ഇംഗ്ലീഷ് നാമം : കാബേജ്
ഹിന്ദി നാമം : പെന്ദ് ഗോഭി
ശാസ്ത്രീയനാമം : Brassica oleracea varcapitata
കുടുംബം : Brassicaea
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, യൂറോപ്പ്, ആഫ്രിക്ക
പച്ചക്കറിക്കടകളിലെല്ലാം നിത്യപരിചിതമായ കാബേജിനെ കണ്ടിട്ടില്ലേ. ഇന്ന് മലയാളിയുടെ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് കാബേജ് ഉപ്പേരി. പുരാതന ഗ്രീസിലാണ് ആദ്യമായി കാബേജ് കൃഷിചെയ്തതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. എന്നാൽ ഇന്നിവ യൂറോപ്പ്, തെക്കെ ആഫിക്ക, ഇന്ത്യ എന്നിവിടങ്ങളിലെല്ലാം വ്യാപകമായി കണ്ടുവരുന്നു. മെഡിറ്ററേനിയൻ തീരങ്ങളിലും ഇവ കൃഷി ചെയ്യുന്നുണ്ട്. പുരാതന ഗ്രീക്ക്, റോമൻ സംസ്കാരങ്ങളിൽ കാബേജ് നല്ലൊരു ഔഷധമായും പച്ചക്കറിയായും ഉപയോഗിച്ചിരുന്നു. പച്ചക്കറികളിൽ ഒന്നാമനായാണ് ഗ്രീക്കുകാർ കാബേജിനെ കണ്ടത്.
ഏകവർഷിയായ കാബേജ് നിലത്ത് പടർന്നുവളരുന്ന ഒരു ചെറുസസ്യമാണ്. പൊതുവെ ഫലമെന്നു തോന്നുമെങ്കിലും നമ്മൾ കാണുന്ന കാബേജ്, ഇലകളുടെ ഒരു കൂട്ടമാണ് (മുകുളം). ഇവയുടെ ഇലകൾ ഗോളാകൃതിയിലാണ് കാണപ്പെടുന്നത്. ഇലകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഗോളാകൃതിയിൽ ഫലത്തിന്റെ രൂപം കൈവരുന്നു. ഇലകൾക്കിടയിലുള്ള സ്ഥലം (inter nodal space) കുറവായതിനാലാണിത്.
വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഇലകൾ ദിവസങ്ങളോളം കൂമ്പിനിൽക്കുന്നു. പിന്നീട് പുഷ്പിക്കുമ്പോൾ ഇവ സാവധാനത്തിൽ വിടരുന്നതു കാണാം. ഏകദേശം ഒന്നര മീറ്റർ നീളംവരുന്ന തണ്ട് ഇവക്കുള്ളിൽ നിന്നും പുറത്തേക്കുവരുന്നു. ഈ തണ്ടിന്റെ അഗ്രങ്ങളിലാണ് പൂക്കൾ കാണപ്പെടുന്നത്. കുരിശിന്റെ രൂപത്തിലുള്ള പൂക്കള്‍ക്ക് നാല് ഇതളുകൾ ഉണ്ടാവും. പൂക്കൾ കൊഴിഞ്ഞ ശേഷം ഈ തണ്ടുകളും ജീർണ്ണിക്കുകയാണ് പതിവ്.
ചെടിയുടെ വിത്തുകൾ മുളപ്പിച്ചും വേരിൽനിന്നും പൊട്ടിമുളക്കുന്ന ചെറിയ തൈകൾ വഴിയുമാണ് കാബേജിൽ പുനരുൽപാദനം സാധ്യമാവുന്നത്. ഇവയുടെ കൃഷിക്ക് ഒട്ടേറെ സവിശേഷതകളുമുണ്ട്. നല്ല തണുപ്പേറിയ പ്രദേശങ്ങളിൽ വളരാൻ ഇഷ്ടപ്പെടുന്നവയാണിവ. വളർച്ചക്കായി മണ്ണ് നല്ലപോലെ പാകപ്പെടുത്തേണ്ടതുണ്ട്. ഈർപ്പമേറിയ മണ്ണാണ് വളരാൻ അനുയോജ്യം. ഏകദേശം 60 മുതൽ 120 ദിവസം വരെയാണ് കാബേജിന്റെ വളർച്ചാകാലം. (വളരുന്ന കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവ അനുസരിച്ച് വളർച്ചാകാലം വ്യത്യാസപ്പെടാറുണ്ട്) നല്ല സൂര്യപ്രകാശവും വളർച്ചക്ക് ആവശ്യമാണ്. നിത്യേനയുള്ള ജലസേചനം ഇവയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ശൈത്യകാലാവസാനത്തിലാണ് ഇവ ക്യഷിചെയ്യാൻ അനുയോജ്യം. വസന്തകാലത്ത് വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.
ഒട്ടേറെ വിഭാഗങ്ങളും ഉപരിവിഭാഗങ്ങളുമുള്ള ചെറുസസ്യമാണ് കാബേജ്. കൂടാതെ ധാരാളം സങ്കരയിനങ്ങളേയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയിൽ ഉൾപ്പെട്ടതാണ് ബ്രോക്കോളി (broccoli) കോളിഫ്ളവര്‍ (Cauliflower) എന്നിവ. കാബെജിനെപ്പോലെതന്നെ കോളിഫ്ലവറും നമുക്ക് സുപരിചിതമാണ്. എന്നാല്‍ കോളിഫ്ലവറിന്റെ വെളുത്ത നിറത്തിലുള്ള പൂങ്കുലയാണ് നാം ഭക്ഷണമാക്കുന്നത്. ഇവക്ക് കാബേജ് ഇലകളോട് സാമ്യമുള്ള പച്ച ഇലകളാണുള്ളത്. പൂങ്കുലയിൽ ചെറിയ പൂവുകൾ തിങ്ങിനിറഞ്ഞ് ഫലം പോലെ തോന്നിക്കുന്നു. തണുത്ത പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഇവയും വിത്തുവഴി പുനരുത്പാദനം നടത്തുന്നു. കോളിഫ്ലവറിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ട മറ്റൊരു സസ്യമാണ് ബ്രോക്കോളി. ഇതിനും വെളുത്ത പൂക്കളാണുള്ളത്. കോളിഫ്ലവറിന്‍റെയും ബ്രോക്കോളിയുടെയും സങ്കരയിനം ബ്രോക്കിഫ്ലവര്‍ എന്നറിയപ്പെടുന്നു. ഇവയെല്ലാം ഭക്ഷ്യാവശ്യത്തിനു തന്നെയാണ് പ്രധാനമായി ഉപയോഗിക്കുന്നത്.
ഇംഗ്ലീഷ് നാമം : പീഗ് വീഡ്
ഹിന്ദിനാമം : ബദുവ
ശാസ്ത്രീയനാമം : Chenopodium album
കുടുംബം : Chenopodiaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : അമേരിക്ക, ഇന്ത്യ.
വഴിയോരങ്ങളിലും റെയിൽപ്പാളങ്ങളുടെ ഇരുവശങ്ങളിലും സുഗന്ധം പരത്തിക്കൊണ്ട് നിൽക്കുന്ന ചെറുസസ്യത്തെ നിങ്ങൾ കണ്ടിട്ടില്ലേ. കാട്ടയമോദകമായ, സുഗന്ധപൂരിതമാർന്ന വലിയ ഇലകൾ ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. മധ്യ അമേരിക്കയാണ് ഇതിന്റെ ജന്മസ്ഥലമെങ്കിലും ഇന്ത്യയിലും ഇവ സർവ്വ സാധാരണമാണ്.
ഏകദേശം 10 സെന്റിമീറ്റർ നീളത്തിൽ വളരുന്ന ചെറുസസ്യമാണ് കാട്ടയമോദകം. ഗോളാക്യതിയിൽ ദന്തുരമായ ഇതിന്റെ ഇലകൾക്ക് ഏകദേശം നാല് സെന്റിമീറ്റർ നീളവും ഒരു സെന്റീമീറ്റർ വീതിയുമുണ്ടാവും. ജൂലായ് -ആഗസ്ത് മാസങ്ങളിലാണ് കാട്ടയമോദകം പൂക്കുന്നത്. ചെറുതും മനോഹരവുമായ പൂക്കൾ പച്ച കലർന്ന മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഈ പൂക്കൾ ദ്വിലിംഗസ്വഭാവത്തോടുകൂടിയതാണ്. കാട്ടയമോദകത്തിന്റെ വിത്തുകൾക്ക് പച്ചനിറമാണെങ്കിലും ഉണങ്ങുമ്പോൾ ഇവ കറുപ്പുനിറമായി മാറുന്നു. വലുപ്പം കുറഞ്ഞ വിത്തുകൾ ആഗസ്ത്-ഒക്ടോബർ മാസങ്ങളിൽ വിളഞ്ഞ് പാകമാവുകയും ചെയ്യും. ശരത്ക്കാലത്ത് വിളയുന്ന വിത്തുകൾക്ക് ശൈത്യകാലത്തെ അതിജീവിക്കാനുള്ള കഴിവുണ്ടാവില്ല.
വിത്ത് വഴിയാണ് കാട്ടയമോദകത്തിൽ പുനരുൽപാദനം നടക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലം തെരഞ്ഞെടുത്ത് അവിടെ വിത്ത് പാകി മുളപ്പിക്കാം. മുളച്ചുവന്ന തൈകൾ വസന്തകാലാരംഭത്തിൽ മാറ്റി നടുന്നതാണുത്തമം. ആസിഡ് സ്വഭാവമുള്ളതോ ആൽക്കലൈൻ സ്വഭാവത്തോടുകൂടിയതോ ആയ ഈര്‍പ്പമുള്ള മണ്ണിൽ കാട്ടയമോദകം എളുപ്പത്തിൽ വളരുന്നു. ഇവക്ക് സൂര്യപ്രകാശം ഒരു അവശ്യഘടകമാണ്.
കാട്ടയമോദകത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. ഇതിന്റെ ഇലയിൽനിന്നും ഫലത്തിൽനിന്നും ഒരുതരം എണ്ണ ഉൽപാദിപ്പിക്കുന്നു. ഈ എണ്ണയിൽ 70 ശതമാനത്തിൽ കൂടുതൽ അസ്കാരിഡോൾ (Ascaridol) അടങ്ങിയിട്ടുണ്ട്. സസ്യത്തിന്റെ വിവിധ ഭാഗങ്ങളെയും പ്രായത്തെയും ആശ്രയിച്ച് അസ്കാരിഡോളിന്റെ തോത് മാറിക്കൊണ്ടിരിക്കും. ഗ്യാസ് ക്രൊമറ്റോഗ്രാഫി (gas chromatography) ഉപയോഗിച്ചോ മാസ് സ്പെക്ട്രോമെട്രി (mas spectrometry) ഉപയോഗിച്ചോ ആണ് അസ്കാരിഡോളിന്റെ അളവ് നിർണ്ണയിക്കുന്നത്. വിഷാംശവും എരിവുമുള്ള ഒരു ഘടകമാണ് അസ്ക്കാരിഡോൾ. രൂക്ഷഗന്ധമുള്ള ഇവ അലർജിക്ക് കാരണമായേക്കാം.
സമൂലം ഔഷധഗുണമുളള ഒരു ചെറുസസ്യമാണ് കാട്ടയമോദകം. ഇതിന്റെ ഇലയിൽ നിന്നും വിത്തില്‍നിന്നും ഉൽപാദിപ്പിക്കുന്ന എണ്ണ ശരീരത്തിനുളളിലെ വിരകളേയും, ബാക്ടീരിയകളേയും നശിപ്പിക്കുന്നു. മനുഷ്യശരീരത്തിൽ മാത്രമല്ല പൂച്ച, നായ, കുതിര, പന്നി തുടങ്ങിയ മ്യഗങ്ങളിലെ വിരശല്യം ഇല്ലാതാക്കാനും ഉത്തമമായ ഔഷധമാണിത്. നേരിയ തോതില്‍ വിഷാംശം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്ക് വിലക്കപ്പെട്ട ഔഷധമാണ് കാട്ടയമോദകം.
1940-ൽ കാട്ടയമോദകത്തക്കുറിച്ച് നടത്തിയ പഠനത്തിൽ ഇത് നല്ലൊരു അണുനാശിനികൂടിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു കൊതുകുനാശിനി കൂടിയാണിത്. ഭക്ഷണത്തിനു രുചിയും മണവും പ്രദാനം ചെയ്യുന്നതിലും കാട്ടയമോദകം പിന്നിലല്ല. മെക്സിക്കന്‍ പാചകങ്ങളില്‍ സുഗന്ധത്തിന് വേണ്ടി ഇതിന്‍റെ ഇല ഉപയോഗിച്ചിരുന്നുവത്രേ. സുഗന്ധത്തിന്റെ കാര്യത്തില്‍ സിട്രസ്, പുതിന തുടങ്ങിയവയുടെ ഗണത്തിലാണ് കാട്ടയമോദകത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് നാമം : ചൻക പിയേദ്ര, സ്റ്റോൺ ബ്രേക്കർ
ഹിന്ദിനാമം : ഭൂയി അംല
സംസ്കൃതനാമം : അമല
ശാസ്ത്രീയനാമം : Phyllanthus niruri
കുടുംബം : Euphorbiaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ചൈന, ശ്രീലങ്ക, ഫിലിപ്പീൻസ്, ക്യൂബ, 0+,
നൈജീരിയ, ഗുവാം, ആമസോൺ മഴക്കാട്
മഞ്ഞപ്പിത്തത്തിനുള്ള പ്രതിവിധി എന്ന നിലയിൽ വ്യാപകമായി ഉപയോഗിക്കുന്ന ചെറുസസ്യമാണ് കീഴാർനെല്ലി. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഇവ തീരദേശങ്ങളിലാണ് നന്നായി വളരുന്നത്. ഇന്ത്യ, ചൈന, ശ്രീലങ്ക, ഫിലിപ്പീൻസ്, ക്യൂബ, നൈജീരിയ, ഗുവാം എന്നിവിടങ്ങളിലും ആമസോൺ മഴക്കാടുകളിലും കീഴാർനെല്ലി കണ്ടുവരുന്നു.
മഴക്കാലങ്ങളിൽ പറമ്പുകളിലും പാതയോരത്തും വ്യാപകമായി കണ്ടുവരുന്ന കീഴാർനെല്ലി കളസസ്യം പോലെ എളുപ്പത്തിൽ പടർന്നുപിടിക്കുന്നവയാണ്. വളരെ ഉറപ്പുള്ള വേരുകളാണിവയുടേത്, അതിനാൽ ഇംഗ്ലീഷിൽ സ്റ്റോൺ ബ്രേക്കർ എന്നും ഇവ അറിയപ്പെടുന്നു.
ഏകദേശം 30 സെന്റിമീറ്റർ മുതൽ 60 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന കീഴാർനെല്ലിക്ക് ഉറപ്പേറിയ കാണ്ഡമാണുള്ളത്. പച്ചനിറത്തിൽ മെലിഞ്ഞ കാണ്ഡത്തിൽ നിന്നുമാണ് ഇലത്തണ്ടുകൾ പുറപ്പെടുന്നത്.
ബലമേറിയ ധാരാളം ഇലത്തണ്ടുകൾ കീഴാർനെല്ലിയിൽ കാണാവുന്നതാണ്. ഇലത്തണ്ടുകൾക്കിരുവശത്തുമായി ധാരാളം ചെറിയ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെറുതും കടും പച്ചനിറത്തിലുമുള്ള ഈ ഇലകൾക്ക് പുളിയിലയോട് സാമ്യമുണ്ട്. ദീർഘവൃത്താകൃതിയിലുള്ള ഇലകളിൽ പലപ്പോഴും നേരിയ ചുവപ്പുരാശി കാണാം. തളിരിലകൾ ചുവപ്പുകലർന്ന ഇളംപച്ചനിറത്തിൽ കാണപ്പെടുന്നു.
സാധാരണ സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കീഴാർനെല്ലിയുടെ പൂക്കൾ ഇലത്തണ്ടിന്റെ അടിഭാഗത്തായാണ് കണ്ടുവരുന്നത്. മഞ്ഞനിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയുടേത്. അഞ്ചിതളുകളുള്ള ഇവ ചെറിയ ഞെട്ടിൽ ഇലത്തണ്ടിനോട് ബന്ധപ്പെട്ടിരിക്കുന്നു. വളരെ ക്രമമായി വിന്യസിച്ചിരിക്കുന്നതാണിവയുടെ പൂക്കൾ. ഇന്ത്യൻ കാലാവസ്ഥയിൽ ജൂലായ് മുതൽ ആഗസ്ത് വരെയാണ് ഇവയുടെ പൂക്കാലം. ആണ്‍പൂക്കളും പെൺപൂക്കളും വെവ്വേറെ കാണപ്പെടാറുണ്ട്.
കടുകുമണിപോലെ ഉരുണ്ട വളരെ ചെറിയ കായകളാണ് കീഴാർനെല്ലിയുടേത്. ഇളം പച്ചനിറത്തിലുള്ള ഇവയുടെ പുറംഭാഗം മൃദുവായിരിക്കും. ഇതിനുള്ളിലാണ് വിത്തുകൾ കാണപ്പെടുന്നത്. ഒരു കായയില്‍ ഒരു വിത്താണുണ്ടാവുക.
വിത്ത് പാകമാവാൻ ഏകദേശം രണ്ട് മുതൽ നാല് ആഴ്ചകളാണ് വേണ്ടിവരിക. വിത്തിലൂടെയാണിവയുടെ പുനരുൽപാദനം സാധ്യമാവുന്നത്.
കർഷകർ ശല്യമായി കരുതുന്ന കളസസ്യമാണെങ്കിലും ധാരാളം ഔഷധഗുണങ്ങൾ കീഴാർനെല്ലിക്കുണ്ട്. ഏകദേശം 2000 വർഷത്തെ ഔഷധ പാരമ്പര്യമുണ്ടത്രേ ഈ സസ്യത്തിന്. കീഴാർനെല്ലിയുടെ എല്ലാഭാഗവും ഔഷധഗുണമുള്ളതാണ്. ഹെപ്പറ്റൈറ്റിസ്-ബി ചികിത്സക്ക് എറെ ഫലപ്രദമാണത്രേ കീഴാർനെല്ലി. മുകളില്‍ പറഞ്ഞതുപോലെ മഞ്ഞപ്പിത്തത്തിന് പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്ന ഒറ്റമൂലിയാണ് കീഴാർനെല്ലി. ഇവയുടെ പച്ച വേരുകൾ കുഷ്ഠരോഗത്തിനുള്ള ഉത്തമ പ്രതിവിധിയാണത്രേ. അതപോലെതന്നെ പാമ്പുകടിയേറ്റാൽ കീഴാർനെല്ലികൊണ്ടുള്ള ചികിത്സ ഏറെ ഗുണം ചെയ്യും.
ഇംഗ്ലിഷ് നാമം : കൊനേരു, ടെല്ലിച്ചേരി ബാർക്ക്
ഹിന്ദിനാമം : കുടങ്
സംസ്കൃതനാമം : കൂടജ, വാതശാക
ശാസ്ത്രീയനാമം : Holarrhenaantidysenterica
കുടുംബം : Apocynaceae
കാണപ്പെടുന്ന പ്രദേശങ്ങള്‍ : ഇന്ത്യ
പുരാതനകാലം മുതൽ ഔഷധത്തിനായി ഉപയോഗിച്ചിരുന്ന കുറ്റിച്ചെടിയാണ് കുടകപ്പാല. ഹിന്ദു പുരാണങ്ങളിൽ വരെ ഇതിന്റെ പരാമർശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടകപ്പാലയുടെ വിത്തുകളും കാണ്ഡവും ബ്രിട്ടീഷ് മെറ്റീരിയ മെഡിക്ക എന്ന ഔഷധത്തിൽ ചേരുവയായി ഉപയോഗിക്കാൻ കാരണമായത്. അപോക്കസെനേസി കുടുംബത്തിൽപ്പെട്ട ഒരു കുറ്റിചെടിയാണ് കുടകപ്പാല. ഇലപൊഴിയും സസ്യമായ ഇതിന്റെ സ്വദേശം ഇന്ത്യയാണ്. കാട്ടുചെടിയായി വളരുന്ന ഇവ മലമ്പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. ഹിമാലയപർവ്വതത്തിൽ ഏകദേശം 1330 മീറ്റർ ഉയരത്തിൽ വരെ ഇവയെ കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുടകപ്പാലയുടെ കാണ്ഡം ഉറപ്പേറിയതാണ്. ചാരനിറം കലർന്നതോ ഇളം തവിട്ടുനിറത്തിലോ കാണപ്പെടുന്ന കാണ്ഡം ശിഖരങ്ങളോടുകൂടിയതായിരിക്കും. എളുപ്പത്തിൽ പൊട്ടിപ്പോവുന്ന ശിഖരങ്ങളിൽനിന്ന് ഒരുതരം വെളുത്ത ദ്രാവകം പുറത്തുവരുന്നു.
കരിഞ്ഞ പച്ചനിറത്തിലുള്ള ഇലകൾ എതിർദിശയിൽ വിന്യസിച്ചിരിക്കുന്നു. ദീർഘവൃത്താകൃതിയിലുള്ള ഇലകൾ നേർത്ത സ്തരത്തോടുകൂടിയതാണ്. വളരെ ചെറിയ ഇലഞ്ഞെട്ടുകളാണിവക്ക്.
വെളുത്ത നിറത്തിൽ അഞ്ചിതളുകളോടുകൂടിയ ആകർഷകങ്ങളായ പൂക്കളാണ് കുടകപ്പാലയുടേത്. ശിഖരങ്ങളുടെ അഗ്രഭാഗത്ത് കുലകളായി പൂക്കൾ കാണപ്പെടുന്നു. മിനുസമുള്ള പ്രതലത്തോടുകൂടിയ ഇതളുകളുടെ അഗ്രഭാഗം വൃത്താകൃതിയിലായിരിക്കും. പൂക്കൾ വാടുന്നതിനനുസരിച്ച് മഞ്ഞനിറമായി മാറുന്നു.
കുടകപ്പാലയുടെ ഫലങ്ങൾ വൃത്താകൃതിയിലാണ് കാണപ്പെടുന്നത്. ഇളം പച്ച നിറത്തിലുള്ള ഇവയുടെ പുറന്തോടിൽ വെളുത്ത നിറത്തിലുള്ള കുത്തുകൾ കാണാം. ഇതിനുള്ളിലാണ് വിത്തുകൾ കാണപ്പെടുന്നത്. ഒരു ഫലത്തിനുള്ളിൽ നിരവധി വിത്തുകൾ കാണാം. വിത്തിലൂടെയും വേര് പൊട്ടിമുളച്ചും ഇവയിൽ
പുനരുൽപാദനം നടക്കാറുണ്ട്.
നല്ല സൂര്യപ്രകാശത്തിൽ വളരാൻ ഇഷ്ടപ്പെടുന്നവയാണ് കുടകപ്പാലകൾ. കുടയുടെ ആകൃതിയിൽ വിടർന്നു നിൽക്കുന്ന ശിഖരങ്ങൾ ഇവയെ നല്ലൊരു തണൽ സസ്യമാക്കുന്നു. നല്ല ജലാംശമുള്ള മണ്ണ് ഇവയുടെ വളർച്ചക്ക് ഉത്തമമാണ്. വളരുന്ന സ്ഥലങ്ങളിലെ ഘടകങ്ങൾക്കനുസരിച്ച് ഇവയുടെ വലുപ്പത്തിലും പൂവിടലിലും ഏറ്റക്കുറച്ചിലുകൾ കാണുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ ധാരാളം ഔഷധഗുണങ്ങളടങ്ങിയതാണ് കുടകപ്പാല. ആയുർവ്വേദത്തിലും യുനാനിയിലും നാട്ടുവൈദ്യത്തിലുമെല്ലാം ഒരുപോലെ ഉപയോഗപ്രദമാണിത്. ഇവയുടെ വേരുകളും കാണ്ഡവുമാണ് ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത്. ചില ഔഷധച്ചേരുവകളിൽ വിത്തുകളും ഉപയോഗിക്കാറുണ്ട്.
അതിസാരത്തിനും വയറിളക്കത്തിനും കുടകപ്പാല നല്ലൊരു ഔഷധമാണത്രേ. ചില ആദിവാസികൾ വിളർച്ച, അപസ്മാരം, വയറുവേദന, കോളറ എന്നിവയ്ക്കുള്ള നാടൻ മരുന്നായി കുടകപ്പാല ഉപയോഗിക്കുന്നു. ആയുർവ്വേദത്തിലാവട്ടെ ഇവ വയറിളക്കത്തിനും, ത്വക് രോഗങ്ങൾക്കുമുള്ള മരുന്നു കൂടിയാണ്.
ഇംഗ്ലീഷ് നാമം : ബ്ലൂ ഒക്റ
ഹിന്ദി നാമം : കരേട്ട
സംസ്കൃതനാമം : പ്രാണിജീവിക, പില
മറ്റു പേരുകൾ : ചെറുപരുവ,
ശാസ്ത്രീയനാമം : Sida acuta
കുടുംബം : Malvaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ഓസ്ട്രേലിയ, ക്വീൻസ് ലാന്റ്,
അമേരിക്ക
മധ്യ അമേരിക്ക സ്വദേശമായ കുറ്റിച്ചെടിയാണ് കുറുന്തോട്ടി. ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ ഇവ വ്യാപകമായി കണ്ടുവരുന്നു. കൃഷിയിടങ്ങളിൽ വ്യാപിക്കുന്ന കളസസ്യമായാണ് ആദ്യമെല്ലാം ഇവ കരുതപ്പെട്ടിരുന്നത്. എന്നാൽ ഇവയിലെ ഔഷധഗുണം തിരിച്ചറിഞ്ഞതോടെ പറമ്പുകളിൽ ഇവ വൻതോതിൽ നട്ടുപിടിപ്പിക്കാൻ തുടങ്ങി.
ഏകദേശം 30 സെന്റീമീറ്റർ മുതൽ 100 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറുന്തോട്ടിയുടെ കാണ്ഡം ശിഖരങ്ങളോടുകൂടി കാണപ്പെടുന്നു. ഇരുണ്ട വയലറ്റ് നിറത്തിൽ കാണപ്പെടുന്ന കാണ്ഡം ഉറപ്പേറിയതാണ്. നല്ല ആഴത്തിൽ പോകുന്ന വേരുകളാണിവയുടേത്. കുറുന്തോട്ടിയെ മണ്ണിൽ ഉറപ്പോടെ വളരാൻ സഹായിക്കുന്നു. കടുംപച്ചനിറത്തിലുള്ള ചെറിയ ഇലകളാണ് കുറുന്തോട്ടിക്കുള്ളത്. ഇവ കാണ്ഡത്തിൽ ഒന്നിടവിട്ട നിലയിൽ ക്രമീകരിച്ചിരിക്കുന്നു. മുട്ടയുടെ ആകൃതിയിലുള്ള ഇലകളുടെ അഗ്രഭാഗം കൂർത്തിരിക്കും. നീളംകുറഞ്ഞ ഇലഞെട്ടാണിവക്ക്. ഇലയുടെ അടിഭാഗം രോമാവൃതമായിരിക്കും. ഇലഞ്ഞെട്ടും രോമാവൃതമായി കാണപ്പെടുന്നു. മാർച്ചു മൂതൽ സെപ്തംബർ വരെയാണ് കുറുന്തോട്ടിയുടെ പൂക്കാലം. കാണ്ഡത്തിൽ ഇലഞെട്ട് തുടങ്ങുന്നിടത്തുനിന്നാണ് പൂക്കളുണ്ടാവുന്നത്. ചെറിയ പൂക്കൾ ഒറ്റക്കോ കൂട്ടമായോ കാണപ്പെടുന്നു. സാധാരണയായി മഞ്ഞനിറത്തിൽ കപ്പിന്റെ ആകൃതിയിലുള്ള പൂക്കളാണുണ്ടാവുന്നത്. അഞ്ചു ബാഹ്യദളങ്ങൾ (Sepals) കൂടിചേർന്ന നിലയിലും അഞ്ച് ഇതളുകൾ വേറിട്ട നിലയിലുമായിരിക്കും. പൂക്കളുടെ മധ്യഭാഗം കടും മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ബാഹ്യദളങ്ങൾക്ക് വിളറിയ പച്ചനിറമാണുണ്ടാവുക. ഇളം മഞ്ഞ, കടും മഞ്ഞ ഓറഞ്ച് നിറങ്ങളിലും പൂക്കൾ കാണപ്പെടാറുണ്ട്.
ഗുളികരൂപത്തിലുള്ള ചെറിയ ഫലങ്ങളാണ് കുറുന്തോട്ടിയുടേത്. ഫലങ്ങളുടെ പൂറന്തോട് ഉറപ്പ് കൂടിയതായിരിക്കും. അഞ്ചു മുതൽ എട്ടു വരെ ജനിപർണ്ണങ്ങൾ (Carpels) ചേർന്നതാണിവ. പാകമാവുമ്പോൾ ഇവ കൃത്യമായി ഓരോ ഭാഗത്തിലും ഒരു വിത്തെന്ന രീതിയിൽ പൊട്ടുന്നു. ഓരോന്നിനും വാലു പോലെയുള്ള ഒരു ഭാഗവും കാണാൻ കഴിയും. വളരെ ചെറിയ വിത്തുകളാണിവക്ക്. ത്രികോണാകൃതിയിൽ കാണപ്പെടുന്ന വിത്തിന്റെ അഗ്രഭാഗങ്ങളിൽ ചെറിയ കുഴികൾ കാണാം. ചുവപ്പുകലർന്ന തവിട്ടുനിറത്തിലോ കറുപ്പുനിറത്തിലോ ആണ് വിത്തുകൾ കാണപ്പെടുന്നത്. വിത്തിലൂടെയാണ് ഇവയുടെ പുനരുൽപാദനം സാധ്യമാവുന്നത്. ഉഷ്ണമേഖലാ ഉപോഷണമേഖലാ പ്രദേശത്ത് വളരുന്ന കുറുന്തോട്ടി വളരെ വേഗം വ്യാപിക്കുന്നവയാണ്. പെട്ടെന്ന് പടർന്നുപിടിക്കുന്നതിനാൽ വളരുന്ന പ്രദേശങ്ങളിലെ മറ്റ് സസ്യങ്ങൾക്ക് ഇത് ഭീഷണിയാവാറുണ്ട്. ഏത് മണ്ണിലും വളരുന്ന കുറുന്തോട്ടിക്ക് വളരാൻ പ്രത്യേക പരിചരണമൊന്നും ആവശ്യമില്ല. വരണ്ട കാലാവസ്ഥയും ഈർപ്പമുള്ള കാലാവസ്ഥയും ഇവയ്ക്ക് ഒരു പോലെ യോജിക്കുന്നു, വേരുകൾ ആഴത്തിൽ പോവുന്നതിനാല്‍ വരൾച്ചയേയും നല്ല ഉറപ്പുള്ള കാണ്ഡമായതിനാൽ കാറ്റിനേയും അതിജീവിക്കാൻ കഴിയുന്നവയാണിവ.
വിളകൾക്കു ശല്യമായ രീതിയിൽ പടർന്നുപിടിക്കുമെങ്കിലും ഇവക്ക് ധാരാളം ഔഷധമൂല്യങ്ങളുണ്ട്. വാതത്തിനുള്ള ഉത്തമ പ്രതിവിധിയാണ് കുറുന്തോട്ടി. കുറുന്തോട്ടിക്കും വാതമോ? എന്ന ചൊല്ല് കേട്ടിട്ടില്ലേ?
ഇംഗ്ലീഷ് നാമം : കേപ്പർ, കേപ്പർ ബെറി
ഹിന്ദിനാമം : കാബ്ര
ശാസ്ത്രിയ നാമം : Capparis spinosa
കുടുംബം : Capparidaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഏഷ്യ, യൂറോപ്പ്
കപ്പാരിഡേസി കുടുംബത്തിൽപ്പെട്ട പുഷ്പിക്കുന്ന കുറ്റിച്ചെടിയാണ് കേപ്പർ. കൂടുതലായും കടലോരപ്രദേശങ്ങളിൽ കാണുന്നതിനാൽ മെഡിറ്ററേനിയൻ പ്രദേശങ്ങളാണ് ഇവയുടെ സ്വദേശമായി കണക്കാക്കുന്നത്. മതിലുകളിലും തീരപ്രദേശങ്ങളിലെ പാറക്കൂട്ടങ്ങളിലും പറ്റിപ്പിടിച്ചുവളരുന്ന ഇവ ഏഷ്യയിലും യൂറോപ്പിലും പ്രധാനമായും കണ്ടുവരുന്നു. ഗ്രീക്ക് പണ്ഡിതനായ പ്ലീനിയുടെ പുസ്തകത്തിൽ ഇവയെപ്പറ്റി പരാമർശിച്ചിട്ടുണ്ടത്രേ.
ദ്വിവർഷിയായ കേപ്പർ ഏകദേശം ഒന്നു മുതൽ അഞ്ച് മീറ്റർ വരെ ഉയരത്തിൽ വളരുന്നവയാണ്. ഇളംപച്ചനിറത്തിലുള്ള ഉറപ്പേറിയ കാണ്ഡം ശിഖരങ്ങളോടെ കാണപ്പെടുന്നു. ഇവയിൽ തവിട്ടുനിറത്തിൽ മുള്ളുകൾ ഉണ്ടാവാറുണ്ട്. കേപ്പറിന്റെ കട്ടിയേറിയ തിളങ്ങുന്ന ഇലകൾ വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ കാണപ്പെടുന്നു. കടും പച്ചനിറമുള്ള മാംസളമായ ഇലകൾ ഒന്നിടവിട്ടാണ് തണ്ടിൽ ക്രമീകരിച്ചിരിക്കുന്നത്. ആകർഷകമായ വലിയ പൂക്കളാണ് കേപ്പർ സസ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വെളുത്ത നിറത്തിലോ നീലലോഹിതനിറം കലർന്ന വെളുത്തനിറത്തിലോ ഇവ കാണപ്പെടുന്നു. നാലു ബാഹ്യദളങ്ങളും നാലു ദളങ്ങളും ചേർന്നതാണിവയുടെ പൂക്കൾ. നീളമുള്ള ധാരാളം കേസരങ്ങൾ ഇവയുടെ പ്രത്യേകതയാണ്. വയലറ്റ് നിറത്തിലുള്ള കേസരങ്ങൾ പൂക്കളെ മനോഹരമാക്കുന്നു. വളരെ കുറച്ച് മണിക്കൂറുകൾ മാത്രമാണിവയുടെ ആയുസ്സ്. പ്രധാനമായും ഷഡ്പദങ്ങളിലൂടെയാണ് പരാഗണം നടക്കുക.
വിത്തു മുളപ്പിച്ചോ കൊമ്പു മുറിച്ചുനട്ടോ ഇവയിൽ പുനരുൽപാദനം നടത്താം. കൊമ്പ് മുറിച്ച് നട്ടുള്ള പുനരുൽപാദന രീതിക്കാണ് കൂടുതൽ പ്രാധാന്യം. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളാണ് കൊമ്പു മുറിച്ചു നടാൻ ഉത്തമം.
വിത്തിലൂടെയുള്ള പുനരുൽപാദനം വളരെ സാവധാനത്തിലാണ് നടക്കുന്നത്. വളരെയേറെ മുൻകരുതലുകൾ ഇതിനായി ആവശ്യമുണ്ട്. പച്ചയായ വിത്തുകൾ നേരിട്ട് നടാമെങ്കിലും ഇവയിൽ ചെറിയ ശതമാനം മാത്രമേ മുളക്കുകയുള്ളൂ. ഉണങ്ങിയ വിത്തുകൾ നടുന്നതിനു മുമ്പ് ഒരു ദിവസം മുഴുവൻ ചൂടു വെള്ളത്തിൽ കുതിർക്കണം. അതുകഴിഞ്ഞ് രണ്ടോ മൂന്നോ മാസം റഫ്രിജറേറ്ററിലോ മറ്റോ വെച്ച് തണുപ്പിച്ചതിനു ശേഷം വീണ്ടും ഒരു രാത്രി ചൂടുവെള്ളത്തിലിട്ടു വെക്കണം. അതിനു ശേഷമേ അവ നടാനാവൂ. വിത്തു മുളപ്പിച്ചെടുക്കുന്ന സസ്യത്തിൽ ഏകദേശം നാലു വർഷം കഴിഞ്ഞാണ് പൂക്കളുണ്ടാവുന്നത്. പൂർണ്ണ സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഇവക്ക് നാമമാത്രമായ ജലസേചനമേ ആവശ്യമുള്ളൂ.
കേപ്പർസസ്യത്തിന്റെ പലഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. തളിരിലകൾ പച്ചക്കറിയായും അച്ചാറിടാനും ഉപയോഗിക്കാറുണ്ട്. ഭക്ഷണപദാർത്ഥങ്ങൾക്ക് സുഗന്ധം പ്രധാനം ചെയ്യാനും ഇവ ഉപയോഗിക്കുന്നു. കേപ്പർ സസ്യത്തിന്റെ പൂമൊട്ടുകൾക്കാണ് പ്രിയമേറെ. അച്ചാറിടാനായി പരക്കെ ഉപയോഗിക്കുന്ന ഇവ വാണിജ്യപരമായി വൻതോതിൽ കൃഷിചെയ്തുവരുന്നുണ്ട്. വിടരാറായ മൊട്ടുകൾ പറിച്ചെടുത്ത് വിനാഗിരിയിലോ ഉപ്പിലോ ഇട്ട് സൂക്ഷിക്കുന്നു.
രുചിയിൽ മാത്രമല്ല കേപ്പർ മുന്നിൽ നിൽക്കുന്നത്. മഹത്തായ ഔഷധപാരമ്പര്യവും ഇവക്കുണ്ട്. ഏകദേശം 1500 വർഷങ്ങൾക്കു മുമ്പ് സുമേറിയക്കാർ ഇവ ഔഷധമായി ഉപയോഗിച്ചിരുന്നത്രേ. പ്രാചീന ഗ്രീക്കുകാരും റോമാക്കാരും വാതസംബന്ധമായ രോഗശമനത്തിനായി ഇവ ഉപയോഗിച്ചിരുന്നു.
ഇംഗ്ലീഷ് നാമം : കോസ്സസ്
ഹിന്ദിനാമം : കസ്ത്, കുസ്ത
സംസ്കൃതനാമം : അംഗത
ശാസ്ത്രീയനാമം : Saussurea lappa
കുടുംബം : Asteraceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക
കോരിച്ചൊരിയുന്ന കർക്കിടക മഴയത്ത് മേലാസകലം കൊട്ടംചുക്കാദിക്കുഴമ്പ് തേച്ചുപിടിപ്പിച്ച് ചൂടുവെള്ളത്തിൽ കുളിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? കൊട്ടംചുക്കാദിയുടെ പേരിൽ നിന്നുതന്നെ അതിലെ പ്രധാന ഘടകങ്ങളെ തിരിച്ചറിയാനാവും. പേരു സൂചിപ്പിക്കുന്നതുപോലെ കൊട്ടവും ചുക്കുമാണ് ഇതിലെ പ്രധാന ഘടകങ്ങൾ. കൊട്ടത്തിന് തണുപ്പിനെ പ്രതിരോധിക്കാനാവും എന്നതിനാലായിരിക്കണം കുഴമ്പിൽ ഇത് ചേർക്കുന്നത്. മിതശീതോഷ്ണ മേഖലകളിൽ വളരുന്ന കുറ്റിച്ചെടിയാണ് കൊട്ടം. ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഇവ കൂടുതലായി കണ്ടുവരുന്നു. ഇന്ത്യയിൽ കാശ്മീര്‍ താഴ്വരകളിലും ഹിമാലയൻ സാനുക്കളിലും ഇവ സമൃദ്ധമാണ്. ഇവിടങ്ങളിൽ ഏകദേശം 2500 മുതൽ 3600 മീറ്റർ വിസ്തൃതിയിൽ വരെ ഇവ വ്യാപിച്ചുകിടക്കുന്നു. ആസ്റ്ററെസ്യ കുടുംബത്തിൽപ്പെട്ട കൊട്ടത്തിന് 300ൽപരം ഇനങ്ങളുണ്ട്. ചൈനയിലെയും തിബറ്റിലെയും ജനങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് ഈ കുറ്റിച്ചെടിയെ കാണുന്നത്. ഏകദേശം ഒരു മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടി ശാഖോപശാഖകളായും ഒറ്റത്തടിയായും കാണാറുണ്ട്. ഇവയുടെ ഇലകളിൽ ധാരാളം ചുളിവുകൾ കാണാൻ കഴിയും. കടും പച്ചനിറത്തിലുള്ള ഈ ഇലകൾ ഹ്യദയാകൃതിയിൽ രോമാവൃതമായിരിക്കും. ചെറുവണ്ടും പ്രാണികളുമാണ് ചെടിയിൽ പരാഗണം നടത്തുന്നത്. ജൂലായ്-ആഗസ്ത് മാസങ്ങളിലാണ് കൊട്ടത്തിന്റെ പൂക്കാലം. വെളുപ്പ് കലർന്ന വയലറ്റ് നിറത്തിലുള്ള പൂക്കളാണ് കൊട്ടത്തിന്റേത്. പൂവിതളുകൾ സൂചിപോലെയായിരിക്കും. ഒറ്റനോട്ടത്തിൽ ഇവ മുള്ളുകളാണെന്ന് തോന്നിപ്പോകാം. ഈ പൂക്കളാവട്ടെ രാത്രികാലങ്ങളിൽ തണുപ്പിൽനിന്നും രക്ഷതേടുന്നതിനായി കൂമ്പിപ്പോവാറുണ്ട്. വശങ്ങളിലുള്ള ഞെട്ടുകളാണ് കമ്പിളിപ്പുതപ്പ് പോലെ ഇവക്ക് സംരക്ഷണമേകുന്നത്. ഇവയിൽ ആൺപൂക്കളെയും പെൺപൂക്കളെയും വെവ്വേറെ കാണാൻ കഴിയും. ആഗസ്ത്- സെപ്തംബർ മാസമാവുമ്പോഴേക്കും ഫലങ്ങൾ ഉൽപാദിപ്പിച്ച് തുടങ്ങും. തണുപ്പേറിയ കാലാവസ്ഥയാണ് കൊട്ടം വളരാൻ അനുയോജ്യം.
ഒട്ടേറെ ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യവുമാണ് കൊട്ടം. സുഗന്ധവാഹികളായ ഇവയുടെ വേരുകള്‍ക്കാണ് ഇന്ന് വിപണിയില്‍ ഏറെ പ്രാധാന്യം. കൊട്ടത്തിന്‍റെ വേരില്‍ നിന്നും സുഗന്ധവാഹിയായ ഒരു തരം എണ്ണ ലഭിക്കുന്നു. വയലറ്റ് നിറത്തിലുള്ള ഈ എണ്ണ ഔഷധമായും സുഗന്ധലേപനമായും ഉപയോഗിക്കാറുണ്ട്.
കടുത്ത ഗന്ധമാണ് കൊട്ടത്തിന്റേത്. പഴകുന്നതിനനുസരിച്ച് ഈ ഗന്ധവും രൂക്ഷമാവുന്നു. നല്ലൊരു വേദനസംഹാരിയായ കൊട്ടം ഉത്തേജകമരുന്നായും ഉപയോഗിക്കുന്നു. വായുക്ഷോഭം, വയറുകടി, മൂത്രാശയരോഗങ്ങള്‍, തൊലിപ്പുറത്തുണ്ടാവുന്ന അസുഖങ്ങള്‍ എന്നിവക്കും കൊട്ടം ഉത്തമമാണ്. ഇതിനൊക്കെപ്പുറമേ സന്ധിവേദന, മഞ്ഞപ്പിത്തം മൂലമോ കരളിന്‍റെ പ്രവര്‍ത്തന തകരാറുമൂലമോ ഉണ്ടാകുന്ന നെഞ്ചുവേദന എന്നിവക്ക് ശമനം ലഭിക്കാനും കൊട്ടം ഉപയോഗിച്ചുവരുന്നു.
ഇന്ന് വ്യാവസായികമായി ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് കൊട്ടം. ഇവയുടെ വേരുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. ഏറെ സാമ്പത്തിക നേട്ടം നേടിത്തരുന്നവയാണെങ്കിലും ചെടിയുടെ ദൌര്‍ലഭ്യം കണക്കിലെടുത്ത് ഇന്ന് കൊട്ടം കയറ്റുമതി ചെയ്യുന്നത് കര്‍ശനമായി നിയന്ത്രിച്ചുവരുന്നു.
ഇംഗ്ലീഷ് നാമം : കോസ്മോസ്
ശാസ്ത്രീയനാമം : Cosmos sulphureus
കുടുംബം : Asteraceae
കാണപ്പെടുന്ന (പദേശങ്ങൾ : മധ്യ അമേരിക്ക, ജപ്പാൻ, കൊറിയ
ആസ്റ്ററേസി കുടുംബത്തിൽപ്പെട്ട ഏകവർഷിയായ കുറ്റിച്ചെടിയാണ് കോസ്മോസ്. മധ്യ അമേരിക്ക സ്വദേശമായുള്ള ഇവ, തങ്ങളുടെ ഭംഗിയേറിയതും ആകർഷകവുമായ പൂക്കൾകൊണ്ടാണ് ലോകമെങ്ങും പ്രശസ്തമായത്. കൊറിയയിലും ജപ്പാനിലും ഇവ വ്യാപകമായി കാണപ്പെടുന്നു.
ഏകദേശം 30 സെന്റിമീറ്റർ മുതൽ 2 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടിയുടെ വളർച്ച ത്വരിതഗതിയിലായിരിക്കും. ഇളം പച്ചനിറത്തിലുള്ള കാണ്ഡം ശിഖരങ്ങളോടുകൂടി കാണപ്പെടുന്നു. അധികം ഉറപ്പില്ലാത്ത ഇവക്ക് ശക്തിയേറിയ കാറ്റിനെ അതിജീവിക്കാൻ കഴിയില്ല.
കാണ്ഡത്തിൽ സമ്മുഖമായി ഇലകൾ വിന്യസിച്ചിരിക്കുന്നു. കടും പച്ചനിറത്തിലുള്ള ഇലകൾ ബഹുമുഖങ്ങളാണ്. ഇവ ഇലഞെട്ടിനിരുവശത്തുമായി ക്രമീകരിച്ചിരിക്കുന്നു. നേരിയതും നീണ്ടതുമായ ഇലകളുടെ ആക്യതി ഏറെ ആകർഷകമാണ്.
വേനൽക്കാലമാണിവയുടെ പൂക്കാലം. ശാഖകളുടെ അഗ്രഭാഗത്തായാണ് പൂക്കൾ കാണപ്പെടുന്നത്. രണ്ട് അടുക്കുകളായി നക്ഷത്രാകൃതിയിൽ വിന്യസിച്ച പൂക്കളാണ് സാധാരണയായി ഉണ്ടാകുന്നത്. അതിനു പുറമേ കപ്പിന്റെ ആകൃതിയിൽ ആറിതളുകളോടുകൂടിയ ഒറ്റ അടുക്കുള്ള പൂക്കളേയും കാണാം. മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലാണിവ സാധാരണയായി കണ്ടുവരുന്നത്. നീണ്ട ഞെട്ടിന്മേലാണ് പൂക്കളുണ്ടാവുക. പൂമൊട്ടുകൾ പച്ചനിറത്തിലാണുള്ളത്.
പക്ഷികളെയും ശലഭങ്ങളേയും ഏറെ ആകർഷിക്കുന്നവയാണ് കോസ്മോസ് പൂക്കൾ. എന്നാൽ ഇവയിൽ അധികം തേൻ ഉണ്ടാവാറില്ല. പൂക്കൾ കൊഴിയുമ്പോൾ വിത്തുകൾ പുറത്തുകാണാം. തവിട്ടു നിറത്തിൽ നീണ്ട് സൂചിപോലുള്ള വിത്തുകളാണിവക്ക്.
വിത്തിലൂടെയാണ് കോസ്മോസിന്റെ പുനരുൽപാദനം നടക്കുന്നത്. ഭാരമില്ലാത്ത വിത്തായതിനാൽ കാറ്റിലൂടെ വിത്ത് വിതരണം നടക്കാറുണ്ട്. വസന്തകാലത്തിന്റെ ആരംഭമാണ് വിത്ത് നടാൻ ഉത്തമം. ഏഴു മുതൽ ഇരുപത്തൊന്നു ദിവസത്തിനകം വിത്ത് മുളക്കാറുണ്ട്. മുപ്പതു ദിവസം കൂടുമ്പോൾ കോസ്മോസ് ചെടി വെട്ടിയൊതുക്കുന്നത് നല്ലതാണ്. വിത്തു മുളച്ച് ഏകദേശം 50-55 ദിവസത്തിനകം പൂക്കളുണ്ടാവുന്നു.
നല്ല സൂര്യപ്രകാശം ഇഷടപ്പെടുന്ന സസ്യങ്ങളാണ് കോസ്മോസുകൾ. വരൾച്ചയെ അതിജീവിക്കുന്ന ഇവ അധികം ശ്രദ്ധ ആവശ്യമില്ലാതെ വളരുന്ന സസ്യമാണ്. വളക്കൂറില്ലാത്ത മണ്ണിൽ വളരാൻ ഇഷ്ടപ്പെടുന്ന ഇവ കുറഞ്ഞ തോതിൽ വെവ്വം കൊടുത്താൽ തന്നെ ധാരാളം പൂക്കൾ തരുന്ന അപൂർവ്വം സസ്യങ്ങളിലൊന്നാണ് അധികജലവും വളവും നൽകിയാൽ ഇവ പൂക്കാതെ നിന്ന് പോവുകയാണ് ചെയ്യുന്നത്. വരണ്ട അമ്ലത്വമുള്ള മണ്ണാണ് ഇവക്ക് അനുയോജ്യം.
ആകർഷകമായ പൂക്കളുള്ളതിനാൽ ഇവയെ പൂന്തോട്ടങ്ങളിൽ വളർത്താൻ ഉത്തമമാണ്. അധികം ശ്രദ്ധ ആവശ്യമില്ല എന്നതിനാൽ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ഇവ ധാരാളമായി നട്ടു പിടിപ്പിക്കാറുണ്ട്. വേലിചെടിയായി വളർത്താൻ ഉത്തമമാണ് ഈ സസ്യം. അധികം കീടബാധയേൽക്കില്ല എന്നതും ഈ ചെടിയുടെ പ്രത്യേകതയാണ്.
ഇംഗ്ലീഷ്നാമം : ടിക്ക് വീഡ്, ഏഷ്യൻ സ്പൈഡർ ഫ്ളവർ
ശാസ്ത്രീയനാമം : Cleome viscosa
കുടുംബം : Capparidaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഏഷ്യ
പറമ്പുകളിലും വയലുകളിലും വെളിമ്പ്രദേശങ്ങളിലുമെല്ലാം വ്യാപകമായി കാണുന്ന ഒരു കളസസ്യമാണ് ക്ലിയോം. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഇവ ഏഷ്യൻ സ്വദേശിയാണ്. ഏഷ്യൻ രാജ്യങ്ങളിൽ പാതയോരങ്ങളിലെ പതിവു കാഴ്ചയാണ് ക്ലിയോമുകൾ.
കപ്പാരിഡിസി കുടുംബത്തിൽപ്പെട്ട പുഷ്പിക്കുന്ന ചെറുസസ്യമാണ് ക്ലിയോം. ഏഷ്യൻ സ്പൈഡര്‍ ഫ്ളവറെന്ന സാധാരണ നാമത്തിൽ അറിയപ്പെടുന്ന ഇവക്ക് നല്ല ആഴത്തിൽ പോവുന്ന ഉറപ്പേറിയ വേരുകളാണുള്ളത്. ഇത് കാറ്റിനെ പ്രതിരോധിക്കാൻ ഇവയെ സഹായിക്കുന്നു. ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വളരുന്ന ക്ലിയോമിന് മെലിഞ്ഞ് ബലമേറിയ തണ്ടാണുള്ളത്. ഇളം പച്ചനിറത്തിലുളള കാണ്ഡം ശിഖരങ്ങളോടെ കാണപ്പെടുന്നു. ഇവയിൽ നിറയെ മൃദുലമായ രോമങ്ങൾ കാണാം.
മരച്ചീനിയുടെ ഇലകളെ അനുസ്മരിപ്പിക്കുന്ന ബഹുമുഖങ്ങളായ ഇലകളാണ് ക്ലിയോമിനുള്ളത്. കടുംപച്ചനിറത്തിലുള്ള ഇവയുടെ പ്രതലം പരുക്കനാണ്. നല്ല നീളമുള്ള ഇലത്തണ്ടാണ് ഇവയുടേത്. കടും പച്ച നിറത്തിലോ നീലലോഹിതവർണ്ണം കലർന്ന പച്ചനിറത്തിലോ കാണപ്പെടുന്ന ഇവ എളുപ്പത്തിൽ പൊട്ടിപ്പോകുന്നവയാണ്. ദീർഘവൃത്താകൃതിയിലുള്ള ഇലകൾ ഏതാണ്ട് വൃത്താകൃതിയിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. തണ്ടുകളെപ്പോലെതന്നെ രോമാവൃതമാണ് ഇവയുടെ ഇലകളും.
വളരെ കുറച്ച് പൂക്കളുണ്ടാക്കുന്നവയാണിവ. ശിഖരത്തിന്റെ അഗ്രഭാഗത്ത് പത്രകക്ഷത്തിൽ നിന്നുണ്ടാവുന്ന പൂക്കൾ ഒറ്റക്കൊറ്റക്കാണ് കാണപ്പെടുന്നത്. വ്യത്താകൃതിയിലുള്ള ചെറിയ പൂക്കളിൽ ഇതളുകൾ വേറിട്ട് വിന്യസിച്ചിരിക്കുന്നു. വിളറിയ മഞ്ഞ, മഞ്ഞ, ഓറഞ്ചുകലർന്ന മഞ്ഞ എന്നീ നിറങ്ങളിൽ ഇവ കാണപ്പെടുന്നു. നീളമുള്ള ഞെട്ടോടുകൂടിയ ദ്വിലിംഗപുഷ്പങ്ങളാണ് ക്ലിയോമിന്റേത്.
ഇളം പച്ചനിറത്തിലുള്ള നീണ്ട ഉരുണ്ട ഫലങ്ങളാണിവയുടേത്. രോമാവ്യതമായ ഫലത്തിനുള്ളിലാണ് വിത്തുണ്ടാവുന്നത്. ഗോളാകൃതിയിൽ കാണപ്പെടുന്ന വളരെ ചെറിയ വിത്തുകളുമുണ്ട്. വിത്തുകളെ പൊതിഞ്ഞുകൊണ്ട് പശപോലെയുളള ആവരണം കാണാം. ഇരുണ്ട ചുവപ്പുകലർന്ന തവിട്ടുനിറമാണിവക്ക്. വിത്തിലൂടെയാണ് ക്ലിയോമിന്റെ പുനരുൽപാദനം നടക്കുന്നത്. വസന്തകാലമാണ് വിത്ത് നടുന്നതിന് ഉത്തമം. നട്ടതിനുശേഷം ഏകദേശം അഞ്ചു മുതൽ പതിനാല് ദിവസത്തിനുള്ളിൽ ഇവ മുളക്കുന്നു. ഏതുതരം മണ്ണിലും വളരുമെങ്കിലും വരണ്ട മണ്ണാണ് കൂടുതൽ ഉത്തമം. പൂർണ സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഇവയ്ക്ക് നേരിയ വളക്കൂറുള്ള മണ്ണും അഭികാമ്യമാണ്. കനത്ത മഞ്ഞുവീഴ്ചയിൽ നശിക്കുന്ന ഇവ ബ്രിട്ടനിൽ ഏകവർഷികളായാണ് വളരുന്നത്.
വെളിമ്പ്രദേശങ്ങളില്‍ കളസസ്യമായി വളരുന്നുവെങ്കിലും ഇവയുടെ പലഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ഇലകളും ഇളം തണ്ടുകളുമാണ് ഭക്ഷണത്തിനായി കൂടുതലായും ഉപയോഗിക്കുന്നത്. ഇവ പച്ചക്കറിയായി പാകം ചെയ്ത് ഉപയോഗിക്കാറുണ്ട്. പാകം ചെയ്‌താല്‍ ഇവയ്ക്ക് കടുകിന്‍റെ ഗന്ധമാണ് ഉണ്ടാവുക. രൂക്ഷഗന്ധമുള്ള വിത്തുകൾ അച്ചാറിടാൻ ഉപയോഗിക്കാറുണ്ട്. കൂടാതെ കറികളിൽ കടുകിനു പകരം ഇവ ഉപയോഗിക്കാറുണ്ടത്രേ.
ക്ലിയോമിന് ധാരാളം ഔഷധാപയോഗങ്ങളുമുണ്ട്. ഇവയിൽ നിന്നെടുക്കുന്ന സത്ത് ലേപനൌഷധമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പുണ്ണിനും മുറിവുകൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്.
ഇംഗ്ലീഷ് നാമം : വീറ്റ്
ഹിന്ദി നാമം : ആട്ട
ശാസ്ത്രീയനാമം : Triticum aestivum
കുടുംബം : Poaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ബെൽജിയം, സ്പെയിൻ, ബ്രിട്ടൻ, ചൈന,
ജപ്പാൻ, കാനഡ, പെറു, തുർക്കി, അമേരിക്ക,
നവീനശിലായുഗത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ ഗാർഹികാവശ്യങ്ങൾക്കായി ഉപയോഗിച്ചുവന്ന ആദ്യത്തെ ഭക്ഷ്യധാന്യമാണ് ഗോതമ്പ്. തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലാണ് ഗോതമ്പ് ആദ്യമായി കൃഷിചെയ്ത് തുടങ്ങിയത്. 16-)൦ നൂറ്റാണ്ടോടുകൂടി ഗോതമ്പ് അമേരിക്കയിലും കൃഷിചെയ്തുതുടങ്ങി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടുകൂടി റഷ്യയിലെ ധാന്യവിളകളുടെ കയറ്റുമതി നില്ക്കുകയും തന്മൂലം അമേരിക്കയിലെ കൻസാസിൽ കയറ്റുമതി ഇരട്ടിക്കുകയും ചെയ്തു. തുടർന്ന് ബാർലി പോലുള്ള ധാന്യവിളകളുടെ സ്ഥാനത്തേക്ക് ഗോതമ്പ് ചിരപ്രതിഷ്ഠ നേടി. കുറ്റിച്ചെടിയായ ഗോതമ്പ് ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പു തന്നെ ഇന്ത്യയിൽ കൃഷിചെയ്തുതുടങ്ങിയിരുന്നു. ഫലഭൂയിഷ്ഠമായ മണ്ണിൽ ത്വരിതഗതിയിൽ വളരുന്ന ഗോതമ്പ് ഇന്ത്യയെക്കൂടാതെ ബ്രിട്ടൻ, കാനഡ, ചൈന, ജപ്പാൻ, പെറു, തുർക്കി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും കണ്ടുവരുന്നു.
ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെറുസസ്യമാണ് ഗോതമ്പ്. ഏകവർഷി സസ്യമായ ഇതിന്റെ കാണ്ഡം പൊളളയായിരിക്കും, നീണ്ടതും പരന്നതും വളരെ നേർത്തതുമായ ഇലകൾക്ക് ഏകദേശം 20 മുതൽ 40 സെന്റിമീറ്റർ വീതിയും ഉണ്ടാവും. ജൂൺ- ജൂലായ് മാസമാണ് ഗോതമ്പിന്റെ പൂക്കാലം. പൂങ്കുല കതിര് എന്നറിയപ്പെടുന്നു. കാണ്ഡത്തിന് സമ്മുഖമായി വിന്യസിച്ചിരിക്കുന്ന കതിരുകൾ കൂർത്ത് ആരുപോലെ ആയിരിക്കും.
ദ്വിലിംഗപുഷ്പങ്ങളായ ഗോതമ്പിൽ കാറ്റിന്റെ സഹായത്താലാണ് പരാഗണം നടക്കുന്നത്. കട്ടികൂടിയ ഒരുതരം പോഡിനുള്ളിലായി ഗോതമ്പിന്റെ ഫലം രൂപപ്പെടുന്നു. ഇത് ഗോതമ്പുമണി എന്നറിയപ്പെടുന്നു. പാൽപോലുള്ള ഒരുതരം വെളുത്ത ദ്രാവകത്തിന്റെ രൂപത്തിലാണ് ഫലം രൂപംകൊള്ളുന്നത്. അത് പിന്നീട് ഖരാവസ്ഥയിലാവുകയും ഗോതമ്പുമണി രൂപംകൊള്ളുകയും ചെയ്യുന്നു.
ആരംഭത്തിൽ പച്ചനിറവും മൂപ്പെത്തുന്നതോടെ തവിട്ടുനിറവുമായിരിക്കും ഈ കതിരുകൾക്ക്. ശരത്ക്കാലത്താണ് ഗോതമ്പിന്റെ വിളവെടുപ്പ്. വിത്തുവഴി ചെടിയിൽ പുനരുൽപാദനം സാധ്യമാവുന്നു. ഫലഭൂയിഷ്ഠമായ മണ്ണ് വരമ്പുകളായി തിരിച്ച് നീർച്ചാലുകളുണ്ടാക്കിയാണ് ഗോതമ്പ് കൃഷിചെയ്യുന്നത്. ആസിഡ് സ്വഭാവമുളളതോ ആൽക്കലൈൻ സ്വഭാവമുള്ളതോ ആയിട്ടുള്ള ഈർപ്പമുള്ള മണ്ണിൽ എളുപ്പത്തിൽ വളരുന്ന ഗോതമ്പിന് സൂര്യപ്രകാശം ഒരാവശ്യ ഘടകമാണ്.
പോഷകസമ്പുഷ്ടമായ ഗോതമ്പ് പ്രധാനമായും ഭക്ഷ്യാവശ്യത്തിനുവേണ്ടിയാണുപയോഗിക്കുന്നത്. ഗോതമ്പ് പൊടിച്ചുണ്ടാക്കുന്ന മാവിൽനിന്നും പാകംചെയ്യുന്ന ചപ്പാത്തി, ബർഗർ, കേക്ക്, റൊട്ടി, ബിസ്ക്കറ്റ് തുടങ്ങിയവ തീൻമേശയിലെ ഇഷ്ടവിഭങ്ങളാണ്. ഭക്ഷ്യധാന്യമായ ഗോതമ്പിന് ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്. ഗോതമ്പിന്റെ ഇളം കാണ്ഡത്തിൽനിന്ന് പിത്തത്തിനും വിത്തിൽനിന്ന് തൊണ്ടവേദന, വിശപ്പ്, ജലദോഷം, ചുമ എന്നിവക്കുമുള്ള ഔഷധങ്ങൾ ഉണ്ടാക്കുന്നു. ഒരു ജൈവ ഇന്ധനം കൂടിയായ ഗോതമ്പിന്റെ കാണ്ഡത്തിൽ നിന്നെടുക്കുന്ന നാരുകൾ കടലാസുനിർമ്മാണത്തിനും ഉപയോഗിക്കുന്നു.
ഇംഗ്ലീഷ്നാമം : അമരാന്ത്
ശാസ്ത്രീയനാമം : Amaranthus gangeticus
കുടുംബം : Amaranthaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ
ഇലക്കറികളിൽ മുമ്പനാണ് ചീരക്കറിയെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. സ്വാദിന്റെ കാര്യത്തിലും പോഷകസമ്പുഷ്ട്ടിയുടെ കാര്യത്തിലും ഇവ ഒരുപടി മുന്നിൽത്തന്നെ. മെഡിറ്ററേനിയൻ പ്രദേശങ്ങളാണ് ചീരയുടെ സ്വദേശമായി കണക്കാക്കുന്നത്. മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും ചീര ധാരാളമായി കാണപ്പെടുന്നുണ്ട്. കൂടാതെ യൂറോപ്യൻ രാജ്യങ്ങളിലും ഏഷ്യയിലും ചീര വളർത്തിവരുന്നു.
ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ചീര ധാരാളമായി വളരുന്നത്. ഏകവർഷിയായ ഒരു ചെറുസസ്യമാണിത്. ഏകദേശം ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചീരയുടെ കാണ്ഡം ശിഖരങ്ങളോടുകൂടിയും അല്ലാതെയും കാണപ്പെടുന്നു. ഇനങ്ങൾക്കനുസരിച്ച് ചുവപ്പുകലർന്ന നിറങ്ങളിലോ പച്ചനിറത്തിലോ തണ്ടുകൾ കാണാം. ഉറപ്പില്ലാത്ത മാംസളമായ തണ്ടുകൾ തിളക്കമേറിയവയാണ്. അപൂർവ്വമായി ഇവയിൽ നേരിയ നാരുകൾ കാണാറുണ്ട്.
ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ഇവയിൽ ഇലകളുണ്ടാവുന്നത്. അണ്ഡാകൃതിയിലുള്ള ഇലകൾക്കും തണ്ടിനെപ്പോലെ ഇനങ്ങൾക്കനുസരിച്ച് ചുവപ്പോ പച്ചയോ നിറമായിരിക്കും. വളരെ മൃദുലമായ ഇലകൾക്ക് നീളമുള്ള ഞെട്ടാണുള്ളത്. അപൂർവ്വമായി ഇലയുടെ അടിവശത്ത് നാരുകൾ കാണപ്പെടുന്നു. ഇവ തണ്ടിൽ എതിർദിശയിൽ വിന്യസിച്ചിരിക്കുന്നു.
അഗസ്ത് മാസമാണിവയുടെ പൂക്കാലം. പൂക്കളും ഇനങ്ങൾക്കനുസരിച്ച് നിറത്തിൽ വ്യത്യാസം പ്രകടിപ്പിക്കുന്നു. പച്ച, ചുവപ്പ് നിറങ്ങളിൽ കണ്ടുവരുന്ന പൂക്കൾക്ക് സാധാരണ ഇതളുകൾ കാണാറില്ല. ഏകലിംഗപുഷ്പങ്ങളാണിവ. ശാഖാഗ്രങ്ങളിൽ കുലകളായി പൂക്കളുണ്ടാവുന്നു. നീളമുള്ള പൂങ്കുലകളിൽ ആൺ-പെൺ പൂക്കൾ ഒരുമിച്ച് ക്രമീകരിച്ചിരിക്കുന്നു. കാറ്റിലൂടെയാണ് പരാഗണം നടക്കുന്നത്.
ഗോളാകൃതിയിലുള്ള ഫലങ്ങളുടെ പ്രതലം മിനുസമേറിയതായിരിക്കും. മാംസളമായ ഇവ ഉണങ്ങുന്നതിനനുസരിച്ച് ചുക്കിച്ചുളിയുന്നു. സെപ്തംബർ മാസത്തോടെ ഇവ പാകമാവുന്നു. ഒരു കായയിൽ ഒരു വിത്താണുണ്ടാവുക. ഇരുണ്ട തവിട്ടുനിറത്തിലോ കറുപ്പുനിറത്തിലോ വിത്തുകൾ കാണപ്പെടുന്നു. ഗോളാകൃതിയില്‍ തിളക്കമുള്ള വളരെ ചെറിയ വിത്തുകളാണിവക്ക്.
വിത്തിലൂടെയാണ് ചീരയുടെ പുനരുൽപാദനം പ്രധാനമായും നടക്കുന്നത്. തണ്ട് മുറിച്ചുനട്ടും ഇതു സാധ്യമാവുന്നു. വസന്തകാലമാണ് ചീര നടാൻ ഉത്തമം. ഉഷ്ണകാലാവസ്ഥയിൽ വിത്തുകൾ വളരെ പെട്ടെന്ന് മുളച്ചുവരും. ചീരത്തൈകളാവട്ടെ വേഗത്തില്‍ വേര് പിടിക്കുന്നവയാണ്. ഏതുതരം മണ്ണിലും വളരുമെങ്കിലും അമ്ലത്വമുള്ള മണ്ണാണ് ഇവക്കിഷ്ടം. തണലത്ത് വളരാന്‍ സാധിക്കാത്ത ചീരയ്ക്ക് നനവാര്‍ന്ന മണ്ണാണ് വളരാന്‍ അനുയോജ്യം. രാസവളങ്ങള്‍ നല്‍കുന്നത് ഈ സസ്യത്തെ വിഷമയമാക്കുന്നു.
നേരത്തെ സൂചിപ്പിച്ച പോലെ ആഹാരാവശ്യത്തിനാണ് ചീര എറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇലകൾ പാകം ചെയ്തോ പച്ചയായോ കഴിക്കുമ്പോൾ വിത്തുകൾ പാകം ചെയ്താണ് ഭക്ഷിക്കുന്നത്. ഇതിനുപുറമേ ഭക്ഷ്യയോഗ്യമായ നിറങ്ങളും ചീരയില്‍നിന്നു നിര്‍മ്മിക്കാറുണ്ട്. മഞ്ഞ, പച്ച, ചുവപ്പ് നിറങ്ങളാണ് ഇവയില്‍ നിന്നെടുക്കുന്നത്. ഈ ഉപയോഗം കൂടാതെ ഔഷധഗുണങ്ങളും ചീരയ്ക്കുണ്ട്. ഇവയില്‍ നിന്നെടുക്കുന്ന സത്ത് പുണ്ണിന് പ്രതിവിധിയാണത്രേ. നാടന്‍ മരുന്നില്‍ ഈ സസ്യം മുഴകള്‍ക്കുള്ള മരുന്നായും ഉപയോഗിക്കാറുണ്ട്.
സംസ്കൃതനാമം : കാന്തകാരി
ശാസ്ത്രീയനാമം : Solanum torvum
കുടുംബം : Solanaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : എഷ്യ, കിഴക്കൻ തീരപ്രദേശം, ഇന്ത്യ
ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കാണുന്ന ഒരു കുറ്റിച്ചെടിയാണ് ചുണ്ട. പ്രഥമദൃഷ്‌ട്യാതന്നെ ആരെയും അലോസരപ്പെടുത്തുന്ന മുള്ളുകളാണ് ഈ ചെടിയുടെ ഏറ്റവും വലിയ പ്രത്യേകത. കേരളീയരുടെ ഒരു പ്രധാന ഭക്ഷണപദാർത്ഥവുമാണീ ചുണ്ട. ഏഷ്യാ വൻകരകളിലെ ചില പ്രദേശങ്ങളിലും കിഴക്കൻ തീരപ്രദേശങ്ങളിലും ചുണ്ട കാണപ്പെടുന്നു. ഇന്ത്യയിലും കേരളത്തിലും ഇവ സമൃദ്ധമായി വളരുന്നുണ്ട്. ഏകദേശം ഒരു മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യമാണ് ചുണ്ട. വളരെ ആഴത്തിൽ വളരുന്ന ഇവയുടെ വേരുകൾ ചെടിയെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നതോടൊപ്പം സസ്യത്തിന്റെ വളർച്ചക്കുവേണ്ട പോഷകഘടകങ്ങൾ വളരെയകലെനിന്നും വലിച്ചെടുക്കാനും സഹായിക്കുന്നു. ഇതിന്റെ കാണ്ഡത്തിൽ ധാരാളം മുള്ളുകൾ കാണപ്പെടുന്നു.
ശാഖകളായി വളരുന്ന ഈ ചെടിയുടെ ഇലകളിലും ധാരാളം മുള്ളുകൾ കാണാറുണ്ട്. അർദ്ധവൃത്താകൃതിയിലുള്ള ഇലകൾക്ക് പച്ചനിറമായിരിക്കും. ഇലകളിലെ ഈ മുള്ളുകൾ ചെടിയുടെ സംരക്ഷണവലയമായി നിലകൊള്ളുന്നു.
വെളുപ്പു കലർന്ന നീലനിറത്തിലുള്ള പൂക്കളാണ് ചുണ്ടയുടേത്. പൂവിന്റെ ഞെട്ടുകളിലും ചെറിയ മുള്ളുകൾ കാണുന്നു. ഒരു പൂങ്കുലയിൽ ധാരാളം പൂക്കൾ ഉണ്ടായിരിക്കും. പൂക്കളുടെ മധ്യത്തിലായി മഞ്ഞനിറത്തിൽ കണ്ടുവരുന്ന പൂമ്പൊടി പുഷ്പത്തെ പരാഗണത്തിന് സഹായിക്കുന്നു. പൂവിലെ തേൻപോലുള്ള ഒരു സ്രവം പൂമ്പാറ്റകളെയും വണ്ടുകളെയും ഏറെ ആകർഷിക്കുന്നവയാണ്.
പച്ചനിറത്തിൽ ഉരുണ്ട ഫലങ്ങളാണ് ചുണ്ടയ്ക്കുണ്ടാവുക. ഇവ പാകമാകുന്നതോടെ മഞ്ഞനിറമായി മാറുന്നു. ഒരു തരം ചവർപ്പ് രുചിയാണ് ഈ ഫലത്തിനുണ്ടാവുക. ഫലത്തിനുള്ളിൽ ധാരാളം വിത്തുകൾ കാണപ്പെടുന്നു. ഈ ഫലങ്ങൾ ഉണക്കി സൂക്ഷിക്കുകയാണ് പതിവ്. വിത്തുകൾ വഴി ചെടിയിൽ പുനരുൽപാദനം നടക്കുന്നു. ഉണങ്ങിയ വിത്തിന് കറുപ്പുകലർന്ന ചാരനിറമായിരിക്കും.
ചുവന്ന ലാറ്ററൈറ്റ് മണ്ണാണ് ചുണ്ടയുടെ വളർച്ചക്ക് ഏറ്റവും അനുയോജ്യം. കൂടാതെ നല്ല സൂര്യപ്രകാശവും ആവശ്യത്തിന് ജലസേചനവും. നീർച്ചാലുകളുള്ള നനഞ്ഞ പ്രദേശത്ത് ഈ ചെടി അതിവേഗത്തിൽ വളരുന്നു. ഇവയുടെ തണ്ടുകൾ ഇടക്കിടെ പൊട്ടിച്ചുകൊടുക്കുന്നത് ചെടികൾ നന്നായി വളരാനും കൂടുതൽ ഫലങ്ങൾ ഉൽപാദിപ്പിക്കാനും സഹായകമാവുന്നു. ഭക്ഷ്യവിഭവമെന്നനിലയിലും ഔഷധമെന്ന നിലയിലും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന ചെടിയാണ് ചുണ്ട. ചില രാജ്യങ്ങളിൽ ചുണ്ടയിൽനിന്ന് ഹെർബൽ ഷാമ്പൂകളും ഒരുതരം പശയും ഉൽപാദിപ്പിക്കാറുണ്ട്.
ചുണ്ടങ്ങ എന്ന വിളിപ്പേരുള്ള ഈ സസ്യം വിവിധതരത്തിലും ആക്യതിയിലുമുണ്ട്. പല സ്ഥലങ്ങളിലും പല പേരുകളിൽ അറിയപ്പെടുന്നു. പ്രധാനമായും ചെറുചുണ്ട, ഉപ്പേരിച്ചുണ്ട, കാന്താരിച്ചുണ്ട തുടങ്ങിയ പേരിലാണ് അറിയപ്പെടുന്നത്. ഇതിൽ ചെറുചുണ്ട പഴുക്കുമ്പോൾ ചുവന്ന നിറമായിരിക്കും. ഇതിന്റെ പൂക്കൾക്കാകട്ടെ വെളളനിറവും. എന്നാൽ വലിയ ചുണ്ടയുടെ പൂക്കൾക്ക് നീലനിറമാണുണ്ടാവുക. ചില ഹിന്ദു സമുദായക്കാർ അവരുടെ പൈതൃക കർമ്മങ്ങൾക്കും ക്ഷേത്രാചാരങ്ങൾക്കുമായി വ്യത്താകൃതിയിലുള്ള ഒരു തരം ചുണ്ട ഉപയോഗിക്കുന്നു. ഇത് പുണ്യാഹച്ചുണ്ട എന്ന പേരിലാണറിയപ്പെടുന്നത്. ചുരുക്കത്തിൽ ഏറെ പ്രത്യേകതയടങ്ങിയ ഒരു ചെടിയാണ് ചുണ്ട.
ഇംഗ്ലീഷ് നാമം : റോസി ലീഡ്വർട്ട്
ഹിന്ദിനാമം : ലാൽ ചിത്ര
സംസ്കൃതനാമം : ചിത്രക
ശാസ്ത്രീയനാമം : Plumbago rosea
കുടുംബം : Plumbaginaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : തെക്കുകിഴക്കൻ ഏഷ്യ
ഇംഗ്ലീഷ് നാമം : Zeylanica
ഹിന്ദിനാമം : ചിത്രക
സംസ്കൃതനാമം : ചിത്രക, ചിത്രവാര്‍
ശാസ്ത്രീയനാമം : Plumbago zeylanica
കുടുംബം : Plumbaginaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ
ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ചെറുസസ്യമാണ് വെള്ളക്കൊടുവേലി. തെക്കുകിഴക്കൻ ഏഷ്യയാണ് ഇവയുടെ ജന്മസ്ഥലമായി അറിയപ്പെടുന്നത്. ബംഗാളിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ഒന്നര മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടിയുടെ തണ്ടുകൾ ബലമേറിയതായിരിക്കും. മിനുസമേറിയ ഇലകൾ ദീർഘവൃത്താകൃതിയിൽ വിന്യസിച്ചിരിക്കുന്നു. തണ്ടുകൾക്ക് സമ്മുഖമായാണ് ഇലകൾ രൂപംകൊള്ളുന്നത്. വെളുത്ത നിറത്തിലുള്ള പൂക്കൾ ശാഖാഗ്രങ്ങളിൽ കുലകളായി കാണപ്പെടുന്നു. ഓരോ കുലയിലും പത്തോളം പൂക്കളും കാണാം. വെള്ളക്കൊടുവേലിയുടെ ഫലങ്ങൾ ചെറുതും മുള്ളുകളാൽ ആവരണം ചെയ്തതുമായിരിക്കും. ഈ മുള്ളിൽ പശിമയുള്ള ഒരാവരണവുമുണ്ട്. ഇത് ഇവയെ മറ്റുവസ്തുക്കളിൽ പറ്റിപ്പിടിക്കാൻ സഹായിക്കുന്നു. ഫലത്തിനുള്ളിൽ ഒട്ടേറെ ചെറിയ വിത്തുകളും കാണാം.
വിത്തുകൾ വഴിയും ചെടിയുടെ കമ്പുകൾ മുറിച്ചു നട്ടുമാണ് ഇവയിൽ പുനരുൽപാദനം സാധ്യമാകുന്നത്. നല്ല സൂര്യപ്രകാശമുള്ളിടത്ത് വളരാൻ ഇഷ്ടപ്പെടുന്നവയാണ് വെളളക്കൊടുവേലി. എന്നാൽ ഭാഗികമായ തണൽപ്രദേശങ്ങളിലും ഇവ വളരാറുണ്ട്. നേരിയ അമ്ലഗുണമുള്ള മണ്ണാണ് വളർച്ചക്കനുയോജ്യം. ഒരു തവണ പൂക്കളുണ്ടായതിനു ശേഷം ചെടിയുടെ കമ്പുകളെല്ലാം വെട്ടിക്കളയുന്നത് ചെടി കൂടുതൽ ശാഖോപശാഖകളായി വളരാനും ധാരാളം പൂക്കൾ ഉൽപാദിപ്പിക്കാനും സഹായിക്കുന്നു.
ഒട്ടേറെ ഔഷധമൂല്യമുള്ള സസ്യമാണ് വെള്ളക്കൊടുവേലി. ഇവയുടെ വേര്, മരത്തൊലി, വിത്ത് എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ. ഇവ ഉത്തേജക ഔഷധമായും പൊള്ളലിന് മരുന്നായും ഉപയോഗിക്കുന്നു. ദഹനത്തിനും ഇത് നല്ലതാണ്. ഇവയിലടങ്ങിയ ഗ്ലൂക്കോസ്, ഫ്രക്ടോസ്, എൻസൈമുകൾ എന്നീ ഘടകങ്ങളാണ് ഔഷധഗുണം പ്രദാനംചെയ്യുന്നത്.
വെള്ളക്കൊടുവേലിയുടെ അതേ കുടുംബത്തിൽപ്പെട്ട മറ്റൊരിനമാണ് ചെത്തിക്കൊടുവേലി. ഇവയുടെ ജന്മദേശവും ഏഷ്യ തന്നെയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്.
ഏകദേശം 4 മുതൽ 90 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്നവയാണിവ. ശാഖോപശാഖകളായി വളരുന്ന ഇവയുടെ തണ്ടുകൾ ബലമേറിയവയാണ്. കടും പച്ചനിറത്തിലുള്ള ഇലകൾ ചെടിയുടെ തണ്ടിന് സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. തണ്ടുകളുടെ അഗ്രഭാഗങ്ങളിലായി അഞ്ച് ഇതളുകളും സുഗന്ധവാഹിയായ ചെറിയ പൂക്കൾ കാണാം. നീല, ചുവപ്പ് നീലലോഹിതം, പിങ്ക് നിറങ്ങളിലായിരിക്കും പൂക്കൾ. പുക്കൾക്കുള്ളില്‍ കാണുന്ന രോമാവൃതമായ ഒരു പാളി പശയാല്‍ ആവരണം ചെയ്യപ്പെട്ടതാണ്. ചെടികളില്‍ പരാഗണം നടക്കുന്ന സമയങ്ങളില്‍ മറ്റ് ജന്തുക്കളില്‍ നിന്നും രക്ഷനേടാനുള്ള ഒരാവരണമായി ഇവ വര്‍ത്തിക്കുന്നു. മഴക്കാലങ്ങളിലാണ് ഇവ പൂക്കുന്നത്. ചെറിയ ഫലങ്ങളും ഇവയില്‍ കാണാറുണ്ട്. ഈ ഫലത്തിനുള്ളില്‍ വിത്തുകളും അടങ്ങിയിരിക്കും. വിത്തുകള്‍ മുളപ്പിച്ചും തണ്ടുകള്‍ മുറിച്ചു നട്ടുമാണ് ചെടിയുടെ പുനരുത്പാദനം നടത്തുന്നത്. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ചെത്തിക്കൊടുവേലി നന്നായി വളരുന്നു. ഏതുതരം മണ്ണിലും വളരുമെങ്കിലും ഇവ നനവാര്‍ന്ന മണ്ണ് കൂടുതല്‍ ഇഷ്ടപ്പെടുന്നു. ഒട്ടേറെ ഔഷധഗുണമുള്ള സസ്യം കൂടിയാണിത്.
ഇംഗ്ലീഷ്നാമം : ചൈനാറോസ്, ഷൂ ഫ്ലവർ
ഹിന്ദിനാമം : ജാവ, ജാസും
സംസ്കൃതനാമം : അരുണ, രുദ്രപുഷ്പ
ശാസ്ത്രീയനാമം : Hibiscus rosa-sinensis
കുടുംബം : Malvacea
കാണപ്പെടുന്ന പ്രദേശങ്ങൾ : ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, യൂറോപ്പ്, അമേരിക്ക
കേരളീയർക്ക് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ലാത്ത സസ്യമാണ് ചെമ്പരത്തി. പേരു കേൾക്കുമ്പോൾതന്നെ ഗൃഹാതുരമായ ഒട്ടേറെ ഓർമ്മകൾ തേടിയെത്തുന്ന സസ്യം. സ്വന്തം വീട്ടുകാരനായും അല്ലെങ്കിൽ അയൽക്കാരനായും നമ്മെ അറിയുന്ന ചങ്ങാതി. സ്കൂളിൽ പഠിക്കുമ്പോൾ ബോർഡും സ്ലേറ്റും വ്യത്തിയാക്കി കേമനാവാൻ നമ്മെ സഹായിച്ച കളിക്കൂട്ടുകാരൻ. ഇങ്ങനെ ഓരോരുത്തരുടെ ബാല്യത്തിലും നിറഞ്ഞ സാന്നിധ്യമായി നിലകൊണ്ടിരുന്നുവെന്ന് അവകാശത്തോടെ പറയാൻ ഈ ചെടിക്കല്ലാതെ മറ്റാർക്കാണാവുക?
മാൽവേസി കുടുംബത്തിൽപ്പെട്ട പുഷ്പിക്കുന്ന കുറ്റിച്ചെടിയാണ് ചെമ്പരത്തി. ചൈനയാണ് സ്വദേശമെങ്കിലും ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ചെമ്പരത്തിയുടെ സാന്നിധ്യം കാണാം.
കടും പച്ചനിറത്തിലുള്ള ഇടത്തരം ഇലകളാണ് ചെമ്പരത്തിയുടേത്. ഹൃദയാകൃതിയിലുള്ള ഇലയുടെ അഗ്രഭാഗം കൂർത്തതും അരിക് ദന്തുരമായും കാണപ്പെടുന്നു. ഇളംപച്ച ഇലഞെട്ടാണിവയുടേത്. ഇലയുടെ മുകൾഭാഗം തിളക്കമേറിയതും മിനുസമുള്ളതുമാണ്.
അഞ്ചിതളുകളുള്ള വലിയ പുഷ്പമാണിവക്ക്. കപ്പിന്റെ ആകൃതിയിൽ കാണപ്പെടുന്ന പൂക്കൾ സാധാരണ കടും ചുവപ്പ് നിറത്തിലാണുണ്ടാവുക. ചുവപ്പു കൂടാതെ വെള്ള, മഞ്ഞ, ഓറഞ്ച്, റോസ്, പിങ്ക് തുടങ്ങിയ നിറങ്ങളിലും പൂക്കൾ കാണാറുണ്ട്. ഇതുകൂടാതെ ഇരട്ട നിറത്തിലുള്ള പുഷ്പങ്ങളുമുണ്ട്. അഞ്ചിതളുകളായി കാണുന്ന ഒറ്റ വലയമുളള പുഷ്പങ്ങൾക്കു പുറമെ ഇരട്ട ദളമുള്ള പുഷ്പങ്ങളും കാണാവുന്നതാണ്. പുഷ്പങ്ങൾ ശിഖരത്തിന്റെ അഗ്രഭാഗത്താണ് ഉണ്ടാവുന്നത്. പ്രകടമായി കാണാവുന്ന വലിയ മനോഹരമായ കേസരം ഇവയുടെ പ്രത്യേകതയാണ്. ഒരു ദിവസമാണ് പൂക്കളുടെ ആയുസ്സ്. വർഷത്തിൽ എല്ലാ സമയത്തും പൂക്കൾ ഉണ്ടാവുന്ന നിത്യഹരിതസസ്യങ്ങളിലൊന്നാണ് ചെമ്പരത്തി.
നല്ല ഉറപ്പേറിയ വേരുകളാണ് ചെമ്പരത്തിയുടേത്. വളരെ ആഴത്തിൽ പോവുന്ന ഈ വേരുകൾ സസ്യത്തെ മണ്ണിൽ ഉറപ്പിച്ചുനിർത്തുന്നു. ഇളം തവിട്ടുനിറത്തിലുള്ള ബലമേറിയ കാണ്ഡമാണ് ചെമ്പരത്തിയുടെ മറ്റൊരു സവിശേഷത. കാണ്ഡം ശിഖരങ്ങളോടെ കാണപ്പെടുന്നു.
കൊമ്പ് മുറിച്ചു നട്ടാണ് ചെമ്പരത്തിയിൽ പുനരുൽപാദനം നടത്തുന്നത്. വളരെ സാവധാനത്തിൽ വളരുന്ന സസ്യമാണിത്. ഏകദേശം രണ്ട് മീറ്റർ മുതൽ മൂന്ന് മീറ്റർ വരെയാണിവയുടെ ഉയരം. വരണ്ട മണ്ണാണിവക്ക് ഏറ്റവും അനുയോജ്യം. മണലില്‍ ഇവ നന്നായി വളരുന്നു.
സസ്യത്തിന്‍റെ ഏതു ഭാഗം എടുത്തുനോക്കിയാലും വഴുവഴുപ്പുള്ള ദ്രാവകം പുറത്തുവരുന്നത് കാണാം. ഇലയില്‍ നിന്നും പൂക്കളിൽനിന്നുമെടുക്കുന്ന വഴുവഴുപ്പുള്ള ഈ സത്ത് കേശസംരക്ഷണത്തിന് താളിയായി ഉപയോഗിക്കാറുണ്ട്. മലേഷ്യയുടെ ദേശീയ പുഷ്പമാണ് ചെമ്പരത്തി. ക്ഷേത്രങ്ങളിലെ പൂജാദികർമ്മങ്ങള്‍ക്കായും ഇവ ഉപയോഗിക്കാറുണ്ട്. ബലമേറിയ വേരുകളുള്ള ഈ സസ്യം മണ്ണൊലിപ്പ് തടയുന്നതിന് വേലിയായും ഉപയോഗിച്ചുവരുന്നു. അരുണസൂര്യനെ ഓർമ്മിപ്പിക്കുന്ന കടും ചുവപ്പു നിറത്തിലുള്ള പൂക്കൾ വിരിയിക്കുന്ന ഈ സസ്യം ഉദ്യാനങ്ങളിൽ അലങ്കാരസസ്യമായും വളർത്താറുണ്ട്.
ഇംഗ്ലീഷ് നാമം : ലൈം
ഹിന്ദിനാമം : നീം
സംസ്കൃതനാമം : നിംബുക
ശാസ്ത്രീയനാമം : Citrus aurantifolia
കുടുംബം : Rutaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : മെക്സിക്കോ, വെസ്റ്റിൻഡീസ്, ന്യൂസിലാന്റ്
മെഡിറ്ററേനിയൻ യൂറോപ്പ്, ഇന്തോ- മലയൻ പ്രദേശങ്ങൾ
ക്ഷീണം തോന്നുമ്പോൾ അൽപം നാരാങ്ങാവെള്ളം കിട്ടിയെങ്കിൽ എന്ന് ചിന്തിക്കാത്തവർ ആരെങ്കിലുമുണ്ടോ? ഒരിക്കലെങ്കിലും ചെറുനാരങ്ങയുടെ പുളിയറിയാത്തവർ വിരളമായിരിക്കും. ലോകമൊട്ടാകെ പ്രിയപ്പെട്ട ഈ ദാഹശമനിയുടെ അൽപം വിശേഷങ്ങൾ നോക്കാം.
ഒരു ഉഷ്ണമേഖലാ സസ്യമാണ് ചെറുനാരകം. തെക്കുകിഴക്കൻ ഏഷ്യയാണിതിന്റെ സ്വദേശമായി കണക്കാക്കുന്നത്. എന്നാൽ ഇന്നിവ ലോകത്താകമാനം കൃഷിചെയ്തുവരുന്നു. പ്രധാനമായും മെക്സിക്കോ, വെസ്റ്റിൻഡീസ്, ന്യൂസിലാന്റ് മെഡിറ്ററേനിയൻ യൂറോപ്പ്, ഇന്തോ-മലയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണിവ കാണപ്പെടുന്നത്. കുരിശുയുദ്ധങ്ങൾക്കുമുമ്പ് ചെറുനാരകത്തെപ്പറ്റി യൂറോപ്പുകാർക്ക് ഒരു അറിവും ഇല്ലായിരുന്നു. എന്നാൽ അതിനുശേഷം അറബികൾ ആഫിക്കയിലേക്കു കൊണ്ടുവന്ന ചെറുനാരകം അവിടെനിന്നും മെഡിറ്ററേനിയൻ യൂറോപ്പിലേക്കു കടക്കുകയായിരുന്നത്രേ
ഏകദേശം രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യമാണ് ചെറുനാരകം. വളരെ ആഴത്തിൽ പോവുന്ന ബലമുള്ള വേരുകളും ഉറപ്പേറിയ കാണ്ഡവുമാണിവക്ക്. മെലിഞ്ഞ ധാരാളം ശിഖരങ്ങളും ഇവയുടെ പ്രത്യേകതയാണ്. കാണ്ഡത്തിൽ നിറയെ മൂർച്ചയുള്ള വലിയ മുള്ളുകൾ കാണാം. ഏകദേശം ഒരു സെന്റീമീറ്റർ വലിപ്പത്തിലുള്ള ഇവ ദേഹത്ത് തട്ടിയാൽ മുറിവുണ്ടാക്കുന്നവയാണ്. ഒരു നിത്യഹരിതസസ്യമാണ് ചെറുനാരകം. ഒന്നിടവിട്ട് ക്രമീകരിച്ച ഇടത്തരം ഇലകളാണ് ചെറുനാരകത്തിന്റേത്. അടുക്കിവെച്ചതുപോലെ തിങ്ങിനിറഞ്ഞു. കാണപ്പെടുന്ന ഇലകൾക്ക് കരിഞ്ഞ പച്ചനിറമാണ്. ദീർഘവൃത്താകൃതിയിലുള്ള ഇവ സുഗന്ധമുള്ളവയുമാണ്. തളിരിലയായിരിക്കുമ്പോൾ നീലലോഹിതവർണത്തിലാണിവ കാണപ്പെടുന്നത്.
നേരിയ സുഗന്ധമുള്ളതോ അല്ലാത്തതോ ആയ പൂക്കളാണ് ചെറുനാരകത്തിന്റേത്. ഒറ്റക്കോ കൂട്ടമായോ കാണപ്പെടുന്ന ഇവ വെള്ളയോ നീലലോഹിതംകലർന്ന വെളുത്ത നിറത്തിലോ ആയിരിക്കും. ശിഖരങ്ങളുടെ അഗ്രഭാഗത്താണ് ചെറുനാരകത്തിന്റെ ഫലങ്ങൾ കാണപ്പെടുന്നത്. ഇവ ഗോളാകൃതിയിലോ അണ്ഡാകൃതിയിലോ ആയിരിക്കും. ചെറുതായിരിക്കുമ്പോൾ ഇളം പച്ചനിറത്തിലുള്ള ഫലം പാകമായാൽ ഇളം മഞ്ഞനിറം കൈവരിക്കുന്നു. പരുക്കനോ മ്യദുവോ ആയ പുറംതോടിനുള്ളിൽ കാണുന്ന മാംസളമായ ഭാഗം പച്ച കലർന്ന മഞ്ഞനിറത്തിൽ ആറു മുതൽ 15 വരെ ഭാഗങ്ങളായി കാണപ്പെടുന്നു. ജലാംശം ധാരാളമടങ്ങിയിട്ടുള്ള ചെറുനാരകം സിട്രിക് ആസിഡിന്റെ നല്ലൊരു ഉറവിടം കൂടിയാണ്. വിത്തിലൂടെയാണ് ചെറുനാരകത്തിന്‍റെ പുനരുൽപാദനം നടക്കുന്നത്. ചിലപ്പോൾ വേര് പൊട്ടിമുളച്ചും പുതിയ സസ്യങ്ങൾ ഉണ്ടാവാറുണ്ട്. കൊമ്പു മുറിച്ചു നട്ടും പുനരുൽപാദനം നടത്താമെങ്കിലും നന്നായി വേരു പിടിക്കില്ല എന്നൊരു ന്യൂനത ഇതിനുണ്ട്. ചെറുനാരകത്തിൽ ഫലമുണ്ടാവാൻ ഏകദേശം മൂന്ന് മുതൽ ആറ് വർഷം വരെ എടുക്കും. പ്രധാനമായും ശീതളപാനീയങ്ങൾ ഉണ്ടാക്കാനാണ് ചെറുനാരകത്തിന്റെ ഫലം ഉപയോഗിക്കുന്നത്. സിറപ്പുകളും സോസുകളും ഇവകൊണ്ടുണ്ടാക്കുന്നു. ഇന്ത്യയിൽ അച്ചാറിടാനാണ് പ്രധാനമായും ചെറുനാരകം ഉപയോഗിക്കുന്നത്. ഇതുമാത്രമല്ല കേട്ടോ ഐസകീമുകൾക്കും ഭക്ഷണപദാർത്ഥങ്ങൾക്കും രുചിയും മണവും പകരാനും ചെറുനാരകം ഉപയോഗിക്കാറുണ്ട്.
ഇംഗ്ലീഷ് നാമം : എർവ
ഹിന്ദിനാമം : ചായ, ഗൊരഖ് ഗണ്ഡ
സംസ്കൃതനാമം : ആസ്തമ ഭയ, ഭദ്ര
മറ്റുനാമങ്ങൾ : ചെറുപുല, ബലിപൂവ്
ശാസ്ത്രീയനാമം : Aerva lanata
കുടുംബം : Amaranthaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ
സാധാരണയായി ബലിപ്പൂവ് എന്നറിയപ്പെടുന്ന ചെറൂള സസ്യങ്ങൾ ഹിന്ദുമതാചാരത്തിൽ പ്രത്യേകസ്ഥാനമുള്ളവയാണ്. ഇവയുടെ പൂക്കൾ മരിച്ചവരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കാനായി നടത്തുന്ന ബലിയിടൽ കർമ്മത്തിലെ മുഖ്യ സ്ഥാനക്കാരനാണ്. ഈ അനുഷ്ഠാനത്തിന് ഉപയോഗിക്കുന്നതുകൊണ്ട് തന്നെയാവാം ഇവയെ ബലിപ്പൂവ്എന്നുവിളിക്കുന്നത്. ദശപുഷ്പത്തിലെ ഒരംഗമാണ് ചെറുള.
അമരാന്തേസി കുടുംബത്തിൽപ്പെട്ട പുഷ്പിക്കുന്ന ചെറുസസ്യമാണ് ചെറൂള. കൃഷിയിടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു കളസസ്യമായ ഇത് നല്ല ജലാംശമുള്ള കാടുകളിലും പ്രാന്തപ്രദേശങ്ങളിലും ധാരാളമായി കണ്ടുവരുന്നു.
ഇരുണ്ട പച്ചനിറത്തിലുള്ള അനേകം ശാഖകളോടെയാണ് ചെറൂള സസ്യങ്ങൾ കണ്ടുവരുന്നത്. വേരിൽനിന്ന് മുകളിലേക്ക് വളരുന്ന കാണ്ഡങ്ങൾ ഇവയുടെ പ്രത്യേകതയാണ്. ഇവക്ക് ചില്ലകളുണ്ടാവാറില്ല. പ്രത്യേകരീതിയിൽ കൂട്ടത്തോടെ ഇവ വളർന്നു നിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്.
ചെറൂളയുടെ കാണ്ഡത്തിൽ ഒന്നിടവിട്ടാണ് ഇലകൾ ക്രമീകരിച്ചിരിക്കുന്നത്. ചാരനിറത്തിലുള്ള ഇടത്തരം ഇലകളാണിവക്ക്. മുട്ടയുടെ ആകൃതിയിലുള്ള മിനുസമേറിയ ഇലകൾ ചെറിയ ഞെട്ടിന്മേലാണുള്ളത്. കാണ്ഡത്തിൽ ഇല തുടങ്ങുന്നിടത്താണ് പൂക്കളുണ്ടാവുന്നത്.
വളരെ ചെറിയ പൂക്കളാണ് ചെറൂളയുടേത്. സാധാരണയായി പച്ചകലർന്ന വെള്ളനിറത്തിലുള്ള പൂക്കളാണ് ഉണ്ടാവുക. എന്നാൽ വിളറിയ പിങ്കുനിറത്തിലും വിളറിയ ചുവപ്പുനിറത്തിലും പൂക്കൾ കാണാറുണ്ട്. പൂക്കൾ ഏകദേശം മൂന്ന് സെന്റീമീറ്റർ വരെ വലിപ്പത്തിൽ കുലകളായി കാണപ്പെടുന്നു. ദ്വിലിംഗപുഷ്പികങ്ങളായ ഇവ ദീർഘവ്യത്താകൃതിയിലായിരിക്കും. ഇവ കുലകളിൽ തിങ്ങിഞെരുങ്ങി കാണപ്പെടുന്നു.
ഗോളാകൃതിയിലുള്ള ചെറിയ ഫലങ്ങളാണിവയുടേത്. പച്ചനിറത്തിലുളള ഇവയിലാണ് വിത്തുകൾ കാണപ്പെടുന്നത്. ഒരു ഫലത്തിനുള്ളിൽ ഒരു വിത്താണുണ്ടാവുക. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ സസ്യത്തിന് വളരാനായി അധികം പരിചരണമൊന്നും ആവശ്യമില്ല. എന്നാൽ ജലാംശമുള്ള മണ്ണിൽ ഇവ നന്നായി വളരും. ഇവയുടെ ഓരോ തണ്ടിലും വേരിന്റെ ഭാഗം പോലെ ഇലകളും കാണപ്പെടാറുണ്ട്.
കൊമ്പ് മുറിച്ചു നട്ടാണ് ഇവയിൽ പുനരുൽപാദനം നടത്തുന്നത്. കൂടാതെ വേരിൽ നിന്നും പൊട്ടി മുളക്കുന്ന പുതിയ തൈ വേർപ്പെടുത്തിയും പുനരുൽപാദനം നടത്താം. വളരെ ചെറിയ വിത്തുകളാണെങ്കിലും വിത്തിലൂടെയും പുനരുൽപാദനം നടക്കാറുണ്ട്. ഭാരമില്ലാത്തതിനാൽ കാറ്റിലൂടെ വിത്തു വിതരണം സാധ്യമാവുന്നു.
വേര് പൊട്ടിക്കിളിർക്കുന്നതിനാൽ വളരെ പെട്ടെന്നാണിവ വ്യാപിക്കുന്നത്. അതിനാൽതന്നെ ഇവ പലപ്പോഴും ക്യഷിയിടങ്ങളിൽ ഒരു ശല്യമായിത്തീരാറുണ്ട്. എങ്കിലും ആയുർവ്വേദത്തിലും, യൂനാനിയിലും സിദ്ധവൈദ്യത്തിലുമെല്ലാം വ്യാപകമായുപയോഗിക്കുന്ന ഔഷധം കൂടിയാണ് ഈ സസ്യം.
കാല്‍സ്യത്തിന്‍റെ ഉത്തമസ്രോതസ്സായും ഇതിനെ കണക്കാക്കുന്നു. ചെറൂളയുടെ വേരുകൾക്കാണ് ഔഷധമൂല്യമേറെയുള്ളത്. തലവേദനക്കള്ള നല്ലൊരു മരുന്നായി ഇവ ഉപയോഗിക്കാറുണ്ട്. വേരിൽ നിന്നുണ്ടാക്കിയ കഷായം ഗര്‍ഭിണികൾക്ക് കഴിക്കാനായി കൊടുക്കാറുണ്ടത്രെ. ഗോണാറിയക്കും വൃക്കത്തകരാറുകൾക്കുമുള്ള ഉത്തമ ഔഷധമായും ഈ സസ്യത്തെ ഉപയോഗിക്കുന്നു.
ഇംഗ്ലീഷ് നാമം : എലഫന്റ് ഫൂട്ട് യാം
ശാസ്ത്രീയനാമം : Amorphophallus companulatus
കുടുംബം : Araceae
കാണപ്പെടുന്ന പ്രദേശങ്ങൾ : മഡഗാസ്കർ, മലേഷ്യ, പോളിനേഷ്യ, വടക്കെ ഓസ്ട്രേലിയ, ഇന്തോ-ചൈന, ഫിലിപ്പീൻസ്, ഇന്ത്യ
തൊട്ടാൽ ചൊറിയുന്ന ചേന എങ്ങനെയാണ് നമ്മുടെ പ്രിയപ്പെട്ട വിഭവമായി മാറിയതെന്ന് ചിന്തിച്ചിട്ടുണ്ടോ? വേവിച്ചാൽ സ്വാദിഷ്ടമായ ഈ കിഴങ്ങ് രൂപത്തിലും ഭാവത്തിലും സവിശേഷത പുലർത്തുന്നവയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ചെറുസസ്യമാണ് ചേന. ഇന്ത്യയാണ് ചേനയുടെ ജന്മസ്ഥലമായി അറിയപ്പെടുന്നത്. പിന്നീടവ ഇന്ത്യയിൽനിന്നും ന്യൂഗിനിയയിലേക്കും ഓസ്ട്രേലിയയിലേക്കും വ്യാപിച്ചു. എലഫന്റ് ഫൂട്ട് യാം എന്ന ഇംഗ്ലീഷ് പേരിലും പ്രസിദ്ധമാണിവ.
മലേഷ്യ, ഇന്ത്യാ-ചൈന, വടക്കെ ഓസ്ട്രേലിയ, ഫിലിപ്പീൻസ്, പോളിനേഷ്യ, മഡഗാസ്കർ എന്നിവിടങ്ങളിൽ ഇന്ന് ചേന വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇന്ത്യയിൽ പ്രധാനമായും കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ചേന വളരുന്നത്. ഇന്ത്യയിൽ സുരാൻ എന്ന പേരിലും ചേന അറിയപ്പെടുന്നു. നിത്യഹരിതസസ്യമായ ചേന എകദേശം ഒരു മീറ്റർ ഉയരത്തിൽ വളരുന്നവയാണ്. ഇവയുടെ ഇലത്തണ്ട് മൃദുലവും മാംസളവുമായിരിക്കും. ഇലത്തണ്ടിന്റെ പുറംഭാഗം ഇളം പച്ചനിറത്തിൽ വെളുത്ത പുള്ളികളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. നീളമുള്ള ഈ തണ്ടിന്റെ അഗ്രങ്ങളിലായി ഇലകൾ രൂപപ്പെടുന്നു. ഒറ്റ ഇലയുള്ള ഏക കിഴങ്ങുവർഗ്ഗമാണ് ചേന. കാഴ്ചയിൽ പല ഇലകളായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഒറ്റ ഇലയാണിത്. പല ഭാഗങ്ങളായി വേർതിരിക്കപ്പെട്ട രീതിയിൽ കാണപ്പെടുന്ന ഇലകൾ മൃദുലവും കടും പച്ചനിറമുള്ളവയുമാണ്. ചേനയുടെ മറ്റൊരു പ്രത്യേകതയാണ് പൂക്കൾ. ഇലകൾ പൂർണമായും കൊഴിഞ്ഞ ശേഷം വളർച്ചയുടെ രണ്ടാം വർഷമാണ് ചേനയിൽ പൂവ് ഉണ്ടാവുന്നത്. ഒരു പൂ മാതമേ ചേനക്ക് കാണാറുള്ളു. ഇവ തവിട്ടു നിറത്തിൽ ബൊക്കെയുടെ രൂപത്തിൽ കാണപ്പെടുന്നു. ചേനയുടെ പ്രധാന സവിശേഷതയാണ് ദുർഗന്ധം വമിക്കുന്ന ഈ പൂക്കൾ. എന്നാൽ പരാഗണത്തിനു ശേഷം ഈ ദുർഗന്ധം കെട്ടടങ്ങുന്നു. ചേനയുടെ ഭൂകാണ്ഡമാണ് എറെ ഉപയോഗപ്രദം. തവിട്ടുനിറത്തിലുള്ള ഇവയുടെ ഉൾഭാഗം മാംസളമായി കാണപ്പെടുന്നു. തികച്ചും ഏകവർഷിയായ ചേന ഏപ്രിൽ-മെയ് മാസങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഇവ കൃഷിചെയ്യുന്നതിലുമുണ്ട് ഏറെ പ്രത്യകതകൾ. ഒരു ചേനയെ രണ്ടോ അതിലധികമോ ഭാഗങ്ങളാക്കിയെടുത്ത ശേഷം വീണ്ടും ഈ കഷണങ്ങൾ വളത്തിൽ പൊതിഞ്ഞ് രണ്ടോ മൂന്നോ ദിവസം സൂക്ഷിക്കുന്നു. മണ്ണ് പാകമാക്കിയെടുത്ത ശേഷം വീണ്ടും ഈ കഷണങ്ങൾ വളം ചേര്‍ത്ത്നടുന്നു.
ഇങ്ങനെ നട്ട ചേനക്കഷണത്തില്‍ നിന്നും ഏകദേശം രണ്ടു മാസമാകുമ്പോഴേക്കും ഇലകള്‍ വരാന്‍ തുടങ്ങും. ആഗസ്ത് സെപ്തംബർ മാസത്തിലാണ് ചേനയുടെ വിളവെടുപ്പ് നടക്കുന്നത്. ചേനയിലടങ്ങിയിരിക്കുന്ന കാത്സ്യം ഓക്സലേറ്റ് ക്രിസ്റ്റലിന്‍റെ സാന്നിധ്യം മൂർഖനയാണ് ചേന തൊട്ടാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്. വേവിച്ചുകഴിഞ്ഞാൽ ഈ സ്വഭാവം പാടെ മാറുന്നതായി കാണാം. മലയാളികളുടെ അടുക്കളയിലെ നിത്യസാന്നിധ്യമാണല്ലോ ചേന. ഇവ പ്രധാനമായും കറികൾ, അച്ചാർ, തോരൻ, കൊണ്ടാട്ടം എന്നിവ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. തികച്ചും പോഷകസമ്പുഷ്ടമാണ് ചേനവിഭവങ്ങൾ.
ഭക്ഷ്യാവശ്യങ്ങൾക്കു പുറമെ ചേന ഔഷധമായും ഉപയോഗിക്കാറുണ്ട്. ഉദരസംബന്ധമായ രോഗങ്ങൾക്കും വായുക്ഷോഭം അകറ്റാനും കഫം, പിത്തം എന്നിവ മൂലമുണ്ടാവുന്ന അസുഖങ്ങൾക്കും ചേന ഉത്തമമാണ്. മൂലക്കുരു, അതിസാരം എന്നിവയുടെ ശമനത്തിനും ചേന ഗുണപ്രദമാണത്രേ. ഇന്ന് ധാരാളം സങ്കരയിനം ചേനകളും വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇവയിൽ ഗജേന്ദ്ര എന്ന ഇനമാണ് ഇന്ത്യയിൽ പ്രധാനമായും കണ്ടുവരുന്നത്. ഇന്ത്യയിലെ പ്രധാന പച്ചക്കറികളിൽ ഒന്നായ ചേന കയറ്റുമതിയിലും ഏറെ മുന്നിലാണ്. ചേനകളും വളർത്തിയെടുത്തിട്ടുണ്ട്.
ഇംഗ്ലീഷ്നാമം : ക്രൈസാന്തിമം
ശാസ്ത്രീയനാമം : Chrysanthemum indicum
കുടുംബം : Asteraceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ചൈന, ജപ്പാൻ
നവംബറിലെ പുഷ്പമെന്ന ഓമനപ്പേരിലറിയപ്പെടുന്ന ചെറുസസ്യമാണ് ജമന്തി. ബി.സി. 15-)൦ നൂറ്റാണ്ടോടെ ഈ സസ്യം ചൈനയിൽ വ്യാപകമായി കൃഷിചെയ്യാൻ തുടങ്ങി. ഇതോടെ ചൈനയിലെ ഒരു നഗരത്തിന് ക്രൈസാന്തിമം സിറ്റി എന്ന പേരും ലഭിച്ചു. എ.ഡി. എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ജപ്പാനിൽ ഈ ചെടി വ്യാപകമാവുകയും അവിടുത്തെ ജനത തങ്ങളുടെ ദേശീയചിഹ്നമായി ജമന്തിയെ അംഗീകരിക്കുകയുംചെയ്തു.
ജമന്തിക്ക് രാജകീയ പരിവേഷം നൽകിയ ഇവിടുത്തുകാർ ജമന്തിയുടെ പൂക്കാലത്തെ സന്തോഷത്തിന്റെ ഉത്സവമായി കൊണ്ടാടി. ജപ്പാനിലെ ചക്രവർത്തി ജമന്തിപ്പൂക്കൾ കൊണ്ടുള്ള തലപ്പാവാണത്രെ അണിഞ്ഞിരുന്നത്. അമേരിക്കയിലെ പ്രസിദ്ധ മ്യൂസിക് സൊസൈറ്റിയായ ഫിമു ആൽഫാ സിൽഫോണിയയുടെ ചിഹ്നമാണ് ജമന്തിപ്പൂക്കൾ.
ഏകദേശം 50 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ജമന്തിയുടെ ബലമേറിയ തണ്ടുകൾ ശാഖോപശാഖകളായി കാണുന്നു. നല്ല ഉറപ്പേറിയ വേരുകളാണ് ജമന്തിയുടേത്. ബഹുമുഖങ്ങളായ ഇലകൾ കടുംപച്ച നിറത്തിലായിരിക്കും. പരുപരുത്ത പ്രതലത്തോടുകൂടിയ ഇലകൾ ഒന്നിടവിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ശാഖാഗ്രങ്ങളിലാണ് പൂക്കൾ ഉണ്ടാവുന്നത്. പൂക്കൾ കുലകളായി കാണപ്പെടുന്നു. സാധാരണയായി വെള്ള, മഞ്ഞ, നിറങ്ങളിലാണ് ജമന്തിപ്പൂക്കൾ കാണപ്പെടുന്നത്. എന്നിരുന്നാലും വർഗ്ഗവ്യത്യാസമനുസരിച്ച് പൂക്കളുടെ നിറത്തിൽ വ്യത്യാസം കാണാറുണ്ട്. ചെറിയ ഇതളുകൾ അടുക്കുകളായാണ് ജമന്തിപ്പൂവിൽ വിന്യസിച്ചിരിക്കുന്നത്. സുഗന്ധവാഹികളായ പൂക്കൾക്ക് പൂമ്പാറ്റകളേയും വണ്ടുകളേയും പെട്ടെന്നാകർഷിക്കാൻ കഴിയും. ദിവസങ്ങളോളം വാടാതെ നിലനിൽക്കാനുള്ള കഴിവും ജമന്തിപ്പൂക്കൾക്കുണ്ട്. ബഹുവർഷിയായ ജമന്തി എളുപ്പം വളരുന്നവയാണ്. എല്ലാ കാലങ്ങളിലും ഇവ നട്ടു പിടിപ്പിക്കാം. വിവിധതരത്തിലുള്ള ജമന്തിച്ചെടികളുണ്ട്. ചെടിയുടെ ഇല, വലിപ്പം, ആകൃതി പൂക്കളുണ്ടാവുന്ന സമയം എന്നിവ അനുസരിച്ചാണ് ഈ തരംതിരിവ്.
ജമന്തിയുടെ വിത്തുകൾ വഴിയും വേരിൽനിന്ന് പൊട്ടിവരുന്ന ചെറുതൈകൾ മുളപ്പിച്ചും പുനരുൽപാദനം നടത്തുന്നു. കൂടാതെ ബഡിംഗ് വഴി ധാരാളം സങ്കരയിനങ്ങളെ വളർത്തിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ചെടി വളരുന്നതിനായി നല്ല പരിചരണം ആവശ്യമാണ്. കീടങ്ങളുടെ ആക്രമണങ്ങൾ ജമന്തിച്ചെടിയെ നിരന്തരം വേട്ടയാടാറുണ്ട്. ഇതിന് കീടനാശിനികൾ ഉപയോഗിക്കാം.
ഉദ്യാനസസ്യമെന്നതിലുപരി പാചകത്തിനായാണ് ഉത്തരേന്ത്യക്കാർ ജമന്തിയെ ഉപയോഗിക്കാറുള്ളത്. മഞ്ഞയും വെള്ളയും നിറമുള്ള ജമന്തിയുടെ പൂക്കൾകൊണ്ട് ഇവർ മധുരമുള്ള പാനീയം ഉണ്ടാക്കാറുണ്ട്. ക്രൈസാന്തം ചായ എന്നാണിത് അറിയപ്പെടുന്നത്. ചൈനയിൽ ജമന്തിയില പച്ചക്കറിയായും ഉപയോഗിക്കാറുണ്ട്. കിഴക്കൻ ഏഷ്യയിൽ ഇലയ്ക്ക് വേണ്ടിയും ഇവ കൃഷിചെയ്തുവരുന്നു.
ജമന്തിപ്പൂക്കൾകൊണ്ട് കീടനാശിനികൾ നിർമ്മിക്കാറുണ്ട്. പൗഡറിന്റെ രൂപത്തിൽ നിർമ്മിക്കപ്പെടുന്ന ഇവ പ്രാണികളെയും ചെറുകീടങ്ങളെയും നശിപ്പിക്കാൻ ശേഷിയുള്ളവയാണെങ്കിലും ചില സസ്തനികളും പക്ഷികളും ഇതിനെയെല്ലാം അതിജീവിക്കുന്നവയാണ്.
ഇംഗ്ലീഷ്നാമം : ടൊമാറ്റോ
ഹിന്ദിനാമം : ടമാറ്റർ
ശാസ്ത്രീയനാമം : Lycopersicum esculentum
കുടുംബം : Solanaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ബ്രിട്ടൺ, അമേരിക്ക, സ്പെയിൻ, ചൈന
തെക്കെ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളാണ് തക്കാളിയുടെ ജന്മദേശമായി അറിയപ്പെടുന്നത്. എന്നാൽ ഇത് ഇവിടങ്ങളിൽ കൃഷിചെയ്തതാണോ അതോ സ്പാനിഷ് ആഗമനത്തോടെ കടന്നുവന്നതാണോ എന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. എന്തായാലും പിന്നീട് ഭക്ഷ്യാവശ്യങ്ങൾക്കുവേണ്ടി ലോകവ്യാപകമായി തക്കാളി കൃഷിചെയ്തുതുടങ്ങി. 16-)൦ നൂറ്റാണ്ടോടെ ഇവ മെക്സിക്കോയിൽ എത്തി. ലവ് ആപ്പിൾസ് എന്ന പേരിലും തക്കാളി അറിയപ്പെടുന്നുണ്ട്.
1500 കാലങ്ങളിൽ അമേരിക്കയും ബ്രിട്ടണും തക്കാളിയെ വിഷഫലമായാണ് കണ്ടിരുന്നത്. ഇവയുടെ ഇലകളിലും തണ്ടുകളിലും വിഷസ്വഭാവമുളള ഗ്ലൈക്കോ ആൽക്കലൈഡ് എന്ന രാസഘടകം അടങ്ങിയിട്ടുള്ളതായിരുന്നു അതിന് കാരണം. എന്നാൽ പിന്നീട് ഇവ ഭക്ഷ്യയോഗ്യമാണെന്ന് തെളിയിക്കപ്പെട്ടു. 11-)൦ നൂറ്റാണ്ടോടെ ബ്രിട്ടനിലെ ജനങ്ങൾ തക്കാളി ഭക്ഷ്യയോഗ്യമാക്കാൻ തുടങ്ങി. ആദ്യകാലങ്ങളിലെല്ലാം തികച്ചും ഉദ്യാനസസ്യമായാണ് തക്കാളി വളർത്തിയിരുന്നത്. എന്നാൽ ഇന്ന് ലോകവ്യാപകമായി വളർത്തുന്ന ഫലസസ്യങ്ങളിലൊന്നാണിത്.
ഡച്ച് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഔദ്യോഗികചിഹ്നം കൂടിയാണ് തക്കാളി. ഏകദേശം ഒന്ന് മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുസസ്യമാണ് തക്കാളി. ഇവക്ക് ധാരാളം ശാഖോപശാഖകളുണ്ടാവും. ബലം കുറഞ്ഞ തണ്ടുകൾ രോമാവ്യതമായിരിക്കും. ഇലകൾ ഇളംപച്ച നിറത്തിൽ ചെടിക്ക് ഇരുവശത്തുമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്കും തണ്ടിനും നേരിയ ഗന്ധം അനുഭവപ്പെടാറുണ്ട്. ശാഖാഗ്രങ്ങളിലായി മഞ്ഞനിറത്തിലുള്ള ചെറിയ പൂക്കൾ ഉണ്ടാവും. പൂക്കൾ കൊഴിയുന്നതോടെ ചെടിയിൽ ധാരാളം ഫലങ്ങൾ ഉണ്ടാകുന്നു. ആദ്യഘട്ടത്തിൽ പച്ചനിറത്തിലുള്ള ഈ ഫലങ്ങൾ മൂപ്പെത്തുന്നതോടെ ചുവപ്പുനിറം കൈവരിക്കുന്നു. മാംസളമായ ഫലങ്ങൾക്കുള്ളിൽ ധാരാളം വിത്തുകളും കാണപ്പെടുന്നു. ഈ വിത്തുകൾ വഴിയാണ് ചെടിയുടെ പുനരുൽപാദനം നടക്കുന്നത്.
ഇന്ന് അമേരിക്കയിലെ പച്ചക്കറിത്തോട്ടങ്ങളിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് തക്കാളിയാണ്. തണുപ്പുകാലങ്ങളിൽ ഗ്രീൻഹൗസിൽ തക്കാളി കൃഷിചെയ്യുന്നു. നന്നായി പാകപ്പെടുത്തിയ മണ്ണിലാണ് തക്കാളിയുടെ തൈകൾ നടുന്നത്. വളരുന്ന സമയത്ത് ജലലഭ്യത അനിവാര്യമാണ്. ഫോളിക് ആസിഡ്, ബയോട്ടിന്‍, വിറ്റാമിൻ കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഫലമാണ് തക്കാളി. ബീറ്റ കരോട്ടിൻ, കരോട്ടിനോയ്ഡ്, ലൈകോപൈൻ എന്നീ വർണവസ്തുക്കളാണ് തക്കാളിക്ക് നിറം നൽകുന്നത്. തക്കാളിയുടെ ധാരാളം സങ്കരയിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയിൽ ചെറി ടൊമാറ്റോ എന്ന ഇനത്തിന് സാധാരണ തക്കാളിയേക്കാൾ വലുപ്പം കുറവായിരിക്കും. ഇവ പ്രധാനമായും ടൊമാറ്റോ സോസ് നിർമ്മിക്കാനാണ് ഉപയോഗിക്കുന്നത്. മറ്റൊരു സങ്കരയിനമായ പ്ലം ടൊമാറ്റോയ്ക്ക് സാധാരണ തക്കാളിയേക്കാൾ വലിപ്പം കൂടുതലാണ്. ഇവ മാംസളമേറിയതും കടും ചുവപ്പ് നിറത്തിലുമായിരിക്കാം. ഇത് പ്രധാനമായും സാലഡ്, സോസ്, എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. സ്പെയിനിലെ ലാ ടൊമാറ്റിന എന്ന ആഘോഷത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വർഷംതോറും ആഘോഷിക്കുന്ന രസകരമായ ഉത്സവമാണിത്. തക്കാളിയുദ്ധം എന്നു തന്നെ ഇതിനെ പറയാം. ഇവിടുത്തെ ജനങ്ങൾ വലിയ ലോറികളിൽ തക്കാളി കൊണ്ടുവന്ന് റോഡിലുള്ള ആളുകളെ എറിയുന്നതാണിത്. ഇങ്ങനെ ഒട്ടേറെ രസകരമായ കഥകളും തക്കാളിക്കുണ്ട്.
ഇംഗ്ലീഷ് നാമം : ലോട്ടസ്
ശാസ്ത്രീയനാമം : Nelumbium speciosum
Nelumbo nucifera
കുടുംബം : Nymphaeaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ഓസ്ട്രേലിയ, ചൈന
ഭാരതീയരുടെ ദേശീയ പുഷ്പം എന്നതിലുപരി സാംസ്കാരികമായി ഏറെ പ്രാധാന്യമുള്ള ചെറുസസ്യമാണ് താമര. വിശുദ്ധിയുടെ പര്യായമായി കണക്കാക്കുന്ന താമര പൗരാണികകാലം മുതൽതന്നെ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്നു. ഹിന്ദുമതവിശ്വാസങ്ങൾക്കു പുറമെ ബുദ്ധമതത്തിലും താമരയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ശ്രീബുദ്ധനെ പലപ്പോഴും വലിയ താമര ഇലയിലോ പൂവിലോ ഇരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദുപുരാണങ്ങളിൽ ലക്ഷ്മിയും സരസ്വതിയും ബ്രഹ്മാവും ശിവനും താമരയുമായി അഭേദ്യബന്ധം പുലർത്തുന്നുണ്ട്. നന്മ, സൗന്ദര്യം, സമ്പത്ത്, ഔന്നത്യം, അറിവ് എന്നിവയുടെയെല്ലാം പ്രതീകമായി താമര നിലകൊള്ളുന്നു. അഴുക്കുനിറഞ്ഞ വെള്ളത്തിൽ വളർന്നിട്ടും പവിത്രതയോടെ നിലനിൽക്കുന്ന താമര മനസ്സിന്റെ പരിശുദ്ധിയുടെയും പ്രതീകമാണ്. ദൈവികമായ സൗന്ദര്യവർണ്ണനയ്ക്കും താമരയെ ഉപയോഗിക്കാറുണ്ട്. പുരാണങ്ങളിൽ ശ്രീകൃഷ്ണണനെ താമരാക്ഷൻ എന്നാണ് വിളിക്കുന്നത്. താമരയിതൾപോലുള്ള കണ്ണ് സൗന്ദര്യത്തിന്റെ വിശിഷ്ടമായ വിശേഷണമാണ്.
ബുദ്ധമതത്തിൽ ശരീരശുദ്ധി, സംസാരശുദ്ധി, മനഃശുദ്ധി എന്നിവയുടെയെല്ലാം പ്രതീകമായാണ് താമരയെ കാണുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് താമര കൂടുതലായി വളരുന്നത്. പ്രധാനമായും ബംഗ്ലാദേശ്, ആന്ധ്രാപ്രദേശ്, ആസ്സാം, ബീഹാർ, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ. ഏകവർഷിയായ താമര ഏകദേശം ഒന്നര മീറ്റർ വരെ നീളത്തിൽ വളരുന്നു. ഇലകൾ വെളളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് വിന്യസിച്ചിരിക്കുന്നത്. ഹ്യദയാകൃതിയിൽ വലുപ്പമേറിയ ഇലകൾ നീളമുള്ള തണ്ടിൽ വളരുന്നു. പൂക്കൾ സാധാരണയായി റോസ്, നീല നിറങ്ങളിൽ കാണപ്പെടുന്നു. ചില സങ്കരയിനങ്ങൾ തൂവെള്ള മുതൽ ഇളം റോസ് നിറങ്ങളിൽ വരെയും കണ്ടുവരുന്നു. കപ്പിന്റെ ആകൃതിയിലാണ് പൂക്കൾ. ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഫലത്തിനുള്ളിൽ ധാരാളം വിത്തുകൾ കാണാം. കോണാകൃതിയിലുള്ള അടുക്കുകളിലാണ് വിത്തുകൾ രൂപപ്പെടുന്നത്.
താമരയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ഇല, വേര് എന്നിവക്കാണ് കൂടുതൽ പ്രാധാന്യം. ചെടിയുടെ എല്ലാ ഭാഗങ്ങളും പച്ചയായി കഴിക്കാമെങ്കിലും ശരീരത്തിൽ വിരകൾ കടക്കാൻ സാധ്യതയുള്ളതിനാല്‍ വേവിച്ചു കഴിക്കുന്നതാണ് ഉത്തമം. ചൈനക്കാർ പുരാതനകാലം മുതലേ പ്രധാന പോഷകാഹാരമായി താമരവേരിനെ കണ്ടിരുന്നു. ഇവയുടെ വേരിൽ പൊട്ടാസ്യം, വൈറ്റമിൻ, തയാമിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, താമരയുടെ പൂമ്പൊടി ഉണക്കിയത് ഔഷധച്ചായ നിർമ്മിക്കാൻ ഉത്തമമത്രേ.
ഏഷ്യൻ രാജ്യങ്ങളിലെല്ലാം അലങ്കാരത്തിനുവേണ്ടി താമരപ്പൂക്കളും ഇലകളും ഉപയോഗിക്കാറുണ്ട്. താമര ഇതളുകള്‍ ഏറെ സുഗന്ധവാഹികൾ ആയതിനാൽ സുഗന്ധദ്രവ്യങ്ങൾ, സുഗന്ധലേപനങ്ങൽ എന്നിവ നിർമ്മിക്കാനും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ധാരാളം ഔഷധഗുണങ്ങളും താമരയ്ക്കുണ്ട്. താമര ഇലകളുടെ സത്ത് പിഴിഞ്ഞെടുത്തത് പനി, ശരീരവേദന എന്നിവക്ക് ഉത്തമമാണ്. കൂടാതെ ഗർഭാശയരോഗങ്ങള്‍ക്ക് താമരയുടെ തളിരിലകൾ ഔഷധമായി ഉപയോഗിക്കാറുണ്ട്. പൂക്കളാകട്ടെ രക്തം, കഫം, പിത്തം എന്നിവ മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ഉത്തമ ഔഷധമായും ഉപയോഗിച്ചുവരുന്നു.
ഇംഗ്ലീഷ്നാമം : പീജിയൻ പീ, റെഡ് ഗ്രാം
ഹിന്ദിനാമം : റഹര്‍
ശാസ്ത്രീയനാമം : Cajanus cajan
കുടുംബം : Fabaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഏഷ്യ, ആഫ്രിക്ക, അമേരിക്ക
സ്വർണ്ണവർണ്ണത്തിൽ പൊട്ടിന്റെ ആകൃതിയിലുള്ള തുവരപ്പരിപ്പിനെ നിങ്ങൾ കണ്ടിട്ടില്ലേ. അടുക്കളയിൽ ഇവയ്ക്ക് പ്രമുഖ സ്ഥാനമുണ്ട്. തുവരപ്പരിപ്പ് ചേർക്കാത്ത സാമ്പാറിനെക്കുറിച്ച് നമുക്ക് ഓർക്കാൻ കഴിയില്ല. നാക്കിലയുടെ വലതുഭാഗത്ത് തുവരപ്പരിപ്പും നെയ്യും ചേർത്ത വിഭവം വിളമ്പിയിട്ടേ സദ്യകൾ ആരംഭിക്കാറുള്ളൂ. വൈകുന്നേരം നാലുമണിക്ക് പരിപ്പുവടയും കൂട്ടിയുള്ള ചായയുടെ രുചി മലയാളിയെ വിടാതെ പിന്തുടരുന്ന ഭക്ഷ്യാനുഭവമാണ്. തുവരപ്പരിപ്പുപയോഗിച്ചുണ്ടാക്കുന്ന ദാൽ ഉത്തരേന്ത്യക്കാരുടെ പ്രിയഭക്ഷണമാണ്. ഇത്തരത്തിൽ ലോകമാകമാനം ഉപയോഗിച്ചുവരുന്ന തുവരപ്പരിപ്പിനും തുവര എന്ന ചെറുസസ്യത്തിനും പ്രൗഢമായ ഒരു ചരിത്രം തന്നെയുണ്ട്. ഏകദേശം 3000 വർഷങ്ങൾക്കുമുമ്പുതന്നെ ഈജിപ്തിൽ തുവര കൃഷി ചെയ്തിരുന്നുവെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ ഉൽഭവം ഏഷ്യയിലാണ്. പിന്നീട് ആഫ്രിക്ക, അമേരിക്ക തുടങ്ങിയ വൻകരകളിൽ ഇവ വ്യാപകമായി കൃഷിചെയ്യാൻ തുടങ്ങി. ഉഷ്ണമേഖലാ പ്രദേശത്താണ് തുവര കൂടുതലായും കൃഷിചെയ്യുന്നത്. എന്നാൽ ചില മിത-ശീതോഷ്ണ മേഖലയിലും ഇവ കണ്ടുവരാറുണ്ട്.
കുറ്റിച്ചെടി വിഭാഗത്തിൽപ്പെടുന്ന തുവര ഏകദേശം നാലു മുതൽ അഞ്ച് മീറ്റർ വരെ ഉയരം വെക്കും. ശാഖോപശാഖകളോടുകൂടിയ ഈ സസ്യത്തിന്റെ കാണ്ഡം ഉറപ്പുള്ളതായിരിക്കും. സാധാരണയായി ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ആഴത്തിൽ വളരുന്ന വേരുകളാണ് ഇവക്കുള്ളത്. ചുവപ്പുകലർന്ന പച്ച നിറത്തിലുള്ള ഇലകൾക്ക് ഏകദേശം അഞ്ചു മുതൽ പത്തു സെന്റീമീറ്റർ വരെ നീളമുണ്ടാവും. രൂപത്തിൽ എതാണ്ട് പയറിന്റെ പൂവുപോലെ തോന്നിക്കുന്ന തുവരപ്പൂവിന് നാല് ഇതളുകളാണുള്ളത്. മഞ്ഞനിറത്തിലുള്ള പൂവിന്റെ മധ്യത്തിൽ ചുവപ്പുനിറം കലർന്നിരിക്കും. തുവരയുടെ ഒരു പൂങ്കുലയിൽ അഞ്ചു മുതൽ പത്തു വരെ പൂക്കൾ ഉണ്ടാവാറുണ്ട്. പയറിനെപ്പോലെ നീണ്ട ഫലങ്ങളാണ് തുവരയുടേതും. ഇവക്കുള്ളിലാണ് വിത്ത് സ്ഥിതിചെയ്യുന്നത്. ഇതാണ് തുവരപ്പരിപ്പ്. ഒരു ഫലത്തിൽ നിന്ന് രണ്ടു മുതൽ ഒൻപത് വിത്തുകൾ വരെ ലഭിക്കാറുണ്ട്. വിത്ത് വഴിയാണ് തുവരയിൽ പുനരുൽപാദനം നടക്കുന്നത്. ഉറപ്പും ഗുണമേന്മയുമുള്ള വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
തുവരക്കുഷിക്ക് നല്ല സൂര്യപ്രകാശവും ജലസേചനവും ആവശ്യമാണ്. ഫലപുഷ്ടിയുള്ള മണ്ണാണ് കൃഷിക്ക് കൂടുതൽ അനുയോജ്യം. കറുത്ത മണ്ണിലും ഇവ ക്യഷിചെയ്യാറുണ്ട്. നട്ട് അഞ്ചോ ആറോ മാസങ്ങൾ കഴിയുമ്പോഴേക്കും ഈ ചെടി വിളവെടുക്കാൻ പാകമാവുന്നു. തുവര വിളവടുക്കുന്നത് കൈകൊണ്ടാണെങ്കിലും വിത്ത് വേർപ്പെടുത്തലും വ്യത്തിയാക്കലും യന്ത്രമുപയോഗിച്ചാണ്.
പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന തുവരപ്പരിപ്പ് ഒരു ഔഷധമായും ഉപയോഗിക്കാറുണ്ട്. ഇതിന്റെ തളിരിലകളിൽ നിന്നെടുക്കുന്ന നീർ മൂത്രക്കല്ല്, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നു. ഇതിന്റെ ഇലകൾ പല്ലുവേദന, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾക്കും വിത്തുകൾ കരൾ, വൃക്ക തുടങ്ങിയവയുടെ അസുഖങ്ങൾക്കും നല്ലതാണ്. തുവരപരിപ്പിന്റെ തണ്ടുകൾ ചില രാജ്യങ്ങളിൽ ഇന്ധനമായും ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലയും വിത്തിന്റെ തോടും ഒരു നല്ല കന്നുകാലിത്തീറ്റയുമാണ്.
ലോകത്ത് ഇന്നുൽപാദിപ്പിക്കുന്നതിന്റെ 82 ശതമാനത്തോളം തുവരപ്പരിപ്പും ഇന്ത്യയിൽ നിന്നാണ് ലഭിക്കുന്നത്. കൃഷിക്കുണ്ടാവുന്ന വർദ്ധിച്ച ചെലവും ആവശ്യത്തിന്റെ ആധിക്യവും തുവരപ്പരിപ്പിന്റെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തിൽ മനുഷ്യന്റെ അത്യാവശ്യഘടകങ്ങളിലൊന്നാണ് തുവര എന്നുപറയാം.
ഇംഗ്ലീഷ് നാമം : സേക്രഡ് ബാസിൽ
ഹിന്ദിനാമം : തുളസി
സംസ്കൃതനാമം : വിഷ്ണുപ്രിയ
ശാസ്ത്രീയനാമം : Ocimum sanctum
കുടുംബം : Lamiaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, പാക്കിസ്താൻ
ആർഷഭാരതസംസ്കാരത്തിന്റെ പവിത്രമായ പ്രതീകമാണ് തുളസി. പരിശുദ്ധിയെ സൂചിപ്പിക്കാൻ തുളസിക്കതിരിനൊപ്പമെത്തുന്ന മറ്റൊരു വാക്കില്ല. തികച്ചും ഓഷധിയായ തുളസിയെ വിഷ്ണുഭഗവാന്റെ പ്രതിനിധിയായാണ് ഹിന്ദുക്കൾ കാണുന്നത്. ഹിന്ദുമതവിശ്വാസപ്രകാരം പുണ്യസസ്യമായ തുളസി ഭാഷാ വേഷഭേദമന്യേ വീടുകൾ തോറും നട്ടുപിടിപ്പിക്കാറുണ്ട്. തുളസിത്തറയെ വലംവെക്കുന്നത് ലോകത്തെ വലംവെക്കുന്നതിനു തുല്യമായി കണക്കാക്കാറുണ്ട്.
തുളസി ബാസിൽ എന്ന പേരിലും പ്രസിദ്ധമാണ്. ഗ്രീക്ക് നാമമായ ബാസിലിയസിൽ നിന്നാണ് ബാസിൽ എന്ന പേരു ലഭിച്ചത്. രാജകീയം, രാജാവ് എന്നീ അർത്ഥം വരുന്ന പദങ്ങളാണിവ.
150ൽ പരം വർഗ്ഗങ്ങളാണ് തുളസിക്കുള്ളത്. ഇവയുടെ ആകൃതിയും വലുപ്പവും രുചിയും ഏറെ വ്യത്യാസപ്പെട്ടിരിക്കും. രാമതുളസി, കൃഷ്ണതുളസി എന്നീ രണ്ടു തുളസികളാണ് ഇന്ത്യയിൽ പ്രസിദ്ധം. ഇവ ആരോഗ്യരംഗത്തും ഏറെ ഉപയോഗപ്രദമാണ്. വിവിധ രാജ്യങ്ങളിൽ തുളസിയെക്കുറിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. ഇന്ത്യയിൽ ക്ഷേത്രങ്ങളിലെ പ്രധാന പൂജാപുഷ്പമാണ് തുളസി. ശവസംസ്കാര കർമ്മങ്ങളിൽ തുളസിയിലകൾകൂടി ഉൾപ്പെടുത്തിയാൽ അയാൾക്ക് സ്വർഗ്ഗഭാഗ്യം ലഭിക്കുമത്രേ. അതേ സമയം ഇറ്റലിയിൽ തുളസി പ്രണയത്തിന്റെ പ്രതീകമായാണ് അറിയപ്പെടുന്നത്.
ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും ഈ ചെറുസസ്യം വ്യാപകമായി കാണപ്പെടുന്നു. ഏതു കാലാവസ്ഥയേയും ഒരുപോലെ അതിജീവിക്കാനുള്ള കഴിവ് തുളസിക്കുണ്ട്. ശാഖോപശാഖകളായാണ് തുളസി വളരുന്നത്. ഇലകൾ ചെറുതും മിനുസമേറിയതും രോമാവൃതവുമാണ്. ശാഖകൾ കട്ടികുറഞ്ഞവയാണ്. ശാഖാഗ്രങ്ങളിൽ നിന്നാണ് പൂക്കൾ ഉണ്ടാവുന്നത്. ഇലകളും പൂക്കളും ഏറെ സുഗന്ധവാഹികളാണ്. ഈ പൂക്കൾക്കുള്ളിലായി ഫലം രൂപപ്പെടുന്നു. ഇതിൽ ധാരാളം വിത്തുകളും അടങ്ങിയിരിക്കും. ഈ വിത്തുകൾ വഴിയാണ് പുനരുത്പാദനം നടക്കുന്നത്. പൂക്കൾ പറിച്ചു കളയുന്നതിനനുസരിച്ച് ഇവക്ക് കൂടുതൽ ശാഖകൾ ഉണ്ടാവുന്നു. ഔഷധങ്ങളിൽ പ്രധാനിയായ തുളസിയുടെ ഇല, പൂവ്, തണ്ട് എന്നിവയാണ് ഗുണപ്രദം. ഇലയിൽ സുഗന്ധമുള്ള ഒരുതരം എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് ബാസിൽ കാംഫർ എന്നറിയപ്പെടുന്നു. ഇത് ജലദോഷം, ശ്വാസനാളവീക്കം, ജ്വരം, വിരശല്യം എന്നിവക്കെല്ലാം ഉത്തമമാണ്. ഇലച്ചാർ കഴിക്കുന്നത് പനിയകറ്റാനും ശരീരത്തിലെ വിഷാംശം ഒഴിവാക്കാനും സഹായിക്കുന്നു. വയറുവേദന അകറ്റാനും രക്തചംക്രമണം വർധിപ്പിക്കാനും തുളസി ഏറെ നല്ലതാണ്. കൂടാതെ നല്ലൊരു നിരോക്സീകാരി കൂടിയാണിത്. ശരീരത്തിൽ ഉണ്ടാവുന്ന മുറിവുണക്കാൻ തുളസിയേക്കാൾ ഗുണപ്രദമായി മറ്റൊന്നില്ല. കഫത്തിന് പ്രതിവിധിയായും മൂത്രതടസ്സം മാറ്റാനും തുളസിയില, ചുക്ക് എന്നിവ ചേർത്ത കാപ്പി നൽകാറുണ്ട്. ആയുർവ്വേദത്തിലെ രസായന നിര്‍മാണത്തിൽ പ്രധാനിയാണ് തുളസി. ഇവയിൽ വിറ്റാമിൻ സി, കരോട്ടിൻ, കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. തുളസി വീടിന്റെ പരിസരങ്ങളിലും മറ്റും നട്ടുപിടിപ്പിക്കുന്നത് വായു ശുദ്ധീകരിക്കുന്നതിനും ഏറെ നല്ലതാണ്. ഇങ്ങനെ ഒട്ടേറെ ഗുണങ്ങളാൽ സമൃദ്ധമാണ് തുളസിയെന്ന ചെറുസസ്യം.
ഇംഗ്ലീഷ് നാമം : ഫ്ളെം ഫ്ളവർ
ഹിന്ദിനാമം : രജന, രുഗ്മിണി
സംസ്കൃതനാമം : ചെട്ടി
ശാസ്ത്രീയനാമം : Ixora coccinea
കുടുംബം : Rubiaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ശ്രീലങ്ക
മലയാളികൾ ഭക്തിയുടേയും പരിശുദ്ധിയുടേയും പ്രതീകമായി കണക്കാക്കുന്ന സസ്യമാണ് തെച്ചി. പൂജാദികർമ്മങ്ങളിൽ തുളസിക്കൊപ്പം പ്രാധാന്യം നൽകുന്ന ഒരു ഉദ്യാനസസ്യമാണിത്. അമ്പലങ്ങളിലും മറ്റ് മംഗള മുഹൂർത്തങ്ങളിലും പുഷ്പാർച്ചന നടത്താൻ തെച്ചിയുടെ പൂവാണല്ലോ സാധാരണ ഉപയോഗിക്കാറുള്ളത്.
കുറ്റിച്ചെടി വർഗ്ഗത്തിൽപ്പെട്ട പുഷ്പിക്കുന്ന സസ്യമാണ് തെച്ചി. ഇലകളുടെ വലുപ്പത്തിലും സസ്യത്തിന്റെ ഉയരത്തിലും പൂക്കളുടെ നിറത്തിലും വ്യത്യാസപ്പെട്ടിരിക്കുന്ന നാനൂറോളം വ്യത്യസ്ത ഇനങ്ങൾ തെച്ചിയിലുണ്ട്. ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തെച്ചിയുടെ ജന്മദേശങ്ങൾ. സുരിനാം റിപ്പബ്ലിക്കിന്റെ ദേശീയപുഷ്പം കൂടിയാണ് തെച്ചി. ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിലും ശ്രീലങ്കയിലും ഇവ കൂടുതലായി കണ്ടുവരുന്നു. ഉഷ്ണമേഖല സസ്യമായ തെച്ചി ഫ്ളോറിഡയിലെ ഉപോഷ്ണമേഖലയിലും കണ്ടുവരുന്നുണ്ട്. ഒരു മീറ്ററോളം ഉയരം വെക്കുന്ന തെച്ചിയുടെ കാണ്ഡത്തിന് ഇരുണ്ട തവിട്ടുനിറമാണ്. ശാഖകൾ ശാഖോപശാഖകളായി കാണപ്പെടുന്നു. ഉറപ്പേറിയ കാണ്ഡമാണിവക്ക്. കടും പച്ചനിറത്തിലുള്ള മിനുസമേറിയ ഇലകൾ ചെടിയ്ക്ക് സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. സസ്യത്തിന്റെ വലുപ്പമനുസരിച്ച് ഇലയുടെ വലുപ്പത്തിലും വ്യത്യാസം പ്രകടമാണ്. എങ്കിലും എല്ലാ ഇലകൾക്കും ദീർഘവൃത്താകൃതിയായിരിക്കും.
മഴക്കാലമാണിവയുടെ പൂക്കാലമെങ്കിലും വർഷം മുഴുവൻ പുഷ്പിക്കുന്ന ഇനങ്ങളുമുണ്ട്. ശാഖാഗ്രങ്ങളിൽ പൂക്കൾ കൂട്ടമായി കാണപ്പെടുന്നു. നേരത്തെ മൃദുവായ ഞെട്ടിന് മുകളിലാണ് നാല് ചെറുദളങ്ങൾ ചേർന്ന പൂവ് രൂപപ്പെടുക. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, റോസ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ തെച്ചിപ്പൂക്കൾ കാണപ്പെടുന്നു. ആകർഷകമായ ഈ പൂക്കൾ ശലഭങ്ങളെ ആകർഷിക്കുന്നവയാണ്. ദ്വിലിംഗപുഷ്പിയായ തെച്ചിക്ക് ഉരുണ്ട ആകൃതിയിലുള്ള ചെറിയ ഫലമാണുള്ളത്. കടും പച്ചനിറത്തിലുള്ള ഫലങ്ങൾ പഴുക്കുന്നതോടെ ചുവപ്പ് നിറമാവുന്നു. ഇവയ്ക്ക് ചവർപ്പ് രസമായിരിക്കും. ഫലത്തിനുളളിൽ വിത്തുകൾ കാണപ്പെടുന്നു. സാധാരണയായി ഒരു ഫലത്തിനുള്ളിൽ രണ്ടു വിത്തുകളാണ് ഉണ്ടാവുക. വിത്തുകൾ ഉണ്ടെങ്കിലും സാധാരണയായി കൊമ്പു മുറിച്ചു നട്ടാണ് പുനരുൽപാദനം നടത്തുന്നത്.
ചെറിയതോതിൽ ലവണാംശങ്ങളെ അതിജീവിക്കുന്ന തെച്ചി പൂർണ്ണ സൂര്യപ്രകാശത്തിൽ നന്നായി വളരുന്നു. പോഷകസമ്പുഷ്ടമായതും ബാഷ്പശീലമുള്ളതുമായ മണ്ണിൽ വളരുന്ന ഈ സസ്യത്തിന് അമ്ലത്വമുള്ള മണ്ണും യോജിക്കും. ഇടത്തരം രീതിയിൽ വരൾച്ചയെ അതിജീവിക്കുന്നവയാണ് ഇവ. പൊതുവെ രണ്ടു തരത്തിലാണ് തെച്ചി കാണപ്പെടുന്നത്. നീളമുള്ളവയും നീളമില്ലാത്തവയുമാണവ. നീളമില്ലാത്ത ഇനങ്ങള്‍ സാധാരണയായി ഉദ്യാനങ്ങളിൽ ചെടിച്ചട്ടിയിൽ വളർത്താറുണ്ട്. പൂക്കളുടെ വലിപ്പംകൊണ്ടും വര്‍ണ്ണവൈവിധ്യംകൊണ്ടും ചെടിയുടെ ഉയരംകൊണ്ടും ആകർഷണീയമായ തെച്ചിയുടെ ഈ സവിശേഷത തന്നെയാണ് അവയെ ഉദ്യാനസസ്യമാക്കി മാറ്റിയതും. അലങ്കാരപഷ്പമെന്നതിലുപരി നല്ലൊരു ഔഷധസസ്യം കൂടിയാണിത്.
ഇംഗ്ലീഷ്നാമം : മെക്സിക്കൻ ഡെയ്സി
ഹിന്ദി നാമം : കുമ്റ
സംസ്കൃതനാമം : ജയന്തി
ശാസ്ത്രീയനാമം : Tridax procumbens
കുടുംബം : Asteraceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, മധ്യ അമേരിക്ക, മെക്സിക്കോ, വെനിസ്വല, കൊളംബിയ, പെറു
പേരു കേൾക്കുമ്പോൾ ഞെട്ടരുതേ... പേരിൽ ഉപദ്രവകാരിയാണെന്ന് തോന്നുമെങ്കിലും ഒട്ടേറെ ഔഷധമൂല്യമടങ്ങിയ ഒരു പാവം സസ്യമാണ് തേൾക്കുത്തി. ഉഷ്ണമേഖലാ-മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചെറുസസ്യമാണിത്. മധ്യ അമേരിക്കയാണ് തേൾക്കുത്തിയുടെ ജന്മദേശം. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് സാധാരണയായി ഈ സസ്യം കണ്ടുവരുന്നത്. ഏതു കാലാവസ്ഥയിലും തഴച്ചുവളരുന്ന തേൾക്കുത്തി ഉഷ്ണമേഖലാപ്രദേശമായ മധ്യ അമേരിക്കയിലും മിതോഷ്ണ മേഖലകളിലും കൂടുതലായി കണ്ടുവരുന്നു. ഇന്ത്യയിലും ഇത് വ്യാപകമായി വളരുന്നുണ്ട്. ഇന്ത്യയിൽ സമുദ്രനിരപ്പിൽനിന്നും 2400 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് തേൾക്കുത്തി കാണപ്പെടുന്നത്. ഹവായിൽ ഉയർന്ന പ്രദേശങ്ങളിലെ വരണ്ട മണ്ണിലും ഫിജിയിൽ സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പുൽമേടുകളിലും മലഞ്ചരിവുകളിലും വഴിയോരങ്ങളിലും ഇവ ധാരാളമായി കണ്ടുവരുന്നു. ഏകവർഷിയായും ബഹുവർഷിയായും വളരുന്ന തേൾക്കുത്തിക്ക് തായ്വേര് പടലമാണുള്ളത്(taproot system). ഏകദേശം 30 മുതൽ 50 സെന്റീമീറ്റർ വരെ നീളമുള്ള കാണ്ഡമാണിവക്ക്. ശിഖരങ്ങൾ കുറഞ്ഞ ഇതിന്റെ കാണ്ഡം രോമാവൃതമായിരിക്കും. തണ്ടുകൾക്ക് സമ്മുഖമായി ഇലകൾ വിന്യസിച്ചിരിക്കുന്നു. ശൂലത്തിന്റെ ആകൃതിയിലുള്ള ഇലക്ക് ഏകദേശം മൂന്ന് മുതൽ ഏഴ് സെന്റീമീറ്റർ വരെ നീളവും ഒന്നു മുതൽ നാല് സെന്റിമീറ്റർ വരെ വീതിയുമുണ്ടാവും. ക്രമരഹിതമായ നേർത്ത വരകൾ കാണപ്പെടുന്ന ഇലയുടെ ഇരുവശവും രോമാവൃതമാണ്.
ഏകദേശം 10മുതൽ 25 സെന്റീമീറ്റർ വരെ നീളമുള്ള പൂങ്കുലകളിലാണ് തേൾക്കുത്തിയ്ക്ക് പൂക്കളുണ്ടാവുന്നത്. പൂക്കൾക്ക് അരിമണിപോലെയുള്ള ചെറിയ ഇതളുകളായിരിക്കും. പൂഞെട്ടിനോട് അടുത്തുനിൽക്കുന്ന പൂക്കൾ മഞ്ഞകലർന്ന കാപ്പിനിറത്തിലും ഏറ്റവും മുകളിലുള്ള പൂക്കൾ ഇളം മഞ്ഞനിറത്തിലും കാണപ്പെടുന്നു. വർഷംതോറും പുഷ്പിക്കുന്ന തേൾക്കുത്തിയുടെ പൂഞെട്ടും രോമാവ്യതമായിരിക്കും. പൂക്കൾ വളർച്ച പ്രാപിക്കുന്നതിനനുസരിച്ച് ഇതളുകൾ മിനുസമേറിയ നൂലുപോലെ കാണപ്പെടുന്നു. ചാരനിറത്തിലുള്ള ഫലങ്ങളാണിതിനുണ്ടാവുക. ദീർഘവൃത്താകൃതിയിൽ കാണപ്പെടുന്ന കായ്കളും രോമാവൃതമായിരിക്കും. ഈ രോമങ്ങളാണ് ഇവക്ക് ചാര നിറം പ്രദാനംചെയ്യുന്നത്. വിത്തുകൾ മുഖേനയാണ് തേള്‍ക്കുത്തിയില്‍ പ്രത്യുൽപാദനം നടക്കുന്നത്.
ഇവക്ക് ധാരാളം വിഭാഗങ്ങളും ഉപവിഭാഗങ്ങളും കാണപ്പെടുന്നുണ്ട്. പ്രധാനമായും ആകൃതി, വലിപ്പം, പൂക്കൾ, നിറം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ തരംതിരിച്ചിരിക്കുന്നത്. ഇവയിൽ ഹെപ്ലോപാപ്പസ് ടെമിസ്ക്കറ്റ്സ് (Heplopappus temisectus), ഹെപ്ലോപാപ്പസ് വെനിറ്റസ് (Heplopappus venetus), ഫര്‍ഫറേഷ്യസ് (Furfuraceus) എന്നീ വര്‍ഗ്ഗങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. ഒരു പൂങ്കുലയില്‍ മൂന്നു തലങ്ങളായി രോമാവൃതമായി കാണപെടുന്ന മഞ്ഞനിറത്തോടുകൂടിയ പൂക്കളും സമ്മുഖമായി വിന്യസിച്ചിരിക്കുന്ന ഇലകളും ഏതു കാലാവസ്ഥയിലും വളരാനുള്ള കഴിവും തേള്‍ക്കുത്തിയെന്ന ചെറുസസ്യത്തെ ശ്രദ്ധേയമാക്കുന്നു. കാഴ്ചയില്‍ ചെറുതെങ്കിലും ഔഷധഗുണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന തേള്‍ക്കുത്തി ആയുര്‍വേദം നാട്ടുവൈദ്യം, സിദ്ധവൈദ്യം തുടങ്ങിയവയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്.
ഇംഗ്ലീഷ്നാമം : സെൻസിറ്റിവ് പ്ലാന്റ്, ടച്ച്മി നോട്ട്
ഹിന്ദി നാമം : ലജ്വന്തി, ലാജ്ജാലു
സംസ്കൃതനാമം : ലജ്ജ
ശാസ്ത്രീയനാമം : Mimosa pudica
കുടുംബം : Mimosaceae
കാണപ്പെടുന്ന പ്രദേശങ്ങൾ: ബ്രസീൽ, അമേരിക്ക, ഇന്ത്യ
തൊട്ടാൽ വാടുന്ന തൊട്ടാവാടിക്ക് പ്രത്യേകിച്ച് ഒരാമുഖത്തിന്റെ ആവശ്യമില്ല. എളുപ്പത്തിൽ കരയുകയോ സങ്കടപ്പെടുകയോ ചെയ്യുന്നവരെ വിശേഷിപ്പിക്കാൻ തൊട്ടാവാടി എന്നതിനേക്കാൾ യോജിച്ച മറ്റൊരു പ്രയോഗം എതാണ്. സ്പർശനത്തോട് വളരെ വേഗത്തിൽ പ്രതികരിക്കുന്ന സസ്യമാണ് തൊട്ടാവാടി. കൗതുകമുണർത്തുന്ന അതിന്റെ സ്വഭാവംതന്നെയാണ് അവയുടെ പേരിനു പിന്നിലും. സീസ്മോ നാസ്റ്റിക് ചലനമാണ് തൊട്ടാവാടിയുടെ ഈ നാണപ്രകടനത്തിനു പിന്നിൽ. വാടിയതിനുശേഷം ഏതാനും മിനുട്ടുകൾക്കകം ഇവയുടെ ഇലകൾ പൂർവ്വ സ്ഥിതിയിലാവുകയും ചെയ്യും. ഉഷ്ണമേഖലാ-മിതോഷ്ണമേഖലാ സസ്യമായ തൊട്ടാവാടിയുടെ ജന്മദേശം ബ്രസീലാണ്. ഇവയുടെ വർഗ്ഗത്തിൽപ്പെട്ട ഏകദേശം നാനൂറോളം സസ്യങ്ങളെ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലും ഇവയെ വ്യാപകമായി കാണാം.
തൊട്ടാവാടിച്ചെടികൾ ബഹുവർഷികളായ ചെറുസസ്യമാണ്. നിലത്തുനിന്നും ഉയരാതെ മണ്ണിൽ പടർന്നു വളരുന്നു. നേരിയ ശിഖരങ്ങളോടുകൂടിയ കാണ്ഡമാണ് ഇവക്കുള്ളത്. ഏകദേശം ഒന്നര മീറ്റർ നീളത്തിൽ വളരുന്ന ഇവയുടെ തണ്ട് ചുവപ്പുകലർന്ന തവിട്ടുനിറത്തിൽ കാണപ്പെടുന്നു. ഉറപ്പേറിയ കാണ്ഡത്തിൽ നിറയെ മുള്ളുകളുണ്ട്. എന്നാൽ ഇതിന്റെ ഇളം സസ്യത്തിന്റെ കാണ്ഡം മൃദുവായിരിക്കും. മൂപ്പെത്തുമ്പോഴാണ് മുള്ളുകൾ രൂപപ്പെടുന്നത്. ചിലയിനം തൊട്ടാവാടിച്ചെടികൾക്ക് മുള്ളുകളുണ്ടാവാറില്ല.
ഇലകൾ കടും പച്ചനിറത്തിൽ തണ്ടിന് സമ്മുഖമായി കാണപ്പെടുന്നു. വളറെ ചെറിയ അരിമണിയോളം വലുപ്പമുള്ള ഇലകളാണിവക്ക്. ഇലയുടെ അടിവശത്തിന് നീലകലർന്ന പച്ചനിറമാണ്. പ്രധാന ഇലത്തണ്ടിൽ നിന്നും വീണ്ടും ചെറിയ ഇലത്തണ്ടുകളായി തിരിഞ്ഞ് അവയിൽ ഇലകൾ ക്രമമായി വിപരീതദിശയിൽ വിന്യസിച്ചിരിക്കുന്നു. ഈ ഇലത്തണ്ടുകളിലും നിറയെ മുള്ളുകളുണ്ട്. സ്പർശിക്കുമ്പോൾ മാത്രമല്ല സൂര്യാസ്തമയത്തിലും തൊട്ടാവാടിയുടെ ഇലകൾ കൂമ്പിപ്പോവുന്നു. പിന്നീട് സൂര്യോദയസമയത്ത് ഇലകൾ ഉന്മേഷത്തോടെ വിടരും. ഇലകളുടെ ഈ ചലനം നിക്ടിനാസ്റ്റിക് ചലനമെന്നറിയപ്പെടുന്നു. വേനൽക്കാലമാണിവയുടെ പൂക്കാലം. തൊട്ടാവാടിക്ക് പത്രകക്ഷത്തുനിന്നുമാണ് പൂക്കളുണ്ടാവുന്നത്. ചെറിയ ഗോളാക്യതിയിലുള്ള പൂക്കള്‍ റോസ് നിറത്തിലോ നീലലോഹിതവർണത്തിലോ ആയിരിക്കും. നേരിയ നാരുകൾ പോലുള്ള ഇതളുകളാണ് പൂവുകള്‍ക്ക്. മ്യദുലമായ ഇതളുകൾക്ക് മുകളിലായി പൂമ്പൊടി കാണപ്പെടുന്നു. ഇളംപച്ച നിറത്തിലുള്ള ഞെട്ടുകളിലാണിവ സ്ഥിതിചെയ്യുന്നത്.
വളരെ ചെറിയ ഗോളാകൃതിയിലുള്ള വിത്തുകളാണ് തൊട്ടാവാടിക്ക്. വിത്തിലുടെ ചെടിയില്‍ പുനരുത്പാദനം സാധ്യമാവുന്നു. മണ്ണില്‍ നൈട്രജന്‍ സ്ഥിരീകരണശേഷിയുള്ളതിനാൽ ഏതു തരം മണ്ണിലും നന്നായി വളരുന്നവയാണിവ. വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതിനാല്‍ പലപ്പോഴും ഇവ കളസസ്യമായി കര്‍ഷകര്‍ക്ക് ശല്യമാവാറുണ്ട്. മിതമായ സൂര്യപ്രകാശമാണ് തൊട്ടാവാടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യം. ഈര്‍പ്പമുള്ള ഇടങ്ങളില്‍ വളരാനാണ് ഏറെയിഷ്ടം. സ്വഭാവത്തില്‍ ഒട്ടേറെ സവിശേഷതകളുള്ള ഈ സസ്യത്തിന് ധാരാളം ഔഷധഗുണങ്ങളുമുണ്ട്. ആയുര്‍വേദം, നാട്ടുവൈദ്യം, യുനാനി, സിദ്ധവൈദ്യം തുടങ്ങിയ ചികിത്സാസമ്പ്രദായങ്ങളില്‍ തൊട്ടാവാടി ഒരു മുഖ്യഘടകമാണ്.
ഇംഗ്ലീഷ്നാമം : മൂൺബീർ
ഹിന്ദി നാമം : ടാഗര്‍
സംസ്കൃതനാമം : നന്ദിവ്യക്ഷ
ശാസ്ത്രീയനാമം : Tabernaemontana dichotoma
കുടുംബം : Apocynaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ഫ്ളോറിഡ
ക്ഷേതപരിസരങ്ങളിലും വീട്ടുമുറ്റത്തെ ചെറുപൂന്തോട്ടങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നന്ത്യാർവട്ടം. വർണ്ണശബളിമ ഇല്ലെങ്കിലും ശുഭ്രനിറത്തിൽ കാണപ്പെടുന്ന ഇതിന്റെ കുഞ്ഞുപൂവിന് തനതായ ചാരുതയുണ്ട്. അലങ്കാരപുഷ്പമെന്നനിലയിലും പൂജാപുഷ്പമെന്നനിലയിലും നന്ത്യാർവട്ടത്തിന് പ്രഥമസ്ഥാനമുണ്ട്. ഇന്ത്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ജന്മസ്ഥലമായി അറിയപ്പെടുന്നത്. ഇന്ത്യ, ഫ്ളോറിഡ എന്നിവിടങ്ങളിൽ നന്ത്യാർവട്ടം കൂടുതലായി കണ്ടുവരുന്നു.
ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് നന്ത്യാർവട്ടം. ഇവയുടെ കാണ്ഡം ബലമേറിയും ശാഖോപശാഖകളായും കാണപ്പെടുന്നു. ഇരുണ്ട ചാരനിറത്തിൽ കാണപ്പെടുന്ന കാണ്ഡം പൊട്ടിച്ചാൽ വെളുത്ത പാൽ പോലെയുള്ള കറ ലഭിക്കുന്നു. ശാഖകൾക്ക് സമ്മുഖമായാണ് നന്ത്യാർവട്ടത്തിന്റെ ഇലകൾ വിന്യസിച്ചിരിക്കുന്നത്. കടും പച്ചനിറത്തിൽ തിളങ്ങുന്ന ഇലകൾ മിനുസമേറിയവയാണ്. ദീർഘവ്യത്താകൃതിയിലുള്ള ഇടത്തരം ഇലകളാണ് നന്ത്യാർവട്ടത്തിന്റേത്. ഈ ഇലകൾ പൊട്ടിച്ചാലും കാണ്ഡത്തിലേതുപോലെ വെള്ളക്കറ ലഭിക്കാറുണ്ട്. ശാഖാഗ്രങ്ങളിലാണ് നന്ത്യാർവട്ടത്തിന്റെ പൂക്കൾ കാണപ്പെടുന്നത്. കൂട്ടമായി കാണപ്പെടുന്ന വെളുത്ത നിറത്തിലുള്ള പൂക്കൾക്ക് അഞ്ചോ ആറോ ഇതളുകൾ ഉണ്ടാവും. ഇവയിൽ ചില വര്‍ഗ്ഗത്തിന് സാമാന്യം വലുപ്പമേറിയതും ധാരാളം ഇതളുകളുമുള്ള പൂക്കളാണുണ്ടാവുന്നത്. ഇലയുടെ വലുപ്പത്തിലും നേരിയ വ്യത്യാസം കാണാൻ കഴിയും. രണ്ട് ദിവസമെങ്കിലും വാടാതെ നിൽക്കാനുള്ള കഴിവും നന്ത്യാർവട്ടപ്പൂക്കൾക്കുണ്ട്.
നല്ല സൂര്യപകാശം ലഭ്യമാണെങ്കിൽ ഏതുതരം മണ്ണിലും വളരുന്ന ഒരു കുറ്റിച്ചെടിയാണ് നന്ത്യാർവട്ടം. ചൂടുകാലങ്ങളിൽ നന്നായി വളരുന്നതിനായി ജലസേചനം അവശ്യഘടകമാണ്. എല്ലാ കാലങ്ങളിലും പൂവിടാറുണ്ടെങ്കിലും വസന്തകാലത്താണ് പൂക്കളുണ്ടാവാൻ കൂടുതൽ അനുയോജ്യം. രാതിയിൽ വിരിയുന്ന പൂക്കൾ സുഗന്ധവാഹികളാണ്. എന്നാൽ ഈ സുഗന്ധം രാത്രി മാത്രമേ നിലനിൽക്കുകയുള്ളു എന്ന പ്രത്യേകതയും നന്ത്യാർവട്ടത്തിനുണ്ട്. ഇവയുടെ വാസനദ്രവ്യം സൂര്യപ്രകാശമേൽക്കുമ്പോൾ ആവിയായി പോവുന്നതുകൊണ്ടാണത്രേ പകൽ സമയങ്ങളിൽ സുഗന്ധം നഷ്ടപ്പെടുന്നത്.
ഫ്ലോറിഡയിലെ പ്രശസ്തമായ ല്യൂ ഗാർഡനിലെ (Lew garden) പ്രധാന ആകർഷണം നന്ത്യാർവട്ടപ്പൂക്കളത്രേ. ഇവിടെ പൂന്തോട്ടങ്ങളിൽ വേലിയായിട്ടാണ് ഇവ ഉപയോഗിച്ചത്. നന്ത്യാർവട്ടച്ചെടിയുടെ ഇലകൾ പല രൂപത്തിലും വെട്ടിയെടുത്ത് പൂന്തോട്ടം മനോഹരമാക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജാദ്രവ്യത്തിൽ നന്ത്യാര്‍വട്ടം വിശേഷപ്പെട്ടതാണ്. അക്കാരണത്താൽ തന്നെ ക്ഷേത്രപരിസരത്ത് ഇവ കൂടുതലായി കണ്ടുവരുന്നുണ്ട്. നിറംകൊണ്ടും ആകൃതികൊണ്ടും മുല്ലയോട് സാമ്യമുള്ളതിനാലാവാം ഇംഗ്ലീഷുകാർ ഈ പൂവിനെ (Crape Jasmine) എന്നുവിളിക്കുന്നത്. ആകർഷകമായ നന്ത്യാർവട്ടത്തിന് ഏറെ ഔഷധഗുണങ്ങളുമുണ്ട്. നേത്രസംബന്ധമായ രോഗങ്ങൾക്ക് ഇവയുടെ കറ ഗുണപ്രദമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഉദ്യാനങ്ങളില്‍ അലങ്കാരസസ്യമായും ഇവ വളര്‍ത്താറുണ്ട്.
ഇംഗ്ലീഷ് നാമം : ഇൻഡിഗോ
ഹിന്ദി നാമം : ഗൌലി
സംസ്കൃതനാമം : അകിക
മറ്റു പേരുകൾ : അമരി, മധു പർണിക
ശാസ്ത്രീയനാമം : Indigofera tinctoria
കുടുംബം : Fabaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഏഷ്യ, ആഫ്രിക്ക
ലോകംമുഴുവനും നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ കൃഷിചെയ്തുതുടങ്ങിയിരുന്നുവെന്ന് അവകാശ വാദമുന്നയിക്കാൻ ഒരുപക്ഷേ നീല അമരിക്കു മാത്രമേ സാധിക്കൂ. എന്നാൽ ഇവയുടെ ഈ ബഹുമതി ജന്മസ്ഥലമേതെന്ന് തിരിച്ചറിയുന്നതിൽ തിരിച്ചടിയായിത്തീർന്നുവെന്നു മാതം. ഇന്നിവ ഏഷ്യയിലെയും ആഫ്രിക്കയിലേയും ഉഷ്ണമേഖലാ പ്രദേശത്താണ് കണ്ടുവരുന്നത്. വളരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ചെറുസസ്യമായും കുറ്റിച്ചെടിയായും കാണപ്പെടുന്നവയാണിവ. ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ കാണുന്ന നീല അമരിയുടെ കാണ്ഡം ഉറപ്പേറിയതാണ്. ചില സാഹചര്യങ്ങളിൽ ഇവ അഞ്ചു മുതൽ ആറു മീറ്റർ വരെ ഉയരത്തിൽ വളരുന്നതായും കാണാറുണ്ട്. ശിഖരങ്ങളോടുകൂടിയ കാണ്ഡം തവിട്ടുനിറത്തിൽ കാണപ്പെടുന്നു.
ഇലപൊഴിയും സസ്യങ്ങളായ നീല അമരിയുടെ ഇലകൾ കടും പച്ചനിറത്തിൽ ഇലത്തണ്ടിനിരുവശത്തുമായി വിന്യസിച്ചിരിക്കുന്നു. ഓരോ ഇലത്തണ്ടിലും ഏകദേശം 5 മുതൽ 35 ഇലകൾ വരെയുണ്ടാവും. ഉണങ്ങുന്നതിനനുസരിച്ച് ഈ ഇലകൾ ചാരനിറം കലർന്ന കറുപ്പുനിറമായി മാറുന്നു. വ്യത്താകൃതിയിലുള്ള ഈ ഇലകൾ സസ്യത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. പത്രകക്ഷത്തുനിന്നുമാണ് ഇവക്ക് പൂക്കളുണ്ടാവുന്നത്.
പിങ്കുനിറത്തിലോ വയലറ്റ് നിറത്തിലോ കുലകളായാണ് നീല അമരിയിൽ പൂക്കൾ കാണപ്പെടുന്നത്. ചെറിയപൂക്കൾ പ്രത്യേകമായ ആകൃതിയോടു കൂടിയതായിരിക്കും. നീളമുള്ള ഫലങ്ങൾ നീളത്തിൽ പിരിഞ്ഞ രീതിയിൽ കാണപ്പെടുന്നു. ചാരനിറം കലർന്ന ഇളം പച്ചനിറത്തിലുള്ള ഫലം പാകമാവുന്നതിനനുസരിച്ച് ഇരുണ്ട് തവിട്ടുനിറം കൈവരിക്കുന്നു. ഇതിനുള്ളിലായാണ് വിത്തുകൾ കാണപ്പെടുന്നത്. ഒരു ഫലത്തിനുള്ളിൽ ഏകദേശം പത്തു മുതൽ പന്ത്രണ്ടു വരെ വിത്തുകളുണ്ടാവും. ദീർഘവൃത്താകൃതിയിലുള്ള വിത്തുകൾ മുത്തുകൾ കോർത്തിട്ട പോലെയാണ് ഫലത്തിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നത്.
വിത്തിലൂടെയാണ് നീല അമരിയിൽ പ്രധാനമായും പുനരുൽപാദനം നടത്തുന്നത്. വളരുന്ന സ്ഥലങ്ങളിലെ കാലാവസ്ഥക്കനുസരിച്ച് ഇവ ഏകവർഷിയായും ദ്വിവർഷിയായും ബഹുവർഷിയായും കാണപ്പെടുന്നു.
പയറുവർഗ്ഗത്തിൽപ്പെട്ട ഈ സസ്യത്തിന് ധാരാളം ഉപയോഗങ്ങളുണ്ട്. പ്രകൃതിദത്തമായ ചായങ്ങളുണ്ടാക്കാൻ ഇവ ഉപയോഗിക്കുന്നു. നീലച്ചായങ്ങളുണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്നത് അമരിച്ചെടിയെയാണ്. വിപണിയിൽ ഇവക്ക് ആവശ്യക്കാരേറെയാണ്. നൈട്രജൻ, ഫോസ്ഫറിക് ആസിഡ്, പൊട്ടാസ്, ചുണ്ണാമ്പ് എന്നിവയാൽ സമ്പന്നമാണ് നീല അമരി. അതിനാൽത്തന്നെ മണ്ണിനെ വളക്കൂറുള്ളതാക്കാനും ഇവ വളർത്താറുണ്ട്. മാത്രമല്ല ടർണിഷ് മോത്ത എന്നറിയപ്പെടുന്ന ശലഭത്തിന്റെ ലാർവയുടെ ഇഷ്ടഭക്ഷണമായും ഇത് വർത്തിക്കുന്നു.
നീല അമരിയുടെ വേരുകളും ഇലകളും തണ്ടുകളുമെല്ലാം കയ്പേറിയവയാണ്. ഇവ നല്ലൊരു വിരേചനൌഷധവും ഉന്മേഷദായനിയുമാണ് ആസ്ത്മ, പുണ്ണ്, ത്വക്ക് രോഗങ്ങൾ എന്നിവക്കുള്ള ഔഷധമായി ഇവ ഉപയോഗിക്കാറുണ്ട്. ഇവയുടെ ഇലയിൽ നിന്നെടുക്കുന്ന സത്ത് പേപ്പട്ടിവിഷബാധക്കെതിരെ ഉയോഗിക്കാറുണ്ട്. മാത്രമല്ല ഇവ അപസ്മാരത്തിനും നാഡീസംബന്ധമായ രോഗങ്ങൾക്കുമുള്ള പ്രതിവിധികൂടിയാണ്. ഇതുമാത്രമല്ല മുടി വളരാനും നല്ല ഔഷധമാണ് നീല അമരി.
ഇംഗ്ലീഷ് നാമം : തൈം ലീഫ് സ്പർഗ്
ഹിന്ദി നാമം : ദുഡിയ
സംസ്കൃതനാമം : നാഗാർജ്ജുനി
ശാസ്ത്രീയനാമം : Euphorbia thymifolia
കുടുംബം : Euphorbiaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ചൈന,ഫുജിയ, തായ്വാൻ, ഇന്ത്യ
ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ചെറുസസ്യമാണ് നീലപ്പാല. ഇന്ത്യയിൽ കുന്നുകളിലും മലമുകളിലുമെല്ലാം ഇവ സർവ്വവ്യാപിയായി കണ്ടുവരുന്നു. തരിശുപ്രദേശങ്ങളിലും വഴിയോരങ്ങളിലും ഇവ ചെറിയ തോതിലെങ്കിലും തങ്ങളുടെ സാന്നിധ്യമറിയിക്കുന്നുണ്ട്. തായ്വാൻ, ചൈന, ഫുജിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നീലപ്പാല കൂടുതലായും കണ്ടുവരുന്നു. യൂഫോർബിയേസി കുടുംബത്തിൽപ്പെട്ട നീലപ്പാല തെം ലീഫ് സ്പർഗ് എന്ന ഇംഗ്ലീഷ് നാമത്തിലാണറിയപ്പെടുന്നത്.
ഏകദേശം 20 സെന്റീമീറ്ററോളം ഉയരത്തിൽ വളരുന്ന നീലപ്പാലയുടെ തണ്ടുകൾ കട്ടികുറഞ്ഞവയായതിനാൽ കാറ്റത്ത് ആടിയുലയുന്നു. കാണ്ഡത്തിന് ബലമില്ലാത്തിനാൽ ഇവ നിലത്ത് പടർന്നു വളരുന്നതായും കണ്ടുവരുന്നു. ഈ കാണ്ഡം പരുപരുത്തവയാണ്. തണ്ടുകളിൽ ഒന്നിടവിട്ട നിലയിൽ ഇലകൾ ക്രമീകരിച്ചിരിക്കുന്നു. കടും പച്ചനിറത്തിലുള്ള ഇലകൾക്കുള്ളിലായി വയലറ്റുനിറത്തിലുള്ള പുള്ളികളും കാണാൻ കഴിയും.
ഇലയുടെ അതേ ആകൃതിതന്നെയാണ് ഈ പുള്ളികൾക്കും ഉള്ളത്. ഇലയിൽ കൂടുതൽ ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ഇവ എളുപ്പം പൊട്ടിക്കാൻ കഴിയും. തിളക്കമാർന്ന ഈ ഇലകൾ വലിയ ഞെട്ടുകളിലാണ് വളരുന്നത്. ഇലകൾക്ക് നേർത്ത അനുപത്രവും കാണാറുണ്ട്.
ശാഖാഗ്രങ്ങളിലാണ് നീലപ്പാലക്ക് പൂക്കളുണ്ടാവുന്നത്. ജൂൺ -നവംബർ മാസമാണ് ഇവയുടെ പൂക്കാലം. പൂക്കൾ ഒറ്റയ്ക്കും കുലകളായും കണ്ടുവരുന്നു. ഒന്നോ രണ്ടോ മില്ലിമീറ്റർ വലിപ്പമേ പൂക്കൾക്കുണ്ടാവൂ. വെളുത്ത നിറത്തിലുള്ള പൂക്കൾക്ക് നാല് ഇതളുകൾ കാണപ്പെടുന്നു. ഇവക്കു മധ്യഭാഗത്തായി മഞ്ഞ നിറത്തിലുള്ള കേസരങ്ങളും കാണാം. പൂക്കൾ സുഗന്ധവാഹികളല്ല. പൂക്കളിൽ അധികവും ആൺപുഷ്പങ്ങളായിരിക്കും. ഒന്നോ രണ്ടോ പെൺപുഷ്പങ്ങളും ചെടിയിൽ കാണാം. പൂക്കൾ ഉണ്ടാവുന്ന അതേ കാലയളവിൽ തന്നെ നീലപ്പാലക്ക് ഫലങ്ങളും കാണപ്പെടുന്നു.
ശാഖകൾക്കിടയിലാണ് നീലപ്പാലയുടെ ഫലങ്ങൾ കാണപ്പെടുന്നത്. ഗോളാകൃതിയിലുള്ള ചെറിയ ഫലത്തിന് മൂന്ന് മുഖങ്ങളുണ്ടാവും. പച്ചനിറത്തിലുള്ള ഈ ഫലങ്ങളുടെ ഉപരിതലം പരുപരുത്തതാണ്. ഷഡ്ഭുജങ്ങളുള്ള വിത്തുകൾ അണ്ഡാക്യതിയിൽ കാണപ്പെടുന്നു.
വിത്ത് മുളപ്പിച്ചും കൊമ്പ് മുറിച്ചു നട്ടും നീലപ്പാലയിൽ പുതിയ സസ്യങ്ങളെ ഉൽപാദിപ്പിക്കാം. വിത്ത് മുളപ്പിച്ചുള്ള പ്രത്യുത്പാദന രീതിക്കാണ് കൂടുതൽ പ്രാധാന്യം. മിതമായ വെയിലത്ത് വളരാൻ ഇഷ്ടപ്പെടുന്നവയാണ് നീലപ്പാല. ഏതുതരം മണ്ണിലും വളരുന്ന ഇവ നനവാര്‍ന്ന മണ്ണ് കൂടുതല്‍ ഇഷ്ടപ്പെടുന്നു.
വഴിയോരങ്ങളിലും പറമ്പുകളിലും കളസസ്യമായി കാണപ്പെടുന്നുണ്ടെങ്കിലും ഇവയെ നിസ്സാരമായി കണക്കാക്കണ്ട. ഒട്ടേറെ ഔഷധമൂല്യം അടങ്ങിയവയാണിവ. നീലപ്പാലയുടെ ഇല, വേര് എന്നിവയാണു കൂടുതലായും ഔഷധചേരുവയായി ഉപയോഗിക്കുന്നത്. ആയുര്‍വ്വേദം, നാട്ടുവൈദ്യം, യുനാനി ചികിത്സകളിലും ഔഷധമായി ഇതുപയോഗിച്ചു വരുന്നു. വയറിളക്കം, അതിസാരം എന്നിവക്കുള്ള ഔഷധങ്ങളിലാണ് ഇവ പ്രധാനമായും ചേര്‍ക്കുന്നത്. മാത്രമല്ല ചെറുകുടലിന്‍റെ വീക്കത്തിന് ഇവ ചേര്‍ത്തുണക്കിയ ഔഷധം ഉത്തമമാണ്. ഇത്തരത്തില്‍ നിരവധി ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ് നീലപ്പാല.
ഇംഗ്ലീഷ്നാമം : പാഡി
സംസ്കൃതനാമം : ഹംസപതി, ത്രിപാഠി
ശാസ്ത്രീയനാമം : Oryza sativa
കുടുംബം : Poaceae
കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ചൈന, ആഫ്രിക്ക, പാക്കിസ്താൻ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ബ്രസീൽ, ജപ്പാൻ, തായ്ലന്, മാൻമാർ
നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ധാന്യവിളയാണ് നെല്ല്. പുത്തരിച്ചോറും കൂട്ടിയുള്ള സദ്യ ഓർക്കുമ്പോൾതന്നെ നാവിൽ വെള്ളമൂറുന്നില്ലേ? പണ്ടുകാലങ്ങളിൽ ഞാറുനടലും കൊയ്ത്തുമെല്ലാം കാർഷിക കേരളത്തിൽ ഉത്സവമായാണ് കണക്കാക്കിയിരുന്നത്. പരന്നുകിടക്കുന്ന നെൽവയലുകളും ഞാറുനടുന്ന സ്ത്രീകളും ഞാറ്റുപാട്ടും കവിഭാവനയിൽ മനോഹരമായി വർണ്ണിക്കപ്പെട്ടിട്ടുണ്ട്.
പോയേസി കുടുംബത്തിൽപ്പെട്ട നെല്ലിന്റെ ഒറൈസ സറ്റൈവാ, ഒറൈസ ഗ്ലാബറിമ എന്നീ വിഭാഗങ്ങളാണ് ഭക്ഷ്യാവശ്യങ്ങൾക്കായി പ്രധാനമായും ഉപയോഗിക്കുന്നത്. ഉഷ്ണ മിതോഷ്ണ മേഖലാപ്രദേശങ്ങളായ തെക്കുകിഴക്കൻ ഏഷ്യയും ആഫ്രിക്കയുമാണ് നെല്ലിന്റെ ജന്മസ്ഥലം. ലോകമെമ്പാടും അനുയോജ്യമായ കാലാവസ്ഥയിൽ കൃഷിചെയ്തുവരുന്നുണ്ടെങ്കിലും നെല്ലിന്റെ തൊണ്ണൂറ്ശതമാനത്തിലധികവും ഏഷ്യയിലാണ് ഉൽപാദിപ്പിക്കുന്നത്. ഇന്ന് ഇന്ത്യയും ചൈനയുമാണ് നെല്ലുൽപാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ. വടക്കെ ഇന്ത്യയിൽ 4530 ബി.സി മുതൽ 5440 ബി.സി വരെയുള്ള കാലയളവിൽ ഗംഗാനദീ തീരങ്ങളിലെ ഫലഭൂയിഷ്ഠമായ മണ്ണിൽ നെല്ല് കൃഷിചെയ്തിരുന്നത്രേ.
ഏകവർഷിയായ നെല്ലിന് ഏകദേശം ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരമുണ്ടാകും. മൂർച്ചയേറിയ ഇവയുടെ ഇലകൾ ഏകദേശം ഒരു മീറ്റർ നീളത്തിൽ കാണപ്പെടുന്നു. 30 മുതൽ 50 സെന്റി മീറ്റർ നീളമുള്ള പൂങ്കുലകൾ വളഞ്ഞ് തൂങ്ങിനിൽക്കുന്നവയാണ്. ചെറു കതിര് ഒരു വശത്ത് നിരനിരയായി വിന്യസിച്ചിരിക്കുന്നു. ധാന്യരൂപത്തിലുള്ള വിത്തുകൾക്ക് 5 മുതൽ 12 മില്ലിമീറ്റർ നീളമുണ്ടാവും. വിത്തുകൾ തവിട്ടുനിറത്തിൽ കൂർത്ത അഗ്രത്തോടെയോ അല്ലാതെയോ കാണപ്പെടുന്നു. പ്രധാനമായും കാറ്റിലൂടെയാണ് പരാഗണം നടക്കുന്നത്.
വിത്തുകൾ വഴിയാണ് നെല്ലിൽ പുനരുൽപാദനം സാധ്യമാവുന്നത്. വിത്ത് മുളച്ച് ഏകദേശം 25 സെന്റിമീറ്റർ ഉയരമെത്തുമ്പോൾ തൈകൾ മാറ്റി നടുന്നു. 10 മുതൽ 20 സെന്റിമീറ്റർ അകലത്തിൽ നിരനിരയായാണ് വിത്ത് പാകുന്നത്. ചെങ്കുത്തായ കുന്നിൻ ചെരിവുകളിലും വയലുകളിലും ഇവ കൃഷിചെയ്യുന്നു. 3 മുതൽ 4 സെന്റിമീറ്റർ ആഴത്തിൽ 15 സെന്റീമീറ്റർ അകലത്തിലാണ് കുന്നിൻ ചെരിവുകളിൽ ഇവ കൃഷി ചെയ്യുന്നത്. പൊട്ടാസ്യം, ഫോസ്ഫറസ്, നൈട്രജൻ തുടങ്ങിയ രാസവളങ്ങളാണ് വിത്തുൽപാദന സമയത്ത് ഉപയോഗിക്കുന്നത്. രാസവള നിയന്ത്രണത്തിലൂടെ വരണ്ട പ്രദേശങ്ങളിലും നെല്ലിന് വളരാൻ സാധിക്കും. ഏഷ്യയിൽ ദൈനംദിന ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത നെല്ലിൽനിന്നും ഉമിയും തവിടും കളഞ്ഞാണ് അരിയുണ്ടാക്കുന്നത്. ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്ന അരി കാർബോഹൈട്രെറ്റിന്റെ പ്രധാന സ്രോതസ്സാണ്. ഇവ ഉപയോഗിച്ച് വിവിധതരം ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ചിലയിടങ്ങളിൽ ട്യൂമര്‍, സ്തനാർബുദം, വയറിളക്കം, പൊള്ളൽ, പനി എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായും നെല്ല് ഉപയോഗിച്ചിരുന്നു. 2004ലെ കണക്കുകൾ പ്രകാരം ചൈന, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് നെല്ലുൽപാദനത്തിൽ മുന്‍പന്തിയിൽ നിൽക്കുന്നത്.
കടപ്പാട്: നമ്മുടെ സസ്യങ്ങള്‍
Poorna reference series - Science
അവസാനം പരിഷ്കരിച്ചത് : 10/27/2019