Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / പരിസ്ഥിതി / നമ്മുടെ സസ്യങ്ങള്‍ / ചെറുസസ്യങ്ങളും കുറ്റിച്ചെടികളും ഭാഗം-1
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചെറുസസ്യങ്ങളും കുറ്റിച്ചെടികളും ഭാഗം-1

കൂടുതല്‍ വിവരങ്ങള്‍

ചെറിയവരുടെ ചരിത്രം

പ്രകൃതിക്ക് പരിപൂര്‍ണ്ണത നല്‍കുന്നവയാണ് സസ്യങ്ങള്‍. വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും ഏറെയുള്ള ഇവയില്ലാത്ത പ്രകൃതിയേക്കുറിച്ചു, ഭൂമിയെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. എത്ര വിരസമായിരിക്കും. ഭൂമി, നിറങ്ങളുടെ ശബളിമയില്ലാതെ, തണലിന്‍റെ ശീതളീയതയില്ലാതെ മനോഹരമായ കാഴ്ചകളില്ലാതെ എത്ര അരസികമാവുമായിരുന്നു നമ്മുടെ ലോകം. എന്തിനേറെപ്പറയുന്നു, ഇതുപറയാന്‍ അനുഭവിക്കാന്‍ നമ്മളുണ്ടാവുമായിരുന്നോ അവയില്ലാതെ...

വൈവിധ്യങ്ങളുടെ മായലോകമാണ് സസ്യലോകം. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത സസ്യങ്ങള്‍ തൊട്ട് ഭീമാകാരനായ സെക്കോയ വരെ. കുഞ്ഞു വുള്‍ഫിയ പൂക്കള്‍ മുതല്‍ വമ്പന്‍ റഫ്ളീഷ്യ വരെ. മറ്റു മരങ്ങളില്‍ പറ്റിപ്പിടിച്ചും അവയെ ഊറ്റിക്കുടിച്ചും വളരുന്ന പരാദസസ്യങ്ങള്‍, പ്രാണികളെ ഭക്ഷിക്കുന്ന മാംസഭോജികളായ സസ്യങ്ങള്‍-നമ്മെ ആശ്ചര്യപ്പെടുത്തുന്ന വലിപ്പവ്യത്യാസങ്ങളും സ്വഭാവവൈചിത്ര്യങ്ങളും ഇവയില്‍ ഏറെയാണ്‌.

വലുപ്പവ്യത്യാസവും, സ്വഭാവവും, ആഹാരരീതികളും, താമസവും, ജീവിതരീതികളും എല്ലാം സസ്യങ്ങളില്‍ വ്യത്യസ്തമാണ്. ഇതനുസരിച്ച് ശാസ്ത്രലോകം ഇവയെ തരംതിരിച്ചിട്ടുണ്ട്. വലുപ്പത്തിന്‍റെ കാര്യത്തില്‍ വളരെ സ്വതന്ത്രമായൊരു തരംതിരിവാണ് നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ രണ്ടു വിഭാഗങ്ങളാണ് കുറ്റിച്ചെടികളും ചെറുസസ്യങ്ങളും. സസ്യലോകത്തെ കുറിയവരെന്നു നമുക്കിവരെ വിശേഷിപ്പിക്കാം. എന്നാല്‍ ചെറുമരത്തോളം വലുപ്പമുള്ള കുറ്റിചെടികളും കാണാറുണ്ട്.

കുറ്റിച്ചെടികള്‍

സസ്യങ്ങളില്‍ വലുപ്പ വ്യത്യാസമനുസരിച്ചുള്ള തരംതിരിവില്‍ ഒരു വിഭാഗമാണ്‌ കുറ്റിച്ചെടികള്‍. വൃക്ഷങ്ങളില്‍ നിന്നും വളരെ ചെറിയൊരു വ്യത്യാസം മാത്രമേ ഇവയ്ക്കുള്ളൂ. ഘടനയിലും ബലത്തിലും ഇവ പലപ്പോഴും വൃക്ഷ സമാനമായിരിക്കും. മാരത്തോട് സാദൃശ്യമുള്ള സ്വഭാവങ്ങളാണ് കാണിക്കുന്നതെങ്കിലും ശാഖോപശാഖകളും പൊക്കമില്ലായ്മയും ഇവയെ മരത്തില്‍നിന്നും വേര്‍തിരിക്കുന്നു. അഞ്ചു മീറ്ററിനും താഴെയാണ് സാധാരണയായി ഇവയുടെ ഉയരം. എന്നാല്‍ കുറ്റിച്ചെടികളില്‍ വലിയൊരു ഭാഗവും ഒരേ സമയത്ത് തന്നെ ചെറുമരങ്ങളുടെയും കുറ്റിച്ചെടികളുടെയും സ്വഭാവം കാണിക്കുന്നവയാണ്. ഇത് അവ വളരുന്ന കാലാവസ്ഥയ്ക്കും മറ്റ് ഘടകങ്ങള്‍ക്കും അനുസൃതമായിരിക്കും എന്ന് മാത്രം.

കുറ്റിച്ചെടികളെ തിരിച്ചറിയാനായി പല മാർഗ്ഗങ്ങളുമുണ്ട്. തിങ്ങിവളരുന്ന ഇലകളാണ് ഒരു പ്രത്യേകത. കൂടാതെ ഇലകൾ നിറഞ്ഞ ധാരാളം ചെറു ചില്ലകളും കുറ്റിച്ചെടിക്കുണ്ടാവും. അടുത്തടുത്തായി ക്രമീകരിച്ചിരിക്കുന്ന ഇവ വെട്ടിയൊതുക്കുമ്പോൾ നന്നായി വളരുന്നവയാണ്.

കുറ്റിച്ചെടി പരിപാലന രീതികൾ

സ്വന്തം വീടിന് സുരക്ഷിതത്വവും ശീതളിമയും സ്വകാര്യതയും ആഗ്രഹിക്കാത്തവരുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതെല്ലാം ലഭിക്കാൻ ഒരെളുപ്പമാർഗ്ഗമുണ്ട്. ധാരാളം കുറ്റിച്ചെടികൾ വീടിനു ചുറ്റിലുമായി വളർത്തുക. അധികം ഉയരം വെക്കില്ല എന്നതും ഇതിനൊരു മുതൽക്കൂട്ടാണ്. ഇതു മാത്രമല്ല കേട്ടോ, നിറയെ പൂവിരിഞ്ഞുനിൽക്കുന്ന തരത്തിലുള്ള കുറ്റിച്ചെടികളാണു നടുന്നതെങ്കിൽ ഇവ ഉദ്യാനത്തിന് മനോഹാരിതയും വർദ്ധിപ്പിക്കും.

കുറ്റിച്ചെടികൾ നടുമ്പോൾ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്തിന്റെ അവസാനത്തോടെയോ വസന്തകാലത്തിന്റെ ആരംഭത്തോടെയോ ഇവ നടുന്നതാണുത്തമം.

പ്രാചീന കാലം മുതൽ തന്നെ കുറ്റിച്ചെടികളുടെ കൃഷി ആരംഭിച്ചിരുന്നു. പച്ചക്കറിക്കു വേണ്ടിയും ഇവ വളർത്തിവന്നു. പണ്ടു കാലത്തെ തോട്ടങ്ങളിൽ നമുക്കിതിന്റെ തെളിവുകൾ കാണാം. മധ്യകാലഘട്ടത്തിൽ കന്യാസ്ത്രീകളും ക്രിസ്തീയ പുരോഹിതരും വൈദ്യസംബന്ധമായ അറിവുകൾ നേടുകയും അത് ഔഷധസസ്യങ്ങളുടെ പ്രത്യേക കൃഷിയിൽ കലാശിക്കുകയും ചെയ്തു. നവോത്ഥാനത്തിന്‍റെ വരവോടെ യൂറോപ്പിലെ വൈദ്യശാസ്ത്രരംഗത്തും സസ്യശാസ്ത്രരംഗത്തും കുതിച്ചുചാട്ടമുണ്ടാവുകയും പള്ളിവളപ്പിലെ ചെറു തോട്ടങ്ങളിൽനിന്ന് ശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ച തോട്ടങ്ങളിലേക്ക് (Botanical garden) ഇവ മാറുകയും ചെയ്തു. ലാളിത്യത്തിന്റെ തോട്ടങ്ങളെന്ന് ഇവ അറിയപ്പെട്ടു.

കുറ്റിക്കാടുകൾ

കുറ്റിച്ചെടികൾ ഇടതൂർന്നു വളരുന്ന പ്രദേശമാണ് കുറ്റിക്കാടുകൾ. പ്രക്യത്യാൽതന്നെ കുറ്റിച്ചെടികൾ ധാരാളമായി വളരുന്ന സ്ഥലങ്ങൾ നമുക്ക് കാണാൻ കഴിയും. പലപ്പോഴും അന്തരീക്ഷത്തിലെ സന്തുലിതാവസ്ഥ നിലനിർത്താൻ ഇത്തരം ചെറുകാടുകൾ സഹായകമാവാറുണ്ട്. പലതരം ജീവികളുടെ ആവാസകേന്ദ്രം കൂടിയാണീ കുറ്റിക്കാടുകൾ.

പ്രകൃത്യാലല്ലാതെ കൃത്രിമമായി കുറ്റിച്ചെടികൾ വെച്ചുപിടിപ്പിച്ച് ഇത്തരം കാടുകൾ നിർമ്മിക്കാറുണ്ട്. പലപ്പോഴും പൊതു ഉദ്യാനങ്ങളിലും പാർക്കുകളിലുമാണ് ഇതു കാണുന്നത്. ഇത്തരം സ്ഥലങ്ങളെ ഷബ്ബെറി (shrubbery) എന്നാണ് വിളിക്കുന്നത്. മനോഹാരിതക്കുവേണ്ടിയും തണലിനുവേണ്ടിയുമാണ് ഇത് പ്രധാനമായും നിർമ്മിക്കുന്നത്. ഇവയിൽ അധികവും കൊമ്പു മുറിച്ചു നട്ടാണ് പുനരുൽപാദനം നടത്തുന്നത്. എന്നാൽ വിത്തിലൂടെയും ഇതു സാധ്യമാവാറുണ്ട്. പല കുറ്റിച്ചെടികളുടേയും വിത്തുകൾ മുളച്ചുവരാൻ ഏറെ സമയമെടുക്കുന്നതിനാലാണ് താരതമ്യേന എളുപ്പത്തിൽ വേരുപിടിക്കുന്ന കൊമ്പുകൾ നടുന്നത്. വരണ്ട മണ്ണാണ് ഭൂരിഭാഗം കുറ്റിച്ചെടികളും ഇഷ്ടപ്പെടുന്നത്. അധികം നനവുള്ള മണ്ണിൽ ഇവയുടെ വേരു പെട്ടെന്ന് ചീഞ്ഞുപോവുന്നത് കൊണ്ടാണിത്. എന്നാൽ വേനൽക്കാലങ്ങളിൽ കൃത്യമായ ജലസേചനം ഇവക്കാവശ്യമാണ്. മഴയില്ലാത്ത സന്ദർഭങ്ങളിൽ ആഴ്ചയിലൊരിക്കൽ നന്നായി ജലസേചനം നടത്തണം. ചുറ്റുമുള്ള മണ്ണിനേക്കാൾ വേഗത്തിൽ ഇവയുടെ വേരുകൾ വരണ്ടുപോവുന്നതുകൊണ്ടാണിത്.ആധുനികമായ എല്ലാ കൃഷിരീതികളും പ്രയോഗിച്ചു നോക്കാൻ പറ്റുന്നവയാണ് കുറ്റിച്ചെടികൾ. (പത്യേകിച്ച് ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് പോലുളള രീതികൾ. അതിനനുയോജ്യമായ ഘടനയും സ്വഭാവസവിശേഷതയുമാണിവക്ക്.

ഇത്തിരിക്കുഞ്ഞന്മാരുടെ അൽപം ചരിത്രം

എന്താ നമുക്കൊരു കുറ്റിച്ചെടിത്തോട്ടം തന്നെയങ്ങു നിർമ്മിച്ചാലോ..? സസ്യലോകത്തിലെ കുഞ്ഞന്മാരാണ് ചെറുസസ്യങ്ങൾ. എന്നാൽ ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും ഔഷധഗുണത്തിൽ കേമന്മാരാണ് ഓഷധികൾ എന്നുവിളിക്കുന്ന ഇക്കൂട്ടർ. ഓഷധികളിൽ ഭൂരിഭാഗവും ഔഷധികളാണെന്നു ചുരുക്കം. വിത്തുൽപാദിപ്പിക്കുന്നവയാണ് ചെറുസസ്യങ്ങൾ. പുഷ്പിച്ചു കഴിഞ്ഞാലുടനെ നശിച്ചുപോവുന്നു എന്നൊരു പ്രത്യേകതകൂടിയുണ്ട് ഇവക്ക്.

ചരിത്രപരമായി നോക്കിയാൽ കുറ്റിചെടികളേക്കാളും പ്രായം ചെന്നവരാണ് ചെറുസസ്യങ്ങൾ. അതായത് കുറ്റിച്ചെടികൾ ആവിർഭവിക്കുന്നതിനു മുമ്പേ ഭൂമിയിൽ ഇവ ജന്മമെടുത്തിരുന്നു. ഏകദേശം മൂന്നര ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ജന്മംകൊണ്ട ഭൂമിയിലെ ആദ്യത്തെ സസ്യങ്ങളായ ആൽഗകൾ കടലിൽനിന്നും കരയിലെത്തി. അങ്ങനെ കരയിലും സസ്യങ്ങളുണ്ടാവാൻ തുടങ്ങി. ഇതാണല്ലോ സസ്യങ്ങളുടെ ചരിത്രം. ഭൂരിഭാഗം ചെറുസസ്യങ്ങളും കടലോര പ്രദേശത്താണ് ധാരാളമായി കാണപ്പെടുന്നത്. പ്രധാനമായും മെഡിറ്ററേനിയൻ തീരത്ത്. അവിടെനിന്നും മനുഷ്യചരിത്രത്തിന് ആയുസും നിറവും മണവും നൽകി അവ നമ്മുടെ ഒപ്പം ലോകംമുഴുവൻ സഞ്ചരിച്ചു.

(പക്യതിയിൽനിന്നും ഔഷധമൂല്യമുള്ളതും ഭക്ഷ്യയോഗ്യവുമായ സസ്യങ്ങൾ മനുഷ്യൻ കണ്ടെത്തുന്നതുപോലെ ഭക്ഷണത്തിന് സ്വാദും ഗന്ധവും നൽകാൻ കഴിവുള്ള സസ്യങ്ങളും പണ്ടത്തെ മനുഷ്യർ തിരിച്ചറിഞ്ഞിരിക്കണം. അതുകൊണ്ടാണല്ലോ അത്തരം സസ്യങ്ങളുടെ പരാമർശങ്ങളും ഉപയോഗിച്ചിരുന്നതിന്‍റെ രേഖകളും നമ്മുടെ ചരിത്രത്താളുകളിൽ നിറയുന്നത്.

ഔഷധികളായ പല ചെറുസസ്യങ്ങളും ഇന്നുപയോഗിക്കുന്ന അതേ രീതിയിൽ ഈജിപ്തിലെ പിരമിഡുകൾക്കു മുമ്പേ ഉപയോഗിക്കപ്പെട്ടു തുടങ്ങിയിരുന്നതായി കരുതപ്പെടുന്നു. നാം ഇന്ന് നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചെറുസസ്യത്തിൽപ്പെട്ട പല ഔഷധികളുടെയും മറ്റു സസ്യങ്ങളുടെയും പരാമർശം ബൈബിളിലുണ്ട്. മത്തായിയുടെയും ലൂക്കോസിന്‍റെയും സുവിശേഷത്തില്‍ തുളസി, അരൂത തുടങ്ങിയ ചെറുസസ്യങ്ങളുടെ പരാമര്‍ശം കാണാം. എന്നാല്‍ ഇവരെക്കാളും ഏകദേശം 700 വര്‍ഷങ്ങള്‍ക്കുമുമ്പ് എശയാ സുവിശേഷത്തില്‍ ജീരകത്തിന്‍റെ കൃഷിയേപ്പറ്റി പറഞ്ഞിട്ടുണ്ട്.

ചരിത്രത്താളുകളില്‍ പരാമര്‍ശമുണ്ടെങ്കിലും മറ്റു സസ്യങ്ങളുടെ കാര്യത്തില്‍ ശാസ്ത്രം കാണിച്ച ഉത്സാഹം ഇത്തരം സസ്യങ്ങളുടെ ഉത്പാദനരംഗത്തും കൃഷിരീതിയിലും കാണിച്ചില്ലെന്നു വേണം കരുതാന്‍. പണ്ടുകാലങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന പല ഔഷധസസ്യങ്ങളും സംശയത്തിന്‍റെ നിഴലില്‍ ഇന്നും വെറും കളസസ്യമായി മാറ്റപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ അനേകം ചെറുസസ്യങ്ങള്‍ നമുക്ക് കാണാവുന്നതാണ്. പറമ്പുകളിലും വയലുകളിലും കേവലം കളസസ്യം മാത്രമായി വളർന്നുവരുന്ന ബ്രഹ്മി, തൊട്ടാവാടി തുടങ്ങിയ ചെറുസസ്യങ്ങള്‍ ഔഷധങ്ങളുടെ കലവറ തന്നെയാണ്. ഇവയുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്‍റെ കടന്നുകയറ്റവും മൂല്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും പല ചെറുസസ്യങ്ങളെയും വിസ്മൃതിയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു.

പരിപാലനം

ചെറുസസ്യങ്ങളുടെ പുനരുൽപാദനം പ്രധാനമായും വിത്തിലൂടെയാണ് സാധ്യമാവുന്നത്. ഒരു തവണ മാത്രമാണ് ഇവയിൽ വിത്തുണ്ടാവുന്നത്. അതിൽനിന്ന് അടുത്ത തലമുറ ആരംഭിക്കുമ്പോഴേക്കും പഴയത് നശിക്കുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ ക്യത്യമായ കാലയളവിൽ സംഭവിക്കുന്ന ജീവിതചക്രമാണ് ചെറുസസ്യങ്ങളുടേത്. ഇത് ഏകവർഷിയോ ദ്വിവർഷിയോ ബഹുവർഷിയോ ആവാം. പൂക്കളുണ്ടാവുന്നതിനനുസരിച്ചാണ് ഇവയുടെ ജീവിതചക്രത്തിന്റെ ദൈർഘ്യം നിശ്ചയിക്കപ്പെടുന്നത്.

മാംസളമായതും എളുപ്പത്തിൽ പൊട്ടിപ്പോവുന്നതുമായ തണ്ടുകൾ ചെറുസസ്യങ്ങളുടെ പ്രത്യേകതയാണ്. രണ്ടു തരത്തിലുള്ള ചെറുസസ്യങ്ങളുണ്ട്. മാംസളമായ തണ്ടോടുകൂടി ഇലകൾ ഭക്ഷ്യയോഗ്യമായവയും ഔഷധച്ചെടികളും. മിക്ക ഔഷധസസ്യങ്ങളും ചെറുസസ്യത്തിൽപ്പെടുത്താമെങ്കിലും ബലമേറിയ കാണ്ഡം ഉള്ളതിനാൽ കുറ്റിച്ചെടിയായും പരിഗണിക്കാവുന്നതാണ്.

ചെറുസസ്യങ്ങൾ മനുഷ്യജീവിതത്തിൽ

മനുഷ്യചരിത്രത്തിൽ നമുക്കൊപ്പം നടന്നവരാണ് മിക്ക ചെറുസസ്യങ്ങളും. നമ്മുടെ വഴികൾക്ക് സുഗന്ധം നൽകി നമ്മെ ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്ക് നയിച്ചവർ. പ്രയോജനമില്ലാത്ത ഒരു സൃഷ്ടി പോലും പ്രപഞ്ചത്തിലില്ല എന്നത് എത്ര വാസ്തവം. നാം വെറും കളസസ്യമായി കാണുന്ന പല ചെറുസസ്യങ്ങളുടേയും ഗുണമേന്മ അനുഭവിച്ചറിയുമ്പോൾ ഇതു പറയാതിരിക്കാനാവില്ല. പണ്ടുകാലം മുതലേ ഇവ നമ്മെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. മരുന്നായും സൗന്ദര്യക്കൂട്ടായും അടുക്കളയിലെ നിത്യസാന്നിധ്യമായുമെല്ലാം.

അടുക്കളയ്ക്കു പിന്നിലെ ചെറിയ പച്ചക്കറിത്തോട്ടത്തിലെ രുചികൾ... അവ നമ്മിൽ ആസ്വാദ്യകരമായ ഗൃഹാതുരത്വം ഉണര്‍ത്തുന്നില്ലേ. അത്തരം രുചികളും മണങ്ങളും എന്നും മനുഷ്യന്റെ ദൗർബല്യമാണ്. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ തിരിച്ചുനടത്തം പ്രക്യത്യാലുള്ള ചികിത്സക്കും ഭക്ഷണത്തിനുമെല്ലാം ആവശ്യക്കാരെയേറ്റി. ഇത് ഇവക്കുള്ള വിപണനസാധ്യതയും വർദ്ധിപ്പിച്ചു. എത്രയോ ചെറുസസ്യങ്ങൾ-ഔഷധമൂല്യമുള്ളവയും ഭക്ഷ്യയോഗ്യമായവയും ഇന്ന് വിദേശങ്ങളില്‍ വന്‍ വിപണിയാണുള്ളത്. വിദേശത്തു മാത്രമല്ല സ്വദേശത്തും ഇവ ആവശ്യകതയില്‍ മുന്നില്‍ തന്നെ. ആധുനികശാസ്ത്രത്തെ വെല്ലുവിളിക്കുന്ന രാസ സംയുക്തങ്ങളാണ് ഓരോ സസ്യത്തിലുമുള്ളത്.

ശാസ്ത്രം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും ഏതു നിരക്കിലും എത്ര മാനസിക സമ്മര്‍ദത്തിലും നമ്മെ ആശ്വസിപ്പിക്കുന്ന മാതൃവാത്സല്യം പോലെ പ്രകൃതി കനിഞ്ഞു നല്‍കിയ ഈ സുരക്ഷിതത്വം, ഈ സ്വാദ്, ഈ മനോഹാരിത നമ്മളില്‍ എന്നും ഗൃഹാതുരത്വമുണര്‍ത്തുന്നു. ഇവ ഇനിയും നമുക്കൊപ്പം നടക്കും. ഒരു സന്തതസഹചാരിയായി.

അടക്കാമണിയൻ

ഹിന്ദി നാമം    : മുണ്ടി

സംസ്കൃതനാമം : മഹാമുണ്ടി

ശാസ്ത്രീയ നാമം: Sphaeranthus indicus

കുടുംബം        : Asteraceae

ഉഷ്ണ-ഉപോഷ്ണമേഖകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് അടക്കാമണിയൻ. മുണ്ടി എന്ന അപരനാമത്തിൽ ഇവ കൂടുതലായും അറിയപ്പെടുന്നു. ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യയിൽ ആസാമിൽ അടക്കാമണിയൻ കൂടുതൽ വളരുന്നു. തികച്ചും ഔഷധപ്രദായിയായ ഇവ പാരമ്പര്യവൈദ്യശാസ്ത്രങ്ങളിൽ പ്രധാന ഔഷധമാണ്.

കുറ്റിച്ചെടിയായി കാണപ്പെടുന്ന അടക്കാമണിയന്റെ തണ്ടുകൾ ബലം കുറഞ്ഞവയും ശാഖാപശാഖകളോടു കൂടിയതുമായിരിക്കും. ഇലകൾ കടും പച്ചനിറത്തിൽ അണ്ഡാകൃതിയിലും രോമാവൃതവുമാണ്. ശാഖാഗ്രങ്ങളിലാണ് പൂക്കൾ ഉണ്ടാവുന്നത്. ഗോളാകൃതിയിലുള്ള ഇതളുകളോടുകൂടിയ ഇളം വയലറ്റ് പൂക്കളാണിവയുടേത്. ഒറ്റനോട്ടത്തിൽ വാടാമല്ലിയുടെ പൂക്കളാണെന്ന് തെറ്റിദ്ധരിക്കാം. നവംബർ മുതൽ ജനുവരി മാസംവരെയാണ് അടക്കാമണിയന്റെ പൂക്കാലം. പൂക്കൾക്കുള്ളിൽ ധാരാളം വിത്തുകൾ അടങ്ങിയിരിക്കുന്നു. കറുപ്പുനിറത്തിൽ കാണപ്പെടുന്ന ഈ ചെറിയ വിത്തുകൾ വഴിയാണ് ചെടിയുടെ പുനരുൽപാദനം നടക്കുന്നത്. വളരുന്ന പ്രദേശങ്ങളിലെ കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവ അനുസരിച്ച് ചെടിയുടെ വളർച്ചയിൽ വ്യത്യാസം കാണാറുണ്ട്.

തണുപ്പ് കൂടിയ പ്രദേശങ്ങളാണ് അടക്കാമണിയന്റെ വ്യാപകമായ വളർച്ചക്ക് അനുയോജ്യം. അതിനാൽതന്നെ അത്യപൂർവ്വമായ അടക്കാമണിയൻ കാണാറുളളു. എന്നാൽ ഇവ ചേർത്തുണ്ടാകുന്ന ഔഷധ മൂല്യമുള്ള രസായനങ്ങൾ വിപണിയിൽ സുലഭമാണ്. മൂണ്ടിചൂർണ, മുണ്ടിപഞ്ചാംഗ, സ്വാരസ എന്നിവയെക്കുറിച്ച് കേട്ടിട്ടില്ലേ. ഇവയെല്ലാം അടക്കമണിയൻ ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളാണ്. ഒട്ടേറെ ഔഷധഗുണമുള്ള ചെടിയാണ് അടക്കാമണിയൻ എന്ന് ഇതിൽ നിന്നും വ്യക്തമാകുമല്ലോ.

അടക്കാമണിയനിൽനിന്നും മീഥൈൽ ഷവിക്കോൾ (Methiyl chavicol), ഡി-കാഡിനൻസ് (de-cadinence) പി-മെഥാക്സി (IP-methoxy) എന്നീ രാസഘടകങ്ങളും ടർപിനൻ (terpinene) സിട്രൽ (citral), ജറാനിയാൾ (geraniol) ജറനിൽ അസറ്റേറ്റ് (geranyl acetate), ബയോണിൻ (Bioniene) എന്നീ മൂലകങ്ങളും വേർതിരിച്ചെടുക്കാറുണ്ട്. ഈ ഘടകങ്ങളാണ് ചെടിക്ക് ഔഷധഗുണം പ്രദാനംചെയ്യുന്നത്. ഇവയുടെ പൂക്കളിൽ അൽബുമിൻ, ടാനിൽ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ അരോമ തെറാപ്പിക്കും (പൂക്കൾ കൊണ്ടുള്ള ചികിത്സ) ഏറെ ഗുണപ്രദമത്രെ. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇവ ഉത്തമമാണ്. ഒട്ടേറെ ധാതുക്കളാലും ജൈവസംയുക്തങ്ങളാലും സമ്പുഷ്ടമാണ് അടക്കാമണിയൻ. ആയുർവ്വേദ വിധിപ്രകാരം ബുദ്ധിസ്ഥിരത, ശരീരപുഷ്ടി എന്നിവക്ക് അടക്കാമണിയൻ ഉത്തമ ഔഷധമാണ്. കൂടാതെ ഇവ നല്ലൊരു ഉന്മേഷദായിനി കൂടിയാണ്. ഇവയിൽനിന്നും വേർതിരിച്ചെടുക്കുന്ന കറ ഉപയോഗിച്ചാണ് ഈ ഔഷധങ്ങൾ നിർമ്മിക്കുന്നത്. ക്ഷയം, ദഹനക്കേട്, തൊണ്ടവീക്കം, കരൾ സംബന്ധിയായ രോഗങ്ങൾ, മന്ത്, അനീമിയ, മൂലക്കുരു, അതിസാരം എന്നിവക്കെല്ലാം അടക്കാമണിയൻ ഉപയോഗിച്ചുണ്ടാക്കിയ ഔഷധങ്ങൾ ഉപയോഗിക്കാറുണ്ട്.

നല്ലൊരു കീടനാശിനി കൂടിയാണ് അടക്കാമണിയൻ. കൂടാതെ മത്സ്യവിഷമായും ഇവ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഒട്ടേറെ ഗുണങ്ങളാൽ സമ്പന്നമാണ് അടക്കാമണിയൻ.

അരിപ്പൂവ്

ഇംഗ്ലീഷ് നാമം             : ലന്റാന, വൈൽഡ് സേജ്

ഹിന്ദിനാമം                : കാട്ടുരംഗ്

സംസ്കൃതനാമം            : കാട്ടുരംഗി

ശാസ്ത്രീയനാമം           : Lantana camara

കുടുംബം                  : Verbenaceae

കാണപ്പെടുന്ന പ്രദേശങ്ങൾ : മെക്സിക്കോ, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, ക്വീൻസ്ലാൻഡ്, പസഫിക് ദ്വീപുകൾ

പേരു കേൾക്കുമ്പോൾതന്നെ ഓർമ്മ വരുന്നില്ലേ ഒരു കൂട്ടം കൂഞ്ഞുപൂക്കളെ? അതെ അരിമണി പോലെയുള്ള ചെറിയ പൂക്കൾക്ക് ഉചിതമായ പേരുതന്നെയാണ് ലഭിച്ചത്. അരിപ്പൂവെന്ന്! വെർബനേസി സസ്യകുടുംബത്തിലെ അംഗമാണ് ഈ ചെടികൾ.

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന കുറ്റിച്ചെടിയാണ് അരിപ്പൂവ്. മെക്സിക്കോ, ഓസ്ട്രേലിയ, ക്വീൻസ് ലാൻഡ്, ആഫ്രിക്ക, പസഫിക് ദ്വീപുകൾ, ഏഷ്യ എന്നിവിടങ്ങളിൽ ഇവ ധാരാളമായി വളരുന്നു. അരിപ്പൂവുകളുടെ വിവിധയിനങ്ങൾ കാണാറുണ്ട്. ഇനങ്ങൾ വ്യത്യാസപ്പെടുന്നതിനനുസരിച്ച് ചെടിയുടെയും പൂക്കളുടെയും ആകൃതിയിലും വലുപ്പത്തിലും വ്യത്യാസങ്ങൾ കണ്ടുവരുന്നു.

വളരെ ഉറപ്പേറിയ വേരുകളാണ് അരിപ്പൂവിന്റേത്. ആഴത്തിൽ പോവുന്ന ഈ വേരുകൾ സസ്യത്തെ മണ്ണിൽ ബലമായി പിടിച്ചുനിർത്തുന്നു. ഇവയ്ക്ക് കടുത്ത വരൾച്ചയെ അതിജീവിക്കാൻ കഴിയുന്നത് ഈ വേരുകളുടെ സഹായത്താലാണ്.

വേരുപോലെതന്നെ ഉറപ്പേറിയ കാണ്ഡമാണ് അരിപ്പൂവിന്റേത്. വിളറിയ തവിട്ടുനിറത്തിൽ കാണപ്പെടുന്ന കാണ്ഡത്തിന്റെ ഉപരിതലത്തിൽ ബലമേറിയ മുള്ളുകൾ ഉണ്ടായിരിക്കും. ഇത് ജീവികളുടെ ശരീരത്തിൽ തുളഞ്ഞുകയറാൻ മാത്രം ഉറപ്പുള്ളതാണ്, കാണ്ഡം ഏകദേശം രണ്ടര മീറ്റർ വരെ ഉയരത്തിൽ ശിഖരങ്ങളോടുകൂടി കാണപ്പെടുന്നു.

കടുംപച്ചനിറത്തിലുള്ള ഇടത്തരം വലിപ്പമുള്ള പരുപരുത്ത ഇലകളുടെ അരിക് ദന്തുരമാണ്. വളരെ ചെറിയ ഇലഞ്ഞെട്ടുകളിൽ ഇലകൾ കാണ്ഡവുമായി ബന്ധിച്ചിരിക്കുന്നു. ഇലകൾ കൈകളിലിട്ട് കശക്കിയാൽ ഒരുതരം രൂക്ഷഗന്ധം അനുഭവപ്പെടും.

വേനൽക്കാലവും മഴക്കാലവുമാണിവയുടെ പൂക്കാലം. വളരെ ചെറിയ പൂവുകൾ വൃത്താകൃതിയിലുള്ള ചെറിയ കുലകളിൽ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പിങ്ക്, റോസ് എന്നിങ്ങനെ വിവിധ വർണങ്ങളിൽ പൂക്കൾ കാണാവുന്നതാണ്. പലപ്പോഴും ഏതെങ്കിലും രണ്ട് നിറങ്ങൾ കൂടിക്കലർന്നാണ് കാണാറുള്ളത്. ദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് നിറം മാറാൻ കഴിയുന്നവയാണ് ഈ പൂക്കൾ. സുഖകരമല്ലാത്ത ഗന്ധം പുറപ്പെടുവിക്കുന്ന പൂക്കൾ ശലഭങ്ങളേയും പക്ഷികളേയും ആകർഷിക്കുന്നവയാണ്.

ഗോളാകൃതിയിലുള്ള ചെറിയ ഫലങ്ങളാണ് അരിപ്പൂവിന്റേത്. ആരംഭത്തിൽ പച്ചനിറത്തിൽ കാണപ്പെടുന്ന ഇവ പാകമാവുന്നതിനനുസരിച്ച് നീലലോഹിതവർണം കൈവരിക്കുന്നു. ഇതിനുള്ളിലായാണ് വിത്തുകൾ കാണപ്പെടുന്നത്. വിത്തിലൂടെയും കൊമ്പ് മുറിച്ചു നട്ടുമാണ് ഇവയിൽ പുനരുൽപാദനം നടക്കുന്നത്. വേനൽക്കാലമാണ് ഇവ നടുന്നതിന് ഉത്തമം.

ഏതു മണ്ണിലും വളരുന്ന അരിപ്പൂവുകൾ വരൾച്ചയെ നന്നായി പ്രതിരോധിക്കുമെന്ന് സൂചിപ്പിച്ചല്ലോ. അധികം വെള്ളവും വളവും നൽകുന്നത് ഈ സസ്യത്തിന് നന്നല്ല. എളുപ്പത്തിൽ വളർന്ന് വ്യാപിക്കുന്നത് കൊണ്ട് ഇവ കർഷകർക്ക് ശല്യമാകാറുണ്ട്. എല്ലാ കാലത്തും പൂക്കളുണ്ടാവുന്നതിനാൽ ഇവയ ഉദ്യാനസസ്യമായും വളർത്തിവരുന്നു. ജൈവ കീടനാശിനിയായി ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്.

അരൂത

ഇംഗ്ലീഷ് നാമം             : റൂ ഹെർസ് ഓഫ് ഗ്രേസ്

ഹിന്ദിനാമം                : സദാസ്, സതാരി

സംസ്കൃതനാമം             : പിത പുഷ്പ, സോമലത, സർപദംഷ്ട

മറ്റ് പേരുകൾ              : സോമാരായം

ശാസ്ത്രീയനാമം             : Ruta graveolens

കുടുംബം                 : Rutaceae

കാണപ്പെടുന്ന പ്രദേശങ്ങൾ          : യൂറോപ്പ്, ഇന്ത്യ, ഇറാൻ

പാശ്ചാത്യ സാഹിത്യത്തിലും സംഗീതത്തിലും നിറഞ്ഞ സാന്നിധ്യമാണ് അരൂതയുടേത്. ഷേക്സ്പിയറിന്റെ വിശ്വവിഖ്യാതമായ ഹാംലറ്റിൽ അരൂതയെക്കുറിച്ച് പരാമർശമുണ്ട്. ഇതിലെ കഥാപാത്രമായ ഒഫീലിയ (ophelia) എന്ന ഭ്രാന്തി എല്ലാവർക്കും അരൂതയുടെ പുഷ്പങ്ങൾ നൽകിയിരുന്നത്രേ.

പല പാട്ടുകളിലും അരൂതയുടെ പുഷ്പം കടന്നുവരുന്നുണ്ട്. ഏകദേശം 90 സെന്റിമീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് അരൂത. ഇറാനും അതിന്റെ സമീപപ്രദേശങ്ങളുമാണിതിന്റെ സ്വദേശമായി കണക്കാക്കുന്നത്. ഇവിടെനിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇവ വ്യാപിച്ചതാവാം. ഇന്ത്യയിലും അരൂത കാണപ്പെടുന്നുണ്ട്.

നിത്യഹരിതസസ്യമാണ് അരൂത. നല്ല ബലവും ഉറപ്പുമുള്ള കാണ്ഡമാണിവക്ക്. ബഹുവർഷിസസ്യമായ ഇവയുടെ കാണ്ഡം ശിഖരങ്ങളോടുകൂടി കാണപ്പെടുന്നു. തായ്ത്തടിക്ക് നല്ല ബലവും ഉറപ്പുമുണ്ടെങ്കിലും അഗ്രഭാഗങ്ങൾ മൃദുലവും എളുപ്പത്തിൽ പൊട്ടിപ്പോവുന്നതുമാണ്. ഇളംപച്ചനിറത്തിലുള്ള നീളമുള്ള ഇലകളാണ് അരൂതയുടേത്. ഇവ ഇലത്തണ്ടിൽ ദീർഘവൃത്താകൃതിയിലോ സ്പൂണിന്റെ ആകൃതിയിലോ ക്രമീകരിച്ചിരിക്കുന്നു. കട്ടിയേറിയ മാംസളമായ ചെറിയ ഇലകളുടെ പ്രതലം ഒരു തരം ചാരക്കളറിലെ പൊടികൊണ്ട് ആവരണം ചെയ്തിരിക്കും. ഇലകൾ കശക്കിയാൽ അസുഖകരമായ ഗന്ധമനുഭവപ്പെടാറുണ്ട്.

വേനലിന്റെ മധ്യത്തിലാണ് ഇവയിൽ പൂക്കളുണ്ടാവുന്നത്. കുലകളായി കാണപ്പെടുന്ന പൂക്കൾക്ക് സാധാരണയായി മഞ്ഞ നിറമാണുണ്ടാവുക. എന്നാൽ നീല നിറത്തിലുള്ള പൂക്കൾ കൃത്രിമമായി വളർത്തിയെടുത്തിട്ടുണ്ട്. നാലിതളുള്ള പൂക്കൾക്ക് നല്ല വലിപ്പമുള്ള എട്ട് കേസരങ്ങൾ ഉണ്ടാവും. ഇവ ഇതളിന്റെ ഇടയിലൂടെ പുറത്തേക്ക് തള്ളിനിൽക്കുന്നു. ഇത് പുഷ്പത്തെ കൂടുതൽ മനോഹരമാക്കുന്നു. വ്യത്താകൃതിയിൽ പച്ച നിറത്തിലുള്ള ഫലത്തിനകത്താണ് അരൂത വിത്തുകൾ കാണപ്പെടുന്നത്.

കൊമ്പു മുറിച്ചു നട്ടോ വിത്തു മുളപ്പിച്ചോ അരുതയുടെ പുനരുൽപ്പാദനം നടത്താം. ശരത്ക്കാലമാണ് കൊമ്പ് നടാൻ ഉത്തമം. നട്ട് ഏകദേശം 14 ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കും. രണ്ടു വർഷം കഴിഞ്ഞാണ് ഇതിൽ പൂക്കളുണ്ടാവുന്നത്. മണൽ കലർന്ന മണ്ണാണ് അരൂതക്കുത്തമം. പൂർണ സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഇവ വരണ്ടപ്രദേശങ്ങളിൽ നന്നായി വളരുന്നു. യൂറോപ്പിൽ പാതയോരങ്ങളിലും വെളിമ്പ്രദേശങ്ങളിലും വളരുന്ന ഈ ചെറുസസ്യം ഇന്ത്യയിൽ ഉദ്യാനങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്.

നൂറ്റാണ്ടുകളായി ഔഷധമായും ദുർമന്ത്രവാദത്തിനെതിരെയും ഉപയോഗിച്ചുവരുന്നവയാണ് അരൂത. മന്ത്രവാദിനികൾക്കെതിരെയുള്ള പ്രതിരോധമായി ഇവ ഉപയോഗിക്കാറുണ്ടത്രേ. പിശാചുക്കളും ദുര്‍മന്ത്രവാദികളും ഇവയുടെ മണം ഇഷ്ട്ടപ്പെടുന്നില്ല എന്നതാണിതിനു കാരണം. കയ്പേറിയവയാണെങ്കിലും ചെറിയ അളവില്‍ അരൂതയുടെ ഇലകള്‍ ക്രീമുകളിലും സാലഡുകളിലും ഉപയോഗിക്കാറുണ്ട്. ഉണക്കിയതോ ചതച്ചതോ ആയ അരൂത ഇലകൾ നല്ലൊരു കീടനാശിനിയാണ്.

അരൂത സർഗാത്മകതയും കാഴ്ചശക്തിയും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. മൈക്കല്‍ ആഞ്ചലോയും ലിയനാഡോ ഡാവിഞ്ചിയുമെല്ലാം ഇതിനായി അരൂത ഉപയോഗിച്ചിരുന്നത്രേ. നിരാശയുടേയും ദുഃഖത്തിന്‍റെയും പ്രതീകമായ അരൂതയുടെ നാമ്പുകൊണ്ടാണ് കത്തോലിക്കർ വിശ്വാസികളുടെ മേല്‍ പുണ്യജലം തളിക്കുന്നത്.

ആടലോടകം

ഇംഗ്ലീഷ് നാമം         : വാസാക

ഹിന്ദിനാമം           : വശക

സംസ്കൃതനാമം        : അരുസ്, വശ, വശാക

ശാസ്ത്രീയനാമം        : Adhatoda vasica

കുടുംബം             : Acanthaceae

കാണപ്പെടുന്ന പ്രദേശങ്ങൾ     : ഇന്ത്യ, ഇന്തോ- മലേഷ്യ

മലയാളിക്ക് സുപരിചിതമായ ഒരു കുറ്റിച്ചെടിയാണ് ആടലോടകം. ഔഷധസസ്യമെന്ന നിലയിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. പേര് കേൾക്കുമ്പോൾതന്നെ മനസ്സിൽ ഓടിയെത്തുന്നത് അതിന്റെ കയ്പുരസമാണ്. പുരാതനകാലം മുതൽ നിലനിൽക്കുന്നതും ഇന്ന് ഏറെ പ്രചാരം നേടിയതുമായ ആയർവേദചികിത്സയിൽ ഔഷധസസ്യങ്ങളുടെ പട്ടികയിൽ ആടലോടകത്തിനുള്ള സ്ഥാനം വളരെ വലുതാണ്.

ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് ആടലോടകം. ഇന്തോ-മലേഷ്യൻ രാജ്യങ്ങളിലും ഇതു കണ്ടുവരുന്നു. മിതശീതോഷ്ണ മേഖലകളിലാണ് സാധാരണ വ്യാപകമായ തോതിൽ ഇവ വളരുന്നത്. വിത്തു പാകിയും കൊമ്പ് മുറിച്ചു നട്ടും ആടലോടകത്തിൽ പുനരുൽപാദനം നടത്താം. മണ്ണിൽ നട്ട് കൊമ്പിൽ നിന്ന് പുതിയ വേരുകൾ കിളിർക്കുകയും അത് സസ്യത്തെ മണ്ണിൽ പിടിച്ചു നിർത്തുകയും ചെയ്യുന്നു.

നിത്യ ഹരിതസസ്യങ്ങളിലൊന്നായ ആടലോടകം ഏകദേശം ഒന്നര മീറ്റർ മുതൽ ആറ് മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ശാഖോപശാഖകളായി വളരുന്ന ഇതിന്റെ കാണ്ഡം ഉറപ്പുകൂടിയതായിരിക്കും. തണ്ടുകൾക്കിരുവശത്തുമായാണ് ഇലകൾ വിന്യസിച്ചിരിക്കുന്നത്. ഏകദേശം 20 സെന്റീമീറ്റർ നീളമുള്ള ഇലകൾ കടുംപച്ച നിറത്തിൽ കാണപ്പെടുന്നു. നല്ല മിനുസമുള്ള ഈ ഇലകളിൽ 14 ജോടിയോളം ഞരമ്പുകൾ കാണാൻ കഴിയും. ഇവക്ക് കയ്പുരസമായിരിക്കും. മണ്ണിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് മണ്ണിൽനിന്നും വളവും ജലാംശവും വലിച്ചെടുക്കാൻ പാകത്തിലുള്ള വേരുകളാണ് ആടലോടകത്തിന്റേത്. വേരിൽ ഉരുണ്ടു തടിച്ച ഗ്രന്ഥികൾ കാണാം. ഇലകളോടുകൂടിയ തണ്ടിന്റെ അഗ്രഭാഗത്തായാണ് പൂക്കൾ കണ്ടുവരുന്നത്. പൂക്കൾ ചുവപ്പ് കലർന്ന വെള്ളനിറത്തിലോ മഞ്ഞനിറത്തിലോ ആയിരിക്കും. തവിട്ടുനിറത്തോടുകൂടിയ രണ്ടോ അതിലധികമോ ഫലങ്ങൾ ഈ ചെടിയിൽ കാണാം. ഈ ഫലത്തിനുള്ളിലായാണ് ആടലോടകത്തിന്റെ വിത്ത് കാണപ്പെടുന്നത്.

ആടലോടകത്തിന്‍റെ തന്നെ മറ്റൊരു വിഭാഗമാണ് ചെറിയ ആടലോടകം അഥവാ ചിറ്റാടലോടകം. അഡറ്റോഡ ബെഡോമി എന്ന ശാസ്ത്രീയ നാമത്തിലാണിവ അറിയപ്പെടുന്നത്. ഇത് സംസ്ക്യതത്തില്‍ വൃഷ, വശ, അദൃശ്യസ്വേദ എന്നീ പേരുകളിലറിയപ്പെടുന്നു. വരണ്ട പ്രദേശത്തും പശിമയുളള മണ്ണിലും ഈ സസ്യം വളരുന്നു. ഇന്ത്യയിൽ കോയമ്പത്തുർ, കേരളം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ ഇത് ധാരാളമായി കണ്ടു വരുന്നുണ്ട്.

വലിയ ആടലോടകത്തില്‍നിന്ന്  ചിറ്റാടലോടകത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ഇലകളുടെ നിറവും വലിപ്പവുമാണ്‌. വെളുപ്പുകലര്‍ന്ന പച്ച നിറത്തിലുള്ള ചെറിയ ഇലകളാണ് ചിറ്റാടലോടകത്തിന്റേത്. ഉയരം ഏകദേശം 80 സെന്റിമീറ്റര്‍ വരും. വർഷാവസാനമാണ് ഇവയുടെ പൂക്കാലം. പോക്കല്‍ വെള്ള നിറത്തിലായിരിക്കും. ഫലങ്ങള്‍ കാപ്സ്യൂള്‍ രൂപത്തിലും. ആയുര്‍വ്വേദം, ഹോമിയോപ്പതി, നാട്ടുചികിത്സ, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സാരീതികളില്‍ ആടലോടകവം ചിറ്റാടലോടകവും ഉപയോഗിക്കുന്നു.

ആമ്പൽ

ഇംഗ്ലീഷ് നാമം         : വാട്ടർ ലില്ലി

സംസ്കൃതനാമം        : കുമുദ്, ഉൽപലം

ശാസ്ത്രീയനാമം        : Nymphaea odorata

കുടുംബം             : Nymphaeaceae

കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, അമേരിക്ക, ബ്രസീൽ

നിലാവിൽ കുളിച്ചുനിൽക്കുന്ന ആമ്പൽപ്പൊയ്കകളെ ആരാണ് ഒരുനിമിഷം നോക്കിനിൽക്കാത്തത്. ഭൂമിയിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണിത്. ചന്ദ്രനുദിക്കുന്ന നേരത്താണ് സാധാരണയായി ആമ്പൽ കൺതുറക്കുന്നത്. ആമ്പൽപൂ ചന്ദ്രന്റെ കാമുകിയാണെന്നാണ് കവിസങ്കൽപം. നയനമനോഹരമായ ഈ ആമ്പൽപ്പുവിന്റെ ജന്മദേശം അമേരിക്കയാണ്. ഇന്ത്യയിലും ഇത് വ്യാപകമായി കണ്ടുവരുന്നു.

ഏകദേശം 70ൽ പരം വർഗ്ഗങ്ങളുള്ള ചെറുസസ്യമാണ് ആമ്പൽ. ഇവയെ രാത്രിയിൽ വിരിയുന്നവ, ഉഷ്ണമേഖലയിൽ വളരുന്നവ, വർഷംതോറും വളരുന്നവ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഇലകൾ ഹ്യദയാകൃതിയിലാണ് കാണപ്പെടുന്നത്. ഇവ വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് വിന്യസിച്ചിരിക്കുന്നത്. ബലം കുറഞ്ഞ നീണ്ട തണ്ടുകളാണ് ആമ്പലിന്റേത്. പൂക്കൾ ഉണ്ടാവുന്നതും ഈ നീണ്ട തണ്ടുകളിലാണ്. ഇവയുടെ ഓരോ പൂവിനും ആറോ ഏഴോ ഇതളുകൾ ഉണ്ടായിരിക്കും. വയലറ്റ്, വെള്ള, റോസ് നിറങ്ങളിൽ ആമ്പൽപ്പൂക്കളെ കാണാം. പൂവിന്റെ മദ്ധ്യഭാഗത്തായി മഞ്ഞനിറത്തിൽ കേസരങ്ങൾ വിന്യസിച്ചിരിക്കുന്നു.

ഏറെ സുഗന്ധവാഹിയുമാണീ പൂക്കൾ. മെയ് -സെപ്തംബർ മാസങ്ങളിലാണ് ആമ്പൽപ്പൂക്കൾ കൂടുതലായി വിരിയുന്നത്. സൂര്യൻ അസ്തമിക്കുന്നതോടെ പൂക്കൾ വിടരുകയും പിറ്റേന്ന് ഉച്ചസമയമാവുമ്പോഴേക്കും കൂമ്പിയടയുകയും ചെയ്യും. ആമ്പലിന്റെ ഫലങ്ങളിൽ ധാരാളം വിത്തുകൾ അടങ്ങിയിരിക്കും. വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഫലം പാകമായശേഷം വെള്ളത്തിൽ പൊട്ടിവീണ് പുതിയ തൈകൾ ഉണ്ടാവുന്നു. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്താണ് ആമ്പൽ നന്നായി വളരുന്നത്. ആമ്പലിന്റെ ഇലകളിൽ ധാരാളം ഊർജം സംഭരിച്ചുവെക്കാനുള്ള കഴിവുണ്ട്. ആൺ-പെൺ പുഷ്പങ്ങൾ വെവ്വേറെ കാണപ്പെടുന്ന ഒരു ചെടിയാണ് ആമ്പൽ, വിടർന്നു നിൽക്കുന്ന ആമ്പൽപ്പുവിന്റെ സൗരഭ്യം വണ്ടുകളെയും പൂമ്പാറ്റകളെയും ഏറെ ആകർഷിക്കുന്നു. ഇവയാണ് ആമ്പൽപ്പൂവിലെ പ്രധാന പരാഗവാഹികൾ. കൂടാതെ വെള്ളത്തിൽ വളരുന്ന താറാവ്, കുളക്കാഴി തുടങ്ങിയ പക്ഷികൾ ആമ്പലിന്റെ കായ ഭക്ഷിക്കുന്നതിനാൽ അവയുടെ കാഷ്ടത്തിൽ കൂടിയും ആമ്പലിന്റെ പുനരുൽപാദനം സാധ്യമാകുന്നു.

ആമ്പലിന്റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ഇലകൾ, പൂക്കൾ, വേര്, വിത്ത് എന്നിവ ആഹാരമായി ഉപയോഗിക്കുന്നു. ആമ്പലിന്റെ തളിരിലകൾ സൂപ്പ് നിർമ്മിക്കാനും കറികളിൽ ചേർക്കാനും ഉപയോഗിക്കുന്നു. ഇവക്കെല്ലാം ഉപരിയായി ധാരാളം ഒൗഷധഗുണങ്ങളും ഈ സസ്യത്തിനുണ്ട്. ആമ്പലിന്റെ വേരുകളാണ് പ്രധാനമായും ഔഷധയോഗ്യം. ഈ വേരുകൾ വേദനസംഹാരിയായും അണുബാധ തടയുന്നതിനും പ്രധാനമായും ഉപയോഗിച്ചുവരുന്നു. കൂടാതെ തൊണ്ടയിലെ അസുഖങ്ങൾ, വയറിളക്കം, അതിസാരം, ഗോണേറിയ, തൊലിപ്പുറത്തെ അസുഖങ്ങൾ എന്നിവ അകറ്റാനും ഉത്തമ ഔഷധമാണ്. വേരുകൾ ഉപയോഗിച്ചുണ്ടാക്കുന്ന ലേപനം പൊള്ളൽ, കൈകളിലെ പുകച്ചിൽ, ട്യൂമർ എന്നിവ അകറ്റാനും ഉത്തമമത്രേ.

ആരോഗ്യപ്പച്ച

ശാസ്ത്രീയ നാമം       : Trichopus zeylanicus

കുടുംബം             : Trichopodaceae

കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ

ഉണർവും ഓജസും പകരുന്ന ഉന്മേഷത്തോടുകൂടിയ ജീവിതമല്ലേ ഏവരുടെയും ആഗ്രഹം. ഇതിനായി എന്തെല്ലാം വഴികളാണ് നാം അന്വേഷിച്ചു പോവുന്നത്. എന്നാൽ ഒരു ചെടി ഭക്ഷിച്ചാൽ പെട്ടെന്നു ഉന്മേഷവാനാകുമെന്ന് കേട്ടാലോ? എന്താ അൽഭുതം തോന്നുന്നുണ്ടോ? സത്യമാണിത്. ഇത്തരത്തിൽ ഉപയോഗപ്രദമായ ഒരു സസ്യമുണ്ട്. അതാണ് ആരോഗ്യപ്പച്ച. ആരോഗ്യപ്പച്ച എന്ന പേരിൽ നിന്നുതന്നെ ഇതിന്റെ പ്രധാന്യം നമുക്ക് മനസിലാക്കാം. ഉണർവും ഓജസും നൽകി ആരോഗ്യം പ്രദാനംചെയ്യുന്നത് എന്ന അർത്ഥത്തിലാണ് ഈ സസ്യത്തിന് ആരോഗ്യപ്പച്ച എന്ന പേര് ലഭിച്ചിരിക്കുന്നത്.

തെക്കെ ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ അഗസ്ത്യകൂടം പർവ്വതനിരകളിൽ സമ്യദ്ധമായി കാണപ്പെടുന്ന ഈ സസ്യം ഒരു അപൂർവ്വ ഔഷധമായാണ് കരുതുന്നത്. ആദ്യമായി ഈ സസ്യത്തെ കണ്ടെത്തിയത് ചില നാവികരായിരുന്നുവത്രേ. ഇതിന്റെ ഗുണഗണങ്ങൾ തിരിച്ചറിഞ്ഞ് ശാസ്ത്രജ്ഞന്മാർ ആരോഗ്യപച്ചയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കാട്ടിലേക്കു പോയി. ആദിവാസി വിഭാഗക്കാർ ആരോഗ്യപ്പച്ചയുടെ പഴങ്ങൾ കഴിക്കുന്നത് ഇവർ കാണാനിടയായി, പഴങ്ങൾ കഴിച്ചവർ കൂടുതൽ ഉന്മേഷവാൻമാരായി കാണപ്പെട്ടുവത്രേ. അതോടെ ഈ ആരോഗ്യദായിനിക്ക് ആരോഗ്യപ്പച്ച എന്ന പേരും നൽകി. ട്രൈക്കോപൊഡാസ് കുടുംബത്തിൽപ്പെട്ട ആരോഗ്യപ്പച്ച ഒരു ചെറുസസ്യമായിട്ടാണ് കണ്ടുവരുന്നത്. ചില സ്ഥലങ്ങളിൽ വള്ളിയായും ഇതു വളരുന്നുണ്ട്. കടുത്ത പച്ച നിറത്തിലുള്ള ഇലകളാണ് ആരോഗ്യപ്പച്ചയുടേത്. പൊതുവെ ഉയരം കുറഞ്ഞ ഈ സസ്യത്തിന് സാമാന്യം വീതി കൂടിയ ഇലയാണ് ഉണ്ടാവുക. വെറ്റിലയോട് സാമ്യം തോന്നിക്കുന്ന ഇലകളിൽ ഞരമ്പുകൾ വ്യക്തമായി കാണാവുന്നതാണ്. ഇവയുടെ ഇലഞെട്ടുകളാവട്ടെ പച്ചകലർന്ന തവിട്ടുനിറത്തിലായിരിക്കും. ആരോഗ്യപ്പച്ച ഏകദേശം ഒരു മീറ്റർ വരെ ഉയരം വെക്കാറുണ്ടെങ്കിലും പാറയിടുക്കുകളിൽ വളരുമ്പോൾ ഉയരം നന്നേ കുറവായിരിക്കും. പടർന്നുകിടക്കുന്ന ഈ ചെടിയുടെ വേര് അധികം ആഴത്തിൽ വളരാറില്ല.

ആരോഗ്യപ്പച്ചയുടെ പൂക്കൾക്ക് നക്ഷത്രാകൃതിയാണുണ്ടാവുക. ഒരു ഞെട്ടിൽ ഒന്നോ രണ്ടോ പൂവുകള്‍ മാത്രമേ കാണാറുള്ളൂ. ചെടിയുടെ തണ്ടിൽ ഇലകൾക്കിടയിൽ കാണുന്ന നീളമുള്ള ഞെട്ടുകള്‍ക്ക് മുകളിലായാണ് പൂക്കൾ കാണാറുള്ളത്. അഞ്ചിതളോടുകൂടിയ പൂക്കൾ ചുവപ്പുകലർന്ന വെള്ളനിറത്തിലോ പിങ്ക് നിറത്തിലോ ആയിരിക്കും.

എല്ലാഭാഗങ്ങളും ഔഷധയോഗ്യമായ ഈ സസ്യം കൂടുതലായി ഉപയോഗിക്കുന്നത് ആയുര്‍വേദ ചികിത്സയിലാണ്. കാട്ടുജാതിക്കാരുടെ ഏറ്റവും നല്ല ഒറ്റമൂലികൂടിയാണ് ആരോഗ്യപ്പച്ച. ഗുരുതരമായ നിരവധി രോഗങ്ങൾ ഇതുപയോഗിച്ച് ഭേദമാക്കിയതായി സാക്ഷ്യപ്പെടുത്തുന്നു. ചിലതരം ലേപനങ്ങളുടെ നിര്‍മാണത്തിനും ഇവ ഉപയോഗിക്കാറുണ്ട്.

ആരോഗ്യപ്പച്ച ഉപയോഗിച്ച് ജീവനി എന്ന ഔഷധം വികസിപ്പിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഇത് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഉൽപന്നമാണ്. വിദേശനാണ്യം നേടിത്തരുന്നതിനും ആരോഗ്യപ്പച്ച പ്രധാന പങ്കുവഹിക്കുന്നു. ആരോഗ്യപ്പച്ചയുടെ കൂടുതൽ പ്രാധാന്യം അറിയുന്നതിനായി ശാസ്ത്രജ്ഞര്‍ പഠനം നടത്തികൊണ്ടിരിക്കുകയാണ്.

ആവണക്ക്

ഇംഗ്ലീഷ് നാമം         : കാസ്റ്റർ

ഹിന്ദി നാമം          : അരന്ത്‌, റെന്ദി

ശാസ്ത്രീയനാമം        : Ricinus communis

കുടുംബം             : Euphorbiaceae

കാണപ്പെടുന്ന പ്രദേശങ്ങൾ     : വടക്കുകിഴക്ക് ആഫ്രിക്ക, യൂറോപ്പ്, ഇന്ത്യ, ചൈന, ബ്രസീൽ.ഔഷധമൂല്യമുള്ള ഒരു കുറ്റിച്ചെടിയാണ് ആവണക്ക്. ആവണക്കിൽനിന്നും ഉൽപാദിപ്പിക്കുന്ന എണ്ണ പണ്ടുകാലം മുതൽക്ക് ആയുർവ്വേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിച്ചുവരുന്നു. വടക്കുകിഴക്കൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാപദേശമാണ് ആവണക്കിന്റെ ജന്മസ്ഥലം. ഇന്ത്യയിൽ ഹിമാലയൻ താഴ്വരകളിലാണ് ആവണക്ക് കൂടുതലായും കണ്ടുവരുന്നത്. 2000 ബി.സി മുതൽ ഇന്ത്യയിൽ ആവണക്കെണ്ണ ഉപയോഗിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.

ഇതൊരു ഏകജാതിസസ്യമാണ്. വളരുന്ന സാഹചര്യവും ചുറ്റുപാടും അനുസരിച്ച് ചെടിയുടെ വലുപ്പത്തിൽ വ്യത്യാസം കാണാറുണ്ട്. ഉഷ്ണമേഖലാ പ്രദേശത്ത് ഈ ചെടി ഏകദേശം 10 മുതൽ 13 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. കൈകളുടെ ആക്യതിയിലുള്ള ഇതിന്റെ ഇലകൾ കടുംപച്ചനിറത്തിൽ മ്യദുലമായിരിക്കും. ധാരാളം പൂക്കളടങ്ങിയ പൂങ്കുലകൾ ആവണക്കിനുണ്ട്. കാണ്ഡത്തിന്റെ മുകൾഭാഗത്താണ് ചെറുതും പച്ച കലർന്ന മഞ്ഞനിറത്തിലുമുള്ള പൂക്കളുണ്ടാവുന്നത്. ഒരു ചെടിയിൽ ആൺ-പെൺ പുഷ്പങ്ങൾ വെവ്വേറെ കാണപ്പെടുന്നു. ഇതിൽ പെൺപുഷ്പങ്ങൾ തണ്ടിന്റെ മുകൾഭാഗത്തും ആൺപുഷ്പങ്ങൾ അതിനു താഴെയുമാണുണ്ടാവുക. പെൺപുഷ്പങ്ങൾ ചുവപ്പുകലർന്ന കാപ്പിനിറത്തിൽ കാണപ്പെടുന്നു. ശലഭങ്ങളെയും വണ്ടുകളെയും ചെറുപ്രാണികളെയും ആകർഷിക്കുവാൻ ഈ പൂക്കൾക്ക് കഴിയും, ഭംഗിയേറിയ കവചരൂപത്തിലുള്ള ഇതിന്റെ ഫലത്തിനുള്ളിൽ മൂന്ന് വിത്തുകൾ ഉണ്ടാകും. ഇവ മാരകവിഷമാണ്. വിത്തു വഴി ചെടിയിൽ പുനരുൽപാദനം നടക്കുന്നു.

നന്നായി സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളിൽ സമൃദ്ധമായി വളരുന്ന സസ്യമാണ് ആവണക്ക്. വളരെ പെട്ടെന്ന് മുളയ്ക്കുന്നവയാണ് ആവണക്കിൻ വിത്തുകൾ. ചെടിയുടെ വളർച്ച സുഗമമാക്കുന്നതിന് വിത്ത് 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് നട്ടാൽ മതി. ആവണക്കിൻ കുരുവിൽ നിന്നാണ് ഏറെ ഔഷധമൂല്യമുള്ള ആവണക്കെണ്ണ ഉൽപാദിപ്പിക്കുന്നത് എന്ന് സൂചിപ്പിച്ചല്ലോ. ഇവ പലതരത്തിൽ ഉപയോഗപ്രദമാണ്. ഔഷധമായും പെയിന്റ്, വാർണിഷ് എന്നിവയിൽ അയവു വരുത്തുന്ന പദാർത്ഥമായും ആവണക്കെണ്ണ ഉപയോഗിച്ചുവരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ചൈനക്കാരും ആവണക്കിനെ ഔഷധമായി കണ്ടിരുന്നു. ചരിത്രകാരനായ ഹെറഡോട്ടസും മറ്റു ഗ്രീക്ക് സഞ്ചാരികളും ആവണക്കെണ്ണയെ ശരീരത്തിൽ പുരട്ടാനും വിളക്ക് കത്തിക്കാനും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. യൂറോപ്പിലും ആവണക്ക് ഔഷധമായി ഉപയോഗിച്ചിരുന്നുവത്രേ. ആവണക്കിന്റെ വിത്തിൽ ഏകദേശം മൂന്ന് ശതമാനം വരെ റൈസിൻ എന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ റൈസിൻ രക്തം കട്ടപിടിക്കാൻ കാരണമാകുന്നു.

വർഷത്തിൽ ഒരു ദശലക്ഷം ടൺ വരെയാണ് ആഗോളതലത്തിൽ ആവണക്കിന്റെ വിത്തുൽപാദനം. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവിൽ കൂടുതൽ വിത്തുൽപാദനം നടക്കുന്നത്. ആവണക്കിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ജൈവ ഡീസൽ നിർമ്മാണത്തിന് ഇതിന്റെ വിത്ത് ഉപയോഗിക്കുന്നു.

ഇഞ്ചി

ഇംഗ്ലീഷ്നാമം              : ജിഞ്ചര്‍

ഹിന്ദിനാമം           : സിന്തി

സംസ്കൃതനാമം        : ആർദ്രക

മറ്റു പേരുകൾ         : ചുക്ക്

ശാസ്ത്രീയ നാമം       : Zingiber officinale

കുടുംബം             : Zingiberaceae.

കാണപ്പെടുന്ന പ്രദേശങ്ങൾ : ചൈന, ഇന്ത്യ, ആഫ്രിക്ക, കരീബിയ

ധാരാളം സവിശേഷഗുണങ്ങൾ ഉള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ചരിത്രാതീതകാലം മുതൽ തന്നെ ഇതിന്റെ പ്രത്യേകതകൾ മനുഷ്യർ മനസ്സിലാക്കിയിരുന്നു. ഇന്ത്യയിലെ പ്രധാന സുഗന്ധവ്യഞ്ജന വിളയാണിത്. ഇഞ്ചിയുടെ ഉൽഭവം ചൈനയിലാണെന്ന് പറയപ്പെടുന്നു. പിന്നീടത് ഇന്ത്യ, പടിഞ്ഞാറൻ ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ പ്രധാന കയറ്റുമതി ഉൽപന്നങ്ങളിൽ ഒന്നാണ് ഇഞ്ചി. ഏകദേശം 50 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന ചെറുസസ്യമാണ് ഇഞ്ചി. ഇവയുടെ നീണ്ട ഇലകൾ തായ്ത്തടിക്കുമേൽ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇഞ്ചിച്ചെടിയുടെ വേരുൾപ്പെടുന്ന ഭാഗമാണ് ഉപയോഗയോഗ്യം. ഈ കാണ്ഡഭാഗമാണ് പുനരുൽപാദനത്തിന് ഉപയോഗിക്കുന്നത്. മിതോഷ്ണമേഖലയാണ് ഇഞ്ചിക്ക്യഷിക്ക് കൂടുതൽ അനുയോജ്യം. ഏപ്രിൽ, മെയ് മാസങ്ങളിൽ വിത്ത് നടുന്നതാണുത്തമം. വിത്ത് മുളച്ച് വളരുന്നതിനനുസരിച്ച് വളങ്ങൾ ചേർത്തു കൊടുക്കണം.

ഇഞ്ചിയിൽ ധാരാളം ഔഷധം അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിച്ചല്ലോ. ഇവക്ക് ഔഷധഗുണവും സുഗന്ധവും പ്രദാനം ചെയ്യുന്നത് സെസ്ക്വിറ്റര്‍പെനോയ്ഡ്സ് (Sesquiterpenoids) സിൻജിബേറെൻ (Zingiberene) എന്ന രാസഘടകങ്ങളാണ്. വേവിച്ച ഇഞ്ചിയിൽനിന്ന് സിങ്കരോൺ (Zingerone) എന്ന രാസഘടകം വേർതിരിച്ചെടുക്കുന്നു. ഇഞ്ചി ഉണക്കിപ്പൊടിച്ച് ഗുളികരൂപത്തിൽ ഉപയോഗിക്കുന്നത് വിവിധതരം രോഗങ്ങൾക്ക് പ്രതിവിധിയാണ്. ഇഞ്ചി ചതച്ച് കുഴമ്പുരൂപത്തിലാക്കിയത് തലവേദന ശമിപ്പിക്കാൻ ഉത്തമമത്രേ, ദഹനത്തിനും സന്ധികളുടെ വേദന അകറ്റാനും ഇഞ്ചി ഉത്തമമാണ്. ഹൃദയസംബന്ധമായ രോഗങ്ങൾക്കുപോലും ഇഞ്ചി ഫലപ്രദമാണെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഇവ ആന്റിബാക്ടീരിയ, സഡേറ്റീവ്, എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. ദഹനക്കേടിനും ശരീരത്തിലുണ്ടാവുന്ന വ്രണങ്ങളും ചൊറിച്ചിലും മാറ്റുന്നതിനും ഇഞ്ചിയുടെ സത്ത് ഉപയോഗിക്കാറുണ്ട്.

ഔഷധഗുണമുള്ള ഇഞ്ചിച്ചായയെക്കുറിച്ച് കേട്ടിട്ടില്ലേ? ഇതു കൂടാതെ പലതരത്തിലുള്ള ഇഞ്ചി മിഠായികളും വിപണിയിൽ സുലഭമാണ്. കേക്ക്, ബിസ്കറ്റ് തുടങ്ങിയവയുടെ നിർമ്മാണത്തിനും ഇഞ്ചി ഉപയോഗിക്കാറുണ്ട്. മദ്യത്തിലും ഇഞ്ചി ചേർക്കാറുണ്ടത്രെ. ഇഞ്ചി ചേർത്ത് കാന്റൺ (Canton) എന്ന പേരിൽ ഒരു മദ്യം തന്നെ ചൈനയിൽ നിർമ്മിക്കുന്നുണ്ട്, ബർമ്മയിൽ സലാഡിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ചേരുവയാണ് ഇഞ്ചി. ഇന്ത്യയിലാകട്ടെ ഓരോ വിഭവങ്ങൾക്കും ഇഞ്ചി അത്യന്താപേക്ഷിതമാണ്. ഔഷധമെന്നതിലുപരി കേരളീയ ഭക്ഷണത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ചേരുവയാണ് ഇഞ്ചി. പ്രധാനമായും മത്സ്യമാംസങ്ങളുപയോഗിച്ചുള്ള വിഭവങ്ങളിൽ. 1000 കറികൾക്ക് തുല്യമാണ് ഒരു ഇഞ്ചിക്കറി എന്നാണ് മലയാളിയുടെ പഴമൊഴി. ഏഷ്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഇഞ്ചിയുടെ പൂക്കളും ഭക്ഷ്യയോഗ്യമാക്കാറുണ്ട്. വേവിച്ച ഇഞ്ചിയിൽനിന്നും നിർമ്മിക്കുന്ന ഒരുതരം ലായനി പനി ശമിപ്പിക്കാൻ നാട്ടുവൈദ്യത്തിലെ പൊടിക്കൈ ആണ്. ഇങ്ങനെ ഔഷധദായകമായും ഭക്ഷണ ചേരുവയായും സുഗന്ധവ്യഞ്ജനമെന്നനിലയിലും ഇഞ്ചി ചെറുസസ്യങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്നു.

ഇരട്ടിമധുരം

ഇംഗ്ലീഷ് നാമം         : ലിക്വറൈസ്

ഹിന്ദിനാമം           : മുൽഹത്തി

സംസ്കൃതനാമം        : യാഷ്ടി

ശാസ്ത്രീയനാമം        : Glycyrrhiza glabra

കുടുംബം             : Fabaceae

കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, സ്പെയിൻ, ഇറാൻ, റഷ്യ, ചൈന, ഇറ്റലി

പേരിലെ മാധുര്യം ഗുണത്തിലും പ്രകടിപ്പിക്കുന്ന കുറ്റിച്ചെടിയാണ് ഇരട്ടിമധുരം. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ ഔഷധഗുണം തെളിയിച്ച ഇരട്ടിമധുരത്തിന്റെ ഉപയോഗത്തെക്കുറിച്ച് ആയുർവ്വേദാചാര്യന്മാർ പല ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. ഈ ഔഷധമൂല്യം കൊണ്ടുതന്നെയാണ് ഇവ ഇത്രയേറെ പ്രശസ്തിയാർജിച്ചതും. ഉഷ്ണമേഖലാ ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇരട്ടിമധുരത്തിന്റെ ജന്മസ്ഥലം ഇന്ത്യയും യൂറോപ്പിന്റെ വടക്കു ഭാഗങ്ങളുമാണ്. ഇന്നിവ സ്പെയിൻ, ഇറാൻ, റഷ്യ, ചൈന, ഇറ്റലി എന്നീ രാജ്യങ്ങളിൽ വ്യാപകമായി കണ്ടുവരുന്നു.

ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് ഇരട്ടിമധുരം. ബലമേറിയ തണ്ടുകൾക്ക് സമ്മുഖമായി ഇലകൾ വിന്യസിച്ചിരിക്കുന്നു, അണ്ഡാകൃതിയിലുള്ള ഇലകൾ മിനുസമേറിയവയായിരിക്കും. പൂക്കൾ കുലകളായി കാണപ്പെടുന്നു. ഓരോ കുലയിലും പത്തോളം പൂക്കൾ ഉണ്ടാകും. വെളുപ്പ് കലർന്ന നീല നിറത്തിലാണ് പൂക്കൾ കാണപ്പെടുന്നത്. ജൂൺ-ജൂലായ് മാസങ്ങളാണ് ഇവയുടെ പൂക്കാലം. കട്ടി കുറഞ്ഞ പുറന്തോടോടു കൂടിയ ഫലങ്ങളായിരിക്കും. ഫലത്തിനുള്ളിലായി അനകം വിത്തുകളും കാണപ്പെടുന്നു. ഈ വിത്തുകൾ വഴിയാണ് ചെടിയുടെ പുനരുൽപ്പാദനം നടക്കുന്നത്. ഇരട്ടിമധുരച്ചെടിയുടെ വേരുകളാണ് ഇന്ന് വിപണിയിൽ ഇരട്ടിമധുരം എന്നപേരിൽ ലഭ്യമാവുന്ന ഔഷധം.

മണൽനിറഞ്ഞ മണ്ണാണ് ഇരട്ടിമധുരത്തിന് വളരാൻ അനുയോജ്യം. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്തെ ഇവ വളരൂ. നട്ടുകഴിഞ്ഞ് രണ്ടോ മൂന്നോ വർഷത്തിനു ശേഷമാണ് വിളവെടുപ്പ് നടക്കുന്നത്.

ഇരട്ടിമധുരത്തിന്റെ ഓരോ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. വേരുകൾ ഉണക്കിപ്പൊടിച്ചത് മധുരപലഹാരങ്ങൾ, മിഠായി, ഐസ്ക്രീം, മധുരപാനീയങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്. ഉണക്കിയ വേരുകള്‍ ചവയ്ക്കുന്നത് പല്ലുകൾക്ക് തിളക്കവും ആരോഗ്യവും പ്രദാനംചെയ്യുന്നു. വിശപ്പ് ശമിക്കാൻ ഇരട്ടിമധുരം ഉപയോഗിച്ചു നിർമ്മിച്ച ചായ കുടിക്കുന്നത് ഉത്തമമത്രേ. ഇവയുടെ വേരുകൾ പച്ചയോടെ ഭക്ഷിക്കുന്നവരുമുണ്ട്. സ്വരം നന്നാക്കാൻ വേണ്ടി ഗായകർ ഇരട്ടിമധുരം കഴിക്കാറുണ്ട്. ലഹരിപാനീയങ്ങൾ നിർമ്മിക്കാനും ഇരട്ടിമധുരം ഉപയോഗിക്കുന്നു. ഇറ്റലി, സിറിയ എന്നീ രാജ്യങ്ങളിൽ ഇരട്ടിമധുരം ഉപയോഗിച്ച് അനേകം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. സിറിയക്കാർ ചായ ഉണ്ടാക്കാനാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്.

ഒട്ടേറെ ഔഷധ ഗുണമുള്ള ഒരു കുറ്റിച്ചെടിയാണ് ഇരട്ടിമധുരമെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഇവ ശരീരത്തിലെ അധിവ്യക്കാ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഹോർമോണുകളുടെ ഉൽപ്പാദനം ത്വരിതമാക്കാൻ സഹായിക്കുന്നു. പണ്ടുകാലം മുതൽക്ക ഇവ ആസ്ത്മ, മലേറിയ ആമാശത്തിലുണ്ടാവുന്ന വ്രണം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രവും ഇവ ഫലപദമാക്കുന്നുണ്ട്. കഫ് സിറപ്പുകൾ നിർമ്മിക്കുന്നതിന് ഇരട്ടിമധുരം വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. ഇവയിൽ നിന്നും ലഭിക്കുന്ന വെളുത്തകറ ചിക്കൻ പോക്സ്, കണ്ണുരോഗം എന്നിവക്ക് ഉത്തമ ഔഷധമാണ്. ആമാശയരോഗങ്ങൾക്കും ഗ്രഹണി മാറ്റുന്നതിനും പൊള്ളലകറ്റുന്നതിനും ഇവ ഏറെ ഉപകാരപ്രദമത്രേ. ഇങ്ങനെ ഏറെ ഔഷധഗുണങ്ങളുള്ള കുറ്റിച്ചെടിയാണ് ഇരട്ടിമധുരം.

ഉമ്മം

ഇംഗ്ലീഷ് നാമം         : സ്ട്രാമോണിയം

ഹിന്ദിനാമം           : ധതുര

സംസ്കൃതനാമം        : ധതുര, ദേവിക, ഉമ്മത്ത

ശാസ്ത്രീയനാമം        : Datura stramonium

കുടുംബം             : Solanaceae

കാണപ്പെടുന്ന പ്രദേശങ്ങൾ     : ഇന്ത്യ, മധ്യ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ

പുരാതനകാലം മുതൽ പ്രചാരം നേടിയ ഒരു ചെറുസസ്യമാണ് ഉമ്മം. ഈച്ചെടിയിൽ നിന്നുമെടുക്കുന്ന ലഹരിപദാർത്ഥം ഇതിന്റെ പ്രചാരത്തിന് മുഖ്യ കാരണമായി. കൂടാതെ ആഭിചാരക്രിയകൾക്കും വിശുദ്ധകർമ്മങ്ങൾക്കും ഒരു പോലെ ഉപയോഗിക്കുന്ന പാവനസസ്യമായും ഉമ്മത്തെ കണക്കാക്കുന്നു. ഹൈന്ദവ സന്യാസിമാർ ഉമ്മത്തെ ആത്മീയകാര്യങ്ങൾക്കുവേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ഉമ്മത്തിന്റെ ഉൽഭവത്തെക്കുറിച്ച് ശരിയായ നിഗമനത്തിൽ എത്തിച്ചേരാൻ സാധിച്ചിട്ടില്ലെങ്കിലും അമേരിക്കയിലും ഇന്ത്യയിലും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് ഉമ്മം കാണപ്പെട്ടത് എന്നു കരുതുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിൽ ഉമ്മം ധാരാളമായി കണ്ടുവരുന്നു.

വിദേശരാജ്യങ്ങളിൽ ജിംസൺ വീഡ്, ഗിപ്സം വീഡ് ഏഞ്ചൽ ട്രംറ്റ്, ഹെൻസ് ബൈൽറ്റി എന്നും വളരെ വിരളമായി ജയിംസ് ടൗൺ വീഡ് എന്നും ഉമ്മത്തെ വിളിക്കാറുണ്ട്. വിർജീനിയയിലെ ജെയിംസ് ടൗൺ എന്ന ചെറുപട്ടണത്തിൽ നടന്ന ബാക്കൺ വിപ്ലവത്തിൽ സൈനികരുടെ പരാജയകാരണം ഉമ്മത്തിന്റെ ഉപയോഗമായിരുന്നത്രേ. ഇതുമായി ബന്ധപ്പെടുത്തിയാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഉമ്മത്തിന് മേൽപ്പറഞ്ഞ പേര് വന്നത്. ഏകദേശം 15 മുതൽ 30 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഉമ്മത്തിന്റെ ഇലകൾ വലുതും ഓക്കുമരത്തിന്റെ ഇലകളോട് സാമ്യമുള്ളവയുമാണ്. ഏകവർഷിയായ ഇവയുടെ ഇലകൾ പച്ചനിറത്തിൽ കാണപ്പെടുന്നു. സാമാന്യം വലിപ്പത്തിൽ പുകക്കുഴലിന്റെ ആകൃതിയിലുള്ള പൂക്കളാണ് ഉമ്മത്തിന്. ഈ പൂക്കള്‍ക്ക് വെളുത്ത നിറമായിരിക്കും. ചിലപ്പോൾ ഇവ നീലലോഹിതവർണത്തിലും കാണപ്പെടുന്നു. ഏകമായാണ് ഉമ്മത്തിന്റെ പൂക്കൾ കാണപ്പെടുന്നത്. കശുവണ്ടിയുടെ വലിപ്പത്തിൽ മുട്ടയുടെ ആകൃതിയിലാണ് ഉമ്മത്തിന്‍റെ ഫലങ്ങൾ രൂപപ്പെടുന്നത്. ഇത് മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കും. ഫലങ്ങൾ മൂപ്പെത്തുന്നതോടെ മഞ്ഞയായും ചാരനിറമായും മാറും. ഫലത്തിൽ ഒട്ടേറെ വിത്തുകളും അടങ്ങിയിട്ടുണ്ട്.

ക്ഷാരഗുണമുള്ള മണ്ണിൽ പെട്ടെന്ന് വളർന്നുവരുന്ന ഒരു ചെറുസസ്യമാണ് ഉമ്മം. എന്നാൽ ഈർപ്പമുള്ള മണ്ണ്  ഇവയുടെ വളർച്ചയ്ക്ക് അനുയോജ്യമല്ല. അതുകൊണ്ടുതന്നെ വഴിയോരങ്ങളിലും ക്യഷിയിടങ്ങളിലും തരിശുഭൂമിയിലും ഉമ്മം നന്നായി വളരുന്നു. കുറ്റിച്ചെടിയാണെങ്കിലും ചിലപ്പോൾ വ്യക്ഷമായും ഉമ്മം കാണപ്പെടാറുണ്ട്. ലോകത്ത് ഇന്നു കാണപ്പെടുന്ന 15 വർഗ്ഗങ്ങളിൽ 10 എണ്ണവും ഇന്ത്യയിലാണ് ജന്മം കൊണ്ടത്. വ്യത്യസ്ത ആള്‍ക്കലോയ്ഡ്കള്‍, മെറ്റിലോയ്ടുകള്‍ എന്നിവ ഈ ചെടിയില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍നിന്നുമെടുക്കുന്ന സ്ട്രമോണിയം എന്നാ ഘടകം പണ്ടുകാലം മുതലേ മരുന്നായി പരിഗണിച്ചു വരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും ആഭിചാരകർമ്മങ്ങൾക്കും തൈലം ലേപനങ്ങൾ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും ഉമ്മം ഉപയോഗിച്ചുവരുന്നു. ഇതില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ലേപനം പൊള്ളല്‍, മൂലക്കുരു, കൈകാലുകളിലെ മുഴകള്‍ എന്നിവക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ്. നിരവധി ഔഷധഗുണങ്ങളുണ്ടെങ്കിലും ഉമ്മത്തെ പ്രധാനമായും പേപ്പട്ടി വിഷഹാരിയായാണ് ആയുർവേദം പരിഗണിക്കുന്നത്. അതുകൊണ്ട്തന്നെ വൈദ്യശാസ്ത്രരംഗത്ത് ഒഴിച്ചുകൂടാനാവാത്ത അമൂല്യ ഔഷധസസ്യമായി ഉമ്മത്തെ കണക്കാക്കുന്നു. എന്നാല്‍ ഇവയുടെ അമിതോപയോഗം ശരീരത്തിന് ദോഷമായും ബാധിക്കാറുണ്ട്.

ഉലുവ

ഇംഗ്ലീഷ് നാമം             : ഫെനു ഗ്രീക്ക്

ഹിന്ദി നാമം               : മട്ടി

സംസ്കൃതനാമം             : മേഥിക

ശാസ്ത്രീയനാമം             : Trigonella foenum graecum

കുടുംബം                 : Fabaceae

കാണപ്പെടുന്ന പ്രദേശങ്ങൾ          : യൂറോപ്പ്, ഏഷ്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ചെറുസസ്യമാണ് ഉലുവ. യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വളരുന്ന ഉലുവയുടെ കാണ്ഡം ബലമേറിയതാണ്. ഇവ തവിട്ടുനിറത്തിലും ചിലത് പച്ച നിറത്തിലുമായിരിക്കും. ഒരു ഇലയിൽ മൂന്ന് പത്രികകൾ വീതം ക്രമീകരിച്ചിരിക്കുന്ന ശാഖാഗ്രങ്ങളിലായാണ് പൂക്കൾ കാണപ്പെടുന്നത്. ഇവ ചെറുതും മഞ്ഞകലർന്ന ചന്ദനനിറത്തിലുമായിരിക്കും. ഇവ സുഗന്ധവാഹികളാണ്. ശാഖകൾക്കിടയിൽ പയറിന്റെ പുറന്തോടിന്റെ ആകൃതിയിൽ ഫലം രൂപപ്പെടുന്നു. ഇവക്കുള്ളിലായി കാണപ്പെടുന്ന വിത്താണ് ഉലുവ. ഇവ ദീർഘചതുരാകൃതിയിൽ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. വിത്തിന് ചെറിയൊരു വിള്ളലും കാണാൻ കഴിയും. വിത്ത് നടുമ്പോൾ ഈ വിള്ളലുള്ള ഭാഗത്തുനിന്നാണ് മുളകൾ പൊട്ടുന്നത്. കാഠിന്യമേറിയതാണ് ഉലുവ വിത്തുകൾ. ജൂൺ മുതൽ ആഗസ്ത് വരെയാണ് ഉലുവയുടെ പൂക്കാലം.

എല്ലാതരം മണ്ണിലും വളരുന്ന ചെറുസസ്യമായ ഉലുവയ്ക്ക് അമ്ലഗുണമുള്ള മണ്ണാണ് ഏറെ അനുയോജ്യം. നല്ല സര്യപ്രകാശവും ജലലഭ്യതയും ഉലുവച്ചെടിക്ക് അത്യന്താപേക്ഷിതമാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ വളർച്ചയ്ക്ക് ഏറെ അഭികാമ്യം. തണുപ്പുള്ള പ്രദേശങ്ങളിൽ വളർത്തുന്ന ഉലുവച്ചെടിയിൽ വിളവെടുപ്പ് പ്രയാസകരമായിരിക്കും. സാധാരണയായി ഇടവിട്ട കാലങ്ങളിലാണ് വിത്തുൽപാദനം നടക്കുന്നത്. ഈ കാലഘട്ടത്തിൽ ധാരാളം കീടങ്ങളും ചെടിയെ ആക്രമിക്കാറുണ്ട്. മതിയായ അളവിലുള്ള കീടനാശിനി പ്രയോഗം കീടാക്രമണത്തിൽ നിന്നും ചെടിയെ സംരക്ഷിക്കുന്നു, വിത്ത് 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം നടുന്നതാണ് ഉത്തമം. വെളളവുമായി സമ്പർക്കത്തിലാവുമ്പോൾ ഉലുവയ്ക്ക് കൊഴുപ്പുസ്വഭാവം അനുഭവപ്പെടാറുണ്ട്.

ഇന്ത്യ ശീലങ്ക തുടങ്ങിയ ചില രാജ്യങ്ങളിലെല്ലാം ഉലുവ നേരിട്ട് ഭക്ഷ്യയോഗ്യമാക്കുന്നു. കറികൾക്ക് രുചി കൂട്ടുന്നതിന് ഉത്തമ ചേരുവയാണ് ഉലുവ. ഉലുവ വറുത്തിട്ട കറികളുടെ രൂചി പ്രത്യേകം പരാമർശിക്കണ്ടതില്ലല്ലോ. കൂടാതെ ഗരം മസാലപ്പൊടികളിലെ പ്രധാന ചേരുവയായും അച്ചാറ് നിർമ്മിക്കാനും ഉലുവ ഉപയോഗിക്കാറുണ്ട്. മത്സ്യക്കറികളിലേയും ഒരു പ്രധാന ചേരുവയാണ് ഉലുവ. ഉലുവയുടെ ഇലകളും കറികളുടെ രുചി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. ഇന്ത്യയിൽ തന്നെ വറുത്ത ഉലുവ ഉണക്കിപ്പൊടിച്ച് ചായ ഉണ്ടാക്കാറുണ്ട്. ഭക്ഷ്യാവശ്യങ്ങൾക്കുപരിയായി ഉലുവക്ക് ധാരാളം ഔഷധഗുണങ്ങളുമുണ്ട്. ഉലുവയുടെ കടുത്തഗന്ധം മദ്യനിർമ്മാണത്തിന് യോജിച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുലപ്പാല്‍ വർദ്ധിപ്പിക്കാനും ഉലുവ ഉത്തമമാണത്രേ. ശരീരത്തിലുണ്ടാവുന്ന പഴുപ്പ്, തീപ്പൊള്ളൽ, മുറിവ് എന്നിവക്ക് ശമനം വരുത്താനും ഉലുവ നല്ലതാണ്. അൾസർ അകറ്റാൻ പുരാതന ഈജിപ്തുകാർ ഉലുവ ഔഷധമായി ഉപയോഗിച്ചിരുന്നു. ഉലുവ അരച്ച് പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ചർമ്മങ്ങൾക്ക് മൃദുലത ലഭിക്കാനും ഉലുവ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഒട്ടേറെ പ്രത്യേകതകളും ഗുണങ്ങളും ഉള്ള ചെറുസസ്യമാണ് ഉലുവ.

ഉള്ളി

ഇംഗ്ലീഷ് നാമം         : ഒനിയൻ

ഹിന്ദിനാമം           : പ്യാജ്

ശാസ്തീയനാമം        : Allium cepa

കുടുംബം             : Liliaceae

കാണപ്പെടുന്ന പ്രദേശങ്ങൾ : എഷ്യ, അമേരിക്ക, യൂറോപ്പ്

പണ്ടുകാലം മുതൽക്കേ ഈജിപ്തുകാർ ആരാധിച്ചിരുന്ന ഒരു ചെറുസസ്യമായിരുന്നു ഉള്ളി. അത്ഭുതപ്പെടേണ്ട ഇത് സത്യമാണ്. ഈജിപ്തുകാരുടെ വിശ്വാസപ്രകാരം ഉള്ളി അനശ്വരതയുടെ പ്രതീക്മാണ്. ഉള്ളിയുടെ കിഴങ്ങിലുള്ള വലയങ്ങൾ അലൗകികമായ ജീവിതത്തെയാണത്രേ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈജിപ്തുകാർ തങ്ങളുടെ ശവക്കല്ലറയിലും ഉളളികൾ വെച്ചിരുന്നു. ഇവ മ്യതശരീരത്തിൽ വച്ചാൽ ഉള്ളിയുടെ ഗന്ധം മൂലം പുനരുജ്ജീവനം നടക്കുമെന്നും അവർ വിശ്വസിച്ചു.

ലോകത്തെല്ലായിടത്തും കാണപ്പെടുന്ന ഉള്ളി ഏതു തരം മണ്ണിലും വളരും. കാണ്ഡം ചെറുതും ഇലകളാല്‍ ആവരണം ചെയ്യപ്പെട്ടും കാണപ്പെടുന്നു. ഇലകൾ നീളമുള്ളവയും കടുംപച്ച നിറത്തിലുമായിരിക്കും. ഇവ മാംസളവും എളുപ്പം പൊട്ടിപ്പോവുന്നതുമാണ്. ജൂൺ മാസത്തോടെ ഇലകളെല്ലാം കൊഴിയുകയും നീണ്ട കുഴൽ രൂപത്തിൽ തണ്ടിന്റെ മുകളിലായി പൂക്കൾ രൂപപ്പെടുകയും ചെയ്യും. ഇവയിൽ ആൺ-പെൺപുഷ്പങ്ങൾ വെവ്വേറെ കാണപ്പെടുന്നു. വണ്ടുകളെയും പൂമ്പാറ്റകളെയും ഏറെ ആകർഷിക്കുന്നവയാണ് ഈ പൂക്കൾ. ഉള്ളിയുടെ ബൾബിലുകൾ വഴിയാണ് പുനരുൽപാദനം നടക്കുന്നത്. ഏതാണ്ടെല്ലാ സ്ഥലങ്ങളിലും സുലഭമായി വളരുന്ന ഇവ, വെള്ളം തങ്ങിനിൽക്കുന്ന മണ്ണിൽ വളരില്ല.

ഉള്ളി അരിയുമ്പോൾ കണ്ണ് നനയാത്തവർ ഉണ്ടാവില്ല. ആരുടേയും കണ്ണിനെ ഈറനണിയിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ഉള്ളിയിലടങ്ങിയിരിക്കുന്ന എൻസൈമുകളുടെ പ്രവർത്തനഫലമായാണ് ഈ ഗുണം ഇവയ്ക്ക് ലഭിച്ചത്. ഉളളിയിൽ സൾഫെനിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉള്ളിയുടെ നിരോക്സീകരണത്തിന് കാരണം ഇതിലടങ്ങിയിരിക്കുന്ന സീൻ പ്രൊപനത്യൽ എസ് ഓക്സൈഡ് (Sy11-Propanethil-s-oxide) എന്ന രാസഘടകമാണ്. ഇവ ഉള്ളി മുറിക്കുമ്പോൾ വായുവിലേക്ക് വ്യാപിക്കുകയും പെട്ടെന്നു തന്നെ കണ്ണിൽ തട്ടുകയും ചെയ്യും. ഇത് കണ്ണിന് എരിവും അസ്വസ്ഥതയും ഉണ്ടാക്കുന്നു. ഉള്ളിയുടെ ഓരോ ഭാഗവും ഭക്ഷ്യയോഗ്യമാണ്. പ്രധാനമായും ഇലകൾ, പൂക്കൾ, വേര്, തണ്ട്, ബൾബിൽ എന്നിവയാണ് ഉപയോഗപ്രദം. ഇല തോരനുണ്ടാക്കാനും കറി വെയ്ക്കാനും ഉപയോഗിക്കുന്നു. വിദേശരാജ്യങ്ങളിലെല്ലാം ഉള്ളിയുടെ ബള്‍ബിലിനേക്കാൾ തണ്ടിനാണ് പ്രാധാന്യം. സാന്റ് വിച്ച്, പിസ്സ തുടങ്ങിയ വിഭവങ്ങളിലെ പ്രധാന ഘടകമാണിത്. ഭക്ഷ്യവിഭവമെന്നതിനു പുറമെ നല്ലൊരു ഔഷധം കൂടിയാണ് ഈ ചെറുസസ്യം.

ഉള്ളി പച്ചയോടെ അരച്ചെടുത്ത് ഉപയോഗിക്കുന്നത് തേനീച്ച, കടന്നൽ, ചിലന്തി എന്നിവയുടെ കടിയേറ്റാലുണ്ടാവുന്ന നീറ്റലും പുകച്ചിലും അകറ്റുന്നു. ചെവിവേദന അകറ്റാനായി ഉള്ളിയുടെ നീര് ചെവിയില്‍ ഉറ്റിച്ചാൽ മതിയത്രേ. ഉള്ളി ഒരു നല്ല നിരോക്സീകാരിയായതിനാൽ ചർമ്മത്തിലെ പാടുകൾ മായ്ക്കാനും ഉത്തമമാണ്. ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ ചികിത്സകളിൽ ഉള്ളി വ്യാപകമായി ഉപയോഗിച്ചു വരുന്നു.

ഉള്ളിയുടെ അതേ കുടുംബത്തിൽപ്പെടുന്നവയാണ് ചെറിയ ഉള്ളി. ഇവയുടെ ജന്മദേശം ഈജിപ്താണ്. മണ്ണിനടിയിൽ തന്നെയാണ് ഇവ വളരുന്നത്. ഇവ വലിപ്പത്തിലും രുചിയിലും വലിയ ഉള്ളിയിൽ നിന്നും വ്യത്യസ്തത പുലർത്തുന്നുണ്ട്. എങ്കിലും ഇലത്തണ്ടുകൾ ഒരു പോലെയാണ് കാണപ്പെടുന്നത്. ഉറപ്പുള്ള ബൾബിലങ്ങളാണിവക്ക്. സാധാരണ ഉളളിയുടെ അതേ ഗുണഗണങ്ങൾ അടങ്ങിയവയാണ് ചെറിയ ഉള്ളിയും.കറികൾക്ക് രുചി പകരാനാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്.

ഉഴിഞ്ഞ

ഇംഗ്ലീഷ് നാമം         : ബലൂൺ പൈൻ

ഹിന്ദിനാമം           : കാൺരപുതി

സംസ്കൃതനാമം        : ഇന്ദ്രവല്ലി

ശാസ്ത്രീയനാമം        : Cardiospermum Lalicacabum

കുടുംബം             : Sapindaceae

കാണപ്പെടുന്ന പ്രദേശങ്ങൾ     : ആഫ്രിക്ക, ബർമ,  ഇന്ത്യ, പാകിസ്താൻ, നൈജീരിയ, സെനഗർ

ഇന്ത്യയിൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ചെറുസസ്യമാണ് ഉഴിഞ്ഞ. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ജന്മസ്ഥലം. ആഫ്രിക്ക, ബർമ്മ, ഇന്ത്യ, പാക്കിസ്താൻ, നൈജീരിയ, സെനഗൽ എന്നീ രാജ്യങ്ങളിൽ ഉഴിഞ്ഞ് കാണപ്പെടുന്നു. തികച്ചും ഔഷധയോഗ്യമായ ചെറുസസ്യമാണിത്. ഇവയുടെ ഔഷധഗുണം കണക്കിലെടുത്ത് ഔഷധത്തോട്ടങ്ങളിലും ഇവ വ്യാപകമായി വളർത്തിയെടുക്കുന്നുണ്ട്. ഹവായ് ദ്വീപുകളിൽ ഉപയോഗശൂന്യമായ പ്രദേശങ്ങളിലാണിവ കാണാറ്. എന്നാൽ ഫിജിയിലാകട്ടെ തീരപ്രദേശങ്ങളിലും മറ്റും വളളികളായും ഇവ വളരുന്നു. വള്ളി ഉഴിഞ്ഞ എന്നപേരിലും അറിയപ്പെടുന്നു.

നിലത്ത് പടർന്ന് കാണപ്പെടുന്ന ഉഴിഞ്ഞ മറ്റ് ചെടികളിലും പടർന്നു കയറുന്നു. മറ്റ് സസ്യങ്ങളിൽ പറ്റിപ്പിടിക്കാൻ സഹായിക്കുന്ന ചെറിയ തന്തുക്കൾ ഇവയിൽ കാണാൻ കഴിയും. തണ്ടുകൾ മൃദുലവും ചുവപ്പുകലർന്ന് പച്ചനിറത്തോടു കൂടിയതുമാണ്. ഇലകൾ ബഹുമുഖങ്ങളായാണ് വിന്യസിച്ചിരിക്കുന്നത്. ഒരിലത്തണ്ടിൽതന്നെ ഇത്തരത്തിലുള്ള മൂന്ന് ഇലകൾ ഉണ്ടാകും. ശാഖാഗ്രങ്ങളിലായാണ് ഉഴിഞ്ഞക്ക് പൂക്കൾ ഉണ്ടാവുന്നത്. ആറ് ഇതളുകളുള്ള വെളുത്ത പൂക്കൾ ഭംഗിയുള്ളതായിരിക്കും. പൂക്കളുടെ മധ്യത്തിൽ മഞ്ഞ നിറത്തിലുള്ള കേസരം കാണാം. ജൂലായ്-ആഗസ്ത് മാസമാണ് ഇവയുടെ പൂക്കാലം. ആഗസ്ത്-ഒക്ടോബർ മാസത്തോടെ ഫലങ്ങളും രൂപപ്പെടും. പച്ചനിറത്തിൽ കട്ടികുറഞ്ഞ പുറന്തോടോടു കൂടിയാണ് ഫലങ്ങൾ കാണപ്പെടുന്നത്. ഗോളാക്യതിയിൽ കാണപ്പെടുന്ന ഫലങ്ങൾക്ക് മൂന്ന് മുഖങ്ങളുണ്ട്. ഫലത്തിനുളളിൽ കറുപ്പ്, ഓറഞ്ച്, വെളുപ്പ് നിറങ്ങൾ കലർന്ന വിത്തുകൾ കാണാം. ഒരു ഫലത്തിനുള്ളിൽ മൂന്ന് വിത്തുകൾ വീതം ഉണ്ടാവും. വിത്തുകൾക്കുമുണ്ട് പ്രത്യകത. വിത്തുകളുടെ പുറന്തോട് വർണമനോഹരമാണ്. വിത്തിനു മുകളിൽ ഹ്യദയാകൃതിയിൽ വെളുത്ത പുളളികൾ കാണപ്പെടുന്നു. വിത്തുകളുടെ ഈ സവിശേഷതയാണ് ഇവക്ക് കാർഡിയോസപർമം എന്ന പേരു ലഭിക്കാൻ കാരണം. വിത്തുകൾ വഴിയും തണ്ടു മുറിച്ചുനട്ടുമാണ് ചെടിയിൽ പുനരുൽപാദനം സാധ്യമാവുന്നത്. വിത്തുകൾ നട്ട് മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ മുളച്ചു വരും. നല്ലപോലെ സൂര്യപ്രകാശം ലഭിക്കുകയാണെങ്കിൽ ഏത് തരം മണ്ണിലും വളരുന്ന ചെറുസസ്യമാണ് ഉഴിഞ്ഞ. നടുന്ന സമയത്ത് അൽപം വളം ചേർക്കുന്നത് ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നു. വേനൽക്കാലങ്ങളിൽ വിത്തിടുന്നതാണ് തൈകൾ വളരാൻ ഏറെ ഉത്തമം. ഗ്രീൻഹൗസുകളിലും ഇവ വളർത്തിയെടുക്കാറുണ്ട്.

ഒട്ടേറെ ഔഷധ മൂല്യമുള്ള ഉഴിഞ്ഞ ദശപുഷ്പത്തിലെ ഒരംഗം കൂടിയാണ്. ഇവയുടെ ഇലകളും പുതുനാമ്പുകളും ഭക്ഷ്യയോഗ്യമാണ്. ശരീരം വിയർക്കാനും മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ഉഴിഞ്ഞ ഉത്തമമാണ്. കൂടാതെ കാലുകളിൽ ഉണ്ടാകുന്ന വ്രണം, ചിരങ്ങ്, ചൊറിച്ചിൽ എന്നിവ അകറ്റാനും വാതരോഗശമനത്തിനും ഉഴിഞ്ഞയുടെ ഇല ഔഷധമാക്കാറുണ്ട്. പൊള്ളലേൽക്കുമ്പോഴുണ്ടാകുന്ന നീറ്റലകറ്റാനും ചെവിവേദന പേശികളുടെ കഠിനമായ വേദന തുടങ്ങി പല അസുഖങ്ങൾക്കും ഉഴിഞ്ഞയുടെ ഇലച്ചാർ ഉപയോഗിക്കുന്നു. നാഡീ സംബന്ധമായ രോഗങ്ങൾക്കും കൈകാലുകളുടെ ദൃഡതക്കും പാമ്പുവിഷത്തിനെതിരെയും ഉഴിഞ്ഞയുടെ ഫലങ്ങൾ ഉത്തമമത്രേ. ഇത്തരത്തിൽ ഒട്ടേറെ ഔഷധഗുണങ്ങളാലും ഭംഗിയാലും പ്രാധാന്യമര്‍ഹിക്കുന്ന ഈ കുഞ്ഞുസസ്യം ചെടിത്തോട്ടങ്ങളിലെ നിത്യസാന്നിധ്യമാണ്.

ഊരം

ഇംഗ്ലീഷ് നാമം         : ഇന്ത്യൻ മാലോ

ശാസ്ത്രീയനാമം        : Sida indica

കുടുംബം             : Malvaceae

കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ചൈന, ആഫ്രിക്ക

ഉപോഷ്ണമേഖലാ പ്രദേശങ്ങളിലെ വനാന്തരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന കുറ്റിചെടിയാണ് ഊരം. ഉപയോഗശൂന്യമായിക്കിടക്കുന്ന പ്രദേശങ്ങളിലും കടലോരങ്ങളിലുമെല്ലാം ഊരം ഒരു സാധാരണ കാഴ്ചയാണ്. ഏഷ്യയുടെ കിഴക്കുപടിഞ്ഞാറൻ പ്രദേശങ്ങളാണ് ഊരത്തിന്റെ ജന്മദേശമായി അറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ തീർത്തും ഒരു കളസസ്യമായി വളർന്ന ഊരത്തിൽ പിന്നീട് ധാരാളം പരീക്ഷണങ്ങൾ നടന്നതോടെ ഇവയിൽ ഔഷധഷധഗുണങ്ങൾ കൂടുതലായി അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇതോടെ ഒരു ചെറു സസ്യമെന്നതിലുപരി ഒരു ഔഷധസസ്യമെന്ന നിലയിലും ഊരം അറിയപ്പെട്ട് തുടങ്ങി.

ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വരെ വളരുന്ന കുറ്റിച്ചെടിയാണ് ഊരം. കടുംപച്ച നിറത്തിൽ ശാഖോപശാഖകളായി വളരുന്ന ഇതിന്റെ കാണ്ഡം നേരിയതാണെങ്കിലും നല്ല ബലമുള്ളതായിരിക്കും. ദീർഘവൃത്താകൃതിയിലുള്ള ഇലകൾ തണ്ടിൽ ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്നു. ഇലകൾ കട്ടിയേറിയതും രോമാവ്യതവുമാണെങ്കിലും പ്രതലം പരുപരുത്തതായിരിക്കും. ചില സമയങ്ങളിൽ ഇവ തൊടുമ്പോൾ ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. മഞ്ഞനിറത്തിൽ അഞ്ചിതളോടു കൂടിയ പൂക്കളാണിതിന്റേത്. എടുത്തുപറയത്തക്ക സുഗന്ധമൊന്നുമില്ലെങ്കിലും പൂക്കളുടെ ഭംഗി കാരണം പൂമ്പാറ്റകളേയും വണ്ടുകളേയും ഏറെ ആകർഷിക്കുന്നു. ഊരത്തിന്റെ മറ്റൊരു സവിശേഷത അതിന്റെ ഫലമാണ്. ഗോളാകൃതിയിൽ രോമാവൃതമായ ഫലത്തിനുള്ളിലാണ് തവിട്ടുനിറത്തിൽ പരുപരുത്ത വിത്തുകൾ കാണപ്പെടുന്നത്. ഏറെ കടുപ്പമേറിയവയാണീ വിത്തുകൾ. വിത്തുകൾ വഴിയാണ് ചെടിയിൽ പുനരുൽപാദനം നടക്കുന്നത്. ഏത് മണ്ണിലും ഒരുപോലെ വളരുന്ന സസ്യമാണ് ഊരം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളിൽ ഇവ സുലഭമായി വളരുന്നു. കൂട്ടമായി വളരാനാണ് ഊരത്തിന് ഏറെ ഇഷ്ടം. എല്ലാ കാലങ്ങളിലും പൂക്കുന്നവയാണ് ഊരം. ചിലയിടങ്ങളിൽ ഇവ ഉദ്യാനസസ്യമായും വളർത്തിയെടുക്കാറുണ്ട്.

ഇങ്ങനയൊക്കെ ആണെങ്കിലും ചില ദോഷവശങ്ങളും ഊരത്തിനുണ്ട്. ഇവയുടെ ഇലയോ വിത്തോ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. അലർജി ഉണ്ടാവാനും ഇത് ഇടവരുത്തുന്നു.

ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ഊരം എന്നു സൂചിപ്പിച്ചല്ലോ. പലതരം രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഊരം ഉപയോഗിച്ചുവരുന്നു. ചൈന, ഇന്ത്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെല്ലാം ഊരത്തിന്‍റെതത്തിനു ഔഷധമൂല്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ചൈനയിൽ ഇവ പ്രധാനമായും കേൾവിശക്തി കൂട്ടാനും ചെവിവേദന അകറ്റാനുമാണ് ഉപയോഗിക്കുന്നത്. ആഫ്രിക്കയിലാകട്ടെ കണ്ണിന്റെ ചികിത്സക്ക് ഊരം ഉയോഗിക്കുന്നു. ഇന്ത്യയിൽ കൂടുതലായും ആയുർവേദം, സിദ്ധ, എന്നീ ചികിത്സാരീതികളിലാണ് ഈ സസ്യത്തെ ഉപയോഗിച്ചുവരുന്നത്. ചുമ, കഫക്കെട്ട്, പനി, സ്ത്രീകളുടെ ഉദരരോഗങ്ങൾ, പ്രമേഹം എന്നിവ അകറ്റാനും ഊരം ഉത്തമമത്രേ. മൂക്കിലെ കുരു, വയറിളക്കം, അൾസർ എന്നിവക്കുള്ള പ്രതിവിധിയായി ഊരത്തിന്റെ വിത്ത് ഉത്തമമാണ്. കൂടാതെ ആയുർവേദത്തിൽ ശ്വാസകോശസംബന്ധിയായ അസുഖങ്ങള്‍ക്കും മൂത്രാശയരോഗങ്ങൾക്കും ഊരം ഉപയോഗിക്കാറുണ്ട്.

പച്ചക്കറികൾക്ക് നല്ലൊരു ജൈവവളമായും ഊരം ഉപയോഗിക്കാം. വള്ളിച്ചെടികൾ പടർത്തുന്നതിനായുള്ള  താങ്ങായി ഊരത്തിന്റെ ചെടി ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഒട്ടേറെ ഉപയോഗങ്ങളുള്ള ഒരു കുറ്റിച്ചെടിയാണ് ഊരം.

ഓരില

ഹിന്ദിനാമം           : സാൽപാൽ, ചുപ്പ

സംസ്കൃതനാമം        : അംശുമതി ധ്രുവ, ദേവി

മറ്റ് പേരുകൾ         : പുല്ലാത്തി

ശാസ്ത്രീയനാമം        : Desmodium gangeticum

കുടുംബം             : Fabaceae

കാണപ്പെടുന്ന പ്രദേശങ്ങൾ : ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് ഓരില. വെസ്റ്റിൻഡീസാണ് സ്വദേശമെങ്കിലും ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇവ വ്യാപകമായി കാണപ്പെടുന്നു. ഇലപൊഴിയും വനങ്ങളിലും തേക്കിൻതോട്ടങ്ങളിലുമാണിവ സാധാരണയായി വളരുന്നത്. ഇന്ത്യയിൽ വനങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും വളരുന്ന ഇവയെ ഹിമാലയസാനുക്കളിൽ ഏകദേശം 1600 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ വരെ കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലാ മിതോഷ്ണമേഖലാ പ്രദേശങ്ങളിലും ഇവ വളരുന്നു. ഏകദേശം 70 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന ഒരു ബഹുവർഷിയാണ് ഓരില. ശാഖകളോടുകൂടിയ കാണ്ഡം രോമാവൃതമായിരിക്കും. വേരുകൾ താരതമ്യേന ഉറപ്പു കൂടിയതും.

ഇലത്തണ്ടിൽ മൂന്നിലകൾ ചേർന്നതാണ് ഓരിലയുടെ ഇല. കാണ്ഡത്തിൽ ഇവ എതിർദിശയിൽ വിന്യസിച്ചിരിക്കുന്നു. ഇളം പച്ചനിറത്തിൽ ദീർഘവൃത്താകൃതിയിലുള്ള ഇലകളുടെ അഗ്രഭാഗം കൂർത്തിരിക്കും. കാണ്ഡത്തിന്റെ അഗ്രഭാഗത്തായി പൂക്കൾ കാണപ്പെടുന്നു. കോണാകൃതിയിൽ കാണപ്പെടുന്ന പൂങ്കുലയിൽ കുലകളായാണ് പൂക്കളുണ്ടാവുന്നത്. അന്തരീക്ഷത്തിലെ ജലാംശത്തിനനുസരിച്ച് നിറം മാറുന്നവയാണ് ഓരിലയുടെ പൂക്കൾ. ദിവസം കഴിയുന്നതിനനുസരിച്ച് ഇവയിൽ നിറവ്യത്യാസം കാണാറുണ്ട്. വെള്ള, ചുവപ്പ്, നീലലോഹിതം തുടങ്ങിയ വർണങ്ങളിലാണ് സാധാരണയായി പൂക്കൾ കാണപ്പെടുന്നത്. ചിലപ്പോൾ പിങ്കുനിറവും നീലലോഹിതവും കലർന്ന നിറത്തിലും വെള്ളയും നീലയും കലർന്ന നിറത്തിലും പൂക്കൾ കാണാറുണ്ട്. പൂമൊട്ടുകൾ ചുവപ്പുകലർന്ന പച്ചനിറത്തിൽ രോമാവൃതമായിരിക്കും.

ഏഴോ എട്ടോ ഭാഗങ്ങളുള്ള രോമാവൃതമായ നീണ്ട കായകളാണിവയുടേത്. ഇതിനുള്ളിൽ വിളറിയ നിറത്തിൽ വിത്തുകൾ കാണപ്പെടുന്നു. വിത്തിലൂടെയാണ് പ്രധാനമായും പുനരുൽപാദനം നടക്കുന്നത്. ഏതുതരം മണ്ണിലും വളരാൻ സാധിക്കുന്ന ഈ സസ്യത്തിന് തണലും സൂര്യപ്രകാശവും ഒരുപോലെ അനുയോജ്യമാണ്. സാധാരണയായി വെളിമ്പ്രദേശങ്ങളിൽ കളസസ്യമായാണ് ഇവ വളരുന്നത്.

ഓരിലയുടെ ഭാഗങ്ങൾക്ക് മധുരമാണെങ്കിലും ഭക്ഷ്യയോഗ്യമല്ല. ഉഷ്ണസ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ അന്തരീക്ഷത്തിന്റെ സന്തുലനാവസ്ഥ നിലനിർത്താൻ ഈ സസ്യത്തിനാവും.

ഭക്ഷ്യയോഗ്യമല്ലെങ്കിലും ഇവയ്ക്ക് ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വേരുകൾക്കാണ് ഈ ഗുണം കൂടുതൽ. കയ്പ്പേറിയ ഇവ ഉന്മേഷദായകമാണത്രേ. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇവയുടെ കാണ്ഡം പനിക്കും ത്വക്ക് രോഗങ്ങൾക്കുമെതിരെയുളള ഔഷധമായി ഉപയോഗിക്കുന്നു. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള കഴിവ് ഈ സസ്യങ്ങൾക്കുണ്ട്. ത്രിദോഷങ്ങളുടെ (വാതം, പിത്തം, കഫം) ഏറ്റക്കുറച്ചില്‍ സന്തുലിതമാക്കാനും ഇവ ഏറെ ഉത്തമമാണ്. കടുത്ത പനിക്കും നാഡിസംബന്ധമായ രോഗങ്ങള്‍ക്കും ഇവ പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. നാഡീവ്യവസ്ഥകൾക്കു പുറമെ നാഡി പ്രവർത്തനം നിയന്ത്രിക്കാനുള്ള കഴിവും ഈ സസ്യത്തിനുണ്ട്. ഇതിനാല്‍ നൈജീരിയക്കാരുടെ പ്രധാന ഔഷധസസ്യങ്ങളില്‍ ഓരിലയെയും ഉള്‍പ്പെടുത്തിയതില്‍ അതിശയമില്ല.

കച്ചോലം

ഇംഗ്ലീഷ്നാമം          : ഗാലൻഗാ

ഹിന്ദിനാമം           : ചന്ദ്രമുല്ല

സംസ്കൃതനാമം        : ചന്ദ്രാണി, ചന്ദ്രമൂലിക

മറ്റു പേരുകൾ         : കക്കോലം, കക്കോരം

ശാസ്ത്രീയനാമം        : Kaempfera galanga

കുടുംബം             : Zingiberaceae

കാണപ്പെടുന്ന പ്രദേശങ്ങൾ : ദക്ഷിണേന്ത്യ, മലേഷ്യ, ചൈന, ഇന്തോനേഷ്യ, നെതർലാന്റ്

ദക്ഷിണേന്ത്യ സ്വദേശമായുള്ള ചെറുസസ്യമാണ് കച്ചോലം. എന്നാൽ ഇന്ന് മലേഷ്യയിലും ചൈനയിലുമാണിവ പ്രധാനമായും കൃഷിചെയ്യുന്നത്. ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് സുഗന്ധം പകരാനായി ഉപയോഗിച്ചിരുന്ന കച്ചോലം ഇന്ന് ഇന്ത്യൻ പാചകവിധികളിൽ അപൂർവ്വമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. സിഞ്ചിബറേസി കുടുംബത്തിൽപ്പെട്ട പുഷ്പിക്കുന്ന ഈ ചെറുസസ്യത്തിന് കാണ്ഡമില്ല എന്നത് ഒരു പ്രധാന പ്രത്യേകതയാണ്. നിലത്തു പതിഞ്ഞാണ് വളരുന്നത്. ഇഞ്ചിയുടെ കുടുംബത്തിൽപ്പെട്ട കച്ചോലത്തിന് ഇഞ്ചിയോടു സമാനമായ വേരു ഘടനയാണുള്ളത്, സുഗന്ധവാഹിയായ ഭൂകാണ്ഡങ്ങൾക്കു വേണ്ടിയാണ് ഇവ വൻതോതിൽ കൃഷി ചെയ്യുന്നത്. ഇരുണ്ട് ചുവപ്പുകലർന്ന തവിട്ടുനിറമാണിവയുടെ കിഴങ്ങുകൾക്ക്. അതിന്റെ മാംസളമായ ഉൾഭാഗം വെള്ള നിറത്തിൽ കാണപ്പെടുന്നു. പലപ്പോഴും ചെറിയ കിഴങ്ങുകൾ കൂടിച്ചേർന്ന് വലിയ കിഴങ്ങായും കാണപ്പെടാറുണ്ട്.

ഭൂകാണ്ഡത്തിൽ നിന്നും മുളച്ചു വരുന്ന വലിയ ഇലകളാണിവയുടെ മറ്റൊരു പ്രത്യേകത. കടുംപച്ച നിറത്തിലുള്ള ഇലകൾ തിളക്കമേറിയതും മൃദുലവുമാണ്. കട്ടിയേറിയ ഈ ഇലകൾ ദീർഘവൃത്താകൃതിയിൽ കാണപ്പെടുന്നു. സാധാരണയായി ഭൂമിക്കു സമാന്തരമായാണിവ വളരുന്നത്. ഏകദേശം എട്ടു മുതൽ പത്തു സെന്റീമീറ്റർ വരെ നീളത്തിലും ആറു മുതൽ ഏഴു സെന്റിമീറ്റർ വരെ വീതിയിലും ഇവ കാണപ്പെടുന്നു. വളരെ ചെറിയ ഇലഞെട്ടുകളാണിവയുടേത്. വേഗത്തിൽ നശിക്കുന്ന ഇലകൾ കൂട്ടമായി വളരുന്നു.

ഏകദേശം 15 സെന്റീമീറ്റർ ഉയരം വെക്കുന്ന കാലത്തിന് തൂവെള്ള നിറത്തിലുള്ള പൂക്കളാണുണ്ടാവുക. ഇലകളുടെ മധ്യത്തിലായി പൂക്കൾ കാണപ്പെടുന്നു. പൂക്കളുടെ ആന്തരദളവലയത്തിൽ നീലലോഹിതവർണ്ണത്തിലുള്ള ഒരു അടയാളം കാണാൻ കഴിയും. ചിത്രശലഭത്തെ അനുസ്മരിപ്പിക്കുന്ന ആകൃതിയാണിവയുടേത്. നാല് വലിയ ഇതളുകൾ അഗ്രഭാഗം മാത്രം യോജിപ്പിച്ച നിലയിൽ വേറിട്ട് കാണപ്പെടുന്നു. ഇതളുകളുടെ പകുതി വലിപ്പം മാത്രമുള്ള മൂന്ന് ബാഹ്യദളങ്ങളുമുണ്ട്. ഇതിൽ ഒരു ബാഹ്യദളം നീണ്ട് കുന്തമുനപോലെ കാണപ്പെടുന്നു. ഇത് വെളുത്ത് നേർത്ത സ്തരം പോലെയുള്ളതാണ്. വേനൽക്കാലമാണിവയുടെ പൂക്കാലം. പൂവിടൽ ഏകദേശം രണ്ട് മാസത്തോളം നീണ്ടു നിൽക്കും. കിഴങ്ങുകൾ നട്ടാണ് കച്ചോലം അതിന്റെ പുനരുൽപാദനം നടത്തുന്നത്. ഇഞ്ചിയുടെ കുടുംബത്തിൽപ്പെട്ടതാണെങ്കിലും ഇഞ്ചിയുടെ കിഴങ്ങിന്‍റെയത്ര വലുപ്പം ഇതിനുണ്ടാവില്ല. ശരത്ക്കാലമാവുമ്പോഴേക്കും കച്ചോലത്തിന്റെ ഇലകളെല്ലാം കൊഴിയുന്നു. മഞ്ഞുകാലം മുഴുവനും മണ്ണിനടിയിൽ കിടക്കുന്ന കിഴങ്ങ് മഴക്കാലത്തോടെ നടാവുന്നതാണ്.

നല്ല സൂര്യപ്രകാശം ഇഷ്ട്ടപ്പെടുന്നവയാണ് കച്ചോലം. ഭംഗിയുള്ള പൂക്കൾ ഉൽപാദിപ്പിക്കുന്നതിനാൽ ഇവയെ അലങ്കാരസസ്യമായും വളർത്താറുണ്ട്. എന്നാൽ സുഗന്ധവ്യഞ്ജനമെന്ന നിലയിലാണ് കൂടുതലായി കച്ചോലത്തെ ഉപയോഗിച്ചുവരുന്നത്. ഇന്തോനേഷ്യയിലും മലേഷ്യയിലുമാണിവ വ്യാപകമായി കൃഷി ചെയ്യുന്നത്. യൂറോപ്പിൽ ഇന്തോനേഷ്യക്കാർ തിങ്ങിപ്പാർക്കുന്ന നെതർലാന്റിലാണ് ഇവ കണ്ടുവരുന്നത്. ഔഷധഗുണങ്ങളിലും കച്ചോലം മുന്നിൽ തന്നെയാണ്. ആയുർവേദത്തിൽ ഔഷധച്ചേരുവയായി ഇവ ഉപയോഗിക്കാറുണ്ട്.

കടുക്

ഇംഗ്ലീഷ് നാമം              : മസ്റ്റാർഡ്

ഹിന്ദിനാമം                : ക്രാവ്യം, സർസൻ

ശാസ്ത്രീയനാമം             : Brassica juncea, B.campestris

കുടുംബം                 : Brassicaceae

കാണപ്പെടുന്ന പ്രദേശങ്ങൾ     : ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ജപ്പാൻ, നേപ്പാൾ,

പാക്കിസ്താൻ, മധ്യ ആഫ്രിക്ക, റഷ്യ, ഓസ്ട്രേലിയ,
അമേരിക്ക, യൂറോപ്പ്,

ഒട്ടനവധി സവിശേഷതകളുള്ള ചെറുസസ്യമാണ് കടുക്. കടുകിനെപ്പറ്റി രസകരങ്ങളായ പഴഞ്ചൊല്ലുകളും വിശ്വാസങ്ങളുമുണ്ട്. കടുക് നിലത്ത് ചിതറിയാൽ അവിടെ കലഹമുണ്ടാവുമെന്ന വിശ്വാസം നമ്മുടെ നാട്ടിൽ പണ്ടുമുതലേ നിലനിൽക്കുന്നു. കടുകും മുളകും ചേർത്ത മിശ്രിതം അടുപ്പിലിട്ടാൽ ദൃഷ്ടിദോഷം അകലുമെന്ന് ചിലർ വിശ്വസിക്കുന്നു. കടുക് ചോരുന്നത് ആളറിയും എന്നാൽ ആന ചോരുന്നത് ആരുമറിയില്ല എന്നത് അഴിമതിയെപ്പറ്റി പരാമർശിക്കുമ്പോഴുള്ള സ്ഥിരം പ്രയോഗമാണ്. വിശേഷണങ്ങളേറെയുള്ള കടുക് ഇന്ത്യൻ ഭക്ഷ്യവിഭവങ്ങളിലെ ഒരു അവിഭാജ്യഘടകവുമാണ്. കടുക് വറുത്തിടാത്ത കറികളെപ്പറ്റി മലയാളികൾക്ക് ചിന്തിക്കാനാവില്ല. കടുകും മാങ്ങയും ചേർത്തുണ്ടാക്കുന്ന കടുമാങ്ങയുടെ രുചി ആർക്കാണ് മറക്കാനാവുക. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി വളരുന്ന ചെറുസസ്യമാണ് കടുക്. കിഴക്കൻ യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങൾ കടുകിന്റെ ജന്മസ്ഥലമായി അറിയപ്പെടുന്നു. ഇന്ന് ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ജപ്പാൻ, നേപ്പാൾ, പാക്കിസ്താൻ, മധ്യ ആഫ്രിക്ക, റഷ്യ, ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ കടുക് കാണപ്പെടുന്നുണ്ട്. അർജന്റീന, ഓസ്ട്രേലിയ, ഫിജി, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിൽ കളസസ്യമായാണ് കടുക് വളരുന്നത്.

ഏകദേശം ഒരു മീറ്റർ വരെ പൊക്കം വെക്കുന്ന ചെറുസസ്യമാണ് കടുക്. ഏകവർഷിയായും ദ്വിവർഷിയായും ഇവ വളരുന്നു. ബലംകുറഞ്ഞ തണ്ടുകളായതിനാൽ ഈ സസ്യം കാറ്റത്ത് ആടിയുലയുന്നു. പരുപരുത്ത ഇലകളായിരിക്കും കടുകിന്റെത്. കടുംപച്ച നിറത്തിലുള്ള വിസ്താരമേറിയ ഇലകൾക്കുള്ളിൽ ചെറിയ ചുളിവുകളും കാണപ്പെടുന്നുണ്ട്. തണ്ടുകൾക്കിരുവശത്തുമായാണ് പൂക്കൾ ഉണ്ടാവുന്നത്. മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കൾക്ക് നാല് ഇതളുകളായിരിക്കും. ഭംഗിയേറിയ ഈ പൂക്കൾ സുഗന്ധവാഹികളല്ല. ജൂൺ മുതൽ ആഗസ്ത് വരെയാണ് ഇവയുടെ പൂക്കാലം. വണ്ടുകളും പൂമ്പാറ്റകളുമാണ് പൂവിൽ പരാഗണം നടത്തുന്നത്. ശാഖകൾക്കിടയിലായി ഫലങ്ങൾ രൂപംകൊള്ളുന്നു. ഏകദേശം രണ്ട് സെന്റീമീറ്റർ നീളമുള്ള ഫലത്തിനുള്ളിൽ ചെറിയ വിത്തുകളുമുണ്ട്. ഇവയാണ് കടുകുമണി (കടുക്) എന്നറിയപ്പെടുന്നത്. ഒരു ഫലത്തിനുള്ളിൽ അനേകം വിത്തുകൾ കാണാം. കറുപ്പുനിറത്തിലും തവിട്ടുനിറത്തിലും വിത്തുകൾ കാണപ്പെടുന്നു.

വിത്തു വഴിയും തണ്ടുകൾ മുറിച്ചു നട്ടും ചെടിയിൽ പുനരുൽപാദനം നടത്താം. വസന്തകാലത്തിന്റെ അവസാനങ്ങളിലാണ് ചെടി നടാൻ ഉത്തമം. കടുക് കൃഷിചെയ്യുമ്പോൾ മണ്ണ് നല്ലപോലെ പാകപ്പെടുത്തണം. ചെടി വളർന്നുകഴിഞ്ഞാൽ ഇവക്കിടയിലെ കളകൾ പെട്ടെന്നുതന്നെ പറിച്ചുകളയുന്നത് ചെടിയുടെ ശരാശരി വളര്‍ച്ചയെ സഹായിക്കുന്നു. നല്ല സൂര്യപ്രകാശമുളളിടത്ത് വളരാൻ ഇഷ്ടപ്പെടുന്നവയാണെങ്കിലും തണല്‍ പ്രദേശങ്ങളിലും കടുകുചെടി കാണാറുണ്ട്. വളരാൻ കുറഞ്ഞ ജലസേചനമേ ഇവയ്ക്കാവശ്യമുള്ളു. കടുകില്‍നിന്നും ഒരു തരം എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട്. കടുകെണ്ണ എന്ന പേരിലറിയപ്പെടുന്ന ഇവ ഏറെ പോഷകമൂല്യമുള്ളതാണ്. ചൈനീസ്, ജപ്പാനീസ് വിഭവങ്ങളെല്ലാംതന്നെ പ്രധാനമായും കടുകെണ്ണ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളിലും കടുകെണ്ണ ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ ബി എന്നിവ കടുകില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.

കനകാംബരം

ഇംഗ്ലീഷ് നാമം         : ഫയർ ക്രാക്കർ ഫ്ലവർ

ശാസ്ത്രീയനാമം        : Crossandra infundibuliformis

കുടുംബം             : Acanthaceae

കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ശ്രീലങ്ക

മ്യദുലമായ ഓറഞ്ച് പുഷ്പങ്ങളും ചൂടിനിൽക്കുന്ന കനകാംബരത്തെ കാണുമ്പോൾ ശാലീനയായ ഒരു ഗ്രാമീണ പെൺകൊടിയെ ഓർമ്മ വരുന്നില്ലേ. കനകാംബരത്തിന്റെ ഈ ശാലീന സൗന്ദര്യമാണ് ഇവയെ നമ്മുടെ മുറ്റങ്ങളിൽ ഒഴിവാക്കാനാവാത്ത സാന്നിധ്യമാക്കിയത്.

ദക്ഷിണേന്ത്യയും ശ്രീലങ്കയും സ്വദേശങ്ങളായ കുറ്റിച്ചെടിയാണ് കനകാംബരം. നിത്യഹരിതസസ്യമായ ഇവ ഏകദേശം ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. നല്ല ഉറപ്പേറിയതും ആഴത്തിൽ വളരുന്നതുമായ വേരുകളും അത്ര തന്നെ ബലമുള്ള കാണ്ഡവും ഇവയുടെ പ്രത്യേകതയാണ്. തവിട്ടുനിറത്തിൽ കാണപ്പെടുന്ന കാണ്ഡം ശിഖരങ്ങളോടുകൂടിയതാണ്.

കരിഞ്ഞ പച്ചനിറത്തിലുള്ള ഇതിന്റെ ഇലകൾ തിളക്കമേറിയവയാണ്. നീളമുള്ള ഇലഞെട്ടോടുകൂടിയ ഇവ തണ്ടിൽ ഒന്നിടവിട്ട് ക്രമീകരിച്ചിരിക്കുന്നു. തിളക്കമുള്ള ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ചെറിയ കുലകളായി കാണപ്പെടുന്നു. വളരെ നേർത്ത ഇതളുകളാണിവക്ക്. ഒരു പൂവിന് മൂന്ന് മുതൽ അഞ്ചു വരെ ഇതളുകളുമുണ്ടായിരിക്കും. ഇതളുകൾ കൂടിച്ചേർന്ന് കുഴലുപോലെ കാണപ്പെടുന്നു. സാധാരണയായി ഓറഞ്ച് നിറത്തിൽ കാണപ്പെടുന്ന കനകാംബരത്തിന്റെ ചുവപ്പും മഞ്ഞയും കലർന്ന പൂക്കളും ലഭ്യമാണ്. വർഷം മുഴുവൻ പുഷ്പിക്കുന്നവയാണിവ. മൃദുലമായ പൂക്കൾ പറിച്ച് അൽപസമയത്തിനകം വാടിപ്പോകുന്നവയാണ്.

വിത്തു മുളപ്പിച്ചോ കൊമ്പു മുറിച്ചുനട്ടോ കനകാംബരത്തിന്റെ പുനരുൽപാദനം നടത്താവുന്നതാണ്. വേനൽക്കാലത്ത് പ്രത്യേകിച്ച് മാർച്ചുമാസമാണ് ഇവ നടാനുത്തമം. വിത്തു മുളക്കാൻ സാധാരണയായി 3 മുതൽ 4 വരെ ആഴ്ചകളെടുക്കും. എന്നാൽ വിത്തിന്റെ പഴക്കമനുസരിച്ച് അത് മാസങ്ങളോളം നീളാനും സാധ്യതയുണ്ട്. നന്നായി ജലാംശമുള്ള മണ്ണാണ് കനകാംബരത്തിന്റെ വളർച്ചക്ക് അനുയോജ്യം. നല്ല പ്രകാശത്തിൽ വളരാൻ ഇഷ്ടപ്പെടുന്ന ഇവ തണൽ പ്രദേശങ്ങളിലും ജീവിക്കും. പൂർണ സൂര്യപ്രകാശവും ഇവയ്ക്ക് അതിജീവിക്കാൻ കഴിയും. ബഹുവർഷികളായ കനകാംബരച്ചെടികൾ ഉഷ്ണമേഖലാ പ്രദേശത്താണ് വ്യാപകമായി കാണപ്പെടുന്നത്. നന്നായി ജലസേചനം ലഭിക്കുന്നത് ഇവയുടെ വളർച്ച ത്വരിതഗതിയിലാക്കുന്നു. എന്നാൽ ജലാംശം അധികമാവുന്നത് വേരു ചീയാൻ കാരണമാവും. മാസത്തിൽ രണ്ടു തവണ വളപ്രയോഗം നടത്തുന്നത് നന്നായിരിക്കും. കീടങ്ങളുടെ ആക്രമണത്തിന് പെട്ടെന്ന് ഇരയാകാത്ത കനകാംബരത്തെ രോഗങ്ങളും എളുപ്പത്തില്‍ പിടിപടാറില്ല. എന്നാൽ അന്തരീക്ഷോഷ്മാവ്  നന്നായി കുറയുന്നത് കനകാംബരത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇവയുടെ ഇലകൾ കറുത്ത നിറമായി മാറുന്നു.

കനകാംബരത്തിന്റെ ആകർഷകങ്ങളായ പുഷ്പങ്ങൾ ദക്ഷിണേന്ത്യയിലെ സ്ത്രീകള്‍ കേശാലങ്കാരത്തിനായി ഉപയോഗിക്കാറുണ്ട്. മാലകളുണ്ടാക്കാനും ഇവ ഉപയോഗിച്ചുവരുന്നു. ഉറപ്പേറിയ കുറ്റിച്ചെടി ആയതിനാല്‍ പലരും ഇവയെ പറമ്പുകളില്‍ വേലിചെടിയായി വളര്‍ത്താറുണ്ട്. വര്‍ഷം മുഴുവനും പൂക്കള്‍ ഉണ്ടാവുന്ന സസ്യമായതിനാല്‍ ഇവക്ക് ഉദ്യാനങ്ങളിലെ അലങ്കാരസസ്യം എന്ന നിലയില്‍ പ്രിയമേറെയാണ്.

ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കനകാംബരത്തില്‍ കൂടുതല്‍ പൂവുകളുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഡിസംബര്‍ കനകാംബരമെന്നും തെക്കന്‍ കേരളത്തില്‍ ഈ ചെടി അറിയപ്പെടുന്നു.

കയ്യുന്നി

ഇംഗ്ലീഷ് നാമം         : വൈറ്റ് ഹെഡ്സ്

ഹിന്ദിനാമം           : ബാബ്രി, ഭാംഗ്ര

സംസ്കൃതനാമം        : ബാർഗാരം, കേശരഞ്ജൻ, സുപർണ്ണ

മറ്റുപേരുകൾ              : കഞ്ഞണ്ണ, കഞ്ഞുണ്ണി, കയ്യോന്നി

ശാസ്തീയനാമം        : Eclipta alba

കുടുംബം             : Asteraceae

കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, ചൈന, ജപ്പാൻ, കിഴക്കൻ ഏഷ്യ, കൊറിയ,

ഓസ്ട്രേലിയ

കേരളസംസ്കാരവുമായി അഭേദ്യബന്ധമുള്ള ഒരു ചെറുസസ്യമാണ് കയ്യൂന്നി അഥവാ കഞ്ഞുണ്ണി. പവിതമായ ദശപുഷ്പ സങ്കൽപത്തിൽ പ്രധാനിയാണിത്. ഹിന്ദുമതത്തിലെ നിരവധി ആചാരങ്ങളിൽ കയ്യുന്നിക്ക് പ്രധാന സ്ഥാനം നൽകുന്നുണ്ട്. കർക്കിടകമാസത്തിലെ ശീപോതിവെക്കൽ ചടങ്ങിലും ക്ഷേത്ര പ്രതിഷ്ഠാദി കർമ്മങ്ങളിലും കയ്യൂന്നി ഒഴിച്ചുകൂടാനാവാത്തതത്രേ.

സംസ്കൃതത്തിൽ കേശരഞ്ജൻ എന്നറിയപ്പെടുന്ന കയ്യൂന്നിയുടെ ജന്മദേശം അമേരിക്കയാണെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ഇതു ധാരാളമായി കണ്ടുവരുന്നു. ന്യൂഗിനിയ പോലുള്ള രാജ്യങ്ങളിൽ കളസസ്യമായാണ് കയ്യൂന്നി വളരുന്നത്. ഇന്ത്യയിൽ തടാകക്കരയിലും കനാൽ, തോട്, വയലുകൾ എന്നിവയുടെ അരികുകളിലും കുന്നിൻ ചരിവുകളിലും ഈ സസ്യം കണ്ടുവരുന്നു. ഏകദേശം 50 സെന്റീമീറ്റർ മുതൽ 60 സെന്റിമീറ്റർ വരെ ഉയരം വെക്കുന്ന ചെറുസസ്യമാണ് കയ്യൂന്നി. വളക്കൂറുള്ള മണ്ണിൽ ഇവ ഒരു മീറ്ററോളം വലുതാവാറുണ്ട്. വളരെ ഉറപ്പു കുറഞ്ഞ തണ്ടാണ് കയ്യൂന്നിയുടേത് ഇളം പച്ചനിറത്തിലുളള തണ്ടുകളിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ശാഖോപശാഖകളായാണ് കയ്യുന്നി കാണപ്പെടുന്നത്. കയ്യൂന്നിയുടെ നീരു ചേർത്തു കാച്ചിയ വെളിച്ചെണ്ണ സമ്യദ്ധമായി മൂടിവളരാൻ സഹായകമായതുകൊണ്ടാവാം ഇതിന് കേശരഞ്ജൻ എന്ന സംസ്കൃത നാമം ലഭിച്ചത്.

ഏകദേശം രണ്ട് സെന്റിമീറ്റർ മുതൽ ആറ് സെന്റീമീറ്റർ വരെ നീളവും ഒരു സെന്റീമീറ്റർ മുതൽ നാല് സെന്റീമീറ്റർ വരെ വീതിയുമുള്ള ഇലകളാണ് കയ്യൂന്നിയുടേത്. ഇലകൾ തണ്ടിന്റെ ഇരുവശങ്ങളിലായി വിന്യസിച്ചിരിക്കുന്നു. കട്ടി കുറഞ്ഞ നീളമുള്ള ഈ ഇലകൾ ഇരുണ്ട പച്ചനിറത്തിലായിരിക്കും.

ആഗസ്ത് മാസമാണ് കയ്യൂന്നിയുടെ പൂക്കാലം. തണ്ടിന്റെ അഗ്രഭാഗത്തായി പൂക്കളുണ്ടാവുന്നു. ഒരു ചെടിയിൽ അനേകം പൂക്കൾ കാണപ്പെടുന്നു. പൂക്കൾ ചെറുതും വെളുപ്പുനിറത്തിലുമായിരിക്കും. കയ്യുന്നിക്ക് ചെറിയ ഫലങ്ങളും കാണാറുണ്ട്. ഈ ഫലങ്ങൾ ഇളം പച്ചനിറത്തിൽ വൃത്താകൃതിയിലായിരിക്കും. ഇതിനുള്ളിലാണ് വിത്തുകളുണ്ടാവുക, ഫലത്തിൽ വിത്തുകളെ പൊതിഞ്ഞു ഒരു ആവരണം ഉണ്ടായിരിക്കും.

വിത്തു വഴി കയ്യുന്നിയിൽ പുനരുൽപാദനം നടക്കുന്നു. മഴക്കാലത്താണ് ഈ ചെടി കൂടുതൽ കാണാറുള്ളതെങ്കിലും  ഇന്ത്യയെപ്പോലുള്ള മിത-ശീതോഷ്ണ മേഖലയിൽ വേനൽക്കാലത്തും കയ്യുണ്ണി സമൃദ്ധമായി വളരാറുണ്ട്. തണ്ടുകൾ ദുർബലമായതിനാൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ ഈ സസ്യം ചീഞ്ഞുപോകുന്നു. മണൽ പ്രദേശത്തും ചുവന്ന ലാറ്ററൈറ്റ് മണ്ണിലും കയ്യുന്നി ധാരാളമായി വരുന്നു. വാഴയുടെയും
കുറ്റിച്ചെടികളുടെയും തണലിൽ ഇവ പെട്ടെന്ന് വളരും. കേരളത്തിൽ വയൽപ്രദേശങ്ങളിലും കയ്യുന്നി കാണപ്പെടുന്നു. വയലിൽ കാണപ്പെടുന്ന കയുന്നിയുടെ ഇലകൾ വലുതും കറുപ്പ് കലർന്ന നിറത്തോടു കൂടിയതുമായിരിക്കും. ഔഷധഗുണങ്ങളേറെയുണ്ട് ഈ ചെറുസസ്യത്തിന്. ആയുർവേദം, സിദ്ധ തുടങ്ങി നിരവധി ചികിത്സാരീതികളിലും കയ്യുണ്ണി സജീവ സാന്നിധ്യമാണ്. കയ്യുണ്ണിയുടെ പ്രാധാന്യങ്ങളും പ്രത്യേകതകളും പ്രാചീന അറബി എഴുത്തുകാര്‍ തങ്ങളുടെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വസ്തുത വിദേശീയര്‍ക്ക് e ചെടിയിലുള്ള മതിപ്പ് വെളിവാക്കുന്നതിനു ഒരു ഉത്തമ ഉദാഹരണമാണ്.

കരിന്തുമ്പ

ഇംഗ്ലീഷ്നാമം              : പ്രിക്കലി ചാഫ് ഫ്ളവർ

ഹിന്ദി നാമം          : ഗോപോളി

സംസ്കൃതനാമം        : ദേവപുത്രി

ശാസ്ത്രീയനാമം        : Anisomeles malabarica

കുടുംബം             : Lamiaceae

കാണപ്പെടുന്ന പ്രദേശങ്ങൾ : ഓസ്ട്രേലിയ, മലേഷ്യ ഇന്ത്യ, അമേരിക്ക

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ചെറുസസ്യമാണ് കരിന്തുമ്പ. പൂക്കളുടെ നിറവ്യത്യാസമനുസരിച്ച് ആയുർവേദത്തിൽ ഇവ രണ്ട് തരത്തിലുണ്ട്. ചുവപ്പ് കരിന്തുമ്പ, വെളള കരിന്തുമ്പ എന്നിവയാണവ. സംസ്കൃതത്തിലെ നിഗന്താസ് (Nigantas) എന്ന ഗ്രന്ഥത്തിൽ ഇവയെക്കുറിച്ച് പരാമർശമുണ്ട്. ഇന്ത്യയിലെയും യൂറോപ്പിലെയും ഭിഷഗ്വരന്മാർ പണ്ടുകാലങ്ങളിലെ കരിന്തുമ്പയുടെ ഔഷധമൂല്യം പ്രയോജനപ്പെടുത്തിയിരുന്നു. ഏഷ്യ, ആഫ്രിക്ക, മലേഷ്യ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ് കരിന്തുമ്പ കാണപ്പെടുന്നത്. വരണ്ട പ്രദേശങ്ങളിലും പാതയോരങ്ങളിലും മലമ്പ്രദേശങ്ങളിലുമെല്ലാം ഇവ വളർന്നു കാണുന്നു. കടലോരപ്രദേശങ്ങളിൽനിന്നും ഏകദേശം 2100 മീറ്റർ ഉയരത്തിലും ഇവ കാണപ്പെടുന്നുണ്ട്.

ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് കരിന്തുമ്പ. ഏകവർഷിയായും ബഹുവർഷിയായും ഇവ വളരാറുണ്ട്. ശാഖോപശാഖകളായി വളരുന്ന കരിന്തുമ്പയുടെ തണ്ടുകൾ ബലം കൂടിയവയാണ്. കടും പച്ചനിറത്തിൽ ബലം കുറഞ്ഞ ഇലകൾ വ്യത്യസ്ത ആകൃതിയിൽ വളരാറുണ്ട്. ശാഖാഗ്രങ്ങളിലായാണ് പൂക്കൾ കാണപ്പെടുന്നത്. നീളമുള്ള തണ്ടുകളോടുകൂടിയ കടും ചുവപ്പുനിറത്തിലുള്ള പൂക്കൾ ആരുടെയും കണ്ണഞ്ചിപ്പിക്കുന്നവയാണ്. ഏകദേശം 50 സെന്റിമീറ്റർ നീളത്തിലുള്ള കുലകളായാണ് ഇവ കാണുന്നത്. അഞ്ചിതളുകൾ വീതമുള്ള ഈ പൂക്കൾക്ക് മൂന്നോ നാലോ കേസരങ്ങളും ഉണ്ടാവും. പൂക്കളുടെ ഉൾഭാഗം തിളക്കമാർന്നതാണ്. ദ്വിലിംഗ പുഷ്പങ്ങളാണ് ഇവയുടേത്. ദീർഘവൃത്താകൃതിയിലോ അണ്ഡാകൃതിയിലോ ഉള്ള ഫലങ്ങളാണ് കരിന്തുമ്പയുടേത്. മാംസളമായ ഫലങ്ങൾക്കുള്ളിൽ ഒന്നു മുതൽ നാലുവരെ വിത്തുകൾ കാണപ്പെടുന്നു. ഇവ ചെറിയ പ്രോട്ടീൻ കണങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

വിത്തുകൾ വഴിയും കായികപ്രജനനം വഴിയും കരിന്തുമ്പയിൽ പുനരുൽപാദനം നടക്കാറുണ്ട്. പ്രധാനമായും വിത്തു വഴിയാണ് പുതിയ സസ്യങ്ങൾ ഉൽപാദിപ്പിക്കുന്നത്. എന്നാൽ അപൂർവ്വമായി കൊമ്പു മുറിച്ച് നട്ടും ഇത് സാധ്യമാവാറുണ്ട്. നല്ല സൂര്യപ്രകാശത്തിൽ വളരാൻ ഇഷ്ടപ്പെടുന്നവയാണ് കരിന്തുമ്പച്ചെടികൾ. എന്നാൽ ഭാഗികമായ തണലും ഇവയ്ക്ക് അനുയോജ്യമാണ്. ഏതു തരം മണ്ണിലും വളരുമെങ്കിലും ഇവ നനവാർന്ന മണ്ണ് കൂടുതൽ ഇഷ്ടപ്പെടുന്നു. അധികം പരിചരണം ആവശ്യമില്ലാതെ തന്നെ പടർന്നു പിടിക്കുന്നവയാണിവ. പലപ്പോഴും ശല്യക്കാരായ കളസസ്യമായി മാറാറുണ്ടെങ്കിലും ധാരാളം ഔഷധോപയോഗങ്ങളും ഇവയെക്കൊണ്ടുണ്ട്.

നേരത്തെ സൂചിപ്പിച്ചതു പോലെ ആയുർവ്വേദഗ്രന്ഥങ്ങളിൽ പരാമർശമുള്ളവയാണ് കരിന്തുമ്പകള്‍. ആയുർവേദത്തിൽ മാത്രമല്ല ചൈനീസ് ഔഷധങ്ങളെക്കുറിച്ചുളള കയ്യെഴുത്തുപ്രതികളിലും ഇവയ്ക്ക് പരാമർശമുണ്ട്. നാട്ടുവൈദ്യം, യുനാനി, സിദ്ധ തുടങ്ങിയ വൈദ്യവിധികളിൽ കരിന്തുമ്പ വിശേഷപ്പെട്ട ഔഷധമാണ്. കരിന്തുമ്പയെ വിരേചക ഔഷധമായാണ് കൂടുതൽ ഉപയോഗിച്ചുവരുന്നത്. ശരീരത്തിന്റെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റാൽ കരിന്തുമ്പ ഔഷധമായി ഉപയോഗിക്കാറുണ്ട്. കൂടാതെ മൂലക്കുരു, ചൊറിച്ചിൽ എന്നിവക്കും ഉത്തമൗഷധമാണ്. ചുരുങ്ങിപ്പോയ ഗ്രന്ഥികളെ വികസിപ്പിക്കാൻ (പ്രധാനമായും ഗര്‍ഭപാത്രഗന്ഥി) ആയുർവ്വേദത്തിൽ കരിന്തുമ്പ ഉപയോഗിച്ചുവരുന്നു. കരിന്തുമ്പ കത്തിച്ചുണ്ടാക്കുന്ന ചാരം ഉയോഗിച്ചും ഔഷധങ്ങൾ നിർമ്മിക്കാറുണ്ട്. ഇങ്ങനെ ഒട്ടേറെ പ്രത്യേകതകളും ഉപയോഗങ്ങളുമുള്ള ചെറുസസ്യമാണ് കരിന്തുമ്പ.

കസ്തൂരിമഞ്ഞള്‍/കാട്ടുമഞ്ഞള്‍

ഹിന്ദിനാമം                : ബാൻ ഹരിദ്ര

സംസ്കൃതനാമം             : ഷോലിക

ശാസ്ത്രീയനാമം             : Curcuma aromatica

കുടുംബം                 : Zingiberaceae

കാണപ്പെടുന്ന പ്രദേശങ്ങള്‍      : നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, ഇന്ത്യ

കാട്ടുമഞ്ഞള്‍

ഇംഗ്ലീഷ്നാമം                   : ബോംബെ ആരോറൂട്ട്

സംസ്കൃതനാമം             : ചിത്രക, ചിതവാർ

ശാസ്ത്രീയനാമം             : Curcuma anguistifolia

കുടുംബം                 : Zingiberatee

കാണപ്പെടുന്ന പ്രദേശങ്ങൾ          : ഇന്ത്യ, ഓസ്ട്രേലിയ

സുന്ദരികളും സുന്ദരന്മാരുമാകാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. സൗന്ദര്യഭ്രമം മൂത്ത്, പരസ്യങ്ങളെ കണ്ണുമടച്ച് വിശ്വസിച്ച് കണ്ണിൽക്കണ്ട് സൗന്ദര്യവർദ്ധകവസ്തുക്കൾ വാരിപ്പൂശി വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയും പലരും അനുഭവിച്ചിരിക്കാം. സ്വാഭാവിക സൗന്ദര്യം നമുക്കു തരുന്ന പാർശ്വഫലങ്ങളില്ലാത്ത അപൂർവ്വമായ സൗന്ദര്യവർദ്ധകവസ്തുക്കൾ പ്രകൃതിതന്നെ നമുക്ക് ഒരുക്കിവച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് കസ്തൂരിമഞ്ഞൾ.

ഉഷ്ണമേഖലകളിലാണ് കസ്തൂരിമഞ്ഞൾ വ്യാപകമായി വളരുന്നത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവ വൻതോതിൽ കാണപ്പെടുന്നു. ഏകദേശം 60 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന ചെറുസസ്യമാണ് കസ്തൂരി മഞ്ഞൾ. സാധാരണ മഞ്ഞളിന്റെ അതേ രൂപഘടനയാണ് കസ്തുരിമഞ്ഞളിനുമുള്ളത്. എന്നാൽ ഇവയുടെ പൂക്കൾക്ക് നിറവ്യത്യാസം കാണപ്പെടാറുണ്ട്. പിങ്ക് കലർന്ന വെള്ള നിറത്തിലായിരിക്കും ഇവയുടെ പൂക്കൾ. കേസരങ്ങൾ മഞ്ഞനിറത്തിലാണ്. അടുക്കുകളായാണ് ദളങ്ങൾ വിന്യസിച്ചിരിക്കുന്നത്. പൂക്കൾക്ക് സുഗന്ധം കുറവായിരിക്കും. കസ്തൂരി മഞ്ഞൾച്ചെടിയുടെ കിഴങ്ങാണ് യഥാർത്ഥത്തിൽ കരിമഞ്ഞൾ എന്നപേരിൽ അറിയപ്പെടുന്നത്. കിഴങ്ങിന്റെ പുറംപാളി ഇളം ചന്ദനനിറത്തിലായിരിക്കും. ഉൾഭാഗം കടുത്ത മഞ്ഞനിറത്തിൽ മാംസളമായും കാണപ്പെടുന്നു. ഏറെ സുഗന്ധവാഹിയാണി കിഴങ്ങ്. സൗന്ദര്യലേപനങ്ങളുടെ നിർമ്മാണത്തിനു പുറമെ, പല അസുഖങ്ങൾക്കും ഔഷധമായും കസ്തൂരിമഞ്ഞൾ ഉപയോഗിക്കുന്നു. വേദനസംഹാരികൾ നിർമ്മിക്കുന്നതിനായി ഇവയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീരു ഉപയോഗിച്ചുവരുന്നുണ്ട്. ഈ നീര് ക്യാൻസറിന് പ്രതിവിധിയാകുമോ എന്നറിയാൻ ഗവേഷണങ്ങൾ നടന്നുവരികയാണ്.

കസ്തുരിമഞ്ഞളിന്റെ അതേ കുടുംബത്തിൽപ്പെട്ട ചെറുസസ്യമാണ് കാട്ടുമഞ്ഞൾ. പറമ്പുകളിലും തൊടികളിലും കാണപ്പെടുന്ന ഈ ചെറുസസ്യം വെള്ളക്കൂവ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളും തെക്കെ ഇന്ത്യയുമാണ് കാട്ടുമഞ്ഞളിന്റെ ജന്മസ്ഥലം. ബീഹാർ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ദക്ഷിണേന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇവ വ്യാപകമായി കാണപ്പെടുന്നു. ഏകവർഷിയായും ബഹുവർഷിയായും വളരുന്ന കാട്ടുമഞ്ഞൾ ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ കണ്ടുവരുന്നു. വലിപ്പമേറിയ ഇലകൾ ദീർഘവൃത്താക്യതിയിലായിരിക്കും. ഇലയുടെ അഗ്രം കൂര്‍ത്തതാണ്. മിനുസമേറിയ ഇലകളുടെ പുറംഭാഗത്ത് നേരിയ മടക്കുകൾ കാണാറുണ്ട്. ഇലകൾ നീളമുള്ള തണ്ടിലാണ് രൂപപ്പെടുന്നത്. ഇവ അടുക്കുകളായി വിന്യസിച്ചിരിക്കുന്നു.

കാട്ടുമഞ്ഞളിന്റെ പൂക്കൾ ചന്ദനനിറത്തിലാണ് കാണപ്പെടുന്നത്. കസ്തൂരിമഞ്ഞളിന്റെ പൂക്കളോട് സാദൃശ്യം തോന്നിക്കുന്നവയാണ് ഇവയും. എന്നാൽ കിഴങ്ങ് തുവെള്ള നിറത്തിലായിരിക്കും. നീളമേറിയ ഇവയുടെ പുറംപാളിയിൽ രോമാവ്യതമായ അടുക്കുകൾ കാണാം. ഇതൊരാവരണമായി കിഴങ്ങിനെ സംരക്ഷിക്കുന്നു. ഏറെ ഔഷധമൂല്യമടങ്ങിയതാണീ കിഴങ്ങ്. ഇവയിൽനിന്നും ഉണ്ടാക്കുന്ന പൊടി ഏറെ സ്വാദിഷ്ഠവുമാണ്. ക്ഷീണം, ദഹനക്കുറവ് എന്നിവക്ക് ഈ പൊടി ഔഷധമായി ഉപയോഗിക്കാറുണ്ട്.

കറിവേപ്പ്

ഇംഗ്ലീഷ് നാമം         : കറി ലീഫ്

ഹിന്ദിനാമം           : ഗന്താല

സംസ്കൃതനാമം        : നിമ്പപത്ര, കൈദാര്യ

മറ്റു പേരുകൾ         : കറിവേപ്പില, കരുവേപ്പ്

ശാസ്ത്രീയനാമം        : Murraya konigii

കുടുംബം             : Rutaceae

കാണപ്പെടുന്ന പ്രദേശങ്ങൾ : ഇന്ത്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക

ആവശ്യം കഴിഞ്ഞാൽ അവഗണിക്കപ്പെടുന്നവരെ സൂചിപ്പിക്കാൻ കറിവേപ്പില പോലെ എന്ന പ്രയോഗത്തിന് പകരം വെക്കാൻ മറ്റൊന്നില്ല. കാരണം വിഭവങ്ങളിൽ കറിവേപ്പില ചേർക്കുമെങ്കിലും അതിന്റെ പോഷകകാംശം മുഴുവൻ കിട്ടിക്കഴിഞ്ഞ ശേഷം കറിവേപ്പില വലിച്ചെറിയുകയാണല്ലോ പതിവ്. എന്നാൽ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്നുണ്ടെങ്കിലും ഭക്ഷണപദാർത്ഥങ്ങൾക്ക് സുഗന്ധം നൽകുന്നതോടൊപ്പം നിരവധി രോഗങ്ങൾക്കുള്ള ഒരു ആയുർവേദ ഔഷധം കൂടിയാണ് ഈ കുറ്റിച്ചെടി.

ഇന്ത്യയാണ് കറിവേപ്പിന്റെ ജന്മസ്ഥലം. ഉഷ്ണമേഖലാ ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ഇവ വ്യാപകമായി കണ്ടുവരുന്നു. ബർമ്മ, മലേഷ്യ, സൗത്ത് ആഫിക്ക എന്നിവിടങ്ങളിലും കറിവേപ്പില കാണപ്പെടുന്നു. വനാന്തർഭാഗങ്ങളിലാണ് ഇവ ആദ്യമായി കാണപ്പെട്ടിരുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് കറിവേപ്പില കൂടുതലായും ഉപയോഗിക്കുന്നത്. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഇവ വളർത്തുന്നുണ്ട്.

ഏകദേശം നാല് മുതൽ അഞ്ച് മീറ്റർ വരെ പൊക്കം വെക്കുന്ന കുറ്റിച്ചെടിയാണ് കറിവേപ്പ്. ശാഖോപശാഖകളായി വളരുന്ന ഇവയുടെ തണ്ടുകൾ ബലമേറിയതും ഇലകൾ ചെറുതും മിനുസമുള്ളവയുമായിരിക്കും. കടും പച്ചനിറത്തിലുള്ള ഇലകൾ ചെടിക്ക് സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇതിന്റെ ഇലകളും പൂക്കളും ഏറെ സുഗന്ധവാഹികളാണ്. പച്ചനിറത്തിൽ കുലകളായാണ് കറിവേപ്പിന്റെ ഫലങ്ങൾ ഉണ്ടാവുക. ഇവയോരോന്നും ഗോളാകൃതിയിലാണ് കാണപ്പെടുന്നത്. ഫലത്തിനുള്ളിലായി വിത്തുകൾ സ്ഥിതിചെയ്യുന്നു. വിത്തു മുളച്ചും വേരിൽനിന്ന് ചെറുതൈകൾ പൊട്ടിമുളച്ചും പുനരുൽപാദനം നടത്തുന്നു. ജലാംശമുള്ള മണ്ണാണ് കറിവേപ്പ് വളരാൻ അനുയോജ്യം. വളപ്രയോഗത്തിനനുസരിച്ച് ഇവ തഴച്ചുവളരുന്നു.

ഏറെ ഔഷധങ്ങൾ അടങ്ങിയതാണ് കറിവേപ്പിലയെന്ന് സൂചിപ്പിച്ചല്ലോ. ദഹനത്തിനും ആമാശയ രോഗങ്ങൾക്കും ഉത്തമ ഔഷധമാണിത്, കറിവേപ്പില എണ്ണയിൽ കാച്ചി തേയ്ക്കുന്നത് മുടി വളരാൻ ഉത്തമമാണെന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്.

ഇവയുടെ ഇലകളിൽ അടങ്ങിയിരിക്കുന്ന എണ്ണയിൽ നിന്നും സോപ്പ് നിർമ്മിക്കുന്നുണ്ട്. കൂടാതെ ഈ ചെടിയുടെ വേര്, മരപ്പട്ട എന്നിവയും ഉപയോഗപ്രദമാണ്. ഇലയിൽ അടങ്ങിയിരിക്കുന്ന കാർബസോള്‍ എന്ന രാസഘടകമാണ് ഇവക്ക് ഔഷധഗുണം നൽകുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങൾക്കും നാഡിസംബന്ധമായ രോഗങ്ങൾക്കും കറിവേപ്പില ഫലപ്രദമാണ്. കീടങ്ങളുടെ ആക്രമണം തടയാൻ ഇവയുടെ ഇലകൾ ഉപയോഗിച്ചുവരുന്നു.

ഔഷധമെന്നതിലുപരി കറികൾക്കെല്ലാം രുചി പകരുന്ന ഉത്തമചേരുവ കൂടിയാണ് കറിവേപ്പില. കേരളത്തിലെ മുഖ്യവിഭവമായ സാമ്പാർ, മീൻകറി, ഇറച്ചിക്കറി എന്നിവയിലെല്ലാം കറിവേപ്പില അത്യാവശ്യ ചേരുവയാണല്ലോ. ദക്ഷിണേന്ത്യയിലെ വിട്ടുവളപ്പിൽ സർവ്വസാധാരണമാണ് കറിവേപ്പ്.

പണ്ടുകാലങ്ങളില്‍ ധാന്യങ്ങള്‍ കേടുവരാതിരിക്കാൻ അവയിൽ കറിവേപ്പില ഇട്ട് സൂക്ഷിക്കാറുണ്ടായിരുന്നുവത്രെ. അങ്ങനെ ഒട്ടേറെ ഗുണങ്ങളാൽ സമൃദ്ധമാണ് കറിവേപ്പില.

കറുപ്പ്

ഇംഗ്ലിഷ് നാമം         : ഓപ്പിയം പോപ്പി

ശാസ്ത്രീയനാമം        : Papaver somniferum

കുടുംബം             : Papaveraceae

കാണപ്പെടുന്ന പ്രദേശങ്ങൾ : ഗ്രീസ്, യൂറോപ്പ്, ഇന്ത്യ

ഉറക്കത്തിന്റെയും മരണത്തിന്റെയും പ്രതീകമായി അറിയപ്പെടുന്ന ചെറുസസ്യമാണ് കറുപ്പ്. ഇതിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഓപ്പിയം എന്ന വസ്തുവിന് ഉറക്കം പ്രദാനം ചെയ്യാനുള്ള കഴിവുള്ളതിനാലാണ് ഈ ഒരു വിശേഷണത്തിനർഹമായത്. രക്തത്തിന്റെ നിറമായതിനാൽ ഇതിന് മരണത്തിന്റെ പ്രതിഛായയും ലഭിച്ചു. ഗ്രീക്ക് റോമൻ സങ്കൽപപ്രകാരം പോപ്പിച്ചെടികൾ ശവക്കല്ലറയുടെയും അനശ്വരനിദ്രയുടെ അഥവാ മരണത്തിന്റെയും പ്രതീകമാണ്. പുരാതന സുമേറിയൻ ചരിത്രരേഖകളിലെല്ലാം ഈ ചെടിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഗ്രീക്ക് ഭാഷയിൽ നിന്നാണ് കറുപ്പിന് ഓപിയം എന്ന പേരു ലഭിച്ചത്. ആദ്യകാലങ്ങളിൽ യൂറോപ്പിൽ മാത്രം കണ്ടുവന്നിരുന്ന ഒരു കളസസ്യമായിരുന്നു കറുപ്പ്. എന്നാൽ പിന്നീടവ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. മിക്ക കോമൺവെൽത്ത് രാജ്യങ്ങളിലും കറുപ്പിന്റെ പൂക്കൾ ഉപയോഗിച്ചാണ് രക്തസാക്ഷികളായ സൈനികരുടെ സ്മരണ പുതുക്കിയിരുന്നത്. ബ്രിട്ടണിലെ പ്രശസ്ത സാമൂഹ്യ സംഘടനയായ റോയല്‍ (ബിട്ടീഷ് ലിജിയൻ (Royal British Legion)ന്റെ അടയാളമാണ് ഈ പൂക്കൾ. കറുപ്പിന്റെ മറ്റൊരു വർഗ്ഗമായ ഗോൾഡന്‍ പോപ്പി കാലിഫോർണിയയുടെ ദേശീയപുഷ്പം കൂടിയാണ്.

ധാരാളം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുള്ള ചെറുസസ്യമാണ് കറുപ്പ്. ഇവയുടെ തണ്ടുകളും വേരുകളും താതരതമ്യേന ബലം കുറഞ്ഞതായി കാണപ്പെടുന്നു. കറുപ്പിന്റെ ഇളം പച്ചനിറത്തിലുള്ള ഇലകൾ ചെറുതും അരികുകൾ ദന്തുരവുമാണ്. നീളമേറിയ തണ്ടുകളുടെ അഗ്രഭാഗത്തായി പൂക്കൾ വിടരുന്നു. പൂക്കൾ പൊതുവെ ചുവപ്പ് നിറത്തിലാണെങ്കിലും റോസ്, ഓറഞ്ച്, വെളുപ്പ്, നീല നിറങ്ങളിലും കാണാറുണ്ട്. ചില പൂക്കളുടെ മധ്യഭാഗത്തായി കറുത്ത പുള്ളികളും കാണാം. നാലോ ആറോ ഇതളുകളാണ് പൂക്കൾക്ക് ഉണ്ടാവുക. ഇവക്ക് ധാരാളം കേസരങ്ങളും കാണപ്പെടുന്നു. ധാരാളം വിത്തുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. അനേകം വിഭാഗങ്ങളുള്ള സസ്യമാണ് കറുപ്പെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. ഇതിലെ ഒരു വിഭാഗമായ പാപ്പവര്‍ ഓറിയന്‍റ (Papaver orientale) ലിന്റെ പൂക്കൾക്ക് കടും നീലനിറമാണ്. പുഷ്പത്തിന്റെ പരാഗരേണുക്കൾ ചാരനിറത്തിലായിരിക്കും. പ്രധാനമായും വണ്ടുകളിലൂടെയാണ് ഇവയിൽ പരാഗണം നടക്കുക. കറുപ്പ് ചെടിയിൽ വിത്തുകൾ മുഖേനയാണ് പുനരുൽപാദനം നടക്കുന്നത്. ഇവയുടെ വിത്തുകൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. പല നഴ്സറികളിലും വിത്തുൽപാദനകേന്ദ്രങ്ങളിലും ഇവയുടെ വ്യത്യസ്ത ഇനം തെകളും വിത്തുകളും ഉൽപാദിപ്പിക്കുകയും വൻതോതിൽ വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്.

കറുപ്പ് ചെടിയുടെ പാകമാവാത്ത ഫലത്തിൽനിന്നും പാല്‍പോലുള്ള ഒരു തരം കറ ലഭിക്കുന്നു. ഇവ സംസ്കരിച്ചെടുത്ത് ഒരേസമയം ഔഷധങ്ങളും മയക്കുമരുന്നും (കറുപ്പ്) നിർമ്മിക്കാറുണ്ട്. ഇതിന്റെ വിത്തുകൾ ഭക്ഷ്യയോഗ്യമത്രേ. ഇവ കേക്കുകളും മറ്റു മധുരപലഹാരങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഈ വിത്തിൽ നിന്നും ഒരു തരം എണ്ണയും ലഭിക്കുന്നു. ഇവ ചിത്രരചനക്കുള്ള ഓയിൽ പെയിന്റിംഗുകളിൽ ഉപയോഗിക്കാറുണ്ട്. വാണിജ്യപ്രാധാന്യമുള്ള ഈ ചെടിക്ക് ഔഷധഗുണങ്ങളും ഏറെയാണ്. ആസ്ത്മ അകറ്റാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഉദരസംബന്ധമായ രോഗങ്ങൾ അകറ്റാനും ഈ ചെടി ഉത്തമമത്രേ. ഏറെ പ്രാധാന്യമുള്ള കറുപ്പിന്റെ പേരിൽ ലോകത്തിൽ യുദ്ധം തന്നെ നടന്നിട്ടുണ്ട്. കറുപ്പ് യുദ്ധം (ഓപ്പിയം വാർ) എന്ന പേരിൽ പ്രസിദ്ധമായ ഈ യുദ്ധത്തിൽ ചൈനയും ബ്രിട്ടനുമായിരുന്നു പോരടിച്ചത്. 1803 ൽ നടന്ന ഈ യുദ്ധത്തിനു ശേഷം ചൈന ബ്രിട്ടനുമായി ഒപ്പിയത്തിന്റെ വ്യാപാരം അവസാനിപ്പിക്കുകയുണ്ടായി.

കള്ളിച്ചെടി

ഇംഗ്ലീഷ് നാമം             : കാക്റ്റസ്, ആഫ്രിക്കൻ മില്ലറ്റ് ട്രീ

ശാസ്ത്രീയനാമം             : Cactas indicus

കുടുംബം                 : Cactaceae

കാണപ്പെടുന്ന പ്രദേശങ്ങൾ     : ആഫ്രിക്ക, ഇന്ത്യ, അമേരിക്ക, വെസ്റ്റിൻഡീസ്,

മഡഗാസ്കർ, ശ്രീലങ്ക

വളരെ വ്യത്യസ്തവും അസാധാരണത്വവുമുള്ള സസ്യമാണ് കള്ളിച്ചെടി. രൂപത്തിലും ഭാവത്തിലും ഈ അസാധാരണത്വം അവ നിലനിർത്തുന്നു. മരുഭൂമിയിൽ കാണപ്പെടുന്ന അപൂർവ്വം സസ്യങ്ങളിലൊന്നായ ഇവയുടെ സ്വദേശം പശ്ചിമാഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെന്ന് പറയപ്പെടുന്നു. എന്നാൽ അമേരിക്കൻ ഭൂഖണ്ഡമാണിതിന്റെ ജന്മസ്ഥലമെന്നും വാദമുണ്ട്. എന്തായാലും തീരപ്രദേശങ്ങൾതൊട്ട് പർവ്വതപ്രദേശങ്ങള്‍ വരെയുള്ള വിശാലവും വ്യത്യസ്തവുമായ പ്രദേശങ്ങളിലും മിതശീതോഷ്ണമേഖലതൊട്ട് മരുഭൂമി വരെയുള്ള വിഭിന്നമായ കാലാവസ്ഥയിലും വളരാൻ കഴിയുന്ന അപൂർവ്വം സസ്യങ്ങളിലൊന്നാണിത്.

ജന്മ ദേശത്തെച്ചൊല്ലി വാദപ്രതിവാദമുണ്ടെങ്കിലും ഇവ അമേരിക്ക, വെസ്റ്റിൻഡീസ്, ആഫ്രിക്ക, മഡഗാസ്കർ, ശീലങ്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശത്താണ് വ്യാപകമായി കണ്ടുവരുന്നത്. ഇനങ്ങൾക്കനുസരിച്ച് വ്യത്യസ്തമായ ഉയരങ്ങളിലുള്ള കള്ളിച്ചെടികൾ കണ്ടുവരുന്നു. കള്ളിച്ചെടിയിലെ ഉയരക്കാരന് 19.2 മീറ്ററോളം നീളം കാണും. എന്നാൽ ഇത്തിരിക്കുഞ്ഞനാവട്ടെ വെറും ഒരു സെന്റീമീറ്റർ നീളമേ വരൂ. ഉയരത്തിന്റെ കാര്യത്തിൽ രസകരമായ പല സ്വഭാവക്കാരുമുണ്ട്. സഗുവാരേ എന്നു വിളിക്കുന്ന കള്ളിച്ചെടി 15 മീറ്ററോളം ഉയരത്തിൽ വളരും. എന്നാൽ തന്റെ ആയുസ്സിന്റെ ആദ്യത്തെ പത്തു വർഷത്തിൽ അവ ആകെ 10 സെന്റിമീറ്ററാണ് വളരുന്നത്.

കള്ളിച്ചെടിയുടെ കാണ്ഡം തടിച്ച് പച്ച നിറത്തിൽ മാംസളമായതാണ്. ഇലകളില്ലാത്തതിനാൽ കാണ്ഡത്തിലാണ് ഹരിതകമുള്ളത്. ഇവയുടെ സഹായത്തോടെയാണ് കള്ളിച്ചെടിയിൽ പ്രകാശസംശ്ലേഷണം നടക്കുന്നത്. വരണ്ടപ്രദേശത്ത് വളരുന്നതിനാൽ ഇവ ജലം ശേഖരിച്ചുവെക്കാൻ നിർബന്ധിതരാവുന്നു. തടിച്ച് മാംസളമായ കാണ്ഡത്തിലാണിവ ജലം ശേഖരിച്ചുവെക്കുന്നത്.

ജലനഷ്ടടം കുറയ്ക്കാൻ വേണ്ടി കള്ളിച്ചെടിക്ക് പ്രകൃത്യാലുള്ള മുൻകരുതലുകളുണ്ടത്രേ. അവയിൽ ഏറ്റവും പ്രധാനം ഇലകളില്ല എന്നത് തന്നെ. കള്ളിച്ചെടിയുടെ എല്ലാ വർഗത്തിന്റേയും ഇലകൾ ചെറിയ മുള്ളുകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവ ജലനഷ്ടം കുറയ്ക്കുന്നതിനൊപ്പം ചെടിക്ക് സംരക്ഷണവും ഭംഗിയും പ്രദാനം ചെയ്യുന്നു. ഇനങ്ങൾക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിലും വ്യത്യസ്ത ആകൃതിയിലുമുള്ള പുഷ്പങ്ങളാണ് കള്ളിച്ചെടിയുടേത്. കുഴലിന്റെയും സെല്ലിന്റെയും ചക്രത്തിന്റെയും ആകൃതിയിൽ ഇവ കാണാം. ഓറഞ്ച്, ചുവപ്പ്, മഞ്ഞ തുടങ്ങിയ ആകർഷകങ്ങളായ നിറങ്ങളിലാണിവ അധികവും കാണപ്പെടുന്നത്. എങ്കിലും വെള്ളനിറത്തിലുള്ള പൂവുകളും വിരളമായി കണ്ടുവരാറുണ്ട്, ദ്വിലിംഗ പുഷ്പങ്ങളാണ് കള്ളിച്ചെടിയുടേത്.

സൂര്യപ്രകാശവും തണലും ഒരുപോലെ ആവശ്യമായ ഇവക്ക് മാംസളമായ ചെറിയ പഴങ്ങളാണുണ്ടാവുക. ഏകദേശം മൂവായിരത്തോളം വിത്തുകൾ വരെ ചില പഴങ്ങളിൽ കാണാറുണ്ട്. വളരെ ചെറിയ വിത്തുകളാണിവക്ക്. കള്ളിച്ചെടിയില്‍ നിറയെ പാൽപോലെ വെളുത്ത് കാണുന്ന ദ്രവത്തിന് കയ്പു രുചിയാണുള്ളത്. ഇതുൾപ്പെടെ കള്ളിച്ചെടിയുടെ എല്ലാ ഭാഗവും വിഷമയമാണ്. കള്ളിചെടിയുമായുള്ള സമ്പർക്കം ചിലരിൽ അലർജിയുണ്ടാക്കാറുണ്ട്. തണ്ട് മുറിച്ചു നട്ടാണ് ഇവയിൽ പുനരുൽപാദനം നടത്തുന്നത്.

കറ്റാർവാഴ

ഇംഗ്ലീഷ്നാമം                   : അലോ ബാർഡോസ അലോ, ഇന്ത്യൻ അലോ

ഹിന്ദി നാമം               : പതംഗൻ, ഗൻവാർ പാതോ

സംസ്കൃതനാമം             : കുമാരി

മറ്റു പേരുകള്‍             : ചെറുകറ്റാഴ

ശാസ്ത്രീയനാമം             : Aloe vera

കുടുംബം                 : Liliaceae

കാണപ്പെടുന്ന പ്രദേശങ്ങള്‍          : മെഡിറ്ററേനിയൻ പ്രദേശങ്ങൾ, അമേരിക്ക, ഇന്ത്യ

കാനറിപ്പക്ഷികളുടെ നാട്ടുകാരിയാണ് കറ്റാർവാഴ. മെഡിറ്ററേനിയൻ പ്രദേശങ്ങൾ, പ്രത്യേകിച്ച് ആഫ്രിക്കയാണിവയുടെ ജന്മദേശം. ഇവ പിന്നീട് അമേരിക്കയിലേക്കും മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചതാവാമെന്ന് കരുതുന്നു. ഏകദേശം 80 മുതൽ 100 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് കറ്റാർവാഴ. കാണ്ഡത്തോടുകൂടിയോ അല്ലാതെയോ ഇവ കാണപ്പെടുന്നു. കാണ്ഡമുണ്ടെങ്കില്‍ തന്നെ അത് വളരെ ചെറുതായിരിക്കും. തടിച്ചതും ദൃഢവും മാംസളവുമായ വേരുകളാണ് കറ്റാർവാഴയുടേത്. ബലമേറിയ നീണ്ട ഇലകളും കറ്റാർവാഴയുടെ പ്രത്യേകതയാണ്. ഇലകളുടെ അടിഭാഗം കാണ്ഡത്തെ ആവരണം ചെയ്തുകൊണ്ടോ പരസ്പരം പൊതിഞ്ഞുകൊണ്ടോ നിലകൊള്ളുന്നു. കൂട്ടത്തോടെ വിന്യസിച്ചിരിക്കുന്ന ഇലകൾ കാഴ്ചക്ക് മനോഹരവുമാണ്. കട്ടിയേറിയ മാംസളമായ ഇലകൾ പൊട്ടിച്ചാൽ കൊഴുത്ത ദ്രാവകം പുറത്ത് വരുന്നതു കാണാം. വാൾപോലെയുളള ഇലകളുടെ അടിഭാഗം കൂർത്തതും അരികുകള്‍ മൂര്‍ച്ചയേറിയ  മുള്ളാടുകൂടിയും കാണപ്പെടുന്നു. ഇവ ഇളം പച്ചനിറത്തിലോ ചാരനിറം കലർന്ന പച്ച നിറത്തിലോ ആയിരിക്കും കാണുക.

വേരിൽനിന്നും തുടങ്ങുന്ന നീണ്ട തണ്ടിലാണ് കറ്റാർവാഴയ്ക്ക് പൂക്കൾ കാണപ്പെടുന്നത്. കുഴല്‍ പോലെയുള്ള ചെറിയ പൂക്കളാണിവയുടേത്. ഇവ കോണാകൃതിയിലുള്ള പൂങ്കുലയിൽ നിരനിരയായി കാണപ്പെടുന്നു. വേര് പൊട്ടി മുളച്ചാണ് ഇവയില്‍ പുതിയ സസ്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. മുകുളങ്ങള്‍ നട്ടും പുനരുത്പാദനം നടത്താം. ജലാംശമുള്ള മണൽ കലർന്ന മണ്ണാണ് കറ്റാർവാഴ വളരാൻ അനുയോജ്യം. വളക്കൂറുള്ള മണ്ണിൽ നന്നായി വളരുന്നവയാണിവ. സസ്യത്തിന്റെ 90 ശതമാനവും ജലമായതിനാൽ കാലാവസ്ഥയോട് ഇവ പെട്ടെന്ന് പ്രതികരിക്കും. നല്ല സൂര്യപ്രകാശത്തിൽ വളരാൻ ഇഷ്ടപ്പെടുന്ന കറ്റാർവാഴ ഭാഗികമായ തണൽപ്രദേശങ്ങളിലും കണ്ടുവരുന്നു. നന്നായി വേരു പിടിച്ചുകഴിഞ്ഞാൽ വരൾച്ചയെ അതിജീവിക്കാന് ഇവക്ക് പ്രത്യേക കഴിവുണ്ട്. എന്നാൽ വേനൽക്കാലത്ത് സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്ക് ജലസേചനം നടത്തുന്നത് നല്ലതാണ്. പല സ്ഥലങ്ങളിലും കറ്റാർവാഴ അലങ്കാരസസ്യമായി വളർത്താറുണ്ട്. ഇവയുടെ ഇലകളും വിത്തുകളും ഭക്ഷ്യയോഗ്യമാണ്. ജപ്പാനിൽ കറ്റാർവാഴകൊണ്ട് സൂപ്പുണ്ടാക്കി ഉപയോഗിക്കാറുണ്ട്. കൊറിയയിൽ ഇവ മദ്യമുണ്ടാക്കാനായി വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കാറുണ്ട്.കറ്റാര്‍വാഴയില്‍ നിന്നും ഉണ്ടാക്കുന്ന ജെല്‍,  ഭക്ഷണം കേടാവാതെ സൂക്ഷിക്കാനുള്ള ഏറ്റവും സുരക്ഷിത മാർഗമാണ്. വളരെ പഴക്കം ചെന്ന ഔഷധപ്പെരുമ കൂടിയുണ്ട് കറ്റാര്‍വാഴക്ക്. ബൈബിളിന്റെ കാലം തൊട്ടേ ഇവ ഔഷധമായി ഉപയോഗിക്കുന്നുവത്രേ. മുറിവിനും പൊള്ളലിനും നല്ലൊരു പ്രതിവിധിയാണ് കറ്റാർവാഴക്കുഴമ്പ്. മുറിവുപറ്റിയ ഉടനെ ഇത് പുരട്ടുന്നത് വേദന കുറക്കാന്‍ സഹായിക്കും. സൗന്ദര്യവര്‍ധകവസ്തുക്കളുണ്ടാക്കാന്‍ ഇവ വന്‍തോതില്‍ ഉപയോഗിച്ചുവരുന്നു.  സോപ്പുകളും ഷാമ്പൂവും  നിർമ്മിക്കാൻ ഇവ ഉപയോഗിക്കുന്നുണ്ട്. തലയ്ക്ക് തണുപ്പ് നല്‍കാനും മുടിയിഴകളുടെ വളര്‍ച്ചയ്ക്കും കറ്റാര്‍വാഴ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

കടപ്പാട്: നമ്മുടെ സസ്യങ്ങള്‍

Poorna reference series - Science

3.0625
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top