অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കണ്ടല്‍ പൊക്കുടന്‍

കല്ലേൻ പൊക്കുടൻ അഥവാ കണ്ടൽ പൊക്കുടൻ

കണ്ടലോളം ആഴത്തിൽ വേരൂന്നിയ പരിസ്ഥിതി സ്നേഹത്തിന്റെ പേരാണു പൊക്കുടൻ. പഴയങ്ങാടിയിലെ പാതാറിന്റെ കരയിൽ നാമ്പിട്ട ഈ കണ്ടൽസ്നേഹം കേരളമാകെ പടർന്നപ്പോൾ കാലം കല്ലേൻ പൊക്കുടനെ കണ്ടൽ പൊക്കുടനാക്കി.

പൊക്കുടന്റെ ആത്‌മകഥ ഒരു വൃക്ഷത്തിന്റെ ആത്‌മകഥയാണെന്നു പറഞ്ഞത് എം.എൻ. വിജയനാണ്. കേരളത്തിലെ പരിസ്ഥിതിസ്നേഹികളുടെ മറക്കാനാവാത്ത ആ സസ്യശാസ്ത്രപുസ്തകമാണ് ഇന്നലെ താളുകൾ പൂട്ടി മടങ്ങിയത്.

കറതീർന്ന കമ്യൂണിസ്റ്റായിരുന്നു പൊക്കുടൻ. പതിനെട്ടാം വയസ്സിൽ തുടങ്ങിയ പാർട്ടി ബന്ധം. കർഷകസമരത്തിൽ പെട്ടു ജയിൽവാസം അനുഭവിച്ച പൊക്കുടൻ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിന്നു.

ഏഴോം കൊലക്കേസിൽ പ്രതിയായി ഒളിവിലും റിമാൻഡിലും കഴിഞ്ഞു. എൺപതുകളിൽ ഇടതുരാഷ്ട്രീയവുമായി അകന്നകാലത്താണു പൊക്കുടന്റെ ഹരിതരാഷ്ട്രീയത്തിന്റെ തുടക്കം. പരിസ്ഥിതിയെക്കുറിച്ചു പ്രസംഗിച്ചല്ല; അഞ്ഞൂറു കണ്ടൽച്ചെടി നട്ടാണു പൊക്കുടൻ പരിസ്ഥിതിപ്രവർത്തനം തുടങ്ങിയത്.

1989ൽ പഴയങ്ങാടി– മുട്ടുകണ്ടി ബണ്ടിന്റെ കരയിലായിരുന്നു തുടക്കം. ചിലർ കളിയാക്കി, ചെടികൾ പിഴുതെറിഞ്ഞു. പൊക്കുടൻ പക്ഷേ വഴക്കിനു പോയില്ല. പ്രകടനത്തിനു പ്രവർത്തകരെ അണിനിരത്തുന്ന ശ്രദ്ധയോടെ കണ്ടലുകളെ പുഴയോരത്ത് അണിനിരത്തി.

കത്തുന്ന വെയിലിൽ അലഞ്ഞുനടന്നു കണ്ടൽ വിത്തുകൾ ശേഖരിക്കും. ബണ്ടിനരികിൽ കൊണ്ടുവന്നു നടും. പിന്നെയുള്ള ദിവസങ്ങളിൽ പലവട്ടം ഇതുവഴി നടക്കും. മുളച്ചുപൊന്തുന്ന ചെടികളിൽ ഒരെണ്ണം ചാഞ്ഞാലോ ചരിഞ്ഞാലോ പൊക്കുടനു സഹിക്കില്ല.

ഉടൻ അതു നേരെയാക്കാൻ മുണ്ടുംകുത്തി പുഴയിലിറങ്ങും. മുന്നു നാലു വർഷം കൊണ്ടു ഈ ചെടികൾ വളർന്നുതുടങ്ങി. ചെടികളുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലുമെത്തി.. കണ്ടൽ വളരുന്നതിനൊപ്പം പൊക്കുടന്റെ പേരും വളർന്നു. കേരളത്തിലങ്ങോളം കണ്ടൽ സംരക്ഷണത്തെക്കുറിച്ചു ക്ലാസെടുക്കാൻ പൊക്കുടൻ പോയി. പൊവുന്നിടത്തെല്ലാം ഒരു സഞ്ചിനിറയെ കണ്ടൽത്തൈകളും കൊണ്ടുപോയി.

കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽത്തൈകളാണു പൊക്കുടൻ നട്ടത്. കണ്ടലിനെക്കുറിച്ചറിയാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും പരിസ്ഥിതിപ്രവർത്തകരും ഗവേഷകരും പൊക്കുടനെത്തേടിവന്നു.

പൊക്കുടനെത്തേടി ഒട്ടേറെ പുരസ്കാരങ്ങളുമെത്തി. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നവർക്കെതിരെയും പൊക്കുടൻ രംഗത്തിറങ്ങി. പറശിനിക്കടവിൽ കണ്ടൽക്കാടു വെട്ടി സിപിഎം പാർക്കു നിർമിക്കാനൊരുങ്ങിയപ്പോൾ എതിർത്തവരുടെ മുൻനിരയിൽ പൊക്കുടനുണ്ടായിരുന്നു. കാരണം പാർട്ടിയെക്കാൾ പൊക്കുടൻ സ്നേഹിച്ചതു പ്രകൃതിയെയായിരുന്നു.

പച്ചമനുഷ്യന്റെ ഒറ്റയാൾ പോരാട്ടം

കണ്ടലുകൾക്കു വേണ്ടി പോരാടുമ്പോൾ ആരാധകരെ പോലെ വിമർശകരും ചുറ്റും വളർന്നു പൊന്തുന്നത് അദ്ദേഹം അറിഞ്ഞിരുന്നു.

എതിർപ്പുകളെ അവഗണനയുടെ ചതുപ്പുകളിൽ ചവിട്ടിത്താഴ്ത്തി തോൾസഞ്ചി നിറയെ കണ്ടൽ വിത്തുകളുമായി പൊക്കുടൻ നടന്നു. ഇനിയൊരു തിരിച്ചു വരവില്ലെങ്കിലും പഴയങ്ങാടി പുഴയുടെ ഇരുകരകളിലും വളർന്നു പെരുകുന്ന കണ്ടലിനോടൊപ്പം കണ്ടൽ പൊക്കുടനും എന്നുമുണ്ടാകും.

പരിസ്ഥിതി പ്രവർത്തകർ കണ്ടലുകളെ കുറിച്ചു സംസാരിക്കാൻ തുടങ്ങുന്നതിനു മുൻപേ കണ്ടൽ വിത്തുകൾ നട്ടു വഴികാട്ടിയായി നടന്നയാളാണു കല്ലേൻ പൊക്കുടൻ. 52ാമത്തെ വയസ്സിൽ കണ്ടൽ പ്രവർത്തനങ്ങളുമായി രംഗത്തു വന്നതോടെയാണു പൊക്കുടനും കണ്ടലുകളും വ്യാപക ശ്രദ്ധ നേടുന്നത്.

പഴയങ്ങാടിയിലും പരിസരത്തുമുണ്ടായിരുന്ന കണ്ടൽ ചെടികൾ വ്യാപകമായി വെട്ടിനശിപ്പിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പരിസ്ഥിതി പ്രശ്നങ്ങളാണ് കണ്ടൽ സംരക്ഷണവുമായി മുന്നോട്ടു വരാൻ പൊക്കുടനെ പ്രേരിപ്പിച്ചത്.

കണ്ടലുകളുടെ ദൃഢതയെ സ്നേഹിച്ച കല്ലേൻ പൊക്കുടനെ കണ്ടൽ പൊക്കുടനെന്നു മാറ്റിവിളിക്കാൻ നാട്ടുകാർക്കു പിന്നെ അധികം സമയം വേണ്ടി വന്നില്ല.യുനെസ്കോയുടെ പരാമർശം നേടിയ ഈ പരിസ്ഥിതി പ്രവർത്തകൻ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ആളായിരുന്നു എന്നതു പലർക്കും അദ്ഭുതമായിരുന്നു.

പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകിയ പൊക്കുടനു പക്ഷേ തന്റെ കണ്ടലുകളെ സംരക്ഷിക്കാൻ വിദ്യാഭ്യാസം ഒരു പ്രശ്നമേ ആയിരുന്നില്ല. ഒരു ലക്ഷത്തിലേറെ കണ്ടൽ തൈകളാണ് അദ്ദേഹം നട്ടുപിടിപ്പിച്ചത്.

കണ്ടൽ ചെടികൾ വെട്ടിനശിപ്പിക്കുന്നതിൽ പോലും രാഷ്ട്രീയമുണ്ടായിരുന്ന ജില്ലയിൽ കണ്ടൽ വെട്ടുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന കോടതി വിധി സമ്പാദിക്കാനും പൊക്കുടന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർക്കു കഴിഞ്ഞു.

പഴകി ദ്രവിച്ച മനസ്സുകളെക്കാൾ പരിസ്ഥിതി നട്ടുവളർത്താൻ കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും നനവുള്ള മനസ്സുകളാണു നല്ലതെന്ന തിരിച്ചറിവിലായിരുന്നു അവസാനകാലത്തെ യാത്രകൾ മുഴുവൻ.

സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും കണ്ടൽസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസെടുക്കാൻ പ്രായാധിക്യം വകവയ്ക്കാതെ അദ്ദേഹം ഓടിയെത്തി. കുട്ടികളുടെ നേതൃത്വത്തിൽ പല പ്രദേശങ്ങളിലും കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു പൊക്കുടനാണ്.

കണ്ടലുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പഴയങ്ങാടിയിൽ കണ്ടൽ സംരക്ഷണ കേന്ദ്രത്തിനായി അദ്ദേഹം വാദിച്ചതും അതുകൊണ്ടു തന്നെയായിരുന്നു. ഇതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ പഠനം ആരംഭിച്ചെങ്കിലും കണ്ടൽ സംരക്ഷണ കേന്ദ്രമെന്ന സ്വപ്നം യാഥാർഥ്യമാകുന്നതു കാണാൻ അദ്ദേഹം കാത്തുനിന്നില്ല.

ആൾക്കൂട്ടത്തിൽ നിന്നു പരിസ്ഥിതി പ്രവർത്തനം നടത്തിയ ആളായിരുന്നില്ല പൊക്കുടൻ. മണ്ണും ചളിയും കൂടി കുഴഞ്ഞുമറി‍ഞ്ഞു കിടന്ന ചതുപ്പു നിലങ്ങളിൽ ഒറ്റയാൾ പ്രവർത്തനം നടത്തിയ പരിസ്ഥിതി പ്രവർത്തകനായിരുന്നു. അനുകരിക്കാൻ എളുപ്പമല്ലാത്തതിനാൽ പൊക്കുടനെ പോലെ പ്രകൃതിയെ തൊട്ടറിയുന്ന മറ്റൊരു പരിസ്ഥിതി പ്രവർത്തകൻ ഇനിയുണ്ടാകുമോ എന്ന് ആർക്കും സംശയിക്കാം.

പാഠപുസ്തകത്തിൽ നിന്നു പുറത്തായ ജീവിതം

പാഠപുസ്തകത്തിൽ നിന്നു പുറത്തായ ജീവിതമാണു പൊക്കുടന്റേത്. പക്ഷേ പരിസ്ഥിതി വിദ്യാർഥിക്കൾക്കിത് എന്നും മനഃപാഠം. 2005ലാണ് ആറാം ക്ലാസിലെ മലയാളപാഠാവലിയിൽ നിന്നു കല്ലേൻ പൊക്കുടന്റെ ജീവിതകഥ ഒഴിവാക്കാൻ കരിക്കുലം കമ്മിറ്റി തീരുമാനിച്ചത്.

പൊക്കുടന്റെ ആത്‌മകഥയായ കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാളപാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭാഗം ഒഴിവാക്കാൻ പിന്നീടു കരിക്കുലം സബ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

കണ്ടൽക്കാടുകളെക്കുറിച്ചു കണ്ണൂരിലും തലശേരിയിലും ഉള്ളവർക്കു മാത്രമേ മനസിലാകു എന്നതായിരുന്നു കമ്മിറ്റി കണ്ടെത്തിയ കാരണം. പാഠഭാഗം പുസ്തകത്തിൽ നിന്നു നീക്കം ചെയ്തതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു.

അൽപ്പം കുറുകി കറുത്ത് നീട്ടിയ മുടിയുമായി തോർത്ത് കഴുത്തിലിട്ട് സാധാരണ കർഷകവേഷത്തിൽ തങ്ങളുടെ മുൻപിൽ ഇരിക്കുന്ന പൊക്കുടൻ ‘സൂനാമി’ ദുരന്തത്തെ പറ്റിയും അതിനു കാരണമായ കണ്ടൽക്കാടുകളുടെ നഷ്‌ടത്തെക്കുറിച്ചും വൈകാരികമായി അവതരിപ്പിക്കുമ്പോൾ വിദ്യാർഥികൾ ഗൗരവത്തോടെ കേട്ടിരുന്നു.

സ്കൂളുകളിലേക്കും കോളജുകളിലേക്കുമുള്ള തന്റെ ആദ്യയാത്രകൾക്ക് വലിയ പിന്തുണ കിട്ടാഞ്ഞതിന്റെ ദു:ഖം ഉള്ളിലൊതുക്കുന്ന പൊക്കുടൻ സൂനാമിക്ക് ശേഷം വിദ്യാർഥികൾക്കിടയിൽ വലിയ മാറ്റമുണ്ടായെന്നു പറഞ്ഞിരുന്നു.

പൊക്കുടന്റെ ക്ലാസുകൾക്കുശേഷം പല വിദ്യാലയങ്ങളും വിദ്യാർഥികളുടെ നേതൃത്വത്തിൽ പുഴയോരത്തു കണ്ടൽനട്ടുവളർത്തി. പാഠപുസ്തകത്തിൽ നിന്നു പുറത്തായിട്ടും കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ പരിസ്ഥിതി അവബോധത്തിന്റെ പാഠം പകർന്നും വിദ്യാലയങ്ങളിൽ കണ്ടൽ വിപ്ലവത്തിനു തുടക്കമിട്ടുമാണു പൊക്കുടൻ പടിയിറങ്ങുന്നത്.

കണ്ടൽ സ്കൂളെന്ന സ്വപ്നം ബാക്കി

കണ്ടലുകളെക്കുറിച്ചു പഠിക്കാൻ സ്കൂളെന്ന സ്വപ്നം ബാക്കിവച്ചാണു കല്ലേൻ പൊക്കുടൻ യാത്രയാവുന്നത്. പഴയങ്ങാടിക്കടുത്ത മുട്ടുകണ്ടിയിലുള്ള പൊക്കുടന്റെ വീട്ടുമുറ്റത്തു പണി പൂർത്തിയാവാത്തൊരു കെട്ടിടമുണ്ട്.

കണ്ടലുകളെക്കുറിച്ചു പഠിക്കാൻ തന്നെ തേടിയെത്തുന്നവർക്കായി പൊക്കുടൻ തുടങ്ങാനാഗ്രഹിച്ച കണ്ടൽ സ്കൂളിന്റെ കെട്ടിടം. രാജ്യത്തെ ആദ്യത്തെ കണ്ടൽ സ്കൂളെന്നു വിശേഷിപ്പിക്കാവുന്ന ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചതു സർക്കാരും സംഘടനകളുമല്ല.

കല്ലേൻ പൊക്കുടൻ തനിച്ചായിരുന്നു.. സ്വന്തം പേരിലുള്ള ഭൂമിയിൽ നിന്നു രണ്ടര സെന്റ് പൊക്കുടൻ സ്കൂളിനായി നൽകി. കുടുംബാംഗങ്ങളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിനെ നടത്തിപ്പു ചുമതലയും ഏൽപ്പിച്ചു. പൊക്കുടന്റെ പഴയ വീടിരുന്ന തറയിലാണ് വരാന്തയും രണ്ടുമുറികളുമുള്ള സ്കൂൾ കെട്ടിടം പണി തുടങ്ങിയത്. പരിസ്ഥിതി പ്രവർത്തകർക്കും വിദ്യാർഥികൾക്കുമെല്ലാം സൗജന്യമായി ക്ലാസുകൾ നൽകുമെന്നും പൊക്കുടൻ പറഞ്ഞിരുന്നു. പക്ഷേ നിർമാണം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കും മുൻപേ പൊക്കുടൻ ഓർമയായി.

കണ്ടലിനെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനുമുള്ള സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കാനായിരുന്നു പൊക്കുടന്റെ ലക്ഷ്യം. പഠിക്കാനെത്തുന്നവർക്കായി പുഴയും കണ്ടലുമെല്ലാം അവിടെയുണ്ട്; പക്ഷേ പൊക്കുടൻ മാത്രമില്ല.

അവസാനമായി പങ്കെടുത്തത് ആചാര്യ അവാർഡ് വേദിയിൽ

കണ്ണൂർ∙ സർവകലാശാല വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ഈ വർഷം മുതൽ ആദരിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യ അഞ്ചു പേരിൽ ഒരാളായി തിരഞ്ഞെടുത്തത് കല്ലേൻ പൊക്കുടനെയായിരുന്നു. ഗവർണർ പി. സദാശിവം സമ്മാനിച്ച ആചാര്യ അവാർഡ് വേദിയിലാണ് കല്ലേൻ പൊക്കുടൻ അവസാനമായി പങ്കെടുത്തത്. കഴിഞ്ഞ എട്ടിനാണ് പ്രായത്തിന്റെ അവശതകൾക്കിടയിലും മാങ്ങാട്ട്പറമ്പ് സർവകലാശാല ആസ്ഥാനത്ത് അവാർഡ് സ്വീകരിക്കാനായി അദ്ദേഹം എത്തിയത്.

ചുവപ്പിൽ നിന്ന് പച്ചയിലേക്ക്

രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിച്ച് കണ്ടലുകളുടെ സംരക്ഷകനാവുകയായിരുന്നു കല്ലേൻ പൊക്കുടൻ. അത് ചുവപ്പിൽ നിന്ന് പച്ചയിലേക്കുളള പാതതുറക്കലും കൂടിയായിരുന്നു. പിന്നിട് കണ്ടലിനൊപ്പം ജീവിതം പൊക്കുടന്റെ ജീവിതം കണ്ടലുകളായി മാറി.

കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനപെട്ട ഒരാളായിരുന്നു പൊക്കുടൻ. മലബാറിൽ നിന്നാണ് പരിസ്ഥിതി പ്രവർത്തനത്തിന്റെ വലിയ ചലനങ്ങൾ ഉണ്ടായത്.

കല്ലേൻ പൊക്കുടൻ  ഇതിൽ എടുത്ത് പറയേണ്ടവരാണ്. പാർട്ടിയിൽ വിപ്ലവം ആവേശം കൊള്ളിച്ചെങ്കിൽ കണ്ടലിൽ പുതിയ വിപ്ലവം തീർക്കുകയായിരുന്നു പൊക്കുടൻ. ഏഴോം പഞ്ചായത്തിൽ 100 കണക്കിന് ഏക്കർ സ്ഥലങ്ങളിൽ കണ്ടൽ വളരുന്നത് പൊക്കുടന്റെ കരുത്തിലാണ്. പഴയങ്ങാടി പുഴയോരത്ത് തിങ്ങി വളർന്നുനിൽക്കുന്ന കണ്ടൽക്കാടുകൾ പൊക്കുടന്റെ ജീവിക്കുന്ന ഓർമകൾ തുടിക്കുന്നവയാണ്.

പച്ചയായ തന്റെ ഭാഷയിൽ അദ്ദേഹം ക്ലാസുകളെടുത്തു. പൊക്കുടന്റെ കണ്ടൽവിപ്ലവം ലോകം കണ്ടു തുടങ്ങി. യുഗോസ്‌ലാവ്യ, നേപ്പാൾ, ജർമനി, ഹംഗറി, ശ്രീലങ്ക, തുടങ്ങിയ സ്ഥലങ്ങളിലെ സർവകലാശാലകളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും പൊക്കുടന്റെ കണ്ടൽ പ്രബന്ധങ്ങൾ അവതരിപ്പിക്കപെട്ടു.

പുഴയോരങ്ങളിൽ ആരാലും ശ്രദ്ധിക്കപെടാതെ കിടക്കുന്ന കണ്ടൽക്കാടുകൾക്ക് ദേശിയശ്രദ്ധ നേടികൊടുക്കാൻ പൊക്കുടന് കഴിഞ്ഞു. പുരസ്കാരങ്ങൾ തന്നെതേടിയെത്തിയപ്പോഴും കണ്ടലിന്റെ വഴിയിൽ പൊക്കുടൻ നടന്നു നീങ്ങുകയായിരുന്നു. കണ്ടൽക്കാടുകൾക്കിടയിൽ എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപെട്ടു. എൻ. പ്രഭാകരൻ അവതാരിക എഴുതിയ പുസ്തകത്തിൽ ഡോ. ജാഫർ പലോട്ടിന്റെ കണ്ടൽപഠനങ്ങളുമുണ്ട്.

പൊക്കുടന്റെ മകൻ ശ്രീജിത്ത് പൈതലേൻ എന്റെ ജീവിതം എന്ന പേരിലും മറ്റൊരു മകനായ പി. ആനന്ദൻ ചൂട്ടാച്ചി, കണ്ടൽ ഇനങ്ങൾ എന്നപേരിലും പൊക്കുടന്റെ ജീവിതവഴികളെ കുറിച്ചും അറിവുകളെ കുറിച്ചും പുസ്തകമെഴുതി.

ഇതിനിടയിൽ പൊക്കുടൻ സിനിമയിലും അഭിനയിച്ചു. പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു. നാടെങ്ങും കണ്ടൽവനങ്ങൾ വളരുകയും അത് മണ്ണിനും മനുഷ്യർക്കും നൻമ ചൊരിയുകയും ചെയ്യുന്നത് മനം കുളിർക്കെ കണ്ടിട്ടാണ് പൊക്കുടൻ തന്നെ പറയുന്ന ഈ ഭ്രാന്തൻ കണ്ടൽ ഓർമയാകുന്നത്.

കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് എന്നും നിലകൊണ്ട ഈ കണ്ടൽക്കാടുകളുടെ തോഴൻ എന്നും പച്ചമനുഷ്യനായി പ്രകൃതിയിലുണ്ടാകും.

 

 

 

 

 

 

 

 

 

 

 

 

അവസാനം പരിഷ്കരിച്ചത് : 7/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate