കാലാവസ്ഥയിലെ വ്യത്യാസങ്ങൾ ഭൂപ്രകൃതിയേയും, ഭൂപ്രകൃതിയിലുള്ള വ്യത്യാസങ്ങൾ കാലാവസ്ഥയേയും സ്വാധീനിക്കുന്നു. ഇവ രണ്ടും സസ്യ -ജന്തുജാലങ്ങളുടെ വളർച്ചയെ ബാധിക്കുന്നു. ഭൂമുഖത്തെ കാലാവസ്ഥയെയും അതിനനുസൃതമായ സസ്യവിഭാഗങ്ങളെയും വർഗ്ഗീകരിച്ചിട്ടുണ്ട്. കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മധ്യരേഖയിൽ നിന്നുള്ള ദൂരമാണ്. എന്നാൽ മധ്യരേഖയിൽ നിന്നുള്ള ദൂരത്തോടൊപ്പം പല ഘടകങ്ങളും കാലാവസ്ഥയെ നിയന്ത്രിക്കുന്നത് കൊണ്ട് ഒരേ അക്ഷാംശരേഖയിൽ തന്നെ ഇവ ഇടകലർന്നുവരും. കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ വിവിധങ്ങളാണ്. അവ ഭൂമുഖത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിവിധ രീതിയിൽ അനുഭവപ്പെടുന്നു. അതിനാൽ കാലാവസ്ഥ എല്ലാ സ്ഥലങ്ങളിലും ഒരേപോലെ ആയിരിക്കുകയില്ല.
ലോകത്തെ വിവിധ ഭൂവിഭാഗങ്ങളിലെ കാർഷിക വിളകളുടെ വൈവിധ്യം കാലാവസ്ഥയാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞല്ലോ? എന്നാൽ വിളകളുടെ ഉൽപ്പാദനത്തയും ഉൽപ്പാദനക്ഷമതയെയും നിർണ്ണയിക്കുന്നത് ദൈനംദിന അന്തരീക്ഷസ്ഥിതിയാണ്. ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന ആർദ്ര –ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഏറ്റവുമധികം സസ്യജാലങ്ങൾ തഴച്ചുവളരുന്നത്. സൂര്യപ്രകാശത്തിന്റെ ലഭ്യത കുറഞ്ഞ ധ്രുവപ്രദേശങ്ങളിലും, നിർജല പ്രദേശങ്ങളായ പ്രകൃത്യായുള്ള മരുഭൂമികളിലുമാകട്ടെ പ്രകൃത്യായുള്ള സസ്യജാലങ്ങൾ ഏറ്റവും കുറവാണ്. നിർജല പ്രദേശങ്ങളിൽ സ്വാഭാവികമായും ജലത്തിന്‍റെ ആവശ്യകത ഏറ്റവും കുറഞ്ഞ സസ്യങ്ങളാണ് കാണപ്പെടുന്നത്. ജലം സുലഭമായ പ്രദേശങ്ങളിൽ നേരെ തിരിച്ചും.
അത്യധികം വ്യത്യസ്തത പുലർത്തുന്ന ഒട്ടനവധി ശാസ്ത്രമേഖലകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഓരോ മേഖലയും, ഭൂമധ്യരേഖ, സമുദ്രം, ധ്രുവപ്രദേശങ്ങൾ, എന്നിവയിൽ നിന്ന് എത്ര ദൂരത്തിലാണെന്ന വസ്തുതയുടെയും ഭൂപ്രകൃതി, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം തുടങ്ങി അനവധി ഘടകങ്ങളുടേയും കൂട്ടായ ഫലമായി കാലാവസ്ഥയിലും, അതിന്‍റെ ഫലമായി ജൈവവൈവിധ്യത്തിലും വ്യത്യസ്തത പുലർത്തിപ്പോരുന്നു. സമുദ്രങ്ങൾ, പല ജാതി വനങ്ങൾ തുടങ്ങിയവ ഓരോന്നും ഓരോ പ്രത്യേക മേഖലകളാണ്. ഓരോ മേഖലയിലും ഉള്ള ജൈവവൈവിധ്യത്തിന്റെ എണ്ണത്തിലും അന്യോന്യബന്ധങ്ങളിലും ഗണ്യമായ വ്യത്യാസങ്ങൾ ഉണ്ട്. മരുഭൂമികളിലെ പരിമിതമായ ജൈവജാതികളുടെ എണ്ണമല്ല കടലുകളിൽ കാണുക. സമൃദ്ധമായ മഴയും മിതമായ കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതമായ ഉഷ്ണമേഖലാ മഴക്കാടുകളാണ് ജൈവവൈവിധ്യത്തിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത്. ഇവിടെയാണ് ലോകത്തിലെ ജൈവജാതികളിൽ 40 മുതൽ 90 ശതമാനം വരെ കാണപ്പെടുന്നത്. ആകെ ഭൂവിസ്തൃതിയുടെ ഏതാണ്ട് 7 ശതമാനത്തോളമേ ഈ മഴക്കാടുകളുള്ളൂ. ഇവിടെയാണ് പുഷ്പിത സസ്യങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും കണ്ടുവരുന്നത്. അനേകം വ്യത്യസ്ത ജാതിയിൽപ്പെട്ട സസ്യങ്ങൾക്ക് പുറമേ, സസ്തനികൾ, പക്ഷികൾ, ഷഡ്പദങ്ങൾ തുടങ്ങിയവയും ഇവിടെ ധാരാളമുണ്ട്. ഈ കാടുകളില്‍ 50000 ജൈവജാതിയിൽപ്പെട്ട വൃക്ഷങ്ങളുണ്ട്.
നമ്മുടെ രാജ്യം ജൈവവൈവിധ്യത്താൽ അതീവ സമ്പന്നമാണ്. ലോകത്തിലെ 12 മെഗാ ഡൈവേഴ്സിറ്റി മേഖലകളിൽ ഒന്ന് ഇന്ത്യയാണ്. ജൈവജാതി തലത്തിൽ ഇന്ത്യയിലെ ജൈവവൈവിധ്യം ആഗോളമണ്ഡലത്തിൻറ 8 ശതമാനം വരും. സമ്പന്നമായ ഈ വൈവിധ്യം കേന്ദ്രീകരിച്ചിരിക്കുന്നത് രാജ്യത്ത് ആകെ ഭൂവിസ്തൃതിയുടെ 2.4 ശതമാനം സ്ഥലങ്ങളിലും. ജൈവജാതികളിലെ ജനിതക വൈവിധ്യം ഏറ്റവും കൂടുതലായി കാണുന്നതും ഇന്ത്യയിലെ ജീവജാലങ്ങളിലാണ്.
ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്തത്ര ജൈവവൈവിധ്യം കേരളത്തിൽ കാണാം. നമ്മുടെ പശ്ചിമഘട്ട പർവ്വതനിരകൾ ജൈവവൈവിധ്യത്തിന്റെ കലവറയാണ്. കേരളത്തിന്‍റെ തനതായ സസ്യസമ്പത്തിൽ 10035 ജൈവജാതികൾ ഉണ്ട്. ഇത് രാജ്യത്ത് ആകെയുള്ള സസ്യജൈവജാതികളുടെ 22 ശതമാനം വരും. ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ 1.27 ശതമാനം മാത്രമേ കേരളത്തിന് വലിപ്പമുള്ളു എന്നതുമായി തട്ടിച്ചുനോക്കുമ്പോൾ, സസ്യജൈവജാതി വൈവിധ്യത്തിൽ നാം എത്രമാത്രം അനുഗ്യഹീതമാണെന്ന് മനസ്സിലാകും.
ജൈവവൈവിധ്യം വന്യജീവിജാലങ്ങളെ മാത്രം സംബന്ധിക്കുന്നതല്ല. കാലത്തിന്‍റെ പുരോഗതിയിൽ കൃഷിയിൽ കൂടിയും കൂടുതൽ വൈവിധ്യം ആർജിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന് മനുഷ്യന്‍റെ ബോധപൂർവ്വമായ ശ്രമങ്ങളും യാദൃശ്ചികമായ തിരഞ്ഞെടുപ്പുകളും സഹായകമായിട്ടുണ്ട്. കാർഷിക വിളകളുടെ വ്യത്യസ്തതയെ അടിസ്ഥാനമാക്കി ലോകത്തെ എട്ട് മുഖ്യ മേഖലകളായി തിരിച്ചിട്ടുണ്ട്. ഇതിലൊന്നു ഇന്ത്യയാണ്. കാലാവസ്ഥ, മണ്ണ്, സസ്യഇനങ്ങൾ, ജലലഭ്യത തുടങ്ങി അനവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിൽ അത്യന്തം സ്വാഭാവിക വാസസ്ഥലങ്ങളും ഉണ്ട്. ഇവ ഓരോന്നിലും വ്യത്യസ്തതകളോടുകൂടിയ കാർഷിക ആവാസവ്യവസ്ഥാമേഖലകൾ ഉണ്ട്. ഇവ ഓരോന്നിലുമാണ് വ്യത്യസ്തയോടുകൂടിയ എണ്ണമറ്റ കാർഷിക വിളകളും കന്നുകാലി വർഗ്ഗങ്ങളും, അനേകായിരം വർഷങ്ങളിലൂടെ ഇന്ത്യൻ കർഷകർ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ സംരംഭത്തിന്‍റെ ഫലമായിട്ടാണ് ഭക്ഷ്യ കാർഷിക വിളകളിൽ പെടുന്ന അനേകം ജൈവ ജാതികൾ ഇവിടെ ഉൽഭവിച്ചത്. മറ്റു പല പ്രദേശങ്ങളിലും അവയുണ്ടെങ്കിലും.
നെല്ല്, മഞ്ഞൾ, ഇഞ്ചി, കുരുമുളക്, നേന്ത്രവാഴ, പാവൽ, വഴുതന, തെങ്ങ്, ഏലം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതാണ്. മാവ്, വെള്ളരി, കുരുമുളക്, ഏലം മുതലായവ ഇന്ത്യയിൽ മാത്രമായി ഉൽഭവിച്ചതെന്നു കരുതപ്പെടുന്നവയാണ്. ഓരോ ജൈവജാതിയിലും ഇനങ്ങളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഒരൊറ്റ ജൈവജാതിയായ നെല്ല് 50000 ത്തിൽ പരം ഇനങ്ങളായി തീർന്നിട്ടുണ്ട്. മണ്ണിന്‍റെ ഗുണവും വെള്ളത്തിന്‍റെ ലഭ്യതയും രോഗങ്ങളെ ചെറുത്തുനിൽക്കുന്നതിനുള്ള കഴിവും കണക്കിലെടുത്ത്, വ്യത്യസ്ത കാലയളവില്‍ മൂപ്പെത്തുന്ന നെല്ലിനങ്ങൾ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽ വികസിപ്പിച്ചുപോന്നു. മാവ് എന്ന ഒറ്റ ജാതിയിൽ നിന്നാണ് രാജ്യത്ത് 1000ത്തിൽ പരം ഇനങ്ങളിൽപെട്ട മാവ് ഉണ്ടായിട്ടുള്ളത്. ജനിതക വൈവിധ്യം കൊണ്ട് സമ്പന്നമായ രാജ്യത്തെ മറ്റുവിളകൾ ഗോതമ്പ്, കരിമ്പ്, എള്ള്, ചക്ക, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, ഏലം, കാച്ചിൽ, മധുരക്കിഴങ്ങ്, തെങ്ങ് മുതലായവയാണ്.
ഹരിതവിപ്ലവത്തിന്‍റെ വരവോടെ (1960കളുടെമധ്യം) കൃഷിയിടങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. വിവിധ വിളതോട്ടങ്ങൾക്കു പകരം ഏകവിളതോട്ടങ്ങളും പാടശേഖരങ്ങളും സർവ്വവ്യാപകമായി. പരീക്ഷണശാലയിൽ ജന്മം കൊടുത്ത ചുരുക്കം ചില ഇനങ്ങൾ മാത്രം വിരലിലെണ്ണാവുന്ന അത്യുൽപ്പാദനശേഷിയുള്ള നെൽവിളകളാണ് രാജ്യത്തെ 70 ശതമാനം നെൽപ്പാടങ്ങളിലും 90 ശതമാനം ഗോതമ്പുവയലുകളിലും കൂടി കൃഷി ചെയ്യുന്നത്. ഇതിൽ നിന്നും കാർഷികവിളകളിലെ ജൈവവൈവിധ്യശോഷണം ഊഹിക്കാവുന്നതേയുള്ളൂ. കാർഷികവിളകളിലെ ജൈവവൈവിധ്യശോഷണത്തിന്‍റെ അനന്തര ഫലങ്ങൾ ഗുരുതരമായിരിക്കും. ഏതെങ്കിലും രോഗം വന്നാൽ വൻനാശമാണ് ഫലം. കൃഷിയെ സംബന്ധിച്ച് നമ്മുടെ പരമ്പരാഗത വിജ്ഞാനത്തിന്റെ മൂല്യം തീരെ താഴ്ത്തപ്പെട്ടിരിക്കുന്നു.
ആധുനിക കൃഷി രീതികൾ ജൈവവൈവിധ്യത്തിന് ദോഷകരമായിട്ടുണ്ടെങ്കിലും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു. രോഗപ്രതിരോധശേഷി ആർജിക്കാനും ഭദ്രതയ്ക്കും വേണ്ടി കർഷകർ അനേകം ജാതിയിൽപ്പെട്ട വിളകൾ വിജയപൂർവ്വം പരീക്ഷിച്ചിട്ടുണ്ട്. സാര്‍വ്വത്രികമായ കൃഷിനാശത്തിൽ നിന്നും, കൃമികീടരോഗ ആക്രമണത്തില്‍നിന്നും രക്ഷ നേടാനും, മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ നേരിടാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ഒരേ ജാതിയിൽ തന്നെയുളള അനേകം ഇനങ്ങളും ഒട്ടധികം വിലപ്പെട്ടതാണ്.
ജനറ്റിക് എഞ്ചിനീയറിംഗ്, ബയോടെക്നോളജി പോലുള്ള സാങ്കേതിക വിദ്യകൾ നൽകുന്ന അവസരങ്ങൾ അളവറ്റതാണ്. ഈ സങ്കേതങ്ങൾ ഉപയോഗിച്ച് കാർഷികോൽപ്പാദനം തന്നെ ഉയർത്താന്‍ സാധിക്കും. കാലാവസ്ഥ മാറ്റങ്ങൾക്കും, മനുഷ്യരുടെ ആവശ്യങ്ങൾക്കും അനുസരിച്ച് അനുകൂലനം ചെയ്യാൻ കഴിവുള്ള പുതിയ ജൈവജാതികളെ രൂപപ്പെടുത്തിയെടുക്കാൻ മനുഷ്യരാശിക്ക് അവസരം ലഭിക്കുന്നത് എല്ലാതലത്തിലും നിലവിലുള്ള അനന്തമറ്റ ജൈവവൈവിധ്യമാണ്. ജൈവവൈവിധ്യം ഏത് രാജ്യത്തിന്‍റെയും ജീവരക്തമാണ്. അതിന്‍റെ സംരക്ഷണം മുൻഗണന അർഹിക്കുന്നു.
ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ ഊഷ്മാവ് സ്ഥലത്തിന്‍റെ അക്ഷാംശം, ഉയരം തുടങ്ങിയ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ പ്രകൃതിദത്ത സസ്യജാലങ്ങൾ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിലുള്ളതാണ്. സമ്യദ്ധമായ സൂര്യപ്രകാശം, ഉയർന്ന ആപേക്ഷിക ആർദ്രത, ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, കനത്ത വർഷപാതം എന്നിവ ഉഷ്ണമേഖലാ പ്രദേശങ്ങളുടെ പ്രത്യേകതയാണ്. ഉയർന്ന ഊഷ്മാവിനോട് പ്രതിപത്തി കാണിക്കുന്നവയായിരിക്കും ഈ പ്രദേശത്തെ തനത് സസ്യജാലങ്ങൾ, റബ്ബർ, കാപ്പി, കൊക്കോ, നെല്ല്, വാഴ, കരിമ്പ്, എന്നിവ ഇത്തരം പ്രദേശങ്ങളിൽ സമ്യദ്ധമായി കൃഷി ചെയ്യാം. കേരളത്തെപ്പോലെ ജലം യഥേഷ്ടം ലഭിക്കുന്ന ആർദ്രോഷ്ണമേഖലാ പ്രദേശങ്ങളിൽ മേൽപറഞ്ഞ വിളകളെ കൂടാതെ തെങ്ങ്, കുരുമുളക് തുടങ്ങിയ വിളകളും സമൃദ്ധമായി വളരുന്നു.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഭാഗമായ ദേശീയ കാർഷിക ഗവേഷണപദ്ധതിയുടെ കീഴിൽ കേരളത്തെ അഞ്ച് കാർഷിക കാലാവസ്ഥാ മേഖലകളായി തരംതിരിച്ചിട്ടുണ്ട്. കേരള കാർഷിക സർവ്വകലാശാല ഓണാട്ടുകര മേഖല കൂടി ഉൾപ്പെടുത്തി ആറ് കാർഷിക മേഖലകളായി തരംതിരിച്ച് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നു.
മഴയുടെ വിതരണം, മണ്ണിനം, വിളകൾ, സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം എന്നീ ഘടകങ്ങളിലുള്ള പൊതുസ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തെ ഇപ്രകാരം തരം തിരിച്ചിട്ടുള്ളത്. മഴയെയും താപനിലയേയും ആശ്രയിച്ച് വിവിധ പ്രദേശങ്ങളിൽ വളരുന്ന പ്രകൃത്യാ ഉള്ള സസ്യജാലങ്ങളെ തരം തിരിക്കാനാണ് കാലാവസ്ഥാ വർഗ്ഗീകരണമെന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഭൂഗോളത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥാ മേഖലാ വിഭാഗങ്ങളെ കണ്ടെത്താനും, അതിനോട് സാദ്യശ്യം പുലർത്തുന്ന മറ്റ് കാലാവസ്ഥാമേഖലാ വിഭാഗങ്ങളെ തിരിച്ചറിയുന്നതിനും, കാലാവസ്ഥാ വര്‍ഗ്ഗീകരണം ഉപയോഗപ്പെടുത്താം. പ്രത്യേക കാലാവസ്ഥകളിൽ മാത്രം കാണപ്പെടുന്ന വിളകളെ അടിസ്ഥാനമാക്കിയും കാർഷിക കാലാവസ്ഥാ വിഭാഗങ്ങളെ തരംതിരിക്കാം. ഒരു പ്രത്യേക വിളയില്‍നിന്നും ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്ന പ്രദേശങ്ങൾ എതെന്ന് ഈ വിധത്തില്‍ കണ്ടെത്താൻ കഴിയുമെന്നതാണ് ഇതിന്‍റെ മേന്മ. മഴയേ ആശ്രയിച്ച് വളരുന്ന കാർഷിക വിളകളെ അടിസ്ഥാനമാക്കിയാണ്.
കേരളത്തിലെ കാർഷിക കാലാവസ്ഥാ മേഖലകള്‍
ക്രമനമ്പര്‍ |
വിഭാഗം |
ആസ്ഥാനം |
1 |
ഉത്തരമേഖല |
പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം, പീലിക്കോട് |
2 |
മധ്യമേഖല |
പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം, പട്ടാമ്പി |
3 |
ദക്ഷിണമേഖല |
കാർഷിക കോളേജ്, വെള്ളായണി |
4 |
ഹൈറേഞ്ച് മേഖല |
പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം, അമ്പലവയൽ |
5 |
പ്രശ്നാധിഷ്ടിത മേഖല |
പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം, കുമരകം |
6 |
ഓണാട്ടുകര മേഖല |
പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം, കായംകുളം |
ഇപ്രകാരം വിഭജനം നടത്തുന്നത്. എന്നാൽ ജലസേചനമാർഗ്ഗങ്ങൾ അവലംബിക്കുന്ന ഇടങ്ങളിൽ ഇത്തരം വിഭജനത്തിന് പ്രസക്തിയില്ല. ഓരോ വിളകളുടേയും ക്യമികീടരോഗബാധയെയും കണക്കിലെടുക്കേണ്ടതുണ്ട്. മഴയെ ആശ്രയിക്കുന്ന കൃഷിയിൽ സുസ്ഥിരമായ കാർഷികോൽപാദനം നേടുന്നതിന് ഓരോ വിളയ്ക്കും അനുയോജ്യമായ കാർഷിക കാലാവസ്ഥാ മേഖലകൾ നിർണ്ണയിക്കേണ്ടത് ആവശ്യമാണ്.
രാജ്യത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്തമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കേരളത്തിന്‍റെ കാലാവസ്ഥയെ പൊതുവെ വർഷകാലം, മഞ്ഞുകാലം, വേനൽകാലം എന്ന് തരം തിരിക്കാമെങ്കിലും ഇവ തമ്മിലുള്ള വേർതിരിവ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ അത്ര പ്രകടമല്ല. സാമാന്യം ദീർഘമായ മഴക്കാലമാണ് കേരളത്തിലുള്ളത്. കാലവർഷമെന്നും തുലാവർഷമെന്നും അറിയപ്പെടുന്ന ഈ മഴക്കാലങ്ങളാണ് കേരളത്തിന്‍റെ കാലാവസ്ഥയുടെ പ്രത്യേകത. ജൂൺ മുതൽ നവംബർ വരെ നീണ്ട് കിടക്കുന്ന ആറ് മാസത്തിനുളളില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട മഴയുടെ സിംഹഭാഗവും പെയ്തൊഴിയുന്നു.
കേരളത്തിലെ വിളവിന്യാസത്തിൽ സ്ഥലത്തിന്‍റെ ഉയരത്തിനും അന്തരീക്ഷ ഊഷ്മാവിനുമുള്ള സ്വാധീനം
വിഭാഗം |
വിളകൾ കാണപ്പെടുന്ന പ്രദേശം |
താപനിലയുടെ അവസ്ഥ |
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം (മീറ്റര്‍) |
കൃഷി ചെയ്യുന്ന വിളകള്‍ |
ഉയർന്ന താപനിലയോട് പ്രതിപത്തിയുള്ള വിളകള്‍ |
താഴ്ന്ന പ്രദേശങ്ങള്‍ |
മിതോഷ്ണം |
0-7.5 മീറ്റര്‍ |
തെങ്ങ്, നെല്ല്, കശുമാവ് |
ഉയര്‍ന്ന താപനിലയോട് പ്രതിപത്തിയുള്ള വിളകള്‍ |
ഇടനാട് |
മിതോഷ്ണം |
7.5-75 മീറ്റര്‍ |
കവുങ്ങ്, തെങ്ങ്, കൊക്കോ, റബ്ബര്‍, കശുമാവ്, കുരുമുളക് |
മിതമായ അന്തരീക്ഷ ഊഷ്മാവിനോട് പ്രതിപത്തിയുള്ള വിളകള്‍ |
ഉയര്‍ന്ന പ്രദേശം |
പൊതുവേ മിതമായതോ താഴ്ന്നതോ ആയ അന്തരീക്ഷ ഊഷ്മാവ്. ശൈത്യകാലത്ത് ഉയരത്തിനനുസരിച്ച് ഊഷ്മാവ് കുറയുന്നു. |
75-700 മീറ്റര്‍ |
തേയില, റബ്ബര്‍, കാപ്പി, കുരുമുളക്, തെങ്ങ് |
താഴ്ന്ന താപനിലയോട് പ്രതിപത്തിയുള്ള വിളകള്‍ |
ഹൈറേഞ്ച് |
താഴ്ന്ന താപനില |
700-1500 മീറ്റര്‍ |
ഏലം, കാപ്പി, തേയില |
കേരളത്തെ സംബന്ധിച്ചിടത്തോളം തുലാവർഷം നില്ക്കുന്നതോടെ ശൈത്യകാലത്തിന്റെ തുടക്കമായി. ഡിസംബർ-ഫെബ്രുവരി വരെയാണ് ശൈത്യകാലം. ശൈത്യകാലം എന്ന് പറയുന്നതിലും വരണ്ടകാലം എന്നുപറയുന്നതാവും കൂടുതൽ ശരി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമുക്ക് അതിശൈത്യം അനുഭവപ്പെടാറില്ല. മണ്ണിൽ ഈർപ്പശോഷണം അനുഭവപ്പെട്ട് തുടങ്ങുന്ന സമയമാണിത്; വിളകൾക്ക് കർഷകർ ജലസേചനം തുടങ്ങുന്നതിന് തയ്യാറെടുപ്പുകൾ നടത്തുന്ന സമയം. മധ്യകേരളത്തിൽ പാലക്കാട്, ത്യശൂർ ജില്ലകളിൽ അനുഭവപ്പെടുന്ന പാലക്കാടന്‍ കാറ്റ് ബാഷ്പീകരണതോത് ഗണ്യമായി ഉയർത്തുന്നു. വാഴ പോലുള്ള വിളകൾക്ക് താങ്ങ് നൽകിയില്ലെങ്കിൽ ഒടിഞ്ഞുവീഴുന്നത്ര ശക്തമാണ് കാറ്റ്. ഈ ജില്ലകളിലെ വിവിധ വിളകളിൽ കിഴക്കന്‍ കാറ്റ് പ്രതികൂല ഫലമാണ് ഉളവാക്കുന്നത്. കശുമാവ്, നെല്ല് തുടങ്ങിയ വിളകള്‍ക്കും ഈ കാറ്റ് ദോഷം ചെയ്യുന്നു. ഈ ഋതുവില്‍ അന്തരീക്ഷം പൊതുവേ പ്രസന്നമായിരിക്കും. തെളിഞ്ഞ ആകാശവും കാണാം. മഞ്ഞുവീഴ്ച സാധാരണം പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ മഞ്ഞുള്ള രാത്രികളുടെ എണ്ണം കുറയുന്നതിന് കിഴക്കന്‍ കാറ്റ് കാരണമാകുന്നുണ്ട്. മഞ്ഞുള്ള രാത്രികള്‍ കുറയുന്നത് ഫലവൃക്ഷങ്ങളുടെ ഉൽപ്പാദനത്തെ ബാധിച്ചേക്കാം. മാവ്, പ്ലാവ്, കശുമാവ്, കാപ്പി എന്നിവയുടെ ഉൽപ്പാദനത്തിലും മഞ്ഞുവീഴ്ച ഗുണം ചെയ്യുമെന്ന് കണ്ടിട്ടുണ്ട്. താപനിലയിൽ പൊതുവെ കുറവ് അനുഭവപ്പെടുക ഇ ഋതുവിലെ പ്രത്യേകതയാണ്. കേരളത്തിൽ ശൈത്യമാസങ്ങളിലെ ശരാശരി കൂടിയ താപനില 31-33 °C ഉം ശരാശരി കുറഞ്ഞ താപനില 20-22°C നും ഇടയിൽ ആണ്.
ദൈനംദിന കുറഞ്ഞ താപനില ഉൾനാടുകളിൽ 20°C ൽ താഴെയും ആകുന്നത് പതിവാണ്. ഹൈറേഞ്ച് മേഖലകളിൽ ഇത് 15 °C ലും കുറയുന്നത് സാധാരണമാണ്. മഴയ്ക്കുള്ള സാധ്യത തുലോം വിരളമാണ് എന്നതാണ് ഈ ഋതുവിൻ പാതകത. ഫെബ്രുവരി മാസാവസാനത്തോടെ തണുപ്പ് കുറഞ്ഞ് വരികയും, മാർച്ചിൽ വേനലിന്റെ ആരംഭത്തോടെ തണുപ്പ് ചൂടിന് വഴിമാറുകയും ചെയ്യുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ പരിധിവിട്ടുയരുന്ന അന്തരീക്ഷ താപനില കേരളത്തിൽ അനുഭവപ്പെടാറില്ല. വേനലിന്റെ മൂർദ്ധന്യത്തിൽ ചില സ്ഥലങ്ങളിൽ 40°C ൽ നിന്നും ഉയരുന്നത് കാണപ്പെട്ടിട്ടുണ്ട്. കേരളത്തിൽ കൂടിയ ചൂട് അനുഭവപ്പെടുന്ന പാലക്കാടും പുനലൂരും തന്നെ ഉദാഹരണം. ഉൾനാടുകളിലും തിരപ്രദേശങ്ങളിലും താപനില പരിധി വിട്ടുയരുന്നത് അസാധാരണമാണ്. മാർച്ച് മാസത്തോടുകൂടി താപനിലയിൽ വർദ്ധനവ് കാണപ്പെടുന്നു. കേരളത്തിൽ ഈ ഋതുവിൽ ഉയർന്ന താപനില 32-34 °C പരിധിയിലും ശരാശരി കുറഞ്ഞ താപനില 23.25°C പരിധിയിലുമാണ്. കുറെ വർഷങ്ങളിലായി കേരളത്തില്‍ വേനലിൽ കുടിവെള്ളക്ഷാമവും നിത്യസംഭവങ്ങളാണ്. വേനൽമഴയ്ക്ക് സമയം കൂടിയാണിത്. മാർച്ച്-മെയ് മാസങ്ങളിൽ ഇടവിട്ട് വേനൽമഴ പെയ്യാറുണ്ട്. അനുയോജ്യമായ അന്തരീക്ഷസ്ഥിതിയിൽ പ്രാദേശികമായി മഴലഭിക്കുന്നത് കൂമ്പാര മേഘങ്ങളിൽ നിന്നാണ്. പ്രാദേശികമായി രൂപം കൊളളുന്ന ഈ മേഘങ്ങൾ ശക്തമായ മഴ നൽകുന്നു. മഴ ഏറെ നേരം നിന്ന് പെയ്യാറില്ല. മഴത്തുള്ളികൾക്ക് വലിപ്പമുണ്ടാകും. ചില സമയങ്ങളിൽ മേഘം ഉയർന്ന് വളരുന്നു. അത്തരം മേഘങ്ങളിൽ നിന്ന് ഇടിയോടുകൂടിയ ശക്തമായ മഴയും ലഭിക്കുന്നു. വേനൽമഴ ലഭിക്കുന്നത് മിക്ക വിളകൾക്കും ഗുണകരമാണ്. മണ്ണിലെ ഈർപ്പക്കമ്മിയുടേയും വരൾച്ചയുടേയും കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്നു. കേരളത്തിൽ മാവ്, പ്ലാവ്, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ വിളവെടുപ്പ് കാലമാണിത്. ചില വർഷങ്ങളിൽ മെയ് മാസത്തോടെ തന്നെ കാലവർഷം ആരംഭം കുറിക്കാറുണ്ട്. മറ്റു ചിലപ്പോൾ അപൂർവ്വമായി മെയ് മാസത്തിൽ അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ട് കേരളത്തിൽ പരക്കെ മഴ ലഭിക്കാറുണ്ട്. 2004 മെയ് ആദ്യവാരം കേരളത്തിൽ പരക്കെ മഴ ലഭിച്ചത് അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വഴിയാണ്. കാലവർഷാരംഭം നേരത്തെ ആവുകയും വേനൽമഴ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന വർഷങ്ങളിൽ ലഭിക്കുന്ന മഴ കാലവർഷമഴയാണോ അഥവാ വേനൽമഴയാണോ എന്ന് തിരിച്ചറിയുന്നതിന് ഏറെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്.
വിളയുടെ വിതരണം, ഉൽപാദനം, ഉൽപാദനക്ഷമത എന്നിവ കാലാവസ്ഥാ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ഏതൊരു വിളയിൽ നിന്നും പരമാവധി വിളവ് ലഭിക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷ സാഹചര്യങ്ങളുണ്ടാകും. ഈ അനുയോജ്യ കാലാവസ്ഥാ സാഹചര്യങ്ങളെ തിരിച്ചറിയുകയും അതിനനുസൃതമായി വിള തിരഞ്ഞെടുക്കുകയും ചെയ്താൽ ഏറ്റവും മികച്ച ഉൽപ്പാദനം സാധ്യമാകുന്നു. അനുയോജ്യ കാലാവസ്ഥാ ഘടകങ്ങളെ ഉപയോഗപ്പെടുത്തി കാർഷിക കാലാവസ്ഥാ സൂചകങ്ങൾ (indices) വികസിപ്പിച്ചെടുക്കാവുന്നതാണ്. മേഖലകൾക്ക് ഏറ്റവും അനുയോജ്യമായ വിളകൾ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. കാർഷിക കാലാവസ്ഥാ സൂചകങ്ങളെ ആധാരമാക്കി വ്യത്യസ്ത വിളകളുടെ "കാലാവസ്ഥാപരമായ അതിരുകളെ നിർണ്ണയിക്കാം. കാലാവസ്ഥാ മാപ്പുകൾ വികസിപ്പിച്ചെടുക്കുന്നതിലൂടെ ഒരു പ്രത്യേക വിളയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ പ്രദേശം ഏതെന്ന് തീരുമാനിക്കാൻ കഴിയുകയും ചെയ്യുന്നു. ഏറ്റവും മികച്ച വിളവ് ലഭിക്കാൻ ഏറ്റവും പ്രയോജനപ്രദമായ ഉപകരണങ്ങളില്‍ ഒന്നാണ് ‘കാലാവസ്ഥാ മാപ്പുകള്‍’. ഇത്തരം മാപ്പുകളുടെ സഹായത്തോടുകൂടി ഫലവൃക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അനുയോജ്യമായ ഇനങ്ങള്‍ തിരഞ്ഞെടുക്കാനും അതുവഴി സുസ്ഥിരമായ വിളവ് ഉറപ്പാക്കാനും സാധിക്കും. ഇന്ത്യയില്‍ ആദ്യമായി, തിരഞ്ഞെടുക്കപ്പെട്ട അന്തരീക്ഷഘടകങ്ങളുടെ ‘കാലാവസ്ഥാ നോര്‍മലുകള്‍’ വികസിപ്പിച്ചെടുത്തത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പാണ്. സംസ്ഥാനത്തിന്റെ പ്രത്യേകമായ ആവശ്യങ്ങൾ കണക്കിലെടുത്ത് വിളവിനെ സംബന്ധിക്കുന്ന ഏറെ സൂക്ഷ്മമായ കാലാവസ്ഥാ ഘടകങ്ങളെപ്പോലും അപഗ്രഥിക്കുന്ന പഠനങ്ങൾ സംസ്ഥാന കാർഷിക സർവ്വകലാശാലകളിൽ ഇന്ന് നടത്തുന്നുണ്ട്.
തോട്ടവിളകളില്‍ കാലാവസ്ഥയ്ക്കുള്ള സ്വാധീനം
കാലാവസ്ഥാ ഘടകം |
തെങ്ങ് |
കവുങ്ങ് |
കൊക്കോ |
കുരുമുളക് |
കശുമാവ് |
റബ്ബര്‍ |
ഏലം |
കാപ്പി |
ചായ |
മണ്‍സൂണ്‍ മഴ |
- |
- |
- |
+ |
+ |
+ |
- |
+ |
- |
വേനല്‍ മഴ |
+ |
+ |
+ |
- |
- |
+ |
+ |
+/- |
+ |
ഉയര്‍ന്ന താപനില (താഴ്ന്ന സ്ഥലങ്ങളിലെ) |
-/+ |
|
- |
|
|
|
|
|
|
താഴ്ന്ന താപനില (ഉയര്‍ന്ന സ്ഥലങ്ങളിലെ) |
|
- |
|
|
|
|
|
|
|
ആപേക്ഷിക ആര്‍ദ്രത(%) |
കൃമി കീട രോഗബാധയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് എല്ലാ വിളകളിലും പ്രതികൂലഫലമുളവാക്കുന്നു. തേയിലച്ചെടിക്ക് ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രത നല്ല ഉത്പാദനത്തിനു ആവശ്യമാണ്. |
||||||||
സൌരവികിരണം |
മണ്‍സൂണ്‍ കാലത്ത് മതിയായ അളവില്‍ സൌരവികിരണം ലഭിക്കുന്നില്ല, അതുകൊണ്ട് ഉത്പാദനത്തെ ബാധിക്കുന്നു. മഴക്കാലത്തെ കനത്ത മഴയും, കുറഞ്ഞ സൂര്യപ്രകാശവും വേനലിലെ കൂടിയ സൂര്യപ്രകാശവും കുറഞ്ഞ മഴയും മിക്കവാറും എല്ലാ തോട്ടവിളകളെയും പ്രതികൂലമായി ബാധിക്കുന്നു. |
||||||||
ബാഷ്പീകരണം |
കനത്ത മഴ മൂലം ബാഷ്പീകരണ സ്വേദനം നിയന്ത്രിക്കപ്പെടുന്നു. ഈ അവസ്ഥയില്‍ അന്തരീക്ഷം ഈര്‍പ്പ പൂരിതമാകുമെന്നതിനാല്‍ വേരുകളിലൂടെയുള്ള പോഷകാഗിരണം നിയന്ത്രിക്കപ്പെടുന്നു. |
‘+’ അനുകൂലഫലം/പ്രതികൂലമല്ല
‘-‘ പ്രതികൂലഫലം
കടപ്പാട്: കാലാവസ്ഥയും കൃഷിയും
സി.എസ്.ഗോപകുമാര്‍
കെ.എന്‍.കൃഷ്ണകുമാര്‍
എച്ച്.വി.പ്രസാദറാവു
അവസാനം പരിഷ്കരിച്ചത് : 11/20/2019