ഇന്ന് ഭൂമിയില്‍ കാണുന്ന ജീവീയവും അജീവീയവുമായ എല്ലാ ഘടകങ്ങളും കോടിക്കണക്കിനു വര്‍ഷങ്ങളിലെ പരിണാമ പ്രക്രിയകളുടെ ഫലമായുണ്ടായതാണ്. ഈ ഘടകങ്ങളാവട്ടെ പരസ്പരം പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടാണിരിക്കുന്നത്. ഇതില്‍ ജീവീയ ഘടകങ്ങളില്‍ ഓരോന്നിനും അതിന്‍റേതായ ആവാസങ്ങളും കാണാന്‍ കഴിയും. ഈ ഓരോ ആവാസവ്യവസ്ഥകളിലും ജീവികള്‍ തമ്മില്‍ ആഹാര ബന്ധങ്ങളും മത്സരങ്ങളും കാണാം. ജീവികള്‍ തമ്മിലുള്ള ഇത്തരം ബന്ധങ്ങള്‍ ജീവീയ ഘടകങ്ങളുടെ എണ്ണം സന്തുലനാവസ്ഥയില്‍ നിലനില്‍ക്കുന്നതിന് സഹായിക്കുന്നു. അതേസമയം ഏതെങ്കിലും ഒന്നിന്‍റെ നാശം ഈ സന്തുലിതാവസ്ഥയെ താളം തെറ്റിക്കുകയും ചെയ്യും.
പരിസ്ഥിതിയും ജീവനും തമ്മിലുള്ള അഭേദ്യ ബന്ധം എങ്ങനെയാണെന്നും അതെങ്ങനെ നിലനില്‍ക്കുന്നുവെന്നും നമുക്ക് നോക്കാം. ഒരു ജീവി വസിക്കുന്ന പ്രകൃത്യായുള്ള ചുറ്റുപാടാണ് ആ ജീവികളുടെ ആവാസമെന്നു പറയുന്നത്. ഇത്തരത്തിലുള്ള വിവിധ ആവാസവ്യവസ്ഥകള്‍ ചേര്‍ന്നാണ് പരിസ്ഥിതി രൂപം കൊള്ളുന്നത്.
നാം കാണുന്ന കുളം, വയല്‍, നദി, പുല്‍പ്രദേശം, വനം എന്നിവയൊക്കെ വിവിധ ജീവികളുടെ ആവാസവ്യവസ്ഥകളാണ്. ഇവിടെ ജീവീയവും അജീവീയവുമായ അനേകം ഘടകങ്ങളുണ്ട്. അവ ഉല്‍പ്പാദകര്‍, ഉപഭോക്താക്കള്‍, വിഘാടകര്‍ എന്നിങ്ങനെ അറിയപ്പെടുന്നു. ഒരു കുളത്തിലെ ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെടുന്നത് അതില്‍ വസിക്കുന്ന സസ്യഭോജികളും ജന്തുജാലങ്ങളും മൃതമായ ജൈവവസ്തുക്കള്‍ ഭക്ഷിക്കുന്ന വിഘാടകരും ജലത്തിലെ സസ്യങ്ങള്‍, പ്ലവകങ്ങള്‍ (ജലത്തില്‍ പൊങ്ങിക്കിടക്കുന്ന പായല്‍ പോലുള്ള ചെടി) തുടങ്ങിയ ഘടകങ്ങളുമാണ്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഈ ഘടകങ്ങള്‍ തമ്മില്‍ മുഖ്യമായും ആഹാരബന്ധമാണുള്ളത്. അതായത് ഭക്ഷ്യ-ഭക്ഷ്യക ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് പരസ്പരാശ്രയത്വം പുലര്‍ത്തുന്നത് എന്നര്‍ത്ഥം. ജീവജാലങ്ങളുടെ ഈ ഭക്ഷ്യ-ഭക്ഷ്യക ബന്ധത്തെ ആഹാര ശൃംഖലാ ജാലം എന്നുപറയുന്നു.
ആഹാരബന്ധത്തെ കൂടാതെ പരിസ്ഥിതിയിലെ ജീവീയ ഘടകങ്ങള്‍ തമ്മിലുള്ള മറ്റൊരു ബന്ധമാണ് അവയുടെ നിലനില്‍പ്പിനാവശ്യമായ അജീവീയ ഘടകങ്ങള്‍ക്കുവേണ്ടിയുള്ള മത്സരം. പ്രകാശം, ഓക്സിജന്‍, കാര്‍ബണ്‍ഡയോക്സൈഡ്, ജലം, താപനില, പോഷകങ്ങള്‍ എന്നിവയാണ് പരിസ്ഥിതിയിലെ അജീവീയ ഘടകങ്ങള്‍. ഇതില്‍ പ്രകാശവും കാര്‍ബണ്‍ഡയോക്സൈഡും ഹരിതസസ്യങ്ങള്‍ പ്രകാശസംശ്ലേഷണ പ്രവര്‍ത്തനത്തിനു പ്രയോജനപ്പെടുത്തുന്നു. ഓക്സിജന്‍ എല്ലാ ജീവീയ ഘടകങ്ങളും ശ്വസനത്തിനു ഉപയോഗിക്കുന്നു. ജലമാകട്ടെ എല്ലാ ജീവികളുടെയും ജീവന്‍റെ ഒരാവശ്യ ഘടകവും. ജന്തുക്കള്‍ കുടിക്കാനും സസ്യങ്ങള്‍ വളര്‍ച്ചയ്ക്കും ജലത്തെ ആശ്രയിക്കുന്നു. അന്തരീക്ഷത്തിലെ താപനില സസ്യവളര്‍ച്ചയ്ക്കത്യാവശ്യമാണ്. സസ്യങ്ങള്‍ വളരുവാന്‍ നിശ്ചിത താപം ലഭിക്കണം. സസ്യങ്ങളിലെ ആഹാര നിര്‍മ്മാണ പ്രക്രിയയായ പ്രകാശസംശ്ലേഷണത്തിനും നിശ്ചിത താപനില അനിവാര്യം തന്നെ. ജീവികളിലെ വളര്‍ച്ചയ്ക്കും ഊര്‍ജ്ജോല്‍പ്പാദനത്തിനും പ്രതുല്‍പ്പാദനത്തിനും ആവശ്യമായ പ്രധാന ഘടകമാണ് പോഷകങ്ങള്‍.
നിലനില്‍പ്പിനുവേണ്ടിയുള്ള സമരംപരിസ്ഥിതിയിലെ ജീവജാലങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനുവേണ്ടി മറ്റ് ജീവികളെയോ അജീവീയ ഘടകങ്ങളെയോ ആശ്രയിക്കുന്നതോടൊപ്പം പരസ്പര മത്സരത്തിലൂടെയും ജീവിതം സുരക്ഷിതമാക്കുന്നു. ജീവികളുടെ ഇത്തരത്തിലുള്ള മത്സര സ്വഭാവത്തെയാണ് നിലനില്‍പ്പിനുവേണ്ടിയുള്ള മത്സരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
നമ്മുടെ വീടിനു ചുറ്റുമുള്ള പറമ്പോ തോട്ടമോ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ ആവാസവ്യവസ്ഥയിലെ ജീവികള്‍ തമ്മിലുള്ള പരസ്പര മത്സരം മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി ഒരു പ്ലാവിന്‍ ചുവട്ടില്‍ മുളച്ചു വളരുന്ന പ്ലാവിന്‍ തൈകളുടെ വളര്‍ച്ച തന്നെ നോക്കൂ. ചില തൈകള്‍ ഊര്‍ജ്ജസ്വലതയോടെ വളരുമ്പോള്‍ ചിലത് വശങ്ങളിലേക്ക് വളഞ്ഞു വളരുന്നു. അതേസമയം തന്നെ ചിലത് മുളയ്ക്കാതെയും മറ്റു ചിലത് മുളച്ചു വരുമ്പോള്‍ തന്നെ വളര്‍ച്ച മുരടിച്ചതായും കണ്ടുവരുന്നു. റബ്ബര്‍ തോട്ടത്തില്‍ വളരുന്ന ഒരു തെങ്ങിനെ നിരീക്ഷിച്ചാല്‍ മറ്റൊരു പ്രധാന വസ്തുത നമുക്ക് മനസ്സിലാക്കാന്‍ കഴിയും. എന്തെന്നാല്‍ റബ്ബര്‍ മരത്തിനടിയിലുള്ള തെങ്ങിന് ഒരിക്കലും പൂര്‍ണമായ വളര്‍ച്ച ലഭിക്കില്ല. ഇത്തരം തെങ്ങുകള്‍ വളര്‍ച്ച മുരടിച്ചവയും ഫലങ്ങള്‍ കുറഞ്ഞവയുമായിരിക്കും.
അതുപോലെതന്നെ ഒരു അക്കേഷ്യമരത്തിനു ചുറ്റും വളരുന്ന ചെടികളുടെ വളര്‍ച്ചയും എപ്പോഴും മുരടിച്ചാണ് കണ്ടുവരുന്നത്. ഒരു വാഴയുടെ ചുവട്ടില്‍ മുളയ്ക്കുന്ന വാഴത്തൈകള്‍, ജീര്‍ണിച്ച മരത്തടികളില്‍ വളരുന്ന കുമിളുകള്‍, വയലുകളില്‍ മഴ പെയ്യുമ്പോള്‍ വളര്‍ന്നുവരുന്ന കളച്ചെടികള്‍ എന്നിവയെല്ലാം പരിസ്ഥിതിയിലെ സസ്യങ്ങള്‍ തമ്മിലുള്ള മത്സരത്തിനുദാഹരണങ്ങളാണ്.
ആഹാരം, ജലം, പ്രകാശം തുടങ്ങിയ അജീവീയ ഘടകങ്ങള്‍ക്കുവേണ്ടി ഒരേ ആവാസവ്യവസ്ഥയിലെ ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികള്‍ തമ്മില്‍ മത്സരിക്കുന്നുണ്ട്. സ്വന്തം ജീവിത സൗകര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി മനുഷ്യര്‍ തമ്മിലുള്ള മത്സരം, മൃഗങ്ങള്‍ തമ്മില്‍ ആഹാരത്തിനു വേണ്ടിയുള്ള മത്സരം, ആഹാരത്തിനായി പക്ഷികള്‍ തമ്മിലുള്ള മത്സരം എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്.
ജീവികളിലെ അനുകൂലനങ്ങള്‍
പരിസ്ഥിതിയിലെ ഇരപിടിയന്മാരും ഇരകളും തമ്മിലുള്ള ബന്ധത്തില്‍ ഇരപിടിയന്മാര്‍ ഇരകളെ പിടിക്കാന്‍ മത്സരിക്കുമ്പോള്‍ ഇരകള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇരപിടിയന്മാരില്‍ നിന്നും രക്ഷനേടാന്‍ ഇരകളില്‍ ചില പ്രത്യേക സവിശേഷതകള്‍ കാണാം. ഇതിനുദാഹരണമാണ് ചുള്ളിപ്രാണി. ചുള്ളിക്കമ്പ് പോലെ തോന്നിക്കുന്ന ഈ പ്രാണികളുടെ ശരീരഘടന ഇരപിടിയന്മാരില്‍ നിന്നും രക്ഷ നേടാന്‍ പ്രകൃത്യാ ലഭിച്ച സവിശേഷതയാണ്. ഇതിനു മറ്റൊരുദാഹരണമാണ് ഓന്തിന്‍റെ ശരീര വിശേഷങ്ങള്‍. ശത്രുക്കളെ കണ്ടാല്‍ നിറം മാറാനുള്ള ഓന്തിന്‍റെ കഴിവിനെപ്പറ്റി നമുക്കെല്ലാവര്‍ക്കും അറിയാം. ശരീരം വലുതാക്കി ശത്രു മത്സ്യത്തിന്‍റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാനുള്ള പഫര്‍ മത്സ്യത്തിന്‍റെ കഴിവും പിന്‍കാലുകള്‍ കൊണ്ട് ശത്രുവിനെ ദൂരത്തേയ്ക്ക് തൊഴിച്ചു മാറ്റാനുള്ള ജിറാഫിന്‍റെ കഴിവും മുള്ളുകള്‍ കൊണ്ട് ആവരണം ചെയ്ത മുള്ളന്‍പന്നിയുടെ ശരീരവും സ്വന്തം ശരീരം പുറംതോടിനുള്ളിലേക്ക് വലിച്ചു ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്ന ആമയും ഒച്ചും തീക്ഷ്ണ ദുര്‍ഗന്ധം പരത്തി ശത്രുക്കളെ അകറ്റുന്ന സൂങ്കും ഇതിനു ഉത്തമ ഉദാഹരണങ്ങള്‍ തന്നെ.
ആഹാരം, മത്സരം, ഇരപിടുത്തം എന്നീ ബന്ധങ്ങളെ കൂടാതെ പരിസ്ഥിതി സന്തുലാവസ്ഥ നിലനിര്‍ത്താന്‍ ജീവികള്‍ തമ്മില്‍ കൗതുകകരമായ ചില ബന്ധങ്ങള്‍ കൂടിയുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഒരു ജീവി ഭക്ഷണത്തിനോ പാര്‍പ്പിടത്തിനോ വേണ്ടി മറ്റ് ജീവികളെ ആശ്രയിക്കുന്നതിനെ പരാദ ജീവനം എന്ന് പറയുന്നു. ഇത്തരം ജീവികളെ പരാദ ജീവികള്‍ എന്നു വിളിക്കുന്നു. നായയുടെ ശരീരത്തില്‍ വളരുന്ന ചെള്ള് നായയുടെ ശരീരത്തിലെ രക്തം കുടിച്ചാണ് വളരുന്നത്. ഇത്തിള്‍ച്ചെടിയുടെ വളര്‍ച്ചയും പരാദജീവനത്തിനു ഒരുദാഹരണമാണ്. ഇത്തിള്‍ച്ചെടി വളരുന്ന സസ്യത്തില്‍ നിന്നാണ് അതിനാവശ്യമായ ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നത്. ഇത് ആതിഥേയ വൃക്ഷത്തിന്‍റെ നാശത്തിനിടയാക്കുന്നു. മനുഷ്യന്‍റെ കുടലില്‍ കാണപ്പെടുന്ന ഇ-കോളി ബാക്ടീരിയയും പരാദ ജീവനത്തിന് ഉദാഹരണമാണ്.
രണ്ടു ജീവികള്‍ തമ്മില്‍ നിലനില്‍പ്പിനു വേണ്ടി പരസ്പരം ഇടപെടുമ്പോള്‍ ഒരു ജീവിക്കുമാത്രം ഗുണവും മറ്റേതിനു ഗുണമോ ദോഷമോ ഇല്ലാത്തതുമായ അവസ്ഥയാണ് സഹഭോജിത എന്ന് പറയുന്നത്.
ഉദാഹരണം: കടല്‍പ്പൂവും ക്ലൌന്‍ മത്സ്യവും തമ്മിലുള്ള ബന്ധം. കടല്‍പ്പൂവും ക്ലൌന്‍ മത്സ്യവും കാണാന്‍ നല്ല ഭംഗിയുള്ളവയാണ്. മിക്ക സമയങ്ങളിലും ഇവയെ ഒരുമിച്ചു തന്നെയാണ് കാണുന്നതും. അതിനാല്‍ ശത്രുക്കള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ഈ മത്സ്യങ്ങള്‍ കടല്പ്പൂവിനെ ആശ്രയിക്കുന്നു. മുള്ളുകളുള്ള ഈ പൂവില്‍ കടന്നുകഴിഞ്ഞാല്‍ ശത്രുക്കള്‍ പിന്‍വാങ്ങുകയാണ് പതിവ്.
പ്രകാശ ലഭ്യതയ്ക്കും വാസസ്ഥലത്തിനും വേണ്ടി മറ്റു വൃക്ഷങ്ങളില്‍ പടര്‍ന്നുകയറുന്ന സസ്യങ്ങള്‍ സഹഭോജിതയ്ക്ക് മറ്റൊരു ഉദാഹരണമാണ്. എപ്പിഫൈറ്റുകള്‍ ഈ വര്‍ഗ്ഗത്തില്‍പ്പെടുന്നു. മരവാഴ, സീതത്താലി, ബള്‍ബോഫിലം എന്നിവ എപ്പിഫൈറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവ ആതിഥേയ വൃക്ഷത്തിന് ദോഷം വരുത്തുന്നില്ല. വാസത്തിനുവേണ്ടി മാത്രമേ ആതിഥേയ വൃക്ഷത്തെ ആശ്രയിക്കുന്നുള്ളൂ. ഇവയ്ക്ക് പറ്റിപ്പിടിച്ചു വളരാന്‍ പ്രത്യേകം വേരുകളുണ്ട്. ഇതുപയോഗിച്ച് അന്തരീക്ഷത്തില്‍ നിന്നും ജലാംശം ആഗിരണം ചെയ്ത് ഇവ ജീവിക്കുന്നു. ഇവയുടെ വേരുകള്‍ വളരുന്നത് അന്തരീക്ഷത്തിലേക്കാണ് എന്ന പ്രത്യേകതകൂടിയുണ്ട്.
തിമിംഗലവും റിമോറയും തമ്മിലുള്ള സഹഭോജിത ബന്ധം എങ്ങനെയാണെന്ന് നോക്കാം. റിമോറയുടെ ശരീരത്തിലുള്ള സക്കര്‍ എന്ന അവയവമാണ് മറ്റ് ജീവികളില്‍ പറ്റിപ്പിടിക്കാന്‍ സഹായിക്കുന്നത്. ഇതുപയോഗിച്ച് റിമോറ തിമിംഗലത്തിന്‍റെ ശരീരത്തില്‍ ഒട്ടിക്കിടക്കുന്നു. ഇതുമൂലം തിമിംഗലം സഞ്ചരിക്കുന്നിടത്തെല്ലാം റിമോറയ്ക്കും എത്തിച്ചേരാന്‍ കഴിയും. ഇര തേടാനും തിമിംഗലത്തിന്‍റെ ഭക്ഷണാവശിഷ്ടങ്ങള്‍ ആഹാരമാക്കാനും ഈ സഞ്ചാരം റിമോറയ്ക്ക് സഹായകമാണ്. തിമിംഗലത്തിനാകട്ടെ ഈ ബന്ധം കൊണ്ട് ഗുണമോ ദോഷമോ ഇല്ലതാനും.
ചീങ്കണ്ണി, മുതല എന്നീ ജീവികള്‍ പുഴക്കരയിലും മറ്റും വായ തുറന്നു കിടക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതെന്തിനാണെന്നറിയാമോ? ഇവയുടെ പല്ലിന്നിടയില്‍ ആഹാരാവശിഷ്ടങ്ങള്‍ ഒട്ടിപ്പിടിച്ചു കിടക്കുന്നുണ്ടാവും. അവയ്ക്ക് പല്ല് വൃത്തിയാക്കാന്‍ കഴിയുകയുമില്ല. ഇവയുടെ പല്ല് വൃത്തിയാകാന്‍ സഹായിക്കുന്നത് പ്ലോവര്‍ എന്നയിനം പക്ഷികളാണ്. നദീതീരങ്ങളിലും മറ്റും ഇവ വായ തുറന്നു കിടക്കുമ്പോള്‍ ഇത്തരം പക്ഷികള്‍ ഇവയുടെ വായക്കുള്ളില്‍ കടന്നു പല്ലുകള്‍ക്കിടയിലെ ആഹാരശകലങ്ങള്‍ കൊത്തിത്തിന്നു പല്ലുകള്‍ വൃത്തിയാക്കുന്നു. ഇതില്‍ രസമെന്താനെന്നു വെച്ചാല്‍ ഈ പക്ഷികളെ മുതലകള്‍ ആഹാരമാക്കാറില്ല എന്നതുതന്നെ.
പങ്കാളികളില്‍ ഒന്നിന് ഗുണമുണ്ട് എന്നുള്ളതും മറ്റേതിനു ഗുണമോ ദോഷമോ ഇല്ല എന്നുള്ളതുമാണ് സഹഭോജിത ബന്ധത്തിന്‍റെ പ്രത്യേകത.
അതിജീവനത്തിന് വേണ്ടിയുള്ള ജീവികളുടെ പരസ്പര ബന്ധത്തില്‍ രണ്ടു വിഭാഗത്തിനും പ്രയോജനം ലഭിക്കുന്ന വിധത്തിലുള്ള ബന്ധത്തെയാണ് സഹോപകാരിത എന്ന് പറയുന്നത്.
ഉദാഹരണം: കടല്‍പ്പൂവ് എന്നറിയപ്പെടുന്ന സീ അനിമോണും സന്യാസി ഞണ്ടും തമ്മിലുള്ള ബന്ധം. ഈ ബന്ധത്തില്‍ കടല്‍പ്പൂവിന്‍റെ ആഹാരാവശിഷ്ടങ്ങള്‍ സന്യാസിഞണ്ടിനു ലഭിക്കുന്നു. അതേസമയം സന്യാസിഞണ്ട് അനിമോണുകളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാന്‍ സഹായിക്കുന്നു. ഇനി ഒരു പയര്‍ചെടിയും അന്തരീക്ഷത്തിലെ നൈട്രജന്‍ മൂലകവും തമ്മിലുള്ള ബന്ധം നമുക്ക് നോക്കാം. ഇതില്‍ പയര്‍ ചെടിയുടെ വേരിലെ റൈസോബിയം എന്ന ബാക്ടീരിയ മണ്ണില്‍ നൈട്രജന്‍ ലഭ്യതയ്ക്ക് സഹായിക്കുന്നു. പകരം പയര്‍ചെടിയ്ക്ക് വളര്‍ച്ചയ്ക്കാവശ്യമായ നൈട്രജന്‍ ലഭ്യമാകുകയും ചെയ്യും. അതോടൊപ്പം ബാക്ടീരിയക്ക് അഭയസ്ഥാനവും ലഭിക്കുന്നു.
ഹൈഡ്രയുടെ ഉള്ളില്‍ വസിക്കുന്ന ആല്‍ഗ ഹൈഡ്രയ്ക്ക് ഓക്സിജനും ഭക്ഷണവും പ്രദാനം ചെയ്യുമ്പോള്‍ ഹൈഡ്ര ആല്‍ഗയ്ക്ക് സുരക്ഷിത വാസസ്ഥാനം ഉറപ്പുനല്‍കുന്നു. ഇതും സഹോപകാരിതയ്ക്ക് ഉദാഹരണമാണ്.
തടിയും മറ്റും ആഹാരമാക്കുന്ന ചിതലിനെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. ഇത്രയും ഉറപ്പേറിയ ഭാഗങ്ങള്‍ ഭക്ഷിക്കുന്ന ചിതലിനെ ദഹനപ്രക്രിയയില്‍ സഹായിക്കുന്നത് അതിന്‍റെ ശരീരത്തിനുള്ളിലെ ട്രൈക്കോനിംഫ എന്ന ബാക്ടീരിയയാണ്. ഇവിടെ ബാക്ടീരിയക്ക് വാസസ്ഥാനവും ചിതലിന് ശരിയായ ദഹനവും നടക്കുന്നു. കന്നുകാലികളും അവയുടെ കുടലില്‍ വസിക്കുന്ന ബാക്ടീരിയയും തമ്മില്‍ സഹോപകാരിത ബന്ധമാണുള്ളത്. സസ്യഭാഗങ്ങള്‍ ഭക്ഷിക്കുന്ന കന്നുകാലികളെ ദഹനപ്രക്രിയയില്‍ സഹായിക്കുന്നത് അവയുടെ കുടലില്‍ വസിക്കുന്ന ബാക്ടീരിയയാണ്.
പൂവും തേനീച്ചയും പൂവും പക്ഷിയും തമ്മിലും മറ്റൊരു സഹോപകാരിത ബന്ധം നിലനില്‍ക്കുന്നു. തേന്‍ കുടിക്കാനെത്തുന്ന തേനീച്ചയും പക്ഷിയും തേന്‍ കുടിക്കുന്നതിനോടൊപ്പം പരാഗണ പ്രവര്‍ത്തനങ്ങളും നടത്തുന്നു.
വ്യത്യസ്ത ജീവജാതിയില്‍പ്പെട്ട രണ്ടു ജീവികള്‍ തമ്മിലുള്ള വളരെ അടുത്ത ബന്ധമാണ് സഹജീവനം. സഹജീവന ബന്ധത്തില്‍ വളരുന്ന സസ്യമാണ് ലൈക്കന്‍. തെങ്ങ്, പ്ലാവ്, കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങളുടെ കാണ്ഡഭാഗത്താണ് ലൈക്കനുകള്‍ പറ്റിപ്പിടിച്ചു വളരുക. ലൈക്കന്‍ സസ്യത്തിന്‍റെ അന്തര്‍ഭാഗത്ത് ആല്‍ഗ കോശങ്ങളും ഫംഗസ് ഭാഗങ്ങളും അടങ്ങിയിരിക്കുന്നു. ഇതില്‍ ഫംഗസ് ഭാഗം അന്തരീക്ഷത്തില്‍നിന്നും ജലാംശം ആഗിരണം ചെയ്യുന്നു. സൂര്യപ്രകാശം ഉപയോഗിച്ച് ആല്‍ഗാ ഭാഗം പ്രകാശസംശ്ലേഷണം നടത്തുന്നു. ആല്‍ഗ ഭാഗം നിര്‍മ്മിക്കുന്ന അധികമുള്ള ആഹാരം ഫംഗസ് ഭാഗം ആഹാരമാക്കുന്നു. ഇവിടെ ആല്‍ഗ ഭാഗവും ഫംഗസ് ഭാഗവും തമ്മിലുള്ള ബന്ധം സഹജീവനമാണെന്ന് പറയാം.
മുകളില്‍ കൊടുത്ത ഉദാഹരണങ്ങളില്‍ നിന്നെല്ലാം പരിസ്ഥിതിയിലെ ജീവജാലങ്ങളെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. നമ്മുടെ പരിസ്ഥിതി, സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ജീവികള്‍ തമ്മിലുള്ള അഭേദ്യമായ ഈ ബന്ധത്തിനു ഭംഗം വരാതെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ജീവജാലങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന മനുഷ്യര്‍ ഇത്തരം ജീവബന്ധങ്ങള്‍ തകരാതെ നോക്കണം. ഇന്ന് പരിസ്ഥിതി സന്തുലനം മനുഷ്യന്‍റെ കൈകടത്തലുകള്‍ മൂലം താളം തെറ്റിക്കഴിഞ്ഞു. ഒരു ആവാസവ്യവസ്ഥയിലെ ഏതെങ്കിലും ഒരു ജീവിവര്‍ഗ്ഗത്തിന്‍റെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയോ കുറയുകയോ ചെയ്‌താല്‍ അത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തന്നെ തകിടം മറിക്കും.
പരിസ്ഥിതിയും അതിലെ ജീവജാലങ്ങളും തമ്മില്‍ ഒഴിച്ചുകൂടാനാവാത്ത ബന്ധമാണ് നിലനില്‍ക്കുന്നത്. ജീവജാലങ്ങളുടെ ആഹാര ആവശ്യങ്ങളും പാര്‍പ്പിടാവശ്യങ്ങളും പരിസ്ഥിതിയിലെ വിഭവങ്ങളാല്‍ പൂര്‍ത്തീകരിക്കുന്നു എന്നത് തന്നെ ഇതിനു നിദാനം. ജീവജാലങ്ങളുടെ ആവശ്യങ്ങളും പ്രകൃതിവിഭവങ്ങളും സന്തുലനാവസ്ഥയില്‍ ക്രമീകരിച്ചിരിക്കുന്നു. പ്രകൃതിവിഭവങ്ങള്‍ ഒരു നിശ്ചിത പരിധിവരെ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്തപക്ഷം എന്നെങ്കിലുമൊരിക്കല്‍ അത് തീര്‍ന്നുപോകും. ജീവജാലങ്ങളില്‍ ഏതെങ്കിലും ഒന്നിന്‍റെ വര്‍ധനവോ നാശമോ പ്രകൃതിയിലെ ജൈവ വിഭവങ്ങളുടെ നിലനില്‍പ്പിനെയും ബാധിക്കും. മുഖ്യമായും മനുഷ്യരുടെ പ്രവൃത്തികളായിരിക്കും ആവാസലോകത്തെ താളംതെറ്റിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട മാനുഷിക ഇടപെടലുകളുടെയും അതിക്രമങ്ങളുടെയും ഫലമായി ഭൂമിയുടെ സന്തുലനാവസ്ഥ തന്നെ മാറ്റിമറിക്കപ്പെട്ട ഒരവസ്ഥയാണ് ഇന്നുള്ളത്.
1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടത്തിയ ഭൗമ ഉച്ചകോടിക്ക് ശേഷമാണ് ഭൂമിയിലെ ജൈവ വൈവിധ്യ സംരക്ഷണത്തിന്‍റെ പ്രാധാന്യം ലോകം മുഴുവന്‍ ശ്രദ്ധിച്ചത്. ഒരു പ്രദേശത്തെ ജീവജാലങ്ങളുടെ വൈവിധ്യമാണ് സാധാരണയായി ജൈവവൈവിധ്യം എന്നറിയപ്പെടുന്നത്. ജൈവവൈവിധ്യം ഒരു നാടിന്‍റെ വിലയേറിയ സമ്പത്താണ്. അതുകൊണ്ടുതന്നെ ജൈവവൈവിധ്യത്തിന്‍റെ സംരക്ഷണവും അത്യാവശ്യമാണ്. ഒരു പ്രദേശത്തിന്‍റെ ജൈവവൈവിധ്യം മണ്ണിന്‍റെ ഘടന, ഫലഭൂയിഷ്ഠത, ജലലഭ്യത, വായുലഭ്യത, കാലാവസ്ഥ എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇവയൊരിക്കലും കൃത്രിമമായി നിര്‍മ്മിക്കാന്‍ കഴിയില്ല. ശാസ്ത്രീയമായ ഇടപെടല്‍ മൂലം ചില സ്ഥലങ്ങളില്‍ പുതിയ ആവാസവ്യവസ്ഥകള്‍ ക്രമത്തില്‍ രൂപപ്പെടുത്താന്‍ കഴിയും.
സമ്പത്തിനാണല്ലോ മനുഷ്യന്‍ പ്രധാനമായും പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നത്. ജൈവ വൈവിധ്യത്തെ പരിസ്ഥിതിയ്ക്ക് കോട്ടം വരുത്താതെ ഉപയോഗിക്കാനായാല്‍ ആ പരിസ്ഥിതി തന്നെ രാജ്യത്തിനു സമ്പത്താണ്.
ഇന്ന് പ്രകൃതിയില്‍ ദൃശ്യമാകുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ഒരര്‍ത്ഥത്തില്‍ മനുഷ്യര്‍ തന്നെയാണ്. ചിലപ്പോള്‍ മറ്റു ജീവികളിലെ എണ്ണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ജീവനുള്ളവയുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണല്ലോ ആഹാരം. എല്ലാ ജന്തുക്കളും ആഹാരത്തിനായി ആശ്രയിക്കുന്നത് പ്രകൃതിയിലെ ഉല്‍പ്പാദകരായ ഹരിത സസ്യങ്ങളെയാണ്. പശു, ആട്, മാന്‍, മുയല്‍ തുടങ്ങിയ ജീവികള്‍ സസ്യങ്ങളെ നേരിട്ട് ഭക്ഷിക്കുന്നു. ഇത്തരം മൃഗങ്ങളെ വന്യമൃഗങ്ങളായ കടുവ, കുറുക്കന്‍, സിംഹം തുടങ്ങിയവ ഭക്ഷിക്കുന്നു. അതുപോലെ പുല്‍ച്ചാടി, പുഴു എന്നിവയുടെ ആഹാരം സസ്യഭാഗങ്ങളാണെങ്കില്‍ ഓന്ത്, പല്ലി തുടങ്ങിയ ജീവികള്‍ ഇവയെ ഭക്ഷണമാക്കുന്നു. ഇങ്ങനെയുള്ള ആഹാരബന്ധത്തിലൂടെ ഏതെങ്കിലും ഒരു ജീവിവര്‍ഗ്ഗത്തിന്‍റെ എണ്ണം വര്‍ധിക്കാതെയും കുറഞ്ഞുപോവാതെയും സന്തുലനാവസ്ഥയില്‍ നിലനില്‍ക്കുന്നു.
ഏതുതരം ആഹാരബന്ധത്തിന്‍റെയും തുടക്കം ഹരിതസസ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ ഈ ഹരിതസസ്യങ്ങള്‍ നശിച്ചുപോയാല്‍ എന്തു സംഭവിക്കുമെന്നു നാം ചിന്തിച്ചിട്ടുണ്ടോ. സസ്യഭുക്കുകള്‍ നേരിട്ടും മാംസഭുക്കുകള്‍ നേരിട്ടല്ലാതെയും ഹരിതസസ്യങ്ങളെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ ഹരിതസസ്യങ്ങളുടെ അഭാവത്തില്‍ ജൈവമണ്ഡലത്തിന്‍റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാവും. ഈ ഭൂമുഖത്തുനിന്നും സസ്യങ്ങള്‍ തുടച്ചുനീക്കപ്പെട്ടാല്‍ ജന്തുക്കള്‍ക്ക് ആഹാരം ലഭിക്കാതെ വരും. സസ്യങ്ങളുടെ ആഹാരനിര്‍മ്മാണ പ്രക്രിയയായ പ്രകാശസംശ്ലേഷണത്തിന്‍റെ ഉപോല്‍പ്പന്നമായി നിര്‍മ്മിക്കുന്ന ഓക്സിജന്‍ കുറഞ്ഞുവരും. സര്‍വ്വ ജന്തുജാലങ്ങളുടെയും നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണല്ലോ ഓക്സിജന്‍. ഓക്സിജന്‍ ഇല്ലാതായാല്‍ ജന്തുക്കള്‍ക്ക് ആഹാരവും വായുവും ലഭിക്കാതെ ജന്തുവര്‍ഗ്ഗങ്ങള്‍ ചത്തൊടുങ്ങും. സസ്യങ്ങളില്ലാതായാല്‍ ഭൂമിയിലെ ചൂട് വര്‍ധിക്കും, മലിനീകരണം അധികരിക്കും, ഭൂമി വാസയോഗ്യമല്ലാത്തതായി തീരുകയും ചെയ്യും.
ഈയൊരവസ്ഥ നമുക്ക് മറ്റൊരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം.
വയല്‍പ്രദേശങ്ങളില്‍ ചിലപ്പോള്‍ എലിശല്യം നിരന്തരമായി വര്‍ധിക്കുന്നത് കാണാം. കാര്‍ഷികവിളകള്‍ ഇവ വന്‍തോതില്‍ തിന്നു നശിപ്പിക്കുന്നു. എലികളുടെ എണ്ണം ക്രമാതീതമായി പെരുകാന്‍ എന്തായിരിക്കും കാരണം? വിശദമായി നിരീക്ഷിച്ചാല്‍ നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. എലികളെ ആഹാരമാക്കിയിരുന്ന ഒരു ജീവി വര്‍ഗ്ഗത്തിന്‍റെ നാശമാണ് ഇതിനു പിന്നില്‍. അതായത് ചേര, പാമ്പ് തുടങ്ങിയ ജീവിവര്‍ഗ്ഗം ആഹാരമാക്കിയിരുന്നത് വയലുകളിലും മറ്റും കാണുന്ന എലികള്‍, തവള തുടങ്ങിയ ജീവികളെയാണ്. ഇത്തരം ഇഴജന്തുക്കളെ മനുഷ്യര്‍ കൊന്നൊടുക്കിയതിനാല്‍ വയലിലെ ആവാസവ്യവസ്ഥ താളം തെറ്റുകയും ഒരു ജീവിവര്‍ഗ്ഗത്തിന്‍റെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുകയും ചെയ്യുന്നു.
പ്രകൃതിയിലെ എല്ലാ ജീവികളും പരസ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്നതും നാം കണ്ടുവല്ലോ. ഈ ബന്ധത്തില്‍ ഒരു കണ്ണിയുടെ നാശം അതിനെ ആശ്രയിച്ചു കഴിയുന്ന മറ്റെല്ലാ ജീവിവര്‍ഗ്ഗങ്ങളെയും ബാധിക്കുന്നു. പ്രകൃതിയിലെ ഉല്‍പ്പാദകരായ സസ്യങ്ങള്‍ നശിക്കുന്നത് സസ്യഭുക്കുകളുടെ നാശത്തിലേക്ക് വഴിവെക്കും. ഇങ്ങനെ സസ്യഭുക്കുകള്‍ നശിക്കുന്നത് മാംസഭുക്കുകളുടെയും നാശത്തിനു കാരണമാകുന്നു. കാട്ടില്‍ മാനിന്‍റെ എണ്ണം വര്‍ധിച്ചാല്‍ അവ കുറ്റിച്ചെടികള്‍ മുഴുവന്‍ തിന്നുതീര്‍ക്കും. ഒരു തൈ പോലും ശേഷിക്കാതെ അവ അകത്താക്കിയാല്‍ ഭൂമി തരിശായിത്തീരുകയും മണ്ണൊലിപ്പ് വര്‍ദ്ധിക്കുകയും ചെയ്യും. മാനുകളാണ് മുഴുവന്‍ നശിക്കുന്നതെങ്കിലോ? അവയെ ആഹാരമാക്കുന്ന വന്യമൃഗങ്ങള്‍ ഭക്ഷണം തേടി നാട്ടിലിറങ്ങും. മനുഷ്യനേയും മറ്റും ആക്രമിക്കും. അവിടെയും ഭക്ഷണം തീരുമ്പോള്‍ പട്ടിണി കിടന്ന് ചാവുന്നു. ഇവ വിഘാടകര്‍ വിഘടിപ്പിക്കുന്നു.
എന്നാല്‍ വിഘാടകരാണ് ഇല്ലാതാവുന്നതെങ്കില്‍ മൃത വസ്തുക്കളുടെ അഴുകല്‍ നടക്കാതെ വരുന്നു. എല്ലായിടവും മൃതവസ്തുക്കളും ജന്തുവിസര്‍ജ്ജ്യങ്ങളും കൊണ്ടുനിറയും. ചപ്പുചവറുകള്‍, ആഹാരാവശിഷ്ടങ്ങള്‍, കരിയിലകള്‍ എന്നിവയെല്ലാം ഭൂമുഖത്ത് കുന്നുകൂടും. ഇവ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നു. അവശിഷ്ടങ്ങള്‍ മണ്ണില്‍ അഴുകിച്ചേരാത്തതു മൂലം പോഷണം ലഭിക്കാതെ സസ്യങ്ങള്‍ നശിക്കുന്നു. ഇപ്രകാരം വിഘാടകര്‍ ഇല്ലാതായാല്‍ ജീവമണ്ഡലത്തിന്‍റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുന്നു.
മൌറീഷ്യസ് ദ്വീപുകളില്‍ മനുഷ്യവാസം ഇല്ലാതിരുന്ന കാലത്ത് ജീവിച്ചിരുന്ന പക്ഷിവര്‍ഗ്ഗമായിരുന്നു ഡോഡോ. ഇവയ്ക്ക് പറക്കാന്‍ കഴിവില്ലായിരുന്നു. 1511ല്‍ പോര്‍ച്ചുഗീസ് സമുദ്രസഞ്ചാരികള്‍ മൌറീഷ്യസ് ദ്വീപുകളില്‍ എത്തുകയും അവിടം വാസസ്ഥലമാക്കുകയും ചെയ്തു. മനുഷ്യരോട് പെട്ടെന്ന് ഇണങ്ങിയ ഡോഡോ പക്ഷികളെ അവര്‍ ഭക്ഷണത്തിനായി വെടിവെച്ചുകൊന്നു. അങ്ങനെ 1681 ആയപ്പോഴേക്കും അവസാനത്തെ ഡോഡോ പക്ഷിയും ചത്തുവീണു. ഈ പക്ഷികളുടെ വംശം തന്നെ ഇല്ലാതായി. ഇവയുടെ വംശനാശത്തെത്തുടര്‍ന്ന് ദ്വീപിലെ പരിസ്ഥിതി മറ്റൊരു വംശനാശത്തിനു സാക്ഷിയായി.
ഡോഡോ പക്ഷികള്‍ ആഹാരത്തിനായി ആശ്രയിച്ച കാല്‍വേരിയാ മരങ്ങള്‍ നാമാവശേഷമായി തീര്‍ന്നു. ഈ മരങ്ങളും ഡോഡോ പക്ഷികളും തമ്മിലുള്ള ബന്ധം എന്തായിരുന്നെന്നറിയാമോ? ഡോഡോ പക്ഷികളുടെ ഭക്ഷണം കാല്‍വേരിയാ മരത്തിലെ ഫലങ്ങളായിരുന്നു. ഡോഡോയുടെ ആമാശയത്തിലൂടെ കയറിയിറങ്ങുന്ന ഫലങ്ങളുടെ വിത്തുകള്‍ അവയുടെ വിസര്‍ജ്ജ്യത്തിലൂടെ പുറത്തുവന്നാല്‍ മാത്രമേ മുളയ്ക്കുകയുണ്ടായിരുന്നുള്ളൂ. 1975ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം കാല്‍വേരിയാ മരങ്ങളുടെ എണ്ണം വെറും 13 ആണത്രേ. ഇന്ന് ആ മരം ഉണ്ടോ എന്നുതന്നെ സംശയമാണ്.
ഇന്ന് പരിസ്ഥിതിയുടെ ഭൂരിഭാഗവും നശിക്കുന്നതിനു പ്രധാന കാരണം മനുഷ്യന്‍റെ അശാസ്ത്രീയവും അനിയന്ത്രിതവുമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ്. മനുഷ്യരുടെ ഇത്തരം പ്രവൃത്തികള്‍ പല ജീവിവര്‍ഗ്ഗങ്ങളുടെയും വംശനാശത്തിനു ഇടയായിട്ടുണ്ട്. കഴിഞ്ഞ രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കിടയില്‍ പക്ഷിവര്‍ഗ്ഗത്തിലെ നല്ലൊരു ശതമാനവും ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒരു ദിവസം മൂന്ന് മുതല്‍ മുപ്പത് എണ്ണം വരെയുള്ള പക്ഷിവര്‍ഗ്ഗം നശിക്കുന്നുണ്ടത്രേ. ലോകത്തെ ജീവിവര്‍ഗ്ഗങ്ങളില്‍ 484 ജന്തുവര്‍ഗ്ഗങ്ങളും 654 സസ്യവര്‍ഗ്ഗങ്ങളും ഇന്ന് വംശനാശ ഭീഷണി നേരിടുന്നുണ്ട്. തുമ്പികളും ഡോഡോ, പഫിന്‍ തുടങ്ങിയ പക്ഷിവര്‍ഗ്ഗങ്ങളും ഇതിനുദാഹരണങ്ങളാണ്.
കേരളത്തിലെ പശ്ചിമഘട്ട കാടുകളില്‍ കണ്ടുവരുന്ന ജന്തുവര്‍ഗ്ഗങ്ങളായ സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ്, വരയാട് തുടങ്ങിയവ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു. ഔഷധ മൂല്യമുള്ളതിനാലാണ് ഇവയെ മനുഷ്യര്‍ കൊന്നൊടുക്കുന്നത്. വരയാടുകളുടെ കൊമ്പിനും ചര്‍മ്മത്തിലും അന്തര്‍ദേശീയ കമ്പോളത്തില്‍ ആവശ്യക്കാരേറെയാണത്രേ.
പാടങ്ങളിലും മറ്റും പാറിക്കളിക്കുന്ന തുമ്പികളും വംശനാശ ഭീഷണി നേരിടുകയാണ്. പാടങ്ങളില്‍ നെല്‍ച്ചെടികളും മറ്റും നശിപ്പിക്കുന്ന ചെറു കീടങ്ങളെ തിന്നു നശിപ്പിച്ചിരുന്നത് തുമ്പികളായിരുന്നു. ഹോങ്കോങ്ങിലെ ഷാലോതുങ്ങ് പ്രദേശം എഴുപതോളം ഇനം തുമ്പികളുടെ ആവാസകേന്ദ്രമാണ്. ഇവിടെ 145 ഏക്കറോളം സ്ഥലത്ത് സ്വകാര്യ കമ്പനികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഇവിടുത്തെ പരിസ്ഥിതി സ്നേഹികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടഞ്ഞ് ഷാലോങ്ങ് പ്രദേശത്തെ ശാസ്ത്രീയ പ്രാധാന്യമുള്ള സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിച്ച് കോടതി വിധി വരികയും ചെയ്തു.
കൃഷിയിടങ്ങളിലും മറ്റുമുള്ള കീടനാശിനികളുടെ അമിതോപയോഗം അവിടം ആശ്രയിച്ചു ജീവിക്കുന്ന ജീവിവര്‍ഗ്ഗങ്ങളുടെ നാശത്തിനിടയാക്കുന്നു. ചെറുപ്രാണികള്‍ മുതല്‍ ധാന്യങ്ങള്‍ ഭക്ഷണമാക്കുന്ന പക്ഷികള്‍ വരെ ഇതിന്‍റെ വിപത്ത് അനുഭവിക്കുന്നു. കീടനാശിനികളുടെയും മറ്റും അംശമുള്ള ധാന്യങ്ങള്‍ ആഹാരമാക്കുന്ന പക്ഷികളുടെ മുട്ടയുടെ പുറംതോടിന് ഉറപ്പുണ്ടാകുകയില്ല. അതിനാല്‍ മുട്ട വിരിയാതെ കുഞ്ഞുങ്ങളുണ്ടാകാതെ പക്ഷികളുടെ വംശം തന്നെ നശിച്ചു പോകുന്നു.
കുളങ്ങളും പാടങ്ങളും നികത്തിയും കുന്നുകളിടിച്ചു നിരപ്പാക്കിയും മനുഷ്യന്‍ പരിസ്ഥിതിയ്ക്ക് നാശം വരുത്തുന്നു. മനുഷ്യന്‍റെ എണ്ണം പെരുകുംതോറും വനനശീകരണം വര്‍ദ്ധിക്കുന്നു. വനങ്ങള്‍ വെട്ടിമാറ്റി മനുഷ്യന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നു. അപ്പോള്‍ ആ പ്രദേശത്തെ ആവാസവ്യവസ്ഥ നശിക്കുകയും, ജലസ്രോതസ്സുകള്‍ വറ്റി വരളുകയും ജലക്ഷാമമുണ്ടാവുകയും ചെയ്യുന്നു. വനനശീകരണം മൂലം വേനല്‍ക്കാലത്ത് വരള്‍ച്ചയും മഴക്കാലത്ത് വെള്ളപ്പൊക്കവും ഉണ്ടാകുന്നു. അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നു. അണക്കെട്ടുകളും റോഡുകളും പണിതുയര്‍ത്തുമ്പോള്‍ അനേകം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകള്‍ നശിപ്പിക്കപ്പെടുന്നു. ഇത് ജീവികളുടെ വംശനാശത്തിന് കാരണമാകുന്നു.
1990ലെകണക്കുകള്‍ പ്രകാരം ഏകദേശം 16.1 കോടി ഹെക്ടര്‍ വനങ്ങള്‍ നശിച്ചു കഴിഞ്ഞു. അര്‍ജന്റീന ബ്രസീല്‍, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളാണ് വനനശീകരണത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഈ പ്രദേശങ്ങളിലെ ജലചക്രത്തെ താറുമാറാക്കാനും കാട്ടുതീ, വരള്‍ച്ച എന്നിവയുണ്ടാകാനും വനനശീകരണം കാരണമായി. നിയന്ത്രണമില്ലാതെ മൃഗങ്ങളെ വേട്ടയാടുന്നതിന്‍റെ ഫലമായി ഏകദേശം പതിനഞ്ചോളം വര്‍ഗ്ഗങ്ങള്‍ ഇന്ന് ജീവന് ഭീഷണി നേരിടുകയാണ്. ഇതില്‍ ഭൂരിഭാഗവും ആള്‍ക്കുരങ്ങ് വര്‍ഗ്ഗത്തില്‍പ്പെടുന്നവയാണ്. ഇവയുടെ ഇറച്ചിക്ക് ആഗോള വിപണിയില്‍ ആവശ്യക്കാരേറെയാണ്. ചിമ്പാന്‍സികളുടെ മാത്രമല്ല കാട്ടാനയുടെയും ഇറച്ചിക്ക് ആവശ്യക്കാരുണ്ട്. മനുഷ്യരുടെ കാടത്തം നിറഞ്ഞ പ്രവൃത്തികള്‍ ഇത്തരം ജീവിവര്‍ഗ്ഗങ്ങളുടെ ജീവനാശത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ സ്വന്തം നിലനില്‍പ്പിനായി മത്സരിക്കുമ്പോള്‍ മനുഷ്യന്‍ തന്‍റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി യുദ്ധം ചെയ്യുന്നു. ഇത്തരം യുദ്ധങ്ങള്‍ പലപ്പോഴും വനപ്രദേശങ്ങളുടെ നാശത്തിലൊടുങ്ങുന്നു. ഇതിനുദാഹരണമാണ് വിയറ്റ്നാം യുദ്ധം. അമേരിക്കയും വിയറ്റ്നാമും തമ്മില്‍ ഈ യുദ്ധത്തില്‍ വിയറ്റ്നാം കാടുകളിലെ ഒളിപ്പോരാളികളെ തുരത്തിയോടിക്കാന്‍ ‘എജന്റ്റ് ഓറഞ്ച്’ എന്ന കളനാശിനിയാണ് അമേരിക്കന്‍ സൈന്യം ഉപയോഗിച്ചത്. 1961 മുതല്‍ 1971 വരെ അമേരിക്കന്‍ സൈന്യം കളനാശിനി ഉപയോഗിച്ചുള്ള യുദ്ധരീതി തുടര്‍ന്നു. ഇത് വിയറ്റ്നാം കാടുകളുടെ പൂര്‍ണമായ നാശത്തിനു വഴിവെച്ചു.
ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ്. പരിസ്ഥിതി വിഭവങ്ങള്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നത് മനുഷ്യനാണ്. മനുഷ്യന്‍റെ പല പ്രവര്‍ത്തനങ്ങളും പരിസ്ഥിതിയുടെ സ്വാഭാവികതയെ മാറ്റിമറിക്കുന്നതാണ്. ഇത് പ്രകൃതിയോടുള്ള മനുഷ്യന്‍റെ ക്രൂരതയുടെ ചില ഉദാഹരണങ്ങള്‍ മാത്രം. ഇത്തരം പ്രവൃത്തികള്‍ മൂലം പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്ക്ക് കോട്ടം വരുത്തുക മാത്രമല്ല സ്വന്തം വംശനാശത്തിലേക്കുള്ള വഴിയൊരുക്കുക കൂടിയാണ് നമ്മള്‍.
നോര്‍വീജിയന്‍ ദ്വീപുകളില്‍ കണ്ടുവരുന്ന പഫിന്‍ പക്ഷികളുടെ കഥ ഏറെ പരിതാപകരമാണ്. കടലിലെ സ്രാവുകളെ മനുഷ്യര്‍ വന്‍തോതില്‍ വേട്ടയാടിയപ്പോള്‍ ചെറുമത്സ്യങ്ങളുടെ എണ്ണം വര്‍ധിച്ചു. ക്രമാതീതമായി പെരുകിയ ചെറുമത്സ്യങ്ങളെ ഭക്ഷിച്ച് പഫിന്‍ പക്ഷികളുടെ എണ്ണവും പെരുകി. എന്നാല്‍ മനുഷ്യന്‍ കാലിത്തീറ്റയുണ്ടാക്കാന്‍ വന്‍തോതില്‍ ചെറുമത്സ്യങ്ങളെ ഉപയോഗിച്ചപ്പോള്‍ പഫിന്‍ പക്ഷികള്‍ക്ക് ഭക്ഷണം ലഭിക്കാതെയായി. അവ പട്ടിണിയിലാവുകയും ചെയ്തു. 1980 ആയപ്പോഴേക്കും ഏകദേശം പത്ത് ലക്ഷത്തോളം പഫിന്‍ പക്ഷികള്‍ ചത്തൊടുങ്ങി. ഇന്ന് ഇവയും വംശനാശത്തിന്‍റെ വക്കിലാണ്.
മനുഷ്യരുടെ പ്രവൃത്തികള്‍ക്ക് പുറമേ പല പ്രകൃതി ദുരന്തങ്ങളും ജീവികളുടെ വംശനാശത്തിനു കാരണമായിട്ടുണ്ട്. ചലച്ചിത്രങ്ങളിലൂടെയും കഥകളിലൂടെയും നമുക്ക് സുപരിചിതമായ ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത് ഒരു പ്രകൃതിദുരന്തത്തിലൂടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ശക്തിമത്തായ ഒരു ഉല്‍ക്കാപതനത്തിന്‍റെ ഫലമായി ഇവയ്ക്ക് വംശനാശം സംഭവിച്ചു എന്നാണു ശാസ്ത്ര സിദ്ധാന്തങ്ങള്‍. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രോഫെസറായിരുന്ന വാള്‍ട്ടര്‍ അല്‍വാറസ് ആണ് ഈ സിദ്ധാന്തത്തിന് പിന്നില്‍. ചില ദിനോസറുകളുടെ ഫോസിലില്‍ കണ്ടെത്തിയ ഇറിഡിയം എന്ന മൂലകമാണ് ഈ സിദ്ധാന്തത്തിന് നിദാനം. ഈ മൂലകം ഭൂമിയില്‍ ദുര്‍ലഭമാണെങ്കിലും ഉല്‍ക്കകളിലും ധൂമകേതുക്കളിലും ഇത് സുലഭമാണ്. ഇത്തരം കൂറ്റന്‍ ഉല്‍ക്കകളുടെ പതനമാവാം ദിനോസറുകളുടെ വംശനാശത്തിനു പിന്നില്‍ പ്രവൃത്തിച്ചത്.
ഇതുപോലെ പ്രകൃതി ദുരന്തങ്ങളായ ഭൂകമ്പം, ചുഴലിക്കാറ്റു, അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍, സുനാമി തുടങ്ങിയ പല ജീവിവര്‍ഗ്ഗത്തിന്‍റെയും നാശത്തിനു കാരണമാകുന്നുണ്ട്.
കടപ്പാട്: നമ്മുടെ പരിസ്ഥിതി
Poorna Reference Series: Science
അവസാനം പരിഷ്കരിച്ചത് : 3/13/2020