ന മാലിന്യങ്ങളുടെയും പരിപാലനത്തിന് മെച്ചപ്പെട്ട സാങ്കേതികവിദ്യയും വലിയ മുതല്‍മുടക്കും മറ്റും ആവശ്യമാണ്. അത് ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ടെത്തി നടപ്പില്‍ വരുത്തേണ്ടതാണ്. എന്നാല്‍ വലിയ മുതല്‍ മുടക്കോ ഡ=സാങ്കേതിക വിദ്യകളോ ഒന്നും ആവസ്യമില്ലാതെ തന്നെ വളരെ ലളിതമായി ഗാര്‍ഹിക മാലിന്യങ്ങള്‍ പരിപാലിക്കാന്‍ കഴിയുന്നതാണ്. വീടുകളിലെ മാത്രമല്ല ഫ്ലാറ്റുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലെയും മാലിന്യങ്ങള്‍ ഇപ്രകാരം പരിപാലിക്കവുന്നതാണ്. സബ്സിഡി ലഭിക്കുകയും ചെയ്യും.
1) കുഴിക്കമ്പോസ്റ്റിംഗ്
ഏറ്റവും പ്രാചീനമായ മാലിന്യസംസ്ക്കരണ രീതിയാണിത്. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയില്ലാത്ത സ്ഥലത്ത് ഒരു മീറ്റര്‍ നീളത്തിലും 60. സെ.മീ വീതിയിലും ഒരു മീറ്റര്‍ ആഴത്തിലും രണ്ട് കുഴികള്‍ എടുക്കുക. കുഴികള്‍ക്ക് ചുറ്റും മണ്ണ്‍ കൊണ്ടോ, ഇഷ്ടിക കൊണ്ടോ ചെറിയൊരു തിട്ട 10.സെ.മീ പൊക്കത്തില്‍ ഉണ്ടാക്കുക. വെള്ളം ഒലിചിറങ്ങാതിരിക്കുന്നതിനു ഇത് സഹായിക്കും. അഞ്ചോ ആരോ അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് മതിയാവുന്ന കുഴികളുടെ അളവാണിത്. അംഗസഖ്യ അനുസരിച്ച് അളവ് കൂട്ടാവുന്നതാണ്. എന്നാല്‍ ആഴം ഒരു മീറ്ററില്‍ കവിയാന്‍ പാടില്ല. ആദ്യത്തെ ആറു മാസം ഒരു കുഴി ഉപയോഗിക്കുക. കുഴിയുടെ അടിഭാഗത്തായിട്ട് ചാണകം (3 സെ.മീ) കനത്തില്‍ ഇടുന്നത് മാലിന്യസംസ്ക്കരണം ത്വരിതപ്പെടുത്തും. മാലിന്യം ഇട്ടതിനു ശേഷം അതിനു മുകളില്‍ ചെറുതായിട്ട് മണ്ണ്‍ വിതറുക. ഇത് ഈച്ച, കൊതുക് മുതലായവയെ അകറ്റാന്‍ ആവശ്യമാണ്. ഒരു കുഴി ഉദ്ദേശം ആറു മാസത്തെ ജൈവമാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ മതിയാകും. ഇടയ്ക്കിടയ്ക്ക് ചാണകപ്പൊടി വിതറുന്നത് നന്നായിരിക്കും. കുഴി നിറയുമ്പോള്‍ അതിന്‍റെ മുകള്‍വശത്ത് ആറു ഇഞ്ച് കനത്തില്‍ മണ്ണിട്ട് മൂടി സൂക്ഷിക്കുക. അതിന് ശേഷം രണ്ടാമെത്തെ കുഴിയില്‍ ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ച് തുടങ്ങാം. ആദ്യത്തെ കുഴിയിലെ മാലിന്യങ്ങള്‍ നാല് മുതല്‍ 6 മാസത്തിനകത്ത് വളമായി മാറുന്നതാണ്. ഇത് നീക്കം ചെയ്ത് ആ കുഴി വൃത്തിയാക്കി കഴിഞ്ഞാല്‍ രണ്ടാമത്തെ കുഴി നിറയുന്ന സമയത്ത് ഈ കുഴി വീണ്ടും ഉപയോഗിച്ച് തുടങ്ങാം. അഴുകുന്ന ഏതു ജൈവമാലിന്യവും സംസ്ക്കരിക്കാം എന്നതാണ് കുഴി കമ്പോസ്റ്റിന്റെ സവിശേഷത. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും കുടിവെള്ള സ്രോതസ്സുകള്‍ക്ക് അടുത്തും കുഴി കമ്പോസ്റ്റിംഗ് രീതി ഒഴിവാക്കേണ്ടതാണ്.
2) മോസ്പിറ്റ് കമ്പോസ്റ്റിംഗ്
യഥേഷ്ടം തുറക്കുകയും, അടയ്ക്കുകയും ചെയ്യാവുന്നതും മണ്ണില്‍ ഉണ്ടായിരിക്കുന്നതുമായ ചെറിയ കുഴിയാണ് മോസ്പിറ്റ് എന്ന ലഘു കമ്പോസ്റ്റിംഗ് രീതി. 10. സെ.മീ വ്യാസമുള്ള പി.വി.സി. പൈപ്പ് 40 സെ.മീ നീളത്തില്‍ മുറിച്ചെടുത്ത് 75 സെ.മീ. വ്യാസത്തിലും 5 സെ.മീ കനത്തിലും വൃത്താകാരത്തില്‍ തയാറാക്കുന്ന കോണ്ക്രീറ്റ് സ്ലാബിന്റെ മധ്യത്തിലായി കുത്തനെ ഉറപ്പിക്കുക. കുഴലിന്‍റെ ഒരഗ്രം 10 സെ.മീ പി.വി.സി സ്റ്റോപ്പര്‍ കൊണ്ട് അടയ്ക്കുക. 60 സെ.മീ വ്യാസത്തില്‍ ഒരു കുഴിയെടുത്ത് (പരമാവധി ഒരു മീറ്റര്‍ ആഴത്തില്‍) അതിനെ ഈ സ്ലാബ് കൊണ്ട് അടയ്ക്കുക. സ്ലാബിനു മുകളില്‍ കുറച്ച് മണ്ണിടുക. അടപ്പ് തുറന്ന്‍ മാലിന്യങ്ങള്‍ ഇടുക. കുഴല്‍ എപ്പോഴും അടച്ച് വെയ്ക്കുക. ഒരു കുടുംബത്തിന് ഇപ്രകാരം രണ്ട് കുഴികള്‍ ആവശ്യമാണ്. ഒന്നിടവിട്ട് ആറു മാസങ്ങളില്‍ ഉപയോഗിക്കാം. സ്കൂളുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും കുഴിയുടെ വ്യാസം 180 സെ.മീ വരെയാകാം. പൈപ്പ് സൈസ് 20. സെ.മീ. മാലിന്യങ്ങള്‍ ഇടുന്നതിനു മുമ്പേ ചാണകപ്പൊടിയോ ഈര്‍പ്പമുള്ള മേല്‍മണ്ണോ എടുത്ത് കുഴിയില്‍ വിതറി ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പ് വരുത്തണം. ഇടയ്ക്കിടെ ചാണകം കലക്കി ഒഴിക്കുന്നത് ജൈവമാലിന്യങ്ങളുടെ ജീര്‍ണ്ണനം ത്വരിതപ്പെടുത്തും.
3) മണ്‍കല കമ്പോ സ്റ്റിംഗ്
രണ്ട് മണ്‍കലങ്ങള്‍ കൊണ്ട് മാലിന്യം സംസ്ക്കരിക്കാവുന്ന വളരെ ലളിതമായ രീതിയാണ് ഇത്.
ആവശ്യമുള്ള സാധനങ്ങള്‍
തയ്യാറാക്കുന്ന വിധം
മണ്‍കലങ്ങളുടെ അടിവശത്ത് മധ്യത്തിലായി ഒരു സുഷിരം ഉണ്ടാക്കുക. അടുക്കളഭാഗത്ത് മഴ നനയാത്തവിധം കലങ്ങള്‍ രണ്ട് സ്റ്റാന്റുകളിലുമായി സ്ഥാപിക്കുക. ചട്ടികൊണ്ട് അടക്കുക. കലത്തിന് ചുവട്ടില്‍ സുഷിരത്തിന് താഴെ വരത്തക്കവണ്ണം മലിനജലം ശേഖരിക്കുന്നതിനുള്ള പാത്രം വയ്ക്കുക. ആഹാരവശിഷ്ടങ്ങള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍, മത്സ്യം മാംസം എന്നിവയുടെ അവശിഷ്ടങ്ങള്‍ എന്നിവ അതതുദിവസം തന്നെ കലത്തില്‍ നിക്ഷേപിച്ച് അടച്ച് സൂക്ഷിക്കുക. ചകിരി, തൊണ്ട്, പ്ലാസ്റിക് വസ്തുക്കള്‍ ഇവയൊന്നും നിക്ഷേപിക്കാന്‍ പാടില്ല. 3-ആം ദിവസം കലത്തില്‍ ഉണ്ടാകുന്ന ഊറല്‍ ജലം (ലീച്ചേറ്റ്) താഴെ വച്ചിരിക്കുന്ന പാത്രത്തില്‍ വീണു തുടങ്ങും. ഈ പാത്രത്തില്‍ നാല് സ്പൂണ്‍ ഉപ്പ് വിതറി പ്രാണികളെ തടയുക. ഒരു മാസം കഴിയുമ്പോ ഈ പാത്രം നിറയുന്നു. അപ്പോള്‍ അത് അടച്ച് വെച്ച് രണ്ടാമത്തെ കലത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച് തുടങ്ങുക. രണ്ടാമത്തെ കലം നിറയാറാകുമ്പോഴേക്കും ഒന്നാമത്തെ കലത്തിലെ മാലിന്യങ്ങള്‍ കമ്പോസ്റ്റ് ആയി കഴിഞ്ഞിട്ടുണ്ടാവും.
4) ജൈവ സംസ്ക്കരണ ഭരണി (ബയോ പോട്ട് സിസ്റ്റം)
തയ്യാറാക്കുന്ന വിധം
ജൈവസംസ്ക്കരണത്തിനുതകുന്ന വിധം പ്രത്യേകം രൂപകല്‍പ്പന
ചെയ്ത കളിമണ്‍ ഭരണികള്‍ തട്ടുകളായി അടുക്കിവെച്ചിട്ടുള്ളതാണ് ഒരു ജൈവ സംസ്ക്കരണ ഭരണി യുണിറ്റ്. മുകളില്‍ വെക്കുന്ന രണ്ട് ഭരണികളുടെയും മുകള്‍ഭാഗവും അടിഭാഗവും തുറന്നതായിരിക്കും. താഴെ തട്ടിലുള്ള ഭരണിയുടെ മുകള്‍ ഭാഗം മാത്രം തുറന്നതായിരിക്കും. മുകളിലെ രണ്ട് ഭരണികളുടെയും അടിഭാഗത്തുള്ള പ്ലാസ്റിക് ചരടിന്മേല്‍ പത്രകക്കടലാസ് അല്ലെങ്കില്‍ ഇലകള്‍ വിരിച്ച് ജൈവാവശിഷ്ടങ്ങള്‍ താഴെ പോകാത്ത വിധം ജൈവതട്ട് നിര്‍മിക്കുക. നിക്ഷേപിക്കുന്ന ജൈവാവശിഷ്ടങ്ങളിലെ അധിക ജലം താഴെ ഭരണിയിലേക്ക് ഒലിച്ചിറങ്ങുന്ന വിധമായിരിക്കണം തട്ട് നിര്‍മിക്കേണ്ടത്. അരിച്ച് എടുത്ത് പാകപ്പെടുത്തിയ ജൈവവളം അല്ലെങ്കില്‍ സൂക്ഷ്മാണു കലര്‍ത്തിയ മരപ്പൊടി സംസ്ക്കരണത്തിന് ഉറയായി (സ്റ്റാര്‍ട്ടറായി) ഉപയോഗിക്കുന്നത് സംസ്ക്കരണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും ചീഞ്ഞഴുകുന്നത് തടയുന്നതിനും ഉപകരിക്കുന്നതാണ്. ബയോകള്‍ച്ചര്‍ മിശ്രിതത്തില്‍ പുട്ടിന് പൊടി നനയ്ക്കുന്ന വിധം മരപ്പൊടി കുതിര്‍ത്ത് ചാക്കില്‍ കെട്ടി രണ്ട് ദിവസം വെച്ചിരുന്നാല്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി മരപ്പൊടിയില്‍ ചൂട് അനുഭവപ്പെടുന്നതും ഉയരത്തില്‍ ചൂട് അനുഭവപ്പെട്ടാല്‍ മരപ്പൊടി സ്റ്റാര്‍ട്ടറായി ഉപയോഗിക്കാവുന്നതുമാണ്. (മാവ്, റബ്ബര്‍, ആരിവേപ്പ് എന്നിവയുടെ മരപ്പൊടി ഇതിനായി ഉപയോഗയോഗ്യമല്ല.)
5) പൈപ്പ് കമ്പോസ്റ്റിംഗ്
ആവശ്യമായ സാധനങ്ങള്‍
തയ്യാറാക്കുന്ന രീതി
സൗകാര്യമായ ഭാഗത്ത് 2 കുഴി 30 സെ.മീ താഴ്ചയില്‍ രണ്ട് കുഴിയെടുത് പൈപ്പുകളെ നിര്‍ത്തി മണ്ണിട്ട് ഉറപ്പിക്കുക. 1 മീറ്റര്‍ പൈപ്പില്‍ 70 സെ. മീ പുറത്ത് കാണുകയും 30 സെ.മീ മണ്ണിനടിയിലുമായിരിക്കും. പൈപ്പിന്‍റെ മുകളില്‍ ക്യാപ്പ് കൊണ്ട് മൂടി വയ്ക്കുക. ഇടയ്ക്കിടയ്ക്ക് ചാണകവെള്ളമോ, ചെറു ചൂടുള്ള കഞ്ഞിവെള്ളമോ പുളിപ്പിച്ച തൈരോ മോരോ മാലിന്യത്തിന്റെ കൂടെ തളിക്കുന്നത് കമ്പോസ്റ്റിംഗ് പ്രക്രിയ ത്വരിതപ്പെടുത്താന്‍ സഹായിക്കും. ഒരു പൈപ്പ് നിറഞ്ഞതിനു ശേഷം അതിനെ അടപ്പ് കൊണ്ട് അടച്ച്വെയ്ക്കുക. എന്നിട്ട് രണ്ടാമത്തെ പൈപ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച് തുടങ്ങുക. ദിവസവും ഒരു കിലോ ജൈവമാലിന്യങ്ങള്‍ വീതം 60 ദിവസത്തേക്ക് നിക്ഷേപിക്കാന്‍ ഒരു പൈപ്പ് മതിയാകും. രണ്ടാമത്തെ പൈപ്പ് നിറഞ്ഞു കഴിയുമ്പോള്‍, അതായത് 4 മാസത്തിന് ശേഷം ആദ്യത്തെ പൈപ്പില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ വളമായി മാറിയിട്ടുണ്ടാകും. ആ പൈപ്പ് പുറത്ത് വലിച്ചെടുത്ത് അതിലുള്ള കമ്പോസ്റ്റ് ഒരു കമ്പിയുപയോഗിച്ച് പുറത്തേക്ക് തള്ളി തണലില്‍ ഇട്ട് പൂര്‍ണ്ണമായി ജീര്‍ണനനം നടന്ന ശേഷം വളമായി ഉപയോഗിക്കാം. വീണ്ടും ആ പൈപ്പ് മണ്ണില്‍ തിരകെ നിര്‍ത്തി മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങാവുന്നതാണ്.
6) റിംഗ് കമ്പോസ്റ്റിംഗ്
ആവശ്യമുള്ള സാധനങ്ങള്‍
തയാറാക്കുന്ന രീതി
സൗകര്യമായ സമനിരപ്പുള്ള ഒരു സ്ഥലത്ത് 75 സെ.മീ വ്യാസമുള്ള ഫെറോ.സിമന്‍റ് സ്ലാബ് (ദ്വാരം ഇല്ലാത്തത്) വയ്ക്കുക. അതിന്‍റെ പുറത്ത് ഫെറോ സിമന്‍റ് റിംഗ് സ്ഥാപിക്കുക. അതിന് മുകളില്‍ ദ്വാരമുള്ള ഫെറോ സിമന്‍റ് സ്ലാബ് വയ്ക്കുക. മുകളിലത്തെ ഫെറോ സിമന്‍റ് സ്ലാബിലുള്ള ദ്വാരത്തിലൂടെ അതാത് ദിവസങ്ങളിലെ ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുക. 35 സെ.മീ വ്യാസമുള്ള സ്ലാബ് കൊണ്ട് ദ്വാരം എപ്പോഴും അടച്ച് വെക്കുക. മാലിന്യം ഇടാന്‍ സമയത്ത് മാത്രം ഇതിനെ ഒരു വശത്തേക്ക് തള്ളി മാറ്റിയിട്ട് മാലിന്യം നിക്ഷേപിക്കുക. ഊറി വരുന്ന ജലം അഥവാ ലീച്ചേറ്റ് പുറത്തേക്ക് പോകാനായിട്ട് ഫെറോ സിമന്‍റ് റിങ്ങിന് താഴെ അറ്റത്ത് ഒരിഞ്ചു വ്യാസത്തില്‍ ഒരു സുഷിരം ഉണ്ടായിരിക്കണം. അതുവഴി വരുന്ന ലീച്ചേറ്റ് പ്ലാസ്റിക് പാത്രത്തില്‍ ശേഖരിച്ച് സംസ്ക്കരിക്കേണ്ടതാണ്. ഒരു റിംഗ് സെറ്റ് മൂന്നു മാസത്തേക്ക് ഒരു കുടുംബത്തിന് മതിയാകും. ഒരു റിംഗ് നിറയുമ്പോഴേക്കും രണ്ടാമത്തെ റിംഗ് മാലിന്യം നിക്ഷേപിക്കാന്‍ ഉപയോഗിക്കുക. രണ്ടാമത്തെ റിംഗ് നിറയുമ്പോള്‍ ആദ്യത്തെ റിങ്ങിലെ മാലിന്യം ജൈവവളം ഉണ്ടായിട്ടുണ്ടാകും. ആയത് നീക്കം ചെയ്ത ശേഷം വീണ്ടും ഉപയോഗിക്കപ്പെടാവുന്നതാണ്.
7) മണ്ണിര കമ്പോസ്റ്റിംഗ്
തയ്യാറാക്കുന്ന രീതി
പ്ലാസ്റ്റിക്, ടെറാകോട്ട, ഫൈബര്‍, റെയ്ന്‍ഫോഴ്സ്ട് പ്ലാസ്റ്റിക് മുതലായ പലതരം സാധനങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ മണ്ണിര കമ്പോസ്റ്റ് ബേസിനുകള്‍ അഥവാ ടാങ്കുകള്‍ ലഭ്യമാണ്. 25 ലിറ്റര്‍ വ്യാപ്തമുള്ള രണ്ട് ബേസിനുകള്‍ വേണം ഒരു വീട്ടിലേക്ക്. ഇവയില്‍ ചകിരിനാരു വിരിച്ച് അതിനുമുകളില്‍ ചാണകപ്പൊടി വിതറി അടിസ്ഥാന നിരയിട്ടതിനു ശേഷം മണ്ണിരകളെ (200 എണ്ണം) ഇടുക. (Eudrillus Eugineau എന്നതരം മണ്ണിരയെയാണ് ഇതിനുപയോഗിക്കുക.) അതിന് മുകളില്‍ പഴകിയ ആഹാരസാധനങ്ങള്‍, പച്ചക്കറി, മത്സ്യം, മാംസം മുതലായവയുടെ വേസ്റ്റുകള്‍ കൊത്തിയരിഞ്ഞു വയ്ക്കുക. ഇടയ്ക്കിടയ്ക്ക് വെള്ളം തളിച്ച്കൊടുക്കണം. തുടര്‍ന്നുള്ള രണ്ടാഴ്ച്ച രണ്ടാമത്തെ ബേസിന്‍ ഇതേമാതിരി ഉപയോഗിക്കുക. രണ്ടാമത്തെ ബേസിന്‍ നിറഞ്ഞു കഴിയുമ്പോഴേക്കും ആദ്യത്തെ ബേസിനിലെ മാലിന്യം മണ്ണിര തിന്നു കഴിഞ്ഞു വളമാക്കിയിട്ടുണ്ടാകും ആ ബേസിനിലെ ചാക്ക് മാറ്റി ചെറുതായിട്ട് സൂര്യപ്രകാശം തട്ടുന്ന രീതിയില്‍ വയ്ക്കുക. ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ മണ്ണിരകള്‍ ബേസിന്റെ അടിത്തട്ടിലേയ്ക്കു വലിയുന്നതായിരിക്കും. ഈ സമയം വളം മാറ്റിയിട്ട് വീണ്ടും മാലിന്യം ഈ ബേസിനില്‍ നിക്ഷേപിച്ച് തുടങ്ങാം. മണ്ണിര കമ്പോസ്റ്റ് വഴി ലഭിക്കുന്ന വളം മറ്റ് കമ്പോസ്റ്റ് വഴി ലഭിക്കുന്ന വളത്തേക്കാള്‍ ജൈവഗുണങ്ങളുള്ളതാണു.
8) പോര്‍ട്ടബിള്‍ ഗാര്‍ഹിക ബയോബിന്‍സ് കമ്പോസ്റ്റിംഗ്
ആവശ്യമുള്ള സാധനങ്ങള്‍
(HDPE ഷീറ്റ്കൊണ്ട് നിര്‍മ്മിച്ചതും 35 കിലോഗ്രാം കൊള്ളുന്നതുമായ ബിന്‍. ഏറ്റവും അടിയില്‍ ഊറല്‍ ജലം ശേഖരിക്കുന്നതിനും ഏറ്റവും മുകളില്‍ അടച്ച് വെയ്ക്കുന്നതിനുമുള്ള മൂന്ന്‍ തട്ടുകളാണ് പ്രധാനഭാഗങ്ങള്‍. അടിത്തട്ടില്ലാത്ത പ്ലാസ്റ്റിക് ബിന്നുകളും ഉപയോഗിക്കാം. അത്തരം സാഹചര്യത്തില്‍ മണ്ണില്‍ കുഴിച്ച് വയ്ക്കുകയോ മണ്ണിനുമുകളില്‍ ഇഷ്ടിക വെച്ച് മണ്ണ്‍ നിറച്ച് ഊറല്‍ ആഗിരണം ചെയ്യുവാന്‍ സൗകര്യം ഉണ്ടാക്കുകയോ ചെയ്യണം.)
തരം തിരിച്ച അടുക്കള മാലിന്യങ്ങള്‍ ചെറുതായി മുറിച്ച് ബിന്നില്‍ ഇടുക. ചാണകം, മേല്‍മണ്ണ്‍ , ശര്‍ക്കര, യീസ്റ്റ്, മരപ്പൊടി, ചകിരിഎന്നിവയുടെ മിശ്രിതം വിതറുക. ഇപ്രകാരം അടുത്ത ദിവസം മുതല്‍ മാലിന്യം നിക്ഷേപിക്കുക. ഒരു മാസമാകുമ്പോള്‍ ബിന്‍ നിറയും. നിറഞ്ഞ ബിന്‍ അടച്ച് സൂക്ഷിച്ചിട്ട് രണ്ടാമത്തെ ബിന്‍ നിറയ്ക്കുക. രണ്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ ആദ്യത്തെ ബിന്നിലെ മാലിന്യം കമ്പോസ്റ്റ് ആയി മാറിയിട്ടുണ്ടാകും. അതിനെ വെയിലത്ത് ഉണക്കി വളമായി ഉപയോഗിക്കാം. മൂന്നാം മാസത്തില്‍ വീണ്ടും ആ ബിന്‍ ഉപയോഗിച്ച് തുടങ്ങാം.
9) മിനി ബയോപെഡസ്റ്റല്‍ കമ്പോസ്റ്റിംഗ്
ആവശ്യമുള്ള സാധനങ്ങള്‍
വേസ്റ്റ് ബക്കറ്റിന്റെ അടിഭാഗത്ത് 20 സെ.മീ വ്യാസത്തില്‍ ദ്വാരാമുണ്ടാക്കുക. ബക്കറ്റിനെ കമഴ്ത്തി കുഴിയിലറക്കുക. പൈപ്പിന്‍റെ അറ്റം ചരിചച്ചുമുറിക്കുക. മുറിച്ച അറ്റം ബക്കറ്റിലെ ദ്വാരത്തിലൂടെ കടത്തി ഉറപ്പിക്കുക. ബാസ്ക്കറ്റിന് ചുറ്റും ചല്ലിയിട്ട് വിടവ് അടയ്ക്കുക. പൈപ്പ് മാത്രം പുറത്ത് കാണത്തക്കവിധം ബാസ്ക്കറ്റ് മണ്ണിട്ട് മൂടുക. മാലിന്യം ചെറു കഷണങ്ങളാക്കി പൈപ്പിനുള്ളില്‍ നിക്ഷേപിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ പച്ചചാണകമോ, ജൈവ്‌മിശ്രിതമോ വിതറുക. ആദ്യ ആഴ്ച ഒന്നാം പെഡസ്റ്റലും അടുത്ത ആഴ്ച രണ്ടാം പെഡസ്റ്റ്ലും എന്ന രീതിയില്‍ ഒന്നും രണ്ടും പെഡസ്റ്റലുകള്‍ മാറി മാറി ഉപയോഗിക്കുക. മാലിന്യം നേരിട്ട് ആഗിരണം ചെയ്യുന്നതിനാല്‍ കമ്പോസ്റ്റ് പ്രത്യേകം മാറ്റേണ്ടതായി വരുന്നില്ല.
10) പോര്‍ട്ടബിള്‍ ബിന്‍/ ബക്കറ്റ് കമ്പോസ്റ്റിംഗ്
ആവശ്യമുള്ള സാധനങ്ങള്‍
തയാറാക്കുന്ന രീതി
ബക്കറ്റിനുള്ളില്‍ ഒരു ലെയര്‍ ചിരട്ട അടുക്കുക. അതിനുമുകളില്‍ പ്ലാസ്റ്റിക് വല വിരിക്കുക. ട്രേയ്ക്കുള്ളില്‍ രണ്ട് ഇഷ്ടിക വെച്ച് അതിനുമുകളില്‍ വയ്ക്കുക . ദിവസവും മാലിന്യം ഇളക്കി ചേര്‍ക്കുക. അഞ്ചു പേരടങ്ങുന്ന കുടുംബത്തിന് പരമാവധി ഒരു മാസത്തേക്ക് ഒരു യുണിറ്റ് മതിയാകും. ആഴ്ചയിലൊരിക്കല്‍ ഒരു മക്ഷ് വെള്ളം ഒഴിക്കുകയും ഊറല്‍ ജലം ടാപ്പിലൂടെ മക്ഷില്‍ ശേഖരിക്കുകയും ചെയ്യുക. ബക്കറ്റ് എപ്പോഴും അടച്ചുവയ്ക്കാന്‍ ശ്രദ്ധിക്കുക. രണ്ടാമത്തെ ബക്കറ്റ് നിറയുമ്പോഴേക്കും ഒന്നാമത്തെ ബക്കറ്റില്‍ മാലിന്യം കമ്പോസ്റ്റായി മാറുന്നതാണ്.
11) ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റ് (പോര്‍ട്ടബിള്‍)
ഓക്സിജന്റെ അഭാവത്തില്‍ മാലിന്യം സംസ്ക്കരിക്കുവാനും അതുവഴി പാചക ആവശ്യത്തിനായി ഗ്യാസ് ഉല്‍പാദിപ്പിക്കുവാനും സാധിക്കുന്ന മാലിന്യസംസ്ക്കരണ സംവിധാനമാണ് ബയോഗ്യാസ് പ്ലാന്‍റ്. അഞ്ച് അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് 0.5 ഘനമീറ്റര്‍ വ്യാപ്തിയുള്ള ഒരു യുണിറ്റ് മതിയാകും. ഒന്ന്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ അടുക്കളയില്‍ കത്തികുന്നതിനാവശ്യമായ ബയോഗ്യാസ് അര ഘനമീറ്റര്‍ യുണിറ്റില്‍ നിന്നും ലഭിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചാണകം, അടുക്കളയില്‍ നിന്നുള്ള മാലിന്യം, റബ്ബര്‍ ഷീറ്റിന്റെ വെള്ളം മറ്റ് ജൈവമാലിന്യങ്ങള്‍ തുടങ്ങിയ പെട്ടന്ന്‍ ജീര്‍ണ്ണിക്കുന്ന തരം മാലിന്യം പ്ലാന്‍റില്‍ നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ മുട്ടത്തോട്, ചിരട്ട, വാഴയില, ഓറഞ്ച്, നാരങ്ങ, അച്ചാര്‍, കീടനാശിനികള്‍, ഫിനോയില്‍, ഡെറ്റോള്‍, സോപ്പ് വെള്ളം, കുപ്പി പ്ലാസ്റ്റിക്, ലോഹങ്ങള്‍, തടികക്ഷണം, മണ്ണ്‍ മുതലായവ നിക്ഷേപിക്കാന്‍ പാടുള്ളതല്ല. മാലിന്യം ചെറുതായി അരിഞ്ഞു ഒരു കിലോയ്ക്ക് ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കല്‍ക്കി പ്ലാന്‍റില്‍ ഒഴിക്കുക. വാട്ടര്‍ ജാക്കറ്റില്‍ കൊതുക് വളരുവാന്‍ സാധ്യതയുള്ളതിനാല്‍ അത് തടയുന്നതിനായി കൊതുകുവല ഇടുകയോ ഡപ്പി മീന്‍ വളര്‍ത്തുകയോ ചെയ്യാവുന്നതാണ്. പുറത്തേക്ക് വരുന്ന സ്ലറി ഒരു ബക്കറ്റോ പാത്രമോ വെച്ച് ശേഖരിക്കുക. ആയത് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്കും മരങ്ങള്‍ക്കും വളമായി ഉപയോഗപ്പെടുത്താവുന്നതാണ്. തുടക്കത്തില്‍ ഒരു കിലോ ചാണകത്തിന് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് അരിച്ച് ഡയജസ്റ്ററില്‍ നിറയ്ക്കേണ്ടതാണ്.
12) സോക്കേജ് പിറ്
മലിനജലം കെട്ടി നില്‍ക്കാതെ അരിച്ച് ഭൂമിയിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനമാണ് സോക്കേജ് പിറ്. വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്ത് ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള ഒരു കുഴി തയ്യാറാക്കുക. കുഴിയുടെ മൂന്നില്‍ ഒന്ന്‍ ഭാഗം ചെറിയ കല്ലുകളോ ഇഷ്ടിക കഷണങ്ങളോ ഇട്ട് (ഏകദേശം 15 സെ.മീ.) നിറയ്ക്കുക. അതിനുമുകളിലുള്ള മൂന്നില്‍ ഒന്ന്‍ ഭാഗം കുറേകൂടി ചെറിയ കല്ലുകളോ ഓട് മുറികളോ, ഇഷ്ടിക കക്ഷണങ്ങളോ നിറയ്ക്കുക. അതിനും മുകളില്‍ കുറച്ച് ഭാഗം ചരളും ചരലിനു മുകളില്‍ കുറച്ച് ഭാഗം മണലും വിരിക്കുക. ഏറ്റവും മുകളില്‍ ചകിരി നിരത്തുക. മലിനജലം ഓടയില്‍കൂടി സോക്കേജ് പിട്ടിലെക്ക് ഒഴുക്കുക.
1) പോര്‍ട്ടബിള്‍ ബയോബിന്‍ കമ്പോസ്റ്റിംഗ്
ആവശ്യമുള സാധനങ്ങള്‍
തയാറാക്കുന്ന രീതി
ഉറവിടത്തില്‍ വച്ച് വേര്‍തിരിച്ച് അഴുകുന്ന മാലിന്യങ്ങള്‍ മാത്രം ചെറിയ കഷ്ണങ്ങളാക്കി ബിന്നില്‍ നിക്ഷേപിക്കുക (പ്ലാസ്റ്റിക് ഒഴിവാക്കുക.) ഇടയ്ക്കിടെ ചാണകവെള്ളം സ്പ്രേ ചെയ്യുക. ദിവസവും ഈ പ്രക്രിയ നടത്തുക. ഒരു ബിന്‍ 15 ദിവസത്തേക്ക് മതിയാവും. അതിന് ശേഷം അടപ്പ് കൊണ്ട്മൂടി വയ്ക്കുക. രണ്ടാമത്തെ ബിന്‍ നിറയുംബോഴേക്കും ആദ്യത്തേത് കമ്പോസ്റ്റായി മാറികഴിയും. ഈ കമ്പോസ്റ്റ് ഒരു ദിവസം ടെറസ്സില്‍ വിതറി ഉണക്കി ചെടികള്‍ക്ക് വളമായി ഉപയോഗിക്കാവുന്നതാണ്.
2) സെന്‍ട്രലൈസ്ട് മേസന്‍റി ബയോടാന്ക് കമ്പോസ്റ്റിംഗ്
ആവശ്യമുള്ള സാധങ്ങള്‍
തയ്യാറാക്കുന്ന രീതി
ഒരു ടാങ്കില്‍ അഴുകുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുക. മാലിന്യത്തിന് മുകളില്‍ ജൈവമിശ്രിതം വിതറിയിടുക. ഒരു ടാങ്ക് ഒരു മാസത്തേക്ക് മതിയാകും. 2-ആം മാസത്തേയ്ക്ക് രണ്ടാമത്തെ ടാങ്ക് ഉപയോഗിക്കുക. മൂന്നാം ടാങ്ക് മൂന്നാം മാസത്തേയ്ക്ക്. ടാങ്കിനടിയിലുള്ള ടാപ്പിലൂടെ ഊറല്‍ ജലം ശേഖരിച്ച് ചെടികള്‍ക്ക് ഉപയോഗിക്കുകയോ, സെപ്റ്റിക് ടാങ്ക്/ സോക്ക്പിറ്റ് വഴി മാറ്റുകയോ ചെയ്യുക. മൂന്നാം മാസം ഒന്നാമത്തെ ടാങ്കിലുള്ള കമ്പോസ്റ്റ് ഒഴിവാക്കി ആ ടാങ്ക് വീണ്ടും ഉപയോഗിച്ച് തുടങ്ങാം.
ഇതില്‍ പരാമര്‍ശിച്ച മാലിന്യസംസ്ക്കരണ രീതിയില്‍ എല്ലാം പ്രായോഗികമാണെങ്കിലും ഓരോന്നിനും അതിന്റേതായ പരിമിതികളും പ്രാവര്‍ത്തികമാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും ഉണ്ട്. മാലിന്യം വഴിയോരത്ത് വലിച്ചെറിയുന്നത്പോലെയോ മലിനജലം ഓടയിലെക്ക് പൈപ്പിട്ട് ഒഴുക്കിവിടുന്നതുപോലെയോ എളുപ്പമല്ല. അതിനാല്‍ മാലിന്യത്തിന്റെ അളവ്, മാലിന്യത്തിന്റെ തരം, മണ്ണിന്‍റെ പ്രത്യേകത, ലഭ്യമാകുന്ന സ്ഥലം, ലഭ്യമാകുന്ന സമയം, സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ചെലവ്, ആവര്‍ത്തന ചെലവ് തുടങ്ങിയ പരിഗണിച്ചു മാത്രമേ ഏത് രീതി വേണം എന്ന്‍ നിശ്ചയിക്കാനാവു.
1) ഗാര്‍ഹിക കമ്പോസ്റ്റ് യുണിറ്റുകള്‍ക്കുള്ള സബ്സിഡി
2) ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ക്കുള്ള സബ്സിഡി
ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റ് 0.5 ക്യുബിക് മീറ്റര്‍ / ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റ് 1 ക്യുബിക് മീറ്റര്‍ സ്ഥാപിക്കുന്നതിന് പരമാവധി 75% സബ്സിഡി (യുണിറ്റ് നിരക്കിന്‍റെ 50% സര്‍ക്കാരും 25% തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും) ലഭിക്കുനതാണ്.
3) ഫ്ലാറ്റുകള്‍/കോളനികള്‍ എന്നിവയ്ക്കുള്ള സബ്സിഡി
ഫ്ലാറ്റ് സമുച്ഛയങ്ങള്‍ / കോളനികള്‍ എന്നിവയ്ക്കും വിവിധ മാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് (ബയോഗ്യാസ് പ്ലാന്‍റ്, മണ്ണിര കമ്പോസ്റ്റ്, വിന്‍ഡോ കമ്പോസ്റ്റ്, ബയോബിന്‍സ്, കേന്ദ്രീകൃത ബയോടാങ്കുകള്‍, എയ്റോബിക്ക് ഫെറോസിമന്‍റ് ബീന്‍സ്, ഓര്‍ഗാനിക് വേസ്റ്റ് കണ്‍വെര്‍ട്ടിംഗ് മെഷീന്‍ (മെക്കാനിക്കല്‍ വേസ്റ്റ് കമ്പോസ്റ്റിംഗ് യുണിറ്റ്) യുണിറ്റ്) കോസ്റ്റിന്റെ 50 ശതമാനം വരെ സബ്സിഡി ലഭിക്കുന്നതാണ്. (സബ്സിഡി തുക ഫ്ലാറ്റ് ഒന്നിന് 500 രൂപയോ സമുച്ചയം ഒന്നിന് പരമാവധി 15000 രൂപയോ ആയി നിജപ്പെടുത്തിയിട്ടുണ്ട്.)
4) സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂള്‍, ആശുപത്രി, ഹോസ്റ്റല്‍ മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് മാലിന്യ സംസ്ക്കരണ സംവിധാനത്തിനുള്ള സബ്സിഡി
വിവിധ തരത്തിലുള്ള മാലിന്യ സംസ്ക്കരണ രീതികള്‍ക്ക് (ബയോഗ്യാസ് പ്ലാന്‍റ്, മണ്ണിര കമ്പോസ്റ്റ്, വിന്‍ഡോ കമ്പോസ്റ്റ്, ബയോബിന്‍സ്, പോര്‍ട്ടബിള്‍ ബയോബിന്‍സ്, എയ്റോബിക്ക് ഫെറോസിമന്‍റ് ബിന്‍സ്, കേന്ദ്രീകിത ബയോ ടാങ്കുകള്‍, ഓര്‍ഗാനിക് വേസ്റ്റ് കണ്‍വെര്‍ട്ടിംഗ് മെഷീന്‍ (മെക്കാനിക്കല്‍ വേസ്റ്റ് കണ്‍വെര്‍ട്ടിംഗ്) എന്നിവയ്ക്ക്) യുണിറ്റ് നിരക്കിന്‍റെ 50% സബ്സിഡി (പരമാവധി 1 ലക്ഷം രൂപ വരെ) ലഭിക്കാവുന്നതാണ്.
സബ്സിഡി സംബന്ധിച്ച വിശദാംശങ്ങളും നിബന്ധനകളും തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ 29.9.2012 ലെ 248/2012 / തസ്വഭവ ഉത്തരവില്‍ പ്രദിപാദിച്ചിട്ടുണ്ട്. ഓരോ ഇനത്തിന്‍റെയും സ്പെസിഫിക്കേഷന്‍ യുണിറ്റ് കോസ്റ്റ് എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ 20.9.2012 ലെ 239/2012/ ത്വസഭവ ഉത്തരവില്‍ പറഞ്ഞിട്ടുള്ളതുപോലെ ആയിരിക്കുന്നതാണ്.
തദ്ദേശഭരസ്ഥാപനങ്ങള്‍ വകയിരുത്തുന്ന ഫണ്ടിന് പുറമേ ഉറവിടമാലിന്യ സംസ്ക്കരണത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ശുചിത്വ മിഷന്‍ മുഖേന തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. ആയതിനാല്‍ ഉപഭോക്താക്കള്‍ അതാത് ഗ്രാമപഞ്ചായത്തിനെ/മുന്‍സിപ്പാലിറ്റിയെ/കോര്‍പ്പറേഷനെ സമീപിച്ച് സബ്സിഡി പ്രയോജനപ്പെടുത്തേണ്ടതാണ്. ശുചിത്വ മിഷന്‍ നേരിട്ട് നല്‍കുന്ന സബ്സിഡികള്‍ക്ക് ശുചിത്വ മിഷന്‍റെ ജില്ലാതല ഓഫീസിനെ സമീപിക്കേണ്ടതാണ്.
മറ്റ് നിയമങ്ങള്‍ ചട്ടങ്ങള്‍
(മേല്‍പ്പറഞ്ഞ ചട്ടങ്ങള്‍ക്ക് സമാനമായ ചട്ടങ്ങള്‍ നഗര ഭരണസ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ഉണ്ട്.)
Extended producers Responsibility (ഇ.പി.ആര്‍)
പുനരുപയോഗം ചെയ്യുവാന്‍ പറ്റുന്ന വസ്തുക്കള്‍ കൊണ്ട് മാത്രം ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുകയും അല്ലാത്തവ പ്രകൃതി സൗഹൃദമായി പുന:ചക്രമണത്തിനു വിധേയമാക്കുവാനും ഉള്ള ഉത്തരവാദിത്വം നിര്‍മ്മാതാവില്‍ നിക്ഷിപ്തമാക്കുന്ന നിയമമാണ് ഇ.പി.ആര്‍. പല വിദേശരാജ്യങ്ങളിലും ഈ നിയമം പ്രാബല്യത്തിലുണ്ട്. ഇവിടെ അങ്ങനെ ഒരു നിയമവ്യവസ്ഥ ഇല്ലാത്തതുകൊണ്ട് വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗാനന്തരം വലിചെരിയപ്പെടുകയാണ്.
സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന ഖര-ദ്രവ-വാതക മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഹാനികരമാകാതെ പരിപാലിക്കേണ്ടത് സ്ഥാപനം നടത്തുന്നവരുടെ ഉത്തരവാദിത്തമാണ് ബാദ്ധ്യതയാണ്. അത് അവര്‍ ചെയ്യുക തന്നെ വേണം.
പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ഗ്രാമങ്ങള്‍, ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ശുചിത്വ സമൂഹമായി മാറാന്‍ നമുക്ക് കഴിയും. മലയാളിയുടെ സംസ്ക്കാരത്തിന്‍റെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയര്‍ത്തികാണിക്കാന്‍ കഴിയും.
അവസാനം പരിഷ്കരിച്ചത് : 7/29/2020