ജല ദാരിദ്ര്യത്തിൽ നിന്നുള്ള സംരക്ഷണമാണ് ജല സുരക്ഷിതത്വം കേരളത്തിന്റെ തനതു സാഹചര്യത്തിൽ നിന്ന് കൊണ്ട് മൂന്നു തരത്തിലുള്ള ജല സുരക്ഷാമാർഗങ്ങൾ കണ്ടെത്താൻ കഴിയും .
മഴവെള്ളം മണ്ണിലേക്ക് താഴ്ത്തി ഭൂജല പരിപോഷണം നടത്തുകയും ജല സ്രോദസ്സുകളെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന രീതി.
മഴവെള്ള സംഭരണവും വിവേക പൂർണമായ വിനിയോഗവും
ലഭ്യമായ ജലത്തിന്റെ / ജല സ്രോദസ്സുകളുടെ ബുദ്ധിപൂർവമായ ഉപയോഗം.
ഭൂജല പരിഭോഷണത്തെ കുറിച്ചും ജലസ്രോദസ്സുകളുടെ ബുദ്ധിപൂർവമായ ഉപയോഗത്തെ കുറിച്ചും താഴെ പ്രതിപാദിക്കുന്നു .
ഭൂജല പരിപോഷണം
പ്രകൃതിയുടെ ജല സംഭരണി ആത്യന്തികമായി മണ്ണാണ്.മണ്ണിൽ ജലം സൂക്ഷിക്കുന്നതിന് ചില അനുകൂല ഘടകങ്ങളുണ്ടാകണം.സസ്യാവരണവും മരങ്ങളും കാടുകളും മണ്ണിലെ ജൈവാംശ സാന്നിദ്ധ്യവുമാണ് മണ്ണിൽ വെള്ളം കിനിഞ്ഞിറങ്ങുവാനും സംഭരിക്കപ്പെടാനും സഹായിക്കുന്നത്.ഇത്തരം സ്വാഭാവിക ഭൂജല പരിപോഷണ ഘടകങ്ങൾ ഇല്ലാത്ത സ്ഥലത്ത് കൃത്രിമമായ സംവിധാനങ്ങൾ ഉണ്ടാക്കണം.ഇക്കാര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മാർഗ്ഗനിർദ്ദേശം മഴതുള്ളി നിലത്ത് പതിക്കുന്നിടത്ത് തന്നെ,ആഴ്ന്നിറങ്ങുവാനുള്ള സൗകര്യമുണ്ടാവുകയെന്നതാണ്.ഇങ്ങനെ ആഴ്ന്നിറങ്ങാനുള്ള സ്വാഭാവിക സൗകര്യമില്ലാത്തിടത്ത് ,അനുയോജ്യമായ ഇടപെടൽ പ്രവർത്തനങ്ങളിലൂടെ ജല പുനരുജ്ജീവന പ്രക്രിയക്ക് കൃത്രിമ മാർഗങ്ങൾ / നിർമിതികൾ ഒരുക്കണം.ഒഴുകിപ്പോകുന്ന മഴവെള്ളം ഭൂമിക്കുള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് 'ജലചക്ര 'ത്തിന്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കുന്നു.
ഭൂജല പരിപോഷണത്തിനും ജലപുനരുജീവനത്തിനും കൃഷിരീതിയിലധിഷ്ഠിതമായ സ്വാഭാവിക ജലസംരക്ഷണ മാര്ഗങ്ങളും ജലസംരക്ഷണ നിര്മിതികളും നടപ്പാക്കാവുന്നതാണ് .ഈ മാർഗങ്ങളിൽ അനുയോജ്യമായ സ്വന്തം പുരയിടത്തിൽ തന്നെ പ്രവർത്തിക മാക്കുന്നത് തൽസ്ഥല ജലസംരക്ഷണത്തിന് ഏറെ സഹായകമാണ്.
ഓരോ സ്ഥലത്തും ലഭ്യമാകുന്ന സൂര്യപ്രകാശവും ജലവും പരമാവധി പ്രേയോജന പെടുത്തുന്ന വിധത്തിൽ ബഹുനില കൃഷി രീതി സ്വീകരിച്ചാൽ ഉത്പാദനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും. തെങ്ങ്,കവുങ്ങ്,പപ്പായ,മുരിങ്ങ,പ്ലാവ്,മാവ് തുടങ്ങിയ വൃക്ഷങ്ങൾ ഒന്നാം നിലയിലും ;പയറുവർഗ്ഗങ്ങൾ,മഞ്ഞൾ,പച്ചക്കറികൾ,ചേന,ചേമ്പ്,ഇഞ്ചി,മധുരക്കിഴങ്ങ് നിലക്കടല,പുഷ്പവിളകൾ തുടങ്ങിയവ താഴത്തെ നിലയിലും തിരഞ്ഞെടുക്കാവുന്നതാണ് .ഓരോ പ്രദേശത്തിനും ഉചിതമായ ബഹുനില വിള ഗ്രൂപ്പ് തെരഞ്ഞെടുക്കണം.
മണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിനും അതാത് സമയത്തെ ജലലഭ്യതക്ക് അനുസൃതമായ വിളക്കൃഷി ചെയ്യുന്നതിനും വിലചംക്രമണരീതി ഫലപ്രദമാണ്.മുഖ്യമായും പാടങ്ങളിലാണ് ഈ രീതി പ്രായോഗികം .നെല്ലിനുശേഷം പയറും ,അത് കഴിഞ്ഞ് പച്ചക്കറിയും കൃഷി ചെയ്യുന്ന രീതി നമ്മുടെ നാട്ടിൽ പണ്ടേ നിലവിലുള്ളതാണല്ലോ.ഇതുപോലെ പറമ്പുകളിലും ചില വിളകളെ സംബന്ധിച്ച് വിലചംക്രമണം സത്യമാണ്.ഉദാഹരണമായി ഒരു തവണ കാപ്പ കൃഷി ചെയ്താൽ പിന്നെ ചേനയോ ഇഞ്ചിയോ കാച്ചിലോ കൃഷി ചെയ്യാവുന്നതാണ്.
c.ഇടവരി കൃഷി
കാറ്റ്,വെള്ളം എന്നിവ കാരണമുള്ള മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന്റെജലാഗിരണശേഷി വർധിപ്പിക്കുന്നതിനും ഇടവരി കൃഷി ഫലപ്രദമാണ്.ചെറിയ ചരിവുകളിൽ കൊണ്ടൂർ രേഖയിൽ ഇടവിട്ട് കൈത,രാമച്ചം,ഇഞ്ചിപുല്ല്,തീറ്റപ്പുല്ല് തുടങ്ങിയ മണ്ണൊലിപ്പ് നിരോധക സസ്യങ്ങളും കോൺടൂറുകൾക്കിടയിൽ മണ്ണൊലിപ്പ് ഉണ്ടാകാവുന്ന വിളകളും കൃഷി ചെയ്യാം.കാറ്റുമൂലമുള്ള മണ്ണൊലിപ്പുതടായാൻ ഉയര വ്യത്യാസമുള്ള വിളകൾ ഇടവിട്ട് കൃഷി ചെയ്യണം.
d.കോണ്ടൂർ കൃഷി.
ചരിവുള്ള സ്ഥലങ്ങളിൽ ഏതുവിള കൃഷി ചെയ്യുമ്പോളും കോണ്ടൂർ രേഖ (സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരത്തിലുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖ )യിൽ വേണം ചെയ്യാൻ.റബ്ബർ കർഷകർ ഈ രീതി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതായ് കാണാം.കൊണ്ടൂരിൽ ചരിവിന് ലംബമായി ടെറസ് ചെയ്യുന്നത് ജലസംരക്ഷണത്തിന് വളരെ സഹായകരമാണ്.ഇതേപോലെ ചരിവിന് വിപരീത ദിശയിൽ കൃഷി ചെയ്യുന്നത് മണ്ണൊലിപ്പും ഗണ്യമായി കുറയ്ക്കും.
e.ജൈവ വേലികൾ
വേലി കെട്ടാൻ ഉപയോഗിക്കുന്ന പലതരം ചെടികൾ നമ്മുടെ നാട്ടിലുണ്ട്.ആവണക്ക്,മുരിക്ക്,ആടലോടകം തുടങ്ങിയവ ഉദാഹരണങ്ങൾ.കല്ലുകൊണ്ടും സിമന്റ് കൊണ്ടും ചെലവേറിയ മതിലുകൾ പണിയുന്നതിന് പകരം ഇത്തരം സസ്യങ്ങൾ ഉപയോഗിച്ച് ചെലവില്ലാതെ ജൈവ മതിലുകൾ തീർക്കാം.ശീമക്കൊന്ന പോലുള്ള ധാരാളം ജൈവ വളങ്ങൾ തരുന്ന സസ്യങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ,അതുവഴി കൃഷിഭൂമിയിലേക്കാവശ്യമായ ജൈവ വളങ്ങളുംക് ലഭ്യമാക്കാം.അശാസ്ത്രീയമായ രാസവളപ്രയോഗത്തിന്റെ ദൂഷ്യങ്ങൾ കൂടുതൽ ബോ ധ്യപെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പ്രവർത്തനത്തിന് വലിയ പ്രാധാന്യമുണ്ട്.
f.ആവരണ വിളകൾ
സൂര്യ രശ്മി നേരിട്ട് മണ്ണിൽ പതിക്കാതിരിക്കാനും ,മണ്ണിൽ നിന്നുള്ള ബാഷ്പീകരണം കുറച്ച് ഈർപ്പം നിലനിർത്തുവാനും ഇത് സഹായിക്കും.മണ്ണിൽ പടരുന്ന ചില ആവരണ വിളകൾപുതയിടാനും ഉപയോഗിക്കാവുന്നതാണ്.ഇതും റബ്ബർ കൃഷിക്കാർ സാധാരണയായി ചെയ്തുവരുന്നു.ജലനഷ്ടം കുറയ്ക്കുന്നതിന് പുറമെ ,നീരൊഴുക്കിന്റെ വേഗതകുറയ്ക്കുവാനും അതുവഴി കിനിഞ്ഞിറങ്ങൾ വർദ്ധിപ്പിക്കുവാനും മണ്ണിലെ ജൈവ വസ്തുക്കളുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുവാനും ആവരണ വിളകൾ സഹായിക്കും.
e.പുതിയിടൽ
കാർഷിക പാഴ്‌വസ്തുക്കൾ ,തോല്,ചപ്പുചവറുകൾ എന്നിവകൊണ്ട് പുതയിടുന്നതും ,ജൈവ വളങ്ങളും മണ്ണിരകമ്പോസ്റ്റും കൃഷിഭൂമിയിൽ പ്രയോഗിക്കുന്നതും മണ്ണിന്റെ ജലാഗിരണശേഷി വർധിപ്പിക്കും.തെങ്ങിന് തടം തുറന്ന് പുതയിടുന്നത് ഏറ്റവും നല്ലൊരു ജലസംരക്ഷണ പ്രവർത്തനമാണ്.
a.കോണ്ടൂർ കയ്യാലകൾ :
ഭൂമിയുടെ ചരിവിന് കുറുകെ കോണ്ടൂർ രേഖയിൽ കൂടി നിർമ്മിക്കുന്ന മണ്ണുകൊണ്ടുള്ള തിട്ടകളാണിവ.കൊണ്ടൂർ രേഖയിൽ കൂടി ബണ്ട് നിർമ്മിക്കുമ്പോൾ മുകളിലുള്ള കൃഷി ഭൂമിയിൽ നിന്ന് ഒഴുകിവരുന്ന മഴവെള്ളം മുഴുവനും ബണ്ടിന് പിറകിൽ കെട്ടിനിൽക്കുന്നതുമൂലം മണ്ണൊലിപ്പ് തടയുവാനും വെള്ളം സാവധാനം മണ്ണിലേക്ക് ഇറക്കി ഭൂഗർഭ ജല വിതാനം ഉയർത്തുവാനും കഴിയും.സാധാരണയായി ചരിവ് വളരെ കുറഞ്ഞ കൃഷി ഭൂമികളിലും (6% ശതമാനം വരെ )മഴ കുറവുള്ള സ്ഥലങ്ങളിലുമാണ് കോണ്ടൂർ ബണ്ടുകൾ ശുപാർശ ചെയ്യുന്നത്. ശക്തമായ മഴയുള്ള പ്രദേശങ്ങളിൽ കോണ്ടൂർ ബണ്ടുക്കൾ നിർമ്മിച്ചാൽ ബണ്ടിനു പിറകിൽ വെള്ളം കെട്ടിനിൽക്കും.വെള്ളത്തിന്റെ മർദ്ദം കൊണ്ട് ബണ്ട് പൊട്ടാൻ സാദ്ധ്യതയുണ്ട്.ഇത്തരം പ്രദേശങ്ങളിൽ കുറഞ്ഞ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ കഴിയുന്ന വിധത്തിലുള്ള ബണ്ടുകളാണ് നല്ലത്.
b.തട്ട് തിരിക്കൽ
കൂടിയ ചരിവുള്ള ഭൂമിക്ക് ഏറ്റവും അനുയോജ്യമാണ് ബെഞ്ച് ടെറസ്സിങ്.താരതമ്യേന ചിലവ് കൂടുതലുള്ള ഒരു മണ്ണ് -ജലസംരക്ഷണ പരിപാടിയാണിത്.ഏകദേശം 33 ശതമാനം വരെ ചെരിവുള്ള ഭൂമിയിൽ ബെഞ്ച് ടെറസ്സിങ് നടപ്പാക്കാം .മണ്ണിന് താഴ്ചയുള്ള ചരിവ് പ്രദേശങ്ങളിൽ മാത്രമേ ബെഞ്ച് ടെറസ്സിങ് ചെയ്യാൻ പാടുള്ളു .വളരെ താഴ്ച കുറഞ്ഞ മേൽമണ്ണുള്ള കൃഷിഭൂമി ബെഞ്ച് ടെറസ്സിങിന് യോജിച്ചതല്ല.കാരണം നിരപ്പാക്കലിനുവേണ്ട മേൽമണ്ണ് വെട്ടിമാറ്റുമ്പോൾ ഫലപുഷ്ടിയില്ലാത്ത അടിമണ്ണ് അനാവൃതമാകുന്നു.ഈ അടിമണ്ണ് സസ്യവളർച്ചക്ക് യോജിച്ചതല്ല.ഭൂമിയെ ചരിവിനെതിരായി പടികൾ പോലുള്ള പല തട്ടുകളായി തിരിക്കുകയാണ് ബെഞ്ച് ടെറസ്സിങ് ചെയ്യുന്നത്.ബെഞ്ച് ടെറസുകൾ മൂന്ന് തരത്തിലുണ്ട് .
1.നിരപ്പായവ:വളരെ ചെറിയ ചരിവുമാത്രമുള്ള ഭൂമിയിലേക്കാണ് നിരപ്പായ ബെഞ്ച് ടെറസ്സുകൾ നിർമ്മിക്കുന്നത്.
2.അകത്തേക്ക് ചരിവുള്ള ബെഞ്ച് ടെറസ്സുകൾ:ചരിവുകൂടിയ പ്രദേശങ്ങളിലേക്ക് പറ്റിയ മണ്ണൊലിപ്പ് നിവാരണ പരിപാടിയാണിത്.അകത്തോട്ട് ചരിവുള്ള ഓരോ തട്ടുകളിലും മഴവെള്ളം സംഭരിക്കുകയും സാവധാനം ഭൂമിയിലേക്ക് ഊർന്നിറങ്ങുകയും ചെയ്യും.ശരാശരി 33 ശതമാനം വരെ ചെരിവുള്ള ഭൂമിയിലേക്ക് യോജിച്ച രീതിയാണിത്.നിരപ്പായതോ,അകത്തേക്ക് ചരിഞ്ഞതോ ആയ ബെഞ്ച് ടെറസ്സുകളുണ്ടാക്കുന്നതിന്റെ ആദ്യ പടിയായി പുറത്തേക്ക് ചരിവുള്ള ബെഞ്ച് ടെറസ്സുകൾ ചെയ്യാറുണ്ട് .തട്ടുകളുടെ പുറം ഭാഗത്ത് ഒരു ചെറിയ മൺവരമ്പുണ്ടാക്കി അതിൽ രാമച്ചമോ ,മറ്റ് പുല്ലിനകളോ വച്ചുപിടിപ്പിക്കുന്നത് തട്ടുകൾ പെട്ടെന്ന് പൊട്ടിപോകാതിരിക്കാൻ സഹായിക്കുന്നു.
c.കല്ല് കയ്യാലകൾ
കൃഷിഭൂമിയുടെ ചരിവിന് കുറുകെ ഒരു കടൽ ഭിത്തിയുണ്ടാക്കി സാവധാനം മുകളിൽ നിന്നുള്ള മണ്ണ് വന്നടിഞ്ഞ് നിരപ്പായ തട്ടുകളുണ്ടാക്കാൻ അനുവദിക്കുകയാണ് ഇവിടെ ചെയ്യുന്നത്.ചരിവ് കൂടിയതും കുറഞ്ഞതുമായ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കർഷകർക്കിടയിൽ ഈ രീതി വ്യാപകമായ പ്രചാരം നേടിയിട്ടുണ്ട്.ഒരു മീറ്റർ പൊക്കത്തിലും മുകളിൽ ഒന്നരയടി വീതിയിലുമാണ് കല്ലുകയ്യാല സാധാരണയായി നിർമ്മിക്കുന്നത്.കല്ലുകൊണ്ടുള്ള ഭിത്തിക്കുപുറമെ രാമച്ചം,സുബാബുൾ തുടങ്ങിയ സസ്യങ്ങളുപയോഗിച്ചും ഇവ നിർമ്മിക്കാവുന്നതാണ്.
d.നീർകുഴികൾ.
കൃഷിസ്ഥലങ്ങളിൽ പെയ്യുന്ന മഴവെള്ളം കുറെ സമയം കെട്ടിനിർത്തി ഭൂമിക്കുള്ളിലേക് ഊർന്നിറങ്ങുന്നതിന് സഹായിക്കാനാണ് നീർക്കുഴികൾ നിർമ്മിക്കുന്നത്. ചരിവ് കുറഞ്ഞ പ്രദേശങ്ങളിൽ വൃക്ഷ വിളകൾക്കിടയിയിലാണ് നീർകുഴികൾ ഏറ്റവും യോജിച്ചത്.നീർകുഴികൾ തുല്യ അകലത്തിൽ മുകളിൽനിന്ന് താഴേക്ക് എന്ന ക്രമത്തിൽ കൊണ്ടൂർ രേഖയിൽ കൂടിയായിരിക്കണം നിർമ്മിക്കേണ്ടത്.സാധാരണയായി അഞ്ചടി നീളത്തിലും ഒന്നരയടിമുതൽ രണ്ടരയടി വരെ താഴ്ചയിലുമാണ് നീർക്കുഴികൾ നിർമ്മിക്കാറുള്ളത്.തെങ്ങിൻ തോപ്പുകളിൽ രണ്ടു നിരതെങ്ങുകൾക്കിടയിൽ ചന്ദ്രക്കല ആകൃതിയിൽ ഒന്നരയടി താഴ്ചയുള്ള കിടങ്ങുകീറി താഴ്വശത്ത് പുറത്തേക്കിട്ട മണ്ണിൽ കൈതച്ചക്കയോ രാമച്ചമോ വച്ചുപിടിപ്പിക്കുന്നത് നന്നായിരിക്
e.ഇടത്തട്ടുകൾ
ഇടത്തട്ടുകളിൽ സാധാരണയായി കൃഷിയിറക്കുക റബ്ബർ പോലുള്ള പ്ലാന്റേഷൻ വിളകളായതിനാൽ ഇവ പ്ലാന്റേഷൻ ടെറസ്സുകൾ എന്നും അറിയപ്പെടുന്നു കോണ്ടൂർ നടീൽ രീതി അവലംബിച്ച് ഓരോ ഇടത്തട്ടിലും ഒരുവരി മരങ്ങൾ വരത്തക്കവിധം നടുന്നു.വിളകൾ നടാത്ത ചരിഞ്ഞ ഭൂമി ആവരണവിളകൾ വളർത്തി സംരക്ഷിക്കുകയും ചെയ്യാം.
ഇടത്തട്ടുകൾക്ക് സാധാരണ ഉള്ളിലേക്ക് ചരിവ് കൊടുക്കുന്നത് കൊണ്ട് ഒഴുകിവരുന്ന മഴവെള്ളത്തിന് പൂർണമായും മണ്ണിനടിയിലേക്ക് ഊർന്നിറങ്ങുന്നതിന് കഴിയും .ചരിവ് വളരെ കൂടിയ ഭൂമിയിൽ (42 ശതമാനത്തിന് മുകളിൽ )വൃക്ഷവിളകളിൽ മാത്രം കൃഷി ഒതുക്കി നിർത്തേണ്ടി വരുമ്പോഴാണ് ഇടത്തട്ടുകളുണ്ടാകുന്നത്.
f.ക്രസന്റ് പ്ലാറ്റ്‌ഫോം.
സ്ഥിരമായി വിളവെടുപ്പില്ലാത്ത വൃക്ഷ വിളകളിൽ മരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തുടർച്ചയായ പ്ലാറ്റ്‌ഫോം ഇല്ലെങ്കിലും കുഴപ്പമില്ല.പകരം,ഓരോ മരത്തിനു ചുറ്റും ചന്ദ്രക്കല ആകൃതിയിൽ നിരപ്പായ ഒരു തറ മതിയാകും.ഇത്തരം ടെറസുകളെ ക്രസന്റ് പ്ലാറ്റ്‌ഫോം എന്നുവിളിക്കുന്നു.
g.കിടങ്ങുകൾ.
തട്ടുതിരിക്കൽ അസാധ്യമായ ചരിവുകളിലേക്ക് യോജിച്ച മറ്റൊരു സാധ്യത കിടങ്ങുകളാണ്.നീളത്തിൽ ചാനലുകലായും ഇടവിട്ടും ഇവ നിർമ്മിക്കാവുന്നതാണ്.മണ്ണും വെള്ളവും ഈ ചാലുകളിൽ സംഭരിക്കപ്പെടുന്നു.ഇടയകാലം കുറവായ ചിരസ്ഥായി വിളകൾക്ക് അനുയോജ്യമാണിത്.
h.തടയണകൾ.
നീർച്ചാലുകളും ,തോടുകളിലും തടയണകൾ നിർമ്മിച്ച് ഒഴുകിപ്പോകുന്ന വെള്ളത്തെ ഭാഗീകമായി തടഞ്ഞു നിർത്താവുന്നതാണ്.ഇത് വഴി മണ്ണൊലിപ്പ് തടയാൻ സാധിക്കും.കൂടാതെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നത് കൊണ്ട് തടയണകൾക്ക് പിന്നിൽ കെട്ടിനിൽക്കുന്ന വെള്ളം സാവധാനം ഭൂമിക്കുള്ളിലേക്ക് ഇറങ്ങി ഭൂഗർഭ ജല നിരപ്പ് ഉയർത്തുകയും ചെയ്യും.
കല്ലുകൾ സുലഭമായി ലഭിക്കുന്ന പ്രദേശത്ത് വെട്ടുകല്ലുകൾ പരസ്പരം തെന്നിപ്പോകാതെ ചാലിന് കുറുകെ അടുക്കിവെച്ച് തടയണ പണിയാം.കമ്പിവലയ്ക്കുള്ളിൽ ഉരുളൻ കല്ലുകൾ നിറച്ചും ചെക്ക് ഡാം ഉണ്ടാകാം.ഇതിനെ ഗേബിയൺ ചെക്ക് ഡാം എന്ന് പറയുന്നു.
നീർചാലുകളുടെ ഉത്ഭവസ്ഥാനങ്ങളിലും,ആഴം കുറഞ്ഞ നീർച്ചാലുകളും തോടുകളിലും മുള, കൈത തുടങ്ങിയ സസ്യങ്ങൾ ഒഴുക്കിനു കുറുകെ വരിയായി നട്ടുവളർത്തിയും തടയണകൾ ഉണ്ടാക്കാം.കൈത,മുള,ഈറ്റ തുടങ്ങിയ തോടിന്റെ വശങ്ങൾ സംരക്ഷിക്കുന്നതിനും നട്ടുവളർത്താവുന്നതാണ്.
കുത്തനെ ചരിഞ്ഞ ഭൂമിയിൽ കൂടി ഒഴുകിപ്പോകുന്ന നീർചാലുകളിൽ ഉത്ഭവസ്ഥാനം മുതൽ നിരനിരയായി അനേകം തടയണകൾ നിർമ്മിച്ചാൽ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളു.
കുത്തിയൊലിക്കുന്ന മഴവെള്ളം മണ്ണൊലിച്ചുകൊണ്ട്പോയി ഉണ്ടാകുന്ന ഗർത്തങ്ങളെ നന്നാക്കിയെടുക്കാനുള്ള കല്ലിപ്ലഗുകളും തടയണകളുടെ ഗുണം ചെയ്യും.
i.പാർശ്വഭിത്തി ;
ശക്തമായ നീരൊഴുക്കിൽ നദികളുടെയും മറ്റു വെള്ളച്ചാലുകളുടെയും വശങ്ങളിലുള്ള മണ്ണിടിഞ്ഞുവീണ് കരഭാഗം നഷ്ടപ്പെടുന്നത് തടയാൻ പാർശ്വഭിത്തികൾ ഉപകരിക്കുന്നു.കരിങ്കല്ല്,വെട്ടുകല്ല് തുടങ്ങിയവയാണ് സാധാരണയായി ഇതിനുപയോഗിക്കുന്നത് .തോടിന്റെയും മറ്റ് ഓരങ്ങളിൽ കൈത,രാമച്ചം തുടങ്ങിയ സസ്യങ്ങൾ വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്.
j.വരമ്പുകൾ :
തലസ്ഥാന മഴവെള്ളക്കൊയ്ത്തിനും മണ്ണൊലിച്ചുപോകുന്നത് തടയാനും വരമ്പുകൾ സഹായിക്കുന്നു.ഇവയ്ക്ക് ഭൗമനിരപ്പിൽനിന്നും അരയടിമുതൽ ഒന്നൊന്നര അടിവരെ ഉയരം മതിയാകും.ഇത്തരം വരമ്പുകളിൽ രാമച്ചമോ കൈതച്ചക്കയോ മറ്റ് പുല്ലിനങ്ങളോ വച്ചുപിടിപ്പിക്കുന്നത് വളരെ നന്നായിരിക്കും.ഇവ നീരൊഴുക്ക് കുറയ്ക്കുകയും കൂടുത ജലം ഭൂമിക്കുള്ളിലേക്ക് ആഗീരണം ചെയ്യപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു.
ഒപ്പം ,ഒളിച്ചുവരുന്ന മേൽമണ്ണിനെ അരിച്ചുമാറ്റി കൃഷിഭൂമിയിൽ തന്നെ നിക്ഷേപിക്കുകയും ചെയ്യുന്നു.ചരിവിന് കുറുകെയുള്ള ഇത്തരം വരമ്പുകളും പുൽനിരകളും ഇത്തരത്തിൽ മണ്ണിനെ അരിച്ചുമാറ്റുകയും വെള്ളത്തിന്റെ കിനിഞ്ഞിറങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതിനാൽ ഇവയെ ഫിൽറ്റർ സ്ട്രിപ്പുകൾ എന്നും വിളിക്കാറുണ്ട്.
k.കുളങ്ങൾ:
ജലശേഖരണത്തിനായുള്ള ലളിതമായ ഓരു മാർഗം കുളങ്ങളുടെ നിർമാണവും സംരക്ഷണവുമാണ്.നികത്തപ്പെട്ട കുളങ്ങൾ
പുനരുദ്ധരിക്കുകയും പുതിയവ നിർമ്മിക്കുകയും വേണം.കൂടുതൽ കുളങ്ങളും മറ്റ് ജലസംഭരണികളും നിർമ്മിക്കുന്നതിനൊപ്പം തന്നെ നമ്മുടെ നാട്ടിലെ പരമ്പരാഗതമായ കാവുകൾ,തോടുകൾ,കുളങ്ങൾ,കല്ലുവെട്ട് കുഴികൾ,ചതുപ്പുനിലങ്ങൾ എന്നിവ നിലനിർത്തുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
മേൽ പറഞ്ഞ പ്രവർത്തനങ്ങളെല്ലാം തന്നെ നീർത്തടാധിഷ്ഠിത സമീപനത്തോടുകൂടി കുന്നിൻ മുകളിൽനിന്ന് താഴ്വരയിലേക്കെത്തുന്ന രീതിയിൽ നടപ്പിൽ വരുന്നതാണ് ഉത്തമം.
തലസ്ഥാന മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളിൽ ഓരോ കുടുംബത്തിനും നേരിട്ട് പങ്കുവഹിക്കാൻ കഴിയും.ഓരോ പറമ്പിലും ലഭ്യമാകുന്ന മഴവെള്ളം പരമാവധി അവിടെ തന്നെ മണ്ണിലേക്കു കിനിഞ്ഞിറങ്ങുന്നതിനുവേണ്ട സംവിധാനങ്ങളുണ്ടാവണം .ചെറുചരിവുകളിൽ ഒഴുക്ക് തടസപ്പെടുന്നതിന് വരമ്പുകളിടുക ,അനുയോജ്യമായ സ്ഥലങ്ങളിൽ കുഴികളുണ്ടാക്കുക (ട്രെഞ്ചിന്),തെങ്ങിന് തടമെടുക്കുക ,കയ്യാലകൾ നിർമ്മിക്കുക ,കൈത ,ഇഞ്ചിപ്പുല്ല് ,തീറ്റപ്പുല്ല് തുടങ്ങിയ സസ്യങ്ങൾ നട്ടുപിടിപ്പിച്ച് ജൈവ ബണ്ടുകൾ തീർക്കുക ഇവയൊക്കെയാവാം .ജൈവബണ്ടുകളിൽ ചിലത് വിളവ് നൽകുകയും ചെയ്യും.പുരയിടങ്ങളിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് .വെള്ളത്തിന്റെ ഒഴുക്കിനെ മന്ദഗതിയിലാക്കാനും കിനിഞ്ഞിറങ്ങൽ വർധിപ്പിക്കാനും സഹായകരമാണ്.
പുരയിടങ്ങളിലെ കിണറുകൾ,കുളങ്ങൾ,ഉറവകൾ തുടങ്ങിയവയുടെ സംരക്ഷണമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.വിവിധ മണ്ണ്-ജല സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതോടൊപ്പം ഗാർഹിക ജലവിനിയോഗം നിയന്ത്രിക്കുന്നത് താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ജലശേഷി അളക്കുന്നതിനുള്ള സാങ്കേതിക സഹായം ലഭ്യമാകാത്ത സാഹചര്യത്തിൽ കുറഞ്ഞ പമ്പിങ് കപ്പാസിറ്റിയുള്ള മോട്ടോർ ഉപയോഗിക്കുന്നത് നന്ന്.ജലനിരപ്പ് വളരെ പെട്ടെന്ന് താഴുന്നത് തടയാൻ ഇത് സഹായിക്കും.ദിവസത്തിൽ ഒറ്റത്തവണ പമ്പ് ചെയ്ത് ടാങ്ക് നിറയ്ക്കുന്നതിനേക്കാൾ നല്ലത് കുറച്ചുകുറച്ചായി പലതവണ പമ്പ്ചെയ്യുന്നതാണ്.ജലനിരപ്പ് പെട്ടെന്ന് താഴുമ്പോൾ കുറവുകൾ വരണ്ടുപോവുകയും തന്മൂലം ചെറുമൺതരികൾ വന്നടിഞ്ഞ്
ഉറവുകൾ ഉപയോഗശൂന്യമായി തീരുകയും ചെയ്യാതിരിക്കാനാണ് ഈ മുൻകരുതൽ.
ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിൽ വേലിയേറ്റ സമയത്തുള്ള പമ്പിങ് ഒഴിവാക്കുക .ഉയർന്ന അളവിലുള്ള തുടർച്ചയായ പുമ്പിങ്ങും ഒഴിവാക്കേണ്ടതാണ്.
വിവേകപൂർണവും ലളിതവുമായ ഒട്ടേറെ മണ്ണ് -ജലസംരക്ഷണ രീതികൾ പുരയിടങ്ങളിൽ അനായാസേന നടപ്പാക്കാവുന്നതാണ്.ചില ഉദാഹരണങ്ങൾ ചുവടെ കൊടുക്കുന്നു.
കുളങ്ങൾ,തോടുകൾ,ഉറവകൾ,തടാകങ്ങൾ മുതലായവ നിരവധി പൊതുജലസ്രോതസ്സുകൾ ഓരോ പഞ്ചായത്തിലും കാണാം.ഇവയുടെ ജലശേഖരണശേഷി വർധിപ്പിക്കുന്നത് പ്രധാനപ്പെട്ട ഒരു ജലസംരക്ഷണ പ്രവർത്തനമാണ്.ഇതിനായി പഞ്ചായത്ത് തലത്തിൽ ജലവിഭവ ഭൂപടം തയ്യാറാക്കുകയും തുടർപ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയുംവേണം.
a.കുളങ്ങൾ:
പഞ്ചായത്തിനകത്തെ മുഴുവൻ കുളങ്ങളും സർവ്വേ ചെയ്യണം .അവയുടെ സ്ഥാനം ,നീളം,വീതി,ആഴം,ഇപ്പോഴത്തെ ഉപയോഗം,ജലശേഖരണശേഷി വർദ്ധിപ്പിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ എന്നീ വിവരങ്ങളാണ് സർവേയിൽ ശേഖരിക്കേണ്ടത് .വാർഡുതലത്തിൽ രണ്ടോ,മൂന്നോ പ്രവർത്തകർക്ക് ഏതാനും ദിവസംകൊണ്ട് ചെയ്യാവുന്നതാണ് ഈ ജോലി.ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ പൊതു കുളങ്ങളും ഉപയോഗയോഗ്യമാക്കാൻ സന്നദ്ധ പ്രവർത്തനം സംഘടിപ്പിക്കാവുന്നതാണ്.ചെളി കോരി വൃത്തിയാക്കുക,ഇടിഞ്ഞുപോയ പടവുകൾ കെട്ടുക,നിർഗമനചാലുകൾ നിർമ്മിക്കുക,പുറമെനിന്ന് മണ്ണൊഴുകിവീഴാതിരിക്കാൻ പുറംബണ്ടുകൾ കെട്ടുക എന്നീ പ്രവർത്തനങ്ങളാണ് ചെയ്യേണ്ടത്.ഇത് ഗ്രാമസഭയുടെ പ്രവർത്തനമാക്കി മാറ്റാം.ഇതോടൊപ്പം ചെങ്കൽ-കരിങ്കൽ മടകൾ ജലസംഭരണികളാക്കി മാറ്റിയെടുക്കാവുന്നതാണ്.
b.തോടുകൾ :
തോടുകൾ പ്രധാനമായും അധികവെള്ളം ഒഴുക്കിക്കളയുന്നതിനിധീഷിച്ചുള്ളതാണ്.എന്നാൽ ഇന്ന് തോടുകൾ പലതും നികത്തപ്പെടുകയോ കാടുപിടിച്ചും ബണ്ടുകൾ ഇടിഞ്ഞും നീർക്കെട്ട് വർധിക്കാൻ ഇടയാക്കുകയോ ചെയ്യുന്നു.തോടുകൾ റോഡുകളാക്കി മാറിയ ഉദാഹരണങ്ങളും കുറവല്ല.വയൽ പ്രദേശത്തുകൂടിയുള്ള റോഡുകളുടെ നിർമ്മാണം തോടുകളുടെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന അനുഭവങ്ങളും മിക്ക പ്രദേശങ്ങളിലും കാണാം.തോടുകളുടെ സംരക്ഷണത്തിന് ഒരു ജനകീയ പരിപാടി ആവശ്യമാണെന്നാണ് ഇതെല്ലം കാണിക്കുന്നത് .വർഷകാലത്ത് പരമാവധി വെള്ളത്തെ ഉൾക്കൊള്ളുവാനും നീർക്കെട്ടുണ്ടാകാതെ അധികവെള്ളം ഒഴുക്കിവിടുവാനും സാധിക്കുന്ന രൂപത്തിൽ തോടുകളെ മെച്ചപ്പെടുത്തേണ്ടതുണ്ട്.ഓരോ പ്രദേശങ്ങളിലുമുള്ള കൃഷിക്കാർ അവരുടെ പ്രദേശത്തുള്ള തോടിന്റെ അവസ്ഥ പരിശോധിച്ച് ആവശ്യമായ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം.ഇതിനത്യാവശ്യമായ സഹായങ്ങൾ പഞ്ചായത്തുകളും മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങളും നൽകുകയും വേണം.
c.ഉറവകൾ:
തദ്ദേശീയമായ ഉറവകൾ കണ്ടെത്തുകയും അവയുടെ ശേഷി മനസിലാക്കി പരമാവധി പ്രയോജനപ്പെടുത്തുകയും ,കഴിയുമെങ്കിൽ ശേഷി വർധിപ്പിക്കാൻ ശ്രമിക്കുകയും വേണം.ഉറവയുടെ ശേഷി അളക്കാൻ വെള്ളം ഒരു കുഴലിലൂടെ ബക്കറ്റിൽ വീഴ്ത്തി ,ബക്കറ്റ് നിറയാൻ വേണ്ടിവരുന്ന സമയം കണക്കാക്കണം ,ഇതിൽ നിന്ന് ഒരു യൂണിറ്റ് സമയത്തിൽ ഉറവയിൽ കിട്ടുന്ന വെള്ളം എത്രയെന്ന് കണക്കാക്കാം.ഇവ മലിനമാകാതെ ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങളും ചെയ്യണം.ഉറവയുടെ ആവാഹ പ്രദേശത്ത്.കുഴികൾ നിർമ്മിച്ചും ,മരങ്ങൾ നട്ടുപിടിപ്പിച്ചും മാറ്റ് ഉചിതമായ രീതിയിൽ അവലെബിച്ചും ജലശേഷി വർധിപ്പിക്കാവുന്നതാണ്.
d.തടയണകൾ പ്രവർത്തനക്ഷമമാക്കുക:
ഏതാനും തടയണകളില്ലാത്ത ഗ്രാമ പഞ്ചായത്തുകൾ ദുർലഭമായിരിക്കും .പക്ഷെ ഇവയുടെ പ്രവർത്തനം പരിശോധിച്ചാൽ മിക്കതും പ്രവർത്തനക്ഷമമല്ലെന്ന് കാണാം.വളരെ നിസ്സാരമായ കാരണങ്ങൾകൊണ്ട് പലതും പ്രവർത്തിക്കാത്തത് .ഇവയുടെ അവസ്ഥ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപണികൾ നടത്തണം.യഥാസമയം ഇവയുടെ പലകയിടുന്നതിനും ,പലക മാറ്റുന്നതിനും മറ്റും പ്രാദേശികമായി കൃഷിക്കാരുടെ സമിതികളെ ചുമതലപ്പെടുത്തുകയും വേണം.
കടപ്പാട് : നബാർഡ്
അവസാനം പരിഷ്കരിച്ചത് : 6/10/2020