ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കര്‍ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാണ്.
പേമാരി മൂലമുണ്ടാകുന്ന ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരള്‍ച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.
വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞ് വരികയാണ്.
വനനശീകരണത്തെ തടയുകയും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാന്‍ കഴിയൂ. വൃക്ഷങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ഇക്കഴിഞ്ഞ നൂറ്റാണ്ടിന്‍െറ ഉത്തരാര്‍ധത്തില്‍ സംജാതമായ സാമൂഹിക- സാമ്പത്തിക- സാങ്കേതിക മാറ്റങ്ങള്‍ക്കനുസൃതമായി വര്‍ധിച്ച വളര്‍ച്ചയും പുത്തന്‍ മാനങ്ങളും കൈവരിച്ച ടൂറിസം, വ്യാപിച്ചുകൊണ്ടിരിക്കുന്ന ഉപഭോഗസംസ്കാരം, നവ-ലിബറല്‍ ആഗോളീകരണം, നൂതന കമ്പോളവത്കരണം തുടങ്ങിയവയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അതിദ്രുതഗതിയില്‍ മുന്നോട്ട് പായുന്നു. ഭവനടൂറിസവും അതിന്‍െറ ഒരു ഘടകമാണ്. വനങ്ങള്‍ കാണുന്നതിനും മറ്റുമുള്ള ത്വര മനുഷ്യരില്‍ എല്ലാകാലങ്ങളിലുമുണ്ടായിട്ടുണ്ടെങ്കിലും ടൂറിസത്തിന്‍െറ വനത്തിലേക്കുള്ള അധിനിവേശം അല്ലെങ്കില്‍ കടന്നുകയറ്റം താരതമ്യേന നൂതന പ്രവണതയാണ്. ഇപ്പോള്‍ത്തന്നെ വനങ്ങളും വന്യജീവികളും നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും നിരവധിയാണ്. കൃഷി, അടിസ്ഥാന സൗകര്യമൊരുക്കല്‍, വിഭവശേഖരണം, മനുഷ്യവാസമൊരുക്കല്, വളഞ്ഞുകെട്ടി പട്ടയമുണ്ടാക്കല് എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാല്‍ ശ്വാസംമുട്ടുന്ന ആര്ദ്രലോല പ്രകൃതിമേഖലകളായ വനങ്ങള്‍ക്ക് ആധുനിക മാനവ സാമൂഹിക ജീവിതത്തിന്‍െറ ഭാഗഭാക്കായി മാറിക്കൊണ്ടിരിക്കുന്ന ടൂറിസത്തിനെ എത്രത്തോളം താങ്ങാന്‍ കഴിയും എന്നുള്ള വിഷയം വിവിധ തലങ്ങളില്‍ ചര്‍ച്ചക്ക് വിഷയീഭവിക്കുന്നുണ്ട്.
ഇതിനിടയില്‍, കടുവാ സംരക്ഷണകേന്ദ്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ടൂറിസം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന താല്‍ക്കാലിക ഉത്തരവ് ജസ്റ്റിസുമാരായ സ്വത്ത്നേര് കുമാറും ഇബ്രാഹിം കലിഫുള്ളയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ജൂലൈ 24ന് വിധിക്കുകയുണ്ടായത് രാജ്യത്തൊട്ടാകെ വ്യത്യസ്ത കാഴ്ചപ്പാടുകളില്നിന്നുകൊണ്ട് വനാന്തര ടൂറിസത്തിനെപ്പറ്റിയുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. ഒപ്പം, വനാന്തരങ്ങളില്‍ ടൂറിസം നടപ്പാക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂകരിക്കണമെന്നും അതുകൊണ്ടാണ് സുപ്രീംകോടതി ഇത്തരത്തിലൊരു നിലപാട് എടുക്കേണ്ടിവന്നതെന്നുമുള്ള അഭിപ്രായങ്ങളും ആവശ്യകതകളും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാഗത്തുനിന്നുപോലും ഉയര്‍ന്നുവന്നു. സംസ്ഥാന സര്‍ക്കാറുകളില്‍ പലതും മാര്‍ഗരേഖകളില്‍ കൂടുതല്‍ അയവു വരുത്തണമെന്ന നിലപാടിലാണ്. വനമേഖലകളില്‍ ജീവിക്കുന്നവര്‍ക്ക് ടൂറിസം പലപ്പോഴും ഒരു വരുമാന മാര്‍ഗമാണ്, അതില്ലാതാക്കുന്നത് സാമൂഹിക പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും എന്നതാണ് എടുത്തുപറയപ്പെടുന്ന മുഖ്യകാരണം. അന്തിമവിധി എന്താകും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. വനാന്തരങ്ങളിലെ ടൂറിസത്തിന് വസ്തുതാപരമായ ഒട്ടനവധി പ്രശ്നങ്ങളുണ്ട് എന്ന വാദം ഒരുവശത്ത് നില്ക്കുമ്പോള് അതിന് കടകവിരുദ്ധമായി, നേട്ടങ്ങള്‍ എടുത്തുകാട്ടി അതിന്‍െറ അനിവാര്യത അരക്കിട്ടുറപ്പിക്കാന്‍ മറ്റൊരു കൂട്ടുത്തരവാദവും ശക്തിയുക്തം തുടരുന്നു. അവയെ താരതമ്യചര്ച്ചകള്ക്ക് വിധേയമാക്കേണ്ടതും തുലനംചെയ്യേണ്ടതും നിരവധി ആവാസവ്യവസ്ഥകളുടെ കേദാരമായ വനങ്ങളുടെ നിലനില്പിനും തദ്വാര മനുഷ്യരുടെതന്നെ നിലനില്പിനും ആവശ്യമാണ് എന്ന് കരുതുന്നു.
വനം എന്നത് ഒരു സമ്പത്താണ് എന്നതിന് വിരുദ്ധമായി ഭൗമ വൈവിധ്യങ്ങളുടെ ഒരു സവിശേഷഘടകമാണതെന്നും പലതരത്തിലുള്ള ആവാസവ്യവസ്ഥകളുടെ സങ്കലനമാണെന്നും ജീവന്െറതന്നെ നിലനില്പിന് അനിവാര്യമായ ഒന്നാണെന്നും പ്രകൃതിപരമായ പൈതൃകമൂല്യങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഒന്നാണെന്നും ഉള്ള ഒരു ഹോളിസ്റ്റിക് (Holistic) കാഴ്ചപ്പാടില്‍നിന്നുകൊണ്ടാണ് ഇവിടെയൊരു വിശകലനത്തിന് മുതിരുന്നത്.
വനസംരക്ഷണം താരതമ്യേന മെച്ചമായ രീതിയില്‍ നടക്കുന്ന ഒന്നാണ് ഇന്ത്യയില്‍ എന്നു വേണമെങ്കിലും കരുതാവുന്നതാണ്. വനനശീകരണം ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല, അനുസ്യൂതം തുടരുന്ന ഒന്നാണ് എന്നത് ചരിത്രത്തിന്‍െറ ഏടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. നിലവിലുള്ള കര്‍ക്കശനിയമങ്ങളും ചട്ടങ്ങളും ആണ് വനസംരക്ഷണം ഇത്തരത്തിലെങ്കിലും നടക്കുന്നതിന്‍െറ പ്രധാന കാരണം. വനസംരക്ഷണത്തെ കാണേണ്ടത് കടുവകളുടെയോ ആനകളുടെയോ സംരക്ഷണമെന്നോ മരവും ചെടികളുംവെച്ച് പച്ചപ്പുണ്ടാക്കലോ ആണ് എന്നല്ല, മറിച്ച് പാരിസ്ഥിതിക ജൈവവൈവിധ്യമൂല്യത്തിന്െറ സംരക്ഷണമാണ്, ആവാസവ്യവസ്ഥകളുടെ സന്തുലിത നിലനില്പിനെ പരിപോഷിപ്പിക്കലാണ് എന്ന് ചിന്തിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ മറ്റു പല ചിന്താഗതികളും അന്തസ്സാരശൂന്യമാണ് എന്ന് തോന്നാം. ഒരു ആവാസവ്യവസ്ഥ എന്നത് മനുഷ്യന് കൃത്രിമമായി നിര്‍മിക്കാന്‍ കഴിയാത്ത, അതിസങ്കീര്‍ണവും പരസ്പര ബന്ധത്തിലും ആശ്രയത്തിലും ജീവിക്കുന്ന വലുതും ചെറുതുമായ ഒട്ടനവധി ജീവജാലങ്ങളുടെ വാസസ്ഥലവും പ്രത്യേക ജീവിതസാഹചര്യത്തില്‍ നിലനില്ക്കുന്നതുമായ ഭൗമമണ്ഡലത്തിലെ മേഖലകളാണ് എന്ന് വ്യാഖ്യാനിക്കാം. കായലും കുളവും കടലും മരുഭൂമിയുമൊക്കെ ഇതിനുദാഹരണങ്ങള്‍. വനവും വനത്തിനകത്തുള്ള പല മേഖലകളുമൊക്കെ അങ്ങനെ കരുതാവുന്നതാണ്. ഇതിലുണ്ടാകുന്ന ഒരു ചെറുമാറ്റംപോലും ആവാസവ്യവസ്ഥയുടെ നിലനില്പിനെ ബാധിക്കും.
വന്യജീവികളെ അവയുടെ വാസസ്ഥലത്തില്വെച്ചുതന്നെ കാണണമെന്ന കൗതുകമാണ് വനങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇന്നത് ഇക്കോ ടൂറിസം എന്ന അന്താരാഷ്ട്ര അജണ്ടയുടെ ഭാഗമായും അല്ലാതെയും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
ഇക്കോടൂറിസം എന്നത് ഒരു മഹത്തായ ടൂറിസം വികസന സങ്കല്പം എന്ന് കരുതാം. 1960കള്‍ക്കുശേഷം ടൂറിസം വികസനം പ്രകൃതിയില്‍ വരുത്തിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍മൂലം ഒരു വ്യത്യസ്ത നിലപാട് അനിവാര്യമായി വന്നു. ഇതിന്‍െറ പരിണതഫലമായി ഗ്രീന്‍ ടൂറിസം, ആള്‍ട്ടര്‍നേറ്റിവ് ടൂറിസം, ഉത്തരവാദിത്ത ടൂറിസം, ജിയോ ടൂറിസം, സുസ്ഥിര ടൂറിസം എന്നിങ്ങനെ നിരവധി ടൂറിസം വികസന കാഴ്ചപ്പാടുകള്‍ നിലവില്‍ വന്നു. എല്ലാത്തിന്‍െറയും അടിസ്ഥാന തത്ത്വങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഒന്നുതന്നെയാണ്. സൃഷ്ടിക്കുകയും പരിപോഷിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആള്‍ക്കാരില്‍ മാത്രം വ്യത്യാസമുണ്ട് എന്നു മാത്രം. ഇക്കോ ടൂറിസത്തിന്‍െറ അടിസ്ഥാന തത്ത്വങ്ങള്‍ നിരവധിയുണ്ട്. എങ്കിലും അവയില്‍ പ്രധാനമായവ ഇപ്രകാരമാണ്. ടൂറിസം നടക്കുന്നത് താരതമ്യേന മനുഷ്യസ്പര്‍ശം ഏറ്റിട്ടില്ലാത്ത പ്രകൃതിമേഖലകളിലായിരിക്കണം. ടൂറിസംകൊണ്ടുള്ള പ്രശ്നങ്ങള്‍ തീരെ ഉണ്ടാകാന്‍ പാടില്ല. അതുമൂലമുണ്ടാകുന്ന വരുമാനത്തിന്‍െറ സിംഹഭാഗവും തദ്ദേശീയര്‍ക്ക് ലഭിക്കണം. പ്രകൃതിയെപ്പറ്റിയുള്ള പഠനം ഇതിന്‍െറ ഭാഗമാകുകയും പ്രകൃതി സംരക്ഷണം ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപോഷിപ്പിക്കുകയും വേണം. എല്ലാ വിഭാഗക്കാരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടുമാത്രമേ ഇത് നടപ്പാക്കാവൂ. വളരെക്കുറച്ചു പേര് മാത്രമേ ഒരു സമയം ഇതില്‍ പങ്കെടുക്കാവൂ. തത്ത്വങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇത് വളരെ മഹത്തായ ഒന്നാണെങ്കിലും അതിന്‍െറ ശരിയായ രീതിയിലുള്ള നടപ്പാക്കല്‍ പലപ്പോഴും ഉണ്ടാകാറില്ല, പ്രത്യേകിച്ച് ഇന്ത്യപോലുള്ള രാജ്യങ്ങളില്‍. ദേശീയാടിസ്ഥാനത്തില്‍ കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷങ്ങളായി ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്നു. ചുരുക്കം ചിലേടങ്ങളിലൊഴിച്ചാല് കൂടുതല്‍ പ്രദേശങ്ങളിലും ഇത് ഇക്കോ ടൂറിസം ബാനറില്‍ നടപ്പാക്കപ്പെടുന്നത് മാസ് ടൂറിസം (പരമ്പരാഗതമായി നടന്നുവരുന്നു, പരമാവധി സഞ്ചാരികള്‍ ഒന്നിച്ചുവരുന്ന ടൂറിസം) മാത്രമാണ്. പറമ്പിക്കുളം വന്യജീവി സങ്കേതം, കബനി പ്രദേശത്തെ ജംഗിള്‍ ലോഡ്ജസ് ആന്‍ഡ് റിസോര്‍ട്ട്സ് എന്നിങ്ങനെ ചിലേടങ്ങളില്‍ ഒരു പരിധിവരെ നല്ല രീതിയില്‍ ഇക്കോ ടൂറിസം നടക്കുന്നുവെന്ന് പറയാം. വനപാലകരുടെയും ഉദ്യോഗസ്ഥരുടെയും ആത്മാര്‍ഥതയും നിയമങ്ങളും മാര്‍ഗരേഖകളും പാലിക്കുന്നതിനുള്ള വിട്ടുവീഴ്ചയില്ലായ്മയും അത്തരമുള്ളവയുടെ വിജയത്തിനാധാരമാണ്.
ഇനി, വനമേഖലയില്‍ ടൂറിസം നടത്തണമെന്നും ഇനിയും വികസിപ്പിക്കേണ്ടതുണ്ടെന്നും താല്പര്യപ്പെടുന്നവരുടെ വാദഗതികള്‍ വിശദീകരിക്കാം. ഏതൊരു രാജ്യത്തിന്‍െറയും പൈതൃകസ്വത്തിന്െറ ഭാഗമാണ് വനവും. ഏതൊരു പൈതൃകവൈവിധ്യവും കണ്ട് അറിയുകയും പഠിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നതുപോലെതന്നെ വനങ്ങളെയും വന്യജീവികളെയും മനുഷ്യര്‍ കാണേണ്ടതാണെന്നുള്ളതാണ് ഒരു പ്രധാന വാദം. ഒരു പരിധിവരെ വനങ്ങളെപ്പറ്റി അറിയുന്നതും വനസംരക്ഷണത്തിന്‍െറ പ്രാധാന്യം മനസ്സിലാക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ഏതൊരു പൗരന്‍െറയും കടമയാണ്. ഇതിന് വനങ്ങളിലെ ടൂറിസം സഹായിക്കുന്നു. ഒരു സഞ്ചാരിക്ക് പ്രകൃതിയോട്, വനത്തോട് തോന്നിയേക്കാവുന്ന പ്രണയം, പ്രകൃതി, വനസംരക്ഷണത്തിന് അനുകൂലമാകുന്ന നിലപാടുകളും മാര്‍ഗങ്ങളും സ്വീകരിക്കാനോ പ്രചരിപ്പിക്കാനോ ഒക്കെ കാരണമാകാം. രണ്ടാമത്തെ പ്രധാന വാദഗതി, ടൂറിസം വനനശീകരണം തടയുന്നതിനും മൃഗവേട്ട ഇല്ലാതാക്കുന്നതിനും കാരണമാകുന്നു എന്നതാണ്. ഉള്‍ക്കാട്ടിലെ മൃഗവേട്ട തടയാനാകുകയില്ലെങ്കിലും ടൂറിസം നടക്കുന്ന മേഖലകളില്‍ പലതരത്തിലുള്ള മൃഗവേട്ടക്ക് ഒരു പരിധിവരെ തടയിടാനാകും. അതുപോലെ വനമേഖല സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറാതിരിക്കാനും സഹായകമാകാം. പ്രത്യേകിച്ചും കേരളംപോലെ ഏതുവിധേനയും വനമേഖല കൈയേറി പട്ടയം നേടാന്‍ കാത്തിരിക്കുന്ന സമൂഹങ്ങളുള്ളിടങ്ങളില് ഇത് വളരെ പ്രസക്തമാണ്.
വനടൂറിസവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് ഇതുള്ള പ്രദേശങ്ങളില്‍ സാധാരണമാണ്. ടൂറിസം അങ്ങനെ നോക്കുമ്പോള്‍ ഒരു ഉപജീവന മാര്‍ഗംകൂടിയാണ്. ടൂറിസമുള്ള വനമേഖലകളിലും പരിസര പ്രദേശങ്ങളിലും ആദിവാസികളുള്‍പ്പെടുന്ന സമൂഹങ്ങളിലെ ചില കലാരൂപങ്ങളും കരകൗശല വിരുതും അന്യംനിന്നുപോകാതിരിക്കാനും ടൂറിസം കാരണമായേക്കാം. അതുപോലെ വനമേഖലകളുടെ മൊത്തത്തിലുള്ള സംരക്ഷണത്തിന് ഉപരിയായി വനവത്കരണത്തിനും ടൂറിസം ചിലേടങ്ങളില്‍ കാരണമാകുന്നു.
കടുവ, ആന തുടങ്ങിയ ജീവികളുടെ സംരക്ഷണമാണ് വനത്തിലെ ടൂറിസത്തിനെ എതിര്‍ക്കുന്നത്. ഇന്ത്യയില്‍ കടുവകളുടെയോ ആനകളുടെയോ ഒക്കെ എണ്ണം കുറഞ്ഞത് ഒരിക്കലും ടൂറിസംകാരണമാണ് എന്ന് ഒരു പഠനംപോലും പറയുന്നില്ല. ടൂറിസം ഇപ്പോഴും നടക്കുന്ന കടുവ സംരക്ഷണ കേന്ദ്രങ്ങളായ രത്തംബോറിലും ബാന്ധവ്ഗഡിലും തഡോബയിലുമൊക്കെ കടുവകളുടെ സൈ്വരജീവിതത്തിനും പ്രജനനത്തിനും ടൂറിസം ഭംഗംവരുത്തുന്നില്ല എന്നാണ് കണ്ടുവരുന്നത്. കടുവ സംരക്ഷണത്തിന് കഴിഞ്ഞ നാലു ദശാബ്ദങ്ങളായി വര്‍ധിച്ച അംഗീകാരവും അജണ്ടകളും പദ്ധതികളും ഒക്കെ നടപ്പാക്കുന്നുണ്ടല്ലോ. എന്നിട്ടും കടുവാ പ്രശ്നങ്ങള്‍ തീരുന്നില്ലല്ലോ.
വനഭൂമിക്കുള്ളില്‍ ടൂറിസ്റ്റുകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച് ഇപ്പോള്‍തന്നെ ധാരാളം നിയന്ത്രണങ്ങള്‍ ഉണ്ട്. ആര്‍ക്കും എപ്പോഴും എവിടെയും കയറാനുള്ള അംഗീകാരം ഇല്ല. ടൂറിസ്റ്റുകള്‍ വനത്തിനുള്ളില്‍ പോകുന്നത് സാധാരണയായി പരിശീലനം ലഭിച്ച സഹായികളുടെകൂടെയാണ്. ഇത് അവരുടെ ഭാഗത്തുനിന്ന് അരുതാത്ത പ്രവൃത്തികള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു. ഒപ്പം, വനത്തിലന്തര്ലീനമായിരിക്കുന്ന നിഗൂഢ സൗന്ദര്യത്തിനെ ആസ്വദിക്കാനും ഉള്‍ക്കൊള്ളാനും വനസംരക്ഷണത്തിന്‍െറ അനിവാര്യതയും പ്രകൃതിസ്നേഹവും അവരുടെ മനസ്സിന്‍െറ ആഴങ്ങളിലേക്കെത്തിക്കാനും കാരണമാകുന്നു. ഇങ്ങനെ പോകുന്നു വനങ്ങളിലെ ടൂറിസത്തിനെപ്പറ്റിക്കുന്ന അനുകൂലവാദങ്ങള്‍. നിയന്ത്രിതവും നിയമങ്ങള്‍ക്കനുസൃതവും മാര്‍ഗരേഖകള്‍ പാലിച്ചുകൊണ്ടും വനസ്നേഹികളായ ഉദ്യോഗസ്ഥ/ജീവനക്കാരാല്‍ നയിക്കപ്പെടുന്നതുമായ ചെറിയ തോതിലുള്ള ടൂറിസംപരിപാടികള്‍ ഒരു പരിധിവരെ മേല്‍സൂചിപ്പിച്ചവ സൃഷ്ടിക്കാന്‍ പോന്നതാണ്.
ഇതിനു വിപരീതമായി വനാന്തരങ്ങളിലെ ടൂറിസം സൃഷ്ടിക്കുന്ന അല്ലെങ്കില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വനമേഖലകള്‍ എത്രത്തോളം ലോലമാണോ, അത്രത്തോളം കൂടുതല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. സാധാരണഗതിയിലുള്ള മാസ് ടൂറിസമാണ് പ്രശ്നങ്ങള്‍ അധികവും ഉണ്ടാക്കുന്നത്. ക്രിസ്കൂപ്പറും കൂട്ടരും ചേര്‍ന്നെഴുതിയ ‘ടൂറിസം പ്രിന്‍സിപ്പ്ള്‍സ്, പ്രാക്ടീസസ്, പോളിസീസ്’ എന്ന പുസ്തകത്തില്‍പ്പറയുന്നത് ടൂറിസവികസനം തുടങ്ങുന്ന മാത്രയില്‍ത്തന്നെ പ്രകൃതിയില്‍ അനിവാര്യമായ മാറ്റങ്ങള്‍ ദൃശ്യമാകുന്നു. പിന്നീടത് തുടരുകയും കൂടുതല്‍ പാരിസ്ഥിതിക മാറ്റങ്ങള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ഒക്കെ കാരണമാകുന്നു. ഇത് ആഗോളതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനറലൈസ്ഡ് പ്രസ്താവനയാണ്. ചില സ്ഥലങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷേ, അപൂര്‍വമായിട്ടാണ് എന്നു മാത്രം.
ടൂറിസം വനമേഖലയില്‍ വര്‍ധിക്കുന്നതോടെ എല്ലാത്തരം മലിനീകരണത്തിനും സാധ്യതകളുണ്ടാകുന്നു. പ്ളാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ ജലത്തെയും മണ്ണിനെയും മലിനമാക്കുന്നു. വാഹന ഗതാഗതം, എ.സി, ഫ്രിഡ്ജ് തുടങ്ങിയവയുടെയൊക്കെ കാരണത്താല്‍ വായുമലിനീകരണം ഉണ്ടാകാം. ടൂറിസ്റ്റുകാരുടെ ഒച്ചപ്പാടും ഗതാഗതവും ഒക്കെ ശബ്ദമലിനീകരണത്തിനും കാരണമാകാം. വനാന്തരങ്ങളിലെ തടാകങ്ങളും അരുവികളും മലിനപ്പെടാം. ഇവയൊക്കെ പലപ്പോഴും പുഴകളുടെയും നദികളുടെയും സ്രോതസ്സുകളാകാം. പലപ്പോഴും റിസോര്‍ട്ടുകളും ഹോട്ടലുകളും (വനത്തിനടുത്തുള്ളവ) മാലിന്യങ്ങള്‍ കാടുകളില്‍ ഉപേക്ഷിക്കുന്നുണ്ട്. ഇതൊക്കെ മൃഗങ്ങളെയും മനുഷ്യരെയും ഒക്കെത്തന്നെ സാരമായി ബാധിക്കാവുന്നതാണ്. നടക്കാനോ വാഹനഗതാഗതത്തിനോ ഒക്കെയുള്ള റോഡുകളുടെ, പാതകളുടെ നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാല്‍ മണ്ണൊലിപ്പ്, വനനശീകരണം എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ടൂറിസ്റ്റുകളുടെ നിരന്തര സഞ്ചാരം ചില ചെറിയ ജീവികളുടെ പ്രജനന പ്രക്രിയക്ക് തടസ്സംവരും. പ്രത്യേകിച്ച് ഭൂതലത്തില്‍ നടത്തുന്നവയുടെ. ടൂറിസ്റ്റുകളുടെ സഞ്ചാരവും പ്രവൃത്തികളും ഒക്കെ മനുഷ്യസഹവാസം ഇഷ്ടപ്പെടാത്ത ജീവികളുടെ പലായനത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. അതുപോലെ അവയുടെ സ്വതന്ത്ര സഞ്ചാരത്തിന് എല്ലാതരം ടൂറിസവും തടസ്സം സൃഷ്ടിക്കുന്നു.
വനമേഖലയിലെ ടൂറിസംകൊണ്ട് വരുമാനമാര്‍ഗം നേടുന്നവരുടെ ഒരു തൊഴില്‍/ഉപജീവന മാര്‍ഗമെന്നത് വനത്തില്‍നിന്നുള്ള വസ്തുക്കള്‍ ശേഖരിച്ച് ടൂറിസ്റ്റുകള്‍ക്ക് വില്‍ക്കുക എന്നുള്ളതാണ്. ഇത്തരം വസ്തുക്കളെ ടൂറിസത്തില്‍ സുവനീറുകള്‍ എന്നറിയപ്പെടുന്നു. വനടൂറിസത്തിന് വരുന്ന സഞ്ചാരികള്‍ക്ക് പൊതുവേ മൃഗങ്ങളുടെ തോല്, കൊമ്പ്, പല്ല്, നഖം, സ്റ്റഫ് ചെയ്ത ചെറുജീവികള്‍ എന്നിവ വളരെ താല്പര്യമുള്ളവയാണ്. ഇതൊരു പ്രധാന വ്യാപാരമേഖലയാകുമ്പോള് മൃഗങ്ങളെ കൊന്നിട്ടുതന്നെ സുവനീറുകള്‍ സംഘടിപ്പിക്കപ്പെടുന്ന അവസ്ഥകള്‍ ഇന്ത്യയില്‍തന്നെ പലേടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇവക്ക് പുറമെ ഇക്കോ ടൂറിസമെന്ന പേരില്‍ ടൂറിസം വിറ്റഴിക്കുന്ന ടൂര്‍ ഓപറേറ്റര്‍മാര്‍ പലപ്പോഴും അധാര്‍മിക കൃത്യങ്ങളിലേര്പ്പെടാറുണ്ട്. കടുവയെയോ പുലിയെയോ കാട്ടിക്കൊടുക്കാമെന്നേറ്റ് സഞ്ചാരികളെ കൊണ്ടുവരുന്നവര്‍ക്ക് ഏതുവിധേനയും അതു സാധ്യമാക്കിക്കൊടുക്കേണ്ടി വരുന്നു. രാത്രികാലങ്ങളില്‍ പ്രത്യേകിച്ച്, മൃഗങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ചില സൂത്രപ്പണികള്‍ ഇവരൊപ്പിക്കാറുണ്ട്. ഒപ്പം ചില സന്ദര്‍ഭങ്ങളില്‍ നടത്തിവരാറുള്ള ക്യാമ്പ് ഫയര്‍, ഡിന്നര്പ്പാര്ട്ടികള് മുതലായവ വനജീവികളെ ഭയപ്പെടുത്തുന്നതാണ്. അതുപോലെ ഒരു സഞ്ചാരി അലസമായി ഉപേക്ഷിക്കപ്പെടാവുന്ന തീക്കൊള്ളിയോ സിഗരറ്റുകുറ്റിയോ ഒരു കാടിനെ മുഴുവന്‍ അഗ്നിക്കിരയാക്കാന്‍ കാരണമാകാം, പ്രത്യേകിച്ചും വേനല്‍ക്കാലങ്ങളില്‍. ടൂറിസ്റ്റുകള്‍ക്കായി വന്യമൃഗങ്ങളുടെ ഇറച്ചികളും തീന്മേശയില് വിളമ്പുന്ന റിസോര്‍ട്ടുകാരും ഉണ്ട് എന്ന് പറയുന്നത് അതിശയോക്തിയാണ് എന്ന് കരുതേണ്ടതില്ല.
വനത്തിനടുത്തും ഉള്ളിലും പരിസരത്തും ഉണ്ടാകുന്ന അടിസ്ഥാനസൗകര്യം, താമസസൗകര്യം, വാണിജ്യ സൗകര്യങ്ങളുടെ നിര്‍മാണം എന്നിവ വനനശീകരണം എന്നതിനു പുറമെ പ്രകൃതി സൗന്ദര്യ നശീകരണംകൂടിയാണ് എന്നതും ഓര്‍ക്കേണ്ടതാണ്. അതുപോലെ ജലം തുടങ്ങിയവയുടെ അമിതോപയോഗവും ടൂറിസംമൂലം കാരണമാകുന്നു. ഇത് പലപ്പോഴും അന്നാട്ടുകാര്‍ക്ക് അവ ലഭിക്കാതെ വരാന്‍ കാരണമാകുകയും ചെയ്യാം. ഒരു ടൂറിസ്റ്റ് സാധാരണ ഗതിയില്‍ ഒരു തദ്ദേശി ഉപയോഗിക്കുന്നതിനെക്കാള്‍ നാലു മടങ്ങുവരെ കൂടുതല്‍ ജലം ദൈനംദിന ആവശ്യങ്ങള്ക്കുപയോഗിക്കുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, ടൂറിസത്തിനായി പലതും മാറ്റിവെക്കപ്പെടുന്നത്, അവയുടെ ദൗര്‍ലഭ്യം ഉള്ള പ്രദേശങ്ങളില്‍ തദ്ദേശവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കോ ടൂറിസം നടപ്പാക്കുന്നവര്‍ക്കോ ഇടയില്‍ സ്പര്‍ധയും കലഹവും ഉണ്ടാകാന്‍ കാരണമാകാം.
വനടൂറിസംമൂലം തദ്ദേശവാസികള്‍ക്ക് ഉപജീവനമാര്‍ഗം ഉണ്ടാകും എന്നത് മുമ്പ് സൂചിപ്പിച്ചല്ലോ. ഇതിന് മറ്റൊരു വശംകൂടെയുണ്ടാകാം. ചില പ്രദേശങ്ങളിലെ ഇത്തരം സമൂഹങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ തികച്ചും വിഭിന്നവും ആകര്ഷണീയവുമായിരിക്കും. ഇത്തരത്തിലുള്ളവ ടൂറിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ച് നാഗരിക സമൂഹങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് വളരെ കൗതുകം ജനിപ്പിക്കാവുന്നവയായിരിക്കാം. ഇതിന്‍െറ നല്ലവശം എന്നത്, അന്യംനിന്നുപോകുന്ന ഇത്തരം പല ആചാരാനുഷ്ഠാനങ്ങളെയും കലകളെയും ഒരുപരിധിവരെ നിലനിര്‍ത്താനും, അത് മനസ്സിലാക്കാനും പഠിക്കാനും താല്പര്യമുള്ളവര്ക്ക് അതിനൊരവസരവും ലഭിക്കും എന്നുള്ളതാണ്. എങ്കിലും, കടന്നുവരുന്നവയില് ഒട്ടുമിക്ക ടൂറിസ്റ്റുകള്‍ക്കും ഇവ കൗതുക ഉല്പന്നം മാത്രമായിരിക്കും. ടൂര്‍ ഓപറേറ്റര്‍മാര്‍ ഇതിന് കൂടുതല്‍ വിപണനസാധ്യതകള്‍ ഒരുക്കുന്നു. ഒരു സമൂഹത്തിന്‍െറ ആചാരാനുഷ്ഠാനങ്ങള്‍, അതിന്‍െറ എല്ലാ പരിശുദ്ധിയോടും നടക്കേണ്ടവ, ഉല്പന്നങ്ങളായി മാറ്റുന്നതുവഴി ഒരു ധന സമ്പാദന മാര്‍ഗം മാത്രമായി മാറുന്നു. ഇത്തരം അവസ്ഥകള്‍ വര്‍ധിച്ച തോതില്‍ സംജാതമാകുമ്പോള്‍ കലയുടെ മൂല്യവും പരിശുദ്ധിയും നഷ്ടപ്പെടാനിടയാകുന്നു. സ്റ്റേജ്ഡ് ഓതന്റിസിറ്റി (Staged Authenticity), സാംസ്കാരിക പൈതൃകത്തിന്‍െറ വാണിജ്യവത്കരണം (Commercialisation/ Commodification of Culture), സാംസ്കാരിക ചൂഷണം (Exploitation of Culture) എന്നിങ്ങനെ വിവിധ തലക്കെട്ടുകളിലാണ് ഇത്തരം പ്രവണതകളെ ടൂറിസത്തില്‍ ചര്‍ച്ചചെയ്യാറ്. അതിനു പുറമെ വനത്തിനുള്ളില്‍ മാത്രം ഒതുങ്ങിക്കൂടി ജീവിക്കുന്ന സമൂഹങ്ങളിലേക്ക് ലൈംഗികത്തൊഴിലിന്െറ വാതായനങ്ങള്‍ തുറന്നിടാനും മാരകരോഗങ്ങള്‍വരെ അടിച്ചേല്പിക്കപ്പെടാനും ഒക്കെ ടൂറിസം കാരണമാകുന്നത് കണ്ടുവരുന്നു. അതുപോലെ അത്തരം സമൂഹങ്ങളുടെ സാംസ്കാരിക മൂല്യങ്ങളുടെ അപചയവും അതുകാരണം വൈദേശിക സംസ്കാരത്തിന്‍െറ എളുപ്പത്തിലുള്ള കടന്നുകയറ്റത്തിനും കാരണമാകാം.
വനത്തിനകത്ത് റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ ഇപ്പോള്‍ത്തന്നെ ഉണ്ടായിത്തുടങ്ങി. ഒരു പഠനം ചൂണ്ടിക്കാട്ടുന്നത് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ നൂറ്റിയമ്പത് റിസോര്‍ട്ടുകള്‍ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിനു ചുറ്റും പ്രവര്‍ത്തനം തുടങ്ങിയെന്നാണ് (ശരത്ത്, ദ ഹിന്ദു, ജൂലൈ 31). മറ്റു സ്ഥലങ്ങളിലെ കണക്ക് കാര്യമായി ലഭ്യമല്ല. ഇത്തരം പ്രവണത അനിയന്ത്രിതമായി തുടര്‍ന്നാല്‍ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം എടുത്തുപറയേണ്ടതില്ലല്ലോ? വനമേഖലയില്‍ ടൂറിസം നടക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്‍െറ (ഇന്ത്യയിലെ സാഹചര്യത്തില്‍) ചില പ്രധാന കാരണങ്ങള്‍ ഇവയാണ്.
* അശാസ്ത്രീയമായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക.
* ആഴത്തിലുള്ള പഠനങ്ങളും ആസൂത്രണവും ഇല്ലാതിരിക്കുക.
* വനപരിധിക്കുള്ളിലും പരിസരത്തും ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ നിര്‍മിക്കുകയും നടത്തുകയും ചെയ്യുക.
* നല്ല പരിശീലനവും അറിവും അനുകൂലമനോഭാവവും ഉള്ള ഗൈഡുമാരുടെയും എസ്കോര്ട്ടുമാരുടെ/അകമ്പടിക്കാരുടെയും അഭാവം.
* ടൂറിസ്റ്റുകള്‍ക്ക് വലിയ മൃഗങ്ങളെ കാട്ടിക്കൊടുക്കാം എന്ന് വ്യാമോഹിപ്പിച്ച് കൊണ്ടുവരുക.
* വനടൂറിസത്തിന്െറ മറവില്‍ അധാര്‍മിക കൃത്യങ്ങള്‍ നടത്തുക.
* ടൂറിസ്റ്റുകളുടെ വരവിലുള്ള എണ്ണത്തില്‍ നിയന്ത്രണം ഇല്ലാതിരിക്കുക.
* ഒഴിവാക്കേണ്ട വനമേഖലകളെ ഒഴിവാക്കാതെ അവിടെയും ടൂറിസം നടത്തുക.
* ടൂറിസം നടത്താനുള്ള ശരിക്കുള്ള മാര്‍ഗരേഖകള്‍ ഇല്ലാതിരിക്കുക.
* ടൂറിസ്റ്റുകള്‍ വനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൃത്യമായി നടത്തേണ്ട ബോധവത്കരണം നടത്താതിരിക്കുക.
* നിരന്തരം, ഇടതടവില്ലാതെ, അനിയന്ത്രിതമായി ടൂറിസ്റ്റുകളെ കടത്തിവിടുക.
* മാലിന്യശേഖരണം, സംസ്കരണം എന്നിവക്ക് ശാസ്ത്രീയാടിസ്ഥാനമില്ലാതിരിക്കുക.
* സുസ്ഥിരവികസന തത്ത്വങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടാതിരിക്കുക.
* പ്രകൃതിക്ക് പ്രശ്നം വരുത്താവുന്ന പ്രവൃത്തികളില്‍ ടൂറിസ്റ്റുകള്‍ ഏര്‍പ്പെടുക. (വിദേശ ടൂറിസ്റ്റുകളെക്കാളും സ്വദേശ ടൂറിസ്റ്റുകളാണ് നമ്മുടെ വനമേഖലകളില്‍ കൂടുതല്‍ പ്രശ്നക്കാര്‍.)
ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് നോക്കുന്ന ഏതൊരാള്‍ക്കും വനങ്ങളെ ടൂറിസത്തിന്‍െറ പിടിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതല്ലേ നല്ലത് എന്ന് ചിന്തിച്ചാല്‍ അതിശയിക്കേണ്ടതില്ല. പ്രത്യേകിച്ചും, ഒരിക്കല്‍ നഷ്ടമാകുന്ന വനമേഖല പിന്നീട് പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരാനാകില്ല എന്നതിനാല്‍. അന്താരാഷ്ട്ര ദേശീയ തലങ്ങളില്‍ ടൂറിസം പ്രകൃതിമേഖലകളില് നടത്തുമ്പോള്‍ പാലിച്ചിരിക്കുന്ന നിരവധി മാര്‍ഗരേഖകള്‍ ഉണ്ട്. ഒട്ടുമിക്കവയുടെയും അടിസ്ഥാനഘടകങ്ങള്‍ ഒന്നുതന്നെയാണ്. അതുമാത്രമല്ല, ഇത്തരത്തിലുള്ളവയുടെയും അതതു പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുന്ന പഠനങ്ങളുടെയും എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്മെന്റുകളുടെയും അടിസ്ഥാനത്തില്‍ സൃഷ്ടിക്കുകയും ആവാം. എങ്കിലും, നിയമങ്ങളില്‍ പഴുതുകണ്ടുപിടിക്കുന്നതിലുള്ള ശ്രമങ്ങള്‍ ധാരാളം കണ്ടുവരുന്നതിനാലും നിയമങ്ങളിലും മാര്‍ഗരേഖകളിലും വെള്ളംചേര്‍ക്കല്‍ ഉണ്ടാകാറുള്ളതിനാലും ഉള്ളവ പാലിക്കപ്പെടാതിരിക്കുന്നതിനാലുമൊക്കെയാണ് ഇക്കോ ടൂറിസം പദ്ധതികള്‍ പ്രധാനമായും സാധാരണ ടൂറിസം പദ്ധതികളായി മാറുന്നതും പ്രശ്നങ്ങള്‍ കുന്നുകൂടുന്നതും.
കേരളത്തിലെ പതിനൊന്നായിരം ചതുരശ്ര കിലോമീറ്ററിന് മുകളിലുള്ള വനമേഖല ഈ കൊച്ചുനാടിന് ഒരനുഗ്രഹവും അഭിമാനവുമാണ്. മൊത്തം വിസ്തൃതിയുടെ 6.22 ശതമാനം പ്രദേശം ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളുമുള്പ്പെടുന്ന സംരക്ഷിത പ്രദേശങ്ങളാണ്. ഇവിടങ്ങളിലാണ് പ്രധാനമായും ഇക്കോടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നത്. കോര്‍മേഖല, ബഫര്‍മേഖല, ടൂറിസം മേഖല എന്നിങ്ങനെ വനമേഖലകളെ തിരിച്ചിട്ടുണ്ട് എന്ന് കാണാം. കോര്മേഖലകളില് ടൂറിസം അനുവദിക്കാറില്ല. പക്ഷേ, കടുവകളെ കാണണമെങ്കില്‍ ഉള്ളില്ക്കേറേണ്ടെ. കേരളത്തില്‍ ധാരാളം പ്രദേശങ്ങളില്‍ ഇക്കോടൂറിസം പദ്ധതികള്‍ നടത്തിവരുന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലാര്‍, മങ്കയം, പൊന്മുടി, നെയ്യാര്‍, പേപ്പാറ, അരിപ്പ; കൊല്ലം ജില്ലയിലെ പാലരുവി, ശെന്തുരുണി വന്യജീവി സങ്കേതം; പത്തനംതിട്ട ജില്ലയിലെ കോന്നി, ഗവി; കോട്ടയം ജില്ലയിലെ ചെല്ലാര്‍കോവില്‍, അഞ്ചുരുളി; എറണാകുളം ജില്ലയിലെ പാണേലിപോര്; ഇടുക്കിജില്ലയിലെ തൊമ്മന്‍കുത്ത്, റോഡാവലി, പെരിയാര്‍ ടൈഗര്‍ റിസര്‍ച്ച്, ഇരവികുളം, ചിന്നാര്‍, മൂന്നാര്‍, ചീയപ്പാറ, മറയൂര്‍, കുളമാവ്; തൃശൂര്‍ ജില്ലയിലെ ചിമ്മിനി, ആതിരപ്പിള്ളി, വാഴച്ചാല്‍; പാലക്കാട് ജില്ലയിലെ പറമ്പിക്കുളം, നെല്ലിയാമ്പതി, ചൂലന്നൂര്‍; കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി, ജാനകിക്കാട്, കക്കയം, തുഷാരഗിരി; മലപ്പുറം ജില്ലയിലെ കേരളകുണ്ട്, നെടുങ്കയം ചൊക്കാട്; കണ്ണൂര്‍ ജില്ലയിലെ ആറളം പൈതല്‍മല; കാസര്‍കോട്ടെ റാണിപുരം എന്നിങ്ങനെയുള്ളിടങ്ങളില്‍ ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കിയവയും നടപ്പാക്കാന്‍ ശ്രമിക്കുന്നവയുമാണ്. ഇവയില്‍ പലതും വനമേഖലകളിലാണ് നടക്കുന്നത്. വിരലിലെണ്ണാവുന്നിടങ്ങളില്‍ നല്ല രീതിയില്‍ നടക്കുന്നു. പറമ്പിക്കുളം വന്യജീവി സങ്കേതം ഇതിനൊരുദാഹരണമാണ് എന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. തെന്മല നല്ല രീതിയിലാണ് നടപ്പാക്കാന്‍ ശ്രമിച്ചതെങ്കിലും തദ്ദേശവാസികള്‍ക്ക് ഉപജീവനമാര്‍ഗം കാര്യമായി സൃഷ്ടിക്കുന്നില്ല എന്ന പ്രശ്നം കാലങ്ങളായി നിലനില്ക്കുന്നു.
മേല്‍സൂചിപ്പിച്ച വിവരങ്ങള്‍ താരതമ്യംചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെക്കൂടുതലാണ് എന്നുകാണാം. പ്രത്യാഘാതങ്ങള്‍ വന്യജീവികള്‍ക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച്, ടൂറിസത്തിനെ വന്യജീവികള്‍ക്കുള്ള പ്രശ്നകാരി മാത്രമായിക്കാണാതെ, ആവാസവ്യവസ്ഥകള്‍ക്ക് സംഭവിക്കാവുന്ന അസന്തുലിതാവസ്ഥകളുടെ പ്രശ്നങ്ങളായും നഷ്ടപ്പെടാവുന്ന പൈതൃകമൂല്യത്തിന്െറ പ്രശ്നങ്ങളായും ആദിവാസി സമൂഹങ്ങള്ക്കുണ്ടായേക്കാവുന്ന സാംസ്കാരിക മൂല്യശോഷണത്തിന്‍െറ പ്രശ്നങ്ങളായും പാരിസ്ഥിതിക ജൈവവൈവിധ്യത്തിന് സംഭവിക്കാവുന്ന പ്രശ്നങ്ങളായുമൊക്കെ കരുതുമ്പോള്‍ ഒരു ചോദ്യമുയരുന്നു: വികസനം കടന്നുചെല്ലാത്ത, അവശേഷിക്കുന്ന വനങ്ങളെയെങ്കിലും ടൂറിസം വികസനത്തില്‍നിന്ന്, ഇക്കോ ടൂറിസമാണെങ്കില്പ്പോലും, വെറുതെ വിട്ടുകൂടെ? നല്ല രീതിയില്‍ ടൂറിസം നടത്താന്‍ നമുക്ക് ധാരാളം വിഭവങ്ങളും കേന്ദ്രങ്ങളുമൊക്കെയുണ്ടല്ലോ?
വന്‍തോതിലുള്ള വനനശീകരണം ഇന്ത്യയിലെ മഴക്കാലം മാറിമറയാന്‍ ഇടയാക്കുമെന്ന് മുന്നറിയിപ്പ്. കാലം തെറ്റുന്നതിനു പുറമേ ലഭിക്കുന്ന മഴയുടെ അളവില്‍ വലിയതോതിലുള്ള കുറവുണ്ടാകുമെന്നും ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. വനനശീകരണം താപനില വര്‍ധിക്കാന്‍ കാരണമാകുമെന്ന് അനുഭവത്തില്‍ വ്യക്തമായിരുന്നു. ഇപ്പോഴാണ് മഴയുടെ കാലഗതിയിലും വനനശീകരണം ദോഷഫലങ്ങളുണ്ടാക്കുമെന്ന സൂചന ലഭിക്കുന്നത്. മൂന്നുതരത്തിലെ പ്രദേശങ്ങളിലെ വനം നശിപ്പിക്കുന്നതിന്റെ മാതൃക തയാറാക്കി നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഉയര്‍ന്ന പ്രദേശങ്ങളിലെ വനം നശിപ്പിക്കുന്നത് തെക്കു ദിക്കു ലക്ഷ്യമാക്കിയുള്ള മണ്‍സൂണിന്റെ വ്യതിയാനത്തിനു കാരണമാകുമെന്നാണ് കണ്ടെത്തിയത്. ഇത് കിഴക്കനേഷ്യ, വടക്കേ അമേരിക്ക, വടക്കന്‍ ആഫ്രിക്ക, തെക്കനേഷ്യ എന്നിവിടങ്ങളിലുള്ള മഴയുടെ അളവു കുറയ്ക്കും. മഴക്കാലം ഇവിടങ്ങളില്‍ നേരത്തേ വരികയും ചെയ്യും. അതേസമയം, ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ മഴയുടെ അളവ് ഗണ്യമായി വര്ധിപ്പിക്കുകയുംചെയ്യുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വനനശീകരണം തെക്കനേഷ്യന്‍ മണ്‍സൂണ്‍ ഖേലയില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കും. ഇന്ത്യയില്‍ ലഭിക്കരുന്ന മഴയില്‍ പതിനെട്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു. മുന്നൂറു വര്‍ഷം കൊണ്ട് 4070 ദശലക്ഷം ഹെക്ടര്‍ വനം ലോകത്താകമാനം വെട്ടിവെളുപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്
പലതരം നിയമങ്ങളെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. പലതും നമുക്ക് അറിയാവുന്നതുമാണ്. എന്നാലും നാം ജീവിക്കുന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്. അതിനെ കുറിച്ചുള്ള ചെറിയൊരു വിവരമാണ് താഴെ പറയുന്നത്.
നാള്‍ക്കുനാള്‍ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മള്. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കൈകടത്തലുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രകൃതിയേയും അന്തരീക്ഷത്തേയും ചൂഷണം ചെയ്യാതിരിക്കാനും അവയുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് ഇന്ത്യയില്‍ പരിസ്ഥിതി നിയമങ്ങള്‍ കൊണ്ടുവന്നത്.
മലിനീകരണ നിയന്ത്രണ നിയമം
1986 ല്‍ ആണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനും വേണ്ടിയാണ് പ്രധാനമായും ഈ നിയമം കൊണ്ടുവന്നത്. എല്ലാ തരത്തിലുള്ള മലിനീകരണങ്ങളെയും തടയുകയെന്നതാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഫാക്ടറികളില്‍ നിന്നും മറ്റ് വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നും പ്രകൃതിയിലേക്ക് ഒരു നിശ്ചിത അളവ് മാലിന്യം മാത്രമേ തള്ളാവൂ എന്നതാണ് ഈ നിയമം അനുശാസിക്കുന്നത്. ഈ നിയമപ്രകാരം മലിനീകരണം തടയാനുള്ള നടപടികളെടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. മാലിന്യങ്ങളുടെ അളവ് കണ്ടെത്താനും മറ്റുമായി പ്രത്യേക പരീക്ഷണശാലകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. പരിശോധനയില്‍ നിശ്ചിത അളവിനേക്കാള്‍ മാലിന്യങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ്അതാത് സ്ഥാപനത്തിന്റെ മേലധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കും. എന്നിട്ടും നിയമലംഘനം തുടര്‍ന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാവുന്നതാണ്.
വായു നിയമം
ഇന്ന് ഏറ്റവും അധികം മലിനമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് വായു. ജീവവായു മലിനമായാല്‍ പിന്നെ മനുഷ്യന് ഇവിടെ നിലനില്പ്പില്ലല്ലോ, എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ വായുമലിനമാക്കുന്നതില്‍ നല്ലൊരു സംഭാവന മനു്ഷ്യന്‍ തന്നെ ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള വായുമലിനീകരണത്തെ തടയുന്നതിനു വേണ്ടി 1981 ലാണ് വായുനിയമം നടപ്പിലാക്കുന്നത്. സംസ്ഥാനത്തിനകത്തുള്ള പ്രദേശങ്ങളെ മലിനീകരണ നിയന്ത്രണമേഖലകളായി പ്രഖ്യാപിക്കാന്‍ ഈ നിയമമനുസരിച്ച് സര്‍്ക്കാരിന് കഴിയും.
ഈ നിയമം അനുശാസിക്കുന്ന പ്രകാരം മലിനീകരണനിയന്ത്രണ മേഖലകളില്‍ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്.
ജലനിയമം
വര്‍ധിച്ചുവരുന്ന വ്യവസായവത്ക്കരണത്തിന്റെ ഭാഗമായി ഫാക്ടറികളില്‍ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങളുടെ തോത് കുറയ്ക്കലാണ് ഈ നിയമത്തിന്റെ പ്രധാനലക്ഷ്യം. 1972 ല്‍ സ്റ്റോക് ഹോമില്‍ നടന്ന പ്രസിദ്ധമായ പരിസ്ഥിതി സമ്മേളനത്തിനു ശേഷമാണ് 1974 ല്‍ ഇന്ത്യയില്‍ ജലമലിനീകരണ നിയന്ത്രണനിയമം നടപ്പിലാക്കുന്നത്. ഈ നിയമമനുസരിച്ച് മലിനീകരണ നിയന്ത്രണം നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാനതലത്തില്‍ 17 അംഗങ്ങളുള്ള ബോര്‍ഡുകളുണ്ട്. ഈ ബോര്‍ഡുകള്‍ മലിനീകരണ നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കുന്നു. ഫാക്ടറികളില്‍ നിന്നും ജലാശയങ്ങളിലേക്ക് മാലിന്യം തുറന്നുവിടുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ജലത്തിലേക്ക് ഒഴുക്കുന്ന വ്യവസായ മാലിന്യങ്ങളില്‍ നിന്ന് ദോഷകരമായ ഘടകത്തെ ഈ മാലിന്യങ്ങള്‍ നിയമത്തില്‍ പറയുന്ന അളവിനേക്കാള്‍ കൂടുതലാണെങ്കില്‍ അവയുടെ നിയന്ത്രണത്തിന് ബോര്‍ഡ് ഉത്തരവിറക്കുകയും ചെയ്യുന്നു.
കാടുകളും മരങ്ങളും കൂടിച്ചേര്‍ന്നതാണ് നമ്മുടെ പ്രകൃതി. എന്നാല്‍ ഇന്ന് വനനശീകരണം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആണെന്നു വേണമെങ്കില്‍ പറയാം. പല ആവശ്യങ്ങള്‍ക്കായി മരം അനുമതിയോടെയും അല്ലാതെയും എല്ലാം മുറിച്ചുമാറ്റപ്പെടുന്നുണ്ട്. മനുഷ്യന്റെ സ്വകാര്യസുഖങ്ങള്ക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ നാം ഇല്ലാതാക്കുന്നത് ഭൂമിയെതന്നെയാണ്. 1865 ല്‍ ബ്ര്ിട്ടീഷ് സര്‍ക്കാരാണ് ഇന്ത്യയില്‍ ആദ്യമായി വനസംരക്ഷണ നിയമം കൊണ്ടുവന്നത്. തുടര്‍ന്ന് 1879 ല്‍ വനംവകുപ്പ് നിലവില്‍ വന്നതോടുകൂടി വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറി. എന്നാല്‍ ഇന്ന് നിലവിലുള്ള ഇന്ത്യന്‍ വനനിയമം 1927 ല്‍ നടപ്പിലാക്കിയതാണ്.
ഈ നിയമപ്രകാരം ഇന്ത്യയിലെ വനങ്ങളെ റിസര്‍വ് വനങ്ങളെന്നും സംരക്ഷിത വനങ്ങളെന്നും ഗ്രാമവനങ്ങളെന്നും മൂന്നായി തിരിക്കാം.റിസര്‍വ് വനങ്ങളില്‍ പൊതുജനങ്ങളുടെ അവകാശങ്ങള്‍ പരിമിതമാണ്. ഇവിടെ മരം മുറിക്കാനോ മറ്റുപ്രവര്‍ത്തനങ്ങള്‍ക്കോ അധികാരമില്ല. ഇന്ത്യയിലെ റിസര്‍വ് വനങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് 1980 ലെ വനസംരക്ഷണ നിയമം. ഈ നിയമമനുസരിച്ച് റിസര്‍വ് വനങ്ങള്‍ അല്ലാതായി പ്രഖ്യാപിക്കാനോ വനസംബന്ധമായ കാര്യങ്ങള്‍ക്കോ വനം ഉപയോഗിക്കാനോ സര്‍ക്കാരുകള്‍ക്കും അധികൃതര്‍ക്കും അവകാശമില്ലെന്നും പറയുന്നുണ്ട്.
ഈ പ്രകൃതിയും നാമും ....നമ്മളെ നാം തന്നെ മറന്നവരാകാതിരിക്കുക.!!!!!!!!!
നാം എല്ലാവരും ലോക പരിസ്ഥിതി ദിനം, ലോക വന സംരക്ഷണ ദിനം, ഓസോണ്‍ ദിനം, ഭൗമ ദിനം എന്നെല്ലാം കേൾക്കാറുണ്ട്
ചിലരെല്ലാം അത് അനുസ്മരിക്കാരും ആചരിക്കാറുണ്ട്. ലോകത്തേയും അവിടത്തെ മനുഷ്യരേയും സംരക്ഷിക്കുന്നതിന്റെ പ്രധാന്യത്തിന്
അടിവരടിയിടാനാണ് ഈ ഓര്‍മ്മകളും ആചരണങ്ങളും . അതൊന്നും ഫലപ്രദമായി കാണുന്നില്ല. എന്തെന്നാല്‍ അത്തരം ദിനങ്ങള്‍
ഫലപ്രദമായിരുന്നെങ്കില് അവയുടെ പ്രസക്തി ഇതിനകം വളരെയേറെ വര്ദ്ധിക്ക്മായിരുന്നു. മറിച്ച്, മാറിവരുന്ന പരിസ്ഥിതി ചിത്രം
പ്രതിഫലിപ്പിക്കുന്നത് വാസ്തവമാണ്. ''വനം, നാഗരികതയ്ക്കു മുന്‍പും മരുഭൂമി അതിനുശേഷവും ഉണ്ടാവുന്നു,'' വനനശീകരണം,
ആഗോള താപനം, അമ്ലമഴ, കാലാവസ്ഥാ വ്യതിയാനം, കുടിവെള്ള ക്ഷാമം തുടങ്ങി ഈ പ്രപഞ്ചത്തിലുള്ള സര് വ്വതും
പരസ്പരപൂരകങ്ങളാണെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു. ഈ ഗ്രഹത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയാകുന്നു.
ഇതിനൊരു പരിഹാരമുണ്ടോ?
വനനശീകരണം ഭൂമിയുടേയും ജീവിതത്തിന്റേയും ഗുണങ്ങള്‍ കുറക്കുന്നു. നമ്മുടെ ക്ഷേമത്തിന് പ്രകൃതി വിഭവങ്ങള്‍ വേണം. നമ്മുടെ
നിലനില്പിനായി നാം അവയെ സംരക്ഷിക്കണം. കൃഷി, നഗരവികസനം, വ്യവസായങ്ങള്‍, ജലവൈദ്യുതി പദ്ധതികള്‍ എന്നിവയ്ക്കായാണ്
വനനശീകരണം നടത്തുന്നത്. കൂടുതല്‍ റോഡുകള്‍ നിര്മ്മിക്കപ്പെടുന്നതോടെ ഉള്‍ഭാഗങ്ങളിലെ വനങ്ങളിലേക്കുള്ള യാത്ര എളുപ്പമാവുന്നു.
അത് വനനശീകരണത്തിന്റെ ആക്കം കൂട്ടുന്നു. കുടിവെള്ളം ഒരു അപൂര് വ്വ വസ്തുവായിക്കൊണ്ടിരിക്കുന്നു. തടയാവുന്ന രോഗങ്ങള്‍ മൂലം
പ്രതിവര്‍ഷം മരിക്കുന്നത് ദശലക്ഷങ്ങളാണ്, പ്രത്യേകിച്ചും കുട്ടികള്‍. ശുദ്ധജലവും ശരിയായ ശുചിത്വസൗകര്യങ്ങളും ഇല്ലാത്തതിനാലാണ്
ഇത് സംഭവിക്കുന്നത്. ശുദ്ധജലത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യത്തെ മുന്‍നിര്‍ത്തി 1960 മുതല്‍ ഭൂഗര്‍ഭ ജലചൂഷണം പതിന്മടങ്ങ്
വര്‍ദ്ധിച്ചിരിക്കുന്നു. നാം പമ്പ് ചെയ്യുന്നത് മഴയും മഞ്ഞും വഴി വെള്ളം ഭൂമിയില്‍ പതിക്കുന്നതിനേക്കാള് വേഗത്തിലാണ്.
ഈ മഴയും മഞ്ഞും വനനശീകരണം മൂലം വീണ്ടും കുറയുന്നു. ജലവിതാനം കുറയുന്നതോടെ ഭൂഗര്‍ഭജലത്തില്‍ ഉപ്പു കലരുന്നു.
ഇത് കൃഷിയെ കാര്യമായി ബാധിക്കുന്നു.
മിക്ക വികസന പദ്ധതികളും ഇന്ന് രൂപകണ്ടന ചെയ്യപ്പെട്ടിരിക്കുന്നത് ജീവനുള്ള ആവാസവ്യവസ്ഥയ്ക്ക് അപകടകരമായി ബാധിക്കുന്ന
വിധത്തിലാണ്. വികസനം ഉപേക്ഷിക്കാന്‍ സാധ്യമല്ല എന്നത് സത്യം. എന്നാല്‍, അത് നിയന്ത്രണ വിധേയവും ഒരു സമതുലിതാവസ്ഥയും
വേണം. എഴുപതു ശതമാനം സസ്യജാലങ്ങളും മൃഗങ്ങളും വനത്തില്‍ തന്നെയാണ്. അനിയന്ത്രിതമായ വനനശീകരണം
ദശലക്ഷക്കണക്കിന് വര്ഗ്ഗങ്ങളില്പെട്ട ജീവജാലങ്ങളുടെ നഷ്ടത്തിനിടയാക്കി. മിക്കവയും വംശനാശത്തിനും വിധേയമായി.
ഇനിയും ജീവി വര്‍ഗ്ഗങ്ങള്‍ ഭീഷണിയിലാണ്. വംശനാശം വന്ന വര്‍ഗ്ഗങ്ങളുടെ എണ്ണത്തെയോ വംശനാശത്തിന്റെ വേഗതയേയോ
പറ്റി വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ജീവി വര്‍ഗ്ഗങ്ങള്‍ രൂപം പ്രാപിച്ചതിനേക്കാള്
വേഗത്തിലാണ് വംശനാശം സംഭവിക്കുന്നത്.
നാം പ്രകൃതിയെ നശിപ്പിക്കുന്നത് മാത്രമല്ല കാര്യം, ആയതില്‍ നാം പ്രകടിപ്പിക്കുന്ന തീവ്രതയും കൂടുതലാണ്. പ്രകൃതി
ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് തയ്യാറാക്കിയ ഫോസില്‍ ഇന്ധനം പതിറ്റാണ്ടുകള്‍ കൊണ്ട് നാം ധൂര്‍ത്തടിച്ചു കളയുന്നു.
കൂടെ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡയോക്സൈഡും ബഹിര്ഗമിപ്പിക്കുന്നു. കൂടാതെ, വനനശീകരണത്തിന്റെ ഫലമായി
വൃക്ഷങ്ങള്‍ നടത്തുന്ന കാര്‍ബണ്‍ സംസ്കരണ പ്രക്രിയയും ഇല്ലാതാക്കുന്നു.
പഴയകാലത്ത്, മനുഷ്യന് പ്രകൃതിയുമായി അങ്ങേയറ്റം ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. കാരണം ആ
ബന്ധത്തെ ആശ്രയിച്ചായിരുന്നു അയാളുടെ നിലനില്‍പ്പ്. ഇന്ന്, മനുഷ്യന് പ്രകൃതിയില്‍ നിന്ന് അകന്നുപോയിരിക്കുന്നു.
ഈ സ്ഥിതി തുടര്‍ന്നാല്‍ അത് മനുഷ്യരാശിക്ക് വന്‍ ദുരന്തക്കാഴ്ച വെക്കും. അതിനാല്‍ അടിയന്തിരമായ പരിഹാര മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നമുക്കെന്തു ചെയ്യാനാകും? സാങ്കേതിക വിദ്യയും, വിജ്ഞാനവും, വിരല്‍ത്തുമ്പിലെ വിവരങ്ങളും
നമ്മെ സഹായിച്ചിട്ടില്ല. പുതിയ നിയമനിര്‍മ്മാണങ്ങളും, സങ്കീര്‍ണ്ണമായ ഭരണസംവിധാനങ്ങളും അന്താരാഷ്ട്രീയ ഉടമ്പടികളും
നമ്മെ സഹായിച്ചില്ല. ലോകത്തേക്കാള്‍ പല വേദികളില്‍ നടത്തുന്ന പ്രതിജ്ഞകളും ഉദ്ദേശിച്ച ലക്ഷ്യം കണ്ടില്ല. അവയെല്ലാം
അതിന്റേതായ ഫലങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ലോലമായ ബന്ധം മനസിലാക്കേണ്ടതുണ്ട്.
നമുക്കിനിയും പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും ഭോഗവസ്തുക്കളായി കാണാനാവില്ല. നമ്മുടെ തത്വശാസ്ത്രവും സമീപനവും
മാറ്റേണ്ടിയിരിക്കുന്നു.
ഒരു പരിസ്ഥിതിദിനം കൂടി എത്തിക്കഴിഞ്ഞിരിക്കുന്നു. ഇത്തവണയും ആശങ്കകളും ഉൽക്കണ്ഠകളും തന്നെയാണ് ബാക്കിവരുന്നത്. അതിരൂക്ഷമായ വരൾച്ചയിൽ ഒരുപരിധിവരെ വേനൽമഴ നമ്മളെ കാത്തു എന്നുവേണം കരുതാൻ. എന്നാലും ഇത് അത്രതന്നെ ആശാവഹമല്ല. 22 വർഷത്തിനുശേഷം റെക്കോർഡുമഴ കഴിഞ്ഞ വർഷം നമുക്ക് കിട്ടിയെങ്കിലും അതൊന്നും ജലക്ഷാമത്തിനു പരിഹാരമായില്ല. പുഴകളിൽ നടക്കുന്ന അതിശക്തമായ മണലൂറ്റലാണ് വെള്ളം ശേഖരിച്ചുവയ്ക്കുന്നതിൽ പുഴകൾ പരാജയപ്പെട്ടത് എന്നതായിരുന്നു പരമാർഥം.
അത്യാഗ്രഹത്തിനില്ല
എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിലുണ്ട്. അത്യാഗ്രഹത്തിനൊട്ടില്ലതാനും. പരിസ്ഥിതിയുമായുള്ള സന്തുലനസമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല. സമൂഹത്തിന്റെ ആകെ കടമയായാണ് ഗണിക്കപ്പെടുന്നത്. ഓരോ പരിസ്ഥിതി ദിനവും അതുകൊണ്ടുതന്നെ ഓരോരുത്തർക്കുമുള്ള ബോധവൽക്കരണമാകുന്നത് ഇതുകൊണ്ടൊക്കെതന്നെയാണ് എന്ന് മനസിലായില്ലേ?
നന്ദിവേണം, നന്ദി!
ഒഎൻവിയുടെ പ്രസിദ്ധമായ `ഭൂമിക്കൊരു ചരമഗീതം` എന്ന കവിത കൂട്ടുകാർ ഓർക്കുന്നില്ലേ?
`ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്നമൃതിയിൽ
നിനക്കാത്മശാന്തി`
ഈ കവിതയാകട്ടെ എക്കാലത്തേക്കും അന്വർഥമാക്കുവാനാണ് ഇന്നത്തെ നമുക്ക് വികസനപ്രവർത്തനങ്ങൾ നഷ്ടപ്പെടുന്ന പച്ചപ്പും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജൈവവ്യവസ്ഥയേയും ഓർമ്മിക്കാനുള്ള ഒരു ദിനമായി ജൂൺ 5 മാറിയിരിക്കുന്നു. ഭൂമിയെ ഹരിതാഭയാക്കി നിലനിർത്തുന്നത് വനങ്ങളാണ് എന്ന് അറിയാമല്ലോ. ഭൂമിയുടെ കരഭാഗമെടുത്തുനോക്കിയാൽ മൂന്നിലൊന്ന് വനമാണ് എന്നുകാണാം. ലോകജനസംഖ്യയിലെ 160 കോടി ജനങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ വനത്തെ ആശ്രയിക്കുന്നുണ്ട്. നദികളെ നിലനിർത്തുന്നതും വനങ്ങൾ തന്നെയാണല്ലോ. നദീജലത്തിന്റെ പകുതിയും വനങ്ങളുടെ സംഭാവനയാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ കണ്ടെത്തൽ.
കൂടുകൂട്ടാൻ മരങ്ങളില്ല
അമ്പതുലക്ഷം മുതൽ പത്തുകോടി വരെ വ്യത്യസ്തയിനത്തിലുള്ള ജന്തുജാലങ്ങൾ ഭൂമുഖത്തുണ്ടെന്നാണ് കണക്കെങ്കിലും ഇരുപതുലക്ഷം ജീവികളെ മാത്രമേ വേർതിരിച്ചറിയാനും കണ്ടെത്താനും ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിട്ടുള്ളു. എന്നാൽ, അതിവേഗത്തിലുള്ള പരിസ്ഥിതിനാശം കാരണം ഇവയിൽ പലതും തിരിച്ചറിയപ്പെടുന്നതിന് മുമ്പുതന്നെ അവസാനിക്കാനാണ് വിധി. വനനശീകരണം മൂലം മഴക്കാടുകളിലെ വന്മരങ്ങളിൽ കൂടുകൂട്ടാൻ ആശ്രയിക്കുന്ന മലമുഴക്കി വേഴാമ്പൽ, കാട്ടുകൂമൻ, മീൻകൂമൻ തുടങ്ങിയ പക്ഷികൾ നിലനിൽപ്പിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. എൻഡോസൾഫാൻ എന്ന കീടനാശിനി പ്രയോഗവും ഓർമ്മിക്കേണ്ടതുതന്നെ.
കുന്നുകൾ ഇന്ന്
കുന്നുകളും മലകളും നിറഞ്ഞതാണ് നമ്മുടെ നാട്. എന്നാൽ, ഇന്നുകണ്ട ഒരു കുന്നിനെ നാളെ കണ്ടെന്നവരില്ല. ഗ്രാമനന്മകളും കാവൽക്കാരുമായ ഈ കുന്നുകളുമായി ബന്ധപ്പെട്ട ഒരു ആവാസവ്യവസ്ഥയും നിലനിൽക്കുന്നുണ്ടാകും. ഔഷധച്ചെടികൾ മറ്റു സസ്യലതാദികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, ജലസ്രോതസുകൾ ഇവയെല്ലാം ഇതുമായി ബന്ധപ്പെട്ടതു തന്നെ. മണ്ണെടുപ്പിനും റോഡിനും നിരപ്പാർന്ന പ്രദേശങ്ങൾ നിർമ്മിക്കുന്നതിനുമായി മണ്ണുമാന്തിയന്ത്രങ്ങൾ മലമുകളിൽ വിശ്രമിക്കുന്നത് ഒരു പതിവുകാഴ്ചയായിരിക്കുന്നു. ആ പ്രദേശങ്ങളിലെ സ്വാഭാവിക കാലാവസ്ഥക്കും അതുവഴി നാടിന്റെ പ്രതികൂലമായ സ്ഥിതിവേശഷങ്ങൾക്കും ഇതു കാരണമാകുമെന്ന് നമ്മൾ തിരിച്ചറിഞ്ഞേ മതിയാകൂ…
ജലസ്രോതസുകൾ
`ഇനിയൊരു യുദ്ധം കുടിനീരുനുവേണ്ടിയായിരിക്കും` എന്ന കണ്ടെത്തൽ നമ്മൾ മനസ്സിലാക്കിയേ തീരൂ… ലോകമാകെ കുടിവെള്ളത്തിനായി കേഴുകയാണിന്ന്. ജലസ്രോതസുകളായ തണ്ണീർത്തടങ്ങളുടെ നാശം തന്നെയാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് നമ്മളെ കൊണ്ടെത്തിച്ചിട്ടുള്ളത്. ജലസംരക്ഷണത്തിനുള്ള പ്രകൃതിദത്ത സംവിധാനങ്ങൾ നശിക്കുന്നതിനോടൊപ്പം ബദൽ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നത് ചിന്തിക്കേണ്ടുന്ന കാര്യമത്രെ.
മലിനീകരണം
എങ്ങനെയൊക്കെ പ്രകൃതിയെ നശിപ്പിച്ചു ലാഭം കൊയ്യാം എന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് മലിനീകരണത്തിനു കാരണമാകുന്ന വ്യവസായശാലകളും മറ്റും. വികസനമെന്ന ലേബലിൽ നാളുകൾ കൊണ്ടു പൊങ്ങിക്കൊണ്ടിരിക്കുന്ന വൻ വ്യവസായശാലകൾ നദികൾക്കും മറ്റു ജലാശയങ്ങൾക്കും അന്തരീക്ഷത്തിനും ജന്തുജാലങ്ങൾക്കും നൽകുന്ന `സമ്മാനങ്ങൾ` ചില്ലറയല്ല! മാരകമായ രോഗങ്ങളും വ്യാധികളും ദുരിതങ്ങളും കീടനാശിനിയുടെ അമിതോപയോഗവും പ്രകൃതിക്ക് ദോഷമാണു വരുത്തുന്നത്.
പൈതൃകസ്വത്തല്ല ഭൂമി
ഇങ്ങനെയെല്ലാം പ്രകൃതിയെ മുച്ചൂടും നശിപ്പിക്കുന്ന ഒരേയൊരു ജീവി മനുഷ്യർ തന്നെയാണ്. മനുഷ്യനുമാത്രമവകാശപ്പെട്ടതാണ് ഭൂമിയും ഭൂമിയിലുള്ള സകലതും എന്ന അഹങ്കാരം തന്നെയാണ്, ` ഭൂമിയുടെ അർബുദമാണ് മനുഷ്യൻ` എന്ന നിഗമനത്തിലേക്ക് ഒരു ചിന്തകനെ എത്തിച്ചത്. ഭൂമി മനുഷ്യന്റെ പൊതു സ്വത്തല്ല എന്നു തെളിയിക്കുന്ന ഒരു ഗ്രന്ഥമുണ്ട്. ബാർബറാ വാർഡ്, റെനെ ദുബോസ് എന്നിവർ ചേർന്നു രചിച്ച ഛിഹ്യ ീില ഋമൃവേ (ഒരേ ഒരു ഭൂമി).
ബാധ്യതകൾ
ഇത്തരം പരിസ്ഥിതി പ്രശ്നങ്ങൾ കണക്കു കൂട്ടിക്കിഴിച്ചു നോക്കൂ… എന്നും നഷ്ടം മനുഷ്യരാശിക്കു തന്നെയാണ് എന്നു മനസിലാക്കാം.
ഈ വിഷയത്തിൽ നമുക്കുമുണ്ട് കൂട്ടരേ, ബാധ്യതകൾ…
* അണ്ണാൻ കുഞ്ഞിനുമില്ലേ സാധ്യമായതായി ചിലതൊക്കെ?
ഭൂമിയെ കാത്തുരക്ഷിക്കാൻ ഒരു തൈ നട്ടിട്ടെങ്കിലും നമുക്കാ ഉദ്യമത്തിൽ പങ്കുകൊള്ളാം.
* നമ്മൾ മാത്രമല്ല, ഭൂമിയിലുള്ള ഓരോ ജീവിക്കുമുണ്ട് അവകാശങ്ങൾ എന്ന സത്യം മനസിലാക്കി നമ്മളാൽ കഴിയുന്ന സഹായങ്ങൾ, നമ്മുട ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടെങ്കിലും നമുക്കു ചെയ്തു കൂടേ..?
* കക്ഷിരാഷ്ട്രീയ ഭേദമന്യേ, ജാതിയും മതവും ഒന്നും നോക്കാതെ നമ്മുടെ പെറ്റമ്മയ്ക്കു വേണ്ടി നമുക്കും വരും തലമുറകൾക്കും വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാനുള്ള നിശ്ചയവും ഉണ്ടാകട്ടെ. ഈ അധ്യയനവർഷാരംഭം തന്നെ നമ്മളും ചങ്ങാതിമാരും പരിസ്ഥിതി സംരക്ഷകരായി മാറുകതന്നെ… അങ്ങനെ നമ്മുടെ പരിസരവും നാട്ടുകാരും ഒന്നിച്ചാൽ അതൊരു വലിയ മുന്നേറ്റം തന്നെയാകും. അങ്ങനെ പരിസ്ഥിതി നാശത്തെ ചെറുക്കുകയുമാകാം..
1950ല്‍ കേന്ദ്ര ഭക്ഷ്യവകുപ്പു മന്ത്രിയായിരുന്ന കെ.എം. മുന്‍ഷിയാണ് ഇന്ത്യയില്‍ വനമഹോത്സവത്തിനു തുടക്കമിട്ടത്. ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പ്രാധാന്യം അദ്ദേഹം മുന്‍കൂട്ടി കണ്ടറിഞ്ഞിരുന്നു. നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികളും ആഘോഷപൂര്‍വം മരം നടുന്നതും ഭാരതം വീണ്ടും പച്ചയണിയുന്നതും അദ്ദേഹം സ്വപ്നം കണ്ടു. ജീവജാലങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന തരത്തിലായിരിക്കുന്നു ഇന്നു വനനശീകരണം. എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കും വിറകിനും പേപ്പറിനും വീട്ടാവശ്യങ്ങള്‍ക്കും എന്നു വേണ്ട സകലതിനും നമുക്ക് മരങ്ങള്‍ ആവശ്യമാണ്. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള മരങ്ങള്‍ നമ്മുടെ പറമ്പിലും പുറമ്പോക്കിലും വഴിയരികിലുമൊക്കെ നട്ടുപിടിപ്പിക്കുകയാണെങ്കില്‍ മാത്രമേ അവശേഷിക്കുന്ന നമ്മുടെ കാടിനെയെങ്കിലും രക്ഷിക്കാനാവൂ എന്ന് മുന്‍ഷി ദീര്‍ഘദര്‍ശനം ചെയ്തു. അതിനായി 1950 മുതല്‍ എല്ലാവര്‍ഷവും ജൂലൈ ആദ്യവാരം വനമഹോത്സവമായി ആചരിക്കാനും തീരുമാനിച്ചു. നമ്മുടെ വീട്ടുപറമ്പിലും വഴിയരികിലും വെളിമ്പ്രദേശങ്ങളിലുമെല്ലാം കഴിയുന്നത്ര നല്ല മരങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് ഈ മഹോത്സവത്തില്‍ നമുക്കും പങ്കാളികളാകാം.
മരങ്ങള്‍ നിബിഡമായി വളരുന്ന പ്രദേശത്തെയാണ് പൊതുവെ നാം വനമെന്ന് പറയുന്നത്. സൂക്ഷ്മ ജീവികള്‍ മുതല്‍ വമ്പന്‍ മരങ്ങളും വന്യജീവികളും ഉള്‍പ്പെട്ട സങ്കീര്‍ണമായ ജൈവസമൂഹമാണിത്. മനുഷ്യന് ഉരുത്തിരിഞ്ഞതും വളര്‍ന്നതും പെരുകിയതുമെല്ലാം വനത്തിലാണ്. ശുദ്ധവായുവും ശുദ്ധജലവും ആവശ്യത്തിന് ഭക്ഷണവും മരുന്നിന് ഔഷധസസ്യങ്ങളും ഒക്കെ ഒരുക്കിക്കൊടുത്ത് കാട് മനുഷ്യനെ സംരക്ഷിച്ചു. അവന് വളര്‍ന്ന് പെരുകിയതോടു കൂടി പാമ്പിനു പാലുകൊടുത്ത പോലെയായി കാടിന്റെ അവസ്ഥ. പാലുകൊടുത്ത കൈയ്ക്കു തന്നെ അവന് കടിച്ചു.
ഭക്ഷ്യവിളകള്‍ മുതല്‍ ഔഷധ സസ്യങ്ങള്വരെയുള്ള അനേകകോടി സസ്യവര്‍ഗങ്ങളുടെ ജനിതക ബാങ്കാണ് ഓരോ വനവും. രോഗപ്രതിരോധശേഷിയും നല്ല വിളവും ഏതു കാലാവസ്ഥയിലും വളരുന്നതുമായ പുതിയ സ്പീഷിസുകളെ ഉരുത്തിരിച്ചെടുക്കാന്‍ ശാസ്ത്രജ്ഞന്മാര് പ്രധാനമായും ആശ്രയിക്കുന്നത് ഈ ജീന്‍ കലവറയെയാണ്. ഇനിയും തിരിച്ചറിയാത്ത അനേകജാതി സസ്യ സ്പീഷിസുകള്‍ വനങ്ങളിലുണ്ട്. അതു തിരിച്ചറിയുന്നതിന് മുന്‍പു തന്നെ നശിപ്പിക്കപ്പെട്ടാല്‍, ഭീകരമായ രോഗങ്ങള്‍ക്കുള്ള സിദ്ധൗഷധങ്ങളോ പ്രതികൂലാവസ്ഥയിലും നല്ല വിളവു തരുന്ന ഭക്ഷ്യവിളകളോ ഒക്കെയാണ് ലോകത്തിനു നഷ്ടമാകുന്നത്. വൈവിധ്യമാര്‍ന്ന പ്രയോജനങ്ങളാണ് വനങ്ങള്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും പ്രദാനം ചെയ്യുന്നത്. മണ്ണുസംരക്ഷണം, മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കല്‍, ജലചക്രം നിലനിര്‍ത്തല്‍, മലിനീകരണ നിയന്ത്രണം, ജൈവവൈവിധ്യത്തിന്റെ സങ്കേതം, വനോത്പന്നങ്ങള്‍ എന്നിങ്ങനെ നീളുന്ന സേവനങ്ങള്‍ വഴി മാനവരാശിയുടെ ക്ഷേമം വനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിവരെ കേരളത്തിന്റെ മൂന്നിലൊന്നു ഭാഗം നിബിഡ വനങ്ങളായിരുന്നു. ജനസംഖ്യ പെരുകിയതോടെ കാടു വെട്ടിത്തെളിച്ച് കൃഷിയും താമസവും തുടങ്ങി. ഇതിനെ തുടര്‍ന്നു ദിനംപ്രതി കേരളത്തിന്റെ വനവിസ്തൃതി കുറഞ്ഞുവന്നു. വനത്തെയും വന്യജീവികളെയും ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചത് ബ്രിട്ടീഷുകാരാണ്. 1887ല്‍ തിരുവിതാംകൂറില്‍ വനനിയമം നടപ്പാക്കി. ഈ നിയമപ്രകാരം 1888 ഒക്റ്റോബര്‍ ഒമ്പതിന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസര്‍വ് വനമായി പ്രഖ്യാപിച്ചു. 1889-ല്‍ കൂടുതല്‍ പ്രദേശങ്ങള്‍ റിസര്‍വ് വനത്തിന്റെ പരിധിയിലുള്‍പ്പെടുത്തി. 1894-ല്‍ വനനിയമം കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ത്ത് പരിഷ്ക്കരിച്ചു. വനത്തെ ഡിവിഷനുകളായും റേഞ്ചുകളായും തിരിച്ച് കൂടുതല്‍ വനപ്രദേശങ്ങള്‍ റിസര്‍വ് വനങ്ങളായി പ്രഖ്യാപിച്ചു. ഇപ്പോള്‍ കേരളത്തില്‍ പതിനാറ് വന്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയോദ്യാനങ്ങളും നിലവിലുണ്ട്. വനമേഖലയുടെ ആകെ വിസ്തൃതി 11,265ചതുരശ്ര കി.മീ. (ഫോറസ്റ്റ് സര്‍വേ ഒഫ് ഇന്ത്യയുടെ 2011-ലെ റിപ്പോര്‍ട്ട് പ്രകാരം). ഇത് കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 28.99% വരും.
വനങ്ങളുടെ കാര്യത്തില്‍ ലോകത്ത് ഇന്ത്യയ്ക്ക് പത്താം സ്ഥാനമാണുള്ളത്. ഫോറസ്റ്റ് സര്‍വേ ഒഫ് ഇന്ത്യയുടെ 2011-ലെ റിപ്പോര്‍ട്ട് പ്രകാരം 6,92,027 ചതുരശ്ര കിമീ വനപ്രദേശമാണ് ഇന്ത്യയിലുള്ളത്. ഇതു ലോകത്തുള്ള ആകെ വനങ്ങളുടെ 1.7 ശതമാനം വരും. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 21.05 ശതമാനം വനപ്രദേശമാണ്. ഉഷ്ണമേഖലയില്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ രാജ്യത്തിന്റെ കരഭൂമിയുടെ 33 ശതമാനമെങ്കിലും വനപ്രദേശമായിരിക്കണമെന്നാണ് കണക്ക്. ഇന്ത്യയുടെ ആകെ വനവിസ്തൃതിയായ 6,77,088 ചതുരശ്ര കിലോമീറ്ററില്‍ 54,569 ചകിമീ നിബിഡവനമാണ്. സ്റ്റേറ്റ് ഒഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2005 പ്രകാരം വനഭൂമിയുടെ അളവ് ഇന്ത്യയില്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2003 ലുണ്ടായിരുന്നതില് നിന്നും 2005 ആയപ്പോഴേക്കും 728 ചതുരശ്ര കിലോമീറ്റര്‍ വനം നശിപ്പിക്കപ്പെട്ടു. ഈ രണ്ടുവര്‍ഷം കൊണ്ടുമാത്രം വനഭൂമിയില്‍ 0.11 ശതമാനത്തിന്റെയാണ് കുറവുണ്ടായത്. ഇതില്‍ നാഗാലാന്റാണ് ഏറ്റവും മുന്നില്‍. 296 ചതുരശ്രകിലോമീറ്റര്‍ വനപ്രദേശം ഇക്കാലയളവില്‍ ഇവിടെ നശിപ്പിക്കപ്പെട്ടു. ആന്‍ഡമാന്‍ നിക്കോബാര്‍, മണിപ്പുര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, അസം എന്നി സംസ്ഥാനങ്ങളിലും വനത്തിന്റെ അളവ് കുറഞ്ഞു. എന്നാല്‍ മിസോറാം (101 ചകിമീ) അരുണാചല്‍പ്രദേശ് (85ചകിമീ), മേഘാലയ (63 ചകിമീ), തമിഴ്നാട് (41ചകിമീ) എന്നീ സംസ്ഥാനങ്ങളില്‍ വനപ്രദേശത്തിന് വികാസമുണ്ടായതായും പഠനം പറയുന്നു. കേരളത്തില്‍ മൂന്ന് ശതമാനത്തോളം വനവിസ്തൃതിയില്‍ വര്‍ധനവു രേഖപ്പെടുത്തിയിട്ടുണ്ട്.
1. ലാറ്റിന്‍ഭാഷയിലെ Forestis എന്ന പദത്തില്‍നിന്നുമാണ് Forest എന്ന വാക്ക് മധ്യകാല ഇംഗ്ലിഷിലേക്ക് എത്തുന്നത്.
2. Forestis ന് പുറമെയുള്ളത് (Outside) എന്നാണര്‍ഥം.
3. ഇംഗ്ലണ്ടിലെ നോര്‍മന്‍ ഭരണാധികാരികളുടെ കാലത്താണ് ഈ പദം പ്രചാരത്തിലാകുന്നത്.
4. ഭൂമിയുടെ ഉപരിതലത്തിന്റെ 9.4% വും കരവിസ്തൃതിയുടെ 30% വും വനമാണ്.
5. കൃഷി ആരംഭിച്ച കാലത്ത് ഭൂമിയില്‍ കരയുടെ പകുതിഭാഗവും വനമായിരുന്നു. ഇന്നത് 4 ബില്യന്‍ ഹെക്റ്ററായി കുറഞ്ഞിരിക്കുന്നു (Forest Resource Assessment 2010).
6. വന നശീകരണത്തില്‍ കാട്ടുതീ പ്രമുഖ പങ്കുവഹിക്കുന്നു. 1982-83 ല്‍ ഇന്തോനേഷ്യയിലെ കാളിമണ്ടനിലെ 36 ലക്ഷം ഹെക്റ്റര്‍ വനമാണ് കത്തിച്ചാമ്പലായത്.
ഓര്‍മിക്കാന്‍
1. വനഭൂമി ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം- മധ്യപ്രദേശ് (77,700 ച.കി.മീ)
2. ഭൂവിസ്തൃതിയുടെ ശതമാനത്തില്‍ വനം കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം – മിസോറാം (90.68%)
3. വനവിസ്തൃതി കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം- ആന്‍ഡമാന്‍ നിക്കോബാര്‍ (81.5%)
4. കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം- പശ്ചിമ ബംഗാള്‍
5. വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം- പഞ്ചാബ് (1,664)
6. ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്- നാഗാര്‍ജുന സാഗര്‍ ടൈഗര്‍ റിസര്‍വ് (ആന്ധ്രപ്രദേശ്)
7. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്- നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്
8. ലോകത്ത് വനമേഖല ഏറ്റവും കൂടുതലുള്ള രാജ്യം – റഷ്യന്‍ ഫെഡറേഷന് (809 മില്യന്‍ ഹെക്റ്റര്‍)
9. 289 ജിഗാടണ്‍ കാര്‍ബണാണ് ലോകത്തിലെ വനങ്ങള്‍ ദ്രവ്യപിണ്ഡമായി (Biomas) സംഭരിച്ചുവച്ചിരിക്കുന്നത്.
മരത്തിന്റെ മഹിമ
നമ്മുടെ പൂര്‍വികര്‍ പ്രാചീനകാലത്തുതന്നെ വൃക്ഷങ്ങളുടെ പ്രാധാന്യം മനസിലാക്കിയിരുന്നു. വൃക്ഷായുര്‍വേദത്തിലെ വരികള്‍ ഇതിനു നല്ല ഉദാഹരണമാണ്.
പത്തു കിണറിനു സമം ഒരു കുളം
പത്തു കുളത്തിനു സമം ഒരു ജലാശയം
പത്തു ജലാശയത്തിനു സമം ഒരു പുത്രന്
പത്തു പുത്രന്മാര്ക്കു സമം ഒരു വൃക്ഷം
എന്നാണ് വൃക്ഷായുര്‍വേദകാരന്‍ പറയുന്നത്. കൂടാതെ വൃക്ഷങ്ങള്‍ നടേണ്ട കാലവും രീതിയും പരിചരണവുമെല്ലാം ഇതില്‍ വിശദമായി പറയുന്നുണ്ട്.
ആധുനിക ശാസ്ത്രവും ഇതു ശരിവയ്ക്കുന്നു. ഒരു മരത്തിന്റെ തണല്‍ അഞ്ച് എയര്‍കണ്ടീഷണര്‍ തുടര്‍ച്ചയായി 20 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്നത്ര തണുപ്പ് തരുന്നുവെന്ന് പുതിയ ഗവേഷണം വെളിപ്പെടുത്തുകയുണ്ടായി. ചുട്ടുപൊള്ളുന്ന നട്ടുച്ചയില്‍ മരത്തണലില്‍ അഞ്ചു ഡിഗ്രി വരെ ചൂടു കുറവായിരിക്കും.
ആയിരം പേര്‍ക്ക് ശ്വസിക്കാനുള്ള ശുദ്ധവായു ലഭിക്കുന്നതിന് രണ്ട് ഹെക്റ്റര്‍ വനമെങ്കിലും വേണമെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. 25 മരങ്ങള്‍ ഒരു വര്‍ഷം കൊണ്ട് ഒരു ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുന്നുണ്ട്.
നാം ജീവിക്കുന്ന ചുറ്റുപാട് അനുദിനം ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. ഈ പ്രപഞ്ചവും അതിന്റെ താള വ്യവസ്ഥയും എങ്ങനെയായിരിക്കും നമ്മുടെ ഭാവി തലമുറയിലേക്ക് എത്തിച്ചേരുകയെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് നമുക്ക് ലഭിച്ചതു പോലെ ജനവാസ യോഗ്യമായിരിക്കുമോ?
ജീവിത നിലനില്പിന് അനിവാര്യമായ വായു, വെള്ളം, വെളിച്ചം ഇതൊക്കെ അതിന്റെ തനത് വിശുദ്ധിയോടെ നാം വരുംതലമുറക്ക് കൈമാറുമോ? പരിസ്ഥിതിയെ കുറിച്ച് മാധ്യമങ്ങള്‍ നല്കുന്ന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസാദാത്മകമായ ഒരു മറുപടി കണ്ടെത്തുക അസാധ്യമാണ്.
മുമ്പെങ്ങുമില്ലാത്ത വിധം പരിസ്ഥിതി മലീമസമാവുക മാത്രമല്ല, അത് നാശത്തിലേക്ക് മുതലക്കൂപ്പ് നടത്തുകയുമാണ്. ശാസ്ത്ര-പഠന-ഗവേഷണങ്ങളിലൂടെ, നമ്മുടെ ജീവിത അനുഭവങ്ങളിലൂടെ നാം അക്കാര്യം മനസ്സിലാക്കുന്നുണ്ടെങ്കിലും അതിനെ കുറിച്ച വ്യാപകമായ ബോധവല്‍ക്കരണം മാധ്യമങ്ങളുടെ സഹായത്തോടെ മാത്രമേ നടക്കുകയുള്ളൂ. ഓസോണ്‍ പാളികളിലുണ്ടായ വിള്ളലുകളിലൂടെ കടന്നു വരുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍, കുടിക്കാന്‍ യോഗ്യമല്ലാത്ത വെള്ളം, ശ്വസിക്കാന്‍ പറ്റാത്ത വായു, ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ ഇതെല്ലാം ചേര്‍ന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ഭാവി തലമുറക്കെന്നല്ല നമുക്ക് തന്നെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ജനിതകമാറ്റം വരുത്തിയ വിളകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഗുരുതരമാണ്.
ഫാക്ടറികള്‍ പുറംതള്ളുന്ന മാരകമായ രാസപദാര്‍ഥങ്ങള്‍, ആ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ വായുവും വിഷാംശങ്ങള്‍ കലര്‍ന്ന വെള്ളവും മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന ഗുരുതരമായ രോഗങ്ങള്‍, സമുദ്രങ്ങളിലേക്ക് തള്ളുന്ന അസംസ്കൃത ഇന്ധന പദാര്‍ഥങ്ങള്‍, ധൂമപടലങ്ങള്‍ പൊതിഞ്ഞ് നില്ക്കുന്ന നഗരാന്തരീക്ഷം, വനനശീകരണം, വന്യജീവികളുടെ ഉന്മൂലനം, മരുഭൂവത്കരണം, മണ്ണൊലിപ്പ്, മലകള്‍ ഉന്മൂലനം ചെയ്യുന്നത്, ഉയര്‍ന്ന ആഗോളതാപനം, വിഷമഴ ഇതെല്ലാം ഒരു രണ്ട് ദശകം മുമ്പെങ്കിലും നമുക്ക് തീര്‍ത്തും അപരിചിതമായ കാര്യങ്ങളായിരുന്നു. ഇന്ന് അത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. വികസനത്തിന്റെ പേരില്‍ നടക്കുന്ന ഈ പ്രകൃതി കശാപ്പിനെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധ്യമല്ലെങ്കിലും മഹര്‍ഷിയെ പോലെ, അരുത് എന്ന് പറയാന്‍ മൂല്യബോധമുള്ള മാധ്യമങ്ങള്‍ക്ക് സാധിക്കും.
മനുഷ്യന് വിവരങ്ങള്‍ നല്‍കുകയും അവനെ വിദ്യാസമ്പന്നനാക്കുകയും അവന് ആഹ്ലാദം പകരുകയും ചെയ്യുകയാണ് മാധ്യമങ്ങളുടെ മൗലികമായ ധര്‍മങ്ങള്‍. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പോരാട്ട ചരിത്രത്തിലെ രണ്ട് ഉദാഹരണങ്ങളാണ് മാവൂര്‍ ഗോളിയോര്‍ റയണ്‍സിനെതിരായ സമരവും പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ ജനകീയ സമരവും. ഈ രണ്ട് സമരങ്ങളുടെയും തീക്ഷ്ണത മലയാളികളുടെ മനസ്സിലേക്ക് പകരുന്നതില്‍ ഇലക്ട്രോണിക്ക് ഉള്‍പ്പെടെയുള്ള എല്ലാ മാധ്യമങ്ങളും, ചിലതെല്ലാം വൈമനസ്യത്തോടെയാണെന്ന കാര്യം അപവാദമായി നിലനില്‍ക്കുമ്പോഴും, നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി.
ഇപ്പോള്‍ കേരള അതിര്‍ത്തിയിലുള്ള കൂടങ്കുളം ആണവനിലയം, ആറന്മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പോലുള്ള, പരിസ്ഥിതിക്കെതിരായ പുതിയ ഭീഷണികള്‍ രൂപപ്പെട്ട് വരികയാണ്. പരിസ്ഥിതി കൈയേറ്റത്തെക്കുറിച്ച് ജാഗരൂകരാകേണ്ടത് അതത് പ്രദേശത്തെ നിവാസികള്‍ തന്നെയാണെങ്കിലും മാധ്യമങ്ങളും അവയുടേതായ പങ്ക് വഹിക്കുമ്പോള്‍ മാത്രമേ അധികൃതരുടെ കണ്ണ് തുറപ്പിക്കാനാവുകയുള്ളൂ. ഇതിന് സഹായകമായ രൂപത്തില്‍ വായനക്കാരുടെ ഭാഗത്ത് നിന്നുള്ള ക്രിയാത്മകമായ ഇടപെടല്‍ അനിവാര്യമത്രെ. അല്ലെങ്കില്‍ വരും തലമുറക്ക് കൈമാറാന്‍ വാസസ്ഥലമോ നമുക്ക് തന്നെ തലചായ്ക്കാന്‍ ഒരു ഇടമോ കിട്ടാതെ അലയേണ്ടിവരുന്ന അവസ്ഥ എത്ര ദാരുണമാണ്!
ജൂണ്‍ 5ന് വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി വന്നെത്തുകയാണ്. 'ചിന്തിക്കുക, ഭക്ഷിക്കുക, സംരക്ഷിക്കുക' എന്നാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിനാഘോഷങ്ങളുടെ സന്ദേശം. ഭക്ഷണം പാഴാക്കുന്നതിനെതിരെയുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ലോകമെമ്പാടും വര്‍ഷംതോറും 130 കോടി ടണ്‍ ഭക്ഷണം പാഴാക്കിക്കളയുന്നുണ്ട്. ഇതിനൊരു മറുവശം കൂടിയുണ്ട്. ഇന്ന് ലോകത്തില്‍ ഏഴുപേരില്‍ ഒരാള്‍വീതം പട്ടിണി അനുഭവിക്കുന്നുണ്ട്. ഓരോവര്‍ഷവും ലോകമെമ്പാടും അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള 20,000 കുട്ടികള്‍ പട്ടിണികാരണം മരണമടയുന്നുണ്ട്. സൊമാലിയ എന്ന ആഫ്രിക്കന്‍ രാജ്യത്തില്‍ ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മരണമടഞ്ഞ 2,60,000 ആളുകളില്‍ 70 ശതമാനവും 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. ഭക്ഷണം പാഴാക്കിക്കളയുന്നത് ഒരു സാമൂഹികതിന്മയിലുപരി പരിസ്ഥിതിയോട് ചെയ്യുന്ന കടുത്ത അപരാധം കൂടിയാണ്.
1973 ജൂണ്‍ 5 മുതലാണ് ലോക പരിസ്ഥിതിദിനം ആഘോഷിക്കാന്‍ ആരംഭിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തിലാണ് ലോകമെമ്പാടും ഈ ചടങ്ങ് നടത്തിവരുന്നത്. എന്താണ് പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെന്നും അവയ്ക്കെതിരേ നമുക്ക് ചെയ്യാന്‍ കഴിയുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് ഓര്‍മപ്പെടുത്തുകയുമാണ് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ദേശ്യം.
21ാം നൂറ്റാണ്ടില്‍ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളികള്‍ എന്താണെന്നു നോക്കാം.
*കാലാവസ്ഥാ വ്യതിയാനം: ആഗോളതാപനം എന്ന വാക്ക് ഇപ്പോള്‍ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറില്ല. കാലാവസ്ഥാ വ്യതിയാനമെന്നാണ് പകരം പറയുന്നത്. കാലംതെറ്റിയ കാലാവസ്ഥയ്ക്കും സമുദ്രനിരപ്പുയരുന്നതിനും ധ്രുവപ്രദേശങ്ങളിലെ വര്‍ധിച്ച മഞ്ഞുരുക്കത്തിനുമെല്ലാം കാരണം കാലാവസ്ഥാ വ്യതിയാനമാണ്. സൗരചക്രത്തിന്റെ സ്വാധീനം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്. അതുകൂടാതെ പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വഴി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ഡയോക്സൈഡ് വാതകമാണ് അന്തരീക്ഷം ചൂടുപിടിപ്പിക്കുന്നതിന്റെ പ്രധാന ഉത്തരവാദി. വിറക് കത്തിക്കുമ്പോഴും കാട്ടുതീ ഉണ്ടാകുമ്പോഴും ഈ വാതകം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നുണ്ട്. കാര്‍ബണ്‍ഡയോക്സൈഡിന് പുറമെ, കന്നുകാലികളുടെ വിസര്ജ്യങ്ങളില്നിന്നു പുറന്തള്ളപ്പെടുന്ന മീഥേയ്ന്‍, നീരാവി എന്നിവയെല്ലാം ഹരിതഗൃഹ സ്വഭാവമുള്ള വാതകങ്ങളാണ്. ഭൗമാന്തരീക്ഷത്തില്‍ ഒരു കമ്പിളിപ്പുതപ്പ് പോലെ ആവരണം ചെയ്തിരിക്കുന്ന് ഈ വാതകങ്ങള്‍ ഭൂമിയില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികളിലെ താപവികിരണങ്ങളെ തടഞ്ഞുനിര്‍ത്തുന്നതുകൊണ്ടാണ് ഭൗമാന്തരീക്ഷത്തിന്റെ താപനിലയില്‍ വര്‍ധനവുണ്ടാകുന്നത്.
* ജനസംഖ്യാ വിസ്ഫോടനം: വരുന്ന 35 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകജനസംഖ്യ 900 കോടി കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. പരിസരമലിനീകരണത്തിനും ദാരിദ്ര്യത്തിനും വനനശീകരണത്തിനും ജലദൗര്ലഭ്യത്തിനുമെല്ലാം കാരണം ജനസംഖ്യാ വിസ്ഫോടനമാണ്. ദരിദ്രരാജ്യങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസക്കുറവും ജനനനിയന്ത്രണ സംവിധാനങ്ങളോടുള്ള അവഗണനയുമാണ് ജനസംഖ്യാ വിസ്ഫോടനത്തിന് കാരണമാകുന്നത്. ചില സാമുദായിക കീഴ്വഴക്കങ്ങളും ഇതിന് കാരണമാകുന്നുണ്ട്.
*വംശനാശഭീഷണി: ആവാസ വ്യവസ്ഥകളിലേക്കുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റം കാരണം വര്‍ഷംതോറും ആയിരക്കണക്കിന് ജീവിവര്‍ഗങ്ങള്‍ക്കാണ് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
*ജനിതക മലിനീകരണം: ജനിതക വ്യതിയാനം വരുത്തിയ പച്ചക്കറികളും ധാന്യങ്ങളും പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് തടസ്സമാണ്. അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിക്കുന്നതിനും കീടശല്യമില്ലാത്ത പച്ചക്കറികളുടെ ഉല്പാദനത്തിനും ജെനറ്റിക് എന്‍ജിനീയറിംഗ് സഹായിക്കുന്നുണ്ടെങ്കിലും ഇത്തരം ഉല്പന്നങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൂടാതെ, കാര്‍ഷികമേഖലയിലുണ്ടാകുന്ന ധ്രുതവളര്ച്ച വനനശീകരണത്തിനും മണ്ണൊലിപ്പിനും മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്.
* ആണവ മലിനീകരണം: ന്യൂക്ലിയര്‍ റിയാക്ടറുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും റേഡിയോ ആക്ടീവതയുള്ള ന്യൂക്ലിയര്‍ മാലിന്യങ്ങളുടെ സംസ്കരണവും ഇന്ന് പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളാണ്. റേഡിയോ ആക്ടീവതയുള്ള ധാതുമണലും ആണവ റിയാക്ടറുകളും അന്തര്‍വാഹിനികളിലും ബഹിരാകാശ പേടകങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന ന്യൂക്ലിയര്‍ ഇന്ധനങ്ങളും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ആണവ യുദ്ധഭീഷണിയാണ് മറ്റൊരു അപകടം. ഭൗമ ജീവനെ നിശ്ശേഷം തുടച്ചുമാറ്റാന്‍ കഴിയുന്നത്രയും ആണവായുധങ്ങള്‍ ഇന്ന് ലോകത്തിലെ വന്‍ശക്തികളുടെ പക്കലുണ്ട്.
*പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറന്തള്ളുന്നത് ഒരേസമയം മണ്ണും ജലവും മലിനമാക്കുന്നുണ്ട്. അവ കത്തിക്കുന്നതും അശാസ്ത്രീയമായി സംസ്കരിക്കുന്നതും വായുവിനെയും വിഷലിപ്തമാക്കുന്നുണ്ട്. റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഉപയോഗിക്കുകയും പരമാവധി പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഉപേക്ഷിക്കുകയുമാണ് ഇതിനെതിരേ ചെയ്യാന്‍ കഴിയുന്ന പോംവഴി.
* ഓസോണ്‍പാളിയെ തകര്‍ക്കുന്ന ക്ലോറോ-ഫഌറോ കാര്‍ബണുകളുടെ ഉത്സര്‍ജനം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
* ശുദ്ധജല ദൗര്‍ലഭ്യവും ജലമലിനീകരണവും ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പാരിസ്ഥിതിക പ്രശ്നങ്ങളാണ്. ഇന്ന് ഭൂമിയില്‍ 50 കോടി ജനങ്ങള്‍ ജലക്ഷാമത്തിന്റെ പിടിയിലാണ്. 2025 ആകുമ്പോഴേക്കും അത് 300 കോടിയായി വര്‍ധിക്കും. ഓരോ വര്‍ഷവും ലോകമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 400 കോടി ആശുപത്രി കേസുകളില്‍ 80 ശതമാനവും മലിനജലത്തിലൂടെ പകരുന്ന രോഗങ്ങളാണ് എന്നതാണ് വാസ്തവം.
* അണക്കെട്ടുകളുടെ പ്രായോഗികതയെപ്പോലെതന്നെ അവ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സ്വാഭാവിക സംതുലിതാവസ്ഥയ്ക്കും ആവാസവ്യവസ്ഥകള്‍ക്കും അണക്കെട്ടുകള്‍ ഭീഷണിയാണ്. കാലഹരണപ്പെട്ട അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന അപകടസാധ്യത വേറെയും.
വര്‍ധിച്ച ഉപഭോഗാസക്തി പ്രകൃതിയെ വിവേചനരഹിതമായി ചൂഷണംചെയ്യുന്നതിനും അമിതോല്പാദനത്തിനും കാരണമാകുന്നുണ്ട്. അമേരിക്ക പോലെയുള്ള ഒരു വികസിത രാജ്യത്തെ മൂന്നംഗങ്ങളുള്ള ഒരു സമ്പന്ന കുടുംബം ഒരു മാസം ഉപയോഗിക്കുന്ന വസ്തുക്കള്‍ നേപ്പാളിലെ 80 വ്യക്തികളുടെ ഉപഭോഗത്തിന് തുല്യമാണ്!
*അമിതമായ മത്സ്യബന്ധനവും കടലിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനും സമുദ്രജലത്തിന്റെ രാസഘടനയില്‍ വ്യതിയാനം വരുത്തുന്നതിനും ഇടയാക്കുന്നുണ്ട്.
വനനശീകരണം: ജനപ്പെരുപ്പത്തിന്റെയും വ്യാവസായിക വളര്‍ച്ചയുടെയും പ്രത്യാഘാതങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് വനങ്ങളാണ്. വര്‍ഷംതോറും ഹെക്ടര്‍കണക്കിന് വനമാണ് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ ശ്വാസകോശങ്ങളായ മരങ്ങള്‍ നശിപ്പിക്കുന്നത് ആത്മഹത്യാപരമാണ്.
*ഖനനത്തിന് വേണ്ടി മണ്ണ് നീക്കംചെയ്യുന്നത് മണ്ണിന്റെ ഘടനയില്‍ മാറ്റംവരുത്തുന്നതിനും മണ്ണിലെ സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു പവന് സ്വര്‍ണം ലഭിക്കണമെങ്കില്‍ മൂന്ന് ടണ്‍ മണ്ണ് നീക്കംചെയ്യണമെന്നു പറയുമ്പോള്‍ അതിന്റെ തീവ്രത മനസ്സിലാകും.
* മാലിന്യസംസ്കരണമാണ് മറ്റൊരു നീറുന്ന പ്രശ്നം. ഖര-ദ്രാവക, ജൈവ-അജൈവ മാലിന്യങ്ങളുടെ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കാത്തത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പലപ്പോഴും ദരിദ്രരാജ്യങ്ങള്‍ വികസിത രാഷ്ട്രങ്ങളുടെ ചവറുകൂനകളായി മാറുകയാണ്.
* കീടനാശിനികളുടെ അമിതോപയോഗം ജനിതക വൈകല്യങ്ങള്‍ക്കും മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന സൂക്ഷ്മജീവികളുടെ വര്‍ധനവിനും കാരണമാകുന്നുണ്ട്. ഇത് പുതിയ രോഗങ്ങളുടെ പിറവിക്കും കാരണമാകും
- പ്രകൃതിവിഭവങ്ങളുടെ ചൂഷണം, കാര്‍ബണ്‍ഡയോക്സൈഡിന്റെ അമിതമായ പുറന്തള്ളല്‍, പരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍, വനനശീകരണം, പ്ലാസ്റ്റിക് ഉപയോഗം, ജലം, വായു, മണ്ണ് മലിനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ ഉപഭോഗം, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം എന്നിവയെല്ലാം കുറയ്ക്കണം.
- സാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യങ്ങള്‍ സംസ്കരിക്കുക.
- സസ്യജന്യ ഉല്പന്നങ്ങള് റീസൈക്കിള്‍ ചെയ്യുക.
- നിലവിലുള്ള സാഹചര്യത്തില്‍ തൃപ്തരായി പ്രകൃതിചൂഷണം പരമാവധി കുറയ്ക്കുക.
- ആവശ്യത്തിനനുസരിച്ച് ഉല്പന്നങ്ങള് നിര്‍മിക്കുക.
- മരംകൊണ്ട് നിര്‍മിച്ചിട്ടുള്ള ഉപകരണങ്ങള്‍ പുതിയവ വാങ്ങിക്കൂട്ടാതെ നിലവിലുള്ളവ സംരക്ഷിച്ചു നിലനിര്‍ത്തുക.
- റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന ഉല്പന്നങ്ങള് ഉപയോഗിക്കുക.
- ഭക്ഷണം പാഴാക്കിക്കളയാതിരിക്കുക.
- ജനനനിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുക.
- ആവാസ മേഖലകളിലേക്കുള്ള കടന്നുകയറ്റം ഒഴിവാക്കുക.
പരിസ്ഥിതി സംരക്ഷണം എന്നാല്‍ മരം വെട്ടാതിരിയ്ക്കലും വൃക്ഷത്തൈ വച്ചു പിടിപ്പിയ്ക്കലും മാത്രമാണെന്നു ധരിച്ച ഒട്ടേറെ പ്പേര് നമ്മുടെ നാട്ടിലുണ്ട്.
കുറച്ചു ബു.ജി.കളും കവി(കവിയിത്രി)കളും കൂടി ചേര്‍ന്നുണ്ടാക്കിയ ഒരു പൊതു ബോധ്യമാണത്. (അവരുടെ നല്ല വശം കാണാതിരിയ്ക്കുന്നില്ല). എന്നാല്‍ അതിനുമപ്പുറമായ ചില മാനങ്ങള്‍ കൂടി ഉണ്ടാവേണ്ടതാണ് നമ്മുടെ പരിസ്ഥിതി ബോധ്യത്തിന്.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഇപ്പോള്‍ ഏറെക്കുറെ എല്ലാവര്ക്കും ബോധ്യമായ വിഷയങ്ങളാണല്ലോ. ധാരാളം ചര്‍ച്ചകള്‍ , ലേഖനങ്ങള്‍ ആകെ പൊടിപൂരം.മിക്കവാറും എല്ലാവരും സാമ്രാജ്യത്വത്തെയും അമേരിയ്ക്കയെയുമൊക്കെ കുറ്റപ്പെടുത്തി തൃപ്തിയടയുന്നു.(അതില്‍ വസ്തുതയുണ്ടന്നതും സത്യം).
ഈയിടെ അധികമാരും ശ്രദ്ധിയ്ക്കാത്ത ഒരു വാര്‍ത്ത മലയാള പത്രങ്ങളുടെ ബിസിനസ് പേജില്‍ വന്നിരുന്നു: “എയര്‍ കണ്ടീഷണറുകളുടെ വില്പന കേരളത്തില്‍ കുതിച്ചുയരുന്നു“. ഹാ..കേള്‍ക്കാന്‍ എന്തു കുളിര്‍മ്മയുള്ള വാര്‍ത്ത! ഓരോ വര്‍ഷവും വിലകുറച്ചുകൊണ്ട് കമ്പനികള്‍ തമ്മില്‍ മത്സരമാണ്; വില്പന ഉയര്‍ത്താന്‍ . പുതിയ വീടുകളില്‍ നിര്‍ബന്ധമായും ഒരു എ.സി.യെങ്കിലും ഉണ്ടാവും. അയല്‍വീട്ടില്‍ മേടിച്ചാല്‍ നമ്മുടെ വീട്ടിലും മേടിച്ചിരിയ്ക്കണം. മേടിയ്ക്കുകയാണെങ്കില്‍ സ്പ്ലിറ്റ് എ.സി. തന്നെ വേണം. സ്പ്ലിറ്റ് എ.സി. എന്നു പറഞ്ഞാല്‍ “----“കമ്പനിയുടെ തന്നെയായിരിയ്ക്കണം!
ശരി, എന്താണ് എ.സി.യുടെ അപകടം?
എ.സി.കള്‍ പുറന്തള്ളുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ അഥവാ C.F.C യാണ് ആഗോള താപനത്തിനു കാരണമായ “ഓസോണ്‍ ദ്വാരങ്ങള്‍ “ ഉണ്ടാക്കുന്നത്! അതായത് ചൂട് കുറയ്ക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യം, വീണ്ടും ചൂട് കൂട്ടാനേ സഹായിയ്ക്കൂ!!
എ.സി.കള്‍ വളരെ അധികം വൈദ്യുതി ഉപയോഗിച്ചു തീര്‍ക്കുന്നു. അപ്പോള്‍ വൈദ്യുതി ക്ഷാമം ഉണ്ടാകും, കൂടുതല്‍ ഉല്പാദനം വേണ്ടി വരും. ജലവൈദ്യുതിയാണെങ്കില്‍ അത് വനനശീകരണം ഉണ്ടാക്കും. കല്‍ക്കരിയോ ഡീസലോ മറ്റോ ആണെങ്കില്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കും. ഫലം ചൂടു വീണ്ടും കൂടും!!
രസകരമായ കാര്യം കേരളത്തിന്റെ കാലാവസ്ഥയില്‍ എ.സി. ഒരാവശ്യമേ അല്ല എന്നതാണ്. മനുഷ്യര്‍ വിയര്‍ക്കുന്ന -ഹ്യുമിഡിറ്റി കൂടിയ-നമ്മുടെ നാട്ടില്‍ ഫാനിന്റെ കാറ്റ് മതിയായതാണ്. (ഗള്‍ഫില്‍ സ്ഥിതി വ്യത്യസ്തമാണ്)
കേരളത്തില്‍ ഇത്രയേറെ ചൂട് വര്‍ധിയ്ക്കാന്‍ കാരണം നമ്മുടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ / വീടുകള്‍ തന്നെയാണ്. കോണ്‍ക്രീറ്റ് വീടുകളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി പന്ത്രണ്ടു മണി വരെ, മഴക്കാലമൊഴിച്ചുള്ള സമയങ്ങളില്‍ കഴിഞ്ഞുകൂടുക ദുഷ്കരമാണ്. കഠിനമായ ചൂടാണ് അനുഭപ്പെടുന്നത്. ഇതാണ് എ.സി.യിലേയ്ക്ക് ആള്ക്കാര് എത്തിപ്പെടുന്നതിന്റെ ഒരു കാരണം.
ഇന്നത്തെ സ്ഥിതിയില്‍ കോണ്‍ക്രീറ്റ് വീടുകള്‍ നമുക്ക് ഒഴിവാക്കാനാവില്ല. എന്നാല്‍ അവ നമുക്ക് പാരിസ്ഥിതിക സൌഹൃദത്തോടെ നിര്‍മ്മിക്കാവുന്നതേ ഒള്ളൂ.
എങ്ങനെ?
ചൂട് ഉള്ളിലെത്തുന്നത് തടയുക എന്നതാണല്ലോ മുഖ്യലക്ഷ്യം. അതിനായി എത്രയോ മാര്‍ഗങ്ങളുണ്ട്.
നിര്‍ബന്ധമായും വീടിന്റെ മേല്‍ വാര്‍പ്പ് “നിരപ്പാ“യി (Flat Roof) മാത്രമേ ചെയ്യാവൂ.
നിരപ്പായി വാര്‍ത്താല്‍ , അത്രയും വിസ്തീര്‍ണം സ്ഥലം നമുക്കു ലഭിയ്ക്കുന്നു. അവിടെ ടിന് /അലുമിനിയം ഷീറ്റോ മറ്റൊ ഉപയോഗിച്ചൊരു മേല്‍കൂര കെട്ടിയാല്‍ പലതാണു ഗുണം. ചൂടു വരില്ല, തുറസ്സായ അവിടെ ,കുട്ടികള്‍ക്ക് ഓടിക്കളിയ്ക്കാം. ചെടികള്‍ വയ്ക്കാം. മുറ്റത്തിന്റെ പ്രയോജനം ചെയ്യും.
അല്ലെങ്കില്‍ ടെറസില്‍ പച്ചക്കറി നടാം. വിഷമേല്ക്കാത്ത ശുദ്ധമായ പച്ചക്കറി വീട്ടാവശ്യത്തിന് ഉല്പാദിപ്പിയ്ക്കാം.
ഇതൊന്നും താല്പര്യമില്ലാത്തവര്ക്ക് അറക്കപ്പൊടി, ഓല ഇവയൊക്കെ ഉപയോഗിച്ച് ഫലപ്രദമായി ചൂടിനെ തടയാം.ചെരിച്ചു വാര്‍ത്ത വീടുകള്‍ക്ക് ഇതൊന്നും സാധ്യമല്ല. പരിപാലനചിലവ് വേറെ വേണം താനും.
ഇന്നു കാണുന്നതോ? യാതൊരു പാരിസ്തിതിക ബോധവുമില്ലാത്ത കുറെ എഞ്ചിനീയര്‍മാരും ഉടമകളും ചേര്‍ന്ന് വീടെന്ന പേരില്‍ എന്തെല്ലാമോ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുകയാണ്. “കാഴ്ച”യ്ക്കു വേണ്ടി അനാവശ്യമായ ഒടിവുകളും ചെരിവുകളും കൊടുക്കുന്നു. വാസ്തവത്തില്‍ കുറെ ചെലവുകൂട്ടാമെന്നതില്‍ കവിഞ്ഞ യാതൊരു പ്രയോജനവും ഇതു കൊണ്ടില്ല.
പണ്ടത്തെ ഓടുവീടുകളെ സംബന്ധിച്ചിടത്തോളം ചെരിവ് പ്രശ്നമായിരുന്നില്ല. കളിമണ്ണ് കോണ്‍ക്രീറ്റിനെപ്പോലെ ചൂടിനെ പിടിച്ചു നിര്‍ത്തില്ല. കൂടാതെ ഓട്ടു വീടുകള്‍ക്ക് മച്ചുണ്ടായിരുന്നതു കൊണ്ട് ചൂട് ഉള്ളിലേയ്ക്ക് വരുകയുമില്ലായിരുന്നു.
ചൂടിനെ തടയാന്‍ മറ്റൊരു മാര്‍ഗം തെക്ക് ,പടിഞ്ഞാറ് വശങ്ങളില് ജാതി പോലെ നല്ല ഇലച്ചാര്‍ത്തുള്ള ചെറു വൃക്ഷങ്ങള്‍ , വാഴ, അശോകം തുടങ്ങിയവയൊക്കെ വച്ചുപിടിപ്പിയ്ക്കുക എന്നതാണ്. ചൂട് തടയുന്നതോടൊപ്പം, ഫലങ്ങള്‍ , വരുമാനം എന്നിവ കൂടി ലഭിയ്ക്കും.
നോക്കൂ, നമ്മുടെ മനോഭാവത്തില്‍ വരുത്തുന്ന ചെറിയൊരു മാറ്റം പരിസ്ഥിതിയെ-നമ്മെയും- എങ്ങെനെ സ്വാധീനിയ്ക്കും എന്ന്.(C.F.C കുറയും, ഓസോണ്‍ പാളി സംരക്ഷിക്കപ്പെടും, ആഗോളതാപനം കുറയും.
വൈദ്യുതി ലാഭിയ്ക്കും, പരിസ്ഥിതി സംരക്ഷിയ്ക്കപ്പെടും. ചെടികള്‍ കൂടും, ഓക്സിജന്‍ കൂടും, ഫലങ്ങള്‍ ലഭിയ്ക്കും. )
മലയാളിയുടെ ശുചിത്വബോധം എന്നതു വലിയൊരു തമാശയാണ്. എല്ലാവരും നിത്യവും ഒന്നോ രണ്ടോ തവണ കുളിയ്ക്കും, പല്ലു തേയ്ക്കും, കക്കൂസില്‍ പോയാല്‍ ശൌചം ചെയ്യും. കഴിഞ്ഞു ശുചിത്വ ബോധം. ഒരാളും തന്റെ പരിസരത്തെക്കുറിച്ച് ഉത്കണ്ഠാകുലനല്ല. അതൊക്കെ മറ്റുള്ളവര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതല്ലെ.?
.ഈയൊരു ബോധം മാറ്റാത്തകാലത്തോളം നമ്മുടെ നാടു നന്നാവില്ല. എല്ലാവരും അവകാശത്തെക്കുറിച്ച് ബോധവാന്മാരാണ് എന്നാല്‍ കടമയുടെ കാര്യത്തില്‍ അതില്ല.
ഉത്തരകേരളത്തിലെ പ്രമുഖമായ ഒരു ക്ഷേത്രം. ഭക്ഷണം, കിടപ്പുസൌകര്യം, ടോയിലറ്റ് എല്ലാം ഭക്തന്മാര്ക്ക് സൌജന്യം. എന്നാല്‍ അവിടെ ഭക്തര്‍ ചെയ്യുന്നതോ? ചോറുണ്ട ശേഷം ഇല കളയാന്‍ പ്രത്യേകം സ്ഥലമുണ്ടെങ്കിലും അതിനാരും മെനക്കെടില്ല. കാണുന്നിടത്തേയ്ക്ക് എറിയും. ആകെ നാറ്റമായിരിയ്ക്കും. ടോയിലറ്റോ, പറയാനില്ല. അസഹ്യമായ ദുര്‍ഗന്ധം കൊണ്ട് അങ്ങോട്ടു പോകാനേ കഴിയില്ല. മലയാളിയുടെ സാമൂഹ്യബോധമില്ലായ്മയുടെ ഉത്തമോദാഹരണം.
സുന്ദരമായ കേരളനാട് ഇത്രയേറെ വൃത്തികേടായിക്കിടക്കുന്നതിന് ആരാണുത്തരവാദി? സര്‍ക്കാര്‍ മാത്രമാണോ? നമ്മുടെ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഒരു പൊതുബോധ്യമാണ് എല്ലാം സര്‍ക്കാര്‍ നല്‍കണമെന്ന്. ഒപ്പം നമ്മൂടെ രാഷ്ട്രീയ സംഘടനകളും. ഇന്നാട്ടിലെ മനുഷ്യശക്തി സാമൂഹ്യബോധത്തോടെ ഒരു ദിവസം രംഗത്തിറങ്ങിയാല്‍ തീരുന്നതേയുള്ളൂ ഈ പ്രശ്നം. പക്ഷേ ആര്‍ക്കുണ്ട് അതിനു നേരം?
എന്നാല്‍ യാതൊരു പ്രയോജനവുമില്ലാത്ത പ്രകടനങ്ങള്‍ , അക്രമപ്രവര്‍ത്തങ്ങള്‍ ഇവയ്ക്കൊന്നിനും മനുഷ്യശക്തിയ്ക്കു യാതൊരു ക്ഷാമവുമില്ല!വെറുതെയിരുന്ന് മൂക്കുമുട്ടെ തിന്ന്, അന്യരെ പാര വച്ച് ടെന്‍ഷനടിച്ച് , അവസാനം പ്രഷര്‍ , പ്രമേഹം , കൊളസ്ട്രോള്‍ .അതു കുറയ്ക്കാന്‍ ദിവസവും ഓട്ടവും ചാട്ടവും. പാഴാവുന്ന മനുഷ്യ ശക്തി എത്ര?
നാം നേരിടുന്ന-ഭാവിയില്‍ ഏറ്റവും ഗുരുതരമാവാന്‍ പോകുന്ന -പ്രശ്നമാണ് ജലക്ഷാമം.
“ഒരു വര്‍ഷം നമുക്ക് 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നു. ഇന്ത്യ മുഴുവനായി എടുത്താല്‍ ശരാശരി വാര്‍ഷികവര്‍ഷപാതം 1190 മി.മീ. മാത്രമാണ്. അതായത് അഖിലേന്ത്യാ ശരാശരിയുടെ ഏതാണ്ട് രണ്ടര ഇരട്ടി മഴ നമുക്ക് ലഭിക്കുന്നുണ്ട്. തെക്കുനിന്ന് വടക്കോട്ടു പോകുന്തോറും മഴയുടെ അളവ് കൂടി വരുന്നു. സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് പ്രതിവര്‍ഷം 1800 മി.മീ. മഴയാണ് ലഭിക്കുന്നത്. വടക്ക് ഇത് ഏതാണ്ട് 3800 മി.മീ. വരും. പടിഞ്ഞാറു നിന്ന് കിഴക്കോട്ടു പോകുമ്പോഴും മഴയുടെ അളവ് കൂടി വരും.“
ഇത്രയും ജലവിഭവമുള്ള ഒരു നാട്ടിലാണ് മഴ നിലച്ചാലുടന്‍ കുടിനീര് ക്ഷാമം അനുഭവപ്പെടുന്നത്!നമ്മുടെ കെടുകാര്യസ്ഥതയുടെയും ആസൂത്രണമില്ലായ്മയുടെയും മകുടോദാഹരണം.
മഴക്കാലത്ത് വെറുതെ ഒഴുകിപോകുന്ന ജലത്തിലൊരു ഭാഗം മാത്രം ശേഖരിച്ച് ശുദ്ധീകരിച്ച് കയറ്റി അയച്ചാല്‍ ഗള്‍ഫിനു പെട്രോഡോളര്‍ പോലെ കേരളത്തിനു ഹൈഡ്രോ ഡോളര്‍ നേടാം. ഈ പണം എത്രയോ കുടിവെള്ള പദ്ധതികള്‍ക്ക് നമുക്കുപയോഗിയ്ക്കാം! ഇതാരെങ്കിലും ഉച്ചത്തില്‍ പറഞ്ഞാല്‍ എല്ലാവരും കൂടി അവനെ കൊന്നു കൊല വിളിയ്ക്കും! അങ്ങനെയൊരു ചിന്ത പോലും അനുവദിയ്ക്കില്ല. സാമ്രാജ്യത്വം! സാമ്രാജ്യത്വം!
(ഈയിടെ വ്യവസായസെക്രട്ടറി പറഞ്ഞത് എന്താണെന്ന് മനസ്സിലാവും മുന്‍പേ എല്ലാവരും കൂടി കേറിയിടപെട്ട് കുളമാക്കി.കോളകള്‍ കഴിയ്ക്കുന്ന ഒരു വിഭാഗമുണ്ട്. കേരളത്തില്‍ നിന്നല്ലെങ്കില്‍ മറ്റെവിടുന്നെങ്കിലും സാധനം വരും. എന്നാല്‍ പിന്നെ അതിവിടെ തന്നെ ആയിക്കൂടെ? എത്ര പേര്‍ക്കു പണി കിട്ടും?
എന്നാല്‍ അത് കുടിവെള്ളക്ഷാമം ഉണ്ടാക്കാതെയും പരിസരമലിനീകരണം സൃഷ്ടിക്കാതെയുമായിരിയ്ക്കണം. അതിനുള്ള സാധ്യതയെക്കുറിച്ച് പഠിയ്ക്കണം. ഇതു രണ്ടും സാധ്യമേയല്ലയെങ്കില്‍ മാത്രമേ കോളകമ്പനിയെ കെട്ടുകെട്ടിയ്ക്കേണ്ടതുള്ളൂ. ഇവിടെ അതുണ്ടായോ? ഇതൊരു സമീപനത്തിന്റെ ഉദാഹരണമായിക്കണ്ടാല്‍ മതി. )
പൂച്ചയ്ക്കാരു മണികെട്ടാനാണ് ? വിവാദ ജീവികളാണല്ലോ എവിടെയും.
നമ്മുടെ മാധ്യമങ്ങള്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമയ്ക്കുന്ന വിവാദങ്ങളുടെ നാലിലൊന്ന് ഭാഗം ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരണത്തിനു വേണ്ടി മാറ്റിവച്ചിരുന്നെങ്കില്‍ ....
പറഞ്ഞുവന്നത്, നമ്മുടെ മനോഭാവത്തില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയാണ്. അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കി സ്വാഭാവികമാര്‍ഗങ്ങളില്‍ കൂടി തന്നെ നമുക്ക് ചൂട് കുറയ്ക്കാം , പരിസ്ഥിതിയ്ക്ക് ആഘാതമേല്പിയ്ക്കാതിരിയ്ക്കാം.
സാമൂഹ്യബോധവും പരിസ്ഥിതി ബോധവുമുണ്ടായാല്‍ പരിസരശുചിത്വവും പരിസ്ഥിതി സംരക്ഷണവും സാധിക്കാം.
കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി നിലനിര്‍ത്തുവാനും ഭാവിതലമുറയ്ക്ക് ഇവിടെ ജീവിതം സാധ്യമാകുവാനും കുടിവെള്ളം, കൃഷി, ഭക്ഷ്യസുരക്ഷ, ഊര്‍ജ്ജം, നഗരവികസനം എന്നിവ സാധ്യമാകുവാനും സംസ്ഥാനം സുസ്ഥിര വികസനമെന്ന ഹരിത വികസനത്തിലേക്ക് ചുവടുമാറ്റം നടത്തേണ്ടതായിട്ടുണ്ട്. 1992 ല്‍ ഇന്ത്യയടക്കം 130 രാജ്യങ്ങള്‍ പങ്കെടുത്ത റിയോഡിജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലെ മുഖ്യ അജണ്ടയും സുസ്ഥിര വികസനം എന്നതായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യന്റെ പ്രകൃതിയുടെ മേല്‍ നടന്ന കടന്നുകയറ്റം ലോകത്തെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നതിന് ഇടവരുത്തി. വികസനത്തിന്റെ പേരില്‍ അന്തരീക്ഷത്തിലേക്ക് വ്യവസായങ്ങള്‍ തള്ളുന്ന വിഷ വായു, വനനശീകരണം, കൃഷിയില്‍ ഉപയോഗിക്കുന്ന അമിതമായ രാസവള-കീടനാശിനി പ്രയോഗം, പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗം, നദികളുടെ ഗതിമാറ്റിയുള്ള ഉപയോഗം, വിളകളുടെ ജനിതക മാറ്റം, ജനസംഖ്യാ വിസ്ഫോടനം, അമിതമായ വ്യവസായവല്‍ക്കരണം, ഫോസില്‍ ഇന്ധനങ്ങളുടെ ക്രമാതീതമായ ഉപയോഗം, ജലം വില്‍പ്പന ചരക്കായത് എന്നിവയെല്ലാം ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കയാണ്. മാനവരാശി അവലംബിക്കുന്ന സാമ്പത്തിക നയങ്ങള്‍ വന്‍ പരിസ്ഥിതി നാശത്തിലേയ്ക്കാണ് ലോക സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. ആഗോള പരിസ്ഥിതിയും വികസനവും സംബന്ധിച്ച കമ്മീഷനാണ് ആദ്യമായി സുസ്ഥിര വികസനമെന്ന ആശയം ലോകത്തിന് മുന്നില്‍ തുറന്നത്. എക്കാലവും നിലനില്‍ക്കാവുന്ന വികസനമാണ് നമുക്ക് വേണ്ടതെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇന്നത്തെയും നാളെത്തേയും തലമുറകളുടെ ജീവിതം ദുസ്സഹമാക്കാതിരിക്കുവാന്‍ ഇത് അത്യന്താപേക്ഷിതവുമാണ്.
ഇന്നത്തെ ആവശ്യങ്ങള്‍ നാളത്തെ തലമുറയുടെ ആവശ്യങ്ങള്‍ കവര്‍ന്ന് തിന്നുന്നതാകരുതെന്നാണ് സുസ്ഥിര വികസനത്തിലെ പ്രധാന ആശയം. ലോകത്തിന്റെ ആവശ്യങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കണം, ഇന്ന് ലഭ്യമായ എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗിക്കേണ്ടത് ഇന്നത്തെയും നാളത്തെയും തലമുറകളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടാകണം എന്നതാണ് പരിസ്ഥിതി-വികസനം ആഗോള കമ്മീഷന് മുന്നോട്ടുവച്ച രണ്ട് പ്രധാന മുദ്രാവാക്യങ്ങള്‍. ലോകത്തെ 82.7 ശതമാനം വരുമാനവും ജനസംഖ്യയുടെ 20 ശതമാനത്തിന്റെ കൈകളിലേക്കാണ് എത്തിച്ചേരുന്നത്. ലോകവരുമാനത്തിന്റെ 1.4 ശതമാനം മാത്രമാണ് ദരിദ്രരായ ശതകോടി ആളുകള്‍ക്ക് ലഭിക്കുന്നത്. ജനങ്ങള്‍ നിയന്ത്രണമില്ലാതെ ജീവിച്ചതുകൊണ്ട് ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ താഴെ പറയുന്നവയാണ്. വ്യവസായവല്‍ക്കരണത്തിന്റെ തിക്തഫലമായുണ്ടായ വായു മലിനീകരണം മൂലം പ്രതിവര്‍ഷം മൂന്ന് ദശലക്ഷം ആളുകളാണ് മരിക്കുന്നത്. ആഗോളതാപനം ഇന്ന് വലിയ ആപത്തായി മാറുവാന്‍ അമിതമായ കാര്‍ബണ്‍ ബഹിര്‍ഗമനം നിമിത്തമായിരിക്കുന്നു. അമേരിക്കയുടെ കാര്‍ബണ്‍ എമിഷന്‍ 1990 നേക്കാള്‍ 16 ശതമാനം കൂടുതലാണിത്. ലോകത്തെ ഏറ്റവും വലിയ വായുമലിനീകരണത്തിന്റെ സ്രോതസ്സും ഇന്ന് അമേരിക്കയാണ്. ലോക ജനസംഖ്യയുടെ 40 ശതമാനം അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ്. ലോകത്തെ പകുതിയിലധികവും തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഒപ്പം അഞ്ചില്‍ ഒന്ന് എന്ന കണക്കില്‍ ശുദ്ധജല ജീവികളും എന്നെന്നേയ്ക്കുമായി ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു.
പ്രതിവര്‍ഷം 2.2 ദശലക്ഷം ആളുകളാണ് മലിനജലം കുടിച്ച് മരിക്കുന്നത്. 1990 ന് ശേഷം ലോകത്തെ 2.4 ശതമാനം വനമേഖലയും നഷ്ടപ്പെട്ടു. വനനാശത്തിന്റെ തോത് പ്രതിവര്‍ഷം 90000 ചതുരശ്ര കി.മീ. എന്ന നിരക്കിലാണ്. ലോകത്തെ മൂന്നില്‍ രണ്ട് ഭാഗം പാടശേഖരങ്ങളും മണ്ണിന്റെ ഗുണനിലവാര കുറവുമൂലം ഉപയോഗശൂന്യമായിരിക്കുന്നു. ലോകത്തെ പകുതിയിലധികം പുല്‍മേടുകളും നശിച്ചില്ലാതായിരിക്കുന്നു. ഇന്ത്യയില്‍ ആവശ്യമായ കാലിത്തീറ്റയുടെ 25 ശതമാനം കുറവുണ്ടായിരിക്കുന്നു. 800 ലധികം വന്യജീവികള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. 11000 ജീവികള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. ലോകത്തിലെ സമുദ്രങ്ങളില്‍ നിന്നും എഴുപത്തി അഞ്ച് ശതമാനത്തിലേറെ മത്സ്യസമ്പത്ത് നശിച്ചില്ലാതായിരിക്കുന്നു. 1990 കളില്‍ നോര്‍ത്ത് അമേരിക്കയില്‍ മാത്രം പത്ത് മത്സ്യ ഇനങ്ങള്‍ അപ്രത്യക്ഷമായി. ഇന്ന് ലോകത്തുള്ള 9946 പക്ഷി ഇനങ്ങളില്‍ 70 ശതമാനത്തിലധികം വംശനാശ ഭീഷണി നേരിടുന്നവയാണ്.
1990 ന് ശേഷം 800 ദശലക്ഷം ആളുകള്‍ ലോകജനസംഖ്യയില്‍ വര്‍ധിച്ചിരിക്കുന്നു. 2000ത്തില്‍ ആറ് ശതകോടിയായ ലോകജനസംഖ്യ പ്രതിവര്‍ഷം 94 ദശലക്ഷം വര്‍ധിച്ച് 2025 ല്‍ ഒമ്പത് ശതകോടിയും 2050 ല്‍ 12.5 ശതകോടിയുമായി ഉയരുമെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ജനസംഖ്യയുടെ 54 ശതമാനവും ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ലോകത്തിലെ ദരിദ്രരുടെ 62 ശതമാനവും തെക്കേ ഏഷ്യയിലാണ്. വികസ്വര രാജ്യങ്ങളിലെ 30 ശതമാനം ആളുകളുടേയും പ്രതിദിന വരുമാനം ഒരു ഡോളറില്‍ താഴെയാണ്. ലോകത്തെ സമ്പത്ത് ജനസംഖ്യയുടെ അഞ്ചില്‍ ഒന്നിന്റെ കൈകളിലാണ്. അവരാണ് ലോകത്തിലെ 83 ശതമാനം സമ്പത്തും നിയന്ത്രിക്കുന്നതും. വികസിത രാജ്യങ്ങളിലെ ജനങ്ങളാണ് ലോകത്തെ പാവപ്പെട്ടവരെക്കാള്‍ ഊര്‍ജ്ജത്തിന്റെ 12 ഇരട്ടി ഉപയോഗം നടത്തുന്നത്. ലോകത്തിന്റെ ഇന്നത്തെ അവസ്ഥയുടെ നേര്‍കാഴ്ചയാണിത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ക്രമാതീതമായ പ്രകൃതി വിഭവ ചൂഷണം സംസ്ഥാനത്തെ ജീവിതം ഭാവി തലമുറയ്ക്കും ദുസ്സഹമാകുന്ന നിലയിലേയ്ക്കാണ് നീങ്ങുന്നത്. മഴമാറിയാല്‍ കുടിവെള്ളക്ഷാമം, ദുസ്സമായ വേനല്‍ചൂട്, പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറവ്, ഭരണരംഗത്തെ സ്വജനപക്ഷപാതം, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാനുസരണം പോലീസിനെ ഉപയോഗിക്കല്‍, പാടശേഖരങ്ങളും ചതുപ്പുകളും കായലുകളും നികത്തി പ്രാദേശിക കാലാവസ്ഥയില്‍ വന്‍മാറ്റം വരുത്തിയിരിക്കുന്നു, എങ്ങും ഗതാഗത കുരുക്ക്, വനമേഖലയുടെ സ്വകാര്യവല്‍ക്കരണം, പ്രകൃതിയ്ക്ക് രൂപമാറ്റം വരുത്തല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളാണ് കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ കേരളജനതയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു പരിസ്ഥിതി പ്രശ്നം തീര്‍ക്കാന്‍ മറ്റൊരു പ്രശ്നം സൃഷ്ടിക്കുക. കടന്നുപോയ തലമുറ സമ്മാനിച്ച പ്രകൃതി വരുംതലമുറയ്ക്ക് ഏല്‍പ്പിക്കാനാകാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സുസ്ഥിര വികസന കാഴ്ച്ചപ്പാടിന്റെ അഭാവം സംസ്ഥാനത്തിന്റെ എല്ലാ രംഗങ്ങളിലുമുണ്ട്. പണമാണ് എല്ലാറ്റിനും ആധാരം. കായല്‍ നികത്തുന്നതിനും പാടം മണ്ണിട്ട് നികത്തി കരഭൂമിയാക്കുന്നതിനും ഭൂഗര്‍ഭ ജലത്തിന്റെ അമിതമായ ചൂഷണത്തിനും കര-വായു-ജലം എന്നിവയുടെ മലിനീകരണത്തിനും വനം വെട്ടി നശിപ്പിച്ചില്ലാതാക്കുന്നതിനും സംസ്ഥാന ഭരണ നേതൃത്വം കൂട്ടുനില്‍ക്കുന്നുവെന്നതാണ് സുസ്ഥിര വികസന കാഴ്ചപ്പാടിന് തടസ്സമായി നില്‍ക്കുന്നത്.
നിയന്ത്രണമില്ലാതെ സ്വത്ത് സമ്പാദിക്കുക അതും സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങളുടെ പേരില്‍. അതിന് രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ! സംസ്ഥാനം നേരിടുന്ന മൂല്യച്യുതിയുടെ ഏറ്റവും വലിയ പാരമ്യത്തിലാണിന്ന് കേരളം. രണ്ട് പതിറ്റാണ്ടുമുമ്പുവരെ തെറ്റായി തോന്നിയിരുന്ന പല കാര്യങ്ങളും മനുഷ്യമനസ്സില്‍ ശരിയായി മാറിയിരിക്കുന്നു. മൂല്യങ്ങളില്‍ മാറ്റം വന്നിരിക്കുന്നു. കളവ്, ചതി, വഞ്ചന, സ്വജനപക്ഷപാതം, അനാശാസ്യം, അഴിമതി എന്നിവയുടെ നിര്‍വചനത്തിന് പോലും മാറ്റം വന്നിരിക്കുന്നു.
ജനമനസ്സുകളില്‍ കാപട്യം ഏറിയിരിക്കുന്നു. തെറ്റുകള്‍ ന്യായീകരിക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊതുമുതല്‍ സംരക്ഷണത്തിന് പകരം വെട്ടിപ്പിടിക്കുകയെന്ന മാനസികാവസ്ഥയിലെത്തിയിരിക്കുന്നു. എതിര്‍ക്കുന്നവരെ വകവരുത്തുക, അവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുക, അക്രമവാസന വര്‍ധിച്ചിരിക്കുന്നു. പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യാനുള്ള പ്രവണത വര്‍ധിച്ചിരിക്കുന്നു. ഭാവി തലമുറയെ കുറിച്ചുള്ള ചിന്ത ഇന്നത്തെ തലമുറയ്ക്ക് അസ്തമിച്ചിരിക്കുന്നു. പണമാണെവിടെയും ഭരണം നടത്തുന്നത്. സഹജീവികളുടെ നാശത്തില്‍ സന്തോഷിക്കുന്ന തലത്തിലേയ്ക്ക് കേരള മനഃസാക്ഷി മാറിയിരിക്കുന്നു. എന്തും ഭരണ സ്വാധീനം ഉപയോഗിച്ച് കൈകളില്‍ ഒതുക്കുക. വേറെ ഒരാള്‍ക്കും വിട്ടുകൊടുക്കാതിരിക്കുക. സ്വാര്‍ത്ഥ താല്‍പ്പര്യ ചിന്തയാണ് മിക്കവാറും ആളുകളെ മതിക്കുന്നത്. അതുകൊണ്ടുതന്നെ അവകാശപ്പെടാത്തതെന്തും സ്വന്തമാക്കുകയെന്ന പ്രായോഗിക ചിന്തയിലാണേറെ പേരും. ഭരണം നഷ്ടമാകുന്നതിന് മുമ്പും എനിക്ക് എന്റെ ആളുകള്‍ക്കുമായി പൊതുമുതല്‍ വീതിച്ചെടുക്കുക. ഖജനാവ് തന്നിഷ്ടപ്രകാരം വരുമാന സ്രോതസ്സുകള്‍ നോക്കാതെ ചെലവഴിക്കുക. ജനസമ്പര്‍ക്കത്തിലൂടെ ഇതല്ലേ നടക്കുന്നത്. നിലനില്‍ക്കാത്ത തരം വികസന പരിപ്രേക്ഷ്യം നടപ്പിലാക്കുക. തുടങ്ങി കേരളം കേരളമല്ലാതാകുന്ന നിലയിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
പല കാരണങ്ങളാല്‍ ശരിയായ കേരള സംസ്കാരം അന്യം നിന്നു പോകുന്നു. പ്രകൃതിയുടെ വരദാനങ്ങളായിരുന്ന കാവുകളും അരുവികളും നദികളും കുന്നുകളും മലകളും വനങ്ങളും ജലസ്രോതസ്സുകളും നെല്‍വയലുകളും തടാകങ്ങളും തോടുകളും ഇടത്തോടുകളും മറ്റും എന്നന്നേയ്ക്കുമായി നമുക്ക് നഷ്ടമാവുകയാണ്. ജൈവവൈവിധ്യ ശോഷണം മൂലം കേരളത്തിന്റെ തനതായ ആയുര്‍വേദ ശാഖയ്ക്ക് പോലും കോട്ടം സംഭവിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ പച്ചപ്പും ജല ശൃംഖലാ ജാലങ്ങളും നമുക്ക് നഷ്ടമാകുന്നു. ഇത് കൈവിട്ട കളിയാണ്. അതുകൊണ്ട് നാം സുസ്ഥിര വികസന കാഴ്ചപ്പാടിലേയ്ക്ക് നയം മാറ്റം വരുത്തണം. മരം മുറിക്കുന്നതിന് മുമ്പ് മരത്തോട് അനുവാദം ചോദിച്ചിരുന്നവരായിരുന്നു നാം. ജലകുടങ്ങളായ കുന്നുകളേയും ആരാധിച്ചിരുന്നവര്‍. അന്നദാതാക്കളായ നെല്‍വയലുകളെ പൊന്നുവിളയിക്കുന്ന ഭൂമിയാക്കിയിരുന്നവരാണ് നാം. തൊടികളില്‍ അത്യാവശ്യം ഭക്ഷണത്തിനുള്ള പച്ചക്കറികളെങ്കിലും ഉല്‍പ്പാദിപ്പിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്. ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്യണം, പ്രകൃതി വിഭവങ്ങള്‍ വിറ്റു തുലക്കേണ്ടതാണെന്ന കാഴ്ചപ്പാട് വന്നിരിക്കുന്നു. ഭൂമി വില്പ്പനച്ചരക്കാണിന്ന്. ഭൂമിയെ അമ്മയായി കണ്ടിരുന്ന ഒരു ജനവിഭാഗത്തിന് വന്നിരിക്കുന്ന മാറ്റമാണത്. കേരളത്തിലെ ഭൂരിപക്ഷമായിരുന്ന ജനവിഭാഗം പകച്ചുനില്‍ക്കുകയാണ്. ഭൂരിപക്ഷ ചിന്തകള്‍ക്ക് പോലും മാറ്റം സംഭവിച്ചിരിക്കുന്നു. ന്യൂനപക്ഷ അധിനിവേശമെന്നല്ലാതെന്തുപറയാന്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ നദികളുടെ ചരിത്രവും നദീതട സംസ്കാരങ്ങളുടെ ആവിര്‍ഭാവത്തെയും കുറിച്ച് ഗവേഷണം നടത്താനുമുള്ള ഭാരതീയ വിചാരകേന്ദ്രത്തിന്റെ തീരുമാനം ശ്ലാഘനീയമാണ്.
വീണ്ടുവിചാരമില്ലാതെ കേരള സമൂഹം നടത്തുന്ന വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയ്ക്ക് ഏല്‍പ്പിക്കുന്ന വന്‍ ആഘാതങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി നശിപ്പിച്ച ലോക രാജ്യങ്ങളുടെ അനുഭവം നമുക്ക് പാഠമാകണം. ഇന്നിവിടെ നടക്കുന്ന മൂലധനാധിഷ്ഠിത-സ്വകാര്യവല്‍കൃത വികസന നയം സംസ്ഥാനത്തിന് യോജിച്ചതല്ല. ഇത് കേരളീയ സംസ്കാരത്തിന് ആശാസ്യവുമല്ല. ന്യൂനപക്ഷ പ്രീണനമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന വികസന നയം. അത് കേരളത്തിന്റെ അടിത്തറയിളക്കും. പശ്ചിമഘട്ട സംരക്ഷണ കാര്യത്തിലും വയല്‍ സംരക്ഷണത്തിലും കുടിവെള്ള സംരക്ഷണ കാര്യത്തിലും കേരള സര്‍ക്കാര്‍ അവലംബിക്കുന്ന വികലമായ നയങ്ങള്‍ വികസനമെന്നാല്‍ പ്രകൃതിയെ കടന്നാക്രമിക്കുകയെന്ന തത്വത്തില്‍ നിന്ന് ഉടലെടുത്തതാണ്. ഈ നയത്തിന് മാറ്റമുണ്ടാകണം. പ്രകൃതി ചൂഷണം ചെയ്യാനുള്ളതാണ് എന്ന കടുത്ത ചിന്തയില്‍നിന്നാണ് അനിയന്ത്രിതമായ ലാഭക്കൊതിയോടെയുളള പ്രകൃതിവിഭവ ചൂഷണം നടക്കുന്നത്. “ഭരണം” പണമുണ്ടാക്കുവാനുള്ള എളുപ്പവഴിയാണെന്ന് ഭരണരംഗത്തുള്ളവര്‍ അടിയുറച്ച് വിശ്വസിക്കുമ്പോള്‍ പ്രകൃതിയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് പരിണത ഫലം. ഇത് മാറണം. കേരളത്തെ പ്രകൃതിരമണീയമായി നിലനിര്‍ത്തണം. വികസനം എല്ലാവര്ക്കും ഗുണം ചെയ്യണം. ഏതാനും പേര്‍ക്ക് പോക്കറ്റ് വീര്‍പ്പിക്കാനുള്ള അവസരമായി മാറുമ്പോള്‍ അതിന്റെ ദുരിതം പേറേണ്ടിവരുന്നത് ഇവിടുത്തെ സാധാരണക്കാരും വരുംതലമുറയുമാണ്. ഭക്ഷണം ഉല്പ്പാദിപ്പിക്കുവാന് നെല്‍വയലുകള്‍ ഒരുക്കാതെ എന്ത് ഭക്ഷ്യസുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. എല്ലാം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോള്‍ നശിച്ചില്ലാതാകുന്നത് നാടിന്റെ സംസ്കാരമാണ്. പ്രകൃതിക്ക് ഇണങ്ങിയ വികസന നയമാണ് സംസ്ഥാനത്തിന്റേതെന്ന് വീമ്പിളക്കുമ്പോഴും പശ്ചിമഘട്ടത്തില്‍ ജൈവകൃഷി നടത്തണമെന്നു പറഞ്ഞാല്‍ ഭരണപക്ഷവും പ്രതിപക്ഷവും എതിര്‍ക്കും! ഇതിനെ സുസ്ഥിര വികസന കാഴ്ചപ്പാടെന്ന് ആര്‍ക്കാണ് പറയാനാകുക. യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ച് കേരളത്തിന്റെ രൂപമാറ്റം വരുത്തി കേരള പ്രകൃതിയെ അസന്തുലിതമാക്കുന്നത് ഇനിയും കണ്ടിരിക്കുക പ്രയാസമാണ്. ഭരണം എല്ലാവര്‍ക്ക് വേണ്ടിയും വികസന നയം സുസ്ഥിരവുമായിരിക്കണം.
പ്രകൃതിയെന്നത് ജീവവംശത്തിന്റെ അതിജീവനപാഠങ്ങള്‍ പഠിപ്പിക്കുന്ന ഒരു പുസ്തകം തന്നെയാണ്. ഒരര്‍ത്ഥത്തില്‍ ജീവ വംശത്തിന്റെ നിലനില്‍പ്പിനായുള്ള സര്‍വ്വവും പ്രകൃതി ഇവിടെ ഒരുക്കിയിട്ടുണ്ട്. ജീവന്റെ നിലനില്‍പ്പിനാധാരമായ വെള്ളം, വായു മറ്റ് ജൈവ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ജൈവീകമായ ഒരു ആവാസ വ്യവസ്ഥയിലാണ് ഈ പ്രകൃതിയും, മനുഷ്യനും, മറ്റ് ജീവജാലങ്ങളും നിലനില്‍ക്കുന്നത്. ഭൂമിയില്‍ മനുഷ്യന്റെ കല്പാടുകള് പതിഞ്ഞ അന്നുതൊട്ടുള്ള അവന്റെ പ്രയാണം പ്രകൃതിയോട് ഇണങ്ങിയും, സമരസപ്പെട്ടും തന്നെയാണ്. പ്രകൃതി നല്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തന്നെയാണ് അവന് അവന്റെ ജീവിത രീതികള്‍ ചിട്ടപ്പെടുത്തിയിരുന്നത്. പ്രകൃതിയുടെ നിര്‍ലോഭമായ ദാനങ്ങളാല്‍ മനുഷ്യന് അവന്റെ ജീവിതവും, വംശവും നിലനിര്‍ത്തി. അങ്ങിനെ മനുഷ്യനും, പ്രകൃതിയും പരസ്പര പൂരകങ്ങളായ സമവാക്യങ്ങളായി മാറുകയായിരുന്നു.
ഏറെ ഭീക്ഷണമായ ഒരു പാരിസ്ഥിതിക ലോകത്താണ് നാമിന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ അടങ്ങാത്ത കച്ചവട കൊതിക്ക് ഇരയായി പ്രകൃതി അനുദിനം നശിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ പരിസ്ഥിതി ദിനവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നാം അകപ്പെടാന്‍ പോകുന്ന, വിദൂരമല്ലാത്ത ദുരന്തങ്ങളെ കുറിച്ചാണ്. ഉച്ചകോടി സമ്മേളനങ്ങള്‍, പാരിസ്ഥിതിക കൂട്ടായ്മകള്‍ എന്നിവിടങ്ങളിലെല്ലാം ലോക രാജ്യങ്ങള്‍ അതിന്റെ സങ്കീര്‍ണ്ണതകള്‍ പങ്കിടുന്ന ഒന്നാണ് ആഗോളതാപനം. ആഗോള താപനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. 2050 ഓടുകൂടി ഭൂമി അതിവരള്‍ച്ചയുടെ കെടുതികളില്‍ അകപ്പെട്ടേക്കാം എന്ന് ലോകം ഭയപ്പെടുന്നു. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങള്‍. ഭൂമിയെ ഒരു സംരക്ഷണ കവചമായി കാക്കുന്ന ഓസോണ്‍ പാളികളുടെ വിള്ളലുകള്‍ അനുദിനം ഏറി കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങള്‍ പുറത്ത് വരുന്ന
അള്‍ട്രാ വൈലറ്റ് രശ്മികളുടെ നേരിട്ടുള്ള ആഘാതം വര്‍ദ്ധിക്കുന്നത് ഭൂമിയിലെ ജീവജാലങ്ങളെയും, മറ്റ് ജൈവ പ്രകൃതിയെയും ദോഷകരമായി ബാധിക്കുന്നു.
എന്തുകൊണ്ടാണ് ഇത്തരം കെടുതികളെ നമുക്ക് നേരിടേണ്ടിവരുന്നതെന്ന് നാം ചിന്തിച്ചിട്ടുണ്ടോ. ഉത്തരം വളരെ ലളിതവും, സുതാര്യവുമാണ് . നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ പച്ചപ്പ് അനുനിമിഷം ഇല്ലാതായി കൊണ്ടിരികുകയാണ്. ഒരര്‍ത്ഥത്തില്‍ നാം ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.
വര്‍ദ്ധിച്ചുവരുന്ന വനനശീകരണം ഏറെ ഭീതിതമായ ഒന്നാണ്. ഒരു കാലത്ത് ഹരിത സമ്പന്നതയില്‍ കഴിഞ്ഞിരുന്ന നമ്മുടെ വനങ്ങളും, കുന്നുകളും ഇന്ന് ഊഷരമായികൊണ്ടിരിക്കുകയാണ്. തന്മൂലം അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രാഥമികമായ വ്യവസ്ഥകള്‍ക്ക് തന്നെ ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഒരു കാലത്ത് സമ്പല്‍ സമൃദ്ധിയില്‍ ഒഴുകിയിരുന്ന പല നദികളും ഇന്ന് മൃതപ്രായരായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക. നദികളിലെ മലിനീകരണം ഇന്ന് പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിപത്താണ്. വ്യവസായ കേന്ദ്രങ്ങളില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അറവുമാലിന്യങ്ങള്‍ തുടങ്ങിയവയെല്ലാം നദികളിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ നദികളുടെ ജൈവപരമായ സവിശേഷതകള്‍ക്ക് കോട്ടം സംഭവിക്കുന്നു. അത് മാത്രമല്ല അത് മല്‍സ്യ സമ്പത്തിനെതിരെ മാരകമായി ബാധിക്കുന്ന ഒന്നായി മാറുന്നു. ലാഭ കൊതിയോടെ മനുഷ്യന് പ്രകൃതിയെ സമീപിക്കുമ്പോള്‍ പ്രകൃതിയ്ക്ക് നേരിടേണ്ടിവരുന്നത് വന്‍ ദുരന്തങ്ങള്‍ തന്നെയാണ്.
കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം ഏറെ ദുരിതം വിതച്ചത് സമൂഹ മനസാക്ഷിയെ ഏറെ നടുക്കികൊണ്ടിരിക്കുന്ന ഒന്നാണ്. ആ പ്രദേശങ്ങളില്‍ ജനിച്ചവരെയും, ജനിക്കാനിരിക്കുന്നവരെയും ആ മാരകവിഷത്തിന്റെ ആധിക്യം മരണകച്ചയൊരുക്കി കാത്തിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ മനുഷ്യരെ മാത്രമല്ല പരിസ്ഥിതിയെയും ഒരു വിപത്തായി ബാധിച്ചിട്ടുണ്ട്. ഈ പരിസ്ഥിതി ദിനത്തില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു ഭീഷണി ഇ വേസ്റ്റുകളുടെതാണ്. മൊബൈല്‍ ഫോണ്‍.കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കഴിയുമ്പോള്‍ അത് വേണ്ടരീതിയില്‍ സാസ്ക്കാരിക്കാതെ വരുന്ന ഒരു അവസ്ഥ ഉടലെടുക്കുന്നു. അത്തരം ഉല്പന്നങ്ങളില് നിന്നുള്ള റേഡിയോ വികിരണങ്ങള്‍ മനുഷ്യനും, പ്രകൃതിക്കും ഏറെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.
ലോകത്തിലെ മുപ്പതിലധികം രാജ്യങ്ങള്‍ ശുദ്ധജലക്ഷാമം അനുഭവിക്കുകയും കോടികണക്കിനാളുകള്‍ ശുദ്ധജലം ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്നു. 2025 തികയുമ്പോള്‍ ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ജലദൗര്‍ലഭ്യം നേരിടേണ്ടി വരുമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരുംതലമുറ വെള്ളത്തിനുവേണ്ടി സംഘര്‍ഷത്തിലേര്‍പ്പെടേണ്ടി വരുന്ന ഭീതിജനകമായ അവസ്ഥയാണ് ഉണ്ടാവുകയെന്നര്ഥം.
'ജലക്ഷാമം പരിഹരിക്കുന്ന വ്യക്തി രണ്ടു നൊബേല്സമ്മാനങ്ങള്ക്ക് അര്‍ഹനാണ്, ഒന്നു ശാസ്ത്രത്തിനും രണ്ടാമത്തേതു സമാധാനത്തിനും.' ജോണ്‍ എഫ് കെന്നഡിയുടെ ഈ വാക്കുകള്‍ വിസ്മരിക്കാന്‍ ലോകരാജ്യങ്ങള്‍ക്കു കഴിയുകയില്ല. ലോകജനതയില്‍ 110കോടി ആളുകള്‍ക്കു ശുദ്ധജലം കിട്ടുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യവികസന റിപ്പോര്‍ട്ടു പറയുന്നു. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. ചില രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 10ശതമാനവും കുടിവെള്ളത്തിനുവേണ്ടി ചെലവഴിക്കേണ്ടിവരുന്നു.
ഭൂമിയില്‍ വെള്ളമില്ലാഞ്ഞിട്ടല്ല. ജലഗോളമാണു ഭൂമി. എന്നാല്‍ ഭൂമിയിലെ ജലത്തിന്റെ 97.5 ശതമാനവും ഉപ്പുകലര്‍ന്ന സമുദ്രജലമാണ്. ഭൂഗോളത്തിലെ മൊത്തം ജലത്തിന്റെ രണ്ടര ശതമാനം മാത്രമാണ് ശുദ്ധജലം. അതിന്റെ 70ശതമാനവും മഞ്ഞും മഞ്ഞുകട്ടയുമാണ്. 30 ശതമാനത്തിനടുത്തു ഭൂഗര്‍ഭജലവുമാണ്. ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ അര ശതമാനം മാത്രമാണു നദിയിലും തടാകങ്ങളിലും തണ്ണീര്‍ത്തടങ്ങളിലുമെല്ലാമുള്ള ഉപരിതല ശുദ്ധജലം. 0.05 ശതമാനം ശുദ്ധജലം നീരാവിയായി അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുന്നു. കാലാവസ്ഥയിലും പ്രകൃതിയില്‍ നിലനില്‍ക്കുന്ന ഈ അനുപാതത്തിലും വന്‍മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ലഭ്യമായ ശുദ്ധജലത്തിന്റെ പരമാവധി അളവ് 654 ബില്യണ്‍ ക്യൂബിക് മീറ്ററാണെന്നു ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 2030 ആകുമ്പോള്‍ ഇന്ത്യക്ക് ആവശ്യമായ ശുദ്ധജലത്തിന്റെ കുറഞ്ഞ അളവ് 754 ബില്യണ്‍ ക്യൂബിക് മീറ്ററായിരിക്കും. അതില്‍ നിന്നും 2050 ആകുമ്പോഴേയ്ക്കും ഇന്ത്യക്ക് ആവശ്യമായ ശുദ്ധജലത്തിന്റെയും ലഭ്യമായ ശുദ്ധജലത്തിന്റെയും അളവുകള്‍ തമ്മില്‍ കുറഞ്ഞത് 50ശതമാനത്തിന്റെയെങ്കിലും അന്തരമുണ്ടായിരിക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദൈനംദിന ജീവിതത്തില്‍ ജലക്ഷാമത്തെകുറിച്ചു ചിന്തിക്കുന്ന കൂട്ടത്തില്‍ ഇനിയുള്ള നാളുകളില്‍ ജലലഭ്യതയെകുറിച്ചും അറിയേണ്ടിയിരിക്കുന്നു.
ഹരിതവിപ്ലവ കാലഘട്ടം മുതല്‍ 1980വരെ ഡാമുകള്‍ കെട്ടുന്നതിനും ഉപരിതല ശുദ്ധജലസ്രോതസ്സുകള്‍ ചൂഷണംചെയ്യുന്നതിനുമായിരുന്നു ഇന്ത്യയില്‍ മുന്‍തൂക്കം നല്‍കിയിരുന്നത്. 1950ല്‍ 15 മീറ്ററില്‍ അധികം ഉയരമുള്ള 9000 ഡാമുകളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ഇത്തരം ഡാമുകളുടെ എണ്ണം 49000ല്‍ ഏറെയാണ്. ചെലവുകുറഞ്ഞ പമ്പുകളും സബ്സിഡി നിരക്കില്‍ വൈദ്യുതിയും വ്യാപകമായതോടെ 1990മുതല്‍ ഭൂഗര്‍ഭജലത്തിലേക്കു തിരിഞ്ഞു. ഇന്ന് ഇന്ത്യയില്‍ 200 ലക്ഷത്തിലേറെ കുഴല്‍ക്കിണറുകളുണ്ട്. ചൈനയ്ക്കും അമേരിക്കയ്ക്കും മുന്നിലായി ലോകത്ത് ഏറ്റവുമധികം ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ കൃഷിക്കുവേണ്ട ജലത്തിന്റെ 60ശതമാനവും ഗാര്‍ഹിക ആവശ്യത്തിനും വേണ്ട വെള്ളത്തിന്റെ 80 ശതമാനവും ഭൂഗര്‍ഭജലത്തില്‍ നിന്നാണെന്നറിയുക. വരള്‍ച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ പലതാണ്. അതിലൊന്നു താപനില വര്‍ധനയാണ്. കല്‍ക്കരി, പെട്രോളിയം പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ അമിതമായി കത്തിക്കുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് ഇരട്ടിച്ചു ഭൂഗോളത്തിനു ചുറ്റും കണ്ണാടി ആവരണംപോലെ മൂടിനില്‍ക്കുന്നു. സൂര്യനില്‍ നിന്നുള്ള താപം ഭൂമിയിലേക്കു പ്രസരിക്കുമ്പോള്‍ ഈ ആവരണത്തില്‍ തട്ടി പ്രതിഫലിക്കുന്നതിനാലാണ് ഭൂമിയുടെ ചൂടു വര്‍ധിക്കുന്നത്. ഇതുമൂലം ജലാശയങ്ങള്‍ വറ്റിവരളുന്നു. വര്‍ഷംതോറും ലഭിക്കുന്ന മഴയുടെ അളവു ഗണ്യമായി കുറയുന്നു.
ഉപരിതലജലം, ഭൂഗര്‍ഭജലം എന്നിവയാണ് പ്രധാന ജലസ്രോതസ്സുകള്‍. ഇതില്‍ സാധാരണ കിണറുകള്‍ ഉപരിതലസ്രോതസ്സിനെയും കുഴല്‍കിണറുകള്‍ ഭൂഗര്ഭജലസ്രോതസ്സിനെയും ആശ്രയിച്ചിരിക്കുന്നു. ഉപരിതല ജലസ്രോതസ്സുകള്‍ ഇല്ലാതാവുമ്പോഴാണു ഭൂഗര്‍ഭജലത്തെ ആശ്രയിക്കേണ്ടി വരുന്നത്. മഴക്കുറവും മഴവെള്ളശേഖരണത്തിലെ അശാസ്ത്രീയതയുമാണ് ഉപരിതല ജലത്തെ ഇല്ലാതാക്കുന്നത്. ഉപരിതലജലത്തിന്റെ അഭാവത്തില്‍ ഭൂഗര്‍ഭജലത്തെ ആശ്രയിക്കേണ്ടിവരുന്നു.
ഭാവിതലമുറയ്ക്കുവേണ്ടി കരുതല്‍ ശേഖരം കൂടിയായ ഭൂഗര്‍ഭ ജലത്തെ കുഴല്‍കിണറുകള്‍ ഉപയോഗിച്ച് ഊറ്റിയെടുക്കുന്നതോടെ സമീപപ്രദേശത്തെ സാധാരണ കിണറുകളിലെ ജലനിരപ്പു താഴും. തീരപ്രദേശങ്ങളിലുള്ള കുഴല്‍കിണറുകളിലൂടെ കാലക്രമേണ ഉപ്പുവെള്ളമായിരിക്കും കിട്ടുക. വനനശീകരണം, കുന്നുകള്‍ ഇടിച്ചുനിരത്തല്‍, ചതുപ്പുനിലങ്ങളും വയലുകളും മണ്ണിട്ടുനികത്തല്‍, അമിതമായി നദികളില്‍ നിന്നും മണല്‍വാരല്‍, മഴക്കുഴി പോലുള്ള ജലസംഭരണികളുടെ അഭാവം, അണക്കെട്ടുകളുടെ നിര്‍മ്മാണം, മുറ്റം കോണ്‍ക്രീറ്റ് ചെയ്ത മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതിനെ തടയല്‍, കുളങ്ങളുടെയും സാധാരണകിണറുകളുടെയും നാശം, ചിറകളും തടാകങ്ങളും ഇല്ലാതാകല്‍, മണ്ണൊലിപ്പ്, അമിതമായ ജലഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ വരള്‍ച്ചക്കു കാരണമാകുന്നു.
നദീസംയോജന പദ്ധതിയിലൂടെ രാജ്യം മുന്നോട്ടുവയ്ക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല. പദ്ധതിയിലെ അശാസ്ത്രീയത രാജ്യത്തെ ചിലയിടങ്ങളില്‍ പ്രതികൂലമായി ബാധിക്കുമെന്ന പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന നിലയ്ക്ക് ഈ പദ്ധതിയും പ്രതിസന്ധിയിലാണ്. എങ്കിലും വരള്‍ച്ച മാറ്റേണ്ടതു രാജ്യത്തിന്റെ കടമയും ജനങ്ങളുടെ ആവശ്യവുമാണ്.
നമ്മുടെ എല്ലാ ഊഹത്തിനും അപ്പുറമാണ് നിത്യേന നാം വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെയും വ്യവസായികോത്പന്നങ്ങളുടെയും ഉത്പാദനത്തിനു വിനിയോഗിക്കേണ്ടി വരുന്ന ശുദ്ധജലത്തിന്റെ അളവ്. ഓരോ കലോറി ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനും ഒരു ലിറ്റര്‍ വെള്ളം വീതം ഉപയോഗിക്കേണ്ടി വരുന്നു. കുടിക്കാനും കുളിക്കാനും വസ്ത്രം കഴുകാനും പാചകം ചെയ്യാനുമെല്ലാം നാം ഉപയോഗിക്കുന്ന വെള്ളത്തിന്റെ 70 ഇരട്ടിയോളമാണു നാം കഴിക്കുന്ന ഭക്ഷണം ഉത്പാദിപ്പിക്കാന്‍ വേണ്ടി വരുന്നത്.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാന്‍ 3350 ലിറ്റര്‍ വെള്ളം വേണ്ടി വരും. മാംസോത്പന്നങ്ങളാണെങ്കില് വെളളത്തിന്റെ അളവു വളരെ കൂടുതലായിരിക്കും. ഒരു മുട്ട ഉത്പാദിപ്പിക്കാന്‍ 140 ലിറ്റര്വെള്ളം വേണം. കംപ്യൂട്ടറുകള്‍, കാറുകള്‍ തുടങ്ങിയ എല്ലാത്തരം വ്യവസായികോത്പന്നങ്ങളുടെയും നിര്‍മാണത്തിലും വെള്ളം വന്‍തോതില്‍ ചെലവഴിക്കപ്പെടുന്നുണ്ട്. എ 4 വലുപ്പത്തിലുള്ള ഒരു കടലാസിന്റെ നിര്‍മ്മാണത്തിനു 10 ലിറ്റര്‍ വെള്ളം വേണം. ഒരു കാറിന്റെ നിര്‍മ്മാണത്തിനാകട്ടെ ഏകദേശം ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടി വരുന്നു.
ജലം അമൂല്യം തന്നെയാണ്. അതു പാഴാക്കിക്കളയാന്‍ ഒന്നും തന്നെയില്ലെന്ന ബോധത്തോടെ ശുദ്ധജലസംരക്ഷണത്തിനു നാമോരോരുത്തരും മുന്നിട്ടിറങ്ങുകയാണു വേണ്ടത്. ഒരു വിഭാഗം ജനങ്ങളിലോ ഒരു രാജ്യത്തു മാത്രമായോ ഒതുങ്ങിക്കൂടുന്ന പ്രശ്നമല്ല ജലക്ഷാമം. ലോകത്തിന്റെ നാനാഭാഗത്തും രൂക്ഷമായി അത് അനുഭവിച്ചുവരുന്നു.
ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊളളാനും ജനങ്ങളെ ബോധവാന്മാരാക്കാനും വേണ്ടിയാണ് 1993മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 22 ലോകജലദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. വരള്‍ച്ചയില്‍ നിന്നും ശുദ്ധജലക്ഷാമത്തില്‍ നിന്നും നാം പാഠം ഉള്‍ക്കൊണ്ടു ജലസംരക്ഷണത്തിനു ഭാവി സംവിധാനത്തെ നിജപ്പെടുത്തേണ്ടതുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു മൂടിയും വനങ്ങള്‍ വെട്ടിനശിപ്പിച്ചും കുന്നുകള്‍ ഇടിച്ചു നിരത്തിയും അശ്രദ്ധമായി കേരളം മുന്നോട്ടു നീങ്ങുന്നു. വരള്‍ച്ചയും ശുദ്ധജലക്ഷാമവും പിടിമുറുക്കുമ്പോള്‍ കേരളത്തിന്റെ ഭാവി ആശങ്കാജനകമാണ്. കേരളത്തില്‍ നിന്നു സൊമാലിയയിലേക്കുള്ള ദൂരം അതിവിദൂരമല്ല.
അവസാനം പരിഷ്കരിച്ചത് : 1/28/2020
അന്തരീക്ഷത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ
ഇ-മാലിന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍