പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നതെന്ന് നാം കണ്ടുവല്ലോ. ഭൂമിയിലെ ജീവികള്‍ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന കാര്യങ്ങളില്‍ ജാഗരൂകരാകാന്‍ നമ്മെ സഹായിക്കുന്നു. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനു ആവശ്യമായ വിഭവങ്ങള്‍ നല്‍കിവരുന്നത് നമ്മുടെ പ്രകൃതിയാണ്. ആദ്യകാലങ്ങളില്‍ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന ഒരു ജീവിതമാണ് മനുഷ്യന്‍ നയിച്ചിരുന്നത്. എന്നാല്‍ കാലം കഴിയുംതോറും പ്രകൃതിയുമായുള്ള മനുഷ്യന്‍റെ അടുപ്പം കുറഞ്ഞുവരികയാണ്. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത് തന്നെ ഇതിനു കാരണം. മനുഷ്യന്‍റെ പ്രവര്‍ത്തികളെല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലായിരിക്കുന്നു.
പ്രകൃതിയുടെ മേലുള്ള മനുഷ്യന്‍റെ കടന്നാക്രമണങ്ങള്‍ ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. ശാസ്ത്ര സാങ്കേതികവിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി. പ്രകൃതിസമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരില്‍ ഭൂമിയില്‍നിന്ന് തന്നെ തുടച്ചുമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. വ്യവസായങ്ങള്‍ ത്വരിതപ്പെടുന്നതിന്‍റെ ഫലമായി നദികളും മറ്റ് ജലാശയങ്ങളും മലീമസമായിത്തീരുന്നു. പരിസ്ഥിതിക്ക് നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകള്‍ ഇനിയും തുടര്‍ന്നാല്‍ അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യവര്‍ഗ്ഗത്തിന്‍റെ തന്നെ പൂര്‍ണ്ണമായ നാശത്തിലാണ് അവസാനിക്കുക. നാം ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനില്‍പ്പിനാവശ്യമാണെന്ന് മനസ്സിലാക്കിത്തുടങ്ങിയതിന്‍റെ ഭാഗമായി പല പരിസ്ഥിതി സംരക്ഷണ നടപടികളും ഇന്ന് പ്രചാരത്തിലുണ്ട്. ഇതിനു പുറമേ മാധ്യമങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ സഹായത്തോടെയുള്ള പരിസ്ഥിതി നയങ്ങളുടെ ഏകോപനവും നടപ്പില്‍ വരുത്തലും വര്‍ധിച്ചുവരുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകമാകുന്നു.
കരുതലോടെയുള്ള സമീപനം
പ്രകൃതിവിഭവങ്ങളുടെ ബുദ്ധിപൂര്‍വ്വമായ ഉപയോഗപ്പെടുത്തലും ശ്രദ്ധാപൂര്‍വ്വമായ സമീപനവും മൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താം. നമുക്ക് ജീവിക്കാന്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കേണ്ടത് വളരെ ആവശ്യമാണ്. എന്നാല്‍ അവ അമിതമായി ഉപയോഗിച്ചാല്‍, വിഭവങ്ങളുടെ അളവ് കുറയുകയും പരിസ്ഥിതിയുടെ സന്തുലാനാവസ്ഥ തകരുകയും ചെയ്യും. നാം ചൂഷണം ചെയ്യുന്ന വിഭവങ്ങള്‍ അതേ വേഗതയില്‍ പുനരുത്പാദിപ്പിക്കാന്‍ പ്രകൃതിജന്യമായ രീതിയില്‍ നമുക്ക് കഴിയില്ല എന്നത് ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് പ്രകൃതിവിഭവങ്ങളെ ഉത്പാദനക്ഷമമായി നിലനിര്‍ത്തണം. അതുപോലെ പ്രകൃതിക്ക് കോട്ടം വരുത്തുന്ന തരത്തിലുള്ള കടന്നുകയറ്റങ്ങളും വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുകയും വേണം. ഇക്കോ ടൂറിസം പദ്ധതികളുടെ പരിപാലനവും ഹരിത സംരക്ഷണ മേഖലകളുടെ വ്യാപനവും പരിസ്ഥിതി സംരക്ഷണത്തിലെ ഒരു മുഖ്യ ഘടകമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന വനമേഖലകളായ അഗസ്ത്യമല, ആനമല, നീലഗിരി, സൈലന്റ് വാലി എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. പല കാലങ്ങളിലായി ഗവണ്മെന്റിനു കൈമോശം വന്ന വനഭൂമികള്‍ തിരിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതും പരിസ്ഥിതി സംരക്ഷണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഔ കാര്യം തന്നെ.
പ്രാദേശികമായ അന്തരങ്ങളും ദരിദ്ര ദുര്‍ബല വിഭാഗങ്ങളുടെ സാന്നിധ്യവും കണക്കിലെടുത്ത് ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് പരിസ്ഥിതി സംരക്ഷണത്തിന് ചേര്‍ന്ന പുതിയ പാക്കേജുകള്‍ നടപ്പിലാക്കല്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രചാരം എന്നിവ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പുതിയ ഒരു ദിശാബോധം നല്‍കുന്ന വസ്തുതകളാണ്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല ഭാവി തലമുറയുടെ നിലനില്‍പ്പിനു കൂടി ആവശ്യമാണ് എന്ന് നാം തിരിച്ചറിയുന്നു. നാം ഇന്ന് ജീവിക്കുന്ന പരിസ്ഥിതിയിലെ വിഭവങ്ങളും സൗകര്യങ്ങളും വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ബോധത്തോടെ വേണം പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നത്.
പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനിടയാക്കും. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ആഗോളതലത്തില്‍ അതി ഗൌരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണിത്. മനുഷ്യര്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ട സമയം ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ നാമോരുത്തരും ശ്രമിക്കുകയാണെങ്കില്‍ നമ്മുടെ പരിസ്ഥിതിയെ നമുക്ക് തന്നെ സംരക്ഷിക്കാന്‍ സാധിക്കും. മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുകയും സംസ്കരിക്കാനാവാത്ത മാലിന്യങ്ങളുണ്ടാക്കുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്‌താല്‍ ഈ പ്രശ്നങ്ങളെ ഒരു പരിധിവരെ നമുക്ക് തരണം ചെയ്യാന്‍ കഴിയും. ഇതോടൊപ്പം വ്യവസായശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരികയും കല്‍ക്കരി, പെട്രോളിയം പോലെയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പകരം ഒട്ടും മലിനീകരണമുണ്ടാക്കാത്ത സൗരോര്‍ജ്ജം, ജൈവ ഡീസല്‍, കാറ്റില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്‌താല്‍ വായുമലിനീകരണം പോലുള്ള മലിനീകരണ പ്രശ്നങ്ങളെ ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന് ആസൂത്രിതമായ മികച്ച പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതും ഇന്നത്തെ കാലഘട്ടത്തില്‍ ചെയ്യേണ്ട അത്യാവശ്യ നടപടിയായി മാറുന്നു.
വ്യക്തിഗതവാഹന ഉപയോഗം കുറയ്ക്കുകയും പൊതു ഗതാഗത സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും അതുവഴി പരിസ്ഥിതി മലിനീകരണത്തിന്‍റെ തോത് കുറയ്ക്കാനും സാധിക്കും. കാര്‍ബണ്‍ വിമുക്ത പാതകള്‍ സൃഷ്ടിച്ച് കാനഡ തുടങ്ങിയ ചില രാജ്യങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇരുവശങ്ങളിലും നിറയെ മരങ്ങള്‍ ഉള്ളതും വാഹങ്ങളുടെ സാന്നിധ്യമില്ലാത്തതുമായ പാതകളാണ് കാര്‍ബണ്‍ വിമുക്ത പാതകള്‍. ഇത്തരം പാതകളിലൂടെ കാല്‍നടയാത്രയും സൈക്കിള്‍യാത്രയും മാത്രമേ അനുവദിക്കുകയുള്ളൂ. അതിനാല്‍ ഈ മേഖലയിലെ പരിസ്ഥിതി വളരെ ശാന്തമായതും സന്തുലിതവുമായിരിക്കും. എന്നാല്‍ ഇതിനു ഒരു ദോഷഫലവുമുണ്ട്. എന്തെന്നാല്‍ കാര്‍ബണ്‍ വിമുക്ത മേഖലയില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നില്ലെങ്കിലും സമീപപ്രദേശങ്ങളിലെ റോഡുകളില്‍ വാഹനങ്ങള്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ആസൂത്രണപാടവം നാം പുറത്തെടുക്കേണ്ടതുണ്ട്.
വ്യവസായശാലകള്‍ മാലിന്യങ്ങളില്‍ നിന്ന് വിഷാംശമുള്ള രാസവസ്തുക്കള്‍ നീക്കം ചെയ്ത ശേഷം അവ പുറത്തുവിട്ടാല്‍ ജലമലിനീകരണം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. കൂടാതെ നീക്കം ചെയ്യുന്ന ഈ രാസവസ്തുക്കള്‍ പുന:ചംക്രമണം ചെയ്ത് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. നാം കുടിക്കുന്ന വെള്ളം മലിനമാകാതെ സൂക്ഷിക്കേണ്ടതും നമ്മുടെ ആവശ്യമാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയും മലിനീകരണ വിപത്തുകള്‍ക്ക് ഒരു പ്രതിരോധം തീര്‍ക്കാന്‍ കഴിയും എന്നതും ഓര്‍മ്മിക്കേണ്ട വസ്തുതയാണ്.
മലകള്‍ ഇടിച്ചു നിരത്തുന്നതും വയലുകളും ചതുപ്പുകളും നികത്തി പരിസ്ഥിതി നാശം വരുത്തുന്നതും മറ്റും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തി അവ ചെയ്യുന്നവര്‍ക്കെതിരേ നിയമത്തിന്‍റെ സഹായം തേടുക എന്നതും പരിസ്ഥിതി സംരക്ഷണത്തിനായി ഗവണ്മെന്‍റ് തലത്തില്‍ നിന്നും ചെയ്യാവുന്ന കാര്യമാണ്. ജലനിധി പോലുള്ള പ്രോജക്ടുകള്‍ നടപ്പാക്കുക, മഴവെള്ള സംഭരണം ജീവിതശൈലിയായി മാറ്റുക എന്നിങ്ങനെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികളും പരിസ്ഥിതി സംരക്ഷണത്തില്‍ സ്വീകരിക്കേണ്ടത് തന്നെ.
മണ്ണിന്‍റെ നഷ്ടപ്പെട്ട സ്വാഭാവികത തിരിച്ചു കൊണ്ടുവരാന്‍ കഴിയില്ലെങ്കിലും ശാസ്ത്രീയമായ ചില രീതികള്‍ അവലംബിച്ച് മണ്ണിന്‍റെ ഫലഭൂയിഷ്ഠത ഏറെക്കൂറെ നിലനിര്‍ത്താം. മഴക്കാലത്ത് മണ്ണൊലിപ്പ് തടയുന്നതിനായി കുന്നിന്‍ ചെരിവുകളും മറ്റ് ചെരിഞ്ഞ പ്രദേശങ്ങളും തട്ടുകളായി തിരിക്കാറുണ്ട്. ഫലഭൂയിഷ്ഠമായ മേല്‍മണ്ണ് ഒഴുകിപ്പോകാതെ തടഞ്ഞുനിര്‍ത്താന്‍ ഇത് സഹായിക്കും. മണ്ണൊലിപ്പ് തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം മരങ്ങള്‍ വെച്ച് പിടിപ്പിക്കുക തന്നെയാണ്. സസ്യങ്ങളുടെ വേരുകള്‍ മണ്ണിലേക്കിറങ്ങി മണ്ണിനെ പിടിച്ചുനിര്‍ത്തുന്നതിനാലാണിത്.
ഒരേ ഇനം വിളകള്‍ തുടര്‍ച്ചയായി കൃഷി ചെയ്യുന്നത് മണ്ണിന്‍റെ ഫലഭൂയിഷ്ഠത കുറയ്ക്കുമെന്ന് പറയുന്നു. എന്നാല്‍ വിവിധ വിളകള്‍ കൃഷി ചെയ്യുന്നതാകട്ടെ മണ്ണിന്‍റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഉദാഹരണമായി ഒരു വര്‍ഷം നെല്‍കൃഷി ചെയ്‌താല്‍ അടുത്ത കൃഷി തുടങ്ങുന്നതിനു മുമ്പ് ഇടവിളയായി പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്യുന്നത് മണ്ണില്‍ നൈട്രജന്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും ജൈവാംശം വര്‍ധിപ്പിക്കാനും സഹായിക്കും. പണ്ട് കാലങ്ങളില്‍ വിത്ത് വിതയ്ക്കാനും, നിലം ഉഴാനും മനുഷ്യര്‍ ആശ്രയിച്ചത് പരമ്പരാഗത ഉപകരണങ്ങളെയായിരുന്നു. ശാസ്ത്ര രംഗത്തെ പുരോഗതി ഇത്തരം ഉപകരണങ്ങള്‍ക്ക് പകരം യന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനു കാരണമായി. എന്നാല്‍ ഈ യന്ത്രങ്ങളാവട്ടെ മണ്ണിലെ സൂക്ഷ്മ ജീവികളുടെയും മണ്ണിരകളുടെയും നിലനില്‍പ്പിനു തന്നെ ഭീഷണിയായി മാറുകയാണുണ്ടായത്. മേല്‍മണ്ണിനെ പിടിച്ചുനിര്‍ത്താന്‍ കഴിവുള്ളതാണ് പുല്‍വര്‍ഗ്ഗത്തിന്‍റെ വേരുകള്‍. പുല്‍ വര്‍ഗ്ഗ സസ്യങ്ങളുടെ അഭാവം മഴവെള്ളത്തില്‍ മണ്ണ് കുത്തിയൊലിച്ചു പോകാന്‍ കാരണമാകുന്നു. നിയന്ത്രണങ്ങളില്ലാതെയുള്ള ഉപയോഗം മണ്ണിന്‍റെ ഘടനയില്‍ നാശങ്ങള്‍ വരുത്തുന്നു. അതിനാല്‍ ശ്രദ്ധാപൂര്‍വമായ മാര്‍ഗങ്ങള്‍ അവലംബിച്ച് മണ്ണിനെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.
പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് ഭൂമിയിലെ വനസമ്പത്ത് സംരക്ഷിക്കുക എന്നതാണ്. പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ മരങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണല്ലോ. എന്നാല്‍ മനുഷ്യര്‍ പാര്‍പ്പിടാവശ്യങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കുമായി വനങ്ങള്‍ വന്‍തോതില്‍ വെട്ടിമാറ്റുകയാണ്. വനം നശിക്കുമ്പോള്‍ സസ്യസമ്പത്ത് മാത്രമല്ല ഇല്ലാതാകുന്നത്. വനത്തെ ആശ്രയിച്ച് ജീവിക്കുന്ന അപൂര്‍വ്വങ്ങളായ ജീവിവര്‍ഗ്ഗങ്ങള്‍ കൂടിയാണ്.
ഇന്ത്യ 1952ല്‍ പ്രഖ്യാപിച്ച ദേശീയ വന നയം പ്രകാരം മൊത്തം ഭൂപ്രദേശത്തിന്‍റെ 33 ശതമാനം വനമായി നിലനിര്‍ത്തണമെന്ന് പറയുന്നു. എന്നാല്‍ ഇന്ന് വനത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നു. ജൈവ സമൃദ്ധിയുടെ കലവറകളാണ് മഴക്കാടുകള്‍. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും മഴക്കാടുകള്‍ കാണുന്നു. ഇന്ത്യയില്‍ മൊത്തം ഭൂപ്രദേശത്തിന്‍റെ ഏഴു ശതമാനം മാത്രമാണ് മഴക്കാടുള്ളത്. മിതോഷ്ണ മേഖലാ വനങ്ങളെയും ഉഷ്ണമേഖലാ വനങ്ങളെയും അപേക്ഷിച്ച് മഴക്കാടുകളിലെ ജൈവവൈവിധ്യം വളരെ വിശാലമാണ്. ഒരു മഴക്കാട്ടില്‍ ഏറ്റവും കുറഞ്ഞത് 200 സ്പീഷീസ് വൃക്ഷങ്ങളുണ്ടായിരിക്കും. എന്നാല്‍ മിതോഷ്ണ വനത്തില്‍ 12 സ്പീഷീസിലുള്ള വൃക്ഷങ്ങളാണുണ്ടാവുക. അതിനാല്‍ നിത്യഹരിത വനങ്ങള്‍ - മഴക്കാടുകള്‍ നശിപ്പിച്ചാല്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഏറെ പ്രയാസമാണ്. ചിലപ്പോള്‍ ഒരിക്കലും കഴിഞ്ഞില്ലെന്നും വരാം. ഭൂമിയില്‍ സസ്യങ്ങള്‍ ഉണ്ടായ കാലം മുതല്‍ തന്നെ മഴക്കാടുകള്‍ രൂപപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതായത് ഇന്ന് ഭൂമിയിലവശേഷിക്കുന്ന നിത്യഹരിത വനങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലാണ് നിത്യഹരിത വനങ്ങളുള്ളത്. തമിഴ്നാട്ടിലെ കലക്കാട്ടും കേരളത്തിലെ സൈലന്റ് വാലിയുമാണ് പ്രധാനപ്പെട്ടവ.
ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രകൃതി സംരക്ഷണം ഉറപ്പാക്കുന്നതും വനങ്ങള്‍, ജലാശയങ്ങള്‍, നദികള്‍, വന്യജീവികള്‍ എന്നിവയെ അനുഭാവപൂര്‍വ്വം പരിരക്ഷിക്കുന്നതും ഇന്ത്യയിലെ ഓരോ പൌരന്‍റെയും കടമയാണ്. മലമ്പ്രദേശങ്ങളില്‍ 60 ശതമാനത്തിലും താഴ്വരകളില്‍ 20 ശതമാനത്തിലും വനമേഖല കുറയരുതെന്നാണ് ഇന്ത്യയുടെ വനനയം വ്യക്തമാക്കുന്നത്. സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയാണ് ഈ നയം നടപ്പാക്കുന്നതിനായി സ്വീകരിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സഹകരണത്തോടെ വനംവകുപ്പ് ഈ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
റെയില്‍ പാതകളുടെയും റോഡുകളുടെയും വശങ്ങള്‍, പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് സാമൂഹ്യ വനവല്‍ക്കരണത്തില്‍ ചെയ്യുന്നത്. വീടിന് ചുറ്റും മരങ്ങള്‍ വെച്ചു പിടിപ്പിക്കുവാനും പദ്ധതിയില്‍ നിര്‍ദേശിക്കുന്നു. കൃഷിഭൂമിയില്‍ ഭക്ഷ്യവിളകളോടൊപ്പം മരങ്ങളെയും മൃഗങ്ങളെയും ജീവിക്കാന്‍ അനുവദിക്കുന്ന പുതിയ കൃഷിരീതി വന നശീകരണത്തിനും പരിഹാരമാവും. വനം കൃഷി എന്നാണ് ഈ രീതി അറിയപ്പെടുന്നത്. നെയ്റോബി ആസ്ഥാനമായി 1978ല്‍ രൂപീകൃതമായ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ അഗ്രോ ഫോറസ്ട്രിയാണ് വനം കൃഷി സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വളരുന്ന തലമുറയില്‍ പരിസ്ഥിതി സംരക്ഷണത്തേക്കുറിച്ചുള്ള അവബോധം നല്‍കുന്നതിന് സംസ്ഥാന ഗവണ്മെന്റും ഫോറസ്ട്രി വിഭാഗവും ചേര്‍ന്ന് സ്കൂളുകളില്‍ നടപ്പിലാക്കുന്ന എന്‍റെ മരം പോലുള്ള പ്രോജക്ടുകളിലൂടെ വിദ്യാര്‍ഥികള്‍ പരിസ്ഥിതിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നു. ഒരു കുട്ടിക്ക് ഒരു മരം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
കൊതുകുനിര്‍മ്മാര്‍ജ്ജനത്തിന് അവലംബിക്കുന്ന ഫലപ്രദമായ മാര്‍ഗങ്ങളിലൂടെ ജലസംരക്ഷണത്തില്‍ നേരിടുന്ന വലിയ ഒരു വെല്ലുവിളിയെ അതിജീവിക്കാന്‍ കഴിയുന്നു. ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ പൂര്‍ത്തിയാകുന്ന അഴുക്കുചാലുകളുടെ നിര്‍മാണം വെള്ളം കെട്ടിക്കിടക്കുന്നതിന് പരിഹാരമാവുകയും കൊതുകുവളര്‍ച്ചയെ തടയുകയും ചെയ്യുന്നു. സെപ്റ്റിക് ടാങ്കുകളുടെ നിര്‍മാണമാണ് ജലമലിനീകരണം തടയാനായി ചെയ്യാവുന്ന മറ്റൊരു ഫലപ്രദമായ നടപടി. സെപ്റ്റിക് ടാങ്കുകള്‍ ശാസ്ത്രീയമായി നിര്‍മിക്കുന്നതിലൂടെ ജനവാസമേറിയ ഇടങ്ങളില്‍ കിണര്‍ജലത്തില്‍ മാലിന്യം തടയാനാകുന്നു.
ഭൂമിയിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ശരിയായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ശാസ്ത്രമാണ് സംരക്ഷണ ജീവശാസ്ത്രം. ജൈവ വൈവിധ്യത്തെ നിലനിര്‍ത്തുന്നതും നഷ്ടമാവുന്നതും പുന:സ്ഥാപനവുമാണ് ഇതില്‍ വിശകലനം ചെയ്യുന്നത്. വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ്വ ഇനം ജീവികളെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു. സംരക്ഷണ ജീവശാസ്ത്രം ജീവി സമൂഹങ്ങളെയും വര്‍ഗങ്ങളെയും ആവാസവ്യവസ്ഥയേയും സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക വശങ്ങളും നിര്‍ദേശിക്കുന്നു.
ജീവമണ്ഡലത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനാണ് സംരക്ഷണ ജീവശാസ്ത്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ജനസംഖ്യാ വര്‍ധനവിന്‍റെയും വ്യവസായ പുരോഗതിയുടെയും ഫലമായുണ്ടാവുന്ന മലിനീകരണം പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നും ഇതില്‍ വിശകലനം ചെയ്യുന്നുണ്ട്. സ്വയം നവീകരിക്കാനുള്ള ഭൂമിയുടെ കഴിവിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ് ഇന്നാവശ്യം. പ്രകൃതി വിഭവങ്ങളെയും ഇത്തരത്തില്‍ നവീകരനത്തിലൂടെ വീണ്ടും ഉപയോഗയോഗ്യമാക്കാന്‍ സാധിക്കും. എന്നാല്‍ കല്‍ക്കരി പോലെയുള്ള ഫോസില്‍ ഇന്ധനങ്ങളും വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്ന ധാതുക്കളും പുനരുപയോഗിക്കാന്‍ കഴിയാത്തവയാണ്. ഇത്തരം വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി ജൈവ ശേഖരങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഇന്ന് പല രാജ്യങ്ങളും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയുടെ സംരക്ഷണത്തിനായി ഇന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വ്യക്തിപരമായും സംഘടനകളുടെ നേതൃത്വത്തിലും നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നു.
വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍
(World Wide Fund for Nature, WWF)
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുന്നതിനും ഗവേഷണങ്ങള്‍ നടത്തുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ (WWF). വേള്‍ഡ് വൈഡ് ലൈഫ് ഫണ്ട് എനായിരുന്നു ഈ പ്രസ്ഥാനത്തിന്‍റെ ആദ്യത്തെ പേര്. ഈ പേരില്‍ തന്നെയാണ് അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും സംഘടന ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
ശാസ്ത്രീയ അടിത്തറയുള്ളതും വസ്തുതാപരവുമായ സമീപനമാണ് പരിസ്ഥിതി സംരക്ഷണത്തില്‍ W.W.F പിന്തുടരുന്നത്. പ്രധാനപ്പെട്ട ജൈവവൈവിധ്യങ്ങളുടെ കലവറകളായ വനങ്ങള്‍, ശുദ്ധജല ആവാസവ്യവസ്ഥകള്‍, സമുദ്രം സമുദ്രതീരം എന്നിവയുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ W.W.F പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വംശനാശം നേരിടുന്ന ജീവികള്‍, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളിലും സംഘടന സജീവമായി ഇടപെടുന്നു. ലോകമെങ്ങും 1200 ലധികം പദ്ധതികള്‍ ഇവര്‍ ഒരു വര്‍ഷത്തില്‍ നടപ്പാക്കുന്നുണ്ട്.
1961 സെപ്തംബര്‍ 11 ന് സ്വിറ്റ്സര്‍ലന്‍ഡിലെ മോര്‍ഗ്സില്‍ ഒരു സന്നദ്ധ സംഘടനയായാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രകൃതിവിഭവങ്ങളെ ഏറ്റെടുത്തും മികച്ച രീതിയില്‍ കൈകാര്യം ചെയ്തും സംരക്ഷിക്കുക, ഗവേഷണങ്ങളും അന്വേഷണങ്ങളും നടത്തുകയും പൊതുജനങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അറിവ് പകരുകയും ചെയ്യുക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.
ഈ സംഘടനയുടെ ആദ്യ പ്രവര്‍ത്തനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ സംരക്ഷിക്കാനുള്ളതായിരുന്നു. എന്നാല്‍ പിന്നീട് ജൈവവൈവിധ്യം സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങള്‍ സുസ്ഥിരമായി ഉപയോഗപ്പെടുത്താനും മലിനീകരണം കുറയ്ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ തുടങ്ങി. 1986 ലാണ് സംഘടനയുടെ പേര് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ എന്നാക്കി മാറ്റിയത്. WWF എന്ന ചുരുക്കപ്പേര് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
കമ്മീഷന്‍ ഫോര്‍ എന്‍വയന്‍മെന്റല്‍ കോ-ഓപ്പറേഷന്‍ (CEC)
പരിസ്ഥിതി സഹകരണത്തിനായി അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്താരാഷ്ട്ര സംഘടനയാണ് കമ്മീഷന്‍ ഫോര്‍ എന്‍വയന്‍മെന്റല്‍ കോ-ഓപ്പറേഷന്‍. വ്യാപാര പാരിസ്ഥിതിക പ്രശ്നങ്ങള്‍ തടയുക, പാരിസ്ഥിതിക നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയവ ഈ സംഘടന ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണമെന്നത് കേവലം ഏതെങ്കിലും ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങരുതെന്നും ആഗോളതലത്തില്‍ തന്നെ കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന വീക്ഷണം പുലര്‍ത്തുന്ന സംഘടനയാണിത്.
ഫ്രണ്ട്സ് ഓഫ് ദി എര്‍ത്ത്
71 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പരിസ്ഥിതി സംഘടനകളുടെ അന്താരാഷ്ട്ര ശൃംഖലയാണ് ഫ്രണ്ട്സ് ഓഫ് ദി എര്‍ത്ത്. സ്വതന്ത്ര സംഘടനകളുടെ ഒരു കോണ്‍ഫെഡറെഷനായ ഈ സംഘടന പരിസ്ഥിതിപ്രശ്നങ്ങളെ അവയുടെ സാമൂഹ്യ, രാഷ്ട്രീയ, മനുഷ്യാവകാശ തലങ്ങളില്‍ പരിഗണിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പരമ്പരാഗത തലത്തില്‍ നിന്നും മാറി നിലനില്‍പ്പിന്‍റെ സാമ്പത്തികവും വികസനപരവുമായ വശങ്ങള്‍ക്ക് ഇവര്‍ പ്രാധാന്യം നല്‍കുന്നു. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും സംഘടനകളാണ് ആദ്യകാലത്ത് ഇതിലുണ്ടായിരുന്നെങ്കിലും ഇന്ന് ചില വികസ്വര രാജ്യങ്ങളിലെ സംഘടനകളും ഫ്രണ്ട്സ് ഓഫ് എര്‍ത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മതങ്ങള്‍ക്കും മറ്റ് സ്വാധീനങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ് ഫ്രണ്ട്സ് ഓഫ് എര്‍ത്ത്. ജനാധിപത്യപരവും പക്ഷപാതരഹിതവുമായ തുറന്ന ആന്തരികഘടനയുള്ള ഈ സംഘടനകള്‍ സമാന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മറ്റ് സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും തയ്യാറായിരിക്കും. പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഗവേഷണ പ്രവര്‍ത്തനങ്ങളും ഇവര്‍ പതിവായി സംഘടിപ്പിക്കാറുണ്ട്.
സംഘടനയിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന ഒരു പൊതുയോഗത്തില്‍ വെച്ച് തെരഞ്ഞെടുക്കുന്ന എക്സ്കോം (Excom) എന്ന എക്സിക്യുട്ടീവ് കമ്മിറ്റിയും എക്സ്കോം നിയമിക്കുന്ന സെക്രട്ടേറിയറ്റും ഫ്രണ്ട്സ് ഓഫ് എര്‍ത്ത് ഇന്റര്‍നാഷണലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പൊതുയോഗത്തില്‍ വെച്ച് സംഘടനയുടെ നയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നു. ഓരോ രാജ്യങ്ങളിലെയും സംഘടനകള്‍ക്കും അവരെ ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഈ സംഘടന വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട നയങ്ങള്‍ക്ക് വിരുദ്ധമാകരുതെന്നുണ്ട്.
വന്യജീവി സംഘടനകളുടെ കൂട്ടായ്മ
(Royal society of wild life, Trust – RSWT)
വന്യജീവികളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ അന്താരാഷ്‌ട്ര കൂട്ടായ്മയാണ് റോയല്‍ സൊസൈറ്റി ഓഫ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്, വിവിധ രാജ്യങ്ങളിലെ പ്രാദേശിക വന്യജീവി സംരക്ഷണ സംഘടനകളുടെ സംരക്ഷണ സംഘടനയായും റോയല്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നു. നിരവധി പ്രാദേശിക സംഘടനകള്‍ക്ക് ഇവര്‍ ധനസഹായവും നല്‍കാറുണ്ട്. ഏകദേശം 2,500 പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ ഈ കൂട്ടായ്മയ്ക്ക് കീഴിലുണ്ട്.
വന്യജീവി സംഘടനകളെല്ലാം വലിപ്പത്തിലും പ്രവര്‍ത്തനത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവയായിരിക്കും. എന്നാല്‍ എല്ലാ സംഘടനകളും വന്യജീവി സംരക്ഷണവും ജൈവവൈവിധ്യം നിലനിര്‍ത്തലുമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പാരിസ്ഥിതിക പാരമ്പര്യം സംരക്ഷിക്കുക, പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നിവ ഈ സംഘടനയുടെ ചുമതലകളില്‍പ്പെടുന്നു.
1912 ല്‍ ഇംഗ്ലണ്ടില്‍ രൂപം കൊണ്ട സൊസൈറ്റി ഫോര്‍ ദി പ്രൊമോഷന്‍ ഓഫ് നാച്വര്‍ റിസര്‍വ്സ് (The Society for the Promotion of Nature Reserves – SPNR) വന്യജീവി സംരക്ഷണ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആദ്യകാലത്ത് പരിസ്ഥിതി ശാസ്ത്ര വിദഗ്ദര്‍ മാത്രമായിരുന്നു ഇതിലെ അംഗങ്ങളുണ്ടായിരുന്നത്. 1926ല്‍ നോര്‍ഫക്കില്‍ രൂപീകരിക്കപ്പെട്ട നോര്‍ഫക്ക് നാച്വറലിസ്റ്റ്സ് ട്രസ്റ്റ് ആണ് ആദ്യത്തെ സ്വതന്ത്ര വന്യജീവി സംരക്ഷണ സംഘടന. 1950 കളായപ്പോഴേക്കും യൂറോപ്പിലും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലും വന്യജീവി സംരക്ഷണ സംഘടനകള്‍ രൂപംകൊണ്ട് തുടങ്ങി. പ്രകൃതി ശേഖരങ്ങള്‍ സ്ഥാപിക്കുന്നതിനായിരുന്നു ഈ സംഘടനകള്‍ മുന്‍തൂക്കം നല്‍കിയിരുന്നത്.
1960 കളായപ്പോഴേക്കും സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ റിസര്‍വ്സിലെ അംഗങ്ങളുടെ എണ്ണം വര്‍ധിച്ചു. 1964ല്‍ സംഘടനകളുടെ പേര് സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ കണ്‍സര്‍വേഷന്‍ (SPNC) എന്നാക്കി മാറ്റി. പിന്നീട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാവുകയും പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്തു. 1981ല്‍ SPNC യുടെ പേര് റോയല്‍ സൊസൈറ്റി ഫോര്‍ നാച്വര്‍ കണ്‍സര്‍വേഷന്‍ എന്നായി മാറി. ഇന്ന് ഈ സംഘടന റോയല്‍ സൊസൈറ്റി ഓഫ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്‌സ് എന്ന പേരിലറിയപ്പെടുന്നു.
വേള്‍ഡ് റെയ്ന്‍ഫോറസ്റ്റ് മൂവ്മെന്‍റ്
(World Rainforest Movement)
മഴക്കാടുകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ അന്താരാഷ്ട്ര ശൃംഖലയാണ് വേള്‍ഡ് റെയ്ന്‍ഫോറസ്റ്റ് മൂവ്മെന്‍റ് (WRM). കാട്ടില്‍ ജീവിക്കുന്നവരുടെ സംരക്ഷണത്തിനായും ഈ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു. കാടിന് ഭീഷണിയാവുന്ന തരത്തിലുള്ള ഖനനം, അണക്കെട്ട് നിര്‍മാണം, പെട്രോളിയം ഉത്പാദനം, കൃഷി തുടങ്ങിയ എല്ലാ പദ്ധതികളും തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും റെയ്ന്‍ഫോറസ്റ്റ് മൂവ്മെന്‍റ് നേതൃത്വം നല്‍കുന്നു. ഉറുഗ്വെയിലെ മോണ്ടിവിഡോയാണ് വേള്‍ഡ് റെയ്ന്‍ഫോറസ്റ്റ് മൂവ്മെന്റിന്റെ ആസ്ഥാനം.
ഗ്രീന്‍ പീസ് (Green Peace)
പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി 1971ല്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനമാണ് ഗ്രീന്‍ പീസ്. അന്തരീക്ഷത്തിലെയും ഭൂഗര്‍ഭത്തിലെയും ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തല്‍ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു പ്രസ്ഥാനം സ്ഥാപിക്കുമ്പോള്‍ മുഖ്യമായുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആഗോള താപനം, വനനശീകരണം എന്നിവയ്ക്കെതിരെയും ഈ പ്രസ്ഥാനം ശബ്ദമുയര്‍ത്തി.
ഗ്രീന്‍ബെല്‍റ്റ് മൂവ്മെന്‍റ്
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി 1977ല്‍ വംഗാരി മാതായിയുടെ നേതൃത്വത്തില്‍ കെനിയയില്‍ രൂപംകൊണ്ട പരിസ്ഥിതി സംഘടനയാണ് ഗ്രീന്‍ബെല്‍റ്റ് മൂവ്മെന്‍റ്. വനനശീകരണം തടയുക, ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. വനനശീകരണത്തിന്‍റെ അനന്തര ഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി.
കടപ്പാട്: നമ്മുടെ പരിസ്ഥിതി, Poorna reference series - Science
അവസാനം പരിഷ്കരിച്ചത് : 6/28/2020
കൂടുതല്‍ വിവരങ്ങള്‍