അടുത്തകാലത്ത് ആഗോളതാപനം ഭീതിജനകമായവിധം വര്‍ധിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് അന്തരീക്ഷതാപം വര്‍ധിക്കാന്‍ തുടങ്ങിയത്. കല്‍ക്കരി, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവയുടെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതാണ് ഇതിനു പ്രധാന കാരണം. അവയുടെ കൂടുതലായ ഉപയോഗം മൂലമുണ്ടാകുന്ന വാതകങ്ങള്‍ അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന കവചം ഭൂമിയില്‍നിന്നുള്ള ചൂടിനെ അനന്തവിഹായസ്സിലേക്ക് പടരാതെ തടഞ്ഞുനിര്‍ത്തുന്നു. ഗ്രീന്‍ഹൗസില്‍ സംഭവിക്കുന്നതു പോലെയാണിത്. അതുകൊണ്ടാണ് ഹരിതഗൃഹവാതകങ്ങള്‍ എന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്.
അന്തരീക്ഷതാപം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി കടലില്‍ നിന്നുണ്ടാകുന്ന നീരാവിയും വ്യവസായശാലകളില്‍ നിന്നുള്ള പൊടിപടലങ്ങളും ഭൂമിക്കുചുറ്റും രൂപപ്പെടുന്ന കവചത്തിന്റെ ഭാഗമായിത്തീരുന്നു. ഇവയുടെ അംശം കൂടുന്നതനുസരിച്ച് അന്തരീക്ഷതാപം വര്‍ദ്ധിക്കും. അതുകൊണ്ടാണ് താപവര്‍ധനയെ ഗ്രീന്ഹൌസ് ഇഫക്റ്റ് എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. അടുക്കളയില്‍ വിറകു കത്തുമ്പോഴുണ്ടാകുന്ന പുക പുറത്തുപോകാതെ വീടിനുള്ളില്‍ കെട്ടിനില്‍ക്കുമ്പോഴുണ്ടാകുന്ന സ്ഥിതിവിശേഷം തന്നെയാണ് അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളും സൃഷ്ടിക്കുന്നത്. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഹരിതഗൃഹവാതകങ്ങളില്‍ 5.8% ഇന്ത്യയില്‍ രൂപപ്പെടുന്നതാണ്.
കാര്‍ബണ്‍ വാതകങ്ങളുടെ പുറംതള്ളല്‍ പ്രകൃതിയില്‍ ഉണ്ടാക്കുന്ന അപകടകരമായ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടത് കാലാവസ്ഥാവ്യതിയാനമാണ്. മഴ, വേനല്‍ തുടങ്ങിയ കാലങ്ങള്‍ക്ക് ഇതുമൂലം മാറ്റമുണ്ടാകുന്നു. അത്ഭുതകരമായ പ്രകൃതിസംവിധാനങ്ങള്‍ തകിടം മറിയുന്ന അവസ്ഥയാണത്. മുറിയില്‍ ഏതെങ്കിലും കാരണത്താല്‍ ചൂടുകൂടിയാല്‍ നാം അസ്വസ്ഥരാകുമല്ലോ. അതിനുപരിഹാരമായാണ് നമ്മള്‍ ഫാനും എയര്‍കണ്ടീഷണറും ഉപയോഗിക്കുന്നത്. ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന ഗ്യാസ് ചോര്‍ന്ന് മുറികളില്‍ വ്യാപിച്ചാല്‍ മരണം പോലുമുണ്ടാകാം. ഇത്തരമൊരവസ്ഥയാണ് നമ്മുടെ അന്തരീക്ഷത്തില്‍ സംജാതമായിരിക്കുന്നത്.
അന്തരീക്ഷത്തില്‍ വര്‍ധമാനമാകുന്ന കാര്‍ബണ്‍ഡയോക്‌സൈഡ്, കാര്‍ബണ്‍മോണോക്സൈഡ്, മീതൈന്‍, നൈട്രജന്‍ വാതകങ്ങള്‍, എ.സി യുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ തുടങ്ങിയവയും അവ മൂലമുണ്ടാകുന്ന താപവും മനുഷ്യര്‍ക്ക് മാത്രമല്ല എല്ലാ ജീവികള്‍ക്കും അതിജീവനപ്രശ്നമുണ്ടാക്കുന്നു. ഈ വാതകങ്ങളുടെ അളവ് കൂടുമ്പോള്‍ സൂര്യരശ്മികളെ തടഞ്ഞുനിര്‍ത്തുന്ന ഓസോണ്‍ വലയത്തില്‍ അഥവാ ലെയറില്‍ വിള്ളലുണ്ടാവുകയും അതിലൂടെ ഹാനികരമായ സൂര്യരശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതിന് ഇടവരുകയും ചെയ്യുന്നു. ജീവികള്‍ക്ക് ഇതുണ്ടാക്കുന്ന അപകടം വളരെ വലുതാണ്.
കടുത്ത വേനല്‍ച്ചൂടില്‍ വീട്ടില്‍നിന്നു പുറത്തുപോകേണ്ടിവരുന്നവരില്‍ ചിലര്‍ സൂര്യാഘാതമേറ്റു മരിക്കുന്ന അവസ്ഥവരെ ഉണ്ടാകുന്നു. പല ജീവികള്‍ക്കും താപവര്‍ധന മൂലം വംശനാശം സംഭവിക്കുമെന്നാണ് പരിസ്ഥിതി വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. കടലില്‍ താപം വര്‍ദ്ധിക്കുമ്പോള്‍ ചില മത്സ്യവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ മറ്റു പ്രദേശങ്ങളിലേയ്ക്ക് മാറിപ്പോകുന്നതായാണ് നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. പക്ഷികളുടെയും മറ്റു ജന്തുക്കളുടെയും കാര്യവും വ്യത്യസ്ഥമല്ല. ചില ജീവിവര്‍ഗ്ഗങ്ങള്‍ക്ക് വംശനാശം സംഭവിക്കാനും ആഗോളതാപനം ഇടവരുത്തുന്നു. താങ്ങാനാവാത്ത ചൂടില്‍ സസ്യലതാദികള്‍ക്കും വംശനാശം സംഭവിക്കാം. കാര്‍ഷികമേഖലയിലും വലിയ പ്രത്യാഘാതങ്ങള്‍ അതു സൃഷ്ടിക്കുമെന്ന കാര്യത്തിലും സംശയം വേണ്ട.
വര്‍ദ്ധമാനമായ ആഗോളതാപനത്തിന്‍റെ വേറൊരു പരിണിതഫലം ധ്രുവങ്ങളിലെ മഞ്ഞുമലകള്‍ ഉരുകുകയും തന്മൂലം കടലിലെ ജലനിരപ്പ് അപകടകരമായവിധം ഉയരുകയും ചെയ്യും എന്നതാണ്. കൂടാതെ, മഞ്ഞുമലകളില്‍ വസിക്കുന്ന ജീവിവര്‍ഗ്ഗങ്ങള്‍ക്ക് വംശനാശം സംഭവിക്കുകയും ചെയ്യും. കഴിഞ്ഞ ഒരു നൂറ്റണ്ടിനിടയില്‍ 6.7 ഇഞ്ച് (17 സെന്റിമീറ്റര്‍) ജലനിരപ്പ് ഉയര്‍ന്നു. 2100 –ല്‍ കടലിലെ ജലനിരപ്പ് 11 ഇഞ്ച് മുതല്‍ 38 ഇഞ്ച് (28-98 സെന്റിമീറ്റര്‍) വരെ ഉയരാമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ഗ്രീന്‍ലാന്റിലെ മഞ്ഞുമലകളെല്ലാം ഉരുകിയാല്‍ കടലിലെ ജലനിരപ്പ് 20 അടി (6 മീറ്റര്‍) ഉയരാം. അതിന്റെയര്‍ത്ഥം ലോകത്തിലെ പല വന്‍നഗരങ്ങളും ദ്വീപുകളും വാസയോഗ്യമല്ലാത്ത തരത്തില്‍ വെള്ളത്തിലാകും എന്നാണ്. 2030-40 ഓടെ ലോകത്തിലെ 51 ദ്വീപ് രാഷ്ട്രങ്ങള്‍ വെള്ളത്തിലാകുമെന്നു ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ കൊച്ചിയും മുംബൈ നഗരവുമൊക്കെ വെള്ളത്തിലാകാം.
ക്രമാതീതമായി ഉയരുന്ന താപംമൂലം കടുത്തവറുതി, കനത്തമഴ, ചുഴലിക്കാറ്റ് തുടങ്ങിയ വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പല ഭൂപ്രദേശങ്ങളിലും ഇതിനകം ഇത്തരം പ്രശ്നങ്ങളുണ്ടാകാന്‍ തുടങ്ങിയിട്ടുണ്ട്.
മനുഷ്യകുലത്തെയും ജീവജാലങ്ങളെയും ആകമാനം ബാധിക്കുന്ന ആഗോളതാപനം വന്‍ദുരന്തങ്ങളുണ്ടാക്കുമെന്ന ഭയപ്പാടാണ് 2015 ഡിസംബറില്‍ പാരീസില്‍ കാലാവസ്ഥാ ഉച്ചകോടി ചേരാന്‍ ഇടയാക്കിയത്. 185 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ച ആ സമ്മേളനം ആഗോളതാപനം നിയന്ത്രിക്കാനുള്ള പുതിയ ഉടമ്പടിക്ക് രൂപംകൊടുത്തു. ഭൗമതാപനിലയിലെ വര്‍ദ്ധന രണ്ടുഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാനും ക്രമേണ ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ത്താനും നടപടിയെടുക്കണം എന്നതാണ് ഉടമ്പടിയുടെ കാതല്‍. വീണ്ടും റുവാണ്ടയുടെ തലസ്ഥാനനഗരമായ കഗാലിയില്‍ സമ്മേളിച്ച ഇരുനൂറോളം രാജ്യങ്ങള്‍ (ഒക്ടോബര്‍ 15.2016) ഒപ്പുവച്ച ഉടമ്പടി പുതിയ ഹരിതപ്രതീക്ഷകളിലേക്ക് വാതില്‍ തുറക്കുന്നതാണ്.
ഒരു നിശ്ചിത അളവില്‍ക്കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ഉത്പാദിപ്പിക്കാന്‍ പാടില്ലെന്ന നിബന്ധന ഓരോ വ്യവസായയൂണിറ്റിനും നിയമംവഴി നല്‍കുകയും അതിലുണ്ടാകുന്ന കൂടുതല്‍ കുറവുകള്‍ വിലയിരുത്തപ്പെടുകയും ചെയ്യുന്ന രീതി സമീപകാലത്ത് രൂപപ്പെട്ടിട്ടുണ്ട്. കല്‍ക്കരി, ഡീസല്‍, പെട്രോള്‍ തുടങ്ങിയ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പകരം സോളാര്‍, കാറ്റാടിയന്ത്രം തുടങ്ങിയവയിലൂടെ ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് അനുവദിക്കപ്പെട്ട കാര്‍ബണ്‍ഡയോക്‌സയിഡിന്റെ ഉത്പാദനം കുറയ്ക്കുന്ന വ്യവസായ യൂണിറ്റിന് അനുവദിക്കുന്ന ക്രെഡിറ്റാണ് കാര്‍ബണ്‍ ക്രെഡിറ്റായി പരിഗണിക്കുന്നത്. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന യൂണിറ്റിനുപകരമായി വിലകൊടുത്ത് ഈ ക്രെഡിറ്റ് വാങ്ങാനുള്ള മാര്‍ക്കറ്റ് സമ്പ്രദായവും ഇതിന്‍റെ ഭാഗമാണ്. മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഈ ക്രെഡിറ്റ് വര്‍ദ്ധിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. ഈ സമ്പ്രദായം കാര്യമായി വിജയിക്കാന്‍ സാധ്യതയില്ലെന്ന അഭിപ്രായമാണ് പല ചിന്തകര്‍ക്കുമുള്ളത്.
ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗ്ഗമനം കുറയ്ക്കുന്നതിനുവേണ്ടി സ്വീകരിക്കുന്ന വേറൊരു സമീപനമാണ് പ്രതിശീര്‍ഷ കാര്‍ബണ്‍ നിര്‍ഗമനത്തിന്റെ തോത് അളന്നുതിട്ടപ്പെടുത്തുകയെന്നത്. ലളിതജീവിതം നയിക്കുന്നവരുടെ കാര്‍ബണ്‍ ഫുട്പ്രിന്‍റ് താരതമ്യേന ആര്‍ഭാടജീവിതം നയിക്കുന്നവരുടെതില്‍നിന്ന് കുറവായിരിക്കും. ഒരാള്‍ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളുടെ ഉത്പാദനപ്രക്രിയയില്‍ നിര്‍ഗമിക്കുന്ന വാതകങ്ങളുടെ കണക്കാണ് പ്രധാനമായും ഈ വിലയിരുത്തലിന് ആധാരം. ഉദാഹരണത്തിന് ഇരുമ്പും ഉരുക്കും സിമന്റും നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന കല്‍ക്കരിയും ഡീസലും വളരെയേറെ കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമിപ്പിക്കുന്നുണ്ട്. ഓരോരുത്തരും അവ ഉപയോഗിക്കുന്ന തോതനുസരിച്ചു അയാളുടെ കാര്‍ബണ്‍ ഫുട്പ്രിന്‍റ് കൂടിയും കുറഞ്ഞുമിരിക്കും.
ആര്‍ഭാട ഭവനം, വലിയ വാഹനം, വിലപിടിപ്പുള്ള വസ്ത്രാലങ്കാരങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം ഒരു വ്യക്തിയുടെ കാര്‍ബണ്‍ ഫുട്പ്രിന്‍റ് കൂടുതലാക്കും. ആഗോളതാപവര്‍ധനയില്‍ അയാളുടെ പങ്ക് വലുതായിരിക്കുമെന്നര്‍ത്ഥം. വടക്കേ അമേരിക്കയിലെ ഒരു പൗരന്‍റെ കാര്‍ബണ്‍ ഫുട്പ്രിന്‍റ് ഒരു വര്‍ഷം 17.5 മെട്രിക് ടണ്‍ ആയി കണക്കാക്കപ്പെടുമ്പോള്‍ ഇന്ത്യക്കാരന്റെത് 1.64 മെട്രിക് ടണ്‍ മാത്രമാണ്. എന്നാല്‍, ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ പൗരന്മാരുടെ കാര്‍ബണ്‍ ഫുട്പ്രിന്‍റ് വളരെ കൂടുതലാണ്.
ഹരിതഗൃഹവാതകങ്ങള്‍ നിര്‍ഗമിക്കുന്നതിന് ഇടവരുത്തുന്ന പ്രവര്‍ത്തനങ്ങളും ജീവിതശൈലികളും ഉപേക്ഷിക്കുകയാണ് ഒരു വ്യക്തിയുടെ കാര്‍ബണ്‍ ഫുട്പ്രിന്‍റ് കുറയ്ക്കാനുള്ള പൊതുവേയുള്ള മാര്‍ഗ്ഗം. താപസനിഷ്ഠയോടെ സമീപിക്കേണ്ട വിഷയമായി ഇതിനെ കാണാന്‍ ഇഷ്ടപ്പെടുന്നവരുണ്ടെന്നതു ശ്രദ്ധേയമാണ്. ‘കാര്‍ബണ്‍ ഫാസ്റ്റ്’ എന്ന് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നു.
പ്രായോഗികമായ ചില കാര്യങ്ങള്‍ ഉദാഹരണത്തിനായി ചൂണ്ടിക്കാണിക്കുന്നു. ജൈവരീതിയിലും പ്രാദേശികമായും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക. അകലെ നിന്ന് റോഡ്, വിമാനം, കപ്പല്‍ മാര്‍ഗ്ഗം കൊണ്ടുവരുന്ന ഭക്ഷണപദാര്‍ഥങ്ങളുടെയും മറ്റും ഉപയോഗം കാര്‍ബണ്‍ ഫുട്പ്രിന്റിന്‍റെ തോത് വര്‍ദ്ധിപ്പിക്കും എന്ന് ഓര്‍ത്തിരിക്കണം. പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാന്‍ ഒരു വ്യക്തി തീരുമാനിക്കുമ്പോള്‍ ലോക സമൂഹത്തോടും ഭാവി തലമുറയോടും കരുതല്‍ കാണിക്കുകയാണ്. അധികം പേര്‍ യാത്ര ചെയ്യാനില്ലെങ്കില്‍ കഴിയുന്നതും ചെറിയ വാഹനങ്ങള്‍ ഉപയോഗിക്കുക. ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും.
അന്തരീക്ഷതാപം കുറയ്ക്കുന്നതിന് ഇതുപോലെ നിരവധി കാര്യങ്ങള്‍ ചെയ്യാനാകും. പ്രകൃതിക്ക് ഒരു തരത്തിലും കോട്ടംവരുത്താത്ത പ്രകൃതിജന്യമായ ഊര്‍ജ്ജത്തിന്‍റെ ഉപയോഗം വ്യാപകമാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. സൂര്യപ്രകാശം, കാറ്റ്, ജലം, കടലിലെ ഓളം തുടങ്ങിയവയില്‍ നിന്ന് അവ ഉത്പാദിപ്പിക്കാനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗിക്കണം. ശാസ്ത്രത്തിന്‍റെയും വ്യാവസായിക മുന്നേറ്റത്തിന്‍റെയും നന്മകള്‍ നിരാകരിക്കാതെ അതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടാന്‍ പറ്റിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഭാവിതലമുറകളോടും ജീവജാലങ്ങളോടുമുള്ള നമ്മുടെ കടമയായി ഇതിനെ കാണണം. ഭൂമിക്ക് കുളിരേകാനുള്ള പ്രവര്‍ത്തനങ്ങള്‍ മനുഷ്യകുലത്തിനും സര്‍വ്വജീവജാലങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്ന ചിന്ത ഓരോരുത്തര്‍ക്കുമുണ്ടാകണം.
ആഗോളതാപനവും മലിനീകരണവും മനുഷ്യകുലത്തിനും സര്‍വ്വജീവജാലങ്ങള്‍ക്കും സൃഷ്ടിക്കുന്ന അതിരൂക്ഷമായ പ്രശ്നത്തിന് അതിവേഗം പരിഹാരം കണ്ടെത്തണമെന്ന ബോധ്യം വ്യാപകമാണിന്ന്. ഇതിന്‍റെ സൂചനയാണ് വര്‍ഷംതോറും ഏപ്രില്‍ 22-ന് ഭൗമദിനവും മാര്‍ച്ച് മാസത്തിലൊരിക്കല്‍ ഭൗമ മണിക്കൂറും ആചരിക്കുന്നതില്‍ ലോകം മുഴുവനും താല്‍പ്പര്യം കാണിക്കുന്നത്. 1970-ല്‍ ആരംഭിച്ച ഭൗമദിനാചരണത്തില്‍ ലോകത്തിലെ മിക്കവാറും രാജ്യങ്ങളും പങ്കുചേരുന്നുണ്ട്. 2007ല്‍ ആരംഭിച്ച ഭൗമ മണിക്കൂറാചരണം-ലൈറ്റുകള്‍ അണയ്ക്കല്‍-ആവേശത്തോടെ നടപ്പാക്കുന്നതിനും ലോകജനത മുമ്പോട്ടുവരുന്നു. ഭൂമിയെ സംരക്ഷിക്കുന്നതില്‍ മനുഷ്യകുലത്തിനുള്ള ഉത്തരവാദിത്വത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ഇവയുടെ ലക്ഷ്യം. ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം പരമാവധി കുറയ്ക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ഈ ആചരണങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
കടപ്പാട്: ബിഷപ്പ് തോമസ് ചക്യത്ത്
അവസാനം പരിഷ്കരിച്ചത് : 6/30/2020