অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ, അവയുടെ ധർമ്മങ്ങൾ, അവ മൂലമുണ്ടാകുന്ന വ്യതിയാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ അറിയുമ്പോൾ മാത്രമേ പരിസ്ഥിതിയെക്കുറിച്ച് വ്യക്തമായ ആശയം രൂപപ്പെടുകയും ചെയ്യുകയുള്ളൂ. പരിസ്ഥിതിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ് ജലം, വായു, മണ്ണ്, സസ്യങ്ങൾ തുടങ്ങിയവ. അവയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.

ജലം

പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രഥമ സ്ഥാനമാണ് ജലത്തിനുള്ളത്. പരിസ്ഥിതി സംതുലനത്തിനും ജീവന്റെ നിലനിൽപ്പിനും ആധാരമായ ഘടകങ്ങളിൽ മുന്നണിയിൽതന്നെ ജലം നിലകൊള്ളുന്നു.

ഭൂമിയുടെ ഉപരിതലത്തിൽ എഴുപത് ശതമാനത്തോളം ഭാഗങ്ങളിൽ ജലം നിറഞ്ഞിരിക്കുന്നു. അതായത് ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗം. ഇതിൽ നല്ലൊരു പങ്കും അത് മഹാസമുദ്രങ്ങളിലായി പരന്നുകിടക്കുകയാണ്. ലഭ്യമായ ശുദ്ധജലത്തിന്റെ ഏറിയ ശതമാനവും അന്റാർട്ടിക്ക് മഞ്ഞുപാളികളിലായി സ്ഥിതി ചെയ്യുന്നു എന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ. ഉപരിതലത്തിലുള്ള ജലം കൂടാതെ ഭൂഗർഭജലവും അന്തരീക്ഷത്തിലെ ജല കണങ്ങളും പ്രകൃതിയുടെ ദാനമാണ്. ജീവജാലങ്ങളുടെ ശരീരത്തിലെ മുഖ്യമായ അംശവും ജലം തന്നെ. നമ്മുടെ ദൈനംദിന ജീവിതത്തിന് പ്രയോജനപ്പെടുന്ന ശുദ്ധജലം ഈ ഭൂമുഖത്ത് വെറും 0.02 ശതമാനം മാത്രമാണുള്ളത്. ഭൂമിയെ ചുറ്റപ്പെട്ടുകിടക്കുന്ന ജലത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് ഹാർവാർഡ് സ്മിത്ത് സോണിയൻ സെന്റർ ഫോര് ആസ്ട്രോ ഫിസിക്സിലെ ശാസ്ത്രജ്ഞൻ ഗാരി മെൽനിക്ക് വിശദീകരണം നൽകുന്നുണ്ട്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നക്ഷത്രങ്ങളുടെ ഉപോൽപ്പന്നമായാണ് ജലം രൂപപ്പെട്ടത്. അതായത് നക്ഷത്രങ്ങൾ ഉണ്ടായതിനു ശേഷം അവയെ ചുറ്റപ്പെട്ടുകിടന്നിരുന്ന വാതക സമൂഹത്തിന്റെ രാസപ്രവർത്തനത്തിൽ നിന്നത്രേ ജലത്തിന്റെ ഉൽഭവം.

ഗാരി മെല്‍നിക്ക് ഇപ്രകാരം പറയുന്നു: നക്ഷത്രങ്ങളുടെ രൂപീകരണ സമയത്ത് ധാരാളം പൊടിപടലങ്ങളും അജ്ഞാത വാതകങ്ങളും അടങ്ങിയ പൊടിക്കാറ്റ് ശക്തമായി വീശിയടിച്ചു. ഈ പൊടിക്കാറ്റ് അന്തരീക്ഷത്തിലെ മറ്റു വായു ഘടകങ്ങളുമായി സംയോജിക്കുകയും ഇതിൽ നിന്നും ഉടലെടുത്ത സമ്മർദ്ദം മൂലം ജലകണികകൾ രൂപപ്പെടുകയും ചെയ്തു. എന്നാൽ മെല്‍നിക്കിന്റെ ഈ സിദ്ധാന്തം പൂർണമായും അംഗീകരിക്കപ്പെടുന്നില്ല. ആധുനിക ശാസ്ത്രസിദ്ധാന്തങ്ങൾ പ്രകാരം ഹൈഡ്രജനും ഓക്സിജനും രണ്ടിനൊന്ന് (2:1) എന്ന അനുപാതത്തിൽ സംയോജിക്കുമ്പോഴാണ് ജലം രൂപമെടുക്കുന്നത്.

പ്രകൃതിയിൽ ജലം മൂന്ന് അവസ്ഥകളിൽ കാണപ്പെടുന്നു. നദികളിലും സമുദ്രങ്ങളിലും കായലുകളിലും കുളങ്ങളിലും കിണറുകളിലും അരുവികളിലും ജലം ദ്രാവകാവസ്ഥയിൽ കാണപ്പെടുമ്പോൾ ധ്രുവപ്രദേശങ്ങളിൽ മഞ്ഞുകട്ടയുടേയും ഹിമാനികളുടെയും രൂപത്തിൽ ഖരാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. അന്തരീക്ഷത്തിൽ നീരാവിയുടേയും മൂടൽമഞ്ഞിന്റെയും രൂപത്തിൽ വാതകാവസ്ഥയിലും ജലം കാണപ്പെടുന്നു.

ഭൂമിയിലെ മറ്റേതൊരു പദാർത്ഥത്തേയും അപേക്ഷിച്ച് ജലത്തിന് അതിന്റെ അവസ്ഥകളിൽ വളരെ വേഗം മാറ്റങ്ങൾ സംഭവിക്കുന്നു. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിൽ പാലിക്കപ്പെടുന്ന സന്തുലിതാവസ്ഥയാണ് ജലത്തിന്റെ അവസ്ഥകൾ മാറുന്നതിന് കാരണം. പൂജ്യം ഡിഗ്രി ഊഷ്മാവിൽ മഞ്ഞുകട്ടയാകുന്ന ജലം നൂറ് ഡിഗ്രി ഊഷ്മാവിൽ നീരാവിയാകുന്നു. ധ്രുവ പ്രദേശങ്ങളിൽ സൂര്യന്റെ ചൂട് ലഭിക്കാത്തതിനാലാണ് അവിടുത്തെ മുഴുവൻ ജലവും മഞ്ഞുകട്ടകളുടെ രൂപത്തിൽ കാണുന്നത്. രൂപമോ, നിറമോ, ഗുണമോ ഇല്ല എന്നത് ജലത്തിന്റേത് മാത്രമായ ഒരു ഭൗതിക സവിശേഷതയാണ്. സമുദ്രജലം, മഞ്ഞുമല, ഭൂഗർഭജലം, ഗ്ലെസിയർ, ശുദ്ധജലതടാകങ്ങൾ, ലവണജല തടാകങ്ങൾ, മണ്ണിലെ ഈർപ്പം, അന്തരീക്ഷത്തിലെ ജലാംശം, നദികൾ എന്നിങ്ങനെ ഭൂമിയിലെ ജലസ്രോതസ്സുകളെ തരംതിരിക്കാം.

വിവിധ സ്രോതസ്സുകളിൽ നിന്നും ലഭ്യമാകുന്ന ജലത്തിന്റെ അളവ് വിശദമാക്കുന്ന പട്ടിക

ജലസ്രോതസ്സുകൾ

ശതമാനം

1. സമുദ്രജലം

97.0000

2. മഞ്ഞുമല

2.1000

3. ഭൂഗർഭജലം

0.58

4.ഗ്ലേസിയർ

0.01

5.ശുദ്ധജലതടാകങ്ങൾ

0.009

6.ലവണ തടാകങ്ങൾ

0.007

7.മണ്ണിലെ ഈർപ്പം

0.005

8.അന്തരീക്ഷം

0.001

9.നദികൾ

0.001

10.മറ്റുളളവ

0.287

ജലത്തിന്റെ വാതക, ദ്രാവക, ഖരാവസ്ഥകളുടെ സഹവർത്തിത്വം ഭൂമിയിൽ ജീവന്റെ നിലനിൽപിന് അത്യന്താപേക്ഷിതമായി മാറുന്നു. സൂര്യന്റെ ചൂടേറ്റ്   ഭൂമിയിലെ ജലാശയങ്ങളിൽ നിന്നും ജലം ബാഷ്പീകരിച്ച് മേഘങ്ങൾ രൂപപ്പെടുന്നു. ഇവ തണുത്തുറഞ്ഞ്  മഴയായി പെയ്യുന്നു. ജലചക്രം എന്ന പ്രതിഭാസത്തിന്റെ പ്രവർത്തനമാണ് ഇവിടെ കാണപ്പെടുന്നത്.

മഞ്ഞുവീഴ്ചയായും ആലിപ്പഴമായും ഉള്ള ജലത്തിന്റെ രൂപാന്തരങ്ങൾ നമുക്കറിയാവുന്നതാണ്. അന്തരീക്ഷത്തിലെ കുറഞ്ഞ ഉഷ്മാവ് മൂലം ജലകണികകൾ തണുത്തുറഞ്ഞ് വിവിധ രൂപത്തിലുള്ള ഐസ്കട്ടകളായി വീഴുന്നതാണ് ആലിപ്പഴമെന്ന പ്രതിഭാസം. മഴയുടെ ഈ രൂപാന്തരം വിവിധ ദേശങ്ങളിലെ കാലാവസ്ഥയ്ക്കനുസൃതമായാണ് സംഭവിക്കുക. ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ജലകണികകളിൽ സൂര്യപ്രകാശം തട്ടുമ്പോൾ ആകാശത്ത് ദൃശ്യമാകുന്ന മഴവില്ല് പ്രക്യതിയിലെ മനോഹരമായ മറ്റൊരു പ്രതിഭാസമാണ്.

ജലം സൃഷ്ടിക്കുന്ന ഭൂരൂപങ്ങൾ

ജീവജാലങ്ങളിൽ മൃഗങ്ങളിലും സസ്യങ്ങളിലും മനുഷ്യരിലും ജീവന്റെ മുഖ്യഘടകമാണ് ജലം. മണ്ണില്‍നിന്നും സസ്യങ്ങൾ വലിച്ചെടുക്കുന്ന ജലത്തിന്‍റെ വിഘടന ഫലമായുണ്ടാകുന്ന ഓക്സിജൻ ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണെന്നറിയാമല്ലോ. ഒഴുകുന്ന ജലം വിവിധ പരിസ്ഥിതി സവിശേഷതകൾക്ക് കാരണമാകുന്നു. ഒഴുകുന്ന ജലത്തിന്റെ .അപരദനത്തിന്റെയും നിക്ഷേപത്തിന്റെയും ഫലമായി വിവിധ ഭൂരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. നദീ താഴ്വരകൾ, ഗിരികന്ദരങ്ങൾ, എക്കൽകൂനകൾ, സമതലങ്ങൾ, പ്രളയ സമതലങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മിയാൻഡറുകൾ, ഓക്സ്ബോ തടാകങ്ങൾ, ഡെല്‍റ്റകൾ എന്നിങ്ങനെ ഒഴുകുന്ന ജലം സൃഷ്ടിക്കുന്ന ഭൂരൂപങ്ങൾ നിരവധിയാണ്.

പർവതങ്ങളിൽ നിന്ന് ഉൽഭവിക്കുന്ന നദികൾ ചരിവുള്ള പ്രദേശങ്ങളിൽ കൂടി ശക്തിയായി ഒഴുകുമ്പോൾ അപരദന പ്രവർത്തനം കൂടുതലായി നടക്കുന്നു. ഒഴുകുന്ന ജലം, മഞ്ഞ് തുടങ്ങിയവയുടെ പ്രവർത്തനംമൂലം ഭൂരൂപങ്ങൾക്ക് രൂപമാറ്റം സംഭവിക്കുന്നു. ഇത് അപരദനം എന്നും നിക്ഷേപണം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലമായി നദികളുടെ അടിത്തട്ടിന്റെ ആഴം വര്‍ധിക്കുന്നു. അപരദന പ്രവർത്തനത്തിന്‍റെ തീവൃത കൂടുന്നതനുസരിച്ച് നദീതടങ്ങൾക്ക് രൂപവ്യത്യാസങ്ങൾ വരുന്നതായി മനസ്സിലാക്കാം. നദിയുടെ ഇരുവശങ്ങളിലുമായി കാണപ്പെടുന്ന ചരിഞ്ഞ ഭൂഭാഗങ്ങളാണ് താഴ്വരകൾ. താഴ്വരകളുടെ രൂപവ്യത്യാസമനുസരിച്ച് അവ ഗിരികന്ദരങ്ങൾ, രൂപ താഴ്വരകള്‍ V രൂപ താഴ്വരകൾ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

പർവ്വത പ്രദേശങ്ങളിലെ മലയിടുക്കുകളിലൂടെ ദ്രുതഗതിയിൽ ഒഴുകുന്ന നദികൾ താരതമ്യേന നിരപ്പായ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ അവയുടെ വേഗത കുറയുന്നു. നദികളുടെ ഒഴുക്കിന്‍റെ വേഗത കുറയുന്നതിനാൽ അവ വഹിച്ചു കൊണ്ടുവരുന്ന അവശിഷ്ടങ്ങളുടെ ഭൂരിഭാഗവും ഈ പ്രദേശങ്ങളില്‍ നിക്ഷേപിക്കപ്പെടും. ഇവ വിശറിയുടെ ആകൃതിയിൽ മലയടിവാരത്തിൽ അടിഞ്ഞുകൂടി രൂപമെടുക്കുന്നതാണ് എക്കൽ വിശറികൾ. അവശിഷ്ടങ്ങൾ കൂടുതൽ നിക്ഷേപിക്കപ്പെടുന്നതിനനുസരിച്ച് ഇത്തരം കൂനകളുടെ ഉയരം വർദ്ധിക്കുന്നു. അപ്പോൾ അവ എക്കല്‍ കൂനകൾ എന്നു വിളിക്കപ്പെടുന്നു.

കുന്നിൻ പ്രദേശങ്ങളുടെ ചെങ്കുത്തായ ഭാഗങ്ങളില്‍ നിന്ന് നദീജലം കുത്തനെ താഴേക്ക് പതിക്കുക പതിവാണ്. നദികളുടെ ഇത്തരത്തിലുള്ള ഒഴുക്കിനെ വെള്ളച്ചാട്ടം അഥവാ ജലപാതം എന്ന് പറയുന്നു.

അതിശക്തമായ മഴ നിമിത്തം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ ഫലമായി നദികളുടെ പാർശ്വപ്രദേശങ്ങൾ പ്രളയ ജലത്തിനടിയിലായി തീരുകയും ഇതിന്‍റെ ഫലമായി ഈ പ്രദേശങ്ങളിൽ എക്കല്‍ മണ്ണിന്‍റെ നിക്ഷേപങ്ങളുള്ള നിരപ്പാർന്ന ഭാഗങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇവ പ്രളയ സമതലങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. നദികളുടെ ഇരുകരകളിലും നിക്ഷേപ പ്രവര്‍ത്തനത്താല്‍ നദിക്ക് സമാന്തരമായി ചെറുതിട്ടകള്‍ രൂപംകൊള്ളാറുണ്ട്. ഇവയെ ലെവികൾ എന്നാണ് വിളിക്കുക. പര്‍വ്വതങ്ങളുടെ അടിവാരത്തില്‍ നിന്നും സമതലങ്ങളിലേക്കു കടക്കുമ്പോള്‍ നദികളുടെ ഒഴുക്കിന്റെ വേഗത കുറയുകയും പ്രളയ സമതലങ്ങളില്‍ കൂടി വളഞ്ഞു പുളഞ്ഞു വലയ രൂപത്തില്‍ ഒഴുകുകയും ചെയ്യുന്നു. ഇത്തരം വലയങ്ങള്‍ മിയാന്‍ഡാറുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവ നിരന്തരം രൂപമാറ്റത്തിന് വിധേയമാകുന്ന ഭൂരൂപങ്ങളാണ്. ഇങ്ങനെ രൂപമാറ്റത്തിന് വിധേയമായ നദി ഗതിമാറി ഒഴുകുമ്പോള്‍ വലിയ ഭാഗങ്ങള്‍ ‘റ’ ആകൃതിയിലുള്ള ജലാശയങ്ങളായി അവശേഷിക്കുന്നു. ഇവയാണ് ഒക്സ്-ബോ തടാകങ്ങള്‍. നദികള്‍ പരിവഹന പ്രക്രിയ വഴി കൊണ്ടുവരുന്ന പദാര്‍ഥങ്ങളെ നദീമുഖങ്ങളില്‍ നിക്ഷേപിക്കാറുണ്ട്. ഗ്രീക്ക് അക്ഷരമാലയിലെ ഡെല്‍റ്റ (D) യോട് സാമ്യമുള്ളതിനാല്‍ ഈ നിക്ഷേപങ്ങള്‍ ഡെല്‍റ്റകള്‍ എന്നറിയപ്പെടുന്നു. നദികള്‍ ഡെല്‍റ്റാ പ്രദേശങ്ങളില്‍ പല കൈവഴികളായാണ് ഒഴുകുക.

ഭൂമിയുടെ ഉപരിതലത്തിൽ ആഴ്ന്നിറങ്ങുന്ന ജലം ഭൂഗര്‍ഭസ്രോതസ്സുകളില്‍ ശേഖരിക്കപ്പെടുക പതിവാണ്. ഇത് ഭൂഗര്‍ഭജലമെന്നു അറിയപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തിനു കീഴെ മണ്ണിനിടയിലുള്ള സുഷിരങ്ങളിലും പാറകള്‍ക്കിടയിലും ജലം ശേഖരിക്കപ്പെടുന്നു. പിന്നീട് ഉറവകളായി ഭൂമിയുടെ ഉപരിതലത്തിലേക്കും മറ്റ് ജലാശയങ്ങളിലേക്കും ഈ ജലം എത്തുന്നു. ഫോസില്‍ ജലമെന്നു അറിയപ്പെടുന്ന ഇത്തരം ഉറവകള്‍ ഭൂമിക്കുള്ളില്‍ വിവിധ പാളികളിലായാണ് സ്ഥിതി ചെയ്യുന്നത്.

ഒഴുകുന്ന ജലം സ്യഷ്ടിക്കുന്ന ഭൂരൂപങ്ങൾക്കു പുറമെ ചലിക്കുന്ന മഞ്ഞും തിരമാലകളും വിവിധ ഭൂരൂപങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. വളരേ ഉയരം കൂടിയ പർവതങ്ങളിലും ശൈത്യമേഖലാ പ്രദേശങ്ങളിലും കാലാകാലങ്ങളായി വീഴുന്ന മഞ്ഞ് അവിടെ തന്നെ അടിഞ്ഞുകൂടുന്നു. ഇതിൽ കുറെ ഭാഗം അവശേഷിക്കുന്നു. ഇപ്രകാരം അടിഞ്ഞുകൂടുന്ന മഞ്ഞ് കാലാന്തരത്തിൽ ഒരു നിശ്ചിത കനം കൈവരിക്കുകയും രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. പിന്നീട് ഇവ താഴ്ന്ന പ്രദേശങ്ങളിലേക്ക് വളരെ സാവധാനത്തിൽ ചലിക്കാനാരംഭിക്കും. ഇത്തരത്തിൽ ചലിക്കുന്ന മഞ്ഞുപാളികളാണ് ഹിമാനികൾ എന്ന് അറിയപ്പെടുന്നത്. ഹിമാനികൾ ഭൗമോപരിതലത്തിലൂടെ സാവധാനത്തില്‍ ചലിക്കുന്നതിന്‍റെ ഫലമായി വ്യത്യസ്ത ഭൂരൂപങ്ങള്‍ ഉണ്ടാകുന്നു. ഹിമാനി താഴ്വരകള്‍, സിര്‍ക്കുകള്‍, ഏറെറ്റുകള്‍, ഹോണുകള്‍, തൂക്കു താഴ്വരകള്‍ എന്നിവ ഉദാഹരണം.

നദികളുടെ പ്രവര്‍ത്തനഫലമായുണ്ടായ V രൂപ താഴ്വരകള്‍ക്ക് ഹിമാനികളുടെ അപരദന പ്രക്രിയയിലൂടെ രൂപമാറ്റം സംഭവിക്കുന്നു. ഇത്തരം താഴ്വരകള്‍ക്ക് U രൂപമാണ് ഉണ്ടാവുക. ഇവ ഹിമാനീയ താഴ്വരകള്‍ എന്നറിയപ്പെടുന്നു.

ഹിമാനികളുടെ പ്രവർത്തന ഫലമായി പർവതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്നവയാണ് സിര്‍ക്കുകൾ. തൊട്ടടുത്തുള്ള രണ്ടു സിർക്കുകൾ അപരദന പ്രക്രിയയിലൂടെ വലിപ്പമേറി തമ്മിൽ കൂട്ടിമുട്ടുമ്പോൾ അവയെ വേർതിരിക്കുന്ന ഭാഗമാണ് എറേറ്റുകൾ എന്നറിയപ്പെടുന്നത്. മൂന്നോ അതിലധികമോ എറെറ്റുകൾ കൂടി ചേർന്ന് രൂപം കൊള്ളുന്നതാണ് ഹോണുകൾ. ഹിമാനികളുടെ അപരദന പ്രവർത്തനങ്ങൾ മൂലം പ്രധാന താഴ്‌വരയുടെ ആഴം ക്രമാതീതമായി വർധിക്കുമ്പോൾ തൂക്കുതാഴ്വരകള്‍ രൂപപ്പെടുന്നു.

തിരമാലകളുടെ അപരദന-നിക്ഷേപണ പ്രവർത്തനങ്ങളുടെ ഫലമായി വിവിധ സമുദ്രതീര ഭൂരൂപങ്ങൾ ഉണ്ടാകുന്നു. ശക്തിയേറിയ തിരമാലകളുടെ പ്രവർത്തന ഫലമായി സമുദ്രതീരത്ത്  കാണപ്പെടുന്ന പാറക്കെട്ടുകളിൽ പൊട്ടൽ ഉണ്ടാകുകയും അത് ക്രമേണ വലുതായി പാറകള്‍ സമുദ്രത്തിലേക്ക് അടർന്ന് വീഴുകയും കാഠിന്യമേറിയ ശിലകൾ ചെങ്കുത്തായ ചരിവുകളോടു കൂടി നിലനിൽക്കുകയും ചെയ്യുന്നു. ഇത്തരം ഭൂരൂപങ്ങള്‍ ചെങ്കുത്തായ താഴ്വര എന്നാണ് അറിയപ്പെടുന്നത്.

തിരമാലകളുടെ അപരദന പ്രവർത്തനത്തെ സഹായിക്കുന്നത് അവയുടെ ശക്തിയും വലിപ്പവും കടൽത്തീരത്തിന്റെ ചരിവും ഉയരവും സമുദ്രതീരത്തെ ശിലകളുടെ സ്ഥാനവുമാണ്. തിരമാലകളുടെ അപരദന പ്രവർത്തനത്താൽ ദുർബലമായ ശിലകളിൽ സൃഷ്ടിക്കപ്പെടുന്ന അറകൾ പോലുള്ള ഭാഗങ്ങളെ സമുദ്രഗുഹകൾ എന്നു പറയുന്നു. സമുദ്രഗുഹമുഖത്തും എതിർഭാഗത്തും അപരദന പ്രവർത്തനം നടന്ന് രൂപം കൊള്ളുന്ന ഭൂരൂപങ്ങളാണ് സമുദ്രകമാനങ്ങള്. സമുദ്ര ജലത്തിന്റെ അപരദന-നിക്ഷേപണത്തിന്റെ ഫലമായി രൂപം കൊള്ളുന്നതാണ് കടൽതീരം. വേലിയേറ്റ നിരപ്പിനും വേലിയിറക്കു നിരപ്പിനും ഇടയിൽ താത്ക്കാലികമായി രൂപം കൊള്ളുന്നതാണ് സമുദ്രതീരം. തിരമാലകളുടെ നിക്ഷേപണത്തിന്റെ ഫലമായി തീരങ്ങളിൽ അവസാദങ്ങൾ അടിഞ്ഞുണ്ടാകുന്ന മണൽത്തിട്ടകളാണ് തീരത്തിടിലുകൾ. തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ രൂപം കൊള്ളുന്നതാണ് പൊഴികൾ.

നിത്യജീവിതത്തില്‍ ജലത്തിന്‍റെ പ്രാധാന്യം

ജലം ജീവജാലങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണെന്ന് അറിയാമല്ലോ. അത് എങ്ങനെയന്ന് പരിശോധിക്കാം. സസ്യങ്ങൾ പ്രകാശ സംശേഷണത്തിനായി ജലം ഉപയോഗിക്കുന്നു. മനുഷ്യരാകട്ടെ പ്രകൃതിയിലെ ജലസമ്പത്തിനെ അവന്റെ വിവിധ ആവശ്യങ്ങൾക്കായി പരമാവധി ചൂഷണം ചെയ്യുന്നു. കുടിക്കാനും കുളിക്കാനും അലക്കാനും തുടങ്ങി മനുഷ്യന്‍റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പുറമെ, വ്യാവസായികാവശ്യങ്ങൾക്കും കാർഷികാവശ്യങ്ങള്‍ക്കും അവൻ ജലം ഉപയോഗിക്കുന്നു.

ജലസ്രോതസ്സുകളും ആവാസ വ്യവസ്ഥകളും

ജൈവണ്ഡലത്തിൽ വളരെ ചെറിയ ഭാഗമാണ് ശുദ്ധജലത്തിലെ ആവാസ വ്യവസ്ഥകൾ. ഭൂമിയിലെ ജലസ്രോതസ്സുകളില്‍ ഒഴുകുന്നവയും ഒഴുക്കില്ലാത്തവയും ഉണ്ട്. തടാകങ്ങളും കുളങ്ങളും ചതുപ്പുനിലങ്ങളും ഒഴുക്കില്ലാത്തവയ്ക്ക് ഉദാഹരണങ്ങളാണ്. നദീതടത്തോടനുബന്ധിച്ചുള്ള മറ്റൊരു ജലസ്രോതസ്സാണ് തടാകങ്ങള്‍. രൂപത്തിലും, ആഴത്തിലും ജൈവ ഘടനയിലും തടാകങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദ്ഭവത്തിന്റെ അടിസ്ഥാനത്തിൽ തടാകങ്ങളെ മൂന്നായി തരം തിരിക്കാം. ഓക്സ്ബോ തടാകങ്ങൾ, ഹിമതടാകങ്ങൾ, മനുഷ്യനിർമ്മിത തടാകങ്ങൾ എന്നിവ. ഇതിൽ ഓക്സ്ബോ തടാകങ്ങളെന്തെന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു. മഞ്ഞുമലകളിലെ മഞ്ഞുരുകി രൂപപ്പെടുന്നതാണ് ഹിമതടാകങ്ങൾ. കൃത്രിമ രീതികളുപയോഗിച്ച് മനുഷ്യൻ നിർമ്മിക്കുന്നതാണ് മനുഷ്യ നിർമ്മിത തടാകങ്ങൾ, തടാകങ്ങളിലെ സസ്യ-ജന്തുവൈവിധ്യങ്ങൾക്കനുസരിച്ച് അവയെ മൂന്നായി തിരിക്കാം. ഡയസ്ട്രോഫിക് തടാകങ്ങൾ, ഒലിഗോട്രോഫിക് തടാകങ്ങൾ, യൂട്രോഫിക് തടാകങ്ങള്‍ എന്നിവയാണവ. ഡയസ്ട്രോഫിക് തടാകങ്ങളില്‍ വളരേക്കുറച്ച് ജന്തു-സസ്യ വര്‍ഗ്ഗങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഒട്ടും ആഴമില്ലെന്നു മാത്രമല്ല, ഇത്തരം തടാകങ്ങളുടെ അടിത്തട്ടിൽ ഓക്സിജന്‍ അഭാവവും അനുഭവപ്പെടുന്നു.

ഒലിഗോട്രോഫിക് തടാകങ്ങളില്‍ മിതമായ അളവില്‍ മാത്രമേ ജന്തുക്കളും സസ്യങ്ങളും വസിക്കുന്നുള്ളൂ. ഇത്തരം തടാകങ്ങളില്‍ ഓക്സിജന്‍ ധാരാളം ലഭ്യമാകുമെങ്കിലും ജൈവാംശം വളരെ കുറവാണ്.

യൂട്രോഫിക് തടാകങ്ങളില്‍ ഓക്സിജനും മറ്റ് പോഷകഘടകങ്ങളും വളരെ കൂടിയ അളവില്‍ കണ്ടുവരുന്നു. ഇത്തരം തടാകങ്ങളില്‍ ജന്തുവര്‍ഗ്ഗം കുറവാണെങ്കിലും സസ്യവര്‍ഗ്ഗം ധാരാളമുണ്ടാവും. അതിനാല്‍ യൂട്രോഫിക് തടാകങ്ങള്‍ ജലസസ്യങ്ങളും ആല്‍ഗകളും കൊണ്ട് മൂടപ്പെട്ടു കിടക്കുന്നു.

ഒഴുകുന്ന ജലസ്രോതസ്സുകളിലെ ജീവീയഘടന അവയുടെ ആഴത്തെയും സസ്യവര്‍ഗ്ഗത്തെയും ആശ്രയിച്ചിരിക്കുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ ഇത്തരം ജലസ്രോതസ്സുകളെ ലിറ്റൊറല്‍, ലിമ്നെറ്റിക്, പ്രോഫൌണ്ടല്‍ മേഖലകളായി തരംതിരിച്ചിരിക്കുന്നു. തീരങ്ങളോടനുബന്ധിച്ചുള്ള ആഴംകുറഞ്ഞ പ്രദേശങ്ങള്‍ ലിറ്റോറാല്‍ മേഖലയില്‍ ഉള്‍പ്പെടുന്നു. ഒഴുകുന്ന സസ്യങ്ങളുടെ ആവാസമേഖലയാണിത്. ലിമ്നെറ്റിക് മേഖലയ്ക്ക് ആഴവും പരപ്പും കൂടുതലായിരിക്കും. ഇവിടെ പ്ലവകങ്ങളെ ധാരാളമായി കണ്ടുവരുന്നു. ജലാശയങ്ങളില്‍ ഒഴുകി നടക്കുന്ന ജന്തുക്കളും സസ്യങ്ങളുമാണ്‌ പ്ലവകങ്ങള്‍. ലിമ്നെറ്റിക് മേഖലയുടെ താഴെയായി വരുന്ന ആഴമേറിയ പ്രദേശമാണ് പ്രോഫൌണ്ടല്‍ മേഖല. വ്യത്യസ്തമായ മേഖലകളില്‍ ജീവിക്കാന്‍ കഴിവുള്ള ജീവിവര്‍ഗ്ഗങ്ങള്‍ ഇവിടെ കാണപ്പെടുന്നു.

ഒഴുകാത്ത ജലസ്രോതസ്സുകളിലെ ജീവീയഘടനയെ പെഡോണിക് എന്നും ലിമ്നെറ്റിക് എന്നും തരംതിരിക്കാം. ജലസ്രോതസ്സുകളിലെ അടിത്തട്ടില്‍ കാണപ്പെടുന്ന മണ്ണിനെ ആശ്രയിച്ചു ജീവിക്കുന്ന ജീവിവര്‍ഗം പെഡോണിക് വിഭാഗത്തിലും മണ്ണിനെ ആശ്രയിക്കാതെ ജീവിക്കുന്ന വര്‍ഗം ലിമ്നെറ്റിക് വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഉല്‍പ്പാദകരും ഉപഭോക്താക്കളും വിഘാടകരും ഉള്‍പ്പെടുന്നതാണ് ലിമ്നെറ്റിക് വിഭാഗം. ഒഴുകുന്നതും അടിത്തട്ടില്‍ വേരുറപ്പുള്ളതുമായ ജലസസ്യങ്ങള്‍ ഉല്‍പ്പാദകരുടെ വിഭാഗത്തിലും സസ്യ-മാംസഭുക്കുകളായ ജീവിവര്‍ഗ്ഗങ്ങള്‍ ഉപഭോക്താക്കളുടെ വിഭാഗത്തിലും ജലത്തിലടങ്ങിയിരിക്കുന്ന ബാക്ടീരിയ, ഫംഗസ്, പ്രോട്ടോസോവ മുതലായ സൂക്ഷ്മജീവികള്‍ വിഘാടക വിഭാഗത്തിലും ഉള്‍പ്പെടുന്നു.

വിവിധ വാതകങ്ങള്‍ ലയിച്ചുചേര്‍ന്ന സമുദ്രങ്ങള്‍ അന്തരീക്ഷത്തിലെ വാതകഘടനയെ നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു. ഭൂമിയിലെ അഞ്ചു മഹാസമുദ്രങ്ങളും ജലചക്രം എന്ന പ്രതിഭാസത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും ധാതുക്കളുടെയും മത്സ്യസമ്പത്തിന്‍റെയും കലവറയാണ് സമുദ്രങ്ങള്‍.

ഭൂമുഖത്ത് ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ജലം, ഇന്ന് മനുഷ്യന്‍റെ അമിത ചൂഷണത്തിന് ഇരയാവുകയാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് ഭൂമിയിലെ ജലസ്രോതസ്സുകളില്‍ ഭൂരിഭാഗവും മനുഷ്യന്‍റെ ഇടപെടല്‍ മൂലം മലിനപ്പെട്ടു കഴിഞ്ഞു. ജലത്തിന്‍റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ അത് സംരക്ഷിക്കുകയെന്നതാണ് ഇതിനു പരിഹാരം.

വായു

വായുവിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അത് ജീവജാലങ്ങളുടെ നിലനില്‍പ്പില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും നാം ബോധവാന്മാരാണ്. എന്നാല്‍ ലളിതമായി പറയാവുന്ന നിര്‍വചനങ്ങള്‍ക്കപ്പുറം വായുവിന്‍റെ സ്വഭാവത്തെക്കുറിച്ചും ഘടനയെക്കുറിച്ചും കൂടുതല്‍ കാര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ ജീവന്‍റെ സാന്നിധ്യമുള്ള ഒരേ ഒരു ഗ്രഹമാണ് ഭൂമി. ഭൂമിയിലെ അന്തരീക്ഷത്തിന്‍റെ സ്വാധീനം തന്നെയാണ് ഇതിനു കാരണം. ഭൂമിയെ ആവരണം ചെയ്യുന്ന വായു സഞ്ചയത്തെ അന്തരീക്ഷം എന്ന് പറയുന്നു. ഇത് വായു മണ്ഡലമെന്നും അറിയപ്പെടുന്നു. ചുറ്റും വായു പരന്നുകിടക്കുന്നുണ്ടെങ്കിലും നമുക്ക് അത് കാണാന്‍ കഴിയുന്നില്ല. വായു അദൃശ്യമാണ്. നമുക്കതിനെ അനുഭവിച്ചറിയാന്‍ മാത്രമേ കഴിയുന്നുള്ളൂ.

ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം വായുമണ്ഡലത്തെ ഭൂമിയോട് ചേര്‍ത്തുനിര്‍ത്തുന്നു. വായുമണ്ഡലം പത്തോളം വാതകങ്ങളുടെ ഒരു മിശ്രിതമാണ്. 78 ശതമാനത്തോളം വരുന്ന നൈട്രജനാണ് അന്തരീക്ഷവായുവില്‍ കൂടുതലുള്ളത്. ജീവന്‍റെ നിലനില്‍പ്പിനു അടിസ്ഥാനഘടകമായ ഓക്സിജന്‍ ഏതാണ്ട് 21 ശതമാനവും. വാതകങ്ങളെ കൂടാതെ പൊടിപടലങ്ങളും ജലബാഷ്പവും വായുവില്‍ അടങ്ങിയിട്ടുണ്ട്. ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതയനുസരിച്ച് വായു മിശ്രിതത്തിലും മാറ്റം അനുഭവപ്പെടുന്നു. ഉദാഹരണത്തിന് സമുദ്ര തീരപ്രദേശങ്ങളിലെ വായുവില്‍ പൊടിപടലങ്ങള്‍ കുറവായും ജലതന്മാത്രകള്‍ കൂടുതലായും കാണപ്പെടുമ്പോള്‍ വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ കൂടിയും ജലതന്മാത്രകള്‍ കുറഞ്ഞും കാണപ്പെടുന്നു.

ഊഷ്മാവിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് ഭൂമിയുടെ അന്തരീക്ഷഘടനയെ അഞ്ചായി തരംതിരിക്കാം. ട്രോപ്പോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മിസോസ്ഫിയര്‍, അയണോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍ എന്നിവയാണവ. ഭൂമിയുടെ ഉപരിതലത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മേഖലയാണ് ട്രോപ്പോസ്ഫിയര്‍. ഓരോ പ്രദേശത്തെയും കാലാവസ്ഥ ട്രോപ്പോസ്ഫിയറിന്‍റെ വ്യാപ്തിയെ സ്വാധീനിക്കുന്നുണ്ട്. അന്തരീക്ഷവായുവിന്‍റെ ഏകദേശം 75 ശതമാനവും സ്ഥിതി ചെയ്യുന്നത് ട്രോപ്പോസ്ഫിയറിലായിരിക്കും. മേഘം, മഴ, കൊടുങ്കാറ്റ്, മഞ്ഞ്, കാറ്റ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങള്‍ ഈ മേഖലയിലാണ് ഉണ്ടാകുന്നത്. ട്രോപ്പോസ്ഫിയറിനും സ്ട്രാറ്റോസ്ഫിയറിനും ഇടയ്ക്കുള്ള സംക്രമണ മേഖലയാണ് ട്രോപ്പോപാസ്.

വായുവിന് തിരശ്ചീന ചലനം അനുഭവപ്പെടുന്ന മേഖലയെ സ്ട്രാറ്റോസ്ഫിയര്‍ എന്ന് പറയുന്നു. ഈ മേഖലയിലെ താപനില ഏറെക്കൂറെ തുല്യമായി നിലനില്‍ക്കുന്നതിനാല്‍ സമതാപ മേഖല എന്നും അറിയപ്പെടുന്നു. സ്ട്രാറ്റോസ്ഫിയറിന് മുകളിലായി ഓസോണ്‍ വാതകം ഒരു പാളിയായി സ്ഥിതി ചെയ്യുന്നു. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ആഗിരണം ചെയ്യുന്നതിനാല്‍ ഈ മേഖലയില്‍ താപ വര്‍ധനവ് അനുഭവപ്പെടുന്നു. സ്ട്രാറ്റോസ്ഫിയറിനെ മിസോസ്ഫിയറില്‍ നിന്നും വേര്‍തിരിക്കുന്ന മേഖലയാണ് സ്ട്രാറ്റൊപാസ്.

മിസോസ്ഫിയറില്‍ ഉയരം വര്‍ധിക്കുന്നതിനനുസരിച്ച് താപനില കുറഞ്ഞുവരുന്നു. മിസോസ്ഫിയറിനെയും തെര്‍മോസ്ഫിയറിനെയും വേര്‍തിരിക്കുന്ന വേര്‍തിരിക്കുന്ന സംക്രമണ മേഖലയാണ് മിസോപ്പാസ്.

അന്തരീക്ഷത്തിലെ ഏറ്റവും ഉയര്‍ന്ന മേഖലയാണ് തെര്‍മോസ്ഫിയര്‍. അന്തരീക്ഷത്തിലെ വൈദ്യുത ചാലക മേഖലയെ അയണോസ്ഫിയര്‍ എന്ന് പറയുന്നു. അയണോസ്ഫിയറിലെ വായു തന്മാത്രകള്‍ സൗരവികിരണമേറ്റ് വിഘടിച്ച് വൈദ്യുതി ചാര്‍ജുള്ള അയോണുകളായി മാറുന്നു. ദീര്‍ഘദൂര വാര്‍ത്താവിനിമയ സംപ്രേഷണം സുഗമമാക്കുന്നത് ഈ മേഖലയുടെ സാന്നിധ്യമാണ്.

അന്തരീക്ഷത്തില്‍ വായുവിന്‍റെ ഭൂരിഭാഗം സാന്നിധ്യവും അനുഭവപ്പെടുന്നത് ട്രോപ്പോസ്ഫിയറിലായിരിക്കും. അന്തരീക്ഷ വായുവില്‍ വിവിധ വാതകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് അറിയാം.

വായുവിലടങ്ങിയിരിക്കുന്ന ഓക്സിജനാണ് ജീവജാലങ്ങള്‍ ശ്വസിക്കാനുപയോഗിക്കുനത്. ജീവികളുടെ നിലനില്‍പ്പിനും ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഓക്സിജന്‍ അനിവാര്യമാണ്. വിവിധ പരിണാമ ഘട്ടങ്ങള്‍ക്ക്‌ ശേഷമാണ് ഓക്സിജനടങ്ങിയ ഇന്നത്തെ അന്തരീക്ഷം രൂപം പ്രാപിച്ചത്. സസ്യങ്ങള്‍ ഉണ്ടായതിനുശേഷം അന്തരീക്ഷത്തിലെ ഓക്സിജന്‍റെ അളവ് കൂടി. സസ്യങ്ങള്‍ പ്രകാശസംശ്ലേഷണം നടത്തുക വഴി ഓക്സിജന്‍റെ അളവ് തുലനാവസ്ഥയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു. സസ്യങ്ങള്‍ മാത്രമല്ല സയനോ ബാക്ടീരിയ എന്ന സൂക്ഷ്മജീവി വര്‍ഗ്ഗവും ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഓക്സിജനാക്കി മാറ്റാനുള്ള കഴിവ് ഈ ജീവികള്‍ക്കുമുണ്ട്.

അന്തരീക്ഷത്തില്‍ വായുവിന്‍റെ മറ്റൊരു പ്രതിഭാസമാണ് കാറ്റ്. പ്രകൃതിശക്തിയെന്നോ വായുവിന്‍റെ പ്രവാഹമെന്നോ കാറ്റിനെ വിശേഷിപ്പിക്കാം. വായുവിന്‍റെ ചലനം വിവിധ ഭൂരൂപങ്ങളുടെ ഉത്ഭവത്തിന് കാരണമായിട്ടുണ്ട്. തുറന്നു കിടക്കുന്നതും തരിശായതുമായ സ്ഥലങ്ങളില്‍ കാറ്റ് വീശുമ്പോള്‍ ചെറിയൊരളവ് മേല്‍മണ്ണ്‍ നീക്കം ചെയ്യപ്പെടുന്നു. ഇത് കാറ്റിന്‍റെ അപരദന പ്രക്രിയ എന്ന് അറിയപ്പെടുന്നു. ഇത് കൂടുതലായും സംഭവിക്കുന്നത് മരുപ്രദേശങ്ങളിലാണ്. മരുഭൂമിയില്‍ കാണപ്പെടുന്ന കൂണ്‍ശിലകള്‍, ഡിഫ്ലേഷന്‍ ബേസിന്‍, മണല്‍ക്കൂനകള്‍, ലസ് സമതലം എന്നിവ കാറ്റിന്‍റെ അപരദന ഫലമായുണ്ടാകുന്ന ഭൂരൂപങ്ങളാണ്.

കാറ്റിന്‍റെ പ്രവര്‍ത്തനത്താല്‍ ശിലകള്‍ക്ക്‌ കൂണ്‍ ആകൃതി കൈവരുന്നു. ഇത് കൂണ്‍ശില എന്നറിയപ്പെടുന്നു. ശക്തമായ കാറ്റ് മൂലം ഒരു പ്രദേശത്തെ മണലും പൊടിപടലങ്ങളും ഒന്നടങ്കം നീക്കം ചെയ്യപ്പെട്ട് രൂപം കൊള്ളുന്നതാണ് ഡിഫ്ലേഷന്‍ ബേസിന്‍. ഇങ്ങനെ കാറ്റ് വഹിച്ചുകൊണ്ടു പോകുന്ന മണല്‍ത്തരികള്‍ കാറ്റിന്‍റെ നിക്ഷേപണ പ്രവര്‍ത്തനം മൂലം ഒരു സ്ഥലത്ത് നിക്ഷേപിക്കപ്പെടുന്നു. ഇവ മണല്‍കൂനയായി രൂപം കൊള്ളുന്നു. ഇങ്ങനെ വഹിച്ചു കൊണ്ടുപോകുന്ന മണല്‍ത്തരികള്‍ വിശാലമായ പ്രദേശത്ത് നിക്ഷേപിക്കപ്പെടുന്നതിന്‍റെ ഫലമായി രൂപം കൊള്ളുന്നതാണ് ലസ് സമതലം.

സസ്യങ്ങള്‍

ഭൂമിയിലെ ജീവജാലങ്ങളുടെ ആഹാരത്തിന്‍റെ ഉറവിടം സസ്യങ്ങളാണല്ലോ. അതിനാല്‍ ഇവയെ ജൈവലോകത്തിലെ ഉല്‍പ്പാദകര്‍ എന്ന് വിളിക്കുന്നു. ഭൂമുഖത്തെ ഏതൊരു ആഹാരശൃംഖല എടുത്തുനോക്കിയാലും അവയെല്ലാം സസ്യങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് നമുക്ക് മനസ്സിലാവും. അതുകൊണ്ട് പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമാണ് സസ്യങ്ങള്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. ആഹാരം സ്വന്തമായി നിര്‍മ്മിക്കുന്നതിനാല്‍ ഇവ സ്വപോഷികള്‍ എന്നും അറിയപ്പെടുന്നു. ഇവരുടെ കൂട്ടത്തില്‍ പരിപോഷികള്‍ (ആഹാരത്തിനു മറ്റു ജീവികളെ ആശ്രയിക്കുന്നവ) ഉണ്ടെങ്കിലും ഭൂരിഭാഗവും സ്വപോഷികള്‍ തന്നെയാണ്. ആഹാര ഉല്‍പ്പാദനം മാത്രമല്ല, അന്തരീക്ഷവായുവിന്‍റെ സന്തുലനാവസ്ഥ നിലനിര്‍ത്താനും ഊഷ്മാവിലെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാനും മണ്ണൊലിപ്പ് തടയാനും വായു മലിനീകരണം ശബ്ദമലിനീകരണം എന്നിവ കുറയ്ക്കാനും സസ്യങ്ങള്‍ സഹായിക്കുന്നു.

മരങ്ങള്‍, കുറ്റിച്ചെടികള്‍, പുല്ല്, പായല്‍, പൂപ്പല്‍ തുടങ്ങി ഭൂമുഖത്തെ ജീവിവര്‍ഗങ്ങളില്‍ ഭൂരിഭാഗവും സസ്യങ്ങളാണ്. ഔദ്യോഗിക കണക്കനുസരിച്ച് ഏകദേശം 3,50,000 ത്തോളം സസ്യവര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ നിലനില്‍ക്കുന്നുണ്ട്.

പ്രകാശസംശ്ലേഷണം

ജീവജാലങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ആഹാരം. ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കുവാനും വളര്‍ച്ചയ്ക്കും ശരീരത്തിന്‍റെ പ്രതിരോധ ശേഷിക്കും ആഹാരം കൂടിയേ തീരൂ. ശരീരധര്‍മ്മങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ പോഷകഘടകങ്ങള്‍ ലഭ്യമാക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് പോഷണം. ഇവിടെ സസ്യങ്ങളുടെ ആഹാര പ്രക്രിയയെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്.

ഹരിതസസ്യങ്ങള്‍ ആഹാരം നിര്‍മ്മിക്കുന്നത് ഇലകളില്‍ വെച്ചു നടത്തുന്ന പ്രകാശസംശ്ലേഷണം എന്ന പ്രക്രിയയിലൂടെയാണ്. മണ്ണില്‍ നിന്നും അന്തരീക്ഷത്തില്‍ നിന്നും ലഭിക്കുന്ന ജലം, ലവണങ്ങള്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നിവയുപയോഗിച്ച് സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ ഇലകളിലെ ഹരിതകണങ്ങളില്‍ വെച്ച് നടക്കുന്ന ആഹാര നിര്‍മ്മാണ പ്രക്രിയയാണ് പ്രകാശ സംശ്ലേഷണം. സൂര്യപ്രകാശത്തിലെ നീല, ചുവപ്പ്, എന്നീ ഘടകവര്‍ണങ്ങളുടെ സാന്നിധ്യത്തിലാണ് പ്രകാശസംശ്ലേഷണം നടക്കുന്നത്. വര്‍ധിച്ചതോതില്‍ പ്രകാശസംശ്ലേഷണ സമയത്ത് സംഭരിക്കപ്പെടുന്ന ഊര്‍ജ്ജം ലഭിക്കുന്നതും സൂര്യപ്രകാശത്തില്‍ നിന്നുതന്നെ.

ഇലയ്ക്ക് പച്ചനിറം നല്‍കുന്ന വര്‍ണകണമായ ക്ലോറോഫില്‍ ആണ് പ്രകാശസംശ്ലേഷണത്തില്‍ ഏറ്റവും സജീവം. ക്ലോറോഫിലിന് പുറമേ കരോട്ടിനോയ്ട്, ഫൈക്കോബിലിന്‍സ് എന്നീ വര്‍ണകണങ്ങളും സസ്യങ്ങളില്‍ കാണാന്‍ കഴിയും. ക്ലോറോഫില്‍ a, b, c, d, e ബാക്ടീരിയയോ ക്ലോറോഫില്‍ എന്നിങ്ങനെ ഹരിതകങ്ങള്‍ പലതരത്തില്‍ കാണപ്പെടുന്നുണ്ട്.

പ്രകാശസംശ്ലേഷണ ഘട്ടങ്ങള്‍

ചെടികളിലെ പ്രകാശസംശ്ലേഷണം രണ്ടു ഘട്ടങ്ങളിലൂടെ നടക്കുന്നു. ഇതില്‍ ആദ്യഘട്ടം പ്രകാശഘട്ടം (Light reaction) എന്നറിയപ്പെടുന്നു. മണ്ണില്‍ നിന്നും വലിച്ചെടുക്കുന്ന ജലം സൂര്യപ്രകാശത്തിന്‍റെയും ഹരിതകത്തിന്‍റെയും സഹായത്തോടെ ഹൈഡ്രജനും ഓക്സിജനുമായി വിഘടിക്കുകയാണ് പ്രകാശഘട്ടത്തില്‍ ചെയ്യുന്നത്. രണ്ടാമത്തെ ഘട്ടമായ ഇരുണ്ടഘട്ടത്തില്‍ (dark reaction) ഹരിതകത്തിന്‍റെ  സഹായത്തോടെ ഹൈഡ്രജന്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേര്‍ന്ന് ഗ്ലൂക്കോസ് ഉല്‍പ്പാദിപ്പിക്കുന്നു. സസ്യഭാഗമായ സ്ട്രോമയില്‍ വെച്ചു നടക്കുന്ന ഈ പ്രവര്‍ത്തനത്തില്‍ സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യമില്ലാത്തതിനാലാണ് ഇത് ഇരുണ്ടഘട്ടം എന്നറിയപ്പെടുന്നത്.

കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ജലം എന്നിവയുടെ ലഭ്യത, പ്രകാശത്തിന്‍റെ തീവ്രത, അന്തരീക്ഷ ഊഷ്മാവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവയാണ് പ്രകാശസംശ്ലേഷണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.

പ്രകാശസംശ്ലേഷണത്തിന് ശേഷം സസ്യങ്ങള്‍ നിര്‍മ്മിക്കുന്ന ആഹാരമാണ് അന്നജം. സസ്യങ്ങള്‍ തങ്ങളുടെ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അന്നജം ഉപയോഗപ്പെടുത്തുന്നു. ബാക്കിവരുന്ന അന്നജം ശരീരത്തില്‍ സൂക്ഷിക്കുന്നു. പല സസ്യങ്ങളും പല ഭാഗങ്ങളിലായാണ് അന്നജം സംഭരിക്കുന്നത്. ബീറ്റ്റൂട്ട്, മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗത്തില്‍പ്പെട്ട ചെടികള്‍ വേരുകളില്‍ ആഹാരം സംഭരിച്ചുവെക്കുന്നു. ഫലസസ്യങ്ങളില്‍ അവയുടെ ഫലങ്ങളിലാണ് ആഹാരം സംഭരിക്കപ്പെടുന്നത്. ഉദാ: ആപ്പിള്‍, ഓറഞ്ച്, ഇങ്ങനെ സംഭരിച്ചുവെക്കുന്ന ഊര്‍ജ്ജം മറ്റു ജീവജാലങ്ങള്‍ തങ്ങളുടെ പോഷണത്തിനുപയോഗിക്കുകയും അവയുടെ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം അങ്ങനെ ലഭ്യമാവുകയും ചെയ്യുന്നു.

ഇനി അന്തരീക്ഷവായുവില്‍ ഓക്സിജന്‍റെയും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെയും അളവ് സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തി പരിസ്ഥിതിയുടെ സ്വാഭാവികത സസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതെങ്ങനെയെന്നു നോക്കാം. പ്രകാശസംശ്ലേഷണ സമയത്ത് വായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇലകളുടെ ആസ്യരന്ധ്രങ്ങള്‍ വഴി സസ്യത്തില്‍ പ്രവേശിക്കുന്നു. വേര് വഴി മണ്ണില്‍ നിന്നും ജലവുമെത്തുന്നു. തുടര്‍ന്ന് പ്രകാശസംശ്ലേഷണ പ്രക്രിയ ആരംഭിക്കും. തത്ഫലമായി കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഗ്ലൂക്കൊസായി നിരോക്സീകരിക്കപ്പെടുകയും ജലം വിഘടിക്കപ്പെട്ടു ഹൈഡ്രജനും ഓക്സിജനുമാവുകയും ചെയ്യും. ഹൈഡ്രജന്‍ മറ്റ് ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുകയും ഓക്സിജന്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അങ്ങനെ പ്രകാശസംശ്ലേഷണത്തിന്‍റെ ഉപോല്‍പ്പന്നമായുണ്ടാകുന്ന ഓക്സിജന്‍, ശ്വസനത്തിനായി മറ്റ് ജീവികള്‍ പ്രയോജനപ്പെടുത്തുന്നു. പ്രകാശമില്ലാത്തതിനാല്‍ രാത്രിയില്‍ പ്രകാശസംശ്ലേഷണം നടക്കുന്നില്ല. അതുകൊണ്ടുതന്നെ രാത്രിയില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് വര്‍ദ്ധിക്കുന്നു.

വീടുകളില്‍ ആഡംബരത്തിനായി സ്വീകരണമുറിയിലും മറ്റും ചെടികള്‍ വളര്‍ത്തുന്നുണ്ടല്ലോ. ഇത് രാത്രികാലങ്ങളില്‍ വീടിനുള്ളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍ അളവ്റെ വര്‍ധിപ്പിക്കുകയും അതുവഴി ആരോഗ്യത്തിനു ഹാനികരമാകാന്‍ സാധ്യത ഇല്ലെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സസ്യങ്ങള്‍ ഉല്‍പ്പാദകര്‍ എന്ന നിലയില്‍

ഏതൊരു ആവാസവ്യവസ്ഥയിലും ആഹാരശൃംഖല ജാലം ആരംഭിക്കുന്നത് സസ്യങ്ങളില്‍ നിന്നായിരിക്കും. അജീവീയ ഘടകങ്ങള്‍ ഉപയോഗിച്ച് ആഹാരം സ്വന്തമായി ഉല്‍പ്പാദിപ്പിക്കുവാനുള്ള കഴിവ് സസ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. എല്ലാ ജീവജാലങ്ങളുടെയും ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതും സസ്യങ്ങളില്‍ നിന്നുതന്നെ. ജന്തുജന്യമായ പലതും നാം ഭക്ഷിക്കുന്നുണ്ടെങ്കിലും ആ ജന്തുക്കളുടെ അടിസ്ഥാന ആഹാരം സസ്യങ്ങളായിരിക്കും. അതിനാല്‍ സസ്യവര്‍ഗ്ഗത്തിന്‍റെ നാശം ജീവലോകത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

വനങ്ങളിലെ ആവാസവ്യവസ്ഥ

ഭൂമിയില്‍ ഏറ്റവും സങ്കീര്‍ണ്ണമായ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത് വനങ്ങളിലാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രധാന കേന്ദ്രവും ഇവിടമാണെന്ന് പറയാം. ഏതെങ്കിലും ഒരു ജീവിവര്‍ഗ്ഗത്തിന്‍റെ നാശമോ വര്‍ധനവോ അവിടുത്തെ ആവാസവ്യവസ്ഥയെ താളം തെറ്റിക്കും. സൂക്ഷ്മജീവികള്‍ മുതല്‍ നരഭോജികളായ വന്യമൃഗങ്ങള്‍ക്ക് വരെ വാസസ്ഥലമൊരുക്കുന്ന വനം, അന്തരീക്ഷത്തിലെ ഊഷ്മാവിന്‍റെ തോത് നിയന്ത്രിക്കുന്നതിലും കാലാവസ്ഥാ പ്രക്രിയകളിലും മണ്ണൊലിപ്പ് തടയുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ഉയരം കൂടിയ മരങ്ങളും കുറ്റിചെടികളും തിങ്ങി വളരുന്നതിനാല്‍ മഴവെള്ളം ഇലകളിലും ശാഖകളിലും തട്ടി ചിന്നിച്ചിതറിയാണ് മണ്ണിലെത്തുന്നത്. ഇത് മണ്ണൊലിപ്പ് കുറയ്ക്കുന്നതിനും സഹായകമാകുന്നു. സൂര്യപ്രകാശവും ചൂടും നേരിട്ട് താഴെയെത്താത്തതിനാല്‍ എപ്പോഴും തണുപ്പുള്ള കാലാവസ്ഥയായിരിക്കും വനങ്ങളിലുണ്ടാവുക. ഫലഭൂയിഷ്ടമായ മണ്ണും ജലലഭ്യതയും വനമേഖലയെ ജൈവ വൈവിധ്യത്തിന്‍റെ കലവറ ആക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

സസ്യവൈവിധ്യം

പരിസ്ഥിതിയില്‍ ഭൂപ്രകൃതിയുടെ വൈവിധ്യത്തിനനുസരിച്ച് സസ്യവര്‍ഗ്ഗങ്ങള്‍ വ്യത്യസ്തത പുലര്‍ത്തുന്നു. കൊടുംചൂടേറിയ മണലാരണ്യത്തിലെ സസ്യങ്ങളും നിത്യഹരിതവനങ്ങളും ശ്രദ്ധിച്ചു നോക്കൂ. ഓരോ കാലാവസ്ഥയിലും ജീവിക്കാന്‍ പ്രകൃതി കനിഞ്ഞരുളുന്ന അനുകൂലനങ്ങള്‍ എത്ര വ്യത്യസ്തമാണെന്ന് നമുക്കിതില്‍ നിന്ന് മനസ്സിലാക്കാം.

ലഭിക്കുന്ന ജലം തങ്ങളുടെ കാണ്ഡത്തില്‍ സംഭരിച്ചുവെച്ചു മാംസളമായ കാണ്ഡങ്ങളോട് കൂടി വളരുന്ന കള്ളിമുള്‍ച്ചെടികള്‍ മരുഭൂമിയിലെ ആവാസവ്യവസ്ഥയുടെ പ്രധാന കണ്ണിയാണ്. അതേസമയം ധ്രുവ പ്രദേശങ്ങളില്‍ പൈന്‍ പോലുള്ള ത്രികോണാകൃതിയിലുള്ള മരങ്ങളും കാണപ്പെടുന്നു. നമ്മുടെ പരിസ്ഥിതിയെ മനോഹരമാക്കുന്ന മറ്റൊരു ഭൂവിഭാഗമാണ് പുല്‍പ്രദേശങ്ങള്‍. എന്നാല്‍ മഴക്കാടുകളില്‍ ഉയരം കൂടിയതും ഇലകളാല്‍ നിബിഡമായതുമായ സസ്യങ്ങളാണ് കൂടുതല്‍.

സസ്യവര്‍ഗ്ഗങ്ങളില്‍ കരയിലെയും കടലിലെയും ജൈവ സന്തുലനത്തില്‍ ഒരുപോലെ പങ്കുവഹിക്കുന്നതാണ് കണ്ടല്‍ക്കാടുകള്‍. അനുയോജ്യമായ കാലാവസ്ഥയും മണ്ണുമുള്ള തീരപ്രദേശങ്ങളില്‍ വളരുന്ന ഇവ വേലിയേറ്റം, വെള്ളപ്പൊക്കം എന്നിങ്ങനെ കരയിലേല്‍ക്കുന്ന ആഘാതങ്ങളും മണ്ണിടിച്ചിലും തടയാന്‍ സഹായിക്കുന്നു. വിവിധതരം പക്ഷികളുടെ ആവാസകേന്ദ്രവും ജലജീവികളുടെ വളര്‍ത്തുകേന്ദ്രവും പ്രജനനകേന്ദ്രവുമായ കണ്ടല്‍ക്കാടുകള്‍ ഭക്ഷ്യചങ്ങലയിലെ എല്ലാ കണ്ണികളെയും യോജിപ്പിച്ച് പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുന്നു. ധാരാളം ഊന്നുവേരുകളുള്ള കണ്ടല്‍ക്കാടുകള്‍ കരയുടെ രക്ഷാകവചമായും കണക്കാക്കപ്പെടുന്നു.

ജീവന്‍റെ ആധാരമെന്നറിഞ്ഞിട്ടും ഇവയില്‍ ഓരോ ഭൂപ്രകൃതിയെയും നിഷ്കരുണം ചവിട്ടിമെതിക്കുകയാണ് മനുഷ്യന്‍. തനിക്കും ചുറ്റുപാടിനും അതേല്‍പ്പിക്കുന്ന ആഘാതങ്ങള്‍ മുന്നില്‍ കാണാതെ, അല്ലെങ്കില്‍ അജ്ഞത നടിച്ചുകൊണ്ട്‌ അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

മണ്ണ്

ഭൂമിയില്‍ ജീവന്‍റെ നിലനില്‍പ്പിനത്യാവശ്യം വേണ്ട ഒരു ഘടകമാണ് മണ്ണ്. അനേക കോടി സസ്യ-ജന്തു ജാലങ്ങളിലെ ജീവന്‍റെ തുടിപ്പ് ഭൂവല്‍ക്കത്തിന്‍റെ ഈ പുറംപാളിയെ ആശ്രയിച്ചാണെന്നറിയുമ്പോള്‍ത്തന്നെ നമുക്കതിന്‍റെ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ. നാം ഇന്ന് കരപ്രദേശങ്ങളില്‍ സമൃദ്ധമായി കാണുന്ന മണ്ണിനു ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളുടെ ചരിത്രം തന്നെയുണ്ട്. ഒരു സെന്റിമീറ്റര്‍ കനത്തില്‍ മണ്ണ് രൂപപ്പെട്ടുവരാന്‍ തന്നെ ഏകദേശം നാനൂറ് വര്‍ഷങ്ങള്‍ ആവശ്യമുണ്ടത്രെ.

മഴ, മഞ്ഞ്, കാറ്റ്, ഒഴുകുന്ന ജലം തുടങ്ങിയ പ്രകൃതിശക്തികളുടെ അപരദന-അപക്ഷയ-നിക്ഷേപണ പ്രവര്‍ത്തനങ്ങളുടെ ഫലമായി കാലാകാലങ്ങളിലൂടെയാണ് മണ്ണ് ഉണ്ടാകുന്നത്. ഈ പ്രകൃതിശക്തികളുടെ പ്രവര്‍ത്തനഫലമായി ശിലകള്‍ പൊടിയുന്നു. ഈ പൊടി കാറ്റിന്‍റെയും മറ്റും പ്രവര്‍ത്തനഫലമായി മറ്റെവിടെയെങ്കിലും നിക്ഷേപിക്കപ്പെടുകയും ഇതില്‍ ജീവജാലങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട് ജൈവാവശിഷ്ടങ്ങളോടൊപ്പം ജലവും വായുവും ചേരുന്നു. ഇത്തരം പ്രക്രിയകളുടെ വര്‍ഷങ്ങളോളമുള്ള ആവര്‍ത്തനത്തിന്‍റെ ഫലമായി മണ്ണുണ്ടാകുന്നു. പ്രകൃതിശക്തികള്‍ക്ക് പുറമേ സസ്യങ്ങളും ജന്തുക്കളും ജീവജാലങ്ങളും മണ്ണിന്‍റെ രൂപീകരണത്തിനു സഹായിക്കുന്നു. പാറകള്‍ക്കിടയിലേക്ക് വൃക്ഷങ്ങളുടെ വേരുകള്‍ വളര്‍ന്നിറങ്ങിച്ചെന്ന് പാറകളില്‍ വിള്ളലുണ്ടായി പാറ പൊടിഞ്ഞ് മണ്ണ് ഉണ്ടാകുന്നു.

ധാതുഘടകങ്ങള്‍, ജൈവാംശങ്ങള്‍, ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികള്‍ എന്നിവ ഉള്‍പ്പെടുന്ന ജൈവ-അജൈവവസ്തുക്കള്‍ ചേര്‍ന്നാണ് മണ്ണുണ്ടാകുന്നതെന്ന് കണ്ടുവല്ലോ. ഇതില്‍ ജീവജാലങ്ങള്‍ നശിക്കുമ്പോള്‍ അവയിലെ പോഷകാംശങ്ങള്‍ വീണ്ടും മണ്ണിലെത്തിച്ചേരുന്നു. ഈ ജൈവാംശ സാന്നിധ്യം മണ്ണിന്‍റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നു. മണ്ണില്‍ ജീവിക്കുന്ന അസംഖ്യം സൂക്ഷ്മജീവികളും പ്രാണികളും മണ്ണിന്‍റെ വളക്കൂറു നിലനിര്‍ത്താന്‍ സഹായിക്കുന്നു. രൂപത്തിലും ഘടനയിലും ലോകത്തിലെ മണ്ണിന്‍റെ ഇനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. വായു സമ്പര്‍ക്കം, ജലസഞ്ചാരം, മണ്ണൊലിപ്പ്, സസ്യങ്ങളുടെ വേരോട്ടം എന്നിവയാണ് മണ്ണിന്‍റെ ഘടനയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.

മണ്ണിനു ജലത്തെ ഉൾക്കൊള്ളാനുള്ള കഴിവിനെയാണ് അവയുടെ ജലസംഭരണ ശേഷി എന്നത്. മണ്ണിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ് ജലസംഭരണശേഷി. വിവിധ മണ്ണിനങ്ങളിൽ ഈ ശേഷി വ്യത്യാസപ്പെട്ടിക്കുന്നു. ഓരോ പ്രദേശത്തെയും കാലാവസ്ഥ, മഴയുടെ അളവ്, ഭൂപ്രകൃതി, ശിലകളുടെ സ്വഭാവം എന്നിവയ്ക്കനുസരിച്ച് മണ്ണിന്റെ സ്വാഭാവവും മാറും.

മണ്ണുകൾ പലവിധം

എക്കൽമണ്ണ്, ചെങ്കൽമണ്ണ്, വനപ്രദേശത്തെ മണ്ണ്, തീരപ്രദേശ മണ്ണ് എന്നിങ്ങനെ മണ്ണിനെ ഘടനയ്ക്കനുസരിച്ച് തരം തിരിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഫലപുഷ്ടവുമായ മണ്ണാണ് എക്കൽമണ്ണ്. സമതല പ്രദേശങ്ങളിലും ഉപദ്വീപീയ നദികളുടെ ഡെൽറ്റാ പ്രദേശങ്ങളിലുമാണ് ഇത് കാണപ്പെടുന്നത്. പരുത്തി കൃഷിയ്ക്ക് അനുയോജ്യമായ ഈ മണ്ണിനു കറുത്ത നിറമാണുള്ളത്. അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായുണ്ടായ ലാവയിൽ നിന്നും ഈ മണ്ണ് ഉണ്ടാകാറുണ്ട്. കായാന്തരിത ശിലകളിലെ അപരദനത്തിന്റെ ഫലമായി ചെമ്മണ്ണ്‍ ഉണ്ടാകുന്നു. ഇരുമ്പിന്റെ അംശം കൂടിയ അളവിൽ ഉളളതുകൊണ്ടാണ് ഈ മണ്ണിന് ചുവന്ന നിറം ലഭിച്ചത്. ഇതിന് ഫലപുഷ്ടി കുറവായിരിക്കും. തീരപ്രദേശങ്ങളിലും തരിശുപ്രദേശങ്ങളിലും ആണ് ഇവ കാണപ്പെടുന്നത്. ചെങ്കല്‍മണ്ണ് ഗുണമേന്മ കുറഞ്ഞ ഒരിനം മണ്ണാണ്. മേല്‍പറഞ്ഞവ കൂടാതെയുള്ള മണ്ണിനങ്ങളാണ് മരുഭൂമി മണ്ണും പര്‍വതമണ്ണും. വലിയ മണല്‍ തരികളും, ചരലും അടങ്ങിയ മണ്ണാണ് മരുഭൂമി മണ്ണ്. ജലാംശം താങ്ങിനിര്‍ത്താനുള്ള ശേഷി ഇത്തരം മണ്ണിനങ്ങൾക്ക് വളരേ കുറവായിരിക്കും. ഇത്തരം മണ്ണിൽ മണൽത്തരികൾ വലിപ്പമേറിയതിനാൽ വായുസഞ്ചാരം കൂടിയിരിക്കുന്നു. മണൽത്തരികൾക്കിടയിൽ അകലം ധാരാളം ഉണ്ടാകുന്നതാണിതിനു കാരണം. ഇതിലൂടെ ജലം ഊർന്നിറങ്ങി ഒഴിഞ്ഞുപോകുന്നു. എന്നാൽ പർവതമണ്ണിനും വനപ്രദേശത്തെ മണ്ണിനും ജലാംശം തങ്ങി നിർത്താനുള്ള കഴിവുണ്ട്. ഇവയുടെ തരികൾ വളരെ ചെറുതും വായുസഞ്ചാരം മിതമായ രീതിയിലുളളവയുമായിരിക്കും. വനപ്രദേശത്തെ മണ്ണിൽ പോഷകാംശവും ജൈവാംശവും വളരെ കൂടുതലായതിനാൽ സസ്യവളർച്ചക്ക് ഇവ ഏറെ അനുയോജ്യമാണ്.

ഭൂമിയിൽ കാണപ്പെടുന്ന മറ്റൊരിനം മണ്ണാണ് കളിമണ്ണ്. ഇത് കാർഷികാവശ്യങ്ങൾക്ക് അനുയോജ്യമല്ല. ഇവയുടെ തരികൾ വളരെ ചെറുതും വായു സഞ്ചാരം വളരെ കുറഞ്ഞവയുമാണ്. അതിനാൽ ഇത് ജലത്തെ താങ്ങിനിർത്തുന്നു. പാത്രനിർമ്മാണത്തിനും മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്കുമാണ് കളിമണ്ണ് ഉപയോഗിക്കുന്നത്. ഭൗതികമായ അപക്ഷയത്തിന്റെ ഫലമായാണ് മറ്റു മണ്ണിനങ്ങൾ രൂപപ്പെടുന്നതെങ്കിൽ രാസപരമായ അപക്ഷയത്തിന്റെ ഫലമായാണ് കളിമണ്ണുണ്ടാകുന്നത്. മണ്ണിന്റെ ഉൽപ്പാദനക്ഷമത നിലനിർത്തുന്നതും പരിസ്ഥിതിയ്ക്ക് ഇണങ്ങുന്നതുമായ ക്യഷിരീതിയാണ് അവലംബിക്കേണ്ടത്. മണ്ണിന്റെ ഗുണമേന്മ നിലനിർത്താൻ ഇത് അത്യാവശ്യമാണ്. ഒരേവിളകൾ തന്നെ കൃഷി ചെയ്യുന്നതിനു പകരമായി ഒന്നിലധികം വിളകൾ കൃഷി ചെയ്യുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നു. ചില ബാക്ടീരിയകളുടെയും ആൽഗകളുടെയും ഫംഗസുകളുടെയും ലൈക്കാനുകളുടെയും പ്രവർത്തനം മണ്ണിൽ നൈട്രജന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മണ്ണിലെ വിഘാടകരുടെ സാന്നിധ്യം മൃതമായ ജൈവാവശിഷ്ടങ്ങളെയും ജന്തുവിസർജ്യങ്ങളെയും വിഘടിപ്പിക്കുകയും മണ്ണിലെ പോഷകങ്ങളുടെ അളവ് കൂട്ടുകയും ചെയ്യുന്നു. ജൈവ വിഘടനത്തിനു സഹായിക്കുന്ന മണ്ണിരകൾ, മണ്ണിന്റെ വളക്കൂര്‍ വർദ്ധിപ്പിക്കുന്നതിൽ ഏറെ പങ്കുവഹിക്കുന്നുണ്ട്. മൺതരികൾക്കിടയിലൂടെയുള്ള മണ്ണിരകളുടെ സഞ്ചാരം മണ്ണിനെ ഇളക്കിമറിക്കാനും മണ്ണിന് അയവു വരുത്താനും വായുസഞ്ചാരത്തിനും സഹായിക്കുന്ന മണ്ണിലെ ജൈവാംശം ഭക്ഷിക്കുന്ന ഇവ പുറന്തള്ളുന്ന

വിസർജ്യം പോഷക ഗുണങ്ങളറിയേതും കൃഷിക്ക് അനുയോജ്യവുമാണ്. അതിനാൽ മണ്ണിരകൾ കർഷകന്റെ ബന്ധു എന്നും അറിയപ്പെടുന്നു.

മണ്ണിലെ ആവാസവ്യവസ്ഥകളിൽ ജീവിയ ഘടകങ്ങൾക്കാവശ്യമായ ശ്വസനവായു മണ്ണിൽ നിന്ന് തന്നെ ലഭിക്കുന്നു. മണ്ണിലെ ഭക്ഷ്യശൃംഖലയില്‍ വൈവിധ്യമേറെയാണ്. ഏകകോശ ജീവികളായ ബാക്ടിരിയ, ഫംഗസ്, ആൽഗ, പ്രോട്ടോസോവ തുടങ്ങി വിരകൾ, മണ്ണിരകൾ, നട്ടെല്ലുളള ചെറിയ ജിവികൾ മറ്റുസൂക്ഷ്മ ജന്തുക്കൾ എന്നിവയടങ്ങിയതാണ് മണ്ണിലെ ഭക്ഷ്യശൃംഖല. മണ്ണിനകത്തുള്ള ഇത്തരം ജീവികളുടെ സഞ്ചാരവും പരസ്പര ബന്ധവും വളർച്ചയും കാരണം സുഗമമായ വായുസഞ്ചാരവും, ജലസാന്നിധ്യവും നീരൊഴുക്കും ഉണ്ടാക്കുന്നു. ഒരു പരിധിവരെ മണ്ണോലിപ്പ് തടയുന്നതിനും ഈ ജീവികൾ സഹായിക്കുന്നുണ്ട്.  കാർഷിക വിളകൾ നശിപ്പിക്കുന്ന കീടങ്ങളെ ഇവ ആഹാരമാക്കാറുണ്ട്. എന്നാൽ ഭൂമിയിലെ ഉപരിതല ജീവികളുടെ ആഹാരവുമാണ് ഇവ. പ്രക്യതിയിലെ ഉൽപാദകരെന്ന് അറിയപ്പെടുന്ന സസ്യങ്ങളുടെ പ്രധാന ആഹാര സ്രോതസ്സാണ് മണ്ണ്.

മണ്ണിന്റെ ഘടന

ഘടനയുടെ അടിസ്ഥാനത്തിൽ മണ്ണിനെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. ഉപരിതല മണ്ണ് അഥവാ മേൽമണ്ണ്

ജൈവാംശമറിയതും ധാതുഘടകങ്ങളടങ്ങിയതും ജീവസാന്നിധ്യമുളളതാണ് മേൽ മണ്ണ്. ഇരുമ്പ്, കളിമണ്ണ്, അലൂമിനിയം, ജൈവഘടകങ്ങൾ ലയിച്ചു ചേരുന്ന മറ്റു വസ്തുക്കൾ എന്നിവയും മേൽമണ്ണിൽ കാണപ്പെടുന്നു.

അടിമണ്ണ്- മേൽമണ്ണിന്റെയും അടിയിലുള്ള ശിലാപാളികളുടേയും നടുവിൽ കാണപ്പെടുന്നു. ധാതുഘടകങ്ങളുടെ കലവറയാണിത്.

ശിലാതലം

പാറകളും ശിലാപാളികളും ഇവിടെ കാണപ്പെടുന്നു.

മനുഷ്യന്റെ അമിത ഇടപെടൽ മൂലം ഇന്ന് പ്രകൃതി നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മണ്ണൊലിപ്പ്. മണ്ണ്, വായു, ജലം, സസ്യങ്ങൾ എന്നീ ഘടകങ്ങൾക്കു പുറമെ ചില പ്രകൃതി ദുരന്തങ്ങളും പരിസ്ഥിതിയെ സ്വാധീനിക്കുന്നുണ്ട്. ഭൂകമ്പം, ഉരുൾപൊട്ടൽ, സുനാമി എന്നിവ ഇതിലുൾപ്പെടും. മനുഷ്യരുടെ അശാസ്ത്രീയമായ ക്യഷിരീതികളും നിർമ്മാണ പ്രവർത്തനങ്ങളും മറ്റും ഇത്തരം ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നുവെന്നതിൽ സംശയമില്ല. 2001ൽ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ സംഭവിച്ച ഉരുൾപൊട്ടൽ ഇതിനുദാഹരണമാണ് മലഞ്ചരിവും മറ്റും ഇടിച്ച് തട്ടുകളാക്കി തിരിച്ച് കൃഷി ചെയ്തതാണ്

അവിടെ ഉരുൾപൊട്ടലിന് കാരണമായതെന്ന് പറയപ്പെടുന്നു. പ്രകൃതിദുരന്തം പരിസ്ഥിതിയെ മാറ്റിമറിക്കുന്നതിന് ഒരു ഉദാഹരണമാണ് അമ്പൂരിയിലുണ്ടായ ഉരുള്‍പൊട്ടല്‍.

2004 ഡിസംബര്‍ 26 ന് ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങളില്‍ നാശം വിതച്ച സുനാമി അതാത് പ്രദേശങ്ങളുടെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ച പ്രകൃതി ദുരന്തമായിരുന്നു. മീറ്ററുകളോളം ഉയരത്തില്‍ ആഞ്ഞടിച്ച തിരമാലകള്‍ മനുഷ്യ-ജന്തുജാലങ്ങളുടെ മാത്രമല്ല ആ പ്രദേശത്തെ ആവാസവ്യവസ്ഥയെ മുഴുവനായും തകിടം മറിക്കുകയായിരുന്നു. കാലാകാലങ്ങളായി രൂപം കൊണ്ട ആവാസ വ്യവസ്ഥകളുടെ പെട്ടെന്നുള്ള കീഴ്മേല്‍ മറിച്ചില്‍ അതുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ പ്രതികൂലമായി ബാധിച്ചുവെന്ന് പറയേണ്ടതില്ലല്ലോ.

ഇത്തരത്തില്‍ സ്വാഭാവികമായതും, മനുഷ്യന്‍റെ ഇടപെടലുകള്‍ മൂലം അനുഭവപ്പെടുന്നതുമായ പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ പരിസ്ഥിതിയെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാരമായി ബാധിക്കുമെന്നതിന് അനുഭവ സാക്ഷ്യങ്ങള്‍ ധാരാളമുണ്ട്.

പരിസ്ഥിതിയിലെ പ്രധാന കണ്ണികള്‍

ഉൽപ്പാദകർ, ഉപഭോക്താക്കൾ, വിഘാടകർ എന്നിയാണ് ഒരു പരിസ്ഥിതിയിലെ പ്രധാന കണ്ണികൾ എന്നറിയപ്പെടുന്നത്. ആഹാരശ്യംഖലയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ണികൾ നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. ആഹാരശൃംഖലയിലെ ആദ്യ കണ്ണികൾ ഉൽപ്പാദകരായ ഹരിത സസ്യങ്ങളാണ്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളുപയോഗിച്ച് സ്വയം ആഹാരം നിർമ്മിച്ചു നൽകുന്നതിനാലാണ് ഹരിതസസ്യങ്ങളെ ഉൽപ്പാദകരായി പരിഗണിക്കുന്നത്. ഹരിതസസ്യങ്ങളെ ആഹാരമാക്കുന്ന ജീവികളും അവയെ ആഹാരമാക്കുന്ന മാംസഭുക്കുകളും പൊതുവെ ഉപഭോക്താക്കൾ എന്ന ഗണത്തിൽ ഉൾപ്പെടുന്നു. ജൈവ അവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന സൂക്ഷമ ജീവികളായ ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ വിഘാടകർ എന്നറിയപ്പെടുന്നു. ഒരു ജീവി വസിയ്ക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെ ആവാസമൊന്നും ഇത്തരം അനേകം ആവാസങ്ങൾ ചേർന്ന വിസ്തൃതമായ പ്രദേശത്തെ ആവാസവ്യവസ്ഥ എന്നും വിളിക്കുന്നു. ആവാസവ്യവസ്ഥയിലെ ഘടകങ്ങളുടെ പരസ്പര പ്രവർത്തനത്തിലൂടെ സ്ഥിരത കാത്തുസൂക്ഷിക്കുന്നുവെന്നത് ആവാസ വ്യവസ്ഥയുടെ പ്രധാന സവിശേഷതയാണ്. ആഹാരശ്യംഖലകളാണ് ഒരു ആവാസത്തെ നിലനിർത്തുന്നത്. ആഹാരശ്യംഖലയുടെ അടിത്തട്ടിൽ നിന്നും മുകളിലേക്ക് പോവുംതോറും ജീവികളിലെ ഊർജത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞു വരുന്നു.

ഒരു ആവാസവ്യവസ്ഥയിലെ സങ്കീർണമായ ആഹാരബന്ധത്തെ ആഹാരശൃംലാജാലം എന്നു വിളിയ്ക്കാം. ആവാസവ്യവസ്ഥയിലെ ജീവികളുടെ. വൈവിധ്യമാർന്ന ആഹാര രീതിയാണ് സങ്കീർണങ്ങളായ ആഹാരശൃംഖല രൂപപ്പെടുത്തുന്നത്.

ആവാസ വ്യവസ്ഥ

ഒരു ജീവി വസിക്കുന്ന പ്രകൃതിജന്യമായ ചുറ്റുപാടിനെ അവാസം എന്നും അനേകം ആവാസങ്ങൾ ചേർന്ന വിസ്തൃതമായ പ്രദേശത്തെ ആവാസവ്യവസ്ഥ എന്നും പറഞ്ഞുവല്ലോ. അതായത് ജന്തുക്കളുടെയും സസ്യങ്ങളുടെയും ഒരു നിശ്ചിത സമൂഹവും അവ ആശ്രയിച്ചു കഴിയുന്ന പരിസ്ഥിതിയും ചേർന്നതാണ് ആവാസവ്യവസ്ഥ (Ecosystem). പരിസ്ഥിതിയിലെ ജീവീയവും അജീവീയവുമായ എല്ലാ ഘടകങ്ങളും അവയുടെ പരസ്പര പ്രവർത്തനങ്ങളും ആവാസവ്യവസ്ഥയുടെ ഭാഗമായിരിക്കും. ഈ ഘടകങ്ങളെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നതും. പരിസ്ഥിതിയിലെ ജൈവ-അജൈവ ഘടകങ്ങളിൽ നിന്നുണ്ടാവുന്ന പ്രേരണകളോടുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമാണ് ഒരു ആവാസവ്യവസ്ഥ എന്നു വേണമെങ്കിൽ പറയാം. നിലവിലുള്ള ഒരു ആവാസവ്യവസ്ഥയിൽ പുതിയ ഒരു ഘടകം പ്രവേശിക്കുകയോ അല്ലെങ്കിൽ ഒരു ഘടകം നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ അവിടെ ഒരു പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുകയോ നിലവിലുള്ള ആവാസവ്യവസ്ഥ മാറ്റത്തിന് വിധേയമാവുകയോ ചെയ്യാം.

ആവാസവ്യവസ്ഥയെ നിരവധി ഘടകങ്ങൾ നിയന്ത്രിക്കുന്നു. അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങളും അവ ജീവജാലങ്ങളിലും അജൈവ പരിസ്ഥിതിയിലും ചെലുത്തുന്ന സ്വാധീനങ്ങളും ചിലയവസരങ്ങളിൽ ആവാസവ്യവസ്ഥയെ നിയന്ത്രിക്കുന്നതായി കാണാൻ കഴിയും.

1992ൽ ബ്രസീലിലെ റിയോ ദി ജനീറോയിൽ ചേർന്ന ഭൗമ ഉച്ചകോടിയിൽ 185 രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ള കൺവെൻഷൻ ഓൺ ബയോഡൈവേഴ്സിറ്റി ആവാസവ്യവസ്ഥയുടെ രാഷ്ട്രീയ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. പ്രക്യതിയിൽ സ്വാഭാവികമായി കണ്ടുവരുന്ന ജീവജാലങ്ങളെയും അവയെ വികസിപ്പിക്കാൻ സാധ്യതയുള്ള ജീവിവർഗങ്ങളെയും നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളെയാണ് പരിസ്ഥിതി സംരക്ഷണം എന്നതുകൊണ്ട് ഈ കൺവെൻഷൻ ഉദ്ദേശിച്ചത്. സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും അജൈവ പരിസ്ഥിതിയും അവയുടെ പരസ്പര പ്രവർത്തനങ്ങളും ചേർന്ന ചലനാത്മക വ്യവസ്ഥ എന്ന് കൺവെൻഷൻ ആവാസവ്യവസ്ഥയെ നിർവചിച്ചു. പരിസ്ഥിതി ഘടകങ്ങൾക്കിടയിലെ ഊർജ്ജത്തിന്റെയും പദാർത്ഥത്തിന്റെയും സന്തുലിതാവസ്ഥയിൽ നടക്കുന്ന നിശ്ചിതഘടനയിലുള്ള പ്രവർത്തന വ്യവസ്ഥയാണ് പരിസ്ഥിതി എന്ന സങ്കൽപ്പമായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. ഈ കാഴ്ചപ്പാടിന്റെ പരിമിതി മനസ്സിലാക്കിയ പരിസ്ഥിതി ശാസ്ത്രജ്ഞർ സൈബർനേറ്റിക്സിനെ അടിസ്ഥാനമാക്കി ആവാസവ്യവസ്ഥയ്ക്ക് പുതിയ നിർവചനങ്ങൾ നൽകുകയായിരുന്നു.

സ്ഥിരത കാത്തുസൂക്ഷിക്കുന്ന പ്രവർത്തനമാണ് ആവാസവ്യവസ്ഥയുടെ ഒരു സവിശേഷത. ഈ സ്ഥിരത സംതുലനം ചെയ്യപ്പെടുന്നതാകട്ടെ ആവാസവ്യവസ്ഥയിലെ ഘടകങ്ങളുടെ പരസ്പര പ്രവർത്തനങ്ങളിലെ വൈവിധ്യത്തിലൂടെയും, ഇരതേടൽ, പരാശ്രയത്വം, പരസ്പരാശ്രയത്വം, സഹഭോജിതബന്ധം (രണ്ടു ജീവികൾ തമ്മിലുള്ള ബന്ധത്തിൽ ഒന്നിനു

മാത്രം പ്രയോജനം ഉണ്ടാവുകയും രണ്ടാമത്തേതിന് ഗുണമോ ദോഷമോ ഇല്ലാതിരിക്കുകയും ചെയ്യുന്ന പ്രവർത്തനം), മത്സരം തുടങ്ങിയവയാണ് സന്തുലിതാവസ്ഥ നിലനിർത്തുന്ന പ്രവർത്തനങ്ങൾ. ആരോഗ്യകരമായ അനുകൂലനങ്ങളാണ് പരിസ്ഥിതി സന്തുലനത്തിന്റെ കാതൽ.

ആഹാര ശൃംഖല (Food Chain)

ഒരു ജീവിയുടെ ആവാസവ്യവസ്ഥ നിലനിർത്തുന്നത് ആഹാര ശംഖലയിലൂടെയാണ് ആവാസവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാൻ പറ്റാത്തതുമായ ഘടകമാണ് ആഹാര ശൃംഖല. ഇത് ജൈവസമൂഹത്തിലെ ജീവികൾ തമ്മിലുള്ള ഭക്ഷ്യബന്ധത്തെയാണ് ആഹാര ശംഖല വിവരിക്കുന്നത്. ആവാസവ്യവസ്ഥയിലെ എല്ലാ ജീവികളും പരസ്പരം ഭക്ഷിച്ചും ഭക്ഷിക്കപ്പെട്ടും നേരിട്ടു ബന്ധപ്പെട്ടിരിക്കും. മറ്റൊരർത്ഥത്തിൽ ഒരു ആവാസവ്യവസ്ഥയിലെ ജീവിവർഗങ്ങളിലൂടെ പദാർത്ഥങ്ങളും ഊർജവും പോഷക വസ്തുക്കളും കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ വ്യക്തമായ ചിത്രമാണ് ആഹാരശ്യംഖല എന്ന് പറയാം. ഉൽപ്പാദകർ, ഉപഭോക്താക്കൾ, വിഘാടകര്‍ എന്നിവയാണ് ആഹാരശ്യംഖലയിലെ പ്രധാന കണ്ണികൾ. ആഹാര ശൃംഖലയിലെ ഓരോ ഘട്ടത്തെയും ട്രോഫിക് തലം എന്നു വിളിക്കാം.

ഉദാ:- പുല്ല്-> പുൽച്ചാടി-> തവള-> കഴുകൻ-ബാക്ടീരിയ. ഇതിൽ പുല്ലാണ് ഈ ആഹാര ശ്യംഖലയിലെ ആദ്യത്തെ ട്രോഫിക് തലം. ഓരോ പ്രാഥമിക ഉത്പാദകനിൽ (ഹരിതസസ്യങ്ങൾ) നിന്നും തുടങ്ങി വിഘാടകനിലാണ് ഓരോ ആഹാര ശൃംഖലയും അവസാനിക്കുന്നത്. അതായത് ഹരിതസസ്യങ്ങളാണ് (ഉൽപ്പാദനകനാണ്) ഏതൊരു ആഹാര ശ്യംഖലയുടേയും അടിസ്ഥാനം.

പ്രകാശ സംശ്ലേഷണത്തിലൂടെ ആഹാരം ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള ജലസസ്യമായ ആല്‍ഗയില്‍ തുടങ്ങി കൊലയാളി തിമിംഗലത്തിൽ അവസാനിക്കുന്ന പ്രക്രിയയും ലളിതമായൊരു ആഹാരശൃംഖലയ്ക്കുദാഹരണമാണ്. ആഹാരം ഉൽപാദിപ്പിക്കുന്ന സൂക്ഷ്മ ജീവികളായ ആൽഗകളെ കോപേപോടുകൾ ഭക്ഷണമാക്കുന്നു. ഈ കോപേപോടുകളെ ചെറിയ മത്സ്യങ്ങൾ ഭക്ഷിക്കുന്നു. മത്സ്യത്തെ കണവയും കണവയെ നീർനായയും ഭക്ഷിക്കുന്നു. നീര്‍നായകളെ പിന്നീട് കൊലയാളി തിമിംഗലമായ ഓര്‍ക ഭക്ഷണമാക്കുന്നു. ആൽഗകളാണ് ഈ ശൃംഖലയുടെ അടിസ്ഥാനം എന്നു ചുരുക്കം.

ആഹാരശൃംഖലയുടെ അടിത്തട്ടിൽ നിന്നും (പ്രാഥമിക ഘട്ടം) മുകളിലേക്ക് പോവും തോറും ജീവികളിലെ ഊർജ്ജത്തിന്റെ അളവ് കുറഞ്ഞുവരുന്നതായി കാണാം. ഒരു ജീവിയിലെ ഊർജ്ജത്തിന്റെ 10 ശതമാനം മാത്രമേ അതിനെ ഭക്ഷിക്കുന്ന ജീവിയ്ക്ക് ലഭിക്കുള്ളൂ. ശ്യംഖലയുടെ ഓരോ ഘട്ടത്തിലും ഉർജത്തിന്റെ ഒരു ഭാഗം പരിസ്ഥിതിയിൽ നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ ശാസ്ത്രീയ വിശദീകരണം. യഥാർത്ഥത്തിൽ പ്രകൃതിയിൽ സംഭവിക്കുന്ന പ്രതിഭാസങ്ങളുടെ ലളിതമായ ചിത്രീകരണമാണ് ആഹാര ശ്യംഖല. നേരത്തെ പറഞ്ഞതുപോലെ ഊർജവും പദാർത്ഥവും കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ ഒരു പാത മാത്രമായേ നമുക്ക് ആഹാരശൃംഖലയെ കാണാൻ കഴിയൂ. മിക്ക ഉപഭോക്താക്കളും ഒന്നിലേറെ ജീവിവർഗങ്ങളെ ഭക്ഷിക്കുകയും ഒന്നിലേറെ ജീവികളാൽ ഭക്ഷിക്കപ്പെടുന്നവയുമായിരിക്കും. സങ്കീർണമായ ഈ ബന്ധത്തെ ആഹാര ശ്യംഖലാജാലം എന്നു പറയുന്നു. ഒരു ശൃംഖലയിൽ ആറ് ജീവി വർഗങ്ങളിൽ കൂടുതലുണ്ടാവുന്നത് വളരെ അപൂർവമാണ്. ഓരോ ഘട്ടത്തിലും കൈമാറ്റം ചെയ്യപ്പെടുന്ന ഊർജ്ജത്തിന്റെ അളവ് കുറയുന്നതിനാലാവാം ഇത്.

ആഹാര ശ്യംഖലാജാലം (Food web)

ഒരു ആവാസ വ്യവസ്ഥയിലെ സങ്കീർണമായ ആഹാരബന്ധത്തെ ആഹാര ശ്യംഖലാജാലം എന്നു പറയുന്നുവെന്ന് പറഞ്ഞല്ലോ. ആവാസവ്യവസ്ഥയിലെ ജീവിവർഗങ്ങളുടെ വൈവിധ്യമാർന്ന ആഹാരരീതിയാണ് സങ്കീർണമായ ആഹാര ശ്യംഖലാജാലം രൂപപ്പെടുന്നതിനു കാരണം. തിമിംഗലത്തെപോലെയുള്ള വലിയ ജീവികൾ ഒന്നിലേറെ ജീവി വർഗങ്ങളെ ആഹാരമാക്കുന്നില്ലേ. അതുപോലെ ശൃംഖലയിലെ ഏറ്റവും ഉയർന്ന പടിയിൽ നിൽക്കുന്ന ജീവികൾ ഏറ്റവും താഴെ നിൽക്കുന്ന സസ്യങ്ങളെ പോലും ആഹാരമാക്കുന്നതും പതിവു കാഴ്ച തന്നെ. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ആഹാര ശ്യംഖലാജാലത്തെക്കുറിച്ച് നമുക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം.

ചിത്രത്തിൽ ഒരു ആവാസവ്യവസ്ഥയിലെ പലതരം ജീവികളെ നമുക്ക് കാണാൻ കഴിയും. ഇവരിൽ ഭക്ഷിക്കപ്പെടുന്നവരും ഭക്ഷണമാകുന്നവരുമുണ്ട്. ഇവർ ഇരയെ മാത്രമല്ല ഭക്ഷിക്കുന്നത്. അതുപോലെ ഒരു ഇര ഒരു ഇരപിടിയനു മാത്രമല്ല ആഹാരമാകുന്നത്. പലർക്കും പലരും ഇരയും ഇരപിടുത്തക്കാരുമാകുന്നു. ചിത്രത്തിലെ പക്ഷിയെ തന്നെ ഉദാഹരണമായെടുക്കാം. പക്ഷി ഒരേസമയം പാറ്റയെ മാത്രമല്ല, ഭക്ഷിക്കുന്നത് പല്ലിയേയും പാമ്പിനെയും ഭക്ഷിക്കാറുണ്ട്. എന്നാലോ പക്ഷി മാത്രമല്ല ഇവയെ ഭക്ഷിക്കുന്നതും. പാമ്പും കഴുകനുമെല്ലാം ഇവയെ ആഹാരമാക്കുന്നുണ്ട്. അതേസമയം തന്നെ പക്ഷിയെ ഭക്ഷണമാക്കുന്നവരും ഈ കൂട്ടത്തിലുണ്ടാവും. ചിത്രത്തിലെ ഓക്കുമരവും ഒരു ഭക്ഷ്യശ്യംഖലാ ജാലത്തിനുദാഹരണം തന്നെ.

മണ്ണിലെ ആഹാര ശൃംഖലാജാലം (Soil Food Web)

ജീവിതകാലം മുഴുവനോ ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമോ മണ്ണിൽ കഴിയുന്ന ജീവജാലങ്ങളാണ് മണ്ണിലെ ആഹാര ശൃംഖലയിലുൾപ്പെടുന്നത്. മണ്ണിലെ സങ്കീർണമായ ജൈവവ്യവസ്ഥയും പരിസ്ഥിതിയുമായുള്ള അവയുടെ ഇടപെടലുകളും മണ്ണിലെ ആഹാര ശൃംഖലാജാലം ചിത്രീകരിക്കുന്നു. മണ്ണിലെ സമൃദ്ധമായ ഊർജ്ജവിഭവം സസ്യങ്ങളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങളാണല്ലോ. ഭൗമോപരിതലത്തിലെ ഊർജ്ജത്തിന്റെ മുഖ്യ സ്രോതസ്സാകട്ടെ സസ്യങ്ങളും.

ജൈവ അവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന സൂക്ഷ്മജീവികളായ ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയാണ് മണ്ണിലെ പ്രാഥമിക ഉപഭോക്താക്കൾ. ഒരു ഗ്രാം മണ്ണിൽ ഏറ്റവും കുറഞ്ഞത് 10000 വർഗങ്ങളിൽപ്പെട്ട നൂറുകോടി ബാക്ടീരിയകൾ ഉണ്ടായിരിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിവേഗം വളരുന്ന ഈ സൂക്ഷ്മ ജീവികളാണ് മണ്ണിൽ ജീവിക്കുന്ന ജീവികളുടെയും മറ്റു ചെറിയ ജീവികളുടെയും ആഹാരം.

ആഹാര ശ്യംഖലയെക്കുറിച്ചും ആഹാരശൃംഖലാജാലത്തെക്കുറിച്ചും നാം മനസ്സിലാക്കിയാല്ലോ. ഇനി ആഹാര ശ്യംഖലയിലെ പ്രധാന കണ്ണികളാരൊക്കെയെന്നു വിശദമായി നോക്കാം.

ഉൽപ്പാദകർ (Producers)

ആഹാര ശൃംഖലയുടെ അടിസ്ഥാനം ഉൽപ്പാദകരാണ്. പ്രകൃതിയിൽ നിന്നും ലഭ്യമായ വസ്തുക്കളുപയോഗിച്ച് സ്വയം ആഹാരം പാകം ചെയ്യുന്ന ജീവികളെ ഉൽപ്പാദകർ എന്നു പറയുന്നു. ഹരിത സസ്യങ്ങളാണ് പ്രകൃതിയിലെ ഏറ്റവും വലിയ ഉൽപ്പാദകർ. സ്വന്തമായി ആഹാരം ഉൽപ്പാദിപ്പിക്കുന്നതിനു പുറമെ ശൃംഖലയിലെ മറ്റ് ജീവികളുടെ നിലനിൽപ്പിനാവശ്യമായ ആഹാരം പ്രദാനം ചെയ്യാനും ഉൽപ്പാദകർക്ക് കഴിയും. സസ്യങ്ങൾക്കുപുറമെ ചിലയിനം ബാക്ടീരിയകളും ആൽഗകളും ആഹാരം ഉൽപ്പാദിപ്പിക്കാൻ കഴിവുള്ളവയാണ്. ആവാസവ്യവസ്ഥയിലെ മുഖ്യ ഘടകമായ ആഹാര ശൃംഖലയുടെ ആരംഭവും ഉൽപ്പാദകരിൽ നിന്നു തന്നെ. ഓട്ടോട്രോഫ്സ് (Autotrofs) എന്ന പേരിലും ഉൽപ്പാദകർ അറിയപ്പെടുന്നുണ്ട്.

സൂര്യപ്രകാശത്തിന്റെ സഹായത്താൽ പ്രകാശ സംശ്ലേഷണം വഴി ഹരിതസസ്യങ്ങൾ ആഹാരം ഉൽപ്പാദിപ്പിക്കുന്നു. സൂര്യപ്രകാശത്തിന്റെ സഹായത്താടെ ജലം, ലവണങ്ങൾ, കാർബൺ ഡൈ ഓക്സൈഡ്, ഹരിതകം എന്നവയുപയോഗിച്ച് സസ്യങ്ങളുടെ ഹരിതകണങ്ങളിൽ നടക്കുന്ന ആഹാര നിർമാണ പ്രക്രിയയാണല്ലോ പ്രകാശസംശ്ലേഷണം. സസ്യങ്ങളുടെ ഇലകളിൽ വെച്ചാണ് പ്രകാശസംശ്ലേഷണം നടക്കുന്നതെന്ന് നാം കഴിഞ്ഞ അധ്യായത്തിൽ മനസ്സിലാക്കി.

പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ലഭിക്കുന്ന ഉൽപ്പന്നമാണ് ഗ്ലൂക്കോസ്. ഈ ഗ്ലൂക്കോസിനെ അന്നജമാക്കി മാറ്റി ചെടികൾ സംഭരിച്ചുവെക്കുന്നു, ഇങ്ങനെ സംഭരിച്ചുവെക്കുന്ന അന്നജം സസ്യങ്ങൾ വിവിധ പദാർത്ഥങ്ങളുടെ നിർമ്മാണത്തിനും ശ്വസനത്തിനും ഉപയോഗിക്കുന്നു. കോശഭിത്തി നിർമ്മാണത്തിനുപയോഗിക്കുന്ന സെല്ലുലോസ്, കോശസ്തരനിർമ്മാണത്തിനുപയോഗിക്കുന്ന ലിപിഡ് എന്നിവയും ഗ്ലൂക്കോസു കൊണ്ട് നിർമ്മിക്കുന്നു. നൈട്രേറ്റുകൾ, സൾഫേറ്റുകൾ എന്നിവയെ അമിനോ ആസിഡുകളാക്കി മാറ്റുന്നതിലും ഗ്ലൂക്കോസിന് പങ്കുണ്ട്.

പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി സസ്യങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഊർജമാണ് ജീവന്റെ നിലനിൽപ്പിനാധാരം. പ്രകാശസംശ്ലേഷണ സമയത്ത് സംഭരിക്കപ്പെടുന്ന ഊർജ്ജം സൂര്യപ്രകാശത്തിൽ നിന്നും സസ്യങ്ങൾക്ക് ലഭിക്കുന്നു. ആവാസവ്യവസ്ഥയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ഊർജജത്തിന്റെ സ്രോതസ് ഹരിതസസ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഊർജമാണ്. അതിനാൽ എല്ലാ ജീവികളുടെയും ജീവൽ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജത്തിന്റെ ഉറവിടം സൂര്യനാണെന്നതിൽ സംശയമില്ല. ഹരിതസസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന ആഹാരത്തിന്റെ കുറച്ചു ഭാഗം ജീവൽ പ്രവർത്തനങ്ങൾക്കുപയോഗിച്ച് ശേഷിക്കുന്ന ഭാഗം കലകളിൽ സംഭരിച്ചുവെക്കുന്നു. ഇങ്ങനെ സംഭരിക്കപ്പെടുന്ന ആഹാരം മറ്റു ജീവജാലങ്ങൾ ഭക്ഷിക്കുന്നതിലൂടെ അവയിലേക്ക് ഊർജം എത്തുന്നു.

സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു എന്ന് നേരത്തെ വിശദമാക്കിയല്ലോ. ഇത് അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനു സഹായിക്കുന്നു.

ഉപഭോക്താക്കൾ (consumers)

ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനടിസ്ഥാനം ഹരിതസസ്യങ്ങളാണല്ലോ. മനുഷ്യനുൾപ്പെടെയുള്ള എല്ലാജീവജാലങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സസ്യങ്ങളെ ആശ്രയിക്കുന്നു. ആഹാരത്തിനായി ഹരിതസസ്യങ്ങളെ നേരിട്ടോ അല്ലാതെയോ

ആശ്രയിക്കുന്ന ജീവികളെ ഉപഭോക്താക്കൾ എന്ന് പറയുന്നു. ഹെറ്റെറോട്രോഫ്സ് (Heterotrophs) എന്നും ഇവ അറിയപ്പെടുന്നു. സ്വന്തമായി ആഹാരം ഉൽപാദിപ്പിക്കാൻ കഴിവില്ലാത്തതിനാൽ സസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന ആഹാരം സ്വീകരിച്ചാണ് ഉപഭോക്താക്കളായ ഈ ജീവിവർഗങ്ങൾ നിലനിൽക്കുന്നത്. ഒരാവാസവ്യവസ്ഥയിൽ തന്നെ വ്യത്യസ്ത തരത്തിലുള്ള ഉപഭോക്താക്കളുണ്ടാവും. ആഹാരശൃംഖലയിൽ ഈ ഓരോ ഉപഭോക്താക്കൾക്കും വ്യത്യസ്ത ട്രോഫിക് തലങ്ങളുമുണ്ട്.

ആഹാര രീതിയുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളെ പ്രധാനമായും മൂന്നു വിഭാഗങ്ങളാക്കി തിരിക്കാം. ഇതിൽ ഒന്നാമത്തെ വിഭാഗത്തിൽ സസ്യങ്ങളെ മാത്രം ഭക്ഷിക്കുന്ന ജീവികളാണുൾപ്പെടുന്നത്.

പ്രാഥമിക ഉപഭോക്താക്കൾ (Prinary Consumers) എന്ന് അറിയപ്പെടുന്നത്. സസ്യങ്ങളെ മാത്രം ആഹാരമാക്കുന്നതിനാൽ ഇവയെ സസ്യഭുക്കുകൾ എന്ന് വിളിക്കുന്നു.

ഉദാ:- പശു, മാൻ, മുയൽ

പ്രാഥമിക ഉപഭോക്താക്കളായ സസ്യഭുക്കുകളെ ഭക്ഷിക്കുന്നവരാണ് രണ്ടാം വിഭാഗത്തിലെ ഉപഭോക്താക്കൾ. ഇവ ദ്വിതീയ ഉപഭോക്താക്കൾ (Secondary Consumers) എന്നറിയപ്പെടുന്നു. മാംസാഹാരം മാത്രം ഭക്ഷിക്കുന്നതിനാൽ മാംസഭുക്കുകൾ എന്ന പേരിലും ഇവ അറിയപ്പെടുന്നു. മാംസഭുക്കുകൾ ഒരിക്കലും നേരിട്ട് സസ്യാഹാരം കഴിക്കാറില്ല. പകരം സസ്യാഹാരം ഭക്ഷിക്കുന്ന ജീവികളുടെ മാംസമാണ് ഇവ ഭക്ഷിക്കുന്നത്.

ഉദാ:- സിംഹം, കടുവ

ചില ആവാസവ്യവസ്ഥകളിൽ ഉപഭോക്താക്കളുടെ മൂന്നാമതൊരു വിഭാഗം കൂടി നമുക്ക് കാണാൻ കഴിയും. സസ്യങ്ങളെയും സസ്യഭുക്കുകളെയും മാംസഭുക്കുകളെയും ഒരുപോലെ ഭക്ഷണമാക്കുന്നവരാണ് ഈ വിഭാഗത്തിൽ പെടുന്നത്. തൃതീയ ഉപഭോക്താക്കളായ ഇവ മിശ്രഭുക്കുകൾ എന്നും അറിയപ്പെടുന്നു. ഉദാ:- മനുഷ്യൻ, കരടി

ഊർജ്ജ ഉപഭോഗവും ട്രോഫിക് തലവും

ഓരോ ജീവിയും ഒരു പ്രത്യേക ജീവിവർഗത്തിന്റെ ഇരയായിരിക്കും. പുൽച്ചാടികളെ ഭക്ഷിക്കുന്ന തവള പാമ്പിന്റെ ഇരയാണ്. ഭക്ഷ്യ ശൃംഖലയുടെ വിവിധ ഘട്ടങ്ങളിലുള്ള ഇത്തരം ബന്ധങ്ങളെ സൂചിപ്പിക്കുന്ന പിരമിഡാണ് താഴെ നൽകിയിരിരിക്കുന്നത്.

മുകൾ തലത്തിൽ എപ്പോഴും ഇരപിടിക്കുന്നതിൽ ആധിപത്യം പുലർത്തുന്ന ഒരു ജീവിയായിരിക്കും ഉണ്ടാവുക. ഇങ്ങനെ ആഹാര ശ്യംഖലയുടെ ഓരോ ഘട്ടത്തിലുമുള്ള ഉപഭോക്താക്കളെ ഓരോ ട്രോഫിക് തലത്തിലുൾപ്പെടുത്തിയിരിക്കുന്നു.

ചിത്രത്തിൽ ഒന്നാം ട്രോഫിക് തലത്തിൽ ഉല്‍പാദകരായ സസ്യങ്ങളും രണ്ടാം തലത്തിൽ സസ്യഭുക്കുകളായ ഉപഭോക്താക്കളും മൂന്നാം തലത്തിൽ ഇവയെ ഭക്ഷിക്കുന്ന മാംസഭുക്കുകളും നാലാം തലത്തിൽ ഇവയൊക്കെയും ആഹാരമാക്കുന്ന വിഘാടകരുമാണുള്ളത്. പിരമിഡിന്റെ താഴെ തലത്തിൽ നിന്നും മുകൾതലത്തിലേക്ക് പോകുന്തോറും ജീവിവർഗങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായി കാണാം. അതായത് ഉൽപ്പാദകരായ സസ്യങ്ങളുടെ എണ്ണം കൂടുതലാണ്. അതിലും കുറവായിരിക്കും സസ്യഭുക്കുകളുടെ എണ്ണം. ഇതിലും കുറവായിരിക്കും മറ്റു മാംസഭുക്കുകൾ. പിരമിഡിലെ ഓരോ തലവും ആഹാരശ്യംഖലയുടേതു പോലെ ലളിതമല്ല മറിച്ച് സങ്കീർണ്ണമാണ്. ഓരോ തലത്തിലും അനേകം ഉപഭോക്താക്കളുണ്ട്. ഇവയുടെ ഇരകളും വ്യത്യസ്തമായിരിക്കും.

ജീവജാലങ്ങൾ ഭക്ഷണം സ്വീകരിക്കുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കാണ്. അവയുടെ ജീവൽ പ്രവർത്തനങ്ങൾക്കും ശരിയായ വളർച്ചയ്ക്കും. ഭക്ഷണം സ്വീകരിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ശരീരത്തിലെത്തുന്ന ഊർജത്തിന്റെ അളവ് വ്യത്യസ്തമാണ്.

ഇരകൾ ഭക്ഷണത്തിലൂടെ സ്വീകരിക്കുന്ന ഊർജം പൂർണമായ അളവിൽ ഇരപിടിയൻമാരിലേക്കെത്തുന്നില്ല.

വിഘാടകർ (Decomposers)

മൃതമായ ജൈവവസ്തുക്കളെയും ജന്തുവിസര്‍ജ്യങ്ങളെയും വിഘടിപ്പിച്ച് ജൈവാംശമാക്കി മാറ്റുന്ന സൂക്ഷ്മ ജീവികളാണ് വിഘാടകർ. സാപോട്രോഫ്സ് എന്നറിയപ്പെടുന്ന ഇത്തരം ജീവിവർഗങ്ങൾക്ക് ഊർജം ലഭിക്കുന്നത് മൃതവസ്തുക്കളിൽ നിന്നത്രേ. ഇവയില്ലെങ്കിൽ നമ്മുടെ പരിസ്ഥിതിയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കു. ചപ്പു ചവറുകളും മറ്റു മാലിന്യവസ്തുക്കളും ജീവികളുടെ മൃതശരീരവും കുന്നുകൂടി ഈച്ചയും മറ്റു പ്രാണികളും പെരുകി രോഗാണുക്കളുടെ വ്യാപനത്തിന് വഴിയൊരുങ്ങുകയും ജീവന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവുകയും തത്ഫലമായി മാറാരോഗങ്ങൾ വ്യാപിക്കുകയും ചെയ്യുമായിരുന്നു. വിഘാടകർ പ്രക്യതിയിലെ തൂപ്പുകാരെന്നു അറിയപ്പെടുന്നതിന്‍റെ കാരണം ഇതാകുമല്ലോ.

മണ്ണിരകൾ, ഫംഗസുകൾ, ബാക്ടീരിയകൾ എന്നീ ജീവിവർഗങ്ങൾ ഉൾപ്പെടുന്ന വിഘാടകര്‍ മണ്ണിൽ മാത്രമല്ല വായുവിലും ജലത്തിലുമുണ്ട്.

ജീവൽ പ്രക്രിയകളുടെ അവസാന ഘട്ടമാണല്ലോ മൃതാവസ്ഥ. ഇത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. മൃതമായ ജീവശരീരങ്ങൾ അഴുകിച്ചേരുന്നതിന് വിഘാടകരുടെ പ്രവർത്തനം ആക്കം കൂട്ടുന്നു. ശരിയായ പോഷണം ലഭിക്കാതെയോ, പോഷകശേഷി നഷ്ടപ്പെട്ടോ ആണ് ജീവിവർഗങ്ങൾ നശിക്കുന്നത്. ഇവ നശിച്ച് മണ്ണിൽ വീഴുമ്പോൾ ഇവയിൽ ബാക്കി വരുന്ന പോഷകാംശങ്ങൾ അതിനെ ഭക്ഷിക്കുന്ന ജീവിയുടെ ശരീരത്തിലെത്തിച്ചേരുന്നു. ഉദാഹരണമായി ശവംതീനികളായ ചില മൃഗങ്ങൾ മറ്റു ജീവികളുടെ മൃതശരീരം ഭക്ഷിക്കുമ്പോൾ അവയിലെ പോഷക ഘടകങ്ങൾ ഇത്തരം ശവംതീനികളിലെത്തിച്ചേരുന്നു. ഇതു തന്നെയാണ് വിഘാടകരായ സൂക്ഷ്മജീവികളുടെയും പ്രവർത്തനം. ഇങ്ങനെ ജീവിവർഗ്ഗങ്ങളുടെ മൃതശരീരം ആഹാരമാക്കുന്ന ശവംതീനി മൃഗങ്ങളുടെ വിസർജ്ജ്യത്തിലും ചില പോഷകാംശങ്ങൾ ഉൾപ്പെടുന്നു. ഇത്തരം പോഷകാംശങ്ങളെ വിഘടിപ്പിച്ച് വിഘാടകർ അവയുടെ ആഹാരമാക്കുന്നു. വിഘടനത്തിന്റെ അവസാന ഘട്ടത്തിൽ ജന്തു വിസർജ്ജ്യങ്ങളിലടങ്ങിയ നൈട്രജൻ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ വിഘാടന പ്രവർത്തനത്തിലൂടെ സസ്യങ്ങൾക്ക് ഉപയോഗിക്കാനുതകുന്നതാക്കിത്തീർക്കുന്നു. അങ്ങനെ വിഘാടകർ ആവാസവ്യവസ്ഥയിൽ പോഷക ഉൽപ്പാദനം വർദ്ധിപ്പിച്ച് ജൈവ വൈവിധ്യങ്ങളെ സൃഷ്ടിക്കാൻ സഹായിക്കുന്നു.

മൃതശരീരങ്ങളെ വിഘടിപ്പിച്ച് ജൈവാംശമാക്കി മാറ്റുന്നതിനു പുറമെ പല ജീവൽ പ്രവർത്തനങ്ങളിലും ഇവ കാര്യമായ പങ്കു വഹിക്കുന്നുണ്ട്.

ജലത്തിലും വായുവിലും മണ്ണിലും കണ്ടുവരുന്ന വിഘാടക വർഗങ്ങളാണ് ബാക്ടീരിയകൾ. കോശസ്തരമില്ലാത്ത ഇവ ഏകകോശ ജീവികളായിരിക്കും. നമ്മുടെ ശരീരത്തിൽ ഏകദേശം നൂറ് കോടി ബാക്ടീരിയകള്‍ ജീവിക്കുന്നുണ്ടത്രേ. ഇതില്‍ ചിലത് ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായിക്കുമ്പോൾ മറ്റ് ചിലത് ശരീരത്തിന് ഹാനികരമായിരിക്കും. നമ്മുടെ ദഹന പ്രക്രിയകളിലും വിഘാടകർ പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. ഭക്ഷണത്തിലെ പോഷകാംശങ്ങള്‍ വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കുന്നതിൽ വിഘാടകരായ ബാക്ടീരിയകൾക്കും പങ്കുണ്ട്. പാൽ പുളിച്ച് തൈരായി മാറുന്നതും വിഘാടകരായ ബാക്ടീരിയകളുടെ പ്രവർത്തനം മൂലമാണ്. അരിമാവ് പുളിക്കുന്നതിന് കാരണമാകുന്നതും ബാക്ടീരിയകളുടെ വിഘാടന പ്രവർത്തനങ്ങളാണ്.

സൂക്ഷ്മജീവികളായ ചില ബാക്ടീരിയകളുടെ (പവർത്തനം മൂലം മണ്ണിൽ നൈട്രജന്റെ അളവ് വർദ്ധിക്കുന്നു. റൈസോബിയം എന്ന ബാക്ടീരിയ വായുവിലെ നൈട്രജൻ അംശത്തെ വിഘടിപ്പിച്ച് സസ്യങ്ങളിലെ വേരുകളിൽ സംഭരിക്കാറുണ്ട്. ഇവ കൂടുതലും കണ്ടുവരുന്നത് പയർ വർഗ്ഗ സസ്യങ്ങളിലാണ്. ഇടവിളയായി പയർ കൃഷി ചെയ്യുന്നതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നതും ഇതുകൊണ്ടുതന്നെ.

വിഘാടക വർഗത്തിൽപ്പെട്ട ജീവികളാണ് ഫംഗസുകൾ. മൃതമായ ജന്തുക്കളുടേയും സസ്യങ്ങളുടേയും അവശിഷ്ടങ്ങൾ വിഘടിപ്പിക്കാനുള്ള എൻസൈമുകൾ ഉൽപ്പാദിപ്പിക്കുന്നതും ഫംഗസുകളാണ്. പെൻസിലിനിലും മറ്റ് ആന്റിബയോട്ടിക്കുകളിലും ചില ഫംഗസുകളെ ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഔഷനിർമ്മാണരംഗത്ത് ഇവ പ്രാധാന്യം അർഹിക്കുന്നു. കൂണുകൾ, യീസ്റ്റ് എന്നിവ ഫംഗസുകളാണ്. യീസ്റ്റ്, ഭക്ഷ്യവസ്തുക്കൾ പുളിപ്പിക്കുന്നതിനും, ചില കൂണുകൾ മറ്റു ഭക്ഷ്യാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. 50,000 ത്തോളം ഫംഗസ് വർഗ്ഗങ്ങളെ നമ്മുടെ ശാസ്ത്രലോകം ഇന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ ചിലത് ഉപകാരപ്രദവും മറ്റു ചിലത് ദോഷകരവുമാണ്.

വിഘാടക വർഗത്തിൽപെടുന്ന മറ്റൊരു ജീവിവർഗമാണ് മണ്ണിരകൾ. ഭൂരിഭാഗം വിഘാടകരും സൂക്ഷ്മജീവികളാണ്. എന്നാൽ മണ്ണിരകളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. പറമ്പിലോ മറ്റോ ചെന്ന് കുറച്ച് മണ്ണ് കിളച്ചുനോക്കിയാൽ മണ്ണിരകളെ കാണാവുന്നതാണ്. ഈർപ്പമേറിയതും ജൈവസമ്പുഷ്ടടവുമായ മണ്ണിലാണ് മണ്ണിരകൾ സാധാരണ കാണപ്പെടുന്നത്. മണ്ണിരകളിൽ ഏതാണ്ട് 1800 ഇനങ്ങളുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്ക്.

മൃതമായ സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങൾ മണ്ണുമായി കൂടിക്കലർന്ന്

വിഘാടകരുടെ പ്രവർത്തനം മൂലം ജൈവാംശമാകുന്നു. ഈ ജൈവാംശമാണ് മണ്ണിരയുടെ ഭക്ഷണം. ഇവയോടൊപ്പം കുറച്ചു മണ്ണും ഇവ അകത്താക്കുന്നു. പോഷകാംശങ്ങൾ ശാരീരിക പ്രവർത്തനങ്ങൾക്കുപയോഗിച്ച് ബാക്കി വിസര്‍ജ്ജ്യമാക്കി പുറന്തള്ളുന്നു. ഇത്തരം വിസര്‍ജ്ജ്യങ്ങള്‍ വളരെയേറെ ജൈവ സമ്പുഷ്ടവും പോഷകമൂല്യമേറിയതുമാണ്. ഇവ പശിമയേറിയതും പൊട്ടാഷ്, ഫോസ്ഫറസ്, നൈട്രജന്‍ എന്നീ മൂലകങ്ങളാല്‍ സമ്പുഷ്ടമായിരിക്കും. ഇതിനെല്ലാം പുറമേ മണ്ണില്‍ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കാനും മണ്ണിനെ അയവുള്ളതാക്കി മാറ്റാനും മണ്ണിരയ്ക്ക് കഴിയുന്നു. മാത്രമല്ല ഇവ സസ്യങ്ങളുടെ വളര്‍ച്ച ത്വരിതഗതിയിലാക്കാനും സഹായിക്കുന്നു. പരിസ്ഥിതിയില്‍ ജീവന്‍റെ നിലനില്‍പ്പിനു വേണ്ടി വിഘാടകര്‍ നല്‍കുന്ന സേവനം നിസ്തുലമാണെന്ന് ചുരുക്കം.

പരിസ്ഥിതി ശൃംഖലകള്‍

പരിസ്ഥിതി വളരെ വിശാലമാണ്. വിവിധ മേഖലകളുടെ സമന്വയത്തിലൂടെ ഭൂമിയുടെ പരിസ്ഥിതി രൂപംകൊണ്ടിരിക്കുന്നു. ജലത്തെ ഉൾക്കൊള്ളുന്ന ഹൈഡ്രോസ്ഫിയർ, ഖരപദാർത്ഥങ്ങളെയും ശിലാമണ്ഡലത്തെയും ഉൾക്കൊളളുന്ന ലിത്തോസ്ഫിയർ, വായുമണ്ഡലത്തെ സൂചിപ്പിക്കുന്ന അറ്റ്മോസ്ഫിയർ, ജീവനുള്ള എല്ലാ ഘടകങ്ങളെയും ഉൾക്കൊള്ളുന്ന ബയോസ്ഫിയർ എന്നിവ പരിസ്ഥിതിയുടെ വ്യത്യസ്ത മേഖലകളാണ്.

ജീവന്റെ നിലനിൽപ്പിനാവശ്യമായ നിരവധി അടിസ്ഥാന മൂലകങ്ങൾ ജൈവമണ്ഡലത്തിൽ അടങ്ങിയിട്ടുണ്ട്. കാർബൺ, ഓക്സിജൻ, നൈട്രജൻ, ഹൈഡ്രജൻ, ഫോസ്ഫറസ്, സൾഫർ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ മൂലകങ്ങളാണ് ഇവയിൽ പ്രധാനം. ജീവന്റെ അടിസ്ഥാനമായ ഈ രാസഘടകങ്ങൾ പരിസ്ഥിതിയുടെ വിവിധ മേഖലകളിലൂടെ വിവിധ രൂപങ്ങളിലും ഘട്ടങ്ങളിലും നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രക്രിയയിലൂടെയാണ് പരിസ്ഥിതി ശൃംഖല രൂപപ്പെടുന്നത്.

പരിസ്ഥിതിയിൽ ജീവന്റെ അടിസ്ഥാന ഘടകങ്ങളായ മൂലകങ്ങളുടെ നിലനിൽപ്പിനെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം. ജൈവപദാർത്ഥങ്ങളിലടങ്ങിയിരിക്കുന്ന എല്ലാ രാസഘടകങ്ങളും പരിസ്ഥിതി ശൃംഖലയുടെ ഭാഗമായിരിക്കുമെന്നറിയാമല്ലോ. അതിനാൽ ഈ രാസഘടകങ്ങൾക്ക് നഷ്ടം സംഭവിക്കുന്നില്ല. തുടർച്ചയായി നടക്കുന്ന ചാക്രിക പ്രവർത്തനമായതിനാൽ പരിസ്ഥിതി ശൃംഖലയ്ക്ക് തുടക്കവും ഒടുക്കവും ഇല്ലെന്നു പറയാം.  ചംക്രമണം ചെയ്യപ്പെടുന്നതിനിടയിൽ രാസഘടകങ്ങൾ ചിലപ്പോൾ ഒരേ അവസ്ഥയിൽ തന്നെ തുടരുന്നതായും കാണാം. ജീവിയ ഘടകങ്ങളിലൂടെയും അജീവിയ ഘടകങ്ങളിലൂടെയും സഞ്ചരിക്കുന്ന രാസഘടകങ്ങൾ വിവിധ ചക്രങ്ങളിൽ (cycles) സ്ഥിതിചെയ്യുന്ന (ചക്രങ്ങളുടെ

ഭാഗമായി നിലനിൽക്കുന്ന) സമയദൈർഘ്യം വ്യത്യസ്തമായിരിക്കും. മിക്ക രാസഘടകങ്ങളും പൊതുവെ അജീവിയ ഘടകങ്ങളിലാണ് കൂടുതൽ സമയം നിലനിൽക്കുന്നത്. ജീവീയ ഘടകങ്ങളിൽ നിന്ന് രാസഘടകങ്ങൾ വേഗത്തിൽ കൈമാറ്റം ചെയ്യപ്പെടും.

കാർബൺ ചക്രം, നൈട്രജൻ ചക്രം, ഓക്സിജൻ ചക്രം, ഫോസ്ഫറസ് ചക്രം, സൾഫർ ചക്രം, ജലചക്രം, ഹൈഡ്രജൻ ചക്രം എന്നിവയാണ് പ്രധാന പരിസ്ഥിതി ചക്രങ്ങൾ.

കാർബൺ ചക്രം (Carbon Cycle)

പരിസ്ഥിതി ശ്യംഖലയിലെ സുപ്രധാനമായ ഒന്നാണ് കാർബൺ ചക്രം. പ്രകൃതിയിലെ ജീവജാലങ്ങളിലൂടെയും അജീവീയ ഘടകങ്ങളിലൂടെയും കാർബൺ ആറ്റങ്ങൾ വ്യത്യസ്ത രൂപത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കാർബണിന്റെ ഈ ചാക്രിക സഞ്ചാരത്തെ കാർബൺ ചക്രം എന്നു വിളിക്കുന്നു.

ഭൂമിയിലെ കാർബണിന്റെ സാന്ദ്രത 18% ആണ്. ജീവജാലങ്ങൾ അവർക്കു ചുറ്റുമുള്ള പരിസ്ഥിതിയിൽ നിന്നും കാർബൺ സ്വാംശീകരിക്കും. കാർബൺ ഡൈ ഓക്സൈഡിന്റെ രൂപത്തിലാണ് അന്തരീക്ഷത്തിൽ കാർബൺ കൂടുതലായും കാണപ്പെടുന്നത്.

അന്തരീക്ഷവായുവിൽ ഏകദേശം 0.04% കാർബൺ ഡൈ ഓക്സൈഡ് (CO2) അടങ്ങിയിട്ടുണ്ട്. ജീവികളുടെ ശ്വാസോച്ച്വാസത്തിലൂടെയും ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെയുമാണ് കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെത്തുന്നത്. ഈ കാർബൺ ഡൈ ഓക്സൈഡ് ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുകയും പ്രകാശസംശ്ലേഷണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. സസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന കാർബോ ഹൈട്രേറ്റ് (ധാന്യകം) ആണ് മനുഷ്യനും മറ്റു ജീവികളും ആഹാരമായി ഉപയോഗിക്കുന്നത്. ഇങ്ങനെ ജീവികളുടെ കോശങ്ങളിലെത്തുന്ന കാർബോ ഹൈട്രേറ്റ് വിഘടിപ്പിക്കപ്പെട്ട് ഊർജം സ്വതന്ത്രമാവുന്നു. ജന്തുക്കളിൽ ഉച്ഛ്വാസവായുവിലൂടെ രക്തത്തിലെത്തുന്ന ഓക്സിജൻ കാർബനുമായി ചേർന്നു കാർബൺ ഡൈ ഓക്സൈഡായി മാറി നിശ്വാസ വായുവിലൂടെ വീണ്ടും അന്തരീക്ഷ വായുവിൽ കലരുന്നു. ഇത് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് തുലനാവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു.

ഓക്സിജൻ സ്വീകരിച്ച് കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിട്ടുകൊണ്ടാണ് സസ്യങ്ങൾ ശ്വാസോച്ഛ്വാസം നടത്തുന്നത്. രാത്രിയും പകലും സസ്യങ്ങളിൽ ശ്വസനപ്രക്രിയ നടക്കുന്നുണ്ടെങ്കിലും പകൽ സമയങ്ങളിൽ മാത്രമാണ് പ്രകാശസംശ്ലേഷണം നടക്കുന്നത്. പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം ആവശ്യമായതിനാലാണ് ഇതെന്ന് നാം നേരത്തെ മനസിലാക്കിക്കഴിഞ്ഞു. അതിനാൽ സസ്യങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിൽ സൂര്യപ്രകാശമുളളപ്പോൾ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറവും രാത്രിയിൽ കൂടുതലുമായിരിക്കും.

അന്തരീക്ഷ വായുവിലെ കാർബൺ ഡൈ ഓക്സൈഡ് സമുദ്രജലത്തിൽ ലയിച്ച് കാൽസ്യം അയോണ്മായി ചേർന്ന് കാൽസ്യം കാർബണേറ്റ് നിക്ഷേപങ്ങൾക്ക് രൂപം നൽകുന്നു. ഇങ്ങനെ കാർബണിന്‍റെ ചാക്രിക സഞ്ചാരത്തിൽ സമുദ്രജലവും ഭാഗഭാക്കാകുന്നു. കൂടാതെ കൽക്കരി, പ്രകൃതിവാതകം, പെട്രോളിയം തുടങ്ങിയ ഹോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നു. ഇത് മുഖ്യമായും കാർബൺ ഡൈ ഓക്സൈഡ് (കാർബൺ മോണോക്സൈഡ്) രൂപത്തിലായിരിക്കും. വൻതോതിലുള്ള വനനശീകരണവും അന്തരീക്ഷത്തിൽ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് വർധിക്കാൻ കാരണമാകുന്നുണ്ട്.

സസ്യങ്ങൾക്കും ജന്തുക്കൾക്കുമിടയിലെ പരസ്രാശ്രയത്തിലൂടെ കാർബൺ ചാക്രിക പ്രയാണം പൂർത്തിയാക്കുന്നുവെന്നും മനസ്സിലായല്ലോ. ജീവികൾ ചത്ത് ചീയുമ്പോൾ ശരിരത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ പ്രധാനമായ കാർബൺ വീണ്ടും മണ്ണോടു ചേരുന്നു. ഇങ്ങനെ ജൈവികവും അജൈവികവുമായ പ്രതിഭാസങ്ങളിലൂടെ ഓരോ പാരിസ്ഥിതിക ചക്രങ്ങളും അതാതിന്റെ പാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ഓക്സിജൻ ചക്രം (Oxygen Cycle)

ജീവന്റെ അടിസ്ഥാനഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ ഓക്സിജൻ. അതുകൊണ്ടുതന്നെ പരിസ്ഥിതിയിൽ ഓക്സിജന് പ്രഥമ സ്ഥാനമാണുള്ളത്. ജൈവ ലോകത്തിന്റെ നിലനിൽപിനെ ഓക്സിജന്റെ ചാക്രിക പ്രവർത്തനം എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നമുക്ക് നോക്കാം.

അന്തരീക്ഷത്തിലൂടെയും ജൈവമണ്ഡലത്തിലൂടെയുമുള്ള ഓക്സിജന്റെ സഞ്ചാരത്തെ വിശദീകരിക്കുന്ന പരിസ്ഥിതി ശൃംഖലയെ ഓക്സിജൻ ചക്രം എന്നു പറയുന്നു. ഭൂമിയിൽ ഓക്സിജന്റെ 99.5 ശതമാനവും സിലിക്കേറ്റിലും ഓക്സൈഡ് ധാതുക്കളിലുമാണ് കാണുന്നത്. ഓക്സിജന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് സ്വതന്ത്ര ഓക്സിജനായി ജൈവമണ്ഡലത്തിലേക്കും അന്തരീക്ഷത്തിലേക്കും സ്വതന്ത്രമാക്കപ്പെടുന്നത്. ജൈവ മണ്ഡലത്തിലേക്ക് പ്രവേശിക്കുന്ന ഓക്സിജന്റെ അളവ് വെറും 0.01 ശതമാനമാണ്. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഓക്സിജന്റെ അളവാകട്ടെ 0.49 ശതമാനവും. പ്രകാശസംശ്ലേഷണമാണ് ഓക്സിജൻ സൈക്കിളിനെ നിയന്ത്രിക്കുന്നത്. ഭൂമിയിലെ ജീവജാലങ്ങളെ എന്തിന് അന്തരീക്ഷത്തെ പോലും നിലനിർത്തുന്നത് പ്രകാശസംശ്ലേഷണം തന്നെ. ജന്തുക്കൾ ശ്വസനസമയത്ത് അന്തരീക്ഷത്തിലെ ഓക്സിജനെ സ്വീകരിച്ച് കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. ഈ കാർബൺ ഡൈ ഓക്സൈഡ് പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങൾ ആഗിരണം ചെയ്യുകയും ഓക്സിജൻ പുറത്തു വിടുകയും ചെയ്യുന്നു.

ജൈവമണ്ഡലത്തിലെയും അന്തരീക്ഷത്തിലെയും ഓക്സിജന്റെ പ്രധാന ഉറവിടം പ്രകാശസംശ്ലേഷണമാണെന്നു സൂചിപ്പിച്ചുവല്ലോ. സസ്യങ്ങൾ കാര്‍ബണ്‍ ഡൈ ഓക്സൈഡും ജലവും ഉപയോഗിച്ച് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ അന്നജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം എന്ന് നാം കണ്ടു. ഇതിന്‍റെ ഫലമായി ഓക്സിജന്‍ പുറന്തള്ളപ്പെടുന്നു. പ്രകാശ വിശ്ലെഷണത്തിലൂടെയും അന്തരീക്ഷത്തിലേക്ക് ഓക്സിജൻ സ്വതന്ത്രമാക്കപ്പെടുന്നുണ്ട്.

ഉയർന്ന ഊർജ്ജമുള്ള അൾട്രാവയലറ്റ് കിരണങ്ങൾ അന്തരീക്ഷത്തിലെ ജലാംശത്തെയും നൈട്രേറ്റിനെയും വിഘടിപ്പിക്കുകയും തൽഫലമായി സ്വതന്ത്രമാക്കപ്പെടുന്ന ഹൈഡ്രജൻ ആറ്റവും നൈട്രജൻ ആറ്റവും ശൂന്യാകാശത്തിലേക്ക് കടക്കുകയും ഓക്സിജൻ അന്തരീക്ഷത്തിൽ തന്നെ നിലനിൽക്കുകയും ചെയ്യും.

ഓസോൺ - ഓക്സിജൻ ചക്രം

അന്തരീക്ഷത്തിൽ ഓക്സിജന്റെ ചാക്രിക പ്രവർത്തനത്തെക്കുറിച്ച് പറയുമ്പോൾ ഇതുമായി അഭേദ്യ ബന്ധം പുർത്തുന്ന ഓസോൺ - ഓക്സിജൻ ചക്രത്തെക്കുറിച്ചും പരാമർശിക്കേണ്ടിയിരിക്കുന്നു. സൂര്യനിൽ നിന്ന് ഉൽസർജിക്കപ്പെടുന്ന വിനാശകാരികളായ അൾട്രാവയലറ്റ് വികിരണങ്ങൾ ഭൂമിയിലെത്താതെ തടഞ്ഞുനിർത്തുന്നത് ഓക്സിജന്റെ രൂപമായ ഓസോൺ (03) ആണെന്നറിയാമല്ലോ. ഇതിന്റെ നിർമ്മാണവും ചംക്രമണവുമാണ് ഓസോൺ-ഓക്സിജൻ സൈക്കിൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അന്തരീക്ഷ മണ്ഡലങ്ങളിലൊന്നായ സ്ട്രാറ്റോസ്ഫിയറിന്റെ ഉപരിതലത്തിൽ വെച്ച് ഈ പ്രവർത്തനം നടക്കുന്നു. പ്രകാശ രാസപ്രവർത്തനങ്ങളുടെയും വൈദ്യുത ഡിസ്ചാർജുകളുടേയും ഫലമായാണ് ഓസോൺ രൂപംകൊള്ളുന്നതെന്നു പറയാം. ഈ പ്രവർത്തനം എങ്ങനെയെന്നു നോക്കാം.

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് വികിരണങ്ങൾ അന്തരീക്ഷത്തിലെ ഓക്സിജൻ തന്മാത്രയെ (02) വിഘടിപ്പിച്ച് ഓക്സിജൻ ആറ്റങ്ങളാക്കി (0) മാറ്റുന്നു. ഈ ആറ്റങ്ങൾ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഓക്സിജൻ തന്മാത്രകളുമായി സംയോജിച്ച് ഓസോൺ

(03)രൂപം കൊളളുന്നു. (ഇങ്ങനെ ഓസോൺ ആദ്യം രൂപം കൊള്ളുന്നത് സ്ട്രാറ്റോസ്ഫിയറിന്റെ ഉപരിതലത്തിലായിരിക്കും. ഇത് ഒരു പാളിയായാണ് നിലനിൽക്കുന്നത്).

240 നാനോമീറ്ററിൽ കുറഞ്ഞ തരംഗ ദൈർഘ്യമുള്ള അൾട്രാവയലറ്റ് രശ്മികൾക്കാണ് ഓക്സിജനെ വിഘടിപ്പിക്കാനുള്ള ശേഷിയുള്ളത്.  ഇങ്ങനെ വിഘടിച്ച ഓക്സിജൻ ആറ്റം അന്തരീക്ഷത്തിലുളള ഓക്സിജൻ തന്മാത്രയുമായി ചേർന്ന് ഓസോൺ രൂപം കൊള്ളുന്നതോടെ പ്രവർത്തനം നില്ക്കുന്നില്ല. മറിച്ച് 240 നാനോമീറ്ററിനും 310 നാനോമീറ്ററിനും ഇടയ്ക്ക് തരംഗ ദൈർഘ്യമുള്ള അൾട്രാവയലറ്റ് രശ്മികളെ ഈ ഓസോൺ പാളി ആഗിരണം ചെയ്യുകയും ഓസോൺ വിഘടിച്ച് വീണ്ടും ഓക്സിജൻ തന്മാത്രയും (02) ഓക്സിജൻ ആറ്റവും (0) ആയി മാറുകയും ചെയ്യും. ഇങ്ങനെ ഓക്സിജന്റെയും ഓസോണിന്റെയും ഉൽപ്പാനം ചാക്രികമായി തുടർന്നുകൊണ്ടിരിക്കും.

സൾഫർ ചക്രം (Sulfur Cycle)

ജീവികളുടെ ശരീര വളർച്ചയ്ക്കാവശ്യമായ പ്രോട്ടീൻ, വിറ്റാമിൻ, ഹോർമോൺ തുടങ്ങിയവയിലെ ഒരവിഭാജ്യ ഘടകമാണ് സൾഫർ. അതുകൊണ്ടുതന്നെ പരിസ്ഥിതി ശ്യംഖലയിൽ സൾഫറിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ല. ഭൂമിയിൽ സൾഫറിന്‍റെ

നിക്ഷേപങ്ങൾ കൂടുതലായും കാണുന്നത് സമുദ്രാടിത്തട്ടിലും പാറകളിലുമാണ്. ഇതിനു പുറമെ അന്തരീക്ഷത്തിലും ചെറിയ തോതിൽ സൾഫർ സാന്നിദ്ധ്യമുണ്ട്. സൾഫർ ഡൈ ഓക്സൈഡ്, സൾഫ്യൂരിക് ആസിഡ്, സൾഫേറ്റ്, ഡൈ മിഥൈൽ സൾഫൈഡ് തുടങ്ങിയ

സംയുക്തങ്ങളുടെ രൂപത്തിലാണ് സൾഫർ പ്രധാനമായും സ്ഥിതി ചെയ്യുന്നത്.

സൾഫർ സംയുക്തങ്ങളൊന്നും ഒരേ ഘടനയിൽ ദീർഘകാലം നിലനിൽക്കുന്നതല്ല. വിവിധ തരത്തിലുള്ള ജൈവ-ഭൗതിക പ്രവർത്തനങ്ങളുടെ ഫലമായി അവയ്ക്ക് രൂപമാറ്റം സംഭവിക്കുന്നു. കാറ്റ്, മണ്ണൊലിപ്പ്, ബാഷ്പീകരണം തുടങ്ങിയവയാണ് സൾഫർ സംയുക്തങ്ങൾക്ക് സ്ഥാനമാറ്റവും ഘടനാമാറ്റവും വരുത്തുന്ന പ്രധാന ഭൗതിക പ്രവർത്തനങ്ങൾ. കൂടാതെ അഗ്നിപർവത സ്ഫോടനങ്ങളും സൾഫർ സംയുക്തങ്ങളുടെ വ്യാപനത്തിനിടയാക്കാറുണ്ട്.

ജീവികളുടെ അവശിഷ്ടങ്ങൾ ജീർണ്ണിക്കുന്നതിലൂടെയും ബാക്ടീരിയകളുടെ പ്രവർത്തനഫലമായും സൾഫർ അന്തരീക്ഷത്തിലെത്തുന്നത്. ഇതിനുപുറമേ വ്യാവസായിക ഉപോൽപ്പന്നങ്ങളും സൾഫറിനെ അന്തരീക്ഷത്തിലെത്തുന്നു. വ്യവസായശാലകൾ സൾഫർ ഡൈ ഓക്സൈഡും (S02) ഹൈഡ്രജന്‍ സൾഫൈഡും (H2S) വൻതോതിൽ അന്തരീക്ഷത്തിലെത്തുന്നുണ്ട്.

സൾഫർ ചക്രം ഘട്ടങ്ങളിലൂടെ

  • പ്രകൃതിയിലുണ്ടാകുന്ന ജൈവ-ഭൗതിക പ്രതിഭാസങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ സള്‍ഫര്‍ സംയുക്തങ്ങൾ രൂപം കൊള്ളുന്നതാണ് ഒന്നാം ഘട്ടം. അന്തരീക്ഷത്തിലെത്തുന്ന സൾഫർ സംയുക്തങ്ങളിൽ കാർബണിക സൾഫർ അകാർബണിക രൂപമായ ഹൈട്രജൻ സൾഫൈഡായി (H2S) മാറുകയാണ് രണ്ടാമത്തെ ഘട്ടത്തിൽ നടക്കുന്നത്. ഇതിനുപുറമെ വ്യവസായശാലകളിൽ നിന്നും നേരിട്ട് ഹൈഡ്രജന്‍ സൾഫൈഡും സൾഫർ ഡൈ ഓക്സൈഡും പുറത്തുവരുന്നുണ്ട്. ഈ സൾഫൈഡും സ്വതന്ത്ര സൾഫറും സൾഫർ സംയുക്തങ്ങളും ഓക്സീകരണം വഴി (ഒരു സംയുക്തവുമായി ഓക്സിജൻ കൂട്ടിച്ചേർക്കുന്ന രാസമാറ്റം) സൾഫേറ്റുകളായി മാറുന്നു. ഈ സൾഫേറ്റുകൾക്ക് ജലത്തിൽ ലയിക്കാനുള്ള കഴിവുണ്ട്.
  • സൾഫേറ്റ്, മഴയിലൂടെ ജലത്തിൽ ലയിച്ച് മണ്ണിൽ പതിക്കുന്നു.
  • ഈ സൾഫേറ്റിനെ സസ്യങ്ങൾ ആഗിരണം ചെയ്ത് അമിനോ ആസിഡുകളുടെയും പ്രോട്ടീനുകളുടെയും നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ഇത് പിന്നീട് ഭക്ഷ്യ ശൃംഖലയിലൂടെ ജന്തുക്കളിലെത്തുന്നു.
  • ജീവികൾക്ക് നാശം സംഭവിക്കുമ്പോൾ മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവർത്തനഫലമായി ജീവികളിലുള്ള സൾഫർ സംയുക്തങ്ങൾ സൾഫേറ്റുകളായോ സൾഫൈഡുകളായോ മാറുന്നു. ഇതിൽ സൾഫൈഡ് നേരിട്ട് അന്തരീക്ഷത്തിലെത്തുന്നു.

സൾഫർ - നേട്ടങ്ങളും കോട്ടങ്ങളും

സൾഫർ സൈക്കിൾ എന്താണെന്നും സൾഫർ സൈക്കിളിലെ ഘട്ടങ്ങൾ ഏതൊക്കെ എന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇനി അന്തരീക്ഷത്തിൽ സൾഫർ കൊണ്ടുണ്ടാകുന്ന ഗുണവും ദോഷവുമെന്തെന്ന് പരിശോധിക്കാം.

പരിസ്ഥിതിയിലും കാലാവസ്ഥാ നിർണയത്തിലും മുഖ്യപങ്കുവഹിക്കുന്ന ഒന്നാണ് സൾഫർ സംയുക്തങ്ങൾ. മേഘങ്ങളുടെ രൂപീകരണത്തിൽ സൾഫർ സംയുക്തങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

എങ്കിലും ഗുണത്തേക്കാളേറെ ദോഷങ്ങൾ സൾഫർ സംയുക്തങ്ങൾ പ്രദാനം ചെയ്യുന്നു. അമ്ലമഴയുടെ രൂപീകരണത്തിൽ മുഖ്യപങ്ക് സൾഫറിനാണ്. വ്യവസായശാലകളിൽ നിന്നും മറ്റും പുറം തള്ളുന്ന സൾഫർ (ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡൈ ഓക്സൈഡ്), മഴ പെയ്യുമ്പോൾ ജലവുമായിച്ചേർന്ന് സൾഫ്യൂരിക് ആസിഡ് ഉണ്ടാവുകയും മഴയോടൊപ്പം വർഷിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് അമ്ലമഴ. അമ്ലമഴയിലൂടെ ഭൂമിയിലെത്തുന്ന സൾഫൈറ്റുകൾ സസ്യങ്ങളുടെയും ജന്തുക്കളുടെയും നിലനിൽപ്പിന് ഹാനികരമാണ്. മണ്ണിന്റെ അസിഡിറ്റി (അമ്ലത്വം) വർധിക്കുന്നത് കാർഷിക വിളകളെ സാരമായി ബാധിക്കുന്നു. അമ്ലമഴയേൽക്കുന്ന കെട്ടിടങ്ങൾ വളരെ പെട്ടെന്ന് കേടുപാടുകൾക്കു വിധേയമാകുന്നു.

ഫോസ്ഫറസ് ചക്രം (Phosphorus Cycle)

പരിസ്ഥിതിക്ക് ജൈവമണ്ഡലം, ശിലാമണ്ഡലം, ജലമണ്ഡലം എന്നിങ്ങനെ മൂന്ന് മേഖലകളുണ്ട്. ഈ മേഖലകളിൽക്കൂടിയുള്ള ഫോസ്ഫറസിന്റെ സഞ്ചാരത്തെ വിവരിക്കുന്ന പരിസ്ഥിതി ശ്യംഖലയെയാണ് ഫോസ്ഫറസ് ചക്രം എന്നുപറയുന്നത്. പരിസ്ഥിതി ശൃംഖലയിലെ എല്ലാ ചക്രങ്ങളിലും അന്തരീക്ഷത്തിന് വളരെ പ്രാധാന്യമുണ്ടെങ്കിലും ഫോസ്ഫറസ് ചക്രത്തിൽ അന്തരീക്ഷം കാര്യമായ പങ്ക് വഹിക്കുന്നില്ല. ഫോസ്ഫറസും ഫോസ്ഫറസ് സംയുക്തങ്ങളും പൊതുവെ ഖരരൂപത്തിൽ സ്ഥിതി ചെയ്യുന്നതിനാലാണിത്. ഭൂമിയിൽ കാണുന്ന ഖരരൂപത്തിലുള്ള ഫോസ്ഫറസ് സംയുക്തങ്ങൾ നിശ്ചിത ഊഷ്മാവിലും മർദ്ദത്തിലുമാണ് സ്ഥിതിചെയ്യുന്നത്.

സാധാരണയായി ഫോസ്ഫേറ്റുകളുടെ രൂപത്തിലാണ് പ്രകൃതിയിൽ ഫോസ്ഫറസ് കണ്ടുവരുന്നത്. സമുദ്രാന്തർഭാഗത്തെ പാറകളിൽ ലവണരൂപത്തിലും ഫോസ്ഫേറ്റ് നിക്ഷേപങ്ങൾ കാണാം.

പരിസ്ഥിതി ചക്രങ്ങളിൽ ഏറ്റവും വേഗത കുറഞ്ഞതാണ് ഫോസ്ഫറസ് സൈക്കിൾ. ഭൂമിയിലെ നിക്ഷേപങ്ങളിൽ നിന്നും ഫോസ്ഫറസ് സാവധാനം ജീവിയ ഘടകങ്ങളിലേക്ക് സഞ്ചരിക്കും. അതിനുശേഷം അതിലേറെ സാവധാനത്തിൽ തിരിച്ച് ജലത്തിലേക്കും മണ്ണിലേക്കും പ്രവേശിക്കും. ഫോസ്ഫറസിന്റെ ഈ സഞ്ചാരം എങ്ങനെയെന്നു നോക്കാം.

ഭൂമിയിലുള്ള ഫോസ്ഫേറ്റ് ലവണങ്ങൾ മണ്ണിലും ജലത്തിലും ലയിക്കാൻ കഴിവുള്ളവയാണ്. ഇങ്ങനെ മണ്ണിൽ ലയിച്ച ഫോസ്ഫറസിനെ സസ്യങ്ങൾ ആഗിരണം ചെയ്യുന്നു. ഈ സസ്യങ്ങളെ ഭക്ഷിക്കുന്നതിലൂടെ ഭൂമിയിലെ മറ്റ് ജന്തുക്കൾക്കും ഫോസ്ഫറസിന്റെ അംശം ലഭിക്കുന്നു. ജന്തുക്കളുടെയും സസ്യങ്ങളുടേയും മരണശേഷം അവ ജീർണ്ണിക്കുമ്പോൾ ഇവയുടെ ശരീരത്തിലുണ്ടായിരുന്ന ഫോസ്ഫറസ് മണ്ണിൽ തന്നെ ലയിക്കുകയും ചെയ്യും. ഫോസ്ഫറസിന്റെ ഈ ഒരു ചാക്രിക സഞ്ചാരത്തെയാണ് ഫോസ്ഫറസ് ചക്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

ജീവൽ പ്രവർത്തനങ്ങളിൽ അവിഭാജ്യ ഘടകമായി ഫോസ്ഫറസ് മാറുന്നു. എന്നാൽ ഇന്ന് മണ്ണിൽ ഫോസ്ഫറസിന്റെ അളവ് പൊതുവെ കുറഞ്ഞുവരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇതിന് പ്രധാനകാരണം മനുഷ്യന്റെ ഇടപെടലുകൾ തന്നെ.

സസ്യവളർച്ചയുടെ അവശ്യ ഘടകമായ ഫോസ്ഫറസിനെ മനുഷ്യർ കൃത്രിമ വളനിർമ്മാണത്തിനും മറ്റുമായി വേർതിരിച്ചെടുക്കുന്നതിന്റെ ഫലമായി മണ്ണിലെ ഫോസ്ഫേറ്റിന്റെ സാന്നിധ്യം ഇല്ലാതാകുന്നു. മണ്ണിൽ നിന്നും വേർതിരിച്ച് ഉണ്ടാക്കുന്ന കൃത്രിമ വളങ്ങൾ മനുഷ്യൻ സസ്യങ്ങൾക്ക് തന്നെ നൽകുന്നുവെങ്കിലും അത് പൂർണമായും സസ്യങ്ങൾ സ്വീകരിക്കുന്നില്ല. മറിച്ച് ഭൂഗർഭജലത്തിലോ തടാകം, കുളം തുടങ്ങിയ സ്വാഭാവിക ജലാശയങ്ങളിലോ എത്തിച്ചേരുകയാണ് ചെയ്യുന്നത്. ഈ ഫോസ്ഫറസ്, പായലുകൾ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തരത്തിൽ ജലാശയങ്ങളിൽ ജലസസ്യങ്ങൾ അമിതമായി വളരുന്ന പ്രതിഭാസത്തെ യൂട്രോഫിക്കേഷൻ എന്നു പറയുന്നു. ജലാശയങ്ങളിലെ ആവാസ വ്യവസ്ഥ തകിടം മറിക്കാൻ ഇത് കാരണമാകുന്നുണ്ട്. സസ്യങ്ങളുടെ അമിത വളർച്ച ജലത്തിലെ ഓക്സിജന്റെ അളവിൽ ക്രമാതീതമായി കുറവ് വരുത്തും. ഇത് മത്സ്യങ്ങളുടെയും മറ്റ് ജന്തുക്കളുടെയും നാശത്തിന് വഴിയൊരുക്കുന്നു. സസ്യങ്ങളുടെ വളർച്ചയ്ക്കെന്നപോലെ ജന്തുക്കളിലെ RNA, DNA തുടങ്ങിയവയുടെ വളർച്ചയിലെ ഒരവിഭാജ്യ ഘടകം കൂടിയാണ് ഫോസ്ഫറസ്, കാത്സ്യവും ഫോസ്ഫറസും ചേർന്ന കാത്സ്യം ഫോസ്ഫേറ്റാണ് ജീവികളുടെ എല്ലുകൾക്ക് ഉറപ്പും ശക്തിയും നൽകുന്നത്.  ജീവലോകത്തിന്റെ നിലനിൽപ്പിന് ഒഴിച്ചു കൂടാനാവാത്ത ഫോസ്ഫറസിന്റെ ചാക്രിക പ്രവർത്തനം ഇങ്ങനെ പരിസ്ഥിതി ശൃംഖലയുടെ പ്രധാന കണ്ണിയാവുന്നു.

നൈട്രജൻ ചക്രം (Nytrogen Cycle)

പ്രകൃതിയിലെ നൈട്രജന്റെയും നൈട്രജൻ സംയുക്തങ്ങളുടെയും രൂപമാറ്റം വിശദീകരിക്കുന്ന പരിസ്ഥിതി ചക്രമാണ് നൈട്രജൻ ചക്രം. ബാക്ടീരിയകളാണ് നൈട്രജൻ ചക്രത്തിലെ മുഖ്യ ഘടകം. ഭീമൻ വൃക്ഷങ്ങൾക്ക് പോലും ആഗിരണം ചെയ്യാൻ പാകത്തിൽ നൈട്രജൻ സംയുക്തങ്ങളെ മാറ്റാൻ സഹായിക്കുന്നത് ഈ ബാക്ടീരിയകളാണ്.

ഭൗമാന്തരീക്ഷത്തിൽ നിലനിൽക്കുന്ന മൂലകങ്ങളിൽ 78 ശതമാനവും നൈട്രജനാണ്. സസ്യങ്ങളുടെയും ജന്തുക്കളുടെയും അടിസ്ഥാന ജീവല്‍ പ്രക്രിയകളില്‍ നൈട്രജനെ മാറ്റിനിർത്താനാവില്ല. പ്രകാശസംശ്ലേഷണത്തിന് അത്യാവശ്യമായ ഹരിതകം (ക്ലോറോഫിൽ) തന്മാത്രകളിലാണ് സസ്യങ്ങൾ നൈട്രജൻ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. അമിനോ ആസിഡ്, പ്രോട്ടീൻ എന്നിവയിലെയും, DNA, RNA തുടങ്ങിയ ന്യൂക്ലിക് ആസിഡുകളിലെയും പ്രധാന ഘടകവും നൈട്രജൻ തന്നെ. നൈട്രജൻ സൈക്കിളിൽ പറഞ്ഞല്ലോ. നൈട്രജനെ ഹൈഡ്രജനുമായി സംയോജിപ്പിച്ച് അമോണിയ (NH3) ഉണ്ടാക്കാൻ സഹായിക്കുന്ന നൈട്രോജിനേസ് എൻസൈമുകൾ ഇത്തരം ബാക്ടീരിയകളിൽ അടങ്ങിയിരിക്കും. അമോണിയയെ പിന്നീട് കാർബണിക സംയുക്തങ്ങളാക്കി മാറ്റാനും ഇവയ്ക്ക് സാധിക്കും. കാർബോ ഹൈഡ്രേറ്റുകള്‍ക്ക് പകരമായാണ് ഇവ അമോണിയ ഉൽപ്പാദിപ്പിക്കുന്നത്. സാധാരണയായി പയറുവർഗത്തിൽപെട്ട സസ്യങ്ങളുടെ വേരുകളിലാണ് നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയകൾ വസിക്കുന്നത്. അതിനാൽ ഇത്തരം സസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ മണ്ണിനെ ഫലഭൂയിഷ്ടമാക്കാൻ കഴിയും. റൈസോബിയം, അസറ്റോബാക്ടര്‍ തുടങ്ങിയവ നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയകൾക്ക് ഉദാഹരണങ്ങളാണ്.

നൈട്രജന്‍ സൈക്കിളിലെ പ്രധാനഘട്ടമായ നൈട്രജൻ സ്ഥീരീകരണം (Nitrogen fixation) പ്രധാനമായും 4 രീതികളിലൂടെയാണ് നടക്കുന്നത്.

  • ജൈവ സ്ഥീരീകരണം (Biological fixation)

പയറുവർഗത്തിൽപ്പെട്ട ചില ചെടികളുടെയും മറ്റും വേരുകളിൽ കണ്ടുവരുന്ന ബാക്ടീരിയകൾ അന്തരീക്ഷ വായുവിലെ നൈട്രജനെ സസ്യങ്ങൾക്കും ജന്തുക്കൾക്കും ഉപകാരപ്രദമായ രീതിയിലാക്കി മാറ്റുന്ന പ്രക്രിയയാണ് ബയോളജിക്കൽ ഫിക്സേഷൻ (ജൈവസ്ഥീരീകരണം). നൈട്രജനെ നൈട്രിക്കുകളും(N02) തുടർന്ന് നൈട്രേറ്റുകളും (NO3) ആക്കി മാറ്റുന്നു.

  • വ്യാവസായിക നൈട്രജൻ സ്ഥിരീകരണം (Industrial nitrogen fixation)

നൈട്രജനും (N2) ഹൈഡ്രജനും (H2) ചേർന്ന് ഹേബർ ബോഷ് പ്രക്രിയയിലൂടെ അമോണിയ ഉണ്ടാക്കുന്ന രീതിയാണ് വ്യാവസായിക നൈട്രജൻ ഫിക്സേഷൻ. അമോണിഫിക്കേഷൻ എന്ന പേരിലും ഇതറിയപ്പെടുന്നു. ഇങ്ങനെ ലഭിക്കുന്ന അമോണിയ വാതകത്തെ വെള്ളത്തിൽ ലയിപ്പിക്കുകയോ സാന്ദ്രീകരിക്കുകയോ ചെയ്യുന്നു.

  • ഇന്ധനങ്ങളുടെ ജ്വലനം (Fuel Burning)

വാഹനങ്ങളും താപ വൈദ്യുതനിലയങ്ങളും ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ നൈട്രജൻ സ്ഥീരീകരണം നടക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന പുക അന്തരീക്ഷത്തിൽ നൈട്രജൻ സംയുക്തങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നു.

  • മറ്റു പ്രക്രിയകൾ

ഇടിമിന്നലിന്റെ ഫലമായും കരയിലും കടലിലും നടക്കുന്ന ചില രാസപ്രതിഭാസങ്ങളിലൂടെയും നൈട്രജന്‍ സ്ഥിരീകരണം നടക്കുന്നുണ്ട്.

പയറുവർഗത്തിൽപ്പെട്ട ചെടികൾ വ്യാപകമായി കൃഷി ചെയ്യുന്നതിലൂടെയും രാസവളങ്ങളുടെ നിർമ്മാണത്തിനായി ഹേബർ ബോഷ് പ്രകിയ കൂടുതലായി ഉപയോഗിക്കുന്നതിന്റെയും ഫലമായി നൈട്രജൻ സ്ഥിരീകരണം ഇന്ന് ഇരട്ടിയായിരിക്കുകയാണ്.

നൈട്രജന്‍ സ്ഥീരികരണം സസ്യങ്ങൾക്കും ജന്തുക്കൾക്കും പ്രയോജനപ്രദമാണങ്കിലും അതിനൊരു മറുവശമുണ്ടെന്ന കാര്യം നാം പലപ്പോഴും ഓർക്കാറില്ല. വ്യവസായശാലകളിലെ രാസപ്രക്രിയകളുടെ ഭാഗമായുണ്ടാകുന്ന നൈട്രജന്‍ സ്ഥിരീകരണത്തിന്റെ വർദ്ധനവു മൂലം പുറത്തുവിടുന്ന മാലിന്യങ്ങളുടെ അളവ് വർദ്ധിക്കുകയും ഇത് പ്രകൃതിയിലെ ജൈവ വൈവിധ്യത്തിന്റെ സന്തുലനത്തിന് കോട്ടം വരാൻ കാരണമാവുകയും ചെയ്യുന്നുണ്ട്.

നൈട്രിഫിക്കേഷൻ (Nitrification)

ബാക്ടീരിയകളുമായി പരസ്പരബന്ധമുള്ള സസ്യങ്ങൾ മണ്ണിൽ നിന്നും നൈട്രേറ്റ് വലിച്ചെടുത്ത് അവയെ അമോണിയം അയോണുകളാക്കി മാറ്റുന്നു. ബാക്ടീരിയയും ഫംഗസുകളും അമോണിയയെ വീണ്ടും നൈട്രേറ്റുകളാക്കി മാറ്റുന്നു. അമോണിയയെ നൈട്രേറ്റാക്കി മാറ്റുന്ന ഈ പ്രക്രിയയെ നൈട്രിഫിക്കേഷൻ എന്നാണ് പറയുന്നത്. നെട്രോസോമൊണാസ് കുടുംബത്തിൽപ്പെട്ട ബാക്ടീരിയകളാണ് നൈട്രിഫിക്കേഷൻ പ്രക്രിയ നടത്തുന്നത്. നൈട്രേറ്റുകളെ വീണ്ടും നൈട്രജൻ വാതകമാക്കി മാറ്റുന്ന പ്രകിയ ഡീനൈട്രിഫിക്കേഷൻ എന്നറിയപ്പെടുന്നു. സ്യൂഡോമൊണാസ് വിഭാഗത്തിലെ ബാക്ടീരിയ ഡീനൈട്രിഫിക്കേഷൻ പ്രവർത്തനത്തെ സഹായിക്കുന്നു.

ഡീനൈട്രിഫിക്കേഷൻ പ്രക്രിയയിലൂടെ നൈട്രജൻ വാതകം രൂപപ്പെടുന്നതോടെയാണ് നൈട്രജന്‍ സൈക്കിൾ പൂർത്തിയാവുന്നത്. ഓക്സിജന്റെ അസാന്നിധ്യത്തിലാണ് ഡിനൈട്രിഫിക്കേഷൻ പ്രവർത്തനം നടക്കുന്നത്. അതിനാൽ ഓക്സിജൻ ധാരാളമുള്ള അന്തരീക്ഷ വായുവിൽ വെച്ച് ഡീനൈട്രിഫിക്കേഷൻ അസാധ്യമാണ്, മണ്ണ്, ഭൂഗർഭജലം, ചതുപ്പുനിലങ്ങൾ, സമുദ്രത്തിന്റെ അടിത്തട്ട് തുടങ്ങിയ ഇടങ്ങൾ ഡിനൈട്രിഫിക്കേഷന് പൊതുവെ അനുയോജ്യമാണ്.

അക്വേറിയങ്ങളിലെ നൈട്രജൻ ചക്രം

പരിസ്ഥിതിയിൽ നടക്കുന്ന നൈട്രജൻ ചക്രത്തിനു സമാനം തന്നെയാണ് അക്വേറിയങ്ങളിലെ നൈട്രജൻ ചക്രവും. ഒരു അക്വേറിയം തുടങ്ങുമ്പോൾ അതിൽ മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും അവശേഷിക്കുന്ന ആഹാര പദാർത്ഥങ്ങളും വിഘടിപ്പിക്കുന്നതിന് പര്യാപ്തമായ ബാക്ടീരിയ ഉണ്ടായിരിക്കില്ല. ഇത് അമോണിയയുടെയും നൈട്രേറ്റിന്‍റെയും അളവ് അനാരോഗ്യപകരമായി വർധിക്കുന്നതിനിടയാക്കും. പുതിയ അക്വേറിയങ്ങളിലെ മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതിന് പ്രധാന കാരണവും ഇതു തന്നെ. അക്വേറിയം പ്രവർത്തനം തുടങ്ങി ദിവസങ്ങൾ കഴിയുമ്പോൾ മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും കാർബൺ ഡൈ ഓക്സൈഡ്, പ്രകാശം, അക്വേറിയത്തിലെ സസ്യങ്ങൾ എന്നിവയും ചേർന്ന് പ്രയോജനപ്രദങ്ങളായ ബാക്ടീരിയകളെ ഉൽപ്പാദിപ്പിക്കാൻ തുടങ്ങും. അവ അക്വേറിയം ആരോഗ്യപൂർണവും സജീവവുമായി നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യും.

മത്സ്യങ്ങൾ ജലത്തിൽ വെച്ച് ആഹാരവും ഓക്സിജനും സ്വീകരിക്കുകയും കാർബൺ ഡൈ ഓക്സൈഡും അവശിഷ്ടങ്ങളും പുറത്തുവിടുകയും ചെയ്യുന്നുണ്ടല്ലോ. ഈ അവശിഷ്ടങ്ങൾ ജീർണ്ണിച്ച് അമോണിയ രൂപപ്പെടുന്നു. കൂടാതെ ചത്ത മത്സ്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ജീർണ്ണിക്കുന്നതിന്റെ ഫലമായും അമോണിയ രൂപപ്പെടുന്നുണ്ട്. അമോണിയയുടെ അളവ് വർധിക്കുമ്പോൾ നൈട്രൊമൊണാസ് ബാക്ടീരിയയുടെ വളർച്ച വർധിക്കുന്നു. അവ നൈട്രേറ്റുകൾ ഉൽപ്പാദിപ്പിക്കുന്നു. സസ്യങ്ങൾ നൈട്രേറ്റും കാർബൺ ഡൈ ഓക്സൈഡും ഉപയോഗിച്ച് പ്രകാശ സംശ്ലേഷണം നടത്തുകയും മത്സ്യങ്ങൾക്ക് ശ്വസിക്കുന്നതിനാവശ്യമായ ഓക്സിജൻ പുറത്തുവിടുകയും ചെയ്യും. ഇങ്ങനെ അക്വേറിയങ്ങളിലെ നൈട്രജൻ ചക്രം അവിടുത്തെ ജീവന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നു.

ജലചക്രം (Water Cycle)

ജലാശയങ്ങളിലെ ജലം സൂര്യന്റെ ചൂടേറ്റ് നീരാവിയായി ആകാശത്തേക്ക് ഉയർന്നു പൊങ്ങുകയും അവിടെ വെച്ച് മേഘങ്ങളായി മാറുകയും ചെയ്യും. ഈ മേഘങ്ങൾ തണുത്ത് മഴയായി വീണ്ടും ഭൂമിയിൽ തന്നെ പതിക്കുന്നു. ജലത്തിന്റെ ഈ ചാക്രികപ്രതിഭാസത്തെയാണ് ജലചക്രം എന്നു പറയുന്നത്. ഭൂമിയിലെ ജലവിതരണത്തിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ ജലചക്രത്തിന് അവിഭാജ്യമായ പങ്കുണ്ട്. ഭൂമിയുടെ അന്തരീക്ഷം, ഉപരിതല ജലം, ഭൂഗർഭജലം എന്നിവ ജലചക്രത്തിന്റെ ഭാഗങ്ങളാണ്. ചാക്രികമായി സഞ്ചരിക്കുന്ന ജലം ദ്രാവകരൂപത്തിലും ഖരരൂപത്തിലും വാതകരൂപത്തിലും മാറ്റപ്പെടും. ജലത്തിന്റെ ചാക്രികമായുള്ള ഈ ചലനം ബാഷ്പീകരണം, ഘനീഭവിക്കൽ, അരിച്ചിറങ്ങൽ, ഒഴുകിപ്പോകൽ, ഉപരിതലത്തിലൂടെയുള്ള ഒഴുക്ക് (Subsurface flow) എന്നീ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു.

ഭൂമിയുടെ ഉപരിതലത്തിലുള്ള ജലം സൂര്യപ്രകാശത്തിന്റെ സഹായത്താൽ വാതക രൂപത്തിൽ മുകളിലോട്ട് പോകുന്ന പ്രക്രിയയെ ബാഷ്പീകരണം എന്നുപറയുന്നു. സസ്യസ്വേദനവും ബാഷ്പീകരണത്തിൽ ഉൾപ്പെടുന്നു. അന്തരീക്ഷത്തിലെ ജലത്തിന്റെ 90 ശതമാനവും ബാഷ്പീകരണ പ്രക്രിയയിലൂടെ രൂപപ്പെടുന്നതാണ്. ശേഷിക്കുന്ന 10 ശതമാനമാകട്ടെ സസ്യസ്വേദനത്തിലൂടെയും. ഒരു വർഷം ഏകദേശം 505,000km3 ജലം ബാഷ്പീകരിക്കപ്പെടുന്നുണ്ട്. ഇതിൽ 398,000km3 ജലവും സമുദ്രത്തിൽ നിന്നും ബാഷ്പീകരിക്കപ്പെടുന്നു.

സാന്ദ്രീകരിക്കപ്പെട്ട നീരാവി മേഘങ്ങളായി മാറുന്ന പ്രക്രിയയെയാണ് ഘനീഭവിക്കൽ എന്നു പറയുന്നത്. ഘനീഭവിക്കപ്പെട്ട ജലം പ്രധാനമായും മഴയുടെ രൂപത്തിലാണ് ഭൂമിയിൽ പതിക്കുന്നത്. മഞ്ഞായും ആലിപ്പഴമായും നീരാവി ഘനീഭവിക്കാറുണ്ട്. 505.000Km3 ജലം വര്‍ഷം തോറും ഘനീഭവിച്ച് ഭൌമോപരിതലത്തില്‍ പതിക്കുന്നുണ്ട്. ഇതില്‍ 398,000Km3 ജലവും സമുദ്രത്തിലാണേത്തിച്ചേരുന്നത്. ഭൌമോപരിതലത്തില്‍ പതിക്കുന്ന ജലത്തിലൊരു ഭാഗം ഒഴുകി ഭൂമിയിലേക്ക് അരിച്ചിറങ്ങുകയും കുറച്ച് ഭാഗം ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു. ശേഷിക്കുന്ന ജലം തടാകങ്ങളിലും നദികളും സംഭരിക്കപ്പെടുന്നു.

ഭൌമോപരിതലത്തില്‍ സംഭരിക്കപ്പെടുന്ന ജലത്തില്‍ ഒരു ഭാഗം ഭൂഗര്‍ഭജലമായി ശേഖരിക്കപ്പെടുകയും ശേഷിക്കുന്നവ അരുവികളിലൂടെയും നദികളിലൂടെയും ഒഴുകി സമുദ്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. സമുദ്രത്തിലെ ജലം വീണ്ടും ബാഷ്പീകരിച്ച് നീരാവിയായി അന്തരീക്ഷത്തിലെത്തുന്നു. ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുന്നതിനാൽ ജലചക്രത്തിന് തുടക്കവും ഒടുക്കവുമില്ല.

ഭൂമിയിൽ ജലം സംഭരിക്കപ്പെടുന്ന ഇടത്തെയാണ് ജലസംഭരണികൾ എന്നു പറയുന്നത്. ഭൂമിയിലെ ജലസമ്പത്തിന്റെ 97 ശതമാനവും ഉൾക്കൊള്ളുന്ന സമുദ്രങ്ങൾ തന്നെയാണ് ഏറ്റവും വലിയ ജലസംഭരണി. രണ്ട് ശതമാനം ജലത്തിന്റെ ഖരരൂപമായ മഞ്ഞിന്റെ രൂപത്തിൽ ശേഖരിക്കപ്പെടുന്നു. ബാക്കി വരുന്ന ഒരു ശതമാനം ജലം ജീവജാലങ്ങളിലാണ് സംഭരിക്കപ്പെടുന്നത്. ജലചക്രത്തിനിടയിൽ ഒരു ജലതന്മാത്ര സംഭരണിയിൽ ചെലവിടുന്ന സമയമാണ് ജലത്തിന്റെ വാസസമയം (residence time). സംഭരണിയിൽ ചെലവിടുന്ന സമയം ജലത്തിന്റെ ഓരോ രൂപത്തിലും വ്യത്യസ്തമായിരിക്കും. ഭൂഗർഭജലം ആയിരം വർഷങ്ങളോളം സംഭരിക്കപ്പെടാറുണ്ട്. എന്നാൽ മണ്ണിൽ സംരക്ഷിക്കപ്പെടുന്ന ജലമാകട്ടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഭൗമോപരിതലത്തിൽ പരന്ന് ബാഷ്പീകരിക്കപ്പെടുകയും അവശേഷിക്കുന്നവ സസ്യസ്വേദനത്തിലൂടെയും മറ്റും ഒഴുകി ഭൂഗർഭ ജലമായി മാറുകയും ചെയ്യുന്നു.

ഇന്ന് ആഗോള താപനത്തിന്റെ ഫലമായി ബാഷ്പീകരണത്തിന്റെയും ഘനീഭവ പ്രക്രിയയുടെയും നിരക്ക് വർധിച്ചുവരുന്നതിനാൽ ജലചക്രം കൂടുതൽ സങ്കീർണമായിരിക്കുന്നു. ഹിമപാളികളുടെ അളവ് കുറഞ്ഞുവരുന്നത് ഈ സങ്കീർണതയ്ക്ക് ഒരു മുഖ്യ കാരണമായി പറയാം.

കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഹിമ പാളികൾ ഉരുകുന്നതിന്റെ തോത് വർദ്ധിച്ചിരിക്കുകയാണ്. ഇതിനൊക്കെപ്പുറമെ മനുഷ്യരുടെ പരിസ്ഥിതിയിലെ ഇടപെടലുകൾ ജലചക്രത്തിന്റെ ഘടനയിലും ചംക്രമണ ഗതിയിലും മാറ്റം വരുത്തുന്നുമുണ്ട്. ഇതിൽ പ്രധാനപ്പെട്ടവയാണ് കാർഷിക രീതികളിൽ വന്ന മാറ്റങ്ങൾ, വനനശീകരണം, വികസന പ്രവർത്തനങ്ങളുടെ പരിണിതഫലമായി അന്തരീക്ഷ ഘടനയിലുണ്ടായ മാറ്റങ്ങൾ തുടങ്ങിയവ. കൂടാതെ അണക്കെട്ടുകളുടെ നിർമ്മാണം, നദികളിൽ നിന്നുള്ള ജല ശേഖരണവും ജലചക്രത്തെ സാരമായി ബാധിച്ച ഘടങ്ങളാണ്.

ജലചക്രത്തിലുണ്ടാവുന്ന വ്യത്യാസങ്ങൾ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാവുന്നു. സൂര്യപ്രകാശമാണ് ജലചക്രത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം എന്ന് നാം മുമ്പേ കണ്ടുവല്ലോ. അതിനാൽ സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന ഉഷ്ണമേഖലാ സമുദ്രങ്ങളിൽ നിന്നും കൂടുതൽ ജലം ബാഷ്പമായി അന്തരീക്ഷത്തിലെത്തുന്നു. അന്തരീക്ഷത്തിലെത്തുന്ന ഈ നീരാവി കാറ്റിന്റെ ശക്തിയിൽ വളരെ ദൂരം സഞ്ചരിച്ച് ഘനീഭവിക്കുന്നു. ഘനീഭവിച്ച നീരാവി മഴയായി പെയ്യുന്നത് അധികവും ഉഷ്ണമേഖലാ പ്രദേശങ്ങൾക്കിടയിലുള്ള സ്ഥലങ്ങളിലായിരിക്കും. ജലചക്രത്തിന്റെ ഈ പ്രത്യേകതയാണ് അന്തരീക്ഷത്തിലൂടെയുള്ള ചംക്രമണത്തെ സഹായിക്കുന്നത്.

ഹൈഡ്രജൻ ചക്രം (Hydrogen cycle)

വാതക രൂപത്തിൽ കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ. പരിസ്ഥിതിയിലെ ജീവീയ അജീവിയ ഘടകങ്ങളിലൂടെ ഹൈഡ്രജൻ നിരന്തരം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കാർബൺ ചക്രം, നൈട്രജൻ സൈക്കിൾ, ജല ചക്രം എന്നീ പരിസ്ഥിതി ചക്രങ്ങളിലൂടെയും ഹൈഡ്രജൻ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.

കടപ്പാട്: നമ്മുടെ പരിസ്ഥിതി

Poorna Reference series- Science

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate