വെള്ളവും കാലാവസ്ഥയും ആയി ബന്ധപ്പെട്ട ദുരന്തങ്ങളില്‍ മുഖ്യമാണ് ഇടിമിന്നല്‍. കേരളത്തില്‍ ഇടിമിന്നല്‍ കൊണ്ടുള്ള ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഇടിമിന്നലേറ്റ് ഏറ്റവും അധികം മരണവും വസ്തുവകകള്‍ക്ക് നാശവും സംഭവിക്കുന്ന സംസ്ഥാനം കേരളമാണെന്നാണ് പഠന റിപ്പോര്‍ട്ട്. കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 71 പേര്‍ ഇടിമിന്നലേറ്റ് മരിക്കുന്നു എന്നാണ് കണക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇടിമിന്നല്‍ അനുഭവപ്പെടുന്നത് കൊല്ലം ജില്ലയിലും കുറവ് തൃശ്ശൂര്‍ ജില്ലയിലും ആണെന്ന് മറ്റൊരു പഠനറിപ്പോര്‍ട്ട് പറയുന്നു. വേനല്‍മഴക്കാലത്ത് ഉള്ള ഇടിമിന്നലുകള്‍ ഏറെ വിനാശകാരികളാണ്. മിക്കവാറും ഉച്ചതിരിഞ്ഞുള്ള സമയങ്ങളിലാണ് ഇത്തരം ഇടിമിന്നലുകള്‍ ഏറെയും ഉണ്ടാകുന്നത്. ദുരന്തസമയത്തും അതിനുമുമ്പും അവലംബിക്കേണ്ട സുരക്ഷാമാര്‍ഗ്ഗങ്ങളുടെ ചെറുവിവരണം താഴെ കൊടുക്കുന്നു.
(ആകാശം മൂടിക്കെട്ടി, മിന്നലുകള്‍ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍)
ഓര്‍ക്കുക
ഇടിമിന്നലിന്റെ സഞ്ചാരവേഗത ഒരു സെക്കന്‍റില്‍ മൂന്നുലക്ഷം കിലോമീറ്ററായതിനാല്‍ മിന്നലുണ്ടാകുമ്പോള്‍ അതിന്‍റെ സഞ്ചാരപഥത്തില്‍ നിന്നും മാറി രക്ഷപ്പെടുക എപ്പോഴും സാധ്യമല്ല. എന്നാല്‍, മിന്നലിനേക്കുറിച്ച് വ്യക്തമായ അവബോധമുണ്ടെങ്കില്‍ ആഘാതമേല്‍ക്കാതെ രക്ഷനേടാം. മിന്നലുണ്ടാകാന്‍ സാധ്യതയുള്ള കാലം, സമയം ഇവ മനസ്സിലാക്കിയാല്‍ അതിന്‍റെ ആഘാതം ഒരു പരിധിവരെ ഒഴിവാക്കാം.
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് മിന്നലുകള്‍ക്ക് ഏറ്റവും സാധ്യത. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇടിമിന്നലിന്റെ തീവ്രത വര്‍ധിക്കാം. ഇടിമിന്നലില്‍ നിന്ന് രക്ഷനേടാനുള്ള സുരക്ഷാചാലകത്തിന്റെ അപര്യാപ്തതയാണ് മരണങ്ങള്‍ക്ക് ഒരു കാരണം. ഗുണനിലവാരമുള്ള ഇടിമിന്നല്‍ സുരക്ഷാകവചങ്ങള്‍ അല്ലെങ്കില്‍ അതുകൊണ്ടുള്ള പ്രയോജനം കിട്ടുകയില്ല.
ഇടിമിന്നലേറ്റ വ്യക്തിയെ പിടിക്കുന്നതുകൊണ്ട് നമുക്ക് വൈദ്യുതാഘാതം എല്ക്കുകയില്ല.
ഇടിമിന്നല്‍ എല്ക്കുമ്പോള്‍ ചിലപ്പോള്‍ നാഡീവ്യൂഹത്തിന് തകരാറാകും. എല്ലുകള്‍ക്ക് പൊട്ടലോ കാഴ്ചശക്തിക്കും കേള്‍വിക്കും തകരാറോസംഭവിക്കാം. എന്തെങ്കിലും സംശയം തോന്നുന്നപക്ഷം ഡോക്ടറുടെ വിദഗ്ധോപദേശം തേടുക.
കേരളത്തില്‍, വീടുകളോടു ചേര്‍ന്ന് ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങള്‍ ധാരാളമുണ്ട്. ഇങ്ങനെയുള്ള മരങ്ങളില്‍ ഇടിമിന്നലേറ്റാല്‍ കെട്ടിടത്തിനുള്ളില്‍ വൈദ്യുതി വയറുകളും മറ്റുമുള്ളത് കൊണ്ട് തറയിലൂടെ ഇടിമിന്നലിന്റെ ഊര്‍ജ്ജം വീടിനുള്ളില്‍ പ്രവേശിക്കും. സാധാരണ മിന്നല്‍ ചാലകങ്ങള്‍ക്ക് ഇത് തടയാനാവില്ല. അതിനാല്‍ റിംഗ് കണ്ടക്ടറുകള്‍ വീടുകള്‍ക്ക് ഏറെ അനുയോജ്യമാണ്.
വീടുകളിലെ മട്ടുപ്പാവില്‍ വിളക്കുകാലുകള്‍ ഉണ്ടാക്കുമ്പോള്‍ ലോഹപൈപ്പുകള്‍ ഒഴിവാക്കുക. അവിടെ അയകെട്ടുമ്പോള്‍ ഇരുമ്പുകമ്പികളും ലോഹനിര്‍മ്മിത ചരടുകളും ഒഴിവാക്കുക.
വൈദ്യുത ഉപകരണങ്ങള്‍ക്ക് മിന്നലിന്റെ ഫലമായുണ്ടാകുന്ന ശക്തിയായ ഊര്‍ജ്ജ പ്രവാഹത്താല്‍ കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം തകരാറുകള്‍ ഒരു പരിധിവരെ മിന്നല്‍ രോധകങ്ങള്‍ സ്ഥാപിച്ച് ഒഴിവാക്കാവുന്നതാണ്. മിന്നല്‍മൂലമുണ്ടാകുന്ന വൈദ്യുതിയുടെ ശക്തി(വോള്‍ട്ട്) ഒരു നിശ്ചിത പരിധിക്ക് മുകളിലാകുമ്പോള്‍ ഇത്തരം രോധകങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 10-9 സെക്കന്റ് (ഒരു നാനോ സെക്കന്റ്) സമയത്തിനുള്ളില്‍ മിന്നല്‍ രോധകം പ്രവര്‍ത്തനക്ഷമമാകുന്നതിനാല്‍, രോധകം ഘടിപ്പിച്ച വൈദ്യുതി ഉപകരണങ്ങള്‍ പൊടുന്നനെയുള്ള മിന്നല്‍പ്രവാഹത്തില്‍ നിന്ന് സംരക്ഷിക്കുന്നു.
സ്കൂളുകളില്, പഠനത്തിന്റെ ഭാഗമായി മിന്നല്‍ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നത് നല്ലതാണ്. ടെലിഫോണ്‍ ടവറുകള്‍ക്ക് മിന്നല്‍സുരക്ഷാമാര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ നിയമം കൊണ്ടുവരുന്നത് പ്രയോജനം ചെയ്യും.
ഒരു കിലോമീറ്റര്‍ സഞ്ചരിക്കുവാന്‍ ഇടിമുഴക്ക ശബ്ദതരംഗത്തിന് ഏകദേശം 3 സെക്കന്റ് വേണം. മിന്നലിന്റെയും ഇടിമുഴക്കത്തിന്റെയും ഇടയിലുള്ള സമയം എത്ര സെക്കന്റ് ആണ് എന്ന് കണക്കാക്കി ഇടിമിന്നലിന്റെ ഉത്ഭവസ്ഥാനം തിട്ടപ്പെടുത്താന്‍ കഴിയും. ഇടിമുഴക്കം വളരെ ഉച്ചത്തില്‍ കേള്‍ക്കുകയാണെങ്കില്‍ ഇടിമിന്നലിന്റെ ഉത്ഭവകേന്ദ്രം വളരെ അടുത്താകാനാണ് സാധ്യത. അത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ചയമായും മുന്‍കരുതല്‍ എടുത്തിരിക്കണം. വീടുകളിലെ മട്ടുപ്പാവില്‍ വിളക്കുകാലുകള്‍ ഉണ്ടാക്കുമ്പോള്‍ ലോഹപൈപ്പുകള്‍ ഒഴിവാക്കുക. അവിടെ അയകെട്ടുമ്പോള്‍ ഇരുമ്പുകമ്പികളും ലോഹനിര്‍മ്മിത ചരടുകളും ഒഴിവാക്കുക. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകരിച്ചിട്ടുള്ള നിബന്ധനകള്‍ക്കനുസൃതമായിരിക്കണം മിന്നല്‍ സുരക്ഷാചാലകങ്ങള്‍ സജ്ജീകരിക്കേണ്ടത്. ഈ ചാലകങ്ങളില്‍ പതിക്കുന്ന മിന്നലിന്റെ ഊര്‍ജ്ജം എര്‍ത്തിംഗ് സംവിധാനം വഴി കെട്ടിടത്തിന്‍റെ പുറത്തേക്ക് പ്രവഹിക്കുന്നു. അങ്ങനെ ഈ സംവിധാനത്തിന്‍റെ പരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം, സുരക്ഷിതമായിത്തീരുന്നു.
കടപ്പാട് :കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍റ് & ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്
അവസാനം പരിഷ്കരിച്ചത് : 7/18/2020