Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എന്താണ് പരിസ്ഥിതി?

കൂടുതല്‍ വിവരങ്ങള്‍

എന്താണ് പരിസ്ഥിതി?

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിയ്ക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാക്കി.

പ്രപഞ്ച പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യ കണം ഭൂമിയിൽ നാമ്പെടുത്തു. ദശലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്നു കാണുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായി മാറി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സ്വച്ഛന്ദ സുന്ദരമാക്കിത്തീർത്തു.

വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളേയും നമുക്ക് പരിസ്ഥിതിയെന്നു വിളിക്കാം. ആധുനിക കാഴ്ചപ്പാടുകളനുസരിച്ച് മനുഷ്യന്റെ അമിതമായ കൈകടത്തലുകളില്ലാത്ത പ്രക്യതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കൽപ്പത്തിന് ചേർന്നവയാണ്.

ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളാണ്.

ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതു തന്നെ ഇതിനു കാരണം. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.

ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും നിലനില്‍ക്കുന്ന ചുറ്റുപാടാണല്ലോ പരിസ്ഥിതി. ഒരു ജീവിയുടെ ജീവിതചക്രവും അതിന്‍റെ സ്വഭാവ സവിശേഷതകളും രൂപപ്പെടുത്തുന്നതില്‍ പരിസ്ഥിതി വലിയ പങ്ക് വഹിക്കുന്നു. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവികൾ തമ്മിലുള്ള ബന്ധവും അവയ്ക്ക് അജീവീയ ഘടകങ്ങളുമായുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങളത്രേ. ചുരുക്കത്തിൽ ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും ചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു എന്നു പറയാം.

വിവിധ ശാസ്ത്രശാഖകൾ പല തരത്തിലാണ് പരിസ്ഥിതിയെ നിർവചിച്ചിരിക്കുന്നത്. ഒരു ജീവിയേയോ അതിന്റെ ആവാസ വ്യവസ്ഥയേയോ വലയം ചെയ്തിരിക്കുന്നതും അവയിൽ പ്രവർത്തിക്കുന്നതുമായ ഭൗതികവും രാസപരവും ജൈവപരവുമായ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. എന്നാൽ ഊർജത്തിന്റെയും പദാർത്ഥത്തിന്റെയും അവയുടെ സവിശേഷതകളുടെയും ശേഖരമെന്നാണ് ഭൗതികശാസ്ത്രവും രസതന്ത്രവും പരിസ്ഥിതിയെ നിർവചിക്കുന്നത്. ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വികസനത്തെ സ്വാധീനിക്കുന്ന പ്രാഥമിക ഘടകം അവയുടെ പൊതുപരിസ്ഥിതിയും സാമൂഹിക പരിസ്ഥിതിയുമാണെന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യശാസ്ത്രം പരിസ്ഥിതിയെ നിർവചിച്ചിരിക്കുന്നത്. സാമൂഹിക പരിസ്ഥിതി അഥവാ ചുറ്റുപാട് എന്ന സങ്കൽപ്പം സാമൂഹ്യശാസ്ത്രത്തിലെ മറ്റൊരു അടിസ്ഥാന ആശയമാണ്.

ഗണിതശാസ്ത്രം പരിസ്ഥിതിയെ മറ്റൊരു വീക്ഷണ കോണിലൂടെ കാണുന്നു. മൂല്യത്തിൽ പരിമിതികളുള്ള ഒരു കൂട്ടം ചരങ്ങൾ ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി എന്നതാണ് ഗണിതശാസ്ത്ര വീക്ഷണം. അതായത് ഗണിതശാസ്ത്രത്തിൽ ചരങ്ങൾക്ക് അർത്ഥം നൽകുന്നത് അവയുടെ പരിസ്ഥിതിയാണെന്ന് ചുരുക്കം. എന്നാൽ കമ്പ്യൂട്ടർ സയൻസ് ഒരു കമ്പ്യൂട്ടിംഗ് സംവിധാനത്തെയും പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളെയും മുഴുവൻ പരിസ്ഥിതി എന്നതുകൊണ്ട് സൂചിപ്പിക്കുന്നു.

പരിസ്ഥിതിവിജ്ഞാനം

പരിസ്ഥിതി എന്താണെന്നും അതിന് വിവിധ ശാസ്ത്രശാഖകൾ നൽകിയ നിർവചനങ്ങളെന്തെന്നും നാം കണ്ടുകഴിഞ്ഞു. ഇനി നമുക്ക് പരിസ്ഥിതിവിജ്ഞാനം എന്താണെന്ന് നോക്കാം.

ജീവികളുടെ പരസ്പര പ്രവർത്തനങ്ങളെക്കുറിച്ചും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധത്തെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ് പരിസ്ഥിതി വിജ്ഞാനം അഥവാ ഇക്കോളജി. പ്രകൃതിയിലെ ജീവജാലങ്ങളുടെ ആധിക്യവും അവയുടെ വർഗീകരണവും, ജീവികൾ തമ്മിലും അവയ്ക്ക് മറ്റു ജീവിവർഗങ്ങളുമായും ഉള്ള പ്രതിപ്രവര്‍ത്തനങ്ങളും ഊര്‍ജ്ജത്തിന്‍റെയും പദാർത്ഥത്തിന്റെയും കൈമാറ്റവും ഒഴുക്കും പഠനവിധേയമാക്കുന്ന ശാസ്ത്രശാഖയെന്നും പരിസ്ഥിതിവിജ്ഞാനത്തെ നിർവചിക്കാം. വീട് എന്ന് അർത്ഥമുള്ള ഒയികോസ് (Oikos), അറിവ് എന്നര്‍ഥമുളള ലോഗോസ് (Logos) എന്നീ ഗ്രീക്ക് പദങ്ങള്‍ ചേർന്നാണ് ഇക്കോളജി (പരിസ്ഥിതിവിജ്ഞാനം) എന്ന പേരു വന്നത്. 1870ൽ ജർമ്മൻ ജന്തുശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹെക്കൽ ആണ് ഇക്കോളജി എന്ന പദം ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്നത്.

ജീവശാസ്ത്രത്തിന്റെ ഒരു മുഖ്യശാഖയായാണ് പരിസ്ഥിതിവിജ്ഞാനം പരിഗണിക്കപ്പെടുന്നത്. ജൈവമണ്ഡലത്തിലെ ആവാസവ്യവസ്ഥ, ജീവസമൂഹങ്ങൾ എന്നിവ പരിസ്ഥിതിവിജ്ഞാനത്തിൽ പ്രതിപാദിക്കപ്പെടുന്നു. പരിസ്ഥിതിവിജ്ഞാനത്തിന്റെ ലക്ഷ്യങ്ങൾക്കും നയങ്ങൾക്കും ശാസ്ത്രീയ അടിത്തറ പാകുന്നതിൽ പ്രധാന പങ്ക് വഹിച്ച രണ്ട് ഘടകങ്ങളാണ് ഭൂമിയിലെ ജൈവവൈവിധ്യവും ജീവസമൂഹങ്ങളുടെ വളർച്ചയും. ജീവികളുടെ പരസ്പര പ്രവർത്തനത്തിലും പരിസ്ഥിതിയുമായുള്ള ബന്ധത്തിലും കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഭൂമിശാസ്ത്രം, ഭൂഗോളശാസ്ത്രം, അന്തരീക്ഷശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം തുടങ്ങി നിരവധി ശാസ്ത്രശാഖകളുമായി പരിസ്ഥിതിവിജ്ഞാനം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പരിസ്ഥിതിവിജ്ഞാനത്തെ ഒരു പ്രകൃതിശാത്രമായും കണക്കാക്കാം.

ജീവീയ ഘടകങ്ങൾ എവിടെ കാണപ്പെടുന്നു, അവയുടെ എണ്ണം എത്രയേറെ, എന്തുകൊണ്ടാണവ നിലനിൽക്കുന്നത് എന്നിവ പരിശോധിക്കുന്ന ശാസ്ത്രം എന്നാണ് പരിസ്ഥിതിവിജ്ഞാനത്തിന് ജർമ്മൻകാരനായ ഹാൻസ് അഡോൾഫ് ക്രെബ്സ് നൽകുന്ന നിർവചനം. കാർഷികവൃത്തി, മത്സ്യബന്ധനം, വനവൽക്കരണം, വൈദ്യശാസ്ത്രപഠനം, നഗര വികസനം തുടങ്ങിയ മാനുഷിക പ്രവർത്തനങ്ങളെല്ലാം പരിസ്ഥിതിവിജ്ഞാനത്തിന്റെ ഭാഗങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധവും അവ പരസ്പരം സ്വാധീനിക്കപ്പെടുന്ന രീതികളും പരിസ്ഥിതിവിജ്ഞാനത്തിലെ പ്രതിപാദ്യങ്ങളാണ്. എന്നാൽ ജീവീയ ഘടകങ്ങൾക്കും അജീവീയഘടകങ്ങൾക്കുമിടയിലെ അതിർത്തിയാവട്ടെ ഈ ശാസ്ത്രശാഖയിൽ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുമില്ല. അതിനാല്‍ പരിസ്ഥിതിവിജ്ഞാനം, പ്രകൃതിയിലെ ഘടകങ്ങളുടെ സ്വതന്ത്രമായ നിലനിൽപ്പിനേക്കാള്‍ പ്രാധാന്യം നൽകുന്നത് ജീവികൾക്കിടയിലെ പ്രക്രിയകൾക്കും പ്രതിപ്രവർത്തനങ്ങൾക്കും അവയെ സ്വാധീനിക്കുന്ന ഘടകങ്ങൾക്കും ബന്ധങ്ങൾക്കുമായിരിക്കും.

വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും സങ്കേതങ്ങളുമുപയോഗിച്ച് പ്രകൃതിയിൽ നടത്തുന്ന ഗവേഷണൾ പരിസ്ഥിതിവിജ്ഞാനത്തിന് പുതിയ അർത്ഥതലങ്ങൾ നൽകുന്നു. ആധുനിക പരിസ്ഥിതിവിജ്ഞാനം ഗവേഷണശാലകളിലെയും മറ്റും പരീക്ഷണങ്ങൾ വഴി പുതിയ സിദ്ധാന്തങ്ങൾ ആവിഷ്ക്കരിക്കുകയും വിഭവ വിനിയോഗ നിയന്ത്രണത്തിനാവശ്യമായ പ്രായോഗിക മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.

പരിസ്ഥിതിവിജ്ഞാനത്തിന്റെ ആവശ്യകത

പരിസ്ഥിതിവിജ്ഞാനം മനുഷ്യവർഗത്തിന്റെ നിലനിൽപ്പിന് തന്നെ അനിവാര്യമാണ്. ലോകമെങ്ങും ജനസംഖ്യ ക്രമാതീതമായി വർധിച്ചുവരുന്ന ഈ നാളുകളിൽ പരിസ്ഥിതിയ്ക്കും പരിസ്ഥിതിവിജ്ഞാനത്തിനുമുള്ള പ്രാധാന്യം എടുത്തു പറയത്തക്കതുതന്നെ. നമ്മുടെ നിലനിൽപ്പിനാവശ്യമായ അടിസ്ഥാന വിഭവങ്ങളുടെ ദുരുപയോഗവും ദൗർലഭ്യവും ഇന്ന് ഒരു വലിയ പ്രശ്നമാണ്. മനുഷ്യവർഗത്തിനാവശ്യമായ വിഭവങ്ങളുടെ പങ്കുവെക്കലിൽ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങളെപ്പോലെ പരിസ്ഥിതി വിജ്ഞാനത്തിനും പങ്കുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിന്റെ അടിസ്ഥാനതത്വങ്ങൾ മനസ്സിലാക്കുന്നതിലൂടെ ദുർലഭമായ വിഭവങ്ങൾക്കുവേണ്ടിയുള്ള മത്സരത്തിന്റെ പ്രാദേശികവും ആഗോളവുമായ അനന്തരഫലങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയും.

ഇതിന് പുറമെ മനുഷ്യവർഗത്തിന്റെയും പ്രകൃതിയുടെയും പരിണാമത്തെക്കുറിച്ച് മനസ്സിലാക്കാനും പരിസ്ഥിതിവിജ്ഞാനം സഹായിക്കുന്നു. ജൈവമണ്ഡലത്തിലും ജീവസമൂഹത്തിലും അവയുടെ ആവാസവ്യവസ്ഥയിലും നടക്കുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങളാണ് പ്രക്യതിയിൽ നടക്കുന്ന എല്ലാ മാറ്റങ്ങൾക്കും നിദാനം. അതിനാൽ പരിസ്ഥിതി വിജ്ഞാനത്തിലെ ശാസ്ത്രീയ പഠനങ്ങൾ പലപ്പോഴും ജീവസമൂഹത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. ഏതെങ്കിലും ഒരു ജീവിവർഗം മാത്രമുള്ള ജീവസമൂഹത്തെ കേന്ദ്രീകരിച്ച് പഠനം നടത്തുന്ന പരിസ്ഥിതിവിജ്ഞാനം ചിലപ്പോൾ ഒന്നിലേറെ ജീവിവർഗങ്ങൾ ഉൾക്കൊള്ളുന്ന സമൂഹത്തെയോ ഒരു ജീവിസമുദായം മുഴുവനേയോ അല്ലെങ്കിൽ ഒരു ആവാസവ്യവസ്ഥ തന്നെയോ പഠനവിധേയമാക്കാറുണ്ട്.

പരിസ്ഥിതിവിജ്ഞാനത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് പരിസ്ഥിതിസംരക്ഷണത്തിനാണ്. പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യന് നിലനിൽപ്പില്ല തന്നെ. പരിസ്ഥിതിവിജ്ഞാനത്തിലെ പല ഗവേഷണങ്ങൾക്കും മനുഷ്യർ വിഷയമാവാറുണ്ട്. നാം ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ ചുറ്റുപാടുകൾ പരിസ്ഥിതി പഠനത്തിലെ മുഖ്യകണ്ണികൾ തന്നെ. മനുഷ്യരെക്കുറിച്ചു മാത്രമല്ല. പ്രകൃതിയിലെ മറ്റ് ജീവികളെക്കുറിച്ചും അവയുടെ ചുറ്റുപാടുകളെക്കുറിച്ചും പഠിക്കുന്ന ചില പ്രത്യേക വിഭാഗങ്ങൾ പരിസ്ഥിതിവിജ്ഞാനത്തിലുണ്ട്. ഒരു പ്രത്യേക ആവാസ വ്യവസ്ഥയെയോ അല്ലെങ്കിൽ ഒരു പ്രത്യേക ജീവിവർഗത്തെയോ ആണ് ഇങ്ങനെ പഠനവിധേയമാക്കുന്നത്.

പരിസ്ഥിതിവിജ്ഞാനത്തിൽ ഒരു ജീവിയെക്കുറിച്ച് പഠിക്കുമ്പോൾ അതിന്റെ ചുറ്റുപാടും അത് ജീവിക്കുന്ന സാഹചര്യങ്ങളും വിശദീകരിക്കപ്പെടുന്നു. കൂടാതെ അവയ്ക്ക് സ്വന്തം വർഗത്തോടും മറ്റു വർഗത്തിൽപ്പെട്ട ജീവികളോടും പരിസ്ഥിതിയോടുമുള്ള ബന്ധങ്ങളും പ്രവർത്തനങ്ങളും പഠനവിഷയമാക്കപ്പെടുകയും ചെയ്യുന്നു.

പരിസ്ഥിതിവിജ്ഞാന വ്യാപനത്തിലെ ഒരു പ്രധാന ഘടകമാണ് പരിസ്ഥിതി സംഘടനകൾ. പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതിയുടെ സംതുലനാവസ്ഥ നിലനിർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനകളെ ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലും കാണാൻ കഴിയും. പ്രധാനപ്പെട്ട പരിസ്ഥിതി സംഘടനകളെക്കുറിച്ച് പരിസ്ഥിതി സംരക്ഷണം എന്ന അധ്യായത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ചിപ്കോ, എപികോ എന്നീ സംഘടനകളുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

ജലം, മണ്ണ്, വായു തുടങ്ങിയ പ്രകൃതിവിഭവങ്ങൾ മലിനമാകാതെ സംരക്ഷിച്ചു നിർത്തുകയാണ് പരിസ്ഥിതി പ്രവർത്തകരുടെ പ്രധാന ലക്ഷ്യം. നിരവധി ആവാസവ്യവസ്ഥകളുടെ സുസ്ഥിരതയ്ക്കായി അവർ പോരാടുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള അണക്കെട്ടുകളുടെ നിർമ്മാണത്തിനെതിരെയും ഇവർ രംഗത്തിറങ്ങാറുണ്ട്. ഇതിനുപുറമെ പ്രകൃതിദത്തമായ വനസമ്പത്തും സംരക്ഷിക്കുന്നതിനുവേണ്ടിയും പരിസ്ഥിതി സംഘടനകൾ പ്രയത്നിക്കുന്നു.

പ്രക്യതിയിലെ ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസ ഉൽപ്പന്നങ്ങൾക്കെതിരെയും അവർ ശബ്ദമുയർത്താറുണ്ട്. ആണവ പരീക്ഷണങ്ങളും രാസ-ജൈവ ആയുധങ്ങളും നിരോധിക്കുന്നതിനുവേണ്ടിയും പരിസ്ഥിതി സംഘടനകൾ പോരാടുന്നു. മനുഷ്യർക്കും മൃഗങ്ങൾക്കും നാശമുണ്ടാക്കുന്ന ഖനന പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുന്നതിനും ജാഗരൂകരാണ് ഇവർ. മാംസത്തിനും ചർമ്മത്തിനും മറ്റുമായി മൃഗങ്ങളെ വേട്ടയാടുന്നതിനെതിരെ സമൂഹത്തിന്‍റെ പ്രതികരണവും പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെടുന്നു.

നമ്മുടെ ചുറ്റുപാടുകൾ

നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. ജീവിയുടെ ജീവിത ചുറ്റുപാട് ആവാസവ്യവസ്ഥ എന്നാണറിയപ്പെടുന്നത്. ഒരു ആവാസവ്യവസ്ഥ നിലനിൽക്കുന്നതാകട്ടെ അവിടെ ജീവിക്കുന്ന ജീവജാലങ്ങളുടെ പരസ്പര ഇടപെടലുകളുടെ അടിസ്ഥാനത്തിലായിരിക്കും. മനുഷ്യർക്കുമാത്രമല്ല മറ്റു ജീവജാലങ്ങൾക്കും സ്വന്തമായ ഒരു ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന പരിസ്ഥിതിയും ഉണ്ട്.

ഒരു ജീവിയുടെ പരിസ്ഥിതി എന്നത് അതിന് ജീവിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കുന്ന പ്രകൃതിയിലെ എല്ലാ ഘടകങ്ങളും ചേർന്നാണ് രൂപപ്പെടുന്നത്. ഇതിൽ ജീവീയ ഘടകങ്ങൾക്കും അജീവിയ ഘടകങ്ങൾക്കും പ്രാധാന്യമുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള പല ജീവിവർഗങ്ങളും നമ്മുടെ ജീവിതത്തെ അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുന്നു. അതുപോലെ എല്ലാ ജീവജാലങ്ങളും തങ്ങളുടെ നിലനില്‍പ്പിനായി ആശ്രയിക്കുന്ന ഒരു ആവാസവ്യവസ്ഥയുണ്ടായിരിക്കും. അവിടുത്തെ ഭൗമാന്തരീക്ഷവും കാലാവസ്ഥയും അവയുടെ ജീവിതത്തെ സ്വാധീനിക്കുന്നു.

പരിസ്ഥിതി രൂപപ്പെടുന്നത്

പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതിവിജ്ഞാനക്കുറിച്ചും പഠിക്കുമ്പോൾ, പരിസ്ഥിതി എങ്ങനെ രൂപം പ്രാപിച്ചു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും ഫലമായോ മറിച്ച് പ്രകൃതിദത്തമായോ രൂപപ്പെട്ട ഒന്നാണ് പരിസ്ഥിതി. ജീവജാലങ്ങളും പ്രക്യതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപ്പിനാധാരം. ഓരോന്നിനും ജീവിക്കുന്നതിനാവശ്യമായ ചുറ്റുപാടുകൾ ഒരുക്കുന്നതും പരിസ്ഥിതിതന്നെ. ജീവജാലങ്ങളുടെ സ്വഭാവം നിർണയിക്കുന്നതിലും പരിസ്ഥിതിക്ക് പങ്കുണ്ട്. ജീവീയ ഘടകങ്ങളും അജീവീയഘടകങ്ങളും ചേർന്നാണ് പരിസ്ഥിതി രൂപപ്പെടുന്നതെന്ന് നാം കണ്ടുവല്ലോ. പരിസ്ഥിതിയിൽ കാണുന്ന ജീവനുള്ള എല്ലാ വസ്തുക്കളും ജീവീയഘടകങ്ങളിൽപ്പെടുന്നു. ഭൗമാന്തരീക്ഷം, കാലാവസ്ഥ, സൂര്യപ്രകാശം തുടങ്ങിയവ അജീവീയ ഘടകങ്ങളിലും. ഇതിൽ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളുമടങ്ങുന്ന ജീവീയ ഘടകങ്ങൾ ബയോസിനോസ് എന്നറിയപ്പെടുന്നു. ജീവീയഘടകങ്ങൾ നിലനിൽക്കുന്നത് ജൈവമണ്ഡലത്തിലാണ്. ശിലാമണ്ഡലവും ജലമണ്ഡലവും അന്തരീക്ഷവും ചേർന്നതാണ് ജൈവമണ്ഡലം. ജൈവമണ്ഡലത്തിലെ ജീവനുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള പരസ്പരബന്ധത്തിലൂടെ പരിസ്ഥിതി രൂപപ്പെടുന്നു. ഇവയിൽ ഓരോ ഘടകവും മറ്റൊന്നിന്റെ നിലനിൽപ്പിനെ സ്വാധീനിക്കുന്നു.

ജീവജാലങ്ങളുടെ പരസ്പരബന്ധവും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഒരേ വർഗ്ഗത്തിൽപെട്ട ജീവികൾ നിലനിൽപ്പിനുവേണ്ടി പരസ്പരം മത്സരിക്കുകയും സഹകരിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവയെ ഇരകളാക്കുകയും മറ്റുള്ളവയുടെ ഇരകളാവുകയും ചെയ്യുന്ന അവസ്ഥയാണ് ജീവജാലങ്ങൾക്ക് പരിസ്ഥിതിയിലുള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ജീവി വർഗം വർധിക്കുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥിതിയുടെ നിലനിൽപ്പിന് ഭീഷണിയാണ്.

കടപ്പാട്: നമ്മുടെ പരിസ്ഥിതി

Poorna reference series - Science

2.86486486486
Anika s Amal Feb 12, 2019 08:05 PM

Ennik nallapole preyojana peattu.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top