ഓരോ വീട്ടിലും ലഭിക്കുന്ന ജൈവ മാലിന്യങ്ങളിൽ നിന്നും വളരെ ചെലവു കുറഞ്ഞ വിധത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് ആവശ്യമായ ദ്രവ ജൈവവളം ഉണ്ടാക്കി എടുക്കാൻ പര്യാപ്തമായ സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണു്. . ഗാർഹിക ജൈവമാലിന്യങ്ങൾ എന്നു പറയുമ്പോൾ അത് വിവിധ തരം മാലിന്യങ്ങളുടെ ഒരു മിശ്രിതം തന്നെയാണല്ലോ? ഇവയിൽ വേഗത്തിൽ ജീർണിക്കുന്ന പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, മത്സ്യ മാംസാവശിഷ്ടം, വിവിധ തരം പഴങ്ങളുടെ അവശിഷ്ടം എന്നിവയും മൽസ്യ മാംസാദികൾ കഴുകുന്ന വെള്ളം, കഞ്ഞി വെള്ളം, ധാന്യങ്ങൾ കഴുകുന്ന വെള്ളം എന്നിവയും ദ്രവ ജൈവവള നിർമ്മാണത്തിനായി ഉപയോഗിക്കാം.
ജൈവ മാലിന്യങ്ങൾ അന്തരീക്ഷവായു ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽആയിരിക്കുമ്പോൾ പ്രത്യേക വിഭാഗത്തിൽപ്പെടുന്ന സൂഷ്മാണു ജീവികൾ ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്ന പ്രവർത്തന ഫലമായാണ് അവ ജൈവവളമായി മാറുന്നത്. ഇതിനായി അന്തരീക്ഷവായുവിന്റെ അഭാവത്തിൽ മാത്രം പ്രവർത്തിക്കുന്ന ഇത്തരം സൂഷ്മാണു ജീവികളെ പ്രാരംഭമായി വളർത്തിയെടുക്കേണ്ടതുണ്ട്. മനുഷ്യന് യാതൊരു വിധത്തിലും ഹാനികരമല്ലാത്ത ഇവ ഒരു പ്രാവശ്യം പ്രവർത്തനമാരംഭിച്ചാൽ തുടർ ചെലവുകൾ ഒന്നും തന്നെ ഇല്ലാതെ ദീർഘകാലം പ്രവർത്തനക്ഷമമായിരിക്കും.
ദ്രവ ജൈവവള നിർമ്മാണത്തിന് വായു കടക്കാത്ത ഒരു ചേമ്പർ അഥവാ സംഭരണി ആവശ്യമാണ് . വായു കടക്കാത്ത സാഹചര്യം നിലനിർത്താൻ സംഭരണിക്കുള്ളിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന്നും ദ്രവ ജൈവവളം ശേഖരിക്കുന്നതിനുമുള്ള പൈപ്പുകൾ കൂടി ഈ സംഭരണിയിൽ ഘടിപ്പിച്ചാൽ മതി. ജൈവ മാലിന്യങ്ങൾ ദ്രവജൈവവളമായി മാറുന്ന സമയത്ത് അതോടൊപ്പം ഉയർന അളവിൽ ബയോഗ്യാസും ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സംഭരിക്കാനുളള സംവിധാനങ്ങൾ കൂടി സംസ്കരണ സംഭരണിയോടനുബന്ധിച്ച് ഘടിപ്പിച്ചിരുന്നാൽ സംസ്കരണ സമയത്ത് ഉണ്ടാകുന്ന ബയോഗ്യാസ് ശേഖരിച്ച് പാചകത്തിനോ മറ്റ് ഇന്ധന ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയും.
ഓരോ ദിവസവും ലഭിക്കുന്ന ജൈവ മാലിന്യങ്ങളുടെ അളവിന് അനുയോജ്യമായ വലുപ്പത്തിലുള്ള സംസ്കരണ സംഭരണിയാണ് തെരഞ്ഞെടുക്കേണ്ടത്. അഞ്ച് അംഗങ്ങൾ വരെയുള്ള ഒരു കുടുംബത്തിന് ആയിരം ലിറ്റർ വലുപ്പത്തിലുള്ള സംഭരണിയാണ് അനുയോജ്യം . മാലിന്യ സംഭരണിയുടെ വലുപ്പം കുറവായിരുന്നാൽ ജൈവമാലിന്യങ്ങൾ പൂർണമായും സംസ്കരിക്കപ്പെടാതെ സംഭരണിയിൽ നിന്നും പുറത്തുവരും. ഇതിന് അമ്ളാംശം ( അസിഡിറ്റി) വളരെ കൂടുതലായിരിക്കുന്നതിനാൽ ഇത് വളമായി ഉപയോഗിച്ചാൽ ചെടികൾ കരിഞ്ഞുപോകുന്നതിനും സാദ്ധ്യതയുണ്ട് . തന്നെയുമല്ല ഈ ദ്രാവകത്തിന് വളക്കൂറും നന്നേ കുറവായിരിക്കും. ഇത്തരം സാഹചര്യം ഒഴിവാക്കാൻ മതിയായ വലുപ്പത്തിലുള്ള സംഭരണികൾ വേണം തെരഞ്ഞെടുക്കാൻ
ദ്രവജൈവവള നിർമ്മാണത്തിന് പ്രാരംഭമായി സംസ്കരണ സംഭരണിയിൽ സൂക്ഷ്മാണു ജീവികളെ പ്രവർത്തനക്ഷമമാക്കുന്നതിനായി ഏറ്റവും ചെലവു കുറഞ്ഞ മാദ്ധ്യമമാണ് കന്നുകാലി ചാണകം. ഒരാഴ്ചയോളം പഴക്കമുള്ള പശുവിൻ ചാണകം തുല്യ അളവിൽ വെള്ളമുമായി കലർത്തി മിശ്രിതമാക്കി ചവറുകൾ ഉണ്ടെങ്കിൽ അവ നീക്കംചെയ്ത ശേഷം സംഭരണിയുടെ മുക്കാൽ ഭാഗത്തോളം നിറക്കണം . ഇതിനായി സംഭരണിയുടെ വലുപ്പം അനുസരിച്ച് 5 കുട്ടമുതൽ 20 കുട്ടവരെ ചാണകം ആവശ്യമാണ് . ഇത് പ്രാരംഭ ഘട്ടത്തിൽ ഒരു പ്രാവശ്യം മാത്രം മതിയാകും. ചാണകം കലക്കി നിറച്ചശേഷം വാതക സംഭരണി കൊണ്ട് സംസ്കരണ സംഭരണിയുടെ മുകൾ വശം അടച്ചു വക്കുക. ഇതിനു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്കരണ സംഭരണിയോടനുബന്ധിച്ചുള്ള വാതക സംഭരണി മുകളിലേക്ക് ഉയർന്നു വരുന്നതായി കാണാം. ഇത് സംസ്കരണ സംഭരണിക്കുള്ളിലെ സൂഷ്മാണു ജീവികളുടെ പ്രവർത്തന ഫലമായുണ്ടാകുന്ന ജൈവ വാതകം സoഭരണയിൽ നിറയുന്നതു കൊണ്ടാണ്. . ഈ ജൈവ വാതകം കത്തിച്ച് നോക്കുമ്പോൾ നീല നിറത്തിലുള്ള ജ്വാലയോടു കൂടി കത്തുകയാണെങ്കിൽ സംസ്കരണ പ്ലാന്റ് പ്രവർത്തനക്ഷമമായെന്നു മനസിലാക്കാം. ഇത്തരത്തിൽ ഉണ്ടാകുന്ന ജൈവ വാതകം മൂന്നു ദിവസം കത്തിച്ചതിനു ശേഷം ജൈവവള നിർമ്മാണത്തിനുള്ള ജൈവ മാലിന്യങ്ങൾ സംസ്കരണ സംഭരണിയിലേക്ക് നിക്ഷേപിച്ചു തുടങ്ങാം. ഓരോ ദിവസവും ലഭിക്കുന്ന ജൈവ മാലിന്യങ്ങൾ അതാതു ദിവസം തന്നെ സംസ്കരണിയിലേക്ക് നിക്ഷേപിക്കുന്നതാണ് അഭികാമ്യം. പല ദിവസങ്ങളിൽ ലഭിക്കുന്ന മാലിന്യങ്ങൾ ഒരുമിച്ച് ശേഖരിച്ചോ അടുത്ത വീടുകളിലെ മാലിന്യങ്ങൾ കൂടി ശേഖരിച്ചോ പ്ലാന്റിൽ നിക്ഷേപിച്ചാൽ പ്രവർത്തനം തകരാറിൽ ആകുന്നതായി കണ്ടുവരുന്നു.
വേഗത്തിൽ ജീർണിക്കുന്ന എല്ലാ മാലിന്യങ്ങളും ജൈവവള നിർമ്മാണത്തിന് പ്രയോജനപ്പെടുത്താം. ഉദാഹരണമായി പാചകം ചെയ്ത ഭക്ഷണാവശിഷ്ടം മൽസ്യ മാംസാവശിഷ്ടവും പഴങ്ങളുടേയും പച്ചക്കറികളുടെയും അവശിഷ്ടങ്ങളും മൽസ്യ മാംസാദികൾ കഴുകുന്ന ജൈവ വസ്തുക്കൾ അടങ്ങിയ വെള്ളവും ജൈവവള നിർമ്മാണത്തിന് ഉപയോഗിക്കാം. കന്നുകാലി ചാണക മോ കോഴി, പന്നി തുടങ്ങിയ പക്ഷിമൃഗാദികളുടെ കഷ്ടമോ തേങ്ങാവെള്ളം റബ്ബർഷീറ്റ് നിർമ്മാണ വേളയിലുണ്ടാകുന്ന മലിനജലം തുടങ്ങിയവയും ജൈവവള നിർമ്മാണത്തിന് മറ്റ് വസ്തുക്കളോടൊപ്പം ഉപയോഗിക്കാം . എന്നാൽ ഇവയുടെ അളവ് കൂടുതലാണെങ്കിൽ ലഭ്യതക്ക് അനുയോജ്യമായ വലുപ്പത്തിലുള്ള സംസ്കരണി തെരഞ്ഞെടുക്കേണ്ടതുണ്ട്.
ദ്രവ ജൈവവള നിർമ്മാണം വളരെ ലളിതവും ആയാസരഹിതമായി നടത്താവുന്നതുമായ ഒരു പ്രക്രിയയാണ്. ദിവസേന ലഭിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളും ജൈവ - മലിനജലവും ഒരു പാത്രത്തിൽ ശേഖരിക്കുക. ഇത് ഓരോ ദിവസവും ഒന്നോ രണ്ടോ പ്രാവശ്യമായി സംസ്കരണ സംഭരണിയിൽ അഥവാ സംസ്കരണ പ്ലാന്റിൽ മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട അറയിൽ ഒഴിച്ചു കൊടുക്കുക . സംസ്കരണ സംഭരണിയിൽ എത്തിച്ചേരുന്ന ജൈവ മാലിന്യങ്ങളെ സംഭരണിക്കുള്ളിലെ സൂക്ഷ്മാണു ജീവികൾ വിഘടിപ്പിച്ച് ജൈവവളവും ജൈവ വാതകവുമാക്കി മാറ്റുന്നു. ജൈവവളമായി മാറിയ ജൈവ മാലിന്യങ്ങൾ സംസ്കരണിയിലെ പ്രത്യേക പൈപ്പ് വഴി പുറത്തേക്ക് വരുന്നു. കൂടുതൽ വേഗത്തിൽ ജൈവവളം ഉണ്ടാക്കണമെന്നുണ്ടെങ്കിൽ ജൈവസ്തുക്കൾ ബക്കറ്റിൽ / പാത്രത്തിൽ ശേഖരിക്കുന്നതിനു മുമ്പ് കുറച്ചു വെള്ളവുമായി കലർത്തി വീട്ടിലെ മിക്സർ ഗ്രൈന്ററിൽ അരച്ച ശേഷം മാലിന്യം ശേഖരിക്കുന്ന പാത്രത്തിൽ ഒഴിച്ച് സൂക്ഷിച്ച് സംസ്കരണ പ്ലാന്റിലേക്ക് ഒഴിച്ച് കൊടുക്കാവുന്ന താണ്.
സംസ്കരണം പൂർത്തിയായി പ്ലാന്റിൽ നിന്നും പുറത്തു വരുന്ന ദ്രവജൈവവളം ഒരു പാത്രത്തിൽ ശേഖരിച്ച് ഇരട്ടി അളവിൽ വെള്ളവുമായി കലർത്തി എല്ലാതരം ചെടികൾക്കും വളമായി ഉപയോഗിക്കാം . ഇത് ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയോ ഇലകളിൽ തിളച്ചു കൊടുക്കുകയോ ചെയ്യാം. ഇത് മണ്ണിന്റെ ജൈവഘടനയെ പുഷ്ടിപ്പെടുത്തുക മാത്രമല്ല മണ്ണിൽ ജലം ശേഖരിച്ചു വക്കാനുള്ള കഴിവും മണ്ണിനുള്ളിലേക്കുള്ള വായുസഞ്ചാരവും കൂട്ടുകയും ചെയ്യുന്നു . സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന അടിസ്ഥാന മൂലകങ്ങൾ ഈ ജൈവവളത്തിൽ സമൃദ്ധിയായി അടങ്ങിയിരിക്കുന്നു. ഇത് ഇലകളിൽ തിളച്ചു കൊടുക്കുമ്പോൾ കീടങ്ങളെ അകറ്റി നിർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്നതായും കണ്ടു വരുന്നു. മറ്റ് ഖര -ദ്രവ ജൈവവളങ്ങളുമായി കലർത്തിയും ഇത് ഉപയോഗിക്കാവുന്നതാണ്.
ഉത്പാദിപ്പിക്കുന്ന ജൈവവളത്തിന്റെ ഗുണമേൻമ കൂട്ടണമെന്നുണ്ടെങ്കിൽ രണ്ടാഴ്ചയിൽ ഒരിക്കൽ ഒരു കിലോ വേപ്പിൻ പിണ്ണാക്കും ഒരു കിലോ കടലപിണ്ണാക്കും ഒരമിച്ചു കലർത്തി ഒരു മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്ത ശേഷം 5 ലിറ്റർ വെള്ളവുമായി കലർത്തി ഗാർഹിക ജൈവ മാലിന്യങ്ങൾ സംസ്കരണ പ്ലാനറിൽ നിക്ഷേപിക്കുന്നതിൽ മുൻപ് സംസ്കരണിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഇപ്രകാരം ചെയ്യുമ്പോൾ അടുത്ത ദിവസങ്ങളിൽ സംസ്കരണ പ്ലാനറിൽ ജൈവ വാതക ഉത്പാദനവും കൂടുന്നതായും കണ്ടു വരുന്നു. ഇത് തുല്യ ഇടവേളകളിൽ ആവർത്തിക്കാവുന്നതാണ്.
അടുക്കളയിൽ നിന്നും പുറംതള്ളുന്ന ജൈവ മാലിന്യങ്ങളെ യാതൊരുവിധ തുടർ ചെലവുമില്ലാതെ സംസ്കരിച്ച് ജൈവവളമാക്കി മാറ്റി കൃഷിക്ക് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ജൈവപച്ചക്കറികൾ വീണ്ടും അടുക്കളയിലേക്ക് തിരികെയെത്തുന്നതിലൂടെ ജൈവവസ്തുക്കളുടെ ഒരു സമ്പൂർണ ചാക്രിക പ്രവർത്തനം പൂർത്തിയാക്കുകയാണ്. തന്നെയുമല്ല ജൈവളവള ഉത്പാദന സമയത്ത് ലഭിക്കുന്ന ജൈവ വാതകം പാചക ഇന്ധനമായി ഉപയോഗിക്കുന്നതിലൂടെ ദൈനംദിന പാചക ആവശ്യത്തിനുള്ള LPG യുടെ ഉപയോഗം 50 ശതമാനത്തിൽ അധികം ലാഭിക്കുന്നതിനും സാധിക്കുന്നു. പുകയുടെയോ കരിയുടെയോ ശല്യമില്ലാത്ത ബയോഗ്യാസ് LPGയേക്കാൾ അപകട സാധ്യത കുറഞ്ഞ ഒരു ഹരിത ഇന്ധനവുമാണ്.
അഞ്ച് അംഗങ്ങൾ വരെയുള്ള വീടുകളിൽ ഗുണമേൻമയുള്ള ഒരു ജൈവവള നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ 18000 രൂപ മുതൽ 24000 രൂപ വരെ ചെലവു വരുമെങ്കിലും മുടക്കുമുതൽ പരമാവധി രണ്ട് വർഷത്തിനുള്ളിൽ ജൈവവളമായും പാചകവാതകമായും തിരികെ ലഭിക്കും എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ഇതു കൂടാതെ കേന്ദ്ര പാരമ്പര്യേതര ഊർജ്ജ മന്ത്രാലയം സംസ്ഥാന സർക്കാർ , വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബയോടെക് എന്നിവ മുഖേന സബ്സിഡിയും തുടർസർവ്വീസിംഗും ഗുണഭോക്താക്കൾക്ക് ലഭിക്കുന്നു.
ജൈവവള നിർമ്മാണത്തിന് അനുയോജ്യമായ സംസ്കരണികൾ വിവിധ വലുപ്പത്തിലും മാതൃകയിലും ഇപ്പോൾ ലഭ്യമാണ്. ഇത്തരം സംസ്കരണ പ്ലാന്റുകൾ തെരഞ്ഞെടുക്കുമ്പോൾ മികച്ച സേവന പാരമ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ഗുണമേൻമയുള്ള പ്ലാന്റുകൾ മാത്രം തെരഞ്ഞെടുത്താൽ ദീർഘകാല പ്രവർത്തനം ഉറപ്പുവരുത്താം.
ദൈനംദിന ജീവിതത്തിൽ ഏറ്റവും തലവേതന സൃഷ്ടിക്കുന്ന ജൈവ മാലിന്യങ്ങളെ ജൈവവളമാക്കി മാറ്റുമ്പോൾ ഒരേ സമയം മൂന്നു വിധത്തിലുള്ള നേട്ടങ്ങളാണ് ലഭിക്കുന്നത്. വീടുകളിലും പൊതു സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങളുടെ യഥാസമയമുള്ള കാര്യക്ഷമമായ സംസ്കരണം, ജൈവവള ഉത്പാദനം, പാചക വാതക ഉത്പാദനം എന്നിങ്ങനെ ഒരു വെടിക്ക് മൂന്നു പക്ഷി എന്നു പറയാവുന്ന വിധത്തിൽ മേൻമകളുള്ള പദ്ധതിയാണിത്.
ജൈവ കൃഷിക്ക് പ്രാധാന്യം ഏറി വരുന്ന ഇക്കാലത്ത് ജൈവവളത്തിന്റെ ആവശ്യകത
ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണല്ലോ? ഗുണമേൻമയുള്ള ജൈവവളം യാതൊരു തുടർ ചെലവും ഇല്ലാതെ ഉണ്ടാക്കി എടുക്കാൻ കഴിയുന്നതിനാൽ ജൈവകൃഷി കൂടുതൽ ലാഭകരമാക്കാൻ അത് സഹായിക്കും എന്നുള്ള കാര്യത്തിൽ സന്ദേഹമില്ല.
മാലിന്യങ്ങൾ എന്നു പറഞ്ഞ് വലിച്ചെറിയുന്ന ജൈവാവശിഷ്ടങ്ങൾ യഥാർത്ഥത്തിൽ ധനമാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത്രത്തോളം ജനോപകാരപ്രദമായ ഈ പദ്ധതി എല്ലാവരും ഏറ്റെടുത്ത് നടപ്പാക്കിയാൽ മാലിന്യ സംസ്കരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആശ്രയിക്കാതെ ഓരോ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വന്തം മാലിന്യങ്ങൾ സംസ്കരിക്കുന്ന കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കും. അതിന് ജനകീയ കൂട്ടായ്മകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിശിഷ്യാ റസിഡന്റ്സ് അസോസിയേഷനുകളുടെയും ആത്മാർഥമായ പരിശ്രമം ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.
വിശദവിവരങ്ങള്‍ക്ക്
ഡോ. എ. സജിദാസ്, മാനേജിംഗ് ഡയറക്ടർ, ബയോടെക് റി ന്യുവബിൾ എനർജി , ബയോടെക് ടവേഴ്സ്, പി.ബി. നമ്പര്‍ 520, എം.പി. അപ്പന്‍ റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 14, ഫോണ്‍ - 0471-2332179, 2321909, 2331909
നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഫലമായി വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നു. ഇവയെ യഥാസമയം സംസ്കരിക്കേണ്ടത് ശുചിത്വം നിലനിർത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. മാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് പറഞ്ഞ് സ്വയം മാറി നിൽക്കാൻ കഴിയാത്ത ഒരു സാഹചര്യമാണല്ലോ ഇപ്പോൾ സംജാതമായിരിക്കുന്നത്. സ്വന്തം വീട്ടിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ അതുണ്ടാക്കുന്നവർ തന്നെ സംസ്കരിക്കണം എന്നുള്ള ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ ഒരു പരിധി വരെയെങ്കിലും ഇത് ആവശ്യവുമാണ്.
വീടുകളിലെ ദൈനംദിന കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാൻ വീട്ടമ്മമാർ
ബുദ്ധിമുട്ടു ചില്ലറയൊന്നുമല്ല . എന്നിരുന്നാലും വീടുകളിലെ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക് എത്രത്തോളമാണെന്ന് പരിശോധിക്കാംഓരോ വീട്ടിലും ദൈനംദിന പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിൽ പലതരത്തിലുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നു. വീടുകളിലെ മാലിന്യങ്ങളിൽ മുഖ്യപങ്കും ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും ഭക്ഷണം കഴിച്ചതിനു ശേഷവും ഉണ്ടാകുന്ന അവശിഷ്ടങ്ങളാണല്ലോ. ഭക്ഷണം പാകം ചെയ്യുന്നതിനു മുൻമ്പ് ഉണ്ടാകുന്ന മാലിന്യങ്ങൾ പ്രധാനമായും മൽസ്യ മാംസാവശിഷം പച്ചക്കറികളുടെ അവശിഷ്ടം എന്നീവയും മൽസ്യ മാംസാദികളും ധാന്യങ്ങളും കഴുകുന്ന വെള്ളവും ഉൾപ്പെടുന്നു. ഭക്ഷണശേഷമുള്ള മാലിന്യങ്ങളിൽ പഴകിയതും കേടു സംഭവിച്ചതുമായ എല്ലാത്തരം ഭക്ഷണാവശിഷ്ടങ്ങളും പഴങ്ങളുടെ അവശീഷ്ടങ്ങളും അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ ഗാർഹിക ആവശ്യങ്ങൾക്കുള്ള ഓരോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കവറുകളും ഗാർഹിക മാലിന്യങ്ങളിൽപ്പെടുത്താം. വീട്ടിനു പരിസരത്തുള്ള ചെടികളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളുടെ കൂട്ടത്തിൽ പെടുന്നു. മാലിന്യങ്ങളിൽ പ്രധാന പങ്കും അടുക്കളയിൽ നിന്നാണ് ഉണ്ടാകുന്നത് അതിനാൽ തന്നെ മാലിന്യങ്ങളുടെ കൈകാര്യം ചെയ്യലിൽ വീട്ടമ്മമാർക്ക് മുഖ്യ പങ്കു വഹിക്കാൻ കഴിയും.
ജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് നിരവധി മാർഗ്ഗങ്ങൾ നിലവിലുണ്ട്. ഇവ പ്രധാനമായും ബയോഗ്യാസ് ഉത്പാദനം, എയ്റോബിക്ക് കമ്പോസ്റ്റിംഗ് , മണ്ണിര കമ്പോസ്റ്റ് , പൈപ്പ് കമ്പോസ്റ്റ്, കത്തിച്ച് സംസ്കരിക്കൽ എന്നിവയാണ് . ജൈവ മാലിന്യ സംസ്കരണത്തിൽ ബയോഗ്യാസ് ഉത്പാദനം ഒഴികെയുള്ള എല്ലാ മാർഗങ്ങളിലും സംസ്കരണ ഭലമായി ജൈവവളം മാത്രമേ ലഭിക്കുന്നുള്ളു. എന്നാൽ ഒരു ഗാർഹിക ബയോഗ്യാസ് പ്ലാന്റുണ്ടെങ്കിൽ മാലിന്യ സംസ്കരണത്തിലൂടെ പാചകവാതകവും ജൈവവളവും ഒരേ സമയം ലഭിക്കുന്നു, അതിനാൽ തന്നെ വീട്ടമ്മമാർക്ക് ഏറ്റവും പ്രയോജനപ്രദമായ മാലിന്യ സംസ്കരണ മാർഗ്ഗം ബയോഗ്യാസ് ഉത്പാദനം ആണെന്നു മനസിലാക്കാം.
ഒരു വീട്ടിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിലൂടെ ആ വീട്ടിലെ 50 % ൽ അധികം പാചക ആവശ്യങ്ങൾക്കുള്ള ഇന്ധനം ഉണ്ടാക്കിയെടുക്കാൻ കഴിയും. സംസ്കരണ ശേഷം ലഭിക്കുന്ന ദ്രാവകം ഒരു സമ്പുഷ്ട ജൈവവളമാണ് . ഇത് വീട്ടമ്മമാർക്ക് സ്വന്തമായിതന്നെ അടുക്കളയോടു ചേർന്ന് പച്ചക്കറി കൃഷി ചെയ്യാൻ സൗകര്യപ്രദമായ വിധത്തിൽ ജൈവവളമായി ഉപയോഗിക്കാം. ഇതിലൂടെ ഗുണമേൻമയുള്ള ജൈവ പച്ചക്കികൾ സ്വന്തം വീട്ടുവളപ്പീൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വീട്ടമ്മമാർക്ക് സാധിക്കുന്നു. മാത്രവുമല്ല സ്വന്തം വീട്ടിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ പരസഹായം കൂടാതെ സംസ്കരിക്കാനും കഴിയുന്നു. .
വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഭക്ഷണ രീതി, മറ്റ് മാലിന്യങ്ങളുടെ ലഭ്യത
എന്നിവ കണക്കാക്കി അനുയോജ്യമായ വലുപ്പത്തിലുള്ള പ്ളാൻറുകൾ തെരഞ്ഞെടുക്കാം. നാലോ അഞ്ചോ അംഗങ്ങൾ ഉള്ള വീട്ടിലേക്ക് ഒത ഘന മീറ്റർ വലുപ്പമുള്ള പ്ലാൻ്റുകളാണ് ഏറ്റവും അനുയോജ്യം. പ്ളാൻ്റുകളിൽ വാട്ടർ ജാക്കറ്റ് ഉള്ളവയും ഇല്ലാത്തവയും എന്നിങ്ങനെ രണ്ട് മോഡലുകൾ ലഭ്യമാണ്, വാട്ടർ ജാക്കറ്റ് ഉള്ള മാതൃകകളാണു ഏറ്റവും അനുയോജ്യം. ഇതിന് 20,000 മുതൽ 25000 രൂപ വരെ ചെലവു വരും.ഗുണമേൻമയോടെ നിർമ്മിക്കുന്ന പ്ളാൻറുകൾ 15 മുതൽ 20 വർഷം വരെ കാര്യക്ഷമമായി പ്രവർത്തിയും .
ഗാർഹിക മാലിന്യ സംസ്കരണത്തിൽ ബയോഗ്യാസ് പ്ലാന്റുകൾക്ക് നിർണായകമായ പങ്കുവഹിക്കാൻ കഴിയും എങ്കിലും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാൽ ജൈവമാലിന്യ സംസ്കരണം പൂർണമായും ഈ പ്ലാന്റിന്റെ സഹായത്താൽ മാത്രം നടത്താൻ കഴിയും എന്നുള്ള ധാരണ തെറ്റാണ്. ബയോഗ്യാസ് പ്ലാന്റുകൾ വേഗത്തിൽ ജീർണിക്കുന്ന മാലിന്യങ്ങളായ പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം , മൽസ്യ മാംസാവശിഷം പഴങ്ങളുടെയും വേഗത്തിൽ ജീർണിക്കുന്ന പച്ചക്കറികളുടെയു അവശിഷ്ടം എന്നിവ സംസ്കരിക്കുന്നതിനാണ് ഏറ്റവും അനുയോജ്യം.സാവധാനത്തിൽ ജീർത്തിക്കുന്ന നാര് അധികമായി അടങ്ങിയിരുന്ന പച്ചക്കറികളുടെയും മുട്ടത്തോട്, എല്ല് , ഉണങ്ങാത്ത പുല്ലും മറ്റ് സസ്യവശീഷടങ്ങളും സഹിതമുള്ള മാലിന്യങ്ങളും ബയോഗ്യാസ് പ്ലാനറിൽ സംസ്കരിക്കുന്നത് പ്രായോഗികമല്ല. ഇത്തരം മാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ചാൽ പ്ലാന്റ് പ്രവർത്തനം മന്ദീഭവിച്ച് ക്രമേണ പ്ലാന്റ് പ്രവർത്തനരഹിതമാകുന്നതായി കണ്ടുവരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ സാവധാനം ജീർണിക്കുന്ന മാലിന്യങ്ങളുടെ സംസ്കരണത്തിന് ഒരു ബയോകമ്പോസ്റ്റർ കൂടി ബയോഗ്യാസ് പ്ലാന്റിന് സമീപത്തായി സ്ഥാപിക്കാം. . ബയോ കമ്പോസ്റ്ററിൽ നിക്ഷേപിക്കുന്ന ജൈവ മാലിന്യങ്ങൾ വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളിൽ ജൈവവളമായി മാറുന്നു. ഒരുമീറ്റർ നീളവും എട്ട് ഇഞ്ച് വ്യാസവുമുള്ള രണ്ട് പ്ലസ്റ്റിക് പൈപ്പുകൾ ഉണ്ടെങ്കിൽ ഒരു ബയോ കമ്പോസ്റ്റർ ഉണ്ടാക്കി എടുക്കാം. ബയോ കമ്പോസ്റ്റർ വളരെ ലളിതമായി എല്ലാ വീട്ടമ്മമാർക്കും ഉപയോഗിക്കത്തക്ക വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇവ കൂടാതെ ഉണങ്ങിയ സസ്യാവശി.ഷ്ഠങ്ങളും കരിയില, തൊണ്ട്, ചിരട്ട , പേപ്പർ തുടങ്ങിയ മാലിന്യങ്ങളും വീടുകളിൽ ദീവസേന ഉണ്ടാകുന്നു. ഇവയെ യഥാസമയം സംസ്കരിക്കുന്നതിന് ഒരു ബയോ ഇൻസിനറേറ്റർ ഉപയോഗിക്കാവുന്നതാണ്. ബയോ ഇൻസിനറേറ്റർ പുകഇല്ലാത
വിറക് അടുപ്പുകളുടെ ഒരു പരിഷ്കരിച്ച പതിപ്പാണ്. ഇവയിൽ ഉണങ്ങിയ മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം ബയോഗ്യാസ് ഇന്ധനമായി ഉപയോഗിച്ച് മാലിന്യങ്ങളെ കത്തിച്ച് സംസ്കരിക്കാം. ബയോ ഇൻസിനറേറ്ററുകളിൽ പ്ലാസ്റ്റിക് കത്തിക്കാത്തതിനാൽ യാതൊരു വിധ പരിസര മലീനീകരണവും ഇവയിൽ നിന്നും ഉണ്ടാകുന്നുമില്ല .
മേൽ പ്രസ്ഥാവിച്ച മൂന്നുതരത്തിലുള്ള സംസ്കരണ സംവിധാനങ്ങളും സ്വന്തമായി രണ്ടോ മൂന്നോ സെന്റിൽ വീടു വച്ചിട്ടുള്ളവർക്കും വളരെ ചുരുങ്ങിയ സ്ഥലപരിധിക്കുള്ളിൽ തന്നെ ഏർപ്പെടുത്താൻ കഴിയും എന്നുള്ളതും ഈ പദ്ധതിയുടെ ഒരു സുപ്രധാന സവിശേഷതയാണ്.
ഇങ്ങനെ ഓരോ വീട്ടിലും വെത്യസ്ഥ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ പ്രായോഗികവും വളരെ ലളിതവുമായ വിവിധ സാങ്കേതിക വിദ്യകൾ ഒരേ സമയംപ്രയോജനപ്പെടുത്തി സംസ്കരിക്കുന്നതിലൂടെ വീട്ടമ്മമാർക്ക് സ്വന്തം വീടുകളിലെ സമ്പൂർണ ജൈവമാലിന്യ സംസ്കരണം പരസഹായം കൂടാതെ തന്നെ ഒരു യാർത്ഥ്യമാക്കാൻ അനായാസം കഴിയും.
സംയോജിത ജൈവ മാലിന്യ സംസ്കരണത്തിന് വീടുകൾക്കും സ്ഥാപാങ്ങൾക്കും അവശ്യമായ ബയോഗ്യാസ് പ്ലാൻറുകളുടെയും ബയോ കബോസ്റ്ററ്റുകളുടെയും ബയോ ഇൻസിനറേറ്ററ്റുകളുടെയും നിർമ്മാണവും തുടർ സർവ്വീസുകമായി ബന്ധപ്പെട്ട എല്ലാ വിധ സേവനങ്ങളും തിരുവനന്തപുരത്ത് വഴുതക്കാട് എം പി അപ്പൻ റോഡിൽ പ്രവർത്തിക്കുന്ന ബയോടെക്കിൻ്റെ കേന്ദ്ര ഓഫീസിൽ നിന്നോ എറണാകുളം, കോഴിക്കോട് മേഘലാ ഓഫീസുകളിൽ നിന്നോ ലഭ്യമാണ്.
ഗാർഹിക മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാർക്ക് നിർണായകമായ
പങ്കുവഹിക്കാൻ കഴിയും എന്നതിൽ സംശയമില്ല. ദിവസേന ഉണ്ടാകുന്ന മാലിന്യങ്ങൾ ആദിവസം തന്നെ സംസ്കരിക്കാൻ കഴിയുന്ന വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഓരോ വീടിലും ക്രമീകരിച്ചിരുന്നാൽ വീട്ടമ്മമാർക്ക് പരസഹായം കൂടാതെ തന്നെ സ്വന്തം വീട്ടിലെ മാലിന്യ സംസ്കരണം യഥാസമയം നടത്താൻ കഴിയും. തന്നെയുമല്ല ജൈവ മാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിനും മാലിന്യ സംസ്കരണ ഭലമായി ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച് വിഷമയമല്ലാത്ത ജൈവ പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാനും സാധിക്കും. അങ്ങനെ അടുക്കളയിൽ നിന്നും പുറന്തള്ളുന്ന എല്ലാ ജൈവ മാലിന്യങ്ങളും പാചക ഇന്ധനമായും ജൈവ പച്ചക്കറിയായും അടുക്കളയിലേക്ക് തന്നെ തിരികെ കൊണ്ടു വരുന്ന ഏറ്റവും പ്രകൃതി സൗഹൃതമായ പദ്ധതി നടത്തിപ്പിൽ ഓരോ വീട്ടമ്മക്കും പങ്കാളിയാകുന്നതിനും സാധിക്കും. ഇത്തരത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ പങ്കാളികളാവുകവഴി ശുചീത്വ ഭാരതം ഒരു യാഥാർധ്യമാക്കാനുള്ള ബൃഹദ് പദ്ധതിയിൽ ഓരോ വീട്ടമ്മമാർക്കും പങ്കുചേരാനും സാധിക്കും. അതിനായി നമുക്കോരോരുത്തർക്കും പരിശ്രമിക്കാം
കടപ്പാട്-http:drsajidas.com
അവസാനം പരിഷ്കരിച്ചത് : 3/2/2020
അന്തരീക്ഷത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ
ഇ-മാലിന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ
കൂടുതല് വിവരങ്ങള്
കൂടുതല് വിവരങ്ങള്