കാലവര്‍ഷം കനക്കാത്തതിന്‍റെ പേരില്‍ മനസ്സ് കനക്കുകയാണ് വയനാടുകാര്‍ക്ക്. പ്രതീക്ഷിച്ച മഴ കിട്ടാത്തതിനാല്‍ കുടിവെള്ളം മുട്ടുമല്ലോ എന്ന ചിന്തയാണ് മനസ്സിനെ മഥിക്കുന്നത്.
ജലക്ഷാമവും ജലമലിനീകരണവും നാം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ തന്നെയാണ്.വര്‍ഷം മുഴുവനുമുള്ള ജലത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ മഴയ്ക്ക് കഴിയുമോ?
‘കാവ് തിന്നല്ലേ മക്കളെ കുടിവെള്ളം മുട്ടും’ എന്ന മുത്തശ്ശിയുടെ ഉപദേശം ഓര്‍മ്മയുണ്ടോ?
കാടും വയലും,കുന്നുകളും കാവുകളും ഒക്കെ സ്വാഭാവിക ജലസംഭരണ പോഷണ സ്രോതസ്സുകളാണ്.ഇവയൊക്കെ കുറഞ്ഞുവരുന്നു. നെല്പാടങ്ങള്‍ നിരത്തി കമുകും വാഴയും ആയി, കെട്ടിടങ്ങള്‍ വേറെയും, ടവറും കോണ്‍ക്രീറ്റും കൊണ്ട് മുകളും പാതയോരവും ആകര്‍ഷകമാക്കുന്നു. ഇതൊക്കെ ഭൂജലത്തിന്‍റെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു.ശുദ്ധജല സ്വയം പര്യാപ്തത വേണോ? നാട്ടറിവിന്‍റെ വറ്റാത്ത ഉറവകളിലേക്ക് മടങ്ങുക.
പുരയിടങ്ങളില്‍ പെയ്തു കിട്ടുന്ന മഴവെള്ളം അവിടങ്ങളിലെ മണ്ണില്‍ തന്നെ ബുദ്ധിപൂര്‍വ്വം താഴ്ത്തുന്ന പരമ്പരാഗത ജലസംരക്ഷണ മാര്‍ഗങ്ങള്‍ പുനസ്ഥാപിക്കുക. അപ്പോള്‍ ഓരോ കുടുംബത്തിനും ആവശ്യത്തിനുള്ള വെള്ളം ഉണ്ടാകും.ലോകത്തിലേറ്റവും കൂടുതല്‍ കിണറുകളുള്ള പ്രദേശമാണ് കേരളം.
കൂട്ടുകുടുംബാവസ്ഥ മാറി അണുകുടുംബങ്ങള്‍ ആയി.ഒരു കൊച്ചു വീടും മതിലും ,വേലികെട്ടി അതിര്‍ത്തി തിരിക്കലും സര്‍വസാധാരണമായി. നഗരങ്ങളില്‍ വീടിന്‍റെ 4ഭാഗത്തും മതിലുകള്‍ ഉണ്ട്.ഗ്രാമപ്രടദേശങ്ങളില്‍ വീടിന്‍റെ മുന്‍വശത്തെങ്കിലും മതിലായി.ഇവിടെയെല്ലാം മതിലുകളില്‍ ദ്വാരം നിര്‍മിച്ചു മഴവെള്ളം പുറത്തേക്കു ഒഴുക്കിവിടുകയാണ്.കിണറുകളിലെ ജലസംരക്ഷണം ഇതുവഴി കുറഞ്ഞു പോകുന്നു.മലിനജലവും ഇതുപോലെ ഒഴിക്കിവിടുമ്പോള്‍ പരിസരവും മലിനമാകുന്നു.
പണ്ടൊക്കെ ഓടകളിലെ വെള്ളം സമീപത്തെഅടുക്കള തോട്ടത്തിലേക്കോ തെങ്ങും കുഴിയിലേക്കോ താഴുംവിധം സംവിധാനംഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ എല്ലാ വെള്ളവും പടിക്ക് പുറത്താണ്.കൊതുകുകള്‍ പെരുകാനും പലതരം പനികള്‍ കൊണ്ട് കഷ്ടപ്പെടാനും ഇതൊക്കെ കാരണമാകുന്നു.
പുരയിടങ്ങളില്‍നിന്നു ഒഴുകിപ്പോകുന്ന വെള്ളം വരമ്പിട്ട് തടഞ്ഞാല്‍ കിണറുകളില്‍ വെള്ളം സംരക്ഷിക്കപ്പെടും.
മുറ്റം കോണ്‍ക്രീറ്റ് ചെയ്താലേ ഭംഗിയാവൂ എന്ന ചിന്തയാണിപ്പോള്‍. പണ്ട് മുറ്റങ്ങള്‍ ചാണകം മെഴുകി തുളസിത്തറയും ഒരുക്കി പരിപാലിച്ചിരുന്നു. ഇപ്പോള്‍ ചാണകമില്ല ;മെഴുകാന്‍ ആളുമില്ല.മഴവെള്ളം വീട് കിണറുകളില്‍ താഴണം .അതിനുള്ള സംവിധാനം വീട്ടുകാര്‍ ചെയ്യണം.ഇല്ലെങ്കില്‍ ശുദ്ധജലത്തിനു കഷ്ടപ്പെടേണ്ടതായി വരും.
പുരയിടത്തിനു ചുറ്റും ജൈവവേലികള്‍ വളര്‍ത്തിയാല്‍ മഴവെള്ള സംരക്ഷണം ഉറപ്പാക്കാം. മണ്‍വരമ്പുകള്‍ ഉണ്ടാക്കി അവയില്‍ കുറ്റിച്ചെടികള്‍, ചെമ്പരത്തി, ആടലോടകം, രാമച്ചം, കൈത ,പൂവള്ളി മുതലായ ചെടികള്‍ നടുക. പറമ്പിലെവെള്ളം ഒരു തരത്തിലും പുറത്തു പോകാതെ പറമ്പില്‍ തന്നെ താഴാന്‍ അനുവദിക്കുക.ജൈവവളങ്ങള്‍ കൊണ്ട് സമ്പന്നമായ മേല്മണ്ണ്‍ ഉണ്ടാകാന്‍ ഇത് സഹായിക്കും.ഇതുവഴി വിളവുകള്‍ നന്നാകും. വീട്ടുകിണറ്റില്‍ ധാരാളം വെള്ളവും ലഭിക്കും. മണ്‍വരമ്പുകളില്‍ ചെടികള്‍ വളരുന്നത് വഴി പുരയിട ജലസംരക്ഷണം സാധ്യമാകുന്നു. നമ്മുടെ ദേശീയ തൊഴിലുറപ്പ് പദ്ധതി വഴിയും ഇത്തരം ജൈവവേലികള്‍ നിര്‍മിക്കാവുന്നതാണ്.
മഴവെള്ളം വീട്ടുവളപ്പിനു പുറത്തേക്കു പോകാതായാല്‍ പറമ്പില്‍ വെള്ളക്കെട്ടുണ്ടാകാം. അത് ഒഴിവാക്കാന്‍ മഴക്കുഴികള്‍ നിര്‍മിക്കാം.ഓരോ പറമ്പിന്‍റെയും കിടപ്പനുസരിച്ചും കിണറിന്‍റെ സ്ഥാനമനുസരിച്ചും മണ്ണിന്‍റെ തരമനുസരിച്ചുമാണ് മഴക്കുഴികള്‍ ഉണ്ടാക്കുന്നത്.ഓരോ വീട്ടുകാരും മനസ്സുവെച്ചാല്‍ ശുദ്ധജലസ്രോതസ്സുകളായി നമ്മുടെ കിണറുകള്‍ മാറും.
പുരയിടത്തില്‍ തെങ്ങിന്‍ തടങ്ങള്‍ ഉണ്ടോ .ഇത് വിസ്തൃതപ്പെടുത്തി , മഴവെള്ളം നിറക്കാം.മേല്‍ക്കൂരയില്‍ നിന്ന് ഒഴുകിപ്പോരുന്ന വെള്ളം തെങ്ങിന്‍ തടങ്ങളില്‍ സംരക്ഷിക്കാന്‍ സംവിധാനമൊരുക്കുക.
തെങ്ങിന്‍ ചുവടിനു ചുറ്റും ,കൃഷിയിടങ്ങളിലും ചകിരി വെക്കുക. ഇതുവഴി ജലസംരക്ഷണമാകും.തെങ്ങിനും വീട്ടുകിണറിനും ഗുണം ചെയ്യും. പറമ്പ് കിളച്ചും പുതയിട്ടും മണ്ണില്‍ ജൈവാംശവും ഈര്‍പ്പവും നിലനിര്‍ത്തുക കര്‍ഷകരുടെ പതിവ് രീതിയാണ്. ഈ രീതികള്‍ ആവര്‍ത്തിച്ചാലെ കിണറ്റിലെ വെള്ളം വറ്റാതിരിക്കുകയുള്ളു.
വീട്ടുമുറ്റത്ത് ഒരു താമരക്കുളം ഉണ്ടോ ?എങ്കില്‍ മഴവെള്ളം അതിലിറക്കുക.അത് മണ്ണില്‍ താഴട്ടെ.
കിണര്‍ ജലപരിപോഷണം ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. കിണറുകളിലേക്ക് ധാരാളം മഴവെള്ളം താഴ്ന്നിറങ്ങുവാന്‍ മഴക്കാലത്ത് ശ്രദ്ധിക്കേണം. കിണറിനു ചുറ്റും കുഴികളും ചാലുകളുമുണ്ടാക്കി ധാരാളം മഴവെള്ളം ഒഴുക്കി ഇറക്കുക. നാം എത്രത്തോളം ഇത്തരത്തില്‍ ശ്രദ്ധിക്കുന്നുവോ അത്രത്തോളം ശുദ്ധജലം കിണറുകളില്‍ സംഭരിക്കപ്പെടും.
കിണറിന്‍റെ തൊട്ടടുത്ത് കുഴിയോ ചാലോ എടുക്കരുത്. കാരണം കുഴികളിലെ ജലത്തിന്‍റെ സമ്മര്‍ദ്ദം കാരണം കിണര്‍ഭിത്തി ഇടിയും. മണ്ണിന്‍റെയും ഭൂമിയുടെയും ഘടന അനുസരിച്ച് വേണം ഇതൊക്കെ ചെയ്യാന്‍. കിണറില്‍ ധാരാളം വെള്ളമുണ്ടെന്നു കരുതി കുടുംബങ്ങള്‍ വെള്ളം ധൂര്‍ത്തടിക്കരുത്. ജലത്തിന്‍റെ ദുരുപയോഗം കുറക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.
പറമ്പിലെ ബാഹ്യമായ സ്ഥലങ്ങളിലെല്ലാം നാട്ടുമരങ്ങള്‍, ഫലവൃക്ഷങ്ങള്‍ മുതലായവ വെച്ച് പിടിപ്പിച്ചു മഴവെള്ളം സാവധാനം മണ്ണിലിറക്കുക. മഴ പെയ്തു തീര്‍ന്നാലും മരം പെയ്തു തീരില്ല എന്നല്ലേ ചൊല്ല്.
മണ്ണില്‍ ജൈവാംശം വര്‍ദ്ധിപ്പിക്കാനും ജലാംശം വര്‍ദ്ധിപ്പിക്കാനും മരങ്ങള്‍ അത്യാവശ്യമാണ്.നമ്മുടെ നിലനില്പിനാവശ്യമായ ഓക്സിജന്‍ തരുന്നതും മരങ്ങള്‍ തന്നെ.
ജലസംരക്ഷണം ഒരു സംസ്കാരമാകണം. ജലസ്വാശ്രയത്വം നമ്മുടെ ലക്ഷ്യമാകണം.നമ്മുടെയും ഭാവിതലമുറയുടെയും നിലനില്പിന് ഇത് ആവശ്യമാണ്. ജലസ്വാശ്രയത്വത്തിനു നാം എന്തൊക്കെ ശ്രദ്ധിക്കേണം
ജലസ്വശ്രയത്വം വേണോ നമ്മുടെ ചില ശീലങ്ങള്‍ , ജീവിത ശൈലികള്‍ മാറ്റേണ്ടതുണ്ടാകാം .ചിട്ടയും അച്ചടക്കവുമുള്ള ജീവിത ശൈലികള്‍ കുടുംബാംഗങ്ങള്‍ സ്വന്തമാക്കണം.വീട്ടമ്മമാര്‍ എല്ലാ കാര്യങ്ങളിലും ദീര്‍ഘവീക്ഷണമുള്ളവരാണല്ലോ.
നമ്മുടെ മുന്നില്‍ നിരവധി സാധ്യതകള്‍ ഉണ്ട്.വിദ്യകള്‍ ഉണ്ട്. പാരമ്പര്യ അറിവുകള്‍ ഉണ്ട്.നമുക്ക് ധാരാളം പ്രകൃതി വിഭവങ്ങള്‍ ഉണ്ട്. മണ്ണാണ് ഏറ്റവും വലിയ ജലസംഭരണി . മണ്ണില്‍ വെള്ളം താണില്ലേല്‍ കുടിവെള്ളം കിട്ടാക്കനിയാകും.
മണ്ണ് ഒരുക്കുക . മനസ്സ് ഒരുക്കുക.പ്രകൃതിയുടെ ദാനങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ജാഗ്രതയുള്ളവരാകുക.
വെള്ളം മിതമായ ഉപയോഗത്തിനും , മഴവെള്ള സംഭരണരീതികള്‍ക്കും മാതാപിതാക്കളെ മക്കള്‍ക്ക് നിങ്ങള്‍ മാതൃകകളാകു. ഭാവിതലമുറയുടെ ശോഭനമായ ഭാവിക്കുവേണ്ടി , മണ്ണും വെള്ളവും സംരക്ഷിക്കൂ.
അവസാനം പരിഷ്കരിച്ചത് : 4/23/2020