Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എന്താണ് തണ്ണീർത്തടം

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം  അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. തണ്ണീർത്തടങ്ങളിൽ ജലം ഉപരിതലത്തിലോ അല്ലെങ്കിൽ ഉപരിതലത്തിനു തൊട്ടുതാഴെയോ ആണ് കാണപ്പെടുക. ഇത് കടൽ ജലമോ ശുദ്ധജലമോ ഓരുവെള്ളമോ ആകാം. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു.

ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ. അഴിമുഖങ്ങൾ. ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ, ഋതുഭേദങ്ങൾ മൂലം വെള്ളത്തിനടിയിലായ സമതല പ്രദേശങ്ങളും വനഭൂമികളും എന്നിവയെല്ലാം തണ്ണീർത്തടത്തിന്റെ നിർവ്വചനത്തിൽ വരും

പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. തണ്ണീർത്തടങ്ങൾ‌ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും തണ്ണീർത്തടങ്ങൾ കാണപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളുടെ കൂട്ടത്തിൽ ആമസോൺ നദീതടവും പടിഞ്ഞാറൻ സൈബീരിയൻ സമതലപ്രദേശവും ഉൾപ്പെടുന്നു. ആധുനികകാലത്തു് തണ്ണീർത്തടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം മറ്റേത് ആവാസ വ്യവസ്ഥയിലേതിനെക്കാളും വളരെക്കൂടുതലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സഹസ്രാബ്ദ ആവാസവ്യവസ്ഥ വിലയിരുത്തലിൽ കണ്ടെത്തിയിട്ടുണ്ട്

നിർവ്വചനം

1971 ൽ ഇറാനിലെ റാംസറിൽ നടന്ന സമ്മേളന തീരുമാനപ്രകാരം തണ്ണീർത്തടങ്ങളുടെ നിർവ്വചനം ഇപ്രകാരമാണ്:  'ചതുപ്പ് നിറഞ്ഞതോ വെള്ളക്കെട്ട് നിറഞ്ഞതോ ആയ പ്രദേശം. പ്രകൃത്യാലുള്ളതോ, മനുഷ്യ നിർമിതമോ, സ്ഥിരമായോ താൽക്കാലികമായോ ജലം ഒഴുകുന്നതോ, കെട്ടിക്കിടക്കുന്നതോ ആയ, ശുദ്ധജലത്താലോ കായൽ ജലത്താലോ അല്ലെങ്കിൽ ഉപ്പ് ജലത്താലോ നിറഞ്ഞതും വേലിയേറ്റ വേലിയിറക്കം അനുഭവപ്പെടുന്നതും, ആറു മീറ്ററിൽ താഴെ ആഴമുള്ളതുമായ ജലമേഖലകൾ തണ്ണീർത്തടങ്ങൾ എന്നറിയപ്പെടുന്നു. ഇത്തരം പ്രദേശങ്ങളിൽ ജലസസ്യങ്ങൾ അല്ലെങ്കിൽ ജലത്തിൽ വളരുന്നതിന് അനുരൂപപ്പെട്ട സസ്യങ്ങൾ ഉണ്ടായിരിക്കുകയും വേണം.

തണ്ണീർത്തടങ്ങളുടെ പ്രാധാന്യം

എല്ലാ ജീവജാലങ്ങളുടെയും നിലനില്പിനും പരിസ്ഥിതിയുടെ ഗുണനിലവാരം നിലനിർത്തുന്നതിനും തണ്ണീർത്തടങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. അവയ്ക്ക് സാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും പ്രാധാന്യവുമുണ്ട്. മലിനജലത്തെ ശുദ്ധീകരിച്ച്, ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാൽ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്ന് വിളിക്കുന്നു. അമേരിക്കക്കാരനായ കോസ്റ്റാൻസയും സംഘവും 1997ൽ നടത്തിയ പഠനത്തിൽ ഒരു വർഷം ഒരു ഹെക്ടർ തണ്ണീർത്തടം 6,80,110 രൂപയുടെ സേവനം പ്രദാനം ചെയ്യുന്നതായി വിലയിരുത്തിയിട്ടുണ്ട്.

2007ൽ നടത്തിയ ഒരു പഠനമനുസരിച്ച് കേരളത്തിലെ തണ്ണീർത്തടങ്ങൾ വർഷത്തിൽ 157.97 കോടി രൂപയുടെ വരുമാനം നേടിത്തരുന്നു.[1] സംസ്ഥാനത്തെ നെൽവയലുകൾ കൂടി ഉൾപ്പെടുത്തിയാൽ ആകെ 231.15 കോടി രൂപയുടെ വരുമാനം തണ്ണീർത്തടങ്ങൾ കേരളത്തിന് നേടിത്തരുന്നതായി പഠനം വിലയിരുത്തുന്നു. ഭക്ഷ്യശൃംഖലയിലുള്ള ഇതിന്റെ സ്വാധീനവും സേവനങ്ങളും വിലമതിക്കാനാകാത്തതാണ്.

ആഹാരം

കുട്ടനാട്ടിലെ നെൽവയൽ
തണ്ണീർത്തടങ്ങൾ മിക്കവയും ഉയർന്ന ഉല്പാദനക്ഷമതയുള്ള ജലസംഭരണികളാണ് (nutrient sinks). മനുഷ്യരാശി ഭക്ഷിക്കുന്ന ആകെ മത്സ്യത്തിന്റെ 90 ശതമാനവും തണ്ണീർത്തടങ്ങൾ സംഭാവനചെയ്യുന്നു.

നെല്ല് മുതലായ ധാന്യങ്ങൾ ഉല്പാദിപ്പിക്കുന്നത് പ്രധാനമായും തണ്ണീർത്തടങ്ങളെ ആശ്രയിച്ചാണ്. കൂടാതെ കാലിത്തീറ്റയായി ഉപയോഗിക്കുന്ന നിരവധി പുൽവർഗങ്ങളും പായലുകളും തണ്ണീർത്തടങ്ങളിൽ നിന്നും ലഭിക്കുന്നു.

വെള്ളപ്പൊക്ക നിയന്ത്രണം തിരുത്തുക
വെള്ളപ്പൊക്കനിയന്ത്രണം പ്രധാനമായും നടപ്പിലാക്കുന്നത് തണ്ണീർത്തടങ്ങളാണ്. കനത്ത മഴക്കാലത്ത് പെയ്തൊലിക്കുന്നതും,നദികളിൽനിന്നും മറ്റും ഒഴുകി എത്തുന്നതുമായ അധികജലവും ശേഖരിക്കപ്പെടുന്ന സംഭരണികളാണ് തണ്ണീർത്തടങ്ങൾ.

ജലസംഭരണം

തണ്ണീർത്തടങ്ങൾ പ്രകൃതിദത്ത അണക്കെട്ടുകളാണ്. ഇവ ഭൂഗർഭജലത്തെ സമ്പുഷ്ടമാക്കുകയും ആവശ്യാനുസരണം വീണ്ടെടുക്കുകയും ചെയ്യുന്നു. തണ്ണീർത്തടങ്ങളുടെ സവിശേഷമായ ഭൗമഘടന ഭൂഗർഭ ജലപോഷണത്തിന് അനുയോജ്യമാണ്. ഇവിടത്തെ മണൽകലർന്ന ചെളിയിലുള്ള അതിസൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗർഭജലം സംഭരിക്കപ്പെടുന്ന ഇടത്തേക്ക് (aquifer) ശുദ്ധജലം ഊർന്നിറങ്ങുന്നു. തണ്ണീർത്തടങ്ങളുടെ സാമീപ്യമുള്ളിടങ്ങളിൽ വേനൽക്കാലത്ത് വരൾച്ച കുറവായിരിക്കും.

കരസംരക്ഷണം

തണ്ണീർത്തടങ്ങളുടെ തീരത്ത് വളരുന്ന സസ്യങ്ങൾ ജലാശയത്തിട്ടകൾക്കും നദീതീരങ്ങൾക്കും ബലംനൽകുകയും സ്ഥിരപ്രകൃതം പ്രധാനം ചെയ്യുകയും ചെയ്യുന്നു. തണ്ണീർത്തടങ്ങളുടെ കരയോട് ചേർന്ന് വളരുന്ന പ്രത്യേകതരം സസ്യങ്ങൾ എക്കലുകൾ അടിയുന്നതിനും തീരഘടനയെ നിലനിർത്തുന്നതിനും സഹായിക്കുന്നു. കണ്ടൽചെടികൾ, പാപ്പിറസ്, ടൈഫ തുടങ്ങിയ കുറ്റിച്ചെടികൾ എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. ഇവ പലതരം മത്സ്യ ജാതികളുടെ ആഹാരസമ്പാദനത്തിനും പ്രജനനത്തിനും അവസരം സൃഷ്ടിക്കുന്നു. കടൽക്ഷോഭത്തിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും ഇവ കരപ്രദേശങ്ങളെ രക്ഷിക്കുന്നു. വേലിയേറ്റ വേലിയിറക്കസമയത്തെ ജലപ്രവാഹത്തെ നിയന്ത്രിക്കുന്നു. സുനാമിയിൽ നിന്നും ചുഴലിക്കൊടുംകാറ്റിൽനിന്നും തീരത്തെ സംരക്ഷിക്കുന്നതിൽ കണ്ടലുകളിൽ വളരുന്ന തണ്ണീർത്തടങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

മാലിന്യ സംസ്കരണം

ഘനലോഹങ്ങൾ ഉൾപ്പെടെ ജലത്തിൽ അലിഞ്ഞുചേർന്ന മാലിന്യങ്ങളും നിരുപയോഗ വസ്തുക്കളും അരിച്ച് ശുചിയാക്കുന്ന ജൈവ അരിപ്പകളായി തണ്ണീർത്തടങ്ങൾ വർത്തിക്കുന്നു. ഇവയിലെ മണ്ണും ചെളിയും സസ്യങ്ങളും സൂക്ഷ്മജീവികളും ഉൾപ്പെടുന്ന ശൃംഖല മാലിന്യത്തെ വിഘടിപ്പിക്കുകയോ വലിച്ചെടുക്കുകയോ ചെയ്ത് ജലത്തെ ശുദ്ധീകരിക്കുന്നു. ജലമാലിന്യംമൂലമുള്ള രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിൽ ഇത് മുഖ്യ പങ്ക് വഹിക്കുന്നു. വയലേലകളിൽ നിന്നും പുറന്തള്ളുന്ന കീടനാശിനികളെയും രാസവളങ്ങളെയും തണ്ണീർത്തടങ്ങൾ സ്വാംശീകരിച്ച് ജലത്തെ ശുചിയാക്കുന്നു. മനുഷ്യവാസപ്രദേശങ്ങളിൽനിന്നും ശബരിമലപോലെയുള്ള വലിയ തീർത്ഥാടന പ്രദേശങ്ങളിൽ നിന്നും പുറന്തള്ളുന്ന മനുഷ്യ വിസർജ്യങ്ങൾ ശുദ്ധീകരിക്കുന്നതും തണ്ണീർത്തടങ്ങളാണ്. കാർഷിക-വ്യാവസായിക-ഗാർഹിക മേഖലകളിൽനിന്നും പുറന്തള്ളപ്പെടുന്ന നൈട്രേറ്റ്, ഫോസ്ഫേറ്റ് തുടങ്ങിയ പോഷകങ്ങളെ തണ്ണീർത്തടങ്ങളിലെ ജലസസ്യങ്ങൾ ആഗിരണം ചെയ്ത് ജലശുചീകരണം ഉറപ്പുരുത്തുന്നു.

ജീവജാലങ്ങളുടെ ആവാസപ്രദേശം

തണ്ണീർത്തടങ്ങൾ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. ജീവനെ നിലനിർത്താനാവശ്യമായ ജലത്തിന്റെ നിർലോഭമായ സാന്നിധ്യവും ഉയർന്ന ഉല്പാദനക്ഷമതയുമാണ് ഇതിന് കാരണം. അസംഖ്യം ജീവജാതികളോടൊപ്പം അപൂർവ്വവും അന്യംനിന്നുപോകാൻ സാധ്യതയുള്ളതുമായ ജീവജന്തുജാലങ്ങളേയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നു. വിവിധ തരത്തിൽ പെട്ട മത്സ്യങ്ങളുടേയും പക്ഷികളുടേയും പ്രജനനകേന്ദ്രങ്ങളാണ് തണ്ണീർത്തടങ്ങൾ. കരിമീൻ, കണമ്പ്, ഞണ്ട്, കക്ക തുടങ്ങി മനുഷ്യൻ ഭക്ഷിക്കുന്ന ജീവികളും ഇവയിൽ ഉൾപ്പെടുന്നു. തണ്ണീർത്തടങ്ങൾ ജീൻ പൂളുകളാണ്. തണ്ണീർത്തടങ്ങളിൽ കാണപ്പെടുന്ന കുളയട്ട അശുദ്ധരക്തം നീക്കംചെയ്യുന്നതിന് പ്രയോജനപ്പെടുന്നു. സ്പൈറുലിന (spirulina) തുടങ്ങിയ ആൽഗകൾ മാംത്സ്യ ഉല്പാദനത്തിനും ഉപകരിക്കുന്നു. വിവിധയിനം പൂവുകൾ, തീറ്റപ്പുല്ലുകൾ തുടങ്ങിയവയും തണ്ണീർത്തടങ്ങളിൽ വളരുന്നു. തദ്ദേശീയപക്ഷികളും ദേശാടന പക്ഷികളും തണ്ണീർത്തടങ്ങളിൽ പ്രജനനം നടത്തുന്നു

കടപ്പാട്-http:vishnusaravanayil.blogspot.in

3.07692307692
Nahana Jan 31, 2019 04:50 PM

Sopir

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top