অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചെറിയ ചെടികളും, ചരിത്രവും

ആമുഖം

സസ്യലോകം വൈവിധ്യങ്ങളുടെ കലവറയാണ്. ആകൃതിയിലും പ്രകൃതിയിലും വ്യത്യാസപ്പെട്ടിരിക്കുന്ന ഇവയെ മനുഷ്യരുടെ സൗകര്യത്തിനായി പലതായി വിഭജിച്ചു. അനുയോജ്യമായ പേരുകളുമിട്ടു. അത്തരത്തിലുള്ള രണ്ടു വര്‍ഗ്ഗങ്ങളാണ് കുറ്റിച്ചെടികളും ചെറുസസ്യങ്ങളും.

സസ്യകുലത്തിലെ ആദ്യജാതരില്‍പ്പെട്ടവരാണ് ചെറുസസ്യങ്ങള്‍. ചെറുതാണെങ്കിലും പ്രായമേറെയാണെന്ന് സാരം. എന്നാല്‍ ആകൃതിയിലും പ്രകൃതിയിലും എന്തിനു ചില സമയങ്ങളില്‍ വലുപ്പത്തിലും മരത്തോളമെത്തുന്ന കുറ്റിച്ചെടികള്‍ ഇക്കാര്യത്തില്‍ പിറകോട്ടാണ്. സസ്യപരിണാമത്തിലെ അവസാന കണ്ണികളിലൊരാളാണ് ഇക്കൂട്ടര്‍.

വലുപ്പവും സ്വഭാവവും എന്തുമാകട്ടെ പ്രകൃതിയുടെ പരിപൂര്‍ണ്ണതയ്ക്ക് ഇവയുടെ സാന്നിധ്യം കൂടിയേ തീരൂ. നാമറിയാത്ത പല വിശേഷങ്ങളും മേന്മകളും നമ്മുടെ ചുറ്റുമുള്ള ഈ സസ്യങ്ങള്‍ക്കുണ്ട്. മണ്ണിന്‍റെ ഫലപുഷ്ടിയെയും ഘടനയെയും മാറ്റിമറിക്കുന്ന സസ്യങ്ങള്‍ മുതല്‍ മറ്റുള്ള ജീവികള്‍ക്കും സസ്യങ്ങള്‍ക്കും ആവാസകേന്ദ്രമാവുന്ന സസ്യങ്ങള്‍ വരെ. എണ്ണിയാലൊടുങ്ങാത്ത അത്തരം വിശേഷങ്ങളില്‍ എത്രയോ തുച്ഛം മാത്രമാണ് മനുഷ്യനറിയാവുന്നത്. അറിയാത്ത എത്രയോ വിശേഷങ്ങള്‍ പ്രകൃതി തന്‍റെ നിഗൂഡതയില്‍ ഒളിപ്പിച്ചിരിക്കാം.

ചരിത്രവഴികളില്‍ മുമ്പേ നടന്നവര്‍

മനുഷ്യചരിത്രത്തേക്കാളും പഴക്കമുള്ള ചരിത്ര പാരമ്പര്യമുള്ളവരാണ് സസ്യങ്ങള്‍. മനുഷ്യസംസ്കാരത്തെ വര്‍ണമനോഹരമാക്കിയ ഇയ മനുഷ്യര്‍ക്ക്‌ വിശപ്പടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കാണിക്കുകയും ചെയ്തു. ചരിത്രത്തിലൂടെയുള്ള മനുഷ്യന്‍റെ യാത്രയില്‍ താങ്ങും തണലുമായി അവ എന്നും നമ്മോടൊപ്പമുണ്ടായിരുന്നു. അത്തരം ചില സസ്യങ്ങള്‍ മനുഷ്യരോടൊപ്പം ചരിത്രത്തിലിടം നേടുകയും ചെയ്തു. 5000 ബി.സിയില്‍ കണ്ടെത്തിയ ഉള്ളിയുടെയും വെള്ളുള്ളിയുടെയും അവശിഷ്ടങ്ങളാണ് ഏറ്റവും പഴക്കമേറിയവ.

ഈജിപ്തുകാര്‍ ആരാധിച്ച ഉള്ളി

പ്രാചീന ഈജിപ്തില്‍ ഉള്ളിയെ ആരാധിച്ചിരുന്നുവത്രേ. ഉള്ളിയുടെ ഗോളാകൃതി അനശ്വരതയെ പ്രതീകവത്കരിക്കുന്നത് കൊണ്ടാണിത്. ശവകുടീരത്തിന്‍റെ കൂടെ അടക്കം ചെയ്‌താല്‍ ഉള്ളിയുടെ രൂക്ഷമായ ഗന്ധം മരിച്ചവരുടെ ശ്വാസം തിരികെ കൊണ്ടുവരുമെന്നാണ് അവരുടെ വിശ്വാസം. പ്രാചീന ഈജിപ്ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന മൈസിസ് IV ന്‍റെ ശവകുടീരത്തില്‍ ഉള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. മൈസിസിന്‍റെ കണ്‍കുഴികളില്‍ വച്ചിരുന്നത് ഉള്ളിയായിരുന്നത്രേ.

ബൈബിളും മല്ലിയും

ബൈബിളില്‍ മല്ലിക്കെന്തു കാര്യം എന്നാണോ ചിന്തിക്കുന്നത്? അധികം തല പുകയ്ക്കേണ്ട. ബൈബിളില്‍ പരാമര്‍ശമുള്ള ചുരുക്കം ചില സസ്യങ്ങളില്‍ ഒന്നാണ് മല്ലി. മല്ലിയെ ബൈബിളില്‍ ഉറുമാമ്പഴത്തോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബൈബിളിന്‍റെ കാലം തൊട്ടാണ് മല്ലിയെ മനുഷ്യര്‍ക്ക് പരിചയം എന്ന് തെറ്റിദ്ധരിക്കരുത്. പ്രാചീന ഈജിപ്തില്‍ മല്ലി ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്.

യുദ്ധപാരമ്പര്യവുമായി പോപ്പി

പോപ്പിയെ നിസ്സാരനായി തള്ളിക്കളയേണ്ട. പോപ്പി കാരണം ഒരു യുദ്ധം തന്നെയുണ്ടായിട്ടുണ്ട്. പോപ്പിയില്‍ നിന്നെടുക്കുന്ന കറുപ്പ് എന്ന മയക്കുമരുന്നിന്‍റെ വില്‍പ്പനയേച്ചൊല്ലിയായിരുന്നു യുദ്ധം. 1830-കളില്‍ ചൈനയും ബ്രിട്ടനും തമ്മിലായിരുന്നു കറുപ്പുയുദ്ധം എന്ന പേരിലറിയപ്പെടുന്ന ഈ യുദ്ധം നടന്നത്. ബ്രിട്ടനില്‍ നിന്നും ചൈനയിലേക്ക് കറുപ്പ് വ്യാപാരം തടഞ്ഞതാണ് യുദ്ധത്തിനു കാരണമായത്. ഇത് മാത്രമല്ല പോപ്പിയുടെ മാഹാത്മ്യങ്ങള്‍. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഒന്നാംലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കായുള്ള പുഷ്പാര്‍ച്ചനയില്‍ അര്‍പ്പിക്കുന്നത് പോപ്പി പുഷ്പങ്ങളാണ്.

ജനിതകശാസ്ത്രത്തിന് അടിത്തറ പാകിയ പയർ

ജനിതകശാസ്ത്രവും പയറും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. 1800 കളുടെ മധ്യത്തിൽ ഗ്രിഗർ മെൻഡൽ പയർചെടിയിൽ നടത്തിയ പരീക്ഷണങ്ങളാണ് ജനിതകശാസ്ത്രത്തിന്റെ പിറവിക്കു കാരണമായത്. ഇത് പിന്നീട് ആധുനിക ജനിതകശാസ്ത്രത്തിന്റെ അടിത്തറയാവുകയും ചെയ്തു.

കുരിശുയുദ്ധവും ചെറുനാരകവും

കുരിശുയുദ്ധവും ചെറുനാരകവും തമ്മിലെന്താണ് ബന്ധം? കുരിശു യുദ്ധത്തോടെയാണ് ചെറുനാരകം യൂറോപ്പ് കീഴടക്കിയത്. കേട്ട് ഞെട്ടേണ്ട. കുരിശു യുദ്ധത്തിനു മുമ്പും ചെറുനാരകം കിഴക്കൻ രാജ്യങ്ങളുടെ സ്വന്തമായിരുന്നു. കുരിശുയുദ്ധത്തിൽ പങ്കെടുത്ത അറബികളിൽ നിന്ന് ഇവ ആഫ്രിക്കയിലെത്തുകയും അവരിൽ നിന്ന് യൂറോപ്പിലെത്തുകയും ചെയ്തു. ഇന്ന് ഇവ യൂറോപ്പിൽ വ്യാപകമാണ്.

വിപ്ലവസ്നേഹിയാണോ? തക്കാളി തിന്നൂ

ഇതു കേട്ട് തക്കാളി തിന്നുന്നത് നിർത്താനൊന്നും പോവേണ്ട കേട്ടോ. ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിലാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടായത്. തക്കാളിയുടെ ചുവപ്പുനിറം അതിനെ ഫ്രഞ്ചു വിപ്ലവകാരികളുടെ പ്രിയപ്പെട്ട ഫലമാക്കി മാറ്റി. അക്കാലത്ത് തക്കാളി തിന്നുന്നത് വിപ്ലവത്തോട് കൂറുള്ളതിന്റെ അടയാളമായിരുന്നത്രേ.

നവോത്ഥാനവും ലാളിത്യത്തിന്റെ തോട്ടങ്ങളും

മധ്യകാലഘട്ടത്തിൽ പള്ളിമുറ്റങ്ങളിലുണ്ടായിരുന്ന ഔഷധത്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും ഉൾപ്പെട്ട ചെറുസസ്യങ്ങളുടെ തോട്ടം നവോത്ഥാനത്തിന്റെ വരവോടെ ശാസ്ത്രീയമായി പുനർനിർമ്മിക്കപ്പെട്ടു. ഇത്തരത്തിലുള്ള തോട്ടങ്ങളാണ് പിന്നീട് ലാളിത്യത്തിന്റെ തോട്ടങ്ങൾ (Garden of simple) എന്ന പേരിൽ അറിയപ്പെട്ടത്. നവോത്ഥാനം തോട്ടങ്ങൾക്കു നല്ലകാലം കൊണ്ടു വന്നുവെന്നു മനസ്സിലായില്ലേ.

സഹസ്രാബ്ദങ്ങളുടെ ഔഷധ പാരമ്പര്യവുമായി സർപ്പഗന്ധി

സർപ്പഗന്ധിയുടെ ഔഷധ പ്പെരുമയ്ക്ക് വേദാന്ത കാലത്തോളം പഴക്കമുണ്ട്. ഈ കാലഘട്ടത്തിലെ സമ്പ്രദായങ്ങളാണ് ആയുർവ്വേദത്തിന് അടിത്തറ കുറിച്ചതെന്നു പറയാം. ഇങ്ങനെ നോക്കിയാൽ സർപ്പഗന്ധി ആയുർവ്വേദത്തിന്റെ ഭാഗമായിട്ട് ആയിരക്കണക്കിനു വർഷങ്ങളായി എന്നുതന്നെ പറയാം.

വിശ്വാസം വിളയിച്ച സസ്യങ്ങൾ

പ്രാചീനകാലം മുതൽ തന്നെ സസ്യങ്ങളുമായി മനുഷ്യനു വേർപിരിയാനാവാത്ത ബന്ധമുണ്ടായിരുന്നു. ചിന്താശേഷിയും അതിനനുസരിച്ച് സാങ്കേതികവിദ്യകളും വളർന്നുവന്നെങ്കിലും എന്നും മനുഷ്യന്റെ അവസാനത്തെ അത്താണിയാണ് സസ്യങ്ങൾ. ഈ അടുപ്പം ദൈവികമായ ചിന്തകളുടെ പ്രതിരൂപമായി സസ്യങ്ങളെ കാണാനുള്ള വഴിത്തിരിവായി. സാംസ്കാരികവും ദൈവികവുമായ പ്രാധാന്യമുള്ള പല സസ്യങ്ങളും നമുക്കിടയിലുണ്ട്. അത്തരം സവിശേഷ സ്ഥാനമലങ്കരിക്കുന്ന ചില സസ്യങ്ങളെപ്പറ്റി.....

ഹാംലെറ്റിലെ അരുത പുഷ്പങ്ങൾ

അതേ, ഷേക്സ്പിയറിന്റെ പ്രശസ്ത ദുരന്തകാവ്യമായ ഹാംലൈറ്റിനെക്കുറിച്ചു തന്നെയാണ് പറഞ്ഞത്. ഹാംലെറ്റും അരുതയും തമ്മിൽ എന്താണു ബന്ധം എന്നാവും. ഹാംലൈറ്റിലെ കഥാപാത്രമായ ഒഫീലിയ എന്ന ഭ്രാന്തി സദാസമയവും കൊണ്ടു നടന്ന് കാണുന്നവർക്കെല്ലാം വിതരണം ചെയ്ത പൂക്കളില്ലേ. അവ അരുത പുഷ്പങ്ങളാണ്. ഇതു മാത്രമല്ല, അനേകം ആൽബങ്ങളിലും പാട്ടുകളിലും മറ്റും നിറഞ്ഞ സാന്നിധ്യമാണ് അരുത.

വയമ്പായി മാറിയ ദേവകുമാരൻ

ഗ്രീക്ക് പുരാണത്തിലാണ് ഇങ്ങനെയൊരു കഥയുള്ളത്. നദീദേവനായ റിയാണ്ടറിന്‍റെ പുത്രനായ കലാമോസ് കൂട്ടുകാരന്‍റെ മരണത്തിൽ മനംനൊന്ത് വയമ്പായി മാറുകയായിരുന്നത്രേ. നീണ്ട ഇലകൾ കൂട്ടിയുരുമ്മി അവൻ കരഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് അവരുടെ വിശ്വാസം. ഗ്രീക്കു വിശ്വാസ പ്രകാരം വയമ്പ് പുരുഷപ്രേമത്തിന്‍റെ പ്രതീകമാണ്.

കുലീനതയുടെ പര്യായമായ ജമന്തി

ചൈനയിലാണ് ജമന്തിക്ക് വിശേഷപ്പെട്ട ഈ സ്ഥാനം നൽകിവരുന്നത്. കുലീനതയുടെ പ്രതീകം എന്നതിലപ്പുറം അവിടുത്തെ പ്രധാന നാലു പുഷ്പങ്ങളിൽ ഒന്നാണ് ജമന്തി. ചൈനയിലെ ടോംഗ്സിയാങ്ങില്‍ വര്‍ഷം തോറും ജമന്തിക്കായി ഒരു പുഷ്പോത്സവം തന്നെ നടത്താറുണ്ട്.

ദുർമന്ത്രവാദത്തിൽനിന്ന് രക്ഷനേടാൻ അരുത സസ്യങ്ങൾ

അരുതച്ചെടികൾ ദുർമന്ത്രവാദത്തിനെതിരെയുള്ള കവചമായാണ് കണക്കാക്കുന്നത്. റോമൻ കത്തോലിക്കുകൾ വിശ്വാസികളുടെ മേൽ പുണ്യജലം തളിക്കുന്നത് അരുതസസ്യം ഉപയോഗിച്ചാണ്. അരുത സസ്യങ്ങൾ നിരാശയുടേയും ദുഃഖത്തിന്റേയും പ്രതീകമായും കണക്കാക്കുന്നുണ്ട്. ഇനിയൊരു സ്വകാര്യം. അയൽപക്കത്തുള്ള വീട്ടിൽനിന്ന് മോഷ്ടിച്ച അരൂത സസ്യങ്ങൾ നന്നായി വളരുമത്രേ.

പുണ്യസസ്യമായ തുളസി

പവിത്രമായ തുളസിച്ചെടി വിഷ്ണുഭഗവാന്റെ പ്രിയസസ്യമായാണ് അറിയപ്പെടുന്നത്. പൂജാകർമ്മങ്ങളിലും മറ്റ് ആചാരങ്ങളിലും തുളസിക്ക് പ്രഥമസ്ഥാനമാണുള്ളത്. ആയുർവ്വേദത്തിലും ഔഷധസമ്പന്നമായ സസ്യമെന്നനിലയിൽ പ്രഥമഗണനീയയാണ് തുളസിചെടി. ദൈവിക പരിവേഷം നൽകി ഇന്ന് തുളസിച്ചെടിയെ ആരാധിച്ചുപോരുന്നു.

ദൈവീക ഇരിപ്പിടമായ താമര

താമര ആത്മീയതയുടെയും ദൈവീകതയുടെയും പ്രതീകമാണ്. ഹിന്ദു വിശ്വാസപ്രകാരം ലക്ഷ്മീദേവിയുടേയും സരസ്വതീദേവിയുടേയും പ്രതീകമാണ് താമര. ബുദ്ധമതത്തിലും ഹിന്ദുമതത്തിലും പ്രാധാന്യമുള്ള താമര പല ചിത്രങ്ങളിലും ദേവന്മാരുടെ ഇരിപ്പിടമായാണ് ചിത്രീകരിക്കുന്നത്. ശ്രീബുദ്ധനും താമരയിൽ ഇരിക്കുന്നതായാണ് ചിത്രീകരിക്കാറുളളത്.നമ്മുടെ ദേശീയപുഷ്പം കേമൻ തന്നെയാണ് അല്ലേ?

മരണത്തിന്റെ നിറമുള്ള പോപ്പി

പോപ്പിച്ചെടികൾ ഉറക്കത്തിന്റെയും മരണത്തിന്റേയും പ്രതീകമാണ്. പോപ്പിയിലുള്ള കറുപ്പ് എന്ന മയക്കുമരുന്നിന്റെ സാന്നിധ്യമാണ് ഇവയെ ഉറക്കത്തിന്റെ പ്രതീകമാക്കുന്നതെങ്കിൽ ഇവയുടെ പൂക്കളുടെ രക്തവർണമാണ് ഇവയെ മരണത്തിന് പുഷ്പങ്ങളാക്കുന്നത്. അതിനാൽത്തന്നെ ഗ്രീക്ക് റോമൻ മിത്തുകളിൽ മരിച്ചവർക്ക് പോപ്പി പുഷ്പങ്ങൾ അർപ്പിക്കാറുണ്ട്.

ചില കൃഷിവിശേഷങ്ങൾ

പ്രകൃതിയിൽ സ്വാഭാവികമായുണ്ടാവുന്ന പല സസ്യങ്ങളും മനുഷ്യന്റെ ഉപയോഗത്തിന് തികയാറില്ല. അതിനാൽ നമുക്കുപയുക്തമായവയെ നാം പ്രത്യേകമായി കൃഷിചെയ്യുന്നു. അവയിൽ ഓരോ സസ്യത്തിനും പ്രത്യേകമായ കാലാവസ്ഥയും കൃഷിരീതിയുമായിരിക്കും. വിത്തു മുളപ്പിച്ചോ കൊമ്പു മുറിച്ചു നട്ടോ ആണ് പ്രധാനമായും സസ്യങ്ങൾ ക്യഷി ചെയ്യുന്നത്. സാധാരണമായ ചില കൃഷിരീതികൾ നമുക്കു പരിചയപ്പെടാം.

മണ്ണ് നന്നാക്കുന്ന പയർ

ക്യഷിയിടങ്ങളിൽ ട്യൂബുപോലെ നീളത്തിൽ തൂങ്ങി നിൽക്കുന്ന പയറിനെ കണ്ടിട്ടില്ലേ. ഇവയുടെ മുത്തുപോലെയുള്ള വിത്തുകൾ വഴിയാണ് പുനരുൽപാദനം നടക്കുന്നത്.
ശൈത്യകാലാരംഭമാണ് ഇവയുടെ കൃഷിക്കനുയോജ്യം. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന പയറിന് കൃത്യമായ ജലസേചനം ലഭ്യമാക്കണം. പ്രത്യേക രീതിയിലുള്ള വളപ്രയോഗമൊന്നും ഇവയ്ക്കാവശ്യമില്ല. മണ്ണിന്റെ നൈട്രജൻ സമ്പുഷ്ടീകരണത്തിന് പയറുകൃഷി ഏറെ യോജിച്ചതാണ്.

വെളുത്തുള്ളിക്ക്യഷി

സുഗന്ധവ്യഞ്ജനമായ വെളുത്തുള്ളിയുടെ അല്ലികൾ വഴിയാണ് പുനരുൽപാദനം നടത്തുന്നത്. പൊട്ടാസ്യത്തിന്റെ അളവ് കൂടിയ ഉണങ്ങിയ മണ്ണാണ് വെളുത്തുള്ളി വളരാൻ അനുയോജ്യം. ഏകദേശം ഏപ്രിൽ, മെയ് മാസക്കാലമാണ് ഇവയുടെ വിളവെടുപ്പുകാലം. ഇവ നട്ട ആദ്യ ദിനങ്ങളിൽ നിത്യേന ജലസേചനം ആവശ്യമാണ്. പിന്നീട് പത്തോ ഇരുപതോ ദിവസത്തിനു ശേഷമേ നനയുടെ ആവശ്യമുള്ളൂ.

മഞ്ഞൾ നടാം

ആരോഗ്യപ്രദായിനിയും സൗന്ദര്യവർദ്ധക വസ്തുവുമായ മഞ്ഞളിന്റെ ക്യഷിരീതി എങ്ങനെയെന്ന് അറിയേണ്ടേ. വിത്തുകൾ അടർത്തിമാറ്റി മണ്ണിൽ നട്ടുപിടിപ്പിച്ചാണ് മഞ്ഞൾ കൃഷിചെയ്യുന്നത്. ഇവ നടുന്നതിനായി മണ്ണ് നല്ലപോലെ പാകപ്പെടുത്തേണ്ടതാണ്. വളപ്രയോഗം നല്ലരീതിയിൽതന്നെ വേണം.

ആമ്പൽകൃഷി

ആഴം കുറഞ്ഞ ജലാശയങ്ങളിലാണ് ആമ്പൽ വളർന്നു കാണുന്നത്. ആമ്പലിന്റെ വിത്തോ വേരോ നട്ടാണ് കൃഷിചെയ്യുന്നത്. ഇവ വളരുന്നതിനായി നല്ല സൂര്യപ്രകാശം ആവശ്യമാണ്. കൂടാതെ വളക്കൂറുള്ള മണ്ണും ഇവയുടെ വളർച്ചയ്ക്കത്യാവശ്യം തന്നെ.

ചീര

ചുവപ്പു പരവതാനി വിരിച്ചതുപോലെയുള്ള ചീരത്തോട്ടങ്ങൾ കണ്ടിട്ടില്ലേ. വർണ്ണാഞ്ചിതമായ ഇവയുടെ വിത്തുകൾ മുളപ്പിച്ചാണ് കൃഷിചെയ്യുന്നത്. കുറഞ്ഞ കാലയളവ് മാത്രമേ ഇവ നിലനിൽക്കാറുള്ളൂ. നല്ല പാകപ്പെടുത്തിയ വളക്കൂറുള്ള മണ്ണാണ് ചീരയ്ക്ക് അനുയോജ്യം.

കനകം വിളയും നെൽപ്പാടം

വയലേലകളിലെല്ലാം സമൃദ്ധമായി വിളഞ്ഞുനിൽക്കുന്ന നെൽപ്പാടം നമുക്ക്
നിത്യകാഴ്ചയാണല്ലോ. വിശാലമായ പാടങ്ങളാണ് ഈ ധാന്യകൃഷിക്ക് അനുയോജ്യം. ഇതിനായി വയലുകൾ നല്ലപോലെ ഉഴുതുമറിക്കണം. പിന്നീട് വളങ്ങൾ ചേർത്ത ശേഷം വിത്തിടുകയാണ് പതിവ്.

അയലത്തെ വർണ്ണത്തോട്ടം

പൂന്തോട്ടങ്ങളിൽ വർണ്ണരാജി വിടർത്തുന്ന ചെറുസസ്യമായ വാടാമല്ലിയുടെ ഭംഗി വർണ്ണനകൾതീതമാണ്. പൂക്കളുടെ ഭംഗിയാലും വിവിധ ഉപയോഗങ്ങൾകൊണ്ടും വ്യാപകമായി ഇവ ക്യഷിചെയ്യുന്നു. കൂടുതലായും അയൽസംസ്ഥാനങ്ങളിലാണ് ഇവ ക്യഷി ചെയ്യുന്നത്. ഈർപ്പമേറിയ മണ്ണിൽ പെട്ടെന്ന് തഴച്ചുവളരുന്നവയാണിവ.

ഉത്തരേന്ത്യയിലെ ഗോതമ്പുപാടങ്ങൾ

നോക്കെത്താദൂരത്ത് വിളഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾ ഉത്തരേന്ത്യയിലെ അവിസ്മരണീയമായ കാഴ്ചയാണ്. നെല്ലിനോട് സാമ്യം തോന്നിക്കുന്ന ഇവയുടെ ഇലകൾക്കിടയിൽ തവിട്ടുനിറത്തിൽ വിളഞ്ഞുനിൽക്കുന്ന ഗോതമ്പു കതിർ ഏറെ പോഷകമൂല്യമടങ്ങിയതുമാണ്. ഉത്തരേന്ത്യക്കാരുടെ പ്രധാന ആഹാരമാണിത്.

വിസ്മയിപ്പിക്കുന്ന രൂപഭാവങ്ങൾ

പ്രകൃതിയിൽ എല്ലാം വ്യത്യസ്തമാണ്. രൂപത്തിൽ, ഭാവത്തില്‍, ആവാസവ്യവസ്ഥയിൽ എല്ലാം ഒന്നിനൊന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവെ സവിശേഷമായ ഒരു സ്വഭാവമെങ്കിലും കാണിക്കുന്നവയാണല്ലോ സസ്യങ്ങളും ജന്തുജാലങ്ങളും. സസ്യങ്ങൾക്കിടയിൽ ഇതു വളരെ പ്രകടമാണെന്നു മാത്രം. എങ്കിലും ചില പ്രത്യേക ആക്യതിയോ പ്രക്യതിയോ ഉള്ള ഒരുകൂട്ടം സസ്യങ്ങൾ എല്ലാ വിഭാഗത്തിലും കാണാം. അത്തരം ചില സവിശേഷതകളെപ്പറ്റി.

അടി പാറ, നടുവടി, മീതേ കുട

ഉത്തരം കിട്ടിയല്ലോ അല്ലേ? നമുക്ക് സുപരിചിതമായ ചേനയുടെ സവിശേഷമായ ആകൃതിയാണ് ഏറെ പ്രചാരം ലഭിച്ച ഈ കടങ്കഥ. കാരണം കുടപോലെ നിവർന്നു നിൽക്കുന്ന ഒറ്റ ഇലയാണ് ഈ സസ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മണ്ണിനടിയിൽ പാറപോലെ ഇരുണ്ട നിറത്തിൽ കിണ്ണത്തിന്റെ ആകൃതിയിലുള്ള കിഴങ്ങു കൂടിയായാലോ. കാണാൻ ബഹു കേമംതന്നെയല്ലേ...

കാമദേവന്റെ ഷേവിംഗ് ബ്രഷ്

ആശയക്കുഴപ്പത്തിലാവണ്ട. നമ്മുടെ മുയൽച്ചെവിയൻ സസ്യത്തിന് ഇംഗ്ലീഷുകാര്‍ കൊടുത്ത ഓമനപ്പേരാണിത്. ബ്രഷിന്റെ ആകൃതിയിലുള്ള ഇതിന്റെ പൂക്കളാണ് ഇവയ്ക്ക് ഈ പേരു നേടിക്കൊടുത്തത്. ഇത് മാത്രമല്ല കേട്ടോ. സസ്യലോകത്തെ പെയിന്റ് ബ്രെഷെന്ന വിളിപ്പേരും ഈ സസ്യത്തിനുണ്ട്.

മീശപോലൊരു പൂവ്

സർവ്വസാധാരണമായ പൂച്ച മീശയ്ക്കാണ് ഇത്തരത്തിൽ വിശേഷപ്പെട്ട പൂക്കളുള്ളത്. പൂച്ചമീശ എന്ന പേരിൽത്തന്നെയുണ്ടല്ലോ അവയുടെ പ്രത്യകത. പൂക്കളിലെ നേർത്ത വലിയ പൂച്ചമീശ പോലെയുള്ള കേസരങ്ങളാണ് ഇവയ്ക്ക് ഈ പേരു നേടിക്കൊടുത്തത്.

കരയിപ്പിക്കുന്ന ഉള്ളി

ഉള്ളിയരിഞ്ഞ് കരയാത്തവരാരെങ്കിലുമുണ്ടോ? ഉണ്ടാവാൻ പ്രയാസമാണ്. ഉള്ളിയിലടങ്ങിയിരിക്കുന്ന സൈൻ പ്രൊപനത്യൽ -എസ് ഓക്സൈഡ് (sign propanethial s-oxide) എന്ന രാസഘടകമാണ് ഉള്ളിയുടെ ഈ വിരുതിനു കാരണം. ഉള്ളി അരിയുമ്പോൾ ഇവയുടെ കണങ്ങൾ കണ്ണിലെത്തി കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്നു. ഇവരെ പുറന്തള്ളാനായി കണ്ണ് കണ്ണുനീർ പുറപ്പെടുവിക്കുന്നു. ഇങ്ങനെയാണ് ഉള്ളിയരിയുന്നവർ കരയുന്നത്. ഉള്ളി ചില്ലറക്കാരനല്ല എന്നു മനസ്സിലായില്ലേ.

സാമുറായിയുടെ വാളുകൾ പോലെ വയമ്പ്

ജപ്പാനിൽ വയമ്പ് സാമുറായിയുടെ ധീരതയുടെ പ്രതീകമാണ്. മൂർച്ചയേറിയ വാളുകൾ പോലെയുള്ള നീണ്ട ഇലകളാണ് ഇവക്ക് ഇങ്ങനെയൊരു സവിശേഷസ്ഥാനം കൊടുത്തത്. ഇതുമാത്രമല്ല നേരിയ സുഗന്ധവും മധുരവുമുള്ള ഇവ കൊണ്ടുള്ള കുളി ജപ്പാനിൽ മെയ് അഞ്ചിനു നടത്തുന്ന ആണ്‍കുട്ടികളുടെ ഉത്സവത്തിലെ (Boy's festival) പ്രധാന ചടങ്ങാണ്.

കമ്പിളിപ്പുതപ്പുമായി കൊട്ടം

കൊട്ടത്തിന്റെ പൂക്കൾക്കാണ് ഈ സവിശേഷതയുള്ളത്. പൂവിന്റെ ഇതളുകൾ വളരെ നേരിയ രോമങ്ങൾ തിങ്ങിനിറഞ്ഞാണ് കാണപ്പെടുന്നത്. ഇവ വെറുതെ ഭംഗിക്കുവേണ്ടിയൊന്നുമല്ല കേട്ടോ. ഇവ പൂക്കളുടെ താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. രാത്രിയിലെ അമിത തണുപ്പിൽനിന്നും കടുത്ത സൂര്യപ്രകാശത്തിൽനിന്നും ഈ പുതപ്പ് ഇവയെ രക്ഷിക്കുന്നു. അങ്ങനെയൊന്ന് നമുക്കും കിട്ടിയിരുന്നെങ്കിൽ അല്ലേ?

പ്രായമറിയാത്ത ബാച്ചിലേഴ്സ് ബട്ടൺ

ബാച്ചിലേഴ്സ് ബട്ടൺ (Bachelor's Button) എന്നത് ഇംഗ്ലീഷുകാർ വാടാമുല്ലക്ക്
നൽകിയ വിളിപ്പേരാണ്. ഏറെക്കാലം നിറഭംഗി നിലനിർത്തി വാടാതെ നിൽക്കും എന്നതാണ് ഇത്തരമൊരു പേരുലഭിക്കാൻ കാരണം. കൂടാതെ ഈ പുഷ്പത്തിന്റെ സവിശേഷ ആക്യതിയും ഇതിനൊരു കാരണമായിട്ടുണ്ടാവാം.

വിത്തിൽ ഹൃദയവുമായി ഉഴിഞ്ഞ

സംശയിക്കേണ്ട. ഉഴിഞ്ഞയുടെ വിത്തിലെ ഹ്യദയാകൃതിയിലുള്ള അടയാളത്തെപ്പറ്റിയാണ് പറഞ്ഞത്. നിറഭംഗിയേറിയ വിത്തുകളാണ് ഉഴിഞ്ഞയുടെത്. ഗോളാകൃതിയിലുള്ള ഇവയുടെ അടിഭാഗത്തായി വെളുത്ത നിറമുള്ള ഹ്യദയാകൃതിയിലുള്ള അടയാളമുണ്ട്. അതവയുടെ ശാസ്ത്രീയനാമം തന്നെയായി മാറി. കാർഡിയോ സ്പേം എന്നാൽ ഹ്യദയമുള്ള വിത്ത് എന്നർത്ഥം.

ചെറിയവരുടെ വലിയ കാര്യങ്ങള്‍

പ്രകൃതിജന്യമായ ഒന്നും ഉപയോഗശൂന്യമായതല്ല. എല്ലാത്തിനും അതിന്റെതായ പ്രയോജനങ്ങളും ജോലികളുമുണ്ട്. സസ്യലോകത്താണ് ഈ ഗുണങ്ങൾ അതിന്റെ പാരമ്യത നിലനിർത്തുന്നത്. ഇവയില്ലാതെ ഈ ലോകത്തിനുതന്നെ നിലനിൽപ്പില്ല. ആധുനിക ലോകത്ത് വ്യാവസായികവും വാണിജ്യപരവുമായി ഏറെ പ്രയോജനങ്ങൾ സസ്യങ്ങളിൽ നിന്നുണ്ട്. എന്നാൽ എന്തും അമിതമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. എങ്കിലും എണ്ണിയാലൊടുങ്ങാത്ത ഗുണഗണങ്ങളടങ്ങിയതാണ് ചെറുസസ്യങ്ങളുടെയും കുറ്റിച്ചെടികളുടെയും ലോകം എന്ന് നിസ്സംശയം പറയാം.

പാട്ടു പാടാൻ ഇരട്ടിമധുരം

ഇരട്ടിമധുരം കഴിച്ചാൽ ഗായകരാവുമെന്നതിനർത്ഥമില്ല കേട്ടോ. ഗായകരുടെ സ്വരം നന്നാക്കാൻ ഇരട്ടിമധുരം കഴിക്കുന്നത് നല്ലതാണെന്നു മാത്രം. ഇരട്ടിമധുരത്തിന്റെ വേരാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇനി തൊണ്ടയ്ക്ക് സുഖമില്ലെന്നു പറഞ്ഞ് പാടാതിരിക്കണ്ട. അൽപം ഇരട്ടിമധുരം കഴിക്കു...

പ്രകൃതിയുടെ സൗന്ദര്യലേപനം

മഞ്ഞളിനാണ് ഈ വിശേഷണം ഏറെ യോജിക്കുന്നത്. വിപണിയിൽ ലഭിക്കുന്ന സൗന്ദര്യവർദ്ധകവസ്തുക്കളേക്കാൾ എത്രയോ ഫലപ്രദമാണ് മഞ്ഞളിന്റെ കുഴമ്പ് മുഖത്ത് പുരട്ടുന്നത്. ഇത് മുഖക്കുരു അകറ്റാനും മുഖത്തുള്ള പാടുകളും കലകളും മാറ്റി മുഖകാന്തി വർദ്ധിപ്പിക്കുന്നു. ഇന്ന് ഏറെ പ്രചാരത്തിലിരിക്കുന്ന പ്രക്യതിദത്തമായ സൗന്ദര്യലേപനമാണ് മഞ്ഞളിന്റെ കുഴമ്പ്. എന്താ മഞ്ഞളു തേക്കാൻ തുടങ്ങുകയല്ലേ?

സുഗന്ധവിശറി

സുഗന്ധം പരത്തുന്ന മന്ദമാരുതൻ എത്ര സുഖമുള്ള അനുഭൂതിയാണ് അല്ലേ. കുളിർമ നിറഞ്ഞ കാറ്റിനൊപ്പം സുഗന്ധവും പ്രദാനം ചെയ്യുന്നവയാണ് രാമച്ച വിശറികൾ. പുരാതനകാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്നവയാണിവ. രാജാക്കന്മാരുടെ സന്തതസഹചാരിയായിരുന്നു ഈ പ്രകൃതിദത്ത എയര്‍കണ്ടീഷണറുകള്‍.

അൽപം തിന്നാൽ ഉറങ്ങാം, അധികം തിന്നാൽ ഉണരുകയേ വേണ്ട

വളരെയധികം ഔഷധഗുണമുള്ള ഒരു കുറ്റിച്ചെടിയാണ് ഉമ്മം. പാമ്പിൻ വിഷത്തിനും മറ്റു പല രോഗങ്ങൾക്കും ഉത്തമമാണിവ. പേപ്പട്ടി വിഷബാധയ്ക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്ന ഉമ്മത്തിൻകായ പക്ഷേ അധികമായാൽ നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നു. അധികമായാൽ വിഷമായി മാറുന്നവയാണ് ഉമ്മവും എന്നു മനസ്സിലായില്ലേ...?

കല്ലുണ്ടാക്കാൻ കേമന്മാരാണ് തക്കാളി

കല്ലുണ്ടാക്കാൻ കേമന്മാരാണ് തക്കാളി. പറഞ്ഞുവരുന്നത് തക്കാളിയുടെ ഗുണത്തെപ്പറ്റിയല്ല. ദോഷത്തെപ്പറ്റിയാണ്. തക്കാളി ധാരാളമായി കഴിക്കുന്നത് മൂത്രാശയസംബന്ധമായ രോഗങ്ങൾ ഉണ്ടാക്കും. ഇവ വൃക്കയിൽ കല്ലുണ്ടാക്കുന്നതിന് കാരണമാവുന്നു. തക്കാളിയുടെ പുറംഭാഗത്തു കാണുന്ന നേർത്ത തൊലിയാണ് പ്രധാന വില്ലൻ. തക്കാളി തീറ്റക്കാർ സൂക്ഷിച്ചോ.

ബുദ്ധിമാന്മാരാവണോ ബ്രഹ്മി കഴിക്കു...

നൂറ്റാണ്ടുകളായി ബുദ്ധി കൂർമതക്കുവേണ്ടി കഴിക്കുന്നവയാണ് ബ്രഹ്മി. ബ്രഹ്മിയുടെ സത്ത തേനിൽ ചാലിച്ചു കഴിക്കുന്നത് ബുദ്ധി വളർച്ചക്ക് നല്ലതാണ്. ഈ കഴിവുള്ളതുകൊണ്ട് ബുദ്ധിമാന്ദ്യത്തിന് ഔഷധമായി ബ്രഹ്മി ഉപയോഗിക്കുന്നു. മാത്രമല്ല നവജാതശിശുക്കൾക്ക് ബുദ്ധിയുടെ വാതിൽ തുറക്കാനായി ഇവ കൊടുക്കാറുണ്ട്.

മേനിയഴകിന് കറ്റാർവാഴക്കുഴമ്പ്

ഇടതൂർന്ന മുടിക്ക് പണ്ടത്തെ മുത്തശ്ശിമാർ പറഞ്ഞുതന്ന ഒറ്റമൂലിയാണ് കറ്റാർവാഴ. മേനിയഴകിനും ഉത്തമമത്രേ കറ്റാർവാഴക്കുഴമ്പ്. സോപ്പുകളും ലേപനങ്ങളും ഉണ്ടാക്കാനും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. വാണിജ്യപരമായി ഏറെ ആവശ്യകതയുളളതാണ് കറ്റാർവാഴക്കുഴമ്പ്.

പിറവിയിലെ പുതുമകൾ

വംശപരമ്പരകൾ നിലനിർത്താൻ പ്രകൃതിയൊരുക്കിയ മാർഗ്ഗമാണ് പുനരുൽപാദനം. വ്യത്യസ്ത ജീവികളിൽ വ്യത്യസ്ത തരത്തിലാണ് ഇത് നടത്തുന്നതെന്നു മാത്രം. വൈവിധ്യമാർന്ന സസ്യലോകത്തും പുനരുൽപാദനത്തിലെ വ്യത്യസ്തത തിരിച്ചറിയാവുന്നതാണ്. ഈ വ്യത്യസ്തതകൾക്കിടയിൽ സവിശേഷമായ പുനരുൽപാദന മാർഗ്ഗങ്ങളുള്ള ചില സസ്യങ്ങളുണ്ട്. അത്തരം ചില സസ്യങ്ങളെപ്പറ്റി.

ചൂടുവെള്ളത്തിൽ കുളിച്ച് ഒരു പുനരുൽപാദനം

കടലോരപ്രദേശങ്ങളിൽ കാണപ്പെടുന്ന കേപ്പറിന്റെ പുനരുൽപാദനം നടക്കുന്നതെങ്ങനെയെന്നറിയേണ്ടേ. കട്ടിയേറിയ പുറന്തോടുള്ള ഇവയുടെ വിത്തുകൾ സ്വഭാവികരീതിയിൽ മുളച്ചുവരില്ല. ഉണങ്ങിയ വിത്തുകൾ നടുന്നതിന് മുമ്പ് ഒരു ദിവസം മുഴുവൻ ചൂടുവെള്ളത്തിൽ കുതിർക്കണം. അതിനുശേഷം രണ്ടോ മൂന്നോ മാസം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചശേഷം വീണ്ടും ഒരു രാത്രി കൂടി ചൂടുവെള്ളത്തിലിട്ട് വെക്കണം. ഇങ്ങനെ വിത്ത് മുളപ്പിച്ചവയ്ക്കാവട്ടെ മൂന്നോ നാലോ വര്‍ഷം കഴിഞ്ഞേ പൂക്കളും ഉണ്ടാവുകയുള്ളൂ. ഒരു വിത്തു മുളയ്ക്കാൻ എന്തെല്ലാം പ്രയാസങ്ങളാണല്ലേ?

പറന്ന്... പറന്ന്... പറന്ന്

ഭംഗിയേറിയതും ആകർഷകവുമായ കോസ്മോസിന്റെ പുനരുൽപാദനം നടക്കുന്നത് കാറ്റിലൂടെയാണ്. ഭാരമില്ലാത്ത ഇവയുടെ വിത്തുകൾ കാറ്റിലൂടെ പറന്ന് മണ്ണിലെത്തുകയാണ് പതിവ്. ഇങ്ങനെ കാറ്റത്തു പറന്നുനടക്കുന്നതിനാൽ വളരെ വേഗത്തിൽ വ്യാപിക്കുന്ന സസ്യമാണിത്.

ഹരിതഗൃഹത്തിൽ പിറക്കുന്ന ഉഴിഞ്ഞ

ഉഴിഞ്ഞയുടെ വിത്തു കണ്ടിട്ടില്ലേ? ഗോളാക്യതിയിൽ ഹ്യദയാകൃതിയുടെ കുത്തുമായി ഭംഗിയേറിയ വിത്തുകൾ. ഇവയുടെ പുറന്തോട് കട്ടിയുള്ളതാണ്. അതിനാൽത്തന്നെ ഇവ മുളപ്പിക്കാൻ ഏറെ പ്രയാസവുമാണ്. വസന്തകാലങ്ങളിൽ ഗ്രീൻഹൗസിൽവച്ച് പ്രത്യേകമായാണ്   ഇവ മുളപ്പിക്കുന്നത്. മൂന്നാ നാലോ ആഴ്ചകൾക്കുള്ളിൽ ഇവ തൈകളാവുന്നു.

ചെടികളിലെ ചില പ്രതിരോധമാർഗ്ഗങ്ങൾ

ശത്രുക്കളിൽനിന്നും രക്ഷനേടുക എന്നതിലുപരിയായി ജീവിക്കുന്ന പരിതസ്ഥിതിക്കനുസരിച്ച് പ്രകൃതി നൽകിയ വരദാനം കൂടിയാണ് ചെടികൾക്ക് അവയുടെ പ്രതിരോധകങ്ങൾ. കുറ്റിച്ചെടികൾക്കിടയിലും ഇത്തരം പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരുണ്ട്. സവിശേഷതകളുള്ള ഏതാനും സസ്യത്തെ നമുക്ക് പരിചയപ്പെടാം.

മൂർച്ചയുള്ള ആയുധം

ശത്രുക്കളിൽനിന്നും രക്ഷനേടാനായി പ്രകൃതി നൽകിയ ആയുധങ്ങളാണ് ചില സസ്യങ്ങളുടെ മുള്ളുകൾ. കേപ്പർ, തൊട്ടാവാടി എന്നിവയിലെ മുള്ളുകള്‍ ഇതിനുദാഹരണമാണ്. ആക്രമണകാരികളിൽനിന്നും രക്ഷപ്പെടാൻ പലപ്പോഴും ഈ ആയുധങ്ങളാണ് സഹായി. കൂടാതെ കേപ്പറിനെ സംബന്ധിച്ചിടത്തോളം അവയുടെ കടും ചുവപ്പുനിറത്തിലുള്ള മുള്ളുകൾ ചെടിയുടെ ഭംഗിയും വർദ്ധിപ്പിക്കുന്നു.

ശത്രുവിനെതിരെ ഭക്ഷണശേഖരമൊരുക്കുന്ന ചുണ്ട

ചെറുസസ്യമായ ചുണ്ടയുടെ ഇലഞെട്ട് മുഴുവനായും കൂർത്ത മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ടതാണ്. ശത്രുക്കളിൽനിന്നും രക്ഷപ്പെടുക മാത്രമല്ല ഇവയുടെ ഭക്ഷണസംഭരണി കൂടിയാണ് ഈ മുള്ളുകൾ. ഏറെ കരുതലോടുകൂടിയേ ഈ ചെടിയെ സ്പർശിക്കാനാവു. വിഷാംശം അടങ്ങിയ ഈ മുള്ളുകൾ തൊട്ടാൽ മുറിവേൽക്കും.

കാവൽക്കാരായ മുള്ളിലകൾ

ഇലയാണോ തണ്ടാണോ എന്ന് തെല്ലൊരാശങ്ക വരുത്തുന്ന സസ്യമാണ് കള്ളിച്ചെടി. ഇവയിൽ കാണപ്പെടുന്ന മുള്ളുകൾ സസ്യത്തിന്റെ സംരക്ഷണവലയം കൂടിയാണ്. ഇവയുടെ ഇലകൾ മരുഭൂമിയിൽ ജീവിക്കുന്നതിനായി മുള്ളുകളായി മാറുകയായിരുന്നു. ഈ മുള്ളുകളിലാണ് കള്ളിച്ചെടി ജലം സംഭരിച്ചുവെക്കുന്നത്.

അഴുക്കിലെ അഴക്

അഴുക്കുനിറഞ്ഞ വെള്ളത്തിൽ വളർന്നിട്ടും വിശുദ്ധിയുടെയും നന്മയുടെയും പര്യായമായാണ് താമരയെ കണക്കാക്കുന്നത്. ദൈവികമായ സൗന്ദര്യവർണ്ണനയ്ക്കും താമരയെ ഉപയോഗിക്കാറുണ്ട്. ഭഗവാൻ ശ്രീകൃഷ്ണനെ താമരാക്ഷൻ എന്നല്ലേ ഉപമിക്കുന്നത്. താമര ഇതളിന്റെ ഭംഗിയല്ലേ ഇവിടെ പ്രകടമാകുന്നത്.

കറിവേപ്പിലയുടെ സങ്കടം

എല്ലാ ഭക്ഷ്യവിഭവങ്ങളിലും സ്വാദു വർദ്ധിപ്പിക്കാനായി ഉപയോഗിക്കുന്ന കറിവേപ്പില, ഭക്ഷണം കഴിക്കുമ്പോൾ പുറത്താക്കപ്പെടുന്നു. പാത്രത്തിന്റെ അരികുകളിലാണ് പിന്നീടിവയ്ക്ക് സ്ഥാനം. എന്നാൽ ഇവയെ അത്ര നിസാരമായി കരുതരുതേ. ഒട്ടേറെ ഔഷധഗുണമടങ്ങിയ കറിവേപ്പില ദഹനത്തിനും മുടിയുടെ വളർച്ചയ്ക്കും നാഡീസംബന്ധമായ രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്.

അരിമണിപോലെ അരിപ്പുവുകൾ

വേലിപ്പടർപ്പുകളിൽ അരിമണിപോലെ ഭംഗിയിൽ വിടർന്നുനിൽക്കുന്ന അരിപ്പൂവിനെ കാണാറില്ലേ. പേര് ഏറെ അർത്ഥംവത്താകും വിധത്തിലാണ് അരിപ്പൂവിന്റെ ചെറിയ പൂക്കൾ. പൂക്കളിലെ നിറഭേദങ്ങളാണ് ഇവയെ പൂന്തോട്ടങ്ങളിൽ കൂടുതൽ ആകർഷകങ്ങളാക്കുന്നത്.

മോക്ഷം നൽകുന്ന ചെറുളപ്പൂക്കൾ

ക്യഷിയിടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന കളസസ്യമാണ് ചെറൂളയെങ്കിലും ഇവയെ നിസാരമായി കരുതേണ്ട. ഹിന്ദുമതാചാരങ്ങളില്‍ മരിച്ചവരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുന്നതിനായി നടത്തുന്ന ബലിയിടൽ ചടങ്ങുകളിൽ മുഖ്യസ്ഥാനം വഹിക്കുന്നവരാണ് ചെറൂളപ്പൂക്കള്‍. അതുകൊണ്ടുതന്നെ ഇവ പൊതുവായി ബലിപ്പൂവ് എന്നാണ് അറിയപ്പെടുന്നതും. ഇത് ദശപുഷ്പത്തിലെ ഒരംഗമാണ്.

കുറുന്തോട്ടിക്കും വാതമോ?

കുറുന്തോട്ടിക്കും വാതമോ എന്നത് മലയാളത്തിലെ ഒരു പ്രയോഗം മാത്രമാണ്. വാതരോഗ ചികിത്സയിൽ കുറുന്തോട്ടിക്ക് പകരം നിൽക്കാനായി മറ്റൊരൌഷധമില്ല. ആ കുറുന്തോട്ടിക്ക് വാതം വന്നാലോ? അതെ അസംഭവ്യതയെ സൂചിപ്പിക്കാനാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്.

ഒട്ടിപ്പോ ഊരക്കായ

കുട്ടിക്കാലത്ത് സ്കൂളിലേക്കു പോകുന്നവഴി കൂട്ടുകാർ തലയിലെറിയുന്ന ഊരക്കായയെ മറക്കാൻ പറ്റുമോ? ഊരച്ചെടിയുടടെ ഫലത്തിന്റെ പ്രത്യേകതയാണിത്. ഈ കായയിൽ ചെറുമുള്ളുകൾ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ എന്തിനോടും പറ്റിപ്പിടിക്കാനുള്ള പ്രവണത കൈവരിക്കുന്നു. ഇത് മുടിയിൽ പറ്റിപ്പിടിച്ചാലുള്ള അവസ്ഥയപ്പോൾ പറയേണ്ടതില്ലലോ?

അഗസ്ത്യകൂടത്തിലെ ആരോഗ്യപ്പച്ച

പശ്ചിമ ഘട്ടത്തിന്റെ പ്രധാനഭാഗമായ അഗസ്ത്യകൂടം പർവ്വതനിരയിൽ നടത്തിയ പര്യടനത്തിന്റെ ഭാഗമായണത്രേ ആരോഗ്യപച്ച കണ്ടെത്തിയത്. പര്യടനം നടത്തിയ ശാസ്ത്രജ്ഞന്മാർ ഗോത്ര വർഗ്ഗക്കാരുടെ ഇടയിൽനിന്നും ഒരു തരം പഴം കഴിക്കാനിടയായി. ഇതിന്റെ ആവിർഭാവം കണ്ടുപിടിക്കാൻ നടത്തിയ ശ്രമത്തിലാണ് ആരോഗ്യപ്പച്ചയെന്ന ഔഷധത്തെ നമുക്ക് ലഭിച്ചത്.

ദശമൂലാരിഷ്ടവും മൂവിലയും

മഴക്കാലത്ത് വാതരോഗവും സന്ധിവേദനയും കൊണ്ട് ബുദ്ധിമുട്ടുമ്പോൾ നാം ദശമൂലാരിഷ്ടം കഴിക്കാറില്ലേ. എന്നാൽ അതിലടങ്ങിയിരിക്കുന്ന ചേരുവകൾ എന്തൊക്കെയാണെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? മധുരവും കയ്പും ഒരുപോലെയുള്ള മൂവില സസ്യത്തിന്റെ വേരുകളാണ് ഇതിന്റെ പ്രധാന ചേരുവ. ദശമൂലാരിഷ്ടത്തിനും മൂവില വേരുകളുടെ അതേ രുചിയാണ്.

പൂച്ചമീശകൊണ്ടൊരു ചായ

തെറ്റിദ്ധരിക്കല്ലേ... പൂച്ചമീശ സസ്യത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇവയുടെ
ഇലകളിൽനിന്നും ഒരുതരം ചായ നിർമ്മിക്കാറുണ്ടത്രേ. ജാവ ടീ എന്നറിയപ്പെടുന്ന ഇവ ഒട്ടേറെ രോഗങ്ങൾക്ക് (പതിവിധിയുമാണ്. സാധാരണ ചായയുടെ അതേ രുചി പകർപ്പുള്ള ഇത് പാശ്ചാത്യരാജ്യങ്ങളിലെല്ലാം ഏറെ പ്രശസ്തമാണ്. എന്നാലിതിൽ പഞ്ചസാരക്ക് പകരം തേനാണ് ചേർക്കുന്നതെന്നു മാത്രം.

പൂജാപുഷ്പമായ നന്ത്യാർവട്ടം

വർണ്ണമനോഹരമല്ലെങ്കിലും വെള്ള നിറത്തിലുള്ള നന്ത്യാർവട്ടത്തിന്റെ പൂക്കളുടെ ചാരുത അലങ്കാരപുഷ്പമെന്ന നിലയിൽ ഇവക്ക് മാറ്റു കൂട്ടുകയാണ്. കൂടാതെ ക്ഷേത്രങ്ങളിൽ പൂജാപുഷ്പമെന്ന നിലയിൽ പ്രഥമസ്ഥാനം തന്നെ നന്ത്യാർവട്ടം കൈവരിച്ചിട്ടുണ്ട്. ക്ഷേത്രപരിസരങ്ങളിലും വീടുകളിലും സുലഭമായി കാണപ്പടുന്ന ഇവയെ നിസാരനാക്കണ്ട. നേത്രസംബന്ധിയായ ഏതു രോഗത്തിനും ഉത്തമ ഔഷധമാണിവ.

ദേവീപൂജയ്ക്ക് ചെമ്പരത്തിപ്പൂക്കൾ

വീട്ടുമുറ്റത്തെ നിത്യസാന്നിധ്യമായ ചെമ്പരത്തി ഹിന്ദു വിശ്വാസങ്ങളിൽ പ്രത്യേക സ്ഥാനം വഹിക്കുന്നവയാണ്. ദേവിക്ഷേത്രങ്ങളിൽ പൂജയ്ക്കായി ചെമ്പരത്തിപ്പൂവാണ് സാധാരണ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല കേട്ടോ. മറ്റു പല രാജ്യങ്ങളിലും ചെമ്പരത്തിയ്ക്ക് വിശേഷപ്പെട്ട സ്ഥാനം തന്നെയാണുള്ളത്. മലെഷ്യയിലെ ദേശീയ പുഷ്പമാണ് നമ്മുടെ ചെമ്പരത്തി.

ചരിത്രപാരമ്പര്യവുമായി മുള്ളങ്കികള്‍

യേശുദേവന്‍റെ കാലഘട്ടത്തിനും 3000 വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണത്രേ മുള്ളങ്കികള്‍. ഈജിപ്തിലാണിവ കൃഷി ചെയ്തിരുന്നത്. പ്രാചീന റോമാസാമ്രാജ്യ കാലഘട്ടത്തിലും ഇവ കൃഷി ചെയ്തിരുന്നതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഏഷ്യയെയും യൂറോപ്പിനെയുമാണ് മുള്ളങ്കിയുടെ ജന്മദേശമായി കണക്കാക്കുന്നത്.

കൌതുകം ജനിപ്പിക്കുന്ന മോതിരക്കണ്ണി

നമ്മുടെ പറമ്പുകളിലും വെളിമ്പ്രദേശങ്ങളിലുമെല്ലാം വ്യാപിക്കുന്ന മോതിരക്കണ്ണിയെ കണ്ടിട്ടില്ലേ. ഇവയുടെ പേരില്‍നിന്ന് തന്നെ മനസ്സിലാക്കാം പൂക്കളുടെ വലിപ്പം. ഒരു മോതിരത്തിന്‍റെയത്ര വലിപ്പമുള്ളവയാണ് മോതിരക്കണ്ണിയുടെ പുഷ്പങ്ങള്‍. ഏറെ ഓമനത്വം തുളുമ്പി നില്‍ക്കുന്ന മഞ്ഞനിറമുള്ള ഈ പൂക്കള്‍ ഏറെ ആകര്‍ഷകങ്ങളാണ്.

ആളെ അകറ്റുന്ന ചേനപ്പൂവ്

ഭക്ഷ്യവിളകളില്‍ പ്രധാനിയാണ്‌ ചേന. ഇവയുടെ പൂക്കളെ കണ്ടിട്ടുണ്ടോ? ബൊക്കെയുടെ ആകൃതിയില്‍ രൂപപ്പെടുന്ന ചേനപ്പൂവിന് കടുത്ത ദുര്‍ഗന്ധമാണ്. ഇവ വിരിഞ്ഞു കഴിഞ്ഞാലാണ് ദുര്‍ഗന്ധം വ്യാപിക്കുന്നത്. ഇക്കാരണത്താല്‍ ചേന പൂവിട്ട ഉടനെതന്നെ പൂവ് നീക്കം ചെയ്യുകയാണ് പതിവ്.

കടപ്പാട്: നമ്മുടെ സസ്യങ്ങള്‍

Poorna reference series -Science

അവസാനം പരിഷ്കരിച്ചത് : 2/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate