Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഭൂമിയെന്ന അത്ഭുതം

കൂടുതല്‍ വിവരങ്ങള്‍

ഭൂമിയെന്ന മടിത്തട്ട്

നാം അധിവസിക്കുന്ന ഭൂമി മനുഷ്യരായ നമ്മുടെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും പൊതുഭവനമാണ്. മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഭക്ഷണവും ദാഹജലവും പ്രാണവായുവും നല്‍കുന്ന ഭൂമിയാകുന്ന ഈ അമ്മയുടെമേല്‍ എക്കാലത്തും എല്ലാ ജീവജാലങ്ങള്‍ക്കും ഗാഡമായ അവകാശമുണ്ട്.

ഭൂമിയുടെ മടിത്തട്ട് ജീവന്‍റെ സമൃദ്ധികൊണ്ട് ദൈവം നിറച്ചിരിക്കുന്നു. മനുഷ്യനേക്കൂടാതെ എണ്ണിത്തീര്‍ക്കാന്‍ പറ്റാത്ത ജീവിവര്‍ഗ്ഗങ്ങളാല്‍ സമൃദ്ധമാണത്. കടലിലെ ചെറുതും വലുതുമായ കോടാനുകോടി മത്സ്യങ്ങളും അതിലെ സസ്യമണ്ഡലവും വിസ്മയമുണര്‍ത്താന്‍ പോരുന്നവയാണ്. മലയായ മലകളിലെല്ലാം അധിവസിക്കുന്ന ജീവിവര്‍ഗ്ഗങ്ങളെ എണ്ണിത്തീര്‍ക്കാന്‍ ആര്‍ക്കും കഴിയുകയില്ല. വിവിധയിനം മൃഗങ്ങളും പക്ഷികളും ചിത്രശലഭങ്ങളും ഇഴജന്തുക്കളും സസ്യങ്ങളും ജീവാണുക്കളും അവയില്‍പ്പെടുന്നു. ആകാശത്തിലെ ഗോളങ്ങളെ എണ്ണുന്നതിനേക്കാള്‍ പ്രയാസമാണ് ജീവിവര്‍ഗ്ഗങ്ങളുടെ കണക്കെടുക്കുക എന്നാണ് വിദഗ്ധാഭിപ്രായം. ഇവയ്ക്കെല്ലാം അനുയുക്തവും വൈവിധ്യപൂര്‍ണ്ണവുമായ പ്രകൃതിസംവിധാനങ്ങളും പ്രപഞ്ചത്തിന്‍റെ ഭാഗമാണ്.

എട്ടു ദശലക്ഷത്തോളം ജീവിവര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന ഒരു ഏകദേശ കണക്ക്. ഇവയില്‍ വളരെ ചുരുക്കം ജീവിവര്‍ഗ്ഗങ്ങളെ മാത്രമേ പേരുനല്‍കി കാറ്റലോഗ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. ഉദാഹരണത്തിന് കടലില്‍ 22 ദശലക്ഷം ജീവിവര്‍ഗ്ഗങ്ങളുള്ളതില്‍ 2.5 ലക്ഷം വര്‍ഗ്ഗങ്ങള്‍ക്കുമാത്രമാണ് പേരിടാനും മറ്റും കഴിഞ്ഞിട്ടുള്ളത്. ഇന്നത്തെ പഠനരീതി ഉപയോഗിച്ച് ഈ ജീവിവര്‍ഗ്ഗങ്ങളെ മുഴുവനും വിശദമായി നിരീക്ഷിച്ച് വിലയിരുത്തണമെങ്കില്‍ 1,200 വര്‍ഷം 300, 000 വിദഗ്ധരുടെ അധ്വാനം വേണ്ടിവരുമെന്നാണ് UNEP യുടെ നിഗമനം.

പ്രകൃതി ഒരു വിസ്മയകൂടാരം

പ്രകൃതി നമുക്കൊരു വിസ്മയാനുഭവമാണ്. സങ്കീര്‍ണ്ണമായ ചിട്ടയും ക്രമവുമനുസരിച്ചാണ് അതിന്‍റെ പ്രവര്‍ത്തനം. ഓരോ ജീവിവര്‍ഗ്ഗത്തിനും അതാതിന്‍റെതായ സ്വഭാവമുണ്ട്. മാവും പ്ലാവും ആനയും കുതിരയും പട്ടിയും പൂച്ചയും വ്യത്യസ്തരാകുന്നത് ഈ ക്രമവത്ക്കരണത്തിന്‍റെ പേരിലാണ്. മണ്ണിലെന്നപോലെ ജലത്തില്‍ വളരുന്ന ലക്ഷോപലക്ഷം ജീവിവര്‍ഗ്ഗങ്ങളുണ്ട്. ധ്രുവങ്ങളിലെ കൊടുംതണുപ്പിലും അനേകം ജീവിവര്‍ഗ്ഗങ്ങള്‍ അധിവസിക്കുന്നു. അവയുടെ ശരീരത്തിന് അനുയുക്തമായ കാലാവസ്ഥയാണ് അവിടത്തേത്.അതില്‍നിന്ന് വ്യത്യസ്ഥമായ കാലാവസ്ഥയില്‍ അവയ്ക്ക് ജീവന്‍ നിലനിര്‍ത്താനാകില്ല.

മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ചേര്‍ന്ന ആവാസവ്യവസ്ഥയാണ് പ്രകൃതിയുടെ തനിമ. ചൂടും തണുപ്പും മഞ്ഞും മഴയും അതിന്‍റെ ഭാഗമാണ്. പ്രകൃതിയുടെ താളക്രമത്തിന്റെ ഭാഗമായി മാറിമാറി വരുന്ന കാലാവസ്ഥ ജീവികള്‍ക്കെല്ലാം സംരക്ഷണമായിത്തീരുന്നു. മഴയും മഞ്ഞും വസന്തവും വേനലും ജീവന്‍റെ കാവല്‍ ഉറപ്പുവരുത്തുന്നു. രാത്രിയും പകലും ജീവജാലങ്ങളുടെ വളര്‍ച്ചയില്‍ പങ്കുവഹിക്കുന്നു.

ഈ ആവാസവ്യവസ്ഥ അലംഘനീയനിയമങ്ങളാല്‍ ബന്ധിതമാണ്. ഒരു വിത്ത് മുളച്ചു വളരണമെങ്കില്‍ പ്രകൃതി മുഴുവനും അതിനു ശുശ്രൂഷ ചെയ്യണം. മണ്ണും ജലവും വായുവും സൂര്യപ്രകാശവും അതിന്‍റെ സഹായത്തിനെത്തുന്നു. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ പ്രധാന ഭക്ഷണമായ ഹരിതസസ്യങ്ങളും ഫലമൂലാദികളും സമയാസമയങ്ങളില്‍ വളര്‍ത്തുന്നതും പ്രകൃതിയാണ്. തേനീച്ചകള്‍ക്ക് ഭക്ഷണത്തിനായി പുഷ്പങ്ങളില്‍ തേന്‍ നിറയ്ക്കുന്നതും സൃഷ്ടാവിന്‍റെ സജ്ജീകരണം തന്നെ. പകരം, അവ പരാഗണം നടത്തുന്നതിന് സഹായിക്കണമെന്നതും പ്രകൃതി നിയമമാണ്.

ഓരോ ജീവിക്കും അതതിന്റേതായ ദൗത്യമുണ്ട്. ഉദാഹരണത്തിന് ഓരോ മരത്തിന്‍റെയും ചുവട് ഓരോ അടുക്കളയാണ്‌. മണ്ണിലെ പോഷക പദാര്‍ഥങ്ങള്‍ വേരുകള്‍ക്ക് ആഗിരണം ചെയ്യത്തക്കവിധം പാകപ്പെടുത്തുന്ന ജോലി ലക്ഷോപലക്ഷം ജീവാണുക്കളാണ് നിര്‍വഹിക്കുന്നത്. വേരോട്ടത്തിനു സഹായകമാകുംവിധം മണ്ണിന് മൃദുലത ലഭിക്കുന്നത് അനേകം ചെറുജീവികളുടെ സാന്നിധ്യം വഴിയാണ്. മരം വളര്‍ന്ന് അതിനായി നിശ്ചയിക്കപ്പെട്ട ദൗത്യം നിര്‍വ്വഹിക്കുന്നു. വായുവിലെ കാര്‍ബണ്‍ഡയോക്സൈഡ് ആഗിരണം ചെയ്ത് പകരം ഓക്സിജന്‍ നല്‍കുക, ഫലവും തണലും പ്രദാനം ചെയ്യുക, പക്ഷികള്‍ക്ക് കൂടുവയ്ക്കാനുള്ള ഇടം നല്‍കുക തുടങ്ങി നിരവധി ശുശ്രൂഷകളാണ് മരങ്ങള്‍ നിര്‍വഹിക്കുന്നത്. പരസ്പരപൂരകത്വം പ്രകൃതിയുടെ അടിസ്ഥാന പ്രമാണമാണ്‌; ഈ പാരസ്പര്യം ഒരിക്കലും ലംഘിക്കപ്പെടുന്നില്ല. നിഷ്കാമകര്‍മ്മങ്ങളുടെ പ്രതീകമായി സസ്യജാലത്തെ ഭാരതീയാചാര്യന്മാര്‍ കണക്കാക്കിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഒരു സൃഷ്ടിയും സ്വയം പര്യാപ്തമല്ലെന്നും വൈവിധ്യത്തിലാണ് പ്രകൃതിയുടെ നിലനില്‍പ്പെന്നും പ്രകൃതിയെ ഉറ്റുനോക്കുമ്പോള്‍ നമുക്ക് മനസ്സിലാകും. സൃഷ്ടാവിന്‍റെ ക്രമവത്ക്കരണം ലംഘിക്കപ്പെട്ടാല്‍ പ്രകൃതിയുടെ സമ്പല്‍സമൃദ്ധിക്ക് കോട്ടം സംഭവിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു ജീവിവര്‍ഗ്ഗത്തിന്റെ വംശനാശം മറ്റു ജീവിവര്‍ഗ്ഗങ്ങളെ അപകടത്തിലാക്കുമെന്നത് അനിഷേധ്യമായ സത്യമാണ്. ഉദാഹരണത്തിന്, തേനീച്ച ഇല്ലാതായാല്‍ പരാഗണം നടക്കാതെ പല സസ്യവര്‍ഗ്ഗങ്ങളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകും എന്നത് സ്വാഭാവികമാണ്.

കുറ്റകരമായ അനാസ്ഥ

പ്രകൃതിയുടെ മനോഹരവും സങ്കീര്‍ണ്ണവുമായ ഈ ആവാസവ്യവസ്ഥ മനുഷ്യന്‍റെ വിവേകമില്ലാത്ത ഇടപെടല്‍മൂലം തകര്‍ക്കപ്പെടുന്നതായി താമസിച്ചാണെങ്കിലും നാം തിരിച്ചറിയുന്നു. പല ജീവിവര്‍ഗ്ഗങ്ങളും ഭൂമുഖത്തുനിന്നു അപ്രത്യക്ഷമായിക്കഴിഞ്ഞുവെന്നാണ് കണക്കുകള്‍ നിരത്തി ശാസ്ത്രജ്ഞര്‍ തെളിയിക്കുന്നത്. ഓരോ ദിവസവും ലോകത്തില്‍ ഡസന്‍ കണക്കിന് ജീവിവര്‍ഗ്ഗങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നുണ്ട്. ഈ തോതനുസരിച്ച് 2050 ആകുമ്പോഴേയ്ക്കും 30% മുതല്‍ 50% വരെ ജീവിവര്‍ഗ്ഗങ്ങള്‍ ഇല്ലാതാകുമെന്ന് Zoological Society of London (ZSI) വിലയിരുത്തുന്നു.

നമ്മുടെ രാജ്യത്തും വംശനാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന അനേകം ജീവിവര്‍ഗ്ഗങ്ങളുണ്ട്. ഇതിനകം എത്ര ജീവികള്‍ അപ്രത്യക്ഷമായി എന്നതിന് കൃത്യമായ കണക്ക് നമുക്കില്ല. നമ്മുടെ പാടശേഖരങ്ങളില്‍ ധാരാളമായുണ്ടായിരുന്ന ഞണ്ടും ഞവണിക്കയും ചെറുമീനുകളും തവളയും എവിടെപ്പോയി? പലയിനം നെല്‍വിത്തുകളും അന്യംനിന്നുപോയിക്കഴിഞ്ഞു. സമ്പന്നമായ നമ്മുടെ ജൈവവൈവിധ്യമാണ്  വളരെ വേഗത്തില്‍ നഷ്ടമാകുന്നത്. മനുഷ്യന്‍റെ അപക്വവും സ്വാര്‍ഥം നിറഞ്ഞതുമായ, പ്രകൃതിയിലെ ഇടപെടലാണ് ഇതിനുകാരണം. ഭീകരമായ ഈ അവസ്ഥയുടെ മുമ്പില്‍ നിസ്സംഗത പുലര്‍ത്തുന്നത് അക്ഷന്തവ്യമായ കുറ്റമാണ്.

കടപ്പാട് : ബിഷപ് തോമസ്‌ ചക്യത്ത്

3.12903225806
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top