ഇംഗ്ലീഷ് നാമം : സ്ക്വിരല്‍സ് ടെയ്ൽ
ശാസ്ത്രീയനാമം : Justicia betonica
കുടുംബം : Acanthaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : അമേരിക്ക, വെസ്റ്റിൻഡീസ്, ആഫ്രിക്ക, ഹവായ്, ഇന്ത്യ
പൂവിന്റെ ഇതളുകൾ പുറത്തോട്ട് തൂക്കിക്കിടക്കുന്ന രീതിയിൽ വിന്യസിച്ചിരിക്കുന്ന ഒരു കൂട്ടം ചെടികളെ കണ്ടിട്ടില്ലേ. ഒറ്റനോട്ടത്തിൽ ഇവ നാവ് നീട്ടിനിൽക്കുന്ന ഏതോ ജീവിയാണെന്ന് തോന്നിപ്പോവും. എന്നാൽ അതല്ല മറിച്ച് ഉദ്യാനങ്ങൾക്ക് ചാരുതയേകുന്ന കുറ്റിച്ചെടിയായ പടത്താമരയാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ ഇവരത്ര പടയൊന്നുമല്ല.
സമുദ്രനിരപ്പിൽനിന്നും ഏകദേശം 1000 അടി ഉയരത്തിലുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് പടത്താമര. അകാൻന്തസി കുടുംബത്തിൽപ്പെട്ട പടത്താമരയുടെ ജന്മദേശം അമേരിക്കയാണ്. ചിത്രശലഭങ്ങളെയും, പക്ഷികളെയും, വണ്ടുകളെയും ആകർഷിക്കാനും കീടങ്ങളെ അകറ്റിനിർത്താനുമുള്ള കഴിവ് പടത്താമരയെ മറ്റു സസ്യങ്ങളിൽനിന്നും വേർതിരിച്ചുനിർത്തുന്നു.
ഉഷ്ണ-മിതോഷ്ണ മേഖലകളിൽ തഴച്ചുവളരുന്ന പടത്താമര അമേരിക്കയെ കൂടാതെ ആഫ്രിക്ക, ഹവായ് എന്നിവിടങ്ങളിലും കണ്ടുവരുന്നു. ഇവയുടെ ഗണത്തിൽപ്പെട്ട ജകോബിനിയ (Jacobinia), ജൂവിഷ്യ (Juvicia) തുടങ്ങിയവ ശൈത്യകാലാവസ്ഥയിൽ വളരെ വിരളമായി മാത്രം കണ്ടുവരുന്നവയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഉദ്യാനസസ്യമായാണ് ഇവയെ വളർത്തുന്നത്.
നിത്യഹരിതസസ്യമായ പടത്താമര പരുപരുത്ത ഒരു കുറ്റിച്ചെടിയാണ്. ഏകദേശം രണ്ടര മീറ്റർ വരേ ഉയരത്തിൽ വളരുന്ന ഇതിന്റെ കാണ്ഡം നേർത്തതും നീലലോഹിത വർണ്ണത്തിലുമാണ്. ചെടിക്ക് വളർച്ചയെത്തുന്നതോടെ കാണ്ഡത്തിൽ നേരിയ വരകൾ പ്രത്യക്ഷമാകും. എളുപ്പത്തിൽ വളരുന്ന ഈ സസ്യം ശാഖോപശാഖകളോടുകൂടിയാണ് കാണപ്പെടുന്നത്. ഇവയുടെ ഇലക്ക് തെച്ചിയുടെ ഇലയോട് സാദ്യശ്യമുണ്ട്. പച്ചനിറത്തിൽ അറ്റം കൂർത്ത 9 മുതൽ 22 സെന്റീമീറ്റർ വരെ നീളമുള്ള ഈ ഇലകളിൽ അങ്ങിങ്ങായി നേർത്ത വരകൾ കാണാം. ഒരു കാണ്ഡത്തിൽ ഒന്നു മുതൽ മൂന്ന് വരെ പൂച്ചെണ്ടുകൾ ഉണ്ടാവും. ഓരോ പൂച്ചെണ്ടിലേയും പുഷ്പത്തിനടിയിലെ ഇല പോലുളള ഭാഗം (സഹപത്രം) വെളുത്ത നിറത്തിൽ പച്ച വരകളോടുകൂടി കാണപ്പെടുന്നു. ഇതിന് ഏകദേശം 15 മില്ലിമീറ്റർ നീളവും 10 മില്ലിമീറ്റർ വീതിയും ഉണ്ടായിരിക്കും. പൂമൊട്ടിനെ പൊതിഞ്ഞിരിക്കുന്ന ഭാഗം പച്ചനിറത്തിൽ തൊങ്ങലുപോലെ കാണുന്നു. വിരിഞ്ഞുവരുമ്പോൾ വെള്ളയോ ഇളം മഞ്ഞയോ നിറത്തിലുള്ള പൂക്കൾ പിന്നീട് റോസ് നിറമായി മാറും. വളർച്ചയെത്തിയ സസ്യങ്ങളുടെ പൂങ്കുലയിൽ മുഴപോലെയുള്ള ഭാഗത്താണ് പടത്താമരയുടെ വിത്ത് കാണപ്പെടുന്നത്. മിതമായ സൂര്യപ്രകാശത്തിൽ വളരുന്ന ഇവയിൽ വിത്ത് വഴിയും കാണ്ഡം മുറിച്ചുനട്ടും പുനരുൽപാദനം നടത്താം.
ഈർപ്പരഹിതമായ മണ്ണാണ് പടത്താമരക്ക് ഏറെ ഇഷ്ടം. വെള്ളം ഇവക്ക് അത്യാവശ്യഘടകമല്ലെങ്കിലും വേനൽക്കാലത്ത് ചെറിയ തോതില്‍ നനക്കുന്നത് പടത്താമരയുടെ വളർച്ച ത്വരിതഗതിയിലാക്കും. ബഹുവര്‍ഷിയായ പടത്താമര കഠിനമായ ശൈത്യകാലത്ത് പൂർണ്ണമായി നശിക്കുകയും മഴക്കാലത്ത് പെട്ടെന്ന് തഴച്ചുവളരുകയും ചെയ്യും.
പടത്താമരയുടെ പുഷ്പത്തിന്റെ മനോഹാരിത കാരണം വഴിവക്കുകളിലും വീട്ടുമുറ്റത്തും ഇവ നട്ടുപിടിപ്പിക്കാറുണ്ട്. നിരനിരയായി പൂത്തുനിൽക്കുന്ന പടത്താമരയെ ശൈത്യകാലങ്ങളിൽ വീടിനകം അലങ്കരിക്കാനായും ഉപയോഗിച്ചുവരുന്നു. ഒരു അലങ്കാരസസ്യമെന്നതിലുപരി നിരവധി ഔഷധഗുണമുള്ള ഒരു കുറ്റിച്ചെടി കൂടിയാണ് പടത്താമര.
ഇംഗ്ലീഷ്നാമം : ബ്രോഡ് ലീഫ് തൈം
ശാസ്ത്രീയനാമം : Coleus amboinicus
കുടുംബം : Lamiaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : മലേഷ്യ, കരീബിയൻ ദ്വീപ്, അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങൾ, തെക്കു കിഴക്കൻ ഏഷ്യ, ആഫ്രിക്ക
പനിക്കൂർക്ക ഈ പേരിൽ നിന്നു തന്നെ ഇവ ഔഷധയോഗ്യമാണെന്ന് മനസ്സിലായല്ലോ. ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്ന ചെറുസസ്യമാണ് പനിക്കൂർക്ക. കന്നിക്കൂർക്കൽ എന്നും ഇവ അറിയപ്പെടുന്നു. ഈസ്റ്റിൻഡീസ്, ആഫ്രിക്ക എന്നിവിടങ്ങളാണ് പനിക്കൂർക്കയുടെ ജന്മസ്ഥലം. എന്നാൽ ഇന്ന് മലേഷ്യയിലെ വനാന്തരങ്ങളിലും കരീബിയൻ ദ്വീപ്, തെക്കു കിഴക്കൻ ഏഷ്യ, അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഇത് ധാരാളമായി കണ്ടുവരുന്നു.
ഏകവർഷിയായും ബഹുവർഷിയായും പനിക്കൂർക്ക വളരാറുണ്ട്. ഇവ പടർന്നുവളരുന്ന സസ്യമാണെങ്കിലും കാണ്ഡത്തിന്റെ അഗ്രഭാഗം മുകളിലേക്ക് ഉയർന്നുനിൽക്കുന്നു. കാണ്ഡം മാംസളമായാണ് കാണപ്പെടുന്നത്. ശാഖോപശാഖകളായി പടർന്നു പിടിക്കുന്ന ഇവയുടെ ഇലകൾ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഇലകൾ ഇളം പച്ച നിറത്തിൽ അണ്ഡാകൃതിയിലായിരിക്കും. മാംസളമായ ഇലകളിൽ ധാരാളം ജലാംശവും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ എളുപ്പം പൊട്ടിക്കാൻ കഴിയും. ഇലയുടെ അഗ്രഭാഗം ദന്തുരമായാണ് കാണപ്പെടുന്നത്. ഈ ഇലകൾക്കു മുകളിലായി വെളുത്ത ഒരുതരം ചെറിയ രോമങ്ങളും കാണാം. ഇലകൾ ഏറെ സുഗന്ധവാഹികളാണ്. ഇലകൾ പൊഴിയുന്നതിനനുസരിച്ച് കാണ്ഡത്തിന്റെ മുകളിലായി ചെറുവളയങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. മൂപ്പുകൂടിയ ചെടിയുടെ ശാഖാഗ്രങ്ങളിലാണ് പൂക്കൾ കാണുന്നത്. ചെറുതും സുഗന്ധമുള്ളതുമായിരിക്കും. വസന്തകാലാരംഭത്തിലാണ് പൂക്കളുണ്ടാകുന്നത്.
കായികപ്രജനനംവഴിയാണ് പനിക്കൂർക്കയിൽ പുനരുൽപാദനം സാധ്യമാവുന്നത്. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടങ്ങളിൽ ഇവ സമൃദ്ധമായി വളരുന്നു. ജൂൺ-ജൂലായ് മാസങ്ങളിലാണ് ചെടി നട്ടുപിടിപ്പിക്കുന്നത്. ഇടത്തരം മണ്ണാണ് പനിക്കൂർക്ക വളരാൻ അനുയോജ്യം. കൃത്യമായ ജലസേചനം ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മണ്ണിന്റെ ഘടന അനുസരിച്ച് ഇവയുടെ ഇലകൾക്ക് വലുപ്പ വ്യത്യാസം കാണാറുണ്ട്.
ഭക്ഷ്യവിഭവമെന്നനിലയിലും ഔഷധമെന്നനിലയിലും ഏറെ ഉപയോഗങ്ങളുള്ള ഒരു ചെറുസസ്യമാണ് പനിക്കൂർക്ക. ജാവ, മലേഷ്യ എന്നിവിടങ്ങളിൽ പനിക്കൂർക്കയുടെ ഇലകൾ കറികളിലെ മുഖ്യ ചേരുവയാണ്. ഇലകളുടെ ഗന്ധം കറികൾക്കെല്ലാം പ്രത്യേക രുചി നൽകുന്നു. ഇന്ത്യയിൽ ഇവ ഔഷധച്ചായ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്. ഉള്ളിയുടെയോ ഇഞ്ചിയുടെയോ അഭാവത്തിൽ കറികൾക്ക് സ്വാദുനൽകാനും പനിക്കൂർക്ക നല്ലതാണ്. ആഫ്രിക്കയിൽ ഇവയുടെ ഇലകളുടെ സത്ത് മധുരപാനീയമായി ഉപയോഗിക്കാറുണ്ട്. മദ്യനിർമ്മാണത്തിനും പനിക്കൂർക്ക ഉത്തമമാണ്. ഇവയുടെ വേരുകളും ഇളംതണ്ടുകളും ദക്ഷിണ അമേരിക്കക്കാർക്ക് വിശിഷ്ടഭോജ്യമാണ്. പനിക്കൂർക്കയിൽ അടങ്ങിയിരിക്കുന്ന തൈമോൾ (Thymol) എന്ന രാസഘടകത്തിന്റെ സാന്നിധ്യമാണ് ഇവക്ക് ഔഷധഗുണം പ്രദാനംചെയ്യുന്നത്. കുട്ടികളുടെ ചികിത്സക്കാണ് കൂടുതലായും പനിക്കൂര്‍ക്ക ഉപയോഗിച്ചുവരുന്നത്. അതിനാൽതന്നെ ഏതൊരു വീട്ടിലെയും ഉദ്യാനങ്ങളിലും പറമ്പുകളിലും ഇവ കാണപ്പെടാറുണ്ട്. പിഞ്ചുകുട്ടികൾക്കുണ്ടാവുന്ന ജലദോഷം, പനി എന്നിവ. അകറ്റാനായി ഇവയുടെ ഇലകൾ പൊട്ടിച്ച് മൂർദ്ധാവിൽ വെക്കാറുണ്ട്. വിവിധ ആയുർവേദ മരുന്നുകളിലെ പ്രധാന ചേരുവയായും പനിക്കൂര്‍ക്ക ഉപയോഗിച്ചുവരുന്നു.
ഇംഗ്ലീഷ്നാമം : പീസ്
ശാസ്ത്രീയനാമം : Pisum sativum
കുടുംബം : Fabaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : യൂറോപ്പ്, ചൈന, ഇന്ത്യ, വടക്കേ അമേരിക്ക
പയർ എന്നു കേട്ടാൽ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ആഹാരവിഭവങ്ങളിലെ കറിയോ ഉപ്പേരിയാ അല്ലേ. പയറിന്റെ പെരുമ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഏകദേശം 8500 വർഷം മുമ്പ് തന്നെ ഇവ കൃഷി ചെയ്തതായി തെളിവുകളുണ്ട്. പയറുവിഭാഗത്തിൽ ഏകദേശം രണ്ടു മീറ്റർ ഉയരത്തിൽ വളരുന്ന ചെറുസസ്യമാണ് പട്ടാണിപ്പയർ. വള്ളിച്ചെടിയായി കാണുന്ന ഇവ ഇലകളിൽ നിന്നും ആരംഭിക്കുന്ന ചെറുതന്തുവിനാൽ മറ്റു വൃക്ഷങ്ങളിലാ തണ്ടുകളിലോ പറ്റിപ്പിടിച്ച് വളരുന്നു. ഇളംപച്ചനിറത്തിൽ ബലമുള്ള കാണ്ഡമാണിതിന്റേത്. കാണ്ഡം മൃദുലമായ രോമങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. ഇനങ്ങൾക്കനുസരിച്ച് ചെടിയുടെ വലുപ്പത്തിലും ഇലയുടെ ആകൃതിയിലും വ്യത്യാസം കാണാറുണ്ട്. പൊതുവെ വൃത്താകൃതിയിലോ ഹൃദയാകൃതിയിലോ ഉള്ള ഇലകൾ വളരെ മൃദുലമായിരിക്കും. എന്നാൽ ചിലയിനങ്ങളുടെ ഇലകൾ ബഹുമുഖങ്ങളായി കണ്ടുവരുന്നു.
മെയ് മുതൽ സെപ്തംബർ വരെയുള്ള മാസക്കാലമാണ് ഇവയുടെ പൂക്കാലം. ഇലകളേപ്പോലെ പൂക്കളിലും വ്യത്യാസമുണ്ടാവും. എന്നാൽ നിറത്തിലാണീ വ്യത്യാസം കൂടുതലും പ്രകടമാവുന്നതെന്നു മാത്രം. പൊതുവെ അഞ്ചിതളുകളോടുകൂടിയാണ് പൂവുകൾ കണ്ടുവരുന്നത്. ഇവയുടെ ഒരിതൾ വളരെ വലിപ്പമുള്ളതും രണ്ടിതളുകൾ വലിപ്പമേറിയതും മറ്റു രണ്ടെണ്ണം ചെറുതുമായിരിക്കും. വെള്ള, വയലറ്റ് നിറങ്ങളിൽ കാണപ്പെടുന്ന പൂക്കൾ ദ്വിലിംഗസ്വഭാവത്തോടുകൂടിയവയാണ്. ഷഡ്പദങ്ങളുടെയും ചെറുപ്രാണികളുടെയും സഹായത്താലാണ് പൂക്കളിൽ പരാഗണം നടക്കുന്നത്. ഇളം പച്ചനിറത്തിൽ നീളമുള്ള ഫലങ്ങളാണ് പട്ടാണിപ്പയറിന്റെത്. ഗോളാകൃതിയിലോ ദീർഘവൃത്താകൃതിയിലോ ആണ് വിത്തുകൾ കാണപ്പെടുന്നത്. മുത്തുകൾ കോർത്തിട്ടതുപോലെ കാണപ്പെടുന്ന വിത്തുകൾ ആരംഭത്തിൽ ഇളം പച്ചനിറത്തിലും പാകമാവുമ്പോൾ കടുത്ത പച്ചനിറത്തിലോ തവിട്ടുനിറത്തിലോ ആയിരിക്കും.
വിത്തിലൂടെയാണ് പട്ടാണിപ്പയറിൽ പുനരുൽപാദനം നടക്കുന്നത്. ജൂലായ്-ഒക്ടോബർ മാസത്തോടു കൂടി വിത്തുകൾ പാകമാവുന്നു. ശൈത്യകാലത്തിന്റെ അവസാനത്തോടെയോ വേനൽക്കാലത്തിന്റെ ആരംഭത്തോടെയോ വിത്ത് നടാവുന്നതാണ്. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഇവക്ക് ക്യത്യമായ ജലസേചനം ആവശ്യമാണ്. ഇവയുടെ വേരിലെ മുഴപോലെയുള്ള പ്രത്യേക ഭാഗങ്ങൾ മണ്ണിലെ റൈസോബിയം ബാക്ടീരിയയുടെ സഹായത്തോടെ അന്തരീക്ഷത്തിലെ നൈട്രജൻ ആഗിരണം ചെയ്യാൻ കഴിവുള്ളവയാണ്. ഇങ്ങനെ ആവശ്യത്തിനു നെടജൻ ലഭിക്കുന്നതോടൊപ്പം ഇവ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ ഇവയെ ആവരണവിളയായി വളർത്താറുണ്ട്. തണലത്ത് വളരാൻ സാധിക്കുമെന്നതും ഇതിനൊരു കാരണമാണ്. പട്ടാണിപ്പയർ ഭക്ഷണാവശ്യത്തിനാണല്ലോ പ്രധാനമായും ഉപയോഗിക്കുന്നത്. ഇലകളും പയറും വേവിച്ചും കഴിക്കാറുണ്ട്. കൂടാതെ സൂപ്പുണ്ടാക്കാനും ഇവ ഉപയോഗിക്കുന്നു. പ്രോട്ടീനുകളുടെ കലവറയാണ് പയറുവർഗ്ഗങ്ങൾ. ഫലത്തിന്‍റെ പുറന്തോട് നന്നായി ഉണങ്ങുമ്പോഴാണ് വിളവെടുപ്പ് നടത്തുന്നത്.
പട്ടാണിപ്പയറിനു ധാരാളം ഔഷധഗുണങ്ങളുമുണ്ട്. ഉണക്കിപ്പൊടിച്ചത് മുഖക്കുരുവിനും മറ്റ് ത്വക്ക് രോഗങ്ങള്‍ക്കും പ്രതിവിധിയാണ്. വിത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന എണ്ണ ഗർഭധാരണം തടയുന്നതിന് ഉപയോഗിക്കാറുണ്ട്.
ഇംഗ്ലീഷ് നാമം : നൈറ്റ് ജാസ്മിൻ
ഹിന്ദിനാമം : സിയോളി, ഹർഷിൻഗർ
സംസ്കൃതനാമം : പാരിജാതം
മറ്റു പേരുകൾ : രാത്രിമുല്ല
ശാസ്ത്രീയനാമം : Nyctanthes arbortristis
കുടുംബം : Oleaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ബർമ്മ, ഇന്ത്യ, ചൈന,
പല ഐതിഹ്യങ്ങളുള്ള ഒരു ചെറുസസ്യമാണ് പവിഴമല്ലി. ദേവാസുര യുദ്ധകാലത്ത് പാൽക്കടൽ കടയുമ്പോൾ ഒരു പൂവ് കിട്ടിയെന്നും ആ പുഷ്പമാണ് പവിഴമല്ലി എന്നും പറയപ്പെടുന്നു. ഇതോടെ സംസ്കൃതത്തിൽ ഇതിന് പാരിജാതം എന്ന പേരും വന്നു. ശ്രീകൃഷ്ണന്റെ പത്നിമാരുടെ കലഹവും പവിഴമല്ലി തീർത്തിട്ടുണ്ടത്രേ. ശ്രീകൃഷ്ണപത്നിയായ സത്യഭാമയുടെ ഉദ്യാനത്തിൽ പവിഴമല്ലി നടുകയുണ്ടായി. പെട്ടെന്നു പുഷ്പിച്ചു വന്ന ഈ ചെടിയിലെ പൂക്കൾ മറ്റൊരു പത്നിയായ രുഗ്മിണിയുടെ ഉദ്യാനത്തിലേക്ക് കൊഴിയുകയും ചെയ്തു. അതോടെ ഇവർ തമ്മിലുണ്ടായിരുന്ന കലഹം തീർന്നുവെന്നും ഐതിഹ്യത്തിൽ പറയുന്നു. സ്വർഗത്തിൽനിന്ന് വന്ന പുഷ്പമായതുകൊണ്ട് ഇത് സ്വർഗ്ഗീയപുഷ്പം എന്നും അറിയപ്പെടുന്നു. രാത്രി ഉണ്ടാവുന്ന ഈ പൂക്കൾ സൂര്യൻ ഉദിക്കുമ്പോഴേക്കും കൊഴിഞ്ഞു വീഴുന്നതിനാൽ രാത്രിമുല്ല എന്ന പേരും ഇതിനു യോജിച്ചതു തന്നെ. ഇന്ത്യയെക്കൂടാതെ ബർമ്മ, ചൈന എന്നിവിടങ്ങളിലും ഈ സസ്യം കണ്ടുവരുന്നു. മിത-ശീതോഷ്ണ മേഖലകളിലാണ് പവിഴമല്ലി കൂടുതലായും വളരുന്നത്. എങ്കിലും ഹിമാലയംപോലുള്ള വനമേഖലകളിൽ ഈ ചെടി ധാരാളമായി കാണപ്പെടുന്നു. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശം ഒഴിച്ച് മറ്റേതു സ്ഥലത്തും ഈ സസ്യം നന്നായി വളരുന്നു. പവിഴമുല്ല എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു.
ഏകദേശം രണ്ടു മുതൽ അഞ്ചു മീറ്റർ വരെ ഉയരം വെക്കുന്ന ചെറുസസ്യമാണ് പവിഴമല്ലി. ശാഖോപശാഖകളായി വളരുന്ന ഇതിന്റെ തണ്ട് ഉറപ്പുകൂടിയതായിരിക്കും. ഇരുണ്ട പച്ചനിറത്തിലുള്ള ഇലയുടെ മുകൾഭാഗം പരുപരുത്തതാണ്. കൊമ്പുകൾക്കിരുവശത്തുമായി ഇലകൾ വിന്യസിച്ചിരിക്കുന്നു. ഇലകൾ മറ്റു ചെടികൾക്ക് വളമായും ഉപയോഗിക്കാറുണ്ട്. വളരെ ആഴത്തിൽ വളരുന്ന കട്ടിയുള്ള വേരുകളാണ് പവിഴമല്ലിയുടേത്. പടർന്നു കിടക്കുന്ന ഈ വേരുകൾ ചെടിയെ ശക്തമായ കാറ്റിലും സംരക്ഷിച്ചുനിർത്തുന്നു.
അഞ്ചോ ആറോ ഇതളുകളുള്ള വെളുത്ത പൂക്കളാണ് പവിഴമല്ലിയുടേത്. പൂവിന് നടുക്കായി ഓറഞ്ച് നിറവും കാണാൻ കഴിയും. ഇതിന്റെ പൂഞെട്ടും ഓറഞ്ചുനിറത്തിൽ കാണപ്പെടുന്നു. പൂവ് കൊഴിഞ്ഞ ഞെട്ടിലാണ് പവിഴമല്ലിക്ക് ഫലങ്ങൾ ഉണ്ടാവുന്നത്. വൃത്താകൃതിയിലുള്ള ഒരു ഫലത്തിനകത്ത് രണ്ടോ മൂന്നോ വിത്തുകൾ കാണപ്പെടുന്നു. വിത്ത് മുളപ്പിച്ചും കൊമ്പു മുറിച്ചു നട്ടും പവിഴമല്ലിയിൽ പുനരുൽപാദനം നടത്താം. നല്ല സൂര്യപ്രകാശവും വെള്ളവും ഇതിന്റെ വളർച്ചക്കാവശ്യമാണ്. പൂന്തോട്ടങ്ങളിലും ഈ ചെടി വളർത്താറുണ്ട്. മറ്റ് ചെടികളെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിച്ചുനിർത്തുന്നതിനാൽ പൂന്തോട്ടത്തിന്‍റെ കാവല്‍ക്കാരന്‍ എന്ന പേരിലും ചില സ്ഥലങ്ങളിൽ പവിഴമല്ലി അറിയപ്പെടുന്നു.
ഉദ്യാനങ്ങള്‍ക്ക് മനോഹാരിത നല്‍കുന്നതോടൊപ്പം ഔഷധനിര്‍മ്മാണരംഗത്തും പവിഴമല്ലി മികവ് പുലര്‍ത്തുന്നു. ആയുര്‍വ്വേദചികിത്സയില്‍ ഇതിന്‍റെ ഇലയും പൂവും വിത്തും ഉപയോഗിക്കുന്നുണ്ട്. വിട്ടുമാറാത്ത തലവേദന, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് പവിഴമല്ലിയുടെ വിത്തും ഇലയും ചേര്‍ത്തുണ്ടാക്കുന്ന മരുന്നുകള്‍ ഉത്തമമാണ്. ചില സ്ഥലങ്ങളില്‍ സുഗന്ധലേപനങ്ങള്‍ ഉണ്ടാക്കാനും പവിഴമല്ലിയുടെ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. പകല്‍ പൂവില്ലാതെ ദുഖിതനായി കാണപ്പെടുന്ന ഈ ചെടിയുടെ തണ്ട് വിറകായും ഉപയോഗിക്കാറുണ്ട്.
ഇംഗ്ലീഷ് നാമം : കാറ്റ്സ് വിസ്ക്കേഴ്സ്
ശാസ്ത്രീയ നാമം : Orthosiphon stamineus
കുടുംബം : Lamiaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : കിഴക്കൻ ഏഷ്യ
പറഞ്ഞുവരുന്നത് പൂച്ചയുടെ മീശയെക്കുറിച്ചല്ല. പൂച്ചമീശ എന്ന ചെറുസസ്യത്തെ പറ്റിയാണ്. പേരിലെ കൗതുകംപോലെ ഒട്ടേറെ സവിശേഷതകളുള്ള സസ്യമാണ് പൂച്ചമീശ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഇതിന്റെ ജന്മദേശം കിഴക്കൻ ഏഷ്യയാണെന്ന് പറയപ്പെടുന്നു. കാറ്റ്സ് വിസ്കേഴ്സ് (cat's whiskers) എന്ന പേരിലാണ് പാശ്ചാത്യരാജ്യങ്ങളിൽ പൂച്ചമീശ അറിയപ്പെടുന്നത്. പൂച്ചയുടെ താടിരോമവുമായി പൂക്കൾക്കുള്ള സാദ്യശ്യമാണ് ഇവക്ക് ഈ പേരു ലഭിക്കാൻ കാരണം, ഈ ചെടി ഉപയോഗിച്ച് ഔഷധമൂല്യമുളള ചായ നിർമ്മിക്കുന്നതിനാൽ ജാവാ ടീ (Java lea) എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടോടെയാണ് പൂച്ചമീശ എന്ന ചെടി സർവ്വസാധാരണമായത്.
ഏകദേശം 15 മുതൽ 25 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെറുസസ്യത്തെ അപൂർവ്വമായേ കാണാറുള്ളു. ബലംകുറഞ്ഞ തണ്ടുകളാണ് ഇവയുടേത്. തണ്ടുകളിൽ ഒന്നിടവിട്ട് ഇലകൾ വിന്യസിച്ചിരിക്കുന്നു. കട്ടിയേറിയ ഇലകൾ പച്ചനിറത്തിലും തവിട്ടുനിറത്തിലും കാണാറുണ്ട്. ഇലകളുടെ അഗ്രഭാഗം ദന്തുരമാണ്. തവിട്ടു നിറത്തിൽ കാണപ്പെടുന്ന പൂച്ചമീശയുടെ ഇലയും തണ്ടുകളും ഒരേ നിറത്തിൽ കാണപ്പെടുന്നു. ശാഖാഗ്രങ്ങളിലായാണ് പൂക്കൾ വിരിയുക. പൂക്കളാകട്ടെ വലിയ തണ്ടുകളിൽ മുകളിലേക്ക് ഉയർന്ന രീതിയിലാണ് വിന്യസിച്ചിരിക്കുന്നത്. ഇളം വയലറ്റ് നിറമാണിവക്ക്. എന്നാൽ വർഗ്ഗവ്യത്യാസമനുസരിച്ച് ഇവക്ക് വെളുത്ത പൂക്കളും കാണാറുണ്ട്. പൂക്കൾക്കിടയിൽ നീളത്തിലുള്ള കേസരങ്ങളും കാണാം. ഈ കേസരങ്ങളാണ് പൂക്കൾക്ക് ഭംഗി പ്രദാനംചെയ്യുന്നത്. മ്യദുലമായ വെളുത്ത കേസരങ്ങളും പൂച്ചയുടെ മീശയോട് സാമ്യം തോന്നിക്കുന്നു. പൂക്കൾ സുഗന്ധവാഹികളല്ലെങ്കിലും പക്ഷികളെയും പൂമ്പാറ്റകളെയും ഏറെ ആകർഷിക്കുന്നവയാണിവ. മഴക്കാലത്തിന്റെ ആരംഭത്തിലാണ് പൂച്ചമീശക്ക് പൂക്കൾ വിരിയുന്നത്. ഇവയ്ക്ക് വിത്തുകളും കാണപ്പെടാറുണ്ട്. ഈ വിത്തുകൾ വഴിയും ചെടിയുടെ തണ്ടുകൾ മുറിച്ചു നട്ടും പുനരുൽപാദനം സാധ്യമാവുന്നു.
ഇവ വളരുന്നതിനായി നല്ല ജലസേചനം ആവശ്യമാണ്. കൂടാതെ ഇടക്കിടെയുള്ള വളപ്രയോഗങ്ങളും ഗുണംചെയ്യുന്നു. ഏതു മണ്ണിലും വളരുന്ന ചെടിയാണ് പൂച്ചമീശ. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്തും തണലത്തും ഇവ വളരാറുണ്ട്. പൂച്ചമീശയുടെ വർഗ്ഗത്തിൽപ്പെട്ട ധാരാളം ചെടികൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഔഷധഗുണം ഏറെ അടങ്ങിയതാണ് പൂച്ചമീശ. ഇവയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ജാവ ടീയെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചല്ലോ. ഇവ ഏറെ ഔഷധദായകമത്രേ, സ്വാദേറിയ ഈ ചായ മറ്റ് ചായയേക്കാള്‍ ഗുണം പ്രദാനംചെയ്യുന്നു. പൂച്ചമീശയുടെ ഇലകൾ ചൂടുള്ള വെള്ളത്തിൽ വേവിച്ചെടുത്തശേഷം തേനോ പാലോ ചേർത്തും കഴിക്കാം. ഇത് ശരീരത്തിന് ഏറെ ഗുണപ്രദമാണ്. ഉണക്കിപ്പൊടിച്ച ഇലയിൽനിന്നും ചായ നിർമ്മിക്കാറുണ്ട്. ഇത്തരത്തിലുള്ള ചായപ്പൊടികൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇലകള്‍ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാം. ഇതിന് വ്യാവസായികമായി ഏറെ മൂല്യമുണ്ട്.
പൂച്ചമീശയുടെ പൂക്കൾകൊണ്ട് നിര്‍മ്മിക്കുന്ന ഔഷധം മൂത്രാശയരോഗങ്ങൾക്ക് ഉത്തമമാണ്. കൂടാതെ പ്രമേഹം, വൃക്കയുടെ തകരാര്‍, രക്തസമ്മര്‍ദം, സന്ധിവേദന എന്നീ രോഗങ്ങള്‍ക്കും ഈ ഔഷധം ഉപയോഗിച്ചുവരുന്നു. അങ്ങനെ ഒട്ടേറെ പ്രത്യേകതകളും ഗുണങ്ങളുമുള്ള സസ്യമായി പൂച്ചമീശ വളരുന്നു.
ശാസ്ത്രീയനാമം : Vernonia cinerea
കുടുംബം : Asteraceae
കാണപ്പെടുന്ന പ്രദേശങ്ങൾ : തെക്കുകിഴക്കൻ ഏഷ്യ, മലേഷ്യ, ഓസ്ട്രേലിയ,
ന്യൂസിലാന്റ്, അമേരിക്ക
അപ്പൂപ്പന്‍താടിയോട് സമാനതയുള്ള പൂക്കളുമായി തൊടികളിലും ഇടവഴിയോരങ്ങളിലും നാണംകുണുങ്ങി നില്‍ക്കുന്ന ഒരു പാവം സസ്യത്തെ കണ്ടിട്ടില്ലേ. ബാല്യകാലത്ത് അപ്പൂപ്പൻ താടിക്ക് പുറകെ ഓടി നിരാശരാവുമ്പോൾ നമ്മള്‍ പൂവാംകുറുന്തലിന്റെ ചെറിയ പൂക്കൾ പറിച്ചെടുത്ത് പറപ്പിക്കാൻ ശ്രമിച്ചത് കുട്ടികാലത്തിന്റെ നിറമാർന്ന ഓർകളാണ്. ഇത്തരത്തിലുളള പൂവാംകുറുന്തലിന്റെ പ്രധാന പ്രത്യേകതകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്ന സസ്യമാണ് പൂവാംകുറുന്തൽ. തെക്കുകിഴക്കൻ ഏഷ്യ, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിലും ഇന്നിവ വ്യാപകമായി കണ്ടുവരുന്നു. തുറസ്സായ പ്രദേശങ്ങളിലും വയലുകളിലും പാതയോരങ്ങളിലും സുലഭമായി കാണപ്പെടുന്ന കളസസ്യമാണിവ. ആയുർവേദ സംസ്ക്യത കൃതികളിലെല്ലാം പൂവാംകുറുന്തലിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദശപുഷ്പത്തിലെ ഒരംഗമാണിത്. ഏകദേശം 30 മുതൽ 45 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുസസ്യമാണ് പൂവാംകുറുന്തൽ. ഇവയുടെ തണ്ടുകള്‍ ലോലവും എളുപ്പം ഒടിക്കാൻ പറ്റുന്നവയുമാണ്. അണ്ഡാകൃതിയിലുള്ള ചെറിയ ഇലകൾ കടുംപച്ചനിറത്തിൽ കാണപ്പെടുന്നു. ശാഖകൾക്കിടയിൽ ഒന്നിടവിട്ടാണ് ഇലകൾ വിന്യസിച്ചിരിക്കുന്നത്. ചില ചെടികളില്‍ ഇലകൾ കൂട്ടത്തോടെയും കാണാറുണ്ട്. ശാഖകളിൽനിന്നും വേർപിരിഞ്ഞ രീതിയിലാണ് പൂക്കൾ കാണപ്പെടുന്നത്. ചില ചെടികളിൽ ഇലകളെല്ലാം കൊഴിഞ്ഞ ശേഷവും പൂക്കൾ ഉണ്ടാവാറുണ്ട്. ഒരു ദിവസത്തെ ആയുസ്സേ ഈ പൂക്കൾക്കുള്ളൂ. നൂൽ പോലെ നേർത്ത ഇതളുകളായതിനാൽ ഒരു ചെറുകാറ്റ് തട്ടിയാല്‍പ്പോലും ഈ ഇതളുകൾ പറന്നുപോകും. റോസ് കലർന്ന വയലറ്റ് നിറങ്ങളിലും വെള്ളനിറത്തിലും പൂക്കൾ കാണാറുണ്ട്. ഇവക്ക് വിത്തുകളും ഉണ്ടാവാറുണ്ട്. ഈ വിത്തുകൾ വഴിയാണ് ചെടിയുടെ പുനരുൽപാദനം നടക്കുന്നത്.
പാതയോരങ്ങളിലും പറമ്പുകളിലും കാണുന്ന ഒരു തരം കളസസ്യമാണ് പൂവാംകുറുന്തൽ എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. എന്നാൽ ഔഷധഗുണം കണക്കിലെടുത്ത് ഉദ്യാനങ്ങളിലും ഇവ വളർത്താറുണ്ട്. ധാരാളം ഔഷധമൂല്യമുള്ള ചെടിയാണ് പൂവാംകുറുന്തൽ. ചെടിയിൽനിന്നും വേർതിരിച്ചെടുക്കുന്ന ജ്യൂസ് കുട്ടികൾക്ക് മൂത്രസംബന്ധമായ രോഗങ്ങൾക്ക് അത്യുത്തമമാണ്. ഇലകളും പൂക്കളും ചേർത്തുണ്ടാക്കുന്ന കഷായം വയറിളക്കം, ചുമ, കഫക്കെട്ട് എന്നിവക്കെല്ലാം ഉത്തമമത്രേ. പൂവാംകുറുന്തലിന്റെ വിത്തിൽ ഫാറ്റി ഓയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിഷഹാരിയായും അണുനാശിനിയായും ഇവ ഉപയോഗിക്കുന്നുണ്ട്. വെള്ളപ്പാണ്ടകറ്റാൻ ആയുര്‍വേദം ഉത്തമൗഷധമായി പൂവാംകുറുന്തലിനെ ഉപയോഗിക്കാറുണ്ട്. ഇവയിൽ നിന്നും ബി-അമിറിൻ ബി-അമിറിൻ ബെന്‍ലേറ്റ്, ല്യൂപോൾ, ബി-സിറോസ്റ്റിറോൾ, സിഗ്മാസ്റ്റിറോൾ എന്നീ രാസഘടകങ്ങൾ വേർതിരിച്ചെടുക്കുന്നുണ്ട്. ഈ ഘടകങ്ങൾ തന്നെയാണ് ചെടിക്ക് ഔഷധഗുണം പ്രദാനം ചെയ്യുന്നതും. ആയുർവേദ കൃഷിയിടങ്ങളിലും ഉദ്യാനങ്ങളിലും നിത്യേന കാണപ്പെടുന്ന ഔഷധച്ചെടിയാണിവ. ഇവ ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളും കഷായങ്ങളും ഇന്ന് വിപണിയിൽ സുലഭമാണ്.
ഇംഗ്ലീഷ്നാമം : ഫെഡ്ഗോസ
ഹിന്ദിനാമം : കനക
സംസ്കൃതനാമം : ബന്ധുക
ശാസ്ത്രീയനാമം : Cassia occidentialis
കുടുംബം : Caesalpinioideae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഓസ്ട്രേലിയ ഒഴികെയുള്ള രാജ്യങ്ങൾ
ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ചെറുസസ്യമാണ് പൊന്നവീരം. പുരാതന ഗ്രീക്കുകാർ അണുനാശക സസ്യമായാണ് ഇവ വളർത്തിയത്. കോഫി സെന്ന (coffee cenna) എന്ന അപരനാമത്തിലും ഇവ അറിയപ്പെടുന്നു. അമേരിക്കയാണ് ഇവയുടെ ജന്മദേശം. ഇന്ന് ഓസ്ട്രേലിയ ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളിലും പൊന്നവീരം കാണപ്പെടുന്നു. കെനിയ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് കൂടുതലായും ഇവ കണ്ടുവരുന്നത്.
ഏകദേശം മൂന്ന് മീറ്റർ ഉയരത്തിൽ വളരുന്ന ചെറുസസ്യമാണ് പൊന്നവീരം. ഇവയുടെ തണ്ടുകൾ ബലമേറിയതും രോമാവൃതവുമായിരിക്കും. കട്ടിയേറിയ ഇലകൾ കടുംപച്ചനിറത്തിൽ കാണപ്പെടുന്നു. തണ്ടുകൾക്ക് സമ്മുഖമായാണ് ഇലകൾ വിന്യസിച്ചിരിക്കുന്നത്. ഒരു ഇലഞെട്ടിൽ തന്നെ അഞ്ചോ ആറോ ഇലകൾ വീതം ക്രമീകരിച്ചിരിക്കുന്നു. ഇലകൾ അണ്ഡാകൃതിയിലായിരിക്കും. അഞ്ചിതളുകൾ വീതമുള്ള പൂക്കൾ ശാഖാഗ്രങ്ങളിലായി കാണപ്പെടുന്നു. നല്ല മഞ്ഞ നിറത്തിൽ കാണപ്പെടുന്ന ഈ പൂക്കൾ സുഗന്ധവാഹികളല്ല. തണ്ടുകൾക്കിടയിലായി പയറുവിത്തിന്റെ ആക്യതിയിൽ ഇതിന് ഫലങ്ങൾ രൂപപ്പെടുന്നു. അരിവാളിന്റെ ആകൃതിയിലാണ് ഫലത്തിന്റെ കവചം. ഇവക്കുകളിലായി അനേകം വിത്തുകളും കാണാം. വിത്ത് മുളച്ചും ശാഖകൾ മുറിച്ചു നട്ടും ചെടിയിൽ പുനരുൽപാദനം നടക്കുന്നു.
എല്ലാതരം മണ്ണിലും വളരുന്ന ചെറുസസ്യമാണ് പൊന്നവീരം. വളരുന്നതിനായി നല്ല സൂര്യപ്രകാശം ആവശ്യമാണെങ്കിലും തണലത്തും ഇവക്ക് വളരാൻ കഴിയും. കീടങ്ങളുടെ ആകമണം എളുപ്പം ബാധിക്കുന്ന ഒരു ചെടി കൂടിയാണിത്.
പൊന്നവീരത്തിന്റെ ഇലകളും പൂക്കളും വിത്തും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് കറിയും ഉപ്പേരിയും ഉണ്ടാക്കാറുണ്ട്. കൂടാതെ വിത്തുകൾ ഉണക്കിപ്പൊടിച്ച് അതുകൊണ്ട് ചായയും ഉണ്ടാക്കാം. ഇവയുടെ ഈ ഉപയോഗം കൊണ്ടുതന്നെയാണ് കോഫി സെന്ന എന്ന പേരു ലഭിക്കാൻ കാരണം. പൊന്നവീരത്തിന്റെ വിത്ത് കയ്പു സ്വഭാവമുള്ളവയാണ്.
ഒട്ടേറെ ഔഷധഗുണങ്ങളും പൊന്നവീരത്തിനുണ്ട്. ആയുർവേദവിധിപ്രകാരം ഇവയുടെ വിത്തുകൾ കൊണ്ടുണ്ടാക്കിയ കോഫി സെന്ന കുടിച്ചാൽ തൊണ്ടയിലെ അസുഖങ്ങൾ, ചുമ, കഫക്കെട്ട് എന്നിവ പെട്ടെന്ന് ശമിക്കുന്നു. കൂടാതെ കടുത്തപനി, തലവേദന എന്നിവക്കും ഇത് ഉത്തമമാണ്. ഇവയുടെ ഇലകൾ പാമ്പിൻ വിഷം അകറ്റാന്‍ ഉത്തമമത്രേ. അനീമിയ, കരൾ രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ്, വയറിളക്കം എന്നിവക്കും നല്ലൊരു ഔഷധമാണിത്. ഇതിലടങ്ങിയിരിക്കുന്ന ആന്ത്രാക്വുനോൺസ് (anthrquinones) ഇമോഡിന്‍ ഗ്ലൈക്കോസൈഡ്സ് (emodin glycocides) ടാക്സാല്‍ബുമിന്‍സ് (taxalbumins) എന്നീ രാസഘടകങ്ങളാണ് ഇവയ്ക്ക് ഔഷധഗുണം പ്രദാനം ചെയ്യുന്നത്.
പൊന്നവീരത്തിന്‍റെ അതേ കുടുംബത്തില്‍പ്പെട്ട മറ്റൊരു ചെറുസസ്യമാണ് പൊന്നംതകര. ഇവ പൊന്നവീരത്തിന്‍റെ സവിശേഷസ്വഭാവം കാണിക്കുന്നവയാണെങ്കിലും ചെടിയുടെ വലുപ്പത്തിലും മറ്റും വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. ഏകദേശം രണ്ടു മീറ്റര്‍ ഉയരത്തിലാണ് പൊന്നവീരം വളരുന്നത്. ഇലകളെല്ലാം ഒരേ വലിപ്പത്തിലും രൂപത്തിലുമായിരിക്കും. പൂക്കള്‍ ശാഖാഗ്രങ്ങളിലായി പിങ്ക് നിറത്തില്‍ കാണപ്പെടുന്നു. പൂക്കളുടെ നിറവ്യത്യാസം മനസ്സിലാക്കിയാണ് ഇവ രണ്ടും തിരിച്ചറിയുന്നത്.
ഇംഗ്ലീഷ്നാമം : വാട്ടര്‍ ഹൈസോപ്പ്
ഹിന്ദിനാമം : ബറാമി, ജല്‍ഭൂതി
സംസ്കൃതനാമം : ഇന്ദ്രവല്ലി
ശാസ്ത്രീയനാമം : Bacopa monnieri
കുടുംബം : Scrophulariaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ചൈന, തായ്‌വാന്‍, അമേരിക്ക
പാടത്തും പറമ്പിലുമെല്ലാം പടർന്ന് വളരുന്ന ബ്രഹ്മിയെന്ന കൊച്ചുസസ്യത്തെ കാണാത്തവരുണ്ടാവില്ല. കളസസ്യമായി വളരുന്ന ഈ കുഞ്ഞുചെടിയുടെ ഔഷധഗുണം പണ്ടുതന്നെ നാം തിരിച്ചറിഞ്ഞിരുന്നു. ഭാരതത്തിൽ പരമ്പരാഗതമായി നവജാതശിശുക്കൾക്ക് നൽകിവരുന്ന ഔഷധമാണ് ബ്രഹ്മി. ബുദ്ധിപരമായ വളർച്ചയിലേക്കുള്ള വാതിലായും ഇതിനെ കണക്കാക്കുന്നു.
ചതുപ്പുനിലങ്ങളിലാണ് ബ്രഹ്മി വ്യാപകമായി കാണപ്പെടുന്നത്. ബഹുവർഷിസസ്യമായ ഇവ ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ചൈന, തായ്വാൻ, അമേരിക്കയിലെ ഫ്ളോറിഡ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. നിലത്ത് പടർന്നുവളരുന്ന ഇവ ശുദ്ധജലത്തിലും നേരിയ ഉപ്പുരസമുള്ള വെള്ളത്തിലും വരുന്നു. ഉറപ്പില്ലാത്ത നേരിയ നാരുവേരുപടലമാണ് ബ്രഹ്മിയുടേത്. നീളത്തിൽ വളരുന്ന കാണ്ഡത്തിലെ മുഴകളിലാണ് വേരു മുളക്കുന്നത്. ഉറപ്പില്ലാത്തതും എളുപ്പത്തിൽ പൊട്ടിപ്പോവുന്നതുമായ കാണ്ഡമാണ് ബ്രഹ്മിയുടേത്. മെറൂൺ കലർന്ന പച്ചനിറത്തിൽ കാണപ്പെടുന്ന ഇവ ശിഖരങ്ങളോടു കൂടിയതാണ്. ഓരോ ശിഖരത്തിനും ഏകദേശം 10 മുതൽ 30 സെന്റിമീറ്റർ വരെ നീളമുണ്ടാവും. ഇളം പച്ചനിറത്തിലുള്ള ചെറിയ ഇലകൾ അണ്ഡാകൃതിലായിരിക്കും. കട്ടിയേറിയതും മാംസളവുമായ ഈ ഇലകൾ എളുപ്പത്തിൽ പൊട്ടിപ്പോവുന്നവയാണ്. വളരെ ചെറിയ ഞെട്ടിൽ തണ്ടിനോട് ബന്ധപ്പെട്ടാണ് ഇലകൾ വളരുന്നത്. ഇവ കാണ്ഡത്തിൽ വിപരീതദിശയിലായി ക്രമീകരിച്ചിരിക്കുന്നു.
വളരെ ചെറിയ പൂക്കളാണ് ബ്രഹ്മിയുടേത്. ഒറ്റക്കൊറ്റക്കായി നിൽക്കുന്ന പൂക്കൾ വെളുത്തനിറത്തിലാണ് സാധാരണയായി കാണപ്പെടുന്നത്. ഒരേ വലിപ്പത്തിൽ അഞ്ചിതളുകളുള്ള പൂക്കൾക്ക് ഏതാണ്ടൊരു കുഴലിന്‍റെ ആകൃതിയായിരിക്കും. ഇതളുകളുടെ അഗ്രഭാഗം നീലലോഹിതവർണ്ണത്തിൽ കാണപ്പെടുന്നു.
അണ്ഡാകൃതിയിലുള്ള ചെറിയ ഫലമാണ് ബ്രഹ്മിക്കുണ്ടാവുക. ഫലങ്ങളുടെ അഗ്രഭാഗത്തായി ചെറിയ കൊക്ക് പോലെയുള്ള ഭാഗം കാണാം. ഇതിനുള്ളിലാണ് ദീർഘവൃത്താകൃതിയിലുള്ള വിത്തുകൾ കാണപ്പെടുന്നത്.
തണ്ട് മുറിച്ചു നട്ടാണ് ഇവയിൽ പുനരുൽപാദനം നടത്തുന്നത്. വളരെ പതുക്കെ വളരുന്ന ഇവക്ക് നല്ല സൂര്യപ്രകാശം ലഭിക്കുന്നത് നല്ലതാണ്.
പ്രത്യേക പരിചരണം കൂടാതെ കളസസ്യമായി വളരുന്നവയാണെങ്കിലും ഔഷധഗുണത്തിൽ കേമന്മാരാണ് ഈ സസ്യങ്ങൾ. നേരത്തെ സൂചിപ്പിച്ചതുപോലെ പരമ്പരാഗതമായ ഇന്ത്യൻ ഔഷധങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ് ബ്രഹ്മി. ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും ഉണർവുനൽകാനും ബ്രഹ്മി ഉത്തമമാണത്രേ. ഇവ പഠനാഭിരുചി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ആയുർവേദവിധിപ്രകാരം കുഷ്ഠംപോലെയുള്ള ത്വക് രോഗങ്ങൾക്കും, പൊള്ളലിനും, പുണ്ണ്‍, മുഴ, വിളർച്ച എന്നിവക്കും പ്രതിവിധിയാണ് ബ്രഹ്മി. പാടം മുഴുവനും പടർന്നു പിടിക്കുന്ന കളസസ്യമായിട്ടും ബ്രഹ്മിയെ കളയാതെ സംരക്ഷിക്കുന്നത് വെറുതെയല്ലെന്ന് മനസ്സിലായില്ലേ. എങ്കിലും ഇന്ന് പാടങ്ങള്‍ വെട്ടിനിരത്തുന്നത് ബ്രഹ്മിക്ക് ഭീഷണിയായി തീര്‍ന്നിട്ടുണ്ട്.
ഇംഗ്ലീഷ്നാമം : ടർമറിക്
ഹിന്ദി നാമം : ഹാൽദി
സംസ്കൃതനാമം : ബാഹുള
മറ്റു പേരുകൾ : കുവ, മന്നള്‍, മരിന്നള
ശാസ്ത്രീയനാമം : Curcuma longa
കുടുംബം : Zingiberaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഏഷ്യ, ആഫ്രിക്ക, കരീബിയൻ ദ്വീപുകൾ, മധ്യ അമേരിക്ക
ഒറ്റനോട്ടത്തിൽ കൂവച്ചെടിയോടു സാമ്യമുള്ള ഒരു സസ്യമായി മഞ്ഞളിനെ തെറ്റിദ്ധരിച്ചേക്കാം. എന്നാൽ മഞ്ഞൾ നിസ്സാരക്കാരനല്ലെന്ന് സാധാരണക്കാർക്കുപോലുമറിയാം. അടുക്കളയിലെ നിത്യസാന്നിധ്യമായാണ് മഞ്ഞൾ നമ്മുടെ ജീവിതത്തിൽ കടന്നുവരുന്നത്. മഞ്ഞളില്ലാത്ത കറികളെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലുമാവില്ല. ഭക്ഷണത്തിലെ നിറച്ചാർത്ത് എന്നതിലുപരിയായി മഞ്ഞളിന് മറ്റു പല മൗലികഗുണങ്ങളുമുണ്ട്. ഇന്ത്യ സ്വദേശമായുള്ള ഒരു ചെറുസസ്യമാണ് മഞ്ഞൾ. ഇന്ത്യ കൂടാതെ ഇന്ന് ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും മധ്യ അമേരിക്കയിലും ആഫ്രിക്കയിലും ഇവ കൃഷിചെയ്തുവരുന്നുണ്ട്. ദക്ഷിണ പസഫിക് ദ്വീപ് സമൂഹങ്ങൾ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലും മഞ്ഞൾ വ്യാപകമായി കണ്ടുവരുന്നു.
ബഹുവർഷിയായ ഔഷധിയാണ് മഞ്ഞൾ. ഏകദേശം 60 മുതൽ 90 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന മഞ്ഞളിന് വളരെ ചെറിയ കാണ്ഡമാണുള്ളത്. 7 മുതൽ 12 വരെ ഇലകൾ കൂട്ടത്തോടെ കാണപ്പെടുന്നു. ഇലഞെട്ടുകളാണ് കാണ്ഡമെന്നു തോന്നിക്കുന്ന ഭാഗം ഉണ്ടാക്കുന്നത്. കടുംപച്ച ഇലകളാണിവക്ക്. ഇളം പച്ച നിറത്തിലുള്ള സിരകൾ ഇലയിൽ തെളിഞ്ഞു കാണാവുന്നതാണ്. നീണ്ട് ദീർഘ വ്യത്താകൃതിയിലുള്ള വലിയ ഇലകളാണ് മഞ്ഞളിന്റേത്. ഏകദേശം 30 മുതൽ 40 സെന്റിമീറ്റർ വരെ വലിപ്പത്തിലാണിവ കാണപ്പെടുന്നത്. നല്ല മിനുസമുള്ള കട്ടിയേറിയ ഇലകൾ ഏറെക്കാലം നിൽക്കുന്നവയാണ്.
ഇലക്കൂട്ടത്തിനു മധ്യത്തിൽനിന്നും ഉണ്ടാവുന്ന തണ്ടിന്മേൽ കുലകളായി പൂക്കളുണ്ടാവുന്നു. ഏകദേശം 10 മുതൽ 15 സെന്റിമീറ്റർ വരെ നീളമുള്ളതാണ് പൂങ്കുല. ബെല്ലിന്റെ ആകൃതിയിലുള്ള പൂങ്കുലയിൽ അടുക്കുകളായാണ് പൂക്കൾ കാണപ്പെടുന്നത്. ദ്വിലിംഗപുഷ്പങ്ങളാണ് മഞ്ഞളിന്റേത്. വിടരുമ്പോൾ വെളുത്ത നിറത്തിൽ കാണപ്പെടുന്ന പൂക്കൾ വാടുമ്പോൾ മഞ്ഞ നിറത്തിലാവുന്നു. മൂന്നിതളുകളുള്ള മഞ്ഞൾപ്പൂവിന്റെ ഒരിതളിന് മറ്റു ഇതളുകളേക്കാൾ വലിപ്പം കൂടുതലായിരിക്കും. അടുക്കുകളായുള്ള പൂങ്കുലയിൽ ഒരടുക്കിലെ പൂവിരിഞ്ഞ് വാടുമ്പോഴേക്കും തൊട്ടു മുകളിലുള്ള പൂക്കൾ വിരിയുന്നു. ഒരേ സമയം ഒരടുക്കിലെ നാലു പൂക്കളോളം വിരിയും. ഇത്തരത്തിൽ ഏകദേശം 30 പൂക്കൾ വരെ ഒരു കുലയിൽ കാണാൻ കഴിയും.
കിഴങ്ങുരൂപത്തിലുള്ള ഭൂകാണ്ഡങ്ങളാണ് മഞ്ഞളിന്റേത്. പുറമെ വിളറിയ തവിട്ടു നിറത്തിൽ കാണുന്ന കിഴങ്ങിന്റെ മാംസളമായ ഉൾഭാഗം കടുത്ത മഞ്ഞനിറത്തിൽ കാണപ്പെടുന്നു. കിഴങ്ങ് നട്ടാണ് ഇവയുടെ പുനരുൽപാദനം നടത്തുന്നത്. മഞ്ഞളിന്റെ കിഴങ്ങുകളാണ് സുഗന്ധ വ്യഞ്ജനമായും കറികൾക്ക് നിറം പകരാനും ഉപയോഗിക്കുന്നത്. ഭക്ഷണവസ്തുക്കൾക്ക് നിറവും മണവും നൽകുക മാത്രമല്ല മഞ്ഞൾകൊണ്ടുള്ള ഉപയോഗം. ധാരാളം ഔഷധഗുണങ്ങളടങ്ങിയ ഒരു കിഴങ്ങുകൂടിയാണിത്. സ്ത്രീകൾ ഇവയെ സൗന്ദര്യവർദ്ധകവസ്തുവായി ഉപയോഗിക്കാറുണ്ട്. ഉത്തരേന്ത്യയിൽ കല്ല്യാണത്തിന്റെ തലേദിവസം വധുവിനെ മഞ്ഞൾ തേച്ച് കുളിപ്പിക്കുന്ന ചടങ്ങുണ്ട്. ചർമ്മത്തിന് തിളക്കം കിട്ടാൻ മഞ്ഞൾ സഹായിക്കുന്നതുകൊണ്ടാണിത്. ക്യത്രിമച്ചായമുണ്ടാക്കാനും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.
ഇംഗ്ലീഷ് നാമം : ലക്കിനട്ട്, യെല്ലോ ഒലിയാൻഡർ
ശാസ്ത്രീയനാമം : Thwetia neriifolia, T. Jeruvianit
കുടുംബം : Apocynaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : തായ്വാൻ, തെക്കെ അമേരിക്ക, ഫിജി
പാതയോരങ്ങളിലും പൂന്തോട്ടങ്ങളിലും തഴച്ചുവളരുന്ന മഞ്ഞപ്പൂക്കളെ കണ്ടിട്ടില്ലേ. അത് മഞ്ഞ അരളി എന്ന മനോഹരമായ കുറ്റിച്ചെടിയാണ്. ഉഷ്ണമേഖലയിൽ ഇവ കൂടുതലായും കണ്ടുവരുന്നു. വെസ്റ്റിൻഡീസിൽ ഈ ചെടിയുടെ വിത്തിനെ ഭാഗ്യവിത്തായാണ് (Lucky nut) കരുതുന്നത്. ഫ്രഞ്ച് സന്യാസിയായിരുന്ന ആൻഡ്രൂ തെവറ്റിന്റെ സ്മരണാർത്ഥം ഇവക്ക് തെവേഷ്യ എന്ന പേരും ലഭിച്ചിരുന്നു. ശിവനരളി എന്ന പേരിലും ഇതറിയപ്പെടുന്നു.
തായ്വാൻ, തെക്കെ അമേരിക്ക എന്നിവയാണ് മഞ്ഞ അരളിയുടെ ജന്മസ്ഥലമായി അറിയപ്പെടുന്നത്. ആഫ്രിക്കയിലെ ഫിജിയിൽ ഒരു കളയായി വളരുന്ന ഈ ചെറുസസ്യം തെങ്ങിൻ തോപ്പുകളിലും മേച്ചിൽ സ്ഥലങ്ങളിലുമാണ് കൂടുതലായും കണ്ടുവരുന്നത്. നിത്യഹരിതങ്ങളായ ഇവ ഏകദേശം മൂന്ന് മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്നു. ചാരനിറത്തിലുള്ള തണ്ടുകൾ ബലമേറിയവയാണ്. 15 സെന്റിമീറ്റർ വരെ നീളമുള്ള ഇവയുടെ ഇലകൾ കടും പച്ചനിറത്തിലായിരിക്കും. ഈ ഇലകളുടെ മധ്യഭാഗത്തായി നീണ്ട ഞരമ്പുകൾ കാണപ്പെടുന്നു. ഇലകൾ പൊട്ടിച്ചാൽ വെള്ള നിറത്തിലുള്ള കറ ലഭിക്കുന്നു. ചെടിയുടെ ശാഖാഗ്രങ്ങളിലായാണ് പൂക്കൾ വിന്യസിച്ചിരിക്കുന്നത്. മഞ്ഞനിറത്തിൽ അഞ്ചിതളുകളോടു കൂടിയ പൂക്കൾ സർപ്പിളാകൃതിയിലായിരിക്കും. ഈ പൂക്കൾ സുഗന്ധവാഹികളല്ലെങ്കിലും വണ്ടുകളെയും പൂമ്പാറ്റകളെയും ഏറെ ആകർഷിക്കുന്നവയാണിവ. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് സാധാരണയായി പൂക്കൾ കാണപ്പെടുന്നത്. മാംസളമായ ഫലങ്ങളാണിതിന്റേത്. ഇവ കറുത്ത പുറന്തോടിനുള്ളിൽ കാണപ്പെടുന്നു. ഫലത്തിനുള്ളിലായി ഒന്നോ രണ്ടോ വിത്തുകളും അടങ്ങിയിരിക്കും.
വിത്തുകൾ വഴിയും കമ്പുകൾ മുറിച്ചു നടും ഈ ചെടിയിൽ പുനരുൽപാദനം നടത്താം. ഇടത്തരം മണ്ണാണ് ഇവ തഴച്ചുവരുന്നതായി കാണാം. തണലത്ത് വളരാൻ ഇഷ്ടപ്പെടുന്നവയാണിവ. വീടിനുള്ളിലും വളർത്താന് ചെടി വളരാൻ ഉത്തമം. ഉയർന്ന തോതിലുള്ള ജലസേചനവും ആവശ്യമാണ്. അതിനാൽ മഴക്കാലങ്ങളിൽ ഇവ തഴച്ചുവളരുന്നതായി കാണാം. തണലത്ത് വളരാന്‍ ഇഷ്ടപ്പെടുന്നവയാണിവ. വീടിനുള്ളിലും വളര്‍ത്താന്‍ പറ്റുന്ന സസ്യമാണിത്. ഇവ വളരുന്നതിനനുസരിച്ച് ഇലകൾ വെട്ടി ചെടി ഭംഗിയാക്കാറുണ്ട്.
മഞ്ഞ അരളിയുടെ എല്ലാ ഭാഗങ്ങളും വിഷസ്വഭാവമുള്ളതാണ്. ചെടിയുടെ എല്ലാ ഭാഗങ്ങളിലും കാണപ്പെടുന്ന വെളുത്ത കറയിലാണ് വിഷം അടങ്ങിയിരിക്കുന്നത്. ഇതിന്റെ ഫലം കഴിച്ചാൽ മുഖത്തും വായയിലും പൊള്ളല്‍ അനുഭവപ്പെടും. കൂടാതെ ശർദി, വയറിളക്കം, തൊലിപ്പുറത്തെ വീക്കം എന്നിവക്കും ഇത് കാരണമാകാറുണ്ട്. ഫലത്തിന്റെ അമിതോപയോഗം ചിലപ്പോൾ മരണത്തിനുവരെ കാരണമാകാറുണ്ട്. ചെടി കത്തിച്ചാലുണ്ടാവുന്ന പുകയിൽപോലും വിഷാംശം അടങ്ങിയിട്ടുണ്ട്. ഈ പുക ശ്വസിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
ഇത്രയേറെ വിഷാംശം അടങ്ങിയതിനാലാവാം കീടങ്ങളുടെയും പ്രാണികളുടെയും ആക്രമണത്തിന് ഇവ എളുപ്പം വിധേയമാകാത്തത്.
ത്വരിതഗതിയില്‍ വളർച്ച കൈവരിക്കുന്നതിനാലും പുഷ്പങ്ങളുടെ ആകർഷണീയത കൊണ്ടുമാണ് ഇന്ന് മിക്ക ഉദ്യാനങ്ങളിലെയും സജീവ സാന്നിധ്യമായി ഈ ചെറുസസ്യം വളരുന്നത്.
ഇംഗ്ലീഷ് നാമം : കോറിയാണ്ടർ
ഹിന്ദി നാമം : ദനിയ
സംസ്കൃതനാമം : ധാന്യക
മറ്റു പേരുകൾ : കൊത്തമല്ലി
ശാസ്ത്രീയനാമം : Coriandrum sativum
കുടുംബം : Apiaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ഓസ്ട്രേലിയ
മല്ലിയെ പറ്റി പറയുമ്പോൾതന്നെ ആസ്വാദ്യകരമായ ഗന്ധം ഓർമ്മ വരുന്നില്ലേ. അടുക്കളയിൽ നിത്യ സാന്നിധ്യമായ മല്ലി രണ്ടു തരത്തിലാണ് അവിടം ഗന്ധപൂരിതമാക്കുന്നത്. ഉണക്കമല്ലിയുടെ സുഗന്ധമായും മല്ലിയിലയുടെ ഗന്ധമായും. മല്ലിയുടെ സുഗന്ധവ്യഞ്ജനപ്പെരുമ സംസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ്. ഏകദേശം 5000 വർഷങ്ങൾക്കു മുമ്പുതന്നെ ഇവയെ സുഗന്ധവ്യഞ്ജനമായി ഉപയോഗിച്ചിരുന്നുവത്രേ. ദക്ഷിണ യൂറോപ്പും പശ്ചിമ മെഡിറ്ററേനിയൻ പ്രദേശങ്ങളുമാണ് മല്ലിയുടെ സ്വദേശങ്ങളായി കണക്കാക്കപ്പെടുന്നത്. പുരാതന ഈജിപ്തിലും ഗ്രീസിലും റോമിലുമെല്ലാം മല്ലി കൃഷിചെയ്തിരുന്നു. ഇന്ന് ജപ്പാനൊഴികെ മറ്റെല്ലാ രാജ്യങ്ങളിലും മല്ലി കാണപ്പെടുന്നുണ്ട്.
ഏകദേശം 60 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷിയായ ചെറുസസ്യമാണ് മല്ലി. പച്ചനിറത്തിൽ കാണപ്പെടുന്ന ഇതിന്റെ കാണ്ഡം ശാഖകളോടു കൂടിയതാണ്. മുകളിലേക്ക് വളരുന്ന ശാഖകൾ താഴേക്ക് വളഞ്ഞ് ശിഖരങ്ങളോടുകൂടിയും കാണപ്പെടുന്നു. മല്ലിച്ചെടി കൂട്ടമായി വളർന്ന് നിൽക്കുന്നത് കണ്ടാൽ അനേകം സസ്യങ്ങൾ ഒരുമിച്ചു നിൽക്കുന്ന പ്രതീതിയാണുണ്ടാവുക. ഇളം പച്ചനിറത്തിൽ വളരെ മൃദുലമായ ഇലകളാണ് മല്ലിയുടേത്. ചെറിയ തൂവലുകൾ പോലെയുള്ള ഇലകളുടെ അഗ്രഭാഗം മടക്കുകളോടെ ബഹുമുഖമായി കാണപ്പെടുന്നു. ഇവ സുഗന്ധം വമിപ്പിക്കുന്നവയാണ്.
എന്നാൽ ദീർഘനേരം വേവിക്കുമ്പോഴും അധികനേരം ഉണക്കുകയോ തണുപ്പിക്കുകയോ ചെയ്താലും ഇവയുടെ ഗന്ധം നഷ്ടപ്പെടുന്നു. ഇലയുടെ ഗന്ധം തന്നെയാണ് ഇലത്തണ്ടിനും വേരിനുമുള്ളത്. ചുരുക്കത്തില്‍ സസ്യം മുഴുവൻ ഹ്യദ്യമായ ഗന്ധം വമിപ്പിക്കുന്നുവെന്ന് പറയാം.
ജൂണ്‍ മുതൽ ജൂലായ് വരെയാണിവയുടെ പൂക്കാലം. തണ്ടിന്റെ അഗ്രഭാഗത്ത് പൂവുപോലെ കാണുന്ന ഞെട്ടിലാണ് പൂങ്കുലകൾ വിന്യസിച്ചിരിക്കുക. വെള്ള, പിങ്ക് മുതലായ നിറങ്ങളിലുള്ള ദ്വിലിംഗസ്വഭാവത്തോടു കൂടിയ പൂക്കളിൽ ഷഡ്പദങ്ങളാണ് പരാഗണം നടത്തുന്നത്.
ഇവരുടെ ഫലങ്ങൾക്ക് മഞ്ഞ കലർന്ന തവിട്ടുനിറമായിരിക്കും. ഈ ഫലത്തിനുള്ളിലായി കാണപ്പെടുന്ന വിത്തിലൂടെയാണ് പുനരുൽപാദനം നടക്കുക. അഗസ്ത്-സെപ്തംബർ മാസങ്ങളിൽ പാകമാവുന്ന വിത്തുകള്‍ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടുന്നതാണുത്തമം. വരണ്ടതും അമ്ലത്വമുള്ളതുമായ മണ്ണാണ് മല്ലിക്ക് നല്ലത്. ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന ഇവ അധികം പരിചരണം ആവശ്യമില്ലാതെ വളരുന്നവയാണ്.
മുകളിൽ സൂചിപ്പിച്ചതുപോലെ മല്ലിയുടെ പലഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പ്രധാനമായും ഇലകളും വിത്തുകളും തന്നെ. കറികളിലും സാലഡുകളിലും സൂപ്പുകളിലും രുചിക്കും മണത്തിനായി ഇവ ചേർക്കുന്നു. ഇലകൾ പച്ചയായും വിത്തുകൾ ഉണക്കിയുമാണ് ഉപയോഗിക്കുന്നത്.
ഉണക്കമല്ലി പല പ്രധാന കറിക്കൂട്ടുകളിലും ചേരുവയാണ്. പച്ചമല്ലിക്ക് രൂക്ഷ ഗന്ധമാണുള്ളത്. എന്നാൽ ഉണങ്ങുന്നതിനനുസരിച്ച് ഇത് സഗന്ധം കൈവരിക്കുന്നു. കാലപ്പഴക്കമേറുമ്പോള്‍ ഗന്ധം കൂടി വരുന്നത് ഇവയുടെ പ്രത്യേകതയാണ്. ഇലക്കും വിത്തിനും വേണ്ടി ലോകമെങ്ങും ഇത് കൃഷി ചെയ്തുവരുന്നു.
ഒട്ടേറെ ഔഷധഗുണമുള്ളവയാണ് മല്ലി. ദഹനത്തിനും വയറിളക്കത്തിനും നല്ലൊരൌഷധമാണത്രേ. പച്ചമല്ലി ചവയ്ക്കുന്നത് വായിലെ ദുര്‍ഗന്ധം മാറുന്നതിനു ഉത്തമമാണ്. കൂടാതെ സോപ്പുണ്ടാക്കുന്നതിനും കീടനാശിനി നിര്‍മ്മാണത്തിനും ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ഇംഗ്ലീഷ് നാമം : സെൻസിറ്റീവ് വുഡ്-സോറൽ
ഹിന്ദിനാമം : ലജ്ജാലു
സംസ്കൃതനാമം : ദുലുപുഷ്പ
ശാസ്ത്രീയനാമം : Biophytum sensitivum
കുടുംബം : 0xalidaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഏഷ്യ, ആഫ്രിക്ക
ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റിക്ക് ആചാരങ്ങളുമായി നല്ലൊരു ബന്ധം തന്നെയുണ്ട്. കർക്കിടകത്തിൽ ഹൈന്ദവ ഗൃഹങ്ങളിൽ ശീപോതിയ്ക്ക് വെക്കുക എന്നൊരു ചടങ്ങുണ്ടല്ലോ. അതിൽ മുക്കുറ്റി വലിയൊരു സ്ഥാനം തന്നെ അലങ്കരിക്കുന്നുണ്ട്. ഗണപതിഹോമത്തിനുപയോഗിക്കുന്ന ഹോമദ്രവ്യത്തിലും മുക്കുറ്റിക്ക് ഏറെ പ്രാധാന്യമുണ്ട്.
ഇന്തോ-മലേഷ്യൻ മേഖലകളിലുടനീളം കാണപ്പെടുന്ന ഒരു ചെറുസസ്യമാണ് മുക്കുറ്റി. ഇന്ത്യയിൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മഴക്കാലത്ത് ഇവ സുലഭമായി കാണാം. ഹിമാലയൻ താഴ്വരകളിൽ ഏകദേശം 1800 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ വരെ മുക്കുറ്റി കണ്ടുവരുന്നുണ്ട്. ഏകവർഷിയും ബഹുവർഷിയുമായ ഈ ചെറു സസ്യത്തിന് ഏകദേശം 20 സെന്റിമീറ്റർ വരെ നീളം ഉണ്ടാകും.
മഞ്ഞ, ഓറഞ്ച്, വെള്ള, റോസ് നിറങ്ങളിലാണ് മുക്കുറ്റിപ്പൂക്കൾ കണ്ടുവരുന്നത്. ഇന്ത്യയിൽ മഞ്ഞ നിറത്തിലുള്ള പൂക്കളോടുകൂടിയ മുക്കുറ്റിയാണ് കാണുന്നത്. ദക്ഷിണാഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ റോസ് നിറത്തിലുള്ള പൂക്കളോടുകൂടിയും ഇവ കണ്ടുവരുന്നു. എല്ലായ്പ്പോഴും പുഷ്പിക്കുന്ന ഒരു സസ്യമാണ് മുക്കുറ്റി. ബഹുമുഖങ്ങളായ മുക്കുറ്റിയുടെ ഇലകൾ രാത്രികാലങ്ങളിൽ കൂമ്പി നിൽക്കുന്നു. ഉറപ്പു കുറഞ്ഞ തണ്ടാണിതിന്റേത്.
ഏകദേശം 10 സെന്റിമീറ്റർ നീളമുള്ള ഇലത്തണ്ടിൽ 8 മുതൽ 12 വരെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. കരിഞ്ഞ പച്ച നിറത്തിലുള്ള ഇലകൾ പുളിയിലയോട് സാമ്യമുള്ളതായിരിക്കും. ഒരു മുക്കുറ്റിയില്‍ തന്നെ 10 മുതൽ 20 വരെ ഇലകൾ കാണാറുണ്ട്.
വിത്ത് വഴിയാണ് മുക്കുറ്റിയിൽ പുനരുൽപാദനം സാധ്യമാവുന്നത്. വളരെ വേഗത്തിൽ വളരുന്ന മൂക്കുറ്റിയുടെ വിത്ത് വസന്തകാലത്ത് വിതക്കുന്നതാണുത്തമം. പൂർണ്ണമായോ ഭാഗികമായോ സൂര്യപ്രകാശം കിട്ടുന്ന പ്രദേശങ്ങളിൽ ഇവ ധാരാളം ഉണ്ടാകുന്നു. കാലാവസ്ഥ, വളരുന്ന പ്രദേശം എന്നിവക്കനുസരിച്ച് മുക്കുറ്റിയുടെ രൂപത്തിലും മാറ്റം പ്രകടമാണ്.
ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്, നിലത്ത് മാത്രമല്ല മതിലുകളിലും ഇവക്ക് വളരാൻ സാധിക്കും. കട്ടി കുറഞ്ഞതും ആഴത്തിൽ പടരാത്തതുമായ വേരുകളാണ് മൂക്കുറ്റിയുടേത്. വയൽപ്രദേശങ്ങളിൽ ഇവ കൂടുതൽ വലുപ്പത്തിൽ കാണപ്പെടുന്നു. ശരാശരി ചൂടുള്ള കാലാവസ്ഥയിലും ശൈത്യകാലാവസ്ഥയിലും ഇവക്ക് വളരാനാവും. കേരളത്തിൽ പാഴ്ഭൂമികളിലും വയലോരങ്ങളിലുമാണ് മുക്കുറ്റി കൂടുതലായും കണ്ടുവരുന്നത്. ഓക്സാലിഡിസി കുടുംബത്തിൽപ്പെട്ട ഈ ചെറുസസ്യം കാഴ്ചയിൽ നിസ്സാരനനാണെങ്കിലും ആയുര്‍വേദം, യുനാനി തുടങ്ങിയ ചികിത്സാരംഗത്ത് ഏറെ പ്രാധാന്യമർഹിക്കുന്നു. നേത്രരോഗങ്ങള്‍ക്കും മുക്കുറ്റി ഉത്തമൌഷധമാണ്.
നെല്‍പ്പാടങ്ങളില്‍ നിരനിരയായി വിരിഞ്ഞു നില്‍ക്കുന്ന മുക്കുറ്റിപ്പൂക്കള്‍ കണ്ണിന് കുളിർമ്മ നല്‍കുന്ന ഒരു കാഴ്ച തന്നെയാണ്. കൂട്ടമായി നിൽക്കുമ്പോഴേ ഇതിന്റെ ഭംഗി പൂർണമായി ആസ്വദിക്കാനാവൂ. ഒരു കാലത്ത് ഓണത്തിനു മുക്കുറ്റിക്കുണ്ടായിരുന്ന സ്ഥാനം ഇന്നില്ല എന്ന് നിസ്സംശയം പറയാം.
ഇംഗ്ലീഷ് നാമം : നട്ട് ഗ്രാസ്
ഹിന്ദിനാമം : മോത്ത
സംസ്കൃതനാമം : അർനോഡ
ശാസ്ത്രീയനാമം : Cyperus rotundus
കുടുംബം : Cyperaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : തായ്ലന്റ്, ശ്രീലങ്ക, പാക്കിസ്താൻ, ഇന്ത്യ, ഭൂട്ടാൻ, മലേഷ്യ, നേപ്പാൾ, ഫിലിപ്പീൻസ്, മ്യാൻമാർ
ഉഷ്ണമേഖലാ ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന പുല്ലുവർഗ്ഗമാണ് മുത്തങ്ങ. പുരാതന ആയുർവേദ ഗ്രന്ഥമായ ചരകസംഹിതയിൽ മുത്തങ്ങയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൂടാതെ അറേബ്യൻ ചികിത്സകരും പേർഷ്യക്കാരും ഇവ ഉപയോഗിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. ആഫ്രിക്ക. ഫ്രാൻസ്, ദക്ഷിണേഷ്യ എന്നിവയാണ് മുത്തങ്ങയുടെ ജന്മദേശമായി കണക്കാക്കുന്നത്. ഇന്നിവ ഇന്ത്യ, ഭൂട്ടാൻ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൾ, തായ്ലന്റ്, ശ്രീലങ്ക, പാക്കിസ്താൻ, ഫിലിപ്പീൻസ്, മ്യാൻമർ എന്നിവിടങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു.
ഏകദേശം 40 സെന്റിമീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് മൂത്തങ്ങ. ആണ്ടോടാണ്ട് നിലനിൽക്കുന്ന ഇവയുടെ വെളുത്ത ബലമേറിയ വേരുകൾ ആഴത്തിൽ ഇറങ്ങുന്നവയും മണ്ണിൽ പടർന്നു പിടിക്കുന്നവയുമാണ്. ഇലകളാവട്ടെ നീളമേറിയതും എളുപ്പം പൊട്ടിപ്പോവുന്നവയും. തണ്ടിന്റെ അഗ്രങ്ങളിൽ ത്രികോണാകൃതിയിൽ പൂക്കൾ വിന്യസിച്ചിരിക്കുന്നു. ഇവ ഇരുണ്ട ചുവപ്പുനിറത്തിലായിരിക്കും. ആൺ-പെൺപൂക്കൾ ഒരേ സസ്യത്തിൽതന്നെ കാണപ്പെടുന്നു. രണ്ടോ മൂന്നോ കേസരങ്ങളും പൂക്കൾക്ക് കാണാറുണ്ട്. മുത്തങ്ങയുടെ വേരിൽ നിന്നും പൊട്ടിമുളച്ചാണ് പുതിയ ചെടികൾ ഉണ്ടാകുന്നത്. ഈർപ്പമുള്ള മണ്ണാണ് ഇവക്ക് വളരാൻ അനുയോജ്യം. ചില കീടങ്ങളുടെ ആക്രമണംമൂലം മുത്തങ്ങയുടെ ഇലകൾ നശിച്ചുപോവാറുണ്ടെങ്കിലും വേരിന് എളുപ്പം കീടബാധ ഏൽക്കാറില്ല.
വയലുകളിലും, പാതയോരങ്ങളിലും, ഉപയോഗശൂന്യമായ പ്രദേശങ്ങളിലും മുത്തങ്ങ വ്യാപകമായി കാണപ്പെടാറുണ്ട്, നല്ല സൂര്യപ്രകാശം ലഭിക്കുന്നിടങ്ങളിൽ ഇവ സമ്യദ്ധമായി വളരുന്നു. കാലാവസ്ഥയുടെയും വളരുന്ന മണ്ണിന്റെയും ഘടകങ്ങൾക്കനുസരിച്ച് മുത്തങ്ങച്ചെടിയുടെ വലുപ്പത്തിലും വ്യത്യാസം കാണാറുണ്ട്. ഏതു തരം മണ്ണിലും നിഷ്പ്രയാസം വളരുന്ന ഇവ ചിലപ്പോഴെല്ലാം കർഷകർക്ക് ഉപദ്രവമായി തീരുന്നു. കൃഷിയിടങ്ങളിലെല്ലാം സർവവ്യാപിയായ മുത്തങ്ങയെ ഇടക്കിടക്ക് പറിച്ചുകളയേണ്ട അവസ്ഥവരേ വരാറുണ്ട്. ഉദ്യാനങ്ങളിലെല്ലാം ഇവ ചെടികൾക്കിടയിൽ കൂടുതലായി വളർന്നുകാണുന്നു. ഇവ ചിലപ്പോൾ മറ്റ് ചെടികൾക്കും ദോഷം ചെയ്യാറുണ്ട്.
മുത്തങ്ങപ്പലിൽ ഫ്ളവനോയിഡ്, ആൽക്കലോയിഡ്, സാപോനിൻ, ഫാറ്റി ഓയിൽ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ആയുർവേദത്തിലും മുത്തങ്ങ ഉപയോഗ്യവസ്തുവാണ്. ഇവയുടെ ചെറിയ കിഴങ്ങുകള്‍ കഴിക്കുന്നത് സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് ഉത്തമമത്രേ. ബുദ്ധിശക്തി കൂടാൻ ഇവ ഉത്തമമാണെന്ന് പഴയ കാലങ്ങളിൽ വിശ്വസിച്ചിരുന്നു. കരൾ, പ്ലീഹ, ആഗ്നേയ ഗ്രന്ഥി എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് മുത്തങ്ങ ഒരുത്തമ ഔഷധമാണ്. പേശീതന്തുക്കളുടെ അനിയന്ത്രിതമായ വളർച്ച തടയാനും ഇവയ്ക്ക് കഴിയുമത്രേ. ഇവയുടെ കിഴങ്ങിനു കയ്പ്പുരസമാണെങ്കിലും പോഷകഗുണങ്ങള്‍ ഒട്ടേറെ അടങ്ങിയതിനാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം ഇവ ആഹാരമാക്കാറുണ്ട്. എന്നാൽ അമേരിക്ക, ഫ്ലോറിഡ, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നീ രാജ്യങ്ങളില്‍ തീര്‍ത്തും കളസസ്യമായാണ് മുത്തങ്ങയെ കാണുന്നത്.
ഇംഗ്ലീഷ് നാമം : ഇൻഡ്യൻ പെനിവോർട്ട്
ഹിന്ദിനാമം : ബ്രഹ്മി
സംസ്കൃതനാമം : മണ്ഡുകപാണി
ശാസ്ത്രീയനാമം : Centella asiatica
കുടുംബം : Apiaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ചൈന, ജപ്പാൻ, ഓസ്ട്രേലിയ, ശ്രീലങ്ക,
ദക്ഷിണാഫ്രിക്ക, ഫ്രാൻസ്
ആയിരം വർഷങ്ങൾക്ക് മുമ്പുതന്നെ ഔഷധപ്പെരുമയുടെ കാര്യത്തിൽ മുൻനിരയിൽ സ്ഥാനം നേടിയ ഒരു ചെറുസസ്യമാണ് മുത്തിൾ. നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായി ആയുർവ്വേദം പരിഗണിച്ചുപോന്നിരുന്നത് ഈ ചെറുസസ്യത്തെയാണ്. പണ്ട് ചൈനയിൽ ഔഷധസസ്യങ്ങളെപ്പറ്റി പഠനം നടത്തിയിരുന്ന ഒരാൾ മുത്തിളിന്റെ ഉപയോഗം മൂലം 200 വർഷത്തിൽ കൂടുതൽ ജീവിച്ചിരുന്നുവെന്ന് ഇതിഹാസത്തിൽ പറയുന്നു. അതുകൊണ്ടാണത്രേ അത്യാല്‍ഭുതമായ ജീവാമൃതം എന്ന് മുത്തിളിനെ വിശേഷിപ്പിക്കുന്നത്. ബുദ്ധിച്ചീര എന്നും ഇവ അറിയപ്പെടുന്നു. പെന്നിവർട്ട്, ഇന്ത്യൻ പെന്നിവർട്ട്, ജലബ്രഹ്മി, ഗോട്ടികോള, ബ്രഹ്മമണ്ഡുകി എന്നീ പേരുകളിലും മുത്തിൾ പ്രശസ്തമാണ്. മുത്തിളിന്റെ അമൂല്യമായ ഗുണം കൊണ്ടാവാം ഉത്തരേന്ത്യക്കാർ ഇതിനെ ബ്രഹ്മി എന്നു വിളിക്കുന്നത്.
ഉഷ്ണമേഖല-മിതോഷ്ണ മേഖലകളിൽ കണ്ടുവരുന്ന മുത്തിൾ ഒരു ബഹുവർഷിസസ്യമാണ്. ചെറുസസ്യ വിഭാഗത്തിൽപ്പെടുന്ന ഇതിന്റെ ജന്മദേശം ഇന്ത്യയായാണ് അറിയപ്പെടുന്നത്. ഒസ്ട്രെലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലും മുത്തിൾ വ്യാപകമായി കാണപ്പെടുന്നുണ്ട്. നെൽവയലുകളിലും ചതുപ്പ് നിലങ്ങളിലും ഈർപ്പമുള്ള നദീതീരങ്ങളിലുമാണ് ഇവ കൂടുതലായി വളരുന്നത്. ഇന്ത്യയിൽ ഇവ വിളനിലങ്ങളിലെ പാഴ്ച്ചെടിയായും കണ്ടുവരാറുണ്ട്.
കാലാവസ്ഥയും വളരുന്ന ചുറ്റുപാടും അനുസരിച്ച് മുത്തിളിന്റെ രൂപത്തിലും വലുപ്പത്തിലും വ്യത്യാസം പ്രകടമാണ്. ഈർപ്പമുള്ള മണ്ണിൽ ഇവ വേഗത്തിൽ പടർന്നുവളരുന്നു. ഇവയുടെ വേരുകൾ ആഴം കുറഞ്ഞ വെള്ളത്തിൽ വെളിയിലേക്ക് പൊങ്ങികിടക്കുന്നതായും കാണാം. വളരെ നേർത്തതും ഉറപ്പു കുറഞ്ഞതുമായ കാണ്ഡമാണ് മുത്തിളിന്റേത്. ഇത് ആദ്യം പച്ചയും വളരുന്തോറും ചുവപ്പുകലർന്ന പച്ചനിറത്തിലും കാണപ്പെടുന്നു. ഉപരിതലം മ്യദുവായതും വിശറിയുടെ ആകൃതിയിലുമുള്ള ഇലകളാണ് മുത്തിളിന്റേത്. പച്ചനിറമുള്ള ഇലകൾക്ക് ഏകദേശം 12 സെന്റീമീറ്റർ നീളവും 12 സെന്റിമീറ്റർ വീതിയുമുണ്ടാകും. മുത്തിളിന്റെ ചെറിയ പൂക്കൾ ആദ്യം റോസ് നിറത്തിലും പിന്നീട് ചുവപ്പുനിറത്തിലുമായിരിക്കും. ഓരോ പൂക്കളിലും അഞ്ച് കേസരങ്ങൾ ഉണ്ടാവും. മുത്തിളിന്റെ വേരുകൾ ക്രീം നിറത്തിൽ രോമാവ്യതമായാണ് കാണപ്പെടുന്നത്. അപിയേസി കുടുംബത്തിൽപ്പെട്ട ഇവ വസന്തകാലത്താണ് കൃഷി ചെയ്യുക.
ഈ ചെറുസസ്യത്തിൽ ഒട്ടേറെ പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പരിപ്പ്, ചക്ക, മത്തങ്ങ തുടങ്ങിയവയുടെ കൂടെ മുത്തിൾ കറി വെക്കാറുണ്ട്. കൂടാതെ അവ പാകപ്പെടുത്തി സാലഡുകളിലും മറ്റും ഉപയോഗിക്കാം. മുത്തിളിന്റെ ഇലകൾ മധുരമുള്ള പെന്നിവർട്ട് പാനീയമായും ഉപയോഗിക്കുന്നു. 1880ൽ ഫ്രാന്‍സിലാണത്രേ ആദ്യമായി മുത്തിൾ ഒരു ഔഷധമായി ഉപയോഗിച്ചുതുടങ്ങിയത്. ആയുർവേദം, നാട്ടുവൈദ്യം, യുനാനി തുടങ്ങി ആധുനിക സിദ്ധൗഷധങ്ങളിലും മുത്തിൾ ഉപയോഗിച്ചുവരുന്നു. പണ്ടുകാലം മുതൽ ഓര്‍മ്മശക്തിക്കും, കരൾ, വ്യക്ക എന്നിവയെ ബാധിക്കുന്ന അസുഖങ്ങൾക്കും, കുഷ്ഠം, ബ്രോങ്കൈറ്റിസ് എ, ബാക്കോസൈഡ് എ, ബാക്കോസൈഡ് ബി എന്നീ ഘടകങ്ങൾ മുത്തിളിൽ അടങ്ങിയിട്ടുണ്ട്. ഞരമ്പുകൾക്ക് അയവ് വരുത്തുന്നതിനും രക്തചംക്രമണം സുഗമമാക്കുന്നതിനും മുത്തിൾ സഹായിക്കുന്നു. ബാക്കോസൈഡ് ബിയില്‍ തലച്ചോറിലെ കോശങ്ങളെ പോഷിപ്പിക്കുന്ന പ്രോട്ടീനുകളാണ് അടങ്ങിയിട്ടുള്ളത്. ചെറുസസ്യങ്ങൾക്കിടയില്‍ എന്തുകൊണ്ടും തലയുയർത്തിനിൽക്കുന്ന ഒരു സസ്യമാണ് മുത്തിളെന്നു പറയാതെ വയ്യ.
ഇംഗ്ലീഷ് നാമം : ക്യുപിഡ്സ് ഷേവിംഗ് ബ്രഷ്
ഹിന്ദിനാമം : ഹിരൻകുരി
സംസ്കൃതനാമം : സസശ്രുതി
ശാസ്ത്രീയനാമം : Emilia sonchifolia
കുടുംബം : Asteraceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഏഷ്യ
പറമ്പുകളിലും മറ്റും സവിശേഷമായ ആകൃതിയിൽ പൂക്കൾ വിടർത്തി നിൽക്കുന്ന ഒരു ചെറുസസ്യത്തെ കണ്ടിട്ടില്ലേ. നമ്മുടെ നാട്ടിൽ സർവ്വസാധാരണമായ മുയൽചെവിയൻ സസ്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഏതാണ്ട് ഷേവിംഗ് ബ്രഷു പോലെയുള്ള ഇതിന്റെ ആകൃതി കണ്ടാണ് ഇംഗ്ലീഷുകാർ ഇവയെ കാമദേവന്റെ ഷേവിംഗ് ബ്രഷ് (Cupid's sharing brush) എന്നു വിളിച്ചത്. സസ്യങ്ങളിലെ പെയിന്റ് ബ്രഷെന്നും അറിയപ്പെടുന്ന മുയൽച്ചെവിയന്റെ സ്വദേശം ഏഷ്യയാണ്. ഏഷ്യയിൽ ഇന്ത്യ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലാണിവ വ്യാപകമായി കാണപ്പെടുന്നത്. ആസ്റ്ററേസി കുടുംബത്തിൽപ്പെട്ട ഏകവർഷി സസ്യമാണ് മുയൽച്ചെവിയൻ. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയിൽ തായ്വേരും അതിനു ചുറ്റും ചെറിയ നാരുവേരുകളും കാണുന്നു. വേരിനു ബലമുണ്ടെങ്കിലും ഇവയുടെ കാണ്ഡം വളരെ മൃദുലമാണ്. ശിഖരങ്ങളോടുകൂടിയും അല്ലാതെയും കാണുന്ന കാണ്ഡങ്ങൾ ഇളംപച്ച നിറത്തിൽ രോമാവ്യതമായിരിക്കും. ദശപുഷ്പത്തിലെ ഒരംഗമാണിത്. ഏകദേശം 10 സെന്റീമീറ്റർ മുതൽ 60 സെന്റീമീറ്റർ വരെ ഉയരം വെക്കുന്ന ചെറുസസ്യമാണ് മുയൽച്ചെവിയൻ. ഇവയുടെ ഇലകൾ തണ്ടിന്റെ എതിർദിശയിലായി വിന്യസിച്ചിരിക്കുന്നു. വ്യത്തം, ദീർഘവ്യത്തം, ഹൃദയാകൃതി, അണ്ഡാകൃതി തുടങ്ങി വ്യത്യസ്ത ആകൃതികളിൽ ഇലകൾ കാണപ്പെടുന്നു. മുകളിലെ ഇലകൾ മുയലിന്റെ ചെവിയുടെ ആകൃതിയിലാണ്. മുകൾഭാഗത്തെ ഇലകൾ കീഴ്ഭാഗത്തെ ഇലകളെ അപേക്ഷിച്ച് ചെറുതായിരിക്കും. ജൂലായ് മുതൽ ഒക്ടോബർ വരെയാണിവയുടെ പൂക്കാലം. കലശത്തിന്‍റെ ആകൃതിയിൽ കാണപ്പെടുന്ന മുയൽചെവിയന്റെ പൂക്കൾ യഥാർത്ഥത്തിൽ 30 മുതൽ 60 വരെ പൂക്കളുടെ കൂട്ടമാണ്. നീളമുള്ള തണ്ടിൻമേലാണിവ കാണപ്പെടുന്നത്. പൂക്കൾ വിരിയുന്ന തണ്ടിന്റെ അഗ്രഭാഗം ശാഖകളായി വിഭജിക്കാറുണ്ട്. ഈ ശാഖകളുടെ അഗ്രഭാഗത്തായാണ് പൂക്കളുണ്ടാവുന്നത്. നീലലോഹിതം, ചുവപ്പ് വെള്ള, പിങ്ക്, ഓറഞ്ച് നിറങ്ങളിൽ പൂക്കൾ കാണപ്പെടുന്നു. ദ്വിലിംഗപുഷ്പങ്ങളായ ഇവയിൽ ഷഡ്പദങ്ങളുടെ സഹായത്തോടെയാണ് പരാഗണം നടക്കുന്നത്.
ദീർഘവത്താകൃതിയിലുള്ള നേരിയ ഫലങ്ങളാണിവയുടേത്. ചുവപ്പുകലർന്ന തവിട്ടുനിറത്തിലുള്ള ഈ ഫലത്തിനുള്ളിലാണ് വിത്തുകളുണ്ടാവുക. വിത്തിലൂടെ ചെടിയുടെ പുനരുൽപാദനം സാധ്യമാവുന്നു. ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളിൽ പാകമാവുന്ന വിത്ത് ഇതേ സമയത്തു തന്നെ നടുന്നതാണുത്തമം. ഏതുതരം മണ്ണും ഇവയുടെ വളര്‍ച്ചയ്ക്കനുയോജ്യമാണ്. എന്നിരുന്നാലും മണ്ണ് നനവാര്‍ന്നതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഇവക്ക് തണല്‍ അഭികാമ്യമല്ല.
മുയല്‍ച്ചെവിയന്‍ സസ്യത്തിന്‍റെ പല ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ഇലകളും പൂക്കളും പാകം ചെയ്തോ അല്ലാതെയോ കഴിക്കാറുണ്ട്. പൂക്കളുണ്ടാവുന്നതിനു മുമ്പായി ചെടിയില്‍ ഇലകളുടെ വിളവെടുപ്പ് നടത്താം.
കൃഷിയിടങ്ങളില്‍ കളയായി വളരാറുണ്ടെങ്കിലും മുയല്‍ച്ചെവിയന് ഔഷധഗുണമേറെയാണ്. ഇവയുടെ ഇലകൊണ്ടുണ്ടാക്കിയ ചായ വയറിളക്കത്തിന് നല്ലതാണ്. ഇലകളില്‍ നിന്നെടുക്കുന്ന സത്ത് അതിസാരത്തിന് പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. മാത്രമല്ല നേത്രസംബന്ധമായ രോഗങ്ങള്‍ക്ക് ഇവയുടെ ഇലയില്‍ നിന്നെടുക്കുന്ന നീര് ഉത്തമമത്രേ.
ഇംഗ്ലീഷ് നാമം : റാഡിഷ്
ഹിന്ദി നാമം : മുലി
ശാസ്ത്രീയനാമം : Raphanus sativus
കുടുംബം : Brassicaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : എഷ്യ, യൂറോപ്പ്,
കിഴങ്ങുകളുടെ ലോകത്ത് വർണ്ണങ്ങൾ വിരിയിക്കുന്നവയാണ് മുള്ളങ്കികൾ. ഏറെ പഴക്കംചെന്ന ചരിത്രമാണിവക്ക്. യേശുവിന് 3000 വർഷങ്ങൾക്കു മുമ്പുതന്നെ ഈജിപ്തിൽ ഇവ കൃഷിചെയ്തിരുന്നു. പ്രാചീന റോമൻ സാമ്രാജ്യത്തിലും ഇവ കൃഷിചെയ്തിരുന്നതായി തെളിവുകളുണ്ട്. എന്നാൽ ഇവിടെയൊന്നുമല്ല ഇതിന്റെ ജന്മദേശം. ഏഷ്യയും യൂറോപ്പുമാണ് ഇവയുടെ സ്വദേശമായി കണക്കാക്കുന്നത്.
ഏകവർഷിയായും ദ്വിവർഷിയായും കാണപ്പെടുന്ന ചെറുസസ്യമാണ് മുള്ളങ്കി. ഏകദേശം 45 സെന്റിമീറ്റർ ഉയരത്തിൽ വളരുന്ന ഇവക്ക് കാണ്ഡങ്ങളില്ല. മാംസളമായ വേരുകൾ കിഴങ്ങുകളായി രൂപാന്തരം പ്രാപിക്കുന്നവയാണ്. വിവിധയിനങ്ങൾക്കനുസരിച്ച് വ്യത്യസ്ത ആകൃതിയിലും നിറത്തിലും വലിപ്പത്തിലുമാണിവ കാണപ്പെടുന്നത്. വെള്ള, മഞ്ഞ, നീലലോഹിതം, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിലുള്ള മുള്ളങ്കികളുണ്ട്. വ്യത്യസ്ത ഇനങ്ങൾക്കനുസരിച്ച് ഗോളാകൃതി, കോണാകൃതി, വ്യത്താകൃതി, അണ്ഡാകൃതി എന്നിങ്ങനെ വിവിധ രൂപങ്ങളിലും ഇവ ഉണ്ടാവുന്നു. വളരെ പെട്ടെന്നു വളരുന്ന ഈ സസ്യത്തിന്റെ കിഴങ്ങുകൾ ഏകദേശം 30 ദിവസത്തിനുള്ളിൽ പാകമാവുന്നു. നീളമുള്ള മാംസളമായ തടിച്ച ഇലത്തണ്ടുകളാണിവയുടേത്. ധാരാളം മടക്കുകളുള്ള പ്രതലത്തോടുകൂടി വിന്യസിച്ചിരിക്കുന്ന വലിയ ഇലകളാണ് മുള്ളങ്കിയുടേത്. ഇളംപച്ചനിറത്തിലുള്ള ഇലകൾ മുതൽ നീലലോഹിത വർണ്ണമുള്ള ഇലകളും മുള്ളങ്കിച്ചെടിയിൽ കാണാം.
ജൂണ്‍ മുതൽ ആഗസ്ത് വരെയാണ് ഇവയുടെ പൂക്കാലം. നല്ല നീളമുള്ള തണ്ടിന്മേലാണ് പൂക്കൾ ഉണ്ടാവുന്നത്. വേരിൽനിന്നും തുടങ്ങുന്ന ഈ തണ്ട് ഇലയേക്കാൾ ഉയരത്തിൽ കാണപ്പെടുന്നു. ഇളം പച്ചനിറത്തിലുള്ള ഇവയുടെ അഗ്രത്തിലാണ് വെള്ള, പിങ്ക്, നീലലോഹിതം എന്നീ നിറങ്ങളിലുള്ള പൂക്കളുണ്ടാവുന്നത്. ദ്വിലിംഗപുഷ്പങ്ങളായ ഇവയുടെ ഒരേ വലിപ്പത്തിലുള്ള ഇതളുകൾ വിപരീത ദിശയിൽ ക്രമീകരിച്ചിരിക്കുന്നു.
അരിവാൾ ആകൃതിയിലുള്ള കായകൾക്കുള്ളിലാണ് ഗോളാകൃതിയിലുള്ള ചെറിയ വിത്തുകൾ കാണപ്പെടുന്നത്. ജൂലൈ-സെപ്തംബർ മാസങ്ങളിലാണിവ പാകമാവുന്നത്. വിത്തിലൂടെയും കിഴങ്ങു നട്ടും പുനരുത്പാദനം നടത്താം. മഴക്കാലമാണ് ഇവ നടാനുത്തമം. ലവണത്വമുള്ള നനവാർന്ന മണ്ണിൽ വളരാൻ ഇഷ്ടപ്പെടുന്ന മുള്ളങ്കിക്ക് ഭാഗികമായ തണലും സൂര്യപ്രകാശവും അനുയോജ്യമാണ്. വളരെ കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ മുളക്കുന്നവയും വേഗത്തിൽ വളരുന്നവയുമാണിത്.
മുള്ളങ്കിയുടെ ഏറെക്കുറെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ഇലകളും പൂക്കളും വേരുകളും വിത്തുകളുമെല്ലാം ഭക്ഷണത്തിനായുപയോഗിക്കുന്നു. പൂക്കളും ഇലകളും പച്ചയായോ പാകം ചെയ്തോ ഉപയോഗിക്കുന്നു. ഇവ സലാഡുകളിലും ചേർക്കാറുണ്ട്.
എങ്കിലും ഇവയുടെ കിഴങ്ങുകളാണ് ഭക്ഷണത്തിനായി ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഇവക്കു വേണ്ടി വാണിജ്യാടിസ്ഥാനത്തിൽ മുള്ളങ്കി കൃഷിചെയ്യുന്നു. മുളങ്കിയുടെ വിത്തിൽ നിന്ന് ഭക്ഷ്യയോഗ്യമായ എണ്ണ നിർമ്മിക്കാറുണ്ട്. പാകമാവാത്ത കായയുടെ തോടുകൾ പച്ചക്കും കഴിക്കാവുന്നതാണ്.
ധാരാളം ഔഷധഗുണങ്ങളും മുള്ളങ്കിക്കുണ്ട്. ആസ്ത്മ പോലുള്ള രോഗങ്ങൾക്ക് ഇവയുടെ ഇലയും വിത്തും വേരുമെല്ലാം നല്ല ഔഷധമാണ്.
ഇംഗ്ലീഷ് നാമം : ശലപർണി
ഹിന്ദി നാമം : ചപാക്നൊ
ശാസ്ത്രീയനാമം : Pseudarthria viscida
കുടുംബം : Fabaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ
മഴക്കാലം ആരംഭിക്കുന്നതോടെ വാതരോഗക്കാരും ഏറുകയായി. അതോടെ ആയുർവേദ മരുന്നുകൾക്കും കഷായങ്ങൾക്കും ആവശ്യക്കാരുമേറി. വാതത്തിന് ഏറ്റവും നല്ല മരുന്നാണല്ലോ ദശമൂലാരിഷ്ടം. ദശമൂലാരിഷ്ടത്തിലെ ഒരു മുഖ്യ ചേരുവയാകട്ടെ ചെറുസസ്യമായ മൂവിലയാണ്. ഓരോ ഇലത്തണ്ടിലും മൂന്ന് വീതം ഇലകൾ ഉള്ളതിനാലാവാം ഇതിന് മൂവില എന്ന പേരു വന്നത്. ലഘു പങ്കമൂല എന്ന വിഭാഗത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണിത്. പുരാതനകാലത്ത് ചരകമഹർഷി ഔഷധനിർമ്മാണത്തിനായി ഈ സസ്യത്തെ വ്യത്യസ്ത ഇനങ്ങളാക്കി വേർതിരിച്ചിരുന്നു.
മൂവിലയുടെ ജന്മസ്ഥലം ഇന്ത്യയാണെന്ന് കണക്കാക്കപ്പെടുന്നു. ഏകവർഷിയായ ഈ സസ്യം ദക്ഷിനേന്ത്യയിൽ മുഴുവനായും ഉത്തരേന്ത്യയിലെ ഗുജറാത്തിലും കണ്ടുവരുന്നുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരാൻ ഇഷ്ടപ്പെടുന്ന ഈ ചെറുസസ്യത്തിന് ഏതു കാലാവസ്ഥയേയും അതിജീവിക്കാനുള്ള കഴിവുണ്ട്. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലുള്ള ഭൂവിഭാഗങ്ങളിൽ വരെ ഈ ചെടി വളരുന്നു. കേരളത്തിൽ വനപ്രദേശങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്.
മൂന്ന് ഇലകൾ എന്നാണ് മൂവില എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. തണ്ടുകളിൽ മൂന്നായി വിന്യസിച്ചിട്ടുള്ള ഇലകൾ തന്നെയാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത. ഇലയുടെ പ്രത്യേകത ഒന്നു കൊണ്ടു തന്നെ ഇവയെ എളുപ്പത്തിൽ തിരിച്ചറിയാനാകുമത്രേ. ഒരു ചെറുസസ്യമായ മൂവിലക്ക് നൂറു കണക്കിന് ഇനങ്ങളുണ്ടെന്ന് പറയുമ്പോൾ അൽഭുതം തോന്നാം. പടർന്നുകയറുന്നവ, കുറ്റിച്ചെടി, മരങ്ങൾ എന്നിങ്ങനെ വിവിധയിനങ്ങളായാണ് കാണപ്പെടുന്നത്. ചെറുസസ്യമായ മൂവില വളർച്ച എത്തുന്നതോടെ ഏകദേശം 60-120 സെന്റീമീറ്റർ നീളത്തിൽ നേരിയ ശിഖരങ്ങളോടെ കാണപ്പെടുന്നു. ശിഖരങ്ങൾ വെളളനിറത്തിൽ രോമാവ്യതമായിരിക്കും. മുരിക്കിന്റെ ഇലയോട് സാമ്യം പുലർത്തുന്നു.
ഇലകൾ ഏകദേശം 7 മുതൽ 15 സെന്റീമീറ്റർ നീളത്തിലും 2 മുതൽ 5 സെന്റീമീറ്റർ വീതിയിലും കാണപ്പെടുന്നു. മൂന്ന് ഇലകളിൽ വശങ്ങളിലുള്ള രണ്ടെണ്ണം ചെറുതും മധ്യത്തിലുള്ളത് അൽപം വലുതുമായിരിക്കും. പച്ചനിറത്തിൽ മിനുസമേറിയതും രോമാവ്യതവുമായ ഇലയുടെ അടിഭാഗം ചാരനിറത്തിലാണ്. 15 മുതല്‍ 30 സെന്റീമീറ്റർ വരെ നീളമുള്ള പൂങ്കുലയിൽ എണ്ണമറ്റ ചെറിയ പൂക്കൾ റോസ് നിറത്തിലോ നീലലോഹിത വര്‍ണത്തിലോ കാണപ്പെടുന്നു. ഒരു പുഷ്പത്തിൽ തന്നെ ആൺ-പെൺ ബീജങ്ങളെ വെവ്വേറെ കാണാന്‍ കഴിയും. പരന്നതും കട്ടിയുള്ള രോമങ്ങളാൽ ആവരണം ചെയ്യപ്പെട്ടതുമായ ഫലങ്ങളാണ് മൂവിലയുടേത്. അതിനുള്ളിലെ വിത്തുകൾ കാപ്പികലർന്ന കറുപ്പുനിറത്തിൽ തിങ്ങിഞെരുങ്ങി കാണപ്പെടുന്നു. മെയ് മാസത്തില്‍ പൂക്കുകയും ജൂണിൽ കായ്ക്കുകയും ചെയ്യുന്ന ഈ ചെറുസസ്യത്തിൽ വിത്ത് വഴിയാണ് പുനരുൽപാദനം സാധ്യമാവുന്നത്.
മൂവിലയുടെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ്. എന്നിരുന്നാലും മധുരവും കയ്പും കലർന്ന അതിന്റെ വേരുകളാണ് പ്രധാനമായും ഔഷധയോഗ്യം. ആന്തരികാരോഗങ്ങൾക്കു മാത്രമല്ല ബാഹ്യരോഗങ്ങൾക്കും മൂവില മുഖ്യ ഔഷധമാണ്. പനി ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്കും മൂവില ഉള്‍പ്പെടുന്ന ദശമൂലകഷായം ഉപയോഗിക്കുന്നു. പുരാതന ആയുർവേദഗ്രന്ഥങ്ങളിൽ 4000 വർഷങ്ങൾക്കു മുമ്പുതന്നെ ഈ ഔഷധസസ്യം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നും ഇവയുടെ പ്രാധാന്യം വ്യക്തമാണല്ലോ.
ഇംഗ്ലീഷ് നാമം : ക്ലൈംസിംഗ് ഫ്ലാക്സ്
സംസ്കൃതനാമം : കംശമര
മറ്റുനാമങ്ങൾ : കർത്തോട്ടി
ശാസ്ത്രീയനാമം : Hugonia mystax
കുടുംബം : Linaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ
പേരിൽത്തന്നെ ഒരു ആകർഷണീയതയില്ലേ? ഈ ഓമനത്തം രൂപത്തിലും കാത്തുസൂക്ഷിക്കുന്നവയാണ് മോതിരക്കണ്ണി സസ്യങ്ങൾ. ഒരു മോതിരത്തിന്റെ വലിപ്പമുള്ള ഇവയുടെ ചെറുപുഷ്പങ്ങൾ അരുമയോടെ മാത്രം നോക്കാൻ സാധിക്കുന്നവയാണ്. ലിനേസി സസ്യകുടുംബത്തിൽപ്പെട്ട കുറ്റിച്ചെടിയാണ് മോതിരക്കണ്ണി. ഇന്ത്യയാണ് ഇവയുടെ സ്വദേശമായി കണക്കാക്കുന്നത്. ഇന്ത്യയിലെ ഉഷ്ണമേഖല വനങ്ങളിലാണിവ കൂടുതലായും കണ്ടുവരുന്നത്.
പറമ്പുകളിലും വെളിമ്പ്രദേശങ്ങളിലും വനങ്ങളിലുമെല്ലാം പടർന്നുവളരുന്ന സസ്യമാണ് മോതിരക്കണ്ണി. ഇവയുടെ മഞ്ഞനിറമുള്ള ചില്ലകൾ കെട്ടുപിണഞ്ഞ് കാണപ്പെടുന്നു. ഉറപ്പുള്ള തണ്ടാണിവയുടേത്. മെലിഞ്ഞ കാണ്ഡം ശാഖകളായി കാണപ്പെടുന്നു. കാണ്ഡത്തിൽ ഒറ്റക്കൊറ്റക്കായുള്ള ഇലകൾ ഒന്നിടവിട്ടു ക്രമീകരിച്ചിരിക്കുന്നു. കടും പച്ചനിറത്തിലുളള ഇലകൾ ഇടത്തരം വലിപ്പത്തിലുള്ളവയാണ്. അണ്ഡാകൃതിയിൽ തിളങ്ങുന്ന പ്രതലത്തോടുകൂടിയതാണിവ.
നേരത്തെ സൂചിപ്പിച്ചതുപോലെ വളരെ ചെറിയ പൂക്കളാണ് മോതിരക്കണ്ണിയുടേത്. സാധാരണയായി വെളുത്ത നിറത്തിലുള്ള പൂക്കളാണ് കാണപ്പെടുന്നത്. എന്നാൽ വർഗ്ഗവ്യത്യാസമനുസരിച്ച് മഞ്ഞ, പിങ്ക് നിറങ്ങളിലും പൂക്കൾ കാണാറുണ്ട്. പൂക്കളുടെ മധ്യഭാഗം മഞ്ഞനിറത്തിലായിരിക്കും. ഇവയിൽ പച്ചനിറത്തിൽ കേസരങ്ങൾ കാണപ്പെടുന്നു. വളരെ ചെറിയ പൂഞെട്ടുകളാണിവയുടേത്. ഇവ മൃദുലമായ മഞ്ഞ രോമങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. ഞെട്ടിനെപ്പോലെ വളരെ ചെറിയ ബാഹ്യദളങ്ങളാണ് മോതിരക്കണ്ണിക്കുള്ളത്. നേരിയ പന്ത്രണ്ട് ഇതളുകളാണ് മോതിരക്കണ്ണി പുഷ്പത്തിന്. എണ്ണത്തിൽ കൂടുതലാണെങ്കിലും വലിപ്പത്തിൽ കുഞ്ഞന്മാരാണിവർ. സമ്മുഖമായി വിന്യസിച്ചിരിക്കുന്ന ഇലകളുടെ മുകളിലായി പത്രകക്ഷത്ത് നിന്ന് ഹുക്കുകൾ ഉള്ളതുകൊണ്ടാണ് ഇതിന് മോതിരക്കണ്ണി എന്ന പേരു ലഭിച്ചത്. ഹുക്കുകൾ ഉപയോഗിച്ചാണ് ഇത് പടർന്നു കയറുന്നത്.
വൃത്താകൃതിയിലാണ് മോതിരക്കണ്ണിയുടെ ഫലങ്ങൾ കാണപ്പെടുന്നത്. മാംസളമായ ഇവക്കുള്ളിലാണ് വിത്തുകൾ സ്ഥിതിചെയ്യുന്നത്. ഒരു കായക്കളിൽ രണ്ടോ മൂന്നോ വിത്തുകൾ ഉണ്ടാകാറുണ്ട്. വളരെ ചെറിയ വിത്തുകളാണിവക്ക്. വിത്തിലൂടെയാണ് മോതിരക്കണിയിൽ പുനരുൽപാദനം നടക്കുന്നത്. വളരെ വേഗത്തില്‍ വളരുന്ന ഇവ പടർന്നുപന്തലിക്കുന്നവയാണ്. പൂർണമായ തണൽ പ്രദേശത്ത് വളരാൻ ഇഷ്ടപ്പെടുന്ന മോതിരകണ്ണിക്ക് ഭാഗികമായ തണലും അനുയോജ്യമാണ്. നനവാർന്ന മണ്ണാണ് ഇവയ്ക്ക് വളരാന്‍ അനുയോജ്യം. വളരുന്ന പ്രദേശങ്ങളിലെ അനുകൂല ഘടകങ്ങൾക്കനുസരിച്ച് ഇവയുടെ വളർച്ചയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാറുണ്ട്. ലൈംഗികപ്രജനനവും കായികപ്രജനനവും മോതിരക്കണ്ണിയില്‍ പ്രാവർത്തികമാണ്. മഴക്കാലമാണ് കൊമ്പു മുറിച്ചു നടുന്നതിനുത്തമം.
കാടുകളിലും മറ്റും പടർന്നു പന്തലിക്കുമെങ്കിലും ഇവ ഔഷധഗുണമുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേരുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ചവർപ്പു കലർന്ന മധുരരസമാണ് വേരുകൾക്കുള്ളത്. ഇവക്ക് ശ്ലേഷ്മ സ്തരങ്ങളെയും രക്തക്കുഴലുകളേയും സങ്കോചിപ്പിക്കാനുള്ള കഴിവുണ്ട്. സാധാരണ പനിക്കും വയറ്റിലെ വിരകള്‍ക്കും പ്രതിവിധിയാണത്രേ മോതിരക്കണ്ണി. പൊള്ളലുകള്‍ക്ക് ഇവ അരച്ചുപുരട്ടുന്നത് നല്ലതാണെന്നും പറയപ്പെടുന്നു. പ്രകൃതിയില്‍ ഒന്നും പ്രയോജനപ്രദമില്ലാതെയില്ല എന്നത് എത്ര യാഥാര്‍ഥ്യമാണ്.
ഇംഗ്ലീഷ് നാമം : പീകോക്ക് ഫ്ലവര്‍
ശാസ്ത്രീയ നാമം : Caesalpinia pulcherrima
കുടുംബം : Caesalpiniacea
കാണപ്പെടുന്ന പ്രദേശങ്ങള്‍ : ഏഷ്യ, വെസ്റ്റിന്‍ഡീസ്, ടെക്സാസ്, സൊനോറണ്‍ മരുഭൂമി, അമേരിക്ക
ചാരമായാലും അവിടെനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പറ്റി കേട്ടിട്ടില്ലേ സസ്യലോകത്തിലുമുണ്ട് അത്തരമൊരു ജീവി. ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുന്ന ഒരു സസ്യം. പറുദീസയിലെ ചുവന്ന പക്ഷികളെന്നു പേരുവീണ രാജമല്ലിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇംഗ്ലീഷിൽ പീക്കോക്ക് ഫ്ളവറെന്ന (Peacock flower) ഓമനപ്പേരിൽ അറിയപ്പെടുന്ന രാജമല്ലി ബാർബഡോസിന്റെ അഭിമാനമെന്നും (pride of Barbados) വിശേഷിപ്പിക്കപ്പെടുന്നുണ്ട്.
സിസാൽപിനിയേസി കുടുംബത്തിൽപ്പെട്ട പുഷ്പിക്കുന്ന കുറ്റിച്ചെടിയാണ് രാജമല്ലി. വെസ്റ്റിൻഡീസ് സ്വദേശമായുള്ള ഇവ ടെക്സാസിലും സൊനോറൺ മരുഭൂമിയിലും വ്യാപകമായി കണ്ടുവരുന്നു. അമേരിക്കയിലെ ഉഷ്ണമേഖലയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇവ വളർന്നുകാണുന്നു. ഏകദേശം മൂന്നു മീറ്റർ ഉയരത്തിൽ വളരുന്ന രാജമല്ലിക്ക് തടിച്ച് ഉറപ്പേറിയ കാണ്ഡമാണുള്ളത്. ഇളം തവിട്ടുനിറത്തിലുള്ള ശിഖരങ്ങളുണ്ട്. വളരെ ആഴത്തിൽ പോവുന്ന ഉറപ്പേറിയ വേരുകളാണിവയുടേത്. ഇത് കടുത്ത വരൾച്ചയിലും ചെടിയെ സംരക്ഷിച്ചുനിർത്തുന്നു. വളരെ ഭംഗിയേറിയ ഇലകളാണ് രാജമല്ലിയുടേത്. ശിഖരങ്ങളിൽനിന്നും തുടങ്ങുന്ന 20 മുതൽ 40 സെന്റീമീറ്റർ നീളമുള്ള മുഖ്യ ഇലത്തണ്ടിൽനിന്നും വീണ്ടും മൂന്ന് മുതൽ പത്ത് വരെ കൊച്ചു കൊച്ചു ഇലത്തണ്ടുകൾ നിരയായി ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ ക്രമമായി ഇലകളും വിന്യസിച്ചിരിക്കുന്നു. ഒരു ഇലത്തണ്ടിൽ ഏകദേശം 6 മുതൽ 10 ജോടി ഇലകൾ വരെ കാണാം. പുളിയിലയോടു സാമ്യമുള്ള വളരെ ചെറിയ ഇലകളാണിവയുടേത്. ഇളം പച്ചനിറത്തിലുള്ള ഇലത്തണ്ടിൽ ഇവ സമ്മുഖമായി കാണപ്പെടുന്നു. കടും പച്ചനിറത്തിൽ ദീർഘവൃത്താകൃതിയിലുള്ള ഇലകളാണുണ്ടാവുക.
ഏകദേശം 20 സെന്റിമീറ്റർ നീളമുള്ള വലിയ കുലകളായാണ് രാജമല്ലിയിൽ പൂക്കൾ വിരിയുന്നത്. അഞ്ചിതളുകളുള്ള രാജമല്ലിപ്പൂവിന് കപ്പിന്റെ ആകൃതിയാണുള്ളത്. ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ പൂക്കൾ കാണപ്പെടുന്നു. ചിലയിനങ്ങളുടെ പൂക്കൾക്ക് ഓറഞ്ചുകലർന്ന ചുവപ്പുനിറമായിരിക്കും. ഇവ ശിഖരങ്ങളുടെ അഗ്രഭാഗത്തായി കാണപ്പെടുന്നു.
പയറുപോലെയുള്ള ഫലങ്ങളാണിവയുടേത്. ഇവ പാകമാവുമ്പോൾ പൊട്ടി വിത്ത് പുറത്തുവരുന്നു. തവിട്ടുനിറത്തിലുള്ള ചെറിയ പയറുമണി പോലെയാണ് വിത്തുകൾ കാണപ്പെടുന്നത്. വിത്തിലൂടെയാണ് രാജമല്ലി യുടെ പുനരുത്പാദനം നടക്കുന്നത്. പൂർണ സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഇവ വരണ്ട മണ്ണിൽ നന്നായി വളരുന്നു. അമ്ലത്വമുള്ള മണ്ണ് ഇഷ്ടപ്പെടുന്ന രാജമല്ലിക്ക് വരൾച്ചയെ നന്നായി പ്രതിരോധിക്കാനാവും. എന്നാല്‍ ഇവയുടെ ചെറുസസ്യത്തിന് കനത്ത മഞ്ഞുവീഴ്ചയെ അതിജീവിക്കാനാവില്ല. അതിനാൽ ഉഷ്ണമേഖലാപ്രദേശത്ത് ബഹുവർഷിയായി വളരുന്ന ഇവ തണുപ്പ്കൂടിയ പ്രദേശങ്ങളിൽ ഏകവർഷിസസ്യമായാണ് വളരുന്നത്. രാജമല്ലിയുടെ പല ഭാഗത്തിനും ഔഷധഗുണമുണ്ട്. ഇലകൾ പനിക്ക് പ്രതിവിധിയാവുമ്പോൾ പൂവിൽ നിന്നെടുത്ത സത്ത് പുണ്ണിനുള്ള ഒഔഷധമാണ്. വിത്തുകൾ ചുമക്കും നെഞ്ചുവേദനക്കും മരുന്നായി ഉപയോഗിക്കാറുണ്ട്. ഔഷധഗുണമേറെയുണ്ടെങ്കിലും വർഷംമുഴുവൻ മനോഹരമായ പുഷ്പങ്ങളണിഞ്ഞുനിൽക്കുന്ന ഇവയെ ഒരുദ്യാനസസ്യമായാണ് ലോകമൊട്ടാകെ വളർത്തുന്നത്.
ഇംഗ്ലീഷ് നാമം : വെറ്റിവർ
ഹിന്ദി നാമം : ഖാസ്
സംസ്കൃതനാമം : അഭയ, ജലവാസ
ശാസ്ത്രിയ നാമം : Vetiveria zizanoides
കുടുംബം : Poaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, പാക്കിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബർമ്മ
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന കുറ്റിച്ചെടിയാണ് രാമച്ചം. ഇന്ത്യ രാമച്ചത്തിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നു. വെറ്റിവർ എന്ന പേരിലാണ് ഇവ കൂടുതലായും അറിയപ്പെടുന്നത്. തമിഴിൽ നിന്നാണ് ഇവക്കു വെറ്റിവർ എന്ന പേരു ലഭിച്ചത്. പഴയ തമിഴ് സാഹിത്യത്തിലും ആയുർവ്വേദ ചരിത്രങ്ങളിലും രാമച്ചത്തിന്റെ ഗുണങ്ങൾ ഏറെ പ്രതിപാദിക്കുന്നുണ്ട്.
രാമച്ചം ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾ കട്ടികുറഞ്ഞതും നീളമേറിയതുമായിരിക്കും. കാണ്ഡത്തിൽ നിന്നാണ് ഇലകൾ ഉൽഭവിക്കുന്നത്. ഇവക്ക് ധാരാളം പൂക്കളും ഉണ്ടാവാറുണ്ട്. ഇവ തവിട്ടുകലർന്ന നീലലോഹിതവർണ്ണത്തിൽ കാണപ്പെടുന്നു. രാമച്ചത്തിന്റെ വേരിനാണ് കൂടുതൽ പ്രത്യേകതയുള്ളത്. ബലമേറിയ പ്രധാന വേരിനൊപ്പം ധാരാളം ചെറുവേരുകളും കണ്ടുവരുന്നു. വേരിന്റെ വളർച്ചക്കനുസരിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. പോഷകസമ്പുഷ്ടമായ മണ്ണും നല്ല ജലസേചനവും രാമച്ചക്ക്യഷിക്ക് ആവശ്യമാണ്. ഇവ വിളവെടുപ്പിന് പാകമാവുമ്പോൾ ഇലകളെല്ലാം ഉണങ്ങി മണ്ണിലടിഞ്ഞിട്ടുണ്ടാവും. ഈ അവസരത്തിൽ മണ്ണിൽനിന്നും വേര് കുഴിച്ചെടുക്കുന്നു. ഈ വേരാണ് ചെടിയുടെ ഏറെ ഔഷധമൂല്യമുള്ള ഭാഗം. രാമച്ചത്തിന്റെ വേരിൽനിന്നും ഒരു തരം എണ്ണ ഉൽപാദിപ്പിക്കാറുണ്ട്. ചെടി വളരുന്ന മണ്ണിന്റെ ഘടനക്കനുസരിച്ച് എണ്ണയുടെ ഉൽപാദനത്തിലും വ്യത്യാസം ഉണ്ടാവും.
ആയുർവേദ ഔഷധങ്ങളിലെ മുഖ്യ ചേരുവയാണ് രാമച്ചം. കൂടാതെ സൗന്ദര്യവർദ്ധകവസ്തുക്കൾ നിർമ്മിക്കാനും സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാനും രാമച്ചം ഉപയോഗിക്കുന്നു. അബോധാവസ്ഥ അകറ്റാനും ദഹനക്കേട്, ശ്വാസകോശസംബന്ധമായ രോഗം, തൊലിപ്പുറത്തുണ്ടാവുന്ന ചില അസുഖങ്ങൾ വിശപ്പില്ലായ്മ എന്നിവ ഇല്ലായ്മ ചെയ്യാനും രാമച്ചം ഉത്തമൗഷധമാണ്. രാമച്ചത്തിൽ നിന്നും ലഭിക്കുന്ന എണ്ണ ധാരാളം ശാസ്ത്ര പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങളെക്കുറിച്ച് ഇന്നും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. രാമച്ചത്തിൽ ത്വരിതഗതിയിൽ വിഘടിക്കുന്ന ചില ഘടകങ്ങൾ അടങ്ങിയിരിക്കുന്നതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
രാമച്ചത്തിന്‍റെ വേര് ഉണക്കിയ ശേഷമാണ് എണ്ണ ഉൽപാദിപ്പിക്കുന്നത്. തവിട്ടുനിറത്തിലുള്ള ഇതിന്‍റെ എണ്ണ ഏറെ സുഗന്ധമുള്ളതാണ്. ഇത് മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം. നല്ലൊരു ശീതീകരിണിയായും രാമച്ചം ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ രാമച്ചം കൊണ്ട് ചെരുപ്പ്, വിശറി, കിടക്ക എന്നിവ നിര്‍മിക്കുന്നു. രാമച്ചം കൊണ്ടുള്ള ചെരിപ്പ് ധരിച്ചാൽ വാതരോഗത്തിന് ശമനം ലഭിക്കുമത്രേ. പണ്ടു കാലങ്ങളിൽ രാജാക്കന്മാരെ വീശിയിരുന്നത് രാമച്ചവിശറികാണ്ടായിരുന്നു. രാമച്ചം ഏറെ തണുപ്പ് പ്രദാനം ചെയ്യുന്നതാണെന്നതു തന്നെ ഇതിനു കാരണം. സോപ്പു നിർമ്മാണത്തിനും രാമച്ചം ഉപയോഗിക്കാറുണ്ട്. എക്കാലവും രാമച്ചത്തിന് സുഗന്ധം നിലനില്‍ക്കുന്നതിനാല്‍ ഇവ കൊണ്ടുണ്ടാക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ക്കും വിപണിയില്‍ പ്രിയമേറെയാണ്. അമേരിക്ക, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് രാമച്ചം വ്യാപകമായി കയറ്റി അയക്കുന്നുണ്ട്. ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന ആയുര്‍വേദ ഔഷധങ്ങളില്‍ ഏറെ മൂല്യമുള്ളതും വിലയേറിയതുമായ ഒന്നാണ് രാമച്ചം.
ഇംഗ്ലീഷ് നാമം : സ്വീറ്റ് ഫ്ളാഗ് സ്വീറ്റ് റൂട്ട്
ഹിന്ദി നാമം : സഫേദ് ബാക്ക്
സംസ്കൃതനാമം : ഭദ്ര, സ്മരണി, ജലജ
ശാസ്ത്രീയ നാമം : Acorus calamus
കുടുംബം : Araceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ശ്രീലങ്ക, ജപ്പാൻ, ബർമ്മ, ചൈന, അമേരിക്ക, സൈബീരിയ,
ഗ്രീക്ക് പുരാണത്തിൽ ഒരു കഥയുണ്ട്. നദികളുടെ ദേവനായ മിയാണ്ടറിന്റെ പുത്രൻ കലാമോസും സഫെറസിന്റേയും ക്ലോറിസിന്റെയും പുത്രനായ കാർപോസും പ്രണയത്തിലായിരുന്നു. പക്ഷേ കാർപോസ് നദിയിൽ മുങ്ങി മരിച്ചു. ദുഃഖിതനായ കലാമോസ് ഒരു പുല്ലായും മാറി. ആ പുല്ലാണത്ര വയമ്പ്. കാറ്റടിക്കുമ്പോൾ ഇലകൾ കൂട്ടിയുരുമ്മി ശബ്ദമുണ്ടാക്കുന്ന ഈ സസ്യം കൂട്ടുകാരന്റെ മരണത്തിൽ വിലപിച്ചുകൊണ്ടിരിക്കുന്ന കലാമോസാണെന്നാണ് ഗ്രീക്കുകാരുടെ വിശ്വാസം. ഇതനുസരിച്ച് ഗ്രീസിൽ പുരുഷപ്രണയത്തിന്റെ (പതീകമാണ് വയമ്പ്. എന്നാൽ ജപ്പാനിലിത് ധീരന്മാരായ സാമുറായ് യോദ്ധാക്കളുടെ പ്രതീകവും. ഗ്രീസിലും ജപ്പാനിലുമെല്ലാം ഒട്ടേറെ സാംസ്കാരിക പ്രാധാന്യമുള്ള വയമ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ശ്രീലങ്ക, ജപ്പാൻ, ബർമ്മ, ചൈന, സൈബീരിയ, റഷ്യ, അമേരിക്ക എന്നിവിടങ്ങളിലും ഇവ കണ്ടുവരുന്നു.
പുൽവർഗ്ഗത്തിൽപ്പെട്ട ഒരു ചെറുസസ്യമാണ് വയമ്പ്. ഇളം പച്ചനിറത്തിലുള്ള ഇതിന്റെ ഇലകൾ വാളിനെ അനുസ്മരിപ്പിക്കുന്നവയാണ്. ഇലയുടെ കൂർത്ത അഗ്രഭാഗം ബലമില്ലാത്തതായിരിക്കും. കാറ്റടിക്കുമ്പോൾ ആടിക്കളിക്കുന്ന ഇലകൾ കൊടിയോട് സാദ്യശ്യം തോന്നിക്കുന്നു. ഈ രൂപവിശേഷവും ഇവയുടെ ഹൃദ്യമായ സുഗന്ധവും ഇവക്ക് ഇംഗ്ലീഷിൽ സ്വീറ്റ് ഫ്ളാഗെന്ന പേരു നേടിക്കൊടുത്തു. ഇതു മാത്രമല്ല ഇവക്ക് മധുരവുമുണ്ട്. ഇലകൾക്കു മാത്രമല്ല വേരുകൾക്കും മധുരവും സുഗന്ധവുമുണ്ട്. നീളത്തില്‍ വളരുന്ന കിഴങ്ങുകള്‍ മൃദുലവും മാംസളവുമാണ്. മെയ് മുതൽ ജൂലായ് വരെയാണിതിന്റെ പൂക്കാലം. ഭൂകാണ്ഡത്തിൽ നിന്നും ആരംഭിക്കുന്ന നീണ്ട തണ്ടിൽ കുലകളായാണ് പൂക്കൾ കാണുന്നത്. ഏകദേശം ഒമ്പത് സെന്റിമീറ്ററോളം നീളമുള്ള പൂങ്കുലയിൽ പച്ചകലർന്ന മഞ്ഞനിറത്തിലാണ് പൂക്കൾ കാണപ്പെടുന്നത്. നീളത്തിലുള്ള പൂക്കൾ ദ്വിലിംഗങ്ങളായിരിക്കും. ജൂലായ്-ആഗസ്ത് മാസങ്ങളിലാണ് ഇവയുടെ വിത്തുകൾ പാകമാവുന്നത്.
വിത്തിലൂടെയാണ് വയമ്പിന്റെ പുനരുൽപാദനം നടക്കുന്നത്. നീർവാർച്ചയുള്ള പ്രദേശങ്ങളിലാണ് വയമ്പ് ധാരാളമായി വളരുന്നത്. അമത്വമുളള മണ്ണാണ് ഇവയുടെ വളർച്ചക്കുത്തമം. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഇവക്ക് തണൽ അനുയോജ്യമല്ല. ഏറെ സാംസ്ക്കാരിക പ്രാധാന്യമുള്ള വയമ്പിന് ഉപയോഗങ്ങളും ഏറെയാണ്. ഇവയുടെ പല ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ഇലയും വേരും തണ്ടുമെല്ലാം ഭക്ഷണത്തിൽ ഉപയോഗിക്കാറുണ്ട്. പഴവർഗ്ഗങ്ങളെപ്പോലെ പച്ചക്കു കഴിക്കാവുന്ന കിഴങ്ങുകൾ മധുരപലഹാരമുണ്ടാക്കാനും ഉത്തമമാണ്. പച്ചക്കറിയായും ആഹാരപദാർത്ഥങ്ങൾക്ക് മണം പകരാനും ഇവ ഉപയോഗിച്ചുവരുന്നു.
വയമ്പിന്റെ ഇലകൾ കൊട്ടകളും പായകളും നിർമ്മിക്കാനായി ഉപയോഗിച്ചുവരുന്നു. സുഗന്ധദ്രവ്യ നിർമ്മാണത്തിന് കിഴങ്ങുകളും സുഗന്ധപൂരിതമായ വിനാഗിരിയുടെ നിർമ്മാണത്തിന് ഇലകളും ഉപയോഗിക്കാറുണ്ട്. ഇവ വീടുകളിൽ വളർത്തുന്നത് കൊതുകുകളെ അകറ്റാൻ നല്ലതാണ്. ഇതിനൊക്കപ്പുറമെ വളരെ പഴക്കമുള്ള ഔഷധ ചരിത്രവുമുണ്ട് വയമ്പിന്. മസ്തിഷ്ക്കത്തിനും നാഡീവ്യവസ്ഥക്കും ഉണർവു പകരാൻ ഇതു നല്ലതാണെന്ന് ആയുർവേദം പറയുന്നു. നവജാതശിശുക്കൾക്ക് തേനും വയമ്പും നൽകുന്നത് നമുക്കിടയിൽ സാധാരണമാണല്ലോ. അപസ്മാരം പോലുള്ള രോഗങ്ങൾക്കും മുഴകൾക്കും പ്രതിവിധിയായ വയമ്പിന്റെ ഔഷധഗുണം ഇനിയുമേറെയുണ്ട്.
ഇംഗ്ലീഷ്നാമം : പ്രിക്ലി ചഫ് ഫ്ളവർ
ഹിന്ദിനാമം : ചിർചിത, ലറ്റ്ജിറ
സംസ്കൃതനാമം : അഗധ
ശാസ്ത്രീയനാമം : Achyranthes aspera
കുടുംബം : Amaranthaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, നേപ്പാൾ, യൂറോപ്പ്, ന്യൂസിലാന്റ് ഫിലിപ്പീൻസ്, ഏത്യോപ്യ, സുഡാൻ
ഉഷ്ണമേഖല പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് വൻകടലാടി. ഇന്ത്യയിൽ സാധാരണയായി പാഴ്നിലങ്ങളിലും വഴിയോരങ്ങളിലും കാണപ്പെടുന്ന ഇവ പണ്ട് കാലത്ത് നാടൻ ഔഷധമായി ഉപയോഗിച്ചിരുന്നു. ചൈനക്കാർ വൻകടലാടിയെ ഒരു ധാന്യവിളയാണ് കൃഷിചെയ്തിരുന്നത്. ഇവ വനാതിർത്തികളിലും വിശാലമായ പ്രദേശങ്ങളിലും കൂടുതലായി കാണപ്പെടുന്നു. തെക്കുകിഴക്കൻ ഏഷ്യയാണ് വൻകടലാടിയുടെ ജന്മസ്ഥലമായി അറിയപ്പെടുന്നത്. പാഠഭൂമികളിലും നെൽപ്പാടങ്ങളിലും മറ്റും കളസസ്യമായി വളരുന്ന ഇവരുടെ ഔഷധമൂല്യം കണക്കിലെടുത്ത് ലോകത്തിലെ മിക്ക രാജ്യങ്ങളും ഇവ വ്യാപകമായി കൃഷിചെയ്ത പോരുന്നു. എത്യോപ്യ, ഇന്ത്യ, ന്യൂസിലാന്റ്, ഫിലിപ്പീൻസ്, സുഡാൻ എന്നീ രാജ്യങ്ങളിലാണ് നിലവിൽ ഇവ ഉൽപാദിപ്പിക്കുന്നത്.
സഹവർഷിസസ്യമാണ് വൻകടലാടി. സാധാരണയായി പരുപരുത്തതും ഏകദേശം 80 സെന്റിമീറ്റർ മുതൽ 4 മീറ്റർ വരെ ഉയരത്തിൽ വളരുന്നതുമായ ഈ കുറ്റിച്ചെടി ചിലയിടങ്ങളിൽ വൻ മരമായും കണ്ടുവരാറുണ്ട്. നീണ്ടതും നിരവധി ശാഖകളോടുകൂടിയതുമായ കാണ്ഡം രോമാവൃതമായി കാണപ്പെടുന്നു. പരന്നതോ വൃത്താകൃതിയിലോ ഉള്ള ഇലകളുടെ അറ്റം വാൾത്തലപോലെ കൂർത്തിരിക്കും. ഇലക്ക് ഏകദേശം 2 മുതൽ 10 സെന്റിമീറ്റർ നീളമുണ്ടാവും. ഇലകൾ എതിർദിശകളിലായാണ് വിന്യസിച്ചിരിക്കുന്നത്. ജൂലായ്-സെപ്തംബർ മാസങ്ങളിലാണ് വൻകടലാടിയുടെ പൂക്കാലം. തണ്ടിന് മുകളിലായി പൂക്കൾ വിന്യസിച്ചിരിക്കുന്ന തിളക്കമാർന്നവയാണ് വൻകടലാടിയുടെ പൂക്കൾ. ഇവയിൽ ആൺ-പെൺ പൂക്കളെ വെവ്വേറെ കാണാം. പുഷ്പദളങ്ങൾ ആദ്യം വെള്ള നിറത്തിലും പിന്നീട് മങ്ങിയ ലാവന്റർ നിറത്തിലും കാണുന്നു. റോസ് നിറത്തിലാണിതിനു കേസരം. ഫലങ്ങൾ ഓറഞ്ച് നിറത്തിലോ ചുവപ്പു കലർന്ന പർപ്പിൾ നിറത്തിലോ ആയിരിക്കും. വിത്തിന് 2 മുതൽ 3 മില്ലിമീറ്റർ വരെ നീളമുണ്ടാകും. തിളക്കമാർന്ന ചുവപ്പുകലർന്ന കാപ്പിനിറമാണിതിനുള്ളത്. വസന്തകാലത്താണ് വൻകടലാടിയുടെ വിത്ത് നടുന്നത്. ഈർപ്പമുള്ള മണ്ണാണ് ഇതിന്റെ വളർച്ചക്ക് ഏറെ അനുയോജ്യം.
വന്‍കടലാടിയ ഇലയിലും വിത്തിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിന്റെ വിത്ത് പാകം ചെയ്ത് കഴിക്കാവുന്നതാണ്. ഇന്ത്യയിൽ മതപരമായ ചടങ്ങുകളിലും ഇവ ഉപയോഗിക്കുന്നുണ്ട്. വന്കടലാടിയില്‍ അക്കിറാന്തിന്‍ (achyranthine) എന്ന രാസഘടകം അടങ്ങിയിരിക്കുന്നതിനാൽ ആയുർവേദത്തിലും ഹോമിയോപ്പതി, യുനാനി, നാടൻ, സിദ്ധൗഷധങ്ങളിലും ഇത് ഉപയോഗിച്ചുവരുന്നു. വന്‍കടലാടിയെ ആയുര്‍വ്വേദം പരമ്പരാഗതമായി ബ്രോങ്കൈറ്റിസ്, ഹൃദയസംബന്ധമായ അസുഖം, രക്താതിസാരം, ദഹനക്കേട് തുടങ്ങിയവയ്ക്കുള്ള ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. തൊലിപ്പുറത്തുള്ള നീരുവീക്കം, പേപ്പട്ടി വിഷബാധ എന്നിവയ്ക്കും ഇവ ഉത്തമമത്രേ. വന്‍കടലാടിയുടെ ചാരം കടുകെണ്ണയില്‍ കലര്‍ത്തി കുറച്ചു ഉപ്പും ചേർത്താൽ പല്‍പ്പൊടിയായി ഉപയോഗിക്കാവുന്നതാണ്. അതിന്റെ കമ്പുകൾ പല്ലുതേക്കുന്ന ബ്രഷ് ആയും ഉപയോഗിക്കാറുണ്ട്. ഇന്ന് അലക്കു സോപ്പ് നിർമ്മാണത്തിൽ ഒരു പ്രധാന ചേരുവയാണ് വന്‍കടലാടിയുടെ ചാരം. ഇങ്ങനെ ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് വൻകടലാടി.
ഇംഗ്ലീഷ് നാമം : ബാച്ചിലേഴ്സ് ബട്ടൺ
ശാസ്ത്രീയനാമം : Gomphrena globosa
കുടുംബം : Amaranthaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : മധ്യ അമേരിക്കയിലെ ഗ്വാട്ടിമാല, ഇന്ത്യ, പനാമ, ബ്രിട്ടൺ
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ചെറുസസ്യമാണ് വാടാമുല്ല. അമേരിക്കയിലെ പനാമയും മധ്യ അമേരിക്കയിലെ ഗ്വാട്ടിമാലയുമാണ് ഇവയുടെ ജന്മസ്ഥമായി കണക്കാക്കുന്നത്. വാടാമല്ലി എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. ബ്രിട്ടണിലെ പൂന്തോട്ടങ്ങളിൽ എറ്റവും പ്രധാനപ്പെട്ടവയാണ് വാടാമുല്ല. കാരണം പൂക്കളുടെ ആയുസു തന്നെ. ഗ്വാട്ടിമാല, ഇന്ത്യ, പനാമ, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ വാടാമുല്ല കാണപ്പെടുന്നു. ഗ്ലോബ് അമരാന്ത് എന്ന പേരിലും വാടാമുല്ല അറിയപ്പെടുന്നുണ്ട്.
ഏകദേശം 60 സെന്റിമീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെറുസസ്യം ശാഖകളില്ലാതെയും ശാഖോപശാഖകളോടുകൂടിയും കാണപ്പെടുന്നു. ഇവയുടെ തണ്ടുകൾ ബലമേറിയതാണ്. ദീർഘവൃത്താകൃതിയിലുള്ള തണ്ടുകളിൽ ഇടവിട്ടാണ് ഇലകൾ രൂപംകൊള്ളുന്നത്. ഈ ഇലകൾ ചെറുതും രോമാവൃതവുമാണ്. ശാഖാഗ്രങ്ങളിലായി പൂക്കൾ ഉണ്ടാവുന്നു. ഗോളാകൃതിയിലാണ് പുഷ്പം കാണപ്പെടുന്നത്. യഥാർതലത്തിൽ വാടാമുല്ലയുടെ സഹപത്രമാണ് പൂക്കളുടെ രൂപത്തിൽ ആകർഷകമായി പുറത്തു കാണുന്നത്. പൂക്കളാകട്ടെ മഞ്ഞ കലർന്ന വെള്ള നിറത്തിലോ നീലലോഹിതവർണ്ണത്തിലോ റോസ് നിറത്തിലോ ആയിരിക്കും. ഒരു പൂവിൽതന്നെ നൂറിലധികം ഇതളുകൾ കാണപ്പെടുന്നു. പേരുപോലെതന്നെ ഇവയുടെ പൂക്കൾ വാടാതെ കുറേദിവസം നിലനിൽക്കുന്നു. പൂക്കൾ കൊഴിഞ്ഞു പോവാതെ നിറം മങ്ങുകയാണ് പതിവ്. ഇതിൽ ധാരാളം വിത്തുകൾ അടങ്ങിയിരിക്കും. ഈ വിത്തുകൾ ഉണക്കി സൂക്ഷിക്കാം. വിത്തുകൾ വഴിയും തണ്ടുകൾ മുറിച്ചു നട്ടുമാണ് ചെടിയുടെ പുനരുൽപാദനം നടത്തുന്നത്. വിത്തുകൾ നടുന്നതിന് മുൻപ് ഒരു ദിവസമെങ്കിലും വെള്ളത്തിൽ കുതിർക്കണം. ഇപ്രകാരം ചെയ്താൽ വിത്ത് പെട്ടെന്ന് മുളക്കും. വിത്ത് മുളക്കാനെടുക്കുന്ന സമയം രണ്ടാഴ്ചയാണ്. വാടാമുല്ല വളരുന്നതിനായി നല്ല സൂര്യപ്രകാശം ആവശ്യമാണ്. ഏത് ചൂടുകാലാവസ്ഥയിലും വളരുന്ന ഇവക്ക് ആവശ്യത്തിന് ജലസേചനവും ലഭ്യമാക്കണം. വാടാമുല്ലയുടെ ധാരാളം സങ്കരയിനങ്ങളും ഇന്ന് വളർത്തിയെടുത്തിട്ടുണ്ട്. പക്ഷികളെയും പൂമ്പാറ്റകളെയും ഏറെ ആകർഷിക്കുന്നവയാണ് വാടാമുല്ലപ്പൂക്കൾ. സാധാരണയായി വസന്തകാലത്തിന്റെ അവസാനം മുതല്‍ മഴക്കാലാരംഭം വരെയാണ് വാടാമുല്ലയിൽ പൂക്കളുണ്ടാവുന്നത്.
വാടാമുല്ലയുടെ പൂക്കൾ അലങ്കാരാവശ്യങ്ങൾക്കുവേണ്ടിയാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. മാല, ബൊക്കെ, അത്തപ്പൂക്കളം തുടങ്ങിയവ ഉണ്ടാക്കാൻ ഇത് നല്ലതാണ്. ദീർഘകാലം നിലനില്‍ക്കുന്നതിനാല്‍ തന്നെ വിപണിയിൽ ഇവക്ക് ആവശ്യക്കാരും ഏറെയാണ്. വ്യാവസായികമായും വാടാമുല്ലയുടെ കൃഷി നടത്താറുണ്ട്. ചായങ്ങൾ നിർമ്മിക്കാൻ ഈ പൂക്കൾ ഉപയോഗിക്കാറുണ്ട്. കൂടാതെ പൂക്കൾ ഉണക്കി കളര്‍ ചെയ്ത് അലങ്കരിക്കാറുമുണ്ട്. മലയാളികളുടെ ഉത്സവമായ ഓണക്കാലത്ത് പൂക്കളത്തിനു പ്രാധാന്യമേറെയാണല്ലോ. ഇതിനാകട്ടെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നും വരുന്ന പൂക്കള്‍ ധാരാളമായി ഉപയോഗിക്കുന്നു. ഇവയില്‍ വാടാമുല്ലയ്ക്കാണ് പ്രഥമസ്ഥാനം. അതുകൊണ്ടുതന്നെ ഈ പൂക്കളുടെ ഉത്പാദനം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായും കാണാം. ഇത്തരത്തില്‍ വാണിജ്യപരമായി ഉത്പാദിപ്പിക്കുന്ന വാടാമുല്ലയില്‍ സങ്കരയിനങ്ങള്‍ അപൂര്‍വ്വമായേ നടാറുള്ളൂ. നീലലോഹിത നിറത്തിലുള്ള വാടാമുല്ലയ്ക്കാണ് വിപണിയില്‍ ഏറെ പ്രിയം. വീടുകളിലും ഉദ്യാനങ്ങളിലും ചിരപരിചിതമായ വാടാമുല്ല ഏവരുടെയും മനം കുളിര്‍പ്പിക്കുന്ന പുഷ്പമാണെന്ന് നിസ്സംശയം പറയാം.
ഇംഗ്ലീഷ് നാമം : ഗാൻഡറുസ
ശാസ്ത്രീയനാമം : Justicia gendarussa
കുടുംബം : Acanthaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : എഷ്യ
പേരു കേൾക്കുമ്പോൾത്തന്നെ അറിയാമല്ലോ ആളൊരു കേമനാണെന്ന്. വാതത്തെ മാത്രമല്ല മറ്റു പല അസുഖങ്ങൾക്കും ഔഷധമായുപയോഗിക്കുന്നവയാണ് ഈ സസ്യം. ഹിമാലയസാനുക്കൾ സ്വദേശമായ ഈ കുറ്റിച്ചെടി ഏഷ്യയിൽ ഇന്ത്യ മുതൽ ബർമ്മ വരെയുള്ള പ്രദേശങ്ങളിലാണ് വ്യാപകമായി കാണപ്പെടുന്നത്.
ഏകദേശം 80 സെന്റീമീറ്റർ മുതൽ 150 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് വാതംകൊല്ലി. നല്ല ഉറപ്പുള്ളതും ആഴത്തിൽ പോവുന്നതുമായ വേരുകളും അധികം വണ്ണം വെക്കാത്ത ഉറപ്പേറിയ കാണ്ഡവുമാണ് വാതംകൊല്ലിയുടേത്. ഇരുണ്ട ചുവപ്പുനിറത്തിൽ കാണപ്പെടുന്ന കാണ്ഡം ശിഖരങ്ങളോടുകൂടിയതാണ്. എളുപ്പത്തിൽ പൊട്ടിപ്പോവുന്ന ശിഖരങ്ങളാണിവയുടേത്.
കരിഞ്ഞ പച്ചനിറത്തിൽ നീളമുള്ള ഇലകളാണിവക്ക്. വീതിയില്ലാത്ത ഇലയുടെ അഗ്രഭാഗങ്ങൾ കൂർത്തിരിക്കും. ഇലയുടെ പ്രതലം മിനുസമേറിയതും തിളക്കമാർന്നതുമാണ്. ഇലഞ്ഞെട്ടുകൾ നീളമേറിയതും ഇരുണ്ട് ചുവപ്പ് നിറത്തിലുമായിരിക്കും. ഇലയുടെ മധ്യത്തിൽ ഇതേ നിറത്തിൽ ഞരമ്പുകളും കാണാനാവും.
ചെറിയ പൂക്കളാണ് വാതംകൊല്ലി സസ്യത്തിന്റേത്. ഇവ കുലകളായി കാണപ്പെടുന്നു. ശാഖാഗ്രങ്ങളിലോ പത്രകക്ഷത്തോ ആണ് നീളത്തിലുള്ള പൂങ്കുലകൾ കാണപ്പെടുന്നത്. വളരെ മൃദുവായതും മിനുസമേറിയതുമായ ഇതളുകളാണ് വാതംകൊല്ലിയുടെ പുഷ്പങ്ങളുടേത്. വെള്ളനിറത്തിൽ കാണപ്പെടുന്ന ഇവയിൽ നീലലോഹിത വർണത്തിലുള്ള ചെറിയ കുത്തുകൾ കാണാം. ദ്വിലിംഗപുഷ്പങ്ങളാണിവ. ഒരു ദിവസമാണ് പൂക്കളുടെ ആയുസ്. വിത്തു മുളപ്പിച്ചും ശാഖകൾ മുറിച്ചു നട്ടും ഇവയിൽ പുനരുൽപാദനം നടത്താം. വസന്തകാലമാണ് ഇവ നടാനുത്തമം. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ മഴയിൽനിന്നും മഞ്ഞിൽനിന്നും രക്ഷനൽകുന്നത് നന്നായിരിക്കും.
ഏതുതരം മണ്ണിലും വളരുന്നവയാണ് വാതംകൊല്ലി ചെടികൾ. അമ്ലത്വവും ലവണാംശവും ഒരുപോലെ അനുയോജ്യമാണിവക്ക്. അധിക സൂര്യപ്രകാശം താങ്ങാൻ കഴിയാത്ത ഇവ പൂർണ്ണമായ തണലത്തോ ഭാഗികമായ തണലത്തോ നന്നായി വളരുന്നു. ജലാംശം നന്നായുള്ള മണ്ണാണ് വാതംകൊല്ലിക്ക് അനുയോജ്യം. വാതംകൊല്ലിയുടെ ഇല ഉണക്കി കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ഔഷധഗുണങ്ങൾ ധാരാളമുള്ളവയാണ് വാതംകൊല്ലി സസ്യം. നാടൻ മരുന്നുകളിലും ആയുർവ്വേദത്തിൽ യുനാനിയിലുമെല്ലാം ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
വാതംകൊല്ലിയുടെ ഭാഗങ്ങൾ ചേരുവയായുണ്ടാക്കുന്ന കഷായം ഏതു പഴക്കംചെന്ന വാതത്തെയും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്ന ഔഷധമത്രേ. ഇതിന്റെ ഈ കഴിവാണ് ഇവക്ക് വാതംകൊല്ലിയെന്ന പേര് നേടിക്കൊടുത്തത്. പേശികളുടെ കോച്ചിപ്പിടുത്തം അകറ്റാനായി ഇവയുടെ ഇലകൾ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ഇവ വായുക്ഷോഭത്തിനും നല്ലൊരൗഷധമാണ്. ഇതു മാത്രമല്ല തലവേദനക്കും തളര്‍വാതത്തിനും ഇവയുടെ ഇലയില്‍ നിന്നെടുക്കുന്ന സത്ത് കഴിക്കുന്നത് നല്ലതാണ്. ഇനിയുമേറെയുണ്ട് വാതംകൊല്ലിയുടെ ഔഷധഗുണങ്ങള്‍.
ഇംഗ്ലീഷ് നാമം : ഡ്വാർഫ് മോർണിംഗ് ഗ്ലോറി
ഹിന്ദി നാമം : ശങ്കുപുഷ്പി
സംസ്കൃതനാമം : ലഘുവിഷ്ണ ക്രാന്ത
ശാസ്ത്രീയ നാമം : Evolvulus alsinoides
കുടുംബം : Covolvulaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : അമേരിക്ക, ഇന്ത്യ.
ഇന്ത്യൻ ആചാരങ്ങളിലും ഔഷധങ്ങളിലും നിറഞ്ഞ സാന്നിധ്യമാണ് വിഷ്ണുക്രാന്തി. ദശപുഷ്പങ്ങളിൽപ്പെട്ട ഇവ കർക്കിടകമാസത്തിലെ ശീപോതിയൊരുക്കലിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഈ ഔഷധി നമുക്കേറെ സുപരിചിതമാണെങ്കിലും ഇവരുടെ ജന്മദേശം അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. എങ്കിലും ഇന്ത്യയിൽ ഇവ ധാരാളമായി കാണപ്പെടുന്നുണ്ട്. പരക്കെ വ്യാപിക്കുന്ന ഈ ചെറുസസ്യം ഹിമാലയസാനുക്കളിൽ ഏകദേശം 1800 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽ വരെ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിലും തെക്കെ അമേരിക്കയിലും ഇവ സർവ്വസാധാരണമാണ്.
നിലത്ത് പടർന്നുവളരുന്നവയാണ് വിഷ്ണുക്രാന്തി. കടും പച്ചനിറത്തിലുള്ള നേർത്ത ബലമുള്ള തണ്ടുകളാണിവക്ക്. ശാഖകളോടുകൂടിയാണിവ കാണപ്പെടുന്നത്. ഈ തണ്ടുകൾ ചുവന്നനിറത്തിലുള്ള നാരുകളാൽ ആവരണം ചെയ്തിരിക്കുന്നു. ഇതിന്റെ സാന്നിധ്യം മൂലം ഇവയുടെ കാണ്ഡം ഒറ്റനോട്ടത്തിൽ ചുവപ്പുനിറത്തിലാണെന്നു തോന്നും.
കരിഞ്ഞ പച്ചനിറത്തിലുള്ള കട്ടിയേറിയ ഇലകളാണ് വിഷ്ണുക്രാന്തിക്ക്. അണ്ഡാകൃതിയിലുള്ള ഇലകൾക്ക് വളരെ ചെറിയ ഇലത്തണ്ടായിരിക്കും. ഇവ ഒന്നിടവിട്ടാണ് കാണ്ഡത്തിൽ വിന്യസിച്ചിരിക്കുന്നത്. ഇലയുടെ അരികുകൾ ചുവന്ന നിറത്തിൽ കാണപ്പെടുന്നു. ഏകദേശം രണ്ടു സെന്റീമീറ്റർ നീളത്തിലുള്ള ഇലകളുടെ പ്രതലം തിളക്കമേറിയതും മിനുസമുള്ളതുമാണ്.
ഇളം നീലനിറത്തിൽ ഭംഗിയേറിയ പൂക്കളാണ് വിഷ്ണുക്രാന്തിയുടേത്. അഞ്ചിതളുകളുള്ള ഇവക്ക് വെളുത്തനിറത്തിലുളള മൂന്നു വലിയ കേസരങ്ങളാണുള്ളത്. പൂക്കളുടെ മധ്യഭാഗം വെളളനിറത്തിലാണ്. ഇവ ഒറ്റയായാണ് തണ്ടുകളിൽ കാണപ്പെടുന്നത്. പൂമൊട്ടുകൾ കാണപ്പെടുന്നത് കടും പച്ചനിറത്തിലായിരിക്കും.
വിത്തിലൂടെയും കൊമ്പു മുറിച്ചു നട്ടും ഇവയിൽ പുനരുൽപാദനം നടത്താം. നനവാർന്ന പ്രദേശങ്ങളിൽ വളരെ വേഗം വ്യാപിക്കുന്നവയാണിവ. നല്ല സൂര്യപ്രകാശത്തില്‍ ഇവ നന്നായി വളരുന്നു. വളരുന്ന പ്രദേശങ്ങളിലെ അനുകൂലഘടകങ്ങൾക്കനുസരിച്ച് ഇവയുടെ വളർച്ചയിലും പൂവിടുന്നതിലും വ്യത്യാസങ്ങൾ പ്രകടമാണ്. ഏകവര്‍ഷി സസ്യങ്ങളായ ഇവ ഏതു മണ്ണിലും വളരും. ഈ സ്വഭാവ സവിശേഷതയും രൂപഗുണവും കൊണ്ടായിരിക്കാം ഇംഗ്ലീഷുകാര്‍ ഇവയെ ഡ്വാർഫ് മോർണിംഗ് ഗ്ലോറി എന്ന് വിളിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചതുപോലെ ഔഷധഗണങ്ങൾ ധാരാളമടങ്ങിയതാണ് വിഷ്ണക്രാന്തി സസ്യങ്ങൾ. ശരീരപുഷ്ടിക്കും ആരോഗ്യത്തിനും ഇവയുടെ സത്തടങ്ങിയ ഔഷധങ്ങൾ നല്ലതാണത്രേ. ജ്വരത്തിനും വിര സംബന്ധിയായ രോഗങ്ങൾക്കും ഇവ ഉപയോഗിച്ചുവരുന്നു. കൂടാതെ പുണ്ണിനും ഇവ ഉത്തമൗഷധമത്രേ. ഇതുമാത്രമല്ല കേട്ടോ വിഷ്ണക്രാന്തിയുടെ ഔഷധപ്പെരുമ. ഇവയുടെ ചാറ് എണ്ണയിൽ ചേർത്ത് തലയിൽ തേക്കുന്നത് മുടി വളരാന്‍ നല്ലതാണത്രേ.
ഇംഗ്ലീഷ് നാമം : ഗാർലിക്
ഹിന്ദിനാമം : ലാസുൻ, ലഹാസൻ
സംസ്കൃതനാമം : ലസുണ, രസോണ
മറ്റു പേരുകൾ : വെള്ളുള്ളി
ശാസ്ത്രീയനാമം : Allium sativum
കുടുംബം : Liliaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : യൂറോപ്പ്, ഇന്ത്യ
മലയാളിക്ക് വെളുത്തുള്ളി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വെളുത്തുള്ളിയുടെ സ്വാദും മണവും അത്രത്തോളം നമുക്ക് സുപരിചിതമാണ്. വെളുത്തുളളിയിടാത്ത രസവും സാമ്പാറും സ്വാദിന്റെ കാര്യത്തിൽ ഒരുപടി പുറകോട്ടായിരിക്കുമെന്ന് പറഞ്ഞറിയിക്കണ്ടല്ലോ? മലയാളിക്കു മാത്രമല്ല ലോകമൊട്ടാകെ വെളുത്തുള്ളിയുടെ സ്വാദ് പ്രശസ്തമാണ്.
ദക്ഷിണ യൂറോപ്പാണ് വെളുത്തുള്ളിയുടെ സ്വദേശം. എന്നാൽ ഇന്ന് ലോകത്ത് എല്ലായിടങ്ങളിലും ഇത് കൃഷിചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഗുജറാത്ത്, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലാണ് വെളുത്തുള്ളി ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നത്. ഏകദേശം 30 സെന്റീമീറ്റർ ഉയരത്തിലാണ് വെളുത്തുള്ളി കാണപ്പെടുന്നത്. പച്ചനിറത്തിലുള്ള മ്യദുവായ കാണ്ഡമാണ് വെളുത്തുള്ളിയുടേത്. ഉരുണ്ട നീണ്ട ഇലത്തണ്ടിനെ പൊതിഞ്ഞുകൊണ്ട് പച്ചനിറത്തിലുള്ള ആവരണം കാണാം.
നീളമുള്ള ഇലകളാണ് വെളുത്തുള്ളിയുടേത്. ഇളം പച്ചനിറത്തിലുള്ള ഇലയുടെ തണ്ട് കാണ്ഡത്തെ ആവരണംചെയ്തുകൊണ്ട് കാണപ്പെടുന്നു. പരന്ന കട്ടിയറിയ ഇലകൾ ദുർബലവും അഗ്രഭാഗം കുന്തമുന പോലെ കൂർത്തതുമായിരിക്കും. വെളുത്ത നിറത്തിലുള്ള ചെറിയ പൂക്കളാണ് വെളുത്തുള്ളിയുടേത്. ഇവ കാണ്ഡത്തിന്റെ അഗ്രഭാഗത്ത് കൂട്ടമായാണ് കാണപ്പെടുന്നത്. വൃത്താകൃതിയിൽ കൂട്ടമായി വിന്യസിച്ചിരിക്കുന്ന ഈ പൂക്കൾ മഴത്തുള്ളിയുടെ ആകൃതിയിലുള്ള ഒരു ആവരണത്തിലാണ് കാണപ്പെടുന്നത്. നക്ഷത്രാക്യതിയിലുള്ള ഈ പൂക്കൾക്ക് പ്രത്യുൽപാദനത്തിൽ യാതൊരു പങ്കുമില്ല. വെളുത്തുള്ളിയുടെ മുകുളത്തിൽ നിന്നാണ് പുതിയ സസ്യങ്ങൾ പിറവിയെടുക്കുന്നത്.
ഇലകളുടെ അടിഭാഗത്ത് ഭൂമിക്കടിയിലായാണ് മുകുളാകൃതിയിൽ വെളുത്തുള്ളികൾ ബൾബില്ലുകളായി കാണപ്പെടുന്നത്. അടുക്കുകളായി കാണപ്പെടുന്ന ഇതിനെ ആവരണം ചെയ്തുകൊണ്ട് വെളുത്ത നിറത്തിലുള്ള നേരിയ തൊലിയുണ്ടാവും. ഇതിന്റെ അടിവശത്തായാണ് വേരുകൾ കാണപ്പെടുന്നത്.
സഹവർഷികളായ വെളുത്തുളളികൾ നല്ല സൂര്യപ്രകാശത്തിൽ വളരാൻ ഇഷ്ടപ്പെടുന്നവയാണ്. ഏതു തരത്തിലുള്ള കാലാവസ്ഥയെയും ഇവക്ക് അതിജീവിക്കാൻ കഴിയുമെങ്കിലും സമശീതോഷ്ണമായ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. മഴക്കാലത്തും വേനൽക്കാലത്തും ഇവ ഒരുപോലെ വളരാറുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളില്‍ ചെടി ചെടി നടുന്നതാണ് ഉത്തമം. നട്ട് കുറച്ചു ദിവസത്തിനുളളിൽത്തന്നെ മുകുളങ്ങള്‍ ഉണ്ടാവുന്നു. നട്ട് പത്തോ പതിനഞ്ചോ ദിവസത്തിനുശേഷവും വിളവെടുപ്പിനു രണ്ടോ മൂന്നോ ദിവസം മുമ്പും ചെടി നന്നായി നനക്കണം. അവസാനത്തോടെ ഇലകൾക്ക് പച്ചനിറം നഷ്ടമാവുമ്പോഴാണ് വിളവെടുപ്പ് നടത്തുന്നത്. ഭക്ഷണത്തിന് സ്വാദും മണവും നൽകുന്ന ചേരുവ മാത്രമല്ല വെളുത്തുള്ളി, ധാരാളം ഔഷധഗുണങ്ങളും ഇവക്കുണ്ട്. ഉയർന്ന രക്തസമ്മർദം കുറക്കാൻ ഇവർക്കു കഴിയുമത്രേ. ഇന്ത്യന്‍ പാചകവിധികളിൽ മാത്രമല്ല ഫ്രഞ്ച്, ഇറ്റാലിയന്‍ പാചകരീതിയിലും ഇവ ഉപയോഗിക്കാറുണ്ട്.
ഇംഗ്ലീഷ് നാമം : Mussaenda
ഹിന്ദി നാമം : ബൈബിന, ബെദിന
സംസ്കൃതനാമം : നാഗവല്ലി, ശ്രീപതി, ശ്രീപർണ
മറ്റു പേരുകൾ : വെള്ളിലത്താളി
ശാസ്ത്രീയ നാമം : Mussaenda frondosa
കുടുംബം : Rubiaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഏഷ്യ
അമ്മ കറുത്ത്, മകൾ വെളുത്ത്, മകളുടെ മകളൊരു സുന്ദരി എന്ന കടങ്കഥ കേട്ടിട്ടില്ലേ. വെള്ളിലയുടെ രൂപഭാവത്തെ വർണിക്കാൻ ഇതിലും നല്ലൊരു ഉദാഹരണമില്ല. കൗതുകം ജനിപ്പിക്കുന്ന നിറഭേദങ്ങളുമായി നിൽക്കുന്ന വെള്ളില റൂബിയേസി കുടുംബത്തിൽപ്പെട്ട കുറ്റിച്ചെടിയാണ്.
ഏകദേശം ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന വെള്ളില പറമ്പുകളിലെ നിത്യസാന്നിധ്യമാണ്. നല്ല ബലമുള്ള തടിച്ച കാണ്ഡമാണിവക്ക്. ഇരുണ്ട തവിട്ടുനിറത്തിൽ കാണപ്പെടുന്ന ഇവയുടെ തടി ശിഖരങ്ങളോടു കൂടിയതായിരിക്കും. വേരുകൾ താരതമ്യേന ഉറപ്പേറിയവയും.
കരിഞ്ഞ പച്ചനിറത്തിലുള്ള ഇലകളാണ് വെള്ളിലയുടേത്. ഇടത്തരം വലിപ്പമുള്ള ഇലകൾ കാണ്ഡത്തിൽ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. വളരെ ചെറിയ ഇലഞെട്ടുകളാണിവക്ക്. ദീർഘവൃത്താകൃതിയിൽ അഗ്രഭാഗം കൂർത്ത ഇലകൾ മിനുസമില്ലാത്തതാണ്.
ഈ സസ്യങ്ങളെ ആകർഷകമാക്കുന്ന വെളുത്ത നിറത്തിലുള്ള ഇലകൾ ചില പൂക്കളുടെ ബഹുദളങ്ങൾ രൂപാന്തരപ്പെട്ട് വെള്ളിലകളായിത്തീരുന്നവയാണ്. വെളുത്ത നിറത്തിലുള്ള ഈ ഇലകളുടെ സാന്നിധ്യം വെള്ളിലക്ക് പ്രത്യേക ഭംഗി പ്രദാനംചെയ്യുന്നു. ഇലയെന്ന് തെറ്റിദ്ധരിപ്പിക്കത്തക്കവിധമുള്ള വെളുത്ത ഇലകൾ ഉള്ളതുകൊണ്ടാവാം ഇവക്ക് വെള്ളില എന്ന പേരുതന്നെ ലഭിച്ചത്. വെള്ളിലയുടെ ഇലയുടെ ആകൃതി തന്നെയാണ് ഇവയ്ക്കും. പൂക്കൾക്കു തൊട്ടുതാഴെയാണിവ കാണപ്പെടുന്നത്.
വസന്തകാലത്തിന്റെ അവസാനം മുതൽ മഴക്കാലം വരെയാണിവയുടെ പൂക്കാലം. വളരെ ചെറിയ പൂക്കളാണിവയുടേത്. സാധാരണയായി ചുവപ്പു നിറത്തിൽ കാണപ്പെടുന്ന ഇവക്ക് നീണ്ട പൂഞെട്ടുകളാണുള്ളത്. ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളിലും വെള്ളിലയുടെ പൂക്കൾ കാണാറുണ്ട്. അഞ്ചിതളുകളുളള പൂക്കൾ ഒറ്റയൊറ്റയായാണ് കാണപ്പെടുന്നത്. കൂട്ടമായി കാണപ്പെടുന്ന സഹപത്രങ്ങൾക്കു നടുവിൽ ഒരു പുഷ്പമാണുണ്ടാവുക. ദൂരെനിന്നും നോക്കുമ്പോൾ ഈ പൂക്കൾ ദൃശ്യമാവില്ല.
വരണ്ട സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന വെള്ളിലയുടെ കൊമ്പ് മുറിച്ച് നട്ടാണ് പുനരുൽപാദനം നടത്തുന്നത്. മാർച്ച് മാസത്തിൽ ചെടി നടുന്നതാണുത്തമം. അമ്ലത്വമുള്ള മണ്ണാണ് ഇവയുടെ വളർച്ചക്ക് അനുയോജ്യം. നല്ല ഈർപ്പമുളള്ള മണ്ണിൽ വളരാൻ ഇഷ്ടപ്പെടുന്ന ഇവക്ക് കൃത്യമായ ജലസേചനം ആവശ്യമാണ്. വര്‍ഷത്തിൽ രണ്ടു തവണ വളപ്രയോഗം നടത്തുന്നതും നല്ലത്.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന വെള്ളിലയുടെ ജന്മദേശം ഏഷ്യയാണ്. കാലാവസ്ഥക്കനുസരിച്ച് പ്രക്യതം മാറുന്നവയാണ് ഈ സസ്യങ്ങൾ. ഉദാഹരണത്തിന് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന വെള്ളിലചെടികൾ നിത്യഹരിതസസ്യമായി വളരുന്നു. എന്നാൽ തണുത്ത കാലാവസ്ഥയിൽ വളരുന്നവയാകട്ടെ ശിശിരകാലത്ത് ഇലപൊഴിക്കുന്നു. വസന്തകാലത്ത് പിന്നിടിവക്ക് ഇലകളുണ്ടാവുന്നു. പണ്ടുകാലങ്ങളിൽ നിലംമെഴുകുമ്പോൾ കറുത്ത നിറത്തിനായി വെള്ളിലയുടെ ഇലകൾ ഉപയോഗിച്ചിരുന്നത്രേ. കൂടാതെ തലയിൽ തേക്കാനുളള താളിയുണ്ടാക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ആകര്‍ഷകമായ വെളളിലയുടെ വർഗ്ഗത്തിൽപ്പെട്ടതാണ് മുസാണ്ടയും. ഇവ രണ്ടും ഉദ്യാനങ്ങളിൽ നട്ടു വളർത്താറുണ്ട്.
ഇംഗ്ലീഷ് നാമം : ആസ്പരാഗസ്
ഹിന്ദി നാമം : ശതാവർ
സംസ്കൃതനാമം : അതിരസ
ശാസ്ത്രിയ നാമം : Aaragus racemosus
കുടുംബം : liliatele
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ആഫ്രിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക, ചൈന, ജപ്പാൻ, അന്റാർട്ടിക്ക
സ്ത്രീകളുടെ പ്രത്യുത്പാദനതകരാറുകൾ പരിഹരിക്കുന്നതിനായി പണ്ടു മുതൽക്ക് ആയുർവേദം പരിഗണിച്ചുവരുന്ന ഒരു കുറ്റിച്ചെടിയാണ് ശതാവരി. അതുകൊണ്ടുതന്നെയാവാം നൂറു ഭർത്താക്കന്മാരുള്ള സ്ത്രീ എന്നർത്ഥം വരുന്ന ശതാവരി എന്ന പേർ ഇതിന് ലഭിച്ചത്. നമ്മുടെ നാട്ടിൽ ഒരു കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യം പറമ്പുകളിലെ വേലിക്കുമുകളിൽ വിരിഞ്ഞുനിൽക്കുന്നതുകാണാൻ എന്തു ഭംഗിയാണല്ലേ. ചെടിയുടെ ഈ മനോഹാരിത കാരണം വീടുകളിൽ സ്വീകരണമുറി അലങ്കരിക്കുന്നതിനും ശതാവരി ഉപയോഗിച്ചുവരുന്നു.
ഇന്ത്യയാണ് ശതാവരിയുടെ ജന്മദേശമായി കണക്കാക്കുന്നത്. ഇന്ത്യയിൽ പ്രധാനമായും ആൻഡമാൻ ദ്വീപുകളിലും ഹിമാലയൻ സാനുക്കളിലും ധാരാളമായി കണ്ടുവരുന്ന ശതാവരി, ശ്രീലങ്ക, ആഫ്രിക്ക, അന്റാർട്ടിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും സുലഭമായി വളരുന്നു.
ഏകദേശം അഞ്ച് മീറ്റർ നീളത്തിൽ വളരുന്ന ബഹുവർഷിയായ കുറ്റിച്ചെടിയാണ് ശതാവരി. വള്ളികളായാണ് ഇവ കാണപ്പെടുന്നത്. ഇതിന്റെ കാണ്ഡം നേർത്തതും മൃദുലവുമാണ്. മൂപ്പെത്തുന്നതോടെ കാണ്ഡത്തില്‍ മുള്ളു നിറയുകയും കാണ്ഡം അനേകം ശാഖകളായി പിരിഞ്ഞ് ഇലകൾ രൂപപ്പെടുകയും ചെയ്യുന്നു. മുള്ളിന്‍റെ രൂപത്തിൽ നേരിയതും മൃദുലവുമായ ഇലകളാണിന്റേത്. ഒരു ശിഖരത്തിൽ 20 മുതൽ 30 വരെ ഇലകൾ ഉണ്ടാകും. ശതാവരിയുടെ പൂക്കൾ ഒറ്റക്കോ കൂട്ടമായോ കാണാവുന്നതാണ്. രൂക്ഷഗന്ധമുള്ള ഇവ ജൂലായ്-ആഗസ്ത് മാസങ്ങളിലാണ് വിരിയുന്നത്. ദ്വിലിംഗസ്വഭാവത്തോടുകൂടിയ വെള്ളനിറത്തിലുള്ള പൂക്കളില്‍ വണ്ടുകളാണ് പരാഗണം നടത്തുന്നത്. ശതാവരിയുടെ പഴങ്ങൾ ഉരുണ്ടതും ചുവപ്പുകലർന്ന പർപ്പിൾ നിറത്തോടുകൂടിയതുമാണ്. വിത്താകട്ടെ കട്ടിയുള്ളതും കയ്പുരസത്തോടുകൂടിയതുമായിരിക്കും.
വിത്തുകൾ മുഖേനയാണ് ശതാവരിയിൽ പുനരുൽപാദനം സാധ്യമാകുന്നത്. വിത്തുകൾ 12 മണിക്കുർ കുതിർത്ത ശേഷം ശരത്ക്കാലത്തിനു മുമ്പ് ഗ്രീൻഹൗസിലും പിന്നീട് സൂര്യപ്രകാശമേൽക്കുന്നിടത്തും സൂക്ഷിക്കണം. ശൈത്യകാലമാകുമ്പോഴേക്കും മുളച്ചുവരുന്ന തൈകൾ അനുയോജ്യമായ സ്ഥലങ്ങളിൽ നടാവുന്നതാണ്. മിതമായ സൂര്യപ്രകാശം ആവശ്യമുള്ള ശതാവരി ഈർപ്പമുളളതോ വരണ്ടതോ ആയ മണ്ണിൽ എളുപ്പത്തിൽ വളരുന്നു. ശതാവരിയുടെ കാണ്ഡം, വേര് തുടങ്ങിയ ഭാഗങ്ങൾ ഔഷധയോഗ്യമാണെങ്കിലും ഇതിന്‍റെ കിഴങ്ങാണ് ഏറെ ഉപയോഗപ്രദം. ആൽക്കലോയിഡ്, പ്രോട്ടീന്‍ൻ, അന്നജം തുടങ്ങിയ ഘടകങ്ങൾ ശതാവരി കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ചില സമയങ്ങളിൽ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ കാരണം ഘടകങ്ങൾക്കു മാറ്റം സംഭവിക്കാറുണ്ട്. ഉദാഹരണത്തിന് വടക്കേ ഇന്ത്യയിൽ കണ്ടുവരുന്ന ശതാവരിയില്‍ അടങ്ങിയ വൈറ്റമിന്‍ A1 ദക്ഷിണേന്ത്യയിലുള്ള ശതാവരിയില്‍ നിന്നും ലഭിക്കുകയില്ലത്രേ.
ശതാവരിയുടെ വേര് ദഹനപ്രക്രിയക്കും, രക്തചംക്രമണത്തിനും, ശ്വാസോച്ഛ്വാസത്തിനും ഫലപ്രദമായ മരുന്നാണ്. സ്ത്രീകളുടെ പ്രത്യുത്പാദനത്തിന് സഹായിക്കുന്ന ഇവ ഒരു മുലപ്പാല്‍ വര്‍ധക ഔഷധം കൂടിയാണ്. ഇത്തരത്തില്‍ ധാരാളം ഉപയോഗങ്ങളുള്ള ശതാവരി ഒരു ഔഷധമെന്ന നിലയില്‍ ആയുര്‍വ്വേദത്തിലും നാട്ടുവൈദ്യത്തിലും, യുനാനിയിലും ഒരുപോലെ ഉപയോഗപ്രദമാണ്.
ഇംഗ്ലീഷ് നാമം : റമവോൾഫിയ
ഹിന്ദി നാമം : സർപ്പഗന്ധ
സംസ്കൃതനാമം : ചന്ദ്രിക
ശാസ്ത്രീയനാമം : Rauwolfia serpentine
കുടുംബം : Apocynaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ
പൂന്തോട്ടങ്ങളിലും ഔഷധത്തോട്ടങ്ങളിലും ചിരപരിചിതമാണല്ലോ സർപ്പഗന്ധി. മനോഹരമായ ഇവയുടെ പൂക്കൾ ഏവരെയും ആകർഷിക്കുന്നവയാണ്. ഈ സർപ്പഗന്ധിയെക്കുറിച്ച് രസകരമായൊരു ഐതിഹ്യമുണ്ട്. സർപ്പവും കീരിയും തമ്മിൽ ഒരിക്കൽ പോരു നടത്തുകയുണ്ടായി. ഇതിൽ സർപ്പം ജയിക്കുമെന്നായപ്പോൾ കീരി അടുത്തുള്ള സർപ്പഗന്ധിയുടെ ചെടി ഭക്ഷിച്ചത്. പിന്നീട് നടന്ന പോരാട്ടത്തിൽ കീരിക്ക് പാമ്പുകടി ഏറ്റെങ്കിലും മരണം സംഭവിച്ചില്ല. ഇതോടെ പാമ്പുവിഷത്തിനുള്ള മറുമരുന്നാണ് സർപ്പഗന്ധിയെന്ന് പണ്ടുള്ളവർ വിശ്വസിക്കുകയായിരുന്നുവത്രെ. എന്നാൽ ഇത് പിന്നീട് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. ഏകദേശം 1500-1000 ബി.സി. കാലങ്ങളിൽ തന്നെ സർപ്പഗന്ധി ചിരപരിചിതമായ ആയുർവ്വേദ ഔഷധമായി മാറിയിരുന്നു.
85ൽ പരം വർഗ്ഗങ്ങളുള്ള കുറ്റിചെടിയാണ് സർപ്പഗന്ധി. ഒന്നരമീറ്ററോളം ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഇവയുടെ തണ്ടുകൾ ബലമേറിയവയാണ്. ഇലകൾ കടുംപച്ചനിറത്തിൽ കാണപ്പെടുന്നു. സർപ്പഗന്ധിയുടെ ശാഖാഗ്രങ്ങളിൽ കുലകളായി പൂക്കൾ വിന്യസിച്ചിരിക്കുന്നു. ഒരു കുലയിൽ തന്നെ പത്തോളം പൂക്കൾ കാണാൻ കഴിയും. ചെറിയ വെളുത്ത പൂക്കൾ നീണ്ട തണ്ടുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. പൂക്കൾക്ക് അഞ്ചിതളുകളുണ്ടാവും. മാർച്ച് മെയ് മാസങ്ങളിലാണ് ഇവയുടെ പൂക്കാലം. ഇവക്ക് ധാരാളം ഫലങ്ങളും കാണാറുണ്ട്. ചെറിയ ഗോളാകൃതിയിലുള്ള ഫലത്തിന് കറുപ്പുനിറമായിരിക്കും. മാംസളമായ ഫലത്തിനുള്ളിൽ ധാരാളം വിത്തുകളും അടങ്ങിയിരിക്കും.
വിത്ത് മുളച്ചും കമ്പ് മുറിച്ച് നട്ടും ഇവയിൽ പുനരുൽപാദനം സാധ്യമാകുന്നു. പ്രധാനമായും തണ്ടുകൾ മുറിച്ചു നട്ടാണ് പുനരുൽപാദനം നടത്തുന്നത്. നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്നിടങ്ങളിൽ സർപ്പഗന്ധി നന്നായി വളരുന്നു. ഏതു തരം മണ്ണിലും വളരുന്ന ഈ കുറ്റിച്ചെടിക്ക് പ്രത്യേക രീതിയിലുള്ള പരിപാലനളൊന്നും ആവശ്യമില്ല. എന്നാൽ വ്യാവസായികമായി കൃഷിചെയ്യുമ്പോൾ അമ്ലാംശം കുറഞ്ഞ മണ്ണ് തെരഞ്ഞെടുക്കണം. ചെടി പൂർണ വളർച്ച പ്രാപിക്കുന്നതിന് മൂന്ന് വർഷമെങ്കിലുമെടുക്കും.
പണ്ടുകാലങ്ങളിലെല്ലാം ഈ ചെടി പ്രകൃത്യാൽ തന്നെ പറമ്പുകളിലും തൊടിയിലും വളർന്നു കാണാമായിരുന്നു. എന്നാൽ ഇന്ന് ഇവ നാശോന്മുഖമായി മാറിയിരിക്കുകയാണ്. അക്കാരണത്താൽ തന്നെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചെടികളുടെ പട്ടികയിൽ സർപ്പഗന്ധിയെയും ഉൾപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ ഔഷധമൂല്യങ്ങൾ അടങ്ങിയ ഇവയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
ആയുർവ്വേദത്തിൽ സർപ്പഗന്ധിക്ക് വിശിഷ്ട സ്ഥാനം തന്നെയാണ്. ഇവയുടെ വേരുകളാണ് ഔഷധയോഗ്യം. തലയിലെ നാഡീഞരമ്പുകളുടെ പ്രവർത്തനത്തെ ഇവ ത്വരിതപ്പെടുത്തുന്നു. ഉറക്കമില്ലായ്മ, അമിത ഉത്കണ്ട എന്നിവ അകറ്റാൻ ആയുർവേദാചാര്യന്മാർ സർപ്പഗന്ധി ഔഷധമായി നിഷ്കര്‍ഷിക്കുന്നുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന റിസർപെൻ (Reserpinic) എന്ന രാസഘടകമാണ് ഇവക്ക് ഔഷധഗുണം പ്രദാനം ചെയ്യുന്നത്.
കടപ്പാട്: നമ്മുടെ സസ്യങ്ങള്‍
Poorna reference series - Science
അവസാനം പരിഷ്കരിച്ചത് : 6/21/2020