മഴവെള്ളക്കൊയ്ത്ത് (Rainwater Harvesting) ഉള്‍പ്പെടെ ജലഉപയോഗത്തിന്റെ വിവിധ വശങ്ങള് ഉള്‍ക്കൊള്ളുന്ന ഒരു ജലവിഭവ മാനേജ്മെന്റ് സമ്പ്രദായം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണ്ടുമുതലേ നിലനിന്നിരുന്നു. അവ വ്യത്യസ്തങ്ങളായിരുന്നു – സ്ഥലകാലങ്ങള്‍ക്ക് അനുയോജ്യമായ വിധം.
ഓരോ പ്രദേശത്തെയും നാട്ടറിവും, നാടന്‍ കഴിവും അടിസ്ഥാനമാക്കിയാണ് ആ സമ്പ്രദായങ്ങള്‍ വികസിച്ചത്. അവ ശാസ്ത്രീയമായിരുന്നു. സര്‍വ്വോപരി തദ്ദേശവാസികളുടെ പൂര്‍ണ്ണമായ പങ്കാളിത്തവും സഹകരണവും ഉണ്ടായിരുന്നു. അല്പമായി മാത്രം ലഭിക്കുന്ന മഴവെള്ളം, പാഴാക്കാതിരിക്കാനും, വിതരണത്തില്‍ നീതി പുലര്‍ത്താനും, അനിശ്ചിതമായ മഴവെള്ളലഭ്യതയ്ക്കനുസരിച്ച് വിളകളില്‍ മാറ്റം വരുത്താനും എല്ലാം കഴിവുള്ള സംവിധാനങ്ങളായിരുന്നു അവ.
മഴവെള്ളക്കൊയ്ത്ത് എന്നാല്‍, പുര മുകളില്‍ വീഴുന്ന മഴവെള്ളം സംഭരിക്കുക മാത്രമല്ല, വിവിധ മാര്‍ഗ്ഗങ്ങളില്‍ കൂടി മഴവെള്ളം ഭൂമിയുടെ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങി ഭൂഗര്‍ഭജലം സമ്പുഷ്ടമാക്കാന്‍ സഹായിക്കുന്ന എല്ലാ സംവിധാനങ്ങളും മഴവെള്ളക്കൊയ്ത്തില്‍ പെടും. മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം ശേഖരിക്കുന്നതുമുതല്‍ നീര്‍മറിത്തട വികസനം വഴി നാടിനെ ജലസമൃദ്ധമാക്കുന്ന എല്ലാ കര്‍മ്മപരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നതാണ്.
മഴവെള്ളം സംബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിലയെന്താണ്? അല്പമായ മഴ. അതുപോലും ലഭിക്കുന്നതിലെ അനിശ്ചിതത്വം. പ്രാദേശിക വ്യത്യാസങ്ങളോ ഏറെ. രാജ്യം ഒട്ടാകെ പരിഗണിക്കുമ്പോള്‍ ഒരു വര്‍ഷത്തില്‍ ശരാശരി 1160 മി.മീ. മഴ ലഭിക്കുന്നുണ്ട്. മഴയില്‍ അധികഭാഗവും ഒരു കൊല്ലത്തെ നാല് മാസങ്ങളില്‍ പെയ്തുതീരും. ആ നാല് മാസങ്ങളില്‍ പോലും 50 ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യാറില്ല. ആ ദിവസങ്ങളില്‍ പോലും 24 മണിക്കൂറും മഴയില്ല. മണിക്കൂര്‍ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഒരു കൊല്ലത്തില്‍ 100 മണിക്കൂറില്‍ മാത്രമാണ് മഴ കിട്ടുന്നത്. ബാക്കി 8660 മണിക്കൂറും മഴയില്ല.
എന്നാല്‍ രാജസ്ഥാനിലെ ബാര്‍മര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു കൊല്ലത്തില്‍ ലഭിക്കുന്ന മഴ 100 മി.മീ. ല്‍ താഴെ മാത്രം. കേരളത്തിലോ? 3000 മി.മീ.ലധികവും. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലോ? 10,000 ലധികം മി.മീ. മഴ പെയ്യുന്ന സ്ഥലങ്ങളും ഉണ്ട്.
മഴയുടെ കുറവും അനിശ്ചിതത്വവും ആയിരിക്കണം മഴവെള്ളം സംഭരിക്കാന്‍ പൂര്‍വ്വികരെ പ്രേരിപ്പിച്ചത്. പെയ്ത്തുവെള്ളം മാത്രമല്ല, മഴക്കാലത്ത് മാത്രം ഒഴുകുന്ന അരുവികളിലെ വെള്ളവും സംഭരിക്കാന്‍ അവര്‍ വഴി കണ്ടെത്തിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴവെള്ളക്കൊയ്ത്ത് സംവിധാനം വ്യത്യസ്ഥ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. രാജസ്ഥാനില്‍ ടംകാസ്, ജലാരാസ് എന്ന പേരുകളായിരുന്നു.
മഹാരാഷ്ട്രയില്‍ പാറ്റ്സ്, മധ്യപ്രദേശില്‍ ഹവേലി, ഉത്തരാഖണ്ഡില്‍ ഗള്‍സ്, ഹിമാചല്‍പ്രദേശില്‍ കുള്സ്, ലഡാക്കില്‍ സിങ്ങ്സ്, നാഗാലാന്റില്‍ സാബോ തുടങ്ങിയ പേരുകളിലും.
ചരിത്രാതീതകാലം മുതല്‍ ഈ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ഉണ്ട്. ഇന്‍ഡസ് വാലി പരിഷ്ക്കാരത്തിന്റെ ഒരു കേന്ദ്രം ആയി കരുതുന്ന ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലെ ധോളവീര എന്ന സ്ഥലത്ത് ക്രിസ്തുവിന് മൂന്ന് സഹാബ്ധങ്ങള്ക്ക്മുമ്പ് പോലും അനേകം മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചിരുന്നു. ശരാശരി വാര്‍ഷികമഴ 260 മി.മീ. മാത്രം. എല്ലാക്കാലവും വെള്ളം നല്കാന് കഴിവുള്ള പുഴകളോ കായലുകളോ ഇല്ല. ഭൂഗര്ഭജലമാകട്ടെ ക്ഷാരമയവും ഉപ്പുമയവും ആണ്. ഈ അവസ്ഥയില്‍ മന്ഹാര് (Manhar), മന്സര് എന്നീ അരുവികളില്‍ മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന വെള്ളം സംഭരിക്കുകയായിരുന്നു അവര്‍. ഇതിനായി, അരുവികള്‍ക്ക് കുറുകെ അനുയോജ്യമായ സ്ഥലങ്ങളില്‍ കല്ല് ബണ്ട് ഉയര്‍ത്തി, വെള്ളത്തിന്റെ ഒഴുക്ക് സംഭരണികളിലേയ്ക്ക് തിരിച്ചു വിടുകയാണ് ചെയ്തത്. സംഭരണികളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിച്ചു. നഗരത്തിന്റെ പുറംമതിലിനും അകമതിലിനും ഇടയ്ക്ക് ചരിവുള്ള പ്രദേശങ്ങളിലാണ് സംഭരണികള്‍ നിര്‍മ്മിച്ചിരുന്നത്.
ക്രിസ്തുവിന് നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രചിച്ച കൌടില്യന്റെ അര്‍ഥശാസ്ത്രം എന്ന ഗ്രന്ഥത്തില്‍ ജലസംഭരണികളും ജലസേചന സംവിധാനങ്ങളും നിര്‍മ്മിക്കേണ്ട ആവശ്യകതയെപ്പറ്റിയും, അവയില്‍ നിന്നും ഈടാക്കേണ്ട നികുതി നിരക്കുകളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല, ഈ ജലസംഭരണ സംവിധാനം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തവര്‍ക്ക് നല്‍കേണ്ട ശിക്ഷയും വിശദമായി പറയുന്നുണ്ട്. ഈ പാരമ്പര്യം നൂറ്റാണ്ടുകള്‍ തുടര്‍ന്ന് പോരുകയും ചെയ്തു.
രാജസ്ഥാനിലെ കുണ്ടീസ് എന്ന പേരില്‍ അറിയപ്പെടുന്ന മഴവെള്ളക്കൊയ്ത്ത് സംവിധാനം അനന്യസാധാരണമായ ഒരു നിര്‍മ്മിതിയാണ്. താര് മരുഭൂമിയിലെ ചുരു ജില്ലയില്‍ ധാരാളമായി ഇപ്പോഴും ഈ നിര്‍മ്മിതികള്‍ കാണാവുന്നതാണ്. സ്ഥലപരിമിതി ഇല്ലാത്തിടത്തെല്ലാം ഇത് നിര്‍മ്മിക്കാം. ചെറിയ ചരിവുള്ള ഭൂമിയായിരിക്കണം. ആ ചെരിവ് ഒരു കേന്ദ്രത്തിലേയ്ക്ക് ലക്ഷ്യമായിരിക്കുകയും വേണം. കുണ്ടീസ് ജലം സംഭരിക്കുവാനുള്ള കൃത്രിമ സംഭരണികള്‍ ആണ്. മുകളില്‍ നിന്നും വീഴുന്ന മഴവെള്ളം മാത്രം ശേഖരിക്കാനുള്ള കിണറുകളല്ല. കിണറ്റിലേയ്ക്ക് വെള്ളം വന്നെത്താന്‍ സൗകര്യമുള്ള ഭൂഗര്‍ഭ ഉറവുകളും അല്ല. കിണറിന് ചുറ്റും കൃത്രിമമായി നിര്‍മ്മിക്കുന്ന ഒരു വൃഷ്ടിപ്രദേശത്ത് വീഴുന്ന മഴവെള്ളം മുഴുവന്‍ വേഗത്തില്‍ ഒഴുകി കിണറ്റില്‍ എത്തും. ഇവയുടെ ജലസംഭരണ സാധ്യത ഏറെയാണ്. 100 മി.മീ. മാത്രം മഴ കിടുന്ന വരണ്ട പ്രദേശത്തുപോലും ഒരു ഹെക്ടര്‍ വിസ്തൃതിയിലെ മഴവെള്ളം ശേഖരിക്കുകയാണെങ്കില്‍ 10 ലക്ഷം ലിറ്റര്‍ ജലം ലഭിക്കും. കുടിക്കാനും പാചകത്തിനും 5 അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു ദിവസം 10-5 ലിറ്റര്‍ എന്ന തോതില്‍, 180-270 കുടുംബങ്ങളിലെ അംഗങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് വെള്ളം ലഭിക്കും – ഒരു ഹെക്ടര്‍ കുണ്ടീസില് നിന്നും.
രാജസ്ഥാനിലെ വളരെ വരണ്ട പ്രദേശങ്ങളിലെ മറ്റൊരു സംവിധാനമാണ് കുളത്തിനകത്തെ കിണര്‍. ഇത് ഉപരിതലജലവും ഭൂഗര്‍ഭജലവും ഉപയുക്തമാക്കുന്ന ഒരു സംവിധാനമാണ്. കുളങ്ങളുടെയും മറ്റ് ജലസംഭരണികളുടെയും താഴേക്ക് പടികള്‍ പണിത് കുളങ്ങള്‍ക്ക് താഴെ കിണര്‍. കുളം വറ്റിക്കഴിഞ്ഞാല്‍, കുളത്തിനുള്ളിലെ കിണറ്റിലെ ജലം (ഭൂഗര്‍ഭജലം) ഉപയോഗിക്കുകയായി. മറ്റ് ചില സ്ഥലങ്ങളില്‍ കുളത്തിന്റെ അടിത്തറയില്‍ കിണര്‍ കുഴിച്ച് അതിലെ ജലം കുടിക്കാന്‍ ഉപയോഗിക്കും. കുളത്തില്‍ എത്തിച്ചേരുന്ന ഉപരിതലവെള്ളം (runoff water) കുടിക്കാന്‍ ഉപയോഗിക്കില്ല.
ഒരുകാലത്ത്, മരുഭൂമിയിലെ സമ്പന്ന കോട്ട നഗരമായ ജോദ്പൂര്‍ വലിയ പാറയോടുകൂടിയ പീഠഭൂമിയുടെ വക്കത്താണ് സ്ഥിതി ചെയ്യുന്നത്. അവിടുത്തെ രാജാക്കന്മാര് പീഠഭൂമിയില്‍ നിന്നും ഒഴുകുന്ന വെള്ളം ശേഖരിക്കാന്‍ തോടുകളുടെ ഒരു ശൃംഖല തന്നെ നിര്‍മ്മിക്കുകയും, ആ വെള്ളം കോട്ടയ്ക്കു ചുറ്റും നിര്‍മ്മിച്ച കുളങ്ങളില്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പീഠഭൂമിയിലെ കീഴോട്ടുള്ള ചരിവിലെ വീടുകള്‍ക്കുവേണ്ടി, കിണറുകള്‍ കുത്തി – മുകളിലെ ജലസംഭരണികളിലെ കിനിഞ്ഞിറങ്ങുന്ന വെള്ളം പിടിച്ചെടുക്കുന്ന വിധം.
പുരകളുടെ മുകള്‍ഭാഗത്തെ മഴവെള്ളം പിടിച്ച് ശേഖരിക്കാനുള്ള ഇടമായി ഉപയോഗിക്കുന്ന സമ്പ്രദായവും രാജസ്ഥാനില്‍ പരക്കെ നിലനിന്നിരുന്നു. ഫലോഡി (phalodi) നഗരത്തില്‍ ഒരു വീട്ടുകാര്‍ അവരുടെ വീടിന്റെ മുകള്ഭാഗം മഴവെള്ളശേഖരണത്തിന് ഉപയോഗിക്കുന്നില്ലെങ്കില്‍, അയല്‍ക്കാര്‍ ആ സ്ഥലം കടമെടുത്ത് അവരുടെ ആവശ്യത്തിനുള്ള വെള്ളം ശേഖരിക്കുകപോലും ചെയ്യുമായിരുന്നു.
രാജസ്ഥാനിലെ അല്‍വാര്‍ (Alwar) ജില്ലയില്‍ ജോഹാദ് (Johad) എന്നറിയപ്പെടുന്ന മണ്ണുകൊണ്ട് കെട്ടിയ ചെറിയ ചെക്ക് ഡാമുകള്‍ മഴവെള്ളം സംഭരിക്കാനും, വെള്ളം കിനിഞ്ഞിറങ്ങി ഭൂഗര്‍ഭജലം സമ്പുഷ്ടമാകാനും ഏറെ സഹായകമായിരുന്നു. മൃതപ്രായമായ ഈ സംവിധാനത്തെ സമീപകാലത്ത് പുനരുദ്ധരിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥകൊണ്ട് രക്ഷയില്ലാത്ത ഗുജറാത്തിലെ പ്രദേശത്തെ നാടോടികളാണ് മല്ധാരിസ്. കുടിക്കാന്‍ യോഗ്യമായ ശുദ്ധജലം ലഭിക്കുന്നതിന്, അവര്‍ കൗതുകകരമായ ഒരു സമ്പ്രദായം സ്വീകരിച്ചിട്ടുണ്ട്. കച്ച് പ്രദേശത്ത് മഴവെള്ളം തീരെ ദുര്ലഭം. ഭൂഗര്‍ഭജലമോ? ഉപ്പ് നിറഞ്ഞതും. ഉപ്പുവെള്ളത്തിന്റെ സാന്ദ്രത കൂടുതലാണ്. ശുദ്ധജലത്തിന്റെത് കുറവും. ഇതറിയാവുന്ന മല്ധാരിസ്, വിര്ധ (virdha) എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഒരു സമ്പ്രദായത്തില്‍ക്കൂടി സംഭരിക്കുന്ന മഴവെള്ളം ഉപ്പുവെള്ളത്തിന്റെ മീതെ ശേഖരിക്കുന്നു.
മഴക്കാലത്ത് മാത്രം ഒഴുക്കുള്ള തോടുകളിലും അരുവികളിലും കുറുകെ അണകെട്ടുന്ന സമ്പ്രദായം രാജ്യത്തിന്റെ പല ഭാഗത്തും നിലനിന്നിരുന്നു. ഇത് മണ്ണിന് ഈര്‍പ്പം നല്കാന് സഹായിക്കുന്ന വിധം മാത്രമായിരുന്നു. പരമ്പരാഗത വിളകളും, മണ്ണിന്റെ സ്വഭാവവും കണക്കിലെടുത്ത് മധ്യപ്രദേശിലെ ഹവേലി സമ്പ്രദായത്തില്‍ കൃഷിഭൂമിയില്‍ തന്നെയാണ് മഴവെള്ളം സംഭരിച്ചിരുന്നത്. ഓരോ കൃഷിയിടവും കെട്ടിത്തിരിച്ചു വെള്ളം നിര്‍ത്തി, കൃഷിക്കാര്‍ തമ്മിലുള്ള ഏര്‍പ്പാട് അനുസരിച്ച് ഒരു കൃഷിയിടത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് വെള്ളം വിടും. ഓരോ കൃഷിയിടത്തിലും കെട്ടി നില്ക്കുന്ന സമയം കൊണ്ട് മണ്ണിലേക്ക് വെള്ളം കിനിഞ്ഞിറങ്ങും. ഈ നനവ് കൊണ്ട്, മഴ കഴിഞ്ഞുള്ള വേനല്‍ക്കാലത്ത് നല്ല വിളവ് എടുക്കാനും കഴിയും.
1134 മി.മീ. വാര്‍ഷിക മഴ ലഭിക്കുന്ന ഹിമാചല്‍പ്രദേശിലെ 59 പട്ടണങ്ങളും ജലക്ഷാമത്തിന്റെ പിടിയിലാണ്. ഉദാ: സിംല നഗരത്തില്‍ ഒരു ദിവസത്തെ ആളോഹരി ജലലഭ്യത 102 ലിറ്റര്‍ ആണ് (ലിറ്റര്‍ പെര്‍ക്യാപിറ്റ പെര് ഡേ). സാധാരണഗതിയില്‍ വേണ്ടത് 150 ലിറ്റര്‍, അധികം ജനങ്ങളും താമസിക്കുന്നത് കുന്നിന്മുകളില്, വെള്ളം ശേഖരിക്കുന്നതോ താഴെ. മുകളില്‍ വെള്ളം എത്തിക്കാന്‍ ചെലവേറും. വേനല്‍ക്കാലത്ത് ടൂറിസ്റ്റുകളുടെ എണ്ണം വളരെ കൂടുതലും. ഇതെല്ലാം കണക്കിലെടുത്ത് സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കെല്ലാം മഴവെള്ളക്കൊയ്ത്ത് സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുന്നു. ഈ നിയമം നിര്‍ബന്ധമാക്കിയ ആദ്യത്തെ സംസ്ഥാനം.
മണല്‍ മരുഭൂമിയല്ല, മഞ്ഞ് മരുഭൂമിയാണല്ലോ ലഡാക്ക്. അവിടുത്തെ അരുവികളിലെ നീരൊഴുക്ക് ഹിമാനി ഉരുകുന്നതിനെ ആശ്രയിച്ചിരിക്കും. രാവിലെ മഞ്ഞുരുകിയ വെള്ളം ഒട്ടുമുണ്ടാവില്ല. വൈകുന്നേരം ആകുമ്പോഴേയ്ക്കും നീരൊഴുക്ക് ധാരാളമായിരിക്കും. ആ സമയത്ത് കൃഷിക്കാര്‍ക്ക് ഉപയോഗിക്കാനും പറ്റില്ല. അതിനാല്‍ ലഡാക്കില്‍ വൈകുന്നേരത്തെ നീരൊഴുക്ക് ജലസംഭരണികളിലേക്ക് ഒഴുകുന്നു.-പിറ്റേന്ന് രാവിലെ ഉപയോഗിക്കാന്‍.
കിഴക്കന്‍ ഹിമാലയന്‍ ഭാഗത്തും, വടക്കുകിഴക്കന്‍ മലനിരകളിലും മുളകൊണ്ടുള്ള പൈപ്പ് ഉണ്ടാക്കിയാണ് സ്വാഭാവിക നീരുറവകളില്‍ നിന്നും സൗകര്യപ്രദമായ സ്ഥലങ്ങളിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്നത്. ബംഗ്ലാദേശിനോട് തൊട്ടുകിടക്കുന്ന തെക്കന്‍ മേഘാലയ പ്രദേശങ്ങളില്‍ മുളകൊണ്ടുള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ച് പാറപ്രദേശങ്ങളിലെ വെറ്റില കൃഷിക്ക് വെള്ളം എത്തിക്കാറുണ്ട്. ആധുനിക ഡ്രിപ് ജലസേചന സമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്ന സംവിധാനമാണ് ഇവരുടേത്. ഇവിടങ്ങളിലെ ഇപ്പോഴത്തെ ജലക്ഷാമത്തിന് കാരണം വന്‍തോതിലുള്ള വനനാശം തന്നെ. ശരാശരി 11000 മില്ലിമീറ്റര്‍ വാര്‍ഷികമഴ ലഭിക്കുന്ന ചിറാപുഞ്ചിയില്‍ പോലും 6 മാസത്തെയ്ക്കെങ്കിലും കടുത്ത ജലക്ഷാമം.
മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാള്‍ ഉയര്‍ന്ന കുന്നിന് മുകളിലാണ്. കനത്ത മഴ പെയ്യും. പക്ഷെ കഴിഞ്ഞ ഏതാനും ദശകങ്ങളായി വനനാശം കൊണ്ട് ജലക്ഷാമം നേരിടുന്നു. താഴ്വരകളിലെ പുഴയില്‍ നിന്നും ലോറിയില്‍ വെള്ളം കൊണ്ടുവരുവാനുള്ള റോഡ് മാര്‍ഗം വളവുകളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞതാണ്. ചെലവ് വളരെ കൂടും. പുരമുകളില്‍ വെള്ളം ശേഖരിക്കാന്‍ നഗരഭരണാധികാരികള്‍ നിശ്ചയിച്ചു. ഇന്ന് ഐസ്വാളിലെ മിക്കവാറും എല്ലാ വീട്ടിലും അവരവരുടേതായ മഴവെള്ളസംഭരണ സംവിധാനം ഉണ്ട്.
ഗോണ്ട് സാമ്രാജ്യത്തിന്റെ പരമ്പരാഗത മഴവെള്ളക്കൊയ്ത്ത് രീതികള്‍ പ്രസിദ്ധങ്ങളാണ്. ഇന്നത്തെ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒറീസ്സ സംസ്ഥാനങ്ങളില്‍പ്പെടുന്ന വനഭാഗത്തെയാണ് ഗോണ്ട്സ് വനങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഗോണ്ട് രാജാക്കന്മാര് മഴവെള്ളക്കൊയ്ത്ത് സംവിധാനങ്ങളെ ഒട്ടധികം പ്രോത്സാഹിപ്പിച്ചിരുന്നു. മഴവെള്ളശേഖരത്തിനുള്ള സംവിധാനം പ്രാദേശികമായി കാട എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഉദാഹരണത്തിന് 1821 ല്‍ ഒരു ഗോണ്ട് സെമീന്ധാര് പണിത റാണി സാഗര്‍ ജലാശയ (ബീജെപ്പൂര് ഗ്രാമം, സംബല്‍പൂര്‍ ജില്ല, ഒറീസ്സ സംസ്ഥാനം) ത്തിന് 60 ഹെക്ടര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്നു. ജലസേചനത്തിനു വെണ്ട വെള്ളം ശേഖരിക്കാനാണ് നിര്‍മ്മിച്ചത്. ഇന്ന് മിക്കവാറും മുഴുവന്‍ സ്ഥലവും മണ്ണടിഞ്ഞു, കളകള്‍ വളര്‍ന്ന് പ്രയോജനരഹിതമായി കഴിഞ്ഞു.
കാടകള്‍ സാധാരണ കുളം പോലെ കുഴിച്ചല്ല ഉണ്ടാക്കുന്നത്. മൂന്ന് വശവും ഉപരിതലത്തില്‍ നിന്നും ഉയര്‍ന്ന തിട്ടകെട്ടി നാലാമത്തെ വശം ഒഴുകിയെത്തുന്ന വെള്ളം സ്വീകരിക്കാനായി തുറന്നിട്ടിരിക്കും. ജലസംഭരണികള്‍ ആണിവ. കുളങ്ങളില്‍ നിന്നെന്ന പോലെ കാടകളില് നിന്നും വെള്ളം പൊക്കിയെടുക്കേണ്ടതില്ല. ഗുരുത്വാകര്‍ഷണ ഒഴുക്കിലൂടെയാണ് വെള്ളം ജലസംഭരണികളില്‍ എത്തുക. പരന്ന ഭൂപ്രകൃതിയായിട്ടുപോലും മഴവെള്ളം ഒഴുകുന്നതിന്റെ ദിശ കണക്കിലെടുത്ത് കാടകള്‍ നിര്‍മ്മിക്കാന്‍ തദ്ദേശവാസികള്‍ അതിസമര്‍ത്ഥരായിരുന്നു.
കാടകള്‍ താരതമ്യേന വലുതായിരുന്നു. ഒരു കി.മീ. തിട്ടയും 200 ഹെക്ടര്‍ തടാകഭാഗവും ഉള്ള കാടകള്‍ സാധാരണമായിരുന്നു. ചെറിയ സംവിധാനങ്ങളും ഉണ്ടായിരുന്നു. ബന്ദ്, മുണ്ടാസ് എന്ന പേരുകളില്‍ അറിയപ്പെട്ടിരുന്നവ. കാടയുടെ താഴെ ഭാഗത്ത് നാലുവശത്തോടുകൂടിയ കുഴിച്ചെടുത്ത കുളങ്ങളായിരുന്നു ബന്ദ് എന്നറിയപ്പെട്ടിരുന്നത്. കാടയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വെള്ളമാണ് ബന്ദുകളില്‍ ലഭിക്കുക. ഇതിലെ വെള്ളം കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ. ബന്ദുകളെ പാവനമായി കരുതിയിരുന്നു. ചിലപ്പോള്‍ ഒരു ദൈവത്തിന് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു.
ജലസ്രോതസ്സുകള്‍ സംരക്ഷിക്കുവാനുള്ള പ്രോത്സാഹനങ്ങള്‍
പടിഞ്ഞാറന്‍ ഒറിസ്സയിലെ പലഭാഗങ്ങളിലും ഗോണ്ട് രാജാക്കന്മാര് ദാനം ചെയ്ത ഭൂമിയില്‍ ജമിന്ദര്മാര് ആയിരക്കണക്കിന് കാടകള്‍ നിര്‍മ്മിച്ചു. ചിലയിടങ്ങളില്‍ കാടകള്‍ നിര്‍മ്മിക്കാന്‍ വൈദഗ്ധ്യമുള്ള കോടാസിനു രാജാക്കന്മാര് പാട്ടമോ വാടകയോ ഇല്ലാതെ ഭൂമി നല്‍കുമായിരുന്നു. ഇത്തരം ഭൂമി ‘സാഗര്രക്ഷയജഗീര്’ എന്നാണ് അറിയപ്പെട്ടിരുന്നത്. കാളഹന്തിയില് ഗൌണ്ടിയ എന്നറിയപ്പെടുന്ന ഗ്രാമത്തലവര്ക്ക് ഗ്രാമം പാട്ടത്തിന് കൊടുക്കുമ്പോള്‍ കാടകള്‍ നിര്‍മ്മിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. പരമ്പരാഗതമായ ഈ മഴവെള്ള സംഭരണ സമ്പ്രദായങ്ങള്‍ സാംബല്പൂര്, ബാലാന്ഗീര് ജില്ലകളിലെ ജനങ്ങള്‍ക്ക് വരള്‍ച്ച വര്‍ഷങ്ങളില്‍ വലിയ അനുഗ്രഹമായി ഭവിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ കുളത്തെ ആസ്പദമാക്കിയുള്ള ഒരു ജലശേഖരണ സംസ്കാരം തന്നെ വളര്‍ന്നു വന്നിട്ടുണ്ട്. 25-30 കുളങ്ങളുടെ ഒരു ശൃംഖല സൃഷ്ടിച്ച് ഒരു വലിയ അരുവിയിലെ വെള്ളം തിരിച്ച് വിട്ട് ജലസേചനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഒരു സംവിധാനവും ഉണ്ടായിരുന്നു. ഇത് ‘സിസ്റ്റം ടാങ്ക്സ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ സമ്പ്രദായത്തില്‍ക്കൂടി ജലസേചനം ലഭിക്കുന്ന ഭൂമിക്ക് ഒറ്റക്കുളത്തില് നിന്നും ജലസേചനം ലഭിക്കുന്ന ഭൂമിയേക്കാള്‍ വില കൂടുതലാണ്.
തെക്കേ ഇന്ത്യയിലെ വിജയനഗര രാജാക്കന്മാരാണ് മഴവെള്ള സംഭരണം വഴി ജലസേചന സൗകര്യങ്ങള്‍ വികസിപ്പിച്ച്, കാര്‍ഷിക പുരോഗതി നേടാന്‍ മാതൃക കാട്ടിയവര്‍. അവരില്‍ പ്രമുഖനായ കൃഷ്ണദേവരായര്‍ (1509-1530) നേരിട്ടും, സ്വകാര്യസംരംഭങ്ങളില്ക്കൂടിയും ജലസേചന കനാലുകളും കുളങ്ങളും വര്‍ദ്ധിപ്പിക്കുകയുണ്ടായി. ജലസേചന തോടുകളും കുളങ്ങളും നിര്‍മ്മിക്കുന്നവര്‍ക്ക് ഗ്രാന്റ് നല്‍കിയും, നികുതി ഒഴിവാക്കി ഭൂമി നല്‍കിയും അത്തരം സംരംഭങ്ങളെ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ജലസേചന തോടുകളും കുളങ്ങളും പരിപാലിക്കുന്നത് പുണ്യമായി പോലും കരുതിപ്പോന്നു. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ഈ രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും കാണാം.
ഇന്ത്യയിലെ മറ്റു നദികളെ അപേക്ഷിച്ച് കേരളത്തിലെ നദികള്‍ക്ക് ധാരാളം പ്രത്യേകതകള്‍ ഉണ്ട്. എണ്ണത്തില്‍ കുറവല്ല. പക്ഷേ എല്ലാം തന്നെ ദേശീയ നിലവാരം വച്ച്നോക്കുമ്പോള്‍ ചെറുതാണ്. നീളം, വീതി, അവയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് തുടങ്ങി ഏതാടിസ്ഥനത്തില് നോക്കിയാലും, വീതി കുറഞ്ഞ് കുത്തനെയുള്ള ഭൂപ്രകൃതി കാരണം നദികളിലെ ജലം വേഗത്തില്‍ കടലില്‍ എത്തുന്നു. ചെറുതായത് കൊണ്ട് നമ്മുടെ നദികള്‍ പാരിസ്ഥിതിക പ്രത്യാഘാതത്തിനു കൂടുതല്‍ വിധേയമാകുകയാണ്. മൂന്നുനാല് ദശാബ്ധങ്ങളായി തുടര്‍ന്നുപോരുന്ന ഉയര്‍ന്ന ജനസാന്ദ്രതയുടെ (ഒരു ചതുരശ്ര കി.മീറ്ററില്‍ ശരാശരി എത്ര ആള് എന്ന കണക്ക്) ഫലമായി ഓരോ യൂണിറ്റ് നദിയും ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കൂടാതെ എല്ലായിടത്തുമായി ചിതറിയ സ്ഥിതിയില്‍ വസിക്കുന്നതുമൂലം നദികളുടെ എല്ലായിടത്തും കൈയേറ്റങ്ങളും മാലിന്യങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്.
കേരളത്തിലെ ജലക്ഷാമത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ നദികളുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളാണ്. നമ്മുടെ നദികള്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? വനനാശം കൊണ്ട് വേനല്‍ക്കാലത്തെ നീരൊഴുക്ക് കുറവ്. മരങ്ങള്‍ വെട്ടി നശിപ്പിക്കപ്പെട്ട് മൊട്ടക്കുന്നുകള്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്നില്ല എന്നുമാത്രമല്ല അവയില്‍ വീഴുന്ന ശക്തമായ മഴ ആ കുന്നുകളിലെ മേല്‍മണ്ണിനെയും വഹിച്ച് കുത്തനെ ഒഴുകുന്നു. വര്‍ഷാവര്‍ഷം അടിഞ്ഞുകൂടുന്ന ഈ മേല്‍മണ്ണ് ചില നദികളിലെങ്കിലും നദിയുടെ തട്ട് ഉയര്‍ത്താനും കാരണമായിട്ടുണ്ട്.
നദികളിലെത്തിച്ചേരുന്ന മാലിന്യങ്ങളുടെ വൈവിധ്യവും തോതും ഗുരുതരമാണ്. ഗാര്‍ഹിക – നഗര മാലിന്യങ്ങളും, വ്യവസായ മാലിന്യങ്ങളും കൃഷിക്കായി ഉപയോഗിക്കുന്ന രാസവള-കീടനാശിനികളുടെ അവശിഷ്ടങ്ങളും എല്ലാം എത്തുന്നത് നദികളിലാണ്. വേനല്‍ക്കാല വരള്‍ച്ച മാലിന്യം കൊണ്ടുണ്ടാകുന്ന മലിനീകരണത്തിന്റെ തീവ്രത കൂട്ടുന്നു.
അടുത്തകാലത്ത് രൂക്ഷമായി തീര്‍ന്നിട്ടുള്ള പ്രശ്നങ്ങളില്‍ ഒന്നാണ് മണല്‍വാരല്‍. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നദികളുടെയും അടിത്തട്ട് കുണ്ടും കുഴിയുമായി തീര്‍ന്നിട്ടുണ്ട്. സ്വാഭാവിക ഒഴുക്കിന് തടസ്സം. ജലവിതാനം താണുപോയിട്ട് നദീതീരങ്ങളിലെ കിണറുകള്‍ പോലും വറ്റുന്നു. ഇതുമൂലം നദികളിലെ വെള്ളം സ്വയം ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്ക് തടസ്സം നേരിടുന്നു. ജൈവവൈവിധ്യനാശം വേറെയും.
ജലവിതാനം താഴുന്നതുകൊണ്ട് ഉപ്പുവെള്ളക്കയറ്റവും മറ്റൊരു പ്രശ്നമാണ്. വേനല്‍ക്കാലത്ത് നീരൊഴുക്കിന്റെ കുറവും അടിത്തട്ടിലെ അസ്വാഭാവികത മൂലം വെള്ളം തന്നെ ശക്തിയായിട്ട് ഒഴുകാതെയുള്ള അവസ്ഥയും കടല്വെള്ളത്തേ ക്ഷണിച്ചുവരുത്തുകയാണ്. കൃഷിക്കും കുടിക്കാനും നദീജലം കൊള്ളരുതാത്തതായി തീരുന്ന അവസ്ഥ. വ്യവസായ ആവശ്യങ്ങള്‍ക്കും ഉപ്പുവെള്ളം ഉപയോഗശൂന്യമാകുന്നു. ശുദ്ധജലത്തില്‍ വളരുന്ന ജല ജീവജാലങ്ങള്‍ക്കും ഓരുവെള്ളക്കയറ്റം ഭീഷണിയാകുന്നു.
നദീതീരങ്ങളോട് ചേര്‍ന്ന് ഇഷ്ടിക നിര്‍മ്മാണത്തിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള അഗാധ ഗര്‍ത്തങ്ങളും നദികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. ഇതുമൂലം നദീതീരങ്ങള്‍ ഇടിയാനും നദികളുടെ ഗതിമാറാനും, നദികളിലെ ജലവിതാനം താഴാനും കാരണമായിട്ടുണ്ട്. ഓരോ നദിയിലും നിരവധി അണക്കെട്ടുകള്‍ സ്ഥാപിച്ചിട്ടുള്ളതും നദികള്‍ക്ക് ദോഷം ചെയ്യുന്നുണ്ട്. അണക്കെട്ടിന് മുകളിലും താഴെയുമുള്ള വെള്ളത്തിന് രാസപരിണാമങ്ങളും സംഭവിക്കുന്നു. നദിയുടെ സ്വാഭാവിക ഒഴുക്കിനും കാര്യമായ വ്യതിയാനം ഉണ്ടാകുന്നു. നദീതീരങ്ങളിലെ അനധികൃത കയ്യേറ്റവും വിനോദസഞ്ചാരികളുടെ ആധിക്യവും നദികളുടെ ഇന്നത്തെ ശോച്യാവസ്ഥയ്ക്ക് കാരണമാണ്. നദികളുടെ ഈ അവസ്ഥ നമ്മുടെ കുടിവെള്ളക്ഷാമത്തിന് പ്രധാന കാരണമായി നിലകൊള്ളുന്നു.
മേല്‍പ്പറഞ്ഞ വസ്തുതകളുടെ പശ്ചാത്തലത്തില്‍ വേണം കേരളം ഇന്ന് നേരിടുന്ന ജല പ്രതിസന്ധിയും കുടിവെള്ളക്ഷാമവും പരിഗണിക്കുവാന്‍. ഈ പ്രതിസന്ധി നേരിടാന്‍ മൂന്നു മാര്‍ഗ്ഗങ്ങളാണ് കരണീയമായിട്ടുള്ളത്. 1. നമ്മുടെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ നദികളെ സംരക്ഷിക്കുക. 2. മഴവെള്ളക്കൊയ്ത്ത് വ്യാപകമാക്കുക. 3. വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് ഒരു പെരുമാറ്റച്ചട്ടം രൂപീകരിച്ച് നടപ്പിലാക്കി, വെള്ളത്തിന്റെ ഡിമാന്‍ഡ് ആവുന്നത്ര കുറയ്ക്കുക. ഇവയില്‍ ഒന്നും രണ്ടും മാര്‍ഗ്ഗങ്ങള്‍ വെള്ളത്തിന്റെ ലഭ്യത കൂട്ടാനും മൂന്നാമത്തേത് ഡിമാന്‍ഡ് കുറയ്ക്കാനും സഹായകമായിരിക്കും.
ഒന്നാമത്തെ മാര്‍ഗ്ഗമായ നദീസംരക്ഷണത്തിന് പല നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ഇവ പലതും നടപ്പിലാക്കുവാന്‍ ദീര്‍ഘകാലവും വേണം. പക്ഷേ ഇവയുടെ ഫലങ്ങള്‍ അനുഭവപ്പെടാന്‍ കാലതാമസം നേരിടും. അതുപോലെ തന്നെ പെരുമാറ്റ ചട്ടത്തിലൂടെ ആളുകളുടെ കാലപ്പഴക്കം ചെന്ന ശീലങ്ങള്‍ മാറ്റിയെടുത്ത് വെള്ളത്തിന്റെ പാഴാക്കലും ദുരുപയോഗവും നിയന്ത്രിക്കാനും ദീര്‍ഘകാലം തന്നെ വേണം. ഈ യാഥാര്‍ഥ്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ്, മേല്‍പ്പറഞ്ഞ മൂന്ന് മാര്‍ഗ്ഗങ്ങളില്‍ ഒന്നായ മഴവെള്ളക്കൊയ്ത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക.
നദീസംരക്ഷണത്തിന് ചില നിര്‍ദേശങ്ങള്‍
ഇത്രയേറെ പ്രതികൂല സാഹചര്യങ്ങളും അമിതചൂഷണവും നേരിടുന്ന നമ്മുടെ നദികളെ സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികള്‍ വേണം? ഏതാനും ചില നിര്‍ദേശങ്ങള്‍ മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ.
ഭൂമിയുടെ ഉപരിതലത്തിന്റെ കിടപ്പാണ് ജലമെങ്ങനെ ഒഴുകിപ്പോകും എന്ന് നിശ്ചയിക്കുന്നത്. ഗുരുത്വാകര്‍ഷണം കൊണ്ട് ജലം മുകളില്‍ നിന്ന് താഴേക്ക് ഒഴുകും. പക്ഷേ ലഘുവായ, സ്വാഭാവിക സാഹചര്യങ്ങളെ ഉപയോഗിച്ചുകൊണ്ടുതന്നെ മണ്ണിനുള്ളില്‍ ജലം സംഭരിച്ചുനിര്ത്തുവാന് സാധിക്കും. മാത്രമല്ല മണ്ണിന് മാത്രമേ ജലത്തെ യഥാര്‍ത്ഥത്തില്‍ സംഭരിക്കുവാനാകൂ. ഫലപ്രദമായ മണ്ണുസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് മിക്കപ്പോഴും ഭൂമിയില്‍ പതിക്കുന്ന അമൂല്യമായ ജലം മണിക്കൂറുകള്‍ക്കുള്ളില്‍ വളക്കൂറുള്ള മണ്ണിനെയും വഹിച്ചുകൊണ്ട് കടലിലെത്തുന്നത്. കുടിവെള്ളത്തിനായി പലപ്പോഴും ബഹളം കൂട്ടുന്ന ജനങ്ങള്‍ ഫലപ്രദമായ മണ്ണ് സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഈ പ്രശ്നം കുറെയൊക്കെ പരിഹരിക്കാവുന്നതാണ്. മണ്ണിനെ സംരക്ഷിക്കുവാനും, അതിന്റെ ജൈവാംശം വര്‍ധിപ്പിച്ച് കൂടുതല്‍ ജലം അതില്‍ പിടിച്ചുനിര്‍ത്തുവാനും സസ്യസമൂഹങ്ങള്‍ക്ക് മാത്രമേ കഴിയൂ. ഇവിടെയാണ് കുടിവെള്ളക്ഷാമ പരിഹാരത്തിന് വനവല്ക്കരണത്തിന്റെ പ്രസക്തി വ്യക്തമാകുന്നത്.
നീര്‍ത്തടാധിഷ്ടിത സമീപനം
ജലക്ഷാമ പരിഹാര നടപടികള്‍ എപ്പോഴും നീര്ത്തടാധിഷ്ടിതമായി നടത്തുന്നതാണ് ഏറ്റവും ഫലപ്രദം. ഭൂമിയുടെ ഉപരിതലത്തില്‍ വെള്ളം ഒഴുകി തുടങ്ങുന്നത് ചെറിയ നീര്‍ച്ചാലുകളായാണ്. ചെറുതും വലുതുമായ ഏതൊരു നീര്‍ച്ചാലിനും അതിലേക്ക് വെള്ളം ഒഴുകിയെത്തുന്ന വ്യക്തമായ അതിരുകളുള്ള ഒരു ഭൂഭാഗം ചുറ്റുമായി ഉണ്ടാകും. അതിനാല്‍ ഒരു നീര്‍ച്ചാലിലേക്ക് ഏതൊക്കെ സ്ഥലങ്ങളില്‍ നിന്ന് വെള്ളമെത്തുന്നുവോ, ആ സ്ഥലമത്രയും ആ നീര്‍ച്ചാലിന്റെ നീര്‍ത്തടമാണ്. ഈ രണ്ടു ചെറിയ നീര്‍ച്ചാലുകള്‍ ഒന്നിച്ചു ചേരുമ്പോള്‍ കുറച്ചുകൂടി വലിയ ഒരു നീര്ച്ചാലാവാം. ഇങ്ങനെ നിരവധി ചെറുതും വലുതുമായ നീര്‍ച്ചാലുകള്‍ ചേര്‍ന്ന് ചേര്‍ന്ന് വലിയ തോടുകളും, പോഷകനദിയും വലിയ നദിയുമുണ്ടാകുന്നു. ഏറ്റവും വലിയ നീര്ത്തടത്തേ നദീതടമെന്നും വിളിക്കുന്നു.
മണ്ണ്, വെള്ളം, ജൈവസമ്പത്ത് എന്നീ മൂന്ന് സുപ്രധാന പ്രകൃതിവിഭവങ്ങള്‍ പരസ്പരബന്ധിതമായി നിലകൊള്ളുന്ന ഒരു അടിസ്ഥാന പ്രകൃതിദത്ത ഘടകമാണ് നീര്‍ത്തടം. കാര്യക്ഷമവും ആവുന്നത്ര ചിലവു കുറഞ്ഞതുമായ മണ്ണ് സംരക്ഷണ മാര്‍ഗ്ഗങ്ങളിലൂടെ ശക്തിയായി ഒഴുകിപോകുന്ന ജലത്തെ കുറെയേറെ ആ നീര്‍ത്തടത്തില്‍ തന്നെ നിര്‍ത്തുവാന്‍ സാധിക്കും. എത്രത്തോളം വെള്ളം, എത്ര കാലത്തേക്ക്, എത്രമാത്രം ഉയരത്തില്‍ ഒരു നീര്‍ത്തടത്തില്‍ നിലനിര്‍ത്തുവാന്‍ കഴിയുന്നുവോ, അത്രമാത്രം ആ നീര്‍ത്തടത്തിലെ ജലക്ഷാമ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഇത്തരത്തില്‍ ഓരോ നീര്‍ത്തടത്തിലും സാധിക്കുന്നത്ര വെള്ളം സംഭരിച്ചു നിര്‍ത്തുവാന്‍ വേണ്ട ലഘുവായതും, സ്വാഭാവിക സാഹചര്യങ്ങളെ ഉപയോഗിച്ചു ചെയ്യേണ്ടതുമായ ചില സാങ്കേതിക രീതികള്‍ താഴെ കൊടുക്കുന്നു.
നീര്‍ക്കുഴികള്‍
പറമ്പുകളില്‍ പെയ്യുന്ന മഴവെള്ളം കുറേസമയം കെട്ടിനിര്‍ത്തി ഭൂമിക്കുള്ളിലേക്ക് ഊര്‍ന്നിറങ്ങുന്നതിനെ സഹായിക്കുവാനാണ് നീര്‍ക്കുഴികള്‍ നിര്‍മ്മിക്കുന്നത്. സാധാരണയായി നീര്‍ക്കുഴികള്‍ കൂടുതല്‍ പ്രയോജനപ്പെടുന്നത് ഇടനാട് പ്രദേശങ്ങളിലാണ്. ചരിവ് കുറഞ്ഞ മലനാട് പ്രദേശങ്ങളിലും ഇവ ആകാവുന്നതാണ്. നീര്‍ക്കുഴികള്‍ തുല്യ അളവില്‍ തുല്യ അകലത്തില്‍ മുകളില്‍ നിന്നും താഴേക്ക് എന്ന ക്രമത്തില്‍ നിര്‍മ്മിക്കേണ്ടതാണ്. ഒന്നര അടിയോളം വരെ താഴ്ചയെ നീര്‍ക്കുഴികള്‍ക്ക് ആവശ്യമുള്ളൂ. നീര്‍ക്കുഴികള്‍ താഴ്ന്നാല്‍ നാരുവേരു പടലമുള്ള സസ്യങ്ങള്‍ക്ക് അവയുടെ വേരുപടല മേഖലയില്‍ വേനല്‍ക്കാലത്ത് ജലം ലഭിക്കാതെ വരാം. സാധാരണയായി ഒരു ഹെക്ടറില്‍ 100 മുതല്‍ 150 വരെ നീര്ക്കുഴികളാകാം. കുഴികള്‍ കാലക്രമേണ നികന്നു പോകുകയാണെങ്കില്‍ അവയുടെ അടിയില്‍ വന്നടിഞ്ഞിട്ടുള്ള മണ്ണ് നീക്കം ചെയ്യേണ്ടതാണ്.
വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലും മണല്‍പ്രദേശങ്ങളിലും നീര്‍ക്കുഴികള്‍ അഭികാമ്യമല്ല. അതുപോലെതന്നെ മലനാടുകളിലെ ചരിഞ്ഞ പ്രദേശങ്ങളിലും. ചരിഞ്ഞ പ്രദേശങ്ങളില്‍ നീര്‍ക്കുഴികള്‍ നിര്‍മ്മിക്കുന്നത് ഉരുള്‍പൊട്ടലിന് സാധ്യത കൂട്ടിയേക്കാം. അത്തരം പ്രദേശങ്ങളിലും ഇത്തരം കുഴികള്‍ ഒഴിവാക്കുന്നത് നല്ലതാണ്. നീര്‍ക്കുഴികള്‍ കൊണ്ടൂര്‍ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്നതാണ് നല്ലത്. ഇവ കൃത്യമായി ക്രമത്തില്‍ വിന്യസിക്കാതെ വളഞ്ഞു പുളഞ്ഞ ക്രമത്തിലുണ്ടാക്കുന്നതാണ് ഉത്തമം. ഇത്തരം കുഴികള്‍ ഉണ്ടാക്കുമ്പോള്‍ ഭൂമിയുടെ ചരിവിന്റെ താഴെ ഭാഗത്ത് മണ്ണിട്ടുയര്‍ത്തി വരമ്പാക്കുന്നത് നല്ലതാണ്. ഇത്തരം വരമ്പുകളില്‍ നാട്ടിന്‍പുറത്ത് കാണുന്ന പലതരം പുല്ലുകള്‍ നട്ടുവളര്‍ത്തുന്നത് നല്ലതായിരിക്കും.
നീര്‍ച്ചാലുകള്‍
നീര്‍ക്കുഴികള്‍ പോലെത്തന്നെ ഭൂമിയുടെ ചരിവിന് കുറുകെ ചാലുകള്‍ ഉണ്ടാക്കുന്നതും മഴവെള്ള സംഭരണത്തിന് നല്ലതാണ്. അവ കോണ്ടൂര് അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതാണ് ഉത്തമം.
ഇതുമൂലം വേഗത്തിലൊഴുകുന്ന മഴവെള്ളം, കുറേസമയമെങ്കിലും കെട്ടിനിന്നു ഭൂമിയ്ക്കുള്ളിലെയ്ക്ക് ഊര്‍ന്നിറങ്ങി ഭൂഗര്‍ഭജലത്തിന് മുതല്‍ക്കൂട്ടാകും. രണ്ടടിവരെ ആഴമേ ജലചാലുകള്ക്ക് ആവശ്യമുള്ളൂ. നീര്‍ക്കുഴികള്‍ക്ക് പറ്റിയ സ്ഥലങ്ങളെല്ലാംതന്നെ നീര്‍ച്ചാലുകള്‍ക്കും പറ്റും. ഈ ചാലുകള്‍ ഉണ്ടാക്കുമ്പോള്‍ ഭൂമിയുടെ ചരിവിന്റെ താഴെ ഭാഗത്ത് നിക്ഷേപിക്കുന്ന മണ്ണ് വരമ്പിനെ ശക്തിപ്പെടുത്തുവാന്‍ സഹായിക്കും.ഇത്തരം വരമ്പുകളിലും പലതരം പുല്ലുകള്‍ നട്ടുവളര്‍ത്തുന്നത് വരമ്പുകളുടെ ഉറപ്പിന് നല്ലതാണ്.
തട്ടുതിരിക്കല്‍
ഭൂമിയുടെ ചരിവിന്റെ മേല്‍ഭാഗം ഒരല്പം വെട്ടിത്താഴ്ത്തി മണ്ണ് താഴ്ന്ന വശത്തിട്ട് നിരപ്പാക്കി തട്ടുതിരിച്ചാല് മഴവെള്ളപ്പാച്ചിലിന്റെ ശക്തി ലഘൂകരിക്കാം. വൃക്ഷനശീകരണം നാശമായിക്കൊണ്ടിരിക്കുന്ന ചരിവുള്ള പ്രദേശങ്ങളിലെ പാരിസ്ഥിതിക പുനരുജ്ജീവനത്തിനായി വനവല്‍ക്കരണവും മറ്റും നടത്തുന്നതിനു മുമ്പ് ഇത്തരം നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഇത്തരം തട്ടുകള്‍ അകത്തോട്ട് ചരിഞ്ഞവയാണെങ്കില് ജലപ്രവാഹത്തിന്റെ ശക്തി കുറയ്ക്കുന്നതോടൊപ്പം വെള്ളം ഭൂമിയ്ക്കടിയിലേക്ക് ആഴ്ന്നിറങ്ങുവാന്‍ സഹായിക്കും. പക്ഷേ ഭൂമിയുടെ സ്വഭാവത്തിനനുസരിച്ച് മാത്രമേ തട്ടുതിരിക്കാവൂ.
ജൈവവേലികള്‍
ഭൂമിയുടെ ചരിവുകള്‍ക്ക് കുറുകെ കൃഷിയിടത്തിന്റെ പ്രത്യേകതകളനുസരിച്ച് ചെടികള്‍ വേലിപോലെ വരിവരിയായി നട്ടുപിടിപ്പിക്കുന്നത് മണ്ണും, ജലവും സംരക്ഷിക്കുന്നതിന് ഏറെ ഉപകരിക്കും. ചെമ്പരത്തി, ശീമക്കൊന്ന തുടങ്ങിയ ചെറുവൃക്ഷങ്ങളോ അല്ലെങ്കില്‍ ഫലം ലഭിക്കുന്ന ചെറുവൃക്ഷങ്ങളോ ഈ ആവശ്യത്തിനായി നടാം. യഥാസമയം ഇവയുടെ ശിഖരങ്ങള്‍ വെട്ടി മണ്ണിന് പുതയിട്ട് സൂക്ഷിക്കുന്നത് മണ്ണിലെ ജലാംശം നിലനിര്‍ത്തുന്നതിനും നൈട്രജന്റെ തോത് വര്‍ദ്ധിപ്പിച്ച് മണ്ണിന്റെ വളക്കൂര്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായകരമാണ്.
തടമെടുക്കല്‍
വൃക്ഷങ്ങളുടെയും ചെടികളുടെയും ചുവട്ടില്‍ മഴവെള്ളം തടഞ്ഞുനിര്‍ത്തി ഭൂമിയ്ക്കുള്ളിലേയ്ക്ക് ഫലപ്രദമായി ഇറങ്ങുന്നതിന് ഉപകരിക്കത്തക്കവണ്ണം തടങ്ങളുണ്ടാക്കാവുന്നതാണ്. ഉദാ: തെങ്ങിന്‍തടങ്ങള്‍. ഇത്തരം തടങ്ങളില്‍ നിന്നും ജലം ബാഷ്പീകരണം വഴി നഷ്ടംവരുന്നതിനെ ചെറുക്കാന്‍ ഇലകളും മറ്റും നിക്ഷേപിക്കേണ്ടതാണ്. ചരിവുള്ള ഭൂമിയാണെങ്കില് ചരിവിന്റെ താഴെ ഭാഗത്താണ് തടം വരേണ്ടത്.
ഗള്ളി കണ്ട്രോള് തടയണകള്‍
ഉയര്‍ന്ന ഭൂമിയില്‍നിന്നും ശക്തമായി താഴേയ്ക്ക് ഒഴുകുന്ന നീര്‍ച്ചാലുകളില്‍ കാലക്രമേണ സംരക്ഷണം ഇല്ലാത്ത അവസ്ഥയില്‍ ചെറിയ മണ്ണൊലിപ്പ് പോലും വലിയ ഗള്ളികളായിത്തീരും. പ്രാദേശികമായി ലഭിക്കുന്ന കല്ല്, തടി എന്നിവ ഉപയോഗിച്ച് മണ്ണൊലിപ്പും ജലപ്രവാഹത്തിന്റെ വേഗതയും കുറയ്ക്കുവാന്‍ ചെറുതടയണകള്‍ ഇവിടെ നിര്‍മ്മിക്കാം. ഇവയെ ഗള്ളി കണ്ട്രോള് തടയണകള്‍ എന്ന് പറയും.
മണ്ണ് കയ്യാല നിര്‍മ്മാണം
ഭൂമിയുടെ ചരിവ് കുറഞ്ഞ പ്രദേശങ്ങളാണെങ്കില്‍ ജലസംരക്ഷണത്തിനായി മണ്ണുകൊണ്ട് ചെറിയ കയ്യാലകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. കയ്യാലകളുടെ മീതെ പലതരം ചെടികള്‍ നട്ടുവളര്‍ത്തി ബലമുള്ളവയാക്കുവാന് ശ്രമിക്കേണ്ടതാണ്. ഇത്തരം ചെറിയ കയ്യാലകളില്‍ തടഞ്ഞ് മഴവെള്ളം പെട്ടെന്ന് ഒഴുകിപ്പോകാതെ ഒരു ഭാഗം ഭൂമിയ്ക്കടിയിലെക്ക് താഴുവാന്‍ ഇടയാകും. ചരിവ് കൂടിയ പ്രദേശങ്ങളില്‍ ഇതേ രീതിയില്‍ കല്ലുകയ്യാലകളും നിര്‍മ്മിക്കാവുന്നതാണ്.
സസ്യ ചെക്ക്ഡാം
ശക്തികുറഞ്ഞ് ഒഴുകുന്ന നീര്‍ച്ചാലുകളുടെ കുറുകെ വേര്പിടിച്ച് വളരുന്നതരം സസ്യങ്ങള്‍ നടാവുന്നതാണ്. അവയുടെ കമ്പുകളോ മറ്റു ഭാഗങ്ങളോ അടുപ്പിച്ചു നട്ടാല്‍ മതിയാകും. അവ വളര്‍ന്ന് കഴിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറയ്ക്കുകയും കൂടുതല്‍ ജലം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുവാന്‍ സഹായിക്കുകയും ചെയ്യും.
ഇത്തരം ചെടികള്‍, വേരുപിടിക്കുവാന്‍ തക്ക മണ്ണില്ലാത്ത നീര്‍ച്ചാലുകളില്‍ ഉണങ്ങിയ മരക്കഷണങ്ങള്‍, വാഴപ്പിണ്ടി മുതലായവ കൂട്ടിക്കെട്ടി ജലപ്രവാഹത്തിന്റെ വേഗത്തിന് തടസ്സമുണ്ടാക്കാം. ഇത്തരം സാധനങ്ങള്‍ കാലക്രമേണ നശിച്ചുപോവുകയാണെങ്കില്‍ പുതുക്കേണ്ടതുമാണ്. നീര്‍ച്ചാലുകളുടെ ഉത്ഭവസ്ഥാനങ്ങളില്‍ ഈ പ്രവര്‍ത്തി കൂടുതല്‍ പ്രയോജനം ചെയ്യും.
മലകളുടെ മുകളില്‍ നിന്നും ശക്തിയായി പാഞ്ഞുവരുന്ന നീര്‍ച്ചാലുകളില്‍ പ്രാദേശികമായി ലഭിക്കുന്ന ‘കാട്ടുകല്ലുകള്‍’ ഉപയോഗിച്ച് തടസ്സം സൃഷ്ടിക്കാവുന്നതാണ്. ഓരോ ചാലുകളുടെയും ഒഴുക്കിന്റെ ശക്തി അനുസരിച്ചാണ് ഇത്തരം ചെറുതായ കാട്ടുകല്ലുകള്‍ പെറുക്കി അടക്കിയ ചെറിയ തടയണകള്‍ നിര്‍മ്മിക്കേണ്ടത്.
തലക്കുളം
പറമ്പുകളുടെ മേലറ്റത്തെ ജലലഭ്യത മനസ്സിലാക്കി കുളങ്ങളുണ്ടാക്കുന്നതിനെയാണ് തലക്കുളങ്ങള്‍ എന്നുപറയുന്നത്. സാധാരണയായി നെല്‍പ്പാടങ്ങളുടെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലാണ് കൂടുതലായും നമ്മുടെ പൂര്‍വ്വികര്‍ തലക്കുളങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. അവിടെ നിന്നും വെള്ളം ഊര്‍ന്നിറങ്ങി താഴെ തലത്തില്‍ കുളങ്ങളുണ്ടെങ്കില്‍ അവയിലോ, ഇല്ലെങ്കില്‍ താഴെയുള്ള നിലങ്ങളിലോ ഭൂഗര്‍ഭജലത്തെ സമ്പുഷ്ടമാക്കുന്നു.
ചകിരിക്കുഴി ജലസംഭരണം
ചകിരിത്തൊണ്ട് പറമ്പുകളിലെ മഴവെള്ള സംഭരണത്തിന് ഉതകുന്ന ഒന്നായിമാറ്റാം. പണ്ടുകാലത്ത് ഇതേലക്ഷ്യത്തോടുകൂടി തെങ്ങിന് ചുറ്റും കുഴിയെടുത്ത് ചകിരിത്തൊണ്ട് അടുക്കിവച്ച് മണ്ണിട്ട് മൂടുന്ന പതിവുണ്ടായിരുന്നു. ഇതിനു അര മീറ്റര്‍ ആഴവും വീതിയും ഉള്ള കുഴി മതിയാകും. കുഴിയില്‍ ആദ്യം ഇടുന്ന ചകിരിത്തൊണ്ടുകള്‍ മുകളിലേക്ക് മലര്ത്തിവെയ്ക്കണം. ഇങ്ങനെ പലതട്ടുകള്‍ ഉണ്ടാക്കാം. ഈ തൊണ്ടുകള്‍ എല്ലാം മഴവെള്ളത്തെ ശേഖരിച്ചുവെക്കും. ഏറ്റവും മുകളിലത്തെ രണ്ടു നിരതൊണ്ടുകള് കമിഴ്ത്തി വയ്ക്കുന്നത് ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം ഒഴിവാക്കും. മുകളില്‍ മണ്ണിട്ട് മൂടണം.മൂന്നോ നാലോ വര്‍ഷക്കാലത്തെ മഴവെള്ളം സംഭരിച്ചുവച്ചതിനുശേഷം തൊണ്ടുകള്‍ ദ്രവിച്ച് മണ്ണോടുചേരും.
വനവല്‍ക്കരണം
മേല്‍ പ്രതിപാദിച്ച ഏതൊരു സാങ്കേതിക രീതിയേക്കാളുമേറെ കാര്യക്ഷമമായി വെള്ളം സംഭരിക്കപ്പെടുന്നത് വനവല്ക്കരണത്തിലൂടെയാണെന്ന സത്യം നാം ഒരിക്കലും വിസ്മരിക്കരുത്. ഒരു ഹെക്ടര്‍ ഹരിതവനം രണ്ടരലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കുമെന്നാണ് കണക്ക്. അതിനാല്‍ അവയെ യഥാര്‍ത്ഥ ജലസംഭരണികള്‍ എന്ന് വേണമെങ്കില്‍ പറയാം. വൃക്ഷനിബിഡതയുണ്ടെങ്കില് മഴവെള്ളം ശക്തിയോടെ, കുത്തനെ തറയില്‍ പതിക്കാതെ വൃക്ഷത്തലപ്പുകളില്‍ വീണ് ശാഖകളിലും, തടികളിലും കൂടി സാവധാനം ഒലിച്ചിറങ്ങി മണ്ണില്‍ എത്തുന്നു. പൊഴിഞ്ഞ ഇലകളും ചില്ലിക്കമ്പുകളും ചീഞ്ഞളിഞ്ഞ് വളക്കൂറു ആര്‍ജ്ജിച്ച പ്രദേശങ്ങളിലെ മേല്‍മണ്ണിലെ വെള്ളത്തിന്റെ നല്ലൊരു ഭാഗം താഴോട്ടു പോയി ഭൂഗര്‍ഭജലവിതാനത്തെ പുഷ്ടിപ്പെടുത്തുന്നു. 50 വര്‍ഷം ജീവിക്കുന്ന ഒരു മരം ഏതാണ്ട് 6 മുതല്‍ 7 ലക്ഷം രൂപ വരുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തുന്നു എന്നാണ് ശാസ്ത്രപക്ഷം. ഈ വസ്തുത കേരളത്തിലെ ജലക്ഷാമ പരിഹാരത്തിന് ശാശ്വതമായ പരിഹാരം കാര്യക്ഷമവും, ആസൂത്രിതവുമായ വനവല്‍ക്കരണ പരിശ്രമമാണെന്ന് തെളിയിക്കുന്നു.
കേരളത്തില്‍ ജലസുരക്ഷയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിനുവേണ്ടി വലിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചാണ് നാം ആദ്യം ചിന്തിക്കുക. വന്‍കിട ഡാമുകളുടെ നിര്മ്മാണമായിരിക്കാം ആദ്യം മനസ്സില്‍ വരിക. പക്ഷേ നമ്മുടെ തദ്ദേശസ്വയംഭരണതലത്തില്‍ ലളിതവും ചെലവുകുറഞ്ഞതുമായ ജലസംബന്ധമായ വികസന പരിശ്രമങ്ങള്‍ക്കുള്ള പ്രാധാന്യം നാം അടിസ്ഥാനമായി എടുക്കാറില്ല. അതാതു ഗ്രാമവാസികളെ പങ്കാളികളാക്കിക്കൊണ്ട് ജലവിഭവസംരക്ഷണ-വിനിയോഗ സമ്പ്രദായം ഈ രാജ്യത്ത് നിലവില്‍ നിന്നിരുന്നു. ജലവിഭവം നിലനില്ക്കുന്നവിധം ഉപയോഗിക്കുവാനും, മഴയുടെ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക ക്ലേശങ്ങള്‍, ഏറ്റവും കുറഞ്ഞ തോതിലേയ്ക്ക് പിടിച്ചുനിര്‍ത്തുവാനും സഹായകമായിരുന്നു ഇത്തരം സമ്പ്രദായങ്ങള്‍. എന്നാല്‍ കേന്ദ്രീകൃത പദ്ധതികളുടെ വരവോടെ സ്വാഭാവികമായും പരമ്പരാഗതമായി പരിചരണം ലഭിച്ചുകൊണ്ടിരുന്ന പലതിനും പ്രാധാന്യം കുറഞ്ഞു. അവ നടത്തിക്കൊണ്ടുപോകുവാനുള്ള സാമ്പത്തിക സഹായങ്ങളും ഇല്ലാതായി. കേരളത്തിന്റെ കാര്യമെടുത്താല്‍ പൈപ്പുകളിലൂടെ വെള്ളം കിട്ടുമെന്നായപ്പോള്‍ നാം കിണറുകളെ ശ്രദ്ധിക്കാതെയായി. വിസ്തൃതമായ കനാല്‍ ജലസേചന സൗകര്യങ്ങള്‍ വന്നപ്പോള്‍ പരമ്പരാഗത കുളങ്ങള്‍ക്ക് ആണ്ടോടാണ്ട് ലഭിച്ചിരുന്ന പരിചരണം ഇല്ലാതായി.
കേരളത്തിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ചെറുതും വികേന്ദ്രീകൃതവുമായ ജലസ്രോതസ്സുകളുടെ പ്രാധാന്യം മനസ്സിലാക്കുവാന്‍ ഈ സംസ്ഥാനത്തിന്റെ ജലവിഭവബജറ്റ് ഒന്നു പരിശോധിക്കുന്നത് നല്ലതാണ്. ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ഏതാണ്ട് 7600 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലകമ്മിയാണിവിടെ. വര്ഷകാലത്താകട്ടെ 9000 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലം മിച്ചമാണ് താനും. കാലാനുസൃതമായ ഈ വൈരുദ്ധ്യമാണ് നമ്മുടെ കുടിവെള്ള പ്രശ്നങ്ങളുടെ കാതല്‍. കൂടാതെ ആഗോളതാപനം മൂലം അനുഭവപ്പെടുന്നതും അനുദിനം അനുകരിക്കുന്നതുമായ ജലാവശ്യം.
നാം അടിയന്തിരമായി ചെയ്യേണ്ടത് നമ്മുടെ കിണറുകള്‍, കുളങ്ങള്‍ എന്നിവയെ സംരക്ഷിക്കുകയാണ് വേണ്ടത്. 2011 സെന്‍സസ് പ്രകാരം കേരളത്തില്‍ ഏകദേശം 46 ലക്ഷം കിണറുകളുണ്ട്. ഇടനാടന്‍ തീരപ്രദേശമേഖലകളില് ശരാശരി 200 കിണറുകള്‍. ഈ സംസ്ഥാനത്തെ കിണറുകളില്‍ 99 ശതമാനവും സര്‍ക്കാരിന്റെ യാതൊരു സഹായവുമില്ലാതെ ജനങ്ങള്‍ അവരുടെ പണം കൊണ്ട് ഉണ്ടാക്കിയവയാണ്. സര്‍ക്കാര്‍ കുടിവെള്ള ആവശ്യത്തിന് ചിലവാക്കിയതിനേക്കാളും എത്രയോ വലിയ തുകയാണ് ഈ 46 ലക്ഷം കിണര്‍ നിര്‍മ്മിക്കുവാന്‍ ജനങ്ങള്‍ ചിലവാക്കിയത് എന്ന് ഓര്‍ക്കേണ്ടതാണ്. കിണര്‍ എന്നത് ഒരു വലിയ നിര്‍മ്മിതി അല്ലാത്തതിനാലും, പരമ്പരാഗത അറിവ് ഉപയോഗിച്ച് പ്രാദേശിക തൊഴിലാളികള്‍ നിര്‍മ്മിക്കുന്നതിനാലും അതിന്റെ നിര്‍മ്മാണത്തില്‍ നമുക്ക് അത്ഭുതമുണ്ടാകുന്നില്ലെന്നു മാത്രം.
കിണറുകളുടെയും കുളങ്ങളുടെയും വിവരശേഖരണം നടത്തി അവയെ ജി,ഐ.എസ്. സംവിധാനത്തിന്റെ സഹായത്തോടെ ജനപങ്കാളിത്തത്തോടെ ഒരു മിഷന് തന്നെ ഓരോ പഞ്ചായത്ത് തലത്തിലുമുണ്ടാകണം. പണ്ട് ഓരോ വര്‍ഷവും വേനല്‍മാസങ്ങളില്‍ കിണറുകളും കുളങ്ങളും വൃത്തിയാക്കി സംരക്ഷിച്ചിരുന്നു. ഭൂഗര്‍ഭജല സാന്നിധ്യം, ഉറവകളുടെ വൈവിധ്യം, സ്വഭാവ സവിശേഷതകള്‍, പരിപാലനരീതികള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തി അടുത്ത തലമുറയ്ക്ക് കൈമാറുവാനായി സംവിധാനമുണ്ടാകണം.
മേല്‍ക്കൂരയിലെ മഴവെള്ളം കിണറിലെയ്ക്കും കുളങ്ങളിലെയ്ക്കും കഴിയുന്ന സ്ഥലങ്ങളില്‍ ഇറക്കുവാന്‍ ശ്രമിക്കണം. 1000 ചതുരശ്ര അടിയുള്ള മേല്‍ക്കൂരയില്‍ നിന്നും ശരാശരി 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന കേരളത്തില്‍ ഒരു വര്‍ഷത്തില്‍ 2 ലക്ഷം ലിറ്റര്‍ ജലമാണ് കിണറില്‍ എത്തിക്കുവാന്‍ കഴിയുന്നത്. മഴയിലൂടെ ലഭിക്കുന്ന ജലമാണ് ഏറ്റവും ശുദ്ധവും ഗുണനിലവാരമുള്ള ജലമെന്നും എവിടെ അത് ലഭിക്കുന്നുവോ അവിടെത്തന്നെ സംഭരിക്കുക എന്നതുമാണ് മഴവെള്ളസംഭരണത്തിന്റെ അടിസ്ഥാനതത്വം. അത് പ്രകൃതിദത്തമായ ചെറുജലസ്രോതസ്സുകളിലാകുമ്പോള് ആ പ്രദേശത്തെ പരിസ്ഥിതിക്ക് അത് വലിയ മുതല്‍ക്കൂട്ടാകും. താഴ്ന്നുപോയ ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിനും ഗുണനിലവാരമുള്ള ശുദ്ധജലം പ്രകൃതിദത്തമായി ലഭ്യമാക്കുന്നതിനും മേല്‍ക്കൂരയില്‍ നിന്നുമുള്ള മഴവെള്ളസംഭരണം ഏറെ സഹായിക്കും. മേല്‍ക്കൂരകള്‍ താരതമ്യേന വൃത്തിയുള്ളതായതിനാലും നമ്മുടെ നാട്ടില്‍ 3 മീറ്റര്‍ വരെ മഴ ലഭിക്കുന്നു എന്നതിനാലും ചെറുജലസ്രോതസ്സുകളിലേയ്ക്കുള്ള മഴവെള്ള സംഭരണം ഏറെ അഭികാമ്യമാണ്. വളരെ ലളിതമായി ചെയ്യാവുന്ന ഈ പ്രക്രിയയിലൂടെ നാം നേരിടുന്ന വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമത്തെ ഒരു പരിധിവരെ എങ്കിലും ചെറുത്തു തോല്‍പ്പിക്കാനാകും. ഈ പദ്ധതിയെ കേവലം മഴവെള്ള സംഭരണത്തിനപ്പുറം ഒരു കാലാവസ്ഥാ വ്യതിയാന അതിജീവന പദ്ധതിയുടെ ഗണത്തില്‍ പെടുത്തി അടിയന്തര പ്രാധാന്യം കൊടുക്കണം. ഇത്തരം പരിശ്രമങ്ങള്‍ പ്രാദേശികമായി ജലസുരക്ഷയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും.
ഇതിനുപുറമേ മറ്റു വികേന്ദ്രീകൃത ജലസ്രോതസ്സുകളായ ശുദ്ധജല തടാകങ്ങള്‍, നെല്‍പ്പാടങ്ങള്‍, തുടങ്ങിയവയുടെ വിസ്തൃതി കുറഞ്ഞുവരുന്നത് ഏറ്റവും അപകടകരമായ പ്രവണതയാണ്. ‘പ്രകൃതിയുടെ കിഡ്നി’ എന്നറിയപ്പെടുന്ന ഈ അതിലോല ആവാസവ്യവസ്ഥകളാണ് താരതമ്യേന വലിയ തണ്ണീര്‍ത്തടങ്ങള്‍ കുറവായ കേരള സംസ്ഥാനത്തിന് ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലം സംഭരിച്ച് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്.
കടപ്പാട്: കേരള സോഷ്യല്‍ സര്‍വീസ് ഫോറം
അവസാനം പരിഷ്കരിച്ചത് : 6/10/2020
ജലസംരക്ഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ